Showing posts with label JijoThankachan. Show all posts
Showing posts with label JijoThankachan. Show all posts

വിടമാട്ടേൻ സീനും നാഗവല്ലിയുടെ നൃത്തവും ഒരു അവലോകനം - 10


വിടമാട്ടേൻ സീനും നാഗവല്ലിയുടെ നൃത്തവും ഒരു അവലോകനം - 10
പരമ്പരക്കു നൽകുന്ന പിന്തുണക്കു നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെപോസ്റ്റിലേക്ക് വരാം 
മണിച്ചിത്രത്താഴിലെ ഏവർക്കും പ്രിയങ്കരമായ ഭയത്തോടെ കാണുന്ന ഒരു സീനിനെ പറ്റിയുള്ള അവലോകനം ആണ് ഇപ്രാവിശ്യത്തെ പോസ്റ്റ്. അത് വേറൊന്നും അല്ല നമ്മടെ ഗംഗ നകുലന്റെ മുൻപിൽ നാഗവല്ലിയായി ആക്രോശിച്ചുകൊണ്ടു കട്ടില് പൊക്കിയിടുന്ന ആ എപിക്‌ "വിടമാട്ടേൻ "സീൻ തന്നെ . ഇതിലെ ശോഭനചേച്ചിയുടെ അഭിനയത്തെ കുറിച്ച് ഞാൻ പറഞ്ഞു നിങ്ങൾ അറിയേണ്ട കാര്യമില്ലല്ലോ . അപ്പോൾ പിന്നെ ഈ സീനിൽ ചില സൈക്കോളജിക്കൽ ആയ കാര്യങ്ങൾ ഒന്ന് അറിയാമെന്നു വിചാരിച്ചു കുറച്ചു ഫ്രണ്ട്സ്നോടും ഗൂഗിൾ അണ്ണനോടും  ഇതിന്റെ കാര്യങ്ങൾ അന്വേഷിച്ചു .
ഇവിടെ ഗംഗ അല്ലിക്കു ആഭരണം എടുക്കാൻ പോകാൻ ഒരുങ്ങുന്ന നേരത്താണ് സണ്ണി നകുലനെ അവളോട് പോകരുതെന്ന് വിലക്കാൻ പറഞ്ഞു വിടുന്നത്. ഇവിടെ എന്തുകൊണ്ടായിരിക്കാം സണ്ണി ആ സമയം തന്നെ നകുലനെ പറഞ്ഞു വിടാൻ കാരണം ? കാരണം മറ്റൊന്നും അല്ല ആ പോക്കിൽ അല്ലിയെ അപായപ്പെടുത്താൻ ശ്രമിക്കും എന്ന് സണ്ണിക്കു വ്യക്തമായി അറിയാവുന്നത് കൊണ്ട് തന്നാണ് അങ്ങനെ ചെയ്തത്. ഇനി നമ്മൾക്ക് ആ സീനിലേക്കു വരാം ഇവിടെ ഗംഗ തുണി തിരയുന്നത് ശ്രദ്ധിക്കുക ഒരു തരം സംശയം ആ കണ്ണുകളിലും ബോഡി ലാംഗ്വേജിലും കാണാൻ സാധിക്കും . ഇതിൽ നിന്ന് ഗംഗ ആ സമയം അസ്വസ്ഥ ആയിരുന്നു എന്ന് അനുമാനിക്കാം.ഇതിൽ നിന്ന് നമ്മൾ മനസ്സിൽ ആക്കേണ്ടതു ഗംഗ ആസമയം നാഗവല്ലിയാകാൻ തുടങ്ങിയിരിക്കുന്നു എന്നാണ്.
ഈ ഒരു ഘട്ടത്തിൽ ആണ് നകുലൻ അവിടേക്ക് വന്നു ഗംഗ പോകരുതെന്ന് വിലക്കുന്നത്. സ്വാഭാവികമായും പലതും പ്ലാൻ ചെയ്തു വച്ചിരിക്കുന്ന ഗംഗ നകുലനോട് ദേഷ്യപ്പെടുന്നു. ഇനി ഇവിടെ നമ്മൾ മനസ്സിൽ ആക്കേണ്ടതു ഒരാൾ രോഷാകുലൻ ആകുമ്പോൾ അയാളുടെ ശരീരത്തിൽ ബോഡിലാംഗ്വേജിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് . അതായത് ദേഷ്യം വരുമ്പോളോ പെട്ടെന്ന് പ്രതികരിക്കേണ്ട ആവശ്യം വരുമ്പോളോ നമ്മളുടെ ശരീരത്തിൽ അഡ്രിനൽ ഗ്ലാൻഡ്‌സ് എന്ന് പറയുന്ന രണ്ടു ഗ്രന്ഥികൾ ഹോർമോണുകൾ ആയ അഡ്രിനാലിൻ, കോർട്ടീസോൾ എന്നീ ഹോർമോണുകൾ ഉല്പാദിപ്പിക്കും . ഈ ഹോർമോണുകൾ ചെയ്യുന്ന പ്രധാന പരിപാടികൾ ആണ് ശ്വാസോച്ഛാസം കൂട്ടുക , ഹൃദയമിടിപ്പ് കൂട്ടുക BPകൂട്ടുക മസിലുകളിലേക്കുള്ള രക്തയോട്ടം കൂട്ടുക അതുവഴി കൂടുതൽ ഊർജം അവക്ക് കൊടുക്കുക തുടങ്ങിയവ കൂടാതെ നമ്മളുടെ ശബ്ദത്തിൽ വ്യതിയാനം വരുത്താനും സാധിക്കും .അതുപോലെ ദേഷ്യപ്പെടുമ്പോൾ നമ്മളുടെ കണ്ണുകൾ വികസിക്കുകയും മുഖം വലിഞ്ഞു മുറുകുകയും ചെയ്യും . കൂടാതെ കൈകാലുകളുടെ ചലനങ്ങളിൽ അസ്വാഭാവികത ഉണ്ടാവുകയും ചെയ്യും.
ഇവിടെ നമ്മൾ ചിത്രത്തിലെ സീനിലേക്കു വന്നാൽ ഈ ലക്ഷണങ്ങൾ അക്ഷരം പ്രതി ശരിയാണെന്ന് കാണാം . ഗംഗയിലെ മനോരോഗിയിൽ കാണുന്ന ലക്ഷണങ്ങൾ എല്ലാം ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോര്ഡർ അഥവാ മൾട്ടിപിൾ പേഴ്സണാലിറ്റി ഡിസോർഡർ എന്ന രോഗാവസ്ഥയിൽ ഉണ്ടാവുന്നതാണ് . അതായതു ആ സീനിൽ അവളുടെ സംശയം , കണ്ണുകൾ വികസിക്കുന്നത് പെട്ടെന്നു മൂഡ് ചേഞ്ച് ആവുന്നത് കയ്യിൽ തുണി കറക്കികൊണ്ടിരിക്കുന്നത് ശ്വാസോച്ഛാസം ഉയരുന്നത് , മറ്റുഭാഷാ സംസാരിക്കുന്നതു കൈവിരലുകൾ മടക്കി വക്കുന്നത് എല്ലാം ഈ രോഗവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ ആണ്.
ഇവിടെ വരുന്ന വേറൊരു സംശയം എങ്ങനെ ആണ് ഗംഗ ആ കട്ടിൽ വലിച്ചു പൊക്കിയത് എന്നതാണ് . ഇതിനുള്ള ഉത്തരം ഗംഗ ആ സമയം നാഗവല്ലി ആണ് . ഗംഗക്കു വിലക്കപ്പെട്ട പലതും നേടിയെടുക്കാനുള്ള ഒരു വ്യക്തിതം ആയിരുന്നു ഇവിടെ നാഗവല്ലി അവൾക്കു . അതായതു ഗംഗക്കുള്ള തടസ്സങ്ങൾ ഒന്നും നാഗവല്ലിക്കില്ല എന്ന് അവൾ ശക്തമായി വിശ്വസിക്കുന്നു . അങ്ങനെ ഉള്ള ചിത്തമനസ്സു എന്തെങ്കിലും നേടണം എന്ന് വിചാരിച്ചാൽ അതിനു കഴിയും . കൂടാതെ ഈ ചിത്തമനസ്സു അവളുടെ അബോധം ആണെന്ന് കൂടി മനസ്സിൽ ആക്കുക. അബോധമനസ്സിനു ബോധമനസ്സിനെക്കാൾ ശക്തി കൂടുതൽ ആണ്. അതുകൊണ്ടു തന്നെ അവൾ ദേഷ്യപ്പെടുമ്പോൾ ആ കട്ടിൽ ഒക്കെ തന്നെ കൊണ്ട് പൊക്കാൻ സാധിക്കും എന്ന് ഉള്ള ഒരു വിശ്വാസം അബോധത്തിനു ഉണ്ട്. കൂടാതെ മുമ്പുപറഞ്ഞ ഹോർമോൺസ് വ്യതിയാനം മൂലം അവളുടെ ശക്തി അല്ലെങ്കിൽ അത് പൊക്കാൻ ഉള്ള ഊർജം ലഭിക്കുകയും ആ കട്ടിൽ നിഷ്പ്രയാസം പൊക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ തന്നെ ഒരു കട്ടിൽ ഒക്കെ പൊക്കുക എന്ന് പറയുന്നത് മനുഷ്യസാധ്യമല്ലാത്ത കാര്യം ആണോ??
പിന്നീടുള്ളത് ഗംഗ അബോധാവസ്ഥയിൽ ആവുന്നതാണ് ഇതിനു കാരണം അവളുടെ മനസ്സ് അത്ര കലുഷിതം അയതും കയർത്തു സംസാരിച്ചതും അവളുടെ ഊർജം മുഴുവനും കട്ടിൽ പൊക്കിയതിലൂടെയും മറ്റും നഷ്ടപെട്ടതും കൊണ്ടും അവളെ ക്ഷീണിത ആക്കിയതാവാം .
ഇതിൽ നിന്നും അഭിനയത്തിൽ ആയാലും ഡബ്ബിങ്ങിൽ ആയാലും തിരക്കഥയിൽ ആയാലും സംവിധാനത്തിൽ ആയാലും എല്ലാം കൊണ്ടും തികഞ്ഞ ഒരു രംഗം ആയിരുന്നു ഈ സീൻ എന്ന് നമ്മൾക്ക് മനസ്സിൽ അക്കാവുന്നതാണ്. ഇതിൽ നിന്നും എത്രത്തോളം റിസേർച്ചുകൾ മധുമുട്ടവും ഫാസിൽ സാറും കൂടി നടത്തിയിട്ടുണ്ടെന്നും നമ്മൾക്ക് ഊഹിക്കാവുന്നതാണ്.
അതുപ്പോലെ തന്നെ ഈ സീനിനെ കുറിച്ച് ഉള്ള അടുത്ത സംശയം ഗംഗയിൽ നാഗവല്ലിയുടെ പ്രേതം അല്ലായെങ്കിൽ പിന്നെങ്ങനെ ഗംഗ തമിഴ് സംസാരിക്കുകയും നൃത്തം ചവിട്ടുകയും ചെയ്യുന്നു എന്നതായിരുന്നു
ഈ ചോദ്യം എന്നെയും പിടികൂടിയപ്പോൾ "എന്റെ അള്ളാ പെട്ട് " എന്ന് വിചാരിച്ചതാണ്. ഭാഗ്യത്തിന് അവിടെയും ചെറിയൊരു "കുളു " നമ്മടെ മധുമുട്ടവും ഫാസിൽ സാറും തന്നിട്ടുണ്ടായിരുന്നു  .
ഇവിടെ നമ്മൾക്കൊന്നു സണ്ണി ഗംഗയുടെ രോഗവിവരം നകുലനോട് ടേബിൾ ലാംപ് വെളിച്ചത്തിൽ പറയുന്നത് ശ്രദ്ധിക്കുക . "രാത്രി കാലങ്ങളിൽ നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ തമിഴ്‌ പാട്ടുപാടി നൃത്തം ചെയ്യുന്നു " . ഈ ഒരു വാചകത്തിൽ തന്നെ ഗംഗക്ക് നൃത്തം ആണ് അറിയാൻ പാടില്ലാത്തതു തമിഴ് അല്ല എന്ന് ഊഹിക്കാം .
ഇങ്ങനെ കരുതി സമാധാനിച്ചപ്പോൾ ആണ് അടുത്ത കുനുഷ്ടു ചോദ്യം വന്നത് ,
നിക്ക് നിക്ക് അപ്പൊ ഗംഗ ക്ലൈമാക്സിൽ എങ്ങനെയാണ് ഒരു മുറൈ വന്ത് പാർത്തയാ എന്ന് പാടി നൃത്തം ചെയ്യുന്നത് ... ഒന്ന് പറഞ്ഞെ ?????
ഇതിന്റെ ഗുട്ടൻസി മനസ്സിൽ ആകണമെങ്കിൽ നമ്മൾക്ക് ആ ക്ലൈമാക്സ് നൃത്തരംഗത്തിലേക്കു ഒന്നും കൂടി പോവേണ്ടിവരും . അതായതു ഗംഗ നാഗവല്ലി ആയി ഡാൻസ് കളിക്കുമ്പോൾ മിക്കവാറും ശ്രദ്ധിച്ചിട്ടുണ്ടാവും രണ്ടു കളർ ടോണിൽ ആണ് ആ പാട്ടു ചിത്രീകരിച്ചിരിക്കുന്നത് . അതിൽ ഒന്ന് നാഗവല്ലി രാമനാഥനെ അക്ഷമയോടെ കാത്തിരിക്കുന്ന ഭാഗം നോർമൽ രീതിയിലും മഹാദേവനെ രാമനാഥനായി കണ്ട ശേഷം അവരുടെ ഓർമ്മകൾ കാണിക്കുന്ന ഭാഗം ( അതായതു ഗംഗ ഹാലൂസിനേഷനിൽ ആവുമ്പോൾ ) bright ആയിട്ടുള്ള കളർ ടോണിലും ആണ് കാണിച്ചിരിക്കുന്നത് . ഇതിൽ ആദ്യം പറഞ്ഞ നോർമൽ കളർ ടോണിൽ കാണിക്കുന്നതാണ് ഗംഗയിലെ ചിത്തരോഗി കളിക്കുന്ന നൃത്തം . ഈ നൃത്തം ശ്രദ്ധിച്ചാൽ ഒരു പെർഫെക്ഷൻ ഇല്ലാത്ത രീതിയിൽ ആണ് മുദ്രകളും ചുവടുകളും അവൾ കാണിക്കുന്നത് . ഇതിന്റെ കാരണം എന്നതാ ?? യഥാർത്ഥ ഗംഗ നൃത്തം പഠിച്ചിട്ടില്ല എന്നത് തന്നെ . എന്നാൽ താൻ നേടിയ അറിവുകളും പഴമയോടും കലകളോടും ഉള്ള ഇഷ്ടക്കൂടുതലും കാരണം അവൾ കണ്ടു മറന്ന കുറച്ചു നൃത്തച്ചുവടുകൾ ഉപബോധത്തിൽ വരികയും അതും പ്രകാരം ആ സ്റെപ്സ് കളിക്കുന്നതും ആവാം .
ഇനി തമിഴ് പറയുന്നതിനും വേണമെങ്കിൽ ഒരു വിശദീകരണം നൽകാൻ സാധിയ്ക്കും അതായതു ഒരു മലയാളിക്ക് തമിഴ് വളരെ എളുപ്പത്തിൽ മനസ്സിൽ ആക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. കാരണം നമ്മടെ ഭാഷയോടെ ഏകദേശം സാമ്യത വരുന്ന വാക്കുകളും അർത്ഥങ്ങളും ആണ് തമിഴിൽ ഉള്ളത് എന്നതുകൊണ്ടുതന്നെ . കൂടാതെ പണ്ടുകാലത്തെ ആൾക്കാർ തമിഴ് കലർന്ന മലയാളം ആയിരുന്നല്ലോ ഉപയോഗിച്ചിരുന്നത് . ഇവിടെ ഗംഗയെ കുട്ടിക്കാലത്തു വളർത്തിയിരുന്നവർ മുത്തശനും മുത്തശ്ശിയും കൂടിയായിരുന്നല്ലോ . ചിലപ്പോൾ അങ്ങനെയാവാം ഗംഗയിൽ തമിഴിന്റെ വിത്തുകൾ പാകിയത്. കൂടാതെ കൊൽക്കത്ത പോലെ വ്യാവസായിക നഗരത്തിൽ പല സമൂഹങ്ങൾ ഒന്നിച്ചുകഴിയുമ്പോൾ തമിഴുമായി ഇടപഴകനുള്ള സാധ്യതയും നമ്മൾ കാണണം. അതുപോലെ വായന ,പുരാവസ്തു ഗവേഷണം ഒക്കെ ആണ് ഗംഗയുടെ ഹോബി ആ വഴിയും തമിഴിനെ മനസിൽ ആക്കാൻ അവൾ ശ്രമിച്ചിരിക്കാം . പിന്നീട് അത് മുളക്കാൻ പാകത്തിൽ ഉള്ള സന്ദർഭം വന്നപ്പോൾ ( നാഗവല്ലി തമിഴത്തി ആണ് ) ഉപബോധമനസ്സു തനിക്കു ലഭ്യമായ എല്ലാ കഴിവുകളും ഉപയോഗിച്ച് തമിഴ് പറയുന്നതാകാം .
അതുമല്ലെങ്കിൽ പണ്ടത്തെ കൊട്ടാരങ്ങളിൽ പഴയകാലത്തെ സംഭവങ്ങൾ ചരിത്രങ്ങൾ എഴുത്തോലകളിൽ രേഖപെടുത്തിവക്കുന്ന രീതിയും ഉണ്ടായിരുന്നു അതിലും കൂടുതൽ തമിഴ് കലർന്ന രീതിയിൽ ആയിരുന്നു എഴുതിയിരുന്നത് എന്നാണ് അറിവ് . ഇവിടെ തെക്കിനി പൂട്ടാൻ തമ്പിയും കാട്ടുപറമ്പനും ദാസപ്പനും കൂടി വരുമ്പോൾ അവരെ പേടിപ്പിക്കാൻ എടുത്തെറിയുന്നതിൽ ഇത്തരം ഓലകളും ഉണ്ടായിരുന്നു . ഈ വഴിയും
ഗംഗക്ക് തമിഴ് പറയാൻ സാദ്ധ്യതകൾ ഉണ്ടെന്നു കാണാം .
കൂടാതെ ഇങ്ങനൊരു കാര്യത്തെ പറ്റി ചർച്ച വന്നപ്പോൾ നമ്മളുടെ ഡോക്ടർ സുഹൃത്ത് പുള്ളിയുടെ പരിചയക്കാരൻ ആയ ജസീം എന്ന സൈക്യാട്രിസ്റ് പറഞ്ഞ കാര്യം എന്നോട് പറഞ്ഞു .
അവർ രണ്ടുപേരുടെയും അഭിപ്രയപ്രകാരം " ഇത്തരം ന്യൂസ് നമ്മൾ പത്രതിലും വായിക്കുന്നതാണ് മുസ്ലിം സ്ത്രീ സംസ്കൃതം പറയുന്നു.. ബംഗാളി പറയുന്ന മലയാളി എന്നൊക്കെ
Psychiatry ഇതിനെ explain ചെയ്യുന്നത് കുറച്ചു linguistics കൂടി ചേർത്താണ്.(പുതുതായി ഒരു ഭാഷ സംസാരിക്കുന്നതിനു xenoglossy എന്ന് ആണ് പാരാസൈക്കോളജിയിൽ പറയുന്നത്.പക്ഷെ ഇത് വെറും മിഥ്യാധാരണ മാത്രം ആണെന്നും വാദിക്കുന്നവർ ഉണ്ട് ). അതായതു സംസ്കൃതത്തിൽ നിന്നാണ് മിക്ക indo-ആര്യൻ langunge കളുടെയും ഓർജിൻ .വാക്കുകൾ തമ്മിൽ തന്നെ ചില സാമ്യങ്ങൾ കാണാൻ കഴിയും.
സ്റ്റഡീസ് പറയുന്നത് ഒരു പുതിയ ഭാഷ ഒരാൾ പറയുന്നതിൽ അമാനുഷികമായി ഒന്നും ഇല്ല എന്നും ഈ ലാംഗ്വേജ്ന്റെ ബേസിക് ഇൻഫർമേഷൻ നമ്മുടെ ബ്രൈനിൽ processed ആയി ഉണ്ടെന്നും ..ആ ഉന്മാദത്തിൽ ചിലപ്പോ രോഗിയുടെ ബ്രെയിൻ decode ചെയ്തു use ചെയ്യുന്നതാരിക്കും എന്നാണ്.
എല്ല കേസുകളിലും പരസ്പര ബന്ധം ഉള്ള ഭാഷ മാത്രമേ രോഗി സംസാരികറുള്ളൂ..
അതായത് സംസ്‌കൃതം അറിയാത്ത ഒരാൾ സംസ്‌കൃതം സംസാരിക്കുമ്പോൾ സംസ്‌കൃതം മൂല ഭാഷ ആയി/അല്ല എങ്കിൽ ഏതെങ്കിലും indo-aryan language സംസാരിക്കുന്ന ആളാരിക്കും രോഗി.സിമ്പിൾ ആയി പറഞ്ഞാൽ മലയാളിക്കു തമിഴ് മനസിലാകുന്നത്തിന്റെ ഒരു കോംപ്ലിക്കേറ്റഡ് വെർഷൻ  ".
ഈ അഭിപ്രായങ്ങളിൽ നിന്നും ഗംഗ എങ്ങനെ തമിഴ് പറഞ്ഞു എന്നും നൃത്തം ചവിട്ടി എന്നും മനസ്സിൽ ആയെന്നു വിചാരിക്കുന്നു .
അവസാനമായി ഈ പോസ്റ്റ് എഴുതാൻ സഹായിച്ച പ്രിയ സുഹൃത്ത് നമ്മടെ ഡോക്‌ടർ അരുൺ പോൾ ആലക്കലിനും റഹുമത് അസിമിനും
capitan mifune ക്കും അദ്ദേഹത്തിന്റെ സുഹൃത്ത് സൈക്യാട്രിസ്റ് ജസീമിനും നന്ദി പറഞ്ഞുകൊണ്ട് നിര്ത്തുന്നു. അപ്പോൾ അടുത്ത സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തും വരേയ്ക്കും വിട . നന്ദി 
തുടരും...

Jijo

നാഗവല്ലിയും സണ്ണിയും പിന്നെ കോഡുകളും - ചില വ്യാഖ്യനങ്ങൾ - 9

നാഗവല്ലിയും സണ്ണിയും പിന്നെ കോഡുകളും - ചില വ്യാഖ്യനങ്ങൾ - 9

പരമ്പരക്ക് നൽകുന്ന പിന്തുണക്കു നന്ദി പറഞ്ഞു കൊണ്ട് ഇന്നത്തെ പോസ്റ്റിലേക്ക് വരാം
ഗംഗയുടെ ഉപബോധമനസ്സു എങ്ങനെ നാഗവല്ലിയുടെതായി മാറി എന്നത് സിനിമയിൽ കാണിക്കുന്നുണ്ട് .ഇവിടെ നാഗവല്ലിയുടെ കഥ അറിഞ്ഞ ഗംഗ അതിൽ നിന്നും കണ്ടെടുക്കുന്ന ചില കോഡുകൾ അവളുടെ ഉപബോധമനസ്സിൽ പതിയുന്നതുകൊണ്ടാണ് നാഗവല്ലി എന്ന സ്വത്വം അവളെ കീഴടക്കുന്നത്.കൂടാതെ മാടമ്പള്ളിയിൽ നടക്കുന്ന എല്ലാ വിചിത്ര കാര്യങ്ങൾക്കും ഗംഗയിലെ ചിത്തരോഗിക്കുള്ള പങ്കു വ്യെക്തമാണ് . കൂടാതെ സണ്ണി അവിടെ കാണിക്കുന്ന ഓരോ ചെറിയ കാര്യങ്ങൾക്കു പോലും പല തരത്തിൽ ഉള്ള വ്യാഖ്യാനങ്ങൾ കൊടുക്കുവാൻ സാധിക്കും . അതിൽ ചിലതിനെ പറ്റിയാണ് ഇന്നത്തെ പോസ്റ്റ്.
ആദ്യമായി ഗംഗയിലെ ചിത്തരോഗി തെക്കിനിയിൽ വച്ച് പാടുന്നതിനിടയിൽ സണ്ണി അവിടേക്ക് വരുമ്പോൾ സണ്ണിയെ കിണ്ടി എടുത്തെറിയുന്നുണ്ടല്ലോ. അതിനു ശേഷം ആരാണ് എറിഞ്ഞതെന്നു നോക്കാൻ താഴേക്ക് ഇറങ്ങുമ്പോൾ ചന്തുവിനെ കാണുകയും പിന്നീട് എപിക്‌ ആയ" കിണ്ടി " സീൻ അരങ്ങേറുകയും ചെയ്യുന്നു . ചിത്രത്തിലെ നല്ലൊരു തമാശരംഗം ആയി നമ്മൾ അതിനെ കണ്ടു . എന്നാൽ വെറും തമാശരംഗമായി തള്ളി കളായാനാവുന്നതല്ല അതെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ എന്തുകൊണ്ടായിരിക്കും ചന്തുവാണ് ആ കിണ്ടി എറിഞ്ഞതെന്നു ഉള്ള രീതിയിൽ അവിടെ സണ്ണി സംസാരിച്ചത്. കാരണം സണ്ണി ഒരു സ്ത്രീശബ്ദം അല്ലെ കേട്ടത് കൂടാതെ ചിലങ്കയുടെ ശബ്ദവും കേൾക്കുന്നുണ്ട്.അപ്പോൾ പിന്നെ എന്തിനു ചന്തു " കിണ്ടി "ആയി ?
ഇവിടെയാണ് നമ്മൾ സണ്ണിയെ മനസ്സിലാക്കേണ്ടത് ,അതായതു ചിത്തരോഗി തന്നെ വീണ്ടും അക്രമിക്കുമോ എന്നൊരു ഭയം സണ്ണിക്കുണ്ട്. കാരണം തെക്കിനിയിൽ നിന്ന് ഓടിയ സ്ത്രീയെ കണ്ടില്ല എന്നതുകൊണ്ടുതന്നെ അവൾ തക്കം പാർത്തിരുന്നു അക്രമിക്കുമോ എന്ന് സണ്ണി ഭയക്കുന്നുണ്ടാകാം . അതുകൊണ്ടുതന്നെ ചിത്തരോഗിയല്ല കിണ്ടി എറിഞ്ഞതെന്നു കാണിക്കാൻ ചന്തുവിന്റെ സാന്നിധ്യം സണ്ണി വിദഗ്ധമായി ഉപയോഗിക്കുകയാണ് അവിടെ . അങ്ങനെ തന്റെ നേർക്കുള്ള ചിത്തരോഗിയുടെ ആക്രമണവും സംശയവും ഒഴിവാക്കാനായിരിക്കാം സണ്ണി കിണ്ടി എന്ന് ചന്തുവിനെ വിളിക്കുന്നത്.കൂടാതെ കുളത്തിൽ കുളിക്കാൻ പോകുന്ന സണ്ണി ചന്തു പെട്ടെന്ന് കുളത്തിലേക്ക് ചാടുമ്പോൾ പേടിക്കുന്നതും കൂടി ശ്രദ്ധിക്കുക .
ഇനി ഗംഗയുടെ നാടായ ഏവൂരിലേക്കു സണ്ണിയും "കിണ്ടിയും" കൂടി പോകുന്ന രംഗം നോക്കുക .ബസിൽ പോകാമെന്ന് പറയുന്ന ചന്തുവിനോട് അല്ലിയുടെ സൈക്കിളിൽ പോകാം എന്നാണു സണ്ണി പറയുന്നത്.ഇവിടെ ചിലർ ചോദിച്ച സംശയം ആരെങ്കിലും 70 km ദൂരം സൈക്കിളിൽ പോകുമോ എന്നാണ് .
ഇവിടെ ഇക്കാലത്തു പോലും സൈക്കിളിൽ ദിവസം നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്നവർ ഉണ്ട് . കൂടാതെ ഇന്നത്തെ പോലെ ട്രാഫിക് ഒന്നും അന്ന് ഇല്ലായിരുന്നല്ലോ . എന്നാൽ എന്തുകൊണ്ടാണ് ധാരാളം സമയം ലാഭിക്കാമെങ്കിലും ബസിൽ പോകാതെ അല്ലിയുടെ സൈക്കിളിൽ തന്നെ അവർ പോകുന്നത്? ഇതിനായി സൈക്കിളിൽ തന്നെ പോകാം എന്ന് പറയുമ്പോളും ചന്തു അവിടെ നിന്ന് പോയ ശേഷവും ഒരു ഗൗരവഭാവം സണ്ണിയുടെ മുഖത്ത് വരുന്നത് ശ്രദ്ധിക്കുക.എന്തോ പ്ലാൻ ചെയ്യുന്നത് പോലെ അല്ലെ .
ഇനി അവർ എന്ത് കൊണ്ടാണ് സൈക്കിളിൽ പോകുന്നതെന്ന് അറിയാൻ അല്ലി മാടമ്പള്ളിയിലേക്കു വരുന്ന രീതി ശ്രദ്ധിച്ചാൽ മതി. സൈക്കിളിലാണ് അല്ലി അവിടേക്ക് വരുന്നത് . ഇതറിയാവുന്ന ഗംഗയുടെ ഉപബോധമനസ്സു അല്ലി മാടമ്പള്ളിയിൽ വന്നിട്ടുണ്ടെന്ന് ആ സൈക്കിൾ അവിടുള്ളതിലൂടെ അറിയുകയും അല്ലിയെ അപായപ്പെടുത്താൻ തക്കംപാർത്തിരിക്കുകയും ചെയ്യും.അതായത് സൈക്കിൾ ഒരു കോഡായി വർത്തിക്കുന്നു .ഇതറിയാവുന്ന സണ്ണി അല്ലി മാടമ്പള്ളിയിലേക്കു താനില്ലാത്തപ്പോൾ വരുന്നത് തടയാനാണ് അല്ലിയുടെ സൈക്കിളിൽ തന്നെ അത്രയും ദൂരം പോകുന്നത്.അപ്പോൾ നകുലനെ ആക്രമിക്കില്ലേ എന്നൊരു സംശയം അവിടെ ഉയരുന്നുണ്ട് . എന്നാൽ നകുലൻ ഒരു ഗവണ്മെന്റ് എംപ്ലോയ്‌ ആയതുകൊണ്ട് പകൽ സമയം മാടമ്പള്ളിയിൽ കാണാൻ സാധ്യത കുറവാണ് എന്നത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.കൂടാതെ ഗംഗയിൽ ചിത്തരോഗി ഉണരുവാൻ തക്കതായ എന്തെങ്കിലും കാരണങ്ങൾ വേണം . അങ്ങനുള്ള ട്രിഗറുകൾ പരമാവധി ഒഴുവാക്കിയാണ് സണ്ണി ആ യാത്ര പ്ലാൻ ചെയ്യുന്നത്.
അതുപോലെ തന്നെ ആ സമയം ചന്തു വളരെ അധികം മാനസിക വിഷമം അനുഭവിച്ചിരുന്നു എന്ന് കാണാം . കാരണം തന്റെ ചേച്ചിയെ അകാരണമായി ഭ്രാന്തിയെന്നു മുദ്രകുത്തിയത്തിൽ വളരെ അധികം പ്രയാസം ഉണ്ടായിരുന്നു അവനു. ഈ സ്ട്രെസ്സിൽ നിന്നുകൂടി ചന്തുവിനെ രക്ഷപെടുത്താൻ ആണ് അക്കാലങ്ങളിൽ കൂടുതൽ പേര് ഉപയോഗിച്ച സൈക്കിൾ യാത്ര സണ്ണി തിരഞ്ഞെടുക്കുന്നത് ,കൂടാതെ ചന്തുവിനോട് സ്വസ്ഥമായി കാര്യങ്ങൾ സംസാരിക്കാനും ഈ അവസരം വിനിയോഗിക്കാം .കാരണം തറവാട്ടിൽ സണ്ണിക്ക് ഒരാളുടെയെങ്കിലും പിന്തുണ കൂടിയേ തീരു എന്ന് സണ്ണിക്കറിയാം . ഇതിൽ നിന്നും സണ്ണിയുടെ മറ്റൊരു "സൈക്കിൾ ഓടിക്കൽ മൂവ് " ആയിരുന്നു ഈ സൈക്കിൾ യാത്ര എന്ന് നമ്മൾക്ക് അനുമാനിക്കാമല്ലോ 
അടുത്തതായി നകുലൻ ചായയിൽ വിഷം ഉണ്ടെന്നറിയുന്ന രംഗം നോക്കുക . ഇതിന്റെ രണ്ടു ചാൻസുകളെ പറ്റി നേരത്തെ തന്നെ ഒരു എപ്പിസോഡിൽ നമ്മൾ ചർച്ച ചെയ്തതാണല്ലോ .എന്തുകൊണ്ടാണ് വിഷം കൊടുത്തത്‌ എന്നതിനുള്ള പ്രാഥമികമായ ഉത്തരം എല്ലാവര്ക്കും അറിയാവുന്നതാണലോ. ആദ്യ ചാൻസ് ആയ ഗംഗയാണ് വിഷം കലർത്തിയതെങ്കിൽ വിഷം കൊടുത്തു തന്നെ നകുലനെ കൊല്ലാൻ നോക്കിയത് എന്തുകൊണ്ടാണ്?
ഇതിനുള്ള ഉത്തരം അറിയണമെങ്കിൽ ഗംഗ ഭാസുരയിൽ (kpac ലളിതേച്ചിയിൽ) നിന്ന് നാഗവല്ലിയുടെ കഥ കേൾക്കുന്ന രംഗം നോക്കേണ്ടിവരും.അതായതു നാഗവല്ലിയെ തെക്കിനിയിലിട്ടു വെട്ടികൊന്നശേഷം പിന്നീട് നാഗവല്ലി പ്രേതമായി കാരണവരെ ഓടിച്ചെന്നും മന്ത്രം ചൊല്ലിയാണ് അപ്പോൾ രക്ഷപെട്ടന്നും അവർ പറയുന്നുണ്ട് കൂടാതെ പിന്നീട് ഹോമം നടത്തി നാഗവല്ലിയെ ആവാഹിച്ചു തെക്കിനിയിൽ ബന്ധിച്ചതായും എന്നാൽ അതിനുശേഷം ശങ്കരന്തമ്പിയും "വിഷം" കഴിച്ചു ആത്മഹത്യാ ചെയ്യുകയായിരുന്നു എന്നും പറയുന്നുണ്ട്.ഇവിടെ കാരണവർ ആത്മഹത്യാ ചെയ്ത രീതി ശ്രദ്ധിക്കുക .വിഷം കഴിചാണ് ആത്മഹത്യാ ചെയ്തത്.ഇത് ഗംഗയുടെ ഉപബോധമനസ്സിൽ ഉണ്ട്.അങ്ങനെ വരുമ്പോൾ ഗംഗ കാരണവരായി കാണുന്ന നകുലനെ അല്ലെങ്കിൽ പണ്ട് തന്നിൽ നിന്ന് രക്ഷപെട്ട ശങ്കരന്തമ്പിയെ പഴയതു ഓർമ്മിപ്പിക്കാൻ കൂടിയാവണം ഗംഗ അങ്ങനെ ചെയ്തത് കാരണം വിഷം കഴിച്ച മരണവെപ്രാളം കാണിക്കുന്ന നകുലനിൽ അവൾ ആ പഴയ കാരണവരെയാണ് കാണുന്നത് എന്നത് തന്നെ.
ഇനി അന്ന് പറഞ്ഞപോലെ രണ്ടാമത്തെ ചാൻസ് ആയ സണ്ണി ആണ് വിഷക്കുപ്പി അവിടെ കൊണ്ടിട്ടതെങ്കിൽ ഈ കഥകൾ എല്ലാം സണ്ണി നേരത്തെ മനസ്സിൽ ആകിയിട്ടുണ്ടാകാം . അതിൽ നിന്ന് തന്നെ ഗംഗയിലെ ചിത്തരോഗിയെ മനസിലാക്കുവാൻ വേണ്ടി കാരണവരുടെ മരണവുമായി കണക്ട് ചെയ്യുന്ന ട്രിഗർ ആയി ആ വിഷക്കുപ്പി കണ്ടെത്തുന്നതാകാം.
അടുത്തതായി ക്ലൈമാക്സിൽ നാഗവല്ലിക്കു നകുലനെ കൊല്ലാൻ വാൾ കൊടുക്കുന്നത് ശ്രദ്ധിക്കുക ഇതെന്തുകൊണ്ടാണ് ? കാരണം നാഗവല്ലിയെ തെക്കിനിയിൽ ഇട്ടു വെട്ടികൊന്നയാളാണ് ശങ്കരന്തമ്പി അങ്ങനെ വരുമ്പോൾ ഈ കഥ അറിയാവുന്ന ഗംഗയുടെ ഉപബോധമനസ്സു ശങ്കരന്തമ്പിയെയും അതേപോലെ തന്നെ കൊല്ലാൻ നോക്കും .കൂടാതെ കഴിഞ്ഞ പോസ്റ്റുകളിൽ പറഞ്ഞിരുന്ന ദുർഗ ദേവിയുടെ മഹിഷാസുരനെ തലവെട്ടി നിഗ്രഹിക്കുന്ന പ്രതികാരരീതികൂടി കണക്കിലെടുത്തുകൊണ്ടും കൂടിയാവണം നാഗവല്ലി ഈ രീതിയിൽ പ്രതികാരം നടപ്പാക്കുന്നത്. അങ്ങനെ നാഗവല്ലിയുടെ പകയെ അടക്കാൻ ആണ് സണ്ണി വാൾ വച്ച് കൊല്ലാൻ ഉള്ള വിദ്യ അവിടെ പ്രയോഗിക്കുന്നത്.
ഇങ്ങനെ ധാരാളം ലിങ്കുകൾ ചിത്രത്തിലുടനീളം തിരക്കഥാകൃത്തായ മധുമുട്ടം നൽകിയിട്ടുണ്ട് .അതൊക്കെ നമ്മൾക്ക് വഴിയേ മനസിലാക്കാം. അപ്പോൾ അടുത്ത പോസ്റ്റ് വരേയ്ക്കും വിട നന്ദി
തുടരും ..

Jijo

കാവൂട്ടും ഗംഗയും ഒരു മുറൈ വന്ത് പാറായോ പാട്ടും തമ്മിൽ - 8


കാവൂട്ടും ഗംഗയും ഒരു മുറൈ വന്ത് പാറായോ പാട്ടും തമ്മിൽ - 8

Install Nallezhuth Android App from Google Playstore and visit "പുതിയ   തുടർരചനകൾ " to read all chapters of long stories.

ആദ്യം തന്നെ പരമ്പരയ്ക്കു നിങ്ങൾ വായനക്കാർ നൽകുന്ന മികച്ച പിന്തുണക്ക് നന്ദി അറിയിക്കുന്നു. നിങ്ങളുടെ പ്രോത്സാഹനം ആണ് ഈ പരമ്പര മുൻപോട്ടു കൊണ്ടുപോകുന്നത് ആയതിനാൽ നിങ്ങളുടെ സംശയങ്ങൾ , അറിവുകൾ വിമർശങ്ങൾ എല്ലാം അറിയിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിച്ചുകൊണ്ടു ഇന്നത്തെ പോസ്റ്റിലേക്കു വരാം .
ഇന്ന് പറയാൻ പോകുന്നത് ഗംഗ പാടുന്ന കാവൂട്ടിലെ കവിതയായ വരുവാനില്ലാരുമീ വിജനമാം ഈ വഴി പാട്ടും തെക്കിനിയിൽ നിന്ന് നാഗവല്ലി പാടുന്നതായി കേൾക്കുന്ന "ഒരു മുറൈ വന്ത് പാറായോ" പാട്ടും തമ്മിൽ ഉള്ള ചില സാദൃശ്യങ്ങളിലേക്കും ഇത് എങ്ങനെ ഗംഗയെ സ്വാധീനിക്കുന്നു എന്നുമാണ്
ഇവിടെ ആദ്യം കാവൂട്ടിലെ പാട്ടിൽ കൂടി ആണ് ഗംഗയുടെ പൂർവകാല ജീവിതം വളരെ വിദഗ്ധമായി സംവിധായകൻ വരച്ചിടുന്നത് എന്ന് നമ്മൾക്ക് കാണാം. എന്നാൽ ആ കാണിക്കുന്ന ജീവിതം എത്രത്തോളം പ്രാധാന്യം അർഹിച്ചിരുന്നു എന്ന് ഓരോ പ്രേക്ഷകനും മനസ്സിൽ ആക്കുന്നത് പിന്നീടു സണ്ണി ഗംഗയുടെ രോഗം വിശദീകരിക്കുമ്പോൾ മാത്രമാണ്. ഇവിടെ ഈ ഗാനം ശ്രദ്ധിച്ചാൽ തന്റെ പൂർവ്വ ജീവിതത്തിൽ ഉണ്ടായ മാതാപിതാക്കളുടെ വേർപാട് , ഒറ്റപെടലുകൾ , കാത്തിരിപ്പ് എല്ലാം ഗംഗ ഓർക്കുന്നതായി കാണാം. ഇത് അവളെ കൊണ്ടെത്തിച്ചത് മനോരോഗത്തിലേക്കാണ് എന്ന് പിന്നീട് നമ്മൾ മനസ്സിൽ അക്കുന്നുണ്ട്. ഒരുതരത്തിൽ ഈ വേദനകളെ, വിരഹത്തെ എല്ലാം കാവൂട്ടിലെ ആ പാട്ടിൽ കൂടി ഗംഗ പറയുകയാണ് ചെയ്യുന്നത്. ഒന്ന് ശ്രദ്ധിച്ചാൽ ഈ ഗാനരംഗത്തു പല തവണ ഗംഗയുടെ കാത്തിരിപ്പിനെ കാണിച്ചിട്ടുള്ളതായി കാണാം .അത് മാതാപിതാക്കളെയാവാം അത് ചിലപ്പോൾ ജോലിതിരക്കുള്ള തന്റെ ഭർത്താവിനെയും ആവാം . അല്ലെങ്കിൽ ഏതെങ്കിലും ഒരു മായികലോകത്തോ ആയിരിക്കാം അവൾ, ഈ കാത്തിരിപ്പിന് വേറൊരു വെർഷൻ കൂടി ഉണ്ട് അതിനെ പറ്റി പിന്നൊരിക്കൽ പറയാം.
ഇനി നമ്മൾക്ക് തെക്കിനിയിൽ നിന്ന് രാത്രികാലത്തു കേൾക്കുന്ന" ഒരു മുറൈ വന്തു പാറായോ" പാട്ടിലേക്കു വരാം . ഇവിടെ നാഗവല്ലി തന്റെ കാമുകന്റെ വരവിനെ കാത്തു ചിലങ്ക ഇട്ടു നൃത്തം ചെയ്യുമ്പോൾ അവൾ താങ്ങാൻ ആവാത്ത വിരഹവേദനയിൽ പാടുന്ന പാട്ടാണ് ഈ തമിഴ് പാട്ടു.
ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് "വരുവാനില്ലാരുമീ വിജനമാം ഈ വഴി" എന്ന പാട്ടു ഗംഗ എന്ന വ്യക്തിയുടെ ബോധമനസ്സിലെ ചിന്തകളിൽ നിന്നും ഉണ്ടായ വിരഹത്തിൽ നിന്നും പാടുന്നതാണ് എന്നും അതുപോലെ "ഒരു മുറൈ വന്തു പാറായോ" പാട്ടു ഗംഗയുടെ താളം തെറ്റിയ അബോധമനസ്സായ നാഗവല്ലിയുടെ കാമുകവിരഹവേദനയിൽ നിന്നുമാണ്‌ പാടിയതെന്നും മനസ്സിൽ ആക്കാവുന്നതാണ്. അതായതു ഗംഗയിലെ രണ്ടു വിഭിന്ന തലത്തിലുള്ള മാനസ്സികതലങ്ങളിലെ വിരഹത്തെ ആണ് സംവിധായകൻ ഈ രണ്ടു ഗാനങ്ങളിലൂടെ നമ്മൾക്ക് മുൻപിൽ വളരെ സിംപിൾ ആയി കാണിച്ചു തന്നത് .
അത് പോലെ ബോധതലത്തിൽ ഉള്ള ചിന്തകൾ വരുവാനില്ലാരുമീ പാട്ടിലൂടെ "പകൽ" ഗംഗ പാടിയതായി കാണിക്കുമ്പോൾ ഗംഗയുടെ അബോധതലത്തിലെ ചിന്തകളെ , വേദനകളെ നഗവല്ലിയാകുമ്പോൾ പാടുന്ന ഒരുമുറൈ വന്തു പാറായോ പാട്ടിലൂടെ "രാത്രികാല"ത്താണു കേൾക്കുന്നതായി കാണിച്ചിരിക്കുന്നത്. കാരണം പകലിനു ശാന്ത സ്വഭാവം ആണ് ഭയപാടുകളും ഇല്ല കൂടാതെ ഉണർന്നിരിക്കുമ്പോൾ മിക്കവാറും ബോധചിന്തകളിൽ ആണ് നമ്മളും അതുപോലെ തന്നെ ഗംഗയും .അത് കാവൂട്ടിലെ പാട്ടിൽ കൂടി പ്രതിഫലിപ്പിക്കാനും സംവിധായകന് കഴിഞ്ഞു.
കൂടാതെ രാത്രിക്ക് എപ്പോഴും ഒരു നിഗൂഡസ്വഭാവവും ഭയവും ആണ് ഉള്ളത് . കൂടാതെ രാത്രി ഉറക്കത്തിൽ ആണ് നമ്മളുടെ പല അബോധചിന്തകളും വരുന്നത് അത് ചിലപ്പോൾ സ്ലീപ് വാക്കിങ് എന്ന രോഗവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കും , ഗംഗക്കും ഇതാണ് സംഭവിക്കുന്നത് . ഈ അനശ്ചിതാവസ്ഥയിൽ ഉളവാക്കുന്ന ആ ഭയത്തെയും നിഗൂഢതയെയും ഒരു മുറൈ വന്തു പാറായോ പാട്ടിൽ കൊണ്ടുവരാൻ സംഗീതസംവിധായകനും സംവിധായകനും കഴിഞ്ഞിട്ടുണ്ട് . അതായതു ഒരു പാച്ചിക്ക ബ്രില്ലിൻസി ആയിരുന്നു ഈ രണ്ടു പാട്ടുകളും അതിന്റെ ചിത്രീകരണവും എന്ന് ഇതിൽ നിന്ന് മനസ്സിൽ ആയെന്നു വിചാരിക്കുന്നു .
ഇനി നമ്മൾക്ക് ഗംഗ വായിക്കുന്ന പി മഹാദേവന്റെ "കാവൂട്ട് " എന്ന പുസ്തകവും അതെങ്ങനെ ഗംഗയെന്ന വ്യെക്തിയെ സ്വാധീനിക്കുന്നു എന്നും നോക്കാം .
ഇവിടെ ഗംഗ എന്തുകൊണ്ട് കാവൂട്ടു എന്ന പുസ്തകം തന്നെ വായിക്കാനെടുത്ത് ?
ഇതുമനസ്സിലാക്കാൻ നമ്മൾ സാധാരണ ഒരു പുസ്തകം വായിക്കാൻ എടുക്കുന്ന ലോജിക് ആലോചിച്ചാൽ മതി. മിക്കവാറും പുസ്തകത്തിന്റെ പുറംചട്ടയിൽ കാണുന്ന പേരും ചിത്രങ്ങളും അതിൽ അടങ്ങിയിരിക്കുന്ന വാക്കുകളും അർത്ഥതലങ്ങളും ചിന്തകളും എല്ലാം നമ്മൾ ഒരു പുസ്തകം വായിക്കുവാൻ എടുക്കുമ്പോൾ നോക്കാറുണ്ട് .നമ്മളുടെ താല്പര്യങ്ങൾ ഇഷ്ടങ്ങൾ ഇഷ്ടക്കേടുകൾ എല്ലാം ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട് അങ്ങനെ വരുമ്പോൾ ഗംഗയുടെ പഴയ കല സ്‌മൃതികളേ ഓർത്തെടുക്കാൻ പാകത്തിലുള്ള പേരും ഉള്ളടക്കവുമാണ് കാവൂട്ടു എന്ന പി മഹാദേവൻ എഴുതിയ പുസ്തകത്തിനുള്ളത് .അതുകൊണ്ടുതന്നെ സ്വാഭാവികമായും ഗംഗ ഈ പുസ്തകം വായിക്കാനെടുക്കുന്നതും അത് അവളുടെ ഇഷ്ട പുസ്തകവുമായി മാറുകയും ചെയ്യുന്നു.
ഇത് മനസ്സിലാക്കാനായി നമ്മൾക്ക് കാവൂട്ടു എന്ന പേരിനെ ഒന്ന് മനസ്സിലാക്കാം .അതായതു കാവുകളിലെ പ്രതിഷ്ഠകൾക്കു നടത്തുന്ന ഒരു വഴിപാടാണ് കാവൂട്ട് .കാവൂട്ടിലൂടെ ദേവിയെ പ്രീതിപ്പെടുത്തുന്നു. ഇതിനായി പുള്ളുവൻ പാട്ടിന്റെ അകമ്പടിയും കാണും .ബലിയിടുന്ന സ്ഥലം എന്നാണു കാവിന്റെ അർഥം .ഈ പുസ്തകം ഗംഗ വായിക്കുമ്പോൾ അവളുടെ ബാല്യകാലത്തെ ഓർമകളിലേക്ക് പോകുന്നത് ശ്രദ്ധിക്കുക .അതിന്റെ പ്രാധാന്യം പിന്നീട് നമ്മൾ സണ്ണി പറഞ്ഞാണ് നമ്മൾ മനസ്സിലാക്കുന്നത് . ഇവിടെ അവളുടെ ബാല്യകാലം മാതാപിതാക്കളിൽ നിന്നുള്ള അവഗണനയിൽ നിന്നുള്ള ഒറ്റപെടലിന്റേതായിരുന്നു എന്ന് കാണാം .അവൾ അതിനെ മറികടക്കുന്നത് മുത്തശ്ശിയിലൂടെയും മുത്തശി പറഞ്ഞ പുള്ളുവൻ പാട്ടുകളും കഥകളും വിശ്വാസങ്ങളിലൂടെയും ആയിരുന്നു . അതായതു അവളുടെ ഒറ്റപെടലിനെ മറികടക്കാൻ അവളുടെ മനസ്സ് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചെന്നു ചുരുക്കം .
പിന്നീട് 10 ആം ക്ലാസ്സിൽ വച്ച് തന്നെ കൊൽക്കത്തയിലേക്കു കൊണ്ടുപോകാൻ മാതാപിതാക്കൾ വരുന്നുണ്ടെന്നറിയുന്നതോടെ ഗംഗ യുടെ മനസ്സ് പ്രഷുബ്‌ദ്ധമാകുകയും അതൊരു സൈക്കിക് പ്രോബ്ലം ആവുകയും ചെയ്യുന്നു. കാരണം നേരത്തെ ഉണ്ടായ ബാല്യത്തിലെ ഒറ്റപെടലിന്റെ ഭീകരതയിൽ നിന്ന് രക്ഷപെടാൻ വിശ്വാസങ്ങൾ കൊണ്ടു ഗംഗയുടെ മനസ്സ് ഉണ്ടാക്കിയ മതിൽകെട്ടുകൾ തകർന്നു പോകാൻ പോകുന്നു എന്നറിഞ്ഞതിൽ നിന്നുണ്ടായ സൈക്കിക് വൈബ്രേഷൻ കൊണ്ടുതന്നെ.
പിന്നീട് മാതാപിതാക്കൾക്കൊപ്പം കൊൽകത്തയിലെത്തുന്ന ഗംഗ അവിടുത്തെ ചികിത്സ കൊണ്ട് പതിയെ അത് മറക്കുകയും ചെയ്യുന്നുണ്ട് .എന്നാൽ ഗംഗ യുടെ യഥാർത്ഥ പ്രശ്നത്തെ കാണാത്തതുകൊണ്ടു ഈ രോഗം വരാനുള്ള സാധ്യത വർഷങ്ങളോളം ഗംഗയിൽ ഉറങ്ങിക്കിടന്നു എന്ന് സണ്ണി പറയുന്നുണ്ട്.ഈ കാരണം കൊണ്ട് തന്നെ അവസാനം കാവൂട്ട് എന്ന പുസ്തകം വായിക്കുന്നതോടെ പണ്ട് മറന്ന കാര്യങ്ങൾ അവളുടെ ഓർമകളെ ഉണർത്തുകയും ചെയ്യുന്നു.
അതിനെ തുടർന്ന് ആ ഗ്രന്ഥകർത്താവിനോട് പതിയെ ഗംഗയുടെ ഉപബോധമനസ്സിനു ആരാധന തോന്നുകയും ചെയ്യുന്നുണ്ടെന്ന് നമ്മൾക്ക് ചിത്രത്തിൽ നിന്ന് മനസ്സിൽ ആക്കാവുന്നതാണ്. അത് പിന്നീട് മഹാദേവനെ എങ്ങനെയും സ്വന്തം ആക്കണം എന്ന ഭ്രാന്തമായ അവസ്ഥയിൽ അവൾ എത്തിച്ചേരുകയും സ്വാഭാവികമായി അതിനായി അവിടെ കേട്ട നിറം പിടിപ്പിച്ച നാഗവല്ലിയുടെ മിത്തുമായി കൂട്ടിച്ചേർത്തു ഉപബോധമനസ്സു താനാണ് നാഗവല്ലി എന്ന തോന്നൽ അവളിൽ ഉണ്ടാക്കുകയും ചെയ്യുന്നു .അതോടെ ഗംഗയിലെ സെക്കന്റ് സൈക്കിക് ഡിസോര്ഡറിന് തുടക്കമാവുകയും ചെയ്യുന്നു .
ഇനി കാവ് എന്നതിലെ വിശ്വാസങ്ങളെ എങ്ങനെ അവൾ ഉപയോഗപ്പെടുത്തുന്നു അല്ലെങ്കിൽ സ്വാധീനിക്കുന്നു എന്ന് നോക്കാം .കാവൂട്ട് എന്നത് ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി ഉള്ള വഴിപാടാണെന്നു നേരത്തെ പറഞ്ഞുവല്ലോ .അതിനായി പണ്ടുകാലങ്ങളിൽ നരബലിയെ ഓർമിപ്പിക്കുന്ന ബലിയും ഉണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ ദുർഗാഷ്ടമി നാളിലെ മഹിഷാസുരവധവും കൊൽക്കത്തയിലെ ആചാരങ്ങളെയും കുറിച്ചോർക്കുക. അങ്ങനെ വരുമ്പോൾ ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന ഗംഗ യുടെ ഉപബോധമനസ്സു നാഗവല്ലിയെ പ്രീതിപ്പെടുത്തുന്നതിനായി നാഗവല്ലിയുടെ ശത്രുവായ കാരണവരെ അല്ലെങ്കിൽ നകുലനെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്യുന്നു .അതായതു ഇതിൽ നിന്ന് ഗംഗയുടെ ഉപബോധമനസ്സു എന്നത് താൻ വിശ്വസിക്കുന്ന വിശ്വാസങ്ങളെ കൂടി കണക്കിലെടുത്തുകൊണ്ടാണ് തന്റെ പ്രതികാര രീതിയും മറ്റും നടപ്പാക്കുന്നതെന്നു മനസ്സിലാക്കാവുന്നതാണ് 
അവസാനമായി വിശ്വാസങ്ങളെ പറ്റി അറിവുകൾ പറഞ്ഞുതന്ന രാഹുൽ രെഘുരാജിനും സൂര്യ കിരണിനും നന്ദി പറഞ്ഞുകൊണ്ട് നിര്ത്തുന്നു നന്ദി
തുടരും....

Jijo Thankachan

മണിച്ചിത്രത്താഴും കർണ്ണശപഥം കഥകളിയും - Part 6

Image may contain: 2 people, text

ഈ സീരിസിന് നിങ്ങൾ വായനക്കാർ നൽകുന്ന പ്രോത്സാഹനത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ പോസ്റ്റിലേക്ക് വരാം 
ഈ ഇടയ്ക്കു എന്റെ മനസ്സിൽ വന്ന സംശയം ഗംഗയുടെ രോഗം നകുലൻ അറിയുന്നതിന് തൊട്ടുമുൻപുള്ള രംഗങ്ങളെ കുറിച്ചായിരുന്നു. അതായതു സണ്ണി രാത്രി നകുലനെയും കൂട്ടി കഥകളി കാണാൻ പോവുന്ന രംഗവും കഥകളി നടക്കുന്നതിനിടക്കുള്ള രംഗവും അത് കഴിഞ്ഞു ഗംഗ അവിടെ നിന്ന് പോയി മഹാദേവനെ പ്രാപിക്കാൻ ശ്രമിക്കുന്ന രംഗവും .എന്നാൽ പിന്നെ ആ സംശയങ്ങൾ തീർക്കാം എന്ന് വിചാരിച്ചതിലും നിന്നുണ്ടായ പോസ്റ്റ് ആണിത് .
ആദ്യം സണ്ണി നകുലനെയും കൂട്ടി കഥകളിക്കു പോകുന്ന രംഗം എടുക്കാം ,ഇവിടെ എന്ത് കൊണ്ടാണ് തന്റെ ജോലിയിൽ വ്യാപൃതനായിരുന്ന നകുലനെ നിർബന്ധിച്ചു കഥകളി കാണാൻ കൊണ്ട് പോകുന്നത് ?
കാരണം അമ്പലത്തിൽ കഥകളി നടക്കുന്നതിനാൽ എല്ലാവരും അവിടേക്കു പോയിട്ടുണ്ടെന്ന് സണ്ണി നകുലനോട് പറയുന്നുണ്ട് .അതിൽ നിന്നും സണ്ണിയും നകുലനും മാത്രമേ ആ സമയം മാടമ്പള്ളിയിൽ ഉള്ളൂ എന്ന് നമ്മൾക്ക് അനുമാനിക്കാം .സണ്ണി കഥകളി കാണാൻ പോയാൽ നകുലൻ ഒറ്റക്കാവുകയും ചിലപ്പോൾ ആ സമയത്തിനുള്ളിൽ ഗംഗയിലെ ചിത്തരോഗി ഉണർന്നു നകുലനെ കൊല്ലാൻ വരുമെന്നും സണ്ണി കണക്കുകൂട്ടിയിരിക്കണം . അതുകൊണ്ടു തന്നെയായിരിക്കണം നകുലനെയും കൂട്ടി സണ്ണി കഥകളികാണാൻ അമ്പലത്തിൽ പോവുന്നത്, കാരണം ആൾക്കൂട്ടത്തിൽ വച്ച് നകുലനെ നാഗവല്ലി ഒന്നും ചെയ്യില്ല എന്ന് സണ്ണി കണക്കുകൂട്ടിയിരിക്കാം.
ഇനി അടുത്ത രംഗം അരങ്ങിൽ കർണ ശപഥം കഥകളി നടക്കുന്നതും അത് ആസ്വദിക്കുന്ന സദസും ആണ് കാണിക്കുന്നത് .ആ സദസിൽ വരുന്ന സണ്ണി ഇടയ്ക്കിടയ്ക്ക് ഗംഗയെ നോക്കുമ്പോൾ ഗംഗ വളരെ ശ്രദ്ധയോടെ കഥകളിയിൽ മുഴുകി ഇരിക്കുന്നത് കാണാം .അപ്പോഴാണ് ഒരു സംശയം വെറുതെ മനസ്സിലൂടെ കടന്നു പോയത് .ഗംഗ അത്ര ശ്രദ്ധയോടെ വീക്ഷിക്കുന്ന ഈ കഥകളിക്കു നാഗവല്ലിയുമായി എന്തെകിലും ബന്ധം ഉണ്ടോ എന്നത് കാരണം നാഗവല്ലിയുടെ ഒരു തീക്ഷണത ഗംഗയുടെ കണ്ണുകളിൽ കാണാം എന്നത് തന്നെ .അതിനു വേണ്ടി കർണ ശപഥം കഥകളിയുടെ വിശദംശങ്ങൾ നെറ്റിൽ തപ്പി എടുത്തു.കുറച്ചു സുഹൃത്തുക്കളോടും ചോദിച്ചു .
ഇവിടെ ചിത്രത്തിൽ കാണിക്കുന്ന കഥകളി രംഗത്തിന്റെ കഥ എന്നത് മഹാഭാരത യുദ്ധം അതിന്റെ തീവ്രതയിൽ എത്തി നിൽക്കുമ്പോൾ ദുര്യോധനന്റെ ഭാര്യ ഭാനുമതി ദു:ഖിതയാകുന്നു. അസംഖ്യം യോദ്ധാക്കൾ മരിച്ചു വീണു കഴിഞ്ഞു, ഇനിയും എത്ര മരിക്കാൻ തയാറായി നിൽകുന്നു. ശൃംഗാര ചേഷ്ടകൾ കാണിച്ചു അടുത്തു നിൽകുന്ന തന്റെ കാന്തന്റെ ജീവൻ തന്നെ എത്ര നാൾ ഉണ്ടാവും എന്നോറ്ത്തു ഭാനുമതി വിലപിക്കുന്നു. എല്ലാം പുച്ഛിച്ചു തള്ളി തന്റെ പത്നിയെ സമാധാനിപ്പിക്കാൻ ദുര്യോധനൻ ശ്രമിക്കുന്നു എന്നതാണ് .
ഇനി ഇതെങ്ങനെ ഗംഗയിലെ ചിത്തരോഗിയെ സ്വാധീനിക്കുന്നു എന്ന് നോക്കാം.കുട്ടികാലത്തെ മുത്തശ്ശി പറഞ്ഞ കഥകളും പുരാണങ്ങളും പുള്ളുവൻ പാട്ടും എല്ലാം ഗംഗയുടെ അബോധമനസ്സിൽ ഉണ്ട് . ഈ ഓർമ്മകൾ സാധാരണ നിലയിൽ അവൾക്കു ഓർക്കാൻ കഴിഞ്ഞെന്നു വരില്ല . ഉദാഹരണത്തിന് നമ്മളുടെ കുട്ടിക്കാലത്തു നടന്ന പല സംഭവങ്ങളും നമ്മൾക്ക് ഓര്മ കാണില്ലല്ലോ . എന്നാൽ യഥാർത്ഥത്തിൽ ഈ ഓർമ്മകൾ എല്ലാം അബോധമനസ്സിൽ ഉണ്ട് . പക്ഷെ അത് ഓര്മ കിട്ടണമെങ്കിൽ സമാനസാഹചര്യം നമ്മൾക്ക് അനുഭവപ്പെടേണ്ടി വന്നാലേ പറ്റൂ. ഈ ഒരു സൈക്കോളജി ആണ് ഗംഗക്കും ഉള്ളത്. അവളുടെ അബോധമനസ്സിലെ പല കാര്യങ്ങളും വീണ്ടും ഓര്മ വരാൻ ഈ കഥകളിയും ചമയങ്ങളും പുരാണ കഥകളും എല്ലാം കാരണം ആകുന്നുണ്ടാകാം. ഇതെല്ലാം ഗംഗയിലെ ചിത്തമനസ്സു കണ്ടെടുക്കുന്ന അതിശക്തമായ കോഡുകൾ ആണ് .
ഇവിടെ ഈ കഥകളി രംഗം അവളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നമുക്കൊന്നു നോക്കാം.
ഇവിടെ ദുര്യോധനൻ യുദ്ധത്തിന് പോകാൻ തയ്യാറെടുക്കുമ്പോൾ വിരഹ ഭാവത്തിൽ തന്റെ കാന്തനോട് ഭാനുമതി പരിഭവം പറയുന്നുണ്ട് .അപ്പോൾ ശൃംങ്കാരഭാവത്തിൽ ആണ് ദുര്യോധനൻ ഉള്ളത് .അങ്ങനെ വരുമ്പോൾ ഗംഗയിലെ ചിത്തരോഗി ദുര്യോധനന്റെ സ്ഥാനത്തു രാമനാഥൻ അല്ലെങ്കിൽ മഹാദേവനെയും ഭാനുമതിയുടെ സ്ഥാനത്തു തന്നെ തന്നെയും സങ്കൽപ്പിക്കുന്നു .എന്നാൽ അല്ലിയുമായി വിവാഹം ഉറപ്പിച്ചിരിക്കുന്നതുകൊണ്ടു മഹാദേവൻ തനിക്കു നഷ്ടപ്പെടാൻ പോവുകയാണ് എന്ന് നാഗവല്ലിക്ക് തോന്നുന്നു .അതിൽ നിന്ന് എങ്ങനെയും തന്റെ കാമുകനെ നേടിയെടുത്ത തീരു എന്ന തീരുമാനത്തിൽ ഗംഗയുടെ ഉപബോധമനസ്സു എത്തുകയും സ്വാഭാവികമായും ഗംഗ നാഗവല്ലിയായി മാറുകയും ചെയ്യുന്നു .
ഇവിടെ വേറൊരു കാര്യം ശ്രദ്ധിക്കേണ്ടത് കഥകളിയിൽ ഉപയോഗിച്ചിരിക്കുന്ന വാദ്യങ്ങൾ ഗംഗയിലെ ചിത്തരോഗിയെ ഉണർത്താൻ കഴിയുന്നതാണ് .കൂടാതെ അപ്പോൾ കേൾക്കുന്ന വാദ്യോപകരണങ്ങളുടെ ശബ്ദം നാഗവല്ലിയുടെ പഴയ നൃത്തത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളുടെ ശബ്ദവുമായി സാമ്യത ഉള്ളതുകൊണ്ടും പ്രേത്യേകിച്ചു മദ്ദളം കൂടാതെ കഥകളിയിൽ ഉപയോഗിച്ചിരിക്കുന്ന ചമയങ്ങൾ വർണങ്ങൾ ചിലങ്കകൾ മുദ്രകൾ ഇവ എല്ലാവും നാഗവല്ലിയുടെ നൃത്ത ഓർമകളെ ഉണർത്തുന്നതാണ് . ഇതൊക്കെ കൊണ്ട് തന്നെ ആണ് അത്രമേൽ കഥകളിയിൽ ശ്രദ്ധിച്ചിരിക്കുന്ന ഗംഗയെ ആ രംഗത്തിൽ അങ്ങനെ കാണിക്കുന്നതും.
ഈ കാരണങ്ങൾ കൊണ്ട് നാഗവല്ലിയായി മാറുന്ന ഗംഗ നേരെ പോകുന്നത് മഹാദേവന്റെ അടുത്തേക്കാണ് കാരണം ശൃംഗാരര്ഭാവത്തിലുള്ള ദുര്യോധനന്റെ വേഷം അവളുടെ മനസ്സിൽ ഉള്ളതുകൊണ്ട് തന്നെ .അങ്ങനെ മഹാദേവന്റെ അടുത്തെത്തുന്ന ഗംഗ മഹാദേവനെ പ്രാപിക്കാൻ ശ്രമിക്കുകയും ഇത് കാണാൻ ഇടയാക്കുന്ന നകുലൻ മഹാദേവനെ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു പിന്നെ ഉള്ളത് ചിത്രത്തിൽ വിശദികരിച്ചിട്ടുള്ളത് കൊണ്ട് ഇനി അതിലേക്കു പോകുന്നില്ല .
കഥകളിയെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞു തന്ന പ്രിയ സുഹൃത്ത് അഖിലേഷ് നമ്പൂതിരി ക്കു ഈ അവസരത്തിൽ നന്ദി പ്രകാശിപ്പിച്ചുകൊണ്ടു നിര്ത്തുന്നു നന്ദി 
തുടരും ..

കൊല്ലനും ബിച്ചുവും തേക്കിനിയിലെ താക്കോലും - Part 5


മണിച്ചിത്രത്താഴിന്റെ രഹസ്യങ്ങൾ തേടിയുള്ള ഈ യാത്രയിൽ കൂടെയുള്ള നിങ്ങൾ ഏവർക്കും വലിയൊരു നന്ദി . നിങ്ങൾ ചോദിച്ച സംശയങ്ങളും പങ്കുവച്ച ആശയങ്ങളും കൊണ്ടാണ് ഈ പോസ്റ്റ് മുൻപോട്ടു പോകുന്നത്.ആയതിനാൽ തുടർന്നും സംശയങ്ങൾ ചോദിക്കുക അഭിപ്രായങ്ങൾ പങ്കുവെക്കുക . ഇനി ഇന്നത്തെ പോസ്റ്റിലേക്ക് വരാം .
ഈ ഇടയ്ക്കു ഒരു ട്രോൾ പേജിൽ കണ്ട ഒരു ട്രോൾ ആണ് " തെക്കിനിയുടെ താക്കോൽ പണിതുകൊടുത്ത കൊല്ലനും പണിയിക്കാൻ പോയ ബിച്ചുവും പനി പിടിച്ചു കിടപ്പിലായതു എന്തുകൊണ്ടാണ് എന്ന് എനിക്കിതേവരെ മനസ്സിലായില്ല ബിജു.ജെപിഗ് " എന്നത്. എന്നാൽ പിന്നെ ഇത് മനസ്സിൽ ആക്കിച്ചിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു 
ഇതിനുത്തരം സോറി റിപ്ലേ പോസ്റ്റ് ആയി പറഞ്ഞാൽ കാരണം എന്താ..പേടി .. വെറും പേടി.. ദിലീപ്.ജെപിഗ്  .അതായതു ഇവിടെ മാടമ്പള്ളിയിലെ തെക്കിനി രണ്ടു ദുരാത്മാക്കളെ ബന്ധിച്ചു മണിചിത്രപൂട്ടിട്ട് പൂട്ടിയിരിക്കുന്നതാണല്ലോ .അത് തുറന്നാൽ ഈ പ്രേതാത്മാക്കൾ അതിനു കാരണക്കാർ ആയവരെ നശിപ്പിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു വച്ചിരിക്കുവാണല്ലോ അവിടുത്തെ കാരണവന്മാർ. ഈ കാരണം കൊണ്ട് തന്നെ ചന്തുവിന്റെ നിർബന്ധപ്രകാരം താക്കോൽ പണികഴിപ്പിക്കുന്ന കൊല്ലൻ ചിലപ്പോൾ ഈ കാര്യം കേട്ട് ഉൾപ്പേടി ഉണ്ടാകുകയും അതുകാരണം പനിച്ചു കിടപ്പിൽ ആയതാവാം . ഇത് തന്നെയാവാം ബിച്ചുവിനും സംഭവിച്ചിട്ടുണ്ടാകുവാ.കാരണം താക്കോൽ പണിയിപ്പിക്കാൻ പോയ മെയിൻ ആൾ ആയ ചന്തുവിനു പനിച്ചില്ലല്ലോ കാരണം എന്താ അവനു പേടിയില്ലായിരുന്നു ധതു തന്നെ കാരണം 
ഇനി യാദൃശ്ചികതയും ആവാം ഇങ്ങനെ രണ്ടുപേർക്കും പനി പിടിക്കാൻ കാരണം . അങ്ങനെ നിയമം ഒന്നുമില്ലല്ലോ രണ്ടുപേർക്കു ഒരുമിച്ചു പനിവരാൻ പാടില്ല എന്ന് , ഞങളുടെ നാട്ടിൽ എന്തോരം പേരാ ഒരേ ദിവസം പനിപിടിച്ചു കിടപ്പിലായത് മണിയൻപിള്ള .ജെപിഗ്  ഈ യാദൃശ്ചികതയെ പോലും തെക്കിനിയുടെ തുറക്കലുമായി ബന്ധിച്ചു പ്രേക്ഷകനിൽ ഭയപാടുകൾ തീർക്കാനുള്ള സംവിധായകന്റെ ബ്രില്ലിൻസി ആയും കാണാം ഇതിനെ . ഇതേ technic തന്നാണ് ഉണ്ണിത്താൻ ആദ്യം മടമ്പള്ളിയിൽ എത്തുമ്പോൾ അവിടെ നടക്കുന്ന സംഭവവികാസങ്ങൾ ചിത്രീകരിച്ചതിലും കാണിച്ചത്. പ്രേക്ഷകനിൽ മാടമ്പള്ളിയെ കുറിച്ച് ആദ്യമേ തന്നെ ഒരു ദുരൂഹതയും ഭയവും തോന്നിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തും കൂടി ചെയ്തു വച്ച ബ്രില്യൻസി ആണത് .
ഇനി പേടി കാരണം ആണ് അവർക്കു പനിച്ചത് എന്നതിന് ഉപോൽപകമായ ഒരു സീൻ കൂടി യഥാർത്ഥത്തിൽ ചിത്രത്തിൽ ഉണ്ടായിരുന്നു എന്നാണ് ഇതിന്റെ തിരക്കഥ വായനയിൽ മനസ്സിൽ ആയതു.
അതായതു ദാസപ്പനും ബിച്ചുവും കൂടി കൊല്ലന്റെ ആലയിൽ താക്കോൽ പണിയിപ്പിക്കുന്ന സീൻ മാത്രമേ നമ്മൾ കണ്ടിട്ടുള്ളുവല്ലോ . എന്നാൽ അതെ സീനിൽ രാത്രിയിൽ നമ്മടെ മന്ത്രവാദി കാട്ടുപറമ്പൻ ആ ആലയിൽ എത്തുകയും എന്താ ദാസപ്പൻ ഇവിടെ എന്ന് ചോദിക്കുകയും അതിനു മറുപടിയായി മാടമ്പള്ളിയിലെ തെക്കിനിക്കായി പുതുതായി ഒരു താക്കോൽ പണിയിപ്പിക്കുകയാണെന്നും പറഞ്ഞു . അപ്പോൾ കാട്ടുപറമ്പൻ തെക്കിനി തുറക്കാൻ പാടില്ലല്ലോ അത് രക്ഷാതകിടു പൂജിച്ചു ബന്ധിച്ചിട്ടതാണെന്നും അത് തുറന്നാൽ സർവനാശം ആണെന്നും പറഞ്ഞു അവരെ വിലക്കുന്നു.ഇതുകേട്ട് കൊല്ലൻ അറച്ചു നിൽക്കുകയും താക്കോൽ പണിയാതെ ഇരിക്കുകയും ചെയ്യുന്നു. എന്നാൽ ചന്തു അത് തള്ളിക്കളഞ്ഞു കൊല്ലൻനോട് താൻ ധൈര്യമായി പണിഞ്ഞോ എന്നും പറയുന്നു. എന്നാൽ തന്റെ വാക്കു ധികരിച്ചവരെ ആ പ്രേതാത്മാക്കൾ വെറുതെ വിടില്ലെന്നും ഒക്കെ പറഞ്ഞു ശപിച്ചിട്ടു അവിടുന്ന് പോകുന്നു. ഇനി ഞാൻ പറഞ്ഞ ആദ്യ സീൻ കണ്ടാൽ പേടി കാരണം ആണ് ഇവർ രണ്ടു പേർക്കും പനി പിടിച്ചു കിടപ്പിൽ ആയതെന്നു നമ്മൾക്ക് മനസ്സിലാക്കാം .
ഇനി ഇതിന്റെ സൈക്കോളജിക്കൽ ആയ കാര്യങ്ങൾ അല്പം മനസ്സിൽ ആക്കുന്നത് നല്ലതായിരിക്കും .അതായതു മാനസികമായ പ്രശ്നങ്ങൾ കാരണം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന രോഗാവസ്ഥക്കു "സൈക്കോസൊമാറ്റിക് ഡിസോർഡർ" എന്നാണ് പറയുന്നത് . അതായതു നമ്മളുടെ മനസ്സികാവസ്ഥക്കു അനുസരിച്ചു രോഗങ്ങളുടെ അവസ്ഥ അതായതു കൂടാനും കുറയാനും കാരണമാകും. ഇതിനു കാരണം തന്നെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺസ് ,ആന്റിബോഡിസിന്റെ അളവിൽ വരുന്ന വ്യതിയാനം ആണ് .
ഇവിടെ പേടി കാരണം ഉണ്ടാകുന്ന ശരീരത്തിലെ ഹോർമോൺസ് വ്യതിയാനം അത് പതിയെ രോഗപ്രതിരോധശേഷി കുറക്കുകയും അത് നമ്മടെ ശരീരം ചൂടാകാനും ഗ്ലാൻഡ്സ് ഒക്കെ വിങ്ങാനും കാരണം ആകും. ഇത് ശരീരത്തിന്റെ ഒരു രോഗ പ്രതിരോധം ആണ് പനിയുണ്ടാകുമ്പോൾ നമ്മളുടെ ശരീരത്തിൽ ആന്റിബോഡീസ് ഹോർമോൺസ് മുതലായവ ഉല്പാദിക്കപ്പെടും . ഇവ കാരണം ആണ് ഈ രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നതു.
ഇതിൽ നിന്നും ഇവിടെ ചിത്രത്തിൽ തെക്കിനിയെ പറ്റിയുള്ള കഥകൾ കേട്ട് പേടിച്ചതിൽ നിന്നും ഉണ്ടായ ഒരു സൈക്കോസൊമാറ്റിക് ഡിസോർഡർ ആണ് കൊല്ലന്റെ ദേഹം വീര്ത്തതും ബിച്ചുവിന് പനിച്ചു തുടങ്ങിയതും എന്ന് നമ്മൾക്ക് മനസ്സിൽ ആക്കാവുന്നതാണ്.
അവസാനമായി ഈ പോസ്റ്റ് എഴുതാൻ സഹായിച്ച റഹുമത്തിനും ഡോ. അരുൺ പോൾ ആലക്കലിനും നന്ദി പറയുന്നു  .
തുടർന്നും ഇത്തരത്തിൽ ഉള്ള സംശയങ്ങൾക്ക് ഉത്തരവുമായി വരുന്നവരേക്കും വിട നന്ദി 
തുടരും....

By Jijo Thankachan

തെക്കിനിയിലെ നാഗവല്ലിയും ദുർഗാഷ്ടമിയും ചായയിൽ വിഷം കലർത്തലും - 4

Image may contain: 1 person

കഴിഞ്ഞ പോസ്റ്റിൽ നമ്മൾ ചർച്ച ചെയ്ത നാഗവല്ലിയുടെ തെക്കിനിയിലെ രെക്ഷപെടലിനോട് അനുബന്ധിച്ചുള്ള ഒരു സംശയമാണ് കുറെ പേര് ചോദിച്ചത് അതായതു ഗംഗയിലെ ചിത്തരോഗി തെക്കിനിയിൽ പോയി പാട്ടുപാടി നൃത്തം ചെയ്യുന്നത് നകുലൻ ഉറങ്ങുമ്പോൾ ആണല്ലോ .ആ സമയം ചിത്തരോഗി ആയ നാഗവല്ലി തന്റെ ശത്രു ആയി കാണുന്നത് നകുലനെയും .അന്ന് രാത്രി സണ്ണിയുമായി ഉള്ള സംഭാഷണത്തിനിടയിൽ ദുര്ഗാഷ്ടമിക്ക് നകുലനെ കൊല്ലുമെന്നും പറയുന്നു .എങ്കിൽ എന്തുകൊണ്ട് കിടക്കയിൽ നിന്നെഴുനേൽക്കുന്ന സമയത്തു നാഗവല്ലിക്ക് നകുലനെ കൊന്നു കൂടാ എന്ന സംശയം വളരെ നാളുകളായി എന്റെ അല്ലെങ്കിൽ നിങ്ങളിൽ പലരുടെയും മനസ്സിൽ കിടന്ന സംശയമായിരിക്കും.
ഇവിടെ നമ്മൾ മനസ്സിൽ ആക്കേണ്ടത് ഗംഗയിലെ മനസ്സ് ചിത്തരോഗിയുടേതായി മാറുന്നത് പെട്ടെന്നല്ല അതു സാവധാനം ആയിട്ടാണെന്നാണ് .അത് മനസ്സിൽ ആക്കാൻ സണ്ണി നകുലനോട് ഗംഗയുടെ രോഗത്തെ കുറിച്ച് വിശദീകരിക്കുന്ന ഭാഗം ശ്രദ്ധിച്ചാൽ മതിയാകും .അതായതു നാഗവല്ലിയോടുള്ള ഗംഗയുടെ സഹതാപം അതൊരു തന്മയീഭാവം ആയി പതുക്കെ മാറുകയാണ് ഉണ്ടായത്.ദുര്ഗാഷ്ടമി ദിവസം മാത്രമേ അവളുടെ മനസ്സ് പൂർണമായും നാഗവല്ലിയുടെ നിയന്ത്രണത്തിന് കീഴിൽ ആവുകയുള്ളൂ. ഇവിടെ ഉറക്കത്തിൽ ആണ് ഗംഗയിൽ നിന്ന് നഗവല്ലിയിലേക്കുള്ള മാറ്റത്തിന്റെ തുടക്കം വരുന്നത് അപ്പോൾ നാഗവല്ലി യുടെ മനസ്സിൽ ആദ്യം വരുന്നത് രാമനാഥനോടുള്ള തന്റെ സ്നേഹവും അയാളെ ഓർത്തുള്ള വിരഹവുമാണ് .അതുകൊണ്ടു തന്നെ നാഗവല്ലി ആദ്യം പോകുന്നത് തെക്കിനിയിൽ ആണ് കാരണം രാമനാഥൻ താമസിക്കുന്ന വീട് കാണാൻ പറ്റുന്നത് അവിടെ നിന്നാണ് .പിന്നീട് കാമുകന്റെ വിരഹത്തിൽ ആഹിരി രാഗത്തിൽ ഒരു മുറൈ വന്തു പാറായോ എന്ന ഗാനം പാടി നൃത്തം ചെയ്യുന്നത് ശ്രദിക്കുക.അതിൽ നിന്ന് തന്നെ നമ്മൾക്ക് മനസ്സിലാക്കാം ഗംഗക്കു ആദ്യം പ്രതികാര ചിന്തയില്ല മറിച്ചു കാമുകനോടുള്ള വിരഹമേ ഉള്ളൂ എന്ന് .പിന്നീടാണ് പതുകെ അത് ശങ്കരൻ തമ്പിയോടുള്ള പക ആയി മാറുന്നത്.
പിന്നെ മറ്റൊരു വശം കൂടി ഇവിടെ നമ്മൾക്കു കാണാൻ പറ്റും അതായതു നകുലനെ മുറിയിൽ ഇട്ടു കൊന്നാൽ സ്വാഭാവികമായും എല്ലാസംശയങ്ങളും തന്റെ നേർക്ക് വരുമെന്ന് നാഗവല്ലി കണക്കുകൂട്ടിയിരിക്കണം .അതായതു നാഗവല്ലിക്ക് രാമനാഥനൊപ്പം ജീവിക്കാൻ മറ്റൊരാളെ പ്രതിസ്ഥാനത്തു നിർത്തിയെ പറ്റൂ .അതുകൊണ്ടാണ് ശ്രീദേവിയെ കരു ആക്കി ഗംഗയിലെ ചിത്തരോഗി പല നാടകങ്ങളും കളിക്കുന്നത്.ആ നാടകങ്ങളെ കുറിച്‌ പിന്നീട് പറയാം .
അങ്ങനെയെങ്കിൽ വേറൊരു സംശയം ഇവിടെ വരുന്നുണ്ട്. ദുർഗ്ഗാഷ്ടമിക്കു നകുലനെ കൊല്ലുമെന്ന് പറഞ്ഞ നാഗവല്ലി എന്തുകൊണ്ട് അതിനു മുൻപേ ചായയിൽ വിഷം കലക്കി നകുലനെ കൊല്ലാൻ ശ്രമിക്കുന്നത്?.ഇതിനുള്ള ഉത്തരം രണ്ടു രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയും
അതിൽ ഒന്നാമത്തേതു ,നാഗവല്ലി നകുലനെ കൊല്ലാൻ തക്കം പാർത്തിരിക്കുക ആണ് അത് ദുർഗ്ഗാഷ്ടമിക്കു അപ്പുറം പോകില്ല എന്നേ ഒള്ളൂ .അത് മനസ്സിലാക്കാൻ സണ്ണി ഗംഗ യുടെ രോഗത്തെ പറ്റി വിശദീകരിക്കുന്ന ഭാഗം ഒന്ന് കൂടി കണ്ടാൽ മതി ആകും.സണ്ണി പറയുന്നുണ്ട് " അടുത്ത് തന്നെ തറവാട്ടിൽ ഒരു കൊലപാതകം നടക്കും അത് പക്ഷെ ദുര്ഗാഷ്ടമിക്കപ്പുറം പോകില്ല " എന്ന് . മാത്രമല്ല നകുലനെ കൊന്നിട്ട് ശ്രീദേവിയെ അതിൽ പ്രതി ആക്കുകയും വേണം .എങ്കിലേ രാമനാഥന് ഒപ്പം നഗവല്ലിക്കു ജീവിക്കാൻ കഴിയൂ .അതിനു വേണ്ടി പറ്റിയ സന്ദർഭം തക്കം പാർത്തിരിക്കുവാണ്‌ .
ഇവിടെ ചായയിൽ വിഷം കലർത്തി നകുലന് കൊടുക്കുന്ന രംഗം ശ്രദ്ധിക്കുക . ശ്രീദേവി ഇട്ട ചായയിൽ ഗംഗ വിഷം കലർത്തുന്നു , പിന്നീട് ആ ചായ അല്ലിയാണ് നകുലന് കൊണ്ട് കൊടുക്കുന്നത്. ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഗംഗയിലെ ചിത്തരോഗിയുടെ ബുദ്ധിസമർഥ്യമാണ്. അതായതു നകുലൻ വിഷം കലർത്തിയ ചായ കുടിക്കുകയും അതിനെ തുടർന്ന് മരണവെപ്രാളം കാണിക്കുകയും ചെയ്യുമ്പോൾ ആ വിവരം അറിയിക്കാനായി അല്ലി തന്റെ അടുത്തുവരുമെന്നും അപ്പോൾ അല്ലിയെ അപയപ്പെടുത്താമെന്നും ഗംഗയിലെ ചിത്തരോഗി കണക്കുകൂട്ടിയിരിക്കാം.(സണ്ണി തറവാട്ടിൽ വന്നതറിയിക്കാൻ അല്ലി ഗംഗയെ തേടി പോകുന്ന രംഗം ഓർക്കുക )അതായതു ഒരു വെടിക്ക് മൂന്നു പക്ഷി  . അത്കൊണ്ടാണ് ശ്രീദേവി ഇട്ട ചായയിൽ വിഷം കലർത്തി നകുലനെ കൊല്ലാൻ ഗംഗ യിലെ ചിത്തരോഗി ശ്രമിക്കുന്നത്.
ഇനി ഇതിന്റെ തന്നെ മറ്റൊരു സാധ്യതയെ പറ്റി ഒന്നു നോക്കാം അതിനു നമ്മൾക്കു സണ്ണി വിഷകുപ്പി കാണുന്ന സീൻ മുതൽ ഒന്നു റീ പ്ലേ ചെയ്യാം . ഇവിടെ സീനിലേക്കു വന്നാൽ സണ്ണി ഒരു പപ്പടം കുത്തി ചന്തുവിന്റെ നേർക്ക് എറിഞ്ഞുകൊടുക്കുന്നിടതാണല്ലോ ആ വിഷകുപ്പി അവിടെ കാണുന്നത് . പിന്നീട് നകുലാ എന്നും വിളിച്ചോണ്ടു ഓടി നകുലന്റെ കയ്യിൽ നിന്നും ചായ തട്ടികളയുന്നതും പിന്നെ ആ വിഷകുപ്പി അവിടെക്കിട്ടു അതിൽ വിഷം ഉണ്ടായിരുന്നു എന്നും പറയുന്നു. പിന്നീട് ഗംഗയുടെ രോഗ വിവരം അറിയുമ്പോൾ നമ്മൾ വിചാരിക്കുന്നത് ഗംഗ യാണ് ആ വിഷം കലർത്തുന്നതെന്നാണ് . ആ വിചാരം ആണ് നമ്മളെ ആദ്യം ചോദിച്ച സംശയത്തിലേക്കു എത്തിക്കുന്നതും.
എന്നാൽ ഈ വിഷകുപ്പി സണ്ണിതന്നെ അടുക്കളയിൽ കൊണ്ടിട്ടതാണെങ്കിലോ..ങ്കിലോ..കിലോ..  .
കാര്യം എന്താണെന്ന് വച്ചാൽ അതിലെ വിഷകുപ്പി ആയി കാണിക്കുന്ന കുപ്പി കണ്ടിട്ടു മരുന്നിന്റെ ചെറിയ കുപ്പി ആയിട്ടാണ് തോന്നുന്നത് . ആ തറവാട്ടിൽ അങ്ങനെ ഒരു മരുന്ന് സണ്ണിയുടെ കയ്യിൽ അല്ലാതെ വേറെ ആരുടെയും കയ്യിൽ ഉണ്ടാവാൻ സാധ്യത ഇല്ല . താൻ പറഞ്ഞാൽ എല്ലാരും വിശ്വസിക്കും എന്നു സണ്ണിക്കറിയാം .കൂടാതെ ചായയിൽ വിഷം കലർത്തിയിട്ടുമില്ലായിരുന്നു കാരണം നകുലന്റെ ജീവൻ കൂടി സംരക്ഷിക്കേണ്ട ബാധ്യത സണ്ണിക്കുണ്ടു എന്നത് തന്നെ .അതുകൊണ്ടുതന്നെ വിദഗ്‌ധമായി അവിടെ ഒരു കുപ്പി കൊണ്ടിടുകയും അതു നാടകീയമായി കണ്ടെടുത്തു ചായയിൽ വിഷം ഉണ്ടെന്നു വരുത്തിത്തീർക്കുകയും ചെയ്തു സണ്ണി  10 തലയ തനി രാവണൻ എന്നു പറയുന്നത് വെറുതെയാണോ 
അപ്പോൾ ഒരു ചോദ്യം വരുന്നുണ്ട് എന്തിനിങ്ങനെ ഒരു നാടകം കളിക്കുന്നു സണ്ണി ???
ഇവിടെയാണ് ബുദ്ധിമാനായ ഡോ.സണ്ണിയെ മനസിൽ ആക്കേണ്ടതു ഇവിടെ ഗംഗയിലെ രോഗിയെ കൂടുതൽ മനസിൽ ആക്കിയെങ്കിലെ സണ്ണിക്കു അടുത്ത ചികിത്സ പദ്ധതികളെ കുറിച്ചു തീരൂമാനം എടുക്കാൻ കഴിയൂ . ഇവിടെ ഗംഗയിലെ ചിത്തരോഗി നകുലനെ കൊല്ലാൻ തക്കം പാർത്തിരിക്കുവാണെന്നു എല്ലാർക്കും അറിയാം . കൂടെ അതിൽ ശ്രീദേവിയെ ഇരയാകുകയും വേണം . ഇതു മനസിലാക്കിയ സണ്ണി ഗംഗയിൽ നിന്നും ശ്രീദേവിയെ രക്ഷപെടുത്താനും അതുവഴി ഗംഗയുടെ പല കണക്കുകൂട്ടലുകളെയും താളം തെറ്റിക്കുവാൻ കൂടി ആണ് അവളെ പൂട്ടിയിടണം എന്നു തമ്പിയോടും കൂട്ടരോടും പറയുന്നതും.ഇതു അവഗണിച്ച തമ്പിയും കൂട്ടരെയും കാര്യങ്ങൾ മനസിലാക്കുവാൻ വേണ്ടി കൂടി തന്നെ സൈക്കിളോടിക്കൽ മൂവ് ആയി കളിച്ച നാടകമാണ് ചായയിൽ ശ്രീദേവി വിഷം കലർത്തി എന്നാരോപിക്കുന്നതും തൽഫലമായി വീട്ടുകാരുടെ നാവു അടയുന്നതും തുടർന്ന് മുറിക്കുള്ളിൽ പൂട്ടിയിടുന്നതും എന്നു മനസിലാക്കാം.
കൂടാതെ ചായയിൽ വിഷം ഉണ്ടെന്നു അറിയുന്ന നകുലൻ അമ്പരന്നു നിൽക്കുമ്പോൾ ആണ് ഗംഗ അവിടേക്ക് ഓടിയണച്ചെത്തുന്നത് . അതു ചെയ്തത് താനാണെന്ന് നകുലൻ സംശയിക്കുമോ എന്നൊരു ചിന്ത ഗംഗയിലെ ചിത്ത മനസ്സിന് തോന്നുകയും സ്വാഭാവികമായും ആ ടെന്ഷനിൽ ഗംഗയിൽ ചിത്തരോഗി പുറത്തുവരാൻ തുടങ്ങുകയും ചെയ്യുന്നു .ഇതു കണ്ട സണ്ണി ഉടനെ അവളുടെ ആ സംശയം മറ്റാനാണെന്നവണ്ണം ശ്രീദേവിയാണ് അതു ചെയ്തത് എന്ന പറഞ്ഞു മുറിയിൽ പൂട്ടിയിടുകയും ചെയ്യുന്നു .
പിന്നീട് നടന്നത് ഗംഗയിലെ ചിത്തരോഗിയെ ശാന്തമാക്കാൻ ആയും അവളിലെ രോഗിണിയെ മനസിലാക്കാനും നാഗവല്ലിയുടെ പ്രിയ രാഗമായ ആഹരി രാഗത്തിൽ പഴന്തമിഴ്
പാട്ടുപാടി അവളെ നിരീക്ഷിക്കുകയും ചെയ്യുന്ന സണ്ണിയുടെ സൈകിളോടിക്കൽ മൂവുകൾ ആയിരുന്നു. ഇതിനെ പറ്റി നേരത്തെ വിശദീകരിച്ചിരുന്നതിനാൽ അതിലേക്കു കടക്കുന്നില്ല
ഇങ്ങനെ ഓരോ സീനുകൾക്കും നമ്മൾക്ക് പലതരത്തിൽ ഉള്ള വ്യാഖ്യാനങ്ങൾ ചമയ്ക്കുവാൻ സാധിക്കും അതുതന്നെയാണ് മണിച്ചിത്രത്താഴ് എന്ന ചലച്ചിത്രം ഇപ്പോളും ചർച്ചാവിഷയം ആവുന്നതും 
നന്ദി 
തുടരും....

തെക്കിനിയിലെ നാഗവല്ലിയുടെ കബളിപ്പിക്കൽ - 3

Image may contain: 2 people

പരമ്പരയ്ക്കു നൽകുന്ന മികച്ച പിന്തുണക്കു നിങ്ങൾ വായനക്കാരോട് ആദ്യമേ നന്ദിപറയുന്നു.നിങ്ങളുടെ പ്രോത്സാഹനങ്ങളും വിമർശനങ്ങളും ഉൾകൊണ്ടാണ് ഈ പരമ്പര മുൻപോട്ടുപോകുന്നത്. ആയതിനാൽ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കുക
ചിത്രത്തിൽ സണ്ണി ഗംഗയിലെ ചിത്തരോഗിയോട് സംസാരിക്കുകയും അപ്പോൾ നകുലനെ ദുർഗ്ഗാഷ്ടമിക്കു കൊല്ലുമെന്ന് പറഞ്ഞിട്ട് പോകുന്ന രംഗത്തെ കുറിച്ച് ധാരാളം പേര് ഉന്നയിച്ച സംശയത്തിനുള്ള ഉത്തരമാണ് ഇന്നത്തെ പോസ്റ്റ്.
സംശയം ഇതാണ് , അങ്ങനെയെങ്കിൽ അവസാനം തെക്കിനിക്കുള്ളിൽ നിന്ന് ഗംഗ എങ്ങനെ സണ്ണികാണാതെ പുറത്തേക്കു പോയി ? കാരണം തെക്കിനിയിലേക്കുള്ള വാതിൽ കുറ്റിയിട്ടിരിക്കുവായിരുന്നല്ലോ മാത്രവുമല്ല ആ രംഗം കഴിഞ്ഞു സണ്ണി തെക്കിനി തുറക്കുമ്പോൾ അവിടെ മറ്റൊരുവാതിൽ കാണിക്കുന്നില്ലല്ലോ അപ്പോൾ പിന്നെ എങ്ങനെ നാഗവല്ലി രക്ഷപെട്ടു ? അതോ സണ്ണിയുടെ കാഴ്ചയെ പോലും ഭ്രമിപ്പിക്കുന്ന വേഗതയിൽ അവൾ രക്ഷപെട്ടോ ഇനി നാഗവല്ലി ആയതുകൊണ്ടാണോ ഇങ്ങനെ സണ്ണിയെ കബളിപ്പിക്കാൻ സാധിച്ചത് ? മാത്രമല്ല അവൾക്കു അമാനുഷിക ശക്തി ഉണ്ടെങ്കിൽ ആ വാതിൽ നിഷ്പ്രയാസം തുറക്കുവാൻ കഴിയുമായിരുന്നില്ലേ എന്നിങ്ങനെ ഉള്ള കുറെ സംശയങ്ങൾ ഉന്നയിച്ചിരുന്നു.

അപ്പോൾ ഒരു സുഹൃത്ത് ഇതിനുള്ള കാരണമായി പറഞ്ഞത് ഒന്നുകിൽ ഗംഗ ബോധം കേട്ട് തെക്കിനിയിൽ തന്നെ കിടപ്പുണ്ടായിരിക്കാം അത് നമ്മളെ കാണിക്കുന്നില്ല എന്നേയുള്ളൂ എന്നും അതല്ലെങ്കിൽ തെക്കിനിയിലെ ജനാല വഴി രക്ഷപെട്ടിരിക്കാമെന്നും പറഞ്ഞു കാരണം ആ സമയം നാഗവല്ലിയായതുകൊണ്ടു അതിനു കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി .അപ്പോഴാണ് എനിക്കും ഈ സംശയം തോന്നിയത് എന്നാൽ പിന്നെ ഇതിനുള്ള ഉത്തരം തന്നാവട്ടെ ഇന്നത്തെ പോസ്റ്റ് എന്ന് വിചാരിച്ചു .
ഇവിടെ ആദ്യം തന്നെ നമ്മൾ മനസ്സിൽ ആകേണ്ടത് ഗംഗയിൽ നാഗവല്ലിയുടെ പ്രേതം അല്ല അത് ഗംഗയുടെ അബോധമനസ്സു ആണെന്നാണ്. ഇവിടെ അമാനുഷികമായി ഒന്നും നടക്കുന്നില്ല എന്ന് മനസ്സിൽ ആക്കുക . ഇവിടെ ഗംഗക്കുള്ള കായികശക്തിയെ നാഗവല്ലിക്കും ഉള്ളൂ . അപ്പോൾ വാതിൽ തള്ളിതുറക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടിയെന്നു വിചാരിക്കുന്നു.
ഇനി ഗംഗ അവിടെ നിന്നു എങ്ങനെ രക്ഷപെട്ടു എന്നതിനുള്ള ഉത്തരത്തിലേക്കു വരാം. ഇതിനുള്ള ഉത്തരം മനസ്സിലാക്കാൻ ആദ്യം നമ്മൾ മാടമ്പള്ളിയിലെ തെക്കിനിയെ ഒന്ന് നന്നായി നിരീക്ഷിക്കേണ്ടിവരും .അമാനുഷികമായി ഒന്നും നടക്കുന്നില്ല എങ്കിൽ അവൾ വേറെ ഏതെങ്കിലും വഴി ഉപയോഗിച്ചു എന്നത് വ്യക്തമാണല്ലോ .അങ്ങനെ ആ വഴി തേടി ഗംഗ തെക്കിനിയിൽ എത്തിയ ശേഷമുള്ള എല്ലാ സീനും അരിച്ചുപറക്കി ഉള്ള അന്വേഷണം ചെന്നെത്തി നിന്നതു ഗംഗ ആദ്യം തെക്കിനി തുറക്കുന്ന രംഗത്തിലാണ്.
ഇവിടെ ഗംഗ തെക്കിനി തുറന്ന ശേഷം അവിടുള്ള ഓരോ വസ്തുക്കളും ആശ്ചര്യത്തോടെ നോക്കുന്നത് ശ്രദ്ധിക്കുക .അപ്പോൾ ആണ് നാഗവല്ലിയുടെ ഛായാചിത്രം ഗംഗ നോക്കുമ്പോൾ ചിത്രത്തിന്റെ ഇടതു വശത്തായി ഒരു വാതിൽ യാദൃശ്ചികമായി ശ്രദ്ധയിൽ പെട്ടത് (pic1) .അതൊന്നു നോട്ട് ചെയ്ത വച്ച ശേഷം വീണ്ടും കാണാൻ തുടങ്ങി അപ്പോൾ ഗംഗ നാഗവല്ലിയുടെ ആഭരണപെട്ടികളുടെ അടുത്തേക്ക് വരുമ്പോൾ വലതു വശത്തായി മറ്റൊരു വാതിലും ശ്രദ്ധയിൽ പെട്ടു (pic2) .
ഇതിൽ നിന്ന് നമ്മൾ മനസ്സിൽ ആക്കേണ്ടത് തെക്കിനിയിൽ നിന്ന് ഗംഗക്ക് രക്ഷപെടാൻ വേറെയും വഴികൾ ഉണ്ടെന്നതാണ്
ഇനി നമ്മൾക്ക് ആദ്യം പറഞ്ഞ സീനിലേക്കു വരാം ഇവിടെ നാഗവല്ലി തിരിച്ചുപോകുമ്പോൾ ചിലങ്കയുടെ ശബ്ദം നമ്മൾക്ക് കേൾക്കാൻ കഴിയും എന്നാൽ അതിനുള്ളിലുള്ള വാതിൽ തുറക്കുന്ന ശബ്ദം നമ്മൾക്ക് കേൾക്കാൻ കഴിയുന്നില്ല .അതിൽ നിന്നും നമ്മൾക്ക് ആ വാതിൽ നേരത്തെ തന്നെ ഗംഗ തുറന്നിരുന്നു എന്ന് മനസ്സിലാക്കാം .ഇനി സണ്ണി തെക്കിനി തുറന്നു അകത്തേക്ക് കയറി എന്ത് ചെയ്യണം എന്ന ഭാവത്തിൽ നാഗവല്ലിയുടെ ചിത്രം ഇരിക്കുന്ന ഭാഗത്തേക്ക് നോക്കുന്നത് ശ്രദ്ധിക്കുക (pic3) .അതിൽ നിന്നും അതിനടുത്തുള്ള വാതിലിലൂടെയാണ് ഗംഗ രക്ഷപെട്ടതെന്നു നമ്മൾക്ക് അനുമാനിക്കാം .
ഇനി നമ്മൾക്ക് പടത്തെ ഒന്ന് റീവൈൻഡ് ചെയ്തു ആദ്യമേ തന്നെ സണ്ണി നാഗവല്ലിയുടെ പാട്ടുകേട്ട് തെക്കിനിയിൽ ചെല്ലുമ്പോൾ ഗംഗ അവിടെ നിന്ന് രക്ഷപെടുന്ന രംഗം കാണുക . അപ്പോൾ സണ്ണി തെക്കിനിയുടെ വലതു വശത്തേക്കാണ് നോക്കുന്നത്. കാരണം ഒരു വാതിൽ തുറക്കുന്ന ശബ്ദം ആ വശത്തു നിന്ന് കേൾക്കാം. അതിൽ നിന്ന് തന്നെ നമ്മൾക്ക് അവിടെ തെക്കിനിയിൽ നിന്ന് പുറത്തേക്കു മറ്റൊരു വാതിൽ കാണാനുള്ള സാധ്യത ഉള്ളതായി മനസ്സിലാക്കാം. ഇപ്പോൾ തെക്കിനിയിൽ നിന്ന് ഗംഗ എങ്ങനെ രക്ഷപെട്ടെന്നു മനസ്സിലായി കാണുമെന്നു വിചാരിക്കുന്നു.
അതിനെ പിന്തുടർന്ന് വന്ന സംശയം ആയിരുന്നു സണ്ണി എന്തുകൊണ്ട് മുൻവശത്തെ വാതിൽ കുറ്റിയിട്ട പോലെ തെക്കിനിക്കകത്തെ ഗംഗ രക്ഷപെട്ട വാതിൽ കൂടി കുറ്റിയിടാതിരുന്നത്, അങ്ങനെ ആയിരുന്നെങ്കിൽ സണ്ണിക്ക് ഗംഗയെ കണ്ടുകൂടായിരുന്നോ എന്നത്.
ഇതിനുള്ള ഉത്തരം മനസ്സിൽ ആക്കാൻ ഇവിടെ സണ്ണി പറയുന്ന വാക്കുകൾ ശ്രദ്ധിച്ചാൽ മതി " ഗംഗയുടെ ലക്ഷ്യവും സഞ്ചാര ദിശയും" മനസ്സിലാക്കാൻ കൂടി ആണ് അന്ന് രാത്രി സണ്ണി തെക്കിനിയിൽ എത്തിയത് . എന്നാൽ സണ്ണിയെ കണ്ടാൽ ഉപദ്രവിക്കാതെ ഇരിക്കാൻ ആണ് മുൻഭാഗത്തെ വാതിൽ കുറ്റിയിടുന്നത്. മാത്രവുമല്ല താൻ ഗംഗയിലെ ചിത്തരോഗിയെ മനസ്സിൽ ആക്കിയെന്നു ഗംഗ അറിയുകയും ചെയ്യരുത് . അങ്ങനെ വന്നാൽ ആ നിമിഷം ഗംഗ അതിജീവിക്കില്ല എന്ന് സണ്ണിക്കറിയാം . അതുകൊണ്ടുതന്നെ എല്ലാം കഴിഞ്ഞു തന്റെ സ്ഥിരം വഴിയിലൂടെ തന്നെ ഗംഗ പുറത്തേക്കു പോകട്ടെ എന്ന് സണ്ണി വിചാരിക്കുന്നുണ്ടാവാം. എങ്കിലേ തന്റെ ഭാവി ചികിത്സ കാര്യങ്ങൾ സണ്ണിക്ക് തീരുമാനിക്കാൻ കഴിയുമായിരുന്നുള്ളൂ .
ഇപ്പോൾ ആ സംശയം ക്ലിയർ ആയെന്നു കരുതുന്നു.
ഈ പംക്തിയിലേക്കു ചോദ്യങ്ങൾ ചോദിച്ചവർക്കും സഹായിച്ചവർക്കുമുള്ള നന്ദി രേഖപെടുത്തികൊണ്ടു നിർത്തുന്നു 
തുടരും...

മണിച്ചിത്രത്താഴും തെക്കിനിയിലെ പാട്ടും പിന്നെ ഓർക്കസ്ട്രയും - Part 2

Image may contain: 1 person, text

പരമ്പരയുടെ ഒന്നാം ഭാഗത്തിന് നിങ്ങൾ തന്ന പിന്തുണക്കു ആദ്യമേ നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ പോസ്റ്റിലേക്ക് വരാം .ആദ്യപോസ്റ്റിൽ നമ്മൾ ചർച്ച ചെയ്ത തെക്കിനിയിൽ നിന്ന് കേൾക്കുന്ന " ഒരു മുറൈ വന്ത് പാറായോ " പാട്ടിനെ പറ്റിയുള്ള സംശയങ്ങൾക്കാണ് ഇന്ന് നമ്മൾ ഉത്തരം തേടുന്നത് .
ഈ ഇടയ്ക്കു ഒരു സുഹൃത്ത് ചോദിച്ച സംശയം ഗംഗ തെക്കിനിയിൽ നിന്ന് പാടുമ്പോൾ എന്തുകൊണ്ട് സണ്ണിക്ക് മാത്രം അത് കേൾക്കാൻ ആകുന്നു എന്നാണു .
ഇതിന്റെ ഉത്തരം സണ്ണി ചാര് കസ്സേരയിൽ കിടക്കുന്നതു നടുത്തളത്തിൽ ആണ് .മറ്റുള്ളവർ ഉറങ്ങുന്നത് മുറിക്കുള്ളിലും .അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ഗംഗ ചിലങ്ക അണിഞ്ഞു പുറത്തേക്കു പോകുമ്പോൾ അതിന്റെ ശബ്ദം സണ്ണിക്ക് കേൾക്കാം .മാത്രവുമല്ല ആ പാട്ടു ആദ്യം സണ്ണി കേൾക്കുന്നത് വളരെ ചെറിയ ശബ്ദത്തിൽ ആണ് അത് സണ്ണി പിന്നീട് തെക്കിനിക്കടുത്തേക്കു പോകുമ്പോൾ മാത്രമാണ് വ്യക്തമായി കേൾക്കുന്നതെന്നു കാണാം
അടുത്ത സംശയം ചോദിച്ചത് ഗംഗ മുറി തുറക്കുമ്പോൾ എന്തുകൊണ്ട് ശബ്ദം കേട്ട് നകുലനോ മറ്റു ആൾകാരോ എഴുന്നേൽക്കുന്നില്ല അല്ലെങ്കിൽ അറിയുന്നില്ല കൂടാതെ നമ്മളുടെ വീട്ടിലാണെങ്കിൽ എന്തെങ്കിലും ശബ്ദം കേട്ടാൽ നമ്മൾ എഴുന്നേൽക്കില്ലേ എന്നാണു.
ഇതിന്റെ ഉത്തരം മാടമ്പള്ളി ഒരു വലിയ തറവാടാണ് അവിടെ ധാരാളം മുറികളും ഒന്നിൽ കൂടുതൽ നടുവരാന്തകളും ഇടനാഴികളും ഉള്ളത് .അപ്പോൾ ശബ്ദം കേൾക്കാനുള്ള സാധ്യത കുറവാണ് .പിന്നെ തമാശയാണെങ്കിലും ഒരു കാര്യമുള്ളത് അങ്ങനെ രാത്രിയിൽ ശബ്ദം ഉണ്ടായാൽ ഉടനെ ആൾക്കാർ ഉണർന്നിരുന്നെങ്കിൽ ഇവിടെ പല മോഷണവും ഒളിച്ചോട്ടവും മറ്റുപലതും എപ്പോഴേ നിന്നേനെ 
ഇനി ഇതിന്റെ വാസ്തുശാസ്ത്രപരമായ വിശദീകരണം നോക്കാം അതായത് സണ്ണി കിടക്കുന്ന സ്ഥലം നടുത്തളം ആണെന്ന് പറഞ്ഞിരുന്നല്ലോ സാധാരണ
തെക്കിനിയിലേക്കു ഒരാൾക്ക് പോകണമെങ്കിൽ പ്രേത്യേകിച്ചും താഴെ നിന്ന് പോകണമെങ്കിൽ നടുമുറ്റം കഴിഞ്ഞാണ് അല്ലെങ്കിൽ അതിനടുത്തു കൂടിയാണ് പോകേണ്ടിവരിക .അപ്പോൾ സ്വാഭാവികമായും അവിടെ മയങ്ങുന്ന സണ്ണി ഗംഗയുടെ ചിലങ്കയുടെ ശബ്ദം കേൾക്കുകയും അങ്ങോട്ടേക്ക് നോക്കുകയും ചെയ്യും .
അടുത്തതായി ഉള്ള സംശയം മാടമ്പള്ളി പഴയതറവാടായതുകൊണ്ടും തെക്കിനി മുകളിലെ നിലയിൽ ആയതുകൊണ്ടും ഗംഗ ഭ്രാന്തമായി ചിലങ്കയിട്ടുകൊണ്ടു നൃത്തം ചെയ്യുമ്പോൾ ഉള്ള ശബ്ദം അല്ലെങ്കിൽ മുഴക്കം താഴെ ഉള്ളവർക്കും കേൾക്കാൻ കഴിയില്ലേ എന്നതായിരുന്നു .
ഇതിനുള്ള ഉത്തരം പഴയ തറവാടുകളിൽ വാസ്തുശാസ്ത്ര പ്രകാരം തെക്കിനി ഉയരത്തിൽ നിർമിക്കുന്നതും കെട്ടി അടക്കപ്പെട്ടിട്ടുള്ളതാണ് . അതിനാൽ തന്നെ വായു സഞ്ചാരം കുറവായിരിക്കും അവിടെ ഇത് മനസ്സിലാക്കാൻ അല്ലിയെ ഗംഗ മുകളിലെ മുറിയിൽ പൂട്ടിയിടുന്ന രംഗം ശ്രദ്ധിച്ചാൽ മതി. അപ്പോൾ അവിടെയെത്തുന്ന നകുലൻ സണ്ണിയോട് പറയുന്നുണ്ട് "അയ്യോ ഈ മുറിയിൽ ശ്വാസം കിട്ടില്ല എന്ന്" . ഈ ഒരു കാരണം കൊണ്ട് തന്നെ അവിടെയുണ്ടാകുന്ന ശബ്ദം അധികം വെളിയിൽ വരില്ല .
കൂടാതെ തെക്കിനിയിൽ മുകളിലോ താഴെയോ താമസം പാടില്ല എന്നാണ് ശാസ്ത്രം . അതിനു മറ്റു കെട്ടുകൾ ആണ് ഉപയോഗിക്കുന്നത് .ഇത് മനസ്സിലാക്കാൻ തമ്പി ഗംഗയെ തെക്കിനി ഭാഗത്തേക്ക് പോകുന്നത് വിലക്കുന്ന രംഗം ശ്രദ്ധിച്ചാൽ മതി .അതുകൊണ്ടുതന്നെ മാടമ്പള്ളി പോലൊരു വലിയ തറവാട്ടിൽ തെക്കിനിയിലെ മുഴക്കമോ ശബ്ദമോ അങ്ങനെയൊന്നും മറ്റു കെട്ടുകളിൽ കേൾക്കാനാകില്ല പ്രത്യേകിച്ചും വാതിലുകളും ജനാലകളും അടച്ചിരിക്കുമ്പോൾ .എന്നാൽ സണ്ണി കിടക്കുന്ന സ്ഥലം നടുത്തളം ആണ് തറവാടിന്റെ മധ്യഭാഗത്തു അപ്പോൾ അവിടെ മയങ്ങുന്ന സണ്ണിക്ക് ഈ ശബ്ദം ചെറിയ രീതിയിൽ എങ്കിലും കേൾക്കാൻ കഴിയും .അതുകൊണ്ടാണല്ലോ വളരെ പതുങ്ങിയ ശബ്ദത്തിൽ കേട്ട പാട്ടു സണ്ണി തെക്കിനിക്കടുത്തെത്തുമ്പോൾ ഉച്ചത്തിൽ കേൾക്കുന്നത്. ഇപ്പോൾ ആ സംശയം തീർന്നെന്നു വിചാരിക്കുന്നു 
അടുത്തതായി ചോദിച്ച സംശയം സണ്ണി നാഗവല്ലിയുടെ പാട്ടുകേട്ട് തെക്കിനിയി എത്തുമ്പോൾ ആരാണ് അവിടെ മൃദഗം ഓർക്കസ്ട്ര വായിക്കുന്നത് എന്നാണ് 
ഇതൊരു കാര്യമില്ലാത്ത ചോദ്യമായെ കണക്കിൽ എടുക്കാൻ കഴിയൂ കാരണം അത് സംവിധായകന്റെ ഇഷ്ടമല്ലേ പാട്ടിൽ ഓർക്കസ്ട്ര വേണമോ എന്നത് . കൂടാതെ ഇങ്ങനെ ലോജിക് നോക്കാൻ ആണെങ്കിൽ സിനിമ സംഗീതം തന്നെ ഒരു തമാശയായി കാണാം. ഇനി ഇതിന്റെ ലോജിക് കൂടി വേണമെങ്കിൽ നമ്മൾക്ക് ചിത്രത്തിൽ നിന്ന് തന്നെ കണ്ടെടുക്കാനാവുന്നതാണ് .
അതറിയാൻ നമ്മൾക്ക് പടം ഒന്ന് റീവൈൻഡ് ചെയ്യാം . നമ്മൾ ഇപ്പോൾ പ്ലേയ് ചെയ്യുന്നത് ഗംഗ ആദ്യമായി തെക്കിനി തുറക്കുന്ന രംഗമാണ് . ഇവിടെ ഗംഗ തെക്കിനിയിലെ കൗതുക കാഴ്ചകൾ വീക്ഷിക്കുമ്പോൾ നാഗവല്ലിയുടെ മുറി കാണുന്ന സമയം ബാക്ക്ഗ്രൗണ്ടിൽ "ഒരു മുറൈ വന്ത് പാറായോ " എന്ന ഗാനം കേൾക്കുന്നത് ശ്രദ്ധിക്കുക . ഇതിനെ വേണമെങ്കിൽ നമ്മൾക്ക് ഗംഗക്കുണ്ടാകുന്ന സൈക്കിക് വൈബ്രേഷന്റെ ഭാഗമായ ഒരു Auditory Hallucination ( നമ്മളുടെ പഞ്ചേന്ദ്രിയങ്ങളും ബ്രയ്‌നുമായി ഉള്ള ആശയവിനിമയത്തിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ കാരണം അവർ അനുഭവിക്കുന്നതായ കേൾക്കുന്നതായ കാര്യങ്ങൾ മറ്റൊരു തരത്തിൽ അനുഭവപ്പെടുന്നത് ) ആയി കാണാം .കാരണം നാഗവല്ലിയെ കുറിച്ചുള്ള കഥകൾ കേട്ടാണ് അവൾ തെക്കിനിയിലേക്കു വരുന്നത് തന്നെ അപ്പോൾ അവൾക്കു നാഗവല്ലിയോട് ഒരു സിമ്പതി തോന്നിത്തുടങ്ങുകയും അത് അവളുടെ മനോനിലയെ ചെറുതായി ബാധിക്കുകയും ചെയ്യുന്നുണ്ടാവാം.
ഈ ഒരു ഓഡിറ്റോറി ഹാലൂസിനേഷൻ ഗംഗ തെക്കിനിയിൽ വച്ച് പാട്ടുപാടി നൃത്തം ചെയ്യുമ്പോളും ഉണ്ടാവുന്നുണ്ടാകാം . കാരണം തെക്കിനിയിൽ ഒരു മൃദഗം വച്ചിരിക്കുന്നത് നിങ്ങളിൽ പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവാം. ചിലപ്പോൾ അത് കാണുമ്പോൾ അതിന്റെ ശബ്ദം അവൾക്കു കേൾക്കുന്നത് പോലെ തോന്നിയിരിക്കാം അതാവും അങ്ങനെ ഒരു ഓർക്കസ്ട്ര അവിടെ വരാൻ കാരണം.
ഇനി സണ്ണിയുടെ വ്യൂ പോയിന്റിൽ ഇതൊന്നും വരില്ല എന്ന് പറഞ്ഞാൽ അതിനുള്ള ഉത്തരം ഈ സീനിൽ തെക്കിനിയിൽ ഉള്ള ആളുടെ മാനസികാവസ്ഥ കൂടി കാണിക്കാൻ ആവാം അങ്ങനെ ചെയ്തത്. പിന്നീട് ഇതിനുള്ള ഒരു ന്യായീകരണമായി തെക്കിനിയിലെ പാട്ടിന്റെ മറ്റൊരു വേർഷൻ ആയ ക്ലൈമാക്സ് നൃത്ത സമയത്തെ "ഒരു മുറൈ വന്ത് പാർത്തായ" പാട്ടിനിടക്ക് നാഗവല്ലി സദസിൽ പഴയ ആൾക്കാരുടെ മുൻപിൽ സന്തോഷകരമായി തന്റെ മേളക്കാരോടൊപ്പം നൃത്തം ചെയ്യുന്നതായി ഉള്ള ഒരു രംഗം ഉണ്ട്. യഥാർത്ഥത്തിൽ ഗംഗ ഒരു Visual & Auditory Hallucination ലേക്ക് പോയതായി ആണ് ആ സീനിൽ കാണിച്ചിരിക്കുന്നത് .
ഇപ്പോൾ തെക്കിനിയിൽ നാഗവല്ലിയോടൊപ്പം ഓർക്കസ്ട്ര വായിക്കുന്നത് വേറാരും അല്ലെന്നും അത് ഗംഗയുടെ താളം തെറ്റിയ മാനസികനിലയാണെന്നും ഏവർക്കും മനസ്സിൽ ആയി എന്ന് കരുതുന്നു .
ഇങ്ങനെ ധാരാളം കാര്യങ്ങൾ ചിത്രത്തിൽ നിന്ന് നമ്മൾക്ക് കണ്ടെടുക്കാൻ കഴിയും.അതിലെക്കുള്ള അന്വേഷണം ആണീ പരമ്പര.അവസാനിപ്പിക്കുന്നതിനുമുന്പു വീടിന്റെ ശാസ്ത്രപരമായ കാര്യങ്ങൾ പറഞ്ഞു തന്ന മാഷ് ജ്യോതിലാൽ ജോർജ് തോട്ടത്തിലിനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ആദ്യ ഭാഗത്തിന്റെ ലിങ്ക് : https://www.facebook.com/groups/nallezhuth/permalink/1592238127525335/
തുടരും ...

After Tomorrow same time

മണിച്ചിത്രത്താഴ് - Part 1

Image may contain: 1 person, text

മണിച്ചിത്രത്താഴ് മലയാളികൾക്ക് ഒരു പരിചയ പെടുത്തലിനു പോലും ആവശ്യമില്ലാത്ത, ഒരു പക്ഷേ ഏറ്റവും കൂടുതൽ മടുപ്പില്ലാതെ ആദ്യം കണ്ട അതെ ആകാംക്ഷയിൽ കണ്ടിട്ടുള്ള ചിത്രം ആയിരിക്കും എന്ന് തോന്നുന്നു.ഈ സിനിമയെ കുറിച്ചുള്ള ധാരാളം ചർച്ചകളും കണ്ടെത്തലുകളും ഇപ്പോഴും നടക്കുന്നത് ഈ ചിത്രത്തിന്റെ ക്ലാസിക് എന്ന പദവിയെ ഊട്ടി ഉറപ്പിക്കുന്നു.ഈ സിനിമയെ പറ്റിയുള്ള ഏകദേശം 30 പാർട്ടുകളോളം വരുന്ന പരമ്പര ആണ് നല്ലെഴുത്തിൽ ഇന്നുമുതൽ ആരംഭിക്കുന്നത് .എല്ലാ മാന്യ വായനക്കാരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു .
ഒരുമുറൈ വന്തു പാറായോ പാട്ടും പഴന്തമിഴ് പാട്ടും തമ്മിൽ - 1
ഇതല്പം നീണ്ട പോസ്റ്റ് ആണ് ക്ഷമയോടെ വായിക്കും എന്ന് പ്രതീക്ഷിക്കുന്നു 
ഇവിടെ ഇന്ന് പറയാൻ പോകുന്നത് മണിച്ചിത്രത്താഴ് സിനിമയിൽ ഡോ. സണ്ണി രാത്രിയിൽ തെക്കിനിയിൽ നിന്ന് കേൾക്കുന്ന "ഒരു മുറൈ വന്തു പാറായോ" എന്ന തമിഴ് പാട്ടും പിന്നീട് ശ്രീദേവിയെ മുറിയിൽ പൂട്ടിയിട്ടിട്ടു പാടുന്ന "പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ" എന്ന പാട്ടും തമ്മിലുള്ള ബന്ധവും രംഗബന്ധവും ആണ്.
ആദ്യം സൂചിപ്പിച്ച ഗാനം സണ്ണി നടുമുറ്റത് മയങ്ങുന്ന നേരം കേൾക്കുന്ന "ഒരുമുറൈ വന്തു പാറായോ" എന്ന തമിഴ് പാട്ടാണ് .ഈ പാട്ടു ഗംഗയിലെ ചിത്തരോഗിയായ നാഗവല്ലി തന്റെ കാമുകന്റെ വിരഹത്തിൽ തെക്കിനിയിൽ വച്ച് പാടുന്നതാണ് .ഇവിടെ എന്തുകൊണ്ട് ആയിരിക്കാം തെക്കിനിയിൽ പോയി ഗംഗ പാട്ടുപാടുന്നത്?
കാരണം രാമനാഥൻ താമസിക്കുന്ന വീട് തെക്കിനിയിൽ നിന്ന് കാണാവുന്ന വിധത്തിലാണ് .കൂടാതെ നാഗവല്ലിയെ കൊണ്ടുവന്നു താമസിപ്പിച്ചത് മേടയിൽ ആണെന്ന് പറയുന്നും ഉണ്ട്. അതുമല്ല നാഗവല്ലിയെ ആവാഹിച്ചു കുടിയിരുത്തിയതും തെക്കിനിയിൽ ആണ്.
ഇവിടെ ഗംഗ തെക്കിനിയിൽ പാട്ടുപാടി നൃത്തം ചെയ്യുന്നസമയം അവിടെയെത്തുന്ന സണ്ണിക്കു മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതിനാൽ ആരാണ് അകത്തുള്ളതെന്നു അറിയാനാവുന്നില്ല . അടുത്ത ദിവസം ഗംഗയോട് ഇതിനെ പറ്റി ചോദിക്കുമ്പോൾ ഗംഗയുടെ മുഖത്തു വരുന്ന ഭാവ വ്യത്യാസം ശ്രദ്ധിക്കുക.പിന്നീട് ഗംഗ യെയും കൂട്ടി തെക്കിനിയിൽ എത്തുന്ന സണ്ണിക്കു രാമനാഥന്റെ വീട് കാണിച്ചുകൊടുക്കുമ്പോൾ "അപ്പൊ ഇവിടെ വച്ചാണല്ലേ നാഗവല്ലി ഒരു മുറൈ വന്തു പാറായോ " എന്ന് പാടുമ്പോൾ ഗംഗ യിൽ ഉണ്ടാകുന്ന ഭാവവ്യത്യാസം കൂടി ശ്രദ്ധിക്കുക .പിന്നീട് ഗംഗ നാഗവല്ലിയുടെ അഭരണങ്ങൾ കാണിക്കുമ്പോളാണ് സണ്ണിക്കു ഗംഗയിലെ മനോരോഗത്തിന്റെ ലക്ഷണങ്ങൾ കാണാൻ പറ്റുന്നത്.ഇവിടെ സണ്ണിക്കു ഗംഗക്കാണ് രോഗം എന്ന് ആ പാട്ടു കേട്ടപ്പോൾ തന്നെ മനസ്സിലായിരിക്കണം. കാരണം തലേന്ന് രാത്രി ചിലങ്കയുടെ ശബ്ദം കേട്ട് ശ്രീദേവിയുടെ മുറിയിൽ ഒളിഞ്ഞു നോക്കുന്ന സണ്ണിക്കു അവിടം വച്ച് തന്നെ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിൽ ആയി കാണണം കാരണം ഗംഗയാണ് തെക്കിനി തുറന്നതെന്നു സണ്ണി മനസ്സിലാക്കിയിട്ടുണ്ട് .അതുകൊണ്ടാണല്ലോ ഗംഗയെ തന്നെ തെക്കിനിയിലേക്കു കൊണ്ട് പോകാൻ സണ്ണി കൂട്ടുപിടിക്കുന്നത്. ആ പ്ലാൻ വിജയത്തിൽ എത്തിയെന്ന് നമ്മൾക്ക് ചിത്രത്തിൽ നിന്ന് മനസ്സിൽ ആകാൻ കഴിയും .
ഇവിടെ നാഗവല്ലിയെ കുറിച്ചും അവൾ പാടുന്ന പാട്ടിനെ കുറിച്ചും പറയുമ്പോളാണ് ഗംഗ യിൽ നാഗവല്ലി എന്ന സ്വത്വം വരുന്നതെന്ന് കാണാം.പിന്നീട് ഗംഗ യിലെ ചിത്തരോഗിയെ കൂടുതൽ മനസ്സിലാക്കുക എന്നതായിരുന്നു സണ്ണിക്കു മുന്പിലുണ്ടായിരുന്ന ആദ്യത്തെ കടമ്പ .അതിനുവേണ്ടി തെക്കിനിയിൽ ചെന്ന് ഗംഗ യിലെ ചിത്ത രോഗിയുമായി സംസാരിക്കുകയും പിന്നീട് ഗംഗയുടെ ജന്മനാട്ടിൽ പോയി വിവരങ്ങൾ അറിയുകയും ചെയ്യുന്നു.ഇതിനിടയിൽ ഗംഗ യിലെ ചിത്തരോഗി നകുലനെ കൊലപ്പെടുത്തതിരിക്കാനുള്ള പല മാർഗങ്ങളും അവലംബിക്കുന്നുണ്ട്.അതിനായി അവലംബിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് ശ്രീദേവിയിൽ രോഗം ഉണ്ടെന്നു വരുത്തി മുറിയിൽ പൂട്ടിയിടാൻ അച്ഛനായ തമ്പിയോട് പറയുന്നത്.എന്നാൽ അത് അദ്ദേഹം തള്ളികളയുന്നതായി നമ്മൾക്ക് കാണാൻ കഴിയും.പിന്നീട് ചായയിൽ വിഷം ചേർക്കുമ്പോൾ ശ്രീദേവി ആണ് അത് ചെയ്തതെന്ന് പറഞ്ഞു സണ്ണി അവളെ മുറിയിൽ പൂട്ടിയിടുന്നു.അതുകണ്ട് ഗംഗ യിലെ ചിത്തരോഗി തൽക്കാലത്തേക്ക് അടങ്ങുകയും ചെയ്യുന്നു.
അപ്പോൾ സണ്ണി പാടുന്ന പാട്ടാണ് " പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ"എന്നത്.ഈ ഒരു ഗാനചിത്രീകരണത്തിനെ ധാരാളം പേർ വിമർശിച്ചിരുന്നു.ഒരു സ്ത്രീയെ ഭ്രാന്തിയെന്നു മുദ്രകുത്തി മുറിയിൽ പൂട്ടിയിട്ടിട്ടു പുറത്തിറങ്ങി പാട്ടുപാടുന്ന മനഃശാസ്ത്രജ്ഞൻ യുക്തിക്കു നിരക്കാത്തതാണെന്നു പലരും ഇപ്പോളും വിചാരിക്കുന്നുണ്ടാവും.എന്നാൽ എന്തുകൊണ്ടായിരിക്കും മധു മുട്ടവും ഫാസിലും ഇങ്ങനെ ഒരു രംഗം ചേർത്ത്?
അത് മനസ്സിലാവണമെങ്കിൽ ഞാൻ ആദ്യം പറഞ്ഞ ഗാനം കേൾക്കണം .അതായതു തെക്കിനിയിൽ വച്ചു ഗംഗയിലെ ചിത്തരോഗി പാടുന്ന തമിഴ് പാട്ട്‌ .ഈ പാട്ടിലുപയോഗിച്ചിരിക്കുന്ന ആഹിരി എന്ന അതെ രാഗം ആണ് സണ്ണി പാടുന്ന "പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ" എന്ന ഗാനത്തിനും എന്ന് ഈ രണ്ടു പാട്ടും ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാക്കാവുന്നതാണ്. ഇവിടെ ഈ ഗാനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതായ രാഗം "ആഹിരി " എന്ന അപൂർവം ആയിട്ട് ഉപയോഗിക്കുന്ന രാഗമാണ്.ഇത് ചിട്ടപ്പെടുത്തിയത് എം ജി രാധാകൃഷ്ണനും വരികൾ വാലി യും പാടിയത് സുജാതയും കൂടിയാണ് .എന്തുകൊണ്ട് സംഗീതസംവിധായകനും സംവിധായകനും ഒരേ രാഗത്തിൽ ഈ രണ്ടു പാട്ടുകളും കമ്പോസ് ചെയ്തത്? ഇവിടെയാണ് നമ്മൾ ഇതിന്റെ തിരകഥാകൃതിനെയും സംവിധേയകനെയും സംഗീതസംവിധായകനെയും നമിക്കേണ്ടതു .അതായതു സണ്ണി പാടുന്ന പാട്ടു ശ്രദിച്ചാൽ അതിൽ പറയുന്നതു നാഗവല്ലിയെ കുറിച്ചാണെന്നു മനസ്സിലാക്കാം. ഒന്നുകൂടി ഉഴിഞ്ഞു ചിന്തിച്ചാൽ അവളോടുള്ള ഒരു കരുണയുടെ, അനുകമ്പയുടെ ഭാവം വരികളിൽ കാണാം .
അതായതു സണ്ണി യഥാർത്ഥത്തിൽ ഗംഗ യിലെ ചിത്തരോഗിയുമായി സംവധിക്കുകയായിരുന്നു അവിടെ .അങ്ങനെ ഒരു frequency അവർത്തമ്മിൽ ഉണ്ടാവാനാണ് നാഗവല്ലി പാടിയ അതെ രാഗത്തിൽ സണ്ണിയും നാഗവല്ലി യോട് സിംപതിയോടെ പാടിയത്.എന്നാൽ താൻ ഗംഗ യിലെ ചിത്ത രോഗിയെ മനസ്സിലാക്കി എന്ന് ഗംഗ അറിയുകയും ചെയ്യരുത് .അങ്ങനെ വന്നാൽ ഗംഗ യിലെ ചിത്തരോഗി പുറത്തു വരുമെന്നും ആ നിമിഷം ഗംഗ ആത്മഹത്യാ ചെയ്യും എന്നും സണ്ണിക്കു അറിയാം.എന്നാൽ ഗംഗയിലെ ചിത്തരോഗിക്കു ഒരു സംശയം സണ്ണിയിൽ തോന്നുന്നുണ്ട് എന്ന് ഇടയ്ക്കിടയ്ക്ക് സണ്ണിയെ നോക്കുന്നത് കാണുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാക്കാം , അതുകൊണ്ടു തന്നെ ആണ് പരസ്പരം കണ്ണുകൾ ഉടക്കുമ്പോൾ ഗംഗ യിൽ നിന്ന് സണ്ണി ഒഴിഞ്ഞു മാറുന്നത് ആ ഗാനരംഗത്തിൽ പലതവണ കാണിക്കുന്നതും.ഈ രാഗത്തിൽ സണ്ണി എങ്ങനെ പാട്ടുപാടുന്നതെന്നു ചോദിചാൽ ഗംഗയുടെ പാട്ടു സണ്ണി മാത്രമേ കേട്ടിട്ടുള്ളൂ. അത് പഠിച്ചാണ് പുള്ളിക്കാരൻ ആ ഗാനം പാടുന്നത് എന്ന് നമ്മൾക്ക് അനുമാനിക്കാം . പത്തു തലയാണ് തനി രാവണൻ ഏത് ധത് തന്നെ 
ഇനി ഇങ്ങനെ ഒരു ഗാന ചിത്രീകരണത്തെക്കുറിച്ചു ഒരിക്കൽ ലാലേട്ടനോട് ഒരു ഇന്റർവ്യൂയിൽ ശ്രീകണ്ഠൻ നായർ സർ ചോദിച്ചപ്പോൾ ലാലേട്ടൻ പറഞ്ഞ മറുപടി ഇപ്പറകരമായിരുന്നു " അത് സംവിധായകന്റെയും തിരകഥാകൃതിന്റെയും ധൈര്യമാണ് " എന്നാണ് .ഇതിൽ നിന്നുതന്നെ നമ്മൾക്ക് തിരക്കഥാകൃത്തും സംവിധായകനും ഈ കാര്യങ്ങൾ മനസ്സിലാക്കിതന്നായിരിക്കാം ഈ രംഗം എടുത്തതെന്ന് നമ്മൾക്കനുമാനിക്കാവുന്നതാണ്.
ഇവിടെ വരുന്ന വേറൊരു സംശയം എന്തുകൊണ്ടാണ് ഈ രണ്ടു ഗാനങ്ങൾക്കും "ആഹിരി" എന്ന രാഗം തന്നെ തിരഞ്ഞെടുത്തത് ? അതും പൊതുവെ അശുഭകരം എന്നും "വിലക്കപ്പെട്ട രാഗം" എന്നും എന്ന് സംഗീത സംവിധായകർക്കിടയിൽ പരക്കെ വിശ്വാസം ഉള്ള ഒരു രാഗം ?
അതറിയണമെങ്കിൽ ഒന്നുകൂടി സിനിമയുടെ ആദ്യ ഭാഗങ്ങൾ കാണണം .അതായതു ഗംഗ തുറന്ന തെക്കിനിയിലെ മുറി അടച്ചു നാഗവല്ലിയെ കുടിയിരുത്താൻ തമ്പിയും ദാസപ്പനും കാട്ടുപറമ്പൻ കൂടി അവിടെത്തുമ്പോൾ നാഗവല്ലി പറയുന്ന വാക്കുകൾ "യാരത് അന്ത ആഹിരിയിലെ കീർത്ത്‌ ഒന്ന് പാടുങ്കള ?"എന്നത് ശ്രദ്ധിച്ചാൽ മതി.ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് തിരക്കഥാകൃത് ആഹിരിയുടെ പ്രാധാന്യം മനസ്സിലാക്കിത്തന്നെ തന്നെ എഴുതിയതാണ് പിന്നീടുള്ള ഇതുമായി ബന്ധപ്പെട്ട സീനുകളും മറ്റും. അതായതു നാഗവല്ലിക്ക് ആഹിരി എന്ന രാഗത്തോടുള്ള പ്രിയം അവിടുന്ന് തന്നെ വ്യെക്തമാകുന്നുണ്ട്.കൂടാതെ അഹിരി രാഗം വളരെ പഴക്കമേറിയ രാഗം ആണ് . ഇന്നും ഇതിന്റെ പൂർണമായ രൂപം ആർക്കും പഠിപ്പിച്ചുകൊടുക്കാറില്ല സംഗീതജ്ഞർ. കാരണം അശുഭകരം ആയ രാഗം ആയതുകൊണ്ട് തന്നെ . കുറച്ചു മിത്തുകളും ഇതിനു പിന്നിൽ ഉണ്ട് .ഇതിനെ ഒന്ന് നിരീക്ഷിച്ചാൽ മാടമ്പള്ളിയിലെ തെക്കിനിയും നാഗവല്ലിയും രാമനാഥനും കാരണവരും എല്ലാം പഴങ്കഥകളിലെ കഥാപാത്രങ്ങൾ ആണ് . അങ്ങനെ വരുമ്പോൾ കേൾക്കുമ്പോൾ വളരെ പഴമ തോന്നുന്ന രീതിയിൽ ഉള്ള പാട്ടുകൾ ആണ് ആഹിരി രാഗത്തിൽ സംഗീത സംവിധായകനായ എം ജി രാധാകൃഷ്ണൻ സാർ കമ്പോസ് ചെയ്തത്. കൂടാതെ തെക്കിനി എന്ന "വിലക്കപ്പെട്ട മുറിയുടെയും" പഴംകഥകളുടെയും ദുരൂഹത സൂചിപ്പിക്കാനും ഈ "വിലക്കപ്പെട്ട രാഗത്തിനു" കഴിയുന്നുണ്ട് .
ഇനി അറിയേണ്ടത് തിരക്കഥാകൃത്തായ മധുമുട്ടവും സംവിധായകനായ ഫാസിൽ സാറും എങ്ങനെ ഈ രാഗവും നാഗവല്ലിയുടെ സ്വഭാവവുമായി ബന്ധപ്പെടുത്തുന്നതു എന്നുള്ളതാണ് .അതറിയാൻ ഈ രാഗത്തെ കുറിച്ചുള്ള ചില രസകരമായ അല്ലെങ്കിൽ വിശ്വാസപരമായ കാര്യങ്ങൾ അറിയേണ്ടതുണ്ട് .അതിലൊന്ന് ഈ രാഗം പാടിയാൽ അന്നേ ദിവസം പിന്നെ കഴിക്കാൻ ഭക്ഷണം കിട്ടില്ലത്രെ  വേറൊന്നു സാന്ത്യസമയങ്ങളിലും ഇത് പാടാറില്ല എന്നതാണ് അത് കൂടാതെ ഈ രാഗം കച്ചേരികളിൽ അധികം ഉപയോഗിക്കാറില്ല ഉപയോഗിച്ചാൽ തന്നെ കുറച്ചു നേരത്തേക്ക് മാത്രമേ ഉപയോഗിക്കൂ കാരണം ഇതുണ്ടാക്കുന്ന മൂഡിൽ നിന്ന് വളരെ പെട്ടെന്ന് മാറി അടുത്ത രാഗത്തിലേക്കു പോകാൻ കഴിയില്ല അതുകൊണ്ടു തന്നെ ഇത് കച്ചേരിയുടെ അവസാന ഭാഗങ്ങളിൽ ആണ് ഉപയോഗിക്കാറ് .അതുമല്ല ഈ രാഗത്തിന്റെ ഭാവം ഭയാനകവും ദൈവീക മായതുമാണ്.
ഇനി ഞാൻ കാര്യത്തിലേക്കു വരാം ഇവിടെ നാഗവല്ലിക്ക് പ്രിയപ്പെട്ട രാഗമായ ആഹിരി തെക്കിനിയിൽ വച്ച് ഗംഗ പാടുന്നതിലൂടെ തിരകഥാകൃത്തു സംവിധായകനും സംഗീത സംവിധായകനും ഉദ്ദേശിക്കുന്നതു് ഗംഗയുടെ മാറുന്ന അല്ലെങ്കിൽ താളം തെറ്റുന്ന മനസ്സിനെ കാണിക്കാനാണു. കൂടാതെ ആഹിരി എന്ന വിലക്കപ്പെട്ട രാഗം പാടുന്നതിലൂടെ ഗംഗക്ക് പോകാൻ വിലക്കപ്പെട്ട തെക്കിനി നാഗവല്ലിക്ക് പ്രിയപ്പെട്ടതാണ് എന്നും അത് തുറന്നു ഈ രാഗം പാടി തന്നില്ലേ ഇച്ഛഭംഗത്തെ നാഗവല്ലിയിൽ കൂടി നിറവേറ്റണമെന്നും ഗംഗയുടെ ഉപബോധമനസ്സു ആഗ്രഹിക്കുകയും അപ്രകാരം ഗംഗ അത് ചെയ്യുകയും ചെയ്യുന്നു എന്നതാന് തിരകഥാകൃത്തു ഉദ്ദേശിക്കുന്നത്.
കൂടാതെ ഗംഗയിലെ ചിത്തരോഗിയായ നാഗവല്ലി, ശങ്കരൻ തമ്പി അല്ലെങ്കിൽ നകുലനോട് അടങ്ങാത്ത പക ഉള്ളവൾ ആണ് തന്റെ സ്വപ്നങ്ങളെ ആഗ്രഹങ്ങളെ നിഷ്കരുണം തച്ചുടച്ച അയാളോടുള്ള അടങ്ങാത്ത പകയോടൊപ്പം തന്നെ തന്റെ കാമുകന്റെ വിരഹം പേറുന്നവൾ കൂടി ആണ് .അതുകൊണ്ടു തന്നെ ഒരു ഹൊറർ മൂട് സൃഷ്ടിക്കാൻ വേണ്ടി തന്നെ ആകണം ഈ രാഗത്തിന്റെ ഭയാനക ഭാവത്തെ അതി വൈഗ്ദ്യത്തോടെ പാട്ടിൽ ഉപയോഗിച്ചത്
.അത് കൊണ്ട് തന്നെ കേൾക്കുന്നവരിൽ അൽപ്പം ഭയവും ഉണ്ടാക്കാൻ ഈ ഗാനത്തിന് കഴിയുന്നുണ്ട്.
അതുപോലെ ഈ രാഗത്തിന്റെ ദൈവീക ഭാവത്തെ അതി സുന്ദരമായി തന്നെ സണ്ണി പാടുന്ന "പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ" എന്ന ഗാനത്തിൽ സന്നിവേശിപ്പിക്കാൻ സംഗീത സംവിധായകന് വരികൾക്കും കഴിഞ്ഞിട്ടുണ്ട് കാരണം നകുലനെ കൊലപ്പെടുത്താനുള്ള ശ്രമം തടഞ്ഞതിൽ നിന്നുണ്ടായ ഗംഗയിൽ നിന്ന് ഉയർന്ന സൈക്കിക്ക് വൈബ്രേഷൻ അല്ലെങ്കിൽ നാഗവല്ലിയുടെ പക ഒന്ന് ശമിപ്പിക്കാൻ ആ രാഗത്തിന്റെ ദൈവീക ഭാവം ഗുണപ്പെടുന്നുണ്ട്. കൂടാതെ ആ രാഗം പാടുമ്പോൾ ഗംഗയിൽ വരുന്ന ഭാവവ്യത്യാസങ്ങൾ പഠിക്കാനും സണ്ണി ശ്രമിക്കുന്നുണ്ട് എന്ന് നമ്മൾക്ക് കാണാം . അതായതു സണ്ണിയുടെ ഒരു സൈക്കിളോടിക്കൽ മൂവ്  ആയിരുന്നു നാഗവല്ലി പാടിയ അതെ രാഗത്തിന്റെ മറ്റൊരു ഭാവം വച്ച് അവളിലെ ആത്മരോഷത്തെ തണുപ്പിക്കുന്നതും അവളെ നിരീക്ഷണത്തിനു വിധേയ ആക്കുന്നതും 
അങ്ങനെ നമ്മൾ ചിത്രത്തിൽ കണ്ടതിനും കേട്ടതിനും പല അർത്ഥതലങ്ങൾ ഈ സിനിമയിൽ ഉണ്ടെന്നു കാണാം .ക്ഷമയോടെ വായിച്ചതിനു നന്ദി

By: Jijo

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo