Slider

സാമൂഹ്യപാഠം (സോഷ്യല്‍സ്റ്റഡീസ്)

0

സാമൂഹ്യപാഠം (സോഷ്യല്‍സ്റ്റഡീസ്)... മേരിടീച്ചര്‍ ക്ളാസെടുക്കുകയാണ്.. റിപ്പബ്ളിക് എന്ന ഭരണസംവിധാനമാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഗവണ്മെന്റാണ് നമുക്കുള്ളത്. ഭരണഘടന അനുശാസിയ്ക്കുന്ന ചില ചുമതലകളും അവകാശങ്ങളുമുണ്ട്...കുറച്ചൊക്കെ ശ്രദ്ധിച്ചിരിയ്ക്കുമെങ്കിലും എനിയ്ക്കെന്തോ വലിയ താത്പര്യമില്ലാത്ത വിഷയമായിരുന്നു സാമൂഹ്യപാഠം. ഞാനും മീനയും കൂടി ഡെസ്ക്കിനടിയില്‍ മറച്ചുവെച്ച് ആള്‍ജിബ്ര സൂത്രവാക്യങ്ങള്‍ എഴുതിപ്പഠിയ്ക്കുകയാണ്. എക്സും വൈയും കയ്യിലുണ്ടെങ്കില്‍ എന്തിനും ഉത്തരം കണ്ടെത്താന്‍ എന്തെളുപ്പം! ഇന്ത്യന്‍ പൗരന്റെ ഫണ്‍ഡമെന്റല്‍ റൈറ്റ്സ് പരീക്ഷയ്ക്കുവേണ്ടി കാണാപ്പാഠം പഠിച്ചാല്‍ മതിയല്ലോ. ഞങ്ങള്‍ സ്വയം ന്യായീകരിച്ചു. ടീച്ചര്‍ ഒരുതവണ സൂക്ഷിച്ചു നോക്കിയെങ്കിലും ഒന്നും പറയാതെ ക്ളാസ് തുടര്‍ന്നു. തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. വോട്ടവകാശം വിനിയോഗിയ്ക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു തീരുമ്പോഴേയ്ക്കും ഞങ്ങള്‍ക്ക് എല്ലാ ഫോര്‍മുലകളും ഹൃദിസ്ഥമായിക്കഴിഞ്ഞിരുന്നു. ബെല്ലടിയ്ക്കുന്നതിന് അല്പം മുമ്പ് ടീച്ചര്‍ ക്ളാസ് നിര്‍ത്തി. സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനുള്ള സമയമാണിത്. മനസ്സിലായോ എന്ന് ടീച്ചര്‍ വീണ്ടും ഉറപ്പു വരുത്തുകയാണ്. ബെല്ലടിച്ച് ക്ളാസില്‍ നിന്ന് പോകുന്നതിനു മുമ്പ് ടീച്ചര്‍ ഞങ്ങളെ വിളിച്ചു.. ഈശ്വരാ, ശരിയ്ക്കും പേടിച്ചു. പുഞ്ചിരിയോടെത്തന്നെയാണ് പറഞ്ഞത്, "സാമൂഹ്യപാഠം ഇഷ്ടമല്ല അല്ലേ? നിങ്ങള്‍ നന്നായി പഠിയ്ക്കുന്നവരാണെന്നറിയാം. ഈവിഷയവും നിങ്ങള്‍ പഠിച്ചെടുക്കുമെന്നും. സാമൂഹ്യപാഠത്തിനപ്പുറം സാമൂഹ്യബോധം എന്നൊന്നുണ്ട്. അതു നഷ്ടപ്പെടരുത്.". ടീച്ചര്‍ പറഞ്ഞു നിര്‍ത്തി. നിറകണ്ണുകളോടെ ക്ഷമാപണം നടത്തി ഞങ്ങള്‍ ഇനി ഇതാവര്‍ത്തിയ്ക്കില്ലെന്ന് പറഞ്ഞ് രക്ഷപ്പെട്ടു. പിന്നെ പത്താംക്ളാസ് കഴിഞ്ഞു പോകും വരെ മേരിടീച്ചര്‍ ഞങ്ങള്‍ക്കു പ്രിയങ്കരിയായി. മറ്റു വിഷയങ്ങളേക്കാള്‍ അല്‍പം കുറവാണെങ്കിലും സാമൂഹ്യപാഠത്തിലും നല്ല മാര്‍ക്കു തന്നെ കിട്ടി. സ്വാഭാവികമായും ആ വിഷയം പിന്നീട് പഠിയ്ക്കാന്‍ തിരഞ്ഞെടുത്തില്ല. വര്‍ഷങ്ങളെത്രയോ കഴിഞ്ഞിരിയ്ക്കുന്നു. ജനാധിപത്യസംവിധാനമില്ലാത്ത രാജ്യത്ത് രണ്ടരപ്പതിറ്റാണ്ട് ജീവിച്ചു തീര്‍ത്തു. വോട്ടവകാശം വിനിയോഗിച്ചത് വിരലിലെണ്ണാവുന്ന തവണ മാത്രം. എക്സും വൈയും ഇപ്പോഴും കൂടെയുണ്ട്. ഏതു ചോദ്യത്തിനും ഉത്തരം കണ്ടെത്താനതുമാത്രം പോരെന്ന് ഇപ്പോളെനിയ്ക്കറിയാം. സമൂഹത്തില്‍, രാജ്യത്തില്‍, ഉത്തരവാദിത്വമുള്ള പൗരനായി ജീവിയ്ക്കാന്‍ സാമൂഹ്യബോധം അത്യാവശ്യമാണെന്ന് മേരിടീച്ചര്‍ പറഞ്ഞത് എത്ര ശരിയാണെന്നും. ജനപിന്തുണയും പങ്കാളിത്തവുമുള്ള ഭരണസംവിധാനം രാജ്യപുരോഗതിയ്ക്ക് കൂടിയേ തീരൂ. അതു ജനനന്മയ്ക്കും ലോകസമാധാനത്തിനും കൂടി വഴിയൊരുക്കുമെങ്കില്‍! റിപ്പബ്ളിക്ദിനാശംസകള്‍! ജയ്ഹിന്ദ്! രാധാസുകുമാരന്‍.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo