Slider

ഒരുണ്ണിക്കഥ.

0

രാവിലെ മുതൽ വല്ലാത്തൊരു പൂതി. എനിക്കുമൊരു കഥയെഴുതണം. പൂതി മൂത്ത് ഉച്ചിയിലെത്തിയപ്പോ പിന്നെയൊട്ടും വൈകിയില്ല, പേനയും പേപ്പറുമെടുത്താലോചന തുടങ്ങി. ചുട്ടുപഴുത്തയെൻ്റെ കഥാമോഹത്തെ ചൂടോടെ തന്നെ പേപ്പറിലേക്ക് പകർത്തുവാനുള്ള ആവേശം. പക്ഷേ എന്തെഴുതണം.. എങ്ങനെയെഴുതണം.. എന്നൊരു പിടിയുമില്ല. അട്ടം നോക്കി അയവിറക്കണതല്ലാതെ ഒന്നും അങ്ങട് കത്തുന്നില്ല. ഈ അൻവറിനിതൊക്കെ
Anvar Mookkuthala എങ്ങനെ സാധിക്കുന്നുവെന്തോ!! പഠിച്ചതൊരുമിച്ചാ , എന്നിട്ടും ഇവനിതെവിടുന്നാണാവോ ഇത്രേം അനുഭവങ്ങൾ.. ഒരു പക്ഷേ ജീവിതത്തിലെയോരോ നിമിഷങ്ങളെയും ഹൃദയം കൊണ്ട് ചേർത്ത് പിടിച്ചതിനാലാവാം കഥയിലെ ഓരോ കഥാപാത്രത്തെയും വാക്കുകൾ കൊണ്ടവന് വരച്ചിടുവാൻ സാധിക്കുന്നത്. ഞാനിരുന്നും കെടന്നും നടന്നും വരെ ആലോചിച്ചു. ഒരു രക്ഷയുമില്ല. പഠിച്ച പണി പതിനെട്ടും നോക്കി. പറഞ്ഞു ഫലിപ്പിക്കാവുന്ന തരത്തിൽ ഒരനുഭവം പോലുമെൻ്റെ ഓർമ്മയിലെങ്ങുമെത്തിയില്ല. നെയിൽപോളിഷിട്ടു മിനുക്കാൻ നീട്ടിവളർത്തിയ നഖവും കടിച്ചു പൊട്ടിച്ച പേനയുടെ അടപ്പും മിച്ചം. പക്ഷേ ഞാൻ അങ്ങനെ തോറ്റു കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല. കടിഞ്ഞാണു പൊട്ടിയ പട്ടം പോലെ ചിന്തകൾ ഒരന്തോം കുന്തോം ഇല്ലാതെ എൻ്റെ തന്നെ തലയ്ക്കു ചുറ്റും വട്ടമിട്ടു കൊണ്ടിരുന്നു. പരീക്ഷക്ക് പോലും ഞാനിത്രേം ആത്മാർത്ഥത കാണിച്ചിട്ടില്ല. കറങ്ങുന്ന ഫാനും നോക്കി മലർന്നടിച്ച് കിടക്കണ കണ്ട് പന്തികേട് തോന്നിയതോണ്ടാവാം, അമ്മ ഒന്നു രണ്ടു വട്ടം എൻ്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയും ഒളികണ്ണിട്ട് നോക്കുകയും ചെയ്യണത് കണ്ടു. ഒരു പക്ഷേ അമ്മയിപ്പോ ചിന്തിച്ചു കാണും പെണ്ണ് വല്ല പ്രേമക്കുരുക്കിലും ചെന്ന് ചാടിയോയെന്ന്. ഞാനതൊന്നും ശ്രദ്ധിക്കാൻ പോയില്ല. എനിക്കിപ്പോ എൻ്റെ ഭാവനയാ പ്രധാനം. എങ്ങനേലും അവളെയൊന്നുണർത്തണം. പടയ്ക്കണം ഒരുണ്ണിക്കഥയെ.. പിടയ്ക്കുന്ന രണ്ടു വരികളെയെങ്കിലും. പൂർവ്വാധികം ശക്തിയോടെ പേപ്പറും തിന്നുകൊണ്ട് ഞാനെന്റെ ചിന്തകളെ പിന്തുർന്നു. പിന്നെയോർത്തൂ.. എന്തുകൊണ്ട് ഏതെങ്കിലുമൊരു സമകാലീന പ്രശ്നത്തിനെതിരെ തൂലിക ചലിപ്പിച്ചു കൂടാ ?? ആ ഒരൊറ്റ ദുരുദ്ദേശം കൊണ്ട് മാത്രം പതിവില്ലാതെ ന്യൂസ് ചാനലിന്റെ മുന്നിലിടം പിടിച്ചു. എന്തെല്ലാം വാർത്തകൾ !!. കേവലം പത്തു മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുന്ന ആയമാർ... കോവളത്ത് ജപ്പാൻകാരിയെയും കടപ്പുറത്ത് അടച്ചുറപ്പില്ലാത്തവീടുകളിൽ പന്ത്രണ്ട്കാരികളെയും പീഠിപ്പിക്കാനൊരു കൂട്ടം പീഡനവിദഗ്ധർ...വിഷയത്തിനൊന്നും ഒരു പഞ്ഞവുമില്ല. ദൈവത്തിനു പറ്റിയ കുറച്ചു കൈയ്യബദ്ധങ്ങൾ.. ഇവരെപ്പറ്റിയൊക്കെ എന്തെഴുതാനാ ?ഇനിയെഴുതിയെന്നിരിക്കട്ടെ..
ചാടിവീഴില്ലേ മനുഷ്യസ്നേഹികളെന്ന് സ്വയം അവകാശപ്പെട്ട് ഭൂമിക്ക് തന്നെ ഭാരമായിക്കൊണ്ടിരിക്കുന്ന വേറെ കുറെ അവതാരങ്ങൾ. എഴുതിയാൽ ഒരു തുണ്ട് പേപ്പറും ഒരൽപ്പം മഷിയും നഷ്ടം. അതല്ലാതെ വേറെയെന്ത് സംഭവിക്കാൻ! . അതുകൊണ്ട് ആ ഒരാശയത്തിനും ഞാനവിടെ തിരശ്ശീലയിട്ടു.
ഇനിയൊരൊറ്റ വഴിയേ എൻ്റെ മുൻപിലുള്ളൂ. സ്വയം എന്നിലേക്കിറങ്ങിറങ്ങിച്ചെല്ലണം.. അതെത്ര സാധ്യമോ അത്രയും നല്ലത്.
ഞാൻ പോലുമറിയാതെ എൻ്റെയുള്ളിൽ മുളച്ചൊരു ജീവനെ തൊട്ടറിയണം..
വിടരുവാൻ തുടിച്ച രണ്ടുണ്ണിക്കണ്ണുകളെ തഴുകിത്തലോടിയുണർത്തണം..
അമ്മയായ് മാറിക്കൊണ്ടിരിക്കുന്ന സത്യത്തെ മനസ്സാ വഹിക്കണം..
ആസ്വദിക്കണം ആദ്യ കാലങ്ങളിലെ ശാരീരികാസ്വസ്ത്യങ്ങളത്രയും..
ഒടുവിൽ ഞാനും പെറ്റൊരുണ്ണിയെ.. എൻ്റെ വിരൽതുമ്പിലൂടൂർന്നിറങ്ങിയൊരുണ്ണിക്കഥയെ ..
ഒരമ്മയുടെ പേറ്റു നോവറിയാതെ..
ഒരച്ഛന്റെ വിയർപ്പു തുള്ളിയുടെ ഗന്ധമറിയാതെ..
വയറ്റാട്ടിയുടെയോ ആശുപത്രി സജ്ജീകരണങ്ങളുടെയോ അകമ്പടികളില്ലാതെ.. ഇന്ന് ഞാനുമൊരമ്മയാണ്.. കടിഞ്ഞൂൽ പ്രസവത്തിൻ്റെയെല്ലാ ഭാവങ്ങളെയും ഉൾക്കൊണ്ടു കൊണ്ട്...
ദേവിക. ഒ. ബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo