എല്ലാവരും പോയി വീട്ടിൽ ഒറ്റക്കായപ്പോൾ പതിവുപോലെ ഒരു പുസ്തകവുമെടുത്തു വായിക്കാനിരുന്നു.... വായനാലോകത്തു ഭാവനയുടെ ചിറകുവീശി പറക്കാൻ തുടങ്ങിയപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.... അല്പമൊരു നീരസത്തോടെ ഫോണിലേക്കു നോക്കി.... പഴയ സഹപാഠികളിലൊരാളാണ് വിളിക്കുന്നത്..... മനസ്സിൽ തോന്നിയ നീരസമൊക്കെ പമ്പകടന്നു ..... തമാശകളിലൂടെ വീട്ടുവിശേഷങ്ങളിലേക്ക് കടന്നു...... കുറച്ചു നേരം സംസാരിച്ചപ്പഴേക്കും മൂടിക്കെട്ടിയ മനസ്സിനൊരു അയവുവന്നത് പോലെ.... പഴയ ക്ലാസ് മുറിയിലേക്ക് തിരിച്ചുപോയ പ്രതീതി.... ബൈ പറഞ്ഞു ഫോൺ കട്ടാക്കിയതിനു ശേഷം പിന്നേ വായിക്കാനിരിക്കാൻ തോന്നിയില്ല..... ബാല്യവും കൗമാരവും യൗവനവുമൊക്കെ മനസ്സിലേക്കോടിയെത്തി... ഓർമകൾക്ക് ചൂടുകൂടിയപ്പോൾ ഹാളിലെ വെറും നിലത്തു മുഖംചേർത്തു കിടന്നു.... ടൈൽസിന്റെ തണുപ്പ് കവിളിലൂടെ മുഖം മുഴുവൻ പടരുന്നത് അവളറിഞ്ഞു ... ഓർമ്മകൾ വീണ്ടും കുട്ടികാലത്തിലേക്കു കൈപിടിച്ച് നടത്തുന്നു....
പണ്ടും ചുമരിനോട് മുഖംചേർത്തു കിടക്കാറുള്ളത് അവളോർത്തു... സങ്കടങ്ങൾ മുഴുവൻ ആ തണുപ്പിലാണ് അലിയിച്ചുകളഞ്ഞിരുന്നത്..... മദ്യപാനിയായ അച്ഛന്റെ അടുത്തുനിന്നു രക്ഷപെടാൻ അമ്മവീട്ടിൽ അഭയം തേടിയിരുന്ന നാളുകൾ... അന്നത്തെ കൊച്ചുകുഞ്ഞിനു ഇന്നത്തെതു പോലെ ചിന്തകൾ പങ്കുവയ്ക്കാൻ അറിയില്ലായിരുന്നെല്ലോ..... സങ്കടകടൽ ഉള്ളിലലയടിക്കുമ്പോഴും അതു എന്തിനെന്നറിയാതിരുന്ന ബാല്യകാലം..... അമ്മൂമ്മയുടെ ശുഷ്കിച്ച മുലഞെട്ടുകൾ അവൾക്കായി അമ്മിഞ്ഞയൂട്ടിയ രാവുകൾ..... ആ നെഞ്ചിൽ അഭയം തേടുമ്പോഴും ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരു അനാഥത്വം രൂപപെടുന്നുണ്ടായിരുന്നു.... ആശ്രയമില്ലായ്മ ക്രമേണ അവൾ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു... ചുമരിനോട് മുഖംചേർത്തു ആ തണുപ്പിനെ ഏറ്റുവാങ്ങി കൊണ്ടായിരുന്നു മിക്കവാറും രാത്രികളിൽ അവളുറങ്ങിയിരുന്നത്....
വർഷങ്ങൾ കഴിഞ്ഞുപോയി.... ജീവിതത്തിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിച്ചില്ല... തനിക്ക് താഴെ മറ്റുമൂന്നുപേർ കൂടി ജനിച്ചു എന്നല്ലാതെ.... അച്ഛന്റെ ലീലാവിലാസങ്ങൾ ഭീകരതയുടെ പല മുഖങ്ങളും അവൾക്ക് കാണിച്ചു കൊടുത്തു.... നാട്ടുകാരെ മുഴുവൻ മുൾമുനയിൽ നിർത്തിക്കൊണ്ട് ചോരയിറ്റു വീഴുന്ന കഠാരയുമായി നിൽക്കുന്ന അച്ഛന്റെ മുഖം ഇന്നും തന്റെയുള്ളിൽ നിറഞ്ഞുനിൽക്കുന്നത് അവളോർത്തു... അങ്ങനെ എത്രയെത്ര സംഭവങ്ങൾ.....
ഓരോന്നോർത്തു നേരം പോയതറിഞ്ഞില്ല..... ഒരു നെടുവീർപ്പിൽ ഓർമ്മകളെ ഉറക്കികിടത്തി അവളെണീറ്റു...... ഒരു തുടർക്കഥ പോലെ ഓർത്തെടുക്കാൻ ഇനിയുമൊരുപാടുണ്ടല്ലോ തന്റെ ജീവിതത്തിലെന്നു ആത്മഗതം പൊഴിച്ചുകൊണ്ട്....
ഗൗരികല്യാണി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക