Showing posts with label MubassiraKV. Show all posts
Showing posts with label MubassiraKV. Show all posts

ഫെയ്സ്ബുക്ക് വരുത്തിയ വിന


എന്താ ഗായത്രീ ഇത് .ചെറിയ കുട്ടികളെ പോലെ ഇങ്ങനെ പിണങ്ങിയാലോ?" പുറം തിരിഞ്ഞു നിൽക്കുന്ന ഭാര്യയുടെ തോളിൽ കെെ വച്ച് അനുനയ സ്വരത്തിൽ മഹേഷ് പറഞ്ഞു.
"ഞാൻ ചെറിയ കുട്ടിയൊന്നുമല്ല. നിങ്ങളുടെ ചുറ്റികളിയൊക്കെ മനസ്സിലാക്കാനുള്ള പ്രായമൊക്കെ എനിക്കായി" അവൾ വിടാ൯ ഭാവമില്ല.
" ഞാനിന്ന് മെസ്സെഞ്ച൪ തുറന്നിട്ടേയില്ലല്ലോ? പിന്നെന്താ? " (കഴിഞ്ഞ തവണ മെസ്സെഞ്ചറിന്റെ പേരിലാണ് ഞങ്ങൾ വഴക്കിട്ടത്).
അവൾക്കൊരു കുലുക്കവുമില്ല . ഒരേ നി൪ത്തം.
"രാവിലെ പോകുമ്പോൾ നീ കൊണ്ടുവരാ൯ പറഞ്ഞ പച്ചക്കറികൾ ഞാൻ മറക്കാതെ കൊണ്ടു വന്നില്ലേ?" ( ഇടക്കിങ്ങനെ എെബ്രോ പെ൯സിൽ മറന്നു , ചന്ദനതിരി മറന്നു, സാമ്പാർ പൊടി മറന്നു തുടങ്ങിയ കശപിശകളും ഞങ്ങൾക്കിടയിൽ കടന്നു വരാറുണ്ടേ...)
ഇതും ഏറ്റില്ല. ഇനി രക്ഷയില്ല. എന്റെ തലയിലൊന്നും തെളിയുന്നില്ല. നേരം 11 PM. രണ്ട് മണിക്കൂറായി ഈ കോടതി വിസ്താരം തുടങ്ങിയിട്ട്. വാദിയാണേലും പ്രതിയാണേലും വേണ്ടില്ല,ഇതൊന്നു തീർന്നുകിട്ടിയില്ലെങ്കിൽ ഇന്നിനി ഉറങ്ങാൻ സമ്മതിക്കില്ല. അടുത്ത അടവ് അതു തന്നെ. തൊണ്ടയനക്കി ശബ്ദം ഉറപ്പ് വരുത്തി.
" ഗായത്രീ....എന്താണ് പ്രശ്നമെന്ന് പറഞ്ഞില്ലേൽ എന്റെ കയ്യീന്ന് മേടിക്കും."
'ശബ്ദം കുറച്ച് കൂടിപ്പോയോ? വല്ലാത്ത കിതപ്പ് '.
എന്നാലും അവൾക്കൊരനക്കം വന്നിട്ടുണ്ട്.
കയ്യിലിരുന്ന എന്റെ മൊബൈൽ അവൾ എനിക്കു നേരേ നീട്ടി. ഞാനത് വാങ്ങി നോക്കി. ' അനിതാ നമ്പീശന്റേ ഒരു പോസ്റ്റ് ' .ഇതിലെന്തിരിക്കുന്നു?
" ഓ...അത് നിനക്ക് മനസ്സിലായിട്ടുണ്ടാവില്ല അല്ലേ? ഞാൻ വിവരിച്ചു തരാം. അതായത്.... "
" എനിക്കു മനസ്സിലാവാത്തത് നിങ്ങളതിനിട്ട കമന്റാ " അവൾ ഇടക്ക് കയറി പറഞ്ഞു.
മഹേഷ് കമന്റെടുത്തു... 'അനി നന്നായെഴുതി'
രണ്ട്മൂന്ന് പ്രാവശ്യം അവനതുതന്നെ വായിച്ചു. അവനൊരു പ്രശ്നവും കണ്ടില്ല. തിരിഞ്ഞു ഗായത്രിയെ നോക്കി.
" ഓ... അനി , എന്നെ നിങ്ങളിതുവരെ ഗായത്രീന്നല്ലാതെ വിളിച്ചിട്ടുണ്ടോ? " അരിശത്തോടൊപ്പം അവളുടെ കണ്ണും നിറയുന്നുണ്ട്.
' ഇപ്പോഴാണ് കാര്യത്തിന്റെ ഗുട്ട൯സ് പിടി കിട്ടിയത് '.
" അല്ല നിന്നെ ഞാനിങ്ങനെ പേരു ചുരുക്കി വിളിക്കാന്നു വച്ചാൽ " പറഞ്ഞപ്പോഴേക്കും അവ൯ വാ പൊത്തി ചിരിച്ചു. അവൾ വല്ലാതായി.
" പേരുതന്നെ വിളിക്കണമെന്നില്ലല്ലോ? " അപ്പോഴേക്കും അവൾ പോംവഴി കണ്ടെത്തി, മിടുക്കി.
" എന്റെ മോളൂ ഫെയ്സ്ബുക്കിൽ എല്ലാവരും ഫ്രന്റ്സാ . അത് മനസ്സിലാക്ക് ".
" ഏതോ ഒരുത്തി കാരണമാണേലും നിങ്ങളെന്നേ മോളൂന്ന് വിളിച്ചല്ലോ? " വീണ്ടും കല്ലു കടി.
' ആ... എെഡിയ '
അതേ... ഈ സ്ത്രീകളുടെ പേരിൽ വരുന്നവരൊന്നും യഥാർത്ഥത്തിൽ പെണ്ണാവണമെന്നില്ല. പല വിരുതന്മാരും ഫെയ്ക്കായിട്ടും ഇങ്ങനെ ഫെയ്സ്ബുക്കിലുണ്ടാവും.
" സത്യാണോ ചേട്ടാ? " ഇത്തിരി മയമുണ്ട്.
" പിന്നെ... ഈ അനിത തന്നെ ആണാണോന്ന് എനിക്കെത്ര പ്രാവശ്യം തോന്നിയിട്ടുണ്ടെന്നറിയാമോ? "
അവളുടെ മുഖം തെളിഞ്ഞു.
സോറി മഹീഷേട്ടാ. ഞാൻവെറുതെ ചേട്ടനെ തെറ്റിദ്ധരിച്ചു. അവൾ കണ്ണു തുടച്ചു. അവളുടെ മുഖത്ത് പുഞ്ചിരി വിട൪ന്നു.
" ഭഗവാനേ. ഇത്തവണയും നീ കാത്തു " മഹേഷ് നെടുവീ൪പ്പിട്ടു.
( മുബശ്ശിറ കെ.വി )

നിന്നെയും തേടി - part 1

"അമ്മേ ഞാനിറങ്ങുവാ" അകത്തേക്ക് നോക്കി പറഞ്ഞിട്ട് പാർവ്വതി മുറ്റത്തേക്കിറങ്ങി.മഞ്ഞക്കരയുള്ള ചുവന്ന സാരിയാണ് വേഷം.തോളിൽ ബാഗും കയ്യിൽ ഒരു കുടയുമുണ്ട്. താഴേക്കുള്ള പടികളിറങ്ങാൻ തുടങ്ങുമ്പോഴാണ് പോസ്റ്റുമാൻ നാണുച്ചേട്ടൻ വരുന്നത് കണ്ടത്. അവൾ ചിരിച്ചു.പക്ഷേ നാണുച്ചേട്ടന്റേ മുഖത്ത് പതിവുപോലെ ആ ചിരി തെളിഞ്ഞില്ല.
"എന്താ നാണുവേട്ടാ സുഖമില്ലേ? മുഖത്തൊരു സന്തോഷമില്ലല്ലോ? അവൾ തിരക്കി."
"നാണുവേട്ടൻ ഒരുപാടുതവണ ഇവിടെ വന്നിട്ടുണ്ട്.പക്ഷേ മോൾക്കൊരു കത്തു തരാൻ വേണ്ടി ആദ്യമായിട്ടാ ഈ പടി ചവിട്ട്ണത് ". അദ്ദേഹം അവളുടേ മുഖത്തേക്ക് നോക്കി.ചെറിയൊരു അമ്പരപ്പ് അയാളുടെ മുഖത്ത് അവൾ കണ്ടു.അവൾക്കും അമ്പരപ്പ് തോന്നി.
" എനിക്ക് കത്തൊ! നോക്കട്ടെ. ആരാപ്പോ എനിക്ക് കത്തയക്കാൻ?". അവൾ കെെ നീട്ടി.നാണുചേട്ടൻ കത്തവൾക്ക് നൽകി.
കവറിന്റേ പുറത്ത് നല്ല ഭംഗിയിൽ തന്റേ അഡ്രസ്സ്. പാർവ്വതി എന്നുള്ളത് ഒരു പ്രത്യേക രീതിയിലാണ് എഴുതിയിരിക്കുന്നത്. പക്ഷേ മറുഭാഗത്ത് എഴുതിയ ആളുടെ അഡ്രസ്സില്ല. സംസാരം കേട്ട് ശാരദാമ്മയും പുറത്ത് വന്ന് നോക്കി. കത്ത് കണ്ട അവർ ചോദിച്ചു
"ആരുടേയാ മോളെ കത്ത്?"
"ആ...എനിക്കറിയില്ല" അവൾ കെെ മലർത്തി
"പൊട്ടിച്ച് നോക്ക് ".അമ്മക്ക് ധൃതിയായി.
അവൾ കവർ പൊളിച്ചു മെല്ലെ വായിക്കാൻ തുടങ്ങി.
.....................................................................................
4. 9. 1998
സ്ഥലം: .....................
ഒരുപാട് സ്നേഹത്തോടെ എന്റെ പാറുകുട്ടിക്ക്,
ഞാനങ്ങനെ തന്നെ വിളിച്ചോട്ടെ? എന്നെ ഒാർമ്മയുണ്ടോ? ഒരുപപാട് വർഷങ്ങൾക്കിപ്പുറം നിന്നേ നേരിൽ കാണണം എന്ന് തോന്നി. പിന്നെ തോന്നി നിനക്കൊരു സർപ്രെെസാവട്ടെ എന്ന്.കൂടുതൽ വിവരങ്ങൾ അടുത്ത കത്തിൽ.
എന്ന്
സ്വന്തം
* * * * * *
....................................................................................
പാർവ്വതി കത്ത് തിരിച്ചും മറിച്ചും നോക്കി.അവൾക്കൊന്നും മനസ്സിലായില്ല. നാണുച്ചേട്ടനും ശാരദാമ്മയും അവളെ തന്നെ നോക്കി നിൽക്കുന്നു.
"ഇതിൽ പേരൊന്നുമില്ലമ്മേ. ഏതോ പൂവാലന്മാരായിരിക്കും".
അവൾ ആശങ്കയോടെ വഴിയിലേക്കിറങ്ങി നടന്നു.ഓഫീസിലെത്തിയത് യാന്ത്രികമായിട്ടായിരുന്നു.സ്വന്തം സീറ്റിലെത്തി വെറുതെ ചാരിയിരുന്നു.മനസ്സുമുഴുവൻ ആ കത്തായിരുന്നു.ആരാണത് എഴുതിയത്?ഒരുപക്ഷേ വല്ല വായ്നോക്കികളും ആവും എന്ന് മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും മനസ്സിനെ പിടിച്ചു നിർത്താൻ അവൾ പാടുപെട്ടു.
"എന്താ ഇന്ന് ഒപ്പിടുന്നില്ലേ? മൂഡോഫിലാണല്ലോ?"
സഹപ്രവർത്തക രമയുടെ ചോദ്യമാണ് അവളേ ചിന്തയിൽ നിന്നുണർത്തിയത്.അവളൊന്നു ചിരിച്ചെന്നു വരുത്തി ഓഫീസിലേക്ക് പോയി.
"ഗുഡ് മോണിങ്ങ് സാർ"
"ഗുഡ് മോണിങ്ങ് "
അദ്ദേഹം രജിസ്റ്റർ മുന്നിലേക്ക് നീക്കി വെച്ചു. അവൾ ഒപ്പ് വെച്ചു വേഗം തിരിഞ്ഞു നടന്നു. അൽപസമയത്തിന് ശേഷം പാർവ്വതിയോട് ഓഫീസിലേക്ക് ചെല്ലാൻ വർഗീസ് ചേട്ടൻ വന്നു പറഞ്ഞു. പാർവ്വതി നേരേ ഓഫീസിലേക്ക് നടന്നു.
"എന്താ ടെെപ്പ് ചെയ്യാനുള്ള പേപ്പേഴ്സ് എടുക്കാതെ പോയത്"
"സോറി സാർ". അവൾ പേപ്പേഴ്സുമായി മേശക്കരികിലേക്ക് പോയി. പതുക്കെ ടെെപ്പ് ചെയ്യാൻ തുടങ്ങി. രമയോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച് ടെെപ്പ് ചെയ്യൽ തുടർന്നു.
"എന്തായിത് ഇതുവരെ കഴിഞ്ഞില്ലേ. നേരം നാലു മണിയായി.എന്താ സ്വപ്നം കണ്ടിരിക്കുകയാണോ? ഇതിനാണോ ഓഫീസിൽ വന്നത്?" മാനേജറുടെ ചോദ്യം കേട്ടവൾ ഞെട്ടി.
"സോറി സർ" .അവൾ എഴുന്നേറ്റ് നിന്നു പറഞ്ഞു.
"എന്ത് സോറി . "നാളേ ഉച്ചക്ക് മുമ്പ് ഇതെല്ലാം എനിക്ക് കംപ്ലീറ്റ് ചെയ്ത് കിട്ടണം.മനസ്സിലായോ?"
" ഉവ്വ് സാർ" അവൾ പതുക്കെ തലതാഴ്ത്തി പറഞ്ഞു.
മാനേജർ കാബിനുള്ളിലേക്ക് പോയത് കണ്ട് രമ അവൾക്കരികിലെത്തി.
"എന്തുപറ്റി പാർവ്വതീ. ജയകൃഷ്ണൻ സാറിന് ഇതുവരെ നിന്നോട് ദേഷ്യപ്പെടേണ്ട ആവശ്യം വന്നിട്ടില്ലല്ലോ? രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ.അമ്മക്കെന്തെങ്കിലും?" രമ തിരക്കി.
"ഏയ് ഒന്നുമില്ല ". അവൾ ഒഴിഞ്ഞു മാറി.വെറുമൊരു ഊമകത്തിനുവേണ്ടി താനിങ്ങനെ തളരാൻ പാടില്ല..... പഴയപോലെ സജീവമാവാൻ അവൾ തീരുമാനിച്ചു.
നാലു നാളുകൾക്ക് ശേഷം നാണുചേട്ടൻ വീണ്ടും പടികടന്നെത്തി.
"മോളേ ഇന്നും കത്തുണ്ട്. ഊരും പേരുമില്ല".
വന്നപാടെ നാണുചേട്ടൻ കത്ത് പാർവ്വതിക്ക് നേരേ നീട്ടി. ഓഫീസ് അവധിയായതിനാൽ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു അവൾ. ഇളം നീല കളറുള്ള ചുരിദാറാണ് വേഷം. മുടി പിന്നിൽ ചുറ്റി കെട്ടി വച്ചിട്ടുണ്ട്. കത്ത് തുറന്ന് വായിക്കുന്നത് പ്രതീക്ഷിച്ചിരുന്ന നാണുചേട്ടനെ നിരാശനാക്കികൊണ്ട് അവൾ അകത്തേക്ക് പോയി....വീണ്ടുമൊന്ന് എത്തിനോക്കിയ ശേഷം നാണുചേട്ടൻ തിരിഞ്ഞു നടന്നു. അവൾ സ്വന്തം റൂമിലെത്തി.ശബ്ദമുണ്ടാക്കാതെ വാതിലിന്റേ ബോൾട്ടിട്ടു. മെല്ലെ കവർ പൊളിച്ചു.
.....................................................................................
ഒത്തിരി ഇഷ്ടത്തേടെ പാറുകുട്ടിക്ക് ,
രണ്ടു വർഷമായി ഞാൻ നിന്നെ
തിരയുന്നു.യാദൃശ്ചികമായാണ് എൽ.പി സ്കൂളിൽ നമ്മുടെ അദ്ധ്യാപികയായിരുന്ന വിലാസിനി ടീച്ചറെ കണ്ടു മുട്ടുന്നത്.അവർ നിന്റേ അമ്മയുടെ ബന്ധുവാണെന്ന് നേരിയ ഓർമ്മയുണ്ട്.എന്റെ ഭാഗ്യത്തിന് നിന്നെ കുറിച്ച് ചെറിയ തുമ്പ് കിട്ടി.ടെെപ്പ് റെെറ്റിങ്ങ് ചെയ്യുന്ന ഓഫീസ് അങ്ങനെ കണ്ടെത്തി.നീയറിയാതെ ഞാൻ നിന്നെ പിന്തുടർന്ന് വീടും കണ്ടുപിടിച്ചു.
ഞാൻ നിന്നരികിലെത്തി.ബാക്കി അടുത്ത കത്തിൽ.
എന്ന്
സ്വന്തം
******
....................................................................................
....തുടരും....
(മുബശ്ശിറ കെ.വി)

എഴുത്ത്


അയാൾ എഴുതുകയാണ്.
നിശബ്ദനായി, ഏകനായി....
കുന്നോളം സദാചാര ബോധങ്ങൾ...
താളുകൾ മറിഞ്ഞുകൊണ്ടിരുന്നു.
പേനയിലേ ഓരോ തുള്ളിയും തൂവെള്ള പേപ്പറിൽ നിരന്നു നിൽക്കാൻ വെമ്പൽ കൊണ്ടു.
ക്ലോക്കിലേ സൂചി കറങ്ങികൊണ്ടിരുന്നു.
നല്ലപെരുമാറ്റവും പെരുമാറ്റച്ചട്ടങ്ങളും പേപ്പറിൽ ഗമയോടെ വിടർന്നു.
വരും ദിനത്തിൽ നടക്കാനിരിക്കുന്ന പ്രാദേശിക പരിപാടിയിൽ എഴുതിയതത്രയും ഘോരഘോരം മുഴങ്ങുന്നതയാൾ സ്വപ്നം കണ്ടു.ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.അടുത്ത വരികൾക്കായി ഹൃദയം കാതോർത്തു.
"ദേ മോൻ കളിക്കിടയിൽ വീണ് മുറിവ് പറ്റിയിരിക്കുന്നു.കെെക്ക് നല്ല വേദനയുണ്ടെന്നും പറയുന്നു.ഞങ്ങളേ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് വിടുമോ?"
ആർത്തിപൂണ്ട ചിന്തകൾക്കിടയിൽ നിന്നും കേട്ട അപശബ്ദത്തിനു നേരേ അയാൾ ക്രോധത്തോടെ നോക്കി.
"എനിക്ക് സമയമില്ല" ദേഷ്യം കലർന്ന മറുപടി.
"ഇന്നെന്തായാലും ലീവെടുത്തതാണെന്നല്ലേ പറഞ്ഞത്.മോൻ കരയുന്നു"
"ഓഫീസിൽ മാത്രമാണ് ജോലിയെന്നാണോ നീ കരുതിയത്? ഇതും ഒരു ജോലിയാണ്.അതൊന്നും നിനക്ക് മനസ്സിലാവില്ലല്ലോ! നാളേ എന്റെ ലേഖനം വായിച്ച് ഓരുത്തൻ നന്നായാൽ എനിക്കതുമതി"
"അപ്പോ മോൻ?" അവൾ പകുതിയിൽ നിർത്തി.
"നീ വേണമെങ്കിൽ കൊണ്ടുപോ.ശല്യം ചെയ്യാതേ പോവുന്നുണ്ടോ?" സ്വരം കടുപ്പത്തിലാണ്.
അവൾ മെല്ലേ ഉൾവലിഞ്ഞു.നേരിയ ശബ്ദത്തിൽ അവളുടേ പരിഭവം....
അവൻ വീണ്ടും പേപ്പറിലേക്ക് കണ്ണുകൾ പൂഴ്ത്തി.ഒരു ഖണ്ഡിക കൂടി എഴുതി തീർത്തു. അവസാനമായി ഒരുവശത്ത് ശുഭം- എന്നെഴുതി.
അവനൊന്നു മന്ദഹസിച്ചു.വലിയ ഒരു കാര്യം ചെയ്തു തീർത്ത ആശ്വാസത്തോടെ അവൻ പേന താഴേ വെച്ച് പുസ്തകം അടച്ചു.ഒപ്പം കണ്ണുകളും...
(മുബശ്ശിറ കെ.വി)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo