നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴ നനയാൻ മോഹിച്ച പെൺകുട്ടി

Image may contain: one or more people and text
--------------------------------
ഒരിത്തൊരിടത്ത് ഒരു ഗ്രാമത്തിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഒരുപാട് അംഗങ്ങളുള്ള ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച ഒരു പെൺകുട്ടി. ഒറ്റക്ക് ആണെങ്കിലും കുട്ടിക്ക്‌ സംസാരിക്കാൻ കൂട്ടായി കാറ്റിൽ അനങ്ങുന്ന ജനാലശ്ശീല പോലും മതിയായിരുന്നു. നൃത്തം വെയ്ക്കാൻ കൂട്ടായി ഓരോ ആഴ്ചയും പുതിയ പുതിയ നിറമുള്ള കുപ്പായങ്ങൾ മാറിമാറി ഇടുന്ന തലയിണകൾ പോലും മതിയായിരുന്നു..
കിലുക്കാംപെട്ടി പോലെ കുട്ടി നിർത്താതെ സംസാരിച്ചു....
വർണ്ണപ്പൂക്കൾക്ക് മേൽ പൂമ്പാറ്റകളുമായി മത്സരിച്ചു പാറി നടന്ന കുസൃതിക്കുടുക്കയെ എല്ലാവരും തുമ്പി എന്നു വിളിച്ചു.
തുമ്പിയെ ഓമനിച്ച് ആരെങ്കിലും ചോദിക്കും..
"തുമ്പീ, നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ?"
കുലുങ്ങിക്കുലുങ്ങി ചിരിച്ചുകൊണ്ട് തുമ്പി മറുപടി പറയും...
"തുമ്പിക്ക് മഴ നനയണം. പക്ഷേ തല്ലു കൊള്ളാൻ പാടില്ല"
13 കിലോമീറ്ററോളം ദൂരെയുള്ള പട്ടണത്തിലെ സ്കൂളിലേക്കാണ് തുമ്പിയുടെ ഡാഡി അവളെ പഠിക്കാൻ വിട്ടത്. സത്യത്തിൽ തുമ്പിയുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു തീരുമാനമായിരിക്കും അത് എന്ന് തുമ്പിക്കോ ഡാഡിക്കോ അന്ന് അറിയുമായിരുന്നില്ല. ആ കഥ തുമ്പി തന്നെ പറയും. വരട്ടെ. അതും കേൾക്കാം..
ഏകദേശം 40 മിനിറ്റ് വരേണ്ട യാത്ര സ്കൂൾ ബസ്, ലോകമായ ലോകവും, വഴിയായ വഴിയുമെല്ലാം ചുറ്റി സ്കൂളിൽ എത്തുമ്പോഴേക്കും 2 മണിക്കൂറിന് അടുത്തായിട്ടുണ്ടാവും. ബസ്സിൽ കയറിയ ശേഷമുള്ള ചർദ്ദിയും മറ്റു കലാപരിപാടികളും കഴിഞ്ഞ ശേഷം സ്കൂളിൽ എത്തുംവരെ മറ്റൊന്നും ചെയ്യാനില്ലാത്ത തുമ്പിയും കൂട്ടുകാരും ആദ്യമായി കണ്ടുപിടിച്ച കളി ഇതായിരുന്നു.
"സ്റ്റെഡി ലൈക്ക് എ വടി."
ചെന്നീർക്കര എന്നായിരുന്നു തുമ്പിയുടെ ഗ്രാമത്തിന്റെ പേര്.. അവിടെനിന്നും ടൗണിലേക്കുള്ള വഴിയിൽ ഗട്ടറുകൾ എണ്ണുക എന്നത് അന്ന് രസമുള്ള ഒരു കളിയായിരുന്നു. മാസങ്ങളോളം അതേ നിലയിൽ തന്നെ കിടക്കുന്ന ഗട്ടറുകൾ എത്തുമ്പോൾ അവയിൽ സ്കൂൾ ബസ് കയറിയിറങ്ങും മുൻപേ എഴുന്നേറ്റു ബലം പിടിച്ച് നിൽക്കും കുട്ടികൾ. ഗട്ടറിൽ കയറിയിറങ്ങിയാലും സീറ്റിലേക്ക് വീണുപോകാതെ അതേപടി നിൽക്കുന്നവരാണ് വിജയികൾ. അതിനോടൊപ്പം തന്നെ കുട്ടികൾ ആർത്തു വിളിക്കും
"സ്റ്റെഡി ലൈക്ക് എ വടി."
ഓരോ ഗട്ടറുകൾ കഴിയുമ്പോഴും വീണു പോകുന്നവരും വീഴാത്തവരും ഒക്കെ ഒരുപാട് ഒരുപാട് ചിരിക്കും.
കളികൾ പലതും മടുത്തു തുടങ്ങിയ കാലത്താണ് ചിലർ സിനിമാക്കഥകൾ പറഞ്ഞു തുടങ്ങുന്നത്. അന്ന് തുമ്പിയുടെ നാട്ടിൽ കേബിൾ എത്തിത്തുടങ്ങുന്നതേ ഉള്ളൂ. ഞായറാഴ്ച വൈകിട്ടത്തെ മലയാളം സിനിമയും വെള്ളിയും ശനിയും കാണുന്ന ഹിന്ദി സിനിമകളുമാണ് ചർച്ചാവിഷയങ്ങൾ. തുമ്പിയുടെ ഏട്ടനും എല്ലാ സിനിമകളും വിടാതെ കാണും. ഭാഷ അറിയില്ലെങ്കിലും തുമ്പി ഹിന്ദി സിനിമകൾ ഏറെ ആസ്വദിച്ചിരുന്നു. സ്ക്രീനിലെ ദൃശ്യങ്ങളും ഏട്ടൻറെ മുഖത്തെ ഭാവഭേദങ്ങളും മാറിമാറി ശ്രദ്ധിച്ചാണ് തുമ്പി ഹിന്ദി മനസ്സിലാക്കിയിരുന്നത്.
അങ്ങനെയാണ് തുമ്പിയും ഈ ചർച്ചയിൽ സജീവമായി പങ്കെടുത്തു തുടങ്ങിയത്. സിനിമകൾ ആഴ്ചയിൽ ഒന്നോ രണ്ടോ മാത്രമല്ലേ ഉള്ളൂ? മാത്രമല്ല, പല സിനിമകളും വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഒരാൾ പറഞ്ഞ സിനിമയുടെ കഥ വീണ്ടും മറ്റൊരാൾക്ക് പറയാൻ പറ്റില്ല.
തുമ്പിക്ക് കഥകൾ ഏറെ ഇഷ്ടമായിരുന്നു. എന്നാൽ തുമ്പിയുടെ കൂട്ടുകാർ ആഗ്രഹിച്ചത് അവൾ പറയുന്ന കഥകൾ കേൾക്കാനായിരുന്നു. അതുകൊണ്ട് ഒരിക്കൽ തുമ്പി കഥകൾ പറഞ്ഞു തുടങ്ങി. തുമ്പി പറയുന്ന കഥകളിലെ സത്യവും മിഥ്യയും വേർതിരിച്ചെടുക്കാൻ നിൽക്കാതെ കൂട്ടുകാർ അവയ്ക്കൊപ്പം ഒഴുകിയൊഴുകി സഞ്ചരിച്ചു.
അങ്ങനെ ഒരിക്കൽ തുമ്പി പുതുമയുള്ള ഒരു സിനിമയുടെ കഥ പറഞ്ഞ് തുടങ്ങി. അതൊരു പ്രേത സിനിമയായിരുന്നു. ഒരിക്കലും മറ്റൊരാളും ആ സിനിമയുടെ കഥപറയില്ലെന്ന് തുമ്പിക്ക് ഉറപ്പായിരുന്നു. കാരണം ആ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എല്ലാം തുമ്പി തന്നെയായിരുന്നു.
ഒരു ദിവസം സ്കൂൾ വിട്ട് തിരികെ വരുന്ന വഴിയിലാണ് തുമ്പി ചിത്രം റിലീസ് ചെയ്തത്. തുമ്പിയുടെ പ്രിയപ്പെട്ട പ്രണയജോഡികൾ ആയിരുന്ന അനിൽ കപൂറിനെയും ശ്രീദേവിയും തന്നെ തുമ്പി ആ ചിത്രത്തിൽ നായികാ നായകന്മാരാക്കി. ആദ്യത്തെ ദിവസം പകുതിയോളം ഇത്തരത്തിൽ കഥ കൊണ്ടുപോയെങ്കിലും ആകാംക്ഷയോടെ കേട്ടിരിക്കുന്ന കൂട്ടുകാരുടെ മുഖങ്ങൾ കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് തുമ്പി തുറന്നുപറഞ്ഞു അത് തന്റെ മാത്രം കഥയാണ് എന്ന്. കൂട്ടുകാർക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല.
"എന്നിട്ട് എന്തായി തുമ്പീ? പറയൂ വേഗം പറയൂ.."
അവർ ആവശ്യപ്പെട്ടു. തുമ്പി ആവേശത്തോടെ തുടർന്നു:
"അങ്ങനെ മഴ നനഞ്ഞു കിടന്ന ആ വഴിയിലൂടെ പൊടി പറത്തിക്കൊണ്ട് ഒരു കാർ വേഗം പാഞ്ഞുവന്ന് പടിപ്പുരയ്ക്കൽ നിന്നു."
"മഴ നനഞ്ഞു കിടക്കുന്ന വഴിയിൽ പൊടി പറക്കുമോ?"
ചോദ്യം തങ്കച്ചായന്റേതായിരുന്നു. തുമ്പിയുടെ സ്കൂൾ ബസിന്റെ കിളിയാണ് തങ്കച്ചായൻ. കഥയുടെ രസച്ചരട് മുറിഞ്ഞ അസ്വസ്ഥതയോടെ എല്ലാവരും തങ്കച്ചായനെ തിരിഞ്ഞു നോക്കി. ചിരിച്ചുകൊണ്ട് തലയാട്ടി "തുടർന്നോളൂ" എന്ന് രണ്ടു കൈകളും ഉയർത്തി ആൾ ആംഗ്യം കാണിച്ചു.
തുമ്പി തുടർന്നു..
"ആ കാറിൽ നിന്നും ആദ്യം പുറത്തേക്കു വന്നത് ഒരു കാലാണ്. പച്ചക്കല്ലുകൾ പതിച്ച സ്വർണ്ണ ചെരുപ്പ് അണിഞ്ഞ ഒരു കാൽ. ഹായ് എന്ത് ഭംഗിയായിരുന്നെന്നോ ആ കാല് കാണാൻ!"
മനസ്സിൽ 'നിഗാഹേ' എന്ന ശ്രീദേവിച്ചിത്രം ഓർമ്മിച്ചുകൊണ്ട് അവൾ തുടർന്നു.
"ആ കാല് നിലത്തമർന്നതും പെട്ടെന്ന് ആകാശത്തുകൂടി ഒരു കിളി വികൃതമായ ഒച്ചയിൽ കരഞ്ഞുകൊണ്ട് ദൂരേക്ക് പറന്നു പോയി."
തുമ്പി കണ്ണുകൾ ഉരുട്ടി വിരലുകൾ മുന്നോട്ട് വളച്ച് പിടിച്ചു.
"പക്ഷേ, അവളുടെ വരവ് ആഘോഷിക്കുവല്ലേ വീട്ടുകാർ? അവര് അതൊന്നും അറിഞ്ഞില്ല കേട്ടോ. അപ്പോ അവൾ‌ പതിയെ കാറിൽ നിന്നും ഇറങ്ങി നിവർന്നു എല്ലാവരെയും നോക്കി പുഞ്ചിരിച്ചു."
ഒന്ന് നിർത്തി തുമ്പി ചുറ്റിനും ഉള്ളവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
"എന്നിട്ടവൾ പതിയെ നടന്ന് ആ ബംഗ്ലാവിന്റെ പടികൾ ഓരോന്നായി കയറി വാതിൽക്കലെത്തി, അകത്തേക്ക് വലത്തേക്കാലെടുത്തു വച്ചു. ആ നിമിഷം അവളുടെ പിറകെ അവളുടെ ബാഗും ചുമന്നുകൊണ്ട് വന്ന രാവുണ്ണ്യാരാണ് വിചിത്രമായ ആ കാഴ്ച കണ്ടത്. അകത്തെ മുറിയിൽ തടിയിൽ കടഞ്ഞെടുത്ത ക്ലോക്കിൽ സൂചികൾ പിറകോട്ട് പിറകോട്ട് ഓട്വാ അങ്ങനെ!"
തുമ്പി ചൂണ്ടുവിരൽ കുത്തനെ നിർത്തി പിറകിലേക്ക് തിരിച്ചു. എല്ലാ കണ്ണുകളും ആ വിരലിൽ തറഞ്ഞു നിൽക്കുന്നത് കണ്ട് മനസ്സിൽ ചിരിച്ചു കൊണ്ട് അവൾ തുടർന്നു..
"അയാൾ ഏതാനും നിമിഷങ്ങൾ അവിടെ തന്നെ നോക്കി നിന്നു. പിന്നെ തലകുലുക്കി ബാഗുമായി അകത്തേക്ക് കയറുമ്പോൾ പിറുപിറുത്തു
'ബാറ്ററിക്ക് എന്തെങ്കിലും സംഭവിച്ചതാകും. വൈകിട്ട് ശരിയാക്കണം.' എല്ലാവരും അവളോടൊപ്പം ഉള്ളിലേക്ക് നടന്നു. അപ്പോ എന്താ ഉണ്ടയേന്നറിയോ?" അവൾ ഒച്ച താഴ്ത്തി ഒരു രഹസ്യം പോലെ മന്ത്രിച്ചു. ചുറ്റുമുള്ള കണ്ണുകളിൽ പേടിയും ആകാംക്ഷയും മാറിമാറിത്തെളിഞ്ഞു. അത് കണ്ട് ബോധിച്ച തുമ്പി ഗൗരവത്തിൽ തുടർന്നു. "പെട്ടെന്ന് കാറ്റുപിടിച്ച പട്ടം പോലെ വാതിൽക്കൽ അലങ്കാരത്തിനായി തൂക്കിയിരുന്ന ചിപ്പികൾ കൊരുത്ത നൂലുകൾ ഭ്രാന്ത് പിടിച്ച പോലെ ഉലയാനും തമ്മിൽ കൂട്ടുമുട്ടാനും തുടങ്ങി. ഒടുവിൽ നടുഭാഗത്ത് ഉള്ള രണ്ടു നൂലുകൾ കൂടിപ്പിണഞ്ഞ് പൊട്ടിച്ചിതറി, ചിപ്പികളും കക്കകളും താഴേക്ക് ഊർന്നു വീണതും.. പതിയെ ഉമ്മറവാതിൽ ക്ർർർർ എന്ന ഒച്ചയോടെ അടഞ്ഞു." കഥയ്‌ക്കൊപ്പം അവളുടെ വിരലുകളും കൈപ്പത്തികളും കണ്ണുകളും പുരികങ്ങളും ചലിച്ചുകൊണ്ടിരുന്നു. " ഇതിനൊപ്പം
ആരും കാണാത്ത മറ്റു ചില സംഭവങ്ങൾ അപ്പോൾ ആ വീടിനു ചുറ്റും നടക്കുന്നുണ്ടായിരുന്നു."
തുമ്പി കണ്ണുകൾ തുറിപ്പിച്ചു മുഖം മുന്നോട്ട് നീട്ടിക്കൊണ്ട് വിസ്തരിച്ചു..
"ആരും കാണാത്തത് എന്ന് പറഞ്ഞുകൂടാ. കേട്ടോ? വലതുവശത്തെ പഴയ മുറിയുടെ ജനലഴികൾക്കിടയിലൂടെ രണ്ട് കണ്ണുകൾ ഈ സമയം പുറത്തേക്ക് നീണ്ടു വന്നു.. ആ കണ്ണുകൾ, വീടിന് പുറത്ത്, കാവിനടുത്തായി സ്ഥാപിച്ചിരുന്ന അസ്ഥിത്തറയിലെ കെടാവിളക്കിന്റെ തിരിയിലേക്ക്‌ തിരിഞ്ഞു. അടുത്ത നിമിഷം അവിടെ കണ്ട കാഴ്ച ആ കണ്ണുകളെ നിശ്ചലമാക്കി."
"സ്സ്‌ സ്"
അടുത്തിരുന്ന ആരോ രസം പിടിച്ച് കാറ്റ് ഉള്ളിലേക്ക് വലിക്കുന്ന ഒച്ച കേട്ട് തുമ്പി ഒന്ന് നിർത്തി. പിന്നെ, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ബാഗ് തുറന്നു..
"എനിക്ക് വിശക്കുന്നു. മമ്മി വൈകിട്ടത്തേക്ക് എന്താണ് പാക്ക് ചെയ്തിരിക്കുന്നത് എന്ന് നോക്കട്ടെ."
അപ്രതീക്ഷിതമായി കഥ നിന്നതോടെ ചുറ്റുമിരുന്ന് കൂട്ടുകാർ നിലവിളിച്ചു...
"അയ്യോ! എന്താ അവിടെ ഉണ്ടായത്? പറ തുമ്പീ, അതും കൂടി പറഞ്ഞിട്ട് പോ.."
"എനിക്ക് വിശക്കണുന്ന് പറഞ്ഞില്ലേ?"
തുമ്പി വേഗം ബാഗ് തുറന്നു കയ്യിൽ കിട്ടിയ പാത്രത്തിന്റെ അടപ്പു തുറന്നു മിക്സ്ചർ വാരി കഴിച്ചുതുടങ്ങി. ഒരുപിടി മിക്സ്ചർ എടുത്ത് അവൾ കൂട്ടുകാർക്ക് നേരെ നീട്ടി.
"ഇന്നാ. തിന്നോ."
അപ്പോഴേക്കും ബസ്സിന്റെ പുറകിലെ സീറ്റിൽ നിന്ന് മുന്നിലേക്ക് വന്ന് ലിനു കണ്ണുകളിൽ അപേക്ഷ നിറച്ച് തുമ്പിയെ നോക്കി പറഞ്ഞു..
"ഇപ്പോ ഞാൻ ഇറങ്ങും. ഞാൻ പോയ ശേഷം കഥയുടെ ബാക്കി പറയരുത്."
കഥ കേൾക്കുന്നവർക്കുള്ളത്ര രസമൊന്നും പറയുന്നതിൽ കിട്ടാത്ത തുമ്പി ചവച്ചു കൊണ്ട് തന്നെ അത് തലകുലുക്കി സമ്മതിക്കുന്നത് നോക്കി നിരാശയോടെ മറ്റു കൂട്ടുകാർ ചുറ്റും നിശബ്ദരായിരുന്നു.
ലിനു ഇറങ്ങിയ ശേഷം മധുരച്ചുരുട്ടും ഉപ്പേരിയും മിഠായികളുമായി മറ്റുള്ളവർ തുമ്പിക്ക്‌ ചുറ്റുംകൂടി.
"തുമ്പിക്ക് ചക്ക ഉപ്പേരി വലിയ ഇഷ്ടമല്ലേ? ഇന്നാ"
ഷാലു അവളുടെ ടിഫിൻ തുമ്പിക്ക്‌ നേരെ നീട്ടിക്കൊണ്ട് തുടർന്നു
"ബാക്കീം കൂടി പറ. നാളെ തുമ്പി ബസ്സിൽ കയറും മുൻപ് ലിനു കയറുമല്ലോ. അത്രയും കഥ ഞങ്ങൾ അവൾക്ക് പറഞ്ഞു കൊടുത്തോളാം."
റെനീറ്റയും വരദേച്ചിയും തലകുലുക്കി അത് തങ്ങൾക്കും സമ്മതമാണെന്ന് അറിയിച്ചു. തുമ്പി അൽപനേരം ആലോചിച്ചു, എന്നിട്ട് പറഞ്ഞു..
"അതുവേണ്ട. നിങ്ങളാരും പറഞ്ഞാൽ ശരിയാവില്ല. നിങ്ങൾക്കൊന്നും എന്റെ അത്ര നന്നായി കഥ പറയാൻ അറിയില്ല. ഞാൻ നേരിട്ട് പറയുന്നതാണ് നല്ലത്. ഇനിയാണ് ശരിക്കുള്ള കഥ തുടങ്ങുന്നത്. ഭീകരമായ രംഗങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. എന്റെ സ്റ്റോപ്പ് എത്താറായി. നാളെ കാണാം."
ഒഴിഞ്ഞ ഉപ്പേരി പാത്രം ഷാലുവിന് തിരികെ നൽകി പാവാട തട്ടിക്കുടഞ്ഞു ബാഗ് തോളിൽ തൂക്കി തുമ്പി എഴുന്നേറ്റ് നടന്നു,
തിരിഞ്ഞുനോക്കാതെ.
ഇന്നായിരുന്നെങ്കിൽ തുമ്പി തിരിഞ്ഞു നോക്കുമായിരുന്നില്ലേ? നിഷ്കളങ്കമായ പിഞ്ചു മനസ്സ് തനിക്കു നീട്ടിയ ഉപ്പേരിത്തുണ്ടുകളിൽ ഒളിച്ചുവച്ച നിർദോഷകരമായ ആഗ്രഹത്തിന്റെ രുചി ഇന്നാണെങ്കിലവൾക്ക് വേർതിരിച്ചറിയാൻ കഴിയുമായിരുന്നില്ലേ? വീണ്ടും ഒറ്റപ്പെടലിന്റെ ലോകത്തേക്ക് മടങ്ങുമ്പോൾ തന്റെ വരവും കാത്തിരിക്കാൻ കുറച്ചു പേർ ഈ സൗഹൃദത്തിന്റെ ലോകത്ത് ബാക്കിയുണ്ടെന്ന് ഉറപ്പുവരുത്താൻ അന്നേ അവൾക്കറിയാമായിരുന്നോ?
(തുമ്പി ഇനിയും കഥകളുമായി മടങ്ങിവരും വരേയ്ക്ക്....)
~സ്വപ്ന അലക്സിസ്
Read all parts :- https://www.nallezhuth.com/search/label/MazhaNanayanMohichaPenkutty

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot