Slider

എന്റെ പത്തു വർഷക്കാലം... ഫസീലയുടേയും. (കഥ ) Part 1

0

കുന്നിന്റെ മുകളിലെ നിരപ്പിലും ചരുവിലും ഒക്കെ ഒരുക്കിയ മനോഹരമായ പൂന്തോട്ടങ്ങൾ, ആരുടെയും മനം കവരുന്ന കൃത്രിമമായി ഉണ്ടാക്കിയ പച്ചപ്പ്. അതിമനോഹരങ്ങളായ പ്രകാശഗോപുരങ്ങൾ... സായംസന്ധ്യയുടെ ചുവന്ന രശ്മികൾ വന്ധ്യ മേഘങ്ങളെ ചെഞ്ചായം പൂശിയിരിക്കുന്നു. മേഘങ്ങളിൽ നിന്നുള്ള ചുവന്ന പ്രകാശകിരണങ്ങൾ ഭൂമിയെ ആകെ തരളിതമാക്കുന്നു
അതിലുപരി പൂന്തോട്ടത്തിൽ പാറി നടക്കുന്ന വിവിധ വർണങ്ങളിലുള്ള പൂമ്പാറ്റകളെപ്പോലെ ആ ബാലവൃദ്ധം ജനങ്ങൾ.
എല്ലാം ആസ്വദിച്ചങ്ങനെ നടക്കുകയാണ് ഞങ്ങൾ. നടന്ന് നടന്ന് കുന്നിന്റെ നെറുകയിലെ നിരപ്പിൽ എത്തി..... സന്ധ്യാനേരത്തെ തണുത്ത കുളിർ കാറ്റ് കൊണ്ട് ശരീരത്തിന്റെചൂട് കുറയുന്നില്ല. കയറി വന്നത് നിരവധി പടവുകൾ കയറിയാണ്. അതു കൊണ്ട് തന്നെ ആളുകളുടെ ഉച്ഛോസനിശ്വാസങ്ങൾ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.. ഇനിയൊന്ന് ദാഹമകറ്റണം.. ക്ഷീണമകറ്റണം. വീട്ടുകാരുമായി ആലോചിച്ച് ഐസ്ക്രീം വാങ്ങാം എന്ന തീരുമാനത്തിൽ ഞാൻ എത്തി. നിരനിരയായി കെട്ടിയുണ്ടാക്കിയ മരത്തിന്റെ മനോഹരങ്ങളായ ശിൽപ ചാരുതയോട് കൂടിയ നിർമ്മിതികൾ .ഞങ്ങൾക്ക് വാങ്ങാനുള്ള ഐസ്ക്രീമിന്റെ കട മുന്നിൽ തെളിഞ്ഞു വന്നു. പെങ്ങൻമാരും മൂത്തച്ചിമാരും (ജ്യേഷ്ഠ ഭാര്യമാർ ) ഒരു കടയിലേക്കു ചൂണ്ടിക്കാണിച്ചു തന്നു -
പക്ഷെ ആ കടയിൽ മറ്റാരും സാധനങ്ങൾ വാങ്ങുന്നത് കാണാനില്ല. വിരൂപിയായ ഒരു പെൺകുട്ടി വിഷണ്ണയായി അവിടെ ഇരിക്കുന്നു. ഞങ്ങളെങ്കിലും വാങ്ങുമെന്ന പ്രതീക്ഷയോടെ അവൾ ഞങ്ങളെത്തന്നെ ഉറ്റുനോക്കുകയാണ്.വീട്ടുകാർ ആ കടയിലേക്ക് തന്നെ എന്നെ നിർബന്ധിക്കുകയാണ്. പക്ഷെ ആ പെൺകുട്ടിയുടെ അഭംഗി സാധനങ്ങൾ വാങ്ങുന്നതിൽ നിന്ന് എന്നെ തടയുന്നു. ആ കടയിൽ നിന്ന് തന്നെ സാധനങ്ങൾ വാങ്ങാനുള്ള ബന്ധുക്കളുടെ തീരുമാനം എന്നെ മന: പ്രയാസത്തിലാക്കി. അവസാനം മനസില്ലാ മനസോടെ ഞാൻ അവളുടെ അടുക്കലേക്ക് നീങ്ങി.കൂടെ ബന്ധുക്കളും.. ഞങ്ങളുടെ വരവ് കണ്ടിട്ടാവണം വിഷണ്ണയായിരുന്ന അവൾ സന്തോഷം കൊണ്ട് എണിറ്റു.. അവളുടെ മങ്ങിയ വെളിച്ചം മാത്രമുണ്ടായിരുന്ന കടയിൽ പലപല വർണങ്ങളിലുള്ള ദീപങ്ങൾ തെളിയിക്കപ്പെട്ടു. ഞങ്ങൾ കടയുടെ അടുത്ത് എത്തിക്കഴിഞ്ഞു.. ഐസ് ക്രീമിന്റെ കപ്പ് കൈയിലെടുത്ത് അവൾ കുട്ടികളെ തലയാട്ടി വിളിച്ചു.
അവളുടെ അടുത്തേക്ക് എത്തുന്തോറും അവളുടെ സൗന്ദര്യത്തിൽ മാറ്റം വരുന്നതായി എനിക്ക് തോന്നി. അല്ല ....അത് സത്യമായിരുന്നു. അവൾ സുന്ദരിയാണ്. എന്റെ കാഴ്ചയുടെ കുഴപ്പമായിരുന്നു അവൾക്ക് അഭംഗി തോന്നാൻ കാരണം. ഞാൻ ആഗ്രഹിച്ചത് പോലെയുള്ള ഒരു പെൺകുട്ടി. അറിയാതെ അൽപ നേരം അവളെ തന്നെ നോക്കി നിന്നു പോയി.ഹൃദയത്തിൽ എവിടെയോ അനുരാഗത്തിന്റെ മന്ദമാരുതൻ വീശുന്നുണ്ടോ...?
കുളിര് പെയ്യുന്ന ഈ കുന്നിൽ മുകളിൽ മറ്റൊരു കുളിർമഴ പെയ്യുകയാണോ...?
:കാക്ക.... കാക്ക "........പിന്നിൽ നിന്ന് സഹോദരിയുടെ വിളി.....
അനുരാഗത്തിന്റെ ശീതളിമയിൽ മുങ്ങിക്കുളിക്കുകയായിരുന്ന എന്നെ സഹോദരിയുടെ വിളിയാണ് ചിന്തയിൽ നിന്ന് ഉണർത്തിയത്. ഒരു വളിഞ്ഞ ചിരിയിൽ ഞാൻ ചമ്മൽ മാറ്റാൻ ശ്രമിച്ചെങ്കിലും അവൾ വീണ്ടും വിളിക്കുകയാണ്.
" കാക്കാ.. എണീക്ക്.. കല്യാണത്തിന് പോണ്ടെ "?
"ങ്ങേ.... ഞെട്ടിയുണർന്ന ഞാൻ ചുറ്റുപാടും നോക്കി... ചെറിയ പെങ്ങളുണ്ട് ഫോണുമായി നിൽക്കുന്നു.
" റഷീദ് വിളിച്ചിരുന്നു.. ഇറങ്ങാറായി.. വേഗം ചെല്ലാൻ "
കയ്യിലുണ്ടായിരുന്ന ഫോൺ നീട്ടിക്കൊണ്ട് പെങ്ങൾ പറഞ്ഞപ്പോഴാണ് സ്ഥലകാലബോധം നേരെ വീണത്.
താനിതുവരെ കണ്ടതൊക്കെ സ്വപ്നമായിരുന്നോ.. വലിയ ഒരു നിരാശ തന്നെ മനസിൽ പടർന്നിരിക്കുന്നു.
എന്റെ ഇരുത്തം കണ്ടിട്ടാവണം. സഹോദരി വീണ്ടും പാഞ്ഞു.
" സമയം പന്ത്രണ്ട് മണി കഴിഞ്ഞു. "
പിന്നെ അവിടിരിക്കാൻ കഴിഞ്ഞില്ല. ഒന്ന് കുളിക്കാനും ഡ്രസ് മാറ്റാനും വന്നതാണ്. അറിയാതെ ഒന്ന് മയങ്ങി പോയി. ഒരു മണിക്ക് റഷീദ് പുതുമാപ്പിളയായി ഇറങ്ങും. അവന്റെ കൂടെ പോവാനുള്ളതാണ്. അവന്റെ ഇന്നോവ തന്നെയാണ് ഏൽപിച്ചിരിക്കുന്നത്. റഷിദ് ഗൾഫിൽ ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജറെയും കുടുംബത്തേയും നെടുമ്പാശ്ശേരിയിൽ നിന്നും കൊണ്ടുവരേണ്ട ചുമതല തനിക്കായിരുന്നു.രാവിലെ മൂന്ന് മണിക്ക് ഇവിടെ നിന്ന് പുറപ്പെട്ട താൻ മാനേജറെയും കുടുംബത്തെയും കൊണ്ട് അൽപം മുമ്പാണ് ഇവിടെ എത്തിയത്.
കുളിച്ച് ഡ്രസ് മാറ്റിയിറങ്ങിയ എന്നെറഷീദ് കാത്തു നിൽക്കുകയാണ്. കല്യാണ സൽക്കാരം ഒരു മണ്ഡപത്തിൽ വച്ചാണ് നടക്കുന്നത്.വീട്ടിൽ അതു കൊണ്ട് തിരക്കൊന്നും ഇല്ല. അവന്റെ കൂടെ പോവാനുള്ള സുഹൃത്തുക്കളും ബന്ധുക്കളും എത്തിക്കൊണ്ടിരിക്കുകയാണ്.
റഷീദ് ആർക്കോ ഫോൺ വിളിക്കുന്നു. അവന് നാട്ടിൽ വലിയ സുഹൃദ് ബന്ധമൊന്നുമില്ല. വലിയ കൂട്ടുകെട്ടുകൾ തുടങ്ങും മുമ്പെ അവനെയും കുടുംബത്തേയും കൊണ് ബാപ്പ കടൽ കടന്നിരുന്നു.
പിന്നീട് അടുത്ത ബന്ധം എന്നോട് മാത്രമായിരുന്നു. അവൻ തന്നെയാണ് എനിക്ക് ഗൾഫിൽ ജോലി ശരിയാക്കിത്തന്നതും. അവന്റെ കല്യാണത്തിന് വേണ്ടിയാണ് രണ്ടാഴ്ച ലീവെടുക്കാൻ താൻ തീരുമാനിച്ചത്.
"എന്റെ പാർട്ടിയെവിടെ,? ഞാൻ ചോദിച്ചു -
"എളാപ്പാന്റെ വീട്ടിലുണ്ട് ഡ്രസ്സിങ്ങിലാ...
റഷീദ് ഒന്നു പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
ആ പറമ്പിൽ തന്നെയാണ് എളാപ്പാന്റെയും വീട്.
............................................................................
കൃത്യം അഞ്ച് മണിക്ക് തന്നെ കല്യാണ സൽക്കാരം ആരംഭിച്ചു.വൈകുന്നേരമായത് കൊണ്ട് നല്ല ഒരു പോളിങ്ങ് പ്രതീക്ഷിക്കുന്നുണ്ട് ഞാനടക്കമുള്ള സംഘാടകർ.റഷീദിനെയും മണവാട്ടിയെയും ഫോട്ടോഗ്രാഫർമാർ കൊണ്ട് പോയിരിക്കുന്നു. പകരം ആളുകളെ സ്വീകരിക്കാൻ അവന്റെ എളാപ്പയുടെ കൂടെ എന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
അര മണിക്കൂർ കഴിഞ്ഞതിന് ശേഷം അവൻ എത്തി. പിന്നെ ഞാൻ തീൻമേശകളുടെ അടുത്തേക്ക് നീങ്ങി. വധുവിന്റെ വീട്ടിൽ നിന്ന് രുചികരമായ ഭക്ഷണം കഴിച്ചിട്ടുള്ളതിനാൽ ഇവിടെ നിന്നുള്ള ഭക്ഷണം പിന്നീടാക്കാം എന്നു കരുതി.
സപ്ലൈ ചെയ്തു കൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. തിരക്ക് കുറഞ്ഞപ്പോഴാണ് സമയം ഒരു പാട് ആയി എന്ന് മനസിലായത്. ചെറിയ പെങ്ങളുടെ കൈയിലാണ് ഫോണ്.. ക്ലാരിറ്റിയുള്ളതിനാൽ ഫോട്ടോയെടുക്കാൻ കൊണ്ടുപോയതാണ്.പെങ്ങളെ തിരഞ്ഞ് ഞാൻ കല്യാണമണ്ഡപം ഒന്നാകെ തിരഞ്ഞു.അവസാനം സ്ത്രീകൾക്കുള്ള തീൻമേശയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ട് അവൾ. സ്ത്രീകളുടെ ഭാഗത്തും തിരക്ക് പാടെ കുറഞ്ഞിരിക്കുന്നു. സമയം ഒമ്പത് മണിയോടടുക്കുന്നു.
പെങ്ങളുടെ അടുത്ത് വേറെ ഒരു പെൺകുട്ടി കൂടി ഇരിക്കുന്നുണ്ട്‌. ഞാൻ വരുന്നത് അറിഞ്ഞിട്ടാവണം ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അവൾ തട്ടം കൊണ്ട് മുഖം പാടെ മറച്ചു എന്ന് മാത്രമല്ല തല താഴ്ത്തുകയും ചെയ്തു.അവളുടെ വെളുത്ത കൈകളിൽ ഇട്ട മൈലാഞ്ചി കടും ചുവപ്പ് നിറമായിരിക്കുന്നു. ഉച്ചക്ക് സ്വപ്നത്തിൽ കണ്ട പെൺകുട്ടി ഇവളായിരിക്കുമോ..
മുഖം കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഭക്ഷണം കഴിക്കുന്നത് തടസ്സപ്പെടുത്തണ്ടാ എന്ന് കരുതി. ഫോൺ വാങ്ങുമ്പോഴാണ് വെങ്ങൾ പറഞ്ഞത് "ഞങ്ങൾ ഇപ്പൊ ഇരുന്നിട്ടൊള്ളു... നിങ്ങള് പൊയ്ക്കൊ.. നമുക്ക് പിന്നെ സംസാരിക്കാ" ചെറിയ ഒരു ഭയത്തോടെയാണ് പെങ്ങൾ അത് പറഞ്ഞത് -
പെങ്ങളുടെ ആ സംസാരം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പെങ്ങളുടെ കൂട്ടുകാരിയാണ് അവളെങ്കിൽ എന്നെ ഒന്ന് പരിചയപ്പെടുത്തണ്ടെ..എന്റെ ചെറിയ ആങ്ങളയാണെന്ന് പറയണ്ടെ...
ഏതായാലും ആളെ ഒന്ന് കാണാം... ഞാൻ ഒന്ന് കൂടി അവളെ തിരിഞ്ഞു നോക്കി. അപ്പോഴേക്കും അവൾ മുഖം ഉയർത്തിക്കഴിഞ്ഞിരുന്നു.
റഷീദ് മറ്റൊരു ടീമുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ രംഗങ്ങൾ വീഡിയോയിലാക്കുന്ന കാമറക്ക് വേണ്ടിയുള്ള ലൈറ്റ് എന്റെ മുമ്പിലിരിക്കുന്ന പെൺകുട്ടിയുടെ മുഖത്തേക്ക്.ആ വെളിച്ചത്തിൽ നിന്ന് രക്ഷപ്പെടാൻ അവൾ മുഖം തിരിച്ചത് എന്റെ നേർക്ക്.. രണ്ട് പേരുടെയും കണ്ണൂകൾ കൂട്ടിമുട്ടി .
അവളെ കണ്ടതോടെ ഞാൻ ആകെ തരിച്ചു.
അടിവയറ്റിൽ നിന്നും ഒരു കാളൽ.ആ കാളൽ നെഞ്ചിൽ കൂട്ടിനുള്ളിലൂടെ തലച്ചോറിലേക്ക് - തലച്ചോറിൽ നിന്ന് ഇടത് കൈയിന്റെ മുറിപ്പാടുകളിൽ വന്നു നിന്നു. ഇനിയും മാഞ്ഞിട്ടില്ലാത്ത മുറിപ്പാടുകൾ.. എന്റെ വലത് കൈ ആ മുറിപ്പാടുകളെ തലോടുകയാണ്.
സിരകളിലൂടെയുള്ള രക്തചംക്രമണം വേഗത്തിലാകുന്നു - ഞാനാകെ വിയർക്കുകയാണ്. ശരീരത്തിലെ രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നു. സന്തത സഹചാരിയായ പക തന്റെ ശരീരത്തെ കീഴ്പെടുത്തിക്കഴിഞ്ഞു -
ഒരൊറ്റ ചവിട്ടിന് തെറിപ്പിച്ചാലൊ ......അതൊ മുടിക്കുത്തിന് പിടിച്ച് വലിച്ചാലോ.... കൈകൾ വിറക്കുന്നു. ശരീരം ആകെ വിയർക്കുന്നു. പതിന്മടങ്ങ് ശക്തി കൈവരുന്നത് പോലെ..... ഒരു പ്രതികാര ദാഹിയായി ഞാൻ നിൽക്കുകയാണ്.
...................തുടരും....
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo