ഒറ്റ നക്ഷത്രം
ഇന്നാണാ ദിവസം, എന്റെ പ്രിയപ്പെട്ടവരെല്ലാം തിരക്കുകൾ മാറ്റി വച്ച് എന്നെ കാണാനെത്തിയ ദിവസം. എനിക്കു കാണാം എല്ലാവരേയും. ഡാൻസ് പോക്ടീസിന് സ്ഥലം പോരാ എന്നു പറഞ്ഞ ലിവിംഗ് റൂമിലെ സെറ്റി എടുത്തു മാറ്റിയിട്ടാണ് എന്നെ കിടത്തിയിരിക്കുന്നത്. കൊതുകിനെ ഓടിക്കാൻ പുകയിടുമ്പോൾ എനിക്കു ശ്വാസം മുട്ടുന്നേന്നു പറഞ്ഞു ഓടാറുള്ള എനിക്കും ചുറ്റും ചന്ദനത്തിരിയുടെ പുകയാണ്.അമ്മ ഇരിക്കുന്നുണ്ട് അടുത്ത് .കരയുന്നുണ്ടോയെന്നറിയില്ല. അനിയത്തിയുടെ ശബ്ദം കേൾക്കുന്നില്ല. അകത്തായിരിക്കും. അവൾ ഇങ്ങനെയാണ്. കരയുന്നതും വിഷമം വരുന്നതുമൊന്നും ആരെയും അറിയിക്കില്ല. പിന്നെ ഞാൻ കിടക്കുന്നിടത്തേക്ക് വരാൻ പേടിയാണവൾക്ക്. ഉറക്കം ഉണർന്നാൽ ഞാൻ ബഹളം വയ്ക്കും. അമ്മമ്മ കരയുന്നുണ്ട്. പാവം. ആദ്യമായി മുത്തശ്ശി ആയതിന്റെ സന്തോഷം നൽകിയവൾ ഒരു വാക്കു പോലും പറയാതെ പോയതിന്റെ പരാതിയാണ്.അച്ഛൻ പുറത്തുണ്ട്.തർക്കുത്തരം പറയാൻ ഇനി ഞാൻ വരിലയച്ഛാന്നു പറയണമെന്നുണ്ട്. ബന്ധുക്കളൊക്കെയും വരുന്നുണ്ട്. എല്ലാ കണ്ണുകളിലും നടുക്കമാണ്. ആരുടേയും കണ്ണിൽ പെടാതെ മാറി നിൽക്കുന്ന ഒരാളെ ഞാൻ കണ്ടു.വൈകി കിട്ടിയ കളിപ്പാട്ടം കൊതി തീരും മുൻപേ ദൈവം തട്ടിപ്പറിച്ചു കളഞ്ഞതിനു ദൈവത്തോട് പിണങ്ങിയിട്ടുണ്ടാവും. ദേ വരുന്നു രണ്ടു പേർ.കർമ്മം കൊണ്ടെന്റെ ചേച്ചിയായ പ്രിയ കൂട്ടുകാരി. ഒപ്പം ഓൾഡ് പിക്കിളും. അവർക്കൊപ്പം കത്തിയടിക്കണമെന്നുണ്ട്. അതാ വരുന്നുണ്ട് എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അവന്റെ തലയിൽ നിന്നും ഞാൻ ഒഴിവായി പോയതിന് ദൈവത്തിന് നന്ദി പറഞ്ഞവൻ ആണെന്റെ സുഹൃത്ത്.ഇനി അവനാ പേടി വേണ്ടാല്ലോ. ഇനിയുമൊരാൾ ഉണ്ട് വരാൻ. പക്ഷെ എനിക്കറിയാം ഞാൻ പോയതറിയാതെ എന്നെ ശപിക്കുന്നുണ്ടാവും ആ മനസ്സ്.ഇതറിയുമ്പോൾ എന്തായിരിക്കും പ്രതികരണം. വെല്ലു വിളിച്ചു പോയവൾ തോറ്റു പോയതിന്റെ സന്തോഷമായിരിക്കുമോ.അതോ ഒരിറ്റു കണ്ണീരോടെ ഓർക്കുമോ എന്നെ .അറിയില്ല. അതാ അച്ഛനോട് ആരോ വന്നു സംസാരിക്കുന്നു. എന്നെ കൊണ്ടുപോവാൻ സമയമായി. കർമ്മം ചെയ്യാൻ അച്ഛൻ വരുന്നുണ്ട്. എല്ലാവരും അലമുറയിടുന്നു. എന്തിനാ ഇങ്ങനെ ബഹളം വയ്ക്കുന്നത്. എനിക്ക് ദേഷ്യം വരുന്നുണ്ട്. എന്നെ കൊണ്ടുപോവുകയാണ്. ഇനി അമ്മേ ന്നു വിളിച്ച് ഈ പടി കയറില്ല.ഞാൻ. ആരോടും വഴക്കിടില്ല. കുറച്ചു ദിവസം എല്ലാവരുടേയും മനസ്സിലും പിന്നീട് അമ്മയുടെ മനസ്സിൽ മാത്രവും നീറുന്ന നോവായി മാറുകയാണ് ഞാൻ. ഇന്നു മുതൽ ആകാശത്തെ ഒറ്റ നക്ഷത്രമായി ഞാനും ഉണ്ടാവും. ഉറ്റവർക്കും ഉടയവർക്കും കാവലായി.
കീർത്തി തുളസീദാസ്
