നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 18


ഓരോന്ന് ആലോചിച്ച് കൊണ്ട് ജിതേഷ്  റോഡിൻറെ ഇരുവശങ്ങളിലേക്കും നോക്കി കാർ  ഡ്രൈവ് ചെയ്യുകയായിരുന്നു.പെട്ടെന്നവൻ കാർ ബ്രേക്ക് ചവിട്ടി! റോഡിൻറെ  സൈഡിലായി ടാർപോളിൻ കെട്ടിയ ഒരു ചെറിയ കടയുടെ മുൻപിലെ  ബെഞ്ചിൽ ഇരുന്ന് ആഹാരം കഴിക്കുന്ന ശ്രീബാലയെ കണ്ടു. ജിതേഷ്  കാറിൽ നിന്ന് ഇറങ്ങി മഴയിൽ നനഞ്ഞുകുളിച്ച്  റോഡ് ക്രോസ് ചെയ്ത് വേഗം അവളുടെ അടുത്തേക്ക് ചെന്നു.
"വീട്ടിൽ ഒന്നും ഇല്ലാഞ്ഞിട്ടാണോ ഇവിടെ വന്നിരുന്ന് വെട്ടി വിഴുങ്ങുന്നത്?"ജിതേഷിൻറെ ശബ്ദം കേട്ട് ശ്രീബാല ഞെട്ടിപ്പോയി!
അവിടിരുന്ന ആളുകളും അവനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു.അവിടെ ഇരുന്ന മിക്കവരും  ഹിന്ദിക്കാരായിരുന്നു.  അവർക്ക്  കാര്യം എന്തെന്ന് മനസ്സിലായില്ല.പക്ഷെ ജിതേഷിന്റെ ഒച്ച   കേട്ട് എല്ലാവരുടെയും നോട്ടം തന്റെ നേർക്ക് ആയതും ശ്രീബാല ചൂളിപ്പോയി.  താൻ എന്ത് കുറ്റം ആണ് ചെയ്തതെന്നറിയാതെ പ്ലേറ്റ് കൈയിൽ പിടിച്ച് ശ്രീബാല അവിടെ ഇരുന്നു.അവളുടെ  കണ്ണുകൾ നിറഞ്ഞൊഴുകി.
"വന്ന് കാറിൽ കേറാൻ ഞാൻ പ്രത്യേകം പറയണോ ?"ജിതേഷ് വീണ്ടും അലറി.പ്ലേറ്റ് തിരികെ വെച്ച് ശ്രീബാല ഒന്നും മിണ്ടാതെ അവിടെ നിന്ന് എഴുന്നേറ്റു.പോവാൻ തുടങ്ങിയപ്പോൾ കടക്കാരൻ ഒരു പാർസൽ അവളുടെ  നേർക്ക് നീട്ടി.ജിതേഷ് അത് വാങ്ങി പൈസ കൊടുത്ത് അവളെയും കൊണ്ട് തിരികെ നടന്നു.ശ്രീബാല മുഖം താഴ്ത്തി ആണ് നടന്നത്.മഴ നനഞ്ഞ് അവൾ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.
റോഡ് ക്രോസ്  ചെയ്യാൻ നേരം ഒരു വണ്ടി ചീറി പാഞ്ഞ് വന്നത് അവൾ കണ്ടില്ല.ജിതേഷ് പെട്ടെന്ന് അവളുടെ കൈയിൽ  പിടിച്ച് അവളെ പിന്നിലേക്ക്  വലിച്ചു.അവൾ പിറകിലേക്ക് വന്ന് അവന്റെ നെഞ്ചിലിടിച്ച് നിന്നു!
"നീ ഏത് ലോകത്ത് കൂടി ആണ് നടക്കുന്നത്?നിനക്കെന്താ കണ്ണ് കണ്ടുകൂടെ?"അവളെ തന്റെ നെഞ്ചിൽ നിന്നുമടർത്താതെ  ഒരു കൈ കൊണ്ട് അവളെ പൊതിഞ്ഞ് പിടിച്ചുകൊണ്ട് ജിതേഷ്  ദേഷ്യപ്പെട്ടു.ശ്രീബാല  അവിടെ നിന്ന് പൊട്ടിക്കരഞ്ഞു! അവൻ ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ചുകൊണ്ട് റോഡ് ക്രോസ്  ചെയ്ത് കാറിന്റെ ഡോർ തുറന്ന് അവളെ ഫ്രണ്ട് സീറ്റിൽ ഇരുത്തി.എന്നിട്ട് ജിതേഷും  ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.രണ്ടുപേരുടേയും  വസ്ത്രങ്ങൾ നനഞ്ഞ് കുതിർന്നിരുന്നു.തണുത്ത് വിറയ്ക്കുന്നത് കൊണ്ട് ഏസി ഓൺ ചെയ്ത് ജിതേഷ്  ടെംപറേച്ചർ  കൂട്ടി വെച്ചു..
വീടെത്തുന്നത് വരെ ശ്രീബാല   കരച്ചിൽ തന്നെ ആയിരുന്നു. വീട്ടിലെത്തി അവൾ സ്റ്റെയർകേസ് കയറി മുറിയിലേക്ക് പോയ് അവിടെ സോഫയിൽ ഇരുന്ന്  കരഞ്ഞു.
ജിതേഷ് പാർസൽ ഭോലയ്ക്ക്   കൊണ്ടുപോയി കൊടുത്തിട്ട്  ശ്രീബാലയയുടെ അടുത്തേക്ക് ചെന്നു.
നനഞ്ഞ വസ്ത്രങ്ങളുമായി അവൾ സോഫയിൽ അതേപടി ഇരിക്കുകയാണ്.ജിതേഷിനെ കണ്ടെങ്കിലും അവൾ മുഖം ഉയർത്തിയില്ല.
"ഞാൻ എല്ലാവരുടെയും മുൻപിൽ വെച്ച് ഷൗട് ചെയ്യാൻ പാടില്ലായിരുന്നു..സോറി.."ജിതേഷ് അവളുടെ അടുത്തിരുന്ന്  കൊണ്ട് പറഞ്ഞു.
"ഒറ്റയ്ക്ക് അങ്ങനെ ഇറങ്ങി നടക്കരുത്.ഇത് നാട്ടിലെ ഇട്ടാവട്ടം അല്ല..ഡെൽഹിയാണ്..നിനക്ക് പരിചയം ഇല്ലാത്ത സ്ഥലം ആണ്.എന്തെങ്കിലും അപകടം വന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല.."ജിതേഷ് പറഞ്ഞു.
"ഇതിൽ കൂടുതൽ എന്ത് അപകടം ആണ് എനിക്ക് വരാൻ ഉള്ളത്?"ശ്രീബാല മുഖം ഉയർത്തി കരഞ്ഞുകൊണ്ട് ചോദിച്ചു.അവളുടെ സ്വരത്തിൽ നല്ല അമർഷം ഉണ്ടായിരുന്നു.
"ഭോലയ്ക്ക്  പനിയാണ്  .എന്റെ ഒരാവശ്യങ്ങളും നിങ്ങളെ അറിയിക്കേണ്ട ഭോലയോട് പറഞ്ഞാൽ മതി എന്ന് എന്നോട് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്..അതുകൊണ്ടാണ് ഞാൻ അമ്പലത്തിൽ ഒറ്റയ്ക്ക് പോയത്.ഇപ്പൊ ഇവിടെ എനിക്ക് ആകെ ഉള്ള ആശ്രയം ഭോലയും ഈശ്വരനുമാണ്.നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും അനുസരിച്ച് ഒരു പരാതിയും പറയാതെ അല്ലെ ഞാൻ ഇവിടെ  ജീവിക്കുന്നത്.നിങ്ങളുടെ അടിമ ആണെങ്കിലും ഞാൻ ഒരു മനുഷ്യ ജീവി  കൂടി ആണ്. അത് പലപ്പോഴും നിങ്ങൾ മറന്ന് പോവുന്നു.. ഞാൻ രക്ഷപെടാൻ ശ്രമിക്കില്ല എന്ന് നിങ്ങളോട് പറഞ്ഞതല്ലേ..എന്നിട്ടും ഒന്ന് തൊഴാൻ പോലും ഉള്ള സ്വാതന്ത്ര്യം എനിക്കില്ലെങ്കിൽ ഇങ്ങനെ ഇട്ട് നരകിപ്പിക്കാതെ  എന്നെ തീർത്ത് കളഞ്ഞേക്ക്.."ശ്രീബാല ദേഷ്യം  കൊണ്ട് വിറച്ചു.
"നീ രക്ഷപെടാൻ ശ്രമിക്കുമോ എന്ന് ഭയന്നിട്ടല്ല ബാലെ.. നിന്റെ സേഫ്റ്റിയെ കരുതിയാണ് ഞാൻ.."ജിതേഷ് പറഞ്ഞു.
"ഓഹ് സേഫ്റ്റി.എന്നെയും എന്റെ കുടുംബത്തെയും കള്ളത്തരങ്ങൾ പറഞ്ഞ് ഊരാക്കുടുക്കിൽ കൊണ്ട് ചാടിച്ച നിങ്ങളുടെ അടുത്ത് ഞാൻ സേഫ് ആയിരിക്കുമല്ലോ അല്ലെ.."ജിതേഷ് സംസാരിച്ച് കൊണ്ടിരിക്കുന്നതിന്റെ  ഇടയിൽ  കയറി ശ്രീബാല പറഞ്ഞു..
"ഒരുപാട് ഇൻസിഡന്റ് ഡെയിലി നമ്മൾ ന്യൂസ്പേപ്പറിൽ വായിക്കുന്നതല്ലേ..നിന്നെ കാണാതായപ്പോ ഞാൻ.."ജിതേഷിനെ മുഴുമിപ്പിക്കാൻ അവൾ സമ്മതിച്ചില്ല.
"പേപ്പറിൽ പീഡന കഥകൾ മാത്രം അല്ല നിങ്ങളെപ്പോലെ ഉള്ള നീചന്മാർ  നടത്തുന്ന വിവാഹ തട്ടിപ്പ് കഥകളും വരാറുണ്ട്.. എന്ന് തുടങ്ങി ഈ സ്നേഹവും മണ്ണാങ്കട്ടയും ഒക്കെ?എത്ര നാള് കൂടിയാണ് നിങ്ങൾ എന്നെ ബാലെ എന്ന് വിളിക്കുന്നതെന്ന് അറിയാമോ?"ശ്രീബാല കരഞ്ഞുകൊണ്ട് ചോദിച്ചു.
"ഞാൻ പറയുന്നതൊന്ന് കേൾക്ക് ..ഞാൻ ഒന്ന് സംസാരിച്ചോട്ടെ.."ജിതേഷ് പറഞ്ഞു.ശ്രീബാല അത് കേൾക്കുന്നുണ്ടായിരുന്നില്ല.
"എന്നെ കാണാതായപ്പോ നിങ്ങൾക്ക് എന്ത് ഉണ്ടായി എന്നാ?ഓഹ് നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചവിട്ട് പടി ആണല്ലോ ഞാൻ.അതുകൊണ്ടല്ലേ എന്നെ ഇവിടെ പിടിച്ചുകൊണ്ടുവന്ന്   തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്ക് തന്നെ ആണല്ലോ നഷ്ടവും.  എന്നിട്ട് എന്റെ സ്ഫേറ്റിയെ കരുതി ആണ് പോലും.അഭിനയിക്കാൻ നിങ്ങൾ പണ്ടേ മിടുക്കൻ ആണ്.അത്കൊണ്ട് ഞാൻ ഇനി ഒരിക്കലും നിങ്ങളെ വിശ്വസിക്കില്ല..!"ശ്രീബാല ദേഷ്യപ്പെട്ട് സോഫയിൽ നിന്നെഴുന്നേറ്റ് ബാത്റൂമിലേക്ക് നടക്കാൻ തുടങ്ങി.
ജിതേഷ് പെട്ടെന്ന് അവളുടെ പിറകെ ചെന്ന് അവളെ വലിച്ച് തന്നിലേക്ക് അടുപ്പിച്ചു..അവനെ തള്ളി മാറ്റി മുൻപോട്ട് നടക്കാൻ തുടങ്ങിയതും  അവൻ അവളുടെ രണ്ട് കൈകളും വലിച്ച് പിടിച്ച്  അവളെ ഭിത്തിയോട് ചേർത്ത് നിർത്തി.
"എന്റെ കൈ വിട് വേദനിക്കുന്നു.."ശ്രീബാല കുതറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.അവൻ വിട്ടില്ല.ശ്രീബാലയ്ക്ക്  ഓർമ്മ വന്നത് പണ്ട് നാട്ടിൽ വെച്ച് ഇതേപോലെ മഴ നനഞ്ഞ് വീട്ടിൽ വന്നപ്പോൾ അടുക്കളയിൽ വെച്ചുണ്ടായ സംഭവം ആണ്.പക്ഷെ അന്ന് ജിതേഷ് അടുത്ത് വന്നപ്പോൾ, തന്നെ ഇതേപോലെ ഭിത്തിയോട് ചേർത്ത് നിർത്തിയപ്പോൾ തനിക്ക് നാണമായിരുന്നു.ഇന്ന് തനിക്ക് അവനെ ഭയമാണ്.കാരണം ജിതേഷ് ഇന്ന് എന്തും ചെയ്യാൻ മടിക്കാത്ത ഒരാളാണ് . ജിതേഷ് അവളെ തന്നെ നോക്കി  അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു.
ശ്രീബാലയുടെ നനഞ്ഞ ശരീരത്തോട് ഒട്ടി നിന്നപ്പോൾ തന്റെ ദേഹവും മനസ്സും ഒരുപോലെ  ചൂട് പിടിക്കുന്നത് അവൻ അറിഞ്ഞു.അവളുടെ മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു  വീഴുന്നുണ്ടായിരുന്നു.ജിതേഷ്  അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു. അവളുടെ കൈകൾ   മുറുകെ പിടിച്ച് പ്രധിഷേധങ്ങൾക്കിടയിലും അവളുടെ മൂക്കിന്റെ തുമ്പിൽ നിന്നും  ഇറ്റ്  വീഴാൻ വെമ്പി നിൽക്കുകയായിരുന്ന ഒരു തുള്ളി വെള്ളം അവൻ തന്റെ ചുണ്ടുകളാൽ ഒപ്പി എടുത്തു! അവൾ വിറച്ച് കൊണ്ട് അവനെ നോക്കി! തന്റെ ശരീരത്തിൽ കൂടി പറയാനറിയാത്ത എന്തോ ഒരു വികാരം വൈദ്യുതി   പോലെ കടന്ന് പോയത് അവൾ   അറിഞ്ഞു. അവൾ പെട്ടെന്ന് മുഖം തിരിച്ചു.അവളുടെ ശരീരത്തിലേക്ക് ഒന്ന് കൂടി ചേർന്ന് നിന്ന്  അവളുടെ കഴുത്തിലെ മഴത്തുള്ളികളിൽ ജിതേഷ് തന്റെ ചുണ്ടുകൾ അമർത്തി.അവൾ പൊള്ളലേറ്റത് പോലെ പിടഞ്ഞു! പിന്നീട് അവളുടെ മുഖം പിടിച്ച് അവൻ തന്റെ  നേർക്ക് തിരിച്ചു.അവളുടെ ചുണ്ടുകളിൽ ചുണ്ട് ചേർക്കാൻ ചെന്നതും അവൾ ഒരു കിതപ്പോടെ  ജിതേഷിനെ  തള്ളി മാറ്റി..അവൻ അവളെ നോക്കി കുറച്ച് നേരം നിന്നു...
"നീ ചോദിച്ചില്ലേ നിന്നെ കാണാതിരുന്നപ്പോ എനിക്ക് എന്ത് ഉണ്ടായി എന്ന്.. ഒന്നും ഉണ്ടാവില്ല എന്ന് തന്നെ ആണ് ഞാനും വിചാരിച്ചിരുന്നത്.പക്ഷെ  നിന്നെ കാണാതിരുന്ന ഓരോ നിമിഷവും  ഞാൻ എന്ത് മാത്രം വേദന അനുഭവിച്ചുവെന്ന് നിനക്ക് അറിയില്ല..അഭിനയം ആണെന്ന് നിനക്ക് തോന്നാം.കാരണം നീ ചൂട് വെള്ളത്തിൽ വീണ പൂച്ചയാണല്ലോ.പക്ഷെ നീ ഉദ്ദേശിക്കുന്നത് പോലെ ഞാൻ മനുഷ്യത്വം ഇല്ലാത്തവൻ അല്ല.."ജിതേഷ് അവളുടെ കൈയിലെ പിടി അയച്ചുകൊണ്ട് പറഞ്ഞു.
"ആണോ?അങ്ങനെ എങ്കിൽ നിങ്ങൾ എന്റെ അനിയത്തിയെ രക്ഷിക്ക്.ഞങ്ങളെ ഞങ്ങളുടെ വീട്ടിലേക്ക് ഞങ്ങളുടെ അച്ഛന്റെ അടുത്തേക്ക് പോവാൻ അനുവദിക്ക്.."ശ്രീബാല പറഞ്ഞു.ജിതേഷ് ഒന്നും മിണ്ടാതെ അവളുടെ  കൈയിലെ പിടിവിട്ടു.
"പറ്റില്ല അല്ലെ?നിങ്ങൾ ഒരിക്കലും മാറില്ല..എല്ലാം… എല്ലാം അഭിനയമാണ്.."ശ്രീബാല കരഞ്ഞുകൊണ്ട് ബാത്‌റൂമിൽ കയറി.ജിതേഷ് ഒന്നും മിണ്ടാതെ നിന്നു...
പിറ്റേന്ന്  ജിതേഷ് രാവിലെ ഓഫീസിൽ പോയി.ശ്രീബാല ഭോലയ്ക്കുള്ള  മരുന്നുകൾ നൽകി.പനി  കാര്യമായിട്ട് ഇല്ലായിരുന്നു ദേഹത്ത് വേദന ഉണ്ടെന്ന് പറഞ്ഞത്കൊണ്ട് അയാളോട് വിശ്രമിച്ചുകൊള്ളാൻ പറഞ്ഞിട്ട് അവൾ തന്നെ വീട്ടു ജോലികൾ ചെയ്യാൻ തുടങ്ങി.പിന്നെ വെളിയിൽ ചെടികൾക്ക് വെള്ളം ഒഴിച്ചുകൊണ്ടിരുന്നപ്പോൾ ഗേറ്റിൽ ആരോ നിൽക്കുന്നത് പോലെ അവൾക്ക്  തോന്നി.ശ്രീബാല  അങ്ങോട്ട്  നോക്കിയപ്പോൾ അവിടെ ഒരു സ്ത്രീ അവളെ തന്നെ നോക്കി എന്തോ ആലോചിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു...അന്ന് അമ്പലത്തിൽ വെച്ച് പരിചയപ്പെട്ട സുമ എന്ന സ്ത്രീ ആയിരുന്നു അത്.ശ്രീബാല തന്നെ കണ്ടു എന്ന് മനസ്സിലായതും അവർ പെട്ടെന്ന് മുഖത്ത് ഒരു ചിരി വരുത്തി  അവളുടെ അടുത്തേക്ക് വന്നു.
"വെറുതെ നടക്കാൻ ഇറങ്ങിയതാ.അപ്പഴാ മോളെ കണ്ടത്.."സുമ പറഞ്ഞു.ശ്രീബാലയ്ക്ക് അവരെ അകത്തേക്ക് ക്ഷണിക്കണോ വേണ്ടയോ എന്നറിയില്ലായിരുന്നു.താൻ ക്ഷണിച്ചിട്ട് വീട്ടിൽ വിരുന്നുകാർ വരുന്നത് ജിതേഷിനിഷ്ട്ടമായിരിക്കുമോ എന്നവൾക്ക് അറിയില്ലായിരുന്നു.അവൾ അവിടെ നിന്നുകൊണ്ട് തന്നെ സംസാരിച്ചു.
"ഇവിടെ അടുത്താണോ  മാഡം  താമസിക്കുന്നത്?"ശ്രീബാല ചോദിച്ചു.
"രണ്ട് മൂന്ന് വീട് അപ്പുറത്താ..ആ ട്രാൻസ്ഫോർമർ ഇരിക്കുന്നില്ല?അതിന്റെ തൊട്ട് പിറകിലത്തെ വീടാ .."സുമ പറഞ്ഞ വീട് ഏതാണെന്ന് ശ്രീബാലയ്ക്ക് മനസ്സിലായി.
"മോള് ജിതേഷിന്റെ?"സുമ ചോദിച്ചു.
"വൈഫ് ആണ്..മാഡത്തിന് ഏട്ടനെ അറിയുമോ?"ശ്രീബാല ചോദിച്ചു.
"അത്..ജിതേഷിനെപോലെ ഒരു ബിസിനസ് മാഗ്‌നെറ്റിനെ അറിയാത്ത ആരെങ്കിലും ഉണ്ടോ.."സുമ  എങ്ങും തൊടാതെ പറഞ്ഞു.ശ്രീബാലയ്ക്കെന്തോ അവരുടെ മറുപടിയിൽ കള്ളത്തരം ഉണ്ടോ എന്ന് സംശയം തോന്നി.
"മാഡം എന്ത് ചെയ്യുന്നു?"ശ്രീബാല ചോദിച്ചു.
"ഡോക്ടർ ആണ്..മോൾ വർക്ക് ചെയ്യുന്നുണ്ടോ?"സുമ ചോദിച്ചു.
"ഇപ്പൊ ഇല്ല..നാട്ടിൽ ഒരു സ്കൂളിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു.."അവൾ പറഞ്ഞു.
"കല്യാണം കഴിഞ്ഞതോടെ വീട്ടിൽ ഒതുങ്ങി കൂടേണ്ടി വന്നു അല്ലെ .."സുമ ചോദിച്ചു.ശ്രീബാല ചിരിച്ചു.
"മാഡം ഏത് ഹോസ്പിറ്റലിലാ  വർക്ക് ചെയ്യുന്നത് ?"ശ്രീബാല ചോദിച്ചു.
"സേവാ മെഡിക്കൽ ഇൻസ്റ്റിട്യൂറ്റ്  എന്ന് കേട്ടിട്ടുണ്ടോ?"സുമ ചോദിച്ചു.
"പിന്നെ..അത് മുംബൈയിലുള്ള വളരെ ഫേമസ് ആയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അല്ലെ?"ശ്രീബാല ചോദിച്ചു.
"അത് ഞങ്ങളുടെ സ്വന്തം  ആണ്.."സുമ പറഞ്ഞു.ശ്രീബാല അത് കേട്ട് അന്തം വിട്ടു.ഇത്ര വലിയൊരു സ്ഥാപനത്തിന്റെ ഉടമയാണെന്ന് അവരെ കണ്ടാൽ പറയുകയേ ഇല്ല എന്നവൾ ഓർത്തു.
"ഞാൻ പേപ്പറിൽ ഒക്കെ ഒരുപാട് വായിച്ചിട്ടുണ്ട് ഹോസ്പിറ്റലിനെ പറ്റി ..സിനിമാക്കാരും രാഷ്ട്രീയ നേതാക്കളും ഒക്കെ എന്ത് അസുഖം വന്നാലും  ചികിത്സ തേടി ഓടി വരുന്നത് അവിടെ അല്ലെ.മാഡം അവരെ ഒക്കെ കണ്ടിട്ടുണ്ടോ?"ശ്രീബാല ഉത്സാഹത്തോടെ ചോദിച്ചു..സുമ അത് കേട്ട് ചിരിച്ചു.
"ആഹ് കുറച്ച് പേരെ കണ്ടിട്ടുണ്ട്...ഞാൻ ഇപ്പൊ തൽക്കാലം  കുറച്ച് നാൾ ലീവിൽ ആണ്."സുമ പറഞ്ഞു.
"ഹസ്ബൻഡ് എന്ത് ചെയ്യുന്നു?"ശ്രീബാല ചോദിച്ചു.സുമയുടെ  മുഖത്ത് അതുവരെ ഉണ്ടായിരുന്ന സന്തോഷം കെട്ടു .
"ഞാൻ ചെല്ലട്ടെ..ഒരുപാട് പണിയുണ്ട്..സമയം കിട്ടുമ്പോൾ മോള് വീട്ടിലേക്ക് ഇറങ്ങ് കേട്ടോ.."സുമ പെട്ടെന്ന് തന്നെ തിരികെ പോയി.ഭർത്താവിനെ പറ്റി  പറയാൻ താൽപ്പര്യം ഇല്ലാത്ത കൊണ്ടായിരിക്കാം അവർ പെട്ടെന്ന് തിരികെ പോയതെന്ന് ശ്രീബാലയ്ക്ക്  മനസ്സിലായി.
ശ്രീബാല തിരികെ വീട്ടിലേക്ക് കയറി..
പിറ്റേന്ന് വീട്ടിലിരുന്ന് മുഷിഞ്ഞപ്പോൾ ശ്രീബാല ഭോലയോട് പറഞ്ഞിട്ട് വെറുതെ നടക്കാൻ ഇറങ്ങി.ട്രാൻസ്ഫോമറിന്റെ പിറകിലുള്ള സുമയുടെ ഇരുനില വീട് കണ്ടു.വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അധികം പരിചയമില്ലാത്തത്കൊണ്ട് അങ്ങോട്ട്  കയറേണ്ട എന്നവൾ തീരുമാനിച്ചു.തിരികെ പോരാൻ തുടങ്ങിയതും ആരോ അവളുടെ  പേര് വിളിക്കുന്ന ശബ്ദം കേട്ടു.
തിരിഞ്ഞു നോക്കിയപ്പോൾ അത് സുമയായിരുന്നു.അവർ ഗാർഡനിങ്ങിൽ ആയിരുന്നു.
"ഇത്രടം വരെ വന്നിട്ട് കേറാതെ പോവാണ് അല്ലെ..ഞാനും മനുഷ്യനാണെ..പിടിച്ച് തിന്നത്തൊന്നുമില്ല കേട്ടോ.."സുമ ചിരിച്ചുകൊണ്ട് പറഞ്ഞു.  ശ്രീബാലയ്ക്ക് അത് കേട്ട് ചമ്മൽ തോന്നി.അവൾ ചിരിച്ചുകൊണ്ട് അങ്ങോട്ട്  ചെന്നു.സുമ കൈ കഴുകി ഗേറ്റ് തുറന്ന് കൊടുത്തു.
"ഞാൻ ചുമ്മാ നടക്കാനിറങ്ങിയതാ.."ശ്രീബാല  പറഞ്ഞു.സുമ അവളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
"മോൾ ഇരിക്ക്.ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.."സുമ അടുക്കളയിലേക്ക് പോയി.സുമയുടെ പെരുമാറ്റത്തിലെ ലാളിത്യം ആ വീടിന്റെ അന്തരീക്ഷത്തിലും കാണാനുണ്ടായിരുന്നു.വലിയ  വീടായിരുന്നുവെങ്കിലും ജിതേഷിന്റെ വീട്ടിലേതുപോലെ വിലപിടിപ്പുള്ള അലങ്കാര വസ്തുക്കൾ ഒന്നും ഉണ്ടായിരുന്നില്ല.ഇരിക്കാൻ ആവശ്യമായ ഫർണിച്ചറും   ഒരു ടീവിയും പിന്നെ ഒരു ബുക്ക് ഷെൽഫും അവിടെ  ഉണ്ടായിരുന്നു.അൽപ സമയത്തിനുള്ളിൽ ഒരു ഗ്ലാസ് ജ്യൂസുമായി  അവർ തിരികെ വന്നു.
"മോൾടെ വീട്ടിൽ ആരൊക്കെയുണ്ട് ?"സുമ ചോദിച്ചു.
"അച്ഛനും പിന്നെ അനിയത്തിയും.."ശ്രീബാല പറഞ്ഞു.ഹരിയുടെ കാര്യം അവൾ മനപ്പൂർവം മറച്ച് വെച്ചു.
"അനിയത്തിയുടെ  കല്യാണം കഴിഞ്ഞോ?"സുമ ചോദിച്ചു.
ശ്രീബാലയ്ക്ക് പെട്ടെന്ന് ഉത്തരം കിട്ടിയില്ല..
"അത്..അവളുടെ വിവാഹം കഴിഞ്ഞു.ഭർത്താവിന്റെ കൂടെ ആന്ധ്രാ പ്രദേശിൽ ആണ്.."ശ്രീബാല പറഞ്ഞു.
"മാഡം  ഇവിടെ ഒറ്റയ്ക്കാണോ?"ശ്രീബാല ചോദിച്ചു.അവർ ഉത്തരം പറയാൻ ഒരു നിമിഷം വൈകി.
"ഒറ്റയ്ക്കാണ്..ഞങ്ങൾ ശെരിക്കും ബോംബെയിൽ സെറ്റിൽഡ്  ആണ്. ഇത് എന്റെ ഒരു ഫ്രണ്ടിന്റെ വീടാ.അവരുടെ വെക്കേഷൻ  ഹോം..” അവർ പറഞ്ഞു.
"മാഡം  ലീവിലാണെന്ന് പറഞ്ഞല്ലോ.കുറച്ച് നാൾ കാണുമോ ഇവിടെ?"ശ്രീബാല ചോദിച്ചു.
"അറിയില്ല മോളെ..കുറച്ച് ജോലികൾ ചെയ്ത് തീർക്കാനുണ്ട്.അത് കഴിഞ്ഞാൽ മടങ്ങണം എന്ന് ഉദ്ദേശിക്കുന്നു.."സുമ പറഞ്ഞു.അവരുടെ മുഖത്ത് ചിരിക്കിടയിലും എന്തോ വിഷാദം തളം കെട്ടി നിൽക്കുന്നത് ശ്രീബാല  ശ്രദ്ധിച്ചു.
ജ്യൂസ് കുടിച്ച് ഗ്ലാസ് അവൾ തിരികെ ടേബിളിൽ വെച്ചു..
അപ്പോൾ മെലിഞ്ഞ ഒരു സ്ത്രീ വെളിയിൽ നിന്നും അകത്തേക്ക് കയറി വന്നു.
സുമയോട് നമസ്‍കാരം പറഞ്ഞ് അവർ അടുക്കളയിലേക്ക് നടന്നു.
"അത് രേണുക..ഇവിടൊക്കെ തൂത്ത് തുടയ്ക്കാൻ വരുന്നതാ..ഒരു ഏജൻറ്  വഴി ഏർപ്പാടാക്കിയതാ..ജോലിക്ക് ആളെ കിട്ടാൻ വലിയ പാടാണ്.."സുമ പറഞ്ഞു.
രേണുക അടുക്കളയിൽ നിന്നും മോപ്പ് എടുത്ത് കൊണ്ട് അവിടമാകെ വൃത്തിയാക്കാൻ തുടങ്ങി.
ശ്രീബാലയും സുമയും ഡൽഹിയെ പറ്റിയും അവിടുത്തെ ക്ലൈമറ്റിനെ കുറിച്ചും സംസാരിച്ച് തുടങ്ങി.ശ്രീബാല  നാട്ടിൽ താൻ പഠിപ്പിച്ച സ്കൂളിനെ പറ്റിയും വേണിയെയും ശേഖരനെയും പറ്റി  വാ തോരാതെ സംസാരിച്ചു.അതേപോലെ സുമ തന്റെ പ്രൊഫഷനെ  കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന സങ്കർഷഭരിതമായ സംഭവങ്ങളെ പറ്റിയും അവളോട് സംസാരിച്ചു. കുറച്ച് സമയം കൊണ്ട് തന്നെ ശ്രീബാലയ്ക്ക് സുമയോട് ഒരുപാട് അടുപ്പം തോന്നി.അന്യഭാഷക്കാരുടെ നാട്ടിൽ ഒരു മലയാളിയെ കണ്ടെത്തിയതിന്റെ സന്തോഷം ആയിരുന്നു അവൾക്ക്.
ഇതിനിടയിൽ രേണുക മുറികൾ വൃത്തിയാക്കി ഡൈനിങ്ങ് ടേബിളിന്റെ പിറകിലുള്ള അടച്ചിട്ട മുറിയുടെ  ഡോർ ഹാൻഡിൽ  തുറക്കാൻ തുടങ്ങി.
പെട്ടെന്ന് സുമ ഒറ്റ അലർച്ച ആയിരുന്നു!
"കിത്നി ബാർ ബോലാ  ഹേയ് വോ ദർവാജ മത്ത് ഖോലോ!"(എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ആ വാതിൽ തുറക്കരുതെന്ന്?) സുമയുടെ അലർച്ച കേട്ട് ശ്രീബാലയും രേണുകയും  ഞെട്ടിപ്പോയി!

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot