കാലത്തിന്റെ കൈവെള്ളയിൽ
പുകയുന്ന ചിലതുണ്ട്. .
പറയാൻ മറന്ന തീക്കനൽ
പോലൊരിഷ്ടമുണ്ട്.....
നോവ്കുഴികളിൽ പതിയിരുന്ന
ചതികളുണ്ട്....
വിടപറച്ചിലരുതാത്ത ചിലരുടെ
യാത്രകളുണ്ട്...
വാക്കുകളുടെ നൂലറ്റമിറുത്ത ചില
തേങ്ങലുകളുണ്ട്....
പലകുറിയോർക്കാൻ മടിക്കും
ഭയങ്ങളുണ്ട്....
കാലത്തിന്റെ കൈവെള്ളയിലെന്നും
ചിലതുണ്ട്....
ആർക്കോ വേണ്ടി കാത്ത് വയ്ക്കുന്ന
ചിലതുണ്ട്...
കാലത്തിന്റെ കൈപ്പിടിയിൽ പലതരം
വീഞ്ഞുകളുണ്ട്...
പഴകുംതോറും വീര്യമേറുന്നവയുടെ
വൻഭരണികളുണ്ട്....
കാലത്തിന്റെ മടിക്കുത്തിൽ ആരുമറിയാ
ചിലതുണ്ട് ....
വിഴുപ്പിൻ കിഴികളിലൊരു
ചീഞ്ഞ നാറ്റമുണ്ട്...
പേറ്റ്നോവിന്റെ വീർപ്പിലലയുന്ന
വാക്കുകളുണ്ട്...
കാലത്തിന്റെ കൈവെള്ളയിൽ
ഇനിയും പലതുണ്ട്.....
പലതും ഗൂഢമാകുന്നത് നിവർത്താതെ
ചുരുട്ടിയ കരങ്ങളിലാണ്.....
By
Anamika
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക