Showing posts with label MVJayarajan. Show all posts
Showing posts with label MVJayarajan. Show all posts

പിന്നിട്ട പാതകള്‍


(നാളെ ഇരുപത്തി മൂന്നാം വിവാഹ വാര്‍ഷികം )
എന്‍റെ പ്രാരാബ്ദക്കടലിന്‍
അലകളിലുലയുമീ 
ജീവിതത്തോണി തുഴയാന്‍
കരുത്തേകിയോളെന്‍സഖി
ഇരുപത്തിമൂന്ന് കൊല്ലം
ഇണങ്ങിയും പിണങ്ങിയും
ചിരിച്ചും പൊട്ടിക്കരഞ്ഞും
ഒന്നായി മുന്നേറി ഞങ്ങള്‍
നറുനിലാവൊഴുകുമീ
നിശീഥിനിതന്‍ കുളിരില്‍
വീശിയടിക്കും തെന്നലില്‍
കുടമുല്ലപ്പൂവിന്‍ മണം
കിനാപ്പൂക്കള്‍ ചിരിതൂകി
പൂത്തുലഞ്ഞീടുമെന്നുടെ
മനസ്സിന്‍ മലര്‍വാടിയില്‍
അണഞ്ഞൂ പുതു വസന്തം
ഈറന്‍ മിഴികള്‍ പൊഴിക്കും
ആനന്ദക്കണ്ണീര്‍ത്തുള്ളികള്‍
തുള്ളിത്തുളുമ്പുമെന്നുള്ളം
പാടുന്നുവോ ശുഭഗീതം ...........
By: MV jayarajan

നീറുന്ന ഓര്‍മ്മകള്‍


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഫോണ്‍ വിളിയുടെ നിരക്ക് കുറവായതിനാല്‍ വെള്ളിയാഴ്ചകളില്‍ ആണ് അമ്മയെ വിളിക്കാറുള്ളത്. രാവിലെത്തന്നെ നാട്ടിലേയ്ക്ക് വിളിച്ചു. അച്ഛനാണ് ഫോണ്‍ എടുത്തത്. പതിവു കുശലം പറച്ചില്‍ കഴിഞ്ഞു അച്ഛന്‍ ഫോണ്‍ അമ്മയുടെ കയ്യില്‍ കൊടുത്തു. കുറേ നേരം സംസാരിച്ച അമ്മ തന്‍റെ ആരോഗ്യനില മോശമാണെന്ന സൂചന തന്നു. 
"ഭക്ഷണം ഒന്നും കഴിക്കാന്‍ തോന്നുന്നില്ല. രണ്ടു ദിവസം ആയി വല്ലാത്ത ക്ഷീണം ആണ് "
അറുപത്തിനാല് വയസ്സുള്ള അമ്മയെ ഞാന്‍ സാന്ത്വനിപ്പിച്ചു. 
"ഏയ്‌ അമ്മ വിഷമിക്കേണ്ട. മരുന്നുകളൊക്കെ കഴിച്ച് എല്ലാ അസുഖങ്ങളും മാറി അമ്മ ഉഷാര്‍ ആകും. ഞാന്‍ പ്രാര്‍ത്ഥിക്കാം. ധൈര്യമായി ഇരിക്കണം."
"ഉം, ശരി.മോന്‍ ഫോണ്‍ വച്ചോളൂ,"
'ശരി അമ്മേ ഇനി അടുത്ത വെള്ളിയാഴ്ച" ഞാന്‍ ഫോണ്‍ കട്ടാക്കി.
അടുത്ത വ്യാഴാഴ്ച പുലര്‍ച്ചയ്ക്ക് അമ്മ നേരത്തെ ഉണര്‍ന്നു.
"വല്ലാത്ത ദാഹം കുറച്ചു കട്ടന്‍ കാപ്പി വേണം "
കാപ്പിയുണ്ടാക്കാന്‍ എന്‍റെ അനിയത്തി അടുക്കളയിലേയ്ക്ക് പോയി.
'ഭക്തിഗാനം ഏതെങ്കിലും ഒന്നു വയ്ക്കൂ ":അച്ഛനോട് അമ്മ പറഞ്ഞു. അച്ഛന്‍ സി. ഡി. പ്ലെയര്‍ ഓണ്‍ ചെയ്തു.
'ഇതാ കാപ്പി അമ്മേ " അനിയത്തി ചൂടാറ്റിയ കാപ്പി അമ്മയ്ക്ക് നല്കി.
കൃഷ്ണഭക്തിഗാനം കേട്ടുകൊണ്ട് അമ്മ കാപ്പി ഊതിയൂതി കുടിച്ചു.
"മോളേ മേശപ്പുറത്ത് ബിസ്ക്കറ്റ് ഉണ്ട് . രണ്ടെണ്ണം എടുത്തുതരൂ"
അനിയത്തി കൊടുത്ത ബിസ്ക്കറ്റ് കഴിച്ച അമ്മ കുറച്ചു കൂടി കട്ടന്‍ കാപ്പി അകത്താക്കി.
സി. ഡി. പ്ലെയറില്‍ അടുത്ത ഗാനം തുടങ്ങി.
"കൃഷ്ണാ ഗുരുവായൂരപ്പാ" എന്നുരുവിട്ടു കൊണ്ട് വീണ്ടും കിടക്കാന്‍ ശ്രമിച്ച അമ്മ പെട്ടെന്ന് തളര്‍ന്നു. തൊട്ടടുത്ത് കട്ടിലില്‍ ഇരിക്കുന്ന അച്ഛന്‍റെ തോളിലേയ്ക്ക്‌ മെല്ലെ ചാഞ്ഞു. അച്ഛന്‍ അമ്മയെ കട്ടിലില്‍ നിവര്‍ത്തിക്കിടത്തി. അമ്മയുടെ കണ്ണുകള്‍ മുകളിലേയ്ക്ക് മറഞ്ഞുപോകുന്നത് കണ്ട അച്ഛന്‍ അമ്മയ്ക്ക് അല്പം വെള്ളം കൊടുത്തു. ഇതിനിടയില്‍ അമ്മയുടെ ശരീരം നിശ്ചലമായി.
ഉടനെ അച്ഛന്‍ എന്നെ വിളിച്ചു വിവരം പറഞ്ഞു. വാവിട്ടു നിലവിളിച്ച എന്നെ എന്‍റെ ഭാര്യ ആശ്വസിപ്പിച്ചു.
പിറ്റേന്ന് വെള്ളിയാഴ്ച ഞാന്‍ അമ്മയെ വിളിക്കാറുള്ള നേരത്ത് വീടിന്റെ മുറ്റത്ത് അമ്മയുടെ ചിതയ്ക്ക് ഞാന്‍ തീ കൊളുത്തി. പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവസാന നിമിഷങ്ങളില്‍ അമ്മയുടെ അടുത്ത് നില്‍ക്കാനും അമ്മയുടെ വാക്കുകള്‍ കേള്‍ക്കാനും കഴിഞ്ഞില്ല എന്ന ദു:ഖം മനസ്സില്‍ ഒരു കനലായി നീറി എരിയുന്നു


by: MV Jayarajan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo