നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പൂ പോലൊരു പെണ്ണ്...

പൂ പോലൊരു പെണ്ണ്...
"ഇനീപ്പോ എന്താ ഞാൻ വേണ്ടത്..നിനക്കിവിടേം ശരിയാവുന്നില്ല ല്ലേ..?
എന്റെ ചോദ്യം കേട്ടപ്പോൾ കൈകൾ മാറിൽ കെട്ടി നഗര ബഹളത്തിലേക്കു നോട്ടം പായിച്ചു ടെക്സ്ടെയിൽസു വരാന്തയിൽ നിസ്സഹായായി നിൽക്കുവായിരുന്ന വേണി മുഖം തിരിച്ചു ഇല്ലായെന്ന മട്ടിൽ എന്റെ കണ്ണിലേക്കു നോക്കി..വലിയ വട്ടക്കണ്ണുകളിൽ നീർപൊടിഞ്ഞു പരന്നിട്ടുണ്ട്..വയസു ഇരുപതു കഴിഞ്ഞെങ്കിലും ഒരു കൊച്ചുകുട്ടിയുടെ പോലെ നിഷ്കളങ്കമായ മുഖവും മനസുമാണവൾക്ക്..!!
ക്യാഷ് കൗണ്ടറിലെ റിവോൾവിങ് ചെയർ നിറഞ്ഞു കവിഞ്ഞിരിക്കുന്ന ശരീരത്തിലെ, ഗോൾഡൻ ഫ്രെയിം കണ്ണടയ്ക്കുളളിൽ നിന്ന് ടെക്സ്റ്റയിൽസ്ഉടമയുടെ ഉണ്ടക്കണ്ണുകൾ അക്ഷമയോടെ ഇങ്ങോട്ടു നോട്ടം പായിക്കുന്നു..!!
ഇനിയിപ്പോ ഇതിന്റെ പേരിൽ അയാളുടെ വായിലെ ബാക്കി ചീത്ത കൂടി കിട്ടിയ മതി..വേണീടെ കാര്യം പിന്നെ ചിന്തിക്കയെ വേണ്ട!!ഇപ്പോൾ പോകുന്നതാണ് നല്ലത്..
എന്റെഊഹം മനസിലാക്കിയെന്നോണം വേണി ഷോപ്പിലേക്ക് നോക്കികൊണ്ട് പറഞ്ഞു.."മായേച്ചി ഇപ്പൊ പൊയ്ക്കോ..ഞാൻ രാത്രി വിളിക്കാം.."
“നീ വിഷമിക്കാതെ നമുക്ക് വേറെന്തെലും വഴിയുണ്ടാക്കാം..”..
അവളുടെ തോളിൽ തട്ടി യാത്ര പറഞ്ഞു സ്റ്റെപ്പിറങ്ങി വരുമ്പോൾ എന്റെ മനസാകെ കലുഷിതമായിരുന്നു..
ആരുമല്ലെങ്കിലും വളരെ കുറച്ചു നാളുകൾക്കുള്ളിൽ എന്റെ ആരൊക്കെയോ ആയി തീർന്നവളാണ് വേണി..ചിലപ്പോൾ യാദൃച്ഛികമായി കണ്ടുമുട്ടുന്നവർ നമ്മുടെ ആരൊക്കെയോ ആയി തീരു ന്നു. അവരുടെ ഉള്ളു നീറുന്നെന്നറിയുമ്പോൾ നമ്മുടെ ഹൃദയവും പൊള്ളുന്നു...അവർക്കു വേണ്ടി എന്തൊക്കെയോ ചെയ്യുന്നു,..അവരെ ഓർത്തു വേദനിക്കുന്നു.. മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്നത് യാദൃച്ഛികത തന്നെയല്ലെ..ഓർത്തുനോക്കുമ്പോൾ യാദൃച്ഛികത ജീവിതത്തിലെ വിസ്മയ മായി തീരുന്നു...!!
വേണിയെ ഞാൻ ആദ്യം കാണുന്നത്ഓഫീസിലെ മിനി ചേച്ചിയോടൊപ്പം ഒരു ട്രാവൽ ഏജൻസിയിൽ ചെന്നപ്പോഴാണ്..!!
അവളവിടെജോയിൻ ചെയ്തിട്ട് ഒരാഴ്ച ആകുന്നേയുള്ളു..കംപ്യൂട്ടറിനു മുൻപിൽ പകച്ചിരിക്കുന്നൊരു പാവം കുട്ടി.
ആര്ഭാടങ്ങളൊന്നുമില്ലാത്ത പൂപോലുള്ള അഴകൊത്ത പെൺകുട്ടി..ഭയം നിറഞ്ഞ വെളുത്ത കുഞ്ഞു മുഖത്തെ വട്ടക്കണ്ണുകളും നിഷ്കളങ്കത്വവും എന്തോ മനസിനെ സ്പർശിച്ചു .. അങ്ങോട്ട് ഒന്ന് പുഞ്ചിരിച്ചപ്പോൾ അവളൊന്നു ചിരിച്ചെന്നു വരുത്തി..ട്രാവൽ ഉടമ നിർദേശങ്ങൾക്കൊടുക്കുന്നതിനു അനുസരിച്ചു അവൾ ഒരു പാവയെ പോലെ ധൃതിയിൽ എന്തൊക്കെയോ ചെയ്തു കൂട്ടുന്നുണ്ട്..
ഇടയ്ക്കു അയാൾ അരിശം പിടിച്ചുഎന്തെല്ലാമോ പറയുന്നുണ്ട്..വിറയ്ക്കുന്ന വിരലുകൾ കീ ബോര്ഡില് ക്രമാതീതമായി താളമിട്ടപ്പോൾ കൈകളിൽ നിന്ന് പടർന്ന വിയർപ്പുകണങ്ങൾ അവൾ തൂവാല കൊണ്ട് ഒപ്പുന്നത് എനിക്ക് കാണാം... അക്ഷമനായി അരിശം പൂണ്ടു നിന്ന അയാൾ പിറുപിറുത്തുകൊണ്ട് കസേരയിൽ നിന്ന് അവളെ എണീപ്പിച്ചു ആ സ്ഥാനത്തിരുന്നു കൊണ്ട് അവൾ പാതിയാക്കിയ വർക്ക് ഏറ്റെടുത്തു ധൃതിയിൽ ചെയ്തു തീർത്തു..!!
അവിടെ നിന്നിറങ്ങുമ്പോ വ്യസനം നിറഞ്ഞ ആ മിഴികൾ ഹൃദയത്തിലെങ്ങനെ മായാതെ നിന്നു..ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒന്ന് കൂടി ഞാനവിടെ പോയി..അപ്പോഴവൾ മാത്രേ ഉണ്ടായിരുന്നുള്ളു.. അത് നല്ലൊരു സാഹചര്യമായി..അവളെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു..
പ്ലസ്ടു വരെ പഠിച്ചു. ടൗണിൽ നിന്ന് മാറിയുള്ള ഒരു വാടക വീട്ടിലാണ് താമസം.വീട്ടിൽ അമ്മയും പത്താം ക്ലാസിൽ പഠിക്കുന്ന അനിയനും..പാവപ്പെട്ട കുടുംബമാണ്.അച്ഛൻ അവൾക്കു എട്ടു വയസുള്ളപ്പോ മരിച്ചു അതിനുശേഷം ബാല്യംഏറെയും കണ്ണീരോർമകൾ നിറഞ്ഞതാണ്...അമ്മയ്ക്ക് തയ്യലാണ് ജോലി..പ്ലസ് ടു കഴിഞ്ഞു തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല..ഒരുപാട് നേരം ഇരുന്നുള്ള ജോലി കാരണം അമ്മയ്ക്ക് നടുവേദനയാണ്.അനിയന്റെ പഠനവും വീട്ടു ചെലവും മറ്റുമൊക്കെയായി കുടുംബ ഭാരം താങ്ങാനാകാതെ വന്നപ്പോഴാണ് ചെറിയൊരു ആശ്വാസം എന്ന രീതിയിൽ അവളും ജോലി ചെയ്യാൻ തീരുമാനിച്ചത്..
രണ്ടു മൂന്നു തവണത്തെ, കൂടി കാഴ്ചകൾക്ക് ശേഷം വേണി എന്റെ ഹൃദയത്തിൽ, സൗഹാര്ദമായ നല്ലൊരു ആത്മബന്ധത്തിന്റെ , കളങ്കമറ്റ സ്നേഹത്തിന്റെ അടിത്തറ പാകിയിരുന്നു. വര്ഷങ്ങള്ക്കു മുൻപ് എനിക്കുംഏട്ടൻ നിഖിലിനും നഷ്ടമായ കുഞ്ഞനുജത്തി മീരയുടെ ഓർമ്മകൾ ജനിപ്പിച്ചു പലപ്പോഴും അവളുടെ പെരുമാറ്റം..!!
വൈകുന്നേരങ്ങളിൽ കുത്തി നിറച്ചു വരുന്ന പ്രൈവറ്റ് ബസുകളിലെ ശ്വാസം മുട്ടിയാത്രയ്ക്കുള്ള കാത്തിരിപ്പിൽ നിന്ന് ചിലപ്പോഴൊക്കെ ഞാനവളെ എന്റെ ആക്ടീവയിലേക്കു സ്നേഹത്തോടെ ക്ഷണിക്കുമ്പോൾ "ചേച്ചി ഡ്രൈവിംഗ് ശരിക്കു പഠിചില്ല്യാലോ ല്ലേ..?ഒറ്റയ്ക്ക് പോവാൻ പേടിയായിട്ടല്ലേ ന്നെ ഇടയ്ക്കു വിളിക്കണേ"?
എന്നൊക്കെ കുസൃതിയോടെ ചോദിക്കുമ്പോൾ എനിക്ക് ചിരി പൊട്ടും.."കൊള്ളാം..ഇതാ പറയുന്നേ ഒരാൾക്കും മനസറിഞ്ഞു ഒരുപകാരോം ചെയ്യരുത്..പാവല്ലേ ആ ബസ്സില് കുത്തി നിറച്ചു പോണ വഴി വല്ല താടക പെണ്ണുങ്ങളുടേം ചവിട്ടേറ്റ് കാറ്റ് പോണ്ടെന്നു കരുതി വിളിക്കുമ്പം.....!! അവളുടെ വർത്താനം കേട്ട തോന്നും ഡ്രൈവിംഗ് ടീച്ചറെയാണ് ഞാൻ പുറകിലിരുത്തി കൊണ്ടൊണെന്നു.. നിനക്ക് പേടിയാണേൽ കേറണ്ട അല്ല പിന്നെ..”
അപ്പോഴേക്കും അവൾ ചിരിച്ചുകൊണ്ട് പിൻസീറ്റിൽ ചാടി കേറിയിരുന്നിരിക്കും..
യാത്രയിലുടനീളം ജോലിക്കാര്യങ്ങളും വീട്ടുകാര്യങ്ങളും പലതും പരസ്പരം പങ്കു വെച്ച് ചിലപ്പോൾ അവൾക്കിറങ്ങേണ്ട സ്ഥലം വരെ മറന്നു പോകാറുണ്ട്..
വീട്ടിലേറെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അതൊന്നും കൂടുതൽ പറയാറില്ല..എങ്കിലും അനിയന് നല്ല വിദ്യാഭ്യാസം, കയറിക്കിടക്കാൻ സ്വന്തമായൊരു വീട് അതാണ് അവളുടെ ഏറ്റവും വലിയ സ്വപ്നം എന്ന് ഞാൻ മനസിലാക്കിയിരുന്നു..
ട്രാവൽ ഉടമ മഹാ പിശുക്കനാണ്..ജോലി ചെയ്യുന്നതിന് തക്കതായ പ്രതിഫലവുമില്ല എന്നും വഴക്കുമാണെന്നു കേട്ടതിനെ തുടർന്നാണ് ഓഫീസിലെ ഒരു സുഹൃത്ത് വഴി "ഫാമിലി ഫാഷൻസിൽ " സെയിൽസ് ഗേളിന്റെ ഒഴിവിലേക്ക് അവളോട് താല്പര്യമുണ്ടോന്നു ചോദിച്ചത്.. അങ്ങനെ ട്രാവൽ ഏജൻസിയോട് ഗുഡ് ബൈ പറഞ്ഞു പുതിയ ജോലിക്കു പ്രവേശിച്ചു..!!
കുറച്ചു ദിവസങ്ങൾ കുഴപ്പമില്ലാതെ കടന്നു പോയി......
ടെക്സ്ടയിൽസ് ഉടമയുടെ പെരുമാറ്റം സഹിക്കാൻ വയ്യെന്ന് പറഞ്ഞാണ് അവളിന്നലെ എന്നെവിളിച്ചു കരഞ്ഞത്.. രാവിലെ തുടങ്ങുന്ന നിൽപ്പ് വൈകിട്ട് വരെ തുടരണം.സാലറി കുറവും കൂടുതൽ ജോലിയും ചെറിയ വീഴ്ചകൾക്കെല്ലാം കസ്റ്റമേഴ്സിന്റെ മുന്നിൽ വെച്ച് വല്ലാതെ വഴക്കുംപരിഹാസവുമത്രെ..തുടർച്ചയായുള്ള നിൽപ്പ് കാരണം കാലു വേദനിച്ചിട്ടു രാത്രി ഉറങ്ങാൻ വയ്യെന്ന്.. അതൊക്കെ സഹിക്കാം പക്ഷെ അയാളുടെ പെരുമാറ്റം..!!
“"നാളെ സൺഡേ യല്ലേ..നീ നെട്ടൂരപ്പന്റെ അമ്പലത്തിൽ വാ..നമുക്ക് സംസാരിക്കാം.." രാത്രി വിളിച്ചപ്പോൾ അവൾ വരാമെന്നു സമ്മതിച്ചു.
ഞായറാഴ്ച ആയതിനാൽ അമ്പലത്തിൽ കുറച്ചു തിരക്കായിരുന്നു..!!
"പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലികൾഎല്ലാം അങ്ങനൊക്കെ തന്നെയാ വേണീ..സാലറി കുറവും ജോലി ഭാരം കൂടുതലും,ചിലയിടത്തു വഴക്കും ഒക്കെയുണ്ടാകും..നമ്മുടെ സാഹചര്യം നോക്കി ചിലതൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടതായി വരും... അവിടുന്ന് മാറി വേറെയിടത്തു പോയാലും അവിടെയും കാണും ഇതുപോലെ മറ്റെന്തെങ്കിലും പ്രോബ്ലെംസ്.. അല്ല..നിനക്ക് ജോലി ചെയ്യണമെന്ന് നിർബന്ധമാണോ..?
നെട്ടൂരപ്പന്റെ തിരുനടയിൽ തൊഴുതിറങ്ങി അവളുടെ മനോഹരമായ നെറ്റിത്തടത്തിൽ കുളിർ ചന്ദനം തൊടുവിക്കുമ്പോൾ ഞാൻ കുസൃതിയോടെ അവളുടെ കണ്ണിലേക്കു നോക്കി..
"പിന്നെ...?"
"ഞാൻ നിനക്കൊരു പദവി വാഗ്ദാനം ചെയ്താൽ സ്വീകരിക്കുമോ..”?
"എന്ത് പദവി..ഇന്ത്യൻ പ്രസിഡന്റിന്റെയാ..?"
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
.
"ഒരാളുടെ ഭാര്യ പദവി..”
“ആ ആൾക്ക് നിന്നെ ഒരുപാടിഷ്ടമാണ്..നിന്നെയും നിന്റെ കുടുംബത്തെയും നല്ലപോലെ സംരക്ഷിക്കും .... കുഞ്ഞുന്നാളിലേ ഒത്തിരി സങ്കടങ്ങൾ അനുഭവിച്ചല്ലേ നീ വളർന്നത്...ഇത് വരെയുള്ള നിന്റെ കഷ്ടപ്പാടുകൾ കണ്ടു, തെളി ദീപം പോലുള്ള മനസ് കണ്ടു ഈശ്വരൻ നിനക്ക് വേണ്ടി ഒരുക്കി വെച്ച ഭാഗ്യമാണിതെന്നു കരുതിയാ മതി...."
അവൾ ഒന്നും മനസിലാകാതെ എന്റെ കയ്യിൽ പിടിച്ചു സ്തബ്ധയായി നിന്നു..
******* ******** * *******
"എത്ര നേരായി ഈ ഇരിപ്പു തുടങ്ങീട്ട്..വയറ്റിൽ വേറൊരാള് കൂടെ ഉള്ളതാന്നു ഓര്മ വേണം ട്ടോ..മായെ..!!
ജിത്തേട്ടൻ അല്പം ദേഷ്യത്തിലാണ്..അമല
ഹോസ്പിറ്റലിലെ ലേബർ റൂമിന് പുറത്തുഅക്ഷമയോടെയും അല്പം ഭയത്തോടെയും വേണിയുടെ അമ്മയ്ക്കൊപ്പമിരിക്കയായിരുന്നു ഞാൻ.
"ഞാൻ കുറെ പറഞ്ഞു ജിത്തുമോനെ ..മായാമോള് കേൾക്കണ്ടേ..?ഇനി ഇതൊന്നു കഴിഞ്ഞിട്ട് മതി എന്തേലും കഴിക്കുന്നത് എന്ന ഇവള് പറയുന്നേ....നിനക്കറിയാലോ.വേണീടെ കാര്യത്തിൽ എന്നേക്കാൾ ആധിയാ ഇവൾക്ക്.."
ജിത്തേട്ടൻ എന്റെ നേർക്ക് നോട്ടമെറിഞ്ഞു കൊണ്ട് ശാന്തനായി നിന്നു....പിന്നെയുംനിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി..
"വേണി പ്രസവിച്ചു ട്ടോ..പെൺകുഞ്ഞാണ്.."
അശരീരി പോലെ ദിവ്യമായ ആ വാക്കുകൾ കേൾക്കേണ്ട താമസം..!!
ഡോർ തുറന്നു വെളിയിലേക്കു വന്ന തൂവെള്ളയണിഞ്ഞ നഴ്സിന്റെ കയ്യിലെ ഇളം ചൂടാർന്ന കുഞ്ഞു ജീവനെ അത്യാഹ്ലാദത്തോടെ കയ്യിലേറ്റു വാങ്ങി ഒരു ലോകം കീഴടക്കിയ സന്തോഷത്തോടെ ഏട്ടൻഎന്റെ അടുത്ത് വന്നു..!!
ഞാൻ ആർത്തിയോടെ അവളെ ഏറ്റു വാങ്ങി..ഒരു കുഞ്ഞു വേണി!!
വേണിയും ഞാനും ഒരിക്കലും പിരിയാതിരിക്കാൻ എന്റെ മുന്നിൽ അന്ന് ആ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു..അതവൾക്കും ഏറെ സന്തോഷമായിരുന്നു..!!
അവളെത്തേണ്ടത് ഈ ലോകത്തു എനിക്കേറ്റവും പ്രിയപ്പെട്ട, അവളെ കുറിച്ച് എല്ലാമറിയുന്ന അവളെ മറ്റാരേക്കാളും മികച്ച രീതിയിൽ സംരക്ഷിക്കുമെന്നുറപ്പുള്ള ഒരാളുടെ കൈകളിലായിരിക്കണമെന്നു എനിക്ക് നിര്ബന്ധമുണ്ടായിരുന്നു..
അതെന്റെ ഏട്ടനായിരുന്നു..!!
ഒന്നര വര്ഷം മുൻപ് നെട്ടൂരപ്പന്റെ തിരുനടയിൽ വെച്ച് ഞാൻ വേണിക്കു സമ്മാനിച്ചത് എന്റെ പ്രിയപ്പെട്ട നിഖിലേട്ടനെയായിരുന്നു..!!!
എനിക്കാകെയുള്ള ഏട്ടൻ..ആഏട്ടന് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് വേണി.. ഏട്ടന്റെ ഭാര്യ പദവിയിൽ അവൾ അങ്ങേയറ്റം സന്തുഷ്ടയാണ്..ഞാൻ ഉറപ്പു കൊടുത്ത പോലെ അവളെയും കുടുംബത്തെയും അത്ര കണ്ടു സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്..
അവിടേക്കു ഒത്തിരി സന്തോഷം പകർന്നു കൊണ്ട് പുതിയൊരാൾ കൂടി..!!
ഞങ്ങളുടെ സ്നേഹക്കൊട്ടാരത്തിലേക്ക്..!!
അധികം വൈകാതെ അവൾക്കു കൂട്ടായി മറ്റൊരാളും കടന്നു വരും..!!
നിറഞ്ഞ സന്തോഷത്തോടെ മിഴികളിൽ ഊറിയ നീർക്കണങ്ങൾ മെല്ലെ തുടച്ചു അഞ്ചുമാസമെത്തിയ കുഞ്ഞുടലുറങ്ങുന്ന എന്റെവയറിൻമീതെഅറിയാതെ ഞാനൊന്നു തലോടി...!!
അതുകണ്ടു ,ഒരു കുസൃതിച്ചിരിയോടെ ജിത്തേട്ടൻ കണ്ണിമയ്ക്കാതെ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot