Slider

മൺചട്ടിയിലെ ചിക്കൻകറി.... ഉണ്ടാക്കിയത് ഈ ഞാൻ തന്നെ....!!(നർമ്മകഥ)

1

മൺചട്ടിയിലെ ചിക്കൻകറി....
ഉണ്ടാക്കിയത് ഈ ഞാൻ തന്നെ....!!(നർമ്മകഥ)
ഒഴിവു ദിവസമായതിനാൽ ചിക്കൻ വാങ്ങി വന്നപ്പോഴാണ് പെണ്ണിൻ്റെ ഒരു പുന്നാരം..
''ഇന്ന് ഉണ്ണിയേട്ടൻ കറി വെക്ക്വോ പ്ളീസ് നല്ല കുട്ടിയല്ലേ...''
''ഈ പെണ്ണിൻ്റെ ഒരു കാര്യം നിനക്കങ്ങു വച്ചാലെന്താ..?''
''അതല്ല ഏട്ടൻ വച്ചാൽ നല്ല രുചിയാ അതല്ലേ ''
''എടീ ഇന്നു രണ്ടു കഥ എഴുതാന്നു കരുതീതാ.. നശിപ്പിച്ചു..''
'' ദേ വീണ്ടും കഥ ഒന്നു പോണുണ്ടോ അവിടുന്ന്. ആണുങ്ങൾ കറി വച്ചാ അതിനെപ്പോഴും നല്ല രുചിയാ അതോണ്ടു പറഞ്ഞതാ...''
''ശരി ഞാൻ വെക്കാം നീ ചിക്കനൊക്കെ കഴുകി ഉള്ളി വെളുത്തുള്ളി പച്ചമുളക് ഇഞ്ചി തക്കാളി എല്ലാം അരിഞ്ഞു വെക്ക് ഞാൻ വെച്ചോളാം..''
അവളെന്നെ രൂക്ഷമായി നോക്കി
''ഹും എന്നാപിന്നെ ഞാൻതന്നെ വച്ചാൽ പോരേ ''
'' വേണങ്കി മതി '' ഞാൻ ഗൗരവം നടിച്ചു...
''ശരി ശരി എൻ്റമ്മോ നിങ്ങളെ കൊണ്ടു തോറ്റു ''
''പിന്നെ മൺചട്ടിയിൽ വിറകടുപ്പിൽ വെക്കാം ഒരു വെറൈറ്റി ആയ്ക്കോട്ടെ ''
''അതൊക്കെ നിങ്ങടെ ഇഷ്ടം ഇനി എന്നെ വിളിക്കേണ്ട...''
''മുക്കാല മുക്കാബുല ലൈല ഓ ലൈല..'' മൂളിപ്പാട്ടും പാടി ഞാനെൻ്റെ പണി തുടങ്ങി
അടുക്കളയിൽ സഹായിക്കുമ്പോൾ ചെറിയ തട്ടലും മുട്ടലുമൊക്കെ നടക്കും. അതല്ലേ അതിൻ്റെയൊരു രസം... അങ്ങനെ ചിക്കൻ അടുപ്പത്തു വച്ചു. ഗുമു ഗുമാന്നു മണം വരാൻ തുടങ്ങി...
ചിക്കൻകറി റെഡിയാവുമ്പോഴേക്കും കുറച്ചു നേരം ഫേസ്ബുക്ക് നോക്കാം.. ഇന്നലെ പോസ്റ്റ് ചെയ്ത ''അവളുടെ രാവുകൾ'' കഥക്ക് നല്ല ലൈക്കും കമൻ്റും ഉണ്ട്.. ചളി കഥയായിട്ടും അവളുടെ രാവുകൾ എന്ന പേരിട്ടത് നന്നായി.. അതുകൊണ്ടല്ലേ ഇത്രേം ആളും ബഹളോം...
ഗുമു ഗുമാ മണത്തിനു പകരം കരിഞ്ഞ മണം മുറിയിലാകെ പരന്നു പടച്ചോനേ പണി പാളിയോ ഫേസ്ബുക്ക് നോക്കിയിരുന്ന് എട്ടിൻ്റെ പണികിട്ടിയല്ലോ ഈശ്വരാ
തുണി അലക്കികൊണ്ടിരുന്ന ശ്രീമതി ഓടിവന്നു. ഒരു കൈയ്യിൽ മൊബൈലും പിടിച്ചു കറി ഇളക്കി കൊണ്ടിരുന്ന എന്നെ അവൾ രൂക്ഷമായി നോക്കി
''നിങ്ങടെ ഒരു ഫേസ്ബുക്കും കഥയും ക്ഷമിക്കുന്നതിനും ഒരതിരുണ്ട് ഹും....നന്നായി അങ്ങോട്ടു ഇളക്കു മനുഷ്യാ അടി കരിഞ്ഞിട്ടുണ്ടാവും '' അവൾ മൊബൈലും വാങ്ങി പോയി....
ഞാൻ ഇളക്കലോ ഇളക്കൽ... അധികം ഇളക്കേണ്ടിവന്നില്ല അതിനൊരു തീരുമാനമായി..
മനസ്സിലായില്ലേ ചട്ടി പൊട്ടി കറി മുഴുവൻ അടുപ്പിൽ വീണു... കുറെ നാളായി ഉപയോഗിക്കാതിരുന്ന മൺചട്ടിക്ക് ചെറിയൊരു വിള്ളലുണ്ടായിരുന്നു എന്നാണ് അസൂയാലുക്കൾ പറയുന്നത് ....
എന്തായാലും വീട്ടിൽ പിന്നീട് നടന്നതൊന്നും പുറത്ത് പറയാൻ കൊള്ളൂലെന്നേ വേണെങ്കിൽ അതിൻ്റെ കോഡു ഭാക്ഷ തരാട്ടാ.....
%@$%^*)'\\$##$^&((()'|['\=!^&*((;,(^!#%&(*&%();][
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo