Slider

അമ്മ മരിച്ച രണ്ടാമത്തെ രാത്രി......!

0

അകത്തേ അടുക്കളയോട് ചേർന്ന ചായ്പ്പിലെ കയറുകട്ടിൽ ശൂന്യമായീ കിടക്കുന്നു. ഇന്നലെവരെ അമ്മ ഉറങ്ങി കിടന്ന അല്ലാ ഉറങ്ങാൻ കഴിയാതെ വേദനിച്ചു പിച്ചുംപേയും പറഞ്ഞു കിടന്നിരുന്ന മുറി.
അച്ഛൻ നേരത്തെപ്പോയീ.
ജന്മം നൽകിയവരിൽ അമ്മ മാത്രം ബാക്കിയായി. ഒടുവിൽ കാലം കഥ പറഞ്ഞുപോയതിന്റെ അവശേഷിപ്പായി അമ്മ കിടപ്പിലായീ..
അമ്മയുടെ അവസാന നിമിഷത്തെ മരണത്തോട് സംസാരിക്കുമ്പോഴുള്ള ഞെരുക്കങ്ങൾ ഞാൻ കേൾക്കാതെ പോയത് വീടിനോട് ചേർന്നു കിതച്ചു കൊണ്ട് പായുന്ന തീവണ്ടി ശബ്ദേമോ അതൊ അമ്മയെ പരിചരിക്കാൻ വരുന്ന അയൽക്കാരീ തമിഴത്തിയുടെ വിയർപ്പിലലിഞ്ഞ് ആടി തിമിർക്കുമ്പോൾ ഉയർന്ന സിൽക്കാര ശബ്ദത്തിലോ..?
അമ്മയുടെ കയറുകട്ടിലിനു ചുറ്റുംകുഴമ്പിന്റെയും മലത്തിന്റെയും മൂത്രത്തിന്റെയും കൂടിക്കലർന്നൊരു ഗന്ധമായിരുന്നു. അല്ലെങ്കിലും ഇവിടം മലിനമാണ്. പുല്ലുമേഞ്ഞ എന്റെ ഈ കുടിലിനു മുകളിലിൽ തീവണ്ടിയാത്രക്കാർ വലിച്ചെറിയുന്ന അവവിഷ്ടകൾ ചിതറി കിടക്കുന്നു. ഇവിടെത്തെ കാറ്റിന് കരിഞ്ഞ മലത്തിൻറ്റെ ഗന്ധമാണ്..
ട്രാക്കിനോട് ചേർന്ന് നിരന്നു കിടക്കുന്ന ഏതാനും എന്റെതു പോലെത്തെ കുടിലുകൾ..
ഈ കാണുന്ന കുടിലുകളിൽ അച്ഛന്റെ വിയർപ്പുണ്ട്.. പാലക്കാട്ടിലെ ഏതോ ഉൾഗ്രാമത്തിൽ കടുത്ത വരൾച്ചയെ തുടർന്ന് ഇവിടെക്ക് ചേക്കേറിയതാണ് ഞങ്ങളുൾപ്പെടെയെല്ലാവരുമെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്..
ഞാൻ പുറത്തേക്കിറങ്ങി.
ഒരു തീവണ്ടി അലർച്ചയോടെ കടന്നു പോകുന്നുണ്ട്..
കുടിലിനു മുകളിലും ചുറ്റും ഇരുൾ പുതപ്പിട്ടു മൂടിയിരിക്കുന്നു. ആരോ എറിഞ്ഞുടച്ചു കൊന്ന ട്രാക്കിനപ്പുറത്തേ വഴിവിളക്കുമരം..
സൂര്യനെ കാണാതാകുന്ന നിമിഷം മുതൽ ഇവിടെ ഇരുട്ടിന്റെ താവളമാണ്..
അതുകൊണ്ടാവണം തുണിയൂരാൻ വരുന്നവരുടെയും ജീവിതം മടുത്ത് മരണത്തെ പുൽകാൻ വരുന്നവരുടെയും കേന്ദ്രമായത്..
അപ്പോഴാണ് ട്രാക്കിന്റെ അപ്പുറത്ത് നിന്നും അക്കാമ്മ എന്നു വിളിക്കുന്ന ഒറീസാക്കാരീ നടന്നു വരുന്നതുകണ്ടത്. അവരിൽ നിന്നും ഇരുവശത്തേക്കും ചിതറിപ്പോകുന്ന രണ്ട് നിഴലുകളും..
എന്റടുത്തെത്തിയ അവർ മടിക്കുത്തിൽ നിന്നും ഒരു ഹാൻസിന്റെ പായ്ക്കെറ്റെടുത്ത് കുടഞ്ഞ് ചുണ്ടിനിടയിൽ തിരുകി കൊണ്ട് മുടിയൊന്നു കൂടി വാരീക്കെട്ടീയതിനു ശേഷം പറഞ്ഞു.
" ഇന്ന് രണ്ട് പട്ടികളുണ്ടായീരുന്നു കടിപിടികൂടാൻ..
ഇന്നെന്റെ മേല് ശെരിക്കനങ്ങീ.. നാശങ്ങള്..
ടാ അമ്മയെ കുഴിച്ചിട്ടാ.."
അവരിപ്പോ നന്നായീ മലയാളം പറയാൻ പഠിച്ചിരിക്കുന്നതിൽ ഞാൻ അൽഭുതപ്പെട്ടു..
"അക്കാമ്മ എനിക്കൊരു ബീഡീ തരാമോ?"
അവർ നീട്ടിയ ബീഡി വാങ്ങീ ഞാനതിന് ജീവൻ നൽകീ.ആഞ്ഞോരു പുകയെടുത്തു.
അത് നോക്കി നിന്ന അക്കാമ്മ വീണ്ടും ചോദിച്ചു.
"അമ്മയെ കുഴിച്ചിടാൻ ആരും സമ്മതിച്ചില്ലാല്ലെ..
രവിയണ്ണൻ പറഞ്ഞാ ഞാനറിഞ്ഞത്.. ഇന്നലെ ചത്തതല്ലെ ഇന്ന് മുഴുവനും നീയതിന് കാവൽ നിന്നു. ചീഞ്ഞുനാറുന്നതിന് മുൻപ്
കത്തിച്ചെങ്കിലും കള.. രാജ്യം പുരോഗമിക്കുന്തോറും നമ്മളിപ്പോഴും ആർക്കും വേണ്ടാത്ത പുഴുവരിച്ച ചെറ്റകൾ തന്നെ..! ഞാൻ കൂടണോ?"
പുകയൂതികൊണ്ട് ഞാൻ പറഞ്ഞു.
"അക്കാമ്മ പൊയ്ക്കോ ഞാൻ ചെയ്തോളാം."
ഒരു കാലിന് വയ്യാത്ത ഞാൻ അമ്മയെ കെട്ടി പൊതിഞ്ഞുവെച്ച പായക്കെട്ട് ചുമലിലേക്കെടുത്തുവച്ചു കൊണ്ട് ട്രാക്കിലേക്ക് മുടന്തി മുടന്തീ നടന്നു..
ഒടുവിൽ അടുത്ത തീവണ്ടീ വരുന്ന ട്രാക്കിൽ ഞാൻ അമ്മയുടെ ഭാരം മുകളിലേക്കെടുത്തു വെച്ച് കെട്ടി പുണർന്നുകിടന്നു..
ഇനി തീവണ്ടി വരാൻ അധിക സമയമില്ലാ...
ഞാൻ ട്രാക്കിലേക്ക് നോക്കുമ്പോൾ ഒരുപാട് പേര് മരണത്തെ കാത്ത് നിരന്നു കിടക്കുന്നു..
പുരോഗമനം നിഷേധിച്ചവരാണെല്ലാം..
.....ഷെഫീക്ക് പെരുമ്പാവൂർ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo