Showing posts with label VaisakhSudevan. Show all posts
Showing posts with label VaisakhSudevan. Show all posts

നീലക്കുറിഞ്ഞി

Image may contain: 1 person, outdoor and closeup

ഒരു യാത്രയിൽ ആണ് ഞാൻ അയാളെ പരിചയപെടുന്നത്, പാലക്കാട് നിന്നും ഞാൻ കയറിയത് മുതൽ എന്റെ തൊട്ടടുത്തുള്ള സീറ്റിൽ അയാളുണ്ടായിരുന്നു.യാത്രയിൽ കാണുന്ന പല മുഖങ്ങളിൽ ഒരാൾ മാത്രം ആയി അവശേഷിക്കും ആയിരുന്നു അയാളും, പക്ഷെ അയാളുടെ ആ ചോദ്യം ആണ് എല്ലാം മാറ്റി മറിച്ചത്....!
" ഈ ട്രെയിൻ എവിടേക്കാണ്???"
പല വിധ സംശയങ്ങളും ആ ഒരൊറ്റ ചോദ്യം എന്റെ മനസ്സിൽ കൊണ്ട് എത്തിച്ചു, മനസ്സാകട്ടെ ചിന്തയുടെ കൂട്ടു പിടിച്ചു എങ്ങോട്ടെന്നില്ലാതെ പാറി കളിച്ചു. ഒരു പക്ഷെ ട്രെയിൻ ഏതാണെന് നോക്കാതെ ഓടി കയറിയ ഒരാൾ, അല്ലെങ്കിൽ പ്രത്യേക ലക്ഷ്യം ഇല്ലാത്ത ഒരു യാത്രയ്ക്ക് പുറപ്പെട്ട ഒരാൾ, അതുമല്ലെങ്കിൽ തന്റെ ലക്ഷ്യം മാത്രം അറിയുന്ന അതിനുമപ്പുറം ട്രെയിനിന്റെ സഞ്ചാര പാത അറിയാത്ത, അതിനെക്കുറിച്ചു ആ ചോദ്യം ചോദിക്കുന്നതിനു മുമ്പ് വരെ ബോധവാൻ അല്ലാത്തൊരാൾ. ആരാണ് അയാൾ? എന്തിനെനില്ലാത്ത ഒരു ജിജ്ഞാസ എന്നിൽ അടിഞ്ഞുകൂടി.
"ഈ ട്രെയിൻ ഹൈദരാബാദ് വരെ പോകുന്നുണ്ട്. അതാണ് അവസാനത്തെ സ്റ്റേഷൻ"
മറിച്ചൊരു ചോദ്യം പ്രതീക്ഷിച്ച എന്നെ തീർത്തും നിരാശനാക്കി അയാൾ ജനാലക്കു പുറത്തുള്ള കാഴ്ചകൾ നോക്കിയിരുപ്പായി. അതയാൾ അസ്വദിക്കുന്നുണ്ടാവുമോ, അതോ മറ്റെന്തെങ്കിലും ആവുമോ അയാൾ ആലോചിക്കുന്നത്. ഇടയ്ക്കിടെ അയാൾ തന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു കടലാസ് കഷ്ണം എടുത്തു നോക്കുന്നുമുണ്ട്. അതിൽ എന്താണ്???
ആവശ്യമില്ലാത്ത വേവലാതി നിനക്കെന്തിന് ? ഏതോ ഒരു അപരിചിതൻ അത്രയേ ഉള്ളൂ... മനസ്സ് സമാധാനപ്പെട്ടു. സ്വന്തം തിരക്കുകളിലോട്ടു മറ്റുള്ളവരെ പോലെ ഞാനും തല കുനിക്കുവാനായി ബാഗിൽ നിന്നും ഒരു ബുക്കെടുത്തു തുറന്നതെ ഉള്ളൂ... അപ്പോഴതാ അയാൾ വീണ്ടും....!
"ഈ ട്രെയിൻ ? ഇത് എവിടേക്ക് എന്നാണ് പറഞ്ഞത്?"
ഈ മനുഷ്യൻ എന്നിൽ ഇത്രയേറെ അത്ഭുതം ഉളവാക്കുന്നത് എന്തേ? എത്രയാലോചിച്ചിട്ടും പിടി കിട്ടുന്നില്ല! ഒരുപക്ഷേ അയാളുടെ മുഖഭാവം ആണോ? എന്തോ കളഞ്ഞു പോയ ഒരു വിഷാദ ഭാവം ആ മുഖത്തു ഒളിഞ്ഞിരിപ്പുണ്ടോ?? അതുണ്ടെങ്കിൽ തന്നെ നിനക്കെന്താ? എങ്കിലും ഉയർന്നു പൊങ്ങുന്ന സംശയങ്ങൾക്ക് ഒരു അറുതിയില്ല! കുറച്ചു മുമ്പ് ചോദിച്ച അതേ ചോദ്യം അയാൾ വീണ്ടും ചോദിക്കുന്നു. എന്തിനു?
"താങ്കളുടെ ടിക്കറ്റ് ഒന്നു കാണിക്കാമോ??" ഞാൻ അയാളോടു ചോദിച്ചു.
എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ അയാൾ ആലോചിക്കുവാൻ തുടങ്ങി. പതിയെ പോക്കറ്റിൽ തപ്പാൻ തുടങ്ങി. മുമ്പ് കണ്ട ആ കുറിപ്പ് വീണ്ടും അയാൾ എടുത്തു. ആലോചനയിൽ അത് മടിയിൽ വച്ച ശേഷം വീണ്ടും പോക്കറ്റിൽ കയ്യിട്ട് ടിക്കറ്റ് എടുത്ത് എന്റെ നേരെ നീട്ടി...
"ഈ ടിക്കറ്റ് ഹൈദരാബാദ് വരെ ഉണ്ട്. ഞാനും അങ്ങോട്ട് തന്നെയാണ്" ഞാൻ പറഞ്ഞു.
"അതയോ, അത് നന്നായി" അയാൾ വീണ്ടും ജനാലകളിൽ അഭയം തേടി.
എന്തൊരു മണ്ടൻ ആണ് ഞാൻ, അയാളോടു ഞാനും ഹൈദരാബാദ് ആണെന്ന് പറയേണ്ട കാര്യമുണ്ടായിരുന്നോ? അതയാൾ ചോദിച്ചില്ലാലോ. പിന്നെയെന്തിന് പറഞ്ഞു.
"മോന്റെ പേരെന്താ? " തെല്ലിട കഴിഞ്ഞു അയാൾ എന്നോട് ചോദിച്ചു.
ഞാനെന്റെ പേര് പറഞ്ഞു. അയാൾ മറുപടിയായി ഒന്നും പറയാതെ ആയപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു .
"നിങ്ങളുടെ പേര്?"
"എനിക്ക് ഓർമയില്ല, എന്റെ പേരെന്നല്ല ഒരാളുടെ പേരും എനിക്ക് ഓർമ്മയില്ലാ. ഇപ്പൊ ചോദിച്ച നിന്റെ പേരും ഞാൻ വൈകാതെ മറക്കും, പേരുകൾ മാത്രമല്ല ഞാൻ എല്ലാം മറക്കുന്നു. വളരെ കുറച്ചു മാത്രമേ എന്റെ ഓർമയിൽ തങ്ങി നിക്കാറുള്ളൂ"
അല്ലെങ്കിലും അയാളുടെ പേര് എനിക്ക് ആവശ്യമായിരുന്നില്ല.എനിക്കയാളെ അറിയാൻ ആയിരുന്നു ആഗ്രഹം....!കണ്ടത് മുതൽ എന്തോ പന്തികേട് തോന്നിയിരുന്നത് ആണ് പക്ഷെ ഇങ്ങനൊരു കാര്യം മനസ്സിൽ പോലും ചിന്തിച്ചില്ല.
"അല്ല അപ്പോൾ ഇപ്പൊ എങ്ങോട്ട് പോകുന്നു? അതും ഒന്നും ഓർമയില്ല എന്നു പറയുമ്പോൾ ഒറ്റയ്ക്കു ഒരു യാത്ര?"
അയാളുടെ മുഖത്തു ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു. പക്ഷെ അതിനു പിന്നിൽ എന്താണ് വ്യക്തമായ ഭാവം എന്ന് അറിയുക വഴിയില്ല.
"വ്യക്തമായ ഒരു ഉത്തരം എനിക്കതിനില്ല എന്നാണ് സത്യം. ഒരു പക്ഷെ അതും ഞാൻ മറന്നു പോയതാവാം. പക്ഷെ ഈ യാത്രയ്ക്കൊടുവിൽ ഒരാൾ എന്നെ കാണാൻ ആയി വരും എന്ന് എനിക്കറിയാം. അയാളെ കാണാൻ ആണ് ഞാൻ പോകുന്നതും . വളരെ നേരമായി ഞാനും ആ ചിന്തയിൽ ആണ്. ഇടക്കിടക്കെ അതെന്നെ ഓർമപ്പെടുത്താൻ ആണ് ഈ കുറിപ്പ്"
അയാൾ ആ കുറിപ്പ് എന്റെ നേരെ നീട്ടി.ആ ഒരു കടലാസ് കഷ്ണത്തിനു ഇത്രയേറെ അത്ഭുതവും ആകാംക്ഷയും എന്നിൽ നിറയ്ക്കാനാവുന്നത് എന്തുകൊണ്ടായിരിക്കും? ഞാൻ ആ കടലാസ് കഷ്ണം വായിക്കാൻ വേണ്ടി ധൃതി കൂട്ടി.
"പ്രിയപ്പെട്ട മാത്തൻ,
ഇത് ഞാനാണ് , നിങ്ങളുടെ പഴയ നീലക്കുറിഞ്ഞി. അതേ , ജീവിതത്തിൽ ഞാൻ ചിരിക്കാൻ മറന്നവൾ ആയിരുന്നു , വളരെ ചുരുക്കം മാത്രം ആണ് ഞാൻ ചിരിക്കാർ ഉണ്ടായിരുന്നത് , പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പോലെ ആണ് നീയും എന്ന് പറഞ്ഞു നിങ്ങൾ എന്റെ ജീവിതത്തിൽ വന്നതും, ചിരിക്കാൻ മറന്നിരുന്ന ഞാൻ ചിരിച്ചു തുടങ്ങിയതും എന്തിനായിരുന്നു? നമ്മൾ പ്രേമിച്ചത് എന്തിനായിരുന്നു? കല്യാണ വാക്കുകൾ കൊണ്ട് നീയെന്നെ നോവിച്ചത് എന്തിനായിരുന്നു? എന്റെ ജീവിതത്തിൽ നിന്നും ഒരിക്കൽ കൂടി ചിരി മാഞ്ഞു പോയത് അന്നാ രെജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു. വരാം എന്ന് പറഞ്ഞു നീ വരാതെ ഇരുന്നപ്പോൾ , പിന്നീട് നിന്നെ ഒരിക്കലും കാണാതെ ആയപ്പോളും , ഒരുപാട് അന്വേഷിച്ചു കിട്ടാതെ ആയപ്പോളും നിന്നെ ഞാൻ വെറുക്കാതെ ഇരുന്നത് എന്തുകൊണ്ടാണ്? എന്തിനേറെ പറയുന്നു യാദൃശ്ചികം ആയി നമ്മുടെ പഴയ ഗായത്രി മേനോനെ കണ്ടതും അവൾ നിന്റെ കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞതും , നിന്റെ അഡ്രസ്‌ ഞാൻ അവളിൽ നിന്നും വാങ്ങിച്ചു നിനക്കു ഈ കത്തെഴുത്തുന്നതും എന്തുകൊണ്ടാണ്? ഇതിനെ വിധി എന്ന രണ്ടക്ഷരത്തിൽ ഒതുക്കാൻ പറ്റുമോ? അങ്ങനെ വിധി ആയി കാണാൻ ആണെങ്കിൽ ആ വിധിയെ എനിക്കും ഒന്നു തോൽപിക്കണം, ഇവിടെ എങ്കിലും എനിക്കൊന്നു ജയിക്കണം മാത്താ.
ഈ കത്തിനോടൊപ്പം ഞാൻ ഒരു ട്രെയിൻ ടിക്കറ്റും നിനക്ക് വേണ്ടി അയച്ചു തരുന്നു , വിധി എന്നൊന്നുണ്ടെങ്കിൽ നമുക്ക് കാണാം, നിനക്കായി ഞാൻ കാത്തിരിക്കും.
വർഷങ്ങൾ നിന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടിലെങ്കിൽ നിന്നെ കാണുന്ന നിമിഷം ഞാൻ തിരിച്ചറിയും, നിനക്കെന്നെ തിരിച്ചറിയാൻ പറ്റില്ല എന്നറിയാം.പക്ഷെ അതും ഞാൻ വിധിക്കു വിട്ടു കൊടുക്കുകയാണ്.
പറയാതിരിക്കാൻ പറ്റുന്നില്ല, നിനക്കായി ഞാൻ തിരഞ്ഞെടുത്ത ഈ ദിവസവും പ്രത്യേകത നിറഞ്ഞതാണ്, കാരണം നീയെന്റെ ജീവിതത്തിൽ നിന്നും മാഞ്ഞു പോയ്യിട്ട് അന്നേക്ക് കൃത്യം പന്ത്രണ്ട് വർഷങ്ങൾ കഴിയുന്നു. അതേ ഒരു നീലക്കുറിഞ്ഞി പൂക്കുന്ന കാലം....!!
എന്ന് സ്വന്തം
നീലക്കുറിഞ്ഞി"
ആ കത്തു എനിക്ക് കൂടുതൽ നിരാശയാണ് സമ്മാനിച്ചത്. ആ ഒരു അമർഷം എന്റെ മുഖത്തു പ്രകടം ആയത് അയാൾ തിരിച്ചറിഞ്ഞത് കൊണ്ടാവാം. അയാൾ പറഞ്ഞു
"ആ കത്തിൽ അതെഴുതിയ ആൾ ആരാണെന് അറിയാൻ പറ്റുന്നില്ല അല്ലെ? സത്യത്തിൽ എത്ര ആലോചിച്ചിട്ടും എനിക്കും അറിയാത്ത ഒരു കാര്യമാണ് അത്? ആരാണ് ആ കത്തെനിക്ക് അയച്ചു തന്നത് ? പക്ഷെ ഒന്നെനിക്കറിയാം അയാൾക്ക് എന്നെ എന്നെക്കാൾ നന്നായി അറിയാം എന്നത്. അതേ ഈ യാത്ര ഒരു തേടൽ ആണ് എന്റെ ഓർമകൾ തേടിയുള്ള ഒരു യാത്ര , എന്നെ തന്നെ തേടിയുള്ള യാത്ര"
"പക്ഷെ , അന്ന് എന്ത് സംഭവിച്ചു? ശരിക്കും ഇങ്ങനൊരു പ്രണയം ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ തന്നെ എന്ത് കൊണ്ട് നിങ്ങൾ പറഞ്ഞ സമയത്തു രെജിസ്റ്റർ ഓഫീസിൽ എത്തിയില്ല? ഇതൊന്നും നിങ്ങൾക്കറിയില്ലേ??? "
"എന്റെ ഓർമ നശിച്ചിട്ട് എത്ര നാളായി എന്നോ , ഓർമകൾ തങ്ങി നിൽക്കുന്നില്ല, ഓർമ നശിക്കുന്നതിനു മുമ്പുള്ള ഓർമകളോ എന്നിൽ ഇല്ല. പക്ഷെ ഓർമയിൽ തെളിഞ്ഞു നിക്കുന്ന ഒന്നുണ്ട്, അതൊരു സ്വപ്നമാണോ എന്നറിയില്ല. പക്ഷെ എന്റെ ഉറക്കം കളയുവാൻ അതിനു ശക്തി ഉണ്ട്. "
ഒന്ന് നിർത്തിയതിന് ശേഷം അയാൾ തുടങ്ങി.
"ഒരു കാറിൽ ഞാൻ എങ്ങോട്ടോ പോകുകയാണ് , ധൃതിയിൽ ആണെന് തീർച്ച, വെള്ള മുണ്ടും, വെള്ള ഷർട്ടും ആണെന്റെ വേഷം, കയ്യിൽ ഒരു താലിയും ഉണ്ട്. ഞാൻ വളരെ സന്തോഷവാൻ ആയിരുന്നു. ഞാൻ ആ താലിയെടുത്തു നോക്കി, എന്റെ മനസ്സിൽ ആ താലി കണ്ടപ്പോൾ ഒരു അവ്യക്തമായ മുഖവും ഓടി എത്തി, എന്റെ ശ്രദ്ധ ഒന്ന് പതറിയെന്നു തോന്നുന്നു, ഒരു വളവ് തിരിഞ്ഞു വന്ന ലോറി എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചീറി പാഞ്ഞു എന്നെ കടന്നു പോയി , വെപ്രാളപ്പെട്ടു ഞാൻ ഒന്ന് വെട്ടിച്ചതും കാർ മലക്കം മറിഞ്ഞതും ഒരുമിച്ചായിരുന്നു.ബോധം പോകുന്നതിനു മുമ്പ് ഞാൻ അവസാനം ആയി കാണുന്നത് എന്റെ രക്തത്തിൽ പൊതിഞ്ഞുള്ള ആ താലി ആണ്....!! "
അയാൾ അത് പറഞ്ഞു തീർന്നപ്പോൾ ഒന്ന് കിതയ്ക്കുന്നുണ്ടായിരുന്നു....
"ഇതിനപ്പുറം ഒന്നുമെനിക്ക് ഓർമ്മയില്ല.... ഇവിടെ തീരുന്നു ഞാനും എന്റെ ഓർമകളും! വീട്ടുകാരും നാട്ടുകാരും ഒക്കെ അവരുടേതായ ഓർമകൾ പങ്കു വയ്ക്കും, പക്ഷെ അവയൊന്നും എന്റെ ഓർമയിൽ വളരെ കാലം തങ്ങി നിൽക്കില്ല...! ചില പഴകിയ ഓർമകൾ എന്നിൽ ഇപ്പോഴും ഉണ്ട് ട്ടോ, അത് കാരണം ഞാനെന്റെ വീടും പരിസരവും മറന്നിട്ടില്ല, പിന്നെ വീട്ടുകാരെയും...!"
"അല്ല അപ്പൊ അവരിൽ ആരെയെങ്കിലും കൂടെ വിളിക്കാം ആയിരുന്നില്ലേ?? ഒറ്റയ്ക്ക്? "
ഒരു ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.
"വിധിയുടെ വിളയാട്ടം ആണ് ജീവിതം, ഇവിടെയും വിധിയെ തോൽപിക്കാൻ ആഗ്രഹിക്കുന്ന ഒരുവളുടെ കത്താണ് എന്റെ കയ്യിൽ, ആ മുഖം എനിക്ക് ഓർമയില്ല, അങ്ങനൊരു വ്യക്തി എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ എന്നു കൂടി എനിക്ക് ഓർമയില്ല, ഇത് എന്റെ വിധിയായിരിക്കാം, ആ വിധിയിലോട്ട് ഒറ്റയ്ക്ക് നടന്ന് ചെല്ലുവാൻ ആണ് എനിക്കിഷ്ട്ടം. ആ വിധി സമ്മതിക്കുമെങ്കിൽ മാത്രം ഞങ്ങൾ പരസ്പരം കാണും, അതിന് ഒരു കൂട്ട് വേണ്ട എന്നു തന്നെ കരുതി ആണ് ഞാൻ ഇറങ്ങി പുറപ്പെട്ടത് "
ഇത്രയും പറഞ്ഞയാൾ വീണ്ടും ആ കുറിപ്പ് എടുത്തു വായിക്കുവാൻ തുടങ്ങി. ആവർത്തിച്ചാവർത്തിച്ചു മനസ്സിൽ പതിപ്പിക്കാൻ ഒരു പാഴ് ശ്രമം നടത്തുന്നുവെന്ന് തോന്നി...! അയാൾ ഒരു നിഗൂഢതയായി മാറുന്നത് ഞാൻ അറിഞ്ഞു...!
................................................................
ഹൈദരാബാദ് നഗരം വരവേറ്റു, ഞാൻ എന്റെ ബാഗും തൂക്കി സ്റ്റേഷനിലോട്ടു കാലു വച്ചു. എന്തുകൊണ്ടോ ഞാൻ ആദ്യം തിരഞ്ഞത് എനിക്ക് അപരിചിതമായ ഒരു സ്ത്രീ മുഖം ആണ്. അയാളും എനിക്ക് തൊട്ട് പിന്നിലായി ഇറങ്ങി...! എന്റെ ഹൃദയമിടിപ്പ് എന്തിനെനില്ലാതെ കൂടുന്നത് ഞാനറിഞ്ഞു. അവർ വരുമോ? വരുമെങ്കിൽ തന്നെയും അയാളെ തിരിച്ചറിയുമോ? അവർ തമ്മിൽ കണ്ടു മുട്ടുമോ? അതിനു ശേഷം? പലവിധ ചോദ്യങ്ങൾ വീണ്ടും എന്റെ മനസ്സിൽ.
അയാളുടെ മനസ്സിൽ ഇപ്പോൾ എന്തായിരിക്കും ആലോചിച്ചു കൊണ്ടിരിക്കുന്നത്? അയാൾ ആൾ കൂട്ടത്തിനിടയിൽ ഒരു മുഖം തേടുന്നുണ്ട്. തീർച്ച , പക്ഷെ ആ മുഖം അയാൾക്ക് അറിയില്ല താനും. മറവിയുടെ കാണാ കയങ്ങളിൽ വിശ്രമിക്കുന്ന ആ മുഖം ഒരിക്കൽ എങ്കിലും അയാളുടെ മനസ്സിൽ തെളിഞ്ഞെങ്കിൽ എന്ന് ഞാൻ ആശിച്ചു....!
എനിക്കെന്തെങ്കിലും രീതിയിൽ ഇയാളെ സഹായിക്കാൻ ആവുമോ? നീലകുറിഞ്ഞിയെ തേടിയുള്ള യാത്രയിൽ ഞാനും ഒരു പങ്കാളി ആവേണ്ടേ? കാത്തു നിൽക്കണോ? നീലകുറിഞ്ഞിയെ കാണാൻ?
അല്ലെങ്കിൽ തന്നെ ഞാൻ എന്തിന് അതിനെ കുറിച്ച് വേവലാതി പെടണം അയാളുടെ കാര്യം അയാൾ നോക്കിക്കോളും , ഞാൻ ഇവിടെ നിൽക്കുന്നതിൽ പന്തിയില്ല. ഞാൻ മെല്ലെ നടന്നു തുടങ്ങി...!
ഇളം കാറ്റിൽ അത് വരെ അനുഭവിക്കാത്ത ഒരു മണം അവിടെയെങ്ങും പടരുന്നതായി എനിക്ക് തോന്നി. പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം എനിക്ക് പിന്നിലായി ഞാൻ കേട്ടു.
"മാത്താ.........."
അതവരുടെ ശബ്ദം ആയിരുന്നു നീലക്കുറിഞ്ഞിയുടെ....!!!!
തിരിഞ്ഞു നോക്കാൻ മനസ്സ് ആവർത്തിച്ചു പറഞ്ഞിട്ടും തിരിഞ്ഞു നോക്കാൻ ആയി നിന്നില്ല. നീല കുറിഞ്ഞിയെ അറിയേണ്ടത് അയാൾ ആണ്. ഞാൻ അല്ല...! നല്ല ഒരു ഓർമയായി , നല്ല ഒരു സുഗന്ധം ആയി നീലക്കുറിഞ്ഞി ഇനിയും പൂത്തുലയട്ടെ.... മുഖം ഒരു മൂടുപടം മാത്രമാണ്... മുഖം ഇല്ലാതെ തന്നെ നീലക്കുറിഞ്ഞി ഞാൻ നിന്നെ അറിയുന്നു...! എന്നെ നിനക്ക് അറിയില്ലെങ്കിൽ കൂടിയും...!
മാത്തൻ നിങ്ങൾ ഒരു അത്ഭുതമാണ്... നിലയ്ക്കാത്ത ഓർമകളുടെ പ്രവാഹത്തിൽ നിങ്ങളെയും ഞാൻ ഒരു കോണിൽ സൂക്ഷിച്ചു വയ്ക്കുന്നു... ഒപ്പം നിങ്ങളുടെ സ്വന്തം നീലക്കുറിഞ്ഞിയേയും!!!!!

By: Vaisakh Sudevan

ബിരിയാണി.......!!!!!!!


ബിരിയാണി.......!!!!!!!
ഉച്ചയൂണിന്റെ സമയത്താണ് അവൻ എന്നോടത് ചോദിച്ചത്
"ഡാ നിനക്ക് പാലക്കാട് ൽ വച്ചേറ്റവും നല്ല ബിരിയാണി കഴിക്കണോ?? "
ചോദ്യം കേട്ട് ഞാൻ ഒന്ന് ആലോചിച്ചു . സംശയമില്ല ബിരിയാണി എന്റെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ്. പക്ഷെ എന്നെ ആലോചിപ്പിച്ചത് അതല്ല.
പൊതുവെ സാമൂഹിക പ്രതിബദ്ധത സ്വഭാവം ഉള്ളവനാ കക്ഷി , അവൻ എന്ത് ചെയുന്നുവെങ്കിലും അതിലൊരു മനുഷ്യ സ്നേഹം ഒളിഞ്ഞു കിടപ്പുണ്ടാകും , അല്ലെങ്കിൽ ഉപദേശം ആണ് പതിവ് . ആ അവൻ എന്നോട് ബിരിയാണി കഴിക്കണോ എന്ന് ചോദിക്കുന്നു. അതും പാലക്കാട് ൽ വച്ചേറ്റവും സ്വാദുള്ള ബിരിയാണി.
"പഹയന്റെ ഉള്ളിലിരുപ്പ് എന്താണാവോ ദൈവമേ?" എന്ന് ഞാൻ മനസ്സിൽ കരുതി.
പക്ഷെ ബിരിയാണിക്കു മുമ്പിൽ ഞാൻ വീണു.കൂടാതെ സമയം ഒരു മണി കഴിഞ്ഞു, വിശപ്പ് വയറിനെ തഴുകാൻ തുടങ്ങിയിരിക്കുന്നു. അവന്റെ ആ ഓഫർ ഞാൻ സ്വീകരിച്ചു.
" വാ പോകാം" അവൻ നടക്കാൻ തുടങ്ങി.
" ഡാ വണ്ടിയുണ്ട്, നമുക്കതിൽ പോകാം" ഞാൻ പറഞ്ഞത് അവൻ കേട്ട ഭാവമില്ല.
ബിരിയാണിയെ ഓർത്തു ഞാൻ അവന്റെ പിന്നാലെ വച്ചടിച്ചു. പഹയൻ ഒടുക്കത്തെ സ്പീഡിലാ നടത്തം , പതുക്കെ പോയാൽ ചിലപ്പോ ബിരിയാണി തീരുന്നതിനു മുമ്പ് അവിടെ എത്താനായില്ലേലോ. അത്രക്കും നല്ല ബിരിയാണി ആവുമ്പോ അതിനു ഡിമാണ്ടും കാണും.
ഞാനും അവന്റെ പിന്നാലെ വച്ചു പിടിച്ചു.
നടത്തം സ്പീഡ് കൂടുന്നതല്ലാതെ കുറയുന്നില്ല, കുറച്ചധികമായി നടത്തം എന്ന് തോന്നി തുടങ്ങി.
അതിനിടയിൽ അവൻ നല്ല റോഡ് ഉപേക്ഷിച്ചു കുറുക്കു വഴി പിടിച്ചിട്ടുണ്ട്. ഇതിനു മുമ്പ് ഇത് വഴി വന്നിട്ടില്ല. ഒട്ടും പരിചയമില്ലാത്ത സ്ഥലം. ഒരുപാട് നേരം നടത്തം തുടർന്നു , എന്റെ ക്ഷമ നശിച്ചു തുടങ്ങി.
" ഡാ, നീ എവിടേക്കാണ് ഈ ഉണ്ട പായുന്നപോലെ പോകുന്നതെന്നു പറ?"
ഞാൻ ഈ പറഞ്ഞതും അവൻ കേട്ടിട്ടേ ഇല്ല. എന്തായാലും ഇതുവരെ ആയി ഇനി കുറച്ചു കൂടി ഉണ്ടാവും . കുറച്ചു കഷ്ടപെട്ടാൽ എന്താ നല്ല ബിരിയാണി കഴിക്കാമല്ലോ . മനസ്സിനെ അത് പറഞ്ഞു ആശ്വസിപ്പിച്ചു.
പെട്ടന്ന് അവനൊന്നു നിന്നു.
"ഹാവൂ , എത്തി"
പക്ഷെ മുമ്പിൽ ഒന്നും കാണാൻ ഇല്ല. വെറും ഒരു മൊട്ട കുന്ന്.
" ഡാ ഇവിടെ ഹോട്ടൽ എവിടെ???ബിരിയാണി ? "
എന്റെ ചോദ്യത്തിൽ കുറച്ചു ദേഷ്യം ഉണ്ടായിരുന്നു. ആ തെണ്ടി അത് മനസിലാക്കിയിട്ടു തന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു ,
" നിനക്ക് ഏറ്റവും നല്ല ബിരിയാണി കഴിക്കണോ? "
എനിക്ക് ദേഷ്യം വന്നു
"ബിരിയാണി കഴിക്കാൻ അല്ലെടാ ഇത്ര ദൂരം നടന്നു ഞാൻ നിന്നോടൊപ്പം വന്നത്? പോരാത്തതിന് ഇപ്പോ ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പുണ്ട്"
അവനു വീണ്ടും ചിരി.
"ബിരിയാണി എങ്ങാനും നല്ലതലായിരിക്കണം അപ്പോ നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ട്. അപ്പോ കാണാം ചിരി എന്താണെന്നു"
അവൻ ഒരു കള്ള ചിരിയോട് കൂടെ പറഞ്ഞു,
" ദാ, ഈ കുന്നു കയറിയാൽ നിനക്ക് ഏറ്റവും നല്ല ബിരിയാണി കഴിക്കാൻ പറ്റും"
"ഈ കുന്നോ???"
ഞാൻ ആദ്യമേ ചിന്തിക്കണ്ടിയിരുന്നു ഈ തെണ്ടി ചുമ്മാതങ്ങു ഒന്നും പറയില്ല, ഇതിനു പിന്നിൽ വേറെയെന്തോ ഉണ്ടാവും എന്ന്. ഇത്രയധികം നടത്തിപ്പിച്ചതും പോരാ അവനിനിയെന്നെ ഈ കുന്നു കൂടി കയറ്റണം. പ്രകാശേട്ടന്റെ കടയിൽ നല്ല ഊണും മീൻ പൊരിച്ചതും ഉണ്ടാവും , അത് കഴിച്ചിരുന്നാൽ മതിയാർന്നു വെറുതെ ഈ തെണ്ടിക്കൊപ്പം ഇറങ്ങി തിരിച്ചു. ഇനി തിരിച്ചു പോയി അത് കഴിക്കാം എന്നാണേൽ ഇപ്പൊ തന്നെ വിശന്ന് പൊരിഞ്ഞു, ഇനി ഈ നടന്ന ദൂരമോർക്കുമ്പോൾ ഈ കുന്നു കയറുന്നത്‌ എളുപ്പമാണ് , പോരാത്തതിന് ബിരിയാണിയും കഴിക്കാം.
" അപ്പൊ എങ്ങനാ , കഴിക്കേണ്ടേ???"
" ഡാ തെണ്ടി നിനക്ക് ഞാൻ വച്ചിട്ടുണ്ട്. നീ നടക്ക്"
നട്ടുച്ച വെയിലത്തു അതും ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പും വച്ച് ഞാൻ ആ കുന്നു കയറി, കൂട്ടുകാരനെ ശപിച്ചുകൊണ്ട്.
അവിടെ കടയൊന്നും കാണാൻ ഇല്ല. ആകെ ഉള്ളത് ഒരു ഓല മേഞ്ഞ കുടിലാണ് . ഇനി ഇതാണോ ഇവൻ പറഞ്ഞ കട. ഇവിടെയാണോ ഏറ്റവും നല്ല ബിരിയാണി ഉള്ളത്. കടയുടെ അടുത്തെത്തിയപ്പോൾ അപ്പുറത്തായി താഴെ നല്ല റോഡ് പോകുന്നു.
അപ്പൊ ഈ തെണ്ടി എന്നെ മനഃപൂർവം നടത്തിപ്പിച്ചതാണ്. ബിരിയാണി കഴിച്ചങ്ങു എത്തിക്കോട്ടെ ഇതിനെല്ലാം കൂടി അവനു ഞാൻ കൊടുക്കുന്നുണ്ട്
"കുമാരേട്ടാ ഒരു ബിരിയാണി, ഒരു ഊണ്"
ങേ??? ഊണു കഴിക്കാൻ ആണോ ഇവനീ ദൂരം നടന്നത്.?
"നോക്കണ്ടടാ എനിക്ക് ഊണ് മതി"
അപ്പോഴും അവന്റെ മുഖത്തു ഒരു കള്ള ചിരിയുണ്ടായിരുന്നു. കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ കുമാരേട്ടൻ ബിരിയാണിയും കൊണ്ട് വന്നു. പറയാതെ വയ്യ. അതിന്റെ മണം തന്നെ മതി അത് നല്ല സ്വാദുള്ള ബിരിയാണി ആണെന്ന് മനസ്സിലാക്കാൻ. ആദ്യത്തെ ഉരുള കഴിച്ചതും എന്റെ മുഖത്തു മാറിമറഞ്ഞ ഭാവങ്ങൾ കണ്ടിട്ടാവണം ആ തെണ്ടി ഉറക്കെ ചിരി തുടങ്ങി. ഞാൻ അതൊന്നും കാര്യമാക്കിയില്ല. വിശപ്പ് എന്നെ അന്ധനാക്കിയിരുന്നു ഇതിനോടകം. ഒന്നും നോക്കാതെ വാരി വലിച്ചു ഞാൻ അത് തിന്നു. കഴിഞ്ഞപ്പോൾ വീണ്ടും ആവശ്യപ്പെട്ടു, കുമാരേട്ടൻ സന്തോഷപൂർവം എന്റെ ഇലയിലേക്ക് ബിരിയാണി വീണ്ടും വിളമ്പി. അതും നിമിഷ നേരം കൊണ്ട് ഞാൻ കാലിയാക്കി. നല്ലൊരു ഏമ്പക്കവും വിട്ടു, ഒരു ഗ്ലാസ് വെള്ളവും കുടിച്ചു. എന്തെന്നില്ലാത്ത ആത്മ സംതൃപ്‌തി . കൂട്ടുകാരൻ കഴിച്ചു തുടങ്ങിയതെ ഉള്ളു. ഞാൻ ആർത്തിയോടെ കഴിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു അവൻ.
"നോക്കി ചിരിക്കാതെ കഴിക്കടാ"
ഉള്ളിൽ ചിരിച്ചു കൊണ്ട് അവൻ കഴിക്കാൻ തുടങ്ങി. ആ ചിരിയുടെ പുറകിൽ പറയാതെ ഒളിച്ചു വച്ച എന്തോ ഒന്നുള്ളതായി എനിക്ക് തോന്നി.
കുമാരേട്ടനോട് കഴിച്ചതിനു എത്രയായി എന്ന് ചോദിച്ചു. നിഷ്കളങ്കനായ അയാൾ പറഞ്ഞു,
"ഊണിനു 20 , ബിരിയാണി കു 30 , ആകെ മൊത്തം 50"
ഞാൻ അന്തം വിട്ടു നിന്ന് പോയി. പറയാതെ വയ്യ . ഞാൻ കഴിച്ചതിൽ വച്ചേറ്റവും നല്ല ബിരിയാണി തന്നെ ആയിരുന്നു അത്. അതിനു വെറും 30 രൂപയോ? പേഴ്‌സ് തുറന്ന് അതിലെ 100 ന്റെ നോട്ട് മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു 500 ന്റെ നോട്ട് എടുത്ത് കുമാരേട്ടന് കൊടുത്തു.
"അയ്യോ , കുഞ്ഞേ ചില്ലറ തരാൻ ഇല്ല, കുഞ്ഞു അടുത്ത തവണ വരുകയാണേൽ ചേർത്ത് തന്നാൽ മതി. കുമാരേട്ടൻ ഇവിടെ തന്നെയുണ്ട്"
നിഷ്കളങ്കമായ ആ മനുഷ്യന്റെ സംസാരം എന്നെ കൂടുതൽ വിസ്മയിപ്പിച്ചു.
"കുഴപ്പമില്ല കുമാരേട്ടാ, ഞാൻ ഇനിയും വരും , കുമാരേട്ടന്റെ ബിരിയാണി കഴിക്കാൻ , അപ്പൊ നമുക്ക് ഈ 500 ൽ നിന്നും കുറയ്ക്കാം, ഇത് കുമാരേട്ടൻ വച്ചോ."
അയാളുടെ മുഖത്തു നന്ദിയും വാത്സല്യവും കൂടി ചേർന്ന ഒരു ഭാവം നിഴലിച്ചു.
കൂട്ടുകാരൻ കഴിച്ചിറങ്ങി .
"എന്നാൽ പിന്നെ പോകല്ലേ??? "
ഞാൻ വന്ന വഴിയേ തിരിച്ചു നടക്കാൻ തുടങ്ങി . അവൻ
"എങ്ങോട്ടാ??? ഇതിലെ പോകാം പെട്ടെന്നു എത്തും"
"തെണ്ടീ, എന്നാൽ പിന്നെ വരുമ്പോളും ഇത് വഴി വന്നാൽ പോരാർനോ??"
"ഹാഹാ , നീ അല്ലേ പറഞ്ഞത് ഏറ്റവും സ്വാദുള്ള ബിരിയാണി കഴിക്കണം എന്ന് അതോണ്ടാണ് അത് വഴി വന്നത്."
ഇവൻ എന്നെ മണ്ടനാക്കുകയാണോ
"ഡാ, പൊട്ടാ വഴി ഏതായാലും ഇവിടെ തന്നെ അല്ലെ എത്തുന്നത്??, കഴിക്കുന്ന ബിരിയാണി മാറുന്നില്ല ലോ"
അവന്റെ മറുപടി വളരെ വിചിത്രമായിരുന്നു.
"ലോകത്തിൽ വച്ചേറ്റവും സ്വാദുള്ള ഭക്ഷണം ഏതാണെന്ന് അറിയുമോ നിനക്ക്? അത് മനുഷ്യന്റെ വിശപ്പ് ആണ്. വിശപ്പുള്ളപ്പോൾ ഏതൊരു ഭക്ഷണവും സ്വാദുള്ളതായി അനുഭവപ്പെടും, കുറ്റം പറയാൻ ഇല്ലാത്ത ഒരു നല്ല ബിരിയാണി കഴിച്ചപ്പോൾ നിനക്ക് അത് നീ കഴിച്ചതിൽ ഏറ്റവും മികച്ച ബിരിയാണി ആയി തോന്നിയതിനു കാരണവും അതാണ്"
എന്റെ ചിന്ത എവിടെയൊക്കെയോ ഓടി നടന്നു.
"അതെ ഏറ്റവും സ്വാദുള്ളത് മനുഷ്യന്റെ വിശപ്പിനാണ്, ആ സത്യമാണ് അവനെനിക്കു മനസ്സിലാക്കി തന്നത്"
അവനത് വേണമെങ്കിൽ അവിടിരുന്നും പറയാമായിരുന്നു. പക്ഷെ അവന്റെ മറ്റ് ഉപദേശങ്ങൾ കേട്ട് മറക്കുന്നത് പോലെ അതും ഞാൻ മറന്നേനെ , വിശപ്പ് എന്താണെന്ന് മനസിലാക്കി തന്നു അവൻ, വിശക്കുമ്പോൾ കഴിക്കുന്നതെന്തും സ്വാദേറിയതാണ് എന്ന് അവൻ മനസിലാക്കി തന്നു.
അതെ വിശപ്പ്‌ ആണ് ലോകത്തിൽ വച്ചേറ്റവും സ്വാദേറിയത്.
അവൻ തുടർന്നു .
"നിനക്കറിയോ, ഇത് ഞാൻ മനസ്സിലാക്കാൻ ഉണ്ടായ സാഹചര്യം??"
മറുപടിക്ക് കാത്തു നിൽക്കാതെ അവൻ തുടർന്നു
" ഒരു ട്രെയിൻ യാത്രക്കിടെ ഞാൻ ഒരു സ്റ്റേഷൻ ൽ നിന്നും ഇഡ്‌ലിയും വടയും വാങ്ങിച്ചു, കൂടെ ചട്ടിണിയും ഉണ്ടായിരുന്നു. ചട്ടിണി നന്നേ പുളിച്ചിരുന്നു, വായിൽ വയ്ക്കാൻ കൊള്ളാത്ത വിധം , ഛർദിക്കാൻ വന്നു. ആ ഭക്ഷണം എന്നെ അലോസരപെടുത്തി . ഞാൻ അത് കളയുവാനായി ജനാല തുറന്നു. എല്ലും തോലും മാത്രം അവശേഷിക്കുന്ന കാഴ്ച്ചയിൽ വികൃതം ആയ ഒരു രൂപം എന്റെ നേരെ കൈ നീട്ടി , ഭക്ഷണത്തിലേക്കും എന്റെ മുഖത്തേക്കുമായി മാറി മാറി നോക്കി. എന്റെ കയ്യിൽ ഉള്ളത് കേടു വന്ന ഭക്ഷണം ആയതോണ്ടു ഞാൻ മടിച്ചു. പക്ഷെ ആ ദയനീയമായ മുഖം എന്നെ തന്നെ നോക്കികൊണ്ടിരിക്കുന്നു , പോക്കറ്റ് ൽ നിന്നും ഒരു 10രൂപ നോട്ട് ഞാൻ എടുത്ത് കൊടുത്തു , ആ മനുഷ്യൻ അത് വാങ്ങി ,പക്ഷെ അത് കിട്ടിയിട്ടും അയാൾ പോകുന്നില്ല , ഇപ്പോളും എന്റെ മുഖത്തേക്കും ഭക്ഷണത്തിലേക്കും മാറി മാറി അയാൾ നോക്കികൊണ്ടിരിക്കുകയാണ് . വേറെ നിവർത്തിയില്ലാതെ ഞാൻ എന്റെ കയ്യിൽ ഉള്ള ഭക്ഷണത്തെ അയാൾക്ക്‌ വച്ച് നീട്ടി . അയാൾ അത് വാങ്ങിച്ചു ഒരു ഒഴിഞ്ഞ സ്ഥലത്തു പോയിരുന്നു ആർത്തിയോടെ കഴിക്കാൻ തുടങ്ങി. കുറച്ചു നേരം മുമ്പ് ഞാൻ ഇറക്കാൻ പ്രയാസപ്പെട്ട അതേ ഭക്ഷണം അയാൾ ഒട്ടും ഭാവ വ്യത്യാസമില്ലാതെ കഴിക്കുന്നു അതും ആർത്തിയോടെ. നിമിഷ നേരം കൊണ്ട് അയാൾ അത് മുഴുവനും കഴിച്ചു. ഏതു ഭക്ഷണമാണോ കേടു വന്നു എന്ന് വിചാരിച്ചു ഞാൻ വലിച്ചെറിയാൻ നിന്നത് അതേ ഭക്ഷണത്തെ ആണ് അയാൾ ഒട്ടും സങ്കോചമില്ലാതെ കഴിച്ചു തീർത്തത്. എനിക്കറിയാവുന്നത് കേടായ ഭക്ഷണത്തിന്റെ ദൂക്ഷ്യ വശങ്ങൾ ആയിരുന്നുവെങ്കിൽ അയാൾക്ക് അറിയാവുന്നത് ഒന്ന് മാത്രം ആയിരുന്നു. വിശപ്പ്‌. അതിനു മുമ്പിൽ കേടായത് എന്നോ നല്ലതെന്നോ വേർതിരിച്ചു കാണാൻ അയാൾക്കറിയില്ലാർന്നു . അന്ന് ഞാൻ മനസ്സിലാക്കിയത് വിശപ്പ് ആണ് സത്യം , രുചി നാവിൽ അല്ല മനസ്സിൽ ആണെന്നുള്ളതാണ്. അത് അനുഭവിച്ചറിയണം എന്നെ ഞാൻ കരുതിയുള്ളൂ. ബുദ്ധിമുട്ടിച്ചതിൽ നീ എന്നോട് ക്ഷമിക്കുമെന്നു വിചാരിക്കുന്നു"
ഇത് കൂടി കേട്ടപ്പോൾ ചിന്തകളുടെ ഒരു മതിൽകെട്ടു എന്റെ മനസ്സിൽ ഉയർന്നു. എങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"കുമാരേട്ടന്റെ ബിരിയാണി കഴിക്കാൻ നമുക്ക് ഒന്നൂടെ പോണ്ടേ?? പാലക്കാട് ലെ ഏറ്റവും നല്ല ബിരിയാണി"
അത് പറയുമ്പോൾ എന്റെ മനസ്സും വയറും ഒരുപോലെ നിറഞ്ഞിരുന്നു

Vaishakh Sudevan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo