നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെന്നെത്തണ വരേയ്ക്കും


ഉമ്മറത്തെ ചാരുകസേരയില്‍ ചാരിക്കിടന്നു ത്രേസ്യാക്കൊച്ച് കൊണ്ടുവന്നു തന്ന ചായയും കുടിച്ചോണ്ടിരിക്കുമ്പോഴാ സൈക്കിളിന്‍റെ ബെല്ലടി കേട്ടത്.
നോക്കുമ്പോ അതിര്‍ത്തിരാജ്യത്തുനിന്നും തൊടുത്തുവിട്ട മിസൈല്‍ പാഞ്ഞു വരണ കണക്കെ പത്രം മുറ്റത്തു വന്നു വീണു.....!!!, പല പ്രാവശ്യം ആ ചെറുക്കനോട് പറഞ്ഞതാണ് ഗേറ്റില്‍ ഫിറ്റു ചെയ്തിരിക്കുന്ന പി.വി.സി ബോക്സില്‍ പത്രമിട്ടുവച്ചാല്‍ മതിയെന്ന്....പക്ഷെ ആരുകേള്‍ക്കാന്‍...!! രണ്ട് വയസ്സായ ആളുകള് മാത്രം താമസിക്കുന്ന വീടാണല്ലോ....ചോദിക്കാനും പറയാനും ആരുമില്ലല്ലോ എന്ന അഹങ്കാരമാകാം ചെറുക്കന്....!!
മഴക്കാലമല്ലല്ലോ.....അതുകൊണ്ട് പത്രം പിന്നെയെടുക്കാം.....!
ചായ കുടിച്ചോണ്ടിരിക്കുമ്പോ ത്രേസ്യാക്കൊച്ച് ചാരുകസേരയുടെ ചുവട്ടില്‍ തിണ്ണയിലേക്ക് ചാരിയിരുന്നു കാലു തിരുമ്മിത്തരും.... ഈയിടെയായി കാലിനു വേദന കൂടിക്കൂടി വരികയാണ്....! ഒരു പത്തടി നടന്നാല്‍ പിന്നെ ഇരിക്കാതെ വയ്യാ.......! അതുകൊണ്ടിപ്പം പൊറത്തോട്ടൊന്നും അധികം ഇറങ്ങാറേയില്ല......!! ഞായറാഴ്ച പള്ളീലോട്ടൊന്നു പോകും അത്രമാത്രം...!! അതും ത്രേസ്യാക്കൊച്ചു നിര്‍ബന്ധിക്കണതുകൊണ്ടു മാത്രം...!
എന്നെ നിങ്ങള്‍ക്ക് പരിചയം കാണുകേലല്ലോ അല്ലേ....ഞാന്‍ മാത്തുക്കുട്ടി....ഞാനും എന്‍റെ പെണ്ണുമ്പിള്ള ത്രെസ്യാക്കൊച്ചും മാത്രമാ ഈ വീട്ടില്‍ വര്‍ഷങ്ങളായി താമസം....അപ്പൊ നിങ്ങള് ചോദിക്കും മക്കളൊക്കെ എന്ത്യേന്നു.....ഞങ്ങക്ക് മക്കള് മൂന്നാ....രണ്ടാണും ഒരു പെണ്ണും...!! മക്കളൊക്കെ അങ്ങ് വിദേശത്താ....മൂത്ത രണ്ടാണ്മക്കളും അവരുടെ കുടുംബവും അങ്ങ് ദുബായിലാ....എളയവള് അമേരിക്കയിലും....അവളവിടെ നേഴ്സാ...എല്ലാരും കുടുംബമായി അവിടെത്തന്നെയങ്ങു കൂടിയിരിക്കുവാ...!!
ഇപ്പറഞ്ഞ രാജ്യങ്ങളിലെല്ലാം ത്രേസ്യാക്കൊച്ചു പോയിട്ടുണ്ട് കേട്ടോ....മക്കളായിട്ടും മരുമക്കളായിട്ടും ഈ കാലത്തിനിടക്ക് ചുരുങ്ങിയത് ഒരു എട്ടൊന്‍പതു പ്രാവശ്യമെങ്കിലും അവളെ കൊണ്ടുപോയിട്ടുണ്ട്...!!അപ്പൊ നിങ്ങള് കരുതും അമ്മയെ കാണാനുള്ള കൊതികൊണ്ടാണെന്ന്....അല്ലന്നേ....ഇടവിട്ട്‌ മകളുടെയോ മരുമക്കളുടെയോ ഒക്കെ പ്രസവമുണ്ടാകുമല്ലോ...അപ്പൊ...കുഞ്ഞിനെ നോക്കാനും പ്രസവരക്ഷ ചെയ്യാനുമൊക്കെയായിട്ട് ആള് വേണ്ടേ....അതിനാ....എന്നെയൊട്ടു ക്ഷണിക്കാറുമില്ല....ഞാന്‍ ചെന്നിട്ടെന്നാ ചെയ്യാനാന്നേ....അവര്‍ക്കെന്തെങ്കിലും ഉപകാരം വേണ്ടേ...!!
വന്നുവന്ന് ത്രേസ്യാക്കൊച്ചിനെ കുറച്ചുനാള്‍ കാണാണ്ടിരുന്നാല്‍ അയലോക്കത്തുകാര് ചോദിക്കാന്‍ തുടങ്ങി ആരാ...??മോളാണോ മരുമോളാണോന്ന്...!!!എന്നതാ.....? പ്രസവത്തീയതി അടുത്തിരിക്കുന്നതാര്‍ക്കാന്നാ ചോദ്യം...!!!
കഴിഞ്ഞേന്‍റെ മുന്നിലത്തെ മാസം ഒരു വെള്ളിയാഴ്ച ഇതുപോലെ ഉച്ചയൂണും കഴിഞ്ഞ് ചാരുകസേരയില്‍ കിടന്നൊന്നു മയങ്ങുവായിരുന്നു. അവളങ്ങടുക്കളേലെന്തോ പണീലായിരുന്നു....പെട്ടെന്നാ നെഞ്ചിലൊരു പിടുത്തോം പരവേശോം വേദനേം എല്ലാം കൂടി ഓര്‍ക്കാപ്പുറത്തൊരുമിച്ചൊരു വരവ്....!!പിന്നെ ഒന്നും ഓര്‍മ്മയൊണ്ടാരുന്നില്ല...! വടക്കേപ്പൊറത്തെ തൊമ്മിക്കുഞ്ഞിന്‍റെ എളയ ചെറുക്കനാ വാരിക്കൂട്ടി ആശൂത്രീ കൊണ്ടോയത്...!! നമ്മടെ ഇളയ മോന്‍ ജോസൂട്ടീടെ കൂടെ പഠിച്ചുവളര്‍ന്നവനാ....!! ത്രേസ്യാക്കൊച്ചു കിടന്നു നിലവിളിക്കണ കേട്ട് അവനോടിവന്നതുകൊണ്ടും, സമയത്തിനെത്തിക്കാന്‍ പറ്റീതുകൊണ്ടുമാ രക്ഷപെട്ടതെന്നാ അവളെന്നോട് പറഞ്ഞത്....!! അല്ലേലും നമ്മളങ്ങനെ പെട്ടെന്നൊന്നും തീരില്ലെന്നേ.....!!
പണ്ട് നല്ല കാലത്ത് എന്തോരം കടവാവലിന്‍റെ ചുടു ചോര കുടിച്ചതാ...അതൊക്കെ ഇപ്പോഴത്തെ പിള്ളേര്‍ക്ക് പറഞ്ഞാ മനസ്സിലാവുവോ....?? മൂവന്തി നേരത്ത് മത്തപ്പനാശാന്‍റെ മാടത്തീന്ന് നല്ല സൊയമ്പന്‍ വാറ്റുചാരായം മൂക്കറ്റം കേറ്റീട്ട്.......കുടിപ്പള്ളിക്കൂടത്തിന്‍റെ കോലായില്‍ പതുങ്ങിയിരിക്കണ കടവാവലിനെ പിടിച്ചു കഴുത്തറത്ത് ചുടുചോര കുടിക്കും.....എന്നിട്ട് ഒരഞ്ചു ഫര്‍ലോംഗ് നിര്‍ത്താതെ ഓടും.....!! അങ്ങനെ ഉണ്ടാക്കിയെടുത്ത തടിയാ......!! മുറിച്ചിട്ടാ മുറികൂടും...!!
ഇടയ്ക്കൊക്കെ വൈകുന്നേരങ്ങളില്‍ കവലേലെ വിജയന്‍റെ ചായക്കടയില്‍ ഒത്തുകൂടി ഞങ്ങളിതൊക്കെ ഓര്‍ത്ത് വെറുതെ പറഞ്ഞോണ്ടിരിക്കും. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും തൊമ്മിക്കുഞ്ഞും വര്‍ക്കീം ദിവാകരനും കൂടി...!! പുതിയ തലമുറയ്ക്കത്‌ കേക്കാനിഷ്ടവാ....പക്ഷേങ്കി എല്ലാം കേട്ടുകഴിഞ്ഞ് അവന്മാര് മാറിനിന്നിട്ടു പറയണതെന്താന്നോ....?? കെളവന്മാരിരുന്നു പൊതിയഴിക്കുവാന്ന്...!!
അതവിടെ നിക്കട്ടെ.....മിനിയാന്ന് സന്ധ്യക്ക്‌ സൂസിക്കുഞ്ഞിന്‍റെ വക അമേരിക്കേന്നൊരു വിളി...!!അവളിപ്പോ മൂന്നാമത്തെ കുഞ്ഞിനെ വയറ്റിലായിരിക്കുവല്ലിയോ...!! എട്ടാം മാസം നടപ്പാ...!
വിശേഷങ്ങളൊക്കെ അന്വേഷിച്ചു....കൂട്ടത്തില്‍ അവള് വിളിച്ചതിന്‍റെ കാര്യവും പറഞ്ഞു. അമ്മച്ചിയെ ഒരാറുമാസത്തെക്ക് അയക്കണം....! അവളുടെ മൂത്ത രണ്ടു പിള്ളേരുടെ കാര്യം കുറച്ചുനാളായി മഹാ കഷ്ടത്തിലാണെന്ന്...പ്രസവത്തീയതി അടുത്തുവരുന്നു....., പിള്ളാര്‍ക്ക് സമയാസമയത്തിനു ഭക്ഷണം പോലും കൊടുക്കാനവള്‍ക്ക് പറ്റുന്നില്ല...ബേബിച്ചന്‍റെ കാര്യമാണേല്‍ പറയാനും മേലാ.....ഒന്നും ശ്രദ്ധിക്കാന്‍ സമയമില്ലാ.........അമ്മച്ചിയുണ്ടായിരുന്നെങ്കില്‍ സഹായത്തിനോരാളായേനേ...എന്ന്....!!
എനിക്കെവിടുന്നാന്നറിയാമ്മേലാ.....ആ സമയത്ത് ചെകുത്താന്‍ കേറിക്കൂടി....!!
“ഇത്രേം കാലം നിന്‍റെയൊക്കെ പ്രസവമെടുത്ത് അമ്മച്ചി നടന്നു....ഇനിയതിന് അമ്മച്ചിയെ ഞാന്‍ വിടുന്നില്ല...ഞങ്ങക്ക് പ്രായമായി...ഇനിയൊരുമിച്ച് ഒരെടത്ത് തന്നെ കെടന്നു മരിക്കണം...!! വേണോങ്കി ഒരു വേലക്കാരിയെ വെക്ക്.....അല്ലാതെ പെറ്റ തള്ളയെ അല്ല പേറെടുപ്പിനു വയറ്റാട്ടിയായി വിളിക്കണ്ടത്.....ഇത്രേം പ്രായായ തള്ളേനേംകൊണ്ട് ഇനിയെന്‍റെ മക്കള് കാര്യം കാണണ്ട....!!!”
പിന്നെയുമെന്തൊക്കെയോ വായില്‍തോന്നിയത് പറഞ്ഞു....!! അല്ല പിന്നെ....ക്ഷമക്കും ഒരതിരില്ലേ.....??
നിങ്ങക്കു തോന്നും അഹങ്കാരമല്ലേ ഞാന്‍ പറഞ്ഞതെന്ന്......?? ഇനിയെത്രകാലം എന്നറിയാതെ കുഴീലോട്ട് കാലും നീട്ടിയിരിക്കുന്ന ഞങ്ങടെ കാര്യം നോക്കാന്‍ ആരുണ്ട്‌...?? മക്കക്കവരടെ കാര്യം നടന്നുകിട്ടാന്‍ അമ്മ വേണം...! അവരടെ അപ്പനായ ഞാനീ വയസ്സാങ്കാലത്ത് ഒറ്റയ്ക്ക്...!! ഇനി വയ്യാ......!
മരുതനാക്കുന്നേലെ മാണിക്കുഞ്ഞിന് തനിക്കൊത്തപോലത്തെ ആണ്‍മക്കള്‍ നാലായിരുന്നു...!! മണിമാളിക പോലുള്ള വീടും...! എന്നിട്ടെന്തായി...? ആണ്ടിനും സംക്രാന്തിക്കും ഏതെങ്കിലുമൊരു മകന്‍ കേറി വന്നാലായി....!! മാണിക്കുഞ്ഞ് അഭിമാനത്തോടെ പറയുമായിരുന്നു മക്കളെല്ലാം നല്ല നിലയിലാണെന്ന്...!! അന്നക്കുട്ടിയുടെ മരണസമയത്തും നാല്പതടിയന്തിരത്തിന്‍റെ ദിവസവും മക്കളെല്ലാം ഒരുമിച്ചുണ്ടായിരുന്നു. ശേഷം നാലും നാലുവഴിക്കു പിരിഞ്ഞു.
അന്നക്കുട്ടി മരിച്ചതിനു ശേഷം മാണിക്കുഞ്ഞിനെ പുറത്തോട്ടൊന്നും കാണാനേയില്ലായിരുന്നു...
ഒടുവില്‍ ഒരുദിവസം നാട്ടുകാരറിഞ്ഞു എണ്‍പത്തെട്ടു വയസ്സുള്ള മാണിക്കുഞ്ഞ് ബംഗ്ലാവിന്‍റെ തെക്കേ മൂലയിലുള്ള മൂവാണ്ടന്‍ മാവിന്‍റെ ചില്ലക്കൊമ്പില്‍ തൂങ്ങി നില്‍ക്കുന്നെന്ന്...!! മരണം ഉറപ്പുവരുത്തുവാന്‍ കുടുക്ക് മുറുകുന്ന ഭാഗത്ത് കയറില്‍ നല്ലെണ്ണ പുരട്ടിയിരുന്നത്രേ...!!
അന്നക്കുട്ടിയുടെ മരണശേഷം ആര്‍ക്കുവേണ്ടി...?? എന്ത് പ്രതീക്ഷയില്‍.....?? എത്ര കാലം താന്‍ ജീവിക്കണം എന്നു തോന്നിയിട്ടുണ്ടാകണം....!! കൊച്ചുമക്കളെങ്കിലും ഇടക്കൊന്നു കാണാന്‍ കയറിച്ചെല്ലണ്ടേ....??
അതൊക്കെ പോട്ടെ...നമുക്ക് കാര്യത്തിലേക്കു വരാം.....എന്‍റെ വായില്‍ നിന്ന് അങ്ങനെയൊരു പൊട്ടിത്തെറി സൂസിമോള് പ്രതീക്ഷിച്ചില്ല കേട്ടോ....! അവളാകെ അന്തം വിട്ടുപോയി...! അവളുടെ കെട്ടിയോന്‍ എന്താ....? എന്തു പറ്റി എന്നൊക്കെ ചോദിക്കുന്നതും....അവള്‍ മറുപടി പറയുന്നതും എനിക്ക് കേള്‍ക്കാമായിരുന്നു.....!! ഒടുവില്‍ “ തന്തക്കു വയസാംകാലത്ത് ചിന്നനെളകീന്നാ തോന്നണേ....എന്ന്, അവള്‍ ഫോണ്‍ താഴെ വയ്ക്കുന്നതിനു മുന്‍പ് പിറുപിറുക്കുന്നതും ഞാന്‍ കേട്ടു...!
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന് പണ്ടുമൊതലേ വിവരമുള്ളോരു പറയണത് കേട്ടട്ടില്ലേ....!!അത് സത്യമാ....! വയസ്സാംകാലത്ത് നമ്മള് മക്കളും കൊച്ചുമക്കളുമൊക്കെയായി സന്തോഷമായി ജീവിച്ച്, ഒടയോന്‍ വിളിക്കുമ്പോ മോളിലോട്ട് പോകണമെന്ന് ആഗ്രഹിച്ചിട്ടു വല്ല കാര്യോമൊണ്ടോ....?? അതിനൊള്ള വിധീം കൂടി വേണ്ടേ...?? അതുകൊണ്ട് ഒരു കാര്യം ഞങ്ങളങ്ങു തീരുമാനിച്ചു.
വടക്കേ മലബാറിലെങ്ങാണ്ട്‌ ഞങ്ങടെ സഭേടെ വകേലൊരു വൃദ്ധസദനമൊണ്ട്....കഴിഞ്ഞാഴ്ച ഇച്ചിപ്പനക്കലച്ചന്‍ പള്ളീക്കഴിഞ്ഞിട്ടുള്ള പ്രസംഗസമയത്ത് പറഞ്ഞതാ....നമ്മടെ സഭേല് പ്രായമായി, മക്കളും സ്വന്തക്കാരും ആരും നോക്കാനില്ലാതെ കഴിയുന്ന കാര്‍ന്നോമ്മാരാരെങ്കിലുമുണ്ടെങ്കില്‍ പള്ളീലറിയിക്കണമെന്ന്...!! അവരെ അച്ചന്‍ ശുപാര്‍ശക്കത്തു നല്‍കി അങ്ങോട്ടയക്കാമെന്ന്...!! അവിടെ അങ്ങനെയുള്ളവരെ പോന്നുപോലാ നോക്കുന്നതെന്ന്....!!
ഞാനിതൊക്കെ നിങ്ങളോട് പറയുമ്പോ എന്‍റെ ത്രെസ്യാക്കൊച്ച് എന്‍റെ കാലില് ധന്വന്തരം കൊഴമ്പു തേച്ചോണ്ടെന്‍റെ കസേരച്ചോട്ടിലിരിപ്പൊണ്ട് കേട്ടോ....!! അവളൊന്നും മിണ്ടാത്തതാ.....!! കണ്ണ് നിറഞ്ഞൊഴുകുന്നത് കാണണില്ലേ....! അവളങ്ങനാ...നിസ്സാര കാര്യത്തിനുപോലും വെഷമിക്കും...ഇതിന്‍റെ പേരിലാ ഞാനെപ്പഴുമവളോട് വഴക്ക് പറയണത്...!
മക്കടെ കാര്യം പറഞ്ഞാ അവക്കു സങ്കടാ... പെറ്റ വയറിന്‍റെ ദെണ്ണമല്ല്യോ...!!ഇനിയൊരു പറിച്ചുനടീല്‍, അതവളെക്കൊണ്ട് താങ്ങാന്‍ പറ്റുമോന്നെനിക്കറിയാമ്മേലാ.......പക്ഷെ അതല്ലാതൊരു പോവഴീം എന്‍റെ പഴേമനസ്സില്‍ തോന്നണുമില്ല...വല്ല്യ സങ്കടാ.....പക്ഷേങ്കി ഞങ്ങളെപ്പോലുള്ള കൊറേ എല്ലാരുമൊണ്ടായിട്ടും ആരോരുമില്ലാത്ത കുറച്ചാളുകള്‍ അവിടെയുമുണ്ടല്ലോ ഞങ്ങക്ക് കൂട്ടിന്...!! അത് ഞാനവളെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു.
ത്രേസ്യാക്കൊച്ചിന്‍റെ കണ്ണിലേക്ക് നിങ്ങളിപ്പോ ഒന്ന് നോക്കിക്കേ.....ആദ്യം കണ്ട സങ്കടമൊക്കെ മാറീല്ലേന്ന് നോക്കിക്കേ......ആ കണ്ണ് തിളങ്ങണത് കണ്ടോ......?? പണ്ട് ഞാനവളെ പെണ്ണുകാണാന്‍ ചെന്നപ്പോഴാ ഞാനീ തിളക്കം ആദ്യം കണ്ടത്....! അവക്ക് കാര്യം മനസ്സിലായി കേട്ടോ....!! ചിരിക്കണത് കണ്ടോ...!! ഇനി ഞങ്ങളീ ചിരി അങ്ങ് വരെ ചിരിക്കും.....!!
അങ്ങ് ചെന്നെത്തണ വരേയ്ക്കും....!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot