നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താളം തേടും മനസ്സുകൾ

താളം തേടും മനസ്സുകൾ
******** ****** ***** *****
ദൂരെ നിന്നേ കേൾക്കുന്നുണ്ട് ആ നേർത്ത കരച്ചിൽ..
അടുത്തെത്തും തോറും അതൊരു പുലമ്പൽ പോലെ തോന്നിച്ചു
അവൾ ഭ്രാന്തി,
ഒരിക്കൽ ചിരിപ്പൂക്കൾ ജീവിതത്തിൽ അണിഞ്ഞവൾ
ഇന്ന് മൗനത്തിന്റെ ഇടനാഴിയിൽ ചങ്ങലകുരുക്കിൽ ബന്ധിക്കപ്പെട്ടവൾ
ചുണ്ടുകൾ പൊട്ടിയിട്ടുണ്ട്, കൈയിലും മാറിലും അവൾ തന്നെ പിച്ചിയതിന്റെയും മാന്തിയതിന്റെയും കറുത്ത രേഖകൾ അതൊക്കെ ഭ്രാന്തിയെന്നു അവളെ വിളിക്കാൻ ഉള്ള അടയാളങ്ങൾ ആയി
അടുത്തു ചെന്നിരുന്നപോൾ അവൾ ചിരിച്ചു, എന്തിനു അവൾ ചിരി സമ്മാനിച്ചു എന്നോർക്കുമ്പോഴേക്കും അവൾ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.
"നീയും എന്നെ ഉപദ്രവിക്കാനാ വന്നത്. നീ എന്നെ തിന്നുമോ.നീ എന്നെ കടിക്കുമോ.എല്ലാരും എന്നെ വേദനിപ്പിച്ചതാ."
അവൾ ചുരുണ്ടു ആ പായയിൽ കിടന്നു.. അപ്പോഴായിരുന്നു അവളെ ഞാൻ ശ്രദ്ധിച്ചത്. കറുത്തു മെലിഞ്ഞ ഒരു ഇരുപത്കാരി. ഭ്രാന്തിയാവും മുൻപ് അവൾ സുന്ദരിയായിരുന്നിരിക്കാം. മെല്ലെ അവളെ പുതപ്പിച്ചു ആ സെല്ലിന് പുറത്തിറങ്ങുമ്പോൾ അവളുടെ കഥയെന്തെന്ന് അറിയാൻ ഞാൻ എന്ന സോഷ്യൽ വർക്കർ അതിലുപരി ഓൺലൈൻ മാഗസിനിൽ എഴുതുന്ന ഒരാൾ എന്ന നിലയിൽ അവളെ കുറിച്ചു കൂടുതൽ അറിയാൻ തീരുമാനിച്ചു. ജീവിതത്തിലെ ചില നേർചിത്രങ്ങൾ എന്ന എന്റെ ലേഖനങ്ങളിലേക്ക് ഒരു ഏട് ആയി ഇവളുടെ കഥയെ കൊണ്ടു വരാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ തീരുമാനിച്ചിരുന്നു.
പിന്നിലപ്പോൾ ഒരു നേർത്ത തേങ്ങൽ ഉയരുന്നുണ്ടായിരുന്നോ.
അന്ന് രാവിലെ തന്നെ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവൾ ആ വരാന്തയിലെ സിമന്റ് ബെഞ്ചിൽ കാൽ കയറ്റി വെച്ചു മുട്ടിന്മേൽ തല വെച്ചു കിടക്കുന്നുണ്ടായിരുന്നു. മുഖത്തോട് മുഖം നോക്കിയിട്ടും തലേ ദിവസം കിട്ടിയ ആ ചിരി എനിക്ക് കിട്ടിയില്ല. അവളെയും കടന്നു സൂപ്രണ്ടിന്റെ റൂമിലേക്ക് നടന്നു. ആ വരാന്തയിലും ആ ചുറ്റുപാടും മടുപ്പിക്കുന്ന പേരറിയാ മരുന്നുകളുടെ ഗന്ധം നിറഞ്ഞിരുന്നു. പൊട്ടിച്ചിരികളും കൂട്ടകരച്ചിലും നിലവിളികളും അട്ടഹാസങ്ങളും മനുഷ്യന്റെ സമസ്ത ഭാവങ്ങളും ആ ചുറ്റുമതിൽകെട്ടിൽ നിറഞ്ഞു നിന്നിരുന്നു.
റൂമിന്റെ വാതിൽ പാതി തുറന്നു ഒന്നു മുരടനക്കിയപ്പോൾ ഫയലിൽ മുഖം പൂഴ്ത്തിയ സൂപ്രണ്ട് തലയുയർത്തി വാതിലിനു നേരെ നോക്കി. അമ്പതിനടുത്ത പ്രായം ഉണ്ടെങ്കിലും ആരോഗ്യവാനായ ഡോക്ടർ. ഒരു യോഗിയുടെ ഭാവം. ഉണ്ടാവാതെ വഴിയില്ല, ജീവിതം ഒന്നും അല്ലാന്ന് എന്നും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരിടമണല്ലോ ഇവിടം. ഇവിടെ കയറി വരുമ്പോഴേ ശ്രദ്ധിച്ചിരുന്നു ബോധമുള്ളവരുടെ മുഖത്തൊക്കെ ഉള്ള ഒരു തരം നിസ്സംഗ ഭാവം.
ഹലോ ഗൗതം, താൻ നേരത്തെ എത്തിയല്ലോ വെൽക്കം പ്ലീസ് ബി സീറ്റഡ്
"എന്തായി ഡോക്ടർ ഞാൻ പറഞ്ഞ കാര്യം. എനിക്ക് ആ കുട്ടിയുടെ കൂടുതൽ കാര്യങ്ങൾ അറിയണമെന്നുണ്ട്."
" സീ മിസ്റ്റർ ഗൗതം. മാനസിക നില തെറ്റിയ ഒരു കുട്ടിയാണ് അവൾ എന്നു നിങ്ങൾക്കറിയാമല്ലോ.അതു കൊണ്ട് തന്നെ ആ കുട്ടിയെ കുറിച്ചു കൂടുതൽ ഒന്നും ഞങ്ങൾക്കും അറിയില്ല.പോലീസിനും കൂടുതൽ ഇൻഫോർമേഷൻ കിട്ടിയില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്."
ഡോക്ടർ മുറിയുടെ പുറത്തേക്ക് നടന്നു, കൂടെ ആകാക്ഷയിൽ ഞാനും.
ഞങ്ങൾ നിന്ന വരാന്തയുടെ എതിർ ദിശയിൽ ആയിരുന്നു അവളുള്ള മുറി. അങ്ങോട്ടേക്ക് നോക്കാവ് ഡോക്ടറുടെ മുഖം സഹതാപത്തിന്റേതായി.
ആ കടൽപാലത്തിന്റെ അടിയിൽ ആരൊക്കെയോ പിച്ചിച്ചീന്തിയ നിലയിൽ ബോധമറ്റ അവസ്ഥയിൽ ആയിരുന്നു ഇവൾ. മരിച്ചെന്ന് കരുതി കൊണ്ടിട്ടതാവാം കടലിൽ. ഭാഗ്യമോ നിർഭാഗ്യമോ നേർത്ത ജീവന്റെ തുടിപ്പുമായി ആ മണലിൽ തിരയിൽ മുങ്ങി അവൾ ബാക്കിയായി.
ബോധം വന്നപ്പോൾ പക്ഷെ മുഴുഭ്രാന്തിയായിരുന്നു അവൾ.
"അപ്പോൾ ചികിത്സ കൊണ്ട് ഭേദമാവില്ലേ"
ഭേദമാകും.പക്ഷെ എത്ര കാലം എന്നു പറയാൻ ആവില്ല. മാസങ്ങൾ ആവാം,ചിലപ്പോൾ അത് വർഷങ്ങൾ വരെ ആവാം.
എന്താ ഗൗതമിന്റെ പ്ലാൻ. ഇവിടെ എന്റെ കൂടെ നിന്നുകൊണ്ട് ഇവളുടെ ജീവിതം കണ്ടറിയുന്നോ,അതോ എല്ലാം മാറും വരെ വെയിറ്റ് ചെയ്യുന്നോ.
ഞാൻ ഇവിടെ നിൽക്കാം ഡോക്ടർ. ഞാൻ മാറ്റും അവളുടെ അസുഖം. ആരോ മനസ്സിൽ തന്ന ധൈര്യം പോലെ ഞാൻ പെട്ടെന്ന് പറഞ്ഞു.
ഓക്കെ. ഗൗതം.താൻ ഇവിടെയൊക്കെ ഒന്നു കാണൂ.ഞാൻ ഓഫീസിൽ ഉണ്ട്
ഡോക്ടർ പോയി കഴിഞ്ഞിട്ടും ഞാൻ ആ വരാന്തയിൽ തന്നെ നിന്നു. ആകെ ഒരു കണ്ഫ്യൂഷൻ ആയിരുന്നു മനസ്സിൽ എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നറിയാത്ത അവസ്ഥ. സ്വബോധം പോലും അന്യയായവളെ എങ്ങനെ സമീപിക്കും എന്നൊക്കെയുള്ള ചിന്ത ഉള്ള ആത്മവിശ്വാസത്തെ കൂടി കീറിമുറിച്ചു കൊണ്ടിരുന്നു.
ഒരു പൊട്ടിച്ചിരിയും പിന്നെ ഒരു അലർച്ചയും ആയിരുന്നു എന്റെ അപ്പോഴത്തെ ചിന്തയിൽ നിന്നും ഉണർത്തിയത്.ഞെട്ടലോടെ ശബ്ദം കേട്ടിടത്തേക്ക് നോക്കുമ്പോൾ അവൾ ആ ഇരുമ്പു വാതിലിൽ തലയിടിച്ചു അലറുക ആയിരുന്നു. വസ്ത്രങ്ങൾ പാതിയും വലിച്ചു കീറിയിരിക്കുന്നു. ഓടി സെല്ലിന്റെ മുന്നിൽ എത്തുമ്പോൾ അവൾ ആ തറയിലേക്ക് കുഴഞ്ഞു വീണിരുന്നു. ആകെ പതറി നിന്ന എന്റെ അടുത്തേക്ക് ഒരു നഴ്‌സ് അപ്പോഴേക്കും എത്തി. ഇതു ഇടയ്ക്ക് ഉണ്ടാവും. അവർ അതും പറഞ്ഞു സെൽ തുറന്നു.
"ഒന്നു താങ്ങുമോ കുട്ടിയെ? അവളെ എടുത്തു കിടത്താൻ നോക്കിക്കൊണ്ട് നഴ്‌സ് ചോദിച്ചു.
അവരോടൊപ്പം അവളെ താങ്ങി കിടത്തുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു അവളുടെ മുഖം മറഞ്ഞിരുന്നു.. അവളുടെ ദേഹം മറച്ചു ആ ബെഡിൽ അവളെ കിടത്തുമ്പോൾ തിരിച്ചറിയുക ആയിരുന്നു അവളെന്റെ ഉള്ളിലെ നോവുന്ന കനൽ ആയെന്നു.
പിന്നീടുള്ള ദിവസങ്ങളിൽ അവളറിയാതെ ഞാനവളെ വീക്ഷിച്ചു കൊണ്ടിരുന്നു. ഡോക്ടറുടെ സമ്മതത്തോടെ അവളുടെ മരുന്നും കാര്യങ്ങളും ഞാൻ ഏറ്റെടുത്തു. രണ്ടു മാസമാകുമ്പോഴേക്കും അവളിൽ കാര്യമായ മാറ്റം കണ്ടു തുടങ്ങി. അവളുടെ അലർച്ചയും പൊട്ടികരച്ചിലും നിന്നു. എന്നെ കാണുമ്പോൾ ഒരു നേർത്ത ചിരി നൽകിതുടങ്ങി. അവളെ എന്റെ ഉറപ്പിന്മേൽ ആശുപത്രിയുടെ വിശാലമായ ആ പറമ്പിൽ കൂടി നടക്കാൻ ഡോക്ടർ സമ്മതിച്ചു. എന്റെ കയ്യിൽ കൈകോർത്തു അവൾ നടക്കുമ്പോഴും ഏതോ ഒരു ഭയത്തിന്റെ ബലം അവളുടെ കൈകളിലൂടെ എനിക്ക് അറിയുന്നുണ്ടായിരുന്നു.
പിന്നെ എന്നും വൈകുന്നേരങ്ങളിൽ ആ പറമ്പിലൂടെ ഞങ്ങൾ കുറെ നടക്കാൻ തുടങ്ങി. ഓരോ കാഴ്ചകൾ കാട്ടിക്കൊടുത്തു കുട്ടിക്ക് ഇതു എന്തെന്നറിയോ,അതേതാ പക്ഷിയെന്നറിയോ എന്നൊക്കെ ചോദ്യങ്ങൾ ഒരു പ്രതീക്ഷയുമില്ലാതെ ഞാൻ ചോദിച്ചു കൊണ്ടേ ഇരുന്നു.
ഒരു വൈകുന്നേരം അവളെ കൂട്ടികൊണ്ട് വരാൻ ചെന്നപ്പോൾ അവളെ കണ്ടപ്പോൾ തോന്നി തന്നെ അവൾ പ്രതീക്ഷിച്ചിട്ടുണ്ട് എന്നു.പോവാം ? എന്റെ ചോദ്യത്തിന് ഒരു നോട്ടമായിരുന്നു മറുപടി.
ബലമായ ഒരു പിടുത്തം കൈയിൽ വീണപ്പോൾ അവൾ പോവാൻ റെഡി എന്നു മനസ്സിലായി.
നടന്നു നടന്നു ആ വലിയ പറമ്പിന്റെ കോണിലെ കുളത്തിനരികിൽ എത്തി.
"കുട്ടിക്ക് അറിയോ ഈ മീനിനെ"
ഗോൾഡ്ഫിഷ് നെ ചൂണ്ടികാണിച്ചു ചോദിച്ചു. കുട്ടിക്ക് ഏതു നിറമാണ് ഇഷ്ടം. പൂക്കളിഷ്ടമാണോ.കുട്ടിക്ക് പാട്ടു പാടാൻ അറിയോ? എന്റെ ചോദ്യങ്ങൾ ഇടതടവില്ലാതെ വന്നു കൊണ്ടിരുന്നു. ഉള്ളിൽ അവളൊന്നു മിണ്ടണെ എന്ന മൂകപ്രാർത്ഥനയും.
"എന്റെ പേര് സാറ എന്നാണ്" ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു അവളെ നോക്കി. അവൾ മിണ്ടിയോ? വിശ്വാസം വരാതെ ഞാൻ അവളെ തന്നെ നോക്കി.
"എന്താ പറഞ്ഞത്? ഒന്നൂടെ പറഞ്ഞേ?"അവളുടെ ചുമലിൽ പിടിച്ചു കുലുക്കി ഞാൻ വീണ്ടും ചോദിച്ചു
സാറാ അതാ എന്റെ പേര് .എന്നെ എന്തിനാ കുട്ടിയെന്നു വിളിക്കുന്നത്. നിങ്ങൾ ആരാ.
അവൾ എന്റെ കയ്യിലെ പിടുത്തം വിട്ട് ചോദിച്ചു.
അവൾ മിണ്ടി എന്നതിനേക്കാൾ അവൾ അവളെ തിരിച്ചറിഞ്ഞു എന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ.
"പറയാം.സാറ എന്റെ കൂടെ വാ"
ഡോക്ടറുടെ ക്യാബിനിലേക്ക് ഓടി കയറുമ്പോൾ കിതപ്പും സന്തോഷവും കൊണ്ട് വാക്കുകൾ മുറിഞ്ഞു വീഴുമ്പോലെ ആയി. ആകാംക്ഷയിൽ ഡോക്ടർ എന്നെയും സാറയേയും മാറിമാറി നോക്കിക്കൊണ്ടിരുന്നു.
"ഇവൾ മിണ്ടി.ഇവൾക്ക് ഇവളെ തിരിച്ചറിയാൻ.പറ്റി"
അപ്പോഴും അവൾ ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെ പോലെ പേടിച്ചരണ്ടു നിൽക്കുകയായിരുന്നു. ഡോക്ടർ എന്നോട് പുറത്തിരിക്കാൻ പറഞ്ഞു അവളെയും കൂട്ടി ഒബ്സർവഷൻ റൂമിലേക്ക് പോയി.
അവരെയും കാത്തുള്ള ഇരിപ്പ് മുഷിച്ചൽ ഉണ്ടാക്കിക്കൊണ്ടിരുന്നു. അക്ഷമയോടെ ഇരിക്കുമ്പോൾ എന്റെ കണ്ണുകൾ മുറ്റത്തൊക്കെ നടന്നു നീങ്ങുന്ന രോഗികളിലായി. ചിലർ പിറുപിറുക്കൽ,ചിലർക്ക് ചിരി മറ്റു ചിലർക്ക് ദുഃഖം ഘനീഭവിച്ച പേടിതോന്നിക്കുന്ന ഭാവം. അവരെ ആയിരുന്നു ഞാൻ അവിടെ കൂടുതൽ പേടിച്ചത്. പുകയുന്നൊരു അഗ്നിപർവതം.എന്നും അവരെ കാണുമ്പോൾ എന്റെ ഉള്ളിൽ അതായിരുന്നു തോന്നിയത്.
പെട്ടെന്ന് തോളിൽ ഒരു കൈ അമർന്നു. ഞെട്ടി നോക്കുമ്പോൾ ദേവിയമ്മയാണ്. കൈയ്യിൽ ഒരു ആപ്പിളും പിടിച്ചു നിൽക്കുന്നു. എന്റെ കണ്ട നാൾ മുതൽ ഇതു പതിവാണ്. എന്തു കഴിക്കാൻ കിട്ടിയാലും ഒരു പാതി എനിക്കാണ്. ഭർത്താവിന്റെ തൂങ്ങി മരണം കണ്ട ഷോക്കിൽ മാനസിക നില തെറ്റിയതാണ്. മോനും ഉപേക്ഷിച്ചു ഇവിടെ. എന്നെ കഴിപ്പിക്കുമ്പോൾ ആ കണ്ണു നിറയുമ്പോൾ അറിയാം ആ അമ്മയ്ക്ക് എല്ലാം അറിയാമെന്ന്. ഭ്രാന്തൊക്കെ പോയി അവർ നോർമൽ ആയെന്നു. എന്നിട്ടും കണക്കുപറച്ചിലുകളും ഏറ്റെടുക്കലും ഒഴിവാക്കാൻ അവർ ഭ്രാന്തിയുടെ മേലാപ്പ് എടുത്തണിയുകയാണെന്ന്. എഴുന്നേറ്റ് പോവുമ്പോൾ എന്റെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു
" അവളെ കൊണ്ടു പോവണം. സ്നേഹിച്ചിട്ടുണ്ടെങ്കിൽ വിട്ടുകളയരുത് ഒരിക്കലും.അമ്മ പ്രാർത്ഥിക്കാം നിങ്ങൾക്ക് വേണ്ടി"
പതിയെ അവർ മുറ്റത്തൂടെ നടന്നു റൂമിലേക്ക് കയറി. അതും നോക്കി ഇരുന്നു.
അവിടെ ഉള്ള കാഴ്ചകളിൽ നിന്നു ദൃഷ്ടിമാറിയത് ഡോക്ടറുടെ വിളി കേട്ടപ്പോൾ ആണ്.
വരൂ ഗൗതം
സാറയെ ഡോക്ടറെ കൂടെ കണ്ടില്ല.
ഡോക്ടർ സാറ?
അവൾ ഒബ്സർവഷനിൽ ആണ്. ഈ ഒരു മാറ്റം അതു പെർമനന്റ് ആണോ എന്ന് അറിയണം.
അവൾ എന്നെ ഇപോ ഒരു അപരിചിതൻ ആയിട്ട് കാണുമ്പോൾ ഇനി ഞാൻ ....? ചോദ്യം പൂർത്തിയാക്കാൻ ആകാതെ ഞാൻ നിശബ്ദനായി.
അങ്ങനെ ഉണ്ടാവില്ല. ഇപോ ഞാൻ അവളോട് അവളുടെ കുറെ കാര്യങ്ങൾ പറഞ്ഞു. അവളെ ഇന്നൊരു ഓർമ്മയിലേക്ക് കൊണ്ടുചെന്നു എത്തിച്ചത് താങ്കൾ ആണെന്നും. അപ്പോഴും അവൾ സൈലന്റ് ആയി കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. പ്രതീക്ഷ കൈവിടാതെ അവളെ നമ്മുക്ക് തിരിച്ചു കൊണ്ടു വരാം. ഞാൻ എസ്.ഐ. യെ ഒന്നു വിളിച്ചു പറയട്ടെ. അവർക്കും എന്തെങ്കിലും ചോദിക്കാൻ ഉണ്ടാകും.
ഡോക്ടർ, ഇന്ന് തന്നെ അവരെ അറിയിക്കണോ കുറച്ചു ദിവസം കഴിഞ്ഞു പറഞ്ഞാൽ പോരെ അപ്പോഴേക്കും അവൾ ഒന്നൂടെ നോർമൽ ആയാൽ അതല്ലേ നല്ലത്
ഡോക്ടർ ഒരു നിമിഷം ആലോചിച്ചു ശരി അങ്ങനെ ആവാം.
പിറ്റേന്ന് രാവിലെ മാത്രമേ എനിക്ക് സാറയെ കാണാൻ കഴിഞ്ഞുള്ളൂ.
റൂമിന്റെ വാതിൽ ഒന്നു പതുക്കെ തട്ടി. അവളെ മുറിയിലേക്ക് മാറ്റിയിരുന്നു. വൃത്തിയോടെ കിടക്കയും ഒക്കെ വിരിച്ചത് അതു പോലെ തന്നെയുണ്ട്. ചെറിയ മേശമേൽ ജഗ്ഗും ഗ്ലാസ്സും. അവൾ ആ മേശമേൽ തലചായ്ച്ചു ജനലിൽ കൂടെ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു. ശബ്ദം കേട്ട് അവൾ പെട്ടെന്ന് എഴുന്നേറ്റു.
"ഞാൻ ഗൗതം"
"അറിയാം, ഡോക്ടർ പറഞ്ഞു എല്ലാം"
"സാറയ്ക്ക് ഇപ്പൊ എങ്ങനെ? ക്ഷീണമൊക്കെ മാറിയോ?
"മ്മ്, മാറി" പതിഞ്ഞ മറുപടികൾ
"പോരുന്നോ ഒന്നു നടക്കാൻ" നേർത്തൊരു പ്രതീക്ഷയോടെ ചോദിച്ചു?
മെല്ലെ തലയാട്ടികൊണ്ടു അവൾ അടുത്തേക്ക് വന്നു.
മുറ്റത്തിറങ്ങി നടന്നു ആ കുളത്തിനടുത്തു ഇരുന്നു.
ഞാൻ ചോദിച്ചാൽ സാറയ്ക്ക് സാറയെ കുറിച്ചു എല്ലാം പറയാൻ പറ്റുമോ?
ഞാൻ സാറിനോട് എന്താ പറയേണ്ടത്
സാർ വിളി വേണ്ട. വീട്ടിൽ എന്റെ അമ്മ വിളിക്കുന്ന കണ്ണൻ എന്ന പേര് മതി. അതാവുമ്പോൾ അകൽച്ച ഫീൽ ആവില്ല.പാതി കാര്യവും പാതി തമാശയിലും പറഞ്ഞു കൊടുത്തു.
അതും പറഞ്ഞു അവളെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. അവൾ മെല്ലെ തലയാട്ടി.
"കണ്ണേട്ടന് അറിയോ ഞാൻ ചീത്തയായ പെണ്ണാണ്."
അതു നിന്റെ കുറ്റം അല്ലാലോ സാറ.പിന്നെ എന്താ.ആ സംഭവം നീ മറക്ക്
അതല്ല. അതിനൊക്കെ മുന്നേ എനിക് എന്നോട് തന്നെ വെറുപ്പ് തോന്നിയിരുന്നു.
"കുട്ടിക്കാലം തൊട്ടേ എന്റെ ശരീരത്തെ ചൂഷണം ചെയ്തിരുന്നു കുറെ പേർ"
"നിന്റെ വീട്ടിൽ അറിയില്ലേ ഇതൊന്നും?"
"അപ്പുറത്തെ വീട്ടിലെ അങ്കിൾ ചീത്തയാ അമ്മേ എന്നു ഒരു അഞ്ചു വയസ്സ്കാരി വന്നു പറയുമ്പോൾ അങ്ങനെയൊന്നും പറയരുത്,നല്ല മാമൻ അല്ലെ എന്നായിരുന്നു അമ്മയുടെ മറുപടി.
അതിനു പകരം സാറ നീ എന്തു കൊണ്ട് അങ്ങനെ പറഞ്ഞു എന്നു ചോദിച്ചിരുന്നെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ അയാളുടെ കൈകൾ എന്റെ ശരീരത്തിനുള്ളിൽ ഇഴയില്ലായിരുന്നു."
ആ വീട്ടുകാർ വീട് വിറ്റ് പോയത് കൊണ്ട് മാത്രം ഭാഗ്യത്തിന് ഞാൻ രക്ഷപെട്ടു.
വീട്ടുകാരുടെ പ്രിയപ്പെട്ടവർ കുഞ്ഞുങ്ങളുടെ ശത്രുക്കൾ ആവുന്നത് വളരെ വൈകിയേ അറിയാറുള്ളു.കാരണം കുഞ്ഞുങ്ങളുടെ വാക്കുകളെ അവഗണിച്ചു കൊണ്ടേ ഇരിക്കും മുതിർന്നവർ.
കോളേജിൽ പഠിക്കുമ്പോൾ പ്രണയം. ചപലതകൾ മാത്രം വേരോടുന്ന പ്രായം. ഒടുവിലൊരു വാക്കിന്റെ വിശ്വാസത്തിൽ പ്രണയം തുടങ്ങി ഒടുക്കം ഉപേക്ഷിക്കലിന്റെ ആഴങ്ങളിലേക്ക്. എല്ലാം ഇട്ടേറിഞ്ഞു അവനെ തേടി ഇറങ്ങി, ഒരു ഫലവുമുണ്ടായില്ല. തിരിച്ചു വീട്ടിൽ എത്തിയ രാത്രി അന്നവിടെ അപ്പച്ചന്റെ കള്ളുകുടിച്ചുള്ള തേർവാഴ്ച ആയിരുന്നു കണ്ടത്. അതിനവസാനം അപ്പച്ചന്റെ കൈകൊണ്ട് അമ്മച്ചി അവസാനിച്ചു. ബോധം മറഞ്ഞ ഞാൻ പിന്നെ കണ്ണു തുറക്കുന്നത് ആശുപത്രിയിലാണ്. അനാഥയായ എന്നെ മഠംകാരു അനാഥാലയത്തിലാക്കി.
"അപ്പോൾ സാറ അനാഥാലയത്തിൽ ഉള്ളപ്പോഴാണോ ഇവിടെ എത്തിപ്പെട്ടത്."
"അവിടെ ഉള്ളപ്പോൾ ഞാൻ ഒരു ചെറിയ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു ഗാർമെന്റസിൽ അവരുടെ ഓഫീസ് ജോലികൾ. അന്ന് അവിടെ ലോഡ് വന്നതിന്റെ കണക്കെടുപ്പും ഒക്കെ ആയി ഇറങ്ങാൻ വൈകിയിരുന്നു. ഹോസ്റ്റൽ എത്തുന്നതിനു തൊട്ട് മുൻപായിരുന്നു ആ വണ്ടി മുന്നിൽ എത്തുന്നതും രണ്ടു പേർ വായും കയ്യും അമർത്തി പിടിച്ചു വലിച്ചു വണ്ടിക്ക് അകത്തേക്ക് ഇട്ടത്. പിന്നെ അവർ എന്നെ...
അവൾ രണ്ടു കൈകൊണ്ടും മുടിയിൽ പിടിച്ചു ഞെരിക്കാൻ തുടങ്ങി. വീണ്ടും അവൾ വയല്ലെന്റ് ആവുമെന്ന് തോന്നിപ്പോയി എനിക്ക്. ഞാൻ അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കേ ആശ്രയം തേടും പോലെ അവൾ എന്റെ തോളിലേക്ക് ചാഞ്ഞു. എത്ര നേരം ഇരുന്നെന്നറിയില്ല സന്ധ്യാനേരം പോലെ തോന്നിയപ്പോൾ അവളെ എഴുന്നേൽപ്പിച്ചു റൂമിൽ കൊണ്ടു കിടത്തി. പരസ്പരം ഒന്നും മിണ്ടിയില്ലെങ്കിലും പറയാതെ എന്തൊക്കെയോ ഞങ്ങൾ സംസാരിച്ചിരുന്നോ.
അന്ന് രാത്രി ഡോക്ടറുടെ മുറിയിലേക്ക് ചെല്ലുമ്പോൾ ഡോക്ടർ വായനയിൽ ആയിരുന്നു. എന്നെ കണ്ടപ്പോൾ ഡോക്ടർ ബുക്ക് മാറ്റിവെച്ചു എഴുന്നേറ്റു
"സോറി ഡോക്ടർ, ഡിസ്റ്റൈർബ് ആയെങ്കിൽ രാവിലെ കാണാം"
"എന്താടോ ഗൗതം, എന്നോട് വേണോ ഈ ഫോമലിറ്റി ഒക്കെ. ചിരിച്ചു കൊണ്ട് ഡോക്ടർ കസേര നീക്കിയിട്ടു തന്നു"
തനിക്ക് എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടല്ലടോ. എന്താ അത് "
ഇത്തിരി അതിശയത്തോടെ ഡോക്ടർക്ക് എങ്ങനെ മനസ്സിലായി എന്ന മറുചോദ്യമായിരുന്നു എന്നിൽ നിന്നും വന്നത്.
"ഹഹഹ.. സൈക്കോളജി അല്ലേടോ ഞാനൊക്കെ കൈകാര്യം ചെയ്യുന്നത്. മനുഷ്യ മനസ്സിന്റെ വികാരവിക്ഷോഭങ്ങളെ ചലനങ്ങളിലൂടെ മനസ്സിലാക്കുന്നവർ. ഒരു വാക്കിൽ നോക്കിൽ എന്തിനു ഒരു ഇമ ചിമ്മലിൽ പോലും മനുഷ്യന്റെ ചിന്തകൾ കെട്ടുപിണഞ്ഞു കിടക്കുന്നു.അതിന്റെ വേലിയേറ്റങ്ങൾ ഞങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവും"
"ഡോക്ടർക്ക് അറിയാലോ ആ കുട്ടിയുടെ ന്യൂസ് കണ്ടപ്പോഴാണ് എന്റെ ആർട്ടിക്കിൾ ന് വേണ്ടി ഞാൻ ആ കുട്ടിയെ തന്നെ തിരഞ്ഞെടുത്തത് എന്നു. പക്ഷെ ഇവിടെ വന്നപ്പോൾ അവളുടെ അവസ്ഥ കണ്ടപ്പോൾ എനിക് അവൾ എങ്ങനെയെങ്കിലും പൂർവ്വസ്ഥിതിയിൽ ആവാനായിരുന്നു പ്രാർഥിച്ചത്. ഇന്ന് അവളുടെ മുഴുവൻ കഥയും അറിഞ്ഞപോൾ ഞാൻ ആകെ തളർന്നു ഡോക്ടർ." വൈകുന്നേരം അവളിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഒക്കെ ഡോക്ടറോട് പറഞ്ഞു.
"ഇനിയും അവളെ പോലീസ് ന് ഏല്പിക്കുമ്പോൾ കേസ് ന്റെ പിന്നാലെ പോവുമ്പോൾ അവളെ നമ്മുക്ക് വീണ്ടും നഷ്ടമാവില്ലേ ഡോക്ടർ. അവളെ ഉപേക്ഷിക്കാതിരുന്നൂടെ."
"പക്ഷെ ഗൗതം, നമ്മുക്ക് ആ കുട്ടിയെ ഇവിടെ നിർത്താൻ ആവില്ല. അപ്പോൾ എന്തു ചെയ്യും"
"നമ്മുക്ക് അവളെ അനാഥാലയത്തിൽ തന്നെ ആക്കാം. അവിടെ നിന്നും .... "
പാതിയിൽ മുറിഞ്ഞ തന്റെ വാക്കിന് കാതോർത്തു നിൽക്കുകയാണ് ഡോക്ടർ എന്നു എനിക്ക് തോന്നി
"എന്താ ഗൗതം, താൻ എന്താ തീരുമാനിച്ചിട്ടുള്ളത്."
"ഇഷ്ടമാണ് എനിക്ക് സാറയെ.അതു പക്ഷെ സഹതാപത്തിൽ നിന്നും ഉണ്ടായതല്ല. ആദ്യമായി അവളുടെ മുഖം കണ്ടപ്പോൾ എന്നിൽ നിന്നും നഷ്ടമായ ആരോ ആണെന്ന തോന്നൽ ആയിരുന്നു മനസ്സിൽ. എനിക്ക് അവളെ നഷ്ടപ്പെടാൻ വയ്യ ഡോക്ടർ"
"ഇനി അവളെ കോടതിയിൽ ഹാജരാക്കണ്ടേ ഗൗതം.കോടതിയാണ് ഇനി അവൾ എവിടെ ജീവിക്കണം എന്നു തീരുമാനിക്കുന്നത്. പ്രത്യേകിച്ചു അവൾ ആരുമില്ലാത്ത ഒരു കുട്ടികൂടി ആവുമ്പോൾ. എന്തായാലും അടുത്ത ആഴ്ച പോലീസ് എത്തും.ബാക്കിയൊക്കെ നിയമം പോലെ നടക്കും. " ഡോക്ടർ എന്റെ തോളിൽ ഒന്നു തട്ടിയിട്ടു മുറിക്ക് പുറത്തേക്ക് പോയി.
സാറായുടെ ഭാവി ഇനിയെന്ത് എന്നുള്ള ചോദ്യം എന്നെ വല്ലാതെ മദിച്ചു കൊണ്ടിരുന്നു. വീണ്ടും അവൾക്കൊരാപത്ത് വന്നുപോയാൽ..? ചോദ്യങ്ങളും ഉത്തരങ്ങളുമായി ഞാൻ എന്റെ മുറിയിൽ ഇരുട്ടിനെ കൊന്നു തീർത്തുകൊണ്ടിരുന്നു.
ഇന്നേക്ക് ആറു മാസമായി സാറയെ ഞാൻ കണ്ടു മുട്ടിയിട്ടു. ഇന്നാണ് അവളെ പോലീസ് നു വിട്ടു കൊടുക്കുന്നത്. രാവിലെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ റെഡി ആയിരുന്നു.
"എന്നെ പറഞ്ഞയക്കാറായി അല്ലേ. നിർവികാരതയോടെ ഉള്ള അവളുടെ ചോദ്യം പക്ഷെ എനിക്ക് സമ്മാനിച്ചത് മനസ്സിൽ ഒരു പൊള്ളുന്ന പിടച്ചിൽ ആയിരുന്നു.
"എന്റെ കൂടെ പോരുന്നോ സാറ? ഒരു വീർപ്പുമുട്ടലോടെ ആയിരുന്നു ആ ചോദ്യം എന്നിൽ നിന്നും വീണത്.
"ഞാൻ, എന്നെ പോലെ ഒരുവൾ അതു വേണ്ട ,അങ്ങനെ ഒരു തീരുമാനം എടുക്കേണ്ട.. അവൾ കൈകൂപ്പി വിങ്ങിപ്പൊട്ടി പറഞ്ഞു കൊണ്ടേ ഇരുന്നു.
അടുത്തേക്ക് ചെന്നു ആ കൈരണ്ടും ചേർത്തു പിടിച്ചു അവളെ നെഞ്ചോട് ചേർത്തു.
"കരയരുത്.ഇനി ഈ കണ്ണു നിറയരുത്.എനിക്ക് വേണം നിന്നെ. നിന്നെ അത്രയ്ക്ക് സ്നേഹിക്കുന്നത് കൊണ്ടാണ്.ഒരു സഹതാപമോ,രക്ഷപെടുത്തലോ ഒന്നും അല്ല. ഞാൻ കൊണ്ട് പോവും.എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടു തന്നെ. എന്റെ പെണ്ണായിട്ടു. വരില്ലേ എന്റെ കൂടെ? നിന്റെ സമ്മതം മാത്രം മതി"
അവളെ ആ കസേരയിൽ ഇരുത്തി അവളുടെ മറുപടി പ്രതീക്ഷിച്ചു മേശയോട് ചാരി നിന്നു അവളെ നോക്കി
"വീട്ടിൽ അറിയുമ്പോൾ? അവളുടെ മുഖത്തൊരു ഉൾഭയം ഏറി.
"എന്റെ അമ്മയല്ലേ. ആള് ഒരു സഖാവാണെ. അതു കൊണ്ട് ഇത്തിരി വിപ്ലവമൊക്കെ മനസ്സിൽ ഉണ്ട് ഈ പ്രായത്തിലും. അമ്മയുടെ അത്രയില്ലെങ്കിലും കുറച്ചൊക്കെ വിപ്ലവം തലക്ക് പിടിച്ച ഒരു അനിയത്തിയും ഉണ്ട്. അച്ഛന്റെ ഓർമ്മ ചെറുതായിട്ടെ ഉള്ളൂ. ഒരു ഇരുട്ടിൽ ആരുടെയോ കത്തിപിടിയിൽ തീർന്നതാണ്. ചെറിയച്ഛന് പകരം അവർ ആളുമാറി അച്ഛനെ തീർത്തു. ആളുമാറി കൊല. കണ്ണൂരല്ലേ എന്റെ നാട്.ആകെയുള്ള ദോഷം ഇതു മാത്രമാണ്.
അവളുടെ കൈ എന്റെ കൈക്കുള്ളിൽ ആക്കി മെല്ലെ പറഞ്ഞു
എന്റെ അമ്മ നിന്നെ സ്വീകരിക്കും.എനിക്ക് ഉറപ്പുണ്ട്. എന്റെ ഇഷ്ടങ്ങൾക്ക് അമ്മ എതിര് നിൽക്കില്ല.
അവൾ ഒന്നും പറയാതെ തല താഴ്ത്തി.
പോലീസ് എത്തി അവളെ കൊണ്ടു പോവുമ്പോൾ അവളുടെ കണ്ണിൽ കണ്ട ഏക പ്രതീക്ഷ ഞാൻ ആയിരുന്നു എന്ന് എനിക്കുറപ്പുണ്ടായിരുന്നു.
 സിനി ശ്രീജിത്ത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot