നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബെസ്റ്റ് മദർ ഓഫ് ദ ഇയർ... 😂


ബെസ്റ്റ് മദർ ഓഫ് ദ ഇയർ... 😂
*************
ലീവിനു നാട്ടിലെത്തിയ അന്ന്തന്നെ, ഗൽഫിൽന്ന് താങ്ങിപ്പിടിച്ചു കൊണ്ടന്ന പെട്ടി പൊട്ടിച്ച്, അതിൽന്ന് രണ്ട് സ്പ്രേയും, സോപ്പും എടുത്തോണ്ട് നേരെ പോയത് അളിയന്റെ വീട്ടിൽക്കാണ്. അബടെയാണ് ഞമ്മടെ മുത്തുള്ളത്..
എന്ന്വച്ചാൽ, അച്ഛന്റെ കീശേൽ കയ്യിടാതെ ആദ്യായി സ്വന്തം വിയർപ്പൊഴുക്കി സ്വന്തമാക്കിയ ബജാജ് ഡിസ്കവർ 'ബൈക്ക്'.. (വിയർപ്പെന്നൊക്കെ ഒരു പഞ്ചിന് പറഞ്ഞതാണ് ട്ടാ...)
ചെങ്ങായിമാര് ഇഷ്ടംപോലെ നാട്ടിൽത്തന്നെ ഇണ്ടേലും അവർടെ കയ്യിലൊന്നും കൊടുക്കാതെ അടുത്ത പഞ്ചായത്തീ താമസിക്കണ അളിയനെ ബൈക്ക് ഏല്പിക്കാൻ കാരണംണ്ട്, വൈന്നേരായാ നുമ്മടെ ചെങ്ങായിമാര് മിക്കവരും നാലുകാലുമ്മലാകും. പിന്നവര് രണ്ട് വീലുമ്മൽ വണ്ടി ഓടിക്കൂല്ല. വണ്ടീങ്കൊണ്ട് ഒടുക്കത്തെ സർക്കസാവും.
റോട്ടിലിറക്കിയാൽ താറുപറ്റും, വീട്ടില് വച്ചാൽ പൂച്ചമാന്തുംന്നും കരുതി പൊന്നുപോലെ കൊണ്ടുനടക്കണ വണ്ട്യാണേ.. ഒരു പോറൽ പറ്റ്യാൽ മ്മടെ നെഞ്ച് കത്തും..
അളിയനാന്നെങ്കീ, ആനകുത്താൻ വന്നാലും 40 KM സ്പീഡിനപ്പുറത്തേക്ക് വണ്ടിയോടിക്കൂല്ല..!!
ഇനീം വെയിലു കൊണ്ട് കറുത്താല്‍ കാക്കപോലും മൂപ്പരെ നോക്കി കളിയാക്കും എന്ന ബോധ്യള്ളോണ്ട് കൂടപ്പറപ്പിനെപ്പോലെ തലേലെപ്പൊഴും ഹെൽമറ്റ് വെക്കേം ചെയ്യും. പോരാത്തേന് ആളൊരു മുന്തിയ പോലീസേമാനും..
വല്ല്യച്ചന്റെ മോൻ മിത്തൂട്ടനേം കൂടെക്കൂട്ടി അളിയന്‍റെ വീട്ടിലെത്തിയപ്പോ, ദേ അളിയന്‍ ന്റെ വണ്ടിയെ കുളിപ്പിക്കുന്നു. ശ്ശൊ, സന്തോഷം കൊണ്ടെന്‍റെ കണ്ണ് നെറഞ്ഞുപോയി. ഇത്രേം തങ്കപ്പെട്ടൊരു അളിയനെയാണല്ലോ, എയര്‍പോര്‍ട്ടില്‍ എന്നെ കൂട്ടാന്‍ വരാത്തതിന് 'പോലീസുകാരന്‍ മൂരാച്ചീ'ന്നു മനസ്സിൽ വിളിച്ചതെന്നോര്‍ത്തപ്പോ എനിക്കെന്നോടെന്നെ പുച്ഛം തോന്നി.
എന്നെയും എന്‍റെ കയ്യിലെ കവറും കണ്ടതോടെ വണ്ടി കഴുകലില്‍ അളിയന്‍റെ ആല്‍മാത്രത ലേശം കൂടീന്നു തോന്നണു...!
സ്പ്രേയും, സോപ്പുമടങ്ങിയ കവറ് പെട്ടെന്നെന്നെ മൂപ്പര്‍ടെ കയ്യിലങ്ങട് കൊടുത്തോണ്ട് രക്ഷപ്പെട്ട്. ഇല്ലേല്‍ ഒരച്ചൊരച്ച് ന്റെ വണ്ടീന്‍റെ പെയിന്‍റ് കളഞ്ഞേനെ പഹയന്‍...
പുറകിലിരിക്കുന്ന മിത്തൂട്ടനോട് ദുബായീലെ ബ്ലണ്ടർ കഥകളും പറഞ്ഞോണ്ട് നോർമൽ സ്പീഡിൽ, ഒരൊഴുക്കിൽ വന്നോണ്ടിരിക്കുമ്പളാണ് പുറകിലിരുന്ന ഓൻ ആ വെല്ല്യ കാര്യം ന്റെ ചെവീല് മൊഴിഞ്ഞത്..
"നന്ദ്വേട്ടാ, കൃഷ്ണന്നായരുടെ പീട്യ കഴിഞ്ഞാ റോഡ് സൈഡില് ക്യാമറ വച്ചിണ്ട്. 60 km സ്പീഡിനപ്പർത്ത് പോയാ ഫ്ലാഷടിക്കും, ഫൈൻ വരുംട്ടാ.''
കണ്ണാടീൽക്കൂടെ ഓന്റെ മോന്തയിലേക്ക് ഞാനൊന്ന് നോക്കി,
''ആഹാ!!! ന്നാപ്പിന്നെ അതൊന്നെനിക്ക് കാണണല്ലോ..''
എന്നും പറഞ്ഞ്,
ഒരു ലോഡ് പുച്ഛം ഓന്റെ മൊകത്തേക്ക് വാരിവിതറിക്കൊണ്ട് ഗിയറങ്ങട് മാറ്റി 80-90 സ്പീഡിൽ ബൈക്ക് കത്തിച്ചുവിട്ടു.
ഓൻ പറഞ്ഞപോലെന്നെ ക്യാമറാ ഫ്ലാഷ് മിന്നി. എന്നിട്ടും ന്റെ മൊകത്തെ കൂസലില്ലായ്മ കണ്ട് ചെക്കന് അദ്ഭുതം..
''നന്ദ്വേട്ടനൊരു സംഭവം തന്നാട്ടാ.. ഏട്ടനപ്പൊ ഫൈനൊന്നും വരൂല്ലേ..?''
ബൈക്കിന്റെ സ്പീഡ് കൊറച്ച്, കഷ്ടപ്പെട്ട് ലേശം അഹങ്കാരച്ചിരി മൊകത്ത് തേച്ചുപിടിപ്പിച്ച് ഞാമ്പറഞ്ഞു.
"മോനേ മിത്തൂട്ടാ, ഇയ്യെന്റെ വണ്ടീടെ നമ്പർപ്ലേറ്റ് കണ്ടിരുന്നാ...?
അതിലെ അവസാനത്തെ രണ്ട് നമ്പർ അമ്മൂട്ടി കഴിഞ്ഞകൊല്ലം കളിക്കുമ്പൊ മാന്തിപ്പറിച്ചു കളഞ്ഞിരുന്നു. പിന്നെ ഞാനത് നേരെയാക്കാനൊന്നും മെനക്കെട്ടില്യ.
പോലീസുകാരമ്മാര് നേരെ വന്ന് നോക്ക്യാപ്പോലും നമ്പറ് തിരിയൂല്ല, പിന്നെയല്ലേ അത്രേം ദൂരത്ത് പോസ്റ്റുമ്മൽ കെടക്കണ ക്യാമറ.."
ഇതും പറഞ്ഞ് ഷർട്ടിന്റെ കോളറൊക്കെ ഒന്ന് ശെരിയാക്കി വണ്ടി വീട്ടിൽക്ക് വിട്ടു.
വീട്ടിലെത്തി, തെരക്കൊക്കെ കഴിഞ്ഞ് ഉമ്മറത്തിരുന്നൊരു കട്ടൻചായ കുടിച്ചോണ്ടിരിക്കുമ്പൊളാണ് വീട്ടുവളപ്പിൽ നിന്ന് അച്ഛനാ സാധനോം എട്ത്തോണ്ട് വന്നത്...
''നന്ദ്വേ.. ഫുൾ നമ്പറില്ലാണ്ട് വണ്ടിയെടുത്താ ഫൈൻ വരുംന്ന് പറഞ്ഞ് നിന്റളിയൻ കഴിഞ്ഞമാസം പുതിയ നമ്പർപ്ലേറ്റ് വാങ്ങി ഫിറ്റാക്കീട്ട്ണ്ട്. ഇനി ഈ പഴേ പ്ലേറ്റ് വേണ്ടല്ലോ..? ഇതാ ആക്രിക്കാരൻ മമ്മദിന് കൊടുത്താ ഓനെന്തേലും ചില്ലറ തരും.."
പിതാവിന്റെ ഡയലോഗ് കേട്ടതും കുടിച്ചോണ്ടിരുന്ന കട്ടഞ്ചായ ന്റെ നെറുകുംതലേൽ കേറിപ്പോയി..
പഷ്ട്.. നാട്ടിൽ കാലുകുത്തിയപ്പൊത്തന്നെ അളിയന്റെവക കിട്ടീ, നല്ല അഡാർ പണി.. അളിയനിത്രേം വെല്യ നിയമപാലകനാണെന്ന് ഞാനറിഞ്ഞില്ലാർന്ന്..
നല്ല പെടക്കണ നോട്ട് ഫൈനാക്കിത്തന്ന ആ നമ്പർ പ്ലേറ്റിന് ചില്ലറ കിട്ടുംന്ന് പറഞ്ഞ് സ്വന്തം അപ്പനും എന്നെ തോൽപ്പിച്ച് കളഞ്ഞ്..
എന്തായാലും തിരിച്ചു വരണത് വരെ സ്റ്റേഷനിൽന്ന് പേപ്പറൊന്നും വന്നില്ല. തിരിച്ചിങ്ങട് ദുബായിലെത്തി, നാലഞ്ച് മാസം കഴിഞ്ഞിന്നലെയാണ് അമ്മ വിളിച്ച് പറഞ്ഞത് പോലീസ് സ്റ്റേഷനിൽന്ന് ഫൈൻ വന്നിണ്ടെന്ന്..
അതും ''ആറായിരം ഉർപ്പ്യ''!!! നാളെയാത്രെ അടക്കേണ്ട ലാസ്റ്റ് ഡേറ്റ്..
എന്റെ കർത്താവേ...
ഓവർസ്പീഡിന് നാനൂറോ, അഞ്ഞൂറോ ഉറുപ്പ്യാരുന്നു കഴിഞ്ഞവർഷം വരെ ഫൈൻ.. ഭരണം മാറീപ്പോ അതും കൂട്ട്യാ പഹയന്മാര്..? സ്വന്തം പാർട്ടിയായോണ്ട് തെറി പറയാനും പറ്റൂല്ല...
മാസാവസാനത്തിന്റെ ഞെരുക്കം കാരണം കയ്യില് നയാക്കാസില്ല. ഗതികെട്ട് അവസാനം ഫോണിന്റെ പൊട്ടിയ ഡിസ്പ്ലേ മാറ്റാനായി വച്ച കാശെടുത്ത് അപ്പൊത്തന്നെ നാട്ടിൽക്കയച്ചുകൊടുത്തു..
രണ്ടീസം കഴിഞ്ഞ് അച്ഛന്റെ ഫോൺ വിളിയിലാണ് അമ്മ നടത്തിയ അഴിമതിയുടെ ചുരുളഴിഞ്ഞത്..
കുടുംബശ്രീ വക വാഷിങ് മെഷീൻ ഡിസ്‌കൗണ്ടിൽ കൊടുക്കുന്നുണ്ടത്രെ. അക്കാര്യൊന്നും പറഞ്ഞാ എന്റേൽന്നു ഒരുർപ്പ്യ പോലും കിട്ടൂല്ലാന്നറിയുന്നോണ്ട് ഫൈൻ വന്നൂന്നു പറഞ്ഞ സംഖ്യയിൽ മമ്മീടെ വക ഒരു പൂജ്യമങ്ങട് കൂട്ടി.. 600 എന്നുള്ളത് 6000 എന്നാക്കി അതിവിദഗ്ദ്ധമായി ഒരു വാഷിങ്ങ് മെഷീനൊപ്പിച്ചു എന്റെ പൊന്നമ്മച്ചി..
രാത്രി കേടക്കാന്നേരം ഫോണെടുത്തു പൊട്ടിയ ഡിസ്പ്ലേ ഒന്ന് നോക്കി. അതിൽ മ്മടെ അമ്മേടെ ആക്കിയ ഒരു ചിരി തെളിഞ്ഞോ..? ഹേയ്.. ഇല്ല...
എല്ലാരും കൂടിയിങ്ങനെ പറ്റിക്കാൻ ചന്തൂന്റെ.. ഛെ..നന്ദൂന്റെ ജീവിതം ഇനിയും ബാക്കി...!!!

By

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot