Showing posts with label SumayyaFarveen‎. Show all posts
Showing posts with label SumayyaFarveen‎. Show all posts

മുഖക്കുരു

ഒരു ദിവസം കണ്ണാടിയിൽ നോക്കി മുഖം മിനുക്കുമ്പോഴാണ് കണ്ടത്... ഒരു കുഞ്ഞ് കുരു.. കാര്യമാക്കിയില്ല... പൗഡർ ഇട്ട് നല്ലോണമങ്ങ് മൂടി.പിറ്റേന്ന് നോക്കിയപ്പോൾ നല്ലവണ്ണം വലുതായിരിക്കുന്നു... മാത്രവുമല്ല വേറെയും രണ്ട് മൂന്ന് കുഞ്ഞി കുരുക്കൾ അങ്ങിങ്ങായി മുളച്ചിരിക്കുന്നു... ഉമ്മാ.... അലറി വിളിച്ച് അടുക്കളയിലേക്ക് ഒറ്റ ഓട്ടം വെച്ച് കൊടുത്തു... എന്താടി എസവാനത്തി... അനെറെ ആരേലും ചത്തോ.. പെണ്ണിന്റെ ഒരു നൊലോളി... ഉമ്മൻ മുട്ടൻ കലിപ്പിലാണ്.... മുഖക്കുരു സംഭവം പറഞ്ഞപ്പോൾ ചിരിയായി... ഇത്താത്തേം ചിരിയോട് ചിരി... ഉപ്പ ഗൾഫിലായത് ഭാഗ്യം.
ബസ്സിൽ കയറുമ്പോൾ കിളിക്ക് ആക്കിയ ഒരു ചിരി... പ്രേമക്കുരു ആണോന്ന്... അലവലാതിയെ ഞാൻ നോട്ടമിട്ടതായിരുന്നു .. അവന്റെ ഒരു തട്ടലും മുട്ടലും... എല്ലാം കൂടി ചേർത്ത് നന്നായിട്ടങ്ങ് പറഞ്ഞ് കൊടുത്തു. ആൾക്കാർടെ ഇടയിൽ ഓൻ ചമ്മി നാറി. എല്ലാം കഴിഞ്ഞപ്പോൾ ക്രിസ്ത്യൻ കോളേജിൽ പഠിക്കണ ചേച്ചി പറയാ നന്നായി മോളേന്ന്.
ക്ലാസിലെത്തിയിട്ടും സമാധാനം ആയില്ല. പലരും കളിയാക്കി. അവസാനം കൂട്ടുകാരി ഷൈജയാ പറഞ്ഞത് ആകാശ പേരേടെ ഇല അരച്ച് പുരട്ടിയാൽ മതിയെന്ന്. അത് കിട്ടാൻ കുന്നിൻ മുകളിലുള്ള ഓളുടെ വീട്ടിലും പോയി. തിരിച്ച് വരുന്ന വഴിക്കാണ് ആ സംഭവം ഉണ്ടായത്.
കുന്നിൽ നിന്ന് താഴേക്ക് വെട്ടിയ വഴിയിലൂടെ ആടിപ്പാടി വരിക ആയിരുന്നു. അപ്പളാ അവനെ കണ്ടത്. പ്ലസ് ടു ന് പഠിക്കുന്ന റിയാസിക്ക.റിയാസിക്ക പാടണത് കേക്കണം.. എന്റെ സാറേ... മറ്റൊന്നും കേൾക്കാൻ പറ്റൂല. പക്ഷേ.. ഒടുക്കത്തെ ജാഡയാ... നമ്മളെയൊന്നും മൈൻഡൂല മൂപ്പർ. അടുത്തെത്തിയപ്പോൾ ഞാൻ വെറുതെയൊന്ന് മുഖം പൊക്കി നോക്കി. അന്നാദ്യായിട് പഹയൻ ചിരിച്ചോണ്ട് പറയാ.. നിനക്ക് മുഖക്കുരു നല്ല മൊഞ്ചാണല്ലോന്ന്..... ആകാശ പേരയും വലിച്ചെറിഞ്ഞ് ഒരു ഓട്ടമായിരുന്നു... വീട്ടിൽ എത്തി കണ്ണാടി നോക്കി പറഞ്ഞു.. എന്റെ പുന്നാര മുഖക്കുരുവേ... ഉമ്മ......

By: 
Sumayya Farveen 

അയാൾ.

മഴയുടെ നനവ് മാറാത്ത ഇലകളിൽ ചവിട്ടി.. മര മഴ പെയ്യുന്ന കൊച്ചു ഇടവഴിയിലൂടെ നടക്കാൻ ബഹു രസമുണ്ടായിരുന്നു. സ്കൂൾ വിട്ട് നേരത്തെ വീട്ടിലെത്താനാണ് ഈ വഴി തിരഞ്ഞെടുത്തത്. ബഹു തരം കിളി കൊഞ്ചലുകളും അണ്ണാറക്കണ്ണന്മാരുടെ ചിൽ ചിൽ ശബ്ദവും .
പാതി വഴി പിന്നിട്ടപ്പോൾ ആരോ പിന്തുടരും പോലെ ഒരു തോന്നൽ. തിരിഞ്ഞ് നോക്കിയപ്പോൾ ഒന്നും കണ്ടില്ല. എങ്കിലും നടത്തം വേഗത്തിലാക്കി. ചെറിയ ഭയം കൊണ്ടാവണം ബാഗ് മുറുകെ പിടിച്ചു.അൽപം നടന്നതേ ഉള്ളൂ രോമാവൃതമായ ഒരു കൈ എന്റെ വായ പൊത്തിപ്പിടിച്ചു.. വഴിയിൽ നിന്നു മാറി കമ്മ്യൂണിസ്റ്റ് പച്ച നിറഞ്ഞ കാട്ടിലേക്ക് ഒന്നു കരയാൻ കഴിയാതെ ഞാൻ വലിച്ചിഴക്കപ്പെട്ടു.
അങ്ങനൊരാളെ ആദ്യമായി കാണുകയായിരുന്നു. അസാധാരണമായ ശരീര വലിപ്പവും.. ചോരക്കണ്ണുകളിലെ ക്രൂര ഭാവവും അയാൾ രാക്ഷസനാണെന്ന് തോന്നി. വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റുന്നത് നിസ്സഹായതയോടെ അറിഞ്ഞു.
ആ വലിയ ശരീരം എന്നിലേക്ക് അമരാൻ പോവുകയാണ്.. കീഴടങ്ങിയെന്ന് തോന്നിയതിനാലാവാം എന്റെ നീക്കങ്ങൾ അയാൾ അത്രത്തോളം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കയ്യിൽ തടഞ്ഞ ഒരു കല്ല്... നെഞ്ചിലേക്ക് ആർത്തിയോടെ മുഖമമർത്തിയ അയാളുടെ തലയുടെ പിൻ ഭാഗത്ത് ഞാൻ ആഞ്ഞടിച്ചു. ഒരലർച്ചയോടെ എന്റെ ശരീരത്തിലെ ഭാരം ഒരു വശത്തേക്ക് മറിയുന്നത് കണ്ടു.
കിതപ്പിലും സമയം പാഴാക്കിയില്ല.. വസ്ത്രം ധരിച്ചു.. ബോധരഹിതനായ അയാളുടെ അരക്കെട്ടിലേക്ക് ഒരു വലിയ കല്ല് കൂടി എടുത്തിട്ടു. ഉയർന്ന അലർച്ച മാറും മുമ്പേ ഓടി മറയാനായിരുന്നു തിടുക്കം.
പിന്നീട് ഉപ്പ പോലീസിനേയും കൊണ്ട് പോയി നോക്കിയെങ്കിലും അങ്ങനൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവ സ്ഥലം പരിശോധിച്ച പോലീസ് കേസ് രെജിസ്റ്റർ ചെയ്തു.ഇത് വരെ ആളെ കിട്ടിയിട്ടില്ല. എങ്കിലും ഏത് നിമിഷവും അയാൾ വരുമെന്നൊരു തോന്നൽ എനിക്കുണ്ട്.... വരട്ടെ... പേടിച്ചാൽ ജീവിക്കാൻ ഒക്കില്ലല്ലോ.......

by: 
Sumayya Farveen 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo