Showing posts with label AswathyJoyArakkal. Show all posts
Showing posts with label AswathyJoyArakkal. Show all posts

അമ്മയ്ക്കായ്


"നിനക്കൊരു വിവാഹം വേണമായിരുന്നുവെങ്കിൽ അതു നല്ല പ്രായത്തിൽ ആകാമായിരുന്നില്ലേ ലക്ഷ്മി? ഇതിപ്പോൾ മക്കള് പ്രായപൂർത്തി ആയി. മകളെ കെട്ടിച്ചയച്ചു പേരകുട്ടിയും ആയി, മകനെ കെട്ടിക്കേണ്ട പ്രായത്തിലാ അവളുടെയൊരു മുതുകൂത്ത്. നീയീ പ്രായത്തിലൊരു വിവാഹം കഴിച്ചാൽ നിവ്യമോളെ കെട്ടിച്ചയച്ച വീട്ടിൽ അവൾക്ക് പിന്നെന്താ ഒരു വില? നീരവിനു നല്ലൊരു വീട്ടിൽ നിന്നും പിന്നൊരു ബന്ധം കിട്ടുമോ? അങ്ങനെ എന്തെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നീ? "

ലക്ഷ്മിയുടെ മരിച്ചുപോയ ഭർത്താവ് ശേഖരന്റെ ചേട്ടൻ ശിവദാസൻ അമ്മയോട് കയർക്കുന്നത് കേട്ടുകൊണ്ടാണ് ലക്ഷ്മിയുടെ മകൻ നീരവ് വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേക്ക് വന്നുകയറുന്നത്. നീരവ് നോക്കുമ്പോൾ ശിവദാസൻ വല്യച്ഛൻ ഒറ്റയ്ക്കല്ല അച്ഛന്റെ രണ്ടുപെങ്ങന്മാരും കെട്ടിച്ചയച്ച നീരവിന്റെ പെങ്ങൾ നിവ്യയും അടക്കം വലിയൊരു പട തന്നെയുണ്ട് അമ്മയെ ക്രോസ്സ് ചെയ്യാൻ. എല്ലാവരുടേയും മുന്നിൽ തലകുനിച്ചു ഒരു അപരാധിയെ പോലെ നിൽക്കുകയാണ് അമ്മ.

"ഉത്തരം ഞാൻ പറഞ്ഞാൽ മതിയോ? " എന്ന ചോദ്യം കേട്ട എല്ലാവരും നോക്കുന്നത് നീരവിന്റെ മുഖത്തേക്കാണ്.

"എന്താ എല്ലാവർക്കും അറിയേണ്ടത്? എന്നോടു ചോദിക്കാം? " സ്വല്പം ഗൗരവത്തിൽ തന്നെ നീരവ് പറഞ്ഞു.

"അല്ല മോനെ ഈ പ്രായത്തിൽ ഇനി ലക്ഷ്മിക്കൊരു വിവാഹത്തിന്റെ ആവശ്യമുണ്ടോ.. അതെല്ലാവർക്കും നാണക്കേടല്ലേ? " ഞങ്ങളത് സംസാരിക്കുകയായിരുന്നു നീരവിന്റെ അച്ഛൻ പെങ്ങൾ പറഞ്ഞു.

"ഈ പ്രായത്തിൽ എന്റെ അമ്മ ഒരു വിവാഹം കഴിക്കുന്നതിൽ നാണക്കേടുള്ളവരൊന്നും ഇനി ഈ പടി കയറണമെന്നില്ല. പിന്നെ ഈ പ്രായത്തിൽ എന്റെ അമ്മ വിവാഹം കഴിക്കുന്നതിൽ നാണക്കേടുള്ള അപ്പച്ചി തന്നെയാണല്ലോ കുറച്ചുനാൾ മുൻപ് അപ്പച്ചിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യ മരിച്ചപ്പോൾ അദ്ദേഹത്തെ കൊണ്ട് രണ്ടാമതൊരു വിവാഹം കഴിപ്പിക്കാൻ മുൻകൈയ്യെടുത്തതും എല്ലാത്തിനും മുന്നിൽ നിന്നതും. അദ്ദേഹത്തിന് അറുപതു വയസ്സ് പ്രായവും അന്നുണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് അൻപത് തികഞ്ഞിട്ടില്ല ഇതുവരെ " നീരവ് കുറച്ചു ഗൗരവത്തിൽ തന്നെ പറഞ്ഞു.

"ആണുങ്ങളെ പോലെ ആണോ പെണ്ണുങ്ങള്. ആണുങ്ങൾക്ക് എന്തിനും ഒരു കൈസഹായം വേണം. ഭാര്യയില്ലാതെ തനിച്ചു ജീവിക്കാൻ അവർക്ക് പാടാ.. അതുപോലെ ആണോ ഇവളുടെ മുത്തുകൂത്ത്. അങ്ങനെ കെട്ടാൻ മുട്ടി നിൽക്കുവായിരുന്നെങ്കിൽ ശേഖരൻ മരിച്ച സമയത്ത് ആ ചെറുപ്രായത്തിൽ ആരെയെങ്കിലും പിടിക്കാമായിരുന്നില്ലേ ഇവൾക്ക്? അല്ലാതെ ഈ വയസ്സാംകാലത്ത് നാട്ടുകാരെക്കൊണ്ട് പറയിക്കാൻ.. എന്റെ ശേഖരന്റെ ആത്മാവ് ഇതൊക്ക എങ്ങനെ സഹിക്കുമോ ആവോ? " അപ്പച്ചി സാരിത്തലപ്പ് കൊണ്ട് കണ്ണീരൊപ്പിയ ശേഷം പറഞ്ഞു.

"അച്ഛന്റെ ആത്മാവിന് വേദനിക്കുന്ന കാര്യമോർത്തു കള്ളക്കണ്ണീരൊഴുക്കല്ലേ അപ്പച്ചി. എന്റെ അച്ഛൻ മരിക്കുമ്പോൾ നിവിയേച്ചിക്ക് ഏഴുവയസ്സാ എനിക്ക് നാലും. അതുവരെ അച്ഛന്റെ തണലിൽ ജീവിച്ച അമ്മ എട്ടുപൊട്ടും തിരിയാത്ത ഞങ്ങൾ മക്കളേയും ചേർത്തു പിടിച്ച് ഇനി മുന്നോട്ടെന്ത് എന്നാലോചിച്ചൊരു എത്തുംപിടിയും ഇല്ലാതെ നിന്നപ്പോൾ ഈ പറയുന്ന അപ്പച്ചിയടക്കം ആരും ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല. അന്ന് അച്ഛന്റെ ആത്മാവിനു വേദനിച്ച അത്രയൊന്നും ഇനി ഏതായാലും വേദനിക്കാൻ പോകുന്നില്ല. അതുകൊണ്ട് ആ സെന്റിമെൻസ് അപ്പച്ചി വിട്.. " നീരവ് അത്രയുംപറഞ്ഞപ്പോൾ അപ്പച്ചിയടക്കം പലരും വായടഞ്ഞ പോലെ നിശ്ശബ്ദരായിരുന്നു.

നീരവ് തുടർന്നു...

"അന്നുതൊട്ട് ഒരു സുഖമോ സന്തോഷമോ എന്റെ അമ്മ അറിഞ്ഞിട്ടില്ല. ഒരു ജീവിതം മുഴുവൻ ഈ പാവം ഉഴിഞ്ഞു വെച്ചത് ഞങ്ങൾ മക്കൾക്ക് വേണ്ടി ആയിരുന്നു. മുണ്ടുമുറുക്കി ഉടുത്ത് കഷ്ടപ്പെട്ടാ അമ്മ ഞങ്ങളെ ഈ നിലയിൽ എത്തിച്ചത്.. അതൊന്നും ഇവർക്ക് അറിയില്ലെങ്കിലും നിനക്കറിയാവുന്നതല്ലേടി നിവിയേച്ചി. എന്നിട്ട് നീയും ഇവർക്കൊപ്പം ചേർന്ന് അമ്മയെ പ്രതിക്കൂട്ടിൽ നിർത്തിയല്ലേ? അല്ലെങ്കിലും എല്ലാവർക്കും സ്വന്തം ജീവിതം ആണല്ലോ വലുത്. അന്ന് അമ്മ സ്വന്തം സുഖവും സന്തോഷവും നോക്കി പോയിരുന്നെങ്കിൽ ഇന്നിങ്ങനെ ചോദ്യം ചെയ്യാൻ മാത്രം നമ്മൾ വളരുമായിരുന്നില്ല. അതു നീ ഓർത്തോ.. "

നീരവ് പറയുന്നതെല്ലാം കേട്ടുകൊണ്ട് കുറ്റബോധത്തോടെ കണ്ണുനിറച്ചു നിൽക്കാനേ നിവ്യക്കായുള്ളൂ..

"പിന്നെ അപ്പച്ചി, ആണുങ്ങളെ പോലെ തന്നെ സ്ത്രീകൾക്കും മനസ്സും ആഗ്രഹങ്ങളും ഉണ്ട്. മുതുകൂത്ത് എന്നും പറഞ്ഞു നിങ്ങൾ ആക്ഷേപിച്ചില്ലേ? കെട്ടാൻ മുട്ടി നിൽക്കുവായിരുന്നോ? എന്നു ചോദിച്ചു പരിഹസിച്ചില്ലേ. നിങ്ങളൊക്കെ കരുതുന്നത് പോലെ ശരീരസുഖത്തിനു വേണ്ടി മാത്രമല്ല വിവാഹം.. ഒരു കൂട്ട്.. സങ്കടങ്ങളിൽ ചാരാനൊരു തോൾ.. സന്തോഷങ്ങൾ പങ്കുവെയ്ക്കാനൊരു ഹൃദയം.. അങ്ങനെ പലതുമാണൊരു പങ്കാളി.. മഞ്ഞപിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായി തോന്നും അതുകൊണ്ടാണ് നിങ്ങൾ എല്ലാം ആ കണ്ണിലൂടെ മാത്രം കാണുന്നത്. പിന്നെ ഇനി നിങ്ങളൊക്കെ പറഞ്ഞത് പോലെ ആണെങ്കിൽ തന്നെ എന്താ അതിലൊരു തെറ്റ്.. എന്റെ അമ്മ രഹസ്യമായി ഇവിടെ ആരേയും വിളിച്ചു കയറ്റുക ഒന്നും അല്ല ചെയ്തത്.. നാലാളറിഞ്ഞു പരസ്യമായി വിവാഹം കഴിക്കാനാ പോകുന്നത്...ഡേറ്റ് തീരുമാനിക്കുമ്പോൾ ഞങ്ങൾ വന്നു ക്ഷണിക്കും. ഇഷ്ടമുള്ളവർക്ക് വന്നു പങ്കെടുക്കാം. "

"പിന്നെ ഞങ്ങൾക്ക് ഒരു കൈത്താങ്ങിന് ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷങ്ങൾ ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. അന്നൊന്നും തിരിഞ്ഞു നോക്കാത്തവരുടെ ഉപദേശം ഇപ്പോൾ വേണ്ട. കുറ്റം പറയാനായി മാത്രം ആരും ഈ പടി കയറണമെന്നും ഇല്ല.. പിന്നെ രണ്ടാംവിവാഹം എന്നത് ലോകത്ത് നടക്കാത്തതൊന്നും അല്ലല്ലോ.. "

അത്രയും എല്ലാവരേയും നോക്കി പറഞ്ഞ ശേഷം "അമ്മേ ചായ എടുത്ത് വെക്ക്. ഞാനൊന്നു ഫ്രഷ് ആയി വരാം " എന്നും പറഞ്ഞു നീരവ് റൂമിലേക്ക് പോയി. വന്നവരൊക്കെ പല്ലിറുമ്മിക്കൊണ്ട് പുറത്തേക്കും ഇറങ്ങി.

"എല്ലാവരേയും വെറുപ്പിച്ചിട്ട് എന്തിനാ മോനേ ഈ വിവാഹം.. " ചർച്ചയും തീരുമാനങ്ങളും കഴിഞ്ഞു എല്ലാവരും പടിയിറങ്ങിയപ്പോൾ ലക്ഷ്മി മകനോടായി ചോദിച്ചു.

മറുപടിയായി നീരവ് അമ്മയെ ചേർത്തു പിടിച്ചു എന്നിട്ട് പുഞ്ചിരിയോടെ പറഞ്ഞു .. "എത്രയൊക്കെ സ്നേഹമുണ്ടെന്നു പറഞ്ഞാലും ഞങ്ങൾ മക്കൾക്ക് പല പരിമിതികളും ഉണ്ട്.. അതു ഞാൻ മനസ്സിലാക്കിയത് ചേച്ചിയുടെ വിവാഹത്തോടെയാണ്. എപ്പോഴും അമ്മ എന്നു പറഞ്ഞു നടന്നവൾക്ക് പലപ്പോഴും സ്വന്തം കുടുംബത്തിലെ തിരക്കായപ്പോൾ അമ്മയെ ഒന്നു വിളിക്കാൻ പോലും പലപ്പോഴും സമയം തികയാതായി. അതവളുടെ കുറ്റമല്ല. സാഹചര്യങ്ങൾ ആണ്. അവള് പോയതോടെ അമ്മ ഒരുപാട് ഒറ്റപ്പെട്ടതായി എനിക്ക് തോന്നി. അതിനു ശേഷമാണ് വർഷങ്ങൾ ആയുള്ള അമ്മയുടെ ഏകാന്തവാസത്തെപ്പറ്റി ഞാൻ കൂടുതൽ ചിന്തിക്കുന്നത്. അമ്മയുടെ മനസ്സു മനസ്സിലാക്കിയപ്പോൾ, ഒറ്റപ്പെടൽ തിരിച്ചറിഞ്ഞപ്പോൾ അമ്മയ്ക്കൊരു കൂട്ട് വേണം എന്ന് ഞാൻ ആഗ്രഹിച്ചതും അതുകൊണ്ടാണ്. പറയുന്നവർ പറയട്ടെ അമ്മേ.. എനിക്ക് അമ്മയുടെ സന്തോഷമാണ് വലുത്.... മറ്റാരെന്ത് പറഞ്ഞാലും എനിക്ക് ഒരു പ്രശ്നവുമില്ല. അമ്മ സന്തോഷമായിരുന്നാൽ മതി. പിന്നെ എന്റെ ഭാവിയെപ്പറ്റി ഓർത്തു അമ്മ വിഷമിക്കണ്ട. ഇതൊക്ക ഉൾക്കൊള്ളാൻ ആകുന്നൊരു കുട്ടി എന്റെ ജീവിതത്തിലേക്ക് വരും.. അതെനിക്കുറപ്പാ.. "

"വരും മോനെ. അവൾ ഭാഗ്യവതിയും ആയിരിക്കും. പെറ്റമ്മയെ മനസ്സിലാക്കിയവൻ അവളേയും പൊന്നുപോലെ നോക്കും എന്നെനിക്കുറപ്പുണ്ട്.. മനസ്സിലാക്കപ്പെടുക എന്നതാണ് ഒരു പെണ്ണിന്റെ ഏറ്റവും വല്യഭാഗ്യം.." നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് ലക്ഷ്മിയമ്മ പറഞ്ഞു.

"ഞങ്ങൾക്ക് വേണ്ടി ജീവിച്ച അമ്മയുടെ മനസ്സും ഒറ്റപ്പെടലുമെല്ലാം വെറും സ്വാർത്ഥതയുടെ പേരിൽ കണ്ടില്ല എന്നു നടിക്കാൻ എനിക്കാവില്ല.. അമ്മയ്ക്കൊരു കൂട്ട് വേണം. അതു മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെങ്ങനെ നല്ലൊരു മകനാകും. പിന്നെ നമ്മൾ എന്ത് ചെയ്താലും പറയാനുള്ളവർ പറഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ട് മറ്റുള്ളവർ എന്ത് പറയുമെന്ന് കരുതിയല്ല നമ്മുടെ സന്തോഷങ്ങൾക്കായാണ് നമ്മൾ ജീവിക്കേണ്ടത്... " സ്നേഹക്കടലായി മകനത് പറയുമ്പോൾ "സ്നേഹം എന്നത് വെറും വാക്കുകളിൽ ഒതുങ്ങേണ്ട ഒന്നോ, നമ്മുടെ ഇഷ്ടത്തിന് മറ്റൊരാൾ ജീവിക്കണമെന്ന സ്വാർത്ഥതയോ അല്ല.. പരസ്പരമുള്ള കരുതലാണ്.. ബഹുമാനിക്കലാണ്.. മനസ്സിലാക്കലാണ് സ്നേഹം.. എന്ന വാക്യത്തിന് കൂടെ അവിടെ അടിവരയിടുകയായിരുന്നു.. "

Aswathy Joy Arakkal...

ഭാര്യ


"സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ രമേശേട്ടന്റെ അമ്മയാണ് നിങ്ങളെന്നെ കാര്യം മറന്നെനിക്കു പെരുമാറേണ്ടി വരും.. വെറുതെയല്ല നാട്ടില് കൂണ് പോലെ വൃദ്ധസദനങ്ങള് പൊട്ടിമുളക്കണതു, നിങ്ങളെ പോലുള്ളവരുടെ കൂടെയൊക്കെ ജീവിക്കാൻ ആർക്കു പറ്റും... "

ഇത്രയും പറഞ്ഞു അമ്മക്ക് നേരെ വിരൽ ചൂണ്ടി കയർക്കുന്ന ഭാര്യയെ കണ്ടുകൊണ്ടാണ് വൈകിട്ട് ഓഫീസിൽ നിന്നു വന്ന രമേശൻ വീട്ടിലേക്കു കയറുന്നതു.......ഓഫീസിലെ നൂറു കൂട്ടം ടെൻഷനും കഴിഞ്ഞു വീട്ടിലെത്തുമ്പോഴും സ്വൈര്യം ഇല്ലെന്നു വെച്ചാ... രമേശൻ ദേഷ്യം കൊണ്ട് നിന്നു വിറച്ചു...

"രാജി.. "ക്രോധത്തോടെ അയാൾ ഉറക്കെ വിളിക്കുന്നതും അവളുടെ മുഖത്തയാളുടെ കൈ പതിയുന്നതും ഒരുമിച്ചായിരുന്നു...

എന്റെ അമ്മയെ ഭീഷണിപ്പെടുത്തിയിട്ടു, ഇവിടെ സുഖിച്ചു വാഴാം എന്നു ആരും കരുതണ്ട... മര്യാദക്ക് മാപ്പ് പറയടി...

"രമേശേട്ടാ ഞാൻ... " രാജിയുടെ കണ്ണു നിറഞ്ഞു വന്നു...

"രമേശാ ഭാര്യയെ തല്ലുന്നത് അന്തസ്സാണെന്നു നിന്നെയാരാടാ പഠിപ്പിച്ചത്.. മോള് റൂമിലേക്ക്‌ പൊയ്ക്കോ..." അപ്പോഴേക്കും രമേശന്റെ അച്ഛനും അവിടേക്കെത്തി..

നിറഞ്ഞ കണ്ണുകളും തുടച്ചു അവൾ ഒന്നും മിണ്ടാതെ റൂമിലേക്ക്‌ പോകുന്നത് കണ്ടിട്ടും അയാൾക്കൊരു കുറ്റബോധവും തോന്നിയില്ല... തന്റെ അമ്മയ്ക്ക് നേരെ വിരൽ ചൂണ്ടിയവളെ തല്ലിയതിയിൽ കുറ്റബോധം തോന്നേണ്ട ആവശ്യമില്ലല്ലോ...

ആരും ഒരു സ്വസ്ഥതയും തരില്ലെന്ന് പൊറുപൊറുത്തു കൊണ്ട് ദേഷ്യത്തിൽ ബൈക്ക് എടുത്തു രമേശൻ പുറത്തേക്കിറങ്ങി..

********

"അവരെ തമ്മിൽ തല്ലിച്ചപ്പോൾ നിനക്ക് സമാധാനയോ ദേവി... " അല്പസമയത്തിനു ശേഷം റൂമിലേക്ക്‌ വന്ന ഭാര്യ ദേവിയെ നോക്കി രമേശന്റെ അച്ഛൻ ശ്രീധരമേനോൻ ചോദിച്ചത് കുറച്ചു ദേഷ്യത്തിൽ തന്നെയാണ്...

"ഞാനെന്തു ചെയ്തൂനാ... അവളുടെ വായിൽ നിന്നു വന്നതൊന്നും ശ്രീധരേട്ടൻ കേൾക്കാഞ്ഞിട്ടാ.. പെറ്റ തള്ളയോട് അങ്ങനെയൊക്കെ പറയുന്നത് കേട്ടാൽ ആരായാലും തല്ലിപോകും.. എന്റെ മോനെ അമ്മയെന്ന് വെച്ചാ ജീവനാ.. അല്ലെങ്കിലും അവൾക്കു രണ്ടു തല്ലിന്റെ കുറവുണ്ട്... എന്നാലും അവൻ തല്ലണ്ടായിരുന്നു " ഒരു ഒഴുക്കൻ മട്ടിൽ ദേവിയമ്മ പറഞ്ഞൊപ്പിച്ചു...

"നല്ല നാല് തല്ലു തരേണ്ട സമയത്ത് ഞാൻ നിനക്ക് തന്നിരുന്നെങ്കിൽ ഇപ്പൊ എന്റെ മോനെങ്കിലും സമാധത്തോടെ ജീവിച്ചു പോയേനെ.. ഇപ്പൊ കിടന്നു മരുമോളുടെ മുതുകത്തു കയറുന്ന നീ കെട്ടി കേറി വന്ന അന്നു മുതൽ എന്റമ്മ മരിക്കണ വരെ ഇവിടെ എന്തായിരുന്നു അങ്കം. എന്തായാലും അത്രേ ഒന്നുല്ല രാജിമോള്. എന്തിനധികം എന്റെ അമ്മയുടെ പോര് സഹിക്കാൻ പറ്റില്ല എന്നു പറഞ്ഞു ഞാൻ ഗൾഫിലായിരുന്ന സമയത്തൊക്കെ സ്വന്തം വീട്ടിൽ തന്നെയല്ലായിരുന്നില്ലേ നീ എന്നിട്ടിപ്പോ.. " ശ്രീധരമേനോനു ദേഷ്യം നിയന്ത്രിക്കാൻ ആയില്ല....

"അല്ലെങ്കിലും നിങ്ങളെന്നും മരുമോളുടെ ഭാഗത്തല്ലേ നിൽക്കു...." ദേവിയമ്മ കെർവിച്ചു...

"പിന്നല്ലാതെ... രാജി അവസാനം പറഞ്ഞ വാചകം കേട്ടിട്ടല്ലേ അവനു ദേഷ്യം വന്നത്... അതിനു മുൻപ് നീ പറഞ്ഞതൊക്കെ ഞാനും കേട്ടിരുന്നു.. പിന്നെ പെണ്ണുങ്ങള് തമ്മിൽ പറയുന്നതിന്റെ ഇടേലു കേറി രംഗം വഷളാക്കണ്ടാന്നു വെച്ചു മിണ്ടാതിരുന്നതാ ഞാൻ..

നിന്റെ മോനെ കറക്കിയെടുത്തെന്നാരോപിച്ചു അവളുടെ അമ്മയുടെ സ്വഭാവം ശെരിയല്ല എന്നുവരെ പറഞ്ഞില്ലേ നീ.. ആട്ടക്കാരി എന്നു സ്വന്തം അമ്മയെപ്പറ്റി ആരെങ്കിലും പറഞ്ഞാ നീ സഹിക്കോ..... സ്വന്തം അമ്മയോട് അവള് ദേഷ്യപ്പെട്ടു കണ്ടപ്പോ നമ്മുടെ മോനുണ്ടായ അതേ വികാരം അവളുടെ അമ്മയെപ്പറ്റി നീ പറഞ്ഞപ്പോ അവൾക്കും വന്നു.. അതിനെ അങ്ങനെ കണ്ടാമതി...

അതും ആ കുഞ്ഞുങ്ങളുടെ ചെറുപ്പത്തിലെ ഭർത്താവ് മരിച്ചു പോയിട്ടും വേറൊരു വിവാഹം പോലും കഴിക്കാതെ മക്കൾക്കായി ജീവിച്ച അമ്മയെപ്പറ്റി അങ്ങനൊക്കെ കേട്ടാ ഏതു മക്കളാ... തല്ലിയാൽ പോലും തെറ്റ് പറയാൻ സാധിക്കില്ല.. "

"മനഃപൂർവം അല്ല ഏട്ടാ.. പെട്ടന്ന് വന്ന ദേഷ്യത്തിലു ഞാൻ... " അവർ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു...

പലതും മനഃപൂർവം തന്നെയാണ് ദേവി... അല്ലെന്നു നീ വെറുതെ ന്യായീകരിക്കാൻ ശ്രമിച്ചാലും സത്യം അതാകില്ലല്ലോ...

പ്രേമിച്ചു എന്നു പറഞ്ഞു മരുമകൾക്ക് മാത്രം കുറ്റം... അവള് തനിച്ചല്ലല്ലോ നമ്മടെ മോനും മനസ്സ് വെച്ചാൽ അല്ലേ പ്രണയിക്കാൻ പറ്റു.. പ്രേമിച്ചാലെന്താ കുഴപ്പം ദേവി.. രണ്ടു പേരും പഠിച്ചു ജോലിയുള്ള, പക്വതയുള്ളവർ... അന്തസ്സായി വീട്ടിൽ കാര്യം അവതരിപ്പിച്ചു കല്യാണം കഴിഞ്ഞു കുഞ്ഞുമായി... എന്നിട്ടിപ്പോഴും മോനെ കറക്കി എടുത്തവൾ എന്ന പഴി അവൾക്കു... നാണം ആകില്ലേ തനിക്കു..

"ഓ... ആ നാണക്കേട് ഞാനങ്ങു സഹിച്ചു... " ഭർത്താവ് പറഞ്ഞതൊക്കെ സത്യങ്ങളാണെങ്കിലും അംഗീകരിക്കാൻ തയ്യാറാകാതെ ദേവിയമ്മ ഇരുന്നു...

നാണക്കേട് മാത്രോ, അവളുണ്ടാക്കണതൊക്കെ മൂക്കുമുട്ടെ കഴിച്ചിട്ട് കറിക്കു ഉപ്പില്ല, ചായക്ക്‌ കടുപ്പമില്ല തുടങ്ങി പതിനാലാം നൂറ്റാണ്ടിലെ അമ്മായമ്മമാരുടെ പോലത്തെ സ്വഭാവം നീയെടുക്കുമ്പോ പലപ്പഴും ഞാൻ വിചാരിച്ചിട്ടുണ്ട് ഇത്രയ്ക്കു സ്റ്റാൻഡേർഡ് കുറവാണോ നിനക്കെന്നു...

എല്ലാം പറയുന്നതിനു ഒപ്പം ആ കുട്ടിയുടെ അമ്മക്കിട്ടൊരു കുത്തും... വളർത്തുദോഷം ആരോപിച്ചു .. ഇവിടുന്നു പോകുമ്പോ നമ്മുടെ മോൾക്ക്‌ ഒരു ചായ ഇടാനെങ്കിലും അറിയാമായിരുന്നോ എന്നു ഓർത്തിട്ടാണോ ഈ അഹങ്കാരമൊക്കെ... അവളെ കൊണ്ട് പോയത് എന്റെ പെങ്ങളുടെ കുടുംബത്തേക്കായത് ഭാഗ്യമായി.. ഇല്ലെങ്കിൽ കാണാമായിരുന്നു..

മാത്രോ ... അവരൊരുമിച്ചൊരു യാത്ര പോകുമ്പോ, അല്ലെങ്കി അവളുടെ വീട്ടില് രണ്ടൂസം നിക്കാൻ പോകുമ്പോ എല്ലാം എന്തെങ്കിലും അസുഖം അഭിനയിച്ചു മുടക്കാൻ നോക്കാറുള്ള നീ മോനും മരുമോളും ടൂർ പോകുന്നതൊക്കെ അയല്വക്കതൊക്കെ പറഞ്ഞു ആഘോഷിക്കാറുണ്ടല്ലോ ... ഇപ്പോഴത്തെ പിള്ളേരുടെ ട്രോളു പോലെ മോനും, മരുമോളും സന്തോഷിച്ചാല് അവൻ പെങ്കോന്തൻ ... മോളും മരുമോനുമാണെങ്കിലോ അവൻ കുടുംബ സ്നേഹിയും ...അല്ലേ..

നമ്മടെ മോളും മോശൊന്നും അല്ലല്ലോ.. വല്ലപ്പോഴും നിൽക്കാൻ വരുമ്പോ നിനക്ക് നല്ല എരിവെച്ചു തന്നിട്ടല്ലേ പോകാറ്...

ഇതൊക്ക നീ ചെയ്തിട്ടും നിനക്ക് യൂട്രസ് റിമൂവ് ചെയ്തു റെസ്റ്റായി കിടന്നപ്പോ വീട്ടിലിരിക്കണ മോളാണോ വന്നു നോക്കിതു അല്ലല്ലോ.. അതിനു മരുമോള് വേണം ..എത്ര ദിവസം ആ കുട്ടി ലീവെടുത്തു നിനക്ക് കൂട്ടിരുന്നു.. എന്നിട്ടും ആവശ്യം കഴിഞ്ഞപ്പോ..

കൊച്ചുമക്കളുടെ കാര്യത്തിലു പോലും നിനക്ക് വേർതിരിവല്ലേ ... നീ ഒന്ന് മനസ്സ് വെച്ചാ അവൾക്കു ജോലിക്ക് പോകുമ്പോ ആ പൊടിക്കുഞ്ഞിനെ ഡേ കെയറിലാക്കണോ ...ഉണ്ണിക്കുട്ടനെ നോക്കേണ്ടത് നിന്റെ കൂടെ കടമയല്ലേ.. അതു ചെയ്യാതിരിക്കാൻ മാത്രം ശാരീരിക പ്രശ്നങ്ങളൊന്നും നിനക്കില്ലല്ലോ... ഇതൊക്കെ ശെരിയാണോ ദേവി..

"ഞാനും എന്റെ മോളും മാത്രം ചീത്ത... നിങ്ങടെ മരുമോള് ദേവത... എന്നാ എടുത്തു തലേല് വെച്ചോ... "

ഞാൻ ആരെയും തലേല് വെക്കുന്നില്ല . കണ്ടത് പറഞ്ഞു അത്രേയുള്ളൂ..

എന്റെ കുറ്റം പറഞ്ഞു കഴിഞ്ഞെങ്കിൽ കിടന്നുറങ്ങാൻ നോക്ക് ... മനസ്സിൽ ചിലതൊക്കെ കൊണ്ടെങ്കിലും ഒന്നുമറിയാത്ത ഭാവത്തിൽ ദേവിയമ്മ കിടന്നു...

അതല്ല ദേവി... നിന്നെ മാത്രം കുറ്റപ്പെടുത്തുന്നതല്ല... ആ കുട്ടീടെ ഭാഗത്തും തെറ്റും കുറ്റവുമൊക്ക ഉണ്ട്... അതൊക്ക പറഞ്ഞു തിരുത്തി കൊടുക്കുന്നതിനും, ക്ഷമിക്കുന്നതിനും പകരം നീ എന്താ ചെയ്യണേ ... ഒട്ടും പക്വത കാണിക്കാതെ പരസ്പരം പോരടിച്ചു കുടുംബസമാധനം കളയുന്നു ..

ഇപ്പൊ എന്താ ഇണ്ടായേ... രമേശൻ ആ കുട്ടിയെ തല്ലി... എന്തിന്റെ പേരിലായാലും ഭാര്യയെ തല്ലുന്നത് അന്തസ്സില്ലാത്ത പ്രവർത്തി തന്നെയാണ്...

അമ്മായമ്മയും മരുമോളും തമ്മിലു പോരടിക്കുന്നതു അന്താരാഷ്ട്ര പ്രശ്നമൊന്നുമല്ല പക്ഷെ അതിന്റെ പേരിൽ അവനാ കുട്ടിയെ തല്ലിയിട്ടും ഒരു വിഷമവും ഇല്ലാതെ നീ ഭക്ഷണവും കഴിച്ചു റൂമിലേക്ക്‌ വന്നു... അവര് വല്ലതും കഴിച്ചോ കുടിച്ചോന് അന്വേഷിച്ചോ നീ... ഇന്ന് നമ്മടെ മോളാണ് ഇങ്ങനെ സംഭവിച്ചു പട്ടിണി കിടക്കണെങ്കിലു നീ ഇങ്ങനെ ഒന്നും സംഭവിക്കാത്ത പോലെ പെരുമാറോ... മരുമോള് വന്നു കേറിയതല്ലേ അവളൊരു നേരം പട്ടിണി കിടന്നാൽ എന്താലെ...

"മരുമകളും ഒരു മകളാണ് അതു നീ മറക്കരുത് "

അവള് മാത്രല്ല അവനും ഒന്നും കഴിച്ചു കാണില്ല...

അതുകേട്ടപ്പോൾ ദേവിയമ്മയുടെ മനസ്സൊന്നിളകി..

**********

അച്ഛന്റെ വാക്ക് കേട്ടു സിറ്റ്ഔട്ടിൽ നിന്നു കയറി വന്ന രമേശൻ കാണുന്നത് അമ്മയും രാജിയും കൂടെ ഭക്ഷണം വിളമ്പുന്നതാണ്...

"നീ ഇതുകണ്ട് സന്തോഷിക്കണ്ടാ . ഇതു പെട്ടന്ന് എന്റെ വായിന്നു രണ്ടുകേട്ടതിന്റെ അമ്പരപ്പില് ചെയ്യുന്നതാ നിന്റമ്മ .. നാളെയാകുമ്പോ വീണ്ടും ചങ്കരൻ തെങ്ങുമേ തന്നെ ആയിക്കോളും ..."

അതുപോട്ടെ അതവരുടെ കാര്യം..

ഒന്ന് ഞാൻ പറയാം... ഇനി എന്തിന്റെ പേരിലായാലും അനാവശ്യമായി അവളുടെ മേലെ നിന്റെ കൈ പതിഞ്ഞാൽ ഇത്ര വലുതായെന്നൊന്നും നോക്കില്ല.....അടിച്ചു പല്ല് ഞാൻ കൊഴിക്കും .പെണ്ണിനെ തല്ലി അല്ല ആണത്തം കാണിക്കേണ്ടത്...

എടാ പെണ്ണുങ്ങളാകുമ്പോ ഒന്നും രണ്ടും പറഞ്ഞെന്നും, കലഹിച്ചെന്നും വരും... അവിടെ ഭാഗം ചേരാനും, ഭാര്യയെ തല്ലാനുമൊന്നും അല്ല നിൽക്കേണ്ടത്... ഇതൊക്ക ആണും പെണ്ണും ഉണ്ടായ കാലം തൊട്ടുള്ള പ്രശ്നങ്ങളാണ്.. പറയാനും പരിഹരിക്കാനും ശ്രമിച്ചു ദൈവങ്ങളു വരെ തോറ്റു പോയിട്ടുള്ള വിഷയം... അതുകൊണ്ട് അറിഞ്ഞും കണ്ടും പെരുമാറുക എന്നല്ലാതെ മാർഗമൊന്നുമില്ല മോനെ...

"അതു അച്ഛാ... " രമേശൻ നിന്നു പരുങ്ങി

"മം.. ചെല്ല്... " മേനോൻ ഗൗരവത്തിൽ പറഞ്ഞു...

പിണക്കമൊക്ക തീർത്തെല്ലാവരുമൊരുമിച്ചു ഭക്ഷണം കഴിച്ചെങ്കിലും ഭാര്യയെ തല്ലിയത് രമേശന്റെ മനസ്സിലൊരു നൊമ്പരമായി ഉരുണ്ടു കൂടിയിരുന്നു... തല്ലുകൊണ്ട രാജിയുടെ മനസ്സിലും..

മറ്റുള്ളവർക്ക് പലതും ഒറ്റവാക്കിൽ പറഞ്ഞു അവസാനിപ്പിക്കാമെങ്കിലും.. ഏറ്റവരുടെ മനസ്സിൽ ആ മുറിവൊരു പോറലായിട്ടെങ്കിലും അവശേഷിക്കാതിരിക്കില്ലല്ലോ... എല്ലാവരും മനുഷ്യരല്ലേ.... അല്ലേ..

രചന : Aswathy Joy Arakkal

അമ്മച്ചി


"ഏതുനേരവും മൊബൈലിൽ തോണ്ടി ഇരുന്നോളും, നീ വന്നിട്ടിപ്പോ രണ്ടാഴ്ചയാകുന്നു, ആ സിനികൊച്ചു പ്രസവിച്ചു കിടക്കുവല്ലേ, നിനക്കൊന്നു പോയി കാണാൻമേലേ എന്റെ അന്നമ്മേ " അമ്മച്ചി രാവിലെ തന്നെ വായിട്ടലയ്ക്കാൻ തുടങ്ങി .

" രണ്ടാഴ്ചയെന്നു പറഞ്ഞാൽ.. അതിൽ പത്തുദിവസം എബിയുടെ വീട്ടിലല്ലായിരുന്നോ അമ്മച്ചി, എന്നെ ഇവിടെ കൊണ്ടാക്കിയിട്ട് ഇന്നലെയല്ലേ എബിയങ്ങു പോയത്.. ആകെ ഇവിടെ വരുമ്പോഴാ സ്വസ്ഥവായിട്ടൊന്നു ഇരിക്കുന്നേ, അപ്പോഴേക്കും തുടങ്ങും അതുചെയ്, ഇതുചെയ്..... ഞാനവളെ പോയി കണ്ടോളാം.. അമ്മച്ചിയൊന്നു മിണ്ടാതെ പോകുന്നുണ്ടോ.. " ദേഷ്യത്തോടെ ഞാൻ പറഞ്ഞു...

" ഉവ്വ, കൊറേ പോയതു തന്നെ, നീ ഒന്നും രണ്ടും പറഞ്ഞിരുന്നു ദിവസങ്ങളങ്ങു പോകും, പിന്നെ അടുത്ത തവണ വരുമ്പോൾ പോകാമെന്നു പറയും.... അതിന്റെ തള്ള മരിച്ചിട്ട് നീ ഇതുവരെ അവിടേക്കു പോയിട്ടില്ലല്ലോ.. ഇവിടെയെത്തിട്ടു അങ്ങോട്ടേക്കൊന്നു പോയില്ലെന്നു പറഞ്ഞാൽ മോശവാ.. ഞാൻ പറഞ്ഞേക്കാം.. "അമ്മച്ചി പറഞ്ഞും.

"ഞാൻ പൊയ്ക്കോളാം അമ്മച്ചി, എനിക്കൊരിത്തിരി സമാധാനം താ.. " വീണ്ടും ഞാൻ ദേഷ്യപ്പെട്ടു..

"ആകെയുള്ളൊരു പെൺതരി വർഷത്തിലൊരിക്കൽ നാട്ടിലേക്കു വരുമ്പോൾ, വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാലോ എന്നൊരു സന്തോഷവാ.. എവിടെ, അവൾക്കു മൊബൈലിൽ നിന്നും കണ്ണെടുക്കാൻ നേരം വേണ്ടേ..? ഫോൺ വിളിക്കുമ്പോൾ ഓഫീസ്, വീട് അങ്ങനെ തിരക്കോടു തിരക്ക്‌.. ഇവിടെ എത്തിയാൽ ഫോൺ.. " അമ്മച്ചി കെർവിച്ചു..

"സ്വല്പം സമാധാനം കിട്ടാനാ സ്വന്തം വീട്ടിൽ വരുന്നേ, ഇവിടെയും സ്വസ്ഥത തരില്ലെന്ന് വെച്ചാൽ.. " ഞാനും വിട്ടുകൊടുത്തില്ല..

അമ്മച്ചി പിന്നൊന്നും മിണ്ടാതെ റൂമിൽ നിന്നും പോയി ...

കുറേനേരം ഫോണിൽ തോണ്ടിയിരുന്ന ശേഷം ഫോണെടുത്തു സിനിയെ വിളിച്ചു, ഞാൻ വരുന്നുണ്ടെന്നു പറഞ്ഞു. ലിസ്സിചേച്ചി ഇല്ലാത്ത വീട്ടിലേക്കു പോകാനുള്ള മടികൊണ്ടാണ് ഓരോന്നും പറഞ്ഞു പോക്ക് വൈകിച്ചത്.. കഴിഞ്ഞ തവണ വന്നപ്പോൾ ഓടിച്ചാടി നടന്നിരുന്നയാൾ ഒരുദിവസം ഉറക്കത്തിൽ നിന്നും എണീറ്റില്ല എന്നു കേട്ടപ്പോൾ മരവിപ്പായിരുന്നു... അന്നു സിനി നാലുമാസം പ്രേഗ്നെന്റും ആയിരുന്നു.. ഇപ്പോൾ അവൾക്കു മോളുണ്ടായി, മാസം രണ്ടര കഴിഞ്ഞു.. പാവം അമ്മയില്ലാതെ.. ഒരു നെടുവീർപ്പോടെ ഞാൻ ഡ്രസ്സ്‌ മാറി പുറത്തെത്തിയപ്പോൾ മോനു കൊടുക്കാൻ തോട്ടത്തിൽ നിന്നും പെറുക്കി ചുട്ടെടുത്ത കശുവണ്ടി പരിപ്പുമായി അമ്മച്ചി എന്റെയടുത്തേക്കു വന്നു.. നേരത്തെ ഉണ്ടായ വഴക്കിന്റെ ബാക്കിയെന്നോണം, മൈൻഡ് ചെയ്യാതെ ഞാൻ മുറ്റത്തേക്കിറങ്ങി സ്കൂട്ടർ സ്റ്റാർട്ട്‌ ആക്കി.. ഈ വെയിലത്തു സ്കൂട്ടറിൽ പോകേണ്ടെന്നു അമ്മച്ചി പറഞ്ഞിട്ടും മൈൻഡ് ചെയ്യാതെ ഞാൻ വണ്ടി മുന്നോട്ടെടുത്തു.... പോകുന്ന വഴിയിൽ അവളുടെ കുഞ്ഞിനായി ഉടുപ്പുകളും വാങ്ങി..

സിനിയുടെ വീട്ടുമുറ്റത്തേക്കു കയറുമ്പോൾ ഉമ്മറത്തൊരു കസേരയിൽ ജോസേട്ടൻ, അവളുടെ പപ്പ ഇരിപ്പുണ്ട്... ഒരുവർഷം മുൻപ് ഞാൻ കണ്ട മനുഷ്യന്റെ നിഴലുപോലെ ക്ഷീണച്ചവശനായി... എന്നെ കണ്ടപ്പോൾ ചിരിക്കാനൊരു ശ്രമം നടത്തി, ജോസേട്ടനോട് എന്തൊക്കെയോ സംസാരിച്ചെന്നു വരുത്തി ഞാൻ അവൾ കിടക്കുന്ന റൂമിലെത്തുമ്പോൾ ഉറങ്ങിയ കുഞ്ഞിനെ തൊട്ടിലിൽ കിടത്തുകയായിരുന്നു അവൾ..

വല്ലാതെ ക്ഷീണിച്ചു പോയിരുന്നു അവൾ... പ്രസവിച്ചു കിടക്കുന്നൊരു പെണ്ണിന്റെ അഭയം പെറ്റമ്മ തന്നെയാണല്ലോ.. ആ കുറവ് അവിടെയാകെ കാണാനുമുണ്ടായിരുന്നു.. നോക്കാനൊരു സ്ത്രീ നിൽക്കുന്നുണ്ടെങ്കിലും പെറ്റതള്ളയ്ക്കു പകരമാവില്ലല്ലോ വേറാരും..

അവളുമായി സംസാരിച്ചിരിക്കുമ്പോഴാണ് അവിടെത്തിയോ എന്നറിയാൻ അമ്മച്ചിയെന്നെ വിളിച്ചത്.....

"ഏതുനേരവും വിളിച്ചോണ്ടിരിക്കാൻ ഞാനെന്താ ചെറിയ കൊച്ചാണോ " എന്നു ചോദിച്ചു ഞാൻ ഫോൺ കട്ട്‌ ആക്കി....

"നീയിങ്ങനെ ദേഷ്യപ്പെടാതെ അന്നേ, ആവലാതി കൊണ്ടല്ലേ അമ്മച്ചി വിളിക്കുന്നത്‌.. മമ്മി ജീവിച്ചിരിക്കുമ്പോൾ ഞാനും ഇങ്ങനെ ആയിരുന്നു.. തൊട്ടതിനും പിടിച്ചതിനുമൊക്കെ മമ്മിയോട് വഴക്കുണ്ടാക്കും... ഇന്നിപ്പോ മമ്മി ഇല്ലാതായപ്പോ അന്വേഷിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിക്കുവാ ഞാൻ.. നമ്മളെത്ര വഴക്കിട്ടാലും അമ്മമാർക്കു പിണങ്ങി ഇരിക്കാൻ ഒക്കത്തില്ല എന്ന ധൈര്യത്തിലാ നമ്മള് ഉള്ളിലുള്ള ദേഷ്യവും, സങ്കടവും, വാശിയുമൊക്കെ അവരോടു തീർക്കുന്നേ.. ഞാനും അങ്ങനെയായിരുന്നു.. എന്നാൽ ഒന്നും പറയാതെ ഒരുദിവസം എല്ലാമിട്ടേച്ചു മമ്മിയങ്ങു പോയപ്പഴാ... കുറച്ചൂടെ മമ്മിയെ സ്നേഹിക്കായിരുന്നു, മമ്മിക്കായി സമയം മാറ്റിവെക്കേണ്ടതായിരുന്നു എന്നൊക്കെ തോന്നുന്നത്.. "

"ഇന്നിപ്പോ, ഈ പ്രസവിച്ചു കിടന്ന നാളുകളിൽ മമ്മിയില്ലാതെ ഉരുകുവാ ഞാൻ.. നോക്കാൻ മോളിയമ്മ ഉണ്ട്‌... അമ്മായിയും, മേമയും, ഹരിയുടെ അമ്മയുമൊക്കെ മാറിമാറി വരാറുണ്ട്.. എന്നാൽ അവരാരും മമ്മിക്ക് പകരം ആകില്ലല്ലോ... കുഞ്ഞുറങ്ങാതെ വാശിപിടിച്ചു കരയുന്ന രാത്രികളിലൊക്കെ കുഞ്ഞിനൊപ്പം ഞാനും കരയും മമ്മിയെ ഓർത്ത്.... അതുപോലെ ലേബർ റൂമിലേക്ക്‌ കയറിയപ്പോൾ, ഹരിയുമായി പിണങ്ങുമ്പോൾ.. പെറ്റമ്മയ്ക്ക് പകരം ആകാൻ ആർക്കും പറ്റത്തില്ലടി.. "

"ഹരിയുമായുള്ള വിവാഹത്തിന് എതിര് നിന്ന അമ്മച്ചിയെ ഞാൻ വേദനിപ്പിച്ചതിനു കണക്കില്ല... തനി ഓർത്തഡോക്സ് ആയി ജീവിച്ച മമ്മിക്ക് ഒരു അന്യജാതിക്കാരനെ മകൾ വിവാഹം കഴിക്കുന്നത്‌ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കാതെ, മമ്മിയെ പറഞ്ഞു മനസ്സിലാക്കാതെ പട്ടിണികിടന്നും, വഴക്കിട്ടും ഞാൻ പ്രതിഷേധം കാണിച്ചു.. എന്നിട്ടും പാവം, പപ്പയെ പറഞ്ഞു സമ്മതിപ്പിച്ചു വിവാഹം നടത്തിതന്നു .... എന്നിട്ടും ഹരിയുമായി പിണങ്ങുമ്പോൾ "പ്രാകി നേർന്നല്ലേ കല്യാണം നടത്തിയത്, പിന്നെങ്ങനെ സന്തോഷം ഉണ്ടാകും " എന്നു ചോദിച്ചതിനെ സങ്കടപ്പെടുത്തുമായിരുന്നു ഞാൻ ..

എന്നും എനിക്കു വഴക്കുണ്ടാക്കാനും, സങ്കടങ്ങൾ ഇറക്കി വെക്കാനുമൊക്കെ ആയിരുന്നു മമ്മി .. സന്തോഷങ്ങൾ പങ്കുവെയ്ക്കാൻ ഒരുപാട് പേരുണ്ടായിരുന്നു... ഇന്നിപ്പോ നെഞ്ചുപൊട്ടുമ്പോൾ, പറയാനാരുമില്ലാതെ എല്ലാം ഉമിനീരുകൂട്ടി വിഴുങ്ങുമ്പോൾ എന്റെ മമ്മി ഉണ്ടായിരുന്നെങ്കിലെന്നു കൊതിക്കുവാ ഞാൻ.. അതിനെ ഞാൻ വേദനിപ്പിച്ചിട്ടേ ഉള്ളു..

ഇവിടെ വരുമ്പോൾ മനസ്സു തുറന്നൊന്നു മിണ്ടാതെ ഫോണും പിടിച്ചിരിക്കും... സമയാസമയത്തു വേണ്ടതൊക്കെ വെച്ചുണ്ടാക്കി തരും മമ്മി.. ഒരു സുഖവാസകേന്ദ്രം പോലെ.. എന്നാൽ മമ്മിക്കിഷ്ടമുള്ളതെന്താണെന്നു ചോദിച്ചു വാങ്ങികൊടുക്കാനോ, ഇഷ്ടമുള്ളത് വെച്ചുണ്ടാക്കി ഒരു നേരവെങ്കിലും ഊട്ടാനോ തോന്നിയിട്ടില്ലെനിക്ക്.. ആ കുറ്റബോധവൊന്നും മരിച്ചാലും എന്നെ വിട്ടുപോകില്ലടി.. അതിനൊന്നുമിനി പരിഹാരവുമില്ല..

"പനിച്ചൊക്കെ കിടക്കുമ്പോ രാത്രിയിൽ ഉറങ്ങുകേല മമ്മി, രാത്രി ഒരു അൻപതുവട്ടം വന്നു തൊട്ടുനോക്കും. ഹരിയുടെ വീട്ടിലാണെങ്കിൽ പനി കുറഞ്ഞോ എന്നു ചോദിച്ചു എപ്പോഴും വിളിക്കും.. അവസാനം ഞാൻ ദേഷ്യപ്പെടും.. ഇപ്പൊ പനിച്ചൂടിൽ ഒരു പാരസെറ്റമോളും കഴിച്ചു ചുരുണ്ടുകൂടുമ്പോൾ മമ്മിയുടെ നമ്പറും ഫോണിൽ നോക്കിയങ്ങനെ കിടക്കും... ഒരിക്കലും ആ നമ്പറിൽ നിന്നൊരു കോളും വരില്ലെന്നറിഞ്ഞുകൊണ്ടു തന്നെ.. "

"ഒടുവിൽ വിശേഷം ഉണ്ടെന്നറിഞ്ഞപ്പോൾ വന്നു എന്നോട് കൂടെവരാൻ വിളിച്ചതാ.. അടുത്തമാസം വരാമെന്നു പറഞ്ഞു വരാതിരുന്നപ്പോൾ ഇനിയൊരിക്കലും എന്റെ മമ്മിയെ കാണാൻ ഒക്കത്തില്ലെന്നെനിക്കു അറിഞ്ഞൂടായിരുന്നു അന്നമ്മേ എന്നും പറഞ്ഞു പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവളെന്നെ കെട്ടിപിടിച്ചു... "

"ഒടുവിൽ കരഞ്ഞൊരു ആശ്വാസമായപ്പോൾ.. അവൾ തുടർന്നു.. "ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളുടെ വില ആരും തിരിച്ചറിയില്ല... അവരില്ലാതായാൽ വേറെ ആരൊക്കെ ഉണ്ടെങ്കിലും ഒരർത്ഥത്തിൽ നമ്മൾ അനാഥരാ.. അതിപ്പോ അനുഭവിച്ചു കൊണ്ടിരിക്കുവാ ഞാൻ.. പപ്പയെ കണ്ടില്ലേ നീ.. തളർന്നുപോയി പാവം... വല്ലാതങ്ങു മമ്മിയെ മിസ്സ്‌ ചെയ്യുമ്പോൾ മമ്മിയുടുത്തിരുന്ന തുണിയൊക്കെ എടുത്തു മണത്തു നോക്കും ഞാൻ.. ഒരിക്കൽ ഞാൻ ശല്യമായി കരുതിയിരുന്ന ചീത്തവിളികളും, ഫോൺവിളിയും, സ്നേഹവുമൊക്കെ തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്നു കൊതിക്കുവാ ഞാനിന്നു.. "

അവള് സങ്കടത്തോടെ പറഞ്ഞ ഓരോന്നും മുള്ളുപോലെ കുത്തിത്തറച്ചത് എന്റെ നെഞ്ചിലായിരുന്നു... മനഃപൂർവ്വമല്ലെങ്കിലും കുറച്ചൊക്കെ അമ്മച്ചിയോടു ഞാനും ഇതിപോലൊക്കെ തന്നെയാണ്.. എന്റെ മാത്രം ആണെന്നുള്ളതുകൊണ്ട്...

അവളെ ആശ്വസിപ്പിച്ചു, മോളിയമ്മ കൊണ്ടുവന്ന ചായകുടിച്ചു, അവളുടെ മോളെയും കൊഞ്ചിച്ചു ഞാനവിടെ നിന്നിറങ്ങി..

അമ്മച്ചിക്കിഷ്ടപ്പെട്ട പഴംപൊരിയും വാങ്ങി വീട്ടിൽ ചെന്നു കയറുമ്പോൾ പാവം എനിക്കിഷ്ടപ്പെട്ട ചക്കയട ഉണ്ടാക്കാൻ ഉള്ള തിരക്കിലായിരുന്നു.. അമ്മച്ചിയെ കണ്ടപ്പോഴാണ് സത്യത്തിൽ നെഞ്ചിലെ തീ അണഞ്ഞത്...

കുറ്റബോധം കൊണ്ടു തകർന്ന മനസ്സുമായി ഞാൻ സോഫയുടെ മൂലയിൽ കിടന്നു .. അപ്പോഴേക്കും "വെയിലത്തു പോകരുതെന്ന് ഞാൻ പറഞ്ഞതാ, തലവേദനയായിരിക്കും.. അനുസരണയില്ലല്ലോ "എന്നുപറഞ്ഞു വിക്‌സുമായി എത്തി അമ്മച്ചി..

അമ്മച്ചിയെ അടുത്തിരുത്തി, ആ മടിയിൽ മുഖം പൂഴ്ത്തി കിടന്നപ്പോൾ ഞാനാ പഴയ അന്നമ്മ ആവുകയായിരുന്നു.. അപ്പന്റെയും, അമ്മച്ചിയുടെയും അന്നക്കൊച്ച് ... ലോകത്തെവിടെ എത്തിയാലും ഈ മടിത്തട്ടിനെക്കാൾ അപ്പുറത്തൊരു അഭയമോ, ആശ്രയമോ, ആശ്വാസമോ ഇല്ലെന്ന തിരിച്ചറിവോടെ.... അവരുള്ളിടത്തോളം മാത്രം ദേഷ്യവും, വാശിയും, വാത്സല്യവുമെല്ലാം അനുവദിക്കപ്പെട്ടവരാണ് നമ്മളിൽ പലരും എന്ന ഓർമ്മയോടെ... മാതാപിതാക്കളെ വിളിച്ചു കയറി ചെല്ലാനൊരു വീടിനേക്കാൾ വലിയ ഭാഗ്യമില്ലെന്ന സത്യമുൾക്കൊണ്ടു കൊണ്ട്...

രചന : Aswathy Joy Arakkal...

പൊറുക്കാനാകാത്ത പിഴകൾ.


ജോലി കഴിഞ്ഞ് വൈകിട്ട്, ബാങ്കിൽ നിന്നും വീട്ടിൽ വന്നു കയറിയപ്പോഴേ അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു തെളിച്ചം തോന്നി. ഒപ്പം എന്തോ അമ്മയ്ക്കെന്നോട് പറയാനുണ്ടെന്നും...

ചോദിച്ചപ്പോൾ "നീ പോയി മുഖം കഴുകി വാ, ഞാൻ ചായ എടുക്കാം.. " എന്നും പറഞ്ഞു കൊണ്ടമ്മ അടുക്കളയിലേക്കു പോയി. ആറു വയസ്സുകാരൻ അപ്പു, എന്റെ മോൻ അച്ഛനൊപ്പം പറമ്പിലൂടെ നടക്കുന്നത് കണ്ടപ്പോൾ ഞാനും അവരുടെ അടുത്തേക്ക് ചെന്നു.

"ആഹാ, നീയിതു വരെ ഫ്രഷ് ആയില്ലേ? " എന്ന ചോദ്യവുമായി മിനിറ്റുകൾക്കുള്ളിൽ അമ്മ ചായയുമായി അവിടേക്കെത്തി .

ചായയും വാങ്ങി റൂമിലേക്ക് നടന്ന എന്നെ അനുഗമിച്ച അമ്മയെ ഞാൻ ചോദ്യഭാവത്തിൽ നോക്കി..

"നീയിവിടെ ഇരിക്ക്, അമ്മയ്ക്കൊരു കൂട്ടം പറയാനുണ്ട്.. " എന്നും പറഞ്ഞെന്നെ സോഫയിൽ പിടിച്ചിരുത്തി അമ്മയും അടുത്തിരുന്നു..

"കേൾക്കുന്നതിന് മുന്നേ നീ ദേഷ്യപ്പെടരുത് " എന്ന മുഖവുരയോടെ അമ്മ പറഞ്ഞു തുടങ്ങി.

"ശാരദാമ്മയും, രാധികയും കൂടെ ഇന്നിവിടെ വന്നിരുന്നു.. രമേശനും കൂടെ വരണം എന്നുണ്ടായിരുന്നൂത്രേ, നമ്മുടെ പ്രതികരണം എങ്ങനെയായിരിക്കും
എന്നറിയാത്തതു കൊണ്ടാ.." അത്രയും പറഞ്ഞമ്മയെന്നെയൊന്നു പാളിനോക്കി..
ശേഷം ഒരു ഭാവബേധവുമില്ലാതെയിരിക്കുന്ന എന്നെ നോക്കി വീണ്ടും തുടർന്നു.

"സംഭവിച്ചു പോയതിലൊക്കെ അവർക്ക് വലിയ സങ്കടം ഉണ്ട്.. എല്ലാം മറന്നു നിന്നെ അങ്ങോട്ട് അയക്കണം എന്നു പറയാനാ അവര് വന്നത്. ഇപ്പോ രമേശൻ കുടിയൊക്കെ നിർത്തിയത്രെ. കൃത്യമായി ജോലിക്കും പോകുന്നുണ്ട്. അവന്‌ നീയും, കുഞ്ഞുമില്ലാതെ പറ്റുന്നില്ലെന്നാ ശാരദേച്ചി പറയുന്നത്.. നിന്നെ പലവട്ടം അവൻ ഫോൺ വിളിച്ചിട്ടും എടുത്തില്ലെന്നും പറഞ്ഞു... " എന്റെ അഭിപ്രായം അറിയാനെന്ന പോലെ അമ്മ വീണ്ടുമെന്നെ നോക്കി.

"കഴിഞ്ഞതൊക്കെ ഇത്ര പെട്ടന്നമ്മ മറന്നോ? ഇനിയൊരിക്കലും അവനൊപ്പം എന്റെ കുഞ്ഞിനെ വിടില്ല എന്നു പറഞ്ഞു ഞങ്ങളെ കൂട്ടിക്കൊണ്ടു വന്നത് അമ്മയും കൂടെ ചേർന്നല്ലേ? " എന്റെ നെറ്റിയിലെ മായാത്ത മുറിപ്പാടിൽ തലോടി കൊണ്ടു ഞാൻ ചോദിച്ചു.

"തെറ്റ് പറ്റാത്തത് ആർക്കാ മോളേ ? അവന്‌ കുടിപ്പുറത്തൊരു അബദ്ധം പറ്റി. വൈകി ആണെങ്കിലും എല്ലാം തിരുത്താൻ തയ്യാറായി നിൽക്കുവാ ഇപ്പോ. നമ്മള് പെണ്ണുങ്ങളല്ലേ സഹിക്കേണ്ടതും, പൊറുക്കേണ്ടതും, വിട്ടുവീഴ്ച്ച ചെയ്യേണ്ടതുമൊക്കെ ... നീയിങ്ങനെ നിന്നാൽ നാളെ നിന്റെ ആങ്ങളയ്‌ക്ക് നല്ലൊരു ബന്ധം നടക്കുവോ? ബാക്കി നിന്റെ ഇഷ്ട്ടം " അത്രയും പറഞ്ഞു ചവിട്ടി കുത്തി എണീറ്റു പോയ അമ്മയെ ഞാൻ അത്ഭുതത്തോടെ നോക്കി...

എത്ര പെട്ടന്നാണ് എല്ലാവരും കഴിഞ്ഞതൊക്കെ മറന്നു പോകുന്നത്.. സഹിക്കാനും, പൊറുക്കാനും ഉപദേശിക്കുന്നത്. എല്ലാം കേട്ടിട്ടും മൗനമായി നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ അച്ഛനും അമ്മയുടെ അതേ അഭിപ്രായമാണെന്ന് മനസ്സിലായി. എത്ര ആദർശം പറഞ്ഞാലും കെട്ടിച്ചു വിട്ട മകൾ ഭർത്താവുമായി പിരിഞ്ഞു വീട്ടിൽ വന്നു നിൽക്കുന്നത് ബാധ്യതയും, അപമാനവുമാണല്ലോ...

പതിയെ എണീറ്റ്, നിറഞ്ഞു വരുന്ന കണ്ണുകളും തുടച്ചു ഞാൻ ബെഡ്‌റൂമിൽ എത്തി, കിടക്കയിലേക്ക് വീണു... ഒപ്പം ഓർമ്മകളും എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു..

അച്ഛന്റേയും, അമ്മയുടേയും രണ്ടുമക്കളിൽ മൂത്തവൾ ആണ് ഞാൻ രമ്യ, അനിയൻ രഞ്ജിത്ത് .. M. Com കഴിഞ്ഞു ബാങ്ക് ജോലിക്ക് ശ്രമിച്ചു നടക്കുന്ന സമയത്താണ് ബാങ്കുദ്യോഗസ്ഥനായ രമേശേട്ടന്റെ ആലോചന വരുന്നത്. രമേശേട്ടന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചതാണ്. അമ്മയും, സഹോദരിയുമുണ്ട്. സഹോദരി വിവാഹിതയാണ്. ആർഭാടമായി വിവാഹം നടന്നു.

ആദ്യമൊക്കെ വലിയ സ്നേഹമായിരുന്നു രമേശേട്ടന്. വല്ലപ്പോഴും അല്‌പം മദ്യപിക്കും എന്ന ദുശ്ശീലം ഒഴിച്ചാൽ വേറെ പ്രശ്നങ്ങളൊന്നുമില്ല... പിന്നീട് ആ ശീലം കൂടി വന്നു... ഞാൻ ഗർഭിണിയായ സമയത്ത് സ്ഥിരമായി മദ്യപിക്കും എന്ന അവസ്ഥയിലേക്കെത്തി അയാൾ. പിന്നീടാണ് അറിയുന്നത് നന്നായി മദ്യപിക്കുന്ന ആളായിരുന്നുവെന്നും .. വിവാഹം ആലോചിച്ചു തുടങ്ങിയപ്പോൾ ആ ശീലം കുറച്ചതാണെന്നും .. വിവാഹസമയത്ത് പയ്യനെ പറ്റി അന്വേഷിച്ചപ്പോൾ ആരിൽ നിന്നും ഇതൊന്നും അറിയാനും സാധിച്ചിരുന്നില്ല. ഞാൻ കരഞ്ഞും, പിഴിഞ്ഞും, എല്ലാവരും ഇടപെട്ടും ആ ശീലം അപ്പോൾ നിർത്തിയെങ്കിലും ഇടയ്ക്കും, മുറയ്ക്കും വീണ്ടും തുടർന്നു...

അങ്ങനെയിരിക്കെ ഒന്നര വർഷം മുൻപ് ഞാൻ വീണ്ടും ഗർഭിണി ആയി. രമേശേട്ടന്റെ അമ്മ രാധികേച്ചിയുടെ വീട്ടിൽ ഒരാഴ്ച്ച നിൽക്കാൻ പോയ സമയം. ലിവിങ് റൂമിലിരുന്ന് പഠിച്ചുകൊണ്ടിരുന്ന അപ്പു ശർദ്ധിക്കുന്ന ശബ്ദം കേട്ടാണ് അടുക്കളയിൽ നിന്നും ഞാൻ ഓടിച്ചെന്നത്.. നോക്കുമ്പോൾ കുഞ്ഞു ശർദ്ധിക്കുകയാണ്. ഒപ്പം മദ്യത്തിന്റെ ദുർഗന്ധവും. ആരും അറിയാതിരിക്കാൻ അയാൾ മിക്സ്‌ ചെയ്തു ബാഗിൽ സൂക്ഷിച്ചിരുന്ന മദ്യം കുഞ്ഞു ജ്യൂസ്‌ ആണെന്നും കരുതി എടുത്തു കുടിച്ചതാണ്... വായിലെത്തിയപ്പോഴേ ശർദ്ധിച്ചതു കൊണ്ട് കുഞ്ഞിന് വേറെ കുഴപ്പമൊന്നും പറ്റിയില്ല..

എല്ലാം കണ്ടിട്ടും ഒരു ഭാവബേധവുമില്ലാതെ നിൽക്കുന്ന അയാളെ ഞാൻ രൂക്ഷമായൊന്നു നോക്കി.

"നാശം പിടിക്കാൻ, ആകെയുണ്ടായിരുന്നതാ.. "എന്നും പറഞ്ഞാ കുപ്പിയും എടുത്ത് എറിഞ്ഞ ശേഷം അയാൾ പുറത്തേക്കു പോയി..

കുഞ്ഞിനെ കുളിപ്പിച്ചുറക്കി ഇന്നിതിനൊരു തീരുമാനമുണ്ടാക്കണം എന്നുറപ്പിച്ചു കൊണ്ട് ഞാനയാളെ കാത്തിരുന്നു... മൂക്കറ്റം കുടിച്ച് നാലുകാലിൽ കയറി വന്ന അയാളെ എന്റെ ഓരോ ചോദ്യങ്ങളും ചൊടിപ്പിച്ചു.. അയാളെന്റെ മുടിയിൽ പിടിച്ച് വലിച്ചു നെറ്റി ഭിത്തിയിൽ ഇടിപ്പിച്ചു, നിലത്തിട്ടു ചവിട്ടി. കലിയൊതുങ്ങിയപ്പോൾ എങ്ങോട്ടോ ഇറങ്ങിപ്പോയി. ഒരുവിധത്തിൽ എണീറ്റു ഫോണെടുത്ത് അച്ഛനേയും, അമ്മയേയും വിളിച്ചുവരുത്തി അവിടെ നിന്നും ഇറങ്ങിയതാണ്.. ഇനിയൊരിക്കലും എന്റെ കുഞ്ഞുങ്ങളെ ഇങ്ങോട്ടയക്കില്ല എന്ന വാശിയുമായാണ് അമ്മയും, അച്ഛനും എന്നേയും അപ്പുവിനേയും കൂട്ടി അവിടെ നിന്നും ഇറങ്ങിയത്..

അയാളുടെ ഉപദ്രവത്തിൽ അന്നെനിക്ക് ഒരുപാട് പരിക്ക് പറ്റി, ഒപ്പം വയറ്റിൽ മുളപൊട്ടി തുടങ്ങിയ ജീവന്റെ തുടിപ്പും നഷ്ടപ്പെട്ടു.

പ്രശ്നമായപ്പോൾ അവളുടെ സ്വഭാവദോഷം കൊണ്ടാണ് അവനിങ്ങനെ കുടിച്ച് നടക്കുന്നതെന്ന് പറഞ്ഞവരുടെ കൂട്ടത്തിൽ മകനെ കുറിച്ചെല്ലാം അറിയാവുന്ന അയാളുടെ അമ്മയും പെങ്ങളും ഉണ്ടായിരുന്നു. ഒന്നിനും ഞാൻ പ്രതികരിച്ചില്ല.. കേസിനും, കോടതിക്കുമൊന്നും പോകാതെ പഠിച്ചു ബാങ്കിലൊരു ജോലി നേടുകയാണ് ഞാൻ ചെയ്തത്....

കുറേ കാലത്തേക്ക് അയാളോ, വീട്ടുകാരോ ഞങ്ങളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ കുറച്ചു നാളായി അയാൾ ഫോണിൽ വിളിക്കാറുണ്ട്, വാട്സാപ്പിൽ ക്ഷമാപണം സന്ദേശങ്ങൾ അയക്കാറുണ്ട്.. പ്രതികരിക്കാതെ ആയപ്പോൾ ഉള്ള അടുത്ത അടവാണ് അമ്മയേയും, പെങ്ങളേയും ഇങ്ങോട്ടേക്കു അയച്ചു ഇന്ന് നടത്തിയത്. ഒന്നര വർഷങ്ങൾക്ക് ശേഷം എത്ര എളുപ്പത്തിലാണ് എല്ലാവരും കഴിഞ്ഞതൊക്കെ മറന്നൊരു ജീവിതത്തിനു വേണ്ടി ശ്രമിക്കുന്നത്. പുച്ഛം തോന്നി എനിക്ക്.

ഓരോന്ന് ആലോചിക്കും തോറും ദേഷ്യവും, സങ്കടവും നിയന്ത്രിക്കാനാകാതെ ഞാൻ ഇരുന്നു ... അമ്മ വന്നു വിളിച്ചിട്ടും അത്താഴം കഴിക്കാൻ തോന്നിയില്ല... തിരിഞ്ഞും, മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.

രാവിലെ എണീറ്റ് ബാങ്കിൽ വിളിച്ച് ലീവും പറഞ്ഞു വീട്ടിൽ നിന്നിറങ്ങി നേരെ കയറി ചെന്നത് ഇനിയൊരിക്കലും കാലു കുത്തരുതെന്നു കരുതിയ അയാളുടെ വീട്ടിലേക്കായിരുന്നു.. എന്നെ കണ്ടതും സ്നേഹം വിതറി അയാളുടെ അമ്മ സ്വീകരിച്ചു. പെങ്ങളും, മക്കളും അവിടെ ഉണ്ടായിരുന്നു.. അയാളും അവിടേക്കു വന്നു..

"എന്തായാലും മോള് വന്നല്ലോ? " അപ്പുവിനെ കൂടെ കൊണ്ട് വരവുമായിരുന്നു... അമ്മ പറഞ്ഞു.

"ഞാൻ വന്നത് സൽക്കാരം സ്വീകരിക്കാനോ, ഇവിടെ താമസിക്കാനോ അല്ല.. എന്നേയും, എന്റെ കുഞ്ഞിനേയും ഇനി ഉപദ്രവിക്കരുത്.. ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം എന്നു പറയാനാണ് ... നിങ്ങളുടെ മകന്റെ കുഞ്ഞാണ് അപ്പു.. എപ്പോൾ വേണമെങ്കിലും ഞാൻ താമസിക്കുന്നിടത്തു വരാം, അവനെ കാണാം. അതിൽ കൂടുതൽ ഞങ്ങൾ ഒരുമിച്ചൊരു ജീവിതം ആരും പ്രതീക്ഷിക്കരുത് .. " ഞാൻ തറപ്പിച്ചു പറഞ്ഞു...

"പെണ്ണുങ്ങളായാൽ ഇത്ര അഹങ്കാരം പാടില്ല.. ഒരു തെറ്റവൻ ചെയ്തു .. അതിൽ കുറ്റബോധവുമുണ്ട്... " അമർഷത്തോടെ അമ്മ പറഞ്ഞു...

"എന്റെ സ്ഥാനത്ത് അമ്മയുടെ ഈ മോളാണ് വയറ്റിലുള്ള ജീവനേയും നഷ്ടപ്പെട്ട്, ദേഹമാസകലം മുറിവുകളുമായി, അബദ്ധത്തിൽ മരുമകന്റെ ബാഗിൽ നിന്നും മദ്യം കുടിച്ച് അവശനായ കുഞ്ഞുമായി ഇവിടെ വന്നു നിൽക്കുന്നതെങ്കിൽ അമ്മ ഇങ്ങനൊക്കെ തന്നെ പറയുമായിരുന്നോ ? അങ്ങനൊക്കെ ചെയ്ത ഭർത്താവിനോട് ക്ഷമിക്കാൻ രാധികേച്ചിക്കു പറ്റുമായിരുന്നോ ? " ഉറച്ച ശബ്ദത്തിൽ ഞാൻ ചോദിച്ചു.

"പറ്റില്ല... " ഉത്തരത്തിനായി തപ്പിത്തടയുന്ന അമ്മയേയും, മകളേയും നോക്കി ഞാൻ തുടർന്നു.

"മദ്യപിച്ചു നാലുകാലിൽ നടന്നു, ഭാര്യയെ ഉപദ്രവിക്കുന്ന അച്ഛനെ കണ്ടല്ല എന്റെ മോൻ വളരേണ്ടത്... ഇതൊക്കെ കണ്ടു നാളെ അവനും ഇതുപോലാകില്ലെന്ന് ആര് കണ്ടു.. എനിക്കെന്റെ കുഞ്ഞിനെ നന്നായി വളർത്തണം.. നാളെ അവനെ വിശ്വസിച്ചു വരുന്ന പെൺകുട്ടിക്കവനൊരു ബാധ്യതയായി മാറരുത്... "

"പിന്നെ എല്ലാ തെറ്റും ക്ഷമിക്കാൻ സാധിക്കുന്നതല്ല . അന്നയാൾ എന്നെ ഉപദ്രവിച്ചപ്പോൾ എന്റെ വയറ്റിൽ വളർന്ന കുരുന്നു പോയി. ഒപ്പം എനിക്കും കൂടെ എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ? ഇന്ന് ക്ഷമ പറയാനും, കൂടെ ജീവിക്കാൻ ക്ഷണിക്കാനും ഞാൻ ഉണ്ടാകുമായിരുന്നോ? എന്റെ അപ്പുവിന് ആരും ഇല്ലാതായി പോകില്ലായിരുന്നോ? അതാ പറഞ്ഞത്‌... എല്ലാ തെറ്റും ക്ഷമിക്കാനാകില്ല... അങ്ങനെ ക്ഷമിക്കാൻ ഞാൻ ദൈവവുമല്ല... "

"ദാമ്പത്യത്തിൽ പരസ്പരം വിട്ടുവീഴ്ചകളും, തോറ്റുകൊടുക്കലുമൊക്കെ ആവശ്യമാണെന്ന് എനിക്കറിയാം.. പക്ഷെ അന്നു രാത്രി എനിക്ക് നഷ്ടപ്പെട്ടത് അല്ലെങ്കിൽ ഇയാൾ നഷ്ടപ്പെടുത്തിയത് ഇയാൾക്കൊപ്പം ഞാനും, അപ്പുവും സുരക്ഷിതരായിരിക്കും എന്ന വിശ്വാസമാണ്.. അതിനിയൊരിക്കലും തിരിച്ചു വരില്ല... പേടിച്ചിയാൾക്കൊപ്പം ജീവിക്കാൻ ഞാൻ തയ്യാറുമല്ല.. "
മൂന്നുപേരുടെയും മുഖത്ത് നോക്കി അത്രയും പറഞ്ഞു ഞാനവിടെ നിന്നിറങ്ങി...

ഓട്ടോ പിടിച്ച് നേരെ പോയത് ബാങ്കിലെ പ്യൂൺ നാരായണേട്ടനോട് തലേന്ന് രാത്രി വിളിച്ചു പറഞ്ഞുറപ്പിച്ച വീട് കാണാനാണ്... പതിയെ അപ്പുവുമായി അവിടേക്ക് മാറണം... എന്റെ ജീവിതം നന്നായി കാണാനായിരിക്കും അമ്മ അങ്ങനൊക്കെ ഇന്നലെ പറഞ്ഞത്. പക്ഷെ എനിക്കാകില്ല. അങ്ങനൊരാൾക്കൊപ്പം ഇനി ഒരിക്കലുമൊരു ജീവിതം.
കാഴ്ചക്കാർക്ക് പല അഭിപ്രായങ്ങളും പറയാം.. അനുഭവിച്ചത്‌ ഞാനാണ്... ഇല്ല ഒരിക്കലും എന്റെ കുഞ്ഞിന് സംഭവിച്ചതിന്, എന്റെ ഉള്ളിൽ വളരുന്ന ജീവന്റെ നാമ്പിനെ ഇല്ലാതാക്കിയതിന്, എന്റെ മനസ്സും ശരീരവും വേദനിപ്പിച്ചതിന് അയാളോട് പൊറുക്കാൻ എനിക്കാകില്ല.. എനിക്ക് ഇനിയും ജീവിക്കണം എന്റെ സന്തോഷങ്ങൾക്ക് വേണ്ടി. എന്റെ അപ്പുവിന്റെ നല്ല ഭാവിക്കായി...

Aswathy Joy Arakkal....

തിരിച്ചറിവ്(കഥ)

"വേണുവേട്ടനും ശാരദയ്ക്കും ഒന്നും തോന്നരുത്. കാര്യം ശെരിയാ, വിമലും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നമ്മളെല്ലാവരും ചേർന്ന് ഉറപ്പിച്ചത് തന്നെയാ. പക്ഷെ കല്യാണത്തിന് ഇനിയും എട്ടുമാസം ബാക്കി നിൽപ്പുണ്ട്. അതിനു മുൻപ് വിമലിന്റെ അളിയന്റെ വീട്ടിലെ കല്യാണത്തിന് ലക്ഷ്മിയെ നിങ്ങൾ കൊണ്ടുപോകുന്നതിനോടും, മൂന്നാലുദിവസം അവളവിടെ വന്നു താമസിക്കുന്നതിനോടുമൊന്നും എനിക്ക് യോചിപ്പില്ല... യോചിപ്പില്ല എന്നല്ല അതു ശെരിയാകില്ല. "

ലക്ഷ്മിയുടെ അച്ഛനങ്ങനെ അറുത്തുമുറിച്ചു പറഞ്ഞതും വിമലും, ലക്ഷ്മിയുമടക്കം അവിടെ കൂടിയിരുന്ന സകലരുടേയും മുഖം വാടി. വിമലിന്റെ സഹോദരി വേണിയുടെ ഭർത്താവിന്റെ അനിയന്റെ കല്യാണത്തിനു ക്ഷണിക്കാൻ ലക്ഷ്മിയുടെ വീട്ടിൽ എത്തിയതായിരുന്നു വിമലും, അച്ഛനുമമ്മയും, വേണിയും, ഭർത്താവുമെല്ലാം ചേർന്ന്. വിവാഹത്തിന് രണ്ടുദിവസം മുൻപേ അവർ പോകുന്നതിനോടൊപ്പം ലക്ഷ്മിയേയും കൊണ്ടുപോകണം എന്ന ആവശ്യമാണ് ലക്ഷ്മിയുടെ അച്ഛൻ ശേഖരൻ നിഷേധിച്ചത്...

"വളയിടലും കഴിഞ്ഞു. കല്യാണത്തിന് ഡേറ്റും എടുത്തു.പിന്നെന്താ അങ്കിൾ ലച്ചു ഇവർക്കൊപ്പം രണ്ടുദിവസം അവിടെ വന്നു നിന്നാൽ? അന്യവീടൊന്നും അല്ലല്ലോ. എന്റെ വീടല്ലേ. പിന്നെന്താ. ഇവർക്കും ഫ്രീയായി ഒന്നു സംസാരിക്കാനും പറ്റും, ഞങ്ങളുടെയൊക്കെയൊരു നോട്ടവുമുണ്ടാകും " വേണി ശേഖരനെ സമ്മതിപ്പിക്കാൻ ഒരു ശ്രമം നടത്തി.

"എല്ലാം ശെരിയാ. പക്ഷെ ലച്ചുവിന്റെ കഴുത്തിൽ വിമലിന്റെ താലി വീണിട്ടില്ലല്ലോ മോളെ. പിന്നെ മോളുടെ വീട്ടിൽ വരാനും നിൽക്കാനുമൊക്കെ ധാരാളം സമയമുണ്ട് ഇവർക്ക്. ഇപ്പോൾ ഇത് ശെരിയാവില്ല. പിന്നെ ഇവര് തമ്മിൽ സ്ഥിരം ഫോണിൽ സംസാരിക്കാറുണ്ട്. അത്യാവശ്യം പുറത്തൊക്കെ വെച്ചു കാണാറുമുണ്ട്. തല്ക്കാലം അതുമതി. പിന്നെ കല്യാണത്തിന് ഞങ്ങൾ ലെച്ചുവിനെയും കൂട്ടി നേരത്തെ എത്തിക്കോളാം." ശേഖരൻ പറഞ്ഞു.

ഇനി നിർബന്ധിച്ചിട്ടു കാര്യമില്ല എന്നു മനസ്സിലായപ്പോൾ കല്യാണവും ക്ഷണിച്ച് എല്ലാവരും യാത്ര പറഞ്ഞിറങ്ങി. ലച്ചുവിന്റേയും, വിമലിന്റേയും മുഖത്തു നിരാശ പ്രകടമായിരുന്നു. അവര് പോയതും, ആഗ്രഹിച്ചത് നടക്കാതെ പോയ അരിശം അച്ഛനോടുമമ്മയോടും എന്തൊക്കെയോ വിളിച്ചു പറഞ്ഞു തീർത്തശേഷം ലച്ചു റൂമിൽ കയറി കതകടച്ചു.

"നിങ്ങളിങ്ങനെ അറുത്തുമുറിച്ച പോലെ പറയണ്ടായിരുന്നു. എന്തായാലും നാളെ അവളുടെ കുടുംബമല്ലേ അത്. അപ്പോൾ അവരിങ്ങനെയൊരു ആവശ്യം പറയുമ്പോൾ.. ഒന്നൂടെ ആലോചിച്ചിട്ട് മതിയായിരുന്നു. നിങ്ങള് പറഞ്ഞത് ആർക്കും പിടിച്ച മട്ടില്ല.. പിന്നെ ലച്ചുവും, വിമലും ഒറ്റയ്ക്കല്ലല്ലോ പോകുന്നത്. ഒപ്പം വേണുവേട്ടനും, ശാരദേടത്തിയുമടക്കം എല്ലാവരുമുണ്ടല്ലോ. അവര് ശ്രദ്ധിക്കുമായിരുന്നല്ലോ." ലക്ഷ്മിയുടെ അമ്മ രമ ഭർത്താവിനോടായി പറഞ്ഞു.

"രമേ, വിമൽ നമ്മുടെ മോളുടെ ഭർത്താവ് ആകാൻ പോകുന്ന ആളാ പക്ഷെ ഭർത്താവായിട്ടില്ല. അതിനിനിയും മാസങ്ങൾ ബാക്കിയാ... വിവാഹപ്പന്തലിൽ വെച്ചുവരെ വിവാഹം മുടങ്ങുന്ന എത്രയോ സംഭവങ്ങളുണ്ട്. അത്യാവശ്യം പുറത്തു വെച്ചു കാണുന്നതിനും, സംസാരിക്കുന്നതിനുമൊക്കെ നമ്മൾ രണ്ടാൾക്കും അനുവാദം കൊടുത്തിട്ടുണ്ട്. ഇതുപക്ഷേ നാലഞ്ചു ദിവസത്തെ കാര്യമാ. എത്ര അടുത്താലും മനുഷ്യന്റെ ഉള്ളൊന്നും ആർക്കും അറിയാൻ പറ്റില്ല. നീ ദിവസവും വാർത്തയിലും മറ്റും കാണുന്നതല്ലേ. വിവാഹം ഉറപ്പിച്ചു പീഡനവും, ബ്ലാക്ക് മെയിലിങും, ആത്മഹത്യയും. നമ്മുടെ മോള് എല്ലാ തിരിച്ചറിവുമുള്ള കുട്ടിയാ. എങ്കിലും നമ്മൾ അച്ഛനമ്മമാർക്കൊരു കടമയുണ്ട്. ചിലതൊക്കെ നിയന്ത്രിക്കേണ്ടത് നമ്മളാ. ഇപ്പോൾ ലച്ചൂനും എന്നോട് ഇഷ്ടക്കേടുണ്ടാകും പക്ഷെ അവളുടെ നല്ലതിനാ അച്ഛൻ പറഞ്ഞതെന്ന് പിന്നീടവൾക്കു മനസ്സിലായിക്കൊള്ളും." ശേഖരൻ ഭാര്യയോടായി പറഞ്ഞു.

"നിങ്ങള് പറയുമ്പോഴാ ഓർക്കുന്നത്, ഇന്നും ന്യൂസിലുണ്ടായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതും, ഗർഭിണി ആയപ്പോ അബോർഷൻ ചെയ്യിച്ചതും, അവസാനം അവൻ ഉപേക്ഷിച്ചപ്പോൾ ആ കുട്ടി ആത്മഹത്യ ചെയ്തതും.. അതും വീട്ടുകാരൊക്ക ചേർന്ന് വിവാഹം ഉറപ്പിച്ച ശേഷം.. അതിനേക്കാൾ അത്ഭുതം തോന്നിയത് മോന്റെ എല്ലാ കൊള്ളരുതായ്മയും അറിഞ്ഞുവെച്ചുകൊണ്ടു മോനെ സപ്പോർട്ട് ചെയ്യുന്ന അവന്റെ അമ്മയുടെ ഫോൺ സംഭാഷണം കേട്ടപ്പൊഴാ. അവന്റെ അമ്മ ആ പെൺകുട്ടിയോട് പറയുവാ 'മോളെല്ലാം മറന്നു കള... എന്നിട്ട് വേറെ വിവാഹം കഴിക്ക്. നിങ്ങൾക്കിടയിൽ സംഭവിച്ചത് വേറാരും അറിയില്ലെന്ന്' സ്വന്തം മോൾക്കാണ് അങ്ങനൊരു ഗതി വന്നതെങ്കിൽ അവരങ്ങനെ പറയുമായിരുന്നോ? " നെടുവീർപ്പോടെ രമ പറഞ്ഞു.

"നീ പറഞ്ഞ ന്യൂസ്‌ ഞാനും കണ്ടിരുന്നു. ഞാൻ പറഞ്ഞിട്ട് ആ കൊച്ച് ആത്മഹത്യ ചെയ്യുക ആയിരുന്നില്ല വേണ്ടത്. കേസ് കൊടുത്ത് എല്ലാത്തിനേയും കുടുക്കണമായിരുന്നു. എല്ലാവരും ചേർന്നുള്ള ചതിയാണ് അതെന്ന് ആ ഫോൺ റെക്കോർഡിങൊക്കെ കേട്ടാൽ അറിയാം.ഇപ്പോ ആർക്കു പോയി, ആ കൊച്ചിന്റെ അച്ഛനും, അമ്മയ്ക്കും, കുടുംബക്കാർക്കും.. കേസും, കൂട്ടവും ഒതുങ്ങുമ്പോ അവൻ വേറെ കെട്ടും.. അതാണ് ലോകം.. ഓരോന്നു കേൾക്കുമ്പോ നമ്മള് വിചാരിക്കും നമ്മുടെ വീട്ടിൽ അങ്ങനൊന്നും സംഭവിക്കില്ല എന്ന്. പക്ഷെ ശ്രദ്ധിച്ചില്ലെങ്കിൽ ഇങ്ങനൊക്കെ എവിടേയും സംഭവിക്കാം. ആ പേടികൊണ്ടാ ഞാൻ എതിർത്തത്. വിവാഹത്തിന് മുൻപ് ചെക്കനും, പെണ്ണും തമ്മിൽ കാണുന്നതിനും, മിണ്ടുന്നതിനുമൊന്നും ഞാൻ എതിരല്ല അതൊക്കെ ആവശ്യവുമാണ് പക്ഷെ എവിടെയാണ് അതിർവരമ്പുകൾ വേണ്ടതെന്ന ബോധ്യം എല്ലാവർക്കും വേണം. സ്നേഹവും, വിശ്വാസവുമൊക്കെ ജീവിതത്തിൽ അത്യാവശ്യമാണ് പക്ഷെ അതിനൊപ്പം സ്വയം സംരക്ഷിക്കാനും പഠിക്കണം.. മക്കളെ നമ്മളത് പഠിപ്പിക്കുകയും, ഓർമിപ്പിക്കുകയും വേണം. " അത്രയും പറഞ്ഞു ശേഖരൻ നോക്കുന്നത് വാതിൽക്കൽ കണ്ണുനിറച്ചു നിൽക്കുന്ന ലച്ചുവിന്റെ മുഖത്തേക്കാണ്.

"സോറി അച്ഛാ..പെട്ടന്നുള്ള ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. അച്ഛനെന്നെ വിശ്വാസം ഇല്ല എന്നു പോലും ഞാൻ കരുതി.. ഇപ്പോൾ അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ എനിക്കും മനസ്സിലാകുന്നുണ്ട്, എത്ര സ്വയം സംരക്ഷിച്ചാലും വീണുപോയേക്കാവുന്ന ചില ചതികുഴികളെ കുറിച്ച്.." ലച്ചു കണ്ണുനീരോടെ പറഞ്ഞു.

"വിമൽ അങ്ങനെ ആണെന്നല്ല കെട്ടോ മോളെ അച്ഛൻ പറഞ്ഞത്.. " ശേഖരൻ മകളോടായി പറഞ്ഞു.

"മനസ്സിലായി അച്ഛാ.. " അച്ഛനെ മനസ്സിലാക്കാതെ പോയതിൽ ഒരിക്കൽ കൂടി ക്ഷമയും പറഞ്ഞു ലച്ചു മുറിയിലേക്ക് പോയപ്പോൾ ശേഖരനും, രമയും പരസ്പരം നോക്കി പുഞ്ചിരിച്ചു...

"നിന്റെ അച്ഛൻ എന്താ മുണ്ടക്കൽ ശേഖരന് പഠിക്കാണോ ലച്ചു. അങ്ങോരൊന്നു സമ്മതിച്ചിരുന്നെങ്കിൽ നാലഞ്ചു ദിവസം നമുക്ക് അടിച്ച് പൊളിക്കാമായിരുന്നു." വിമൽ ഫോണിലൂടെ അരിശപ്പെട്ടു .

"അടിച്ചുപൊളിക്കാനൊക്കെ ഇനിയും സമയം ഒരുപാട് ഉണ്ടല്ലോ വിമൽ, ദേ പിന്നെ എന്റെ അച്ഛനെ കുറ്റം പറഞ്ഞാലുണ്ടല്ലോ നീ വിവരമറിയും." എന്നും പറഞ്ഞു ഫോൺ വെക്കുമ്പോഴും ലച്ചുവിന്റെ മനസ്സാകെ നിറഞ്ഞു നിന്നത് അച്ഛന്റെ വാക്കുകളായിരുന്നു. "സ്നേഹത്തിനും, വിശ്വാസത്തിനുമൊക്കെയൊപ്പം സ്വയം സംരക്ഷിക്കാനും പഠിക്കണം " എന്ന വാക്കിന്റെ അർത്ഥങ്ങൾ ആഴത്തിൽ അവളിലേക്ക് പതിയുകയായിരുന്നു.

Aswathy Joy Arakkal....


പേറ്റുനോവുമേറിയലയുന്ന പെൺപൂവ്‌..

..
"ആന്റി ഒരു കഥ പറയട്ടെ അച്ചു? മോൾക്ക്‌ വേണവെങ്കിൽ അടുത്ത കഥയായെഴുതാം.. ആർക്കും വേണ്ടാത്തൊരു മണ്ടിയുടെ... ഒരു കറവപ്പശുവിന്റെ കഥ... " അതും പറഞ്ഞവർ പൊട്ടിചിരിച്ചു..
ആകാംഷ നിറഞ്ഞ മുഖവുമായി ഞാൻ അവരെ തന്നെ നോക്കിയിരുന്നു.
കഥകളിലൂടെ ഇൻബോക്സിലേക്കും, അവിടുന്നിപ്പൊ ദാ എന്നെ കാണാനായി മാത്രം കോട്ടയത്ത്‌ നിന്നും തൃശ്ശൂർ വരെ സഞ്ചരിച്ച്, എന്റെ വീടിന്റെ സ്വീകരണമുറിയിൽ എന്നോടൊപ്പം ഇരിക്കുന്ന അൻപത്തിയെട്ട് വയസ്സോളം പ്രായമുള്ള ജയാന്റി എന്നു ഞാൻ വിളിക്കുന്ന ജയ ഫിലിപ്പ് എന്ന കോട്ടയംകാരി പ്രവാസി എന്നെ നോക്കി തുടർന്നു...
"മോൾക്കറിയാവോ, പിറകിലോട്ടു തിരിഞ്ഞു നോക്കുമ്പോൾ ഈ ജീവിതത്തിലെന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ള ഒരേയൊരാൾ എന്റെ അപ്പച്ചനാണ്. ഒരു തിരിച്ചു വ്യത്യാസവും കാണിക്കാതെ വളർത്തി പ്രീഡിഗ്രി കഴിഞ്ഞപ്പോൾ എന്റെ ആഗ്രഹം പോലെ ലോണെടുത്തു നഴ്സിങ്ങിന് ചേർത്തു...ഒരുപാട് പരാതീനതകൾക്കിടയിലും എന്റെ ഒരാഗ്രഹങ്ങൾക്കും അപ്പച്ചൻ എതിര് നിന്നില്ല.... പക്ഷെ , നഴ്സിംഗ് ഫൈനൽ ഇയർ പഠിക്കുമ്പോൾ ഒരു ഹാർട്ട്‌ അറ്റാക്കിന്റെ രൂപത്തിൽ വിധി അപ്പച്ചനെ തട്ടിയെടുത്തതോടെ ജീവിതം വഴിമുട്ടി ... "
"അമ്മച്ചിയൊരു സാധാ വീട്ടമ്മ, അനിയൻ ഡിഗ്രിക്ക് പഠിക്കുന്നു. പറയത്തക്ക സാമ്പത്തികമൊന്നും അന്നു വീട്ടിലില്ല . വിഷമതകളെല്ലാം ഉള്ളിലൊതുക്കി പട്ടിണിയും, പരിവട്ടവുമായി പഠിച്ചു. പഠിത്തം കഴിഞ്ഞ് ഞാൻ ജോലിക്കു കയറിയതോടെയാണ്‌ വീട്ടിൽ പട്ടിണിമാറി മൂന്നുനേരം അല്ലലില്ലാതെ ആഹാരം കഴിക്കാമെന്ന അവസ്ഥയിലെത്തിയത്. അനിയന് ബുദ്ധിമുട്ടില്ലാതെ പഠിത്തം തുടരാമെന്നായത് . പക്ഷെ അതുപോരല്ലോ ദിനംപ്രതി പലിശ പെരുകുന്ന വിദ്യാഭ്യാസ ലോൺ അടയ്ക്കണം, വീട് നന്നാക്കണം... അങ്ങനെ ഒട്ടുമിക്ക പ്രാരാബ്ധക്കാരെയും പോലെ ഞാനും പ്രവാസിയായി... "
എന്തോ ആലോചിച്ചിട്ടെന്ന പോലെ അവരൊന്നു നിർത്തി..
"ക്ലീഷേ പ്രവാസികഥ തന്നെ " എന്നു ഞാൻ മനസ്സിൽ പറഞ്ഞു..
കുറച്ചു നേരത്തെ ആലോചനകൾക്കു ശേഷം ജയാന്റി തുടർന്നു.
"അന്നാ മണലാരണ്യത്തിലേക്കു പുറപ്പെടുമ്പോൾ എനിക്കറിയില്ലായിരുന്നു കുട്ടി ഒരിക്കലും രക്ഷപെടാൻ പറ്റാത്തവണ്ണം ആ മരുഭൂമിയിൽ ഞാൻ പെട്ടുപോകുമെന്നു. കുറ്റം പറയാൻ എനിക്കവകാശവില്ല കാരണം എനിക്കെല്ലാം തന്നതും അവിടമാണ് ... ഒരു പിടിച്ചു നിൽപ്പുണ്ടാക്കി തന്നു, ലോൺ അടച്ചു തീർത്തു, അനിയനെ പഠിപ്പിച്ചൊരു ജോലിയാക്കാൻ പറ്റി, വീട് പുതുക്കി പണിതു , ഒഴിഞ്ഞു കിടന്ന അമ്മച്ചിയുടെ കയ്യിലും കഴുത്തിലും ആഭരണങ്ങളായി... അപ്പച്ചൻ മരിച്ചതോടെ അനാഥരായ അമ്മച്ചിയും മക്കളും ബാധ്യതയാകുമെന്നു കരുതി അകറ്റി നിർത്തിയിരുന്ന ബന്ധുക്കളൊക്കെ സ്നേഹം ഭാവിച്ചു തിരിച്ചെത്തി... അതെല്ലാം ഞാൻ കുറ്റം പറഞ്ഞ മരുഭൂമിയുടെ സ്നേഹമാണ്. നാട്ടിലൊരു ജന്മം ജോലി ചെയ്‌താൽ കിട്ടാത്ത പണം നിസ്സാര നാളുകൾ കൊണ്ട് ഞാനുണ്ടാക്കി... പണം മാത്രം.. "
അത്രയും പറഞ്ഞവരൊന്നു ചിരിച്ചു..
"കിട്ടുന്ന ശമ്പളത്തിൽ എനിക്ക് ചിലവിനുള്ളത് മാത്രം കയ്യിൽ വെച്ചു ബാക്കി അണാപൈസ കുറയാതെ ഞാൻ വീട്ടിലേക്കയച്ചു.. ഒന്നിനും ഒരിക്കലും ഞാൻ കണക്കു സൂക്ഷിച്ചില്ല. എന്റെ അമ്മച്ചിയും കൂടപ്പിറപ്പുമല്ലേ... അവർക്കു വേണ്ടിയല്ലേ ഞാനിവിടെ നിൽക്കുന്നതെന്ന ഭാവമായിരുന്നെനിക്ക്... വർഷത്തിലൊരിക്കൽ ലീവിന് ചെല്ലുമ്പോൾ താഴത്തും തലയിലും വെക്കാതെ എല്ലാവരുമെന്നെ കൊണ്ട് നടന്നു..."
പക്ഷെ...
ഒരു നെടുവീർപ്പോടെയവർ തുടർന്നു...
"പക്ഷെ പണം കൂടുമ്പോൾ പലപ്പോഴും സ്വാർത്ഥതയും കൂടുമല്ലോ... പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് പറയുന്നതുപോലെ സംഭവിച്ചു... ഞാൻ വെറും പണം കായ്ക്കുന്ന മരമായി മാത്രം മാറി പലർക്കും... ഇരുപത്തിയൊൻപതു വയസ്സായിട്ടും വിവാഹത്തെപ്പറ്റിയൊരു കാര്യവും വീട്ടിൽ നിന്നു അമ്മച്ചി പോലും പറഞ്ഞില്ല.. പരിചയക്കാർ ഞാൻ വഴി പറഞ്ഞ പല ആലോചനകളും ഓരോ കാരണങ്ങൾ പറഞ്ഞു മുടങ്ങി. മുടക്കിയെന്നു പറയുന്നതാകും ശെരി "
"അതിനിടയിൽ ഇങ്ങനൊരു പെങ്ങൾ ഉണ്ടെന്ന ചിന്ത പോലുമില്ലാതെ അനിയൻ ഒരു പെൺകുട്ടിയെ വിളിച്ചു വീട്ടിലെത്തിയെന്നു ഫോണിലൂടെ അറിഞ്ഞപ്പോൾ ഞാൻ... !"
"നീയിങ്ങനെ നിന്നാൽ ശെരിയാകില്ല . ഇനി മൂക്കിൽ പല്ല് വന്നിട്ടാണോ കെട്ടുകല്യാണം, നമ്മളെ പോലുള്ളവർ പണത്തിനായൊരു അക്കൗണ്ട് മാത്രമാണ് പലർക്കും അതുകൊണ്ട് നീ ബോൾഡ് ആയൊരു തീരുമാനമെടുക്കണമെന്ന് കൂടെ വർക്ക്‌ ചെയ്യുന്ന പലരും പറഞ്ഞപ്പോൾ ശെരിയാണെന്നു എനിക്കും തോന്നി.. "
മടിച്ചാണെങ്കിലും കല്യാണത്തെപ്പറ്റി വീട്ടിൽ സൂചിപ്പിച്ചു...
"കെട്ടെന്നങ്ങു പറഞ്ഞാ മതിയോ, നിന്നെ വെറുതെയങ്ങു ഇറക്കി വിടാൻ പറ്റുവോ... അതിനുള്ള വക വേണ്ടേ.. " മുപ്പതു വയസിനടുത്തു പ്രായമുള്ള മകൾ അത്രയും നാൾ അന്യനാട്ടിൽ കിടന്നു അദ്ധ്വാനിച്ചതൊക്കെയൊരു കണക്കുമില്ലാതെ അയച്ചു കൊടുത്തിട്ടും.....സ്വന്തം അമ്മച്ചിപോലും മനസ്സിലാക്കാതെ വന്നപ്പോൾ മാനസികമായി ഞാൻ തകർന്നു... "
"ഇത്രനാളും ഞാൻ അയച്ചു തന്നതൊക്കെയോ " എന്ന ചോദ്യത്തെ പത്തുകാശു കണ്ടപ്പോ നീ പെറ്റമ്മയോടു വരെ കണക്കു പറയാറായല്ലേ എന്ന ചോദ്യം കൊണ്ട് അമ്മച്ചി പ്രതിരോധിച്ചു. കണക്കു പറയണമെന്ന് ഒരിക്കലും ആഗ്രഹിച്ചതല്ലെങ്കിലും പറഞ്ഞു പോയി... അതോടെ അമ്മച്ചിക്ക് പോലുമീ മകൾ ശത്രുവായി.
"ഒറ്റപ്പെട്ടുപോയ മക്കൾക്കായി വാദിക്കുന്ന അമ്മമാരൊക്കെ പലപ്പോഴും കഥകളിൽ മാത്രമേയുള്ളുവല്ലേ അച്ചു.. " നിർവികാരതയോടെ അവർ പറഞ്ഞു..
അതിനിടയിൽ ആങ്ങളക്ക് കുഞ്ഞായി.. ജോലി ഉണ്ടായിട്ടു പോലും ആങ്ങളയുടെ ഭാര്യയുടെ പ്രസവചിലവിനു പോലും ദാരിദ്രം പറഞ്ഞവൻ ഈ പെങ്ങളെ പിഴിഞ്ഞു.. ഭാര്യയാകാനും, അമ്മയാകാനുമൊക്കെ കൊതിയുള്ളൊരു മനസ്സ് ഈ പെങ്ങളിലുമുണ്ടെന്നവൻ അറിഞ്ഞിട്ടും അറിയാത്തഭാവം നടിച്ചു...
പെറ്റമ്മ മനസ്സിലാക്കിയില്ല ഈ മോളെ ... പിന്നെയല്ലേ.. നെടുവീർപ്പോടെയവർ പറഞ്ഞു.
"ഒടുവിൽ അവിടെത്തന്നെ ജോലി ചെയ്യുന്ന സജിച്ചായന്റെ ആലോചന വന്നപ്പോൾ മനസ്സില്ലാമനസ്സോടെ അവർ വിവാഹം നടത്തി തന്നു.. അനിയന്റെ ആർത്തി മനസ്സിലാക്കാം പക്ഷെ എന്റെ പെറ്റമ്മ...വിവാഹം കഴിയുമ്പോൾ അതുവരെ ലഭിച്ചിരുന്ന സാമ്പത്തിക സ്രോതസ്സ് നഷ്ടപ്പെട്ടാലോ എന്ന് എന്റെ അമ്മച്ചി കൂടി ചിന്തിച്ചതാണെന്നെ..... " അവർ നിശബ്ദയായി
എന്തുത്തരം കൊടുക്കണമെന്നറിയാതെ ഞാൻ കുഴങ്ങി ....
വിവാഹം കഴിയുമ്പോൾ എനിക്ക് മുപ്പത്തിയൊന്നു വയസ്സ് . രണ്ടുവർഷത്തോളം കുഞ്ഞുങ്ങളാകാതിരുന്നപ്പോൾ ഒപ്പം നിന്നാശ്വസിപ്പിക്കുമെന്നു കരുതിയ പലരും കുറ്റപ്പെടുത്തി... തന്നിഷ്ടക്കാരിയെ മുള്ളും മുനയും വെച്ചു ആക്രമിച്ചു.. അതോടെ നാട്ടിൽ വരുന്നതേ വെറുപ്പായി.
"ഒരു കുഞ്ഞിനായി പ്രാർത്ഥനയും ചികിത്സയുമായി കടന്നുപോയ കാലങ്ങൾ. ഒടുവിൽ ഗർഭിണിയായി... ഞാൻ നാലുമാസം ഗർഭിണിയായിരിക്കുന്ന സമയത്താണ് പ്രതീക്ഷയുടെ വെളിച്ചങ്ങളൊക്ക തല്ലിത്തകർത്തുകൊണ്ട് സജിച്ചായന്റെ ആക്‌സിഡന്റ്.. സാരമായി തന്നെ പരിക്കുപറ്റി, ഒരുവിധം ഭേദപ്പെട്ടു യാത്ര പറ്റുമെന്നായപ്പോൾ സജിച്ചനെ നാട്ടിലേക്കു കൊണ്ടുവന്നു.. അപ്പോഴേക്കും ചികിത്സക്കും മറ്റുമായി ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയായി. അച്ചായനെ നാട്ടിൽ ഒറ്റക്കു ഇട്ടേച്ചു എനിക്ക് തിരിച്ചുപോകാൻ പറ്റില്ല എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ പക്ഷെ പോകാതെ നിവർത്തിയില്ല ... സജിച്ചായന്റെ വീട്ടിൽ ഇച്ചായനെ നോക്കാൻ ആരുമില്ല... പിന്നെ എന്റെ വീട്ടുകാരുടെ കാരുണ്യം തേടി, ഇച്ചായനെ നോക്കാൻ ആളെ ഏർപ്പാടാക്കി തുടർചികിത്സക്കുള്ള കാര്യങ്ങളും ഏൽപ്പിച്ചു മനസ്സില്ലാമനസ്സോടെ വീണ്ടും പ്രവാസം... വേറെ നിവർത്തിയില്ല... ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത, അച്ചായന്റെ തുടർചികിത്സ, വയറ്റിലൊരു ജീവൻ... പൈസക്ക് പൈസ തന്നെ വേണ്ടേ... പ്രസവത്തോടടുത്തു നാട്ടിലെത്തി, പ്രസവിച്ചു തൊണ്ണൂറാം ദിവസം ജോലിക്ക് തിരിച്ചുകയറണം... മോളെ അമ്മച്ചിയെ ഏൽപ്പിച്ചു തളർന്നു കിടക്കുന്ന അച്ചായന്റെ നെഞ്ചിൽ തലതല്ലി സങ്കടവും തീർത്തു വീണ്ടും പ്രവാസത്തിലേക്ക്...കുഞ്ഞിനെ കൊണ്ടുപോയി ഒപ്പം നിർത്തണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യവും, സാമ്പത്തികവും അനുകൂലമായിരുന്നില്ല.
ചുരത്തുന്ന മുല കുഞ്ഞിന് കൊടുക്കാൻ നിർവാഹമില്ലല്ലോ... പാലു വറ്റാൻ മരുന്ന് കഴിച്ചിട്ടും ശ്വാസം മുട്ടിക്കുന്ന വേദനയുമായി കല്ലിച്ചു നിറഞ്ഞൊഴുകുന്ന മാറിടങ്ങൾ ശരീരത്തെ നോവിക്കുമ്പോൾ... പാലുകിട്ടാതെ തൊണ്ടവറ്റി ആർത്തുകരയുന്ന മോളുടെ മുഖം മനസ്സിന് വേദനയായി... പലപ്പോഴും ഡ്യൂട്ടിക്കിടയിൽ പോലും പൊട്ടിവരുന്ന കരച്ചിലിന് ബാത്രൂം ആശ്രയമായി . ആരും കാണാതെ കരഞ്ഞും, നെടുവീർപ്പിട്ടും സങ്കടങ്ങൾ ഉള്ളിലൊതുക്കി. ആറുമാസം വരെ ബ്രേസ്റ്റ്മിൽക്ക് മാത്രെമെ കൊടുക്കാവു എന്നു മറ്റുള്ളവരെ ഉപദേശിക്കുമ്പോൾ എന്റെ കുഞ്ഞവിടെ കരഞ്ഞു കുപ്പിപ്പാലും കുടിച്ചു തളർന്നുറങ്ങുന്ന ദൃശ്യങ്ങൾ എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു .. ഉറക്കമില്ലാത്ത രാത്രികൾ പതിവായി ...
കാലങ്ങൾ കടന്നു പോയി.. മോള് വളർന്നു കൊണ്ടിരുന്നു, ചികിത്സയുടെ ഫലമായി അച്ചായൻ പതുക്കെ എണിറ്റു നടന്നു തുടങ്ങി.. എങ്കിലും ഒന്നിനും വയ്യാത്ത അവസ്ഥ.. അച്ചായനും ഞങ്ങടെ മോൾക്കും ഞാനൊരു വിരുന്നുകാരി മാത്രവായി . പലപ്പോഴും എനിക്കിനി നിങ്ങളെ വിട്ടേച്ചു പോകാൻ വയ്യിച്ചായാ എന്നു പറഞ്ഞു കരയുമ്പോൾ മോളുടെ ഭാവി , സ്വന്തമായി വീട്, കടങ്ങൾ അങ്ങനെയോരോന്നും പറഞ്ഞു എല്ലാവരൂടെ ഉന്തി തള്ളിവിടും ...
വർഷങ്ങൾ പലതും കഴിഞ്ഞു വീടായി, കാറായി... അച്ചായനും മോളും പുതിയ വീട്ടിലേക്കു താമസം മാറിയപ്പോൾ എന്റെ അമ്മച്ചിയും അവർക്കൊപ്പം പോന്നു.. പക്ഷെ കടങ്ങൾ മാത്രം ഒരിക്കലും തീർന്നില്ല.. കാര്യവും, കാരണവും അന്വേഷിക്കാതെ പണമയക്കാൻ ഒരാളുള്ളമ്പോൾ കടങ്ങൾ ഒരിക്കലും അവസാനിക്കില്ലല്ലോ..." താൻ ചത്ത്‌ മീൻപിടിക്കുക എന്നപോലെ ഞാൻ ബോധപൂർവമൊരു കറവപ്പശുവായി മാറിക്കൊണ്ടിരുന്നു.."
അങ്ങനെ മോളുടെ പ്ലസ്‌ടു കഴിഞ്ഞൊരു അവധിക്കാലത്തു ഞാൻ ലീവിന് ചെന്നിരിക്കുന്ന സമയം.. തുടർപഠനത്തെപ്പറ്റി ചർച്ച നടക്കുന്നു... നഴ്സിംഗ് എന്നൊരു ഓപ്ഷൻ ഞാൻ പറയുമ്പോൾ ഇനിയുള്ള ജീവിതത്തിനു മുഴുവൻ സമാധാനം തരാത്തൊരു ഉത്തരമായയിരിക്കും അവളുടെ നാവിൽ നിന്നു വരിക എന്നു സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചില്ല കുട്ടി...
"വേണ്ട... ഈ നഴ്സുമാരൊക്കെ കണ്ണിൽ ചോരയില്ലാത്തവരും, കഠിനഹൃദയരുമാ... പണത്തിനു വേണ്ടി സ്വന്തം മക്കളെയിട്ടെറിഞ്ഞു പോകാനും മടിയില്ലാത്തവർ.. "
അതും പറഞ്ഞവൾ ഭാവഭേദമില്ലാതെ റൂമിലേക്ക്‌ പോയപ്പോൾ തറഞ്ഞിരുന്നു പോയി ഞാൻ...
അവളെ ഞാൻ കുറ്റം പറയുന്നില്ല.. അവൾക്കു നഷ്ടപ്പെട്ട മുലപ്പാലിനും, അമ്മയുടെ സ്നേഹത്തിനു പകരം കൊടുക്കാൻ എനിക്കൊന്നുമില്ല പക്ഷേ എന്റെ അച്ചായന്റെ മൗനമെന്നെ തകർത്തു. അച്ചായനറിയാമായിരുന്നല്ലോ എല്ലാം... ഞാൻ അനുഭവിച്ചതും, വിഷമിച്ചതുമെല്ലാം... എന്തുകൊണ്ടെന്നറിയില്ല എനിക്കായി ഒരുവാക്ക് ആ നാവിൽ നിന്നും വന്നില്ല...
അവൾ പഠിച്ചു, ഉദ്യോഗസ്ഥയായി, വിവാഹിതയായി... അമ്മയായി. പക്ഷെ പ്രത്യക്ഷത്തിൽ വിരോധമൊന്നും കാണിക്കാറില്ലെങ്കിലും ഉള്ളിൽ അവൾക്കു അപരിചിതയായ അമ്മ ഇപ്പോഴും ഒരിക്കലും തീരാത്ത ബാധ്യതകൾക്കും, കടങ്ങൾക്കും ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് പ്രവാസത്തിൽ.. അവളുടെ പഠനവും, വിവാഹവുമൊക്കെ എന്നെ അവിടെ പിടിച്ചു നിർത്തി കൊണ്ടിരുന്നു. പപ്പയും, അമ്മാമ്മയുമൊക്കെ അവൾക്കു പ്രിയപ്പെട്ടവരാണ് പക്ഷെ ഈ മമ്മി മാത്രം മുലപ്പാലും, അമ്മയുടെ സ്നേഹവും നിഷേധിച്ച പാപം പേറുന്നു..
ആർക്കുവേണ്ടിയാണോ എന്റെ യൗവനവും, മാതൃത്വവും, ജീവിതവും ആ മരുഭൂമിയിൽ ഹോമിച്ചതു അവർക്കു ഞാനിന്നു അന്യ...
"ഇനിയും രണ്ടുവർഷം കൂടെ അവിടെ ജോലിചെയ്യാം.. ആദ്യമൊക്കെ എങ്ങനെയെങ്കിലും അവിടെ നിന്നു ഇട്ടെറിഞ്ഞു നാട്ടിലേക്ക് പോന്നാൽ മതിയെന്നായിരുന്നെങ്കിൽ ഇപ്പൊ നാട്ടിലേക്ക് വരുന്നതേ ഇഷ്ടവല്ലെനിക്ക്... എല്ലാവരും ഉണ്ടെങ്കിലും ആർക്കും വേണ്ടാത്തവളായി... " വിതുമ്പികൊണ്ടവർ നിർത്തി..
എന്തു ചെയ്യണമെന്ന് അറിയാത്തതു കൊണ്ട് ഞാനാ കയ്യെടുത്തു പിടിച്ചു താലോടികൊണ്ടിരുന്നു.
പത്തു മിനിട്ടോളമുള്ള നിശബ്ദതയ്ക്കു ശേഷം ശാന്തമായ കടൽപോലെ അവരെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു കൊണ്ട് തുടർന്നു..
"മോളുടെ പല എഴുത്തിലും ഞാൻ എന്നെ തന്നെ കാണാറുണ്ട്... മോളെനിക്ക് വേണ്ടി ഒന്നെഴുതുവോ ഇത്... എന്നിട്ടെന്റെ മോളോട് പറയുവോ എനിക്കവളെ ഒരുപാട് ഇഷ്ടവാണെന്നു .. അവളെയൊന്നു കെട്ടിപിടിക്കാനും, കൊഞ്ചിക്കാനും, മടിയിൽ കിടത്താനും, ഊട്ടാനും, ഉറക്കാനുമൊക്കെ ഈ പെറ്റവയറു ഒരുപാട് കൊതിക്കുന്നുണ്ടെന്നു.. പലവട്ടം മാപ്പ് പറഞ്ഞു, അടുക്കാൻ ശ്രമിച്ചു പക്ഷെ അവളെന്നെയെന്നും ഒരു കയ്യകലത്തു നിൽക്കാനേ അനുവദിച്ചിട്ടുള്ളു.. അവളുടെ മനസ്സിനേറ്റ മുറിവാണീ പ്രതിഷേധമെന്നു എനിക്കറിയാം പക്ഷെ അവൾക്കുകൂടി വേണ്ടിയല്ലേ മോളെ ഈ അമ്മ സ്വപ്നങ്ങളെല്ലാം ഉള്ളിലൊതുക്കിയാ മരുഭൂമിയിൽ.... "
"ഒന്നൂകൂടി മോളെഴുതണം എന്നെപോലെ നാടും കൂടും വിട്ട് പോകുന്നവർക്കായി.. . വീടും, വീട്ടുകാരെയുമൊക്കെ നന്നാക്കുന്നതിനൊപ്പം സ്വന്തം കാര്യം കൂടെ നോക്കണമെന്ന്. അൻപതിനായിരം രൂപ നാട്ടിലേക്കയക്കുമ്പോൾ അഞ്ചുരൂപയെങ്കിലും സ്വന്തം ആവശ്യത്തിനായി കരുതണവെന്നു.. എല്ലാം അവസാനിപ്പിച്ചു നാട്ടിലെത്തുമ്പോൾ സ്നേഹിക്കാൻ ആരുവുണ്ടായില്ലെങ്കിലും ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കാവല്ലോ... ജീവിതകാലം മുഴുവൻ അവിടെ കിടന്നിട്ടും എന്റെ സമ്പാദ്യം വട്ടപൂജ്യമാണ്.. "
സങ്കടങ്ങൾ പറഞ്ഞും, കരഞ്ഞും
എന്നെ കെട്ടിപിടിച്ചൊരുമ്മയും തന്നവർ പോകാനിറങ്ങിയപ്പോഴേക്കും "അവരെന്തിനെന്നെ തേടിയെത്തിയെന്ന " മണിക്കൂറുകളായി ഞാൻ ഉത്തരം തേടി കൊണ്ടിരുന്ന ചോദ്യത്തിനെനിക്ക് ഉത്തരം ലഭിച്ചിരുന്നു ... കിലോമീറ്ററുകൾ താണ്ടി അവരെനിക്കരികിലേക്കെത്തിയത് മകളിൽ നിന്നും ലഭിക്കാത്ത, അവൾക്കു മനസ്സറിഞ്ഞു കൊടുക്കാൻ സാധിക്കാത്ത അടങ്ങാത്ത സ്നേഹവും, വാത്സല്യവും തേടിയാണെന്നു... അതും തേടിയുള്ള ഓട്ടപാച്ചിലിൽ ആണവരെന്ന്...
ന്യായാന്യായങ്ങളൊന്നും കൂടുതൽ ചികയാൻ നിൽക്കാതെ ഞാൻ ആഗ്രഹിച്ചു പോവുകയാണ്... ഉള്ളിൽ അണിഞ്ഞിരിക്കുന്ന നിഷേധിക്കപ്പെട്ട മാതൃസ്നേഹത്തിന്റെ ആ ചെറിയ പരിഭവം എന്ന മൂടുപടം മറന്നാ മകൾ അമ്മയുടെ മാറിലേക്ക് ചേർന്നിരുന്നെങ്കിലെന്നു...ആ പെറ്റവയറിന്റെ നൊമ്പരമവൾ കണ്ടിരുന്നെങ്കിലെന്നു.... അവരുടെ പേറ്റുനോവിൽ അവളുടെ സ്നേഹത്തിന്റെ തണുപ്പ് പടർന്നിരുന്നെങ്കിലെന്നു....
പക്ഷെ ചില ജീവിതങ്ങളങ്ങനെയാണ്... ആർക്കൊക്കെയോ വേണ്ടി ജീവിച്ചു... പ്രതിഫലമായി ലഭിച്ച അടങ്ങാത്ത നൊമ്പരങ്ങളും, കണ്ണീരും മനസ്സിലേറ്റി ഒരിക്കലും അവസാനിക്കാത്ത നൊമ്പരങ്ങളിലൂടെ പ്രയാണം നടത്തുന്നവരായി ...
രചന : Aswathy Joy Arakkal

ഒരമ്മയുടെ രോദനം

...
പ്രഗ്നൻസി ഏഴാംമാസം ആയതോടെ ജോലിക്ക് പോക്കും നിർത്തിച്ചു ചടങ്ങുപോലെ അപ്പനും അമ്മയും കുടുംബക്കാരും കൂടെ ഒരു ലോറിക്കുള്ള പലഹാരങ്ങളുമായി വന്നു കെട്ടിപ്പെറുക്കി എന്നെ സ്വന്തം വീട്ടിലേക്കാനയിച്ചു.. ഷുഗറു പിടിച്ചു മധുരം കാണുന്നതേ നിഷിദ്ധം എന്ന രീതിയിൽ നിൽക്കുന്ന അമ്മായപ്പനും, അമ്മായമ്മയും ദയനീയ ഭാവത്തിൽ എന്നെയും പലഹാരങ്ങളെയും മാറി മാറി നോക്കി... പിന്നെ നാട്ടാർക്കും, കുടുംബക്കാർക്കും കൊടുത്തു അഡ്ജസ്റ്റ് ചെയ്യാം എന്ന ഭാവത്തിൽ ഒന്നു ദീർഘമായി നിശ്വസിച്ചു.
ഇതെന്തു പ്രഹസനമാണ് അമ്മച്ചി എന്ന രീതിയിൽ പെറ്റമ്മയെ നോക്കിയപ്പോൾ എന്റെ മനസ്സിലിരിപ്പ് മനസ്സിലാക്കിയ പോലെ "ഇതൊക്കെ ചടങ്ങാ.. ഇല്ലെങ്കിൽ നാട്ടുകാര് അതുമിതും പറയും " എന്നു പറഞ്ഞു കൊണ്ടെന്റെ വായടപ്പിച്ചു എന്റെ പൊന്നമ്മച്ചി ...എല്ലായിടത്തും നാട്ടാര് പറയുന്നതാണല്ലോ പ്രശ്നം.. കെട്ടിയോൻ പട്ടാളം നാട്ടിലില്ലാത്തതു കൊണ്ട് കരഞ്ഞു പിഴിഞ്ഞ് അലമ്പാക്കാതെ സന്തോഷത്തോടെ തുള്ളിച്ചാടി ഞാൻ സ്വഗൃഹത്തിലേക്കു പുറപ്പെട്ടു.. പഞ്ചിനു പറഞ്ഞൂന്നേയുള്ളു മിക്കപ്പോഴും ഓരോ ഉഡായിപ്പും പറഞ്ഞു അവിടെ തന്നെയാണ്...
വീട്ടിലെത്തി... എന്റെ പൊന്നോ... സന്ദർശകരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു... ഏഴുമാസം ഗർഭിണി ആണെന്ന് പറഞ്ഞിട്ടും അതിനൊത്ത് വയറിനു വലിപ്പമില്ലെന്നു ഒരു കൂട്ടർ... ഉണ്ടായിരുന്ന വണ്ണം കൂടെ പോയെന്നല്ലാതെ ഒട്ടും നന്നായില്ലല്ലോ എന്നു മറ്റൊരു കൂട്ടർ... ഉള്ള നെറോം കൂടെ പോയി മുഖത്തൊക്കെ പാടുമായി കോലം കേട്ടെന്നു വേറൊരു വിഭാഗം. ഇങ്ങനെയായാൽ കുഞ്ഞിന് തൂക്കം തീരെ കാണത്തില്ല, നിനക്ക് പാല് ഉണ്ടാകത്തില്ല... സന്ദർശക വൈദ്യന്മാർ അഭിപ്രായം പറഞ്ഞു തകർത്തു..
അതെ സമയം തന്നെ എരിതീയിൽ എണ്ണ ഒഴിക്കാനെന്ന പോലെ അയൽവക്കത്തെ സുന്ദരിക്കോത രമ്യയും പ്രസവത്തിനെത്തി. ഒപ്പം പഠിച്ചതാണെങ്കിലും അവളെയെനിക്ക് കണ്ണിനു കണ്ട് കൂടാ... കാരണം വേറൊന്നുവല്ല അവളുടെ പണ്ടാര സൗന്ദര്യത്തോടുള്ള കുശുമ്പ് തന്നെ. പിന്നെ അവള് മൊത്തത്തിൽ അടങ്ങിയൊതുങ്ങി പക്കാ ഒരു എന്നാ പറയാനാ "നല്ല മോള് " അങ്ങനൊക്കെ പറയത്തില്ലേ അതുപോലൊരു മൊതല്... ഞാനാണെങ്കിലോ വീട്ടുകാരെ പറയിപ്പിക്കാൻ എന്ന രീതിയിൽ നടക്കുന്ന ഐറ്റം... പ്രേമിച്ചു കെട്ടിയതോടെ തീർന്നു. മനുഷ്യൻ ചന്ദ്രനിൽ പോയി ചായക്കട ഇട്ടാലും പ്രേമം ഇപ്പോഴും ഒരു വൻ അപരാധം ആണല്ലോ. പിന്നെ കെട്ട്യോനെ പേര് വിളിക്കുന്നു, തന്നിഷ്ടത്തിനു നടക്കുന്നു... ചേട്ടാനെങ്ങാനും വിളിച്ചാ ഞാനെന്തോ വേണ്ടാതീനം പറഞ്ഞപോലെ അങ്ങോരു ദഹിപ്പിക്കുന്നൊരു നോട്ടവുണ്ട് അതൊന്നും ഏഷണികൂട്ടത്തിനു അറിയില്ലല്ലോ..
ഒള്ള മനുഷ്യകോലം കൂടെ പോയി പാടത്തു വെക്കാൻ പറ്റിയ കോലം കണക്കെ ഞാനിരിക്കുമ്പോ....രാവിലെ എണിറ്റു മഞ്ഞളൊക്കെ തേച്ചു കുളികഴിഞ്ഞു മുടിയൊക്കെ അഴിച്ചിട്ടു വയറു വെയില് കൊള്ളിക്കാനൊരു ഇരുപ്പുണ്ടവള്... രാവിലെ ഉറക്കം എണിറ്റു മൊബൈലുമായി ഉമ്മറത്ത് വന്നിരിക്കുമ്പോ ഉള്ള സ്ഥിരം കാഴ്ച... ഈ വൃത്തികെട്ടവൾക്കു പിന്നാമ്പുറത്തെങ്ങാനും പോയിരുന്നു കൂടെ എന്നു മനസ്സിൽ പ്രാകി അവളെ നോക്കിയൊരു ചിരിയും ചിരിച്ചു അമ്മച്ചി കട്ടനെടുത്തോ എന്നു പറഞ്ഞു ചെല്ലുമ്പോ അമ്മച്ചി സാരോപദേശം തുടങ്ങും.. അവളെ കണ്ടുപടി.. അവളെങ്ങനെ. അവളിങ്ങനെ... എന്നെ ഇതൊക്കെ കേൾപ്പിക്കാൻ എനിക്കൊപ്പം തന്നെ ഗർഭിണി ആയ അവളെ ഞാനെത്ര ചീത്ത വിളിച്ചട്ടുണ്ട് എന്നറിയോ... മനസ്സിൽ...
അങ്ങനെ എത്ര മറിച്ചും തിരിച്ചും നോക്കിയാലും എല്ലാംകൊണ്ടും അവളൊരു ഒന്നാന്തരം ഗർഭിണി... ഞാനോ തനി പേക്കോലം.. എങ്ങനെ നന്നാകും എന്നെക്കാളും മോശമായ കൈയിലിരിപ്പുള്ള ഒന്നല്ലേ വയറ്റിൽ കിടക്കുന്നതു... ആർത്തിമൂത്ത് കണ്ണിൽ കണ്ടതൊക്കെ വലിച്ചുവാരി തിന്നുവെങ്കിലും അതു വയറ്റിയിലേക്കു എത്തുന്നേന് മുന്നേ തിരിച്ചെത്തും... ആകെ വയറ്റിൽ കിടക്കുന്ന ചെറുതിനിഷ്ടം കരിക്കിൻ വെള്ളം മാത്രം.. അതോണ്ട് തന്നെ തേങ്ങയിടുന്ന രാമേട്ടന് കുറേകാലം ശമ്പളം കൊടുത്തത് എന്റെ അപ്പനായിരുന്നു.. കരിക്കിട്ടു ഇട്ടു തെങ്ങിൽ മച്ചിങ്ങ മാത്രവായി, തെങ്ങു രാമേട്ടന്റെ പിതാശ്രീക്ക് വിളിക്കാൻ തുടങ്ങിയതോടെ അതും നിർത്തി.. എങ്കിലും എവിടുന്നേലുവൊക്കെ അപ്പൻ കരിക്കെത്തിക്കും... എനിക്കൊരു ഡോഗിയുടെ വിലപോലും ഇല്ലെങ്കിലും എന്റെ വയറ്റിയിലുള്ളത് കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി അല്ലേ.. ആ സ്നേഹം...
പിന്നെ എന്തു പറഞ്ഞാലും കെട്ടിയോൻ ഒപ്പമില്ലാത്ത പേര് പറഞ്ഞൊരു ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ് കം കരച്ചിൽ പ്രകടനവും.. എല്ലാവരും ഫ്ലാറ്റ്.. നമ്മളോടാ കളി..
അപ്പൊ എവിടെയാ പറഞ്ഞു നിർത്തിയെ.. ആ.. ലവള് വന്നതോടെ അയൽവക്കത്തെ മഹിളാരത്നങ്ങൾ എന്നെയും അവളെയും ഡീറ്റൈലായി കമ്പയർ ചെയ്തു അഭിപ്രായം പറച്ചിൽ തുടങ്ങി...അവളെ കെട്ട്യോനും വീട്ടുകാരും പൊന്നുപോലെ നോക്കുന്നു, ലവൻ കുങ്കുമപ്പൂ വാങ്ങിച്ചു പാലിൽ ചേർത്തു ലവൾക്കു കൊടുക്കുന്നു...കുഞ്ഞിന് നിറം വെക്കാൻ ആണ് പോലും, അത്രയും ദൂരെ നിന്ന് (ദൂരന്നു പറയണത് 15km )അവൻ അവളെ കാണാൻ ഇടയ്ക്കിടെ വരുന്നു... അങ്ങനെ അവർക്കില്ലാത്ത വിശേഷണങ്ങൾ ഇല്ല. ഇടയ്ക്കിടെ എന്നെനോക്കി തോന്നിവാസം നടന്നാൽ ഇതൊക്കെ സാധിക്കുമോ എന്നൊരു മുനവെച്ച വർത്തമാനവും .. പ്രേമിച്ചുകെട്ടി അയിനാണ്... കുങ്കമപ്പൂ കുടിച്ചാൽ കൊച്ചു വെളുക്കും എന്നു കേട്ടപ്പോൾ ഞാൻ നേടിയ ജനറ്റിക്സിലെ ഡിഗ്രികൾ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു... പിന്നെ ഈ മൊതലുകളോടൊന്നും പറഞ്ഞിട്ട് കാര്യവില്ലാത്തതു കൊണ്ട് ഞാനടങ്ങി... ഒപ്പം കശ്മീരിൽ നിന്ന് കെട്ട്യോനും, ഗൾഫിൽ നിന്നും ആങ്ങളയും കൊടുത്തുവിട്ട ഇതുവരെ തുറന്നുപോലും നോക്കാത്ത കുങ്കുമപ്പൂ ടപ്പകൾ ഷെൽഫിലിരുന്ന് എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു... അതുപോലെ 15 km അപ്പുറത്തു നിന്നും അവളുടെ കെട്ടിയോൻ വരുന്നപോലെ പത്തു 3500 km അപ്പുറത്ത് നിന്നു എന്റെ കെട്ട്യോന് ഡെയിലി വന്നു പോകാൻ സാധിക്കില്ലെന്നു ഈ മറുതകളോട് ഒന്നു പറഞ്ഞു മനസ്സിലാക്കാൻ ആരുമില്ലേ എന്റെ കർത്താവെ എന്ന രോധനവും എന്റെ തൊണ്ടയിൽ ഉടക്കി നിന്നു... അവള് ചീര കഴിക്കുന്നു, മുരിങ്ങയില കഴിക്കുന്നു... അങ്ങനെ അനക്കം പോലും മഹിളാമണികൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്... ഓരോന്നൊക്കെ കേൾക്കുമ്പോൾ എനിക്കെന്തോക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നുള്ള പേടി അമ്മച്ചിയുടെ കണ്ണിലും തെളിയാറുണ്ട്.
ധൈര്യവതിയൊക്കെ ആണെങ്കിലും വയറധികം വലുപ്പം വെക്കാത്തത് എന്നെ ചിന്താവിഷ്ടയാക്കി.. ഡോക്ടറോട് ചോദിച്ചപ്പോൾ വയറൊക്കെ ഫ്ലൂയിഡ് ലെവൽ കൂടെ നോക്കിയാണ് വലുതാകുന്നത് ... പിന്നെ എനിക്ക് തോട്ടിപോലെ പൊക്കം അല്ലേ അതാ വയറു തോന്നിക്കാത്തത് എന്നു പറഞ്ഞു ഡോക്ടർ സമാധാനിപ്പിച്ചെങ്കിലും ഏഴുമാസം ഗർഭിണി ആയിരുന്നു സമയത്ത് ജോലിക്ക് ബസിൽ പോയപ്പോഴുണ്ടായ ഒരു അനുഭവം..അനുഭവം അല്ല അപമാനം... എന്റെ മനസ്സിൽ മായാതെ കിടന്നു... കൊച്ചുമായി ബസിൽ കയറിയ ചേച്ചിക്കു ഒന്നു ഒതുങ്ങി ഇരുന്നു ഞാൻ സ്ഥലം കൊടുത്തപ്പോൾ "ഒന്നു എണിറ്റു കൊടുത്തൂടെ "എന്നു കണ്ടക്ടർ എന്നോട് .. ഞാൻ ഗർഭിണിയാടോ മനുഷ്യാ എന്നു ഞാനും... ഞാൻ പറഞ്ഞതൊട്ടും വിശ്വാസമില്ലാത്തപോലെ എന്നെ തുറുപ്പിച്ചു നോക്കി അയാൾ അയാളുടെ പാട്ടിനു പോയി .. അതീപ്പിന്നെ ഗർഭിണി ആയിട്ടും അതു തോന്നിക്കാൻ സീരിയലിലൊക്കെ കാണാറുള്ള പോലെ വയറിൽ വല്ലതും വെച്ചു കെട്ടിയാലോ എന്നു വരെ ഞാൻ ചിന്തിച്ചിട്ടുണ്ട് സൂർത്തുക്കളെ.. ശോകം തന്നെ ...
അങ്ങനെ യാതൊരു വിലയും കിട്ടാതെ ഗർഭകാലം കടന്നു പോകുന്നതിനിടയിലാണ് കൂനിന്മേൽ കുരു എന്നപോലെ അതു സംഭവിച്ചതു...
മ്മടെ തൃശ്ശർപൂരം കൊടിയേറിയ സമയം... പൂരപ്പറമ്പിലെ എക്സിബിഷൻ തൃശ്ശൂർക്കാരുടെ ചാകരയാണല്ലോ ... അയൽവക്കത്തെ കുടുംബശ്രീകളൊക്കെ കൂടി അവിടെ പോകാൻ പ്ലാൻ ഇടുന്നു .. ഒഴിഞ്ഞുമാറാൻ നോക്കിയിട്ടും അവസാനം എനിക്കും പോകേണ്ടി വന്നു.. ന്റെ ശത്രു ലവൾ രമ്യയുമുണ്ട് ..അങ്ങനെ എല്ലാവരും കൂടെ ജാഥയായി പോകുന്നു... നടക്കുന്നു... സാധനങ്ങളൊക്കെ കണ്ട് വാരിവലിച്ചിട്ടു വാങ്ങാതെ അവരുടെ പ്രാക്കും കേട്ടു വീണ്ടും മുന്നോട്ടു തന്നെ ..
അതിനിടയിലാണ് എല്ലാവരുടെയും ശ്രദ്ധ ഒരു സ്ഥലത്തേക്ക് പതിയുന്നത്... മറ്റൊന്നുവല്ല നമ്മുടെ സോനാ സ്ലിം ബെൽറ്റ്‌... വണ്ണം കുറയുന്നു കേട്ടാ ബഹിരാകാശത്തേക്ക് വരെ മ്മള് പോകുവല്ലോ.
എല്ലാവരും കൂടെ കൂട്ടത്തോടെ അവിടേക്കു ചെന്നതും കടക്കാരൻ ഒരു കസേരയെടുത്തു രമ്യക്ക് കൊടുത്തു അവളെ അതിലിരുത്തുന്നു... കുറെ പെണ്ണുങ്ങളുണ്ടല്ലോ... അപ്പൊ സ്വാഭാവികമായും സമയം കുറേയെടുക്കും. ഗർഭിണി നിന്നു വിഷമിക്കണ്ടല്ലോ എന്ന അയാളുടെ ഉദ്ദേശശുദ്ധി ഞാൻ മനസ്സിലാക്കുന്നു... അപ്പൊ ഞാനോ... എന്റെ ഗർഭത്തിനു വിലയില്ലേ കടക്കാരാ.... എന്ന ചോദ്യം എന്റെ തൊണ്ടയിൽ കിടന്നു കുരുങ്ങി ശ്വാസം മുട്ടി....
അയാള് തന്നില്ലെങ്കിലും അവിടെ അപ്പുറത്ത് കിടന്ന കസേരക്കരുകിലേക്കു പോകാൻ തുടങ്ങിയ എന്നെ അയാൾ വിളിച്ചു.. കസേരയിട്ട് ഇരുത്തും എന്നു കരുതി ചെന്ന എന്നെ അയാള് ഇരുത്തുക തന്നെ ചെയ്തു..
ഞാൻ അവിടേക്കു ചെന്നതും ലവനെന്നെ കളിയാക്കിയതാണോ, അബദ്ധം പറ്റിയതാണോയെന്നു എനിക്കിപ്പോഴും ഉറപ്പില്ല ... ലവൻ പറയുകയാണ് ...
"കുട്ടിക്ക് ഈ ബെൽറ്റ്‌ അത്യാവശ്യമാണ് ... വണ്ണം അധികം ഇല്ലെങ്കിലും കണ്ടില്ലേ വയറിങ്ങനെ തള്ളി നിൽക്കുന്നത്... ബെൽറ്റ്‌ ഒരുമാസം ഇട്ടാമതി ഇതൊക്കെ കുറഞ്ഞു നല്ല ഷേപ്പ് ആയികിട്ടും വയറെന്ന് . "
ഒരു രണ്ടുമൂന്നു മിനിറ്റ് മിണ്ടാതിരുന്ന ശേഷം "അതങ്ങനെയൊന്നും പോകുന്ന വയറല്ല ചേട്ടോ" എന്നു പറഞ്ഞവടെ എല്ലാരൂടെ കൂട്ടച്ചിരി മുഴങ്ങി..
അപമാനിതയായി എങ്കിലും എനിക്കും ചിരി അടക്കാനായില്ല ..എല്ലാം കേട്ടപ്പോൾ എന്റെ കെട്ടിയോൻ പട്ടാളം തലതല്ലി ചിരിക്കുന്നു...
അങ്ങനെ സോനാ സ്ലിം ബെൽറ്റു വരെ പണി തന്ന ഒരു ഗർഫിണിയുടെ... ഒരമ്മയുടെ രോദനം... നിങ്ങൾക്കൂഹിക്കാൻ പോലും സാധിക്കില്ല സൂർത്തുക്കളെ... അതുകണ്ട് പിടിച്ചവനെയൊക്കെ അന്നു എന്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഉണ്ടല്ലോ...
ഇനിയെത്ര കിട്ടാനിരിക്കുന്നു.. അതുകൊണ്ട് തളരരുത് രാമൻകുട്ടി എന്നു എന്റെ മനസ്സിലിരുന്നാരോ പറഞ്ഞു...
മോങ്ങാനിരുന്ന ഡോഗിന്റെ തലയിൽ കോക്കനട്ട് വീണു എന്നു പറഞ്ഞപോലെ മഹിളാമണികൾക്കു പറയാൻ വീണ്ടുമൊരു കഥ..
അങ്ങനെ നൂറായിരം കഥകളുമായി ദിവസങ്ങൾ മുന്നോട്ടു പോയി.. ഞാനും ലവളും ഒരാഴ്ച വ്യത്യാസത്തിൽ പ്രസവിച്ചു... ദൈവാനുഗ്രഹത്താൽ കുഞ്ഞിന് മൂന്നര കിലോ വെയിറ്റും , കുങ്കുമപ്പൂ കഴിച്ചില്ലേലും നെറോം
ഹെൽത്തി ബേബി ആയിരുന്നു... ബോയ് ആയിരുന്നു കേട്ടോ ...
എല്ലാം കഴിഞ്ഞു ഡിസ്ചാർജ് ആയി വീട്ടിലെത്തി.. വീണ്ടും സന്ദർശകർ..
മൊതലുകള് പ്ലേറ്റ് നേരെ തിരിച്ചു... ഓഹ്.. അവളുടെ രൂപോം ഭാവോം കണ്ടപ്പോ ഞങ്ങള് വിചാരിച്ചു അവളുടെ കുഞ്ഞിന് 5kg തൂക്കം ഉണ്ടാകുന്നു.. കഴിച്ചതൊക്കെ അവളുടെ ദേഹത്താ പിടിച്ചേ... എലികുഞ്ഞുപോലെ ഇരിക്കുന്നു കുഞ്ഞു .. (രമ്യയെയാണ് )...അന്നക്കൊച്ചിനെ (എന്നെ ) കണ്ടില്ലേ ശെരിക്കു അമ്മമാര് ക്ഷീണിച്ചിരിക്കണം, എന്നാലേ കുഞ്ഞു നന്നാകു... ഇത്രനാളും നേരെ തിരിച്ചു പറഞ്ഞിരുന്ന മുതലുകൾ ഒരു ഉളുപ്പുമില്ലാതെ മാറ്റി പറഞ്ഞു.
ഇങ്ങനല്ലല്ലോ മുന്ന് പറഞ്ഞിരുതെന്നു ചോദിക്കാനാഞ്ഞ എന്നെ അമ്മച്ചി തടഞ്ഞു...
പിന്നെ അവൾക്കു പെണ്ണാ... ആദ്യത്തേതില് തന്നെ ആണ് കിട്ടാനും വേണം യോഗം.. അന്നക്കൊച്ചിനിനി ടെൻഷൻ അടിക്കണ്ടല്ലോ എന്നു പറഞ്ഞപ്പോ എനിക്ക് പ്രതികരിക്കാതിരിക്കാനായില്ല.... എന്നിലെ സ്ത്രീയെന്നെ പ്രതികരിക്കാതിരിക്കാൻ സമ്മതിച്ചില്ല...
" ആണായാലും, പെണ്ണായാലും ആരോഗ്യള്ള കുഞ്ഞു പോരെ.. ഈ പറയുന്ന നമ്മളും പെണ്ണുങ്ങളല്ലേ "എന്നു ചോയ്ച്ചപ്പോ അതത്ര പിടിക്കാത്ത പോലെ ചിരിച്ചു കാണിച്ചു കൊണ്ട് അവരിറങ്ങി... പുറത്തിറങ്ങി എന്റെ കുറ്റം പറയാൻ ആണെന്ന് നൂറുതരം.
അവരിറങ്ങിയതും "നിനക്കെന്നാത്തിന്റെ കേടാ പെണ്ണെ... അവരെന്നതേലും പറഞ്ഞേച്ചു പോകില്ലായിരുന്നോന്നു" ചോദിച്ചു അമ്മച്ചി കെർവിച്ചു..
അതും കേട്ടാണ് അപ്പൻ രംഗപ്രവേശം ചെയ്തത്.
"നീയൊന്നു മിണ്ടാതിരി സിസിലികുട്ടി... രാവിലെ ഇറങ്ങിക്കോളും ഓരോന്ന് എവിടെക്കേറി കുത്തിത്തിരുപ്പുണ്ടാക്കണം, ആരുടെ സമാധാനം കളയണം എന്നാലോചിച്ചോണ്ടു.. പാഷാണങ്ങള്... ഇവിടുന്നു ഇറങ്ങി അപ്പുറത്ത് കേറി ഇപ്പൊ അവരുടെ സമാധാനം കളയുന്നുണ്ടാകും... "
"ഇവളുമാരുടെ വാക്കുകേട്ട് അന്നക്കൊച്ചു പ്രസവിക്കണവരെ നീ കടന്നു ഉരുകിയതെത്രയാന്നു എനിക്കറിയാം .. "
"നീ പറഞ്ഞത് കുറഞ്ഞു പോയെങ്കിലേ ഒള്ളു കൊച്ചേയെന്നും " പറഞ്ഞു അപ്പൻ എന്റൊപ്പം കട്ടക്ക് നിന്നു.
"നിങ്ങളാ ഇവളെ ഇങ്ങനെ നശിപ്പിക്കുന്നേന്നും " പറഞ്ഞു ചവിട്ടി കുത്തി അമ്മച്ചി tv യുടെ മുന്നിലേക്ക്‌ പോയി..
ഞാൻ നാശവായി എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടു പിന്നെ പ്രശ്നവില്ല
എന്നെയൊന്നു കണ്ണിറുക്കി കാണിച്ചു അപ്പനും പിറകെ ഞാനും മോനുമായി tv കാണാനെത്തി..
Tv ഓൺ ആക്കിയതും ദാ നിൽക്കുന്നു വനമാലകൾ.. സിക്സ്‌പാക്കിൽ സോനാ സ്ലിംബെൽറ്റും കെട്ടി ഹിന്ദിവാല ചേട്ടനും ചേച്ചിയും ..
മുഖം വീർപ്പിക്കലൊക്കെ മറന്നു എല്ലാവരും ചിരിച്ചപ്പോൾ അതോടൊപ്പം മോണകാട്ടി എന്റെ കുരുട്ടടക്കയും ഒരു ചിരി പാസ്സാക്കി... ഇതിന്റെ
പേരിലൊക്കെ നടന്ന പുകിലൊന്നും അറിയാതെ..
വാൽകഷ്ണം :-
പ്രെഗ്നനെൻസി അല്ലെങ്കിൽ ഒരു കുഞ്ഞുണ്ടാകുന്ന സമയം എന്നുള്ളതൊക്കെ ഒരുപാട് സന്തോഷങ്ങൾക്കൊപ്പം സംശയങ്ങളുടെയും, ടെൻഷൻസിന്റെയും കൂടി സമയമാണ്... എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ അനാവശ്യ അഭിപ്രായങ്ങൾ പറഞ്ഞു ആ സമയങ്ങളിൽ മറ്റുള്ളവരെ ടെൻഷൻ അടിപ്പിക്കുക എന്നത് ചിലർക്ക് ഹോബി പോലെയാണ്.. അതു മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെ പറ്റിയൊന്നും പലരും ചിന്തിക്കുന്നില്ല എന്നുള്ളതാണ് സത്യം...
രചന : Aswathy Joy Arakkal

അവന്റെ മാത്രം അമ്മു ...


"അമ്മു... എബിയാണ്... എന്റെ നമ്പറിൽ നിന്നു വിളിച്ചാൽ നീ അറ്റൻഡ് ചെയ്യില്ലെന്നറിയാം... പറഞ്ഞു തീരുന്നതിനു മുൻപ് നീ കട്ട്‌ ചെയ്യരുത്.. പ്ലീസ്.. "
സ്റ്റാഫ്‌ റൂമിലിരുന്നാൽ മറ്റു ടീച്ചേർസ് ശ്രദ്ധിക്കും എന്നറിയാവുന്നതു കൊണ്ട് ഫോണുമായി ഞാൻ പുറത്തേക്കു നടന്നു.
എബി തുടർന്നു..
"ഞാൻ ഇന്നലെ നാട്ടിലെത്തി.. എനിക്ക് നിന്നെ ഒന്നു കാണണം.. കണ്ടേ പറ്റു.... അതും ഇന്നു തന്നെ. നീ ഹാഫ്ഡേ ലീവ് എടുക്കണം, ഉച്ചക്ക് മുന്നേ ഞാൻ അവിടെയെത്തും.. സിലിയും റോയിച്ചായനുമുണ്ട് കൂടെ.മുന്നേ പറഞ്ഞാൽ നീ എന്തെങ്കിലും പറഞ്ഞൊഴിവാക്കും എന്നുറപ്പുള്ളതു കൊണ്ടാണ് ഇപ്പൊ വിളിക്കുന്നത്‌ " ഒറ്റ ശ്വാസത്തിൽ എബി പറഞ്ഞു തീർത്തു.
"ഞാൻ വരില്ല.. എനിക്കാരെയും കാണണ്ട .."
"നീ വരും... എനിക്ക് പറയാനുള്ളത് കേൾക്കും.അടുത്തമാസത്തേക്ക് സാൻക്ഷൻ ആയിരുന്ന ലീവ് ക്യാൻസൽ ആക്കി ഇപ്പൊ ഞാൻ ഇത്രയും ദൂരം വന്നത് നിന്നെ കാണാൻ വേണ്ടി മാത്രമാണെങ്കിൽ കണ്ടിട്ടേ ഞാൻ പോകു." അതും പറഞ്ഞു കോൾ കട്ട്‌ ആയി.
നിറഞ്ഞു വരുന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ, കോഫി കുടിക്കാനെന്ന പേരിൽ ക്യാന്റീനിലേക്ക് നടന്നു... കോഫിയുമായി ഒഴിഞ്ഞൊരു മൂലയിൽ സ്ഥലം പിടിച്ചപ്പോഴേക്കും നൂലുപൊട്ടിയ പട്ടം പോലെ മനസ്സ് ഭൂതകാലത്തേക്കു പറന്നിരുന്നു. അന്ന ഈപ്പൻ എന്ന ഈ അന്നമ്മുവിന്റെയും, സിലി തോമസ് എന്ന എന്റെ സില്ലയുടെയും ഭൂതകാലത്തേക്കു...
മലകേറി കാട് വെട്ടിപ്പിടിക്കാൻ വന്ന കാലം തൊട്ടു അപ്പനും, തോമാച്ചായനും ആത്മമിത്രങ്ങളാണ്.. അവരുടെയാ സൗഹൃദം മക്കളിലൂടെയും തുടർന്നു ... LKG തൊട്ടു പഠിക്കുന്നതും, കളിക്കുന്നതും, കുരുത്തക്കേട് കാണിക്കുന്നതുമെല്ലാം ഞാനും സില്ലയും ഒരുമിച്ചു...
അങ്ങനെ സ്നേഹിച്ചും, തല്ലുകൂടിയും നടക്കുന്നതിനിടയിലാണ് ഞങ്ങൾ എട്ടാം ക്ലാസ്സിലേക്ക് ജയിച്ച സമയത്ത് തോമാച്ചായന്റെ പെങ്ങടെ മോൻ എബിൻ മാത്യു ഞങ്ങടെ ഇടയിലേക്ക് ഇടിച്ചു കയറി വരുന്നത്. പ്ലസ്ടു അഡ്മിഷൻ അമ്മാച്ചന്റെ വീടിനടുത്തു കിട്ടിയ എബിയും പിന്നെ ഞങ്ങളിൽ ഒരാളായി... അന്നമ്മു എബിക്ക് അമ്മുവായിരുന്നു.
കളിയും ചിരിയുമായി കാലം കടന്നുപോയി. എബി പ്ലസ്ടു കഴിഞ്ഞവന്റെ പാട്ടിനു പോയി. ഞാനും സില്ലയും പത്തും കഴിഞ്ഞു പ്ലസ്ടു വരെ ഒന്നിച്ചായിരുന്നു. ശേഷം ഞാൻ നാട്ടിൽ ഡിഗ്രിക്കും അവള് നേഴ്സിങ്ങിനു ബാംഗ്ലൂർക്കും പോയതോടെ വല്ലപ്പോഴുള്ള ഫോൺ കോളുകളായിരുന്നു ആശ്വാസം. അതിനിടയിൽ എബിക്ക് ആർമിയിൽ സെലെക്ഷൻ കിട്ടിയെന്നും ട്രൈയിനിങ്ങിനു പോയെന്നുമൊക്കെ അവളിലൂടെ അറിഞ്ഞു... പഠിത്തവും പുതിയ സൗഹ്രദങ്ങളുമൊക്കെയായി ജീവിതം മറ്റൊരു ദിശയിലേക്കു നീങ്ങി.
കാലം കടന്നു പോയി.. പിജി സെക്കന്റ്‌ ഇയർ പഠിക്കുന്ന സമയത്താണ് റോയിച്ചനുമായുള്ള സില്ലയുടെ കല്യാണം... സെമസ്റ്റർ എക്സാം ആയതുകൊണ്ട് കല്യാണത്തിന് അവൾ ഇളവ് തന്നു... പക്ഷെ എൻഗേജ്മെന്റിനു ചെന്നെ പറ്റു...
നാളുകൾ കൂടി പഴയ ടീമിനെയൊക്കെ കണ്ട ഓളത്തിലും ബഹളത്തിലും നടക്കുന്നതിനിടയിലാണ് "അമ്മു ഓർമ്മയുണ്ടോ? " എന്ന ചോദ്യവുമായി ആറടി പൊക്കത്തിൽ ഒരു മനുഷ്യൻ..
രൂപവും ഭാവവുമൊക്കെ മാറിയിരുന്നെങ്കിലും അമ്മു എന്ന വിളിയിൽ തന്നെ ആളെ തിരിച്ചറിഞ്ഞിരുന്നു ഞാൻ, എന്നെ അങ്ങനെ വിളിച്ചിട്ടുള്ള ഒരേയൊരാൾ എബിയാണല്ലോ... പറയാൻ വിശേഷങ്ങൾ ഏറെയായിരുന്നു... ട്രെയിനിങ് കഴിഞ്ഞതും, ഇപ്പൊ ഹിമാചലിൽ പോസ്റ്റഡ് ആണെന്നും തുടങ്ങി ഞങ്ങൾ അന്നു പിരിഞ്ഞതിൽ പിന്നെയുള്ള ഒരുപാട് കഥകൾ.. കോളേജ് കഥകൾ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞു ഞാനും ചിലച്ചു കൊണ്ടിരുന്നു..
പിന്നീട് വല്ലപ്പോഴുമുള്ള ഫോൺ വിളികളിലൂടെ ആ ബന്ധം മുൻപോട്ടു പോകുന്നതിനിടയിൽ എക്സാം കഴിഞ്ഞൊരു ദിവസം ഉള്ളിലെന്നോടുള്ള ഇഷ്ടം എബി തുറന്നു പറഞ്ഞു.. അങ്ങനൊരു കാര്യത്തെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ലാത്ത ഞാൻ കൂൾ ആയി നോ പറഞ്ഞു. അധികം ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ അതു കഴിഞ്ഞു.
PG റിസൾട്ട്‌ വന്നയുടൻ തന്നെ പഠിച്ച കോളേജിൽ ഗസ്റ്റ് ലെക്ചറർ ആയി ഉദ്യോഗവും കിട്ടി.. വീണ്ടും ഹോസ്റ്റൽ ജീവിതം.
പക്ഷെ കാര്യങ്ങൾ കൈ വിട്ടുപോകുന്നത് ഏകദേശം ഒന്നരമാസങ്ങൾക്കു മുൻപ് അമ്മച്ചിയുടെ കൂട്ടുകാരി ടെസ്സി ആന്റിയുടെ മകൻ കെവിനുമായുള്ള പ്രെപ്പോസൽ വന്നപ്പോഴാണ്.ദുബായിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ക്രിസ്മസിന് ലീവ് വരുമ്പോൾ പെണ്ണുകാണൽ തീരുമാനിക്കുന്നു . എനിക്കൊഴിച്ചു എല്ലാവർക്കും സന്തോഷം.മനസ്സിലൊരു നീറ്റൽ.എന്തോ കൊളുത്തി വലിക്കുന്ന പോലെ.
രണ്ടും കല്പ്പിച്ചു ചങ്കും, ചങ്കിടിപ്പുമായ അപ്പനോട് എബി പറഞ്ഞതും, ഞാൻ നിരസിച്ചതും, ഇപ്പൊ ഉള്ള നീറ്റലുമൊക്കെ അവതരിപ്പിച്ചു... പക്ഷെ ഇപ്പോഴും എബിയെ ഇഷ്ടമാണോ എന്ന ഉറപ്പും എനിക്കില്ല..
ഒരു പൊട്ടിച്ചിരി ആയിരുന്നു അപ്പന്റെ ഉത്തരം. "രണ്ടാളും സംസാരിച്ചു ഒരു തീരുമാനം എടുക്കുവാണെങ്കി അപ്പന് വിരോധം ഇല്ല.. പഠിച്ചവരാണ് .. സ്വന്തം കാലിൽ നിൽക്കുന്നവരാണ് ... ആദ്യം നിങ്ങള് സംസാരിക്കു... ബാക്കി പിന്നെയല്ലേ... " അപ്പൻ ധൈര്യം തന്നു...
രണ്ടും കല്പ്പിച്ചു എബിയെ വിളിച്ചു എനിക്കുവന്ന പ്രെപ്പോസലിനെ പറ്റി പറഞ്ഞെങ്കിലും എന്റെ മനസ്സിലുള്ള ഇഷ്ട്ടം ഞാൻ ഒളിച്ചുവെച്ചു.
"All the best "പറഞ്ഞൊരു ആശംസയായിരുന്നു എബിയുടെ മറുപടി... ഒപ്പം "അവനും ചില പ്രെപ്പോസൽസ് വരുന്നുണ്ടെന്നും വൈകാതെ കെട്ടണമെന്നും നാട്ടിലുണ്ടെങ്കിൽ എന്റെ കല്യാണത്തിന് വരാമെന്നൊക്കെ" കേട്ടപ്പോൾ കലിയോടെ ഞാൻ ഫോൺ വെച്ചു .
"അതൊന്നും സെറ്റാകില്ല അപ്പാ.. അമ്മച്ചി പറഞ്ഞ ആലോചന തന്നെ നോക്കാം "എന്നു അപ്പന് ഞാൻ മറുപടി കൊടുത്തു.
എബി എന്നെ വാശിപിടിപ്പിക്കാൻ ചെയ്തതാണെന്നും പറഞ്ഞു തോമാച്ചായന്റെ വക ഡയറക്റ്റ് പ്രെപ്പോസൽ വന്നിട്ടും നോ ആയിരുന്നു എന്റെ മറുപടി. ആലോചിക്കാൻ എല്ലാവരും പറഞ്ഞിട്ടും വാശിയായിരുന്നെനിക്കു. ആവശ്യമില്ലാത്ത വാശിയാണെന്നറിഞ്ഞു കൊണ്ട് തന്നെ ഒരു പക്വതയും കാണിക്കാതെ തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.. തെറ്റിദ്ധാരണ മാറ്റാൻ പലവട്ടം എബി ശ്രമിച്ചു... കേൾക്കാൻ ഞാൻ തയ്യാറായിരുന്നില്ല..
പക്ഷെ ഈഗോയിൽ പൊതിഞ്ഞു മറച്ചു പിടിച്ച ആ ഇഷ്ട്ടം എനിക്കൊരിക്കലും മനസമാധാനം തന്നിരുന്നില്ല.
ഓരോന്ന് ആലോചിച്ചിരുന്നു സില്ലയുടെ കോൾ വന്നപ്പോഴാണ് സ്ഥലകാലബോധം വന്നത്.
"അന്നമ്മേ... എതായാലും എബിച്ചായൻ നിന്നെ കണ്ടേ പോകൂ.. നിനക്ക് നന്നായറിയാം ഇച്ചായനിപ്പോ അങ്ങോട്ട്‌ വന്നാ സീൻ ആകുവെന്നു . രണ്ടാൾക്കും പറയാനുള്ളതു പറഞ്ഞു തീർക്കു ... ചുമ്മാ കൊച്ചു പിള്ളേരെ പോലെ കാണിക്കാതെ.. " സിലി പറഞ്ഞു
അവള് പറഞ്ഞത് ശെരിയാണെന്നു തോന്നിയത് കൊണ്ട് ഹാഫ്‌ഡേ ലീവെഴുതി കൊടുത്തു അപ്പനെ വിളിച്ചു സമ്മതവും വാങ്ങി ഞാൻ കോളേജിനു പുറത്തേക്കു നടന്നു... ദൂരെ നിന്നു എബിയെ കണ്ടിട്ടും അവനെയൊന്നു നോക്കാൻ പോലും എന്റെ പിടിവാശി അനുവദിച്ചില്ല.
"ഞാൻ നിനക്കൊപ്പമേ ഇരിക്കു." ഡ്രൈവിംഗ് സീറ്റിലിരുന്ന റോയിച്ചന്റെ അടുത്തേക്ക് കയറാൻ തുടങ്ങിയ സില്ലയുടെ കൈപിടിച്ച് ഞാൻ പറഞ്ഞു..
ഒന്നും മിണ്ടാതെ എബി മുന്നിലേക്ക്‌ കയറി. ഞാനും അവളും പിന്നിലും... വാതോരാതെ അവളും റോയിച്ചായനും സംസാരിച്ചെങ്കിലും ഞങ്ങള് നിശ്ശബ്ദരായിരുന്നു...
"ഇച്ചായാ വണ്ടി നിർത്തു... " വണ്ടി മുന്നോട്ടു നീങ്ങുന്നതിനിടയിൽ എപ്പോഴോ എബി റോയിച്ചനോടായി പറഞ്ഞു.
വണ്ടി നിർത്തിയതും എബി ഇറങ്ങി വന്നു കാറിന്റെ ബാക്ക് ഡോർ തുറന്നു സില്ലയെ മുൻപിലേക്കയച്ചു എനിക്കൊപ്പം ഇരുന്നു.
ഒന്നും മിണ്ടാതെ ഒരരികിലേക്കു ചേർന്ന് ഞാൻ പുറം കാഴ്ചകളിൽ കണ്ണുനട്ടു.
ക്ഷമ നശിച്ചു എബി എനിക്ക് നേരെ തിരിഞ്ഞു..
"ടി.. ഉണ്ട മറിയേ .. എനിക്ക് വേറെ പെണ്ണുകിട്ടാത്തതു കൊണ്ടൊന്നുവല്ല... പ്രാന്തു പിടിക്കണപോലെ ഞാനങ്ങു ഇഷ്ടപ്പെട്ടുപോയി.. അതു ഇന്നും ഇന്നലേയും ഒന്നുവല്ല അന്നു നീ ഫുൾപാവാടയും ഇട്ടു രണ്ടുഭാഗത്തു മുടി പിന്നിയിട്ടു നടക്കണ കാലത്തു തുടങ്ങിയ ഇഷ്ടാ.. "
"അന്നു തുറന്നു പറയാഞ്ഞതു അതു പ്രായത്തിന്റെ ചാപല്യം ആണോ എന്ന തോന്നലിലാ ... എല്ലാം ഇവൾക്കറിയാം... പലവട്ടം ഇവളെന്നോട് എല്ലാം പറയാൻ പറഞ്ഞതാ.. പക്ഷെ വേണ്ട... പഠിക്കട്ടെ... ജോലിയാകട്ടെ... പ്രേമിക്കാനും ജീവിക്കാനുമൊക്കെ സമയം ധാരാളം ബാക്കിയുണ്ട്. പക്ഷെ പഠിത്തത്തിൽ ഡിസ്ട്രക്ഷൻ വന്നാൽ..."
"നീ എനിക്കുള്ളതാണെന്നുള്ളൊരു കോൺഫിഡൻസ് എന്തോ എനിക്കുണ്ടായിരുന്നു..നീ വേറെ ആരെയെങ്കിലും പ്രേമിച്ചാലോ എന്നൊക്കെ ഇവള് പറഞ്ഞെന്നെ ഇളക്കിയിട്ടും എന്തോ ആ വിശ്വാസം അങ്ങനെ തന്നെ ഇരുന്നു. "
"നിന്റെ മനസ്സിൽ നിന്നു എന്നോടുള്ള ഇഷ്ട്ടം തോണ്ടി പുറത്തിടാനാ ഞാനന്ന് നീ വിളിച്ചപ്പോ അങ്ങനെയൊക്കെ .."
" പൊന്നുമോളെ പതിനാറാമത്തെ വയസ്സു തൊട്ടു എന്റെ പെണ്ണിന്റെ മുഖം എന്നത് എനിക്ക് നിന്റെയീ ഉണ്ട മുഖവാ .. നിന്നെ എന്നേക്കാൾ മനസ്സിലാക്കാൻ, സ്നേഹിക്കാൻ ആർക്കും പറ്റത്തില്ലടി... അത്രയ്ക്ക്... ഇതിൽ കൂടുതൽ മനസ്സ് തുറന്നു കാണിക്കാനും, പൈങ്കിളി ആകാനുമൊന്നും എനിക്കറിയത്തില്ല... "
ആ പറഞ്ഞതൊന്നും പെട്ടന്നൊരു വികാരത്തിന്റെ പുറത്തുള്ള പ്രകടനമല്ല എന്നെനിക്കുറപ്പായിരുന്നു...
കുറച്ചുനേരത്തെ മൗനത്തിനു ശേഷം എബി തുടർന്നു.
"അമ്മു... സോറി മോളെ പെട്ടന്ന് വന്ന ദേഷ്യത്തിൽ ഞാനെന്തൊക്കെയോ.. ഇനി നീ തീരുമാനിച്ചോ.. നിന്റെ തീരുമാനം എന്തു തന്നെയായാലും എന്റെ മനസ്സ് നിന്നെ അറിയിച്ചു എന്ന സമാധാനം എനിക്കുണ്ടല്ലോ. അതുമതി. "
"സിലി ഇങ്ങോട്ടേക്കിരുന്നോ.. ഇവളെ ഹോസ്റ്റലിൽ വിട്ടേച്ചു നമുക്ക് പോകാം ഇച്ചായാ" എന്നു പറഞ്ഞു ഡോർ തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങിയ എബിയുടെ കൈയിൽ ഞാൻ ഇറുക്കിപ്പിടിച്ചു.
നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളിലേക്കു നോക്കിയപ്പോൾ എന്റെ നെഞ്ചും പിടഞ്ഞു. ... ഉള്ളിലുള്ള ഈഗോയും, വാശിയും എല്ലാം കളഞ്ഞു ഞാനാ നെഞ്ചിൽ മുഖം പൂഴ്ത്തി കുറ്റബോധം കൊണ്ട് തേങ്ങികരഞ്ഞു ... ചുറ്റിപിടിച്ചെന്നെ നെഞ്ചോടു ചേർക്കുമ്പോൾ ആ കണ്ണുകളും തുളുമ്പുന്നുണ്ടായിരുന്നു.
"ഞങ്ങളിവിടെ ഉണ്ടേ" എന്നു പറഞ്ഞു സില്ല ചുമച്ചപ്പോൾ അകന്നു മാറാൻ നോക്കിയ എബിയെ വിടാതെ ഞാൻ കൂടുതൽ ഇറുക്കിപിടിച്ചു... ആ നെഞ്ചിലൊന്നു പല്ലമർത്തി സ്നേഹം കാണിച്ചു ... അതുകൂടെയായപ്പോ സ്നേഹം നിറഞ്ഞു ശ്വാസം മുട്ടിപോകുന്ന ഒരവസ്ഥയില്ലേ... പറയാനും എഴുതാനുമാകില്ല അനുഭവത്തിൽ മാത്രം വരുന്നൊരവസ്ഥ..
"ഇനിയെത്ര പിച്ചും, മാന്തും, കടിയുമെല്ലാം കിട്ടാനിരിക്കുന്നു.. ആഹ്..എബിച്ചന്റെ വിധി.. ചിലരൊക്കെ സ്നേഹം പ്രകടിപ്പിക്കുന്നതിങ്ങനെയൊക്കെ ആണല്ലോ.. " ഈ പറഞ്ഞതൊക്കെ എന്റെ കയ്യിൽ നിന്നും ധാരാളം കിട്ടിയവളുടെ വക കമന്റ്‌.
എത്ര നേരം എബിയോട് പറ്റിച്ചേർന്നു അങ്ങനെ ഇരുന്നുവെന്നു എനിക്കറിയില്ല...
"രണ്ടാളും ഈ ഇരിപ്പു ഇങ്ങനെ തുടർന്നാൽ ശെരിയാവില്ല മോളെ " എന്നു പറഞ്ഞെന്നെ പിടിച്ചു വലിച്ച ആ കുശുമ്പിയെ തള്ളിമാറ്റി ഞാൻ വീണ്ടുമാ നെഞ്ചോടു ചേർന്നു..
"ഈ പ്രേമമിത്ര പൈങ്കിളി ആണോ " എന്നു ചോദിച്ച സില്ലയെ ഞാൻ അവഗണിച്ചു. ആ നിമിഷത്തിൽ ആരും ഒന്നും എനിക്ക് പ്രശ്നമായിരുന്നില്ല.
"നിന്നെ ഇവിടെ വിട്ടേച്ചിനി ഞാനെങ്ങനെ തിരിച്ചു പോകും പെണ്ണെയെന്നു " കുസൃതിയോടെ ചോദിച്ചു എന്റെ നെറുകയിലവൻ ചുണ്ട് ചേർത്തു.
"ഇത്രക്ക് അസ്ഥിക്ക് പിടിച്ച സ്നേഹം ഒളിച്ചു വെച്ചേച്ചാണോ കൊച്ചേ ഈ കാട്ടി കൂട്ടിയതൊക്കെ" എന്നു ചോദിച്ചു റോയിച്ചായനും കളിയാക്കി. "പിടിവാശി വെച്ചു രണ്ടാളും രണ്ടു ജീവിതത്തിലേക്ക് പോയിരുന്നെങ്കിൽ... ഒന്നു ആലോചിച്ചു നോക്കിയേ... " ഇച്ചായൻ പറഞ്ഞപ്പോൾ കുറ്റബോധത്തോടെ മുഖം കുനിച്ചിരിക്കാനേ എനിക്കായുള്ളു.
"അല്ല ഇച്ചായാ എന്നതാണേലും പെണ്ണുകാണല് നടന്നാ പോലും അടുത്തമാസം ഇച്ചായൻ വരുന്നേനു മുന്നൊന്നും ഇവളെ ആരും കെട്ടിക്കൊണ്ടു പോകത്തില്ലായിരുന്നു... പിന്നെ എന്നാത്തിനായിരുന്നു ഈ ഓട്ടപാച്ചിൽ "
സില്ല ചോദിച്ചപ്പോൾ മറുപടി അറിയാനുള്ള കൗതുകത്തോടെ ഞാനുമാ മുഖത്തേക്ക് നോക്കി.
"ഒരു പെണ്ണിനെ വന്നു കണ്ടിഷ്ട്ടപ്പെടുമ്പോ തൊട്ടു ആണിന്റെ മനസ്സിൽ സ്വപ്‌നങ്ങൾ മുളപൊട്ടാൻ തുടങ്ങും... വിവാഹം ഉറപ്പിച്ച ശേഷം അല്ലെങ്കിൽ എൻഗേജ്മെന്റു കഴിഞ്ഞു/ കല്യാണപ്പന്തലിൽ നിന്നൊക്കെ വേറൊരാൾക്കൊപ്പം പോകുന്നത് സിനിമയിലും കഥയിലുമൊക്കെ കാണാനും വായിക്കാനുമൊക്കെ സുഖം കാണും , പക്ഷെ യഥാർത്ഥത്തിൽ അതു അനുഭവിക്കുന്നവന്റെ മാനസിക ബുദ്ധിമുട്ട് ... പ്രേമവും, തല്ലും, വഴക്കുമൊക്കെ നമ്മുടെ കാര്യം.. അതിനു മറ്റൊരാളെ ബലിയാടാക്കണോ... അതുകൊണ്ട് തന്നെയാ മോഹിപ്പിച്ചു ഒരാളെ വഞ്ചിക്കരുത് എന്നു കരുതി തന്നെയാ ഞാൻ ഓടിവന്നത് . എനിക്കറിയാമായിരുന്നു ഞാനൊന്ന് നേരിട്ടു സംസാരിച്ചാൽ തീരുന്ന വാശിയെ ഇവൾക്കുള്ളു എന്നു.. അതിനിടയിലേക്കു വേറൊരാളെ വലിച്ചിട്ടു ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. "
"പിന്നെ എന്റെ പെണ്ണങ്ങനെ മറ്റൊരുത്തന്റെ മുന്നില് ഒരുങ്ങിക്കെട്ടി നിൽക്കുന്നത് എനിക്കിഷ്ടവല്ലാന്നു കരുതിക്കോ... അതിൽ എന്റെ സ്വാർത്ഥത കൂടി ഉണ്ടെന്നു വെച്ചോ... "
എബിയുടെ ഓരോവാക്കും പിടിവാശികൊണ്ടു മൂടിപ്പോയ എന്റെ മനസ്സിലേക്ക് കുത്തിത്തറക്കുകയായിരുന്നു.. ശേഷം വീട്ടിലേക്കു വിളിച്ചു സംസാരിച്ചപ്പോഴാണ് എബിയുടെ ഈ വരവ് ആത്മസ്നേഹിതന്മാരുടെ കൂടെ അറിവോടെയായിരുന്നു എന്നു മനസ്സിലായത്. എന്നതായാലും എല്ലാവരും ഹാപ്പി...
കളിയും ചിരിയും കഴിഞ്ഞു മനസ്സില്ലാ മനസ്സോടെയാണ് എന്നെ ഹോസ്റ്റലാക്കി എബി മടങ്ങിയത് എന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.
ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ മുഴുവൻ എബിയുടെ വാക്കുകളായിരുന്നു മനസ്സിൽ..
"നമ്മുടെ സ്വാർത്ഥതക്കു വേണ്ടി മറ്റൊരാളുടെ ഇമോഷൻസ് ഇട്ടു തട്ടി കളിക്കരുതെന്നൊരു വലിയ പാഠം ആയിരുന്നു എബി പകർന്നു തന്നത്... "
എല്ലാ ഈഗോയും വലിച്ചെറിഞ്ഞു ഒരുപാട് സ്വപ്നങ്ങളുമായി.. പ്രണയാർദ്രമായ മനസ്സുമായി ഞാൻ മുന്നോട്ടു നടന്നു "എബിയുടെ സ്വന്തം... അവന്റെ മാത്രം അമ്മുവായി.. "
രചന : Aswathy Joy Arakkal

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo