ഏറെ നാളായി തെളിയിയ്ക്കപ്പെടാതെ കിടന്നിരുന്ന ഡോക്ടര്‍ വേണുവിന്‍റെ ദുരൂഹമരണം പുകമറ നീക്കി പുറത്തുവന്നിരിക്കുന്നു. പലവഴിക്ക് തകൃതിയായി നടന്ന പോലീസ് അന്വേഷണത്തിനൊടുവില്‍ ആത്മഹത്യയാണെന്ന് വിധിയെഴുതിയ ആ കേസ്, കരുതിക്കൂട്ടിയ ഒരു കൊലപാതകം തന്നെയാണെന്ന് കേസേറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ, ക്രൈംബ്രാഞ്ച് എസ്.പി. ചന്ദ്രശേഖരന്‍ കണ്ടുപിടിച്ചിരുന്നുവത്രേ.
ഡോക്ടര്‍ വേണു തന്‍റെ സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണകാരണം, മാരകമായ പൊട്ടാസ്യം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നായിരുന്നു. എന്നാല്‍ ആ മുറിയില്‍ വച്ച് സയനൈഡുപയോഗിച്ചത്തിന്‍റെതായിട്ട് യാതൊരു വിധത്തിലുമുള്ള തെളിവുകളോ മറ്റോ പോലീസിനു ലഭിച്ചിരുന്നില്ല, അതായിരുന്നു തുടക്കം മുതലേ അവരെ കുഴക്കിയിരുന്നത്. എങ്കില്‍ത്തന്നെയും, Organic Synthesis-ല്‍ PhD എടുക്കുന്നതിന്‍റെ ഭാഗമായുള്ള തന്‍റെ റിസെര്‍ച്ചില്‍ കുറെനാളുകളായി ഡോക്ടര്‍ തിരക്കിലായിരുന്നു, എന്നദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നും തെളിഞ്ഞിരുന്നു. അത് മതിയായിരുന്നു, Organic compounds-ന്‍റെ construction-ന് വ്യാപകമായി ഉപയോഗിച്ചുവരുന്ന പൊട്ടാസ്യം സയനൈഡ് ഡോക്ടറുടെ കൈവശം എങ്ങനെ വന്നു എന്ന് വിധിയെഴുതുന്നതിന്. അങ്ങനെയായിരുന്നു, ഡോക്ടര്‍ വേണു ആത്മഹത്യ ചെയ്തതാണെന്ന ഒരു നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നതും കേസ് ധൃതി പിടിച്ച് ക്ലോസ് ചെയ്തതും.
എന്നാലദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനും, ആത്മസുഹൃത്തുമായ ഡോക്ടര്‍ പിഷാരടി, ഇതൊരു ആത്മഹത്യയല്ല, മറിച്ച് ഒരു കൊലപാതകമാണെന്ന് സംശയമുണ്ടെന്നും, നീതി ലഭിക്കണമെന്നും കാണിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കുകയായിരുന്നു. അതിന്‍റെ ഫലമായാണ് കേസ് പുനരന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് വിടാന്‍ കോടതി ഉത്തരവിടുന്നതും, ആ നിയോഗം ക്രൈംബ്രാഞ്ച് എസ്.പി. ചന്ദ്രശേഖരനില്‍ എത്തിപ്പെടുന്നതും. തുടക്കം മുതലേ വളരെ നിസ്സാരമായി കരുതിയിരുന്ന കുറച്ച് പോസ്റ്റല്‍ സ്റ്റാമ്പുകളും, സ്റ്റാമ്പൊട്ടിച്ച് അയയ്ക്കാന്‍ പാകത്തില്‍ ഉണ്ടായിരുന്ന ഒരു പോസ്റ്റല്‍ എന്‍വലപ്പും, വായിച്ചു മടക്കി വച്ച ഒരു പുസ്തകവും മാത്രമായിരുന്നു കേസ് തെളിയിയ്ക്കാന്‍ ചന്ദ്രശേഖരന് നിദാനമായത്. ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പ്രകാരം പ്രസ്തുത വിഷം എന്‍വലപ്പിന്‍റെ ഒട്ടിയ്ക്കുന്ന വക്കിലും, സ്റ്റാമ്പുകളുടെ പിന്‍വശത്തും, പിന്നെ പുസ്തകത്തിന്‍റെ തുടര്‍ന്ന് വായിയ്ക്കാനുള്ള ഭാഗത്തെ വലത്തേ താളുകളുടെ വലത്തേ താഴത്തെ മൂലയിലും വളരെ വിദഗ്ധമായി പുരട്ടിപ്പിടിപ്പിച്ചിരുന്നു. എന്‍വലപ്പും സ്റ്റാമ്പും ഉമിനീരിന്‍റെ സഹായത്താല്‍ ഒട്ടിച്ച് മാത്രം ശീലമുണ്ടായിരുന്ന ഡോക്ടറെ മരണം പുല്‍കിയത് വളരെ സ്വാഭാവികം. ആ പദ്ധതി പരാജയപ്പെട്ടാല്‍ അടുത്ത ഓപ്ഷന്‍ ആര്‍ന്നു പുസ്തകതാളുകള്‍. വായിയ്ക്കുമ്പോള്‍ പേജുകള്‍ മറിയ്ക്കാന്‍ വിരല്‍ ഉമിനീരിനാല്‍ നനയ്ക്കുന്ന പ്രകൃതം ഉണ്ടായിരുന്ന ഡോക്ടറെ കുടുക്കാന്‍.
ഇതില്‍ നിന്നുമൊക്കെ തന്നെ, ഡോക്ടറെ വളരെ അടുത്തറിയാവുന്ന ഒരാള്‍ ആണ് കൊലപാതകി എന്ന നിഗമനത്തിലെത്താന്‍ ചന്ദ്രശേഖരന് തെല്ലും ആലോചിക്കേണ്ടിയും വന്നില്ല. അങ്ങനെ ഒടുക്കം അത് ഡോക്ടര്‍ വേണുവിന്‍റെ ദത്തുപുത്രനില്‍ ചെന്നെത്തുകയും ചെയ്തു. നിസ്സാരം ചില സ്വത്ത് തര്‍ക്കങ്ങളായിരുന്നത്രേ അയാളെ ഇതിനു പ്രേരിപ്പിച്ചത്.
(കൃഷ്ണകുമാര്‍ ചെറാട്ട്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക