Showing posts with label Divija. Show all posts
Showing posts with label Divija. Show all posts

രണ്ടച്ഛൻമാർ (കഥ)


ഒരിക്കൽക്കൂടെ 
 വാതിലിലെ പഴുതിലൂടെ അയാൾ അകത്തേക്കെത്തി നോക്കി.കുറേയധികം വയറുകളുടെ ഇടയിൽ ഉറങ്ങും പോലെ കിടക്കുകയാണ് .മുടി മൊത്തം പൊഴിഞ്ഞ്...കവിളൊട്ടി...അച്ഛാ എന്നു വാ തോരാതെ വിളിച്ച് പുറകെ നടന്നിരുന്ന പൊന്നുമോൾ...അയാൾക്ക് ഹൃദയത്തിലൂടെ കൊള്ളിയാൻ പാഞ്ഞു...രണ്ടാഴ്ച്ചയായി

വെന്റിലേറ്ററിലാണ്.കീമോയുടെ ആവർത്തനങ്ങൾ താങ്ങാനുള്ള ശക്തി പൂർണ്ണമായും ശരീരത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.അയാൾ ആയാസപ്പെട്ട് കാലുകൾ നീട്ടി വെച്ച് അടുത്തുള്ള കസേരയിലേക്കിരുന്നു.നെഞ്ചു തടവിക്കൊണ്ട് ചാഞ്ഞിരുന്ന് പതിയെ കണ്ണടച്ചു.

......

ഓരോ കാൽവെപ്പിലും ഉള്ളിലെ പക കനൽ പോലെ എരിഞ്ഞു.വലതു കൈ മടിക്കുത്തിലെ കത്തിയിൽ അമർന്നു.പുതിയ കത്തി...പണിയിക്കാൻ കൊടുത്തിട്ട് കുറേ നാളായിരിക്കുന്നു...കൊല്ലന്റെ തിരക്കു തീർന്നു പണിതു തുടങ്ങുമ്പോഴേക്ക് വാങ്ങണം എന്ന തോന്നലില്ലാതെയായി.അങ്ങനെ കിടന്നു.ഇന്ന് ചായക്കടയിൽ നിന്നു നേരെ അയാളുടെ വീട്ടിലേക്കാണ് കാലുകൾ ചലിച്ചത്.ഒന്നുകൂടി പഴുപ്പിച്ച് അടിച്ചൊതുക്കി മൂർച്ച കൂട്ടി തന്നു അയാൾ...കൊള്ളാം,കാശു മുതലാകാൻ മാത്രം മൂർച്ചയുണ്ട്.
അയാൾ ആകാശത്തേക്കു നോക്കി...പൂർണ്ണചന്ദ്രൻ അയാൾക്കൊപ്പം തന്നെയുണ്ട്.നല്ല തെളിഞ്ഞ ആകാശം .തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ...

'എവിടം വരെയായി ഒരുക്കങ്ങൾ...നാളെയല്ലേ മോൾടെ കല്ല്യാണം? '

തൊണ്ടയിലേക്കിറങ്ങിയ ചായയേക്കാൾ പൊള്ളിക്കുന്ന ചോദ്യം...ചുറ്റുമിരിക്കുന്ന മുഖങ്ങളിൽ ഒളിപ്പിച്ചൊതുക്കിയ പരിഹാസച്ചിരി.

'എന്താ പ്പോ ഇത്രയ്ക്കങ്ങൊരുങ്ങാൻ...നാട്ടുകാരുടെയല്ലേ ഉത്തരവാദിത്തം...ന്നാലും മിണ്ടാപ്പൂച്ചേ പോലിരുന്ന പെണ്ണല്ലാരുന്നോ...ഇങ്ങനെ ഒരുമ്പെട്ടിറങ്ങൂന്ന് ആരെങ്കിലും വിചാരിച്ചോ'

'നിങ്ങളെന്തറിഞ്ഞിട്ടാ കണാരേട്ടാ, കേശവേട്ടന്റെ കൈയിലിനി കുറേ തറവാട്ടുമഹിമയേ ഇരിപ്പുള്ളൂന്ന് അവൾക്കറിയാം.അവളു ബുദ്ധിമതിയാ.ജാതീൽ താണാലെന്താ പുളിങ്കൊമ്പല്ലേ...'

കൂട്ടച്ചിരി...ചായ തൊണ്ടയിൽ നിന്നിറങ്ങാതെയായി.

'ന്നാലും അടിയാച്ചെക്കന്റെ കുടീല് മോളു കഴിയണത് കണ്ണിൽ കണ്ടു ജീവിക്കേണ്ടി വരുവാന്നെച്ചാ അതും ഒരു ഭാഗ്യാണേ അല്ലേ സേത്വേ...'

'ഒന്നു നിർത്തുന്നുണ്ടോ ,ഒരാളെ ഇങ്ങനിട്ട് നീറ്റണോ...നിങ്ങളുടെയൊക്കെ വീട്ടിലും വളർന്നു വരുന്നില്ലേ പെങ്കുട്ട്യോള്.ആർക്ക് എന്താ വെച്ചിരിക്കണേന്ന് ആരു കണ്ടു?'

'അതിനിപ്പോ സെയ്താലിക്ക നെഞ്ചു പതയ്ക്കണ്ട.ഞങ്ങടെ പെങ്കുട്ട്യോളെ നല്ല ചൊല്ലുവിളീലാ വളർത്തണേ.ഇല്ലിക്കാട്ടിൽ കഴിയണോൻ വിളിച്ചാലൊന്നും അവരിറങ്ങി പോവൂല്ല'

പകുതി കുടിച്ച ചായഗ്ളാസ് താഴെ വച്ച് എണീറ്റു.

'ഹ! അവിടിരുന്നു ചായ കുടിക്ക് കേശവാ...'

'വേണ്ട സെയ്തേ ,പോട്ടെ , അവൾക്കു വേണ്ടി പണിയിപ്പിക്കാൻ കൊട്ത്തിട്ട്ണ്ട് ഒരൂട്ടം.അത് വാങ്ങണം'

കാശു കൊടുത്ത് ഇറങ്ങി നടക്കുമ്പോൾ പറഞ്ഞു.

'കണ്ടോ,അപ്പോ ഒക്കെ അറിഞ്ഞു വെച്ചിട്ടന്നെയാ.ഒത്തുകളിയായിരിക്കും.നാട്ടുകാരാ മണ്ടമ്മാര്.അമ്പലത്തിൽ വെച്ച് കല്യാണം.നാട്ടുകാരുടെ ഉത്തരവാദിത്തത്തില് ...ഒരു കല്യാണം നടത്താനൊക്കെ ഇപ്പോ ന്താ ചെലവ്...കാഞ്ഞ ബുദ്ധി തന്നെയാണേ'

നടക്കുന്ന വഴിയിലും കാതുകളിലേക്കെത്താൻ മാത്രം ഉറക്കെയായിരുന്നു ആ വാക്കുകളും പുറകെയുയർന്ന കൂട്ടച്ചിരിയും.

......

അയാളൊന്നു മയങ്ങിപ്പോയിരുന്നു.നേഴ്സ് തട്ടി വിളിച്ചു.
പതിയെ കണ്ണു തുറന്നു.

'ഡോക്ടർ മുറീലേക്കൊന്നു ചെല്ലാൻ പറഞ്ഞു.

പിടഞ്ഞെഴുന്നേറ്റു.മുഖമൊന്നമർത്തി തുടച്ച് ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നീങ്ങി.ഒരു മാസത്തിലധികമായുള്ള ആശുപത്രി വാസം പ്രായം വല്ലാതെ കൂട്ടിയത് പോലെ.മനസ്സും ശരീരവും ഒരു പോലെ തളർന്നിരിക്കുന്നു.

വാതിലിൽ ചെറുതായൊന്നു തട്ടി.

'വന്നോളൂ'

ഡോക്ടറുടെ മുഖത്ത് സാധാരണയിൽ കവിഞ്ഞ ഗൗരവം.

'ഇരിക്കൂ'

പരവേശത്തോടെയാണ് കസേരയിലേക്കിരുന്നത്.അത് ശ്രദ്ധിച്ചത് കൊണ്ടാവണം ഡോക്ടർ ഒരു ഗ്ളാസിൽ വെള്ളം പകർന്നു നീട്ടി.

'ഹരിദാസിന് ബന്ധുക്കളാരുമില്ലേ സഹായത്തിന്?'

'ഉണ്ട് ,നാട്ടിലാ...ലെന പോയതിൽ പിന്നെ അത്യാവശ്യം അടുപ്പമുണ്ട് അത്രേയുള്ളൂ.'

'ഓ,മിശ്രവിവാഹമായിരുന്നു അല്ലേ...ഭാര്യ മരിച്ചിട്ടിപ്പോ...'
'അഞ്ചു വർഷം,അവൾ പോയതോടെയാ മോൾക്കും...'

അയാളുടെ വാക്കുകൾ ചിതറി.സഹതാപത്തോടെ മനു അയാളെ നോക്കി.താൻ പറയാൻ പോകുന്ന കാര്യം ആ മനുഷ്യനെ തകർത്തു കളയും.പക്ഷേ എന്തു ചെയ്യാം.ഒരു ഡോക്ടർ ഇങ്ങനെ എത്രയോ വികാരനിർഭരമായ നിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടിയിരിക്കുന്നു.

'ഞാൻ വിളിപ്പിച്ചത് എന്താന്നു വെച്ചാ... മണിക്കുട്ടിയുടെ ശരീരം പൂർണ്ണമായും നിർജീവമാണ് ഇപ്പോൾ.രണ്ടു ദിവസം മുൻപേ ഞാൻ സൂചിപ്പിച്ചിരുന്നല്ലോ.വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്നു എന്നു മാത്രമേയുള്ളൂ...'

മനു ഒന്നു നിർത്തി.ഹരിദാസിന്റെ മുഖഭാവം ശ്രദ്ധിച്ചു.അയാൾ താഴോട്ടു നോക്കി അനങ്ങാതിരിക്കുകയാണ്.മനു എഴുന്നേറ്റ് അയാൾക്കടുത്തേക്കു ചെന്നു.വലതുകൈ അയാളുടെ തോളിലേക്കമർത്തി.

'ഹരിദാസ് സത്യത്തോടു പൊരുത്തപ്പെട്ടേ മതിയാകൂ.മണിക്കുട്ടിയെ ഇനി തിരിച്ചു കിട്ടില്ല .അവളുടെ ശരീരം ഒന്നിനോടും പ്രതികരിക്കുന്നില്ല.താങ്കൾ നിർബന്ധം പിടിക്കുന്നത് കൊണ്ടു മാത്രമാണ് വെന്റിലേറ്റർ നീക്കം ചെയ്യാത്തത്.ഇനിയുമത് തുടരാൻ ബുദ്ധിമുട്ടുണ്ട്'

ഹരിദാസിന്റെ ഇടംകൈ വിറയലോടെ ഉയർന്ന് തന്റെ
തോളിലിരുന്ന മനുവിന്റെ കൈയ്ക്കു മുകളിലമർന്നു.അയാൾ എന്നിട്ടും മുഖമുയർത്തിയില്ല.

'ഹരിദാസ് സാഹചര്യങ്ങളോട് നമ്മൾ പൊരുത്തപ്പെട്ടേ മതിയാകൂ.ആരെങ്കിലും വരുമെങ്കിൽ അവരെ അറിയിച്ചോളൂ.മണിക്കുട്ടിയെ നാളെ തിരിച്ചു കൊണ്ടുപോകാം.വെന്റിലേറ്ററിൽ നിന്ന് ബോഡി മാറ്റുകയാണ്'

ബോഡി എന്ന വാക്ക് ഒന്നമർത്തി തന്നെയാണ് മനു പറഞ്ഞത്.തന്റെ കൈത്തലത്തിൽ ഹരിയുടെ മനസ്സിന്റെ വിറയൽ അയാൾക്കറിയാൻ കഴിയുന്നുണ്ടായിരുന്നു.
ഹരി ആ കൈ പിൻവലിച്ച് എഴുന്നേറ്റു.മുഖത്ത് നോക്കാതെ പുറത്തേക്കു നടന്നു.വാതിൽ തുറന്നു ബലം മുഴുവൻ വാതിലിലേക്കു കൊടുത്ത് പ്രയാസപ്പെട്ടു തിരിഞ്ഞു അയാൾ.

'ഞാൻ കൊണ്ടോയ്ക്കോളാം...ആരും വരാനില്ല'

ഇടനാഴിയിലൂടെ അയാൾ വേച്ചു വേച്ചു നടന്നകലുന്നത് വേദനയോടെ മനു നോക്കി നിന്നു.

.....

പതിവിലും വൈകി വീട്ടിലെത്തുമ്പോൾ.ജാനു ഉമ്മറത്തു തന്നെയുണ്ട്.കാലു കഴുകി ഉമ്മറത്തേക്കു കയറി.

'എന്തേ വൈകീത്,കാണാണ്ടായപ്പോ ഒന്നു പേടിച്ചു.'

'എന്തിന്,ചെറിയ കുട്ടിയൊന്നുമല്ലല്ലോ ഞാൻ.'

അയാളുടെ സ്വരത്തിൽ കാർക്കശ്യം കലർന്നു.

'അല്ല,ഇപ്പോ പുറത്തേക്ക് അധികം ഇറങ്ങാറില്ലല്ലോ'

അവരുടെ സ്വരം വല്ലാതെ താഴ്ന്നിരുന്നു.

'മനുഷ്യരുടെ മുഖത്ത് നോക്കാൻ വയ്യാണ്ടാക്കീലേ അമ്മേം മോളും.തൊലിയുരിക്ക്യാ കാണുന്നോര്.ജൻമം കൊടുത്ത് വളർത്തിക്കൊണ്ടന്നേനുള്ള പ്രതിഫലം...'

അയാൾ മുറ്റത്തേക്കൊന്നു കാറിത്തുപ്പി.അവർ നിശ്ശബ്ദയായി.കണ്ണുകളിൽ ഒരു തുള്ളി ഉരുണ്ടു കൂടി.
അതു മറച്ച് ശബ്ദത്തിലെ ഇടർച്ച പുറത്തു കാട്ടാതെ അവർ പറഞ്ഞു

'കുളിക്കാൻ വന്നോളൂ.വെള്ളം ഒഴിച്ചു തരാം'

'ഉം...എവിടെ അവൾ?'

അവർ ഒന്നും മിണ്ടിയില്ല.ഒന്നു കൂടി മുഖത്തേക്കു നോക്കിയിട്ട് അമർത്തിയൊന്നു മൂളി.
കുളിമുറിയിലേക്കു നടക്കുമ്പോൾ ചിന്ത ജാനുവിനെ പറ്റിയായിരുന്നു.പാവം ,കണ്ണിൽ വെള്ളമൊഴിഞ്ഞ് കാണാറില്ല ഇപ്പോൾ.അവളെന്തു പിഴച്ചു.വീട്ടിൽ നിന്നു പുറത്തിറങ്ങാറില്ലെങ്കിലും ഏഷണി പറയാൻ കരുതിക്കൂട്ടി വരുന്നവര് ആവശ്യത്തിനു നോവിക്കുന്നുണ്ട്.ഒപ്പം താനും.മനസ്സിന്റെ ദെണ്ണം അടങ്ങണ്ടേ...

....

ആംബുലൻസിലേക്ക് മകളെ കയറ്റുന്നതിനു മുൻപേ ഹരിദാസ് കയറിയിരുന്നു.

'തല എന്റെ മടിയിലേക്കു വെച്ചാ മതി'

അയാളുടെ സ്വരം തണുത്തിരുന്നു.മരിച്ച ഒരാളുടേതു പോലെ.
മകളുടെ മുഖത്ത് പതിയെ തലോടി അയാൾ.അവൾ വെക്കാറുണ്ടായിരുന്ന വിഗ്ഗ് എടുത്ത് തലയിലേക്കു വെക്കുമ്പോൾ സഹായിച്ച അറ്റൻഡറെ നോക്കി ഹരി ഒന്നു ചിരിച്ചു.

'സുന്ദരി ആയിട്ടിരിക്കട്ടെ അല്ലേ...ഇനീപ്പോ കാണാൻ ഒരുപാടു പേര് വരുമല്ലോ'

ആംബുലൻസ് ആശുപത്രി ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങുമ്പോൾ മകളെ കഴിയുന്നത്ര ഉയർത്തി നെഞ്ചോടടുക്കി പിടിച്ചിരുന്നു അയാൾ.നെറ്റിയിൽ ഒന്നുമ്മ വെച്ചിട്ട് അയാൾ പുറത്തേക്കു നോക്കിയിരുന്നു.

.............

ഭാര്യയുടെ ശ്വാസക്രമം ശ്രദ്ധിച്ചു കിടക്കുകയായിരുന്നു കേശവൻ...ഉറങ്ങി എന്നുറപ്പായപ്പോൾ പതിയെ കിടക്കയിൽ കൈ കുത്തി എഴുന്നേറ്റു.ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുമ്പോൾ കൈ ഒന്നു കൂടി മടിക്കുത്തിൽ തപ്പി.
ചിരപരിചിതമായ കാലുകൾക്ക് ഇരുട്ടിലും മകളുടെ മുറിയിലേക്കുള്ള വഴി തെറ്റിയില്ല.

ചുവരിൽ കൈ കൊണ്ടു പരതി അയാൾ ലൈറ്റ് തെളിച്ചു.
അവൾ ഉറങ്ങുന്നു.ചുണ്ടിൽ ഒരു ചെറുചിരി തങ്ങിനിൽക്കുന്നതു പോലെ
നാളെ അവളിവിടെ നിന്നിറങ്ങും.കല്യാണമണ്ഡപത്തിലേക്ക്.അച്ഛനെ തോൽപ്പിച്ച് അവനെ ജയിപ്പിക്കാൻ...
അയാൾ ഒരു നിമിഷം കണ്ണുകളടച്ചു.
അവളുടെ വളർച്ചയുടെ ഓരോഘട്ടവും അയാളുടെ മനസ്സിലൂടെ കടന്നു പോയി.പാദസരം കിലുക്കി അച്ഛാ...എന്നു വിളിച്ച് ഓടി വന്ന അഞ്ചു വയസ്സുകാരി മുതൽ...എന്റെ ജീവിതം ഞാൻ നിശ്ചയിച്ചോളാം,അച്ഛനിടപെടണ്ട എന്നു മുഖത്തടിച്ചു പറഞ്ഞ ഇരുപതുകാരി വരെ.
അയാൾക്ക് അകവും പുറവുമെരിഞ്ഞു...മനസ്സ് കരിങ്കല്ലു പോലുറച്ചു.കൈ വീണ്ടും മടിക്കുത്തിലേക്കു നീങ്ങി.
പിന്നെ മകളുടെ നെഞ്ചിനു നേരെ ഒന്നുയർന്നു താഴ്ന്നു.
ഒരാർത്തനാദത്തിൽ ആ രാത്രി ഉണർന്നു.
വാതിലിനു പുറത്ത് നെഞ്ചിൽ കൈ വെച്ചു ശബ്ദമില്ലാതെ നിന്ന ഭാര്യയെ നോക്കി അയാൾ ക്രൂരമായൊന്നു ചിരിച്ചു.മുഖത്തേക്കു തെറിച്ച ചോരത്തുള്ളികൾ തുടച്ചു മാറ്റി പിടയുന്ന മകളുടെ നെഞ്ചിൽ നിന്നും കത്തി വലിച്ചൂരി അയാൾ വീണ്ടുമൊന്നാഞ്ഞു കുത്തി.

'നീ അച്ഛനെക്കാൾ വളരണ്ട.ജനിപ്പിച്ച തന്തേ തോൽപ്പിച്ച് എന്റെ മോള് ജയിക്കേം വേണ്ട'

അയാളുടെ കണ്ണുകളിൽ ക്രൂരമായ സംതൃപ്തി നിറഞ്ഞു നിന്നു.

....

ആംബുലൻസ് വീടിനു മുന്നിൽ വന്നു നിന്നു. ഹരിദാസ് കണ്ണുകൾ പ്രയാസപ്പെട്ടു തുറന്നു.രണ്ടു കൈകളും മരച്ചു പോയിരുന്നു...ആയാസപ്പെട്ട് അയാൾ മകളുടെ തല താഴ്ത്തി സീറ്റിലേക്കു വെച്ചു.ആരൊക്കെയോ അപ്പോഴേക്ക് ഓടി വന്നിരുന്നു.മകളുടെ ജീവനറ്റ ശരീരം പുറത്തേക്കിറക്കുന്നത് അയാൾ നിർവികാരതയോടെ നോക്കി നിന്നു.മുറ്റത്തെ ചെറിയ പന്തലിലേക്ക് അവളെ കിടത്തുന്നത് കണ്ടതോടെ അയാൾ വീടിനുള്ളിലേക്കു നടന്നു.ആളുകളെ വകഞ്ഞു മാറ്റി...ഓരോ മുറിയിലും കയറിയിറങ്ങി.മണിക്കുട്ടിയുടെ ഉടുപ്പുകൾ ഓരോന്നായി മടക്കിയെടുത്തു തുടങ്ങി...
മണിക്കുട്ടിയെ കുളിപ്പിക്കുമ്പോഴും സംസ്ക്കാരത്തിനുള്ള ഒരുക്കങ്ങൾക്കിടയിലും ആളുകൾ തമ്മിൽ തമ്മിൽ അടക്കം പറഞ്ഞു കൊണ്ടിരുന്നു.

'എന്നാലും കേശവേട്ടനിത് ചെയ്യുമെന്നു കരുതിയില്ല.എത്രയായാലും സ്വന്തം മോളല്ലേ...എവിടെയെങ്കിലും ജീവിച്ചിരിക്കട്ടേന്നല്ലേ തന്തേം തള്ളേം കരുതണ്ടേ...'

'ജാതീലിത്തിരി താഴ്ന്നാലെന്താ നല്ല അസ്സലു കൊച്ചനല്ലാർന്നോ...പാവം അത് ആശൂത്രീലു തന്നെ ഇരിക്ക്യാത്രെ,കരഞ്ഞോണ്ട്.ഈ നേരത്ത് കല്ല്യാണം കഴിയേണ്ടതല്ലാരുന്നോ?'

'ദുരഭിമാനം...അല്ലാതെന്താ...മതോം ജാതീമാണോ വലുത്...മനുഷത്തല്ലേ...ന്നാലും ഇത്തിരി കടന്നു പോയി.'

'ഒരു മതിലിന്റെ അപ്പറത്തുമിപ്പുറത്തും രണ്ടു മരണം...രണ്ടായാൽ മൂന്നൊക്കുമെന്നാ...അടുത്തതാരാണാവോ...'

പൊടുന്നനെ അവിടെ ഒരു നിശ്ശബ്ദത പരന്നു.
മകളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഓരോന്നായി എടുത്ത് അവൾക്കരികിൽ അടുക്കി വെച്ചു കൊണ്ടിരുന്ന ഹരിയിലായി എല്ലാ കണ്ണുകളും.
കണ്ടു നിന്നവരുടെ കാഴ്ച്ചയെ കണ്ണുനീർ മറച്ചു.അടക്കി പിടിച്ച തേങ്ങലുകൾക്കിടയിലൂടെ.
പലവട്ടം മുറികളിൽ കയറിയിറങ്ങി ഒന്നും ഒഴിഞ്ഞു പോയിട്ടില്ല എന്നയാൾ ഉറപ്പു വരുത്തി.അവൾക്കായ് കരുതിയതെല്ലാം മണിക്കുട്ടിക്കരികിൽ ഒരുക്കി വെച്ച് എല്ലാവരെയും മാറിമാറി നോക്കി അയാളൊരു തളർന്ന ചിരി ചിരിച്ചു.

'ഒക്കെ അവൾക്കാ...ന്റെ മോൾടെയാ...'

അയാൾ ഉമ്മറത്തേക്കു കയറി...ചൂരൽകസേരയിലേക്കു ചാഞ്ഞ് കണ്ണുകളടച്ചു.അയാളുടെ കണ്ണുകൾ വരണ്ടിരുന്നു.ഒരു തുള്ളി കണ്ണീർ പോലും ബാക്കിയില്ലാത്തതു പോലെ.

മണിക്കുട്ടിയുടെ കുഴിമാടത്തിലേക്ക് മണ്ണു വീണു തുടങ്ങുമ്പോഴാണ് മതിലിനപ്പുറം നിലവിളിയോടെ മറ്റൊരാംബുലൻസ് വന്നു നിന്നത്.
കീർത്തനയുടെ ജീവനറ്റ ശരീരം ആരൊക്കെയോ ചേർന്ന് മുറ്റത്തേക്കിറക്കി വെക്കുന്നത് ഉമ്മറത്തെ ചവിട്ടു പടിയിലിരുന്ന് കേശവൻ കണ്ടു.അകത്ത് ജാനുവിന്റെ തേങ്ങലുകൾ അവസാനിച്ചിട്ടില്ല,ഇവൾക്ക് തൊണ്ട വേദനിക്കുന്നില്ലേ എന്നയാൾ നിർവികാരതയോടെ ഓർത്തു.മുറ്റത്തു പല സ്ഥലത്തായി കാത്തു നിൽക്കുന്ന പോലീസുകാരുടെ ശ്രദ്ധ മുഴുവൻ തന്നിലാണെന്ന് അയാൾക്കറിയാമായിരുന്നു.വീടു മുഴുവൻ ആളുകൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു.
അയാൾക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.ഒരിറക്കു വെള്ളം വേണം എന്ന തോന്നലിൽ അയാൾ അടുക്കള ലക്ഷ്യമാക്കി നടന്നു.

കീർത്തനയുടെ കുഴിമാടത്തിൽ നടാനായ് നാട്ടുമാവിന്റെ മുളപ്പിച്ച തൈ എടുത്തു നീട്ടിയ അയാളെ പകപ്പോടെയാണ് സെയ്താലിയും സേതുവുമൊക്കെ നോക്കിയത്.

'എന്നാലും കേശവാ...നീ...'

സെയ്താലിയുടെ ചോദ്യം മുഴുമിപ്പിക്കാൻ അയാൾ കാത്തു നിന്നില്ല.അയാളുടെ കൈയിൽ ഒന്നമർത്തിയിട്ട് പടിക്കു പുറത്തു നിർത്തിയിട്ട പോലീസ് ജീപ്പിനു നേരെ നടക്കുമ്പോഴാണ് മതിലിൽ ചാരി നിൽക്കുന്ന ഹരിദാസിനെ അയാൾ കണ്ടത്.ഹരിയുടെ കൈകൾ കൂട്ടിപ്പിടിച്ച് കേശവൻ അയാളുടെ കണ്ണിലേക്കു നോക്കി.ആരും ഒന്നും മിണ്ടിയില്ല.ആ രണ്ടച്ഛൻമാരും പരസ്പരം നോക്കി ഒരു നിമിഷം നിന്നു..ഇൻസ്പെക്ടറുടെ കൈ തോളിൽ പതിച്ചപ്പോഴാണ് അയാൾ ചിന്തയിൽ നിന്നുണർന്നത്.ജീപ്പിലേക്ക് കടന്നിരുന്നിട്ടും അയാളുടെ കണ്ണുകൾ ഹരിയിൽ തറഞ്ഞു നിന്നു.ആ ജീപ്പ് പൊടി പറത്തിയകലുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണുകളിലേക്ക് വീണ്ടും ഒരിറ്റു കണ്ണീര് ഊറിയൂറി നിറഞ്ഞു.

.................................Best of Nallezhuth

ദിവിജ

കൂടിക്കാഴ്ച്ച

Image may contain: Divija, closeup
.....................
വാതിൽ തുറന്ന അവൾക്ക് ഒരു തപസ്വിനിയുടെ ഭാവമായിരുന്നു.
ആ സമയം അവിടെ ഞാനുണ്ടാവുക എന്നത് തീർത്തും അപ്രതീക്ഷിതമായിരുന്നെങ്കിലും അവളുടെ ചിരിയിൽ അതൊട്ടും പ്രതിഫലിച്ചില്ല.
ആ വാതിൽക്കലെത്തും വരെ കാലുകളുടെ ഭാരം കൂട്ടി യാത്ര മന്ദീഭവിപ്പിച്ചു കൊണ്ടിരുന്ന അന്യഥാബോധം എന്റെ ചിരിയുടെ നിറം കെടുത്തിക്കളഞ്ഞിരിക്കണം.
ഒരു നിമിഷം അവളുടെ നോട്ടം ഒന്നു സൂക്ഷ്മമായത് തീർച്ചയായും ഞാൻ ശ്രദ്ധിച്ചിരുന്നു.
ഇഞ്ചിയും കാന്താരിയും ഉപ്പും ചേർത്ത നെല്ലിക്കാനീര് രുചിച്ചുകൊണ്ട് ഉമ്മറത്തിണ്ണയിൽ പുറത്തേക്കു നോക്കിയിരിക്കവേയാണ് അവൾ പറഞ്ഞത്.
'ഇന്ന് തണുത്ത വെയിലുള്ള ദിവസമാണ്.'
ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി.
'വെയിലിന് തണുപ്പോ?'
അവൾ ഭംഗിയായി ചിരിച്ചു.കവിളിൽ തെളിഞ്ഞ നുണക്കുഴികൾക്കു പക്ഷേ പഴയ മാദകഭാവം ഉണ്ടായിരുന്നില്ല.ഇത്രയും അടുത്തവളുണ്ടായിട്ടും ഒന്നു വിരൽത്തുമ്പു നീട്ടിത്തൊടാൻ എന്താണ് എനിക്കു തോന്നാത്തതെന്ന് അതിശയത്തോടെ ഞാനാലോചിച്ചു.അവിടെയെത്തും വരെ എന്റെ മനസ്സിൽ അവളോട് പിണക്കമുണ്ടായിരുന്നു.എന്നെ കാണുന്ന മാത്രയിൽ അവളുടെ കണ്ണുകൾ നിറയുമെന്നും ചുണ്ടുകൾ വിറകൊള്ളുമെന്നും എനിക്കു മുന്നിൽ ഒരു കുറ്റവാളിയെ പോലെ തല താഴ്ത്തി അവൾ നിൽക്കുമെന്നും ഇങ്ങോട്ടു വരുമ്പോൾ ഞാൻ കരുതിയിരുന്നു.
കുറച്ചു നേരം അവളെ നന്നായി വേദനിപ്പിക്കുന്നത്ര ക്രൂരമായി മൗനം ആയുധമാക്കണമെന്നും സഹിക്കാനാവാതെ അവളവസാനം പൊട്ടിക്കരയുമ്പോൾ നെഞ്ചിൽ ചേർത്ത് തിരികെ മടങ്ങണമെന്നും ,അങ്ങനെ എന്തൊക്കെയോ ഞാൻ ......
"വെയിലിന്റെ തണുപ്പ് ഞാനറിഞ്ഞത് ഇവിടെ വന്നിട്ടാണ്.നേർത്ത തണുപ്പും ഇളംചൂടും കലർന്ന വെയിൽ മങ്ങും വരെ മുറ്റത്തിറങ്ങി നിന്ന് ഞാനതാസ്വദിക്കാറുണ്ട്."
"നീയിവിടെ എങ്ങനെ നേരം കളയുന്നു ?തനിച്ച്...മടുപ്പു തോന്നാറില്ലേ?"
"നൃത്തം പഠിക്കാൻ വരുന്ന കുട്ടികൾ പോയ്ക്കഴിഞ്ഞാൽ ഞാനിവിടെ വന്നിരിക്കും.വെറുതെ...ഒന്നും ചെയ്യാതെ ...ഒന്നും ചിന്തിക്കുക പോലും ചെയ്യാതെ.
മഞ്ഞിലേക്ക്,മഴയിലേക്ക്,വെയിലിലേക്ക് മിഴി നട്ട് മണിക്കൂറുകളോളം.അത്തരം നിമിഷങ്ങളിൽ നമുക്ക് ഒട്ടും ഭാരമുണ്ടാവില്ല.ഒരപ്പൂപ്പൻതാടി പോലെ..."
"ഞാൻ നിന്നെ കൂട്ടിക്കൊണ്ടുപോവാനാണ് വന്നത്."
വാക്കുകൾ ആത്മവിശ്വാസമില്ലാത്ത കുട്ടിയെ പോലെ അവൾക്കു മുന്നിൽ നഖം കടിച്ചു നിൽക്കുന്നത് എനിക്കു കാണാമായിരുന്നു.
"കുറേ നാളായില്ലേ വെറുതെ ഒരാവശ്യവുമില്ലാതെ വഴക്കിട്ട് നീയിറങ്ങിപ്പോയിട്ട്.
ഇനി വാശി മതിയാക്കൂ.നമുക്ക് തിരിച്ചു പോകാം."
ഒന്നു നിർത്തി ഞാനവളെ നോക്കി.അവളിൽ യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല.
"കുഞ്ഞുണ്ടാവാൻ വൈകുന്നതിന്റെ വിഷമത്തിൽ എന്തൊക്കെയോ പറഞ്ഞു.ഒക്കെ മറന്നുകളയാം നമുക്ക്.നൃത്തം പഠിപ്പിക്കാൻ വീട്ടിൽ സൗകര്യമൊരുക്കാം.പ്രോഗ്രാമുകൾക്കു പോകണമെങ്കിൽ അതുമാകാം.ഞാനൊന്നിനും ഇനി തടസ്സമാകില്ല"
അനാവശ്യമായ യാചനാഭാവം വാക്കുകളിൽ കലരുന്നു എന്ന തോന്നലിൽ പെട്ടെന്നു ഞാൻ പറഞ്ഞു നിർത്തി.
അല്പനേരത്തെ മൗനത്തിനു ശേഷം അവളെന്നെ നോക്കി.
"അവിടെ നിന്നൊക്കെ ഒരുപാടു ദൂരം യാത്ര ചെയ്തു പോന്നില്ലേ നമ്മൾ ? "
മറ്റാരുടെയോ സ്വരം പോലെ.
അത്രയും ശാന്തമായി അവൾക്ക് സംസാരിക്കാനാവുമെന്ന് എനിക്കറിയില്ലായിരുന്നു.
അവളുടെ നോട്ടം പുറത്തേക്കായിരുന്നു.
വെയിലിലേക്ക്...
അവളുടെ മാത്രം തണുത്ത വെയിൽ.
"ഞാൻ നിന്റെ ഭർത്താവാണ് "
വീണ്ടുമൊരു ചിരിയിൽ അവളുടെ നുണക്കുഴികൾ തെളിഞ്ഞു.
ഇരച്ചു കയറി വന്ന കോപമടങ്ങാനായി ഞാനാ വെയിലിലേക്കിറങ്ങി ഒരു സിഗരറ്റിനു തീ കൊളുത്തി.
ശരിയാണ്.വെയിലിനു തണുപ്പുണ്ട്.
തിരിഞ്ഞുനോക്കിയപ്പോൾ അവളിരുന്നിടം ശൂന്യമായിരുന്നു.
മോരൊഴിച്ച കഞ്ഞിയും ചുട്ട പപ്പടവും വെളുത്തുള്ളിച്ചമ്മന്തിയും.കഞ്ഞി വിളമ്പിത്തരുമ്പോൾ അവളെന്തോ കാര്യമായി ചിന്തിക്കുകയാണെന്നു തോന്നി.
"ഇതൊന്നും കഴിക്കാൻ ഇഷ്ടമല്ലെന്നറിയാം.ഇവിടെ ഇതൊക്കെയേ പതിവുള്ളൂ."
മറുപടി പറഞ്ഞില്ല.ഒരു സ്പൂൺ കഞ്ഞി വായിൽ വെച്ച് ചമ്മന്തി കൂടി തൊട്ടു നക്കിയപ്പോൾ ഒരു പ്രത്യേകസ്വാദ് തോന്നി.ഇതുവരെ പരിചയിച്ചിട്ടില്ലാത്ത രുചി.
മുറ്റം നിറയെ പറന്നിറങ്ങിയ പ്രാവുകൾക്ക് നുറുക്കരി വിതറിക്കൊടുക്കുമ്പോഴാണ് പിന്നെയവൾ സംസാരിച്ചത്.എന്റെ കൈയിലപ്പോൾ ഒരു കപ്പു ചൂടുകാപ്പിയുണ്ടായിരുന്നു.ചുക്കും കരിപ്പെട്ടിയും കുരുമുളകും ചേർത്ത മധുരവും എരിവും ഒപ്പത്തിനൊപ്പം നിൽക്കുന്ന കാപ്പി.
"എപ്പോഴാണ് ഒരാൾ ഭർത്താവാകുന്നത്?"
അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ കുരുമുളകിന്റെ കുത്തൽ നെഞ്ചിൽ തടഞ്ഞ് ഒന്നു രണ്ടു വട്ടം ഞാൻ ചുമച്ചു.
കണ്ണിൽ നീരു നിറഞ്ഞു.
ഓടി അടുത്തുവരാറുണ്ടായിരുന്ന,നെഞ്ചിൽ തടവി ,നെറുകയിൽ തട്ടി കണ്ണീർ തുടച്ചു കളയാറുണ്ടായിരുന്ന അവളെ ഞാൻ നോക്കി.
പക്ഷേ അവളത് ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല.
അവളുടെ കൈക്കുമ്പിളിൽ ഒരു വെളുത്ത മയിൽപ്രാവുണ്ടായിരുന്നു.അരുമയോടെ അവളതിന്റെ തൂവലുകളിൽ വിരലോടിച്ചു കൊണ്ടിരുന്നു.
"ഒരു ഭർത്താവിന് ഭാര്യയുടെ ഹൃദയമിടിപ്പിന്റെ താളവ്യതിയാനം അളക്കാനാവണം.
വാക്കുകളുടെ കഠാരമുനകൾ അവളിലുണ്ടാക്കുന്ന മുറിവിന്റെ ആഴത്തെക്കുറിച്ച് ബോധ്യമുണ്ടാവണം.
എല്ലാവർക്കുമിടയിൽ ഒറ്റപ്പെട്ടുപോകുമ്പോഴുണ്ടാകുന്ന ശ്വാസംമുട്ടൽ അവളനുഭവിക്കാതിരിക്കാനുള്ള കരുതലുണ്ടാവണം.
ഒക്കേത്തിനുമുപരിയായി അവളുടെ സ്വാതന്ത്ര്യമോ താൻ കൊടുക്കുന്ന സ്നേഹമോ ഔദാര്യമല്ല എന്ന തിരിച്ചറിവുണ്ടാകണം."
എനിക്കു നേരെ തിരിഞ്ഞ് തെളിഞ്ഞ ചിരിയോടെ അവളാ പ്രാവിനെ മുകളിലേക്കു പറത്തി വിട്ടു.
"കഴുത്തിലൊരു ചരടു കെട്ടിയാലോ ഒരേ കിടക്ക പങ്കിട്ടാലോ അതു സാധ്യമാവണം എന്നില്ല."
ആ ദിവസം മുഴുവൻ കൂടെയുണ്ടായിരുന്നിട്ടും അവളുടെ കഴുത്ത് ശൂന്യമാണെന്ന് ശ്രദ്ധിച്ചില്ലല്ലോയെന്ന് ഞെട്ടലോടെ ഞാനോർത്തു.
സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു.
കടുംചുവപ്പുസൂര്യൻ മലനിരകളുടെ കറുപ്പിലേക്കിറങ്ങുന്നത് നോക്കി ശൂന്യമായ മനസ്സോടെ ഞാനവിടെ തന്നെയിരുന്നു.
"നാട്ടിലേക്കുള്ള വണ്ടി ഏഴുമണിക്കാണ്."
ഓർമ്മപ്പെടുത്തലോ , ഇറങ്ങിപ്പോകൂ എന്ന ആജ്ഞയോ...?
അവളുടെ മുഖത്ത് തെല്ലും കാലുഷ്യമുണ്ടായിരുന്നില്ല.
എനിക്കു നേരെ നീട്ടിയ പേപ്പർ വാങ്ങുമ്പോൾ കൈകൾക്ക് നേർത്ത വിറയൽ.
അവളപ്പോഴും ചിരിച്ചു.
നെറ്റിയിലെ വെളുത്ത ഭസ്മക്കുറി പോലെ ശുഭ്രമായ പുഞ്ചിരി.
"മറ്റൊരു വിവാഹം കഴിക്കൂ.സ്വന്തം രക്തത്തിൽ ഒരു കുഞ്ഞുണ്ടാവട്ടെ"
മറുപടി പറയാതെ ഇറങ്ങി നടന്നു.
നാവു വരണ്ടുപോയിരുന്നു.
ശബ്ദം നഷ്ടപ്പെട്ടുവോ എന്നു കൂടി ഒരുവേള ഞാൻ സംശയിച്ചു.
പത്തടി നടന്നതേയുള്ളൂ.ആയിരം നൂലുകളായി ആകാശത്തു നിന്നും മഴക്കൈകളെന്നെ തേടിയെത്തി.
അപ്പോഴും എന്റെ വിരലുകൾക്കിടയിൽ ചെറുതായി വിറച്ചുകൊണ്ടിരുന്ന വിവാഹമോചനഹർജിയിലേക്ക് വാശിയോടെ അവ പെയ്തിറങ്ങി.
അവളുടെ കൈയൊപ്പ് പതിയെ മാഞ്ഞുപോകുന്നത് നോക്കിനിൽക്കേ എന്റെ കണ്ണുകളും പെയ്തു തുടങ്ങിയിരുന്നു.
ഞാനവളെ തിരിഞ്ഞു നോക്കി.
ആ മഴയിൽ അവളും നനയുന്നുണ്ടായിരുന്നു.
തണുപ്പു മാത്രമുള്ള പാവം ഒരു നൂൽമഴ.
.......................................
🖋ദിവിജ.

കഡാവർ - Part 3

Image may contain: Divija, eating, sitting and child

അരമതിലിൽ ചാരിയിരുന്ന് മടിയിൽ പെറുക്കിക്കൂട്ടിയിരുന്ന ഇലഞ്ഞിപ്പൂക്കൾ കൊണ്ടു മാല കോർക്കുകയാണ് രൂപേന്ദു.
അരികിൽ കണ്ട പൂക്കളെല്ലാം പെറുക്കിയെടുത്ത് മേരിച്ചേടത്തി അവളുടെ മടിയിലേക്കിട്ടു.
അവളിൽ ഒരു ഭാവവിത്യാസവും ഉണ്ടായില്ല.
നോക്കിയിരിക്കുന്തോറും ചേടത്തിക്ക് നെഞ്ചു നീറി.
'എന്നാ പ്രസരിപ്പൊള്ള കൊച്ചാരുന്നു...എന്തൊരു കോലമായിപ്പോയി...
ഹോ...എന്റെ കർത്താവേ ഈ കുഞ്ഞ് വാ തൊറന്ന് എന്തേലുമൊന്ന് മിണ്ടിക്കേട്ടിട്ട് എന്റെ കണ്ണടഞ്ഞാ മതിയാരുന്നു.'
അവരുടെ പരിദേവനം കേട്ട് അതു വഴി വിവരമന്വേഷിക്കാൻ വന്ന കാറ്റ് ഇലഞ്ഞിമരത്തോടിത്തിരി പൂമണം കടം ചോദിച്ചിരിക്കണം...
പൂമഴ പോലെ അവരിലേക്ക് ഇലഞ്ഞിപ്പൂക്കൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
രൂപേന്ദുവിന്റെ വിരലുകൾ യാന്ത്രികമായി അവ പെറുക്കി മാലയിലേക്കു ചേർത്തു.
അനുസരണയില്ലാതെ അവളുടെ മുഖത്തേക്കു വീണു കൊണ്ടിരുന്ന മുടിയിഴകളെ
ഒതുക്കി വെച്ചിട്ട് വാത്സല്യത്തോടെ അവരവളോട് ചേർന്നിരുന്നു.
'എന്നാത്തിനാ കൊച്ചേ ഈ മാല?
എത്ര നാളായിട്ട് കോർത്തോണ്ടിരിക്കുവാ?
ആദ്യത്തെ പൂവൊക്കെ കരിഞ്ഞുതുടങ്ങി'
രൂപേന്ദു മിണ്ടിയില്ല.മുഖം തിരിച്ചില്ല.
അവരെ നോക്കിയില്ല.മേരിച്ചേടത്തിക്കൊന്ന് വിങ്ങിപ്പൊട്ടിക്കരയാൻ തോന്നി.
എന്നാ സ്നേഹമൊള്ള കൊച്ചാരുന്നു.
അമ്മച്ചീന്ന് തെകച്ചു വിളിക്കുകേല...
അതിന്റെ വായേന്ന് കമാന്നൊരക്ഷരം വീണിട്ട് മാസം രണ്ടായി.
എന്നാത്തിനാ എന്റെ കർത്താവേ നീ ഇങ്ങനെ പരീക്ഷിക്കുന്നെ...?
'എന്താ ചേടത്തി ഇങ്ങനെ കർത്താവിനോട് പരാതി പറയുന്നെ?അങ്ങേരെന്നാ ചെയ്തു?'
ജേക്കബ് തരകന്റെ സ്വരം കേട്ട് ചേടത്തി ചാടിയെണീറ്റു.
'ഈ കൊച്ചിന്റെ കോലം കണ്ടാ പരാതി പറയാതെ പിന്നെന്നാ ചെയ്യും സാറേ...പ്രതിമ പോലൊരിരുപ്പ്...കണ്ടിട്ടെന്റെ ചങ്കു പെടയ്ക്കുവാ'
'ഏയ്,ഇതൊക്കെ ശരിയാവുമെന്നേ ...രൂപേന്ദുവിനെ മിടുക്കിയാക്കി എടുക്കില്ലേ നമ്മൾ...ചേടത്തി ഒന്നു വന്നേ ...കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.'
ഒരു കൈയിൽ പൂവും മറ്റേ കൈയിൽ നൂലും പിടിച്ച് എങ്ങോട്ടോ നോക്കി ഇരിക്കുന്ന രൂപേന്ദുവിനെ ഒന്നു നോക്കിയിട്ട് ചേടത്തി ഡോക്ടർക്കൊപ്പം നടന്നു.
അല്പനേരം നടന്നിട്ടും ഡോക്ടർ ഗൗരവഭാവത്തിൽ എന്തോ ചിന്തയിലാണ്ടു നടക്കുകയാണെന്നു കണ്ട് അവരൊന്നു മുരടനക്കി.
'എന്നതാ സാറേ പറയാനൊണ്ടെന്നു പറഞ്ഞെ?'
'രൂപേന്ദുവിന് ബന്ധുക്കളാരുമില്ലേ?'
'ഓ...അതൊരനാഥക്കൊച്ചാ...ഏതോ ആശ്രമത്തിലൊക്കെയാ വളർന്നെ.
പഠിക്കാൻ പോയെടത്തൂന്ന് കണ്ടിഷ്ടപ്പെട്ട് വരുൺകൊച്ചൻ കൂട്ടിക്കൊണ്ടു വന്നതാ.
അതോടെ ആ കൊച്ചന്റെ വീട്ടുകാരും തിരിഞ്ഞു നോക്കാതായി.
ചാവറിയിച്ചിട്ടും കൂടി തിരിഞ്ഞുനോക്കിയില്ല.കണ്ണിച്ചോരയില്ലാത്ത ജന്തുക്കള്'
ഒന്നു നിർത്തി ദീർഘമായൊന്നു ശ്വസിച്ചു അവർ
'എന്തു സന്തോഷായിട്ട് കഴിഞ്ഞിരുന്ന കൊച്ചുങ്ങളാ...
തമ്പുരാൻ ഇങ്ങനൊരടി അടിക്കുമെന്ന് ആരേലും കരുതീതാണോ...
അടുക്കളക്കാരിയാന്ന് ഒരിക്കൽ പോലും തോന്നിച്ചിട്ടില്ല രണ്ടാളും.അമ്മച്ചീ ന്നു തെകച്ചു വിളിക്കുകേലാരുന്നു.'
സങ്കടം വന്നു നിറഞ്ഞ് ശ്വാസം കിട്ടാതായപ്പോൾ ചേടത്തി മുണ്ടിന്റെ കോന്തലയുയർത്തി മൂക്കു പിഴിഞ്ഞു.
ആലോചനകളവസാനിക്കാത്ത കണ്ണുകളോടെ ജേക്കബ് തരകൻ അവരെ നോക്കി.
'ഉം...എന്നാ ചേടത്തി ചെല്ല്..എന്താ ചെയ്യാനാവുക എന്നു ഞാനൊന്നു നോക്കട്ടെ.'
ചേടത്തി തിരിച്ചു ചെല്ലുമ്പോഴും അതേയിരുപ്പ് ഇരിക്കുകയായിരുന്നു രൂപേന്ദു.
ഊരയ്ക്ക് കൈ താങ്ങി അവളുടെ അടുത്തേക്കിരിക്കുമ്പോൾ തീർത്തും അപ്രതീക്ഷിതമായാണ് അവളുടെ വിളിയൊച്ച കേട്ടത്.
'അമ്മച്ചീ'
പതിയെ ,തീരെ പതിയെ ആയതിനാലാവാം തോന്നിയതാവും എന്നു കരുതി ചേടത്തി.
പക്ഷേ ആ തോന്നൽ അവസാനിക്കുന്നതിനു ഏതാനും സെക്കന്റുകൾ ബാക്കി നിൽക്കുമ്പോൾ രൂപേന്ദു പിന്നെയും വിളിച്ചു.
അമ്മച്ചീ...
'മോളേ...'
പ്രായത്തിന്റെ അവശത പാടെ മറന്ന് അവർ പിടഞ്ഞെണീറ്റു.
'എന്റെ മോളാണോ വിളിച്ചെ?കർത്താവേ...എന്റെ കുഞ്ഞ് സംസാരിച്ചോ?'
വിതുമ്മിക്കരഞ്ഞു കൊണ്ട് അവരവളെ മാറോടു ചേർത്തു.
അവരുടെ നെഞ്ചിലേക്ക് മുഖം ചേർത്തമർത്തി രൂപേന്ദു.
'ഞാനിവിടെ വന്നിട്ട് ഒത്തിരി നാളായി അല്ലേ അമ്മച്ചി'
'ആ മോളേ...കുറേ മാസായി.ഒന്നും മിണ്ടാണ്ട് ആരേം അറിയാണ്ട്...ഇങ്ങനെ ഇലഞ്ഞിപ്പൂ കൊണ്ട് മാല കോർത്തോണ്ട് ...'
ചേടത്തിക്ക് വാക്കുകൾ വന്നു തൊണ്ടയടഞ്ഞു ...
'വരുൺ മരിച്ചിട്ടും ഒരുപാടു നാളായി അല്ലേ അമ്മച്ചീ...'
ശബ്ദമെടുക്കാനാവാത്ത വിധം അടഞ്ഞു പോയ തൊണ്ടയിൽ നിന്ന് ഒരു മൂളൽ പുറത്തു വന്നു.
രൂപേന്ദു നേരെയിരുന്നു.ചേടത്തിയുടെ കൈ രണ്ടും കൂട്ടിപ്പിടിച്ച് കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.കാണെക്കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
'എന്നിട്ടും എന്താ അമ്മച്ചീ എനിക്കു ഭ്രാന്തു പിടിക്കാഞ്ഞെ?എന്താ എനിക്കു ചത്തുകളയാൻ തോന്നാഞ്ഞേ?'
അവരുടെ രണ്ടു തോളിലും അമർത്തിപ്പിടിച്ച് ഉള്ള ശക്തി മുഴുവനുമെടുത്ത് അവളവരെ പിടിച്ചുകുലുക്കി.
'എന്തിനാ അമ്മച്ചീ ഇപ്പോഴും ഞാൻ ജീവിച്ചിരിക്കുന്നേ...പറയ്...പറയ്...'
അവരെ മുറുകെ കെട്ടിപ്പിടിച്ച് അവൾ പൊട്ടിപ്പിളർന്നു കരഞ്ഞു.
മാസങ്ങളായി കെട്ടിനിർത്തിയിരുന്നു സങ്കടക്കടൽ അണ പൊട്ടിയൊഴുകി.
ഓരോ ഏങ്ങലിലും ചേടത്തി അവളെ കൂടുതൽ ശക്തമായി ചേർത്തു പിടിച്ചു.
'എന്റെ മോളു ശരിക്കും ഭ്രാന്തിയായി പോയേനേ അന്നു തരകൻ ഡോക്ടർ കണ്ടില്ലായിരുന്നേൽ....കർത്താവാ അന്നു ഡോക്ടറെ അങ്ങോട്ടയച്ചെ...'
രൂപേന്ദുവിന്റെ തേങ്ങലിനു കരുത്തു കൂടി...ഒരു കുഞ്ഞിനെ പോലെ അവളെ തന്നോടു ചേർത്തു നിർത്തി ചേടത്തി ആ പെയ്തൊഴിയലിനു കാവലിരുന്നു.
അൽപ്പം ദൂരെ ആ രംഗം കണ്ടു നിന്നിരുന്ന ഡോക്ടർ ജേക്കബ് തരകൻ കണ്ണട മുഖത്തു നിന്നെടുത്ത് അതിന്റെ ചില്ലുകൾ കർചീഫ് കൊണ്ടു നന്നായി തുടച്ചു.വീണ്ടുമതു മുഖത്തു വെച്ചിട്ട് തിരിഞ്ഞു നടന്നു.
...
ഡോറിൽ മൃദുവായി മൂന്നു കൊട്ട്...
ഡോക്ടർ ഒരു പുഞ്ചിരിയോടെ മുഖമുയർത്തി.
'വരൂ ...'
ശാന്തമായ പുഞ്ചിരിയോടെ രൂപേന്ദു മുറിയിലേക്കു വന്നു.
'ഇരിക്കൂ രൂപേന്ദു,ഹൗ ഡു യു ഫീൽ നൗ?'
'ബെറ്റെർ ഡോക്ടർ...ഞങ്ങൾ പോവുകയാണ്.ഡോക്ടറോട് യാത്ര പറയാൻ വന്നതാ'
'സന്തോഷം...രൂപേന്ദു ഇപ്പോൾ മിടുക്കിയായില്ലേ...ഇനി പഴയതൊക്കെ മറന്ന് ഒരു പുതിയ ജീവിതം തുടങ്ങാൻ ശ്രമിക്കണം.കഴിഞ്ഞ കാര്യങ്ങളോർത്ത് വിഷമിച്ചിട്ടെന്തു കാര്യം...
പുഴ ഒരിക്കലും പുറകോട്ട് ഒഴുകാറില്ല.
അത് മറക്കരുത്'
അർത്ഥം വ്യക്തമല്ലാത്തൊരു ചിരി അവളുടെ മുഖത്തു വിരിഞ്ഞു.
കൈയിലിരുന്ന കവർ അവൾ ഡോക്ടർക്കു നേരെ നീട്ടി.
'എന്തായിത്?'
'ഒന്നുമില്ല ഡോക്ടർ...ഞാൻ പോയിട്ട് ഡോക്ടർ ഇത് തുറന്നാൽ മതി.ഇറങ്ങട്ടെ?'
ഒന്നു കൂടി അയാളെ നോക്കി ചിരിച്ചിട്ട് അവൾ വാതിൽ കടന്നു മറഞ്ഞു.
ആലോചനയോടെ ഡോക്ടർ ആ കവർ തുറന്നു.
അതു വായിച്ചു കഴിയുമ്പോഴേക്ക് അയാളുടെ നെറ്റിയിൽ മൂന്നോ നാലോ ചുളിവുകൾ തെളിഞ്ഞു.
തിടുക്കപ്പെട്ടെഴുന്നേറ്റ് ഇടനാഴിയിലേക്കിറങ്ങിയ അയാൾ രൂപേന്ദുവിനെ തിരഞ്ഞു.
പക്ഷേ അവളുടെ കാർ അപ്പോഴേക്ക് ആശുപത്രിയുടെ ഗേറ്റ് കടന്ന് മറഞ്ഞു കഴിഞ്ഞിരുന്നു.
നിസഹായനായി ഡോക്ടർ ആ കവറിലേക്കു നോക്കി.
മരണശേഷം ശരീരം മെഡിക്കൽ കോളേജിനു നൽകുന്നതിനുള്ള രൂപേന്ദുവിന്റെ സമ്മതപത്രമായിരുന്നു അത്.
...
വീട് രൂപേന്ദുവിനെ കാത്തിരിക്കുകയായിരുന്നു.
വരുണില്ലാത്ത ... ചിരിയില്ലാത്ത വീട്.
വാതിൽ തുറന്ന് അകത്തെ ഇരുട്ടിനെ നോക്കി നിന്നു അവൾ.
ചേടത്തി പെട്ടെന്നു തന്നെ അകത്തു കയറി ജനാലകളൊക്കെ തുറന്നു.മുറികളിലാകെ വെളിച്ചം നിറഞ്ഞു.
ഹാളിലെ ചുമരിൽ വെച്ചിരുന്ന വരുണിന്റെ വലിയ ഫോട്ടോയിൽ അവളുടെ കണ്ണുകൾ തറഞ്ഞു.
അതിനു മുന്നിലെത്തി അവൾ മുട്ടു കുത്തി നിന്നു.
അവനവളെ നോക്കി എന്നത്തെയും പോലെ കണ്ണിറുക്കി ചിരിച്ചു.
കൈയിൽ കരുതിയിരുന്ന ഇലഞ്ഞിമാല അവളവനെ അണിയിച്ചു...
പകുതിയിലേറെ പൂക്കൾ കരിഞ്ഞുതുടങ്ങിയിരുന്നെങ്കിലും ആ മാലയിൽ അവളുടെ സ്നേഹത്തിന്റെ മണമുണ്ടായിരുന്നു.അൽപ്പനേരം കൊണ്ടു തന്നെ ആ മണം മുറിയിലാകെ നിറഞ്ഞു.
'അമ്മച്ചീ...'
മുറിയുടെ വാതിൽക്കൽ നിന്ന് രൂപേന്ദു വിളിച്ചു.
'എന്താ മോളേ'
മുറികൾ തൂത്തുകൊണ്ടിരുന്ന ചൂൽ താഴെ വെക്കാതെ അവരോടി വന്നു.
'ഞാനൊന്ന് കിടക്കാൻ പോകുവാ .എന്നെ വിളിക്കണ്ടാട്ടോ...ഒന്നു നന്നായി ഉറങ്ങണം'
'എന്തെങ്കിലും കഴിക്കണ്ടേ മോളേ?'
'ഇപ്പോ വേണ്ട...അമ്മച്ചി കഴിച്ചിട്ട് കിടന്നോ...വിശന്നാൽ ഞാനെടുത്ത് കഴിച്ചോളാം .'
അവൾ അവരെ ചേർത്തു പിടിച്ച് വിയർപ്പു കിനിഞ്ഞു നിന്ന നെറ്റിയിൽ ഒന്നുമ്മ വെച്ചു.
'അയ്യേ.. എന്താ മോളേ ഇത്...ആകെ വിയർപ്പും പൊടീമാ...'
അവൾ വീണ്ടും ചിരിച്ചു.
'ഞാനുറങ്ങാൻ പോകുവാ...കേട്ടോ അമ്മച്ചീ'
'സമാധാനായിട്ട് ഉറങ്ങ്...ക്ഷീണം മാറട്ടെ'
രൂപേന്ദു വാതിലടച്ചു.അവർ വീണ്ടും ജോലികളിലേക്കു മടങ്ങി.
...
രാവിലെ കാപ്പിയുമായി ചെന്നു വാതിലിൽ തട്ടിയതും നേർത്തൊരു ഞരക്കത്തോടെ അതു തുറന്നു.
'ആഹാ ...ഇത് കുറ്റിയിട്ടില്ലാരുന്നോ...എന്തൊരുറക്കമാ'
പറഞ്ഞു കൊണ്ട് ചേടത്തി മുറിയിലേക്ക് കടന്നു.കട്ടിലിൽ ശാന്തമായുറങ്ങുകയായിരുന്നു രൂപേന്ദു.
'മോളേ ,എണീക്ക്.രാത്രി ഒന്നും കഴിച്ചതല്ലല്ലോ...ഈ കാപ്പി കുടിക്ക്'
അവർ വീണ്ടും വിളിച്ചു.പക്ഷേ അവൾക്കടുത്തെത്തിയതും കൈയിലെ കാപ്പിക്കപ്പ് നിലത്തു വീണു ചിതറി.
ചുണ്ടിന്റെ കോണിലൂടെ ഒഴുകിയിറങ്ങിയ ചോരച്ചാൽ ഉണങ്ങിക്കഴിഞ്ഞിരുന്നു.ഒരാർത്തനാദത്തോടെ മേരിച്ചേടത്തി അവളുടെ ദേഹത്തേക്കു വീണു.
രൂപേന്ദുവിനു തണുപ്പായിരുന്നു.വല്ലാത്ത തണുപ്പ്...
...
പോസ്റ്റ്മോർട്ടം കഴിഞ്ഞെത്തിയ ശരീരം കഡാവർ റൂമിനരികിലെത്തി.വിറയ്ക്കുന്ന കാലടികളോടെ കുഞ്ഞാലി അടുത്തേക്കു ചെന്നു.
'ഞാനും കൂടി പിടിച്ചോട്ടെ?'
അറ്റൻഡർമാർ പരസ്പരം നോക്കി.
സാധാരണ ശവം ഫോർമലിൻ ടാങ്കിലേക്കിടുന്നതു വരെ കുഞ്ഞാലിയെ ആ പരിസരത്തെങ്ങും കാണാത്തതാണ്.
അയാളുടെ കണ്ണുകൾ കരഞ്ഞു വീർത്തിരുന്നു.
അപ്പോഴും ഉയർന്നു വരുന്ന തേങ്ങലിനെ അയാൾ പല്ലുകൾക്കിടയിൽ തടഞ്ഞിട്ടിരിക്കുകയായിരുന്നു.
ഒന്നും മനസ്സിലാവാതെ അവർ തലയാട്ടി.
കുഞ്ഞാലി ഉറങ്ങുന്ന രൂപേന്ദുവിന്റെ നെറ്റിയിൽ ഒന്നു തലോടി.
പിന്നെ തോളിൽ കിടന്ന തോർത്തിന്റെ അറ്റം ചുണ്ടുകൾക്കിടയിലേക്കു തിരുകി സ്ട്രക്ചറിന്റെ തലഭാഗം പിടിച്ചു പതിയെ വലിക്കാൻ തുടങ്ങി.
അയാളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു.
ഫോർമലിൻ ടാങ്കിനടുത്ത് സ്ട്രക്ചർ നിന്നു.രൂപേന്ദുവിന്റെ തലയ്ക്കൽ ശ്രദ്ധയോടെ കൈ വെച്ച് കുഞ്ഞാലിയവളെ പതിയെ ഉയർത്തി.മറ്റുള്ളവരുടെ അശ്രദ്ധയുടെ നേർക്ക് അയാളുടെ ശബ്ദമുയർന്നു.
'പതുക്കെ...ശ്രദ്ധിച്ച്...ഇന്റെ മോക്ക് വേദനിക്കും.'
ഫോർമലിൻ ലായനിയിലേക്ക് ആഴ്ന്നുപോകുന്ന രൂപേന്ദുവിനെ കുഞ്ഞാലി കണ്ണിമയ്ക്കാതെ നോക്കി.
പിന്നെ പതിയെ പുറത്തിറങ്ങി വാതിൽ ഭദ്രമായി പൂട്ടിയതിനു ശേഷം ഉറക്കം നഷ്ടപ്പെട്ട കണ്ണുകളോടെ പുറത്ത് അവൾക്കു കാവലിരുന്നു.
അവസാനിച്ചു.

Read all published parts by clicking  

കഡാവർ - Part 2

Image may contain: Divija, eating, sitting and child
Part 2 :- 
കഡാവർ ഫോർമലിൻ ലായനിയിൽ നിന്നെടുത്ത് ഡിസക്ഷൻ ടേബിളിലേക്ക് വെക്കുന്നത് ജനലിനു പാതി മറഞ്ഞു നിന്ന് കുഞ്ഞാലി കണ്ടു.
പണ്ടു പണ്ടേ കുഞ്ഞാലിക്ക് മരണം പേടിയാണ്.
ശവങ്ങളെ അതിലേറെയും.
പക്ഷേ എന്തു ചെയ്യാം...വിധിവൈപരീത്യം ...
ജീവനറ്റ് ഉണങ്ങി ചുരുണ്ട ശരീരങ്ങളുടെയും പാളികളായി അടർത്തി നിവർത്തി വെച്ചിരിക്കുന്ന ശരീരഭാഗങ്ങളുടെയും കാവലാണ് വയറ്റിപ്പിഴപ്പിനു കിട്ടിയ പണി.
രാവും പകലും പുറത്തു കാവലിരിക്കുമെങ്കിലും അതിനകത്തേക്കു കുഞ്ഞാലി നോക്കാറേ ഇല്ല.
ഇതിപ്പോ ആ പെങ്കൊച്ചു കരഞ്ഞുവിളിച്ചോണ്ടു പോയിട്ട് നാലു മണിക്കൂറായില്ല,
അപ്പോഴേക്ക് ഇവരിതിനെ എങ്ങോട്ട് കെട്ടിയെടുക്കുവാ...
ഫോർമലിന്റെ ഗന്ധമേൽക്കുന്നതിന്റെ പരവേശത്തിനുമപ്പുറം ഒരു ക്ഷീണം തോന്നി കുഞ്ഞാലിക്ക്...
ആ കൊച്ചിനോടിനി എന്തു പറയും...
എല്ലു തെളിഞ്ഞുകാണാവുന്ന നെഞ്ചിൻകൂട് അമർത്തി തടവി അയാളച്ചാലും മുച്ചാലും നടന്നു.
കഡാവർ വെച്ച സ്ട്രക്ചർ കടന്നുപോയതിനു പുറകെ കൈയിലെ ഗ്ളൗസ്
ഊരിക്കൊണ്ട് വന്ന മെയിൽ നഴ്സ് രവിയുടെ കൈയിൽ ചാടിപ്പിടിച്ചു നിർത്തി ഒറ്റശ്വാസത്തിൽ ചോദിക്കുമ്പോൾ കുഞ്ഞാലിക്ക് വിറയ്ക്കുന്നുണ്ടായിരുന്നു.
'അതേട്ത്തേക്കാ കൊണ്ടോയെ?'
'ഏതാ കുഞ്ഞാലിക്കാ?'
'അത്'
സ്ട്രക്ചർ പോയ ദിശയിലേക്കയാൾ മുഖം കൊണ്ട് ചൂണ്ടിക്കാട്ടി.
'ഡിസക്ഷൻ ഹാളിലേക്ക്'
'ന്തിനാ...കീറിപ്പഠിക്കാനാ?'
'ഫുൾബോഡി ഡിസക്ഷനു വേണ്ടിയാ ഈ കഡാവർ ഉപയോഗിക്കുന്നതത്രെ...
ആന്തരികാവയവങ്ങൾ മുഴുവൻ കാണാൻ പറ്റുന്ന പോലെ സെറ്റ് ചെയ്ത് വെക്കും.'
കുഞ്ഞാലിക്ക് നെഞ്ചിലെ കനം കൂടിക്കൂടി വന്നു.
തിരുത്താനാവാത്ത തെറ്റു ചെയ്തുപോയൊരു കുട്ടിയെ പോലെ അയാൾ നഖം കടിച്ചു.
'അന്നേരം എനി ഈടെ കൊണ്ടരൂലേ?'
'കൊണ്ടുവരും കുഞ്ഞാലിക്കാ ...ടേബിളിൽ സെറ്റ് ചെയ്താൽ പിന്നെ ഇവിടെ തന്നെയല്ലേ സൂക്ഷിക്ക്യാ...'
ഇയാൾക്കിതെന്തു പറ്റി എന്ന ഭാവത്തിലൊന്നു നോക്കിയിട്ട് രവി നടന്നകന്നു.
കുഞ്ഞാലി കാലു തളർന്ന പോലെ അടുത്തു കണ്ട കസേരയിലേക്കു വീണു.
......
'തുറക്കു കുഞ്ഞാലിക്കാ ഞാനൊന്നു കണ്ടോട്ടെ ,കണ്ടിട്ട് അപ്പോ തന്നെ ഇറങ്ങിക്കോളാം'
'ബേണ്ട മോളെ,അള്ളാനെ ഓർത്ത് ന്റെ കുട്ടി അയ്ന്റുള്ളിക്ക് പോണ്ട'
രൂപേന്ദുവിന്റെ മുഖം മുറുകി .
'തുറക്കില്ലേ?'
'ഇല്ല മോളെ,ഞമ്മള് തൊറക്കൂല...കണ്ടാ സയ്ക്കൂല...കാണണ്ട ...മോള് പോ...'
നൊടിയിടയിൽ ഹാൻഡ്ബാഗിൽ നിന്നു പുറത്തെടുത്ത കൊച്ചുകുപ്പി
അയാളുടെ മുഖത്തിനു നേരെ നീട്ടി അവൾ അയാളുടെ കണ്ണിലേക്കു നോക്കി...
'ഇതെന്താന്നറിയോ ഇക്കാക്ക്?
വിഷം.വരുണിനെ കാണാൻ കഴിയാത്ത ലോകത്ത് വേറൊന്നും രൂപേന്ദുവിനു കാണണ്ട.'
അടപ്പു തുറന്ന് അതവൾ വായിലേക്കു കമിഴ്ത്തി.
ആ നിമിഷം തന്നെ കുഞ്ഞാലി കൈയാഞ്ഞുവീശി ...
കുപ്പി വായുവിലൂടെ കറങ്ങി മുറ്റത്തെ പൊന്തക്കാട്ടിലേക്കു വീണു.
അത് ചെന്നു വീണ സ്ഥലത്ത് പകൽസ്വപ്നം കണ്ടിരുന്ന ഓന്ത്
അപ്രതീക്ഷിതമായ വേദനയിൽ ഒന്നങ്ങോട്ടുമിങ്ങോട്ടും നോക്കിയിട്ട് അടുത്തു നിന്ന മുരിങ്ങമരത്തിലേക്കോടിക്കയറി.
ഇതെല്ലാം കണ്ടു പരിഭ്രമിച്ചൊരു തെരുവ് നായ മുരിങ്ങമരത്തിനു ചുവട്ടിൽ നിന്നു മേലോട്ട് നോക്കി നിർത്താതെ കുരച്ചുകൊണ്ടിരുന്നു.
പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കുഞ്ഞാലി താക്കോൽക്കൂട്ടം അവൾക്കു നേരെ നീട്ടി.
'ഇന്നാ ...തൊറന്ന് കാണ്...ടാങ്കീന്നൊക്കെ എട്ത്ത് ആ മേശപ്പൊറത്ത് വെട്ടിപ്പൊളന്ന് വെച്ചിറ്റ്ണ്ട്.
കണ്ടാ സഹിക്കൂലാന്ന് ബിചാരിച്ചിറ്റാ പറഞ്ഞിന്.
ഇനി അയ്ന് ഇന്റെ മുമ്പിക്കെടന്ന് ചാവണ്ട'
മനസ്സിലാവാത്ത കണ്ണുകളോടെ രൂപേന്ദു അയാളെ തന്നെ നോക്കിക്കൊണ്ടിരുന്നു.
അവളുടെ കൈകൾ പക്ഷേ ആ താക്കോൽക്കൂട്ടം വാങ്ങുകയും
കൃത്യമായ താക്കോലിട്ട് മുറി തുറക്കുകയും ചെയ്തു.കാലുകൾ അല്പം ആയാസത്തോടെ അവളെ മുന്നോട്ടു നയിച്ചു.
....
രാവിലെ വെറുതെ ഒരു നടത്തത്തിനിറങ്ങിയതായിരുന്നു ഡോക്ടർ ജേക്കബ് തരകൻ...
ആശുപത്രിയുടെ തന്നെ കോർട്ടേഴ്സിലാണ് താമസം.
അതുകൊണ്ട് പ്രഭാതനടത്തം ആശുപത്രി വളപ്പിൽ തന്നെ.
കഡാവർ റൂമിന് അരികിലെത്തിയപ്പോഴാണ് ആ പട്ടി മുരിങ്ങമരത്തിലേക്കു നോക്കി നിർത്താതെ കുരയ്ക്കുന്നത് കണ്ടത്.
മുന്നിൽ കിടന്ന പ്ളാസ്റ്റിക് കുപ്പി ഇടങ്കാലു കൊണ്ടൊന്നു തട്ടി വലംകാലുയർത്തിയൊരടി...ഗോൾ...കൃത്യം പട്ടീടെ പള്ളയ്ക്കു തന്നെ...
ദയനീയമായി മോങ്ങിക്കൊണ്ട് അതോടിപ്പോയി...
'അച്ചോടാ...പാവം...'
എന്നു പറഞ്ഞു തിരിഞ്ഞ തരകന്റെ മുഖം പെട്ടെന്നു വല്ലാതെ മുറുകി ...
നെറ്റിയിൽ ചുളിവുകളുടെ എണ്ണം കൂടി.
തിടുക്കത്തിലയാൾ കഡാവർ റൂമിനു മുന്നിലേക്കു നടന്നു.
'എന്തേലും ചെയ്ത്കൂട്ട് ...പറഞ്ഞാ കേക്കാഞ്ഞാ പിന്നെന്ത്ന്നാ ചെയ്യാ...'
എന്നു പറഞ്ഞു തിരിഞ്ഞ
കുഞ്ഞാലിയുടെ മുഖത്തെ ചോര ഒരു നിമിഷം കൊണ്ട് വാർന്നുതീർന്നു.
വിറയ്ക്കുന്ന വിരലുകൾ ലുങ്കിയുടെ മടക്കിക്കുത്തഴിച്ചിട്ടു.
'സാറേ...അത്...ആ കുട്ടി...'
അയാള നോക്കുക പോലും ചെയ്യാതെ ജേക്കബ് തരകൻ മുന്നോട്ടു നടന്നു.
ഡിസക്ഷൻ ടേബിളിനു സമീപം നിൽക്കുന്ന സ്ത്രീരൂപത്തിൽ അയാളുടെ കണ്ണുകൾ തറഞ്ഞു നിന്നു.
തളർന്ന കാലടികളോടെ പുറകിൽ വന്നു നിന്ന കുഞ്ഞാലിയെ നോക്കി ചുണ്ടത്തു വിരലമർത്തി മിണ്ടരുത് എന്നൊരാംഗ്യം കാട്ടി...
മുന്നിലെ കാഴ്ച്ച ആ മനശാസ്ത്ര വിദഗ്ധന്റെ നെറ്റിയിൽ പുതിയ ചുളിവുകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.
...
ഡിസെക്ഷൻ ടേബിളിനു മുന്നിൽ അർദ്ധബോധത്തിൽ നിൽക്കുകയായിരുന്നു രൂപേന്ദു.
വരുണിന്റെ വിദൂരഛായ പോലുമില്ലാത്ത ഒരു ശരീരം അവൾക്കു മുന്നിൽ
ഒരു പ്രദർശനവസ്തുവായിക്കിടന്നു.
കൈകൾ രണ്ടു വശത്തേക്ക് വിരിച്ചിട്ടിരുന്നു.
സൂക്ഷ്മമായി മുറിച്ച തൊലി രണ്ടു ഭാഗത്തേക്കായി മാറ്റിയിട്ടിട്ടുണ്ട്, മാംസപേശികൾ...രക്തക്കുഴലുകൾ..ഓരോ ആന്തരികാവയവവും വ്യക്തമായി പ്രദർശിപ്പിച്ചിരിക്കുന്നു.
നെറുകയിൽ നിന്ന് ആരംഭിച്ച തണുപ്പു ശരീരമാകെ നിറയുന്നത് അവളറിഞ്ഞു.
വരുൺ...
ശബ്ദമില്ലാതെ ആ ചുണ്ടുകളനങ്ങി...ശ്വാസകോശം...ചെറുകുടൽ...വൻകുടൽ ...ആമാശയം...കരൾ...
കുറേ ശരീരഭാഗങ്ങളായി അവൻ,
വിരൽതുമ്പു കൊണ്ട് എന്നിൽ വിസ്മയങ്ങൾ തീർത്തിരുന്നവൻ,ഏതു സങ്കടവും മറന്നുപോകുമായിരുന്ന ആ നെഞ്ചിന്റെ ചൂട്...
യാന്ത്രികമായി അവളുടെ കൈകൾ മുന്നോട്ടു നീണ്ടു...
എന്നും നെഞ്ചിൽ മുഖമമർത്തി ,
ആ ഹൃദയമിടിപ്പിനു കാതോർത്ത് ഉറങ്ങാതെ കിടക്കാറുള്ളത് അവളോർത്തു.
അവന്റെ ഹൃദയമിടിപ്പ് ഏറ്റവുമിഷ്ടപ്പെട്ട താരാട്ടായിരുന്നു.
മിടിപ്പു നിലച്ചുപോയ ചുവപ്പിലേക്ക് അവൾ വിരൽതുമ്പു നീട്ടി.
അടുത്ത നിമിഷം ഞെട്ടിവിറച്ച് ആ വിരലുകൾ പിൻവലിഞ്ഞു.
ഏതാനും നിമിഷങ്ങൾ കൂടി ആ ശരീരത്തിനു മുന്നിൽ നിശ്ചലം നിന്ന രൂപേന്ദു പിന്നെ പതിയെ നിലത്ത് മുട്ടു കുത്തി.
നിവർത്തു വെച്ചിരുന്ന ഉണങ്ങിച്ചുരുണ്ട കൈപ്പത്തിയിലേക്ക് അവൾ മെല്ലെ മുഖം ചേർത്തു.
മൂക്കു വിടർത്തി ആ കൈപ്പത്തിയുടെ ഗന്ധം അറിയാൻ ശ്രമിച്ചു...
ഫോർമാലിന്റെയും മറ്റു രാസവസ്തുക്കളുടെയും അതിരൂക്ഷഗന്ധത്തെ തോൽപ്പിച്ച്
വരുണിന്റെ ഗന്ധം നാസാദ്വാരങ്ങളിൽ നിറയുന്നത് അൽപ്പനിമിഷം കൊണ്ട് അവളറിഞ്ഞു.
ലഹരിയായിരുന്ന ഗന്ധം ...മത്തു പിടിപ്പിച്ചിരുന്ന ഗന്ധം...വരുണിന്റെ ഗന്ധം....
അവൾ ആഞ്ഞാഞ്ഞു ശ്വാസം വലിച്ചുകൊണ്ടേയിരുന്നു...
പിന്നെ തളർന്നതു പോലെ ആ കൈവെള്ളയിലേക്കു കവിളമർത്തി രൂപേന്ദു കണ്ണുകളമർത്തിയടച്ചു.
.....
നിശ്ശബ്ദം അവളെ നിരീക്ഷിച്ചു കൊണ്ടിരുന്ന ജേക്കബ് തരകൻ പതിയെ പുറത്തേക്കിറങ്ങി.
പുറത്തെ ബെഞ്ചിൽ മുള്ളുകൾക്കു മുകളിലെന്ന പോലെ ഇരുന്നു പ്രാർത്ഥിക്കുകയായിരുന്നു കുഞ്ഞാലി.
തരകൻ ഡോക്ടറെ കണ്ടതും അയാളുടെ മുഖം കുനിഞ്ഞു.
'ഈ കുട്ടി ഇവിടെ വരാൻ തുടങ്ങിയത് എപ്പോഴാ കുഞ്ഞാലി?'
'ആ ശവം കൊണ്ടന്നേന്റെ പിറ്റേന്നു മൊതല്.കൊറേ ഭക്ഷണം കൊണ്ടരും സാറേ ...അയ്ന് കൊടുക്കാനാന്നും പറഞ്ഞിറ്റ്.അതൊക്കെ ഞമ്മള് കയിച്ച്.അക്കുട്ടീന്റെ സങ്കടം കണ്ടപ്പോ അറിയാതെ തൊറന്നൊട്ത്തതാ.മാപ്പാക്കണം...ഇന്റെ പണി കളയിക്കറ്'
കുഞ്ഞാലി ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.അയാളെ കണ്ടാൽ അപ്പോ കരയുമെന്നു തോന്നുമായിരുന്നു.
എന്തോ പറയാനാഞ്ഞിട്ട് പിന്നതു വേണ്ടെന്നുവെച്ച് ഡോക്ടർ തിരികെയാ മുറിയിലേക്കു തന്നെ കയറി.
അയാളുടെ കാലടികളുടെ ശബ്ദം അടുത്തെത്തുന്നതറിയാതെ രൂപേന്ദു അപ്പോഴും കഡാവറിന്റെ കൈത്തലത്തിൽ കവളമർത്തി കണ്ണടച്ച് ഇരിക്കുകയായിരുന്നു.
തോളിൽ ഉറപ്പുള്ളൊരു കൈത്തലം പതിഞ്ഞതോടെ അവൾ പിടഞ്ഞെണീറ്റു.
സ്ഥലകാലവിഭ്രമത്തിലകപ്പെട്ടവളെ പോലെ അയാളെ നോക്കിനിന്ന രൂപേന്ദുവിന്റെ കണ്ണുകളിൽ നോട്ടമുറപ്പിച്ച് ഘനഗംഭീരമായ ശബ്ദത്തിൽ അയാൾ പറഞ്ഞു
'എന്റെ കൂടെ വരൂ'
അവൾ അതിശക്തമായി നടുങ്ങി.പിന്നെ പ്രതികരണശേഷി നഷ്ടപ്പെട്ടവളെ പോലെ നിസ്സഹായമായി ഡോക്ടർ ജേക്കബ് തരകനെ പിന്തുടർന്നു.
ഒരു പാവയെ പോലെ അയാൾക്കു പുറകേ പോകുന്ന അവളെ കാൺകേ കുഞ്ഞാലിയിൽ ഒരു നെടുവീർപ്പുണ്ടായി.
ഉള്ളു പൊള്ളിച്ചുയർന്ന ആ നിശ്വാസത്തിനവസാനം അയാൾ കഡാവർ റൂമിന്റെ വാതിൽ വലിച്ചടച്ച് അതിൽ ചാരി നിന്നു കിതപ്പടക്കി.
(തുടരും) 
Read all published parts by clicking  

കഡാവർ - Part 1

Image may contain: Divija, eating, sitting and child
Part 1 :- 
മൃതദേഹം വഹിച്ച് ആംബുലൻസ് ഗേറ്റ് കടന്നു മറഞ്ഞുകഴിഞ്ഞു.
അടക്കിപ്പിടിച്ച കുറച്ചു തേങ്ങലുകളെ ഞെരുക്കിക്കളയും വിധം കനത്തൊരു മൗനം കാഴ്ച്ചക്കാരിൽ നിറഞ്ഞു.
തല നരച്ച ചിലരുടെ നോട്ടം വെറുതെ ഒന്നു തെക്കേപ്പറമ്പു വരെ പോയി വന്നു.
ചന്ദനത്തിരികളുടെയും കുന്തിരിക്കപ്പുകയുടെയും ഗന്ധം തിരഞ്ഞ് അവിടെ നിന്നും പുറപ്പെട്ട കാറ്റ് കൂടിനിന്നവരുടെ നിശ്വാസവായുവിനിടയിലെവിടെയോ വഴി തെറ്റി കുറച്ചുനേരം കൂടി ചുറ്റിത്തിരിഞ്ഞു..
അതിരിലെ തേൻമാവുതിർത്ത ആശ്വാസനിശ്വാസം വന്നു തട്ടിയിട്ടാവണം അതു പിന്നെ പതിയെ പിൻതിരിഞ്ഞത്.
'മെഡിക്കൽ കോളേജിൽക്ക് കൊടുത്തൂത്രെ...കുട്ട്യോൾക്ക് വെട്ടിപ്പഠിക്കാൻ.
പുതുമോടി മാറുംമുൻപ് കെട്ട്യോന്റെ ജീവനെട്ത്തു...അതും പോരാഞ്ഞിട്ടാ...ഓളെയൊരു മനക്കട്ടി.'
ചുണ്ടും മൂക്കും കൂട്ടിപ്പിടിച്ചു നിന്നിരുന്ന കൈത്തലം നെറ്റിയിലെ വിയർപ്പു തുടയ്ക്കാനൊന്നു നീങ്ങിയ തക്കത്തിന് ചാടിയിറങ്ങിയ വാക്കുകൾ
ഒട്ടും സമയം കളയാതെ രൂപേന്ദുവിന്റെ കാതുകളെ തേടിച്ചെന്നു.
പുറംകാതുകളാലവയെ തടഞ്ഞുനിർത്തിയിട്ട്
അവൾ ഒന്നു തിരിഞ്ഞു കിടന്നു.
ഒരേങ്ങൽ പ്രതീക്ഷിച്ച് അരികിൽ നിന്ന പെണ്ണുങ്ങൾ നിരാശയോടെ പരസ്പരം നോക്കി.
...
പിന്നെയവൾ കണ്ണു തുറക്കുമ്പോഴേക്ക് മുറിയിൽ ഇരുട്ട് നിറഞ്ഞിരുന്നു.
അയൽവീട്ടിലെ തുറന്നിട്ട ജാലകത്തിലൂടെ കസ്തൂരിമാനിലെ കാവ്യ കണ്ണു തുടയ്ക്കുന്നത് തെല്ലൊരലോസരത്തോടെ അവൾ കണ്ടു.
ആ പകലിന്റെ ആലസ്യം കഴുകിക്കളയാനായി ഷവറിന്റെ ശക്തമായ ജലധാരയ്ക്കു കീഴെ മണിക്കൂറുകളെണ്ണാതെ ഏറെനേരം നിന്നു.
തിരിച്ചു മുറിയിലെത്തി അലമാര തുറന്നു നോക്കിയിട്ട് പിന്നതു വേണ്ടെന്നുവെച്ച്
ക്ളോത്ത്സ്റ്റാൻഡിൽ കിടന്ന വരുണിന്റെ മുഷിഞ്ഞ ടീഷർട്ട് എടുത്തണിയുമ്പോൾ രൂപേന്ദുവിന്റെ കണ്ണുകളിൽ നാണം കലർന്നൊരു മന്ദഹാസം ഒരു വട്ടം ഒന്നു മിന്നിമാഞ്ഞു...
അസാധാരണത്വം തെല്ലുമില്ലാതെ
ഒരു മൃദു മന്ദഹാസം കണ്ണിലൊളിപ്പിച്ച് ശാന്തമായുറങ്ങുന്നതു കണ്ടിട്ടോ എന്തോ തൂവെള്ള ഷിഫോൺ കർട്ടൻ ഒന്നു രണ്ടുവട്ടം അവളുടെ കവിളിലൊന്നു തൊട്ടു വിളിക്കാൻ ശ്രമിച്ചതാണ്.
' വരുൺ ' എന്ന വിളിയിലെ കുസൃതി നിറഞ്ഞ ശാസന കേട്ടു കണ്ണു നിറഞ്ഞിട്ടാവാം പിന്നെയത് ശല്യം ചെയ്യാതെ മൂലയിലേക്കൊതുങ്ങിയത്.
തടസ്സങ്ങളേതുമില്ലാതെ മണിക്കൂറുകൾ നീണ്ട ഉറക്കത്തിൽ നിന്ന് പിന്നെയവളുണരുമ്പോൾ
കിഴക്ക് സൂര്യൻ ഏണീക്കേണ്ടി വന്ന അരിശം കൊണ്ട് ചുവന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
കൈ നീട്ടി ബെഡ്ലാമ്പിട്ട് എഴുന്നേറ്റ് പുറത്തേക്കു നടക്കുമ്പോൾ കിടക്കപകുതിയിലേക്ക് അന്നവൾ നോക്കിയതേയില്ല.
എന്തിനെന്നറിയില്ലെങ്കിലും എല്ലാ മുറികളിലും ഒന്നു കേറിയിറങ്ങി.
അടുക്കളയ്ക്കടുത്തുള്ള കൊച്ചുചായ്പ്പിനു മുന്നിൽ കാലുകൾ നിശ്ചലമായി.
മേരിച്ചേടത്തിയുടെ കൂർക്കംവലി ചായ്പ്പിനുള്ളിൽ ചുറ്റിത്തിരിയാൻ സ്ഥലം തികയാഞ്ഞ് പുറത്തേക്കെത്തി നോക്കുന്നത് കണ്ടാവണം അതിനെ തിക്കിഞെരുക്കി
അകത്തിടാനെന്നോണം തെല്ലും ശബ്ദമുണ്ടാക്കാതെ രൂപേന്ദു ആ വാതിൽ ചേർത്തടച്ചത്.
കൂർക്കംവലിയുടെ ഓളങ്ങൾ അപ്രതീക്ഷിതമായ ആഘാതത്തിൽ തിരിച്ചുവന്ന് മൂക്കിലേക്കും വായിലേക്കും തള്ളിക്കയറിയതിന്റെ അലോസരത്തിൽ ചേടത്തി ഉറക്കത്തിൽ തന്നെയൊന്ന് മൂക്കമർത്തി ചൊറിഞ്ഞ് കടവായിലൂടെ ഒഴുകിയിറങ്ങിയ ചാറ് പുറംകൈ കൊണ്ട് തുടച്ച് പിന്നെയും തിരിഞ്ഞു കിടന്നു.
അടുക്കളയിലപ്പോൾ സ്റ്റൗ കത്തിച്ച് ചോറിനു വെള്ളം വെക്കുകയായിരുന്നു രൂപേന്ദു.
...
ഉറക്കമുണർന്നിട്ടും അന്ന് എന്തുചെയ്യണമെന്നറിയാതെ ഇത്തിരിനേരം കൂടി ചായ്പ്പിൽ തന്നെയിരുന്നു മേരിച്ചേടത്തി.
എന്നത്തെയും പോലെ അന്നും മിക്കിമൗസ് ടൈംപീസ് കൃത്യം അഞ്ചരമണിക്ക് വിളിച്ചെണീപ്പിച്ചതാണ്.
അതിന്റെ ചെവി നന്നായൊന്നു തിരുമ്മിയിട്ട് കണ്ണു തുറക്കാതെ ചേടത്തി പറഞ്ഞു.
'ആ കൊച്ചൻ കർത്താവിങ്കലോട്ടു പോയില്യോ തൊരപ്പാ...ഇനിയിപ്പോ എന്നാത്തിനാ വെട്ടം വരുന്നേമ്മുന്നേ എണീക്കുന്നേ?'
അതു മനസ്സിലാവാഞ്ഞിട്ടോ എന്തോ ചെവിയിലെ തരിപ്പ് മാറിയപ്പോ മിക്കി ഒന്നുകൂടി വിളിച്ചു.
പക്ഷേ മേരിച്ചേടത്തി അതിനു മുന്നേ ചായ്പ്പീന്നെണീറ്റ് ഓടിയിരുന്നു.
പക്ഷേ വല്ല്യ കാര്യമൊന്നുമുണ്ടായില്ല ,വെരിക്കോസ് വെയിനിന്റെ അസ്കിതയുള്ള കാലും വലിച്ച് അവരോടി മുൻവാതില്ക്കലെത്തുമ്പോഴേക്ക് ഫോർഡ് ഐക്കൺ ഗേറ്റ് കടന്നുകഴിഞ്ഞിരുന്നു.
പിൻഭാഗം ഒരു മിന്നായം പോലെ കണ്ടെന്നു മാത്രം.
'കെട്ട്യോൻ ചത്തേന്റെ പിറ്റേന്നാള് ഈ കൊച്ചിതെങ്ങോട്ടാ...'
എന്ന അതിശയത്തിൽ മൂക്കിന്റെ അറ്റത്തേക്കു ചാടിക്കയറിയ ചൂണ്ടുവിരൽ ചേടത്തി നടന്ന് അടുക്കളയിലെത്തുവോളം അവിടെത്തന്നെയിരുന്നു.അടുക്കളേക്കേറിയപ്പോഴോ വായും കൂടി തുറന്നു.ചോറും കറീം പലഹാരോം കട്ടൻകാപ്പീം എന്നുവേണ്ട എല്ലാ കൂട്ടോം തയ്യാറാക്കി നെരത്തിയേക്കുന്നു.
നെഞ്ചത്തു കൈയും വെച്ച് മേല്പോട്ടു നോക്കിപ്പോയി ചേടത്തി.
'എന്റെ കർത്താവേ ...ഈ കൊച്ചിനിതെന്നാ പറ്റി???'
...
കഡാവർ റൂമിനു മുന്നിലെ കട്ടിലിൽ സുഖനിദ്രയിലായിരുന്നു കുഞ്ഞാലി...
തലേന്നു കണ്ട പടത്തിലെ നായികേടെ കൂടെ ആടിപ്പാടുന്നൊരു സ്വപ്നം കൂട്ടിനുമുണ്ടായിരുന്നു.
ഗ്ളാസ് ഡോറിലെ ഇടവിട്ടിട വിട്ടുള്ള കൊട്ട് അതുകൊണ്ടു തന്നെ കുഞ്ഞാലീടെ തലച്ചോറ് ആദ്യമൊന്നും കേട്ട മട്ടു കാണിച്ചില്ല.
പക്ഷേ പോകെപ്പോകെ കൊട്ടിനു കനം കൂടിക്കൂടി വന്നു ..
മനസ്സില്ലാമനസ്സോടെ തലച്ചോറ് പിടി വിടുകയും കുഞ്ഞാലി ഞെട്ടിപ്പിടഞ്ഞെണീക്കുകയും ചെയ്തു.
തലേന്ന് വൈകിട്ടടിച്ച നാടന്റെ പെരുപ്പ് ശരിക്കങ്ങു വിട്ടുപോകാത്തേന്റെ പുറമേ പെട്ടെന്നുണ്ടായ ഞെട്ടിയെണീക്കലും കൊണ്ട് ആദ്യം കുഞ്ഞാലിക്കൊന്നും തന്നെ പിടികിട്ടിയില്ല.
ആവുന്നത്ര ശക്തിയിൽ തല രണ്ടുമൂന്നുവട്ടം അങ്ങോട്ടുമിങ്ങോട്ടുമിട്ടാട്ടിയിട്ടാണ് അതിനെയൊന്ന് നേരെ നിർത്തിച്ചതു തന്നെ.
'ആരാന്നപ്പാ ഇത്ര പൊലച്ചക്ക്' എന്നു തന്നോടു തന്നെ പറഞ്ഞ് തലയ്ക്കൽ ചുരുട്ടി വെച്ച തോർത്തെടുത്ത് കുടഞ്ഞ് മുഖമൊന്നമർത്തി തുടച്ചിട്ട് അയാൾ ഗ്ളാസ് ഡോറിലൂടെ പുറത്തേക്കു നോക്കി.
ഒരു നിമിഷം കണ്ണു മിഴിഞ്ഞു പോയി...ഇത്രേം നേരം കൂടെ ഡാൻസ് കളിച്ച സിൽമാനടിയെ പോലൊരെണ്ണം ഇതാ നിക്കുന്നു.
ഒരു നിമിഷം സ്തംഭിച്ച് നിന്നിട്ട് അയാൾ ഡോറിന്റെ കുറ്റി നീക്കി.
പുറത്ത് അക്ഷമയോടെ കാത്തു നിന്നിരുന്ന രൂപേന്ദു വല്ലാത്തൊരു തിടുക്കത്തോടെ ഉള്ളിലേക്കു തലനീട്ടി.
അവളുടെ കണ്ണുകൾ കഡാവർ റൂമിന്റെ അടഞ്ഞുകിടന്ന വാതിലിൽ നിശ്ചലമായി.
'ആരാ...ങ്ങക്കെന്ത്ന്നാ ബേണ്ട്യെ?'
അപ്പോഴേക്ക് സ്ഥലകാലബോധം വീണ്ടെടുത്തു കഴിഞ്ഞിരുന്ന കുഞ്ഞാലി അമ്പരപ്പോടെ അവളെ തുറിച്ചു നോക്കി.
വാതിലിൽ നിന്നു കണ്ണെടുത്ത് രൂപേന്ദു അയാളെ നോക്കി.
'ഇന്നലെ അറ്റാക്കായിട്ടു കൊണ്ടുവന്നില്ലേ വരുൺ...ഞാനവന്റെ ഭാര്യയാ'
'അയ്ന്?'
ഇപ്പോ കുഞ്ഞാലീടെ സ്വരത്തിലൊരിത്തിരി അരിശം കലർന്നിരുന്നു.
താഴെ നിരത്തി വെച്ചിരുന്ന പാത്രങ്ങളിൽ നിന്നും ഒരു ഫ്ളാസ്ക് കുനിഞ്ഞെടുത്ത് അവളയാൾക്കു നേരെ നീട്ടി.
'കടേന്നു വാങ്ങുന്ന കാപ്പി വരുണിനിഷ്ടാവില്ല.അതാ...'
അവളുടെ കണ്ണിലെ യാചനാഭാവം കണ്ട് അറിയാതെ കുഞ്ഞാലിയുടെ കൈകൾ നീണ്ട് ആ ഫ്ളാസ്ക് വാങ്ങി.
രൂപേന്ദുവിന്റെ കണ്ണിൽ സന്തോഷം പെട്ടെന്നു വന്നു നിറഞ്ഞു.
നിലത്തു നിരത്തി വെച്ചിരുന്ന പാത്രങ്ങൾ ഓരോന്നായി ഗ്ളാസ്ഡോറിനകത്ത് കടന്ന് കട്ടിലിൽ നിരത്തുന്ന അവളെ നോക്കി കുഞ്ഞാലി ഫ്ളാസ്കും പിടിച്ച് അന്തം വിട്ടു നിന്നു.
എല്ലാം അകത്തേക്കെടുത്ത് വെച്ച് രൂപേന്ദു അയാളെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.
'ഒന്നടുത്തിരുന്ന് വിളമ്പിക്കൊടുക്കണേ.അല്ലെങ്കിൽ കഴിക്കില്ല.ഭയങ്കരവാശിയാ...'
പറഞ്ഞു തീരുമ്പോഴേക്ക് അവളുടെ കൺകോണുകളിൽ നനവൂർന്നു...
അതു തുടയ്ക്കാൻ മെനക്കെടാതെ കുഞ്ഞാലിയിൽ നിന്നു മുഖം തിരിച്ച് വേഗത്തിൽ തിരിഞ്ഞു നടന്നു അവൾ.
ഗേറ്റ് കടന്നു മറയുന്ന കാറിലേക്കും കട്ടിലിൽ നിരന്നിരിക്കുന്ന പാത്രങ്ങളിലേക്കും മാറിമാറി നോക്കി കുഞ്ഞാലി എന്തു ചെയ്യണമെന്നറിയാതെ നിന്നു.
ഒരു മൂളിപ്പാട്ടോടെ കയറി വരുന്ന രൂപേന്ദുവിനെ ആദ്യം കാണും പോലെ നോക്കിനിന്നു മേരിച്ചേടത്തി.
കളിയായി അവളവരുടെ കവിളിലൊന്നു നുള്ളി.
'എന്താ അമ്മച്ചി ഇങ്ങനെ നോക്കുന്നേ?'
'കൊച്ചെവടെ പോയതാ?'
'വരുണിന് ഫുഡ് കൊണ്ടുക്കൊടുക്കാൻ...ഹോട്ടൽ ഫുഡ് ഒന്നും ഇഷ്ടമല്ല എന്ന് അറിയില്ലേ അമ്മച്ചിക്ക്?'
അവരെ നോക്കിചിരിച്ചിട്ട് അകത്തേക്കു കയറിയ അവളെ തിരിഞ്ഞുനോക്കിയ മേരിച്ചേടത്തിയുടെ കണ്ണ് മുളക് തൊടാതിരുന്നിട്ടും വല്ലാതെ നീറി.
...
'എത്ര നാളായി കുഞ്ഞാലിക്കാ...ഒന്നെന്നെ കാട്ടിത്താ...ദൈവത്തെയോർത്ത്...'
മുന്നിൽ നിന്നു വിങ്ങിപ്പൊട്ടുന്ന രൂപേന്ദുവിനെ നോക്കിനിൽക്കേ ഒരു മാസമായി കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മുഴുവൻ തൊണ്ടയിൽ വന്നു തികട്ടുന്നുണ്ടെന്നു തോന്നി കുഞ്ഞാലിക്ക്.
അറിയാതെ അയാളുടെ കൈ താക്കോൽക്കൂട്ടത്തിലേക്കും പിന്നെ കഡാവർ റൂമിന്റെ താഴിലേക്കും നീണ്ടു.
മലർക്കെ തുറന്ന വാതിലിലൂടെ ഫോർമലിന്റെ രൂക്ഷഗന്ധം അവരുടെ കണ്ണിലും മൂക്കിലും എരിഞ്ഞുകയറി.
കണ്ണു തുറക്കാനാവാതെ കുഞ്ഞാലി പിന്നോട്ടുമാറി.
പക്ഷേ അസഹനീയമായ നീറ്റലിലും കണ്ണുകൾ തുറക്കാൻശ്രമിച്ചു കൊണ്ട് രൂപേന്ദു മുറിക്കുള്ളിലേക്കു കാലെടുത്തുവെച്ചു.
സീവേജ് പൈപ്പുകൾക്കും ഡിസെക്ഷൻ ടേബിളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കീറിമുറിച്ച ശരീരങ്ങൾക്കുമിടയിലൂടെ അവൾ മുന്നോട്ടു നീങ്ങി..
അറിയാതെ കാൽ തട്ടി നീങ്ങിയ ബക്കറ്റിനുള്ളിലെ മിടിപ്പു നിന്നു പോയൊരു ഹൃദയത്തിന്റെ കാഴ്ച നട്ടെല്ലിലൂടെ ഒരു തരിപ്പായി കടന്നുപോകുന്നതറിഞ്ഞിട്ടും അവളുടെ കാലുകൾ മുന്നോട്ടു തന്നെ നീങ്ങി.
അവളോളം ഉയരമുള്ള ഒരു വലിയ ടാങ്കിനു മുന്നിൽ പാദങ്ങൾ നിശ്ചലമായി.
തന്നെ ചൂഴ്ന്നുനിൽക്കുന്ന ഫോർമലിൻ ഗന്ധം ഉണ്ടാകുന്നത് ആ ടാങ്കിൽ നിന്നാണെന്ന തിരിച്ചറിവിൽ അവളതിലേക്കു നോക്കി.
ലായനിയിൽ മുങ്ങി ശരീരത്തിലെ ജലാംശം പൂർണ്ണമായി വറ്റി ചുക്കിച്ചുളിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കഡാവറായി അതിനുള്ളിൽ വരുൺ അവൾക്കായി കാത്തിരിപ്പുണ്ടായിരുന്നു.
അതിലേക്കെത്തി നോക്കിയ രൂപേന്ദുവിന്റെ ചുണ്ടിൽ വികൃതമായ ഒരു ചിരി വിടർന്നു.
കണ്ണിമയ്ക്കാതെ അവളാ മുഖത്തേക്കു നോക്കിക്കൊണ്ടേയിരുന്നു...
തൊലി ചുളിഞ്ഞുകറുത്തു തുടങ്ങിയ മുഖം കരിഞ്ഞുണങ്ങിയ ഏത്തപ്പഴത്തെ ഓർമ്മിപ്പിക്കും വിധം ചുരുങ്ങിത്തുടങ്ങിയിരുന്നു.
പക്ഷേ രൂപേന്ദു
കണ്ടത് അവളുടെ വരുണിനെ തന്നെയായിരുന്നിരിക്കാം...കോടിപ്പോയൊരു ചിരിയോടെ ആ ടാങ്കിൽ പിടിച്ച് അവളവനെ ഉറ്റുനോക്കി...
'മോളേ'
ഒരുവിധം ആ അന്തരീക്ഷവുമായി ഇണങ്ങിച്ചേർന്ന കുഞ്ഞാലി അകത്തേക്കു പാഞ്ഞെത്തി.
അതു കേൾക്കാതെ ... തന്നെത്തന്നെ മറന്നു നിൽക്കുന്ന രൂപേന്ദുവിനെ പിടിച്ചു വലിച്ച് പുറത്തേക്കിറക്കാൻ അയാൾക്കു നന്നേ പണിപ്പെടേണ്ടി വന്നു.
ഭ്രാന്തമായ കരുത്തോടെ അവളാ മുറിക്കു നേരെ കുതിച്ചു കൊണ്ടിരുന്നു.
ഒരുവിധം അവളെ പുറത്തെത്തിച്ച് മുറിപൂട്ടിത്തിരിഞ്ഞ കുഞ്ഞാലിയുടെ കൈയിലേക്ക് അടുത്ത നിമിഷമവൾ കുഴഞ്ഞു വീണു.
അബോധത്തിലും ആ ചുണ്ടുകൾ വരുൺ എന്ന് അവ്യക്തമായി ഉച്ചരിക്കുന്നത് കേട്ട കുഞ്ഞാലിയുടെ മനസ്സിലേക്ക് ജീവിതത്തിലാദ്യമായി ഭയം ഒരു തണുപ്പായി ഇഴഞ്ഞുകയറി
(തുടരും) 
Read all published parts by clicking  

ഖജുരാഹോ


'പണ്ടു പണ്ടു പണ്ടൊരു രാജകുമാരിയുണ്ടായിരുന്നു.ഹേമവതി...കാശിയിലെ പൂജാരിയുടെ മകൾ'
അവന്റെ മുഖം നന്നായി കുനിഞ്ഞു അവളുടെ കാതോരമുള്ള മുടിയിഴകളെ മാടിയൊതുക്കി
'എന്റെ പ്രാണേശ്വരിയോളം സുന്ദരി'....
ഉദയസൂര്യകിരണങ്ങൾ അവളുടെ കവിളിലൊരു തെങ്ങോലയുടെ ചിത്രം വരച്ചു...
അതിലൂടെ ചൂണ്ടുവിരലിന്റെ അഗ്രം പതിയെ നിരക്കി നീക്കിക്കൊണ്ട് അവനവളുടെ കണ്ണിലേക്കു നോക്കി.
തടാകം സ്വച്ഛമായിരുന്നു.ഓളങ്ങളില്ലാതെ ... തൂവെള്ള നിറമുള്ള രണ്ടരയന്നങ്ങൾ തടാകത്തിൽ നീന്തി മടുത്തിട്ടെന്നോണം കുണുങ്ങി കുണുങ്ങി അവളുടെ അടുത്തേക്കെത്തി .അവന്റെ മടിയിൽ നിന്നും മുഖമുയർത്തി അവൾ അവയെ നോക്കി.
'എന്നിട്ട് ?'
'എന്നിട്ട്...അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായ ദൈവങ്ങൾ ചെറുപ്പത്തിലേ അവളെ വിധവയാക്കി'
'ശ്ശോ കഷ്ടം...എന്തേ ഈ ദൈവങ്ങളിങ്ങനെ അസൂയക്കാരായത്...?
'സൃഷ്ടിച്ചത് മനുഷ്യരായതിനാലാവും'
അവൾ എഴുന്നേറ്റ് അവനഭിമുഖമായിരുന്നു.
'നീ സൃഷ്ടിയുടെ സിദ്ധാന്തങ്ങളെ തിരുത്തുകയാണോ..'
കൈയിൽ തടഞ്ഞ വെള്ളനിറമുള്ളൊരു കല്ല് ആയത്തിൽ വീശി അവനാ തടാകത്തിലേക്കെറിഞ്ഞു.അത് ഒരു ചെറുചുഴിയിലൂടെ തടാകത്തിനടിയിലെ വിസ്മൃതിയിലേക്കു മറഞ്ഞു.
'തടാകങ്ങളുടെ നഗരം ...'
'അതെ,തടാകങ്ങളുടെ നഗരം...നഗരത്തിന്റെ ജലസ്രോതസ്സ് ഈ തടാകങ്ങൾ തന്നെ'
കുഞ്ജ്ബിഹാരി...നിനക്കാരാണ് കാന്നാ ഈ പേരിട്ടത്?
'അമ്മ...കൃഷ്ണഭക്ത...അപരിചിതമായ കൃഷ്ണനാമം നൽകിയതാവാം'
തടാകത്തിൽ മുഖം നോക്കി നിൽക്കുന്ന കൃഷ്ണമന്ദിറിൽ ആരതിയുടെ മണി മുഴങ്ങുന്നു.
" ആരതി കുഞ്ജ്ബിഹാരി കി ശ്രി ഗിരിധര കൃഷ്ണമുരാരി കീ..."
'എപ്പോഴും നീയിങ്ങനെയാണ് തപ്തി, കഥയിൽ നിന്നു വഴുതി മാറിക്കൊണ്ടിരിക്കും.'
അവന്റെ സ്വരത്തിലൊരു പരിഭവം.
'ക്ഷമിക്കൂ കാന്നാ നീ പറയൂ...സുന്ദരിയായ ഹേമാവതിയെ കുറിച്ച്...ഈശ്വരൻമാരുടെ അസൂയ കൊണ്ടു വൈധവ്യം വിധിക്കപ്പെട്ടവൾ...പറയൂ അവൾക്കെന്തു സംഭവിച്ചു...'
മോഹങ്ങളുടെ തീക്ഷ്ണതയിൽ അവളുരുകി കൊണ്ടിരുന്നു.അംഗലാവണ്യം പൂർണ്ണമായിത്തുടങ്ങുന്നതേയുള്ളൂ...ഉഷ്ണം...
ഉള്ളുലയ്ക്കുന്ന ഉഷ്ണമവളെ ഉരുക്കിയൊരുക്കി കൊണ്ടേയിരുന്നു...രാത്രിയുടെ മോഹനസൗന്ദര്യത്തിൽ ആകൃഷ്ടയായി പാതിരാവിലവൾ നിലാവിലേക്കിറങ്ങി.
എങ്ങും നിറയുന്ന പാൽനിലാവ്...കുഞ്ഞോളങ്ങളവളെ പ്രലോഭിപ്പിക്കും വിധം കാൽപ്പാദങ്ങളിൽ തൊട്ടു ചിരിച്ചിട്ടു തിരിച്ചോടി.
മേഘങ്ങളുടെ മറവിലൊളിഞ്ഞും തെളിഞ്ഞും ചന്ദ്രദേവനവളെ കൺപാർത്തു കൊണ്ടിരുന്നു.ഹേമാവതി പതിയെ തടാകത്തിലേക്കിറങ്ങി.മുട്ടോളം...അരയോളം...മാറോളം...മുങ്ങിനിവർന്ന് അവൾ നീന്തിത്തുടിച്ചു കൊണ്ടിരുന്നു...മലർന്നും കമിഴ്ന്നും ...ഓളങ്ങളവളെ ഒന്നു തൊടാൻ കൊതിച്ച് ഓടിയണഞ്ഞു.
മേഘപാളികളെ വകഞ്ഞൊതുക്കി ശീതളസൗന്ദര്യത്തിന്റെ പുരുഷഭാവം കൈക്കൊണ്ട ചന്ദ്രൻ തടാകത്തിലെ ഓളങ്ങളിലേക്കൊരു പാൽനിറമായി കലർന്നു...ഹേമാവതി സ്വയം മറന്നു.
'നീയൊരു ശില്പി മാത്രമല്ല, നല്ല കഥാകാരൻ കൂടിയാണ്...എത്ര സുന്ദരമായാണ് നീ കഥ പറയുന്നത് '
കണ്ണിലെ നാണം മറയ്ക്കാനൊരു ശ്രമമെന്നോണം അവളൊന്നു മുഖമമർത്തി തുടച്ചു.
"ചന്ദ്രൻ തിരികെ ആകാശപാളികളിലേക്കു മറയാനൊരുങ്ങവേ ഹേമാവതിയിൽ അപരാധ, അപമാന ബോധങ്ങളുണർന്നു.
അച്ഛനില്ലാത്തൊരു കുഞ്ഞ്...
അഭയത്തിനായവൾ ചന്ദ്രനോടു കേണു.
കാശി വിട്ട് ഖജുരാഹോയിലേക്കു പോകുക...നിനക്കു പിറക്കുന്ന തേജസ്വിയായ പുത്രനിൽ നിന്ന് ഒരു രാജവംശം ഉടലെടുക്കും...നിന്റെ നാമം എക്കാലവും ഓർമ്മിക്കപ്പെടും.
എന്നരുളിച്ചെയ്ത് ചന്ദ്രൻ മറഞ്ഞു.
ഭോഗാസക്തിയെ ചിതയിലെരിച്ച് മോക്ഷമാർഗത്തിലേക്കുള്ള യാത്ര തുടങ്ങാൻ ആത്മാവിനെ സജ്ജമാക്കുന്ന കാശിയിൽ നിന്നും ഹേമാവതിയുടെ വിട വാങ്ങൽ... ഖജുരാഹോ എന്ന ശില്പനഗരത്തിന്റെയും ഒപ്പം ചന്ദേല രാജവംശത്തിന്റെയും ചരിത്രം അവിടെ തുടങ്ങുന്നു.
ഒരിക്കൽ നമുക്കു പോകണം തപ്തി ... രതിയുടെ ദൃശ്യവിസ്മയത്തിലേക്ക്...
ഖജുരാഹോയിലേക്ക്"
അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നു...
'എന്താ..'
"അതെ...അമ്മയുടെയും ചന്ദ്രദേവന്റെയും സ്മരണാർത്ഥം ചന്ദ്രവർമ്മമഹാരാജാവു പണി കഴിപ്പിച്ച എൺപത്തഞ്ചു ക്ഷേത്രങ്ങൾ ...രതിയുടെ നഗ്നമായ ചിത്രീകരണം കൊണ്ടും ശില്പഭംഗി കൊണ്ടും ലോകശ്രദ്ധ പിടിച്ചു പറ്റിയ കലാസൃഷ്ടിയാണത് .കാലങ്ങളോളം മഹാവനത്തിനുള്ളിൽ മറഞ്ഞു കിടക്കുകയായിരുന്നു ഈ ദൃശ്യവിസ്മയം.ഇന്നിപ്പോ ലോകപൈതൃകകേന്ദ്രങ്ങളിലൊന്നായി ഉയർത്തപ്പെട്ടിരിക്കുന്നു...ഉദാത്തമായ കലാസൃഷ്ടികൾ കാലത്തിനപ്പുറം നിലനിൽക്കുക തന്നെ ചെയ്യും"
എന്തോ പറയാനായി കണ്ണിൽ കുസൃതി നിറയ്ക്കുകയായിരുന്നു അവൾ.പക്ഷേ അവന്റെ മുഖത്തെ തികഞ്ഞ ഗൗരവം കണ്ടതു കൊണ്ടാവാം പറയാൻ വന്നതവൾ വേണ്ടെന്നു വെച്ചത്.
അവൾക്കു തണുക്കുന്നുണ്ടായിരുന്നു...ചന്ദനക്കളറിൽ മെറൂൺ സിൽക്ക് നൂലു കൊണ്ടു ചിത്രശലഭങ്ങൾ തുന്നിച്ചേർത്ത കശ്മീരി പശ്മിന ഷോൾ ഒന്നു കൂടി തോളിലേക്കു വലിച്ചിട്ടിട്ട് അവളവനെ നോക്കി.
"പോകാം കാന്നാ ...ഈ കൊച്ചു വെളുപ്പാൻ കാലത്ത് തടാകക്കരയിലിരുന്നു മഞ്ഞു കൊള്ളാമെന്ന് നേർച്ചയുണ്ടോ നിനക്ക്?"
പാന്റിന്റെ പുറകിലെ മണ്ണു തട്ടിക്കളഞ്ഞ് അവനെഴുന്നേറ്റു.
'അതാ ഏഴാം നമ്പർ മെറ്റഡോർ ... വാ ..'
കോളേജിലേക്കുള്ള വണ്ടിയാണ് .ഓടിക്കയറി വിൻഡോ സീറ്റിലേക്കിരുന്നിട്ട് അവൾ തിരിഞ്ഞു നോക്കി .പതുക്കെ നിസംഗമായ പാദചലനങ്ങളോടെ നടന്ന് അവനവൾക്കരികിലിരുന്നു...
പുറത്ത് വെയിൽ നാളങ്ങൾ വിരുന്നു വന്നു തുടങ്ങുന്നതേയുള്ളു.ശൈത്യം അങ്ങനെയാണ്...മൂടിപ്പുതച്ചു മടി തൂങ്ങിയിരിക്കും പ്രകൃതി പോലും.
മസ്ജിദിനു മുന്നിലെ അരഭിത്തിയിൽ ചമ്രം പടിഞ്ഞിരിക്കുകയാണ് ബാബ...അയാൾക്കു മുന്നിൽ വരിയായി നിൽക്കുന്ന കുറേ ആളുകൾ...കൂടുതലും കുട്ടികളെയും കൊണ്ടു വന്ന അമ്മമാരാണ്...അരികിലൊരു വലിയ പാത്രത്തിൽ വെച്ചിരിക്കുന്ന ജലത്തിൽ വേപ്പിലകൾ കൂട്ടിപ്പിടിച്ച് മുക്കി അതുകൊണ്ട് മുന്നിൽ വരുന്നവരുടെ തലയിൽ മൂന്നു വട്ടമടിക്കും ബാബ.പേടി മാറാനും പ്രേതഭയം ഇല്ലാതിരിക്കാനുമാണെന്ന് പറഞ്ഞുതന്നത് ജഗ്താർ ഭാഭിയാണ്.മെറ്റഡോർ നീങ്ങിയകലും വരെ അവൾ ആ ബാബയെ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു.
എന്നും അതവളുടെ പതിവായതിനാൽ അവനും കൗതുകത്തോടെ പുറത്തേക്കു കണ്ണയച്ചു.
മെറ്റഡോറിനുള്ളിൽ ഒരഴുക്കു മണം നിറഞ്ഞു നിൽപ്പുണ്ട്...പാൻമസാലയും ഹുക്കയും കഞ്ചാവു ബീഡിയും കൂടിച്ചേർന്നുണ്ടാക്കുന്നതാണ് ആ ഗന്ധം.പാൻ വായ്ക്കകത്തില്ലാത്ത യാത്രക്കാർ നന്നേ കുറവ്.
മുഷിഞ്ഞ വേഷവും എണ്ണമയമില്ലാതെ പാറികിടക്കുന്ന ചെമ്പിച്ച തലമുടിയും പുകയിലക്കറ പിടിച്ച പല്ലുകളും...ഒരു ശരാശരി ഭോപ്പാലിയുടെ രൂപം ഇതാണ്.ആദ്യനാളുകളിൽ ഈ മെറ്റഡോർ യാത്ര തനിക്കെത്ര മാത്രം മാനസികബുദ്ധിമുട്ടുണ്ടാക്കിയിരുന്നു എന്നവളോർത്തു.ഇത് ആസ്വദിക്കാൻ പഠിപ്പിച്ചത് കുഞ്ജ്ബിഹാരിയാണ്.
നാം ക്യാ ഹേ എന്ന ചോദ്യവുമായി അരികിൽ വന്നിരുന്ന് ഒരു നാൾ ഹൃദയവാതിലിൽ മുട്ടിയ കുഞ്ജ്ബിഹാരി എത്ര പെട്ടെന്നാണ് എന്റെ കണ്ണനായത്.പക്ഷേ ആ വിളിയിലെ ഉച്ചാരണം അവന്റെ ഭാഷ തന്നെയാവണമെന്ന് അവനു നിർബന്ധമായിരുന്നു.കണ്ണാടിയിൽ നോക്കി കാന്നാ എന്നു പറഞ്ഞു പറഞ്ഞു പഠിച്ചതോർത്തപ്പോൾ അവളുടെ മുഖത്തൊരു നിലാച്ചിരി തെളിഞ്ഞു.
വീതിയുള്ള ഡിവൈഡറിനുമേൽ ഇന്നുമുണ്ട് ഉടുതുണിയില്ലാത്ത കുട്ടികളുടെ ഒരു കൂട്ടം...നിരന്നിരുന്നു പരസ്പരം മത്സരിച്ച് പ്രാഥമികകർമ്മം നിർവഹിക്കുകയാണവർ.അറിയാതെ അവളുടെ മൂക്കൊന്നു ചുളിഞ്ഞു.
' ഉം? ' അവന്റെ മുഖത്തു ചോദ്യഭാവം.
മുഖം കൊണ്ടു തന്നെ ആ കാഴ്ച്ച ചൂണ്ടിക്കാണിച്ചു.
അതിലേക്കൊന്നെത്തി നോക്കിയതും അവന്റെ മുഖമൊരു പുഞ്ചിരിയായി വിടർന്നു ...ശെയ്ത്താൻ ബച്ചേ...വികൃതിക്കുട്ടൻമാർ.
'പിന്നേ..പട്ടാപ്പകൽ പാതയോരത്തിരുന്നു പണി പറ്റിക്കുന്നതല്ലേ വികൃതി...സംസ്കാരമില്ലായ്മയാ ഇത്'
അവന്റെ മുഖം വല്ലാതെ ചുവന്നു...കണ്ണുകളിലെ ഞരമ്പുകൾ ചോരനിറത്തിൽ എഴുന്നു നിന്നു.
'നിന്നെ പോലുള്ളവർക്കു സഞ്ചരിക്കാനാണ് വി.ഐ.പി റോഡുകളുണ്ടാക്കിയിട്ടുള്ളത്.ഭോപ്പാലിന്റെ മറ്റൊരു മുഖമാണത്.സ്വന്തമായൊരു കാർ വാങ്ങിക്കൂ...യാത്ര അതു വഴിയാക്കു'
'പിണങ്ങിയോ.. ഞാൻ കുറ്റപ്പെടുത്തിയതല്ല കാന്നാ...രാവിലെ വിസർജ്ജ്യം കണി കാണേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് പറഞ്ഞെന്നേയുള്ളൂ '
അവനൊന്നും മിണ്ടിയില്ല.ഉള്ളിൽ പടരുന്ന അസ്വസ്ഥതയോടെ അവൾ അവനെ തന്നെ നോക്കിയിരുന്നു.കാണെക്കാണെ മുഖം ശാന്തമായി.കൺഞരമ്പുകളിലെ ചുവപ്പു നിറം ഇളംനീലയിലേക്കു പകരുന്നതും ശാന്തമായൊരു തടാകം പോലെ അവ സ്വച്ഛമാകുന്നതും അവൾ കണ്ടു.
"നിനക്കു മനസ്സിലാവില്ല തപ്തി...ഹൃദയത്തിൽ മുറിവേറ്റ നഗരമാണിത്.മനുഷ്യരാൽ ഏൽപ്പിക്കപ്പെട്ട മുറിവ് ...ഒരു രാവും പകലും വിഷം കലർന്ന പ്രാണവായു ശ്വസിക്കേണ്ടി വന്നവന്റെ ദുരവസ്ഥ സങ്കൽപ്പിക്കാനാവുമോ നിനക്ക്?
ശ്വാസമില്ലാതാവുക...ഉള്ളിലേക്കെടുക്കുന്ന പ്രാണവായു ശ്വാസനാളിയെ കത്തിച്ചുകളയുക...ആന്തരാവയവങ്ങൾ പുകഞ്ഞു പുകഞ്ഞു നിൽക്കക്കള്ളിയില്ലാതെ എങ്ങോട്ടെന്നറിയാതെ പരക്കം പായേണ്ടി വരിക...മുപ്പത്തിനാലു വർഷം മുൻപു കണ്ട ആ പേടിസ്വപ്നത്തിൽ നിന്ന് ഇനിയും പൂർണ്ണമായി ഉണർന്നിട്ടില്ല ഭോപ്പാൽ...'
കേട്ടറിവു മാത്രമുള്ള ആ ദുരന്തചിത്രങ്ങൾ അവളുടെ മനസ്സിലേക്കും പാഞ്ഞെത്തി .പൂർണ്ണമായും മണ്ണിൽ പുതഞ്ഞ വിളറിവെളുത്തൊരു കുഞ്ഞുമുഖത്തെ ഇനിയുമടഞ്ഞിട്ടില്ലാത്ത കണ്ണുകളിൽ തെളിഞ്ഞ ശൂന്യത ഓർത്ത് അവളൊന്നു നടുങ്ങി.
"ഈ ലോകത്ത് രണ്ടു തരം മനുഷ്യരേ ഉള്ളൂ തപ്തി...പണക്കാരും ...പാവപ്പെട്ടവരും.ജാതിയും മതവും നിറവും ഭാഷയും ദൈവങ്ങളുടെ പേരിലുള്ള രക്തച്ചൊരിച്ചിലും ഒക്കെ അതിന്റെ ഉപോൽപ്പന്നങ്ങൾ മാത്രമാണ്.
സ്ഥാപിത താത്പര്യങ്ങൾക്കു വേണ്ടി മനപൂർവ്വം
സൃഷ്ടിക്കപ്പെടുന്ന ഉപോൽപ്പന്നങ്ങൾ"
ഓരോ വാക്കുച്ചരിക്കുമ്പോഴും അവന്റെ തോളെല്ലുകൾ തെളിയുകയും മറയുകയും ചെയ്യുന്നത് കൗതുകത്തോടെയവൾ നോക്കിയിരുന്നു.പറയുന്നതിൽ പകുതിയും അവൾക്കു മനസ്സിലാവുന്നുണ്ടായിരുന്നില്ല.
പക്ഷേ അതു പറയുമ്പോൾ അവനിലുണ്ടാകുന്ന ഭാവവിത്യാസങ്ങൾ അവളെ പിടിച്ചിരുത്താൻ മാത്രം ശക്തമായിരുന്നു.
'ഇന്ന് ലോകം ഭരിക്കുന്നത് പണമാണ്.ചിലരിലേക്കു മാത്രം കുമിഞ്ഞു കൂടുന്ന പണം.ചിലരുടെ പ്രാർത്ഥനകളിൽ മാത്രം കണ്ണു തുറക്കുന്ന ദൈവങ്ങൾ...നീ ശ്രദ്ധിച്ചിട്ടുണ്ടോ തപ്തി ...ചിലരെ ദൈവം സൃഷ്ടിക്കുന്നത് സങ്കടപ്പെടാൻ മാത്രമാണ്.ചിലരെ ധൂർത്തടിക്കാനും'
അവളെ ഒന്നു നോക്കിയിട്ട് ദീർഘമായി ഒന്നു ശ്വസിച്ചു അവൻ.
'സൃഷ്ടിക്കുന്നത് ശരിക്കും ദൈവമാണെങ്കിൽ'
'നാക... നാക...കോയി ഉതർനാ ഹേ?'
അവിചാരിതമായി അവർക്കിടയിൽ ചൂഴ്ന്നിറങ്ങിയ നിശ്ശബ്ദതയിലേക്ക് കണ്ടക്ടറുടെ പരുക്കൻ സ്വരമുയർന്നു.
'ഇറങ്ങാം...കാന്നാ'
അന്നു കോളേജിലേക്കു നടക്കുമ്പോൾ അവൾ നിശ്ശബ്ദയായിരുന്നു.അവനും.
...
എന്തു കൊണ്ടാണ് ഖജുരാഹോ
ഇത്ര മാത്രം തന്നെ ഭ്രമിപ്പിക്കുന്നതെന്ന് കുഞ്ജ്ബിഹാരിക്ക് മനസ്സിലായതേയില്ല.
കുലത്തൊഴിൽ ശില്പം കൊത്തലാണ്.
എങ്കിലും വിദ്യാഭ്യാസം നേടി മറ്റെന്തെങ്കിലും ജോലിയിലേക്ക് തിരിയട്ടെ എന്നു കരുതിയിട്ടാണ് അപ്പാ കോളേജിൽ ചേരാൻ നിർബന്ധം പിടിച്ചതെന്ന് അറിയാതെയല്ല.
ശില്പവിദ്യ ഒരുപാടൊന്നും തന്നെ ആകർഷിച്ചിട്ടുമില്ല.എന്നിട്ടുമെന്തേ കേട്ടറിവു മാത്രമുള്ള ഈ ശില്പസമുച്ചയം ഇത്രയേറെ തന്നെ ആകർഷിക്കുന്നത്...
കുതിരവണ്ടി വല്ലാതൊന്നുലഞ്ഞു.അവന്റെ ചിന്തകളുടെ ചരടുകളെ മുറിച്ചുകൊണ്ട്.
'ഖജുരാഹോ ആ ഗയാ ഭായ്സാബ്...ഹമേ ജാനേ ദോ...'
വണ്ടിക്കാരന് പണം കൊടുത്ത് ഖജുരാഹോയുടെ മണ്ണിലേക്ക് കാലു കുത്തുമ്പോൾ ഹൃദയത്തിലെങ്ങോ പുതിയൊരു നീർച്ചാലിന്റെ ഉറവ കിനിഞ്ഞുതുടങ്ങുന്നത് അവനറിയുന്നുണ്ടായിരുന്നു.
പുലർവെയിലിൽ തിളങ്ങുകയാണ് ഖജുർ നദി...
ഈന്തപ്പനകൾ തണലൊരുക്കിയൊരു ഗതകാലം ഉണ്ടായിരുന്നതിനാലാവുമോ
അതോ ഈന്തപ്പഴമധുരമുള്ള കുളിർജലമായതിനാലോ നദിക്കീ പേരു കിട്ടിയത്.
ഓളങ്ങളിൽ തട്ടി വെളിച്ചം പ്രതിഫലിക്കുന്നു...
ഇവിടെ നിന്നു തുടങ്ങുകയാണ് ഖജുരാഹോയുടെ വിസ്മയക്കാഴ്ച്ച.
ചെങ്കല്ലിൽ തീർത്ത വിസ്മയലോകം
കുഞ്ജ്ബിഹാരിയുടെ കണ്ണിലും മനസ്സിലും ആഴത്തിൽ പതിഞ്ഞു.
ചുവർശില്പങ്ങൾ പറയാതെ പറയുന്ന കഥകൾ ...ഹൈന്ദവ-ജൈന-ബുദ്ധ ദൈവങ്ങളെ തുല്യപ്രാധാന്യത്തോടെ കൊത്തിവെച്ചിരിക്കുകയാണ്.
ഓരോ ശില്പവും എത്ര സൂക്ഷ്മമായാണ് കടഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ആ ശില്പിയുടെ വിരൽത്തുമ്പുകൾ ത്രസിച്ചു.
ഓരോ ശില്പങ്ങളെയും തൊട്ടു തലോടി ആ വിരലുകൾ സഞ്ചരിച്ചു.
അവയുടെ പൂർണ്ണത,അവയുടെ ചാരുത,അവയുടെ മനോഹാരിത...
ശില്പി ശില്പത്തിലേക്കിറങ്ങി...
ശില്പി ശില്പത്തിലേക്കാഴ്ന്നു..
ശില്പി ശില്പമായിത്തീർന്നു.
മഹേശ്വരനും മഹാദേവിയും വിഷ്ണുവും ലക്ഷ്മിയും ബുദ്ധനും മഹാവീരനും
വസ്ത്രത്തിന്റെ ഭാരമില്ലാത്ത മുഗ്ദ്ധബിംബങ്ങളായി ക്ഷേത്രച്ചുമരിൽ പുഞ്ചിരി തൂകി നിൽക്കുന്നു.
വരാഹമൂർത്തിക്കരികിൽ തളർന്നിരിക്കുമ്പോൾ ശില്പി തപ്തിയെയോർത്തു.
അവൾ കൂടെയുണ്ടായിരുന്നെങ്കിൽ...
വരണം അവളെയും കൊണ്ടൊരുനാൾ...ലൗകികതയുടെ ഈ വിസ്മയലോകത്തേക്ക്...ജീവിതത്തിന്റെ ആഘോഷത്തിലേക്ക്.
ശില്പിക്കു കാലുറച്ചില്ല...ഇനിയുമുണ്ടേറെ...കാണാനൊരുപാട്...
ക്ഷേത്രങ്ങളിൽ നിന്നു ക്ഷേത്രങ്ങളിലേക്ക് ... ശില്പത്തിൽ നിന്നു ശില്പത്തിലേക്ക്...
അമൂർത്തമായ ഓരോ കൊത്തുപണിയും അവനിലെ ശില്പിയെ ഉത്തേജിപ്പിച്ചു കൊണ്ടേയിരുന്നു..
മണ്ഡപത്തിൽ മണിപ്രവാളം കഥക് നൃത്തമായി അവതരിപ്പിക്കുകയാണ് അനുഗ്രഹീതരായ കലാകാരൻമാർ...
നൃത്തോത്സവത്തിന്റെ ഒരുക്കങ്ങളിലേക്കോ...അലങ്കാരങ്ങളിലേക്കോ...
തിരക്കുകളിലേക്കോ...
അവന്റെ ശ്രദ്ധ ചെന്നതേയില്ല.
അവനാ ശില്പഭംഗിയിലേക്ക് അലിഞ്ഞുചേരുകയായിരുന്നു.
അതോ ആ ശിലാശില്പങ്ങൾ അവനിലേക്ക് ഒഴുകി നിറയുകയായിരുന്നോ.
ഒരു ദിവസം മുഴുവൻ ...ഉദയം മുതലുദയം വരെ ...കുഞ്ജ്ബിഹാരി ആ ക്ഷേത്രസമുച്ചയങ്ങൾക്കിടയിലൂടെ നടന്നുകൊണ്ടേയിരുന്നു.
ഓരോ ശില്പത്തിന്റെയും രൂപഭംഗി ആത്മാവിലേക്കാവാഹിച്ചു.
വിന്ധ്യാപർവതത്തിന്റെ,ബുന്ദേൽഖണ്ഡ് മഹാവനത്തിന്റെ,ഖജുർനദിയുടെ എല്ലാ വന്യപ്രൗഢസൗന്ദര്യവും
ആ പ്രതിമകളിലേക്കാവാഹിക്കപ്പെട്ട കാഴ്ച്ച കണ്ടിട്ടും കണ്ടിട്ടും മതിവരാത്തൊരു മോഹനദൃശ്യമായി അവനെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു.
അതെ...പ്രകൃതിയുടെ സൗന്ദര്യം ...ആവരണങ്ങളില്ലായ്മയിലാണ്...
ആരാധനാമൂർത്തികളെ നഗ്നരായി ചിത്രീകരിക്കാൻ ...
ഇത്രയും സ്പഷ്ടമായി ലൗകികജീവിതം അവരിലൂടെ ചിത്രീകരിക്കാൻ ചന്ദേലരാജാക്കൻമാരെ പ്രേരിപ്പിച്ചതെന്താവും...?
അടുത്ത നിമിഷം അവനാ ചിന്ത തിരുത്തി.
എന്തു കൊണ്ടു പാടില്ല...
സൃഷ്ടിയിലൂടെ നിലനിർത്തപ്പെടുന്ന പ്രപഞ്ചത്തെ കുറിച്ച് സ്രഷ്ടാക്കളിലൂടെ പറയുക...സ്ത്രീപുരുഷസംയോഗം അതിന്റെ എല്ലാ പവിത്രതയോടെയും അംഗീകരിക്കപ്പെടേണ്ടതാണെന്ന് കലയിലൂടെ വിളിച്ചോതുക...
കലയുടെ പരമമായ ധർമ്മം...കലയുടെ പൂർണ്ണത...കലയുടെ ശ്രേഷ്ഠത....
ആ നൂറുവർഷങ്ങളിൽ ജനിച്ചില്ലല്ലോ എന്ന വേദന ഒരു മിന്നൽപ്പിണർ പോലെ അവന്റെ ആത്മാവിനെ പിളർത്തി.
എന്തു കൊണ്ട് ഈ കാലത്തു പാടില്ല എന്ന ചിന്ത ഇടിമുഴക്കമായി അവന്റെ പ്രഞ്ജയെ ഉണർത്തി.
അവൻ സ്വയമുരുകിത്തീരുകയായിരുന്നു...
അവൻ വീണ്ടും രൂപപ്പെടുകയുമായിരുന്നു.
അവനിലെ ശില്പി ആധുനികലോകത്തെ സാമൂഹ്യസദാചാര നിയമങ്ങളെയൊക്കെ തച്ചുടച്ച് പ്രഞ്ജയെ കീഴടക്കുന്നതറിഞ്ഞു കൊണ്ടു തന്നെയാണ് ഖജുർനദിയിലൊന്നു കാൽ നനച്ച് അവനാ നഗരത്തോടു യാത്ര ചോദിച്ചത്.
ഇനിയൊന്നും പഴയതു പോലെയാവില്ലെന്ന് ആ നിമിഷം അവനോടാരോ പറയുന്നുണ്ടായിരുന്നു.
അതേ അർത്ഥത്തിൽ തന്നെ അവനത് ഉൾക്കൊള്ളുകയും ചെയ്തു.
...
"കാന്നാ...നീയേതു ലോകത്താ...എന്നെ കൂട്ടാതെ നീയെന്തിനാ ഖജുരാഹോയിലേക്കു പോയത്"
അവൾ പരിഭവിക്കാൻ ശ്രമിച്ചു.പക്ഷേ അവന്റെ കണ്ണുകളിൽ കാലം ഉറങ്ങിക്കിടന്നു.അവനാ പരിഭവം മനസ്സിലായതേയില്ല.
'ഞാനൊരു ശില്പസമുച്ചയം സൃഷ്ടിക്കാൻ പോകുന്നു ...ഖജുരാഹോ ഒരു നിമിത്തമാണ് തപ്തി...ഞാനെന്ന ശില്പിയുടെ നിയോഗത്തിലേക്കുള്ള ചൂണ്ടുപലക.ഞാനെന്ന ശില്പിയുടെ സാക്ഷാത്ക്കാരത്തിലേക്കുള്ള വഴി...ഞാനെന്ന ശില്പി......'
'എന്താണ് സൃഷ്ടിക്കാൻ പോകുന്നത്...?
നിന്റെ വാക്കുകളുടെ ആഴം എന്നെ ഭയപ്പെടുത്തുന്നല്ലോ കാന്നാ...എന്തോ
വിപത് സൂചന ...എന്റെ ഹൃദയമിടിപ്പുകളുടെ താളം എനിക്കു നിയന്ത്രിക്കാവുന്നതിലും വേഗത്തിലാവുന്നു...'
വേപഥുവോടെ അവൾ അവനെ നോക്കി...അവന്റെ കണ്ണുകളിൽ അനിർവചനീയമായൊരു മുഗ്ദ്ധഭാവം തെളിയുന്നതവൾ കണ്ടു.
"രാസലീല ... വൃന്ദാവനത്തിലെ രാസലീലാദൃശ്യങ്ങൾ വാഗ്മയചിത്രത്തിന്റെ അതേ പൂർണ്ണതയോടെ ഞാൻ കല്ലിൽ കൊത്തും..."
'എന്നു വെച്ചാൽ...?'
അവളുടെ സ്വരം വിറയാർന്നിരുന്നു.
'പ്രകൃതി നഗ്നമാണ് തപ്തി...കല ചിത്രീകരിക്കുന്നത് പ്രകൃതിയെ അല്ലേ....'
'ചന്ദേലരാജാക്കൻമാരുടെ കാലമല്ലിത്.ഈ കാലത്തിൽ ഇങ്ങനെയൊരു സൃഷ്ടി...അതും ഒരു ദൈവത്തിന്റെ രൂപം.അതിലെ വെല്ലുവിളി നിനക്കറിയില്ലേ...ആരും നിന്നെ വെറുതെ വിടില്ല.നിന്റെ ജീവനും ജീവിതവും നഷ്ടപ്പെടുത്തിയിട്ടു വേണോ ഈ മഹത്തായ കലാസൃഷ്ടി?'
'ഖജുരാഹോ ഒരോർമ്മപ്പെടുത്തലാണ് തപ്തി...കലയെ കലയായി അംഗീകരിച്ചിരുന്ന ഒരു സംസ്കാരം ഭാരതം പിൻതുടർന്നിരുന്നു എന്ന ഓർമ്മപ്പെടുത്തൽ...കലയെ ആയുധമായി കാണരുത് എന്ന മുന്നറിയിപ്പ്..
ബുദ്ധജൈനഹിന്ദു സംസ്ക്കാരങ്ങളുടെ സമന്വയം...നാനാത്വത്തിലെ ഏകത്വത്തിന്റെ മഹനീയത വിളിച്ചോതുന്നു.ഒന്നിനെയും നശിപ്പിക്കലല്ല...ഒന്നിനെ മറ്റൊന്നിനു മുന്നിൽ ഇടിച്ചു താഴ്ത്തലല്ല ...എല്ലാത്തിനെയും ഒരേ മനസ്സോടെ അംഗീകരിക്കലാണ് ...അതിലെ നൻമയെ സ്വാംശീകരിക്കലാണ് നമ്മുടെ സംസ്ക്കാരം.
മൂല്യബോധമില്ലാതെ വളരുന്ന ഒരു തലമുറയെ ആ സാംസ്കാരിക പൈതൃകം ഓർമ്മിപ്പിക്കലാണ് എന്റെ ജൻമോദ്ദേശ്യമെന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നു.അത് ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും'
നടന്നകലുന്ന അവന്റെ കാലടികളിലേക്കു കണ്ണു നട്ട് എന്തു ചെയ്യണമെന്നറിയാതെ തപ്തി നിന്നു.അവളുടെ വലംകണ്ണ് ഒരാപത്സൂചനയെന്ന പോലെ നിർത്താതെ തുടിച്ചുകൊണ്ടേയിരുന്നു.
...
ആ ശബ്ദങ്ങൾക്ക് രൂപമില്ലായിരുന്നു...അത് ഇരുട്ടിൽ മാത്രം കാതുകളിൽ നിന്നു കാതുകളിലേക്കു പകരുന്നൊരു പിറുപിറുക്കലായി കുഞ്ജ്ബിഹാരിക്കു ചുറ്റും ഊറിക്കൂടിക്കൊണ്ടിരുന്നു.അത് സംഹാരത്തിന്റെ ആഹ്വാനവുമായി അവനു ചുറ്റും വേലി തീർത്തുകൊണ്ടിരുന്നു.
ആ ശബ്ദത്തിന് ചോരയുടെ മണമുണ്ടായിരുന്നു...
തനിക്കു ചുറ്റും കനത്തുവരുന്ന കൂരിരുട്ടിലേക്കു മുഖമുയർത്താൻ പോലും മെനക്കെടാതെ ശില്പി തന്റെ ശില്പത്തിൽ മുഴുകി.അവസാനത്തെ മിനുക്കുപണികൾ കൂടി...അതു കൂടി പൂർണ്ണമായാൽ രാധാമാധവം ലോകത്തിനു മുന്നിൽ സമർപ്പിക്കാം.
കരിങ്കല്ലിൽ തീർത്ത കൃഷ്ണൻ വെണ്ണക്കല്ലിൽ കൊത്തിയ രാധയിൽ സ്വയം മറന്ന ആ മോഹചിത്രം...ചുറ്റും നിരന്ന ഗോപികമാർക്ക് ചെങ്കല്ലുകളാൽ മിഴിവു നൽകി.
മൂടിയിട്ട വസ്ത്രം പതിയെ മാറ്റി ആ മനോഹരശില്പത്തിന്റെ ഭംഗിയാസ്വദിച്ച് ഒരു നിമിഷം ശില്പി സ്വയം മറന്നു നിന്നു...ജൻമസാഫല്യത്തിന്റെ സന്തോഷം അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നു.
അതേ നിമിഷം തന്നെയാണ് ഇരുളിലെ ശബ്ദങ്ങൾക്കു കൈ മുളച്ചത്.
അതേ നിമിഷം തന്നെയാണ് അതിൽ നിന്നൊരു കല്ല് ചീറിപ്പാഞ്ഞത്.
അതേ നിമിഷം തന്നെയാണ് തലയ്ക്കു പിറകിൽ നിന്നു കുതിച്ചു ചാടിയ ചോരച്ചാലിലേക്കു കൈ ചേർത്ത് ശില്പി ഒരാർത്തനാദത്തോടെ നിലം പതിച്ചത്.
കല്ലുകൾ തുടരെത്തുടരെ പറന്നു വന്നുകൊണ്ടിരുന്നു...ശില്പത്തിന്റെ ഭാഗങ്ങളോരോന്നായി അടർന്നു വീണുകൊണ്ടേയിരുന്നു...ആ രാത്രി മുഴുവൻ അതങ്ങനെ തുടരുകയായിരുന്നു.
....
തപ്തിയുടെ കാലുകൾ മുന്നോട്ടു നീങ്ങാൻ ഭയന്നു...കറുപ്പും ചുവപ്പും വെള്ളയും നിറമുള്ള ചെറുചീളുകളായി ശില്പം അവിടെ ചിതറിക്കിടന്നിരുന്നു.അവയ്ക്കിടയിലെങ്ങോ പൂർത്തിയാകാതെ പോയ മറ്റൊരു ശില്പമായി അവളുടെ കണ്ണനും.
ഒരിക്കൽക്കൂടി നോക്കാൻ ഭയന്ന് അവൾ പതിയെ തിരിഞ്ഞുനടന്നു...കാലുകളുടെ വേഗം കൂടി...അവ അവൾക്കു സങ്കൽപ്പിക്കാവുന്നതിനേക്കാൾ വേഗത്തിൽ അവളെയും വഹിച്ചു മുന്നോട്ടു നീങ്ങി...ലക്ഷ്യമില്ലാതെ മാർഗമറിയാതെ അവൾ ഓടിക്കൊണ്ടേയിരുന്നു.പുറത്തുവരാൻ മറന്നു പോയൊരാർത്തനാദം അപ്പോഴും അവൾക്കുള്ളിൽ ചുഴറ്റിയടിച്ചുകൊണ്ടേയിരുന്നു.
...............
അവസാനിച്ചു.
🖋ദിവിജ.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo