നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എട്ടിലെ പൊട്ടൻ. (ചെറുകഥ)


എട്ടിലെ പൊട്ടൻ. (ചെറുകഥ)
എട്ടിലെ പൊട്ടൻ ഞാൻ തന്നെ.
ഇന്റെ കുടുംബക്കാരും അയൽവാസികളും നാട്ടാരും ഒക്കെക്കൂടി ഇനിക്കിട്ടപേരാ.
ഞങ്ങൾ എട്ടു മക്കളിൽ പൊട്ടൻ ഞാനാണത്രെ.ഇന്റെ ജ്യേഷ്ഠൻമാർ മൂന്നാൾക്കാര് ഗൾഫില് പോയി പൈസണ്ടാക്കി. താഴെ രണ്ടനിയന്മാര് ഭയങ്കര പഠിപ്പിസ്റ്റുകള്. ഞാൻ മാത്രം തോട്ടത്തിലെ വെറ്റിലയും നുളളി ചായ്ച്ച് കെട്ടാക്കി മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും.
അങ്ങനെ ഞാനൊരു വെറ്റില കൃഷിക്കാരനായി. ജ്യേഷ്ഠന്മാരെ പോലെ സമ്പാദിക്കാനും അനിയന്മാരെ പോലെ പഠിക്കാനും കഴിവില്ലാത്ത കൊണ്ടാണ് ഇന്നെ പൊട്ടൻ എന്ന് വിളിക്കണത്.
ഇനി ഞമ്മക്കൊരു ആഗ്രഹം ണ്ട്. നല്ല തത്തമ്മക്കിളി പോലൊരു മൊഞ്ചത്തിനെ കെട്ടണം..
വല്യ പൊന്നും പണം ഒന്നും മാണ്ട. ഞമ്മളെ കണ്ടറിഞ്ഞ് പെരുമാറാൻ പറ്റ്ണ തമാശക്കാരി. ഞമ്മക്കത് മതി.
വല്യ കുടുംബത്ത്ന്ന് ഒക്കെ കെട്ട്യാലെ തോട്ടത്തിലെ കൊതൂന്റെ കടികൊള്ളാൻ പറ്റൂല. കറണ്ട് എങ്ങാനും പോയാ, ആഴംള്ള കെണറ്റീന്ന് ബള്ളം മുക്കാനൊന്നും ഞമ്മളെകിട്ടൂല എന്നൊക്കെ പറഞ്ഞ് ഞമ്മളെ ആകെ മക്കാറാക്കും.
അങ്ങനെ പെങ്ങളെ കുടുംബത്തിന്ന് തന്നെ കിട്ടി ഞമ്മള് ബിജാരിച്ച മാതിരിള്ള ഒരു മൊഞ്ചത്തിനെ. പൊട്ടനല്ലെ, പൊട്ടൻക്ക് അതൊക്കെ മതീന്ന് ഞമ്മളെ ബാക്കിള്ളോര് തീര് മാനിച്ച്.
പക്ഷെ ഞമ്മളെ കണ്ണിന് ഓൾക്ക് ഒരു കൊറവും തോന്നീല്ല. പിന്നെന്താണാവോം ഞമ്മളെ ബാക്കിള്ളോര് അങ്ങനെ പറഞ്ഞത്. പിന്നെ ഞമ്മക്ക് മനസിലായി പണ്ടം പറ്റെ കൊറവാ.. ഞമ്മളെ ജ്യേഷ്ഠൻമാര് എഴുപതും എൻപതും ഒക്കെ പവൻ പണ്ടം വാങ്ങ്യപ്പോ ഇനിക്ക് പറഞ്ഞത് ഇരുപത്തഞ്ച് പവനാ.
ഞമ്മക്കും അതേന്നെല്ലെ ഇഷ്ടം. ഈ പഹൻമാർക്കും പഹച്ചേൾക്കും അതറ്യേണ്ടെ. ഞമ്മളെ മാതിരി നാട്ടില് നിന്ന് പൈസണ്ടാക്കാന് ളള വിരുതൊന്നും ഓൽക്കൊന്നുംണ്ടാവൂല.
അങ്ങനെ ഞമ്മളെ കല്യാണം ഒക്കെ കഴിഞ്ഞിട്ടാ.കല്യാണം കഴിഞ്ഞപ്പൊ ഞമ്മളെ പൊട്ടൻന്ന് വിളിച്ചോരൊക്കെ മൂക്കത്ത് വെരല് വെച്ച്.മൂന്നര കിന്റല് ചിക്കൻ ബിരിയാണി വച്ചിട്ട് തെകഞ്ഞീലകൂട്ടരെ. അത്രക്കും ആൾക്കാരെയുന്ന് ഞമ്മളെ കല്യാണത്തിന്.
ഞമ്മള് അങ്ങണ്ട്സ്നേഹിച്ചാൽ ആൾക്കാര് ഇങ്ങണ്ടും സ്നേഹിക്കും. അതിന് പെരുത്ത് ബുദ്ധി ഒന്നും മാണ്ട. മനസ്സിലായോ ങ്ങക്ക്.
പിന്നെ ഞമ്മളെ ആദ്യരാത്രീല് ശുയ്പ്പിന്റെ കൊടിയായി കൂട്ടരെ. മണിയറീല് ഞമ്മളെ പുത്യണ്ണ് വര്ണതും നോക്കി ഇരിക്കുമ്പളാ ഓളെ ഞമ്മള് പ്പന്താ വിളിക്കാന്ന് ആലോയിച്ചത്.ഞമ്മളെ പുത്യണ്ണിന്റെ പേര് "ഫാത്തിമത്തു സഹ്‌റബ'. ഓളെ പൊരക്കാര് വിളിക്കണത് 'കുഞ്ഞോളേന്ന്.' ഞമ്മക്കത് തീരെ ഇഷ്ടായീല.
കാരണം ഇന്ന് തൊട്ട് പത്താം മാസം ഓൾക്കൊരു കുട്ടിണ്ടാവും. അപ്പൊ കുട്ടിനെ ഞമ്മള് 'കുഞ്ഞോളെന്ന്' സ്നേഹത്തില് വിളിക്കുമ്പോ കുട്ടിന്റെ "ഇമ്മ' വിളി കേക്കൂലെ. അതോണ്ട് ഞമ്മക്ക് വിളിക്കാന് ഒരു പുത്യേ പേര് ഇടണം. ഓളെ പേര് ആണെങ്കിമുത്ത് നബിന്റെ മോളെ പേരാ."ഫാത്തിമാ"ന്ന്ള്ളത് ''പാത്തോ"ന്നാ ക്യാ പിന്നെ ഓള് ഈ പൊരേല് നിക്കൂല.
പിന്നെള്ളത് "സഹ്റബ"എന്നാ.സഹ്റബനെ ഞങ്ങളെ നാട്ടില് "സൂറാബി"ന്ന് ആക്കീക്ക്ണ്. ആ അർത്ഥത്തില് "സൂറാ'ന്ന് വിളിക്കാ. അല്ലെങ്കി "സഹ് റബ"നെ ചുരുക്കി "സാറാ "ന്ന് ആക്കാ. അപ്പോ ഏതാ വിളിക്കാ.? സൂറാന്നോ, സാറാന്നോ?
ഞമ്മള് ആകെ ആശയക്കൊഴപ്പത്തില് ആയീലെ. അപ്പൊ ഞമ്മളൊന്ന് തീരുമാനിച്ച് ചാപ്പിം കോഴിം ഇടാ. ഒരു ഒറ്റ ഉറുപ്യന്റെ ചാപ്പ സൂറക്കും കോയി സാറക്കും കൊട്ത്ത്.
അങ്ങനെ ഞമ്മള് പൈസ മേലേക്ക് ഇടാൻ ഓങ്ങീതും ഞമ്മളെ മണിയറന്റെ വാതിൽ തൊറന്നതും ഒരുമിച്ചാ. പെങ്ങന്മാരും താത്തമാരും ഒക്കെ കൂടി ഞമ്മളെ പുത്യണ്ണിനെ മണിയറീക്ക് ഉന്തിത്തള്ളിക്കൊട്ന്നു "ഇന്നാ പിടിച്ചോ"ന്ന് ഒരു ഒച്ചിം. ഞമ്മള് അത് കണ്ട് നെട്ടീലെ.
എമ്മാതിരി തള്ളലാ ഓല്തള്ളീത്. പോത്തും കുട്ടിനെ അറക്കാൻ കൊണ്ടെർന മാതിര്യാ.
ഞമ്മള് നെട്ടാൻ വേറെ എവ്ട്ക്കേങ്കിലും പോണാ. നെട്ടലിന്റെ ഊക്കില് കൈയില് ള്ള ഒറ്റ ഉറുപ്യതെറിച്ച് മേലേക്ക്. ഫേന് മ്മ തട്ടി പൈസ പുത്യണ്ണിന്റെ തലേല്. ഓളതാ തല കറങ്ങി വാതിലിമ്മക്ക്.
ബേജാറായീലെ ഞമ്മള്. വേഗം ഓടി ഞമ്മളെ എളാപ്പാന്റെ മോളെര്ത്ത്ക്ക്. എളാപ്പാന്റെ പെര ബടെ അട് ത്തേനെ. എളാപ്പാന്റെ മോള് ഡോക്ടറ് ഭാഗം പഠിക്കാ. ഒരു കൊല്ലം കൂടി ബാക്കിണ്ട്. ഞമ്മളെ കല്യാണായിറ്റ് ലീ വിട്ത്ത് വന്നതാ. പോവുമ്പോ ഓൾക്കൊരു പർദ്ദവാങ്ങിക്കൊട്ക്കണംന്ന് പറഞ്ഞിക്ക്ണ്. കല്യാണത്തിന്റെ വകേലാണത്രെ. അയ്ക്കോട്ടെന്ന് ഞമ്മളും പറഞ്ഞിക്ക്ണ്.
ഓള് ഓടി വന്നപ്പോത്തിന് ഞമ്മളെ പുത്യണ്ണ് കണ്ണ് തൊറന്ന്. അപ്പൊ ഞമ്മളെ എളാപ്പാന്റെ മോള് പറ്യാ ഇന്നെ കണ്ട് പേടിച്ച് ബോധം കെട്ടതാന്ന്. ഇനിക്ക് ഓളോട് തോന്ന്യ ദേഷ്യം പറഞ്ഞാ തീരൂല.. ഇത് ഓളെ സ്ഥിരം പരിപാട്യാ.
ഓളെ കല്യാണത്തിന് മുമ്പ് എന്തിനും ഏതിനും ഞാമാ ണം. ഓൾക്ക് എബ്ടേങ്കിലും പോണങ്കി ഇന്റെ ബൈക്കിമ്മെത്തന്നെ ഇരിക്കണം.അപ്പൊ ഞാ ഓളെ പേടിപ്പിക്കാന് ള്ള കുണ്ടിലും കുഴീലും ഒക്കെ ചാടിക്കും. ഓള് ണ്ടാ പേടിക്ക്ണ്. ഓളേതാ സാധനം. ഇന്നിട്ട് ഓളെ എറക്കെണ്ട്യേടത്ത് എറക്ക്യാല് ഓൾക്ക്ണ്ട് ഒരു ഒറ്റ ഉർപ്യ തരാന്. അത് കണ്ട് ഞാമ്പറ്യും അന്റെ ബാപ്പ "കുഞ്ഞൻ മൊല്ല"ക്ക് കൊട്ത്താളേന്ന്‌. അപ്പൊ ഓള് ഇന്നെ വിളിക്കേ "എട്ടിലെ പൊട്ടാ" ന്ന്.
അങ്ങനെ പിന്നെ ഞങ്ങള് കൊറച്ചീസം മുണ്ടാതെ നടക്കും.പിന്നെ എങ്ങനേങ്കിലും ഒക്കെ മുണ്ടും. ബല്യ പഠിപ്പൊക്കെണ്ടെങ്കിലും അതിന്റെ ഗമ ഒന്നും ഇല്യട്ടോ. ഓള് തറവാട്ടിൽ വന്നാ പിന്നെ ഇവിടെ വന്നിട്ടാ വേറെ എവ് ട്ക്കും പോവൂ. ഇപ്പളും അങ്ങനെത്തന്നെ.
ഓൾക്ക് വിര്തം ( ബിരുദം) കിട്ട്യപ്പോ ഒരു ചെക്കൻ വന്ന് ഗൾഫീന്ന് ഓളെ കാണാന്. ചെക്കൻക് ഓളെ പറ്റി. ഞാന് ഓളെ കണ്ടപ്പോ ചോയിച്ച് അനക്ക് ചെക്കനെ പറ്റ്യോന്ന്. അപ്പൊ ഓള് പറ്യാ ഇനിക്ക് ന്റെ പൊട്ടനെ ആണ് ഇഷ്ടം. ഇന്റെ കരള് ആകെ കലങ്ങിപ്പോയീലെ.
ഞാനെന്താ പറ്യാ?. "അന്നെ ഞാൻ സാബിന്റിം, സുലുന്റിം( സാബി, സുലു ഇന്റെ നേരെ പെങ്ങന്മാര്) മാതിര്യാണ് കണ്ട് ക്ക്ണ്ന്ന് "ഞാനും പറഞ്ഞ്. അത് കേട്ടപ്പൊ ഓള് ണ്ട് ഒരു കരച്ചില് കരഞ്ഞിട്ട്.പോരാത്തേന് ന്റെ നെഞ്ചത്ത് ക്ക് രണ്ടിടിം.
പിന്നെ ഞാൻ ഓളെ കാണണത് കല്യാണത്തിന്റെ തലേന്നാ.അന്ന് ഓള് ഇൻക്ക് ഒരു പൊതിതന്ന്. അതില് ഒരു സ്വർണവള.
അത് കൊറെ മുമ്പ് ഇന്റെ ബൈക്കിമ്മെ ഞങ്ങള് രണ്ടാളും കൂടി തുണിക്കടേല് പോയി. ചുരിദാർ വാങ്ങി പൈസ കൊട്ത്തപ്പൊ ഒരു ടിക്കറ്റും കൂടി തന്ന്. ആ ടിക്കറ്റില് ഓള് ഇന്റെ അഡ്രസ്സും ഫോൺ നമ്പറും ഒക്കെ എഴുതി. കൊറച്ചീസം കഴിഞ്ഞപ്പോണ്ടൊരു ഫോണ്. തുണിക്കടീന്നാ. സമ്മാനം അടിച്ചിക്കിണീന്ന്. അങ്ങനെ ആ കിട്ട്യ സമ്മാനാണ് ഇത്.
സമ്മാനം അടിച്ച പാട് ഞാൻ ഓൾക്ക് കൊണ്ടോയിക്കൊട്ത്ത്. ഓള് പറഞ്ഞ് ഇത് ആരോടും പറ്യണ്ടാന്ന്. ആ സമ്മാനാണ് ഈ വള. ഞാമ്പറഞ്ഞ് ഇനിക്കിന്തിനാവള ഞാൻ ആണല്ലെന്ന്. അപ്പൊ ഓള് പറ്യാ ഇതിന്റെ കൈയിലിര്ന്നാ സങ്കടാവുംന്ന്. അപ്പൊ ഇനിക്കൊരു പാട് സങ്കടായി. അന്ന് ഞമ്മള് ഒരു പാട് കരഞ്ഞ്.
ആ..... ഞമ്മളെ ആദ്യരാത്രിന്റെ കാര്യം പറഞ്ഞ് പൂർത്തി ആയീല. ഏളാപ്പാന്റെ മോള് ഓൾക്കൊരു സൂചി അടിച്ച്.ഇന്നിട്ട് ന്റെ പുത്യണ്ണ് ന്റെമ്മാന്റെ മടീല് തല വെച്ച് കെടന്ന് ഒറങ്ങി. അങ്ങനെ ഇന്റെ ആദ്യരാത്രി ഹലാക്കിന്റെ ഔലും കഞ്ഞി ആയി.
പിറ്റെ ദിവസം ഓള് ഒറ്റക്ക് വന്ന്ക്ക്ണ് മണിയറീക്ക്.ന്നിട്ട് ഓളെ ഒരു ചോദ്യം. ങ്ങള് ന്നലെ ന്തിനാ പൈസ എറിഞ്ഞ് കളിച്ചീന്നത് ന്ന്.ഞാൻ കാര്യം പറഞ്ഞ്. അത് കേട്ടപ്പോ ഓള് ണ്ടൊരു ചിരി ചിരിച്ചിട്ട് ചെങ്ങായിമാരെ.ഈരേഴു ലോകം സ്വർഗും ഒരുമിച്ച് കണ്ട് ഞാന്.
ഹുസൈൻ എം കെ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot