Showing posts with label BinithaSain. Show all posts
Showing posts with label BinithaSain. Show all posts

വിരലുകൾ സംസാരിക്കുമ്പോൾ I Short Story I Binitha Sain

 

ഇരുട്ടിലെരിയുന്ന കനൽച്ചീളുകൾ പോലെ മിന്നാമിനുങ്ങുകൾ മുറ്റത്തെ അയിനിമരത്തിനുചുറ്റും പാറിപ്പറക്കുന്നു. സ്വർണ്ണവർണ്ണം മിന്നിമറയുന്ന കാഴ്ച്ചയ്ക്കുവേണ്ടി കാർത്തിക് ജനവാതിൽ തുറന്നു തന്നെയിട്ടു. അവ കൂട്ടംകൂട്ടമായാണ് മരച്ചില്ലകളിലേക്ക് അരിച്ചുകയറുന്നത്.
കഴിഞ്ഞ കുറച്ച് രാത്രികളിലായി നടക്കുന്ന സ്ഥിരക്കാഴ്ച്ച. അവൻ എണ്ണിനോക്കി.
ആറ്റച്ചൻ മരിച്ചിട്ട് ഇന്ന് പതിനാലാമത്തെ രാത്രി. രാത്രിയുടെ നിശബ്ദതയിലും ചിതറിവീഴുന്ന കൊച്ചുകൊച്ചു ശബ്ദങ്ങളെ തിരയാൻ തുടങ്ങിയിട്ടും അത്രതന്നെയായി. അയിനിമരത്തിന് കുറച്ചുമാറിയുള്ള ആറ്റച്ചന്റെ ചിതയെരിഞ്ഞയിടത്തേക്ക് മിഴികളെറിഞ്ഞ്‍ അവൻ നിന്നു.
'മോനേ, അമ്പു...ഉറങ്ങുന്നില്ലേ?' എന്ന ചോദ്യത്തിനായി ഇരുട്ടിലേക്ക് അവൻ ചെവി കൂർപ്പിച്ചു. ഇരുട്ട് അതിന്റെ താളങ്ങൾക്കൊപ്പം മൂകമാണ്.
ചീവീടുകളുടെ നിർത്താതെയുള്ള മൂളക്കവും, പുറത്തെ പ്രാവിൻകൂട്ടിൽ നിന്നുള്ള കുറുകലും, മുറിക്കുള്ളിലെ ഫാനിന്റെ കറക്കവും എല്ലാം അതേ താളത്തിൽ തന്നെ തുടരുന്നു. ഇതുവരെയും ശ്രദ്ധിക്കാത്തയീ ശബ്ദശകലങ്ങളെല്ലാം
ഉറക്കം നഷ്ടപ്പെട്ട രാത്രികളിലെ അവന്റെ കണ്ടെത്തലുകളാണ് .
ആറ്റച്ചന്റെ നെഞ്ചിലെ നരച്ച രോമപ്പുറ്റുകളുടെ ചൂടേറ്റുകൊണ്ടല്ലാത്ത ഉറക്കം, ഇനി ശീലിക്കേണ്ടിയിരിക്കുന്നു. നനഞ്ഞ പച്ചമരത്തിന്റെ ഗന്ധമുള്ള ആറ്റച്ചന്റെ ദേഹത്ത് അള്ളിപ്പിടിച്ചു കിടക്കുമ്പോളൊക്കെ അവനിലെ പതിനേഴുകാരൻ, വെറും ഒരുവയസ്സുകാരൻ അമ്പുവാകുമായിരുന്നു. ആറ്റച്ചന്റെ മാത്രം അമ്പു.
ശബ്ദമൊഴിഞ്ഞ വീട്ടിലേക്ക് കുഞ്ഞിക്കലമ്പലുമായി കാർത്തിക് ജനിച്ചുവീണപ്പോൾ, മകനെപ്പോലെ തന്നെ, തന്റെ കൊച്ചുമകനും മിണ്ടാട്ടവും, കേൾവിയും തഴയപ്പെട്ടവനാണോ എന്നാണ് രാരുപ്പണിക്കർ ആദ്യമേ ശ്രദ്ധിച്ചത്. നിശബ്ദതയുടെ ലോകത്തുനിന്ന് കണ്ണുചിമ്മി തുറന്നതുപോലെയായിരുന്നു 'അമ്പുക്കുട്ടാ' എന്നുള്ള രാരുപ്പണിക്കരുടെ വിളിക്ക് കുഞ്ഞുകാർത്തിക് മിഴി തിരിച്ചത്.
ശബ്ദമുള്ളയിടത്തെല്ലാം അവന്റെ ശ്രദ്ധയെത്തുന്നത് രാരു കൈകൾകൊട്ടി ആഘോഷിച്ചു. അയാൾ മാത്രമല്ല ആംഗ്യങ്ങളുടെ ലോകത്തെ മിണ്ടാപ്രാണികളായ മകൻ രമേശനും മരുമകൾ ലതികയും തങ്ങളുടെ മകന്റെ കേൾവിയിൽ അതിരറ്റു സന്തോഷിച്ചു.
പിച്ചവച്ചു തുടങ്ങും മുൻപേ, 'മ്മ ' യെന്നും 'ത്ത' യെന്നും അമ്പുവിന്റെ നാവിൽ തത്തിക്കളിക്കാനെത്തിയ വാക്കുകളെ ആദ്യം കേട്ടതും രാരു മാത്രമായിരുന്നു. വാക്കുകളുടെ മാധുര്യം ചൊരിഞ്ഞുകൊണ്ട് അവനെ സംസാരലോകത്തേക്ക് കൈപിടിച്ച് നടത്തിയ 'അച്ഛച്ചൻ ' അങ്ങനെ ഒരുനാളിൽ 'ആറ്റച്ചനായി ' മാറി.
'സ് സ്സ് സ്..' എന്ന പതിഞ്ഞ ശബ്ദത്തിൽ തട്ടിത്തടയുന്ന അമ്മയുടെ വാക്കുകൾക്കും
'ബ ബ ബ്ബ ബ്ബ 'എന്ന് ഉച്ചത്തിൽ അലറുന്ന അച്ഛന്റെ സ്വരത്തോടുമൊക്കെ അവൻ കാതുകൾ പൊത്തിപ്പിടിച്ച് അനിഷ്ടം കാണിച്ചിരുന്നു.
മുറിഞ്ഞുവീഴുന്ന ആ ശബ്ദങ്ങളെക്കാൾ അവനെ കേൾക്കുന്ന, 'അമ്പു' എന്ന ആറ്റച്ചന്റെ വിളിയിലെ സ്നേഹച്ചൂടായിരുന്നു അവന് പ്രിയം.
മകൻ അവന്റെ ആറ്റച്ചനെക്കണ്ട്, ആറ്റച്ചനെപ്പോലെ വളരുന്നതിൽ അഭിമാനം പൂണ്ട രമേശനും ലതികയും സ്വമേധയാ അവരുടെയിടയിൽ നിന്നും ഒഴിഞ്ഞു മാറിനിന്നു. വളർച്ചയ്ക്കൊപ്പം ജന്മദാതാക്കളുമായുള്ള അവന്റെ അകലവും കൂടിവന്നു.
അച്ഛന്റെയും അമ്മയുടെയും ആംഗ്യങ്ങൾക്കും , ചേഷ്ടകൾക്കും എതിരെ അവൻ എന്നും മുഖം തിരിച്ചു നടന്നു. അവരുടെ മൗനസങ്കടങ്ങൾക്കെതിരെ കണ്ണടച്ചു കൊണ്ട് രാരുവും ' അവന് ആറ്റച്ചനെ മതി ' എന്ന സ്വകാര്യ അഹങ്കാരത്തോടെയും കഴിഞ്ഞു.
ആ ആറ്റച്ചനാണ്, ശബ്ദങ്ങളുടെ അതിരില്ലാ ലോകത്ത് അവനെ തനിച്ചാക്കിക്കൊണ്ട് ഇന്നാ മണ്ണിന്റെ നിശബ്ദതയിൽ അന്തിയുറങ്ങുന്നത്.
ചുമരുകൾക്കപ്പുറത്ത് 'സ്.. സ്സ്.., ബ ബ്ബ ' ശബ്ദങ്ങൾ അവന്റെ ഉറക്കമില്ലായ്‌മയെ വീണ്ടും അലോസരപ്പെടുത്തി. ഇനിയങ്ങോട്ട് ആ ശബ്ദങ്ങൾ മാത്രമാവും കാതുകൾക്ക് കൂട്ടുകാർ എന്നത് അവനിൽ അകാരണമായ ഭയമുണ്ടാക്കി. വാക്കുകൾ മരിച്ച വീട് അവന്റെ ചുറ്റും കൈമുദ്രകളുടെ നിഴൽദൃശ്യങ്ങൾ തീർത്തു. ആ ദൃശ്യങ്ങൾക്കൊപ്പം ജോസേട്ടൻ രാവിലെ ഉന്നയിച്ച സംശയവും അവനു ചുറ്റിലും നിരന്നു.
"അമ്പു മോനേ, ഇത് അറിയാതല്ല, അറിഞ്ഞോണ്ട് തന്നെയാന്നാ നിക്ക് തോന്നണേ. അവൻ കഴുക്കോൽ എണക്കാനറിയാത്ത മൂത്താശാരിയല്ല. ഇന്നുമിന്നലേം തൊടങ്ങ്യതല്ല ഞങ്ങള്ടെ ആശാരിപ്പണി മോനറിയാല്ലോ?"
നാട്ടുകാർക്ക് ഏറെ മതിപ്പുള്ള ആശാരിമാരാണ് ആറ്റച്ചനും, ജോസേട്ടനും. ഉറ്റ സുഹൃത്തുക്കളും. പാരമ്പര്യമായി കിട്ടിയ ആശാരിപ്പണി ഒന്നിച്ചു അഭ്യസിച്ചു തുടങ്ങിയവർ. വീടിനോട് ചേർന്നുള്ള പണിപ്പുരയിൽ അവരൊന്നിച്ചാണ് പണിയുന്നതും. അവരോടൊപ്പം ആ പണിപ്പുരയിൽ നേരം കളയാനും കുഞ്ഞുന്നാളിലെന്നപോലെ അമ്പുവിന് ഇപ്പോളും ഇഷ്ടമാണ്. ആറ്റച്ചൻ ഉണ്ടാക്കികൊടുക്കുന്ന മരപ്പാവകൾ കൊണ്ട് കളിച്ചും, ചിന്തേര്പൊടിയിൽ കുത്തിമറിഞ്ഞും, വളർന്ന ബാല്യം.
അമ്പുവിന്റെ ഭാവി മരപ്പൊടികൾക്കുള്ളിൽ കുതിർത്തിടാൻ ആഗ്രഹമില്ലാത്തതിനാൽ കുലത്തൊഴിലിൽ ഏറിവരുന്ന അവന്റെ താല്പര്യത്തെ ആറ്റച്ചൻ പലപ്പോഴായി തച്ചുടച്ചിരുന്നു. എങ്കിലും ആ പണിശാല അവന് പ്രിയപ്പെട്ട ഇടം തന്നെയായിരുന്നു. അതേ പണിപ്പുര തന്നെ ആറ്റച്ചന്റെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായിരിക്കുന്നു.
"പണിപ്പൊരേടെ കഴുക്കോലിന് ഒരു കൊഴപ്പോമില്ലാരുന്നു. അവനാണ് അന്ന് ചുമ്മാ അത്‌ ഇളകിയിരിക്കുന്നു ന്ന് പറഞ്ഞ്, കേറി വീണ്ടും ഇളക്കിയെടുത്ത് ശര്യാക്കീത്. എന്നെ മനഃപൂർവം തടി നോക്കാൻ പറഞ്ഞുവിട്ടതുമൊക്കെ അതിന് വേണ്ടിയാവും. "
ജീവനൊടുക്കാനൊരു കാരണത്തിനായി മനഃപൂർവം കഴുക്കോൽ ഇളക്കിയെടുക്കുന്ന ആറ്റച്ചനെ അവന്റെ ചിന്തകൾ പോലും ഉൾക്കൊള്ളാൻ തയ്യാറല്ലായിരുന്നു. ജോസേട്ടൻ കൂട്ടിച്ചേർത്ത കാര്യങ്ങൾ ആ ചിന്തകൾക്ക് ചിന്തേരിടുന്നവയായിരുന്നു.
"കുറച്ചീസായിട്ട് അവൻ വല്ലാണ്ട് ആലോചന തന്നെയാർന്ന്. ശരിക്കും പറഞ്ഞാ, തലകറക്കം വന്ന് ആശൂത്രീൽ പോയിവന്ന അന്ന് തുടങ്ങീതാ. ചോയ്ച്ചാ മുണ്ടൂല. പിന്നെ ഒരൂസം അവൻ എന്നോട് കാര്യം പറഞ്ഞ്. അവന് ഇയർ ബാലൻസ് പോകണ അസുകാണ്. അവന്റെ കേൾവി കുറേശ്ശേ കുറേശ്ശേയായി പൊയ്ക്കൊണ്ടിരിക്കുവാണെന്ന്. അതിന്റെ നല്ല സങ്കടോം ണ്ടായിരുന്നു മൂപ്പർക്ക്. നിന്റെ അച്ഛനേം അമ്മേം പോലെ അവനും ആംഗ്യം കൊണ്ടേ ഇനി നിന്നോട് സംസാരിക്കാൻ പറ്റുള്ളോ ന്ന് അവന് നല്ല പേടി ണ്ടാരുന്നു. അയ്‌നെന്താ സംസാരിക്കാൻ പറ്റുല്ലോ ന്നൊക്കെ ഞാൻ ചോദിച്ചതാ.നിന്നെ കേക്കാൻ പറ്റാണ്ടാവുക ന്ന് പറഞ്ഞാല് അവന് മരിച്ചത് പോലാ ന്നാ പറഞ്ഞത്. അതൊക്കെ വച്ച് നോക്കുമ്പോ എനിക്കങ്ങനെ തോന്നാണ് മോനേ ".
ആശുപത്രിയിൽ പോയി വന്നതിന് ശേഷം ആറ്റച്ചൻ പലപ്പോഴും തന്നിൽ നിന്നകന്നു മാറാൻ ശ്രമിച്ചിരുന്നത് എന്തുകൊണ്ടാണെന്ന് അമ്പുവിന് ബോധ്യമായത് അപ്പോൾ മാത്രമാണ്. അധികസമയവും പണിപ്പുരയിൽ ചെലവഴിക്കുകയും, ചോദ്യങ്ങൾക്ക് മൂളലിൽ മാത്രം മറുപടി ഒതുക്കുകയും ചെയ്തത് ഒരുപക്ഷേ അതുകൊണ്ടാവും എന്ന് തന്നെ അവനുറപ്പിച്ചു.
താഴെ വീണു കിടന്നിരുന്ന കഴുക്കോലും കൂട്ടിനുള്ള അസുഖവും മരണത്തിനുള്ള സാക്ഷികളാക്കി കരുതി വച്ച്, സ്വന്തമായി മെനഞ്ഞെടുത്ത ഏകാങ്കനാടകം ഭംഗിയായി ആടിത്തിമിർത്ത ആറ്റച്ചൻ.
മൗനം തിങ്ങുന്ന മുറിക്കകത്ത് വിങ്ങുന്ന നെഞ്ചകവുമായി അയിനിമരച്ചുവട്ടിലേക്ക് നോക്കിയതും അവന്റെ മിഴികൾ നനവൂറികുതിർന്നിരുന്നു. അന്നേരം ജാലകവാതിൽ താണ്ടി
ഒഴുകിയെത്തിയ ഇളംകാറ്റ് അവന്റെ തലമുടിയിൽ തഴുകി കടന്നുപോയി.
ശിരസ്സിൽ ആരുടെയോ തലോടലേറ്റപ്പോൾ അവനല്പം ആശ്വാസമായി. അതിനൊപ്പം പുറകിൽ നിന്ന് 'സ്... സ്സ്.. 'എന്ന ശബ്ദം കേട്ടതും ആ കൈ തട്ടിമാറ്റി അവൻ ചാടിയെഴുന്നേറ്റു.
ഉറങ്ങാതെ കാവൽ നിൽക്കുന്ന അമ്മയും അച്ഛനും. അവന്റെ പെട്ടെന്നുള്ള ചെയ്തിയിൽ അവരും ഭയപ്പെട്ടു.
ആറ്റച്ചന്റെ മരണം, ഒരുപക്ഷേ അമ്പുവിനെക്കാൾ അവരെയാണ് വിഷമത്തിലാക്കിയത്. അവനും അവർക്കുമിടയിലെ സ്നേഹത്തിന്റെ ശബ്ദവാഹകനാണ് ഇല്ലാതായിരിക്കുന്നത്. അവന്റെ ഇഷ്ടാനിഷ്ടങ്ങളെല്ലാം ആറ്റച്ചനിലൂടെ നിറവേറ്റിക്കൊടുത്ത് മൗനത്തിന്റെ ഇരുട്ടിൽ ഒതുങ്ങിക്കൂടിയവർ.
ആറ്റച്ചനില്ലാത്ത അവന്റെ ദിനരാത്രങ്ങളെ മാറിനിന്ന് കണ്ടുകൊണ്ട്, കൂടെയുണ്ടെന്നറിയിക്കാതെ കൂടെനിന്ന് രണ്ടുജന്മങ്ങൾ. ആ മുറിയിലേക്ക് അവർക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും അവനെ തനിച്ചാക്കാൻ ആ മിണ്ടാക്കോലങ്ങൾക്ക് കഴിയുമായിരുന്നില്ല.
ഭീതിയോടെ നോക്കിനിൽക്കുന്ന രണ്ടു മുഖങ്ങളെയും നീരസത്തോടെ നോക്കിക്കൊണ്ട്, അവൻ ആ മുറിവിട്ടു പുറത്തേക്ക് പോയി.
വീടിനു വെളിയിലിറങ്ങിയിട്ടും അയിനിമരച്ചുവട്ടിൽ നിന്നും വിട്ടുപോരാനാവാത്ത മനസ്സ്‌ അവന്റെ നോട്ടം അവിടെത്തന്നെ പ്രതിഷ്ഠിച്ചു. വട്ടംചുറ്റി നിന്നിരുന്ന മിന്നാമിനുങ്ങുകൾ അവിടെനിന്നും ഒഴുകിയിറങ്ങി മെല്ലെ എതിർവശത്തുള്ള പണിപ്പുരയ്ക്കകത്തേക്ക് കടന്നു. അവർക്കൊപ്പം അവനും ആ ഓടിട്ട പുരയിലേക്ക് തിരിച്ചു. അകത്തു കയറി ലൈറ്റ് ഇട്ടതും മിന്നാമിനുങ്ങുകൾ ആ വെള്ളിവെളിച്ചത്തിൽ അലിഞ്ഞുചേർന്ന് അപ്രത്യക്ഷമായി.
മരക്കഷ്ണങ്ങളും, പണിതീർന്നതും തീരാത്തതുമായ വീട്ടുപകരണങ്ങൾ കൊണ്ട് നിറഞ്ഞ പണിപ്പുര. പണിയൊഴിഞ്ഞ പണിപ്പുര അനാഥമായതുപോലെ.
ഉണക്ക മരത്തടികളുടെയും നനഞ്ഞ മരക്കഷ്ണങ്ങളുടെയും ഗന്ധങ്ങൾക്കിടയിൽ നിന്നും വിയർപ്പിൽ കുതിർന്ന പച്ചമരത്തിന്റെ ഗന്ധം അവൻ വേർതിരിച്ചെടുത്തു.
തറയിലെ മരപ്പൊടികളെ ഞെരിച്ചമർത്തി മുന്നോട്ട് നടക്കുമ്പോൾ ആറ്റച്ചന്റെ സാമീപ്യം അവൻ അനുഭവിച്ചറിഞ്ഞു.
"ജോസേ മറ്റേ അറ്റം പിടിയെടാ "
"മ്മ് പിടിച്ചോ... മുറുക്കിക്കോ "
"തച്ചൊള്ളത്തേക്കുള്ള കട്ല നാളത്തേക്ക് ശര്യാക്കണം "
ആറ്റച്ചന്റെ ശബ്ദം ഇപ്പോളും ആ ചുമരുകൾക്കുള്ളിൽ തങ്ങിനിൽക്കുന്നുണ്ട്. 'അർക്കവാള് കൊണ്ട് മരത്തിൽ ഉരച്ചാൽ എങ്ങനാ അതുപോലാ ആറ്റച്ചന്റെ സൗണ്ട്. എന്ത് സൗണ്ടാ ആറ്റച്ചാ ഇത് ' അവൻ പലപ്പോഴായി അങ്ങനെയാണ് ആ ശബ്ദത്തെ കളിയാക്കാറുണ്ടായിരുന്നത്.
ശബ്ദങ്ങൾക്കും ആറ്റച്ചന്റെ ഗന്ധമുണ്ട്. മൂലയ്ക്ക് അനാഥമായി കിടക്കുന്ന പണിയായുധങ്ങൾ ആറ്റച്ചന്റെ കൈത്തഴമ്പിൽ ജീവനുള്ള ശബ്ദങ്ങൾ ഉണ്ടാക്കുന്നത് അവൻ ഓർത്തെടുത്തു.
"നിന്നെ കേൾക്കാണ്ടാവുക എന്നാൽ അവന് മരിച്ചതിനു തുല്യാ "
കേൾവിയില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ ആദ്യമായി അവന്റെയുള്ളിൽ നിഴലുകൾ വീഴ്ത്തി. അവൻ ചുറ്റുപാടും കണ്ണെത്തിച്ചു.
പണിതീർത്ത അലങ്കരണങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തായുള്ള കൊച്ചു മേശയും അതിന് മുകളിലായി കൊത്തുപണി ചെയ്ത ശില്പങ്ങളും പിന്നീടാണ് അവന്റെ കണ്ണിലകപ്പെട്ടത്.
കൈകളുടെ ആകൃതിയിലുള്ള പത്തോളം ദാരുശില്പങ്ങൾ നിരത്തിവച്ചിരിക്കുന്നു. ഓരോന്നിലും വിരലുകളുടെ അവസ്ഥയ്ക്ക് വ്യത്യാസമുണ്ട്. മുഷ്ടി ചുരുട്ടിയത്, ചൂണ്ടുവിരൽ മാത്രം ഉയർത്തിയത്, തള്ളവിരൽ ഉയർത്തിയത്, നടുവിരലും ചൂണ്ടുവിരലും പ്രത്യേക ദിശയിലേക്ക് തിരിച്ചു പിടിച്ചത്. അങ്ങനെ പണിതീർന്നതും, തീരാത്തതുമായ വിരൽശില്പങ്ങൾ.
ആ ശില്പങ്ങളിലേക്ക് വളരെനേരം നോക്കി നിന്നപ്പോൾ അവയൊരോന്നും അവനുമുന്നിൽ ഓരോ ഭാവങ്ങൾ തീർക്കുന്ന മുദ്രകളായി തീർന്നു. അച്ഛൻ, അമ്മ എന്ന മൂകശിലകൾ അവനു മുന്നിൽ പലപ്പോഴായി കാണിച്ചു പരാജയപ്പെട്ട മുദ്രകൾ. മനസ്സിലാക്കലുകളുടെ അതിർവരമ്പുകൾക്കിടയിൽ അകപ്പെട്ടു പോയ ശിൽപങ്ങൾ. അതിൽ
ശബ്ദമില്ലാതെ ചലിക്കുന്ന വിരലുകൾ. കേൾവിയകന്നുപോകുന്ന ആറ്റച്ചന്റെ മനസ്സ് അവനിപ്പോ സുതാര്യമായിത്തുടങ്ങിയിരുന്നു. ഈ മുദ്രകൾ കൊണ്ട് മാത്രമേ ഇനി കൊച്ചുമകനെ കേൾക്കാനാവുള്ളു എന്ന ചിന്തയിൽ അവനുവേണ്ടി തയ്യാറാക്കിയ ശില്പങ്ങൾ!
ശ്രവിക്കാനാവില്ല എന്ന വ്യഥയോടൊപ്പം മൗനമെന്ന തിരശ്ശീലയ്ക്കു പിന്നിലേക്ക് സ്വയം ഒഴിഞ്ഞുനിന്ന ആറ്റച്ചനോട് അവനാദ്യമായി അരിശം തോന്നി. ആ മനസ്സിലെ സംഘർഷങ്ങളെ അടുത്തുണ്ടായിട്ടും തിരിച്ചറിയാനാവാതെ പോയതിൽ അമർഷവും.
ആ വിരൽശില്പങ്ങളെ വാരിപ്പുണർന്ന് മേശമേൽ തലചായ്‌ച്ച് സ്വയംപഴിച്ച് അവനിരുന്നു. ആറ്റച്ചനുമൊത്തുണ്ടായിരുന്ന ഓരോ നിമിഷങ്ങളുടേയും നിശബ്ദചിത്രം തീർത്തുകൊണ്ട് കൺതടങ്ങൾ അന്നേരം കുതിർന്നു തുടങ്ങിയിരുന്നു.
ഓർമ്മചിത്രങ്ങൾക്കൊപ്പം എപ്പോളോ കണ്ണുകളിൽ ഇരുട്ട് പടർന്നത് അവനറിഞ്ഞിരുന്നില്ല. കണ്മുന്നിൽ ഇരുട്ടിന്റെ നിറം മാത്രം. പോകെപ്പോകേ ആ ഇരുളിനുള്ളിൽ വെളിച്ചമേകിക്കൊണ്ട് എവിടേനിന്നോ ഒരു മിന്നാമിനുങ്ങ് ആ മുറിക്കുള്ളിലേക്ക് പറന്നടുത്തു. അത്‌ മുകളിലേക്ക് ഉയർന്ന് ഓട്മേഞ്ഞ മേൽക്കൂരയുടെ ഒരു കഴുക്കോലിൽ പറ്റിച്ചേർന്നിരുന്നു. ജോസേട്ടനും കൂട്ടരും കഴിഞ്ഞ ദിവസം കുറ്റമറ്റതാക്കി തീർത്ത അതേ കഴുക്കോൽ. ഒരാളുടെ ജീവനെടുക്കാനും മാത്രം ശക്തിയുണ്ടോ അതിന് എന്ന ചിന്ത അവനെ അലട്ടാതിരുന്നില്ല. കൃത്യമായ കണക്കുകൂട്ടലുകളിൽ പാളിച്ച വരാതിരുന്നാൽ മരണവും സാധ്യമായത് തന്നെയെന്നവൻ തിരുത്തി. ആ കഴുക്കോലിന് തൊട്ടു താഴെയായി അവ്യക്തമായ ഒരു നിശ്ചലരൂപം അവൻ ഇരുട്ടിലും കണ്ടു.
ഇരുട്ടിനും പകർന്നുതരാൻ കഴിയുന്ന വെളിച്ചത്തിന്റെ ചില തരികളുണ്ട്. ആ പകർന്നാട്ടത്തിന് ആറ്റച്ചന്റെ രൂപമാണ്. പെട്ടെന്ന് മുകളിലായി ചില ഞെരങ്ങലുകൾ അവൻ കേട്ടു. 'ഉത്തരത്തെ' താങ്ങി നിർത്തുന്ന ആ മരക്കഷ്ണങ്ങൾ പരസ്പരം ഉരസുന്ന ശബ്ദമാണ്. തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ബന്ധനങ്ങളിൽ നിന്നും സ്വയം അകന്നുവീഴാനൊരുങ്ങി നിൽക്കുന്ന കഴുക്കോൽ.
അവനൊരു ഉൾവിളിയോടെ ചാടിപ്പിടഞ്ഞെഴുന്നേറ്റു. ആ കഴുക്കോലിന് നേരെ തൊട്ടുതാഴെയായി ഇപ്പൊ ഒന്നല്ല രണ്ടുരൂപങ്ങളുണ്ട്. നേരത്തെ കണ്ട അവ്യക്തമായ നിശ്ചലരൂപത്തിന് പകരം ചലിക്കുന്ന രണ്ടു നിശബ്ദ നിഴലുകൾ. അവർ രണ്ടാളും അവനുനേരെ കൈകൾ നീട്ടി നിൽക്കുകയാണ്. കണ്ണുനീർച്ചാലുകൾ തീർത്ത അവരുടെ കവിൾത്തടങ്ങൾ ഇരുട്ടിലും തിളങ്ങി. അവ പതിനേഴുവർഷത്തെ അവഗണനയുടെ കഥകൾ പറയുന്നുണ്ടെന്ന് അവന് തോന്നി. ഇളകിക്കൊണ്ടിരിക്കുന്ന കഴുക്കോലിലേക്കും അവരിലേക്കും മാറിമാറി നോക്കിക്കൊണ്ട് അവിടെ നിന്ന് മാറിനിൽക്കാൻ അവരോട് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവനത് സാധിക്കുന്നില്ലായിരുന്നു. കണ്ഠനാളത്തിൽ നിന്നും കുതിച്ചൊഴുകാനാവാതെ മരണമടയുന്ന വാക്കുകൾ. കൈകാലുകൾ ചലിപ്പിക്കാനാവത്ത വിധം അവനെയാരോ വരിഞ്ഞു മുറുക്കിയത് പോലെ. 'ആറ്റച്ചാ' 'അച്ഛാ ' 'അമ്മേ' എന്നുള്ള മനസ്സുരുക്കങ്ങളിൽ ഒന്നും പുറത്തേക്കു വരുന്നില്ല. ശബ്ദങ്ങൾക്കുവേണ്ടി അവൻ നാലുപാടും പരതി. സ്വന്തം ഹൃദയമിടിപ്പ് പോലും അവനെ തോൽപ്പിച്ചിരിക്കുന്നു.
'സ് സ്സ് '
'ബ ബ്ബ ' ശബ്ദങ്ങളില്ലാതെ മുന്നിൽ നിൽക്കുന്നവരുടെ ചുണ്ടുകൾ അനങ്ങുന്നത് മാത്രം അവന് കാണാം. അവർക്കു മുകളിലുള്ള 'മേൽക്കൂര താങ്ങി' അതിന്റെ രണ്ടഗ്രവും ഭേദിച്ച് താഴോട്ടു പതിക്കുന്നത് കണ്ടതും ഇറുക്കെ കണ്ണുകളടച്ച് അവൻ നിലവിളിച്ചു.
പണിശാലയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് പുറത്തേക്ക് ഒഴുകിയൊലിച്ച നിലവിളിയുടെ ചീളുകൾ അവന്റെ കാതുകളിലും തറച്ചു. ഹൃദയത്തുടിപ്പുകൾക്കൊപ്പം
ആവലാതി പൂണ്ട ശബ്ദം വ്യക്തമായപ്പോൾ അവൻ കണ്ണുകൾ തുറന്നു. നെഞ്ചോട് ചേർത്തുവച്ചിരുന്ന ശില്പങ്ങളിൽ ചിലത് ഊർന്നു താഴെ വീണിരിക്കുന്നു.
'ബ ബ്ബാ ബ്ബാ…..'
ഇരുളകന്ന കണ്ണുകളുയർത്തി അവൻ ശബ്ദം കേട്ടയിടത്തേക്ക് നോക്കി.
തൊടാൻ പോലും ഭയപ്പെട്ടുകൊണ്ട് അവനെ നോക്കി നിൽക്കുന്ന കരഞ്ഞുകലങ്ങിയ കണ്ണുകൾ.
"അച്ഛാ, അമ്മേ "... എന്ന അവന്റെ വിളികൾക്ക് ഇന്ന് ജീവൻ വച്ചു.
ആംഗ്യങ്ങളും ശുഷ്കമായ ശബ്ദങ്ങളും കൊണ്ട് തന്റെ മുന്നിൽ വേവലാതിപ്പെട്ടു നിൽക്കുന്ന ആ രണ്ടുരൂപങ്ങൾക്കു നേരെ ഓടിയടുത്ത് അവനവരെ ഇരുകൈകളാലും വാരിപ്പുണർന്നു. ആ ജീവാംശങ്ങളുടെ ഹൃദയസ്പന്ദനങ്ങൾ തൊട്ടറിഞ്ഞപ്പോൾ അവനാദ്യമായി അവരെ കേൾക്കുകയായിരുന്നു. ആ മൂന്നു ശബ്ദങ്ങളും ഒന്നിച്ചു ചേർന്ന് ഒറ്റ നിഴലായി തീർന്ന നേരം ആ ദാരുശില്പങ്ങളിൽ നിന്ന് അനേകായിരം മിന്നാമിനുങ്ങുകൾ മുകളിലേക്ക് ഉയർന്നുപാറുന്നത് അവരാരുംതന്നെ കണ്ടിരുന്നില്ല.
(അവസാനിച്ചു)
Binitha Sain

ബേഗം പൻവേൽസാഹിബ I Binitha Sain



 "ബേഗം പൻവേൽസാഹിബ.. ഓഹ് അല്ലല്ലോ. ബേഗം പൻവേൽലക്ഷ്മി സാഹിബാ ഹ്ഹാ.. ഹ.. ഹ്ഹാ...."
ഫ്രെയിംചെയ്ത ചിത്രത്തിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോളാണ് സ്റ്റുഡിയോറൂമിനെ പ്രകമ്പനംകൊള്ളിച്ച ബിജോയ്സിന്റെ അട്ടഹാസം മുഴങ്ങിയത്.
പൻവേൽലക്ഷ്മിയും അന്നിതുപോലെയാണ് ഈ ചിത്രംകണ്ട് അട്ടഹസിച്ചത്. അന്നെന്നുപറഞ്ഞാൽ ഞാനീ പോർട്രെയ്റ്റ് വരച്ചു പൂർത്തിയാക്കിയ അന്ന്. ഏകദേശം പന്ത്രണ്ടു വർഷങ്ങൾക്ക് മുമ്പ്.
"പാരെടാ, ഇബ്നു ബഹാദൂർ... പൻവേൽലക്ഷ്മി, 'ബേഗം പൻവേൽ സാഹിബാ'
ആയിട്ടേൻ എപ്പടി? ജോറായിറ്ക്കില്ലേ? "
മുഗൾ ചക്രവർത്തിനിയുടെ വേഷവിധാനത്തോടെ, കറുത്തുതടിച്ചോരു തമിഴത്തി പ്രൗഢഗംഭീരഭാവത്തിൽ സിംഹാസനത്തിലിരിക്കുന്ന ചിത്രം!
സ്വന്തം ഛായാചിത്രത്തിലേക്ക് നോക്കിക്കൊണ്ടവൾ കുലുങ്ങിച്ചിരിച്ചപ്പോൾ മുൻനിരപ്പല്ലുകൾക്കിടയിലെ കറുത്ത വിടവും പച്ചക്കൽമൂക്കുത്തിയും തെളിഞ്ഞു കണ്ടു.
എന്റെ വരയ്ക്കുള്ളതല്ല ആ സർക്കാസച്ചിരി എന്നെനിക്കറിയാമായിരുന്നു. കാരണം അതൊരു കാരിക്കേച്ചർ അല്ലായിരുന്നല്ലോ.
ഒരു തമിഴ്പെണ്ണ് 'സുൽത്താന'യായതിലെ സർക്കാസം. ഇതുവരെ ആരും വരച്ചു കണ്ടിട്ടില്ലാത്ത രൂപത്തിൽ സ്വന്തം രൂപരേഖ കണ്ടതിലെ അപഹാസ്യതയായിരുന്നു ആ ചിരിയിൽ.
ഈ ചിത്രം വരയ്ക്കുന്നതിന് ഒരാഴ്ച മുമ്പ്, ഇതേ പൻവേൽലക്ഷ്മിയാണ് തോളത്തു തട്ടി,
"ഇബ്നു ബഹാദൂർ നീ പെരിയ ആർട്ടിസ്റ്റായിട്ടേൻ " എന്ന സർട്ടിഫിക്കറ്റ് തന്നത്. അപ്പൊ ആ ചിത്രം എങ്ങനെ ജോറല്ലാതെയാവും.
പൻവേൽ ലക്ഷ്മിയ്ക്ക് മുന്നേ 'ഇബ്നു ബഹാദൂർ' എന്ന മുഴുവൻ പേരോടെ എന്നെ വിളിച്ചിട്ടുള്ളത് പ്രീഡിഗ്രിക്ക്ലാസ്സിലെ സൂവോളജിവിഭാഗംഹെഡ് മാത്യുസർ ആയിരുന്നു.
"Ibnu Bahadoor you are a brilliant student, and you have a bright future also"
എന്ന സാറിന്റെ വാക്കുകളിലെ 'future'ൽ മിസ്റ്റർ ബഹാദൂർ കണ്ടത് 'ഡോക്ടർ ഇബ്നു ബഹാദൂർ' എന്ന സ്വപ്നം ആയിരുന്നെങ്കിൽ, സൂവോളജിടെക്സ്റ്റ്ബുക്കിലെ അനാട്ടമി ചിത്രങ്ങളിലായിരുന്നു മകന്റെ സ്വപ്നങ്ങളുടക്കിയിരുന്നത്.
ജീവജാലങ്ങളുടെ അനാട്ടമിയിൽനിന്ന് മനുഷ്യശരീരത്തിന്റെ വളവുകളും ചുഴികളും ചാർക്കോൾകൊണ്ട്, അനായാസേന ഒപ്പിയെടുക്കാൻ കൈവഴങ്ങുന്ന 'ആർട്ടിസ്റ്റ് ഇബ്നു ബഹാദൂർ'.
ഒരു ആർട്ടിസ്റ്റിലേക്ക് ഞാൻ എത്തിച്ചേർന്നുവെങ്കിൽ അതിൽ പൻവേൽലക്ഷ്മിക്ക് വലിയ പങ്കുണ്ട്. ഏറ്റവും കൂടുതൽ വരച്ചുപഠിച്ചിട്ടുള്ള ശരീരവടിവുകളും അവരുടേത് തന്നെ.
'ന്യൂഡ് ആർട്ട്' മോഡലായ, പൻവേൽ എന്ന് ഞാൻ വിളിക്കുന്ന, 'പൻവേൽ ലക്ഷ്മി'! കെ.ജെ ആർട്ട് സ്കൂളിന്റെ സ്വന്തം 'പൻവേൽ'! അങ്ങനെ അറിയപ്പെടാനായിരുന്നു അവർക്കും ഇഷ്ടം.
"പൻവേൽലക്ഷ്മി!! പേര് കേട്ടപ്പോ ഞാൻ കരുതി വല്ല ചെറുപ്പക്കാരിയുമാ യിരിക്കുമെന്ന്; നല്ല സ്ട്രക്ച്ചറൊത്ത ഒരെണ്ണം. ഇതിപ്പോ പത്തുമുപ്പത്തഞ്ചു വയസ്സ് കാണുമല്ലോ. ആകെക്കൂടെ ഇടിഞ്ഞു തൂങ്ങി... ഇതൊക്കെയായിരുന്നോ നിങ്ങളുടെ മോഡൽസ്.. ഹ ഹ... അടിപൊളി." ബിജോയ്സ് ഇപ്പോളും ചിത്രത്തിനുള്ളിൽ തന്നെയാണ്. അവന്റെ സർക്കാസം ഇതുവരെ അവസാനിച്ചില്ല.
"നീ നിന്റെ ഗ്രാഫിക് ഡിസൈനിങ് അതിൽ നടത്തണ്ട. ഞാൻ പറഞ്ഞ കാര്യം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തുതാ."
"ഹ..നീയൊന്നടങ്ങെടാ. ഞാനൊരു തമാശ പറഞ്ഞതല്ലേ. അവൻ അന്വേഷിച്ചിട്ട് വിളിക്കാമെന്നല്ലേ പറഞ്ഞത്. വെയിറ്റ് ചെയ്യ്‌.”
പരിഹാസം എനിക്ക് പിടിക്കുന്നില്ലെന്ന് മനസ്സിലായത് കൊണ്ടാവും പിന്നീടവൻ ഗൗരവത്തിലായത്. വാക്കുകളിൽ നീരസം ഏറിപ്പോയെന്ന് തോന്നി. അല്ലെങ്കിലും ആളെ കണ്ടുപിടിച്ചുതരിക എന്നതല്ലല്ലോ ഒരു ഗ്രാഫിക് ഡിസൈനറുടെ ജോലി.
പൻവേൽലക്ഷ്മിയെ തേടിയിറങ്ങി ഒടുക്കം എത്തിച്ചേർന്നതാണ് പഴയ നാട്ടുകാരനായ കൂട്ടുകാരന്റെയടുത്ത്. പൻവേൽ കോടമ്പാക്കത്താണ് താമസമെന്നറിഞ്ഞപ്പോൾ ആദ്യമോർമ്മ വന്ന കോടമ്പാക്കംകണക്ഷൻ ബിജോയ്സ് മാത്രമാണ്. ആകെ അറിയാവുന്ന ഒരു ക്ലൂ പൻവേലിന്റെ മകൻ രത്നവേൽ എന്ന സ്കൂൾവാധ്യാരെ മാത്രം. ആ ക്ലൂവിൽ പിടിച്ചാണ് ഇവന്റെയടുക്കലെത്തിയത്. അവന്റെ പരിചയംവച്ച് പൻവേലിനെ കണ്ടെത്താനാവുമെന്ന ചെറിയൊരു പ്രതീക്ഷ.
കറുത്തുരുണ്ട രൂപത്തിൽ സങ്കല്പിച്ചെടുത്ത രത്നവേലിന് പൻവേലിന്റെ സാദൃശ്യം തന്നെയായിരുന്നു.
"പൻവേൽ, രത്നവേൽ, മുത്തുവേൽ, കതിർവേൽ അമ്മയ്ക്കും മക്കൾക്കും ഒക്കെ വേൽ എന്ന വാൽ ഉണ്ടല്ലോ എന്താ അതിന്റെ ഗുട്ടൻസ്?”
എപ്പോളുമുള്ള പൊട്ടിച്ചിരിയായിരുന്നു പൻവേലിന്റെ ആദ്യമറുപടി.
"ഒഹ്ഹോ ഇബ്നു ബഹാദൂർ...തെരിയില്ലേ? . പൻവേൽ വന്ത് മുംബൈയിലെ ഒരു സിറ്റി. അങ്കെതാ ഇപ്പോ എങ്കളോടെ വീട്. ഊര് കോടമ്പാക്കം. പതിനേള് വർഷമാച്ച് മുംബൈ വന്തിട്ടു."
തമിൾ മലയാളം നിറഞ്ഞ പൻവേലിന്റെ ശൈലി കേൾക്കാൻ നല്ല രസമാണ്. ഒട്ടുമിക്കഭാഷകളും തന്നെ പൻവേലിനറിയാം. ആർട്ട് സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും പഠിച്ചെടുത്തത്. ഏത് ഭാഷ സംസാരിച്ചാലും ഒരു തമിൾച്ചുവ ഉണ്ടാവുമെന്ന് മാത്രം.
"ഒരു മലയാളത്താൻ സർ ഇരുന്താര്. ജേക്കബ് സർ അവരാക്കും എനക്ക് മലയാളം പഠിപ്പിച്ചത്. അവർ താൻ എനക്ക് പൻവേൽ ലക്ഷ്മി എന്ന പേര് പോട്ടത്. ഇങ്കെ വെളിയിൽ നാൻ സ്വീപ്പർ ലക്ഷ്മി, ഉള്ളെ കെ.ജെ ആർട്സ്കൂൾ മോഡൽ പൻവേൽലക്ഷ്മി. "
തുടക്കമിട്ടാൽ അവസാനിക്കാത്ത സംസാരങ്ങളും, ഒടുവിൽ ശരീരമാകെ ഇളക്കിയൊരു ചിരിയും പൻവേലിന്റെ പ്രത്യേകതയാണ്. ചിരിയൊഴിഞ്ഞൊരു മുഖത്തോടെ പൻവേലിനെ കാണുന്നത് പോസിംഗ് സെക്ഷനിൽ മാത്രമാണ്. മണിക്കൂറുകൾ നീണ്ട നിശ്ച്ചലാവസ്ഥ!
'ജീവസ്സുറ്റ മനുഷ്യരൂപത്തെ കൃത്യതയോടെ കടലാസിൽ പകർത്താനായാൽ നിങ്ങൾക്ക് പ്രഗൽഭനായ കലാകാരനാകാം'. പക്ഷേ വർഷങ്ങളെടുത്ത് ആർജ്ജിച്ചെടുക്കേണ്ട സിദ്ധിയാണത്' എന്ന ഡ്രോയിങ്ങ് മാഷിന്റെ വാക്കുകളെ പിൻപറ്റിയാണ് ലൈഫ് ഡ്രോയിങ്ങ് എന്ന സ്വപ്നവുമായി മുംബൈക്ക് വണ്ടി കയറിയത്.
നഗ്നരായ ലൈവ് മോഡൽസിലെ പെണ്ണുടലുകളുടെ മാദകഭംഗി ആസ്വദിക്കുക എന്ന കൗമാരകുസൃതിയോടെ കയറിയ ആദ്യത്തെ ലൈഫ് ഡ്രോയിങ്ങ് ക്ലാസ്സ്.
ക്യാൻവാസിനുമുന്നിൽ ഇരുന്നപ്പോൾ പ്രതീക്ഷകളെ ആകെ മാറ്റിമറിച്ചുകൊണ്ടാണ് നഗ്നയായ സ്ത്രീരൂപം മുന്നിലെ കസേരയിൽ തന്റെ നിശ്ച്ചല ദേഹവുമായി പ്രത്യക്ഷപ്പെട്ടത്.
പൊക്കംകുറഞ്ഞ കറുകറുത്തൊരു സ്ത്രീരൂപം. എണ്ണതേച്ചു മിനുക്കി ഒതുക്കിയ മുടിയും, തവിട്ടുനിറമുള്ള കണ്ണുകളും, വലിയ പച്ചക്കൽമൂക്കുത്തിയും, കഴുത്തിന് വലതുവശത്തായി ഓം എന്ന് പച്ച കുത്തിയിരിക്കുന്നതും കണ്ടപ്പോൾ തമിഴ് സിനിമകളിലെ അമ്മവേഷങ്ങൾ പെട്ടെന്ന് കണ്മുന്നിലൂടെ മിന്നിമാഞ്ഞു. സാമാന്യം വണ്ണമുള്ള കറുത്ത ശരീരത്തിൽ താഴേക്ക് തൂങ്ങിക്കിടക്കുന്ന മാറിടങ്ങൾ. അരക്കെട്ടിലൊതുങ്ങി നിൽക്കാതെ നേർത്തപാടുകളോടെ ഇടിഞ്ഞുതൂങ്ങിയ വയർ. കുറുകിയ വണ്ണമുള്ള ശരീരത്തെ താങ്ങുവാൻ പ്രാപ്തമായ വലിയ തുടയിടുക്കുകൾ.
"ഇതാണോ ലൈവ് മോഡൽസ്. അയ്യേ "എന്ന് മനസ്സാൽ പറഞ്ഞത് ചിരിയിലൂടെ പ്രതിധ്വനിച്ച് ചെന്നെത്തിയത് ആർട്ട്ട്ടീച്ചറുടെ കാതുകളിൽ. രോഷാകുലയായ മാഡം സിന്ധ്യമിശ്ര രാഷ്ട്രഭാഷയിൽ ശിക്ഷവിധിച്ചു.
“തനിക്കു മാത്രമെന്താ ഇത്ര ചിരി? മോഡൽസിനെ ബഹുമാനിക്കാൻ അറിയാത്തവൻ ലൈഫ് ഡ്രോയിങ്ങ് പഠിക്കാൻ അർഹനല്ല. എന്റെ ക്ലാസ്സിൽ നിന്ന് പുറത്തുപോവുക. ഞാൻ പറഞ്ഞിട്ട് ഇനി കയറിയാൽമതി”
അതായിരുന്നു ആ ശിക്ഷാവിധിയുടെ ചുരുക്കം.
ഇളിഭ്യനായി ക്ലാസ്സിന് വെളിയിലിറങ്ങുമ്പോൾ എന്നെ നോക്കുന്ന തവിട്ടുകണ്ണുകളിൽ കോപത്തിനുപകരം കണ്ടത് ദയനീയ ഭാവമായിരുന്നു. ഒരു പത്തൊമ്പതുകാരന്റെ പക്വതയില്ലായ്മയായിക്കണ്ട് എനിക്ക് മാപ്പ് കൊടുക്കാൻ മാഡം സിന്ധ്യയോട് ശുപാർശചെയ്ത ആ തവിട്ടുകണ്ണുകൾക്കുടമയായ പൻവേലായിരുന്നു പിന്നീടങ്ങോട്ട് എന്റെ ചിത്രകലാധ്യാപിക.
കാഴ്ചക്കാരന്റെ സന്തോഷത്തിനായി വരയ്ക്കുന്ന കലാസൃഷ്ടികളിലെ നഗ്നതയും കലാകാരൻ വരയിലൂടെ കഥപറയുന്ന നഗ്നസൃഷ്ടികളും രണ്ടാണെന്നുള്ള തിരിച്ചറിവ് ഓരോ ക്ലാസ്സുകളിലൂടെയും പൻവേൽ മനസ്സിലാക്കിത്തരുകയായിരുന്നു.
ഒരു ക്ലാസ്സിന് മുന്നിൽ വിവസ്ത്രയായി മണിക്കൂറുകളോളം നിൽക്കുമ്പോൾ അവർ ധ്യാനത്തിലിരിക്കുന്ന മൂർത്തികൾ പോലെയാണ്. ദൈവാംശം തങ്ങിനിൽക്കുന്ന ആ നിശ്ചലദൃശ്യം മനസ്സിന്റെ കാൻവാസിൽ വരകൾകൊണ്ട് വളവുകൾകോറിയിട്ടു തുടങ്ങും.
വെളുത്ത ക്യാൻവാസിൽ പെൻസിൽ കൊണ്ട് രൂപങ്ങൾ തെളിയുമ്പോൾ മേലാസകലം ഷാൾകൊണ്ട്മൂടി, ഓരോ ക്യാൻവാസും പരിശോധിച്ച് തെറ്റുകുറ്റങ്ങൾ പറഞ്ഞു തിരുത്തുന്ന വരയറിയാത്ത മോഡൽ അതിശയമായി മാറി.
"എന്നോട ബാഡി എനക്കല്ലെ നന്നായി തെരിയുന്നത്? " എന്നു ചോദിച്ചു പൊട്ടിച്ചിരിക്കുമപ്പോൾ. ആ തിരുത്തലുകളിലാണ് പലപ്പോഴും പൻവേൽ എന്ന ലക്ഷ്മിയെ കൂടുതൽ അടുത്തറിഞ്ഞത്. അവരിലെ ഭാര്യയെ, അമ്മയെ ഒക്കെയും മനസ്സുകൊണ്ട് ആദരിച്ചത്. സ്ത്രീത്വത്തെ, സ്ത്രീകളെ ബഹുമാനിക്കാൻ പഠിച്ച നാളുകൾ!
"എന്നോട പുരുസന് തെരിയില്ലെ നാനൊരു മോഡൽ എന്ന്. അറിഞ്ചാ കൊന്നേ പോട്ടിടുവേ. അവര്ക്ക് നാൻ ഇന്ത കോളേജ് സ്വീപ്പർ. ടാക്സിഡ്രൈവർ ആനാലും പെരിയ കുടികാരൻ. ഒഴുങ്കാ വേലക്ക് പോകമാട്ടേ. പസങ്കളെ വളർത്തവേണ്ടാമാ. എനക്ക് പഠിപ്പ് കെടയാത് വേറെന്ന വേല കിട്ടും. ഇന്ത വേലയെല്ലാം വെളിയെ എല്ലോർക്കും വെഭിചാരത്ത്ക്ക് സമം താനെ "
വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന പൻവേൽ! ഒരിക്കൽ ജീവിതപ്രാരാബ്ധങ്ങൾ പറയുന്നതിനിടയിലാണ്
പൻവേൽ തന്റെയൊരു മോഹത്തെക്കുറിച്ച് പറഞ്ഞത്. ഉടയാടകളില്ലാത്ത അനേകം ഛായാചിത്രങ്ങളിലൊന്നുപോലും തനിക്ക് കൈവശം വയ്ക്കാനാവില്ലയെന്നും ഒരു റാണിയുടെ ഭാവത്തിൽ സർവ്വാഭരണവിഭൂഷിതയായ ഒരു ചിത്രം വേണമെന്നും അത് ഫ്രെയിം ചെയ്തു വീടിന്റെ ചുമരിൽ തൂക്കിയിടണം എന്നുമുള്ള ഒരു ചെറിയമോഹം.
തന്റെ ശരീരത്തെ ആടയാഭരണങ്ങളാൽ സമ്പന്നമായി കാണാനുള്ള ഒരു മോഡലിന്റെ മോഹത്തെ സാക്ഷാത്കരിച്ചു കൊടുക്കുക എന്ന ഉദ്യമത്തിന് മുതിരുമ്പോൾ ആദ്യമായി ഞാനെന്നെ ഒരു ചിത്രകാരനായി അംഗീകരിക്കുകയായിരുന്നു. കുറവേതുമില്ലാതെ പൻവേൽ അതിനെ വിലയിരുത്തിയതും അവസാനമായി പൻവേൽ ക്യാൻവാസിനു മുന്നിലിരുന്നതും അന്നായിരുന്നു. ചുമരിൽതൂക്കാൻ പാകത്തിൽ ഫ്രെയിം ചെയ്യാനായി ആ ചിത്രം എന്റെ കൈകളിലേൽപ്പിച്ച് പൻവേൽ യാത്ര പറയുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല അത് കെ. ജെ. ആർട്ടിലെ പൻവേലിന്റെ അവസാന പെയിന്റിങ് ആയിരിക്കുമെന്ന്.
ഏതോ അജ്ഞാതവാസത്തിലെന്നപ്പോലെ അദൃശ്യയായ പൻവേൽ. മതിയായ മേൽവിലാസമില്ലാതെ എവിടെയും എത്താത്ത അന്വേഷണങ്ങൾ അവസാനിപ്പിക്കുമ്പോൾ ക്യാൻവാസ് ഒഴിഞ്ഞ ആർട്ട്‌ സ്കൂൾ മറ്റൊരു ലൈവ് മോഡലിനായുള്ള പരസ്യം പ്രസിദ്ധീകരിച്ചു തുടങ്ങിയിരിന്നു.
ഉടമയേറ്റുവാങ്ങാനെത്താത്ത ആഛായാചിത്രത്തിലിരുന്ന് ബേഗം പൻവേൽസാഹിബ തന്റെ തവിട്ടുനിറമുള്ള കണ്ണുകളാൽ നിസ്സഹായനോട്ടമെറിയുന്നു.
ഒരുപക്ഷേ ആ ചിത്രമായിരിക്കും ഞാൻ വരച്ചതിൽ ഏറ്റവും മികച്ചത്. അതിനുശേഷം എത്രയോ ചിത്രങ്ങൾ വരച്ചു. പൻവേലിന്റെ വിശകലനം നേരിടാത്ത ആ ചിത്രങ്ങളിലെല്ലാം തൃപ്തിവരാത്ത എന്തോ ഒന്ന് അവശേഷിച്ചിരിക്കും.
"മുരുഗൻ കോവിൽ പക്കമാ. ഓക്കെ ലൊക്കേഷൻ വാട്സാപ്പ് പണ്ണിട്. സറി. താങ്ക്യൂ ".
ഫോൺകോളിന് മറുപടി നൽകിയ ബിജോയ്സിന്റെ പ്രസന്നത നിറഞ്ഞ മുഖം പ്രതീക്ഷനൽകി.
"ആ സ്കൂൾമാഷ് രത്നവേലിന്റെ അഡ്രസ്സു കിട്ടിയിട്ടുണ്ട്. പക്ഷേ എന്റെ സംശയം അതല്ല. വർഷങ്ങൾക്കുശേഷം തന്റെ പഴയ മോഡലിനെത്തേടി ഈ ചിത്രകാരൻ വന്നതിന്റെ ഉദ്ദേശം എന്താണെന്ന? "
ബിജോയ്സിന്റെ ചോദ്യത്തിന് മറുപടി പറയാനില്ലാതെ രത്നവേലിന്റെ മേൽവിലാസവുമായി സ്റ്റുഡിയോയിൽ നിന്നിറങ്ങുമ്പോൾ ദേഹം പൊള്ളിച്ചുകൊണ്ട് പുകമണം നിറച്ചൊരു കാറ്റ് എന്റെ ചുറ്റിലും പരക്കുന്നതുപോലെയായിരുന്നു.
വെയിൽച്ചൂടേറ്റ് വേവുന്ന ചെങ്കൽപ്പാതയുടെ അകലത്തായി പച്ചപ്പ് പുതച്ചുറങ്ങുന്ന നെൽവയൽ; നല്ലൊരു ചിത്രകാരന്റെ കരവിരുത് പോലെ പച്ചയും ഓറഞ്ചുനിറവും ചേർന്ന ഷെയ്ഡിൽ നിറഞ്ഞുനിൽക്കുന്നു. ആ വയലുകളെത്തും മുന്നേതന്നെ കണ്ടു എണ്ണംതെറ്റാതെ നാലാമത്തെ പച്ച നിറമുള്ള ഗേറ്റ്.
"ഇന്തവഴി നേരെ പോനാ ഒരു മുറുഹൻ കോവിലിറ്ക്ക്. അന്ത കോവിലോടെ റൈറ്റാ പോനാ വലതുപക്കം നാലാവത് ഒറു പച്ചൈ കളർ ഗേറ്റ്. അദ് താ നീങ്ക കേട്ട ലക്ഷ്മിയമ്മാവോട വീട്. അത് പൻവേൽലക്ഷ്മിയാ അല്ലയാ ഒന്നും തെരിയാത്. അവർ വന്ത് കൊഞ്ചം നാൾ ബോംമ്പയിലിരുന്താര്. അങ്കയേ കേട്ട്പ്പാര്".
വഴിയിൽക്കണ്ട അണ്ണാച്ചി പറഞ്ഞതനുസരിച്ച് ഇതുതന്നെയാവണം വീട്. മുരുകന്റെ അമ്പലം കഴിഞ്ഞുള്ള നാലാമത്തെവീട്. ഓടുമേഞ്ഞ വീടിന്റെ വരാന്തയിലും മുറ്റത്തുമായി കളിച്ചുകൊണ്ടിരിക്കുന്ന പല പ്രായത്തിലുള്ള കുട്ടികൾ. അപരിചിതനായ ഒരാളെ കണ്ടതുകൊണ്ടാവണം കറുത്തുമെലിഞ്ഞൊരു മീശക്കാരൻ അകത്തുനിന്ന് വരാന്തയിലേക്കിറങ്ങി വന്നത്.
"ഒഹ് ഹോ.... അമ്മാ..എന്നമ്മാ കൊഞ്ചംകൂടെ വെക്കമേ ഇല്ലാമൽ... അദ് ദാ പസങ്കയെല്ലാം പാത്തിട്ടിറ്ക്കേ ല്ലെ.. ഉള്ളെയേറി പൊഹാമേ ഇങ്കയേ... ഹ.... ഡേയ് ഉള്ളെ പോടാ.. "
മീശക്കാരന്റെ വാക്കുകൾ ശ്രദ്ധിച്ചപ്പോളാണ് കുട്ടികൾക്കിടയിലും മുറ്റത്ത് പുറംതിരിഞ്ഞിരുന്നു മൂത്രമൊഴിക്കുന്ന ഒരു സ്ത്രീയെ കണ്ടത്. അയാളുടെ ശകാരത്തിൽ കുട്ടികൾ നാലുപാടും ചിതറിയോടിയെങ്കിലും നരയേറിത്തുടങ്ങിയ, മുടി പറ്റെവെട്ടിയ ആ സ്ത്രീക്ക് ഒരു കുലുക്കവും ഉണ്ടായില്ല. ഉടുത്തിരുന്ന സാരി ആവശ്യത്തിലധികം ഉയർത്തിവച്ച് ചെയ്തുകൊണ്ടിരുന്ന ഉദ്യമം അവസാനിപ്പിച്ച ശേഷം മാത്രമേ അവർ അവിടെനിന്ന് എഴുന്നേറ്റുള്ളു.
ഒരുവശം ചെരിഞ്ഞുള്ള അവരുടെ നോട്ടത്തിൽ അമ്പരന്നു പോയത് കറുത്തുമെലിഞ്ഞ ശരീരത്തിൽ പാണ്ടുപിടിച്ചതും ചുക്കിച്ചുളിഞ്ഞതുമായ വെളുത്തുചുവന്ന മുഖം കണ്ടിട്ടായിരുന്നു. എന്നെ വകവയ്ക്കാതെ നേരെ വരാന്തയിലേക്ക് നടന്നുകയറിയ ആ സ്ത്രീരൂപം അവിടെയുള്ള ബെഞ്ചിൽ പോയിരിപ്പായി.
"യാര്? എന്ന വേണം? "
മീശക്കാരന്റെ ചോദ്യം സൗമ്യമായിട്ടായിരുന്നു.
"ഞാൻ.... ഇബ്നു ബഹാദൂർ, ഇത് രത്നവേലിന്റെ വീടല്ലേ? "
ബഞ്ചിലുരുന്ന് എന്നിലേക്ക് നീളുന്ന നോട്ടത്തെ തിരിച്ചൊരു പാളിനോട്ടത്തിലൂടെ നേരിട്ടെങ്കിലും ആ കണ്ണുകളിൽ കണ്ട ഭാവത്തെ എനിക്ക് വായിച്ചെടുക്കാനായില്ല.
"ആമ നാൻ താൻ രത്നവേൽ, എന്നാ? "
"ഞാൻ മുംബൈയിൽ നിന്ന് വരുവാ. പൻവേൽലക്ഷ്മിയെ പാക്കണം ". വാക്കുകൾക്ക് വേണ്ടി ഞാൻ പരതുമ്പോൾ, സൗമ്യഭാവം മാറി ഗൗരവം നിറയുന്ന
അയാളുടെ മുഖഭാവം തെല്ലു ഭയപ്പെടുത്താതെ ഇരുന്നില്ല.
"ഇങ്ക പൻവേൽ ഒന്നും കെടയാത്. എങ്കളുക്ക് എന്ത പൻവേൽ ലക്ഷ്മിയേം തെരിയാത്. നീങ്ക പോങ്ക ".
അയാളുടെ മുഖവും വാക്കുകളും മുറുകിക്കൊണ്ടിരുന്നു. അകത്തുനിന്നും രണ്ടുമൂന്നു കറുത്തുരുണ്ട പുരുഷന്മാരും, സ്ത്രീകളും അതുകേട്ട് ഇറങ്ങിവന്നു. പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇനിയെന്ത് ചെയ്യണം എന്ന ശങ്കയോടെ കുറച്ചുനേരംകൂടി അങ്ങനെനിന്നു. പിന്നേ ധൈര്യം സംഭരിച്ച് കൈയ്യിൽ കരുതിയിരുന്ന 'ബേഗം പൻവേൽസാഹിബ' യുടെ ഛായാചിത്രമെടുത്ത്, നിർവ്വികാരതയോടെ എല്ലാം കേട്ടുകൊണ്ട് ബെഞ്ചിലിരിക്കുന്ന മെലിഞ്ഞരൂപത്തിന്റെ കാൽക്കൽ കൊണ്ടുവച്ചു. ആരും നോക്കാൻ മടിക്കുന്ന വികൃതമായ മുഖത്ത് ദൃശ്യമായത് ബേഗം പൻവേൽ സാഹിബയുടെ ചിത്രത്തിലേതുപോലെയുള്ള ഗാംഭീര്യമായിരുന്നു.
"ഏയ്... എന്ന... യാര് നീ, എന്നാ അത് ? "
വരാന്തയിൽനിന്ന് പുറത്തേക്കിറങ്ങിവന്ന കറുത്തുരുണ്ട രൂപങ്ങളെ ബെഞ്ചിലിരുന്ന് ബേഗം പൻവേൽ കൈയുയർത്തിത്തടഞ്ഞു. ചിലനേരം വാക്കുകൾക്ക് കനംവയ്ക്കുമ്പോൾ മൗനം അതിന്റെ എല്ലാഭാവങ്ങളും പുറത്തെടുക്കും.
ഒരുനോട്ടം ആ തവിട്ടുനിറമുള്ള കണ്ണുകളിലർപ്പിച്ചു തിരിഞ്ഞുനടന്നു.
അവരുടെയെല്ലാം രൂക്ഷനോട്ടത്തെ അവഗണിച്ചുകൊണ്ട് ആ ഗേറ്റ് കടക്കുമ്പോൾ കുറച്ചുനാളുകൾക്ക് മുൻപ് മാഡം സിന്ധ്യമിശ്രയിൽ നിന്നറിഞ്ഞ വിവരങ്ങൾക്കൊപ്പം പാതിവെന്ത ശരീരത്തോടെ പൻവേലും ഉള്ളുപൊള്ളിച്ചുകൊണ്ടിരുന്നു.
'ഇബ്നു.. പൻവേൽലക്ഷ്മിയെക്കുറിച്ച് വിവരം കിട്ടി. അവരുടെ ജോലിയെക്കുറിച്ച് ഭർത്താവ് എങ്ങനെയോ അറിഞ്ഞു. കുടിച്ചുവന്നു ബഹളമുണ്ടാക്കി ദേഷ്യത്താൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. കുറച്ചുനാൾ ഹോസ്പിറ്റലിലായിരുന്നു. പിന്നീട് നാടായ കോടമ്പാക്കത്തേക്കുപോയി '
നീണ്ട നാളത്തെ അന്വേഷണങ്ങൾ അവസാനിക്കുമ്പോളും അസ്തിത്വം നഷ്ടമായ ആ തവിട്ടുകണ്ണുകൾ എന്നെ വിട്ടകന്നിരുന്നില്ല. വീണ്ടുമൊരു വരവിനായി വഴി തെളിച്ചുകൊണ്ട് മനസ്സിന്റെ ക്യാൻവാസിൽ അന്നേരം മറ്റൊരു ചിത്രം ഉടലെടുത്തു കഴിഞ്ഞിരുന്നു. പൊള്ളിയടർന്ന മുഖവുമായി, ചുമരിൽതൂക്കിയിട്ടിരിക്കുന്ന ബേഗം പൻവേൽസാഹിബയുടെ ചിത്രത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ട്, സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്ന് സമൂഹത്തോട് വിളിച്ചുപറയുന്ന
ലൈവ് മോഡൽ പൻവേൽ!!!
(അവസാനിച്ചു)
Binitha

ഹെയർക്ലിപ്പ് (കഥ)


"ഇതല്ല. വളരെ നേരീയകമ്പി കൊണ്ടുണ്ടാക്കിയതാ. മുത്തൊക്കെയുള്ളത്. അതിലെ ബട്ടർഫ്ളൈസിന്റെ ചിറകുകൾ കാറ്റത്തിളകും. നല്ല ഭംഗിയാണ്. തലമുടിയിൽ ഇങ്ങനെ അള്ളിപ്പിടിച്ചിരിക്കുന്നതുപോലെയാ. നടക്കുമ്പോ അതിലെ ചിറകുകൾ ഇങ്ങനെ പറക്കുന്നതുപോലെ തോന്നും. ആ ടൈപ്പ് ഹെയർക്ലിപ്പാണ് ചോദിച്ചത്".
പൂമ്പാറ്റച്ചിറകുകൾപോലെ ഉയർന്നുവന്ന ബഷീർക്കയുടെ പുരികങ്ങൾ, എന്റെ വിശദമായ വിവരണത്തെ സാധൂകരിക്കുന്നതായിരുന്നു.
"ഓഹ് അതോ; അതൊക്കെ പഴയ ഫാഷനല്ലേ മോളേ. ഇപ്പോ അതൊക്കെ ഉണ്ടോ ആവോ. കണ്ടുപിടിക്കാൻ പ്രയാസാ. ന്നാലും പഴയസ്റ്റോക്കിൽ കാണുമോന്ന് നോക്കട്ടെ . നിക്ക്. "
അദ്ദേഹത്തിന്റെ മറുപടിയിൽ, പൂമ്പാറ്റയെ 'പിടികിട്ടിയ' എന്റെ സംതൃപ്തി കൂടി നിറഞ്ഞിരുന്നു. അറിയാവുന്ന ഇംഗ്ളീഷും, ഹിന്ദിയും, അറബിയും ചേർത്തുള്ള എന്റെ ആദ്യ വിശദീകരണത്തിൽ പരാജയപ്പെട്ട, ഫിലിപ്പിനി പയ്യനോട്, ബഷീർക്ക അറബിയിൽ 'പൂമ്പാറ്റക്ലിപ്പിനെ' വർണ്ണിച്ചുകൊടുക്കുമ്പോൾ അവന് ഞാനെന്റെ വിജയസ്മിതം കൈമാറാനും മറന്നില്ല. തിരികെ അവനെനിക്കൊരു പുഞ്ചിരി എറിഞ്ഞുതന്നതിൽ ചെറിയൊരു പുച്ഛം തുളുമ്പി നിന്നിരുന്നു. എങ്ങനെ പുച്ഛം നിറയാതിരിക്കും. ഉരുണ്ട ചോക്ളേറ്റ്, നീളൻ ചോക്ലേറ്റ്, സ്വർണ്ണക്കവറിൽ പൊതിഞ്ഞ ചോക്ലേറ്റ്, ക്രിസ്പി ചോക്ലേറ്റ് അങ്ങനെഓരോന്നും എവിടെ എന്ന് ചോദിച്ചുചോദിച്ച് അവന്റെ ക്ഷമ നശിച്ചുകാണും.
'അവൻ അത് തപ്പിനോക്കിയിട്ട് വരട്ടെ അപ്പോളേക്കും വേറെ എന്തെങ്കിലും വാങ്ങാനുണ്ടെങ്കിൽ മോള് വാങ്ങിക്കോ' എന്നുള്ള നിർദ്ദേശം നൽകി ബഷീർക്ക നടന്നകലുമ്പോൾ ആ വലിയ സൂപ്പർമാർക്കറ്റിന്റെ ഏത് കോണിലേക്ക് നീങ്ങണം എന്ന് നിശ്ചയമില്ലാത്ത മനസ്സുംഞാനും അവിടെതന്നെ നിന്നു.
ഏഴു വർഷത്തെ പ്രവാസത്തിനുശേഷം അറബിനാടിനോട് വിട പറയുമ്പോൾ കൂടെ കൂട്ടാൻ അത്തർ മണങ്ങൾക്കും, ചോക്ലേറ്റ്ബോക്സുകൾക്കുമൊപ്പം കുട്ടിക്കാലത്തെ ചില പിടിവാശികളും മോഹങ്ങളും കൂടി ലിസ്റ്റിട്ടിരുന്നു.
നീണ്ട ലിസ്റ്റ് കണ്ടപ്പോൾതന്നെ ആഷിക്ക കലിതുള്ളി
" ന്റെ ജൂമീ എന്തിത്? ഇതൊക്കെ ഇപ്പോ നാട്ടിലും കിട്ടും."
"ന്നാലും ഗൾഫിൽത്തെ സാധനങ്ങൾക്കൊക്കെ ഇച്ചിരി പവർ ണ്ടാവും ഇക്കാ അതല്ലേ. എനിക്കിതൊക്കെ വാങ്ങണം. പ്ലീസ് "
എന്റെ വാക്കുകളിൽ ഒളിപ്പിച്ചുവച്ച പ്രതികാരച്ചുവ, ഇക്കാക്ക് പിടികൊടുക്കാതെ വാക്യങ്ങളിൽ തന്നെ ഒളിച്ചിരുന്നു.
അവസാനത്തെ പ്ലീസിൽ ഇക്കായ്ക്ക് സുല്ലിടേണ്ടി വന്നു.
"ന്നാ ഒരു കാര്യംചെയ്യാം. നിന്നെ ഞാൻ ബഷീർക്കാടെ സൂപ്പർമാർക്കറ്റിൽ ഇറക്കിത്തരാം. എന്താ വേണ്ടേന്നുവച്ചാ വാങ്ങീട്ട് എന്നെ വിളിച്ചാമതി. അല്ലാതെ ഇതൊരു നടയ്ക്കുപോവില്ല. ഞാൻ ബഷീർക്കായെ വിളിച്ചുപറഞ്ഞോളാം "
ബഷീർക്കയുടെ സഹായത്താൽ ലിസ്റ്റിലെ സാധനങ്ങൾ ഒരുവിധം ബാസ്കറ്റിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ലിസ്റ്റിൽ എഴുതാത്തതും മനസ്സിൽ കുറിച്ചിട്ടതുമായ ആ പൂമ്പാറ്റകളും കൂടി കിട്ടിയാൽ മതി. അപ്പോളേക്കും സോയമോൾ അവളുടെ ടെഡി സെക്ഷൻ കയ്യേറിക്കഴിഞ്ഞിരുന്നു. മൂന്നു വയസ്സുകാരിയുടെ കൈയ്യിൽ കൊള്ളാവുന്നതിൽ അധികം ടോയ്സ്കൊണ്ട് അവൾ ബാസ്കറ്റ് നിറക്കുന്നത്കണ്ടപ്പോൾ, എഴുതിത്തേഞ്ഞ കുഞ്ഞുചോക്കു പെൻസിൽ ഭദ്രമായി കൈക്കുള്ളിൽ വച്ചുനടന്നിരുന്ന എന്നിലെ പഴയ അഞ്ചുവയസ്സുകാരിയെ ഓർമ്മ വന്നു.
അതേ. ബഷീർക്ക പറഞ്ഞതുപോലെ അതൊരു 'പഴയഫാഷൻ' തന്നെയാണ്. ഒരു ഇരുപത് വർഷം പഴയത്. ആ ഓർമ്മകൾക്കും നോവിനും അത്ര തന്നെ പുതുമയും ഉണ്ട്. ചെറീമ്മയുടെ രണ്ടു വയസ്സുകാരി മകളുടെ ചുരുൾമുടിയിലിരുന്ന് ആ പൂമ്പാറ്റക്ലിപ്പ് ഇപ്പോളും ചിറകുകൾ വിടർത്തി എന്നിലെ അതേ അഞ്ചുവയസ്സുകാരിയെ നോവിപ്പിക്കുന്നുണ്ട്.
ഗൾഫിൽ നിന്നെത്തിയ ഉപ്പാടെ അനിയനെ കാണാൻ കുഞ്ഞനിയന്റെ കൈയ്യും പിടിച്ച് ഒരഞ്ചുവയസ്സുകാരി. അന്ന് ചെറ്യുപ്പയുടെ വീട്ടിലേക്ക് കയറിച്ചെന്നത് വർണ്ണക്കടലാസിൽ പൊതിഞ്ഞ ചോക്ലേറ്റ്മധുരം ഉള്ളാലെ നുണഞ്ഞുകൊണ്ടാണ്. മുറിക്കകത്തെ കട്ടിലിൽ നിരത്തിയിട്ടിരുന്ന അനേകം 'ഗൾഫ് സാധനങ്ങൾ'. അവയിൽനിന്നും വരുന്ന ഗൾഫ്സുഗന്ധമാകട്ടെ ആ മുറിയാകെ പടർന്നിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കളിപ്പാട്ടങ്ങൾക്കും, തുണിക്കെട്ടുകൾക്കും, ചോക്ലേറ്റ് ബോക്സുകൾക്കുമിടയിൽ അനുവാദമില്ലാതെ കണ്ണുകൾ പറന്നുനിന്നത്, നേർത്തസ്വർണ്ണക്കമ്പിയിൽ മുത്തുകൾകോർത്ത ചിറകുകളുള്ള ഒരു പിങ്ക്പൂമ്പാറ്റയിലാരുന്നു. ആ ചിറകുകൾ തൊടാനുയർന്ന എന്റെ കൈകളെ മനസ്സിലാക്കിയപ്പോളാവണം ചെറീമ്മയുടെ ശാസനസ്വരം ആ മുറിയാകെ മുഴങ്ങിയത്.
" ജൂമീ നീ അവനേയുംകൂട്ടി വരാന്തയിൽ പോയിരിക്ക്. ഞങ്ങൾ ഇതൊക്കെ ഒതുക്കിയിട്ടുവരാം ". കൈയ്യിലേക്ക് വച്ചുതന്ന രണ്ടു ചോക്ലേറ്റ് മിഠായികൾ അന്ന് ആ രണ്ടു കുരുന്നുകൾക്ക് ആത്മാഭിമാനമെന്തെന്ന് മനസ്സിലാക്കിത്തന്നു.
" രണ്ടിനും മര്യാദ എന്നതില്ല. എങ്ങനെ ഉണ്ടാവാനാ ചോത്തിയുടെ മക്കളല്ലേ " അടയുന്ന വാതിലിനപ്പുറം കേൾക്കുന്ന ചെറീമ്മയുടെ ശബ്ദത്തിലും, ചെറ്യുപ്പയുടെ ചിരിയിലും അടങ്ങിയ പരിഹാസം മനസ്സിലാകാതെപോയ 'ചോത്തിയുടെ മക്കൾ'. മതം മാറിക്കഴിഞ്ഞിട്ടും 'ചോത്തി' വിശേഷണപ്രിയയാകുന്നു. മതപരിവർത്തനം കൊണ്ടുപോലും പരിവർത്തനം ഏൽക്കാത്ത സമൂഹം.
ഒരുപക്ഷേ അന്നുമുതലാവാം അവഗണനയുടെ തീച്ചൂളകൾ ഹൃദയം പൊള്ളിക്കാൻ തുടങ്ങിയത്. കണ്മുന്നിൽ ചില വാതിലുകൾ അടയുന്നതിന്റെ പൊരുൾ തേടിപ്പോകാൻ തുടങ്ങിയത്. 'സങ്കരയിനങ്ങൾക്ക്' പരിഗണന കിട്ടാത്തതിന്റെ കാരണം മനസ്സിലായിത്തുടങ്ങിയത്.
'സങ്കരയിനങ്ങൾ'...മിശ്രവിവാഹത്തിലെ സന്തതികൾക്ക് ഇതിലും നല്ലൊരു വിശേഷണം ഉണ്ടോ?.
'ഉപ്പ മുസ്ലീമും ഉമ്മി ഹിന്ദുവും ആണല്ലേ.. അപ്പോ നീയൊരു നസ്രാണിയെ കെട്ടിക്കോ. അപ്പോ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാല്ലോ ' സൗഹൃദങ്ങൾക്കിടയിലെ പല പരിഹാസങ്ങളും ആസ്വദിക്കാൻ കഴിയാതെ പോയതും, ഉള്ളറകളിൽ ഉറങ്ങിക്കിടക്കുന്ന പക്വതയെത്താത്ത അതേ 'സങ്കരയിന'വിചാരം കൊണ്ടുതന്നെയല്ലേ.
മതസൗഹാർദ്ദത്തിന്റെ വീമ്പുപറഞ്ഞു പ്രകീർത്തിക്കുന്ന മിശ്രവിവാഹങ്ങളോട്, സർവ്വോപരി പ്രണയവിവാഹങ്ങളോട് പരമപുച്ഛമടക്കി ജീവിക്കാൻ പഠിപ്പിച്ച ജീവിതം. വർഗ്ഗീയതയെ ചോദ്യം ചെയ്യുന്ന വിപ്ലവാത്മകമായ മിശ്രവിവാഹങ്ങൾ, പക്ഷേ കുടുംബബന്ധങ്ങളിലേക്ക് പടരുമ്പോൾ മേൽപ്പറഞ്ഞ വിപ്ലവങ്ങൾ പ്രഹസനം മാത്രമാകുന്നു. കാലങ്ങൾക്കിപ്പുറവും കാര്യമായ മാറ്റങ്ങൾക്ക് വിധേയമാവാത്ത വിപ്ലവപ്രഹസനങ്ങൾ.
പൂമ്പാറ്റക്ലിപ്പിൽ നിന്ന് വിപ്ലവത്തിലേക്ക് കുടിയേറിയ എന്റെ ചിന്തകളെ കുടിയിറക്കിക്കൊണ്ടാണ് ആ ഫിലിപ്പിനി ഹെയർക്ലിപ്പും പൊക്കിപ്പിടിച്ചു കൊണ്ടുവന്നത്. പൊടിപിടിച്ച് നിറം മങ്ങിയവയെങ്കിലും എന്റെ കണ്ണുകളിൽ അവയ്ക്ക് തിളക്കമേറെയായിരുന്നു.
ഒരു സ്ട്രാപ്പിൽ പല വർണ്ണത്തിൽ അഞ്ചു ക്ലിപ്പുകൾ. ചിലതിന്റെ വർണ്ണക്കല്ലുകൾ ഇളകിപ്പോയിരുന്നു. ചിലതിന്റെ കമ്പികൾ അടർന്നും. എങ്കിലും ഉപോയോഗയോഗ്യമായ രണ്ടെണ്ണം ഞാൻ തെരഞ്ഞെടുത്തു.
ഒരെണ്ണം മഞ്ഞനിറത്തിലുള്ളതും മറ്റൊന്ന് വയലറ്റ് നിറത്തിലുള്ളതും.
വയലറ്റ് ക്ലിപ്പുമായി തിരക്കൊഴിഞ്ഞ മൂലയിലെ ചില്ലുകണ്ണാടിയ്ക്ക് മുന്നിൽനിന്ന് തലയിലെ സ്കാഫിനു മുകളിലൂടെ ക്ലിപ്പ് മുടിയിൽ തിരുകി ഞാൻ ഭംഗി നോക്കുമ്പോൾ ആശ്ചര്യചകിതരായ നാലു കണ്ണുകൾ എന്നെത്തന്നെ മിഴിച്ചുനോക്കുകയായിരുന്നു. എന്റെ രൂക്ഷനോട്ടത്തിൽ പകച്ചുപോയ ഫിലിപ്പിനി പയ്യൻ അവിടെ നിന്നു തടിതപ്പിയപ്പോളും സോയക്കുട്ടി കൗതുകം വിട്ടൊഴിയാതെ കയ്യടിച്ചു ചിരിച്ചുകൊണ്ടിരുന്നു. അന്നേരം ചില്ലു കണ്ണാടിയിലെ വയലറ്റ് പൂമ്പാറ്റ എന്റെ തലയിൽ നിന്നും പറന്നുപറന്ന് സോയമോളുടെ ചുരുണ്ടമുടിയിൽ സ്ഥാനംപിടിച്ചിരുന്നു. സ്വപ്നങ്ങളുടെയും, ആഗ്രഹങ്ങളുടെയും ചിറകുകൾ കൈമാറ്റം ചെയ്യപ്പെടുന്ന രസതന്ത്രം.
എന്നോ മോഹമായി മനസ്സിൽകയറിപ്പറ്റിയ പൂമ്പാറ്റകളാണ് ഉള്ളംകൈയ്യിൽ. കൈപ്പിടിയിൽ ഒതുങ്ങുന്നതുവരെയേ മോഹങ്ങളിൽ കൗതുകമുണ്ടാവൂ എന്ന് ദ്യോതിപ്പിച്ചുകൊണ്ട് അവയുടെ നിറം മങ്ങിനിൽക്കുന്നു. വെറും ഒരു ഹെയർക്ലിപ്പിനോടുള്ള കൗതുകം മാത്രമാണോ അതോ അപ്രാപ്യമായ മറ്റെന്തോ നേടിയെടുക്കാനുള്ള വാശിയോ എന്ന ആശയക്കുഴപ്പവുമായി മനസ്സും.
ഒടുവിലൊരുത്തരമെന്നോണം ചെറിയൊരു മധുരപ്രതികാരചിന്ത എന്റെ പുഞ്ചിരിയിൽ കയറിപ്പറ്റിയത് ഞാൻ പോലുമറിയാതെയായിരുന്നു. ആ പ്രതികാരചിന്തയിൽ ഒരു വർണച്ചിത്രം തെളിഞ്ഞുവരുന്നു. ദിവാസ്വപ്നങ്ങളുടെ ക്യാൻവാസിൽ ചലിക്കുന്ന ചില ചിത്രങ്ങൾ.
എനിക്കുവേണ്ടി തുറന്നുപിടിച്ച വാതിലിനുമുൻപിൽ ക്ഷീണിച്ച ചിരിയോടെ ചെറീമ്മ. അവർക്കു പുറകിലായി അവരുടെ മകൾ നീസയും. ആ പഴയ രണ്ടുവയസ്സുകാരി ഇന്ന് മറ്റൊരു രണ്ടുവയസ്സുകാരിയുടെ അമ്മയായിരിക്കുന്നു. മതപരിവർത്തനത്തിന്റെ കുങ്കുമച്ചോപ്പ് അവളുടെ തിരുനെറ്റിയിൽ സ്ഥാനമേറ്റിരുന്നു. മിശ്രവിവാഹത്തിന്റെ വേരുകൾ പടരുന്ന വഴികൾ നിശ്ചയിക്കാൻ മനുഷ്യർക്കാവില്ലല്ലോ. അവളുടെ കുഞ്ഞുപെണ്ണിന്റെ കൈയ്യിലേക്ക് മഞ്ഞ പൂമ്പാറ്റക്ലിപ്പ് വച്ചുകൊടുത്തു. ഞാൻ ചുമന്നതുപോലെ 'സങ്കരയിന ചിന്തകളുടെ ' ഭാണ്ഡം നിന്നെ വിഴുങ്ങാതിരിക്കട്ടെ എന്ന് അവളുടെ കുഞ്ഞുകാതിൽ മന്ത്രിക്കുമ്പോൾ ആ ക്യാൻവാസിൽ നിന്നും അനേകായിരം 'സങ്കരയിനപ്പൂമ്പാറ്റകൾ' ദൂരേക്ക് പറന്നകലുന്നു.
അവസാനിച്ചു
ബിനിത
1/9/20

ഇല്ലാപ്പീക്കിരി(കഥ)


''ന്ത്യേ ഹാജറാത്താ, ന്ങ്ങളീ പറമ്പിലുവന്ന് ഒറ്റക്കിരിക്കണേ?'' ആടിനെ തീറ്റാൻ കേളോൻപറമ്പിലെത്തിയതാണ് പാത്തുമ്പി. ആളില്ലാത്തപറമ്പിലെ മാഞ്ചോട്ടിൽ, വെട്ടിമാറ്റിയ മരത്തടിയിന്മേൽ, ഒറ്റയ്ക്ക് കുത്തിയിരിക്കുന്ന ഹാജറത്തായെ കണ്ട് പാത്തുമ്പി അതിശയിച്ചു.
പ്രായം എഴുപതിനടുത്തായെങ്കിലും കേൾവിക്കൊപ്പമെത്താത്ത കാഴ്ചയെ ചൂഴ്ന്നുനോക്കിക്കൊണ്ട് ഹാജറാത്ത ചോദിച്ചു
''ങാ. ആരാ? ഇമ്പിച്ചിയാണോടീ? കണ്ണ് തിരിയണില്ലേ!''
''ഞാനാ... ത്ത.. പാത്തു....പാത്തുമ്പി ''
''ങ്ഹ ഹാ...നീയാർന്നാ...പണ്ടത്തെ പോലെ കണ്ണൊന്നും തിരിയൂല്ലടീ..നീ എന്താ വ്ടെ?''
''ഞാനാടിനെ കെട്ടാൻ വന്നതാ..ത്ത'' പാത്തുമ്പിയെ നക്കിമണത്ത് അനുസരണയോടെ നിൽക്കുന്ന ആടിന്റെ മങ്ങിയരൂപം അപ്പോളാണ് ഹാജറാത്ത കണ്ടതുതന്നെ. പാത്തുമ്പി ആടിനെ അടുത്തുള്ള കവുങ്ങിൽ കെട്ടിയിടുന്നതും നോക്കിയിരുന്നുകൊണ്ടാണ് ഹാജറാത്ത അന്നത്തെ വിശേഷപ്പെട്ട ചോദ്യം അവരോട് ചോദിച്ചത്.
'' മന്നത്ത്പറമ്പിലെ അലിയാർടെ എളേമോൾക്ക് എന്തോ സൂക്കേട്. ന്നിട്ട് കോയിക്കോട്ട്ന്ന് ഏതോ വല്യതങ്ങൾ വന്നൂന്ന്. അറിഞ്ഞോ നീ പാത്തുമ്പിയേ?'' രണ്ടുവട്ടം പുറത്തേക്ക് തള്ളിവീഴാൻപോയ വെപ്പ്പല്ല് ചുണ്ടുംനാക്കും കൊണ്ട് തള്ളിപ്പിടിച്ചാണ് ഹാജറാത്തയുടെ ചോദ്യം.
''ഇല്ലല്ലാ റബ്ബേ...ആര് നമ്മ്ടെ കൈജാവീടെ ഷാക്കിയാ? അയ്നെന്താ പറ്റ്യേ?''
ഇന്നത്തേക്ക് ആഘോഷിക്കാനുള്ള വാർത്തയുടെ ബാക്കികൂടി തോണ്ടിയെടുക്കുവാനുള്ള ത്വരയിലായി പിന്നെ പാത്തുമ്പി.
''ങാ അവിടേക്ക് നേർച്ചക്ക് ഒരു പൂവൻകോയീനെ വേണംന്ന്. അപ്പോ വീട്ടിലൊരെണ്ണത്തിനെ തരാന്ന് പറഞ്ഞ്, ഞാനേ. അയ്ന് ഈ ഇസ്മൂനേം കൂട്ടി ഇറങ്ങീതാ. അവൻ ദേ പോത്തിന് കഞ്ഞിവെള്ളം കൊടുക്കണ്.'' ഹാജറാത്ത മുഖംകൊണ്ട് ആംഗ്യം കാണിച്ചിടത്തേക്ക് നോക്കിയപ്പോളാണ്, അധികം അകലത്തല്ലാതെ പോത്തിന് കഞ്ഞിവെള്ളം കൊടുത്തുകൊണ്ടിരിക്കുന്ന ഇസ്മുവിനെ പാത്തുമ്പി കണ്ടത്.
മന്നത്ത്പറമ്പിലെ അലിയാരുടെ അകന്ന ബന്ധുവാണ് ഇസ്മു. ആകെഉണ്ടായിരുന്ന ഉമ്മയും മരിച്ചപ്പോൾ അലിയാർ കൂടെ കൂട്ടിയതാണ് അവനെ. നാല്പതാം വയസ്സിലും ഒറ്റാന്തടിയായി ജീവിക്കുന്നവൻ. എല്ല്മുറിയെ പണിയെടുക്കാൻ ഇസ്മുവിന് ഒരുമടിയുമില്ല. മുറിച്ചുണ്ടുകാരനായതിനാൽ സംസാരത്തിലെ കൊഞ്ഞിപ്പ് അവനെ തീർത്തും ഒരു മൗനിയാക്കിയിരുന്നു. അലിയാർടെ പറമ്പിൽ തന്നെ ഒരു ചായ്പിലാണ് ഇസ്മുവിന്റെ താമസം. അലിയാർക്കു മാത്രമല്ല നാട്ടുകാർക്കും എന്ത് സഹായത്തിനും ഇസ്മു തയ്യാറാണ്. കടയിൽ പോകുവാനും, വിറക് കൊത്താനും, മരംവെട്ടാനും പോത്തിനെ അറുക്കാനും ഒക്കെ എല്ലാവരും അവനെയാണ് വിളിക്കാറുള്ളത്.
''അപ്പോ കോയീനെ നേർച്ചയ്ക്കിടാനാ?'' പാത്തുമ്പി വിഷയത്തിൽ നിന്നും മാറാൻ ഒട്ടും തയ്യാറല്ല.
''ങാ... തെക്കേലെ ഖാദറൂട്ടി പറഞ്ഞപ്ലാ ഞാനറിയണതേയ്. കോയ്ക്കോട്ട്ന്ന് വല്യ ഏതോ തങ്ങളാ വന്നത് . നിക്കാണേൽ കാല് നീരുവന്ന് തീരെ നടക്കാൻ വയ്യ. അറിഞ്ഞിട്ടവിട്ത്തോളം പോവാതിരുന്ന എങ്ങനയാ. രണ്ടും കല്പിച്ചങ്ങടെറങ്ങി. അവ്ടംവരെ പോയിട്ടുവര്ണതാ. എവിടേലുമിച്ചിരി ഇരുന്നില്ലേൽ ഒരടി നടക്കാൻ പറ്റൂല്ല. അതാ ഈ കുറ്റിമ്മേലിര്ന്നത്.'' നീരുവന്ന് വീർത്ത കാലുരണ്ടും തടവിക്കൊണ്ടിരിക്കുന്ന ഹാജറാത്തയുടെ ആരോഗ്യകാര്യത്തിൽ തെല്ലും താത്പര്യമില്ലെങ്കിലും പാത്തുമ്പി ആവശ്യത്തന് അനുകമ്പ കലർത്തി ചോദിച്ചു.
''ഇനി വീട്ടീച്ചെന്ന് ഇച്ചിരി കൊഴമ്പിട്ട് തിരുമ്മ്ത്താ. അല്ല കൈജാവീടെ മോക്ക് എന്താന്നാ പറഞ്ഞെ?''
'' ങാ..അതാ.. ഇപ്പൾത്തെ പുള്ളങ്ങൾടെ ഒരു കാര്യം. പറഞ്ഞാ അൻസരിക്കില്ല. മഗ്രിബിന്റെ നേര്ത്ത് പെരയ്ക്ക് പുറത്തിറങ്ങരുത് ന്ന് പറഞ്ഞാ കേക്കോ. പത്തിരുപത് വയസ്സായ പെണ്ണല്ലേ...എന്താണ്ടിനും വേണ്ടി ആ നേരത്തിറങ്ങിയതാത്രേ..പെട്ടന്ന് ഇല്ലാപ്പീക്കിരിടെ ഒച്ച കേട്ടൂന്നും, പിന്നീന്ന് ആരോ മണ്ണ് വാരിയെറിയണ പോലെ തോന്നീന്നുമാ പറയണെ. പുള്ള അപ്പന്നെ അവിടെ തലകറങ്ങി വീണ്. പിന്നെത്തൊടങ്ങി പനി, മാറാത്ത വയറുവേനേം ഒറക്കത്തി പിച്ചുംപേയും പറച്ചില് . മരുന്ന് കഴിച്ചിട്ടൊന്നും കുറയണില്ലാന്ന്.''
''പടച്ചോനേ..ന്നിട്ടിതൊന്നും നമ്മളറിഞ്ഞില്ലല്ലാ. അല്ലാ..ത്താ ഇല്ലാപ്പീക്കിരിനെ കണ്ടാ അവള്?''
''തിരിഞ്ഞോക്കാൻ പോയപ്ലേക്കും അരികത്തൂടി ഒരു വെട്ടം പോയപോലെ തോന്നീന്ന്''
''റബ്ബേ. അതെന്തുട്ട് വെട്ടം? എന്നിട്ടെന്തായി..എങ്ങനീണ്ട് അവക്ക്?''
'' ഹ പറയട്ടെന്ന്...അത് മാത്രല്ല ടീ.. പാത്തുമ്പിയെ കാര്യം. കൈജാവീടെ വീട് ഇരിക്കണ വയിയല്ലേ കുറുപ്പത്തമ്പലം. അയിലൂടെ അയ്ത്തുങ്ങൾടെ പോക്കുവരവുള്ളതല്ലേ. അന്നേരത്തെറങ്ങാൻ പാട്ണ്ടാ?..അതും പുറത്തായിരിക്കണ സമയോം..അതല്ലേ ഇത്ര മെനക്കേടായത്.'' ആർക്കും അറിയാത്ത മഹാസത്യങ്ങൾ തനിക്കറിയാമെന്ന മട്ടിലാണ് താളത്തിൽ തലയാട്ടിക്കൊണ്ടുള്ള ഹാജറാത്തയുടെ വെളിപ്പെടുത്തലുകൾ.
''ങാ അതും നേരന്ന്യാ. അല്ലേലും ഇപ്പൾത്തെ കുട്ട്യോക്കൊന്നും ചെല്ലുളിയില്ലെന്ന്. ന്നിട്ട് ഇങ്ങള് കണ്ടാ കോഴിക്കോട്ടെ തങ്ങളെ?'' പാത്തുമ്പി ആവേശത്തിലായി.
''പിന്നെ കാണാണ്ടാ!! എന്ത് ഈമാനൊള്ള മൊഗാണെന്നാ. ആ മൊഗത്ത്ന്ന് കണ്ണെടുക്കൂല്ല. നമ്മക്ക് ഉള്ളിലന്നെ ഒരു വെറവൽ വരും. കോയിക്കോട്ട്ന്ന് അഞ്ചാറ് ഉസ്താക്കൻമാരുണ്ടായിര്ന്ന്. മട്ടൻ ബിരിയാണീം, കോഴിപൊരിച്ചതും ഒക്കെണ്ട്. ഞാനതൊന്നും കഴിക്കാൻ പോയില്ല. നമ്മൾ തീറ്റ കാണാണ്ട് നടക്കണത് വല്ലതുമാണാ..വീട്ടിലുണ്ടാക്ക്യാലും നമ്മക്ക് വേണ്ട.'' കൈജാവീ കഴിക്കാൻ വിളിക്കാത്ത കെറുവൊന്നും ഹാജറാത്ത പുറത്ത് കാണിച്ചില്ല.
''അതേല്ലേ...ന്നിട്ട്?'' പാത്തുമ്പിയുടെ ക്ഷമ നശിച്ച് തുടങ്ങിയിരുന്നു
''വല്യ തങ്ങള് വന്ന് അവളെക്കൊണ്ട് താലത്തിലെ വെള്ളോം കുടിപ്പിച്ച് മന്ത്രിച്ചൊന്നൂതി രണ്ട് മൂന്ന് ഷിഫാ ചൊല്ലീതും പെണ്ണങ്ങട് ഇളക്കം തുടങ്ങീല്ലേ. ഇത് ഇപ്പളോന്നുമല്ലന്ന്, ചെറുതിലേ എങ്ങാനും ദേഹത്ത് കേറിക്കൂടിയതാന്നേ. വള്ളോംപറമ്പിലെ തൂങ്ങിച്ചത്ത കാർത്തുവാന്നാ പേര് പറഞ്ഞത്. ന്നിട്ട് പെരേന്റെ നാല് മൂലേന്നും മണ്ണെടുത്ത് മന്ത്രിച്ച് കൊടത്തിൽ വക്കാൻ പറഞ്ഞ്. മൊഹ്യുദ്ദീൻ ഷേക്കിന്റെ പേരിൽ ദെവസോം മൂന്ന് യാസീനും ഓതാൻ, ഒരു പൂവൻകോയിനെ വളർത്തീട്ട് 45 ദെവസം കയ്ഞ്ഞ് അറുത്ത് ഒരു മൗലൂദും നടത്തിയിട്ടേ പെണ്ണിന് പുറത്തിറങ്ങാൻ പാടൂള്ളൂന്നാ പറഞ്ഞെ, എല്ലാർക്കും ചരടും മന്ത്രിച്ച് കൊടുത്ത് തങ്ങള്. ഞാനും വാങ്ങി മൂന്നുചരട് വീട്ടിലെ പുള്ളങ്ങക്കേയ്.''
'' എന്നാലുമൊരില്ലാപ്പീക്കിരി കൊണ്ടിത്രട വരെയെത്തീല്ലെല്ലേ? പാവം കൈജാവീ, ഇനി അതിനെ കെട്ടിക്കാനായിരിക്കും പാട്.''
''പിന്നെ ഇല്ലാപ്പീക്കിരി കളിയാണ്ന്നാ...ങ്ഹാഹാ..അതൊക്കെ സത്യോള്ളതാ..''
''ഹാജറാത്ത കണ്ടിട്ട്ണ്ടാ ഇല്ലാപ്പീക്കിരീനെ?''
''ന്റള്ളോ..പിന്നെ ഞാനിങ്ങനെ ജീവനോടിണ്ടാവോ. ന്റുമ്മേം വാപ്പേം പറയണയ്ന്റെ അപ്പ്റത്ത് നടന്നിട്ടില്ല ഈ ഹാജറ..അറിയോ...ങ്ഹാ..ഹാ...എങ്കിലും ന്റ ചെറുതിൽ ഞാൻ കേട്ടിട്ട്ണ്ട് ഇയിന്റെ കരച്ചിൽ. നമ്മ്ടെ സാദാ 'ചീകീടിനെ' പോലെ 'രീരീ.'..ന്നല്ല 'കരഖരാ'ന്ന് മരത്തിലിട്ടടിക്കണ പോലൊരൊച്ചയാ ഈ ഇല്ലാപ്പീക്കിരിക്ക്. ചീത്ത സമയത്താന്ന് ഇയ്റ്റുങ്ങൾ പുറത്ത് വര്ണത്. ഞാനന്നേരം ഉമ്മാനെ അള്ളിപ്പിടിച്ചിരിക്കും അത്രക്ക് ചീത്ത സാനമാണത്.''
''ഞാനിതിനെ കണ്ടിട്ടൂല്ല ഒച്ചേം കേട്ടിട്ടില്ല. പറഞ്ഞ് കേട്ടിട്ട്ണ്ട്.
''അതുപോലന്നെയാ റൂഹാനിപ്പക്ഷി. കഴിഞ്ഞ വല്യപെരുന്നാളിന്റന്ന് വൈകീട്ട് അടുക്കളമുറ്റത്തെ ആഞ്ഞിലീൽ ഇരുന്ന് ഒരെണ്ണം ചെലക്കലോട് ചെലക്കൽ. ന്റെ ബദരീങ്ങളേ...ഞാനും സൂറാബീം കെടന്ന് വെറക്കണേർന്ന്. മയ്യത്ത് അറിയിക്കാൻ വന്ന കിളിയല്ലേ...എന്താ ഈ കിളി ഇങ്ങനെ കെടന്ന് കരയണേന്ന്. കാര്യം മരുമോളൊക്കെ ആണേലും ബോധംണ്ട് ഓക്ക്. ആ നേരത്ത് ഏതോ ബുദ്ധിക്ക്
സൂറാബി അജ്മീർഖാജാക്ക് പട്ടു നേർന്ന്പ്പോ. അപ്പൊളാ അയ്ന്റെ ചെലക്കൽ നിന്നത്. ഞാൻ വിചാരിച്ച് എന്റെ മയ്യിത്ത് പറയാനാ അത് വന്നതെന്ന്. അന്ന് രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. പിറ്റേന്ന് വെളുപ്പിനല്ലേ കാര്യമറിയണത്, പടിഞ്ഞാറേലെ ഷക്കീറിന്റെ വാപ്പ രാത്രി മയ്യത്തായെന്ന്. അപ്പോ അതറിയിക്കാൻ വന്നതാണാ കിളി. അതാ പറഞ്ഞെ ഇതൊക്കെ സത്യൊള്ളതാന്ന്''
''ഹോ...ന്റിത്താ എനിക്കിതൊക്കെ കേട്ടിട്ട് രോമോക്കെ പെരുത്ത് കേറണ്''
''ങ്ഹാ..അതൊക്കെ അള്ളാന്റെ കളിയല്ലെ. പണ്ടുള്ളോര് പറയണതിലും കാര്യണ്ട്.''
പോത്തിന് തീറ്റപ്പുല്ലും പറിച്ചിട്ട് വരുന്ന ഇസ്മുവും ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവന്റെ ചിന്തയിലപ്പോൾ 'കരകരാ' എന്ന് ഒച്ചവച്ചു കൊണ്ടിരിക്കുന്ന ഇല്ലാപ്പീക്കിരി ആയിരുന്നു . പേടിച്ചലറിക്കരഞ്ഞ് തലകറങ്ങി വീഴുന്ന ഷാക്കിയും, അവിടമാകെ മുഴങ്ങി കേൾക്കുന്ന 'കരകരാ' ശബ്ദവും. ടോർച്ച് വെളിച്ചത്തിന് പോലും കണ്ടെത്താനാവാത്ത ഇല്ലാപ്പീക്കിരി.
രാവിലെ അലിയാർക്കായുടെ വീട്ടിലെ മന്ത്രിച്ചൂതലും എല്ലാം അന്നേരം അവന്റെ മനസ്സിലും ഓടിയെത്തി. ചെറുതിലെ മുതൽ തോളത്തിട്ട് നടന്നിട്ടുള്ള, കടലമുട്ടായിക്ക് വേണ്ടി എന്നും വഴക്കടിക്കുന്ന, എപ്പോ കണ്ടാലും ''ന്ത്യേ ഇസ്മുക്കാ'' ന്ന് ചിരിച്ച് കുശലം ചോദിക്കുന്ന, ഇസ്മുവിന് ഏറെ ഇഷ്ടപ്പെട്ട കട്ടൻചായ എപ്പോ ചോദിച്ചാലും ഇട്ടുകൊടുക്കുന്ന ഷാക്കി. മറ്റുള്ളവർ എന്നും ഒരു വിഡ്ഢിയെപ്പോലെ കണ്ടിട്ടുള്ള ഇസ്മുവിനോട്‌ അല്പമെങ്കിലും സ്നേഹത്തോടെ പെരുമാറാറുള്ള ഷാക്കി അവന് പെങ്ങള്കുട്ടിയെപ്പോലെയാണ്. ആ അവളാണ് ഇതുവരെ കാണാത്ത കോലത്തിൽ മറ്റാരെയോപോലെ വല്യതങ്ങളുടെ മുന്നിൽ തുള്ളിവിറച്ച് കണ്ടത്. 'വല്യതങ്ങളെ' ഇസ്മുവിന് അത്രകണ്ട് ബോധിച്ചില്ല. പോകാൻ നേരം കണക്ക് പറഞ്ഞ് അലിയാരോട് കാശ് വാങ്ങുന്ന അങ്ങേരുടെ കാര്യക്കാരനെയും അവന് രസിച്ചില്ല. 'വല്യതങ്ങളുടെ' കയ്യിൽ നിന്ന് മന്ത്രിച്ചചരട് വാങ്ങാൻ അലിയാർക്ക നിർബന്ധിച്ചപ്പോൾ വേണ്ട എന്നുള്ള തന്റെ മറുപടിയിൽ അങ്ങേരുടെ രൂക്ഷനോട്ടത്തിന്റെ അർത്ഥം അവന് മനസ്സിലായില്ലായിരുന്നു.
രണ്ടു മൂന്നാഴ്ച കൊണ്ടുണ്ടായ ഷാക്കിയിലെ മാറ്റങ്ങൾ അവനെ വല്ലാതെ അലട്ടിയിരുന്നു. 45 ദിവസം കഴിയാതെ പുറത്തിറങ്ങരുതെന്ന വല്യതങ്ങളുടെ വിലക്കുള്ളതിനാൽ അവളെ ഇസ്മുവിന് കാണാനും പറ്റുന്നില്ലായിരുന്നു. അതിന് കാരണമായ ഇല്ലാപ്പീക്കിരിയെ വക വരുത്താൻ അന്നേദിവസം മുതൽ അവൻ രാത്രി ടോർച്ചുമായി ഇറങ്ങാൻ തുടങ്ങി. പക്ഷെ ഇത് വരെ ഇല്ലാപീക്കിരിയെ കണ്ടെത്താനായില്ല.
ഹാജറാത്തയോടൊപ്പം പോയി പൂവൻ കോഴിയെ കൊണ്ടുവന്ന അന്നുമുതൽ അതിനെ നോക്കിപരിപാലിക്കുന്ന ജോലിയും ഇസ്മുവിന്റെ തലയിലായി. കാണുന്നവരെയെല്ലാം ഓടിച്ചിട്ട് കൊത്തുന്ന കോഴിയെ തലയിൽ നിന്നൊഴിവാക്കാനുള്ള ഹാജറാത്തയുടെ സൂത്രത്തിൽ, പണികിട്ടിയത് ഇസ്മുവിനാണെന്ന് മാത്രം. വീട്ടിൽ വരുന്നവരെ കൊത്തിയോടിച്ചും , നാട്ടുകാരുടെ പെരപ്പുറത്തേക്ക് പറന്ന് കയറുകയും ചെയ്യുന്ന കോഴിയുടെ പുറകെ ഇസ്മുവും ഉണ്ടാവും. ദിവസവുമുള്ള ഭാരപ്പെട്ട ജോലിക്കൊപ്പം കോഴിപരിപാലനവും കൂടി ആയപ്പോൾ ഇസ്മുവിന്റെ രാത്രിയുറക്കം നേരത്തെയായി. അതോടെ ഇല്ലാപ്പീക്കിരിയെ തേടിയുള്ള രാത്രി നടത്തവും അവസാനിച്ചു. പിന്നെയവിടെ ഇല്ലാപ്പീക്കിരിയുടെ കരച്ചിലും ആരും കേട്ടില്ല. വല്യതങ്ങളുടെ മന്ത്രച്ചരടിന്റെ ഗുണം എന്നെല്ലാവരും ആശ്വസിച്ചു
45 ദിവസം കഴിഞ്ഞ് കോഴിയെ നേർച്ച നടത്തുന്ന ദിവസം ദൂരെയങ്ങോ മരംവെട്ടാനുണ്ട് എന്ന് പറഞ്ഞ് ഇസ്മു അതിരാവിലെ തന്നെ അവിടം വിട്ടു. കോഴിയെ കശാപ്പ് ചെയ്യുന്നത് കാണാൻ വയ്യാതെയാണ് അവൻ പോകുന്നതെന്ന് ആർക്കും മനസ്സിലായില്ല. രാത്രി വൈകി തിരിച്ചെത്തുമ്പോൾ നേർച്ചയെല്ലാം കഴിഞ്ഞ് ആളുകൾ ഓരോരുത്തരായി ഒഴിഞ്ഞു തുടങ്ങിയിരുന്നു. അലിയാർക്ക ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും കൂട്ടാക്കാതെ കട്ടൻചായ മാത്രം വാങ്ങിക്കുടിച്ച് അവൻ തന്റെ ചായ്പിൽ പോയി ഇരിപ്പായി.
പെട്ടെന്നാണ് തല പെരുപ്പിക്കുന്നതും , 'കരകരാ' എന്ന് മരത്തിലടിക്കുന്നതും പോലൊരു ശബ്ദം, പുറകെ ''അള്ളോ ഉമ്മച്ചീ''എന്ന് വലിയവായിലുള്ള നിലവിളിയും. ഷാക്കിയുടെ ശബ്ദമാണതെന്ന് തിരിച്ചറിഞ്ഞതും അവൻ ടോർച്ചുമെടുത്ത് അങ്ങോട്ടേക്ക് പാഞ്ഞു.
അടുക്കളമുറ്റത്ത് വീണുകിടന്ന ഷാക്കിയെ എല്ലാവരും ചേർന്ന് അകത്തേക്ക് എടുത്തുകൊണ്ട് പോകുന്നതുകണ്ട് അവനമ്പരന്നു.
''ഇല്ലാപ്പീക്കിരിടെ ഒച്ചകേട്ട് ഞെട്ടി നോക്കിയപ്പോ വടക്കുപുറത്ത് തലേക്കെട്ട് കെട്ടിയ ആജാനുബാഹുവായ ഒരൊറ്റക്കണ്ണനെ കണ്ടുന്നാ പറഞ്ഞെ. സംശയിക്കാനൊന്നുല്ല ജിന്ന് തന്നെ ''
കൂടി നിന്നവരിലാരോ പറഞ്ഞത് കേട്ട് ഇസ്മു ടോർച്ചുമെടുത്ത് വടക്ക്പുറത്തേക്ക് നടന്നു.
''വേണ്ട ഇസ്മുവേ''എന്ന് പലരും വിലക്കുന്നുണ്ടായിരുന്നെങ്കിലും അവനതൊന്നും വകവച്ചില്ല.
വടക്കുപുറത്ത് ഇല്ലാപ്പീക്കിരിയുടെ അസഹ്യമായ ശബ്ദം കേൾക്കാം. കാഴ്ച്ചയെ മറച്ച് ഇരുട്ട് നിറഞ്ഞുനിൽക്കുന്നു. അവിടവിടെയായി ഒന്നിൽ കൂടുതൽ ഇല്ലാപ്പീക്കിരികളുള്ളത് പോലെ.
കയ്യിലെ ടോർച്ചടിച്ച് ഇരുട്ടിൽ പരതിയിട്ടും ആജാനുബാഹുവിനെയോ, ഇല്ലാപ്പീക്കിരിയെയോ അവന് കണ്ടെത്താനായില്ല.
പെട്ടെന്ന് ഇസ്മുവിന്റെ വലതുവശത്ത് അല്പം മുകളിലായി ഇല്ലാപ്പീക്കിരിയുടെ കരച്ചിലിനൊപ്പം എന്തോ മിന്നുന്നു. അവൻ ടോർച്ചടിച്ചതും ആ ശബ്ദം നിലച്ചു. മുന്നിലതാ കഴിഞ്ഞ ദിവസം താൻ വെട്ടി പകുതിയാക്കിയ 'ആജാനുബാഹുവായ' തേക്ക്. പുരപ്പുറത്തേക്ക് ചാഞ്ഞു വന്നതിനാൽ അലിയാർ വെട്ടാൻ പറഞ്ഞ് താൻ വെട്ടിയ അതേ തേക്ക്. ചാഞ്ഞുവരുന്ന തേക്കിന്റെ മുകളിൽ തളിരിലകൾ പൊടിക്കാതിരിക്കാനായി ചുറ്റിയിട്ട ടർപോളിൻ ഷീറ്റ്. അതിൽ ഇടമുറിയാതെ മിന്നിക്കൊണ്ടിരുന്ന മിന്നാമിനുങ്ങ് അതാ പറന്നുപോകുന്നു. തൊട്ട് താഴെയായി പാറ്റയുടെപോലും വലുപ്പമില്ലാത്ത രണ്ട് 'ഇല്ലാപ്പീക്കിരി' ചീവീടുകൾ ഇണക്കുരുവികളെപ്പോലെ മുട്ടിയുരുമ്മി മരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നു. കാഴ്ചയിൽ 'പീക്കിരി'പോലെ എങ്കിലും ഇവയ്ക്ക് എങ്ങനെ ആ പേര് വന്നു എന്ന് ഒരുമാത്ര ഇസ്മു ചിന്തിക്കാതെ ഇരുന്നില്ല. ഇണചേരുന്ന ഇല്ലാപ്പീക്കിരികളെയും 'ആജാനബാഹുവായ തേക്കി'നെയും മാറിമാറി നോക്കിക്കൊണ്ട് കാണാത്ത ജിന്നിനെ ഇസ്മു വീണ്ടും ഇരുട്ടിൽ തപ്പിനടക്കുമ്പോൾ, അലിയാർ തന്റെ ഫോണിൽ കോഴിക്കോട് വല്യതങ്ങളുടെ നമ്പർ ഡയൽ ചെയ്യുകയായിരുന്നു.
(അവസാനിച്ചു)
ബിനിത - Binitha Sain
Nb. പ്രാദേശികമായി ഒരു തരം ചീവീടുകളെ വിളിക്കുന്നതാണ് ഇല്ലാപ്പീക്കിരി എന്ന്. ദേശങ്ങൾക്കനുസരിച്ച് പേരുകൾക്ക് മാറ്റമുണ്ടാവാം
റൂഹാനി പക്ഷി - മരണം അടുത്തിട്ടുണ്ടെന്ന് അറിയിക്കാൻ വരുന്ന പക്ഷി ( ഒരു വിശ്വാസം )

ഉറുമ്പിന്റെ മുഖമുള്ളവൾ(കഥ)


Best of Nallezhuth- No - 14 - 
''ഒള്ളതാ ടീച്ചറേ ശരിക്കും അവള്ക്ക് ഉറുമ്പിന്റെ മുഖാ...''
അഭിക്കുട്ടൻ വീണ്ടും അത് സമർത്ഥിക്കാനുള്ള ആവേശത്തിലാ. ആ രണ്ടാം ക്ലാസ്സുകാരന്റെ ചേഷ്ടകളിൽ വല്ലാത്ത കൗതുകം തോന്നി.
ആ കണ്ണുകളിൽ നിറഞ്ഞാടുന്ന, അത്ഭുതവും ആശ്ചര്യവും വാക്കുകളുടെ നീട്ടലും കുറുക്കലും എല്ലാം ആസ്വദിക്കാനാണ് അപ്പോ തോന്നിയത്. ഉറുമ്പിന്റേതുപോലെ മുഖമുള്ള, ഉറുമ്പി എന്ന ഇരട്ടപ്പേരുള്ള , കുഞ്ഞാണിയെപ്പറ്റിയാണ് ക്ലാസ് ഒന്നടങ്കം സംസാരം.
വെള്ളിയാഴ്ച അവസാനപ്പിരീഡ് കൊച്ചുവർത്തമാനങ്ങൾക്കുള്ളതാണ്. നിഷ്കളങ്കമനസ്സുകൾക്കൊപ്പം അവരിലൊരാളായി എല്ലാം മറന്ന് ആ കുഞ്ഞുലോകത്തിൽ കഴിയുക നല്ല സുഖമാണ്. അപ്പൂപ്പൻതാടിപോലെ മനസ്സ് അവരോടൊപ്പം പാറിനടക്കും. കുഞ്ഞുമനസ്സുകളിലെ സങ്കടങ്ങൾ, സന്തോഷങ്ങൾ, സംശയങ്ങൾ, കൗതുകങ്ങൾ എല്ലാം പങ്കുവയ്ക്കപ്പെടും.
മൂന്നു മാസമാകുന്നു ഈ ഗവൺമെന്റ്സ്കൂളിൽ വന്നിട്ട്. തിരക്കുപിടിച്ച ബാംഗ്ലൂർ നഗരത്തിന്റെ വീർപ്പുമുട്ടിക്കുന്ന ഏകാന്തതയിൽനിന്ന് പുരോഗമനം അധികം ഏശിയിട്ടില്ലാത്ത തട്ടാരംകുന്ന് എന്ന ഈ കുഞ്ഞുഗ്രാമത്തിന്റെ മടിത്തട്ടിലേക്ക് ചുരുണ്ടുകൂടുമ്പോൾ ഏകാന്തതയും സ്നേഹമുള്ളൊരു കൂട്ടുകാരനാവുന്നു.
ഇന്ന് ഇരട്ടപ്പേരുകളാണ് ചർച്ചാവിഷയം..ചെണ്ടക്കോലി,പ്രാണി, കാക്ക, പൂത അങ്ങനെ ക്ലാസിലെ എല്ലാവർക്കും ഓരോ പേരുകളാ...അവിടെനിന്നു തുടങ്ങി, വന്നുനിൽക്കുന്നതാ ഉറുമ്പിയിൽ...
അഭിക്കുട്ടനൊപ്പം ഉറുമ്പിയെപ്പറ്റി വിശദമാക്കാൻ മേശയ്ക്കുചുറ്റും എത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്...
'' അവളെ അവൾടെ അമ്മമ്മ ഇന്നാളൊരു ദൂസം വന്ന് സ്കൂളീന്ന് വിളിച്ചോണ്ടുപോയാർന്ന്..പിന്നെ വന്നില്ല.'' സജുമോന് അതിൽ സങ്കടമുണ്ടെന്ന് തോന്നി.
''ആ ടീച്ചറേ..എന്ത് സാനം കാണാതായാലും അവള് ഉറുമ്പിനെക്കൊണ്ട് കണ്ടുപിടിച്ചുതരൂന്നേ..''
''ഉറുമ്പിനെക്കൊണ്ടോ? അതെങ്ങനെ?''
എനിക്കതൊക്കെ പുതിയ കഥകൾപോലെ തോന്നി..
പിന്നെയും ഓരോരുത്തരായി 'കഥകൾ ' പറയാൻ തുടങ്ങി..
അവൾക്ക് അമ്മയില്ലെന്നും ആരോരുമില്ലാത്ത തങ്കിച്ചേച്ചിക്ക് പള്ളിപ്പെരുന്നാളിന് ഔസേപ്പുപിതാവിന്റെ രൂപക്കൂട്ടിന്റെ മുന്നിൽനിന്ന് കിട്ടിയ ചോരക്കുഞ്ഞാണെന്നുമൊക്കെ മുതിർന്നവരിൽനിന്ന് പറഞ്ഞുകേട്ടതൊക്കെയും ആ കുഞ്ഞുമനസ്സുകളിലൂടെ അറിയുകയായിരുന്നു.
മണ്ണുകൊണ്ട് കൂനയുണ്ടാക്കി അതിന്നുമുകളിൽ ഉറുമ്പിനെ പിടിച്ചിട്ട്, ആ ഉറുമ്പ് പോകുന്ന വഴിയിലൂടെ അതിനെ പിന്തുടർന്ന് നടക്കും. അങ്ങനെ കാണാതായ സാധനങ്ങളുടെ അടുത്ത് ആ ഉറുമ്പ് അവളെ എത്തിക്കുമത്രേ.. പലരുടെയും സ്വർണ്ണക്കമ്മൽ, മാല, കൊലുസ്, പെൻസിൽ , റബ്ബർ, പന്ത് അങ്ങനെ അവൾ കണ്ടെത്തിയ പലതിനും അനുഭവസാക്ഷ്യം പറയാൻ ഒത്തിരി പേരാണ്.
ഉറുമ്പുകൾ അവളെ കടിക്കാറില്ല..അവളുടെ വീടിന്നുചുറ്റും പല തരത്തിലുള്ള ഉറുമ്പിൻകൂടുകളുണ്ട്. ദിവസവും അതിരാവിലെ ഓരോ ഉറുമ്പിനെ മൺകൂനയുണ്ടാക്കി അതിന്നുമുകളിലിട്ട് അതിന്നുപിറകെ അവളുടെ അമ്മയെ അന്വേഷിച്ച്നടക്കുമത്രേ...
പക്ഷേ എല്ലാ ഉറുമ്പുകളും തിരിച്ച് ആ കൂട്ടിലേക്കുതന്നെ പോകും. അമ്മയെമാത്രം കാണിച്ചുകൊടുത്തിട്ടില്ല അവളുടെ ഉറുമ്പുകൾ.
അങ്ങനെ കുഞ്ഞാണി ഒരു വിചിത്രകഥാപാത്രമായി മനസ്സിൽ വേരുപിടിച്ചു.
അവസാന പിരിഡിന്റെ മണിയടിയെത്തുടർന്നുള്ള, ദേശീയഗാനത്തിന്റെ വേളയിൽപ്പോലും കുഞ്ഞാണിച്ചരിതം കൗതുകക്കാഴ്ചപോലെ മനസ്സിൽ തെളിയുന്നുണ്ടായിരുന്നു...
മണ്ണ് ഒരു ചെറുകൂനയായി തടുത്തുകൂട്ടി അതിന് മേലേ ഒരുറുമ്പിനെ എടുത്തുവച്ച് അതിന്റെ പുറകേ നടക്കുന്ന, ഉറുമ്പിനെപ്പോലെ ചെറുതും കൂർത്തതുമായ മുഖമുള്ള ഒരു ഏഴുവയസ്സുകാരി..കല്പിച്ചുകൂട്ടിയ മുഖത്തിന് വിഷാദഭാവമായിരുന്നു..
ഉറുമ്പി....ഉറുമ്പിന്റെ മുഖമുള്ളവൾ...
സ്കൂൾ വിട്ടതിന്റെ നീട്ടിമണിയും കോലാഹലവുമൊന്നും കാഴ്ചയിൽ നിൽക്കാൻ താത്പര്യമില്ലാത്തതുപോലെ പുകമറയിലേക്ക് പായുന്നു..
ഓർമ്മകൾ ഊഞ്ഞാലാട്ടി ആ പുകമറയ്ക്കിപ്പുറം ഒരു കൊച്ചുപെണ്ണിലെത്തിനിൽക്കുന്നു..ക്ലാസ് മുറിയും മേശയും കസേരയും ബഞ്ചും ഡസ്കുമെല്ലാം ആ പുകമറയ്ക്കപ്പുറം കാലം മറച്ചുവച്ചത് പോലെ..
നിറയെ പൂത്തുനിൽക്കുന്ന മുത്തശ്ശിമാവിന്റെ ചുവട്ടിൽ അനീഷേട്ടന്റെ തോളത്ത് ചാരിയിരിക്കുന്ന ഒരു പതിനെട്ടുകാരിയിലേക്ക്...
''സുചൂ....നോക്ക്...കണ്ടോ..ഞാൻ പറഞ്ഞത് സത്യല്ലേ...ശരിക്ക് നോക്ക്..''
പൊട്ടിച്ചിരി...
''അനീഷേട്ടാ..വേണ്ടാട്ടോ...എനിക്ക് ദേഷ്യം വരണണ്ട്..''
''എടീ...നീ നോക്കിയേ...കണ്ടോ ഈ ഉറുമ്പിന്റെ മുഖവും നിന്റെ മുഖവും ഒന്നുപോലല്ലേന്ന്...'' വലതുകൈയിലെ ചൂണ്ടുവിരലിൽ പിടിച്ചിരിക്കുന്ന ചോണനുറുമ്പിനെ തന്റെ നേർക്ക് കാണിച്ചുകൊണ്ടാണ് ചോദ്യം.
''ഓഹ് പിന്നേ..''
''അപ്പോളേക്കും ന്റെ റാണിയുറുമ്പിന്റെ മൂക്ക് ചെമന്നല്ലോ?''
''അനീഷേട്ടാ..വേണ്ടാന്ന് പറഞ്ഞു...ഉറുമ്പാത്രേ..ഉറുമ്പ്.ഹുംഞാൻ പോണു..''
''ടീ...പിണങ്ങാതേ...ഉറുമ്പ് അത്ര നിസ്സാരജീവിയൊന്നുമല്ല...നിനക്കെന്തെങ്കിലുമറിയോ ഉറുമ്പുകളെപ്പറ്റി?''
''ഓഹ്...എനിക്കൊന്നുമറിയണ്ടാ''..
''എങ്കി അറിയണം...എടീ, ഉറുമ്പുകളെപ്പോലെ സാമൂഹികജീവികൾ വേറെയില്ലെന്നാ..അവയൊരിക്കലും കൂട്ടമായല്ലാതെ ഒറ്റയ്ക്ക് ജീവിക്കാറില്ല അറിയോ..അവയുടെ ഹാർഡ് വർക്ക്, ഡെഡിക്കേഷൻ ഒക്കെ നമ്മൾ മനുഷ്യർ കണ്ടുപഠിക്കണം. പരസ്പരം കരുതലുകളുടെ ഐക്യത്തിന്റെ വലിയ പാഠമാ അവ നമ്മെ പഠിപ്പിക്കുന്നത്...ഈ ലോകത്ത് എത്ര ജാതി ഉറുമ്പുകളുണ്ടെന്ന് നിനക്കറിയോ?...''
''പൊന്നനീഷേട്ടാ....എനിക്കറിയണ്ടാ.....ഇന്നെങ്കിലും ഒന്നു വെറുതേ വിടോ.പ്ലീസ്...ഒരു മെർമ്മെറ്റോളജിസ്റ്റ് വന്നിരിക്കുന്നു...ഹോ...ജീവിതകാലം മുഴുവൻ ഞാനിതിനെ എങ്ങിനെ സഹിക്കുമെന്നാ എനിക്ക് ടെൻഷൻ''
''എടീ..നീ എന്റെ റാണിയുറുമ്പല്ലേ..''
''ഞാൻ പോകുവാ..''
''സുചൂ....നിക്ക്...സുചൂ...''
കെറുവിച്ച് ഓടിയകലുമ്പോളും ആ പിൻവിളിക്ക് തേനിന്റെ മധുരമുണ്ട്. പിൻവിളികൾക്കുവേണ്ടിയാണല്ലോ ഓരോരോപിണക്കങ്ങളും...
''സുചിത്രട്ടീച്ചറേ...സുചിത്രേ. എന്തുപറ്റി?...എന്തൊരിരുപ്പാ ഇത്..പോവണ്ടേ?'' ഓർമ്മകളുടെ ഊഞ്ഞാൽപ്പുകമറ ഭേദിച്ച് യാഥാർത്ഥ്യത്തിലേക്ക്...
സാലിട്ടീച്ചറാണ്...ക്ലാസ് കഴിഞ്ഞിട്ടും കാണാതായപ്പോ അന്വേഷിച്ചുവന്നതാ..
ഈ നാട്ടിൽ വന്നപ്പോൾമുതൽ വളരെയടുപ്പം തോന്നിയ ചുരുക്കംചിലരിൽ ഒരാളാണ് ടീച്ചർ. ഒരു കുഞ്ഞനിയത്തിയോടെയെന്നപോലെയാണ് പെരുമാറ്റം. അതുകൊണ്ട് തന്നെ അവരുടെ വീടിന് സമീപത്തുള്ള ഒരു കെട്ടിടത്തിൽ വാടകയ്ക്ക് മുറിയും തരപ്പെടുത്തിതന്നു.
ബസിറങ്ങി നാട്ടുവഴികളിലൂടെ വീടുവരെയുള്ള യാത്ര...ആ യാത്രയിൽ സാലിട്ടീച്ചറുടെ വീട്ടുവിശേഷങ്ങൾ കേൾക്കുക എന്നതും ഏറെ പ്രിയപ്പെട്ടതാണിപ്പോ..കേൾക്കാനാരെങ്കിലുമുണ്ടെങ്കിൽ ഏറെ പറയാനുണ്ടാവുമെല്ലാവർക്കും..
കുഞ്ഞാണിയെക്കുറിച്ച് ചോദിച്ചപ്പോൾ സാലിട്ടീച്ചർക്ക് പറയാനുള്ളതും അതേ കഥകൾതന്നെ. കൂടെ മറ്റൊരു സത്യവും..
അമ്മമ്മ അവളെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുപോയത് അവരുടെ പരിചരണത്തിന്നുമാത്രമല്ല അവളെവെച്ച് മുതലെടുക്കുവാനും കൂടെയാണെന്ന്. ഊഹിച്ചതുപോലെ തന്നെ മാന്ത്രികസിദ്ധിയുള്ള ഒരു കുഞ്ഞുദൈവമായി മാറിക്കഴിഞ്ഞിരിക്കുന്നു കുഞ്ഞാണി.
ഉറുമ്പിന്റെ മുഖമുള്ള കുഞ്ഞാണി... വീടണഞ്ഞിട്ടും
പ്രജ്ഞ നഷ്ടപ്പെട്ട ഒരു നിഷ്ക്കളങ്ക മുഖം വല്ലാതെ വേട്ടയാടുന്നു..

''സുചിത്രയ്ക്ക് പാവയ്ക്ക ഇഷ്ടാണെന്നല്ലേ പറഞ്ഞേ? പിള്ളേരുടച്ഛൻ ഇന്നലെ കുറച്ച് പാവയ്ക്ക കൊണ്ടുവന്നിട്ടുണ്ട്. തീയൽ വച്ച് കൊണ്ടുതരാട്ടോ..''
സ്നേഹിക്കാനും ആശ്രയിക്കാനും സാലിട്ടീച്ചറെപ്പോലൊരു വല്ല്യേച്ചി വേറെയില്ലെന്ന് തോന്നും...
''എത്ര നാളാ കൊച്ചേ ഇങ്ങനെ ഒറ്റയ്ക്ക് ? നീയാണേൽ ചെറുപ്പമാണ്. രണ്ടാമതൊരു ബന്ധത്തിന് തയ്യാറായാലെന്താ? നല്ലൊരുജീവിതം കിട്ടും സുചിത്രേ നിനക്ക്..''
പലപ്പോഴായി സാലിട്ടീച്ചർ ചോദിച്ചിട്ടുള്ളതാണ്. എങ്ങനെ പറഞ്ഞുമനസ്സിലാക്കും, ഈ ഏകാന്തത ഇന്നൊരു ലഹരിയാണെന്ന്..തേനുറുമ്പുകൾ ദേഹത്തേക്ക് അരിച്ചുകേറുമ്പോൾ രോമകൂപങ്ങൾ വിറകൊള്ളുന്നതുപോലെ മനോഹരമായൊരു ലഹരി...ഓർമ്മകളാകുന്ന ലഹരിക്കാണ് മധുരം കൂടുതൽ.
...........................................
''ഈ മരുന്ന് കുടിക്ക് അനീഷേട്ടാ...പ്ലീസ്...എനിക്കുവേണ്ടി...''
'' എന്തിനാ സുചു? ഒരാഴ്ചപോലും ആയുസ്സില്ലാത്ത ഈ പാഴ്ജന്മത്തിനുവേണ്ടി നീ കഷ്ടപ്പെടുന്നത്..പോ..പോയി രക്ഷപ്പെട്...ആരോരുമില്ലാത്ത എനിക്കുവേണ്ടി നീ നിന്റെ സ്വന്തബന്ധങ്ങളെയെല്ലാം വേണ്ടെന്ന് വച്ചില്ലേ..''
''ഇപ്പോ എന്തിനാ അതൊക്കെ പറയണേ..അതൊക്കെ വിട്..എന്നിട്ട് ഇതങ്ങ് കഴിച്ചേ....എനിക്ക് നല്ല വിശ്വാസമുണ്ട്..ദൈവം നമ്മെ കൈവിടില്ല.''
'' പക്ഷേ എനിക്കില്ല.. നിലയ്ക്കാറായ ഈ ഹൃദയത്തിന് ഇനി അധികകാലമൊന്നുമില്ല സുചൂ...നിന്നെയൊരു റാണിയുറുമ്പിനെപ്പോലെ പരിപാലിക്കണമെന്നായിരുന്നു എനിക്ക്. മുട്ടയിട്ട് വിരിയിക്കുക മാത്രമാ രാജ്ഞിയുറുമ്പുകളുടെ ജോലി. രാജ്ഞിയെ സേവിക്കാൻ പരിചാരകരും ഏറെ. എന്തിന് രാജാവുപോലും സേവകനാണ്. റാണി മുട്ടയിടുന്നതുവരെയേ രാജാവിന് ആയുസ്സുള്ളൂവെന്നാ...നമ്മുടെ കാര്യത്തിൽ അതിന്നുപോലും രാജാവിന് സാധിച്ചില്ല...അതിനുമുൻപേ..''
''എന്തിനാ അനീഷേട്ടാ....മതി നിർത്ത്...''
''നിന്റെ ചിറകുകൾ ഞാൻ തളർത്തിക്കളഞ്ഞുവല്ലേ...നീ അത് വീണ്ടും ഉഷാറാക്കണം...നല്ലൊരു ജോലി, ഒരു....ഒരു കൂട്ട്‌....കുട്ടികൾ...ഒക്കെയായി നീ പറക്കണം...എന്നെയോർത്ത് ജീവിതം പാഴാക്കരുത്...''
.......................................
കൂട്ട്....കൂട്ട് ഇന്നുമുണ്ടല്ലോ.. അനീഷേട്ടൻ തന്ന കുഞ്ഞുകുഞ്ഞോർമ്മകൾ...ജീവിതകാലം മുഴുവൻ..
പിന്നെ കുട്ടികൾ......
മണ്ണിൻകൂനയിൽനിന്നിറങ്ങി അടയാളങ്ങളൊത്ത് ദിശതേടിപ്പോകുന്ന കുഞ്ഞുറുമ്പിനെപ്പോലെ മനസ്സ് എങ്ങോട്ടോ പായുന്നു...
കുഞ്ഞാണി.....നാളെത്തന്നെ കാണണം കുഞ്ഞാണിയെ...
സാലിടീച്ചറോട് വീട് ചോദിച്ചറിഞ്ഞ് രാവിലെതന്നെ പുറപ്പെട്ടു..
''എന്തിനാ കൊച്ചേ...ഇന്നലെമുതൽ അന്വേഷിക്കുന്നതാണല്ലോ അവളെപ്പറ്റി...ഇതിലൊക്കെ വിശ്വാസമുണ്ടോ?''
പുഞ്ചിരിയിലൊതുക്കിയ മറുപടി സാലി ടീച്ചർക്ക് ബോധിച്ചില്ലെന്ന് മുഖഭാവത്തിൽ വ്യക്തമായി..
കൊയ്ത്തൊഴിഞ്ഞ പാടവും ഉറവ വറ്റിയ കൈത്തോടും കടന്നുള്ള ഇടവഴി അവസാനിക്കുന്നത് ഓടുമേഞ്ഞ ചെറിയ വീട്ടിലാണ് .അവിടെയാണ് കുഞ്ഞാണി..
വരാന്തയിലെ പടിവാതിലും ജനലുകളും അടഞ്ഞുകിടന്നിരുന്നു..
സന്ദർശനസമയമല്ലാത്തതുകോണ്ടോ എന്തോ ആരെയുംതന്നെ ഉമ്മറത്തുകണ്ടില്ല..
മുറ്റത്ത് അവിടവിടെയായി ചെറിയ ഉറുമ്പിൻകൂടുകൾ..വലതുവശത്തെ തേൻവരിക്കയുടെ ചുവട്ടിൽ വലിയൊരു ചിതൽപുറ്റുപോലൊരു കൂടും..
പെട്ടെന്ന് അകത്തുനിന്ന് പ്രായംചെന്ന സ്ത്രീയുടേതുപോലെ ശബ്ദം ഉയർന്നുവന്നു..
''എടീ കുഞ്ഞിപ്പെണ്ണേ...എവിടെയാടി നീ..രാവിലെ ഇച്ചിരി കട്ടൻകാപ്പി വേണമെന്നറിയില്ലേടി നാശംപിടിച്ചോളേ...ആളോള് ഇങ്ങട്ട് വരുന്നേന് മുൻപ് അടുക്കളേൽ എന്തേലും ആക്കാനുള്ളതിന്...ഇന്നാണേ ശനിയാഴ്ചയാ...നല്ല തിരക്കൊണ്ടാവും..എടി കുഞ്ഞിയേ''
നിറുത്താതെയുള്ള അവരുടെ ശകാരമല്ലാതെ മറ്റാരുടേയും ആളനക്കം അവിടെ കണ്ടില്ല.
അകത്തേക്കുനോക്കി വിളിക്കാനാഞ്ഞപ്പോള്‍ പൂമുഖത്തേക്കുള്ള ജനവാതിലൊരെണ്ണം തുറക്കപ്പെട്ടു..
കട്ടിലിൽ ചാരിയിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന കറുത്തുതടിച്ചൊരു സ്ത്രീരൂപം..ഇവരായിരിക്കും തങ്കിയമ്മമ്മ..
''ആരാ ഇത്ര രാവിലെ?..സമയമായിട്ടില്ല. ദൂരേന്ന് വല്ലോമാണേൽ അവിടെ കേറിയിരിക്ക്...കുറച്ച് സമയമെടുക്കും..''
അവിടെത്തന്നെ നിൽക്കാനാണ് തോന്നിയത്. എന്തിനാ വന്നതെന്ന് സ്വയം ഉത്തരം തേടാനുള്ള ശ്രമത്തിലായിരുന്നതുകൊണ്ട് പെട്ടെന്നൊരു മറുപടിയും കിട്ടിയില്ല.
''ഈ തന്തയില്ലാത്തോള് എങ്ങോട്ടാ പോയതാവോ?..അവളവടമ്മേനെ ണ്ടാക്കാൻ പോയാരിക്കും..രാവിലത്തെ പെയ്ത്തിന്..അതവിടെ ഇട്ടേച്ചും വരണുണ്ടോ...എനിക്കിവിടെന്ന് എഴുന്നേൽക്കാൻ വയ്യെന്ന് ഓർത്താ പെണ്ണിന്റെ നെഗളിപ്പ്...''
അവരുടെ ബഹളം കേട്ട് കാറ്റുപോലും ഭയന്നിട്ടോ എന്തോ ഒരിലയനങ്ങുന്ന ശബ്ദംപോലും അവിടെ കേൾക്കാനില്ലായിരുന്നു..
പെട്ടെന്ന് വലതുവശത്തെ ചിതൽപ്പുറ്റുകണക്കെയുള്ള കൂടിന്നരികിലേക്ക് ഒരു മെല്ലിച്ച പെൺകുട്ടി നടന്നടുക്കുന്നു..
പാകമൊക്കാത്ത നീളൻ പാവാടയും ബ്ലൗസുമാണ് വേഷം..എന്നിലേക്ക് ഒരു പാളിനോട്ടം മാത്രം...ഇരുണ്ടതും ചെറുതുമായ കോലൻമുഖം..ഇങ്ങനെയാണോ ഉറുമ്പിന്റെ മുഖം?... കണ്ണുകളിൽ അവ്യക്തമായ ഭാവം. എണ്ണ കണ്ടിട്ടില്ലാത്ത ജടപിടിച്ച മുടി..
ആ പുറ്റിന്നുതാഴെ നിന്നും ഒരു ഉറുമ്പിനെ കൈവിരലുകളിലേറ്റിവന്ന വഴിയിലൂടെ അവൾ തിരികെനടന്നു..
അവളെ പിന്തുടരണമെന്നുണ്ടായിരുന്നു എങ്കിലും ജനൽക്കമ്പികൾക്കിടയിലൂടെയുള്ള കൂർത്ത നോട്ടം അതിനെന്നെ അനുവദിച്ചില്ല...
''കുഞ്ഞാണിയെ ഒന്നു കാണാൻ വന്നതാ'' എന്റെ മറുപടി അവരിൽ ഒരു ഭാവമാറ്റവുമേല്പിച്ചില്ല
''അതാ പറഞ്ഞത് അവിടെ കേറിയിരിക്കാൻ. ഏതാണിയാണേലും ഇവിടെ അതിന് സമയമൊക്കെ ഉണ്ട്...തോന്നുംപോലെയൊന്നുമല്ല''
അവരുടെ സ്ഥായീഭാവം ഇതുതന്നെയാണെന്ന് തോന്നിപ്പോയി.
തിരികെപ്പോയേക്കാമെന്ന ചിന്ത വന്നപ്പോള്‍,..നേരത്തേ കണ്ട വഴിയിലൂടേ താഴേക്ക് നോക്കി കുനിഞ്ഞുനടന്നുവരുന്നു കുഞ്ഞാണി...
ഉറുമ്പിനെ പിന്തുടർന്നുള്ള വരവാണ്..
വളരെ പതുക്കെ ആണ് അതിന്റെ സഞ്ചാരം..അവളും അതിനെ ശ്രദ്ധയോടെ വീക്ഷിക്കുന്നു തെല്ലുപോലും കണ്ണെടുക്കാതെ...
അടുത്തെത്താറായപ്പോളാണ് മനസ്സിലായത് അത് സാമാന്യം വലുപ്പമുള്ള ചിറകുകളുള്ള ഉറുമ്പ് ആണെന്ന്..ചിലയിടങ്ങളിൽ എത്തുമ്പോൾ ശങ്കിച്ച് നിൽക്കുന്നു..വീണ്ടും യാത്ര തുടരുന്നു..
മന്ദംമന്ദമുള്ള ആ യാത്ര എന്റെ കാലിന്നടുത്തെത്തിയപ്പോള്‍ ഉറുമ്പും അവളും വീണ്ടും നിന്നു. ഒരു മാത്ര വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞതിന്നുശേഷം വീണ്ടുംനേരെ അതെന്റെ കാലുകളിലേക്ക് അരിച്ചുകയറി...
കുനിഞ്ഞുകൊണ്ട് തന്നെ അവൾ എന്റെ നേർക്ക് തലയുയർത്തി ഒരു നോട്ടം നോക്കി...വേഗം ഉറുമ്പിനെ കയ്യിലെടുത്ത് എഴുന്നേറ്റ് എന്നെത്തന്നെ നോക്കിനിന്നു..
ഇതുവരെ കാണാത്ത ഒരു പ്രത്യേകതിളക്കമുണ്ടായിരുന്നു അപ്പോൾ ആ കണ്ണുകളിൽ.കയ്യിൽ അമർന്ന ദേഷ്യത്താലോ ഭയത്താലോ ആ ഉറുമ്പ് അവളുടെ വിരലിൽ കടിച്ചു..അവൾ വേദനയോടെ കൈകുടഞ്ഞപ്പോള്‍ അത് താഴെ വീണു..
കടിച്ചുവീർത്ത വിരലുകൾ അവൾ ചൊറിഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് തങ്കിയമ്മ അവിടെയിരുന്ന് ശകാരശരങ്ങൾ എയ്തുകൊണ്ടേയിരുന്നു..
അവളുടെ മണ്ണുപുരണ്ട വിരലുകളെ ഇരുകൈകളാലും കവർന്ന് ഉറുമ്പ് കടിച്ച ഭാഗത്ത് തടവുമ്പോൾ എന്റെയും അവളുടെയും കണ്ണുകളിൽനിന്നുതിര്‍ന്ന നനവിന് ഒരേ ഭാവമായിരുന്നു...ഒരേ മുഖമായിരുന്നു.....ഉറുമ്പിന്റെ മുഖം.
(അവസാനിച്ചു )
ബിനിത രചന Binitha Sain
Nb: Myrmetology- a part of entemology consists study of ants (crtsy wikipedia)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo