നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുനർജ്ജനി 💧


പുനർജ്ജനി 💧
===============
തേയിലത്തോട്ടത്തിനു നടുവിലൂടുള്ള ഇടുങ്ങിയ വഴിയിലൂടെ കുത്തനെയുള്ള കയറ്റം , അവൻ ശരിക്കും തളർന്നിരുന്നു . ഉണങ്ങി തുടങ്ങാറായ കാലിലെ മുറിവിലൂടെ രക്തം ഒലിച്ചിറങ്ങുന്നതു അവൻ അറിഞ്ഞു .
അവന്റെ നാവ് വരണ്ടു ഉണങ്ങിയിരുന്നു .
ഇല്ല തളരില്ല , ഏറെ നാളത്തെ അന്വേഷണത്തിന്റെ അവസാന ഘട്ടമാണ് . അവൻ കാലുകൾ വലിച്ചു വച്ച് നടപ്പിന് വേഗത കൂട്ടി .
പുല്ലു മേഞ്ഞ ഒരു കുടിൽ അവന്റെ കണ്ണിൽ ഉടക്കി , ഇത് തന്നെ ആയിരിക്കും തന്റെ ലക്ഷ്യ സ്ഥാനമെന്ന് അവൻ കണക്കു കൂട്ടി .
കുടിലിന് മുന്നിൽ ആരെയും കാണാനായില്ല , അവൻ ചെറുതായൊന്നു മുരടനക്കി , ശബ്ദം കേട്ട് അകത്തു നിന്നും മധ്യവയസ്കയായ ഒരു സ്ത്രീ ഇറങ്ങി വന്നു . അവളുടെ അമ്മയായിരിക്കും ...
"നന്ദിനിയുടെ അമ്മയല്ലേ ? " , സംശയ ദൂരീകരണത്തിനായി അവൻ ചോദിച്ചു .
" അതെ ", അവരുടെ മറുപടിയിൽ പരിഭ്രമം കലർന്നിരുന്നു .
" പൊലീസ് ആണോ , പത്രത്തിൽ നിന്നാണോ ?" , അവരുടെ ശരീരം വിറയ്ക്കുന്നത് അവൻ കണ്ടു .
" ഭയക്കേണ്ട , ഞാൻ നിങ്ങളുടെ നാട്ടിൽ നിന്നാണ് , നന്ദിനിയെ ഒന്ന് കാണാൻ വന്നതാണ് " , അവനവരെ സമാധാനിപ്പിച്ചു .
" അവളുടെ കൂടെ പഠിച്ചതായിരിക്കുമല്ലേ , കയറിയിരിക്കു ", അൽപ്പം ആശ്വാസത്തോടെ അവർ തിണ്ണയിലെ തടി ബെഞ്ചിലേക്ക്‌ ചൂണ്ടി .
കാലിലെ വേദന അസഹനീയമായിരുന്നു , അവൻ അകത്തേക്ക് കയറി ബെഞ്ചിലിരുന്നു .
അകത്തേക്ക് പോയ ആ സ്ത്രീ , ഒരു കഷ്ണം ചെറിയ കേക്കുമായി തിരിച്ചെത്തി .
" ഇന്ന് നന്ദിനിയുടെ മോളുടെ ജന്മദിനം ആയിരുന്നു , കുന്നിൻ മുകളിലെ അമ്പലത്തിൽ കുഞ്ഞുമായി തൊഴാൻ പോയിരിക്കുവാ , ഇപ്പോൾ വരും " .
" നന്ദിനിയുടെ വിവാഹം ?" , അവൻ ചെറിയൊരു സംശയത്തോടെ ചോദിച്ചു .
അതിന് മറുപടി ആ സ്ത്രീയുടെ വിതുമ്പൽ ആയിരുന്നു .
"മോനറിയാമായിരിക്കുമല്ലോ എല്ലാം .....അവൾക്ക് സംഭവിച്ചതറിഞ്ഞു ചങ്കു പൊട്ടിയാ അവളുടെ അച്ഛൻ മരിച്ചത് . അവൾക്ക് വിഷം കൊടുത്തു, ഞാനും മരിക്കാൻ തുനിഞ്ഞപ്പോൾ അവളാണ് തടഞ്ഞത് .
അവളുടെ വയറ്റിൽ ആ പാപത്തിന്റെ വിത്ത് വളര്ന്നുണ്ടെന്നു അറിഞ്ഞിട്ടും , എല്ലാവരും എതിർത്തിട്ടും , അവളതിനെ നശിപ്പിക്കാൻ തയ്യാറായില്ല . അവൾ ആ കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം പിഴച്ചു പെറ്റവൾ എന്ന എല്ലാവരുടെയും പരിഹാസം സഹിക്കാൻ ആവാതെ ആയപ്പോളാണ് എല്ലാം വിറ്റു ഞാനവളെയും കൊണ്ട് ഇങ്ങോട്ട് പോന്നത് .
ഇവിടെ തേയില കൊളുന്തു നുള്ളാൻ ഞാൻ പോയി കിട്ടുന്ന കാശ് കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത് , നന്ദിനി ഇപ്പോഴും പഠനം മുടക്കിയിട്ടില്ല , ഇനി എത്ര നാൾ എന്റെ കുഞ്ഞുങ്ങളെ എനിക്ക് പോറ്റാനാവുമെന്നറിയില്ല ".
അവരുടെ വിതുമ്പലിന്റെ ശക്തി കൂടിയിരുന്നു . തന്റെ കയ്യിലിരിക്കുന്ന കേക്കിൻകഷ്ണം ഒരു തീക്കട്ടയായിട്ടാണ് അവന് അനുഭവപ്പെട്ടത് .
" ആ , മോളു വന്നല്ലോ " , അവർ മുണ്ടിന്റെ തലപ്പുയർത്തി കണ്ണുകൾ തുടച്ചു .
അവൻ പുറത്തേക്ക് നോക്കിയപ്പോൾ നന്ദിനി കുഞ്ഞിനെ തോളിലിട്ട് പടിക്കെട്ടുകൾ കയറി വരുകയായിരുന്നു .
അവനെ കണ്ടപ്പോൾ അവളുടെ മുഖത്തും വല്ലാത്തൊരു ആശ്ചര്യം ഉണ്ടായി . അവൾ ചോദ്യ ഭാവത്തിൽ അമ്മയെ നോക്കി . അമ്മയിൽ ആ നോട്ടം വീണ്ടും പരിഭ്രമം സൃഷ്ടിച്ചു . " നിന്റെ കൂടെ പഠിച്ചതല്ലേ ? ".
അവളുടെ തോളിൽ കിടന്നിരുന്ന കുഞ്ഞും തല ഉയർത്തി മനോഹരമായ കുഞ്ഞിക്കണ്ണുകൾ വിടർത്തി അവനെ നോക്കി .
" പകലിന്റെ വെളിച്ചമുള്ളതു കൊണ്ടാണ് എന്നെ മനസ്സിലാവാത്തത് , ഇരുട്ടിന്റെ മറവുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ നന്ദിനി എന്നെ തിരിച്ചറിഞ്ഞേനെ .........നന്ദിനിയുടെ ജീവിതം നശിപ്പിച്ചവരിൽ ഒരുവനാണ് ഞാനും " , അവൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു .
ഒരു നിമിഷം ഇത് കേട്ടവൾ സ്‌തബ്ധയായി നിന്നു . അവളുടെ അമ്മ അകത്തേക്ക് പാഞ്ഞു വെട്ടുകത്തിയുമായി തിരിച്ചെത്തി അവനെ വെട്ടാനായി ആഞ്ഞു . നന്ദിനി കുഞ്ഞിനെ താഴെ വച്ച് അമ്മയുടെ കയ്യിൽ നിന്നും വെട്ടുകത്തി പിടിച്ചു വാങ്ങി .
ആ സ്ത്രീ തളർച്ചയോടെ ഭിത്തിയിൽ പിടിച്ചു താഴേക്കു ഊർന്ന് ഇരുന്നു .
എന്നാൽ നന്ദിനിക്ക് പ്രേത്യേകിച്ചു ഭാവമാറ്റം ഒന്നുമുണ്ടായിരുന്നില്ല . ഇത്രയും നാളത്തെ അനുഭവങ്ങൾ അവളെ എല്ലാം സഹിക്കാൻ പ്രാപ്ത ആക്കിക്കാണുമെന്ന് അവന് തോന്നി .
" ഇപ്പോഴെന്തേ വരാൻ തോന്നിയത് , പ്രായശ്ചിത്തം ചെയ്യാനാണോ , എന്നെയും മോളെയും സ്വീകരിച്ചു . അങ്ങനാണേൽ അവൾക്ക് ഒന്നല്ലല്ലോ അച്ഛൻ , അവരും പ്രായശ്ചിത്തം ചെയ്യാൻ തോന്നി വന്നാലോ ? "
പുച്ഛം കലർന്നതല്ലായിരുന്നു അവളുടെ ചോദ്യമെങ്കിലും , ആ ചോദ്യം അവന്റെ നെഞ്ചിലാണ് തറഞ്ഞു കയറിയത് .
" ക്ഷെമിക്കാനും പൊറുക്കാനും ആവുന്ന ഒരു തെറ്റല്ല ചെയ്തതെന്ന് എനിക്കറിയാം . പണക്കൊഴുപ്പിന്റെ അഹന്തയും , ചെറുപ്പത്തിന്റെ ചോരത്തിളപ്പും , തലച്ചോറിനെ നിയന്ത്രിച്ച ലഹരികളും ...ഞങ്ങളെ ശരിക്കും ഭ്രാന്തരാക്കിയിരുന്നു " . അവന്റെ മുഖം കുറ്റബോധം കൊണ്ട് കുനിഞ്ഞു .
"നിങ്ങളുടെ പണക്കൊഴുപ്പും , ലഹരികളും ..............ട്യൂഷൻ ക്ലാസ് കഴിഞ്ഞു ഇരുട്ട് വഴിയിലൂടെ ഞാൻ ഒറ്റയ്ക്ക് വന്നപ്പോൾ , കാറിലേക്ക് വലിച്ചിട്ടു നിങ്ങൾ പാഞ്ഞനേരം , ഡോക്ടറായി എന്നെ കാണാൻ ആശിച്ചു വഴിയരികിൽ എന്നെയും കാത്തു നിന്നിരുന്ന ഒരച്ഛൻ ഉണ്ടായിരുന്നു , തളർന്ന്‌ വരുന്ന മകൾക്കു നൽകാനായി ഇഷ്ട വിഭവങ്ങളൊരുക്കി വീട്ടിൽ ഒരു അമ്മയുണ്ടായിരുന്നു .
ഒരു നിമിഷത്തെ സുഖത്തിനു ശേഷം നിങ്ങളെന്നെ വഴിയരികിൽ വലിച്ചെറിഞ്ഞപ്പോൾ എന്റെയും എന്റെ കുടുംബത്തിന്റെയും മോഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു വലിച്ചെറിയപ്പെട്ടതു .
നിങ്ങളുടെ നഖങ്ങൾ ആർത്തിയോടെ വലിച്ചു കീറിയ എന്റെ ശരീര ഭാഗങ്ങൾ നീറ്റലിൽ പുളയുമ്പോഴും , എന്റെ അച്ഛന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഞാൻ മരണത്തിനു പിടി കൊടുത്തില്ല .
നിങ്ങളുടെ പല്ലുകൾ ആഴ്ന്നിറങ്ങിയ എന്റെ മാറിടത്തിൽ നിന്നു തന്നെ നിങ്ങളെനിക്ക് സമ്മാനിച്ച കുഞ്ഞിന് ഞാൻ പാലൂട്ടി നിങ്ങളോടു പ്രതികാരം ചെയ്യുകയായിരുന്നു .
അവളെ ഞാൻ പൊന്നു പോലെ വളർത്തി വലുതാക്കും , അവളുടെ അച്ചന്മാരുടെ വേര് ചികഞ്ഞു ഒരിക്കലും വരില്ല " , അവൾ കുഞ്ഞിനേയും എടുത്തു അകത്തേക്ക് പോയി .
തിരിച്ചു വന്ന അവളുടെ കയ്യിൽ കുറെ പത്രക്കടലാസ്സുകൾ ഉണ്ടായിരുന്നു , അത് അവന്റെ നേർക്ക് എറിഞ്ഞു . " ഞങ്ങളനുഭവിച്ച നാണക്കേടും , മാനസിക പീഡനങ്ങൾക്കും നിങ്ങളുടെ പ്രായശ്ചിത്തം ഒരിക്കലും പരിഹാരമാവില്ല " .
അവൻ നിലത്തു കിടന്ന പത്ര കടലാസുകൾ എടുത്തു നോക്കി . എല്ലാത്തിലും ഒരേ വാർത്ത , " വിദ്യാർത്ഥിനി കൂട്ട മാനഭംഗത്തിന് ഇരയായി " .
" നിങ്ങളോട് പ്രതികാരം ചെയ്യാൻ ഞങ്ങൾ അശക്തനാണ് , പക്ഷെ ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ നിങ്ങളെല്ലാം അനുഭവിക്കും " , ഇത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ നിലത്തു വീണുടഞ്ഞു .
" ദൈവമെന്നൊരാൾ ഉണ്ട് , ഈ വാർത്തയ്ക്കു മുകളിലായി മറ്റൊരു പ്രധാന വാർത്തയുണ്ട് , അത് വായിച്ചാൽ മനസിലാകും " , അവൻ അവളുടെ നേരെ പത്രം നീട്ടി .
" കാറും ലോറിയും കൂട്ടിയിടിച്ചു അഞ്ചുപേർ അതിദാരുണമായി കൊല്ലപ്പെട്ടു , ഒരാളുടെ നില ഗുരുതരം " , അവൾ ആ വാർത്തയിൽ നിന്നും കണ്ണുയർത്തി അവന്റെ മുഖത്തേക്ക് നോക്കി .
" നന്ദിനിയെ വലിച്ചെറിഞ്ഞു ഞങ്ങൾ പാഞ്ഞു ചെന്നത് ഈ അപകടത്തിലേക്ക് ആയിരുന്നു . ബാക്കി എല്ലാവരും മരിച്ചെങ്കിലും എനിക്ക് മാത്രമൊരു അല്പപ്രാണൻ ഉണ്ടായിരുന്നു .
അപ്പന്റെ പണം , എന്റെ നേരെ നീണ്ട പീഡനക്കേസും , ജീവനും പിടിച്ചു നിർത്തി . മാസങ്ങളോളമുള്ള ആശുപത്രി വാസത്തിനു ശേഷം ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിലും , ആ അപകടത്തിലൂടെ ഒരു അച്ഛനാവാനുള്ള കഴിവ് എനിക്ക് നഷ്ടമായിരുന്നു .
ദൈവം എനിക്കീ ശിക്ഷ തന്നതെന്തിനാണെന്നും , എന്റെ മാത്രം ജീവൻ തിരിച്ചു തന്നതെന്തിനാണെന്നും എനിക്കറിയാം " .
അവൻ അത് പറഞ്ഞതിന് ശേഷം നന്ദിനിയുടെ തോളിൽ ചാഞ്ഞു കിടന്നിരുന്ന കുഞ്ഞിനെ അവളിൽ നിന്നും അടർത്തിയെടുത്തു തന്റെ മാറോടു ചേർത്തു .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot