നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെയ്തൊഴിയാതെ


ലൈബ്രറിയിൽ നിന്നും പുസ്തകം എടുത്തു ഞാൻ പെട്ടെന്ന് തന്നെ ഇറങ്ങി...കാരണം ആറുമണിക് മുന്നേ വീട്ടിൽ എത്തണമെന്ന വാപ്പയുടെ ശാസന കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു,
കാർമേഘങ്ങൾ മൂടിക്കെട്ടി നിൽക്കാണ്. വണ്ടി സ്റ്റാർട്ട് ചെയ്തു കുറച്ചു നീങ്ങിയപ്പോഴേക്കും മഴ അതിൻറെ വരവറിയിച്ചു തുടങ്ങി..വല്ലാത്ത നിരാശയും ദേഷ്യവും തോന്നി.,കഴിഞ്ഞ ദിവസം മഴയെ വർണിച്ചു മുഖപുസ്തകത്തിൽ ഒരു പോസ്റ്റ് ഇട്ടതേയുള്ളു..
വണ്ടി സൈഡിലേക് ഒതുക്കി ആദ്യം കണ്ട തുണിക്കടയുടെ വരാന്തയിലേക് കയറി നിന്നു..ഇനിയിപ്പം ലേറ്റ് ആയാലും മഴ പെയ്തു എന്ന കാരണം പറഞ്ഞു തല്ക്കാലം വാപ്പിച്ചിയിൽ നിന്നും രക്ഷനേടാം...എങ്കിലും വാപ്പച്ചി എന്ത് പറയും എന്നുള്ള ആധി മനസ്സിനെ പിടികൂടിയിരുന്നു....വല്ലാത്ത അവസ്ഥയിൽ നിൽകുമ്പോൾ ആണ് കടയിൽ നിന്നും ആരെയോ ശകാരിക്കുന്നത് കേട്ടത്,.
"കാർന്നോരെ തന്റെ കയ്യിലെ ക്യാഷ് അനുസരിച്ച മുണ്ടു പോയിട്ട് നല്ലൊരു തൂവാല പോലും കിട്ടില്ല. തന്നോട് പറഞ്ഞത് മനസ്സിലായില്ലേ."?ആദ്യം കാരണം പിടി കിട്ടിയില്ലെങ്കിലും കാഷ് കൗണ്ടറിനു അഭിമുഖമായി നിന്ന വൃദ്ധനായ ആ മനുഷ്യൻറെ മുഖത്തു നിന്നും ഏതാണ്ടൊക്കെയോ മനസിലാക്കി. സെയിൽസ് മാൻ എന്ന് തോന്നിക്കുന്ന ഒരാൾ ആ മനുഷ്യനെ പുറത്തേക്കു തളളി നീക്കുവാൻ തുടങ്ങിയതും മെല്ലെ ഞാൻ അകത്തേക്കു കയറി. "എന്താ പ്രശ്നം?" ഞാൻ ചോദിച്ചു. "പ്രശ്നമൊന്നുമില്ല പെങ്ങള് പൊയ്ക്കോളു" ആ വൃദ്ധൻറെ കയ്യിൽ നിന്ന് പിടി വിടാതെ ഒരാൾ മറുപടി പറഞ്ഞു. "നിങ്ങൾ ഈ മനുഷ്യൻറെ ദേഹത്ത് നിന്നു കൈയ്യെടുക്കൂ......" അതെല്ലാം കേട്ട് നിസ്സഹായതയോടെ നിൽക്കുകയാണ് ഏകദേശംഎഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ആ മനുഷ്യൻ. പതുക്കെ വിറയാർന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
"മോളെ ബസ്സിൽ നിന്നു ഇറങ്ങാന്നേരം ഡോറിന്റെ സൈഡിൽ എവിടെയോ കൊണ്ട് മുണ്ടു കൊളുത്തി കീറി . അതുടുത്തു കൊണ്ട് ഒരു യാത്ര പറ്റാത്തതു മൂലം കുറഞ്ഞ മുണ്ടൊരെണ്ണം വാങ്ങി പോകാമല്ലോ എന്നു കരുതിയാണ് ഇവിടെ കയറിയത്. വാങ്ങി കഴിഞ്ഞപ്പോൾ കാശ് തികയത്തില്ല എന്ന് മനസിലായി. തികയാത്ത പൈസ ഞാൻ കൊണ്ടുത്തരാം എന്നു പറഞ്ഞിട്ടു ഇവരൊട്ടു സമ്മതിക്കുന്നുമില്ല. ഇതുടുത്തോണ്ട് മറ്റൊരു ചെറിയ കട നോക്കി നടക്കുവാൻ നിർവാഹവുമില്ല. "നിങ്ങൾ ഇദ്ദേഹത്തിനു ഒരു മുണ്ട് കൊടുക്കൂ.... ക്യാഷ് ഞാൻ പേ ചെയ്യാം. അവർ പരസ്പ്പരം മുഖത്തേക്കു നോക്കി." എന്താ കേട്ടില്ലെന്നുണ്ടോ... നിങ്ങൾക്ക് പൈസ കിട്ടിയാൽ പോരെ...! അവരുടെ മുഖത്ത് വല്ലാത്ത ജാള്യം കണ്ടു. "ഉപ്പുപ്പ അകത്ത് പോയി മുണ്ടുടുത്തു വന്നോളു" എന്നുപറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ മുഖത്ത് സന്തോഷവും സങ്കടവും ഒരുപോലെ വന്ന് അലച്ചു. ഞങ്ങൾ കടയിൽ നിന്നും പുറത്തേക്കിറങ്ങി .മഴയ്ക്ക് ചെറിയൊരു ശമനം വന്നിരിക്കുന്നു. ഞാൻ അദ്ദേഹത്തിൻറെ മുഖത്തേക്കു ഒന്നു കൂടെ നോക്കി. വല്ലാതെ ക്ഷീണിതനാണെന്നു തോന്നി. "ഉപ്പുപ്പ ഭക്ഷണം വല്ലതും കഴിച്ചായിരുന്നോ. മറുപടി മൗനമായിരുന്നു. വരൂ..... ആ കൈയ്യിൽ പതിയെ പിടിച്ച് ആദ്യം കണ്ട ഫുഡ് കോർട്ടിലേയ്ക്കു കയറി. മനസില്ലാ മനസോടെയാണ് അദ്ദേഹം വരുന്നതെന്ന് കൈ പിടിത്തത്തിൻറെ മുറുക്കിലൂടെ ഞാനറിഞ്ഞു...
ഭക്ഷണത്തിനു ഓർഡർ കൊടുത്തു. വല്ലാത്ത പ്രയാസത്തോടുകൂടി തല കുനിച്ചിരിക്കുകയാണ് അദ്ദേഹം....
"വീട്ടിലാരൊക്കെയുണ്ട്. എവിടയാ വീട്... ഒരു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം മറുപടി പറഞ്ഞു തുടങ്ങി.. 'ഞാനെൻറെ മോൻറെ കൂടിയായിരുന്നു. എന്നു വെച്ച ഇന്നു മുതൽ അവൻറെ കൂടെയല്ല..
അതു പറഞ്ഞപ്പോൾ എനിക്ക് മനസിലായില്ല... അദ്ദേഹം തുടർന്നു.,... ആണെന്നും പെണ്ണെന്നും പറയാൻ ഒന്നേയുളളെനിക്ക്. ൻറ മോൻ റിയാസ്. അവനെ എനിക്ക് നൽകി കുറച്ചു മാസങ്ങൾക്കു ശേഷം ൻറ സൈനബ ഞങ്ങളെ തനിച്ചാക്കി പോയി..
പോകാൻ ഓൾക്കു ഒട്ടും ഇഷടണ്ടായിരുന്നില്ല. അത്രയ്ക്ക് ജീവനായിരുന്നേ ഓൾക്ക് ഞങ്ങളെ.
പക്ഷേങ്കി പടച്ചോൻ വിളിച്ചാ......! മുഴുമിപ്പിച്ചില്ല... വല്ലാതെ പതറി പോയിരുന്നു ശബ്ദം. മറ്റൊരു നിക്കാഹിന് കരക്കാരും കുടുംബക്കാരും നിർബന്ധിച്ചതാണ്. വേണ്ടെന്ന് തീർത്തു പറഞ്ഞു... കരേന്നേ വിട്ടു പോയുളളു ഓള്. ഖൽബീന്നു പോയിട്ടില്ല. അന്നും ഇന്നും ഇനിയെന്നും..........
ചെറുക്കൻ പഠിച്ച് വലുതായി. ആഗ്രഹിച്ച പെണ്ണിനേം നിക്കാഹ് ചെയ്തു കൊടുത്തു. ഓള് മരുമോളായിരുന്നില്ല. ൻറെ മോള് തന്നാരിന്ന്. പക്ഷേങ്കി കാര്യങ്ങള് തകിടം മറിയാൻ പെരുത്ത് സമയം വേണോ?.
മാസാമാസം വാർദ്ധക്യ
പെൻഷൻ ഉണ്ടായിരുന്നെനിക്ക്.... ഞാൻ തന്നെയാ പോയി വാങ്ങിയിരുന്നെ. അതിനൊരു കാരണം കൂടീണ്ടേ........ പോകുന്ന വഴിക്കും തിരിച്ചിറങ്ങുന്ന വഴിക്കുംപഴയ ചങ്ങാതിമാരെ കാണാം,..
അതു പറയുമ്പോ ഒരു പുഞ്ചിരി വിടർന്നുവോ?? മോൻ റിയാസ് എപ്പോഴും വഴക്കു പറയും ബാപ്പ വഴീ കാണുന്ന കല്ലിനോടും പോസ്റ്റിനോടുമൊക്കെ വർത്താനം പറഞ്ഞു നടക്കാതെ നേരത്തെ വീട്ടിലേക്കു പോണമെന്നു പറഞ്ഞ്....
അന്നും പെൻഷൻ വാങ്ങുവാൻ ഇറങ്ങി പകുതിയെത്തുന്നതിനു മുന്നെ അറിഞ്ഞു പ്രതിപക്ഷത്തിൻറെ പിക്കറ്റിംഗ് കാരണം രണ്ടീസം കഴിഞ്ഞെ കിട്ടത്തുളളൂന്ന്... തിരിച്ചു വീടെത്തി... ഉമ്മറ പടിയെത്തിയപ്പോഴേക്കും അകത്ത് അടക്കി പിടിച്ചുളള ചിരിയും വർത്തമാനോം കേട്ടു. റിയാസ് നേരത്തെ വന്നോ??? ഇല്ല... വണ്ടി കാണുന്നില്ല.... 'ഷാഹിദാ..... മോളേ.... ഇല്ല വിളി കേൾക്കുന്നില്ല... അകത്തേക്കു കയറി അവളുടെ മുറിക്കു മുന്നിൽ നിന്നു വിളിച്ചു., മനസിലെന്തൊക്കെയോ പ്രയാസം. വാതിലിൽ ശക്തിയായി മുട്ടി വിളിച്ചു... പൊടുന്നനേ വാതിൽ തുറന്ന് ഒരാൾ രൂപം പുറത്തേക്കോടി....... തെക്കേതിലെ നാരായണൻറെ മോനല്ലെ അത്?? പടച്ചവനേ.... താനെന്താണീ കാണുന്നത്?
അകത്തെ കാഴ്ച എൻറെ ഹൃദയത്തെ പോലും മരവിപ്പിച്ചു കളഞ്ഞു.... സ്വന്തത്തേക്കാളേറെ,എൻറെ മോളെ പോലെ സ്നേഹിച്ച വളാണ് സ്വന്തം നഗ്നത മറക്കുവാൻ പാടുപെടുന്നു... പൊടുന്നനെ കണ്ണുകളെ ഞാൻ വലിച്ചു.... ഒരു നിമിഷത്തെ പകപ്പു മാറിയ ശേഷം ദേഷ്യം എൻറെയുളളിൽ അണപൊട്ടിയൊഴുകി.,.. വാതിലിനു വെളിയിൽ നിന്ന് മനോനില തെറ്റിയവനെപ്പോലെ എന്തൊക്കെയോ ഞാൻ പുലമ്പി... അപ്പോഴേക്കും ആ വാതിൽ എൻറെ മുന്നിൽ കൊട്ടിയടക്കപ്പെട്ടു..
ഇറങ്ങിപോയാലോ എന്ന് ചിന്തിച്ചു,.. വേണ്ട ഒന്നും എന്റെ മോനെ അറിയിക്കാതെ പോയാൽ ഈ വിഴുപ്പു അവൻ ചുമക്കേണ്ടി വരുമല്ലോ.
. അകത്തു നിന്നും അടക്കി പിടിച്ച സംസാരം കേൾക്കുന്നു. മൊബൈലിൽ ആണ്. ആരോടൊക്കെ എന്ന് വ്യക്തമല്ല....നേരം അൽപ്പം കഴിഞ്ഞപ്പോഴേക്കും പുറത്ത് ബൈക്കിൻറെ ശബ്ദം. റിയാസ് വന്നു. വരട്ടെ തൻറെ വിവരം തിരക്കാൻ മുറിയിലേക്ക് വരാതിരിക്കില്ല.
. അൽപ്പം കഴിഞ്ഞ് ,ബാപ്പാ...... എന്ന അലർച്ച കേട്ടാണ് തലയുയർത്തി നോക്കിയത്.. റിയാസ്.... അവൻറെ കണ്ണുകളിൽ അഗ്നിയെരിയുന്നു. അവൻറെ ചാരത്ത് അവളും ഉണ്ട്... "നിങ്ങള് ഇത്രയ്ക്ക് വൃത്തികെട്ടവനായിരുന്നോ... ഒരു വേലക്കാരിയെപ്പോലെ നിങ്ങൾക്ക് വെച്ചു വിളമ്പി നിങ്ങടെ അടിവസ്ത്രം പോലും കഴുകി നിങ്ങളെ പരിചരിച്ചവളല്ലെ.. എന്നിട്ട്..... ച്ഛെ...... നിങ്ങളെയാണോ ഇത്ര നാൾ ഞാൻ ബാപ്പാന്ന് വിളിച്ചത്.,..
പടച്ചവനേ... കാര്യങ്ങൾ തല കീഴേ മറിയുകയാണോ... മോനെ ഡാ റിയാസേ.. കാര്യങ്ങൾ നീ കരുതുംപോലെയല്ല...ഈ നിക്കണ നിൻറെ കെട്ട്യോളും ആ നാരായണൻറെ മോനും തമ്മിൽ..... " നിർത്തിക്കോ.... മുഴുവനാക്കുവാൻ അവൻ അനുവദിച്ചില്ല... ബാപ്പ ഇവളെ കേറി പിടിക്കണ കണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ച ആ ചെറുക്കനേം കൂടി ഇതിലിട്ടു വലിക്കേണ്ട... ഇങ്ങക്ക് സൂക്കേട് കൂടുതലായിരുന്നെങ്കിൽ നേരത്തെ കെട്ടാമായിരുന്നില്ലെ മറ്റൊരു വിവാഹം... ആരും എതിർത്തതുമില്ല. അപ്പോളൊക്കെ എൻറെ കാര്യം പറഞ്ഞ് വലിയ കേമനായി നടന്നു. ന്നിട്ടിപോ എന്തായീ??? അവസാനിപ്പിച്ചോണം ഇവിടെ വെച്ച് ഞാനും ഇങ്ങളും തമ്മിലുളള ബന്ധം".. റബ്ബേ.. എങ്ങിനെയാ എൻറെ മോൻറെ മുന്നിൽ സത്യാവസ്ഥ തെളിയിക്കേണ്ടത്. നീ മാത്രമല്ലേ പടച്ചവനെ യഥാർത്ഥ സാക്ഷി... അൽപ്പ നേരത്തെ സമയം കൊണ്ട് കാര്യങ്ങൾ പ്രതികൂലമായിരിക്കുന്നു,.. വേദന സഹിച്ചു കുറച്ചു ദിവസങ്ങൾ കഴിച്ചു കൂട്ടി. താനെന്ന ഒരു മനുഷ്യ ജീവി ഇവിടെ ഉണ്ടെന്നുളള ഒരു പരിഗണനയും ഇല്ല... ഇപ്പോഴത്തെ പ്രശ്നം താനാണ്. ഞാനിവിടുളളിടത്തോളം കാലം അവൾക്കും മനസമാധാനമില്ലെന്നും അറിയാം,... മോൻ ബാപ്പയെ തല്ലുന്നിടം വരെയെത്തി കാര്യങ്ങൾ... വയ്യ ..... പടിയിറങ്ങുകയാണ്. അതാണ് അവർക്കും എനിക്കും നല്ലത്... ചെറുതെങ്കിലും ഒരു വീട് തനിക്കും ഉണ്ടല്ലോ. അതിനടുത്ത പളളി മുറ്റത്താണല്ലോ തൻറെ പ്രിയതമ
സൈനബ അന്ത്യ നിദ്ര കൊളളുന്നത്... തൻറെ മുന്നിലിരുന്ന് അത്രയും പറഞ്ഞപ്പോഴേക്കും കണ്ണീരടക്കുവാൻ പാടു പെടുകയായിരുന്നു ആ സാധു.മിഴി നീര് പൊടിയാതെ കേട്ടിരിക്കാൻ കഴിഞ്ഞില്ല ഈയുളളവൾക്കും..
കണ്ണീരു തുടച്ചു മുഖമുയർത്തി അദ്ദേഹം പറഞ്ഞു. "ഇറങ്ങട്ടെ മോളെ... ഇനിയും വൈകിയാൽ അങ്ങോടേയ്ക്കുളള വണ്ടി കിട്ടില്ല. മോളെ..... നീ ആരെന്നു പോലും അറിയാതെ ഇത്രയൊക്കെ പറഞ്ഞത് എൻറെ ആരൊക്കെയാണൊ എന്ന തോന്നലു കൊണ്ടാണ്. ആരാണെന്നും എവിടെയാണെന്നും ചോദിക്കുന്നുമില്ല. പടച്ചോൻ അയച്ചതാണ് മോളെ... അത്രമാത്രം.നന്ദി വാക്ക് പറയുന്നില്ല. അത് പറഞ്ഞാൽ മോളോട് ഞാൻ കാണിക്കുന്ന നന്ദി കേടായിപ്പോകും.ഈ വൃദ്ധന് മോള് ചെയ്തു തന്ന എല്ലാ ഉപകാരത്തിനും ഇഹത്തിലും പരത്തിലും റബ്ബ് നനമകൾ ഏകട്ടെ!, ഇരുന്നിടത്തു നിന്നു അനങ്ങുവാൻ കഴിഞ്ഞില്ലെനിക്ക്. ബാഗിൽ നിന്ന് എത്രയെന്നു കൂടി നോക്കാതെ പൈസയെടുത്ത് ആ കൈവെളളയിലേക്കു വെച്ചു കൊടുത്ത നേരം ആ കണ്ണിൽ നിന്നിറ്റി വീണ കണങ്ങൾ എൻറെ ഹൃദയത്തെയാണ് പൊളളിച്ചത്... ചാറ്റൽ മഴയിലൂടെ ഇറങ്ങി നടന്ന ആ മനുഷ്യനെ ഒരു നോക്കു കൂടെ നോക്കി തിരികെയിറങ്ങി.
"പടച്ചവനേ അദ്ദേഹം എങ്ങോടായിരിക്കും പോയിട്ടുണ്ടാവുക.?? എവിടേയ്ക്കാണെങ്കിലും നിൻറെ കാരുണ്യത്തിൻറെ കവാടങ്ങൾ ആ മനുഷ്യന് തുറന്നു കൊടുക്കേണം റബ്ബേ...! എന്തൊരു വലിയ പ്രയാസമാണ് അയാൾ നെഞ്ചിലേറ്റി നടക്കുന്നത്? " മനസിൽ വല്ലാത്ത ചൂടും നീറ്റലും അനുഭവപ്പെടുന്നുണ്ട്.മഴയെ അവഗണിച്ചു കൊണ്ട് ഞാൻ വീട്ടിലേക്കു തിരിച്ചു. അൽപ്പമെങ്കിലും എന്തൊക്കെയോ ചെയ്തു എന്ന ചാരിതാർത്ഥ്യത്തോടും, അതിലുപരു ഒരു വിങ്ങലോടും കൂടി..!
ചിതറി വീഴുന്ന മഴ തുളളികൾക്ക് ഒരു പക്ഷെ ദേഹത്തിൻറെ ചൂടിനെ ശമിപ്പിക്കുവാൻ കഴിഞ്ഞേക്കാം. പക്ഷെ മനസിൻറെ നീറ്റലിനേയോ??
.
milamohammed

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot