Showing posts with label Shyna. Show all posts
Showing posts with label Shyna. Show all posts

ഇൻതിഫാദ

Image may contain: 1 person

വെടിയേറ്റ് തുളവീണ, പാതിയും തകർന്ന ഒരു കെട്ടിടത്തിന്റെ മറവിലായിരുന്നു അവർ..
പുറത്തുകാതടപ്പിക്കുന്ന വെടിയൊച്ചകൾ..!!
ചീറിപായുന്ന ഫയർ എൻജിനുകളും, ആംബുലൻസുകളും..!
ഇസ്രായേൽ പടയുടെ ആക്രോശം.. കരിഞ്ഞ ജഡങ്ങളുടെ കൊഴുത്ത ഗന്ധമുയരുന്നു..എവിടുന്നൊക്കെയോ പൊട്ടിച്ചിതറി വീഴുന്ന നിലവിളികൾ...!!
മാറത്തടിച്ചു നെഞ്ചുരുകി വിലപിക്കുന്ന സ്ത്രീകൾ..ഭയന്ന് വിറച്ചു അലമുറയിട്ടു കരയുന്ന പിഞ്ചുകുഞ്ഞുങ്ങൾ..
വിണ്ടു കീറിയടർന്ന ചുമരില് താഴെയിരുന്നു,വിളറി വെളുത്ത ആകാശത്തിലേക്കു ഉയർന്നു പൊങ്ങുന്ന ഭീമൻ പുകച്ചുരുളുകൾ നോക്കി ഹന്ന കിതച്ചു..!
"മെഹബൂബ്..!!!”
വെളുത്തു തുടുത്തു അഴകാർന്ന അവളുടെ മുഖം, കനത്ത രോഷത്താലും കഠിനമായ വേദനയിലും വെട്ടി വിറച്ചു..!!
ഒരു പതിനാറുകാരിയിൽ കവിഞ്ഞ ആത്മധൈര്യവും നിശ്ചയ ദാർഢ്യവും പ്രകടമായിരുന്നു ആ മുഖത്തു..
“മെഹബൂബ്..നാമിനി വൈകിക്കൂടാ..മരണം തൊട്ടുമുന്പിലുണ്ട്..ഏതുനിമിഷവും നമ്മെയവർ കീഴ്പ്പെടുത്തും..അതിനു മുൻപ്...."
കുറച്ചു മുൻപ് ഇന്തിയാസ് ഹയോവൽ സൂപർ മാർക്കറ്റിൽ ,തങ്ങളുടെ തൊട്ടുമുന്പിൽ ,മാതാപിതാക്കളോടൊപ്പം ഓടിനടന്നു ചോക്ലേറ്റും കളിപ്പാട്ടങ്ങളും കിട്ടിയ സന്തോഷത്തിൽ വിടർന്നു ചിരിച്ച അഫാഫും നോറയും നിമിഷങ്ങൾക്കുള്ളിൽ വെറും കരിക്കട്ടകളായ് തീർന്നതിന്റെ നടുക്കുന്ന ഓർമയിൽ മെഹബൂബ് അവളോടായി മന്ത്രിച്ചു..
"അതെ അതിനുമുൻപ്... നമുക്കതു ചെയ്യണം ഹന്നാ..!
കൊടിയ പീഡനങ്ങൾ സഹിച്ചിട്ടും കാലങ്ങളായി നമ്മുടെ പോരാട്ടം തുടർന്ന് കൊണ്ടിരിക്കുന്നു..നിരന്തരമായ വഞ്ചനയുടെ തുടർക്കഥയാണ് നമ്മുടെ ഭൂമി..
ഗിബിയ,ബൈറൂത്,റാമല്ല,ഗസ്സ....എത്രയെത്ര ആക്രമണങ്ങൾ....സ്വന്തം മണ്ണ് കവർന്നെടുക്കപ്പെട്ടു, അഭയാർഥികളായി പലായനം ചെയ്യേണ്ട അവസ്ഥ..അത് മരണത്തേക്കാൾ എത്രയോ ഭീകരമാണ്..”
മരണ സദൃശ്യമായ എത്രയെത്ര നിമിഷങ്ങൾ തന്റെ 18 വർഷത്തെ ജീവിതത്തിനുള്ളിൽ കടന്നുപോയി എന്ന് മെഹബൂബ് ഓർത്തു..
ഏഴാം വയസിൽ അനാഥമായ തന്റെ ജീവിതം..!!
ഉമ്മ പാൽക്കട്ടിയിൽ തയാറാക്കുന്ന തന്റെ പ്രിയ വിഭവമായ "കുനാഫ" ആസ്വദിച്ച് കഴിച്ചു,ഒലിവു തോട്ടത്തിലൂടെ സഹോദരൻ സിയാന്റെ കൈപിടിച്ച്,ചേക്കേറുന്ന പക്ഷികളുടെ ബഹളം കാതോർത്തു നടന്നൊരു സായാഹ്നം..!! ദൂരെ താഴ്വാരത്തു,പൈൻ മരങ്ങളും സൈപ്രസ് മരങ്ങളും കാറ്റിൽ തലയാട്ടി നിൽക്കുന്നു..
പൊടുന്നനെ ആകാശത്തു മിന്നൽതിളക്കവും ഒരു അത്യുഗ്രൻ സ്ഫോടനവും.!!
ദൂരെ ഉമ്മയും ബാപ്പയും നിന്നിരുന്നയിടം അഗ്നിവിഴുങ്ങിയ അതി ഭീകരമായ കാഴ്ച...!
എന്ത് ചെയ്യണമെന്നോ എങ്ങോട്ടു പോകണമെന്നോ എന്നറിയാതെ,ഒന്നുറക്കെ നിലവിളിക്കാൻ പോലുമാകാതെ പകച്ചു വിറച്ചു പോയ രണ്ടു പിഞ്ചുകുട്ടികൾ..
റാമല്ലയിലെ എ ആർ ക്യാമ്പിൽ ഭീതിയുടെ,അനാഥത്വത്തിന്റെ നോവും പേറി കരഞ്ഞു നിലവിളിച്ച കുറെ ദിനരാത്രങ്ങൾ..
ഒടുവിൽ സിയാനും പോയി...!!
ഒറ്റപ്പെടലിന്റെ,അനിശ്ചിതത്വത്തിന്റെ നിഴലിൽ കഴിയവേ കൂട്ടായി,അവൾ വന്നു..
"ഹന്ന..!!
സംസാരത്തിലും പെരുമാറ്റത്തിലും തികഞ്ഞ പക്വത.. ചുവന്നു തുടുത്ത മുഖത്തു എപ്പോഴും ജാഗരൂകമായ, തീക്ഷണമായ കണ്ണുകൾ..
തന്നെ പോലെ അവൾക്കും ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.. “ഒരു തെറ്റും ചെയ്യാതെ ക്രൂരമായി വധിക്കപ്പെട്ടു പലസ്തീൻ മണ്ണിൽ പിടഞ്ഞു വീണ തന്റെ പ്രിയപ്പെട്ടവരുടെ ചോരത്തുള്ളികൾക്ക് പകരമായി എന്തെങ്കിലും ചെയ്യണം..!!”
ഒടുവിൽ മാസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ ലക്ഷ്യത്തിലേക്കുള്ള മാർഗം കണ്ടെത്തി..!!
“ഇൻതിഫാദ”(.പോരാട്ടം...)...
മരണം കൊണ്ട് പോരാടുക..
"മെഹബൂബ്...."
ഹന്നയുടെ ശബ്ദം തളർന്നിരുന്നു.. എന്ത് പറ്റി അവൾക്ക്.."?
ഒരു നിമിഷം...!! ഞെട്ടലോടെ അവൻ കണ്ടു പൊളിഞ്ഞടർന്ന തറയിലൂടെ രക്തം വാർന്നൊഴുകുന്നു...
ഹന്നയിൽ നിന്ന്...!! ഇതെങ്ങനെ സംഭവിച്ചു?
"ഹന്നാ...ഇതെന്തുപറ്റി.. എന്തുകൊണ്ട് നീയിതു എന്നോട് പറഞ്ഞില്ല..??”
മെഹബൂബ് അവളുടെ മുഖം കൈക്കുള്ളിലൊതുക്കി ഹൃദയവ്യഥയോടെ വിലപിച്ചു..
"മെഹബൂബ്..വെടിയേൽക്കാതിരിക്കാൻ ഓടുന്ന വഴി കാൽതടഞ്ഞു വീണത് കൂർത്ത ഇരുമ്പു ദണ്ഡിൻമേലേയാ....നിന്നോട് പറഞ്ഞാൽ, എന്നെ രക്ഷിക്കാനുള്ള ശ്രമത്തിൽ നീ അവരുടെ കയ്യിലകപ്പെട്ടാൽ..നമ്മൾ കണക്കു കൂട്ടിയതൊക്കെ വെറുതെയാകും .."
“വാ..പെട്ടെന്ന് രക്ഷപ്പെടണം..ഇനിയുമിവിടെ നിന്നാൽ നീ അപകടത്തിലാണ് ഹന്നാ..ഉടൻ ഹോസ്പിറ്റലിൽ എത്തണം.."
അവളെ കോരിയെടുക്കാൻ തുനിഞ്ഞതുംതളർച്ചയോടെ ഹന്ന തടഞ്ഞു..
"മെഹബൂബ് എന്താണ് നീ പറയുന്നത്..?..ഇപ്പോൾ അവരുടെ കണ്ണിൽ പെട്ടാൽ ഇരുവരെയും വച്ചേക്കില്ല..കലിയടങ്ങാതെ ആയുധമേന്തിയ ചെന്നായ്ക്കൾ മുരണ്ടു നിൽപ്പാണ്തെരുവിൽ..നീ കേൾക്കുന്നില്ലേ..വെടിശബ്ദം..?എല്ലാം ശാന്തമാകട്ടെ..കുറച്ചു നേരം കൂടി കാത്തിരിക്കാം...അതിനു മുൻപ്....."
"അതിനു മുൻപ്........??
"എന്റെ ജീവൻ പോയാൽ നീ എന്നെ ഉപേക്ഷിച്ചു രക്ഷപ്പെടണം..നമ്മുടെ ലക്ഷ്യം നിറവേറ്റണം...”
മരണത്തിന്റെ മടിത്തട്ടിൽ കിടന്നിട്ടും ദൃഢമായിരുന്നു അവളുടെ സ്വരം..!!
"ഇല്ല ഹന്ന..നിന്നെ ഉപേക്ഷിക്കാൻ എനിക്കാവില്ല.."
അവൻ തളർന്നു നിലത്തേക്കൂർന്നിരുന്നു..
“"മെഹബൂബ് മരണം കാണുമ്പോൾ പതറരുത്..പിന്മാറരുത്..പോരാട്ടം തുടരണം..എന്നെ ഉപേക്ഷിച്ചു പോകണം..എത്ര ജീവൻ പൊലിഞ്ഞാലും ഒരിക്കൽ ഈ നാട് ഉയിർത്തെണീപ്പിന്റെ, ആഹ്ളാദത്തിന്റെ ഗാഥകൾ പാടും.. അന്നു ഞാനും നീയും ഉണ്ടായില്ലെങ്കിലും, ഒരിക്കൽ സൂര്യൻ നമുക്ക് വേണ്ടി മാത്രമായി ഉദിക്കും..സ്വാതന്ത്ര്യത്തിന്റെ പൊന്കിരണങ്ങളേറ്റു ഉമ്മമാരും കുഞ്ഞുങ്ങളും ഇളവെയിലിൽ നൃത്തം ചവിട്ടും..അതുവരെ...നമ്മൾ പോരാടിക്കൊണ്ടിരിക്കും.."
സംസാരിച്ചു കൊണ്ടിരിക്കെ അവളുടെ മിഴികൾ പാതിയടഞ്ഞു, അടിവയറിൽ അമർത്തിപ്പിടിച്ചു തറയിലേക്ക് ചെരിഞ്ഞു.. വീണു ..
"ഹന്നാ..."
മെഹബൂബ് നെഞ്ചുപൊട്ടി നിലവിളിച്ചുകൊണ്ട് അവളെ കോരിയെടുത്തു മടിയിൽ വെച്ചു... അവളൊന്നു പിടച്ചു..ഒരിക്കൽ കൂടി കൺതുറന്നു അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു....പിന്നെ അവ മെല്ലെയടഞ്ഞു..
പുറത്തു അപ്പോഴും കാതടിപ്പിക്കുന്ന വെടിശബ്ദം മുഴങ്ങി കൊണ്ടിരുന്നു..ഉയർന്നു പൊങ്ങുന്ന കൂറ്റൻ പുകച്ചുരുളുകൾക്കു കീഴെമേൽക്കൂര തകർന്ന ആ കെട്ടിടത്തിന്റെ ഇടുങ്ങിയ മൂലയിൽ മെഹബൂബ് ഹന്നയുടെ നിശ്ചല ശരീരം കെട്ടിപ്പിടിച്ചു വിങ്ങിക്കരഞ്ഞു..
"അല്ലാഹു...അക്ബർ..."!!
************* ************** **************
രണ്ടു ദിവസങ്ങൾക്കു ശേഷം ...!!!
മഞ്ഞണിഞ്ഞ ഒരു വിളറിയ പ്രഭാതത്തിലേക്കു സമയ സൂചിക ഇഴഞ്ഞു നീങ്ങുന്നു...
പുലർച്ചെ 4 മണി..!!
റാമല്ലയിലെ ഇസ്രായേൽ സൈനിക താവളത്തിൽ ഒരു അത്യുഗ്രൻ സ്ഫോടനം നടന്നു..!!
ഇരുപതു സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു..!!
അതിൽ ഒരു പലസ്തീൻ പയ്യനുമുണ്ടായിരുന്നു..!!
ആക്രമണത്തിനായി, സ്വന്തം ശരീരത്തിൽ ബോംബുമായെത്തിയ ഒരു പതിനെട്ടുകാരൻ..
അവന്റെ പേര് "മെഹബൂബ് അൽ അഖ്റാസ് " എന്നായിരുന്നു..!

ഇന്നെങ്കിലും കാണുമായിരിക്കും..അതോ...?!!


ഇന്നെങ്കിലും കാണുമായിരിക്കും..അതോ...?!!
തുടികൊട്ടുന്ന ഹൃദയത്തോടെ അന്നും പതിവുപോലെ വൃന്ദ ടീച്ചർ മനോഹരമായി അണിഞ്ഞൊരുങ്ങി..
കണ്ണാടിയിലെ പ്രതിബിംബത്തിൽ, കണ്ണുകളിൽ ഒരു നനവ് കിനിഞ്ഞിറങ്ങുന്നുണ്ടോ..!!?
ബാഗെടുത്തു ചുമലിലേക്കിട്ടു തുളസി തറയിൽ നിന്ന് ഒരില നുള്ളി നീണ്ട മുടിക്കെട്ടിൽ തിരുകി ധൃതിയിൽ പുറത്തേക്കിറങ്ങി..
വിശാലമായ പാടവും കഴിഞ്ഞു,ചെമ്മൺ നിരത്തു വഴി ബസ്സ്റ്റോപ്പിലെത്താൻ ഏകദേശം പതിനഞ്ചു മിനിട്ടു വേണം.
എട്ടുമണിയുടെ "ധന്യ " കിട്ടിയാലേ ഉദ്ദേശിക്കുന്ന പോലെ റെയിൽവേ സ്റ്റേഷനിൽ എത്താനാകൂ..അല്ലെങ്കിൽ......ഇന്നും....!!
ദൂരെ നിന്ന് ഒരു പൊട്ടു പോലെ തെളിഞ്ഞു ആകാശ നീല സാരി ഭംഗിയായി ഞൊറിഞ്ഞുടുത്തു കാറ്റിലൂടെ,ഒഴുകി വരുന്ന ആ രൂപം കാൺകെ നെൽവയലിൽ കള പറിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകൾ വിസ്മയപരരായി മന്ത്രിക്കും..
"സാക്ഷാൽ വാഗീശ്വരി ദേവി നേരിട്ടിറങ്ങി വരുന്ന പോലുണ്ട്..."
ധൃതിപ്പെട്ടുള്ള ആ ഓട്ടത്തിനിടയിലും അവർക്കൊരു പുഞ്ചിരി നൽകാനും കുശലാന്വേഷണം നടത്താനും വൃന്ദ ടീച്ചർ മറക്കാറില്ല..
ബസ്സിലിരിക്കവേ ഓർമ്മകളുടെ നദി പിറകോട്ടൊഴുകി..
ഒൻപതു മണിക്കുള്ള പരശുറാം...അതിലാണ് പതിവായി അദ്ദേഹം വരുന്നത്...
ശ്രീഹരി മാസ്റ്റർ..!!
ആ പേരുച്ചരിക്കുമ്പോൾ തന്നെ ആകാശത്തിനു അക്കരെ, അപാരതയ്ക്കക്കരെ നിന്ന് ഒരായിരം സൂര്യോദയങ്ങൾ, അതിന്റെ വർണങ്ങൾ ഈ ഭൂമിയിൽ മുഴുവൻ വിതറി നിൽക്കുന്ന പോലെ തോന്നും...!
അതിമനോഹരമായി കവിതകൾ ചൊല്ലുന്ന ,എഴുത്തുകാരനും വാഗ്മിയുമായ സഹാധ്യാപകൻ വൃന്ദ ടീച്ചറുടെ ഹൃദയം കീഴടക്കി അവിടൊരു പ്രണയസൗധം പണിഞ്ഞു പാർപ്പുതുടങ്ങിയിട്ട് അധിക നാളായില്ല.. മനസുകൾ തമ്മിൽ പരസ്പരമടുത്തപ്പോൾ,പ്രണയത്തിന്റെ ആഴമറിഞ്ഞപ്പോൾ പിരിയാൻ വയ്യെന്ന് മാത്രമല്ല, ഒരുമിച്ചു ജീവിക്കാൻ ഈയൊരു ജന്മം പോരാ എന്ന അവസ്ഥയിലുമായി..
ശേഷം ശ്രീഹരി മാസ്റ്ററുടെ പ്രിയപ്പെട്ട "വെള്ളാമ്പൽപ്പൂവായി" വൃന്ദ ടീച്ചർ..
അതിനിടയ്ക്ക് വില്ലനായി വന്ന ട്രാൻസ്ഫർ..
ശ്രീഹരി മാഷിനെ മറ്റൊരു സ്കൂളിലേക്ക്പറിച്ചു നടപ്പെട്ടു..
ശേഷം ,ഒന്നു കാണാൻ ,ഒന്നോ രണ്ടോ വാക്കു സംസാരിക്കാൻ വൃന്ദ ടീച്ചർ പതിവായി ശ്രീഹരിമാസ്റ്റർ സ്കൂളിലേക്ക് പോകുന്ന പരശുറാമിന്റെ സമയത് റെയിൽവേ സ്റ്റേഷനിലേക്ക് ഓടിയെത്തും..!!
പരസ്പരമടുത്തു കാണുമ്പോൾ ഉള്ളിലെ കടൽത്തിരകൾ സ്നേഹാധിക്യത്താൽ ഇളകി മറിയും.. ചിലപ്പോൾ ദൂരെ നിന്ന് ഒന്നോ രണ്ടോ നിമിഷം മാത്രമുള്ള ഒരു കാഴച, ഒരു പുഞ്ചിരി ..
വിരഹവേനലിൽ ചാറ്റൽ മഴ പോലെ ഹൃദയത്തിൽ പെയ്തിറങ്ങുന്ന ഒരു നറു ചിരി..മറ്റു ചിലപ്പോൾ ആർദ്രമായ ഒരു വാക്ക്..”സുഖമല്ലേ..?. “ഇന്ന് എത്താൻ വൈകിയോ.."കത്ത് അയച്ചിട്ടുണ്ട് കിട്ടിയോ..?അപ്പോഴേയ്ക്കും ട്രെയിൻ പുറപ്പെടാനുള്ള സമയമാകും..
കൈ വീശി കാണിച്ചു കണ്ണിൽ നിന്ന് മറയുന്നതുവരെ മാസ്റ്റർ തന്റെ പ്രണയിനിയെ മതിവരാതെ ഉറ്റുനോക്കിക്കൊണ്ടിരിക്കും..!!
തന്റെ വെള്ളാമ്പൽപ്പൂവ്..!!
കാഴ്ച്ചയിൽ നിന്ന് അകന്നകന്നു പോകുന്ന ട്രെയിൻ.. കറുത്ത ഫ്രെയിം കണ്ണടയ്ക്കുള്ളിലെ പ്രണയക്കടലിരമ്പുന്ന ദീപ്തമായ കണ്ണുകളിലേക്കു ഒട്ടൊരു വേദനയോടെ വൃന്ദ ടീച്ചർ കണ്ണിമയ്ക്കാതെ നോക്കി നിൽക്കും..ഒടുവിൽഅവിടെ ബാക്കിയാകുന്നത് ജന്മാന്തര സ്മരണകൾ പോലെ അനന്തമായി നീളുന്ന റെയിൽ പാളവും ആത്മാവിലേക്ക് അരിച്ചിറങ്ങുന്ന കനത്ത വിഷാദവും....
പിന്നെ ആ കാഴ്ച കണ്ണിൽ നിറച്ചു നിധിപോലെ സൂക്ഷിച്ചു അടുത്ത പ്രഭാതത്തിലെ വിലപ്പെട്ട അഞ്ചോ പത്തോ നിമിഷങ്ങൾക്ക് വേണ്ടിമണിക്കൂറുകൾ എണ്ണിയുള്ള കാത്തിരിപ്പ്...!!
കാത്തിരിപ്പിന്റെ ദൈർഘ്യം...!!
കാത്തു കാത്തിരുന്ന് ചില ദിവസങ്ങളിൽ കാണാൻ പറ്റാതാകുമ്പോഴുള്ള വേദന..
"..എന്റെ..വെള്ളാമ്പലേ..മ്മുടെ കാര്യം ഞാൻ വീട്ടിൽ സംസാരിച്ചു..അടുത്താഴ്ച തന്റെ വീട്ടിൽ ഞാൻ വരുന്നുണ്ട്..തന്നെ പെണ്ണ് ചോദിക്കാൻ..സന്തോഷായില്ലേ...?"
ഒടുവിൽ വന്ന കത്തിലെ മാസ്റ്ററുടെ വാചകം..!!
വൃന്ദ ടീച്ചറുടെ സന്തോഷത്തിനു അതിരില്ലായിരുന്നു..ഈ ലോകം വെട്ടിപ്പിടിച്ച പ്രതീതി..എത്രയും പെട്ടെന്ന് തന്റെ പ്രിയപ്പെട്ടവനെ കാണാൻ ആ മനസ് വല്ലാതെ തുടിച്ചു..എന്നാൽ അതിനു ശേഷം മൂന്നു ദിവസമായി പരശുറാമിൽ മാസ്റ്ററെ കണ്ടില്ല..
ഇന്നെങ്കിലും കാണുമായിരിക്കും.......
ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഒരു നീണ്ട ചൂളം വിളി അടുത്ത് വരുന്നു...!!
പരശുറാം...!!!
യാത്രപുറപ്പെടാനുള്ള ആളുകൾ ഉണർന്നു തിരക്ക് കൂട്ടുന്നു...
എവിടെ..എവിടെ എന്റെ മാസ്റ്റർ..?
തീ പിടിച്ച മനസുമായി വൃന്ദ ടീച്ചർ ആളുകൾക്കിടയിലൂടെ മുന്നോട്ട് ഓടി...
********* *********** *********
"നോ..നിത്യാ...ഞാൻ , അങ്ങനല്ല പറഞ്ഞത്..എന്റെ കാൾ കാണാതിരിക്കുമ്പോൾ.ഓൺലൈൻ വരാതിരിക്കുമ്പോൾ നിനക്കൊന്നു അന്വേഷിക്കാലോ.."
രാഹുൽ തന്റെ അസംഖ്യം കാമുകിമാരിൽ ഒരാളായ നിത്യയുമായി വഴക്കിലായിരുന്നു......ട്രെയിൻ വരാൻ ഇനിയും പത്തു മിനിറ്റ് ബാക്കി... പുറം ലോകത്തിനു ചെവി കൊടുക്കാതെ രാഹുലിന്റെ സമീപമിരുന്ന അരുൺ തന്റെ പുതിയ കാമുകി വൈഗാലക്ഷ്മിക്കു വോയിസ് മെസ്സേജ് അയക്കുന്ന തിരക്കിലാണ്..
കഴുത്തുഒരു വശത്തേക്ക് ചെരിച്ചു പിടിച്ചു സെൽഫിക്ക് പോസ് ചെയ്യവേ പിന്നിൽ തന്റെ ക്യാമറയിൽ പതിഞ്ഞ രൂപത്തിലേക്ക് അവൻ കൗതുകത്തോടെ തിരിഞ്ഞു നോക്കി..
കവിളൊട്ടി, കണ്ണുകൾ കുഴിയിലാണ്ട്മുടി മുഴുവൻ നരച്ചു വിരൂപയും എല്ലും തോലുമായൊരു പ്രായം ചെന്ന സ്ത്രീ..പക്ഷെ അവരുടെ മെയ്ക്കപ്പ് കണ്ടാൽ ആരിലുമൊരു ചിരിയുണരും..........തോളിൽ മുഷിഞ്ഞൊരു ബാഗ്.. തിളങ്ങുന്ന പൊട്ടു കുത്തി, കണ്ണെഴുതിയിട്ടുണ്ട്.. കാതിൽ തൂങ്ങിയാടുന്ന വലിയ വളയ കമ്മൽ,മാല..കൈ നിറയെ പല കളറിലുള്ള വളകൾ..!!
പരിഹാസത്തോടെ അവരുടെ ചലനങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുന്ന അരുണിനോടായി തൊട്ടടുത്തിരുന്ന മധ്യവയസ്കനായ അപരിചിതൻ പറഞ്ഞു..
"മനസ് തെറ്റിയതാ..കാണാൻ കൊള്ളാവുന്ന നല്ലൊരു ടീച്ചറാരുന്നു.. സ്ഥിരമായി പരശുറാമിൽ വന്നിരുന്ന ഒരു മാഷുമായിട്ട് കടുത്ത പ്രണയത്തിലായിരുന്നു. ഇവിടെ വെച്ചാണ് പതിവായി അവർ കണ്ടുമുട്ടിയിരുന്നത്..ഒരു ദിവസം പരശുറാമും ആ മാഷും വന്നില്ല..അപകടത്തിൽ പെട്ട് മരിച്ച മാഷിന്റെ വേർപാട് താങ്ങാനാകാത്ത ആഘാതത്തിൽ ഇവരിങ്ങനെയായി..എന്നും ട്രെയിൻ വരുന്ന സമയത്തു അവർ അണിഞ്ഞൊരുങ്ങി മാഷിനെ കാണാനെന്ന മട്ടിൽ വരും.. ട്രെയിൻ പോയിക്കഴിഞ്ഞാൽ ഒന്നും മിണ്ടാതെ തിരിച്ചു പോകും.."
ദൂരെ നിന്നും ഒരു നീണ്ട ചൂളം വിളി !!
സ്നേഹത്തിന്റെ ഊഷ്മളമായ ഓർമകളെ മറവിക്ക് വിട്ടുകൊടുക്കാതെ ഹൃദയത്തോട് ചേർത്തുപിടിച്ചുകൊണ്ട് വെള്ളാമ്പൽപ്പൂവേഎന്ന വിളിക്കു കാതോർത്തുകൊണ്ടു വൃന്ദ ടീച്ചർ ആളുകൾക്കിടയിലൂടെ മുന്നോട്ടു നീങ്ങി..
ശ്രീഹരി മാസ്റ്ററുടെ ദുരന്തമരണത്തോടെ സ്നേഹത്തിന്റെ മഹാ പർവതത്തിൽ നിന്ന് വിഭ്രാന്തിയുടെ കാണാ കയങ്ങളിലേക്കു വൃന്ദ ടീച്ചർ എടുത്തെറിയപ്പെട്ടെങ്കിലും അവരിന്നും മാസ്റ്റർക്ക് വേണ്ടി കാത്തിരിക്കുന്നു...
തിരയൊടുങ്ങാത്ത പ്രണയത്തിന്റെ ചുഴികളിൽ പെട്ട്, ആ ഓർമകളെ താലോലിച്ചു കൊണ്ട് എന്നും പതിവുപോലെ സുന്ദരിയായി പരശുറാമിന്റെ ചൂളം വിളിക്കു കാതോര്ത്തു കൊണ്ട്...!!
നഷ്ടപ്രണയത്തിന്റെ ഓർമകളിൽ നിന്ന് പുറത്തു കടക്കാനാകാതെ...!!
കാലവും കോലവും മാറിയതറിയാതെ...!!
കാലത്തിനും അപ്പുറത്തേയ്ക്കുള്ള കാത്തിരിപ്പ്..... !!
#Shyna vilakkode
NB:തന്റെ പ്രിയപ്പെട്ടവൻ മരണപ്പെട്ടിട്ടും ഭൂതകാലത്തിന്റെ ഓർമകളുമായി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ മുടങ്ങാതെ, ട്രെയിനിന്റെ ചൂളം വിളിക്കു കാതോർത്തിരിക്കുന്ന പ്രിയദർശിനി ടീച്ചറെ കുറിച്ചുള്ള നെഞ്ചുരുക്കുന്ന വാർത്ത വായിക്കാനിടയായപ്പോഴാണ് ഇങ്ങനെയൊരു കഥ മനസിൽ പിറന്നത്..ട്രെയിൻ ഓടിച്ചിരുന്നൊരു ലോക്കെ പൈലറ്റുമായി പ്രണയത്തിലായിരുന്ന അവർ അദ്ദേഹത്തിന്റെ മരണത്തോടെ മാനസിക വിഭ്രാന്തിയിലായി..നിമിഷ നേരം കൊണ്ട് ഇന്നലയെയും ബന്ധങ്ങളെയും മറക്കുന്ന ഇന്നത്തെ യുഗത്തിൽ, അനശ്വര പ്രണയത്തിന്റെ പ്രതീകമായി ഓരോ ചൂളം വിളിക്കും കാതോർത്തു, കാലം പോകുന്നതറിയാതെ ഇന്നും തന്റെ പ്രിയതമനു വേണ്ടി കാത്തിരിക്കുന്ന പ്രിയദർശിനി ടീച്ചർക്ക് വേണ്ടി ഈ കഥ സമർപ്പിക്കുന്നു..!!

Shyna

#ഓർമകളുടെ പ്രതിധ്വനികൾ..

#ഓർമകളുടെ പ്രതിധ്വനികൾ..
"അമ്മയ്ക്ക് വേദനിക്കുന്നുണ്ടോ?"
കയ്യിലെ മുറിവിൽ മരുന്ന് വച്ച് കെട്ടുമ്പോൾ പാതി മയക്കത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച അവരോടായി"സ്നേഹ സദനത്തിലെ"പെൺകുട്ടിയുടെ ആർദ്രമായ ചോദ്യമാണ് അടുത്തിരുന്ന ജയദീപിനെ ചിന്തകളിൽ നിന്നുണർത്തിയത്..!!
അയാൾ പ്രതീക്ഷയോടെ വീണ്ടുംഅവരുടെ മെലിഞ്ഞ വിരലുകളിൽ മുറുകെ പിടിച്ചു പാതിയടഞ്ഞ മിഴികളിലേക്കു ഉറ്റുനോക്കി..
“"അമ്മെ.." അയാളുടെ ശബ്ദം ഈറനണിഞ്ഞു ...
ഇല്ല മയക്കം വിട്ടൊഴിഞ്ഞിട്ടില്ല..
ഉണർന്നിരുന്നെങ്കിൽ...!!തന്നെ തിരിച്ചറിയുന്ന ആ നിമിഷമോർത്തപ്പോൾ അത്യാഹ്ളാദം നിറഞ്ഞൊരു ഉൾക്കിടിലമുണ്ടായി..
"അമ്മയ്ക്ക് വേദനിക്കുന്നുണ്ടോ..?" ആ ചോദ്യം പിന്നെയും ഓർമകളുടെ അടിത്തട്ടിൽ നിന്ന് ഒരു ആറു വയസുകാരന്റെ നേർത്ത സ്വരത്തിലൂടെ മുഴങ്ങി, നിമിഷനേരം കൊണ്ട് ഹൃദയത്തിൽ അനേകം മടക്കുകളുള്ള പ്രതിധ്വനികൾ ഉണ്ടാക്കുന്നു.. ഓർമകളുടെ പ്രതിധ്വനികൾ..!!
അടുക്കളയിൽ രണ്ടു പച്ച വിറകുകൾക്കുമേൽ ഒരു നുള്ളു തീ ഊതിപ്പരത്താനുള്ള തത്രപ്പാടിൽ വാശിയോടെ പൊങ്ങി വന്ന പുക കണ്ണിലേക്കടിച്ചിട്ടും അതിനേക്കാൾ വാശിയോടെ ശ്വാസം ഏങ്ങി വലിച്ചു തീയുതുന്ന 'അമ്മ.. !!
ഒരു തീപ്പൊരി പിടഞ്ഞുയർന്നു കടുംപുകയിൽ നില തെറ്റി വീണമരവേ ചെറു തുണിയാൽ അറ്റം കെട്ടിയ മുറിഞ്ഞ ചൂണ്ടു വിരലിൽ തൊട്ടുകൊണ്ടു അവൻ ആർദ്രമായി ചോദിക്കുന്നു..!
"അമ്മയ്ക്ക് വേദനിക്കുന്നുണ്ടോ?"
മഴയ്ക്കൊപ്പം വീടും മത്സരിച്ചുപെയ്യുകയായിരുന്നു അപ്പോൾ.... അന്തിക്ക് കണ്ണും ചുവപ്പിച്ചു ഉച്ചത്തിൽ "ഗണേശ ശരണം" പാടി വരുന്ന അവന്റെ അച്ഛന് മഴയും മഞ്ഞും വെയിലും എല്ലാം ഒരുപോലെ.. വീണിടത്തു കിടന്നുറങ്ങുന്ന പതിവായതിനാൽ വല്ലപ്പോഴും കീശയിൽ അവനായി കരുതിയിരുന്ന പരിപ്പുവടയോ പാരീസ് മുട്ടായിയോ മഴയോടൊപ്പം നനഞ്ഞു കുതിർന്നിട്ടുണ്ടാകും..കൊതിയോടെ കാത്തിരുന്ന ദിവസങ്ങളിൽ ചിലപ്പോൾ അച്ഛൻ വീടെത്താറുമില്ല..
അവന്റെ ലോകം 'അമ്മ മാത്രമായിരുന്നു, അമ്മയ്ക്ക് അവനും..
അതിനിടയിൽ....!!
"സർ , ഒന്ന് താഴേയ്ക്ക് വരാമോ..ജോസഫീന മദർ അന്വേഷിക്കുന്നു.."
പെൺകുട്ടി വിനയത്തോടെ അറിയിച്ചപ്പോൾഓർമ്മകളിൽ നിന്നുണർന്നു ജയ്ദീപ് പ്രതീക്ഷയോടെ ഒരിക്കൽ കൂടി ബെഡ്ഢിൽ ചെരിഞ്ഞു കിടക്കുന്ന ആ ദൈന്യ രൂപത്തിലേക്ക് മിഴികളോടിച്ചു കൊണ്ട് പുറത്തുകടന്നു..
"അവർ തന്നെയാണെന്ന് ഉറപ്പിച്ചോ?"
ആകാംക്ഷയോടെ മദർ അന്വേഷിച്ചപ്പോൾ ഉള്ളിലെവിടെയോ ഒരു മിന്നലേറ്റ പ്രതീതി..!!
"അതെ..അത് തന്നെയാണ് എന്റെ 'അമ്മ. ഉണർന്നാൽ തീർച്ചയായും എന്നെ തിരിച്ചറിയും .....എനിക്കെന്റെ അമ്മയെ കൊണ്ടുപോകണം മദർ ..ഇനിയുള്ള കാലമെങ്കിലും 'അമ്മ എന്നോടൊപ്പം ഉണ്ടാകണം.."
അയാൾ ഒരു നിമിഷത്തേക്ക്ആ പഴയ ആറു വയസുകാരനായി അവർക്കുമുന്പിലിരുന്നു വിങ്ങിപ്പൊട്ടി..
"ടൗണിലെ കടത്തിണ്ണയിൽ നിന്ന് വയ്യാതെ കിടന്നിരുന്ന ഇവരെ ഒരാഴ്ച മുൻപാണ് കുറച്ചുപേർ ഇവിടെത്തിച്ചത്..സ്വന്തം പേരോ നാടോ ഒന്നും ഓർമയില്ല..ഇടയ്ക്കു ഉണ്ണി എന്ന് മാത്രം ഉച്ചരിക്കുന്നത് കേൾക്കാം ..”
"ഉണ്ണി ..ഞാനാണ് മദർ..'അമ്മ അങ്ങനെയാണ് വിളിച്ചിരുന്നത്.." അയാൾ തികട്ടി വന്ന അത്യാഹ്ലാദത്തോടെ ചാടിയെഴുന്നേറ്റു കൊണ്ട് പറഞ്ഞു.!!
അമ്മയെ എത്രയും പെട്ടെന്ന് കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്തശേഷം അയാൾ വീണ്ടും ധൃതിയിൽ അവർക്കരികിലേക്കു ചെന്നു.!!
മാനസിക നില തെറ്റി എങ്ങോ പുറപ്പെട്ടു പോയ അമ്മയെ നീണ്ട ഇരുപത്തി രണ്ടു വര്ഷങ്ങള്ക്കു ശേഷം കണ്ടെത്തിയ മകനിലേക്കു ഓര്മകളുടെ പെരുമഴ വീണ്ടും പെയ്തുകൊണ്ടിരുന്നു.. !!
ഒരിക്കൽ അവന്റെ നിർബന്ധത്തിനു വഴങ്ങി ഒരു നരച്ച സാരി ചുറ്റി അവന്റെ കയ്യും പിടിച്ചു രണ്ടുമൂന്നു ബസുകൾ മാറി മാറി കയറി ഉച്ചയോടെ പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയിലെത്തിയത്..കടവിൽ ചെന്നു കാൽ കഴുകി ശുദ്ധി വരുത്തി കൂട്ടം കൂടി നിന്നവർക്കിടയിലൂടെ അവന്റെ വിരലുകളിൽ മുറുകെ പിടിച്ചു മുന്നോട്ടു നീങ്ങി നീങ്ങി ഒടുവിൽ മുത്തപ്പന്റെ മുൻപിൽ എത്തിയപ്പോൾ വിതുമ്പി നിന്നത്..
ദൈവം അമ്മയുടെ നിറം കെട്ടസാരിയിലേക്കും എട്ടു വയസുകാരന്റെ കരുവാളിച്ച മുഖത്തേക്കും മാറി മാറി നോക്കിയിരുന്നില്ലേ..?
"ന്റെ പൈതങ്ങളുടെ നൊമ്പരം ഞാനറിയുന്നുണ്ട് ..ഒക്കെ മുത്തപ്പൻ മാറ്റി തരും കെട്ടോ.."
മുത്തപ്പന്റെ ചായമിട്ട വിരലുകളിൽ മുറുകെ പിടിച്ചു കൊച്ചുകുട്ടികളെ പോലെ അമ്മ കരഞ്ഞതെന്തിനായിരുന്നു? കണ്ണീർ തുള്ളികൾ മുത്തപ്പന്റെ കാൽച്ചിലങ്കയിൽ വീണുതിർന്നപ്പോൾ കാതുകൊട്ടിയടക്കും പോലെ ചെണ്ട നാദം മുഴങ്ങി..
"ഇരുളിനൊരു വെളിയുണ്ടറിയണം ട്ടോ..ഊണിലും ഉറക്കിലും ഞാൻ തുണയുണ്ടട്ടോ ....."!!
കണ്ണീരിനിടയിലൂടെചിരിച്ചുകൊണ്ട് 'അമ്മ തലയാട്ടി..
ശേഷം അപരിചിതരായ കുറെ പേർക്കിടയിലിരുന്നു പുഴുങ്ങിയ പയറും തേങ്ങാപ്പൂളും ആർത്തിയോടെ വാരി തിന്നു..!!'അമ്മ ഒരു കഷ്ണം തേങ്ങാപ്പൂള് മാത്രമെടുത്തു..ശേഷിച്ചത് ചുരുട്ടി കയ്യിലെടുത്തു,ആർത്തിയോടെ ഭക്ഷിക്കുന്ന അവനെ നോക്കി വീണ്ടും കണ്ണീർ തുടച്ചു..
"ഉണ്ണീ വേഗം വാ..വീടെത്താൻ വൈകും.."
ക്ഷേത്രത്തിനു പുറത്തെ കളിക്കോപ്പുകളും വിഗ്രഹങ്ങളുമടങ്ങിയ കടകളുടെ നീണ്ട നിരകളിൽ വിസ്മയത്തോടെ കണ്ണോടിച്ചപ്പോൾ 'അമ്മ കയ്യിൽ പിടിച്ചു വലിച്ചു.
പിന്നെ ഒന്ന് സംശയിച്ചു സാരിത്തുമ്പിലെ കുരുക്കഴിച്ചു ചില്ലറത്തുട്ടുകൾ പെറുക്കിയെടുത്തു മുത്തപ്പന്റെ ചിത്രം പതിച്ച ഒരു കറുത്ത ചരട് മാല വാങ്ങി അവന്റെ കഴുത്തിലണിയിച്ചു..!!
അമ്മയുടെ കാതും കഴുത്തും എല്ലായ്പ്പോഴും ശൂന്യമായിരുന്നു..
ആ മാല ഒരു വിലപ്പെട്ട നിധിയായി നെഞ്ചോട് ചേർത്തിരുന്നു എന്നും.
"ഉണ്ണീ.......!!!"
'അമ്മ വിളിക്കുന്നു...
അയാൾ ഞെട്ടലോടെ പിടഞ്ഞെഴുന്നേറ്റു.....അമ്മെ....!!
കഴിഞ്ഞ ഇരുപത്തിരണ്ടു കൊല്ലമായി തൊണ്ടയിൽ കുരുങ്ങി നിന്ന ആ വിളി ഒരു തേങ്ങലായി ചിറകടിച്ചുയർന്നു അവർക്കു മുന്നിൽ പിടഞ്ഞു വീണു..!!
അമ്മേടെ ഉണ്ണിയാ ഞാൻ...എന്നെ മനസിലായോ..?”
അവർ കണ്മിഴിച്ചു അയാളെ പകച്ചു നോക്കി..
“അമ്മയ്ക്കെന്നെ മനസിലായില്ലേ..ഓർത്തു നോക്ക്.. അമ്മയുടെ ഉണ്ണി,,!!അമ്മയെ കൊണ്ട് പോകാനാ ഞാൻ വന്നത്..”
അയാൾ അവരുടെ വിരലുകളിൽ ഒന്ന് കൂടി അമർത്തിപ്പിടിച്ചു മുന്നോട്ടാഞ്ഞപ്പോൾ അവർ ഭയത്തോടെ കൈ തട്ടി മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു..
“ഞാൻ വരൂല.. ഇതെന്റെ ഉണ്ണിയല്ല.. ന്റെ ഉണ്ണി പഠിക്കാൻ പോയിരിക്യാ അങ്ങ് കോളേജില്..നല്ലോണം പഠിക്കും ന്റെ മോൻ..പത്താം ക്ലാസില് പസ്റ്റാ അവൻ ..അറിയോ..? ജോലി കിട്ടിയാല് ഓൻ എന്നെയും കൂടെ കൊണ്ടോകും..”
അവർ അയാളെ വീണ്ടും അകറ്റി മാറ്റി..
അയാൾ ഞെട്ടി തളർന്നു പരവശനായി..
അച്ഛൻ മരിച്ച ശേഷം പലരുടെയും കനിവാൽ പത്താം തരാം കഴിഞ്ഞുകോളേജിൽ ചേർന്ന സമയത്താണ് സ്വബോധം നഷ്ടപ്പെട്ടു അമ്മയെ കാണാതാകുന്നത്..ആ ഓര്മകളിലാണ് ഇപ്പോഴും 'അമ്മ.. തന്റെ അഭാവത്തിൽ ,കനത്ത ഏകാന്തതയിൽ അകപ്പെട്ടതാണോ അമ്മയെ വിഭ്രാന്തിയിലാക്കിയത്.. അറിയില്ല..!!
ഏറെനേരം എന്തൊക്കെ പറഞ്ഞിട്ടും അവരിൽ ഒരു മാറ്റവുമുണ്ടായില്ല.
ഇനിയെന്ത് ചെയ്യും..?
അയാൾ ചുമർ ചാരി നിന്ന് നിശബ്ദം കരഞ്ഞു..!!
“"വിഷമിക്കാതെ..പതുക്കെ 'അമ്മ ഓർമകളിലേക്ക് തിരിച്ചു വരും..ഉണ്ണിയെ തിരിച്ചറിയും..ഇവരേക്കാൾ നില തെറ്റിയ പലരും ഇവിടെ നിന്ന് വളരെ വേഗം സുഖം പ്രാപിച്ചിട്ടുണ്ട്..ഞങ്ങളുടെ ട്രീറ്റ്മെന്റിനെ കുറിച്ച് താങ്കൾക്കറിയാമല്ലോ..”
മുൻപിൽ അലിവോടെ ജോസഫീന മദർ..
ഇപ്പോഴും ഭൂതകാലത്തിന്റെ കരുവാളിച്ച ഓര്മകളിലെവിടെയോ കുരുങ്ങിക്കിടക്കുകയാണ് ആ മനസ്..!!
ഉണർത്താൻ ഈ ഉണ്ണിക്കു കഴിയാതെ വരുമോ?
ഏറെ നേരത്തിനു ശേഷം അയാൾ മെല്ലെയെഴുന്നേറ്റു..
അടുത്ത ദിവസം വരാമെന്നു പറഞ്ഞു ഉൾക്കടൽ പോലെയിളകുന്ന മനസുമായി പുറത്തിറങ്ങി കാറിനരികിലേക്കു തിരിയവേ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി..
"ഉണ്ണീ ..."
മുകൾനിലയിൽ ജനലഴിക്കപ്പുറം വീണ്ടും ആ വിളി മുഴങ്ങുന്നു..!!
ഓർമകളുടെ ഇരുണ്ട തരിശു നിലങ്ങളിൽ വെളിച്ചം വീഴാതിരിക്കില്ല..
"ഇരുളിനൊരു വെളിയുണ്ടറിയണം ട്ടോ..!!!"
"അതെ..ഇരുളിനൊരു വെളിച്ചമുണ്ടാകും..'
അമ്മ ഈ ഉണ്ണിയെ തിരിച്ചറിയും..!!
തിരിച്ചറിയാതിരിക്കില്ല..!!
ഓർമകളുടെ ഗുഹാന്തരങ്ങളിൽ നിന്ന് വീണ്ടുമാരോ മൊഴിയുന്നു..!
#shyna

#പെയ്തൊഴിയാത്ത മഴകൾ..


സദാ സമയവും വയർ വീർത്തു വെകിളി പിടിച്ചോടുന്ന ഇരിട്ടി ബസ്സിൽ നിന്ന് ഒരു പഴന്തുണിക്കെട്ടു കണെക്കെയാണ് ദേവൂട്ടിയമ്മ ,ഇറങ്ങേണ്ട സ്റ്റോപ്പിൽ നിന്ന് കുറച്ചുമാറി ചായക്കടയ്ക്കുന്മുന്നിൽ ഇറക്കപ്പെട്ടത്.. ഇറങ്ങി ശ്വാസമൊന്നു നേരെ വിടുമ്പോഴേയ്ക്കും ബസ് മിന്നൽ വേഗത്തിൽ പറ പറന്നു..
ഇനിയീ ചൊറി പിടിച്ച റോഡ് മുറിച്ചു കടക്കണം..
ആസ്പത്രി പരിസരം രോഗികളുടെ പൂരപ്പറമ്പായിരിക്കുന്നു .. !!
ചീട്ടു എടുക്കുന്നിടത് സാമാന്യം നല്ല തിരക്കുണ്ട്. പകർച്ചപ്പനിക്കാരും,നീണ്ടുചുമയ്ക്കുന്നവരും, കൊളസ്ട്രോളുകാരും,പ്രഷർ കൂടിയവരും കുറഞ്ഞവരും, കൈക്കുഞ്ഞുങ്ങളുമായി പോളിയോ വാക്സിനെടുക്കാൻ എത്തിയവരും, എല്ലാം ചേർന്ന് അവിടൊരു പട തന്നെ രൂപപ്പെട്ടിട്ടുണ്ട്...!!
ആശുപത്രി മരുന്നുകളുടെ മനം മടുപ്പിക്കുന്ന പലവിധം ഗന്ധവും,മൊബൈൽ ഫോണുകളുടെ സമ്മിശ്ര ശബ്ദ കോലാഹലങ്ങളും,സൂചിക്കുത്തേറ്റു കുഞ്ഞു തുടകളും,കൈകളും നൊന്ത പിഞ്ചുകുഞ്ഞുങ്ങളുടെ അലറിക്കരച്ചിലും, നമ്പർ തെറ്റാതെ വിളിച്ചു പറയുന്ന ടോക്കൺ മെഷീനിലെ ശബ്ദ സുന്ദരിക്കുമിടയിൽ മുപ്പത്താറാമത്തെ ടോക്കൺ എടുത്ത ശേഷം ദേവൂട്ടിയമ്മ തുരുമ്പിച്ചു നിറം കെട്ട ഒരു ഇരുമ്പു കസേരയിൽ ഇരിപ്പുറപ്പിച്ചു...!!
അപ്പോൾ കണ്ണൂരിലെ മലയാള ഭൂമി പത്രത്തിൽ നിന്നും, തന്റെ പുതിയ പൾസറിൽ യാത്ര പുറപ്പെട്ട ദീപക് എസ് കുമാർ കുത്തുപറമ്പിലേക്കു എത്തുന്നതേയുണ്ടായിരുന്നുള്ളു.. ലക്ഷ്യം ഒരുവർഷം മുൻപ് ഇരിട്ടിക്കടുത്തു നടന്നൊരു രാഷ്ട്രീയ കൊലപാതകത്തിൽ ആളുമാറി ക്രൂരമായി വധിക്കപ്പെട്ട വലിയവീട്ടിൽ സജീവിനെക്കുറിച്ചുള്ളൊരു ഫീച്ചറാണ്.. !!
വരുന്ന ഇരുപത്തെട്ടാം തീയതി സജീവന്റെ ഓർമദിനത്തിൽ പ്രസിദ്ധീകരിക്കാനുള്ളത്..!!
വലിയവീട്ടിൽ സജീവ്..!
പന്ത്രണ്ടു വര്ഷങ്ങള്ക്കു മുൻപ് അന്തരിച്ച സാമൂഹ്യ പ്രവർത്തകനും, സ്ഥലത്തെ വായനശാലയുടെ സ്ഥാപിത മെമ്പറും പ്രസിഡന്റുമായിരുന്ന വലിയവീട്ടിൽ ദിവാകരന്റെ ഏക മകൻ..അച്ഛനെ പോലെ തന്നെ മകനും ഏവർക്കും പ്രിയങ്കരൻ നാട്ടിന്റെ സർവോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കെ പക്ഷെ സജീവനറിഞ്ഞില്ല, മറ്റൊരിടത്തു, ഇരമാറിപ്പോയൊരു വേട്ടക്കാരന്റെ ക്രൗര്യത്തിൽ ഇരുട്ടിന്റെ മറവിൽ തന്റെ ജീവനെടുക്കാൻ, ചില വാൾത്തലപ്പുകൾ വെറിപൂണ്ട് നിൽക്കുന്നത്!!
******* ******** *****
ആകാശം കനത്തു ഇരുണ്ടു വന്നത് പെട്ടെന്നായിരുന്നു..മഴക്കാലമെങ്കിലും നിറഞ്ഞ വെയിലേറ്റുണർന്നൊരു പ്രഭാതമായിരുന്നു ഇന്ന്..ഇപ്പൊ പൊട്ടിവീഴും മഴയുടെ കട്ടി തുള്ളികൾ..കാറ്റും വീശുന്നുണ്ട്..!!
"വലിയ വീട്ടിൽ ദിവാകരനറെ പാവനസ്മരണയ്ക്കു " ...ചുവന്ന പെയിന്റടിച്ച വെയ്റ്റിംഗ് ഷെൽട്ടറിലേക്കു നോക്കി വെളുത്ത അക്ഷരങ്ങളിലെഴുതിയ വാചകം ഉരുവിട്ടുകൊണ്ടു,വണ്ടിയൊതുക്കി വാർന്നു വീഴുന്ന മഴത്തുള്ളികളേറ്റു, തോളിൽ ബാഗുമായി ചെറുചിരിയോടെ, അതിലേറെ ചുറുചുറുക്കോടെ ഓടിക്കയറിയ കറുത്ത കണ്ണട ധരിച്ച വട്ടമുഖക്കാരൻ ചെറുപ്പക്കാരനെ സാകൂതം നോക്കി പ്രായമായൊരു സ്ത്രീ ഷെൽട്ടറിലിരിക്കുന്നുണ്ടായിരുന്നു.. ബാഗ് താഴെ വെച്ചു കണ്ണടയെടുത്തു തുടച്ചു നേരെ വെക്കുന്നതിനിടയിൽഅയാൾ അവരെ നോക്കി വിടർന്നു ചിരിച്ചു..
"അമ്മയെവിടാ..എങ്ങോട്ടാ പോകണ്ടേ..?
“ഇവടടുത്തു തന്യാമോനെ.... ബസ്സീന്നു ഇറങ്ങിയതും മഴ..കുറച്ചേയുള്ളു വീടെത്താൻ..ന്നാലും ഞാൻഈ കാലും വെച്ചു അവിടെത്തുമ്പോഴേയ്ക്കും മൊത്തം നനഞ്ഞു കുളിക്കും..”
"അടുത്തെന്നു പറഞ്ഞാൽ....? ഈ വലിയ വീട്ടിൽ സജീവന്റെയൊക്കെ വീടിനടുത്താണോ..വലിയ വീട്ടിൽ ദിവാകരന്റെ മകൻ...."
ആ പേരുകൾ കേട്ടതും പ്രായാധിക്യത്താൽ ചുളുങ്ങി വരുന്ന കണ്ണുകളൊന്നു പിടച്ചുഅവരിൽ നിന്നും ഒരു ഏങ്ങൽ ഉയർന്നു..
പുറത്തു മഴ തകൃതിയായി പെയ്തു തുടങ്ങി..!!
"അവിടെയാണോ പോകണ്ടേ..അവിടാരെ കാണാനാ..അച്ഛനും മോനും പോയില്ലേ.." അവരുടെ ചിലമ്പിച്ച സ്വരം..
“ സജീവന്റെ 'അമ്മ ,ദേവൂട്ടിയമ്മയെ കാണണം..”
അവരൊന്നു വിറച്ചു..!!
"ന്നാ കണ്ടോ ഞാനാ ദേവൂട്ടിയമ്മ.."
അത് പറഞ്ഞതും ചുളിവ് വീണ കൈത്തലം കൊണ്ട് മുഖമമർത്തി അവർ കൊച്ചുകുട്ടികളെ പോലെ കരയാൻ തുടങ്ങി..
“അമ്മെ.... കരയല്ലേ..!!”
ദീപക് അമ്പരപ്പോടെ അവരുടെ അരികിലിരുന്നു, അവരെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
ആർത്തലച്ചെത്തിയ മഴയുടെ ആരവത്തിൽ അവരുടെ ദുര്ബലശബ്ദം ദീനമായൊരു രോദനം പോലെ നേർത്തുപോയിരുന്നു.
അവർ പറഞ്ഞുകൊണ്ടിരുന്നു...
തന്റെ എല്ലാമായിരുന്ന സജൂട്ടിയെക്കുറിച്..!!
തിമിർത്തുപെയ്യുന്നൊരു മഴക്കാല രാവിൽ മിന്നല്പിണരുകളായ് ചാടി വീണ, രാഷ്ട്രീയ ഭ്രാന്തു തലയ്ക്കു പിടിച്ച,വേട്ടനായ്ക്കളുടെ ചോരക്കൊതിപൂണ്ട കണ്ണുകളിലേക്കു അവൻ പകച്ചുനോക്കിയതും ആദ്യത്തെ വെട്ടു കിട്ടി അമ്മേ എന്ന നിലവിളിയോടെ മഴ വെള്ളത്തിലേക്ക് മറിഞ്ഞു വീണതും..
തുടരെ തുടരെ ചെന്നായ്ക്കളവനെ കടിച്ചു കീറി കുടഞ്ഞുകൊണ്ടിരുന്നു..
“അമ്മെ.... ആ ..വേണ്ടാ..!!..
അവൻ നിലവിളിച്ചുകൊണ്ടിരുന്നു..കാറ്റും മഴയും കനത്ത ഇരുട്ടും ..
പ്രാണന് വേണ്ടിയുള്ളയാചനകൾ..!!
ഇരയുടെ ദൈന്യത വേട്ടനായ്ക്കൾക്കു ഹരം പകർന്നതേയുള്ളു.. !!
ദേവൂട്ടിയമ്മ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു..
രാവേറെ ചെന്നിട്ടും കാത്തു കാത്തിരുന്ന്,മകൻ വരാതിരുന്നപ്പോൾആധിയോടെ മഴയിലേക്ക് ഇറങ്ങിച്ചെന്നത്.!!
.പാടവരമ്പിനടുത്തെത്തിയപ്പോൾ എതിരെ വന്ന അവന്റെ കൂട്ടുകാർ തടഞ്ഞു നിർത്തി വീട്ടിലേക്കു കൊണ്ട് വിട്ടത്..!!
പുലരുവോളം മഴയും താനും തുള്ളി തോരാതെ കണ്ണീർപൊഴിച്ചത്..!!!
ബോധത്തിനും അബോധത്തിനുമിടയിലൂടെ കാഴ്ചകളും ചിന്തകളുംമറഞ്ഞു നിലവിളിച്ചപ്പോൾ വെളുത്ത തുണിയിൽ പൊതിഞ്ഞ സജൂട്ടിയുടെ ദേഹത്തിനുമേൽ ആര്ത്തലച്ചു വീണത്.. !!
ഉറങ്ങുകയാണെന്നു കരുതി അവനെ വലിച്ചെണീപ്പിക്കാൻ ശ്രമിച്ചപ്പോൾ ഏതൊക്കെയോ കരങ്ങളാൽ തന്നെ കോരിയെടുത്തു മറ്റെങ്ങോട്ടോ മാറ്റപ്പെട്ടത്..!!
.
അങ്ങനെയങ്ങനെ ..!!
ദീപകിന്റെ കാമറ കണ്ണുകൾ ഓരോന്നും ഒപ്പിയെടുത്തുകൊണ്ടിരുന്നു..
നെടുവീർപ്പിൽ,ഏങ്ങലിൽ കുതിർന്ന കുറെ നിമിഷങ്ങൾ..
ആ കാമറ വലയത്തിനുള്ളിൽ പതിഞ്ഞ അവരുടെ ചുളുങ്ങിയ മിഴികളിലെ കണ്ണീർതുള്ളികൾ ഒരു ചോദ്യക്കടലായി രൂപം കൊണ്ടു..!!
"എന്റെ കുഞ്ഞിനെവെട്ടിയരിഞ്ഞിട്ടു നിങ്ങളെന്തു നേടി..?”
തിരയിളക്കങ്ങളിൽ ആ സങ്കടക്കടൽ ആർത്തിരമ്പിക്കൊണ്ടിരുന്നു...!!
അതിൽഅടങ്ങാത്ത പ്രധിഷേധത്തിനാൽ, നിലയ്ക്കാത്ത കണ്ണീരിനാൽ പിറവി കൊണ്ട നോവിന്റെ അതിശക്തമായ തിരമാലകളുടെയും കൊടുങ്കാറ്റിന്റെയും പ്രകമ്പനങ്ങൾ ഉണ്ടായിരുന്നു..!!
അനാഥമാക്കപ്പെട്ടൊരു 'അമ്മ മനസിന്റെ തീരാ വേദനയുടെ സങ്കടച്ചുഴികളുണ്ടായിരുന്നു..!!
അവർ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു..!!
അവർക്കൊപ്പം മഴയും.. തുള്ളി തോരാതെ..നിലയ്ക്കാതെ പെയ്തുകൊണ്ടിരുന്നു..!
ഇനിയൊരിക്കലും തോരാത്ത 'അമ്മ കണ്ണീർ പോലെ..ചാഞ്ഞും ചെരിഞ്ഞും വീശിയടിച്ചും..!!

രഥോത്സവം


ഒറീസയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിലെ ആഷാഢ മാസ രഥോത്സവത്തിന്റെ മുന്നൊരുക്കത്തിലാണ് പുരി നഗരം...!!
ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമ്മിക്കുന്ന ഈ ചടങ്ങിൽ,ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ വലിയ രഥങ്ങളിലേറ്റി ഏതാണ് രണ്ടൂ മൈൽ ദൂരെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ഒരാഴ്ച്ചക്ക് ശേഷം ഈ വിഗ്രഹങ്ങൾ തിരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടൂ വരുന്നു.ആയിരക്കണക്കിന് പേർ ഈ വൻരഥങ്ങളെ തള്ളുകയും ഇതിനു മുമ്പിൽ ബന്ധിച്ചിരിക്കുന്ന കയറുകൾ വലിക്കുന്നതിനായി മൽസരിക്കുകയും ചെയ്യുന്നു. ഈ രണ്ടു മൈൽ ദൂരം യാത്രക്ക് രണ്ടു ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്. മഴയുള്ള സമയത്ത് രഥചക്രം മണലിൽ താഴ്ന്നു പോകുന്നതിനാൽ യാത്ര കൂടുതൽ ദുഷ്കരമാകുന്നു.
ഭക്തിയുടെ പേരിലുള്ള ആത്മഹത്യകളും സ്വശരീരപീഠങ്ങളും..രഥചക്രത്തിനിടയിൽ പെട്ട് മരിക്കുന്നതിൽ പരം പുണ്യമില്ലത്രേ..തിക്കിലും തിരക്കിലും പെട്ട് അബദ്ധത്തിൽ ചക്രത്തിനടിയിൽ പെടുന്നവരും നിരവധി....!!
സന്ധ്യയോടടുക്കുന്ന പകൽ..
നഗരം തീർഥാടകരും നഗരവാസികളും മറ്റു വഴിയോരക്കച്ചവടക്കാരുമൊക്കെയായി തിരക്കിലാണ്..
“നീയെന്താ ഒന്നും മിണ്ടാത്തത്.. അയാളെങ്ങനെ ഇപ്പൊ?മല്ലീശ്വർ ബാബു...??
അസ്തമയ സൂര്യന്റെ പൊൻവെളിച്ചത്തിൽ ബഹളമയമായ തെരുവോരം കടന്നു,ഇടയ്ക്കു ഞങ്ങൾ വന്നിരിക്കാറുള്ള ആല്മരത്തിനു കീഴെ,ദൂരെ ജഗന്നാഥ ക്ഷേത്ര ഗോപുര ചക്രത്തിന്മേലുറപ്പിച്ച കൊടി കാറ്റിൽ ശക്തിയായി ഇളകുന്നതും,തൊട്ടരികിലൂടെ അനേകം പക്ഷികൾ കൂട്ടമായി പറന്നുയരുന്നതും നോക്കിയിരിക്കെ ഞാൻ ലക്ഷയുടെ പഴകി പിഞ്ഞിയ നരച്ച സൽവാറിൽ തൊട്ടുകൊണ്ടു ചോദിച്ചു..
ചോദ്യം കേട്ട് മുഖമുയർത്തിയ അവളുടെ കണ്ണിൽ ദേഷ്യവും പകയും ഇരമ്പിയാർക്കുന്നുണ്ടായിരുന്നു..
"അയാളെ കൊല്ലും ഞാൻ..വൈകാതെ.. നീ നോക്കിക്കോ..!!!”
ഞെട്ടലോടെ എന്റെ വിരലുകൾ അവളുടെ മെലിഞ്ഞ കൈത്തണ്ടയിലമർന്നപ്പോൾ എനിക്ക് നേരെ മുഖം തിരിച്ച ആ കണ്ണുകളിൽതിളങ്ങിയ ധൈര്യം കണ്ടു ഞാൻ ഭയന്ന് പോയി..
എന്റെ കൺമുന്നിലപ്പോൾ കുഞ്ഞു സോനുവിന്റെ അഴുകി വികൃതമായ മുഖം തെളിഞ്ഞു. തൊട്ടരികിൽ മണ്ണിൽ വീണുരുണ്ട് ഭ്രാന്തിയെപ്പോലെ അലമുറയിട്ടു കരഞ്ഞു തളർന്ന ലക്ഷ.. അവളല്ല ഇത്..!!
ചെറുപ്പത്തിലേ 'അമ്മ നഷ്ടപ്പെട്ടു..നാലഞ്ചു വര്ഷം മുൻപുള്ളോരു രഥയാത്രയിലെ തിക്കിലും തിരക്കിലും പെട്ട് അച്ഛനും മരിച്ചപ്പോൾ ലക്ഷയും അനിയത്തി സോനുവും ഗത്യന്തരമില്ലാതെ അകന്ന ബന്ധുവായ മല്ലീശ്വർ ബാബുവിന്റെ കൂടെ വീട്ടുജോലികൾ ചെയ്തു അവിടെയായി താമസം..
അങ്ങനെയിരിക്കെയാണ് സോനുവിന്റെ ദുരൂഹ മരണം.. ലക്ഷ തീർത്തും തനിച്ചായി..
"രഥോത്സവം കഴിയട്ടെ ലാവണ്യാ നീ നോക്കിക്കോ....അയാളെന്റെ മുന്നിൽ കിടന്നു പിടയ്ക്കും..കൊല്ലും ഞാനയാളെ.. എന്റെ സോനുവിനെ...."
പൂർത്തിയാക്കയുന്നതിന് മുൻപ് അവളുടെ സ്വരം വിറച്ചു..
സോനുവിനെ കൊന്നത്അയാളാണെന്നു മിക്കവർക്കും അറിയാം....ആരോരുമില്ലാത്തവരായതിനാൽ ഒരു പട്ടിയോ,പൂച്ചയോ ചത്തുപോയോരു ലാഘവത്തോടെ അയാളത് കൈകാര്യം ചെയ്തു.അല്ലെങ്കിലും തെരുവിലെ ജീവിതങ്ങൾക്ക് എന്ത് വില..?
ഞങ്ങൾക്ക് മുൻപിൽ അപ്പോൾ അങ്ങ് ദൂരെ വളരെ ഉയരത്തിലായി ക്ഷേത്ര ഗോപുരത്തിന്റെ ഏറ്റവും മുകളിൽ,വിഷ്ണുവിന്റെ സുദർശന ചക്രമായി വിശ്വാസികൾ കരുതുന്ന ചക്രത്തിന്മേൽ ഉറപ്പിച്ച കൊടി മാറ്റുന്നതിനായി ഒരാൾ കാലിടറാതെ കയറി പോകുന്ന കാഴ്ചയായിരുന്നു.
സൂര്യൻ പാതിയുംഅസ്തമിച്ചു..
"പോകാം.."
തീർഥാടകരും വഴി വാണിഭക്കാരും നിറഞ്ഞ തെരുവിന്റെ ബഹളങ്ങളിലൂടെ നീങ്ങുമ്പോൾ ഞങ്ങൾ തീർത്തും നിശ്ശബ്ദരായിരുന്നെങ്കിലും എന്റെ കൈ അവളുടെ കൈകോർത്തു മുറുകെ പിടിച്ചിരുന്നു.. കുഞ്ഞുന്നാളിലേ മുറുകെപ്പിടിച്ച വിരലുകൾ.
നെഞ്ചിൽ എന്നെ വല്ലാതെ ഭയപ്പെടുത്തികൊണ്ട് ഒരു രഥഭേരി മുഴങ്ങുന്നു..
ലക്ഷ പറഞ്ഞത് ചെയ്യുന്നവളാണ്..
അങ്ങനെയെങ്കിൽ......?
രഥോത്സവത്തിനു ഇനി ദിവസങ്ങൾ മാത്രം..!!
ഞങ്ങൾ ചെല്ലുമ്പോൾ അമ്മ വീടിനോട് ചേർന്നുള്ള ചായക്കടയിലേക്കുള്ള "ഗുൽഗുല" വറുത്തുകോരുന്നു..
ഊർന്നു പോകുന്ന നരച്ചു മങ്ങിയ സാരിയുടെ അറ്റം വലിച്ചു തലയിലേക്ക് നേരെയിട്ടുകൊണ്ട് അമ്മ " കനപ്പിച്ചെന്നെ നോക്കി..
“സവാരി കുറച്ചു കൂടുന്നുണ്ട് രണ്ടിന്റെയും.... രഥയാത്ര ഉത്സവമടുത്തു തുടങ്ങി..പുറം നാട്ടുകാർ ഒരുപാടുണ്ടാകും..പ്രായമായ പിള്ളേർ ഇങ്ങനെ കറങ്ങി നടക്കുന്നത് ശരിയല്ല.. “
പാചകത്തിനിടയിൽ തനിക്കു നേരെ നീട്ടിയ ഗുൽഗുല ഒരു ചെറു ചിരിയോടെ വാങ്ങിച്ചു കൊണ്ട് അമ്മയ്ക്ക് നേരെ ഒന്ന് കണ്ണിറുക്കി കാട്ടി അവൾ എന്നോട് യാത്ര പറഞ്ഞു വീട്ടിലേക്കു പോയി..
ലക്ഷ നടന്നു മറയുന്നതും നോക്കി നിൽക്കെ എന്റെ നെഞ്ചിൽ അത്യുച്ചത്തിൽ വീണ്ടും ആ രഥഭേരി മുഴങ്ങിക്കൊണ്ടിരുന്നു..!!
******* ********* *********
“ലാവണ്യാ.......!!?”
ചായക്കടയിൽ അച്ഛനെ സഹായിച്ചുകൊണ്ടിരുന്ന 'അമ്മ വെപ്രാളത്തോടെ എന്റരികിലേക്കു കിതപ്പോടെഓടി വന്നു..!!
"നീയറിഞ്ഞോ..ആ ദുഷ്ടൻ മല്ലീശ്വറിനെ നിന്റെ കൂട്ടുകാരി ലക്ഷ തുണ്ടം തുണ്ടമാക്കി അരിഞ്ഞിട്ടത്രേ....പോലീസും ചാനലുമൊക്കെയായി അവിടാകെ ബഹളമാ..."
പിന്നൊന്നും കേട്ടില്ല ഞാൻ.. !!
"ജഗന്നാഥ ദേവാ..."!!!
നെഞ്ചിൽ അലറി വിളിച്ചെത്തിയ രഥഭേരിയുടെ അകമ്പടിയോടെ ഒരായിരം മിന്നൽ പിണരുകൾ ഒരുമിച്ചു ഹൃദയഭിത്തികളിൽ തീ വര തീർത്ത ആഘാതത്തിൽ ഒരു കുതിപ്പായിരുന്നു ഞാൻ അവൾക്കരികിലേക്ക്.....പിന്നിൽ നിന്ന് 'അമ്മ വിലക്കിയെങ്കിലും എന്റെ കാലുകൾക്കു വേഗത കൂടിയതെ ഉള്ളൂ.. അവിടത്തെ കാഴ്ച കണ്ടതും തരിച്ചു വിറങ്ങലിച്ചു നിന്ന് പോയി ഞാൻ..
മുറ്റത്തു രക്തത്തിൽ കുളിച്ച മല്ലീശ്വര ബാബു..കുറച്ചകലെയായി നിന്ന് അയാളുടെ ഭാര്യയുടെ അലമുറയിടലും ബഹളവും..നിറയെ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു.. പോലീസ്... മാധ്യമങ്ങൾ...മിന്നിപ്പൊലിയുന്ന ഫ്ലാഷ് ലൈറ്റുകൾ..
ലക്ഷ എവിടെ..??നീ പറഞ്ഞതുപോലെ ചെയ്തു കളഞ്ഞല്ലോ..
പോലീസ് ജീപ്പിൽ യാതൊരു ഭാവഭേദവും കൂടാതെ എന്റെ ലക്ഷ . പോകാൻ തയാറായി നിൽക്കുന്നു...എന്നെ കണ്ടതും അവളൊന്നു ചിരിക്കാൻ ശ്രമിച്ചു... എന്റെ നെഞ്ചു വിങ്ങി കാഴ്ച മറഞ്ഞു..
ജീപ്പ് അകന്നു പോകുന്നു..എന്റെ ലക്ഷ...!!
"ഓ ജഗന്നാഥാ.. എന്റെ ലക്ഷയെ കൊണ്ടുപോകല്ലേ....”
കണ്ണിലിരുൾ നിറഞ്ഞു ഉറക്കെ കരഞ്ഞു ഞാൻ നിലത്തേക്ക് വീണു...!!!
................
ഒരു നിമിഷം...!!
"ലാവണ്യാ ലാവണ്യാ.."കണ്ണ് തുറക്ക്... "ആരാണെന്നെ വിളിക്കുന്നത്..അമ്മയാണല്ലോ..!!
“അമ്മാ ലക്ഷയെ കൊണ്ടുപോയി.."
“ലക്ഷയെ എവിടെ കൊണ്ട് പോയെന്നാ? “നീയെന്താ സ്വപ്നം കണ്ടോ..നേരം ഒരുപാടായി..എണീക്കു..ഇന്നലെ രഥോത്സവം കഴിഞ്ഞ ക്ഷീണത്തിൽ നല്ലപോലെ കിടന്നുറങ്ങി.. എത്ര പേരാ മരിച്ചതെന്നറിയോ.. മുമ്പത്തേതിനേക്കാൾ ഒത്തിരി കൂടുതലാത്രേ ഈ വര്ഷം മരണ സംഖ്യ.."
'അമ്മ പൂരിക്കുള്ള മാവ് കുഴയ്ക്കുന്നു.. അടുപ്പത്തു തിളയ്ക്കുന്ന വെജിറ്റബിൾ ദാൽമ.
 അപ്പോഴാണ് അതൊരു സ്വപ്നമായിരുന്നെന്ന യാഥാർഥ്യത്തിലേക്ക് എന്റെ മിഴികൾ തുറന്നത്..!!
ഞങ്ങളുടെ ജഗത് ടി ഷോപ്പിൽ അച്ഛൻ ഉച്ചത്തിൽ തുറന്നു വെച്ചിരിക്കുന്ന റേഡിയോയിൽ നിന്ന് റാവ്വേന്ദ്ര നായിക്ക് പ്രഭാത വാർത്തകൾ കേൾക്കുന്നു..!
രഥോത്സവത്തിൽ തിക്കിലും തിരക്കിലും പെട്ട് ജീവൻ പോയവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അനുശോചനം രേഖപ്പെടുത്തലും മരിച്ചവരുടെ കുടുംബങ്ങൾക്ക്സഹായ സഹകരണ വാഗ്ദാനവും..
"പിന്നെ..നീയറിഞ്ഞോ..ആ മല്ലീശ്വറും ഉണ്ട്
മരിച്ചവരുടെ കൂട്ടത്തിൽ.ചക്രത്തിൽ പെട്ട് ചതഞ്ഞു തീർന്നെന്ന കേട്ടത്..ജഗന്നാഥൻ കൊടുത്ത ശിക്ഷയാ.. ആ സോനുവിനോടുള്ള ക്രൂരതയ്ക്ക് തക്ക ശിക്ഷ കിട്ടി.. ലക്ഷ ഇതറിഞ്ഞു സന്തോഷിക്കുന്നുണ്ടാകും..സന്തോഷിക്കട്ടെ..ഇനിയെങ്കിലും ആ കുട്ടിക്ക് ഇത്തിരി മനസമാധാനം കിട്ടട്ടെ..”
ഇത് സ്വപനമോ..സത്യമോ..?
അമ്മയുടെ അശരീരി പോലെ യുള്ള ആ വാക്കുകൾ കേട്ട് അമ്പരപ്പോടെ ഞാൻ ചാടിയെണീറ്റു..
നെഞ്ചിലൊരു ചാറ്റൽ മഴ പെയ്തിറങ്ങിയ പ്രതീതി..
ഈ ലോകം കേൾക്കെ ഒന്നുറക്കെ പൊട്ടിച്ചിരിക്കാൻ തോന്നിയെനിക്ക്..!!!
അപ്പൊ അയാൾ മരിച്ചു..ജഗന്നാഥാ..!!
വിശ്വാസികൾ കരുതുന്ന പോലെ, “രഥചക്രത്തിൽപ്പെട്ടുള്ള” മല്ലീശ്വറിന്റെ മരണം പുണ്യമരണമല്ല..അതയാൾക്കുള്ള ശിക്ഷയാണ്..ശ്രീ ജഗന്നാഥന്റെ കടുത്ത ശിക്ഷ..!!
“എനിക്കിപ്പോൾ ലക്ഷയെ കാണണം...!!
“അതും പറഞ്ഞു അമ്മയുടെ മറുപടിക്കു കാക്കാതെ
ചായക്കടയും കടന്നു ക്ഷേത്ര റോഡിലൂടെ അവളുടെ വീട്ടിലേക്കു കുതിക്കുമ്പോൾദൂരെ പൊട്ടു പോലെ ക്ഷേത്ര ഗോപുരത്തിലെ കൊടി ജഗന്നാഥന്റെ അനുഗ്രഹ വിശറി പോലെ കാറ്റിൽ ഇളകിയാടുന്നു..
കൈകൾ കൂപ്പി.. അറിയാതെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു..
കാറ്റിലൂടെ കാതുകളിലേക്കു ഒഴുകിയെത്തുന്ന ജഗന്നാഥ സ്തുതി ഗീതത്തിന്റെ ഈണം..
" ഓം ജഗന്നാഥ നമോ നമ .
ശ്രീ ജഗന്നാഥ നമോ നമ ..
ജയ് ജഗന്നാഥ നമോ നമ
ജഗതര നാഥാ നമോ നമ.."

By: Shyna Vilakkode

ഹരീ നീയെവിടെയാണ്..?

ഹരീ നീയെവിടെയാണ്..?
കിഴക്കു ചന്ദ്രോദയത്തിന്റെ ആരംഭമാണിപ്പോൾ..!!നീ കാണുന്നുണ്ടോ?
നിലാവ് കാണുമ്പോഴും,രാവിൻറെ ആദ്യ യാമങ്ങളിൽ പൂക്കുന്ന പേരറിയ പൂക്കളുടെ സുഗന്ധം വമിക്കുമ്പോഴും നിന്റെ ഓര്മകളെന്നെ വരിഞ്ഞു മുറുക്കി വേദനിപ്പിക്കുന്നു..എവിടെയെങ്കിലും ഒരു നിഴലങ്ങുകയോ ,മൃദുവായ കാലൊച്ച കേൾക്കയോ ചെയ്താൽ എന്റെ മനസു തുടിക്കും..അത് നീയാണെന്നു കരുതി കാത്തിരിക്കും..പക്ഷെ.....!!
അകലെ വേനൽപക്ഷികൾ പാടുന്ന പൂത്ത കാടുകളും ഋതു ഭേദങ്ങളില്ലാതെ പൂക്കുന്ന മരങ്ങളുമുണ്ടെന്നു നീ പറഞ്ഞില്ലേ..?അവിടേയ്ക്കു എന്നാണ് നീയെന്നെ കൊണ്ട് പോകുക..? ശിശിരമെത്ര കഴിഞ്ഞു.. പുതുമഴകൾ പലതും പെയ്തൊഴിഞ്ഞു...
ഇലകൾ പൊഴിയുമ്പോലെ ദിനങ്ങളും...!!
ഉറങ്ങാതെ അവ്യക്തമായ ഭയങ്ങളെ ഒളിപ്പിച്ചു കൊണ്ട് കിടക്കുമ്പോൾ പുറത്തു മഴ പെയ്യുന്ന ഒച്ച കേൾക്കാം ചിലപ്പോൾ.. മരം പെയ്യുന്ന കേൾക്കാം..ഇരുട്ടിൽ കാലം ഇഴയുന്ന നിശബ്ദതയും.. ചിലപ്പോൾ നീയെന്നെ പേര് ചൊല്ലി വിളിക്കുമ്പോലെ..!!
ജനലഴികളിലൂടെ പുറത്തേക്കു നോക്കിയാൽ മുറ്റത്തിനതിരിൽ നീ നട്ട നന്ത്യാർവട്ടം പൂത്തു നിന്ന് അതിൽ നിലാവ് തെളിഞ്ഞു കാണാം..!!
നിനക്കോര്മയുണ്ടോ..?അന്തിവെയിലുരുകുന്ന കുന്നിൻ ചെരിവിലൂടെ നാമൊരുമിച്ചു അർദ്ധനാരീശ്വര ക്ഷേത്രത്തിൽ പോകാറുള്ളത്..?അവിടെയുള്ള പേരറിയ മരത്തിനു കീഴിലിരുന്നു അസ്തമയം ഒരുമിച്ചു കാണാറുള്ളത്..?
നീ എന്നോട് പറയാതെ പോയ ശേഷം ഞാനവിടെഒരു തവണയേ പോയിട്ടുള്ളൂ..തനിച്..അപ്പോഴേക്കും വീട്ടിൽ നിന്ന് ആരൊക്കെയോ എന്നെ തേടി വന്നു ബലമായി കൂട്ടികൊണ്ടു പോയി..നിറദീപങ്ങളുടെ വെളിച്ചത്തിൽ പൂവും ചന്ദനവും അണിഞ്ഞ ഭഗവാനെ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി കാഴ്ചമങ്ങി....എന്റെ ഹരിയെ തിരികെഎത്തിക്കാൻ ആ തിരുമുൻപിൽ കത്തുന്ന കർപ്പൂരമായി മാറി ഞാൻ....പാദങ്ങളിലെ പൂജ പുഷ്പമായി..
എന്നിട്ടും..........!!
ജീവകോശങ്ങളെ നിറം പിടിപ്പിക്കുന്ന നിന്നോർമകൾ മാത്രമാണെനിക്കിന്നു കൂട്ട് ഹരീ..പക്ഷെ അതും ചിലപ്പോൾ എന്നിൽ നിന്ന് മാഞ്ഞു പോകുന്ന പോലെ..!!
ചിലപ്പോൾ എന്നെ തന്നെയും..!!ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല..
കൂരിരുട്ടിൽ ഇരമ്പുന്ന സമുദ്രത്തിൽ ഒറ്റയ്ക്ക് ഒരു വള്ളത്തിൽ തുഴഞ്ഞു പോകുന്ന ഒരു തോന്നലാണ് ഇപ്പോൾ..വിസ്മൃതിയിൽ കലങ്ങിയ പ്രേമസന്ഗീതത്തിന്റെ ഈണംഎവിടുന്നോ കേൾക്കുന്നു,, അതെന്റെ സിരകളിൽ നിന്നാവാം..അല്ലെ ഹരീ..നിന്നെയോർക്കുന്ന വേളയിൽ അനേകായിരം വര്ഷങ്ങള്ക്കപ്പുറത്തു നിന്ന് ഒരു നക്ഷത്ര കിരണം വന്നു ഇരുട്ടിൽ പ്രഭ വിടരുന്ന പോലെയാണെനിക്ക്..
എനിക്കറിയാം ഒരു നാൾ നീ വരുമെന്ന്..!!
എന്റെ കണ്ണീരണിഞ്ഞ മിഴികളിലേക്കു നോക്കി "ഞാൻ എത്താൻ വൈകിപ്പോയി..എങ്കിലും നീയെനിക്കു വേണ്ടി കാത്തിരുന്നല്ലോ"എന്ന് ക്ഷമാപണത്തോടെ പറഞ്ഞു നെറ്റിയിൽ അരുമയോടെ ചുംബിക്കും.. !!
അഴിഞ്ഞുലഞ്ഞ മുടിക്കെട്ടിലേക്കു സ്നേഹത്തോടെ മുഖം ചേർക്കും.."നിന്റെ മേനിക്ക് ഇലഞ്ഞിപ്പൂക്കളുടെ ഉന്മത്ത ഗന്ധമാണ് എന്ന് പറഞ്ഞെന്നെ നിന്നിലേക്ക് ചേർത്തണയ്ക്കും.. !!
നിന്റെ കൈകളിൽ കോരിയെടുത്തെന്നെ ചേർത്തുപുല്കാൻ നോക്കുന്ന നേരത്തു നീയെന്റെ കാൽവിലങ്ങു കാണാതിരിക്കില്ല..നീയെന്നെ വിട്ടു പോയതില്പിന്നെയാണ് അതവിടെ ഇടം നേടിയത്..പലരോടും കെഞ്ചിപ്പറഞ്ഞു.. അതഴിച്ചു മാറ്റാൻ..ആരും കേൾക്കുന്നില്ല..എനിക്കറിയാം ഹരീ നീയേ അതിൽ നിന്നെന്നെ മോചിതയാക്കൂ,..നിനക്കെ കഴിയൂ..ചോരപ്പാടുകൾ നിറഞ്ഞ എന്റെ കാലുകൾ കാണുമ്പോൾ നീ വിങ്ങിപ്പൊട്ടും..അഴിച്ചുമാറ്റി എന്നെ സ്വാതന്ത്രയാക്കും..!!
അതിനായി ഞാൻ കാത്തിരിക്കയാണ്..
പുറത്തു നിന്റെ ഒരു നിഴല് കാത്തു..മൃദുവായ ഒരു കാലൊച്ച കാത്തു..
അകലെ..വേനൽപക്ഷികൾ പാടുന്ന പൂത്ത കാടുകളും ഋതുഭേദങ്ങളില്ലാതെ പൂക്കുന്ന മരങ്ങളുമുണ്ടെന്നു നീ പറഞ്ഞയിടത്തേക്കു...
നിന്റെ വരവും കാത്തു.. യാമങ്ങൾ പിന്നിട്ട്...

പൂ പോലൊരു പെണ്ണ്...

പൂ പോലൊരു പെണ്ണ്...
"ഇനീപ്പോ എന്താ ഞാൻ വേണ്ടത്..നിനക്കിവിടേം ശരിയാവുന്നില്ല ല്ലേ..?
എന്റെ ചോദ്യം കേട്ടപ്പോൾ കൈകൾ മാറിൽ കെട്ടി നഗര ബഹളത്തിലേക്കു നോട്ടം പായിച്ചു ടെക്സ്ടെയിൽസു വരാന്തയിൽ നിസ്സഹായായി നിൽക്കുവായിരുന്ന വേണി മുഖം തിരിച്ചു ഇല്ലായെന്ന മട്ടിൽ എന്റെ കണ്ണിലേക്കു നോക്കി..വലിയ വട്ടക്കണ്ണുകളിൽ നീർപൊടിഞ്ഞു പരന്നിട്ടുണ്ട്..വയസു ഇരുപതു കഴിഞ്ഞെങ്കിലും ഒരു കൊച്ചുകുട്ടിയുടെ പോലെ നിഷ്കളങ്കമായ മുഖവും മനസുമാണവൾക്ക്..!!
ക്യാഷ് കൗണ്ടറിലെ റിവോൾവിങ് ചെയർ നിറഞ്ഞു കവിഞ്ഞിരിക്കുന്ന ശരീരത്തിലെ, ഗോൾഡൻ ഫ്രെയിം കണ്ണടയ്ക്കുളളിൽ നിന്ന് ടെക്സ്റ്റയിൽസ്ഉടമയുടെ ഉണ്ടക്കണ്ണുകൾ അക്ഷമയോടെ ഇങ്ങോട്ടു നോട്ടം പായിക്കുന്നു..!!
ഇനിയിപ്പോ ഇതിന്റെ പേരിൽ അയാളുടെ വായിലെ ബാക്കി ചീത്ത കൂടി കിട്ടിയ മതി..വേണീടെ കാര്യം പിന്നെ ചിന്തിക്കയെ വേണ്ട!!ഇപ്പോൾ പോകുന്നതാണ് നല്ലത്..
എന്റെഊഹം മനസിലാക്കിയെന്നോണം വേണി ഷോപ്പിലേക്ക് നോക്കികൊണ്ട് പറഞ്ഞു.."മായേച്ചി ഇപ്പൊ പൊയ്ക്കോ..ഞാൻ രാത്രി വിളിക്കാം.."
“നീ വിഷമിക്കാതെ നമുക്ക് വേറെന്തെലും വഴിയുണ്ടാക്കാം..”..
അവളുടെ തോളിൽ തട്ടി യാത്ര പറഞ്ഞു സ്റ്റെപ്പിറങ്ങി വരുമ്പോൾ എന്റെ മനസാകെ കലുഷിതമായിരുന്നു..
ആരുമല്ലെങ്കിലും വളരെ കുറച്ചു നാളുകൾക്കുള്ളിൽ എന്റെ ആരൊക്കെയോ ആയി തീർന്നവളാണ് വേണി..ചിലപ്പോൾ യാദൃച്ഛികമായി കണ്ടുമുട്ടുന്നവർ നമ്മുടെ ആരൊക്കെയോ ആയി തീരു ന്നു. അവരുടെ ഉള്ളു നീറുന്നെന്നറിയുമ്പോൾ നമ്മുടെ ഹൃദയവും പൊള്ളുന്നു...അവർക്കു വേണ്ടി എന്തൊക്കെയോ ചെയ്യുന്നു,..അവരെ ഓർത്തു വേദനിക്കുന്നു.. മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്നത് യാദൃച്ഛികത തന്നെയല്ലെ..ഓർത്തുനോക്കുമ്പോൾ യാദൃച്ഛികത ജീവിതത്തിലെ വിസ്മയ മായി തീരുന്നു...!!
വേണിയെ ഞാൻ ആദ്യം കാണുന്നത്ഓഫീസിലെ മിനി ചേച്ചിയോടൊപ്പം ഒരു ട്രാവൽ ഏജൻസിയിൽ ചെന്നപ്പോഴാണ്..!!
അവളവിടെജോയിൻ ചെയ്തിട്ട് ഒരാഴ്ച ആകുന്നേയുള്ളു..കംപ്യൂട്ടറിനു മുൻപിൽ പകച്ചിരിക്കുന്നൊരു പാവം കുട്ടി.
ആര്ഭാടങ്ങളൊന്നുമില്ലാത്ത പൂപോലുള്ള അഴകൊത്ത പെൺകുട്ടി..ഭയം നിറഞ്ഞ വെളുത്ത കുഞ്ഞു മുഖത്തെ വട്ടക്കണ്ണുകളും നിഷ്കളങ്കത്വവും എന്തോ മനസിനെ സ്പർശിച്ചു .. അങ്ങോട്ട് ഒന്ന് പുഞ്ചിരിച്ചപ്പോൾ അവളൊന്നു ചിരിച്ചെന്നു വരുത്തി..ട്രാവൽ ഉടമ നിർദേശങ്ങൾക്കൊടുക്കുന്നതിനു അനുസരിച്ചു അവൾ ഒരു പാവയെ പോലെ ധൃതിയിൽ എന്തൊക്കെയോ ചെയ്തു കൂട്ടുന്നുണ്ട്..
ഇടയ്ക്കു അയാൾ അരിശം പിടിച്ചുഎന്തെല്ലാമോ പറയുന്നുണ്ട്..വിറയ്ക്കുന്ന വിരലുകൾ കീ ബോര്ഡില് ക്രമാതീതമായി താളമിട്ടപ്പോൾ കൈകളിൽ നിന്ന് പടർന്ന വിയർപ്പുകണങ്ങൾ അവൾ തൂവാല കൊണ്ട് ഒപ്പുന്നത് എനിക്ക് കാണാം... അക്ഷമനായി അരിശം പൂണ്ടു നിന്ന അയാൾ പിറുപിറുത്തുകൊണ്ട് കസേരയിൽ നിന്ന് അവളെ എണീപ്പിച്ചു ആ സ്ഥാനത്തിരുന്നു കൊണ്ട് അവൾ പാതിയാക്കിയ വർക്ക് ഏറ്റെടുത്തു ധൃതിയിൽ ചെയ്തു തീർത്തു..!!
അവിടെ നിന്നിറങ്ങുമ്പോ വ്യസനം നിറഞ്ഞ ആ മിഴികൾ ഹൃദയത്തിലെങ്ങനെ മായാതെ നിന്നു..ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒന്ന് കൂടി ഞാനവിടെ പോയി..അപ്പോഴവൾ മാത്രേ ഉണ്ടായിരുന്നുള്ളു.. അത് നല്ലൊരു സാഹചര്യമായി..അവളെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു..
പ്ലസ്ടു വരെ പഠിച്ചു. ടൗണിൽ നിന്ന് മാറിയുള്ള ഒരു വാടക വീട്ടിലാണ് താമസം.വീട്ടിൽ അമ്മയും പത്താം ക്ലാസിൽ പഠിക്കുന്ന അനിയനും..പാവപ്പെട്ട കുടുംബമാണ്.അച്ഛൻ അവൾക്കു എട്ടു വയസുള്ളപ്പോ മരിച്ചു അതിനുശേഷം ബാല്യംഏറെയും കണ്ണീരോർമകൾ നിറഞ്ഞതാണ്...അമ്മയ്ക്ക് തയ്യലാണ് ജോലി..പ്ലസ് ടു കഴിഞ്ഞു തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല..ഒരുപാട് നേരം ഇരുന്നുള്ള ജോലി കാരണം അമ്മയ്ക്ക് നടുവേദനയാണ്.അനിയന്റെ പഠനവും വീട്ടു ചെലവും മറ്റുമൊക്കെയായി കുടുംബ ഭാരം താങ്ങാനാകാതെ വന്നപ്പോഴാണ് ചെറിയൊരു ആശ്വാസം എന്ന രീതിയിൽ അവളും ജോലി ചെയ്യാൻ തീരുമാനിച്ചത്..
രണ്ടു മൂന്നു തവണത്തെ, കൂടി കാഴ്ചകൾക്ക് ശേഷം വേണി എന്റെ ഹൃദയത്തിൽ, സൗഹാര്ദമായ നല്ലൊരു ആത്മബന്ധത്തിന്റെ , കളങ്കമറ്റ സ്നേഹത്തിന്റെ അടിത്തറ പാകിയിരുന്നു. വര്ഷങ്ങള്ക്കു മുൻപ് എനിക്കുംഏട്ടൻ നിഖിലിനും നഷ്ടമായ കുഞ്ഞനുജത്തി മീരയുടെ ഓർമ്മകൾ ജനിപ്പിച്ചു പലപ്പോഴും അവളുടെ പെരുമാറ്റം..!!
വൈകുന്നേരങ്ങളിൽ കുത്തി നിറച്ചു വരുന്ന പ്രൈവറ്റ് ബസുകളിലെ ശ്വാസം മുട്ടിയാത്രയ്ക്കുള്ള കാത്തിരിപ്പിൽ നിന്ന് ചിലപ്പോഴൊക്കെ ഞാനവളെ എന്റെ ആക്ടീവയിലേക്കു സ്നേഹത്തോടെ ക്ഷണിക്കുമ്പോൾ "ചേച്ചി ഡ്രൈവിംഗ് ശരിക്കു പഠിചില്ല്യാലോ ല്ലേ..?ഒറ്റയ്ക്ക് പോവാൻ പേടിയായിട്ടല്ലേ ന്നെ ഇടയ്ക്കു വിളിക്കണേ"?
എന്നൊക്കെ കുസൃതിയോടെ ചോദിക്കുമ്പോൾ എനിക്ക് ചിരി പൊട്ടും.."കൊള്ളാം..ഇതാ പറയുന്നേ ഒരാൾക്കും മനസറിഞ്ഞു ഒരുപകാരോം ചെയ്യരുത്..പാവല്ലേ ആ ബസ്സില് കുത്തി നിറച്ചു പോണ വഴി വല്ല താടക പെണ്ണുങ്ങളുടേം ചവിട്ടേറ്റ് കാറ്റ് പോണ്ടെന്നു കരുതി വിളിക്കുമ്പം.....!! അവളുടെ വർത്താനം കേട്ട തോന്നും ഡ്രൈവിംഗ് ടീച്ചറെയാണ് ഞാൻ പുറകിലിരുത്തി കൊണ്ടൊണെന്നു.. നിനക്ക് പേടിയാണേൽ കേറണ്ട അല്ല പിന്നെ..”
അപ്പോഴേക്കും അവൾ ചിരിച്ചുകൊണ്ട് പിൻസീറ്റിൽ ചാടി കേറിയിരുന്നിരിക്കും..
യാത്രയിലുടനീളം ജോലിക്കാര്യങ്ങളും വീട്ടുകാര്യങ്ങളും പലതും പരസ്പരം പങ്കു വെച്ച് ചിലപ്പോൾ അവൾക്കിറങ്ങേണ്ട സ്ഥലം വരെ മറന്നു പോകാറുണ്ട്..
വീട്ടിലേറെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അതൊന്നും കൂടുതൽ പറയാറില്ല..എങ്കിലും അനിയന് നല്ല വിദ്യാഭ്യാസം, കയറിക്കിടക്കാൻ സ്വന്തമായൊരു വീട് അതാണ് അവളുടെ ഏറ്റവും വലിയ സ്വപ്നം എന്ന് ഞാൻ മനസിലാക്കിയിരുന്നു..
ട്രാവൽ ഉടമ മഹാ പിശുക്കനാണ്..ജോലി ചെയ്യുന്നതിന് തക്കതായ പ്രതിഫലവുമില്ല എന്നും വഴക്കുമാണെന്നു കേട്ടതിനെ തുടർന്നാണ് ഓഫീസിലെ ഒരു സുഹൃത്ത് വഴി "ഫാമിലി ഫാഷൻസിൽ " സെയിൽസ് ഗേളിന്റെ ഒഴിവിലേക്ക് അവളോട് താല്പര്യമുണ്ടോന്നു ചോദിച്ചത്.. അങ്ങനെ ട്രാവൽ ഏജൻസിയോട് ഗുഡ് ബൈ പറഞ്ഞു പുതിയ ജോലിക്കു പ്രവേശിച്ചു..!!
കുറച്ചു ദിവസങ്ങൾ കുഴപ്പമില്ലാതെ കടന്നു പോയി......
ടെക്സ്ടയിൽസ് ഉടമയുടെ പെരുമാറ്റം സഹിക്കാൻ വയ്യെന്ന് പറഞ്ഞാണ് അവളിന്നലെ എന്നെവിളിച്ചു കരഞ്ഞത്.. രാവിലെ തുടങ്ങുന്ന നിൽപ്പ് വൈകിട്ട് വരെ തുടരണം.സാലറി കുറവും കൂടുതൽ ജോലിയും ചെറിയ വീഴ്ചകൾക്കെല്ലാം കസ്റ്റമേഴ്സിന്റെ മുന്നിൽ വെച്ച് വല്ലാതെ വഴക്കുംപരിഹാസവുമത്രെ..തുടർച്ചയായുള്ള നിൽപ്പ് കാരണം കാലു വേദനിച്ചിട്ടു രാത്രി ഉറങ്ങാൻ വയ്യെന്ന്.. അതൊക്കെ സഹിക്കാം പക്ഷെ അയാളുടെ പെരുമാറ്റം..!!
“"നാളെ സൺഡേ യല്ലേ..നീ നെട്ടൂരപ്പന്റെ അമ്പലത്തിൽ വാ..നമുക്ക് സംസാരിക്കാം.." രാത്രി വിളിച്ചപ്പോൾ അവൾ വരാമെന്നു സമ്മതിച്ചു.
ഞായറാഴ്ച ആയതിനാൽ അമ്പലത്തിൽ കുറച്ചു തിരക്കായിരുന്നു..!!
"പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലികൾഎല്ലാം അങ്ങനൊക്കെ തന്നെയാ വേണീ..സാലറി കുറവും ജോലി ഭാരം കൂടുതലും,ചിലയിടത്തു വഴക്കും ഒക്കെയുണ്ടാകും..നമ്മുടെ സാഹചര്യം നോക്കി ചിലതൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടതായി വരും... അവിടുന്ന് മാറി വേറെയിടത്തു പോയാലും അവിടെയും കാണും ഇതുപോലെ മറ്റെന്തെങ്കിലും പ്രോബ്ലെംസ്.. അല്ല..നിനക്ക് ജോലി ചെയ്യണമെന്ന് നിർബന്ധമാണോ..?
നെട്ടൂരപ്പന്റെ തിരുനടയിൽ തൊഴുതിറങ്ങി അവളുടെ മനോഹരമായ നെറ്റിത്തടത്തിൽ കുളിർ ചന്ദനം തൊടുവിക്കുമ്പോൾ ഞാൻ കുസൃതിയോടെ അവളുടെ കണ്ണിലേക്കു നോക്കി..
"പിന്നെ...?"
"ഞാൻ നിനക്കൊരു പദവി വാഗ്ദാനം ചെയ്താൽ സ്വീകരിക്കുമോ..”?
"എന്ത് പദവി..ഇന്ത്യൻ പ്രസിഡന്റിന്റെയാ..?"
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
.
"ഒരാളുടെ ഭാര്യ പദവി..”
“ആ ആൾക്ക് നിന്നെ ഒരുപാടിഷ്ടമാണ്..നിന്നെയും നിന്റെ കുടുംബത്തെയും നല്ലപോലെ സംരക്ഷിക്കും .... കുഞ്ഞുന്നാളിലേ ഒത്തിരി സങ്കടങ്ങൾ അനുഭവിച്ചല്ലേ നീ വളർന്നത്...ഇത് വരെയുള്ള നിന്റെ കഷ്ടപ്പാടുകൾ കണ്ടു, തെളി ദീപം പോലുള്ള മനസ് കണ്ടു ഈശ്വരൻ നിനക്ക് വേണ്ടി ഒരുക്കി വെച്ച ഭാഗ്യമാണിതെന്നു കരുതിയാ മതി...."
അവൾ ഒന്നും മനസിലാകാതെ എന്റെ കയ്യിൽ പിടിച്ചു സ്തബ്ധയായി നിന്നു..
******* ******** * *******
"എത്ര നേരായി ഈ ഇരിപ്പു തുടങ്ങീട്ട്..വയറ്റിൽ വേറൊരാള് കൂടെ ഉള്ളതാന്നു ഓര്മ വേണം ട്ടോ..മായെ..!!
ജിത്തേട്ടൻ അല്പം ദേഷ്യത്തിലാണ്..അമല
ഹോസ്പിറ്റലിലെ ലേബർ റൂമിന് പുറത്തുഅക്ഷമയോടെയും അല്പം ഭയത്തോടെയും വേണിയുടെ അമ്മയ്ക്കൊപ്പമിരിക്കയായിരുന്നു ഞാൻ.
"ഞാൻ കുറെ പറഞ്ഞു ജിത്തുമോനെ ..മായാമോള് കേൾക്കണ്ടേ..?ഇനി ഇതൊന്നു കഴിഞ്ഞിട്ട് മതി എന്തേലും കഴിക്കുന്നത് എന്ന ഇവള് പറയുന്നേ....നിനക്കറിയാലോ.വേണീടെ കാര്യത്തിൽ എന്നേക്കാൾ ആധിയാ ഇവൾക്ക്.."
ജിത്തേട്ടൻ എന്റെ നേർക്ക് നോട്ടമെറിഞ്ഞു കൊണ്ട് ശാന്തനായി നിന്നു....പിന്നെയുംനിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി..
"വേണി പ്രസവിച്ചു ട്ടോ..പെൺകുഞ്ഞാണ്.."
അശരീരി പോലെ ദിവ്യമായ ആ വാക്കുകൾ കേൾക്കേണ്ട താമസം..!!
ഡോർ തുറന്നു വെളിയിലേക്കു വന്ന തൂവെള്ളയണിഞ്ഞ നഴ്സിന്റെ കയ്യിലെ ഇളം ചൂടാർന്ന കുഞ്ഞു ജീവനെ അത്യാഹ്ലാദത്തോടെ കയ്യിലേറ്റു വാങ്ങി ഒരു ലോകം കീഴടക്കിയ സന്തോഷത്തോടെ ഏട്ടൻഎന്റെ അടുത്ത് വന്നു..!!
ഞാൻ ആർത്തിയോടെ അവളെ ഏറ്റു വാങ്ങി..ഒരു കുഞ്ഞു വേണി!!
വേണിയും ഞാനും ഒരിക്കലും പിരിയാതിരിക്കാൻ എന്റെ മുന്നിൽ അന്ന് ആ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു..അതവൾക്കും ഏറെ സന്തോഷമായിരുന്നു..!!
അവളെത്തേണ്ടത് ഈ ലോകത്തു എനിക്കേറ്റവും പ്രിയപ്പെട്ട, അവളെ കുറിച്ച് എല്ലാമറിയുന്ന അവളെ മറ്റാരേക്കാളും മികച്ച രീതിയിൽ സംരക്ഷിക്കുമെന്നുറപ്പുള്ള ഒരാളുടെ കൈകളിലായിരിക്കണമെന്നു എനിക്ക് നിര്ബന്ധമുണ്ടായിരുന്നു..
അതെന്റെ ഏട്ടനായിരുന്നു..!!
ഒന്നര വര്ഷം മുൻപ് നെട്ടൂരപ്പന്റെ തിരുനടയിൽ വെച്ച് ഞാൻ വേണിക്കു സമ്മാനിച്ചത് എന്റെ പ്രിയപ്പെട്ട നിഖിലേട്ടനെയായിരുന്നു..!!!
എനിക്കാകെയുള്ള ഏട്ടൻ..ആഏട്ടന് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് വേണി.. ഏട്ടന്റെ ഭാര്യ പദവിയിൽ അവൾ അങ്ങേയറ്റം സന്തുഷ്ടയാണ്..ഞാൻ ഉറപ്പു കൊടുത്ത പോലെ അവളെയും കുടുംബത്തെയും അത്ര കണ്ടു സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്..
അവിടേക്കു ഒത്തിരി സന്തോഷം പകർന്നു കൊണ്ട് പുതിയൊരാൾ കൂടി..!!
ഞങ്ങളുടെ സ്നേഹക്കൊട്ടാരത്തിലേക്ക്..!!
അധികം വൈകാതെ അവൾക്കു കൂട്ടായി മറ്റൊരാളും കടന്നു വരും..!!
നിറഞ്ഞ സന്തോഷത്തോടെ മിഴികളിൽ ഊറിയ നീർക്കണങ്ങൾ മെല്ലെ തുടച്ചു അഞ്ചുമാസമെത്തിയ കുഞ്ഞുടലുറങ്ങുന്ന എന്റെവയറിൻമീതെഅറിയാതെ ഞാനൊന്നു തലോടി...!!
അതുകണ്ടു ,ഒരു കുസൃതിച്ചിരിയോടെ ജിത്തേട്ടൻ കണ്ണിമയ്ക്കാതെ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു!!

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo