നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ലക്ഷം ഉലുവ

Image may contain: 1 person, sitting, tree, grass, shoes, plant, outdoor and nature
കഴിഞ്ഞ പത്തു വർഷമായി ഗൾഫിൽ ജോലി ചെയ്യൂന്ന എനിക്ക് ബാങ്കിൽ ഒരു ലക്ഷം രൂപയാണ് സമ്പാദ്യം!!!കൃത്യമായി പറഞ്ഞാൽ ഒരു
ലക്ഷത്തി പതിമൂവ്വായിരം രൂപ!!!
ബാങ്കിൽ നിന്നും ലോൺ എടുത്ത് ഒരു വീട് വെച്ചില്ലായിരുന്നുവെങ്കിൽ ഞാൻ എപ്പോഴേ നാട്ടിലെത്തി വല്ല കൂലിപ്പണിക്കും പോയി തുടങ്ങിയേനെ!!!
എന്റെ പെങ്ങളുടെ മകളുടെ വിവാഹം സർക്കാരുദ്യോഗസ്ഥനുമായി നടക്കുവാൻ പോകുന്നതറിഞ്ഞപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
സ്ത്രീധനമായി രണ്ടു ലക്ഷം രൂപ കൊടുക്കണം എന്ന് പെങ്ങൾ എന്നോട് ഫോൺ ചെയ്തു പറഞ്ഞപ്പോൾ എന്റെ തുള്ളിച്ചാട്ടം പിടിച്ചുകെട്ടിയതുപോലെ നിന്നു!!!
"ചേച്ചീ രണ്ടു ലക്ഷം രൂപ എന്റെ കയ്യിൽ കാണുകയില്ല"
ഞാൻ വിറയലോടെ പറഞ്ഞു.
"അത് എനിക്കും അറിയാമെടാ ഉവ്വേ..ആട്ടെ നിനക്ക് എത്ര രൂപ തരുവാൻ കഴിയും? "
ചേച്ചി ചോദിച്ചു.
"ഞാൻ...ഞാൻ ഒരു ലക്ഷം രൂപ തരാം"പറഞ്ഞുകഴിഞ്ഞാണ് ഭാര്യ സുലുവിനോട് ആലോചിച്ചില്ല എന്ന് ഞാൻ ഓർത്തത്‌.
സുലു പാവമാണ്...എന്റെ ഇഷ്ടമാണ് അവളുടെയും ഇഷ്ടം...പക്ഷെ ആകെയുള്ള സമ്പാദ്യമായ ഒരു ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും പോകുമ്പോൾ അവളുടെ മനോഭാവം മാറുമോ? ഞാൻ ആലോചിച്ചു.
"എനിക്ക് സന്തോഷമായി ചേട്ടാ...നമുക്ക് അത്രയും ചെയ്യുവാൻ സാധിച്ചല്ലോ?" എന്നാൽ സുലുവിന്റെ വാക്കുകൾ ഇതായിരുന്നു...
അവളുടെ അനുജത്തിയും കല്യാണപ്രായം തികഞ്ഞു നിൽക്കുന്ന കാര്യം ഒരു ഞെട്ടലോടെ ഞാൻ ഓർത്തു.
പിന്നീട് കല്യാണത്തിന് പോകുവാനുള്ള തിരക്കിലായിരുന്നു ഞാൻ...വെറും കൈയ്യോടെ നാട്ടിലേക്ക് ചെല്ലുന്നതെങ്ങിനെ? കിട്ടാവുന്നേടത്തെല്ലാം കടം വാങ്ങിച്ചു ഷോപ്പിംഗ് നടത്തി...ഒരു മാസം ശമ്പളമില്ലാത്ത ലീവ് എടുത്തു...ലീവ് അനുവദിച്ചപ്പോൾ മാനേജർ കറുത്ത മുഖത്തോടെ എന്നെ തുറിച്ചു നോക്കി.
അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മൂന്നു മാസംമുൻപാണ് നാട്ടിൽ നിന്നും ഞാൻ തിരിച്ചെത്തിയത്.
നാട്ടിലെത്തിയപ്പോൾ സുലുവിന്റെ അച്ഛൻ അടുത്ത സന്തോഷ വാർത്ത എന്നെ അറിയിച്ചു.
സുലുവിന്റെ അനുജത്തിയുടെ കല്യാണം തീരുമാനിച്ചു!!!
"നീ വിഷമിക്കണ്ട....നിന്റെകൂടി സൗകര്യം നോക്കിയെ കല്യാണം നടത്തുകയുള്ളൂ....."അമ്മായിഅച്ഛൻ പറഞ്ഞു.
എനിക്ക് ആശ്വാസമായി...കുറച്ച് സാവകാശം കിട്ടുമെല്ലോ?
മരുമകളുടെ കല്യാണം ഗംഭീരമായി നടന്നു...അളിയൻ വെള്ളമടിക്കാത്ത ആളായത് കൊണ്ട് എന്റെ ചിലവിൽ ആയിരുന്നു നാട്ടിലെ പരാന്ന ഭോജികൾക്കും മാന്യന്മാർക്കും മദ്യസൽക്കാരം നടന്നത്...എന്റെ സുഹൃത്തുക്കൾ ഇക്കൂട്ടത്തിൽ വരാത്ത ആളുകൾ ആയതുകൊണ്ട് അവർക്ക് റോയൽ സ്യുട്ടിൽ ആയിരുന്നു മദ്യസൽക്കാരം!!!
ബ്ലേഡിൽ നിന്നും ഞാൻ വാശിയോടെ കടം വാങ്ങിച്ചു ചിലവാക്കി...ഒന്നിനും ഒരു കുറവും വരുത്തിയില്ല.......
കല്യാണത്തിന്റെ അന്ന് വൈകുന്നേരം അളിയന് ഒരു തലകറക്കവും പരവേശവും....!!!
"പാവം അവളെ പിരിയുന്നതിലുള്ള ദുഖമാണ്...എന്റെ ചേട്ടന് കുട്ടികളുടെ മനസ്സാണ് "പെങ്ങൾ പറഞ്ഞു.
"ചേട്ടൻ കിടന്നോളൂ...സോമൻ എല്ലാം നോക്കിക്കോളും"പെങ്ങൾ അളിയനെ ആശ്വസിപ്പിച്ചു.
പിന്നീട് ഫോട്ടോഗ്രാഫർ...വീഡിയോ ഗ്രാഫർ...പന്തലുകാർ...സദ്യ വട്ടം ഒരുക്കിയവർ.. എല്ലാവരും എന്നെ വാശിയോടെ ആക്രമിച്ചു...ഗൾഫുകാരനായതുകൊണ്ട് എന്നോട് ആരും കരുണ കാണിച്ചില്ല..
ബ്ലേഡ് ചാക്കോച്ചി എല്ലാ സഹായവും മുപ്പത്തിയാറു ശതമാനം പലിശക്ക് എനിക്ക് ചെയ്തു തന്നു...
ഏതായാലും ഗൾഫിൽ നിന്നുമുള്ള തിരിച്ചുവരവ് അസാധ്യമാണെന്ന് എനിക്ക് മനസ്സിലായി.
കല്യാണപ്പിറ്റേന്ന് അമ്മായിഅച്ഛൻ വീട്ടിൽ വന്നു.
"സോമാ...നിന്റെ നല്ല മനസ്സിനെക്കുറിച്ചാണ് എല്ലാവരും പറയുന്നത്...എനിക്ക് വല്ലാത്ത അഭിമാനം തോന്നുന്നു" അദ്ദേഹം മൊഴിഞ്ഞു..
ഞാൻ അദ്ദേഹത്തെ തുറിച്ചു നോക്കി.
"സുമയുടെ കല്യാണവും നമുക്ക് ഗംഭീരമാക്കണം.....ഡിസംബറിൽ നടത്താമെന്നു തന്നെയാണ് എന്റെ തീരുമാനം....എന്താണ് നിന്റെ അഭിപ്രായം?"
"ഡിസംബറിലോ...?" എന്റെ കണ്ഠത്തിൽ ഒരു ഗോളം പുറത്തേക്ക് വരുന്ന വാക്കുകളെ തടഞ്ഞു നിർത്തി ..ഡിസംബറാകാൻ ഇനി അഞ്ചുമാസം മാത്രം!!! ഞെട്ടലോടെ ഞാൻ ഓർത്തു.
എന്നാൽ മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ മുഖഭാവമായി നിൽക്കുന്ന സുലുവിനെ കണ്ടപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല.
അന്ന് വൈകുന്നേരം ഞാൻ പെങ്ങളുടെ വീട്ടിൽ ചെന്നു...
അവിടെകണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു.
വെള്ളമടിക്കാത്ത അളിയൻ നാട്ടിലെ മാന്യനും ഭക്തനും ആയ നാണുമാഷുമായി പൂമുഖത്തിരുന്നു മദ്യപിക്കുന്നു!!!
"സോമൻ വന്നത് കൊണ്ട് എല്ലാം ഭംഗിയായി നടന്നു."മാഷ് എന്നെ കണ്ടപാടെ പറഞ്ഞു.
"അപ്പോൾ ഞാൻ വെറും വിഡ്ഢി.."അളിയൻ ഫിറ്റായെന്നു തോന്നുന്നു....
ഞാൻ അകത്തേക്ക് കയറുവാൻ നോക്കി...
"നിൽക്ക്...അങ്ങിനെ അങ്ങ് ഒരാൾ തന്നെ മിടുക്കനായാൽ പോരല്ലോ? "
അളിയൻ വിടുവാനുള്ള ഭാവമില്ല...എനിക്ക് ഒന്നും മനസ്സിലായില്ല...ഞാൻ അളിയനെ തുറിച്ചു നോക്കി....
"പോട്ടെ സോമാ...എല്ലാം കഴിഞ്ഞില്ലേ?"
നാണുമാഷ് പറഞ്ഞു...
"കള്ള് തലക്ക് പിടിച്ചെന്ന് തോന്നുന്നു" പെങ്ങൾ എന്നെ നോക്കി ചിരിച്ചു.
"മാഷേ....ഞാൻ എന്റെ മകളുടെ കല്യാണം നടത്തിയത് ബാങ്കിൽ നിന്നും ലോൺ എടുത്താണ്...അല്ലാതെ ഒരു തെണ്ടിയുടേയും കാശുകൊണ്ടല്ല" അളിയൻ എന്നെ നോക്കികൊണ്ടാണ് പറയുന്നത്.
"അപ്പോൾ സോമൻ ഒന്നും തന്നില്ലേ?'
മാഷിന്റെ മുഖത്ത് ശകുനീ ഭാവം തെളിഞ്ഞു.
"തന്നു...വെറും ഒരു ലക്ഷം ഉലുവ... ഒരു സാരിക്കുപോലും അത് തികയില്ലെന്ന് മാഷിനറിഞ്ഞുകൂടേ?"
ആ ഉലുവ എന്റെ ഒരു ജന്മത്തെ മുഴുവൻ സമ്പാദ്യമാണെന്നു ഞാൻ പറഞ്ഞില്ല...
വിധിയന്റെ വിധി കൊതിയൻ വിചാരിച്ചാൽ മാറുമോ?
കുനിഞ്ഞ ശിരസ്സോടെ പെങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എന്റെ കാലടികൾ ഇടറിയിരുന്നു..
അളിയന്റെ പൊട്ടിച്ചിരിയും അട്ടഹാസവും അപ്പോഴും എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.!!!
അനിൽ കോനാട്ട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot