നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെമ്പകവും തേടി ...


ചെമ്പകവും തേടി ...
സായാഹ്നസൂര്യൻെറ കരവിരുതുകളുടെ ചന്തം അധികരിയ്ക്കുന്നത് നോക്കിയിരിയ്ക്കാൻ നല്ല രസം തോന്നി.മുഖത്ത് വന്നുരുമ്മുന്ന കാറ്റിൽ വേനലിൻെറ മുന്നറിയിപ്പുണ്ടായിരുന്നു.
ബസ്സിലെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയിരിയ്ക്കുകയായിരുന്നു. സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വെെകിയ പയ്യാരങ്ങളുമായി നിറയെ സ്ത്രീകളും അന്നത്തെ വിയർപ്പിൻെറ ഭാരവുമായി പുരുഷൻമാരും.
നല്ല തിരക്കുണ്ടായിരുന്നു. എന്നിട്ടും ആ ബസ്റ്റോപ്പെത്തിയപ്പോൾ നിരഞ്ജൻെറ കണ്ണുകൾ അവളെ തേടി.
കുനിഞ്ഞ ശിരസ്സുമായി അവൾ ബസ്സിനരുകിലേയ്ക്ക് നടന്നടുത്തപ്പോൾ ഉള്ളിലൊരു ചെമ്പകം കുണുങ്ങി നിന്നത് അവനറിഞ്ഞു.
അന്നത്തെ മഞ്ഞച്ചുരിദാർ അവൾക്ക് ഭംഗി കൂട്ടിയിട്ടുണ്ടെന്ന് തോന്നി. രാവിലെ തൊട്ട ചന്ദനത്തിൻെറ ബാക്കി നെറ്റിയിൽ.
അത്രയ്ക്കു ചന്തമോ അവൾക്ക്? അവൻ സ്വയം ചികഞ്ഞുനോക്കി.
ചെമ്പകപ്പൂവിന് ചന്തമാണോ കൂടുതൽ? മണവും നിറവും സ്നിഗ്ദ്ധതയും എല്ലാം ചേർന്ന് നൽകുന്ന ഭംഗിയാണതിന്.
അതുപോലെ വിടരാൻ വിസമ്മതിച്ച് കാറ്റിലിളകി നിൽക്കുന്ന ഒരു ചെമ്പകപ്പൂവിൻെറ ഒാർമ്മയാണ് അവളുടെ സാന്നിധ്യം കൊണ്ട് കിട്ടുന്നത്.
ഒരു പെൺകുട്ടിയെ നോക്കാനും ഇത്തിരി പ്രണയം തോന്നാനും ഈ ന്യായീകരണങ്ങൾ എന്തിന്?
വേണം. അത് പണ്ട് കൂട്ടുകാരോടൊപ്പം എടുത്ത ഒരു തീരുമാനമായിരുന്നു.
കോളേജ് ദിനങ്ങൾ തീരുന്ന ദിവസമായിരുന്നു.
എല്ലാവരും യാത്ര പറയുന്നതിൻെറയും ഫോൺനമ്പർ വാങ്ങുന്നതിൻെറയും തിരക്കിൽ. ചിലർ ഒഴിഞ്ഞ ഇടങ്ങൾക്കായി തിരയുന്നു.
''ഒന്ന് കെട്ടിപ്പിടിച്ച് കരഞ്ഞ് യാത്ര പറയാനാവുമെടാ''. ബിനോയ് ചിരിച്ചു.
നിരഞ്ജൻ, ബിനോയ്, ആകാശ്. മൂന്നുപേരും പരന്നുവളർന്ന പാലമരച്ചുവട്ടിൽ ഇരിയ്ക്കുകയായിരുന്നു, കാഴ്ച്ചകൾ കണ്ട് ..
അപ്പോഴാണ് അനാമിക അതുവഴി വന്നത്. ഉടനെ ബിനോയ് വിളിച്ചു. തിരക്കിനിടെ എന്താ എന്ന ഭാവത്തിൽ അവൾ വന്നു.
'' ഞങ്ങൾ ഒരു തീരുമാനമെടുക്കാൻ പോകയാണ്''
നിരഞ്ജനോട് അവൾ അക്ഷമ കാണിച്ചു.
''അതിന് ഞാനെന്തിനാ? നിങ്ങളെടുത്തോ''
അവൾ തിരിഞ്ഞുകഴിഞ്ഞു.
''നിൽക്ക് , ഞങ്ങൾക്കൊരു സാക്ഷി വേണം. അതാ..''
മൂന്ന് പേരും കെെ മേൽക്കുമേൽ വച്ച് സത്യം ചെയ്തു.
''ജീവിതത്തിൽ കള്ള് കുടിയ്ക്കില്ല, സിഗരറ്റ് തൊടില്ല.''
ഞങ്ങളുടെ ആദർശമായിരുന്നു, അത്. എട്ടാംക്ളാസ് തൊട്ട് യുവത്വത്തിലേയ്ക്കുള്ള വഴികളിൽ ഒപ്പം നടന്ന കൂട്ടുകാർ ഒപ്പം എടുത്ത ഒരു പ്രതിജ്ഞ.
''ശരി. ഞാൻ പോട്ടെ. ചെയ്താൽ നിങ്ങൾക്കു നല്ലത്''
അനാമിക അല്ലെങ്കിലും അങ്ങനെയാണ്. ഊർജ്ജസ്വലയായ പെൺകുട്ടി. ഒരിടത്തും ഒരു വിട്ടുവീഴ്ച്ചയും ഇല്ലാത്തവൾ. ഇതുവരെ ആരെങ്കിലും അവളെ നോക്കി കാര്യമില്ലാതെ ചിരിച്ചിട്ടുണ്ടോ ആവോ.
കുറച്ച് നടന്ന് അനാമിക തിരികെ വന്നു. ഞങ്ങൾക്ക് ആകാംക്ഷയായി.
''എങ്കിൽ ബ്രദേർസ് , നിങ്ങൾക്ക് പറ്റുമെങ്കിൽ ഏനിയ്ക്ക് ഒരു സത്യം ചെയ്ത് താ'' അവൾ കെെ നീട്ടി.
ഞങ്ങൾ പരസ്പരം നോക്കി. അനാമികയായതുകൊണ്ട് ഞങ്ങൾക്ക് സംശയമുണ്ടായില്ല. എങ്കിലും അമ്പരപ്പോടെ കെെ കൊടുത്തു.
''ജീവിതത്തിൽ ഒരു പെണ്ണിനേയും വഴിയാധാരമാക്കില്ലെന്ന് ''
അവളുടെ ശക്തിയുള്ള നോട്ടത്തിന് മുൻപിൽ ആകാശ് മാത്രം ഒന്ന് പതറി. എങ്കിലും അതൊരു പുതിയ വെല്ലുവിളിയായി തോന്നി.
''സത്യം ''
''എങ്കിൽ ശരി. എപ്പോഴെങ്കിലും കാണാം''
നേർത്ത ചിരി സമ്മാനിച്ച് അനാമിക നടന്ന് പോയി.
''ഇത്ര കാലം ചെയ്തോ എന്നല്ല ,അവൾ പറഞ്ഞത്. ഇനി വേണ്ടെന്നാണ്.'' ബിനോയ് ആകാശിനെ സമാധാനിപ്പിച്ചു.
ബസ്സ് അവൾക്കിറങ്ങേണ്ട സ്ഥലത്ത് നിർത്തിയിരുന്നു. കണ്ണെത്തുവോളം അവളെ കണ്ടിരുന്നു. ഇതാണോ പ്രണയം ?
അറിയില്ല. ജീവിതവഴിയിൽ വന്ന പെൺമുഖങ്ങളെയെല്ലാം പ്രതിജ്ഞ ഓർത്ത് വഴിതിരിച്ചു വിട്ടിട്ടുണ്ട്.
ഇനിയിപ്പോൾ പ്രണയിച്ച് അവളെ ചീത്തയാക്കാൻ ഉദ്ദേശമൊന്നുമില്ല. ഒരു പെൺകുട്ടിയെ കണ്ടു, ഇഷ്ടപ്പെട്ടു. തരക്കേടില്ലാത്ത ജോലിയുണ്ട്. അമ്മയോട് പറഞ്ഞ് അന്വേഷിയ്ക്കാമല്ലോ നേർവഴിയ്ക്ക്.
നിരഞ്ജൻ ആശ്വാസത്തോടെ തിരിഞ്ഞ് നോക്കി. ബസ്സ് യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. അവളിറങ്ങിയ ഇടം ഏറെ ദൂരെ....
×××× ×××× ×××× ×××× ××××
അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു. തിരക്കില്ലാത്ത ബസ്സിൽ ഇരിയ്ക്കാൻ ഇഷ്ടം തോന്നി.
ഉച്ചയോടടുത്തതുകൊണ്ടും ഒഴിവ് ദിവസമായതുകൊണ്ടും നന്നേ കുറവാണ് ആൾക്കാർ.
നിരഞ്ജൻ ഒരു കൂട്ടുകാരൻെറ എൻഗേജ്മെൻറ് കഴിഞ്ഞ് വരികയാണ്. പതിവില്ലാത്ത സമയമായതുകൊണ്ടും നേരത്തെ എണീറ്റതുകൊണ്ടും കണ്ണുകൾ അടച്ചിരിയ്ക്കാനാണ് തോന്നിയത്.
ഇടയ്ക്ക് ഒന്ന് മയങ്ങി ഉണർന്ന് നേരെ ഇരുന്നപ്പോൾ കണ്ടു , മുൻപിലെ എൻജിൻ ബോക്സിനടുത്ത് 'ചെമ്പകപ്പൂ'. നീലനിറമുള്ള സാരിയുടുത്ത് ...സ്വർണ്ണമല്ലാത്ത എന്തോ ആഭരണങ്ങളണിഞ്ഞ് ....മുടിയിൽ ഇത്തിരി പൂവുമായി....
നിരഞ്ജന് നല്ല ഉത്സാഹം തോന്നി. എവിടേയ്ക്കാവും പോയത്? അമ്പലത്തിലേയ്ക്കോ? അതോ തന്നെപ്പോലെ ആരുടെയെങ്കിലും വിവാഹം?
അവളിറങ്ങുന്ന സ്റ്റോപ്പായപ്പോൾ ഒരുൾപ്രേരണയാൽ നിരഞ്ജനും എഴുന്നേറ്റു. അവൾക്കൊപ്പം പുറത്തിറങ്ങി. ബസ്സ് പോയിക്കഴിഞ്ഞപ്പോഴാണ് ഒരമ്പരപ്പ് തോന്നിയത്.
'ശ്ശോ. എന്തിനാ ഇറങ്ങിയത്? വേണ്ടായിരുന്നു' മനസ്സ് ശാസിച്ചു. എങ്കിലും അവൾ എവിടെ താമസിയ്ക്കുന്നു എന്നറിയാമല്ലോ. പോയിനോക്കാം.
അവൾ നടന്ന് തുടങ്ങിയിരുന്നു. ചുറ്റിനും നോക്കാതെ ,ഭൂമി പോലും അറിയാതെ.
പിന്തുടർന്ന് നടക്കുമ്പോൾ വീണ്ടും മനസ്സ് പിണങ്ങി.
'നീയെന്താ ചെയ്യുന്നത്? അവളുടെ വീട്ടിൽ ആരൊക്കെ കാണും? എന്ത് പറയും?'
എങ്കിലും തിരികെ നടക്കുവാൻ കാലുകൾ സമ്മതിച്ചില്ല. പിരിമുറുക്കത്തോടെ നടക്കുമ്പോൾ സ്വയം ചിരിച്ചു. 'എന്തിനാണീ ടെൻഷൻ തലയിൽ വച്ചത്?'
തലയ്ക്കൊരടി കൊടുത്ത് ചിരിച്ചു . പെട്ടെന്നവൾ തിരിഞ്ഞുനോക്കിയോ? നാലുപുറവും നോക്കി. ഒരല്പം ജാള്യത തോന്നി. എങ്കിലും വിട്ടില്ല. പിറകെ പോയി.
ഉള്ളിൽ ഒരു ഭയം തോന്നാതിരുന്നില്ല. ചെറിയ ഇടറോഡിൽനിന്ന് പാടത്തുകൂടെ ഒരൊറ്റ വരമ്പ്.അപ്പുറത്തെ കൊച്ചുവീട് കണ്ടപ്പോൾ തന്നെ ഒരുൾക്കുളിര്.'ചെമ്പക'ത്തിന് വിടർന്ന് വിലസാൻ പറ്റിയ ഇടം.
വരമ്പിൽ കുറച്ച് വിട്ട് പിന്നിൽ നടക്കുമ്പോൾ
അവൾ തിരിഞ്ഞ് നോക്കി. കണ്ണുകൾ നിലത്തൂന്നി അറിയാത്ത മട്ടിലായിരുന്നു. പിന്നെ ചുറ്റും നോക്കിയപ്പോൾ അവൾ നോക്കിയതെന്തിനാണെന്ന് മനസ്സിലായി.
ഈ വഴി ആ വീട്ടിലേയ്‌ക്ക് മാത്രമുള്ളതാണ്. വേറൊരാൾ ഇവിടെ എന്തിന് എന്ന ചോദ്യം അവൾ ചോദിച്ചില്ല.
ഒരു മനോധെെര്യത്തോടെ നടന്നു. താൻ തെറ്റൊന്നും ചെയ്യുന്നില്ല. ഒരു കുട്ടിയെ ഇഷ്ടമായി. പെണ്ണ് ചോദിയ്ക്കാൻ ചെക്കൻ പോകുന്നതിൽ തെറ്റുണ്ടോ?
ആർക്കറിയാം. ഈ തെറ്റും ശരിയും കണക്ക് കൂട്ടുന്നത് ആരാണ്?തൽക്കാലം എനിയ്ക്ക് എൻെറ ശരിയാണ് വലുത്.
ചെറിയ ഗേറ്റ് തുറന്ന് അവൾ അടയ്ക്കാതെ തിരിഞ്ഞ്നിന്നു.
ആദ്യമായിരിയ്ക്കുമോ തന്നെ കാണുന്നത്?അവളെ പിന്തുടരുന്ന ഈ കണ്ണുകൾ എന്നെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമോ?
ഒന്ന് പതറി. എങ്കിലും ചോദിച്ചു.
''ഇതാണോ വീട്?''
''ഉം''
'' അകത്തേയ്ക്ക് വന്നോട്ടെ?''
എന്തിനെന്ന് അവൾ ചോദിച്ചില്ല. പക്ഷേ അവിടെ നിന്ന് മാറിയില്ല. ശക്തമായ ഒരെതിർപ്പ് ഉണ്ടായിരുന്നില്ലേ ആ പ്രവർത്തിയിൽ? എങ്കിലും ചോദിച്ചു.
''വീട്ടിലാരാ ഉള്ളത്?''
''അമ്മയുണ്ട്''
ഓ..നല്ല ശബ്ദം .
''അമ്മയെ ഒന്ന് കാണാൻ പറ്റുമോ? ഞാൻ നിരഞ്ജൻ. ടൗണിലെ ഒരു പ്രെെവററ് ഫേമിൽ മാനേജരാണ്''.
എന്ത് കൊണ്ടാവും അവൾ മാറിത്തന്നത്? അറിയില്ല.ചിരിയില്ലെങ്കിലും പ്രസന്നതയും ശാന്തതയും കലർന്ന മുഖം.
അവളുടെ പിന്നിൽ ആ കുഞ്ഞുവീട്ടിലേയ്ക്ക് കയറുമ്പോൾ ധെെര്യം വന്നതുപോലെ...
നിറയെ മരങ്ങളും പൂക്കൾ വിടർന്ന് നിൽക്കുന്ന ചെടികളും ഉള്ള നല്ല ചുററുപാട്.
ഇടയിൽ വിടർന്ന് നിന്ന ഒരു പനിനീർപൂ കാററിലാടി. അതിന് കണ്ണുണ്ടായിരുന്നെങ്കിൽ അത് കണ്ണടച്ച് കാണിച്ചേനെ. ഒററക്കണ്ണ്.
വാതിലിൽ തട്ടി അധികം കാത്തുനിന്നില്ല. തുറന്നു. മുണ്ടും വേഷ്ടിയും ധരിച്ച ഒരമ്മ.
അവളകത്തേയ്ക്ക് പോയി.ഒന്നും മിണ്ടാതെ..തന്നെ ഒന്ന് ക്ഷണിയ്ക്കാതെ പരിചയപ്പെടുത്താതെ..അല്ലെങ്കിൽ പരിചയപ്പെടുത്താൻ തന്നെ അവളറിയുമോ...?
വെള്ള പടർന്ന് തുടങ്ങിയതേ ഉള്ളൂ ആ അമ്മയുടെ ശിരസ്സിൽ. യൗവനത്തിൽ സുന്ദരിയായിരുന്നെന്ന് വിളിച്ചുപറയുന്ന മുഖം.
''ആരാ ?''
ഒന്ന് ഇടറിയെങ്കിലും പറഞ്ഞു.
''ഞാൻ നിരഞ്ജൻ ''
അവളുടെ ഫ്രണ്ടാണെന്ന് പറയാൻ പേര് പോലും തനിയ്ക്കറിയില്ലെന്ന് സ്വയം സഹതപിച്ചു.
ആ അമ്മ ഒന്നളന്ന് നോക്കിയോ ?
''എന്താ കാര്യം ?''
''കുറച്ച് വെളളം''
നോട്ടം മാററാതെ അമ്മ അകത്തേയ്ക്ക് വിളിച്ചു .
''ശ്രീക്കുട്ടീ ഒരു ഗ്ളാസ്സ് വെള്ളം''
താൻ വല്ല തട്ടിപ്പ്കാരനും ആവും എന്ന് വിചാരിച്ചാകണം വാതിൽക്കൽ നിന്ന് മാറാത്തത്. ഒപ്പം ഒാർത്തു, 'ശ്രീക്കുട്ടി'. അവൾക്ക് ചേർന്ന പേര്.
'' ശ്രീബാലയെ അറിയുമോ''?
ഒരു മഴ പെയ്ത കാനൽജലം മുഴുവൻ കാറ്റ് നിറുകയിൽ കുടഞ്ഞ പോലെ..'ശ്രീബാല'. എത്ര നല്ല പേര് .
''ദാ വെള്ളം ''
വെള്ളം തന്ന് വീണ്ടും അവൾ അരങ്ങൊഴിഞ്ഞു. ധെെര്യം സംഭരിയ്ക്കുന്ന പോലെയാണ് വെള്ളം കുടിച്ചത്.
ഗ്ളാസ്സ് കൊടുത്തുകൊണ്ട് പറഞ്ഞു.
''ഇല്ല അമ്മേ '' തുറന്നങ്ങ് പറയാമെന്ന് തോന്നി.
''ഞാനീക്കുട്ടിയെ ദിവസവും കാണും, ബസ്സിൽ വച്ച് . വീട്ടുകാർ എനിയ്ക്ക് കല്യാണം ആലോചിയ്ക്കുന്നുണ്ട്. ഒന്നന്വേഷിയ്ക്കുവാൻ വന്നതാണ് ''
മനസ്സിലായ മട്ടിൽ ഒന്ന് തറച്ച് നോക്കി എങ്കിലും ആ മുഖം തെളിയുന്നതും വീണ്ടും ഏതോ നിഴലുകൾ പടരുന്നതും കണ്ടു . ആലോചിച്ച് നിൽക്കുകയാണ്.
''ഉം..വരൂ ''
ആശ്വാസത്തോടെ ഉള്ളിലേയ്ക്ക് കയറി. ചെറിയ സ്വീകരണമുറിയിൽ ചിട്ടയോടെ വച്ച നാല് സോഫ. ഒരു ടീപ്പോയ്. ഇരുന്നു. അമ്മ അപ്പുറത്തും.
ഇനിയിപ്പോൾ എന്താ പറയേണ്ടത് എന്ന് ആലോചിയ്ക്കുകയായിരുന്നു. കണ്ട സിനിമകളിൽ ഇത്തരം അവസരങ്ങളിൽ പറയുന്ന സംഭാഷണങ്ങൾ ഒാർക്കാൻ ശ്രമിച്ചു.
കെെവിരലുകൾ ഞൊടിച്ച് ചുററിനും നോക്കി.
കൃഷ്ണൻെറയും രാധയുടെയും ഒരു ഫോട്ടോ. ഒരു ടി.വി. ചെറിയ അലമാരയിൽ കുറച്ച് പുസ്തകങ്ങൾ ,ട്രോഫികൾ...
''എവിടന്നാ വരുന്നത് ?''
അമ്മ തന്നെ നിശബ്ദതയ്ക്ക് കത്തി വച്ചത് സമാധാനമായി. അല്ലെങ്കിലും തൻെറ ഇപ്പോഴത്തെ അവസ്ഥ ഈ അമ്മയ്ക്ക് മനസ്സിലാകും. തനിയ്ക്കും ഒരമ്മയുള്ളതല്ലേ. ചെറിയ ഒരു മാററം പോലും കണ്ട്പിടിയ്ക്കുന്ന അമ്മ.
രണ്ടാഴ്ച്ചയായി വിടാതെ ചോദിയ്ക്കുന്നുണ്ട്.
''ഊം..?എന്താ കുട്ടാ ഒരു സ്വപ്നവും ചിരിയും?
എന്ത് പററി ?'' ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
''കുറേ ദൂരെയാണോ?''
വീണ്ടും അമ്മയുടെ ശബ്ദം.
''അല്ല,അല്ല ഇവിടെ നിന്ന് കഷ്ടി ഒരു മണിക്കൂർ ''
നിരഞ്ജൻ സ്ഥലവും കാര്യങ്ങളും പറഞ്ഞുതുടങ്ങി. അച്ഛൻ ,അമ്മ ,ഏടത്തി, ഏടത്തിയുടെ ഭർത്താവ്,ജോലി, കുട്ടികൾ.. ആയമ്മ എല്ലാം കേട്ടിരുന്നു.ഒരിയ്ക്കൽ പോലും ശ്രീബാല വന്നില്ലല്ലോ എന്ന് ഖേദം തോന്നി.എവിടെയെങ്കിലും ഇരുന്ന് കേൾക്കുന്നുണ്ടാകും.
''കുട്ടിയുടെ കാര്യം ഒക്കെ പറഞ്ഞു. ശ്രീബാലയെ കണ്ടല്ലേ ഉള്ളൂ ?ഒന്നും പറഞ്ഞില്ലല്ലോ ''.
ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവർ അകത്തേയ്ക്ക് പോയി.
ഒന്ന് സ്വസ്ഥമായതുപോലെ നിശ്വാസമുതിർത്ത് സോഫയിൽ ചാരി ഇരുന്നു. ആശങ്കകളൊന്നുമില്ലാതെ വെറുതെ കാലുകളനക്കിക്കൊണ്ടിരുന്നപ്പോൾ ഓർത്തുപോയി.
മററുളളവരുടെ മുമ്പിൽ നിൽക്കുമ്പോൾ എന്തൊരു പാട് ?ഒററയ്ക്കിരിയ്ക്കുമ്പോൾ, ആരും കാണുന്നില്ലെന്ന് വരുമ്പോൾ എത്ര ആശ്വാസം.
ഉള്ളിലേയ്ക്കുള്ള വാതിൽ മറച്ചിട്ട കർട്ടനുകളിൽ ഒരു നിഴലനക്കം പ്രതീക്ഷിച്ചാണിരുന്നത്. ഉള്ളിലെ പ്രണയക്കിളി ചൂളമടിയ്ക്കുന്നത് അവൾ കേൾക്കാത്തതെന്താണ് ?
അഞ്ച് മിനിട്ട് കഴിഞ്ഞ് അമ്മ വന്നു. ഒരു ഗ്ളാസ്സ് ചായ, കൂടെ എള്ളുണ്ട. ഏറെ ഇഷ്ടമുള്ള സാധനമാണല്ലോ തന്നത് എന്നോർത്ത് സന്തോഷം തോന്നി.
എന്തോ ചിന്തിച്ച് നിലത്ത് നോക്കി ഇരുന്ന അമ്മ ഇടയ്ക്ക് ചായ കുടിയ്ക്കാനും എള്ളുണ്ട എടുക്കാനും ഒാർമ്മിപ്പിച്ചു.
ചായ പകുതിയായപ്പോൾ ഒരു ബോധം ഉണർന്നു. ഈ അമ്മ എന്തോ പറയാൻ കാത്തിരിയ്ക്കുകയല്ലേ ?ഈ മൗനത്തിൻെറ അർത്ഥമെന്തായിരിയ്ക്കും ?
മെല്ലെ ചായ ഗ്ളാസ്സ് ടീപോയിൽ വച്ച് അമ്മയെ നോക്കി. കാത്തിരുന്നപോലെ അവരുടെ ശബ്ദം.
''ശ്രീബാല വിവാഹം കഴിയ്ക്കാൻ ആഗ്രഹിയ്ക്കുന്നില്ല.''
ചിരിയാണ് വന്നത്. ഈ പ്രായത്തിൽ ഇതെല്ലാവരും പറയും എന്ന് കേട്ടിട്ടുണ്ട്.മകൾ പറഞ്ഞത് കേട്ട് വിശ്വസിച്ചിരിയ്ക്കുകയാകുമോ ഈ അമ്മ ?
''ഞങ്ങളങ്ങ് ബാംഗ്ളൂരായിരുന്നു. അവിടെയാ മോൾ പഠിച്ചത്. അച്ഛനും അവളുടെ ആങ്ങളയും ഇപ്പോഴും അവിടെ ജോലി നോക്കുന്നു ''
അമ്മ സാരിത്തലപ്പിൽ ആവശ്യമില്ലാതെ ഞൊറിയിട്ടുകൊണ്ടിരുന്നു.
''ശ്രീബാല ഏതുവരെ പഠിച്ചു ?''
''എംബിഎ കഴിഞ്ഞ് അവിടെ ജോലിയ്ക്ക് പോയ്ക്കൊണ്ടിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് അവൾക്ക് ഒരു ദുരന്തമുണ്ടായത് ''
സ്വന്തം കണ്ണുകളിൽ നിന്നടർന്ന തുള്ളികൾ അവർ കാണുന്നില്ലെന്ന് തോന്നി. പറയാൻ ബുദ്ധിമുട്ടുള്ള എന്തോ പറയാൻ ശ്രമിയ്ക്കുന്ന പോലെ.
ആകാംക്ഷയോടെ കാത്തിരുന്നു. എന്ത് ദുരന്തം ?
''ഒരു ഹോളിദിവസമായിരുന്നു. അവൾ കൂട്ടുകാർക്കൊപ്പം പുറത്ത് പോയതായിരുന്നു. സന്ധ്യയായി വരുമ്പോൾ. ബസ്സിറങ്ങിയിട്ടും വിളിച്ചതാണ്. എന്നും വരുന്ന വഴിയുമാണ്. എന്നിട്ടും..''
തേങ്ങിക്കൊണ്ടിരുന്ന അമ്മ മുഖം താഴ്ത്തി വച്ചിരുന്നു. അനക്കമില്ലാതെ നിരഞ്ജനും. തുടർന്ന് ഏറെ നേർത്ത സ്വരം.
''അവർ ആറ് പേരുണ്ടായിരുന്നു. എൻെറ കുട്ടിയുടെ ജീവൻ കിട്ടിയത് ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് എനിയ്ക്ക് ഇപ്പോഴും അറിയില്ല.''
അവർ കരയുകയായിരുന്നു. നിരഞ്ജൻ അതല്ല കേട്ടത്. ആറ് പേർക്ക് മുൻപിൽ ഒരു ചെമ്പകപ്പൂ.
വിടരാതെ കൂമ്പി നിന്ന് തൻെറ സാന്നിദ്ധ്യമറിയിക്കുന്ന ആ പൂവിതളുകൾ ചവിട്ടി മെതിച്ചതോർത്തപ്പോൾ ...ആ നേരം ആരെങ്കിലും എങ്ങനെയെങ്കിലും തന്നെ ഒന്ന് രക്ഷപ്പെടുത്തിയിരുന്നെങ്കിൽ എന്ന് ആ മനസ്സ് കേണിട്ടുണ്ടാവില്ലേ. ഭൂമി പിളർന്ന് എല്ലാം ഇല്ലാതായിട്ടാണെങ്കിലും ഒന്ന് രക്ഷപ്പെടാൻ അവൾ ആഗ്രഹിച്ചുകാണില്ലേ ?
പെട്ടെന്ന് അവൻ എഴുന്നേററു. ഒന്നും പറഞ്ഞില്ല. ബാക്കി കേൾക്കാൻ നിന്നില്ല .
പുറത്തിറങ്ങി. ഉള്ളിൽ അവളുടെ വേദനയായിരുന്നു.
ജീവിതം മുഴുവൻ ആ വേദന സഹിച്ച അവളെ കാണുവാൻ തനിയ്ക്കു ശക്തിയില്ലെന്ന് അവന് തോന്നി. വിടരാതെ കൂമ്പിനിൽക്കുന്ന ചെമ്പകപ്പൂവിനുള്ളിലെ കണ്ണീർ ...അത് തന്നെ തളർത്തുകയേ ഉള്ളൂ...
ഒരു ജീവിതം കൊടുക്കുകയല്ലേ വേണ്ടതെന്ന് മനസ്സിൻെറ ഒരു ഭാഗം തോണ്ടിക്കൊണ്ടിരുന്നു.
ചെരുപ്പിട്ട് തിരിഞ്ഞ് നോക്കാതെ നടന്നകലുമ്പോൾ തോട്ടത്തിലെ പനിനീർദലങ്ങൾ ഒന്നൊന്നായി കാററിലടർന്നു കഴിഞ്ഞിരുന്നു.
ശാലിനി മുരളി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot