നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൈലാഞ്ചി ചെടികൾ


എനിക്കു വെണ്ടാന്നു പറഞ്ഞില്ലെ..
പിന്നെന്തിനാ കഴിക്കു കഴിക്കുന്നും പറഞ്ഞു പിറകെ നടക്കുന്നതു.."?
അതു പറഞ്ഞു ഒരൊറ്റ തട്ടാരുന്നു..
ശബ്ദം കേട്ടു അങ്ങോട്ടേക്കു ചെന്ന എന്റെ കാൽക്കീഴിലായാണ് പ്ലെയിറ്റ് വന്നു വീണതു..
ചോറു നാലുപാടും
ചിന്നിച്ചിതറി..
പ്ലേറ്റ് എടുക്കാൻ കുനിയുന്നതിനു മുമ്പേ എന്റെ നോട്ടം ടേബിളിനു അരികിലേക്കു പാഞ്ഞു..
ദേഷ്യത്തോടെ നിൽക്കുന്ന മോനും തൊട്ടരികിൽ നിസ്സഹായതയോടെ കണ്ടു നിൽക്കുന്ന ഭാര്യയും..
ഒന്നും കഴിക്കാതെയും കുടിക്കാതെയും ഗെയിമും ചാറ്റും മാത്രായി നടക്കുന്ന മോനെ ഉപദേശിക്കാൻ
ചെന്നതാവണം അവൾ..
അതിന്റെ പ്രതികരണമാവണം ഈ കാണുന്നതും..
ഉള്ളിലേക്കു ഇരമ്പി വന്ന ദേഷ്യം നിയന്ത്രിച്ചു ഞാൻ ചിതറിക്കിടക്കുന്ന ചോറു വാരിയെടുക്കാൻ തുടങ്ങി..
ഓർമകൾ ഒരുപാടു പിറകിലേക്കു പാഞ്ഞു..
വൈകിമാത്രം വീട്ടിലെത്തുന്ന മോനു വേണ്ടി ഭക്ഷണം വിളമ്പി വെച്ചു ഉറങ്ങാതെ കാത്തിരിക്കാറുണ്ടായിരുന്ന ഉമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു..
കൂട്ടുകാരുമൊത്ത് കളിച്ചു ഏറെവൈകി വീട്ടിലേക്കു കേറി ചെല്ലുമ്പൊ വാതിൽപ്പടിയിൽ കാത്തു നിക്കുന്ന
ഉമ്മയുടെ മുഖം..
"എവിടാരുന്നു എന്റെ കുട്ടി ഇതെവരേം" എന്ന പതിവു ചോദ്യം കെക്കുമ്പൊഴെക്കും എനിക്കു ചൊറിഞ്ഞു വരുമാരുന്നു..
പോയതും വന്നതുമൊക്കെ വിസ്തരിച്ചു പറയാൻ ഞാനെന്താ കൊച്ചു കുട്ടിയാ എന്ന മട്ടിൽ ഉമ്മാനെ രൂക്ഷമായി നോക്കി കൊണ്ടു ഞാനകത്തെക്കു
പോവും..
"വാ മോനെ വന്നെന്തെങ്കിലും കഴിക്കു"ന്നു പറഞ്ഞു പിറകെ വരുന്ന ഉമ്മാന്റെ വെറുപ്പിക്കൽ ഭയന്നു വാതിലടച്ചു കുറ്റിയിടും..
പക്ഷെ ഞാനറിഞ്ഞില്ലാരുന്നു എന്നെയും കാത്തു നിക്കുന്ന ഉമ്മ ഒന്നും കഴിച്ചിട്ടില്ലായെന്നുള്ള സത്യം..
മക്കൾ വയറു നിറയേം കഴിക്കുമ്പോഴാണ് ആ വയറു നിറയുകയെന്ന സത്യം..
കൂട്ടുകാരൊത്തു അടിച്ചു പൊളിച്ചു ആഘോഷിച്ചു വീട്ടിലെത്തുന്ന ഞാൻ ഒന്നും കഴിക്കാതെയാണ് കിടക്കുന്നതെന്നോർത്തു കണ്ണീർ വാർത്തു ദിവസങ്ങൾ തളളി നീക്കുവാരുന്നു എന്ന സത്യം..
എല്ലാം അറിയുമ്പോഴേക്കും ഒരുപാടു വൈകിയിരുന്നു..
ഒരു ദിവസം രാത്രി പതിവു പരിപാടികൾ കഴിഞ്ഞു വീട്ടിലെത്തിയപ്പൊ കോലായിൽ വെളിച്ചമില്ല..
വഴിക്കണ്ണുമായി കാത്തു നിക്കാറുണ്ടായിരുന്ന ഉമ്മയില്ല..
മനസ്സിൽ അറിയാത്തൊരു ഭീതി പടർന്നു..
എന്തു ചെയ്യണം എന്നറിയാതെ ചുറ്റും നോക്കി..
ഉമ്മയില്ലാതെ അനാഥമായ വീടു നിശബ്ദമായി തേങ്ങിക്കരയുന്നത് പോലെ തോന്നിയെനിക്കു..
അസ്വസ്ഥമായ മനസോടെ തൊട്ടടുത്തു താമസിക്കുകയാരുന്ന രാഘവെട്ടന്റെ
വീട്ടിലേക്കു നടന്നു..
പുറത്തു കാൽപ്പെരുമാറ്റം കേട്ടാവണം സരോജിനിയെടത്തി വാതിൽ തുറന്നു
പുറത്തേക്കു വന്നു..
"ആ നീ വന്നോ ....
ഞാൻ നിന്നെം നോക്കി നിക്കാരുന്നു..
പതിവു സമയം കഴിഞ്ഞിട്ടും വീട്ടിൽ വെളിച്ചമൊന്നും കാണാത്തോണ്ട് ഞാൻ ചെന്നു നോക്കിയതാ..
ഉമ്മയുണ്ടു ബോധമില്ലാതെ കിടക്കുന്നു..
അപ്പൊ തന്നെ എട്ടനോട്‌ ചെന്നു പറഞ്ഞു ..
ഒരു ടാക്സി പിടിച്ചു ഏട്ടനും പിന്നാരോക്കൊയോ കൂടിച്ചേർന്നു ആശുപത്രീലേക്ക് കൊണ്ടൊയി..
ഇതുവരെ ഒരു വിവരോമില്ല..."
കേട്ടു കഴിഞ്ഞതും കണ്ണിലാകെ ഇരുട്ടു കയറുന്നതു
പോലെ തോന്നി..
വീഴുമെന്നു ഭയന്നു ഞാൻ ഇറയത്തെക്കു കയറുന്ന സ്റ്റെപ്പിലിരുന്നു..
"നീ വെഷമിക്കാതിരിക്കു ...ഉമ്മാക്കു ഒന്നും പറ്റീട്ടുണ്ടാവില്ല..
വിശക്കുന്നുണ്ടാവില്ലേ നിനക്കു..?
അകത്തു ചോറു ഇരിപ്പുണ്ടു..
ഞാൻ എടുത്തോണ്ടു വരാം.."
ഞാൻ വേണ്ടെന്നു കൈകൊണ്ടു ആംഗ്യം കാണിച്ചു..
കൂട്ടുകാരനേം വിളിച്ചു ആശുപത്രിയിലേക്കു പോവുമ്പോ മനസ്സു കുറ്റബോധം കൊണ്ടു നീറുകയാരുന്നു..
കയ്യെത്തും ദൂരെയുണ്ടായിട്ടും നല്ലൊരു വാക്കു കൊണ്ടു പോലും സ്നേഹിച്ചിട്ടില്ല..
ഒരിക്കൽ പോലും ഉമ്മ കഴിച്ചോന്നു അന്വോഷിച്ചിട്ടില്ല..
എന്റെ ഉമ്മാനേ എനിക്കു തിരിച്ചു താ റബ്ബീ!!
ചെയ്തു പോയ തെറ്റുകൾക്കു മാപ്പിരന്നു ആ കാൽക്കൽ
വീഴാൻ..
കൂടെ ഇരുന്നു മതിവരുവോളം സ്നെഹിക്കാൻ..
പരിപാലിക്കാൻ ..
എനിക്കൊരവസരം
നൽകു റബ്ബേ..
വണ്ടി ആശുപത്രി ഗേറ്റും കടന്നു അകത്തേക്കു കയറി..
ഞാനിറങ്ങി ഓടുകയാരുന്നു..
കണ്മുന്നിലുണ്ടായിട്ടും കൈവിട്ടു കളഞ്ഞ സൌഭാഗ്യം തിരികെയെടുക്കാൻ..
നെഞ്ചോടു ചേർത്തു
പിടിക്കാൻ..
പക്ഷെ...
വൈകിപ്പോയിരുന്നു..
അവസാന നിമിഷം വരെയും ആ കണ്ണുകൾ നിന്നെയാരുന്നു തിരഞ്ഞു കൊണ്ടിരുന്നതെന്ന് രാഘവേട്ടൻ പറഞ്ഞപ്പൊ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു ഞാനാ തോളിലേക്കു വീണു..
●●
അറിയാതെ നിറഞ്ഞ കണ്ണുകൾ തുടച്ചു പ്ലേറ്റ് മേശപ്പുറത്തു വെച്ചു ഞാൻ മോന്റെ
അരികിലേക്കു നടന്നു..
വേഗം റെഡിയാവാൻ പറഞ്ഞു ഞാനും അകത്തേക്കു പോയി..
മോന്റെ കയ്യും പിടിച്ചു പള്ളിക്കാട്ടിലേക്ക് നടക്കുമ്പോ അവൻ അമ്പരപ്പോടെ എന്റെ മുഖത്തേക്കു നോക്കുന്നുണ്ടാരുന്നു..
തഴച്ചു വളർന്നു നിൽക്കുന്ന ഒരു മൈലാഞ്ചി ചെടിക്ക് കീഴെ ചൂണ്ടിക്കാട്ടി ഉമ്മയുടെ മരണം വരെയുണ്ടായ എല്ലാ കാര്യങ്ങളും ഞാനവനോടു പറഞ്ഞു..
പാപിയായ ഈ വാപ്പക്കു ജൻമം നൽകിയ ആ ഉമ്മയാണ് ഈ ഖബറിനടിയിൽ..
ജീവിച്ചിരിക്കുന്ന കാലത്തു എനിക്കു സ്നേഹം നൽകാനാവാതെ പോയ ഉമ്മ..
അതിന്റെ വേദന ആ കുറ്റബോധം ഇപ്പഴും ഈ നെഞ്ചിലുണ്ട് മോനെ..
തെറ്റുകൾ മനസ്സിലാക്കി തിരുത്താൻ തുടങ്ങുമ്പോഴെക്കും വാപ്പാക്ക് ആ സ്നേഹം നഷ്ടമായിരുന്നു..
ഇന്നിപ്പോ എന്റെ സ്ഥാനത്തു നീയാണ്..
എന്റെ അവസ്ഥ മോനുണ്ടാവരുതെന്നു ഈ വാപ്പാക്ക് ആഗ്രഹമുണ്ട്...
എന്റുമ്മാനെ പോലൊരു ദുരവസ്ഥ വെറൊരു ഉമ്മാക്കും ഉണ്ടാവരുതെന്നും..
അതിനു വേണ്ടി മാത്രാണ് ഞാൻ നിന്നെയിവിടെക്ക് കൂട്ടിക്കൊണ്ടു വന്നതും..
ഉമ്മാനോടുള്ള സ്‌നേഹവും ബാധ്യതയും മറന്നു കൊണ്ടുളള ഒരു സുഖവും
നിനക്കുണ്ടാവരുത്..
എല്ലാം കേട്ടു കഴിഞ്ഞതും അവനെന്റെ മുഖത്തേക്കു
നോക്കി..
ആ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
ഞാനവനെ എന്നോടു ചേർത്തു പിടിച്ചു..
മൈലാഞ്ചി ചെടികൾക്കിടയിലൂടെ ഞങ്ങളെ വന്നു തലോടിയ കാറ്റിനു ഉമ്മയുടെ ഗന്ധമുന്ടെന്നു തോന്നി.
.........joy cee.........

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot