"ബസ് യാത്രയിൽ പുറത്തേക്ക് നോക്കിയാൽ ഒരുപാട് കാഴ്ചകൾ കാണാം. പക്ഷെ ഒരുപാട് ഒരുപാട് കാഴ്ചകൾ കാണാനാകും കയ്യിൽ ഒരു പുസ്തകം കൂടെ ഉണ്ടെങ്കിൽ"
വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്ര. വൈകുന്നേരം, കെ എസ് ആർ ടി സി ബസ്, സൈഡ് സീറ്റ്, തണുത്ത കാറ്റ്. മനം നിറക്കുന്ന പുറത്തെ കാഴ്ചകളിൽ കണ്ണും നട്ടിരിക്കുമ്പോഴാണ് മുകളിലത്തെ വാചകം മനസ്സിൽ മിന്നിയത്. ബാഗിൽ നിന്നും പുസ്തകം പുറത്തെടുത്തു. വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി'.
പുറത്ത് ഞാൻ കണ്ട കാഴ്ചകൾ ഒന്നുമല്ല എന്നു തെളിയിക്കുന്നതായിരുന്നു വായന നൽകിയ കാഴ്ചകൾ. ഓരോ കഥാപാത്രവും എന്നെ കൈപിടിച്ചു കൊണ്ട് പോയി കരിക്കോട്ടക്കരിയുടെ കാഴ്ചകൾ കാണിച്ചു തരികയായിരുന്നു. ഭ്രമിപ്പിക്കുന്ന കാഴ്ചകൾ, കണ്ണ് തുറപ്പിക്കുന്ന കാഴ്ചകൾ, ഇത് വരെ കാണാത്ത കാഴ്ചകൾ. ഞാൻ കാഴ്ചകളിൽ മുഴുകി.
ബസ് പെട്ടെന്ന് നിർത്തിയതിനാൽ പൂർണ്ണമാക്കും മുൻപ് എനിക്ക് വായന അവസാനിപ്പിക്കേണ്ടി വന്നു. എല്ലാവരും ബസിൽ നിന്നും ഇറങ്ങുകയായിരുന്നു.
"ചേട്ടാ തലശേരി എത്ത്യ" ?
ഞാൻ കണ്ടക്ടറോട് ചോദിച്ചു.
ഞാൻ കണ്ടക്ടറോട് ചോദിച്ചു.
"തലശ്ശേരിയോ?. കണ്ണൂർ എത്തിയെടോ "
"അയ്യോ .. എനക്ക് തലശേരി ഏനും എറങ്ങണ്ടത്"
കണ്ടക്ടർ ഉടൻ തന്നെ ഒരു ടിക്കറ്റ് മുറിച്ചു തന്നു
"ഇതെന്താ"?
താൻ തലശേരി വരെയുള്ള ടിക്കറ്റല്ലേ എടുത്തുള്ളു. ബാക്കി രൂപയുടെ ടിക്കറ്റ്. നമ്പറിറക്കാതെ വേഗം കാശ് തന്ന് ഇറങ്ങെടോ"
അങ്ങനെ കാശും കൊടുത്ത് കണ്ണൂരിൽ നിന്നും തലശേരിക്ക് അടുത്ത ബസ് കേറി. കരിക്കോട്ടക്കരി മാടി വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഇനിയും പുസ്തക കാഴ്ചകൾ കണ്ടാൽ ലക്ഷ്യസ്ഥാനം കാണാൻ ആകില്ലെന്നതിനാൽ പുറത്തെ കാഴ്ചകളിലേക്ക് മാത്രം എന്റെ കാഴ്ചയെ ഒതുക്കി. കാഴ്ചകൾ.. ഒരുപാട് ഒരുപാട് കാഴ്ചകൾ.. ബസിനൊപ്പമെത്താനാകാതെ ഓടി മറയുന്ന പുറംകാഴ്ചകൾ..
ആദ്യം മനസ്സിൽ തോന്നിയത് പൂർണ്ണമായും ശരിയാണെന്ന് ഈ യാത്ര മനസ്സിലാക്കി തന്നു..
"ബസ് യാത്രയിൽ പുറത്തേക്ക് നോക്കിയാൽ ഒരുപാട് കാഴ്ചകൾ കാണാം. പക്ഷെ ഒരുപാട് ഒരുപാട് കാഴ്ചകൾ കാണാനാകും കയ്യിൽ ഒരു പുസ്തകം കൂടെ ഉണ്ടെങ്കിൽ"
Rahulaj, Admin Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക