Slider

ഫെയ്സ്ബുക്ക് വരുത്തിയ വിന

0

എന്താ ഗായത്രീ ഇത് .ചെറിയ കുട്ടികളെ പോലെ ഇങ്ങനെ പിണങ്ങിയാലോ?" പുറം തിരിഞ്ഞു നിൽക്കുന്ന ഭാര്യയുടെ തോളിൽ കെെ വച്ച് അനുനയ സ്വരത്തിൽ മഹേഷ് പറഞ്ഞു.
"ഞാൻ ചെറിയ കുട്ടിയൊന്നുമല്ല. നിങ്ങളുടെ ചുറ്റികളിയൊക്കെ മനസ്സിലാക്കാനുള്ള പ്രായമൊക്കെ എനിക്കായി" അവൾ വിടാ൯ ഭാവമില്ല.
" ഞാനിന്ന് മെസ്സെഞ്ച൪ തുറന്നിട്ടേയില്ലല്ലോ? പിന്നെന്താ? " (കഴിഞ്ഞ തവണ മെസ്സെഞ്ചറിന്റെ പേരിലാണ് ഞങ്ങൾ വഴക്കിട്ടത്).
അവൾക്കൊരു കുലുക്കവുമില്ല . ഒരേ നി൪ത്തം.
"രാവിലെ പോകുമ്പോൾ നീ കൊണ്ടുവരാ൯ പറഞ്ഞ പച്ചക്കറികൾ ഞാൻ മറക്കാതെ കൊണ്ടു വന്നില്ലേ?" ( ഇടക്കിങ്ങനെ എെബ്രോ പെ൯സിൽ മറന്നു , ചന്ദനതിരി മറന്നു, സാമ്പാർ പൊടി മറന്നു തുടങ്ങിയ കശപിശകളും ഞങ്ങൾക്കിടയിൽ കടന്നു വരാറുണ്ടേ...)
ഇതും ഏറ്റില്ല. ഇനി രക്ഷയില്ല. എന്റെ തലയിലൊന്നും തെളിയുന്നില്ല. നേരം 11 PM. രണ്ട് മണിക്കൂറായി ഈ കോടതി വിസ്താരം തുടങ്ങിയിട്ട്. വാദിയാണേലും പ്രതിയാണേലും വേണ്ടില്ല,ഇതൊന്നു തീർന്നുകിട്ടിയില്ലെങ്കിൽ ഇന്നിനി ഉറങ്ങാൻ സമ്മതിക്കില്ല. അടുത്ത അടവ് അതു തന്നെ. തൊണ്ടയനക്കി ശബ്ദം ഉറപ്പ് വരുത്തി.
" ഗായത്രീ....എന്താണ് പ്രശ്നമെന്ന് പറഞ്ഞില്ലേൽ എന്റെ കയ്യീന്ന് മേടിക്കും."
'ശബ്ദം കുറച്ച് കൂടിപ്പോയോ? വല്ലാത്ത കിതപ്പ് '.
എന്നാലും അവൾക്കൊരനക്കം വന്നിട്ടുണ്ട്.
കയ്യിലിരുന്ന എന്റെ മൊബൈൽ അവൾ എനിക്കു നേരേ നീട്ടി. ഞാനത് വാങ്ങി നോക്കി. ' അനിതാ നമ്പീശന്റേ ഒരു പോസ്റ്റ് ' .ഇതിലെന്തിരിക്കുന്നു?
" ഓ...അത് നിനക്ക് മനസ്സിലായിട്ടുണ്ടാവില്ല അല്ലേ? ഞാൻ വിവരിച്ചു തരാം. അതായത്.... "
" എനിക്കു മനസ്സിലാവാത്തത് നിങ്ങളതിനിട്ട കമന്റാ " അവൾ ഇടക്ക് കയറി പറഞ്ഞു.
മഹേഷ് കമന്റെടുത്തു... 'അനി നന്നായെഴുതി'
രണ്ട്മൂന്ന് പ്രാവശ്യം അവനതുതന്നെ വായിച്ചു. അവനൊരു പ്രശ്നവും കണ്ടില്ല. തിരിഞ്ഞു ഗായത്രിയെ നോക്കി.
" ഓ... അനി , എന്നെ നിങ്ങളിതുവരെ ഗായത്രീന്നല്ലാതെ വിളിച്ചിട്ടുണ്ടോ? " അരിശത്തോടൊപ്പം അവളുടെ കണ്ണും നിറയുന്നുണ്ട്.
' ഇപ്പോഴാണ് കാര്യത്തിന്റെ ഗുട്ട൯സ് പിടി കിട്ടിയത് '.
" അല്ല നിന്നെ ഞാനിങ്ങനെ പേരു ചുരുക്കി വിളിക്കാന്നു വച്ചാൽ " പറഞ്ഞപ്പോഴേക്കും അവ൯ വാ പൊത്തി ചിരിച്ചു. അവൾ വല്ലാതായി.
" പേരുതന്നെ വിളിക്കണമെന്നില്ലല്ലോ? " അപ്പോഴേക്കും അവൾ പോംവഴി കണ്ടെത്തി, മിടുക്കി.
" എന്റെ മോളൂ ഫെയ്സ്ബുക്കിൽ എല്ലാവരും ഫ്രന്റ്സാ . അത് മനസ്സിലാക്ക് ".
" ഏതോ ഒരുത്തി കാരണമാണേലും നിങ്ങളെന്നേ മോളൂന്ന് വിളിച്ചല്ലോ? " വീണ്ടും കല്ലു കടി.
' ആ... എെഡിയ '
അതേ... ഈ സ്ത്രീകളുടെ പേരിൽ വരുന്നവരൊന്നും യഥാർത്ഥത്തിൽ പെണ്ണാവണമെന്നില്ല. പല വിരുതന്മാരും ഫെയ്ക്കായിട്ടും ഇങ്ങനെ ഫെയ്സ്ബുക്കിലുണ്ടാവും.
" സത്യാണോ ചേട്ടാ? " ഇത്തിരി മയമുണ്ട്.
" പിന്നെ... ഈ അനിത തന്നെ ആണാണോന്ന് എനിക്കെത്ര പ്രാവശ്യം തോന്നിയിട്ടുണ്ടെന്നറിയാമോ? "
അവളുടെ മുഖം തെളിഞ്ഞു.
സോറി മഹീഷേട്ടാ. ഞാൻവെറുതെ ചേട്ടനെ തെറ്റിദ്ധരിച്ചു. അവൾ കണ്ണു തുടച്ചു. അവളുടെ മുഖത്ത് പുഞ്ചിരി വിട൪ന്നു.
" ഭഗവാനേ. ഇത്തവണയും നീ കാത്തു " മഹേഷ് നെടുവീ൪പ്പിട്ടു.
( മുബശ്ശിറ കെ.വി )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo