Slider

കൂടിക്കാഴ്ച്ച

0
Image may contain: Divija, closeup
.....................
വാതിൽ തുറന്ന അവൾക്ക് ഒരു തപസ്വിനിയുടെ ഭാവമായിരുന്നു.
ആ സമയം അവിടെ ഞാനുണ്ടാവുക എന്നത് തീർത്തും അപ്രതീക്ഷിതമായിരുന്നെങ്കിലും അവളുടെ ചിരിയിൽ അതൊട്ടും പ്രതിഫലിച്ചില്ല.
ആ വാതിൽക്കലെത്തും വരെ കാലുകളുടെ ഭാരം കൂട്ടി യാത്ര മന്ദീഭവിപ്പിച്ചു കൊണ്ടിരുന്ന അന്യഥാബോധം എന്റെ ചിരിയുടെ നിറം കെടുത്തിക്കളഞ്ഞിരിക്കണം.
ഒരു നിമിഷം അവളുടെ നോട്ടം ഒന്നു സൂക്ഷ്മമായത് തീർച്ചയായും ഞാൻ ശ്രദ്ധിച്ചിരുന്നു.
ഇഞ്ചിയും കാന്താരിയും ഉപ്പും ചേർത്ത നെല്ലിക്കാനീര് രുചിച്ചുകൊണ്ട് ഉമ്മറത്തിണ്ണയിൽ പുറത്തേക്കു നോക്കിയിരിക്കവേയാണ് അവൾ പറഞ്ഞത്.
'ഇന്ന് തണുത്ത വെയിലുള്ള ദിവസമാണ്.'
ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി.
'വെയിലിന് തണുപ്പോ?'
അവൾ ഭംഗിയായി ചിരിച്ചു.കവിളിൽ തെളിഞ്ഞ നുണക്കുഴികൾക്കു പക്ഷേ പഴയ മാദകഭാവം ഉണ്ടായിരുന്നില്ല.ഇത്രയും അടുത്തവളുണ്ടായിട്ടും ഒന്നു വിരൽത്തുമ്പു നീട്ടിത്തൊടാൻ എന്താണ് എനിക്കു തോന്നാത്തതെന്ന് അതിശയത്തോടെ ഞാനാലോചിച്ചു.അവിടെയെത്തും വരെ എന്റെ മനസ്സിൽ അവളോട് പിണക്കമുണ്ടായിരുന്നു.എന്നെ കാണുന്ന മാത്രയിൽ അവളുടെ കണ്ണുകൾ നിറയുമെന്നും ചുണ്ടുകൾ വിറകൊള്ളുമെന്നും എനിക്കു മുന്നിൽ ഒരു കുറ്റവാളിയെ പോലെ തല താഴ്ത്തി അവൾ നിൽക്കുമെന്നും ഇങ്ങോട്ടു വരുമ്പോൾ ഞാൻ കരുതിയിരുന്നു.
കുറച്ചു നേരം അവളെ നന്നായി വേദനിപ്പിക്കുന്നത്ര ക്രൂരമായി മൗനം ആയുധമാക്കണമെന്നും സഹിക്കാനാവാതെ അവളവസാനം പൊട്ടിക്കരയുമ്പോൾ നെഞ്ചിൽ ചേർത്ത് തിരികെ മടങ്ങണമെന്നും ,അങ്ങനെ എന്തൊക്കെയോ ഞാൻ ......
"വെയിലിന്റെ തണുപ്പ് ഞാനറിഞ്ഞത് ഇവിടെ വന്നിട്ടാണ്.നേർത്ത തണുപ്പും ഇളംചൂടും കലർന്ന വെയിൽ മങ്ങും വരെ മുറ്റത്തിറങ്ങി നിന്ന് ഞാനതാസ്വദിക്കാറുണ്ട്."
"നീയിവിടെ എങ്ങനെ നേരം കളയുന്നു ?തനിച്ച്...മടുപ്പു തോന്നാറില്ലേ?"
"നൃത്തം പഠിക്കാൻ വരുന്ന കുട്ടികൾ പോയ്ക്കഴിഞ്ഞാൽ ഞാനിവിടെ വന്നിരിക്കും.വെറുതെ...ഒന്നും ചെയ്യാതെ ...ഒന്നും ചിന്തിക്കുക പോലും ചെയ്യാതെ.
മഞ്ഞിലേക്ക്,മഴയിലേക്ക്,വെയിലിലേക്ക് മിഴി നട്ട് മണിക്കൂറുകളോളം.അത്തരം നിമിഷങ്ങളിൽ നമുക്ക് ഒട്ടും ഭാരമുണ്ടാവില്ല.ഒരപ്പൂപ്പൻതാടി പോലെ..."
"ഞാൻ നിന്നെ കൂട്ടിക്കൊണ്ടുപോവാനാണ് വന്നത്."
വാക്കുകൾ ആത്മവിശ്വാസമില്ലാത്ത കുട്ടിയെ പോലെ അവൾക്കു മുന്നിൽ നഖം കടിച്ചു നിൽക്കുന്നത് എനിക്കു കാണാമായിരുന്നു.
"കുറേ നാളായില്ലേ വെറുതെ ഒരാവശ്യവുമില്ലാതെ വഴക്കിട്ട് നീയിറങ്ങിപ്പോയിട്ട്.
ഇനി വാശി മതിയാക്കൂ.നമുക്ക് തിരിച്ചു പോകാം."
ഒന്നു നിർത്തി ഞാനവളെ നോക്കി.അവളിൽ യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല.
"കുഞ്ഞുണ്ടാവാൻ വൈകുന്നതിന്റെ വിഷമത്തിൽ എന്തൊക്കെയോ പറഞ്ഞു.ഒക്കെ മറന്നുകളയാം നമുക്ക്.നൃത്തം പഠിപ്പിക്കാൻ വീട്ടിൽ സൗകര്യമൊരുക്കാം.പ്രോഗ്രാമുകൾക്കു പോകണമെങ്കിൽ അതുമാകാം.ഞാനൊന്നിനും ഇനി തടസ്സമാകില്ല"
അനാവശ്യമായ യാചനാഭാവം വാക്കുകളിൽ കലരുന്നു എന്ന തോന്നലിൽ പെട്ടെന്നു ഞാൻ പറഞ്ഞു നിർത്തി.
അല്പനേരത്തെ മൗനത്തിനു ശേഷം അവളെന്നെ നോക്കി.
"അവിടെ നിന്നൊക്കെ ഒരുപാടു ദൂരം യാത്ര ചെയ്തു പോന്നില്ലേ നമ്മൾ ? "
മറ്റാരുടെയോ സ്വരം പോലെ.
അത്രയും ശാന്തമായി അവൾക്ക് സംസാരിക്കാനാവുമെന്ന് എനിക്കറിയില്ലായിരുന്നു.
അവളുടെ നോട്ടം പുറത്തേക്കായിരുന്നു.
വെയിലിലേക്ക്...
അവളുടെ മാത്രം തണുത്ത വെയിൽ.
"ഞാൻ നിന്റെ ഭർത്താവാണ് "
വീണ്ടുമൊരു ചിരിയിൽ അവളുടെ നുണക്കുഴികൾ തെളിഞ്ഞു.
ഇരച്ചു കയറി വന്ന കോപമടങ്ങാനായി ഞാനാ വെയിലിലേക്കിറങ്ങി ഒരു സിഗരറ്റിനു തീ കൊളുത്തി.
ശരിയാണ്.വെയിലിനു തണുപ്പുണ്ട്.
തിരിഞ്ഞുനോക്കിയപ്പോൾ അവളിരുന്നിടം ശൂന്യമായിരുന്നു.
മോരൊഴിച്ച കഞ്ഞിയും ചുട്ട പപ്പടവും വെളുത്തുള്ളിച്ചമ്മന്തിയും.കഞ്ഞി വിളമ്പിത്തരുമ്പോൾ അവളെന്തോ കാര്യമായി ചിന്തിക്കുകയാണെന്നു തോന്നി.
"ഇതൊന്നും കഴിക്കാൻ ഇഷ്ടമല്ലെന്നറിയാം.ഇവിടെ ഇതൊക്കെയേ പതിവുള്ളൂ."
മറുപടി പറഞ്ഞില്ല.ഒരു സ്പൂൺ കഞ്ഞി വായിൽ വെച്ച് ചമ്മന്തി കൂടി തൊട്ടു നക്കിയപ്പോൾ ഒരു പ്രത്യേകസ്വാദ് തോന്നി.ഇതുവരെ പരിചയിച്ചിട്ടില്ലാത്ത രുചി.
മുറ്റം നിറയെ പറന്നിറങ്ങിയ പ്രാവുകൾക്ക് നുറുക്കരി വിതറിക്കൊടുക്കുമ്പോഴാണ് പിന്നെയവൾ സംസാരിച്ചത്.എന്റെ കൈയിലപ്പോൾ ഒരു കപ്പു ചൂടുകാപ്പിയുണ്ടായിരുന്നു.ചുക്കും കരിപ്പെട്ടിയും കുരുമുളകും ചേർത്ത മധുരവും എരിവും ഒപ്പത്തിനൊപ്പം നിൽക്കുന്ന കാപ്പി.
"എപ്പോഴാണ് ഒരാൾ ഭർത്താവാകുന്നത്?"
അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ കുരുമുളകിന്റെ കുത്തൽ നെഞ്ചിൽ തടഞ്ഞ് ഒന്നു രണ്ടു വട്ടം ഞാൻ ചുമച്ചു.
കണ്ണിൽ നീരു നിറഞ്ഞു.
ഓടി അടുത്തുവരാറുണ്ടായിരുന്ന,നെഞ്ചിൽ തടവി ,നെറുകയിൽ തട്ടി കണ്ണീർ തുടച്ചു കളയാറുണ്ടായിരുന്ന അവളെ ഞാൻ നോക്കി.
പക്ഷേ അവളത് ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല.
അവളുടെ കൈക്കുമ്പിളിൽ ഒരു വെളുത്ത മയിൽപ്രാവുണ്ടായിരുന്നു.അരുമയോടെ അവളതിന്റെ തൂവലുകളിൽ വിരലോടിച്ചു കൊണ്ടിരുന്നു.
"ഒരു ഭർത്താവിന് ഭാര്യയുടെ ഹൃദയമിടിപ്പിന്റെ താളവ്യതിയാനം അളക്കാനാവണം.
വാക്കുകളുടെ കഠാരമുനകൾ അവളിലുണ്ടാക്കുന്ന മുറിവിന്റെ ആഴത്തെക്കുറിച്ച് ബോധ്യമുണ്ടാവണം.
എല്ലാവർക്കുമിടയിൽ ഒറ്റപ്പെട്ടുപോകുമ്പോഴുണ്ടാകുന്ന ശ്വാസംമുട്ടൽ അവളനുഭവിക്കാതിരിക്കാനുള്ള കരുതലുണ്ടാവണം.
ഒക്കേത്തിനുമുപരിയായി അവളുടെ സ്വാതന്ത്ര്യമോ താൻ കൊടുക്കുന്ന സ്നേഹമോ ഔദാര്യമല്ല എന്ന തിരിച്ചറിവുണ്ടാകണം."
എനിക്കു നേരെ തിരിഞ്ഞ് തെളിഞ്ഞ ചിരിയോടെ അവളാ പ്രാവിനെ മുകളിലേക്കു പറത്തി വിട്ടു.
"കഴുത്തിലൊരു ചരടു കെട്ടിയാലോ ഒരേ കിടക്ക പങ്കിട്ടാലോ അതു സാധ്യമാവണം എന്നില്ല."
ആ ദിവസം മുഴുവൻ കൂടെയുണ്ടായിരുന്നിട്ടും അവളുടെ കഴുത്ത് ശൂന്യമാണെന്ന് ശ്രദ്ധിച്ചില്ലല്ലോയെന്ന് ഞെട്ടലോടെ ഞാനോർത്തു.
സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു.
കടുംചുവപ്പുസൂര്യൻ മലനിരകളുടെ കറുപ്പിലേക്കിറങ്ങുന്നത് നോക്കി ശൂന്യമായ മനസ്സോടെ ഞാനവിടെ തന്നെയിരുന്നു.
"നാട്ടിലേക്കുള്ള വണ്ടി ഏഴുമണിക്കാണ്."
ഓർമ്മപ്പെടുത്തലോ , ഇറങ്ങിപ്പോകൂ എന്ന ആജ്ഞയോ...?
അവളുടെ മുഖത്ത് തെല്ലും കാലുഷ്യമുണ്ടായിരുന്നില്ല.
എനിക്കു നേരെ നീട്ടിയ പേപ്പർ വാങ്ങുമ്പോൾ കൈകൾക്ക് നേർത്ത വിറയൽ.
അവളപ്പോഴും ചിരിച്ചു.
നെറ്റിയിലെ വെളുത്ത ഭസ്മക്കുറി പോലെ ശുഭ്രമായ പുഞ്ചിരി.
"മറ്റൊരു വിവാഹം കഴിക്കൂ.സ്വന്തം രക്തത്തിൽ ഒരു കുഞ്ഞുണ്ടാവട്ടെ"
മറുപടി പറയാതെ ഇറങ്ങി നടന്നു.
നാവു വരണ്ടുപോയിരുന്നു.
ശബ്ദം നഷ്ടപ്പെട്ടുവോ എന്നു കൂടി ഒരുവേള ഞാൻ സംശയിച്ചു.
പത്തടി നടന്നതേയുള്ളൂ.ആയിരം നൂലുകളായി ആകാശത്തു നിന്നും മഴക്കൈകളെന്നെ തേടിയെത്തി.
അപ്പോഴും എന്റെ വിരലുകൾക്കിടയിൽ ചെറുതായി വിറച്ചുകൊണ്ടിരുന്ന വിവാഹമോചനഹർജിയിലേക്ക് വാശിയോടെ അവ പെയ്തിറങ്ങി.
അവളുടെ കൈയൊപ്പ് പതിയെ മാഞ്ഞുപോകുന്നത് നോക്കിനിൽക്കേ എന്റെ കണ്ണുകളും പെയ്തു തുടങ്ങിയിരുന്നു.
ഞാനവളെ തിരിഞ്ഞു നോക്കി.
ആ മഴയിൽ അവളും നനയുന്നുണ്ടായിരുന്നു.
തണുപ്പു മാത്രമുള്ള പാവം ഒരു നൂൽമഴ.
.......................................
🖋ദിവിജ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo