Slider

യാത്രയ്ക്കപ്പുറം

0
Image may contain: 1 person, ocean, sky, mountain, outdoor, nature, closeup and water
ഉച്ചവെയിൽ ചൂടിൽ, ബസ് സ്റ്റാൻഡ്ലെ ഇരിപ്പിടങ്ങൾ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. മുകളിലെ ഷീറ്റിന്റെ നിഴൽ വീണു തണൽ പതിഞ്ഞ ഒരു ഇരിപ്പിടം തിരഞ്ഞു തിരഞ്ഞു ഒടുവിൽ എന്റെ കണ്ണുകൾ ഇടത്തെ അറ്റത്തെ ഇരിപ്പിടം കണ്ടെത്തി.
അതുവരെ തോളിൽ ഭാരമായിരുന്ന ബാഗ് എടുത്തു കാലിനു ചുവട്ടിൽ വെച്ച് ആശ്വാസത്തിന്റെ ഒരു നടു നിവർക്കൽ നടത്തി ദേഹത്തെ ഒന്ന് സ്വതന്ത്രമാക്കി.
കീശയിലെ വൈബ്രേഷൻ ബസ് സ്റ്റാൻഡിലെ കാഴ്ചകളിൽ നിന്നും കണ്ണിനെ കീശയിലേക്ക് കൂട്ടി കൊണ്ട് പോയി. ഫോണിൽ തെളിഞ്ഞ നമ്പറിലേക്ക് ചുളിഞ്ഞ പുരികത്തോടെ നോട്ടം അയച്ചു, ഫോൺ തിരികെ കീശയിൽ ഇട്ടു.
ഇന്റർലോക്ക് പാകിയ നിലം വെയിലിൽ വെട്ടിത്തിളയ്ക്കുന്നുണ്ട്. വിശപ്പ് വീണ്ടുംവീണ്ടും ഇന്നലെ മുതലുള്ള പട്ടിണിയെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
ആരോടുള്ള വാശിയാണ് തന്റെ പട്ടിണി. എത്ര നാളായി ഇങ്ങനെ വാശിയും, ഇടയ്ക്കുള്ള ഈ പട്ടിണികിടക്കലും.
കീശയിൽ ഫോൺ നിറുത്താതെ റിങ് ചെയ്തു തുടങ്ങി.
എടുക്കാൻ തോന്നുന്നില്ല. ഹൃദയം അത്രയേറെ ദുഃഖത്താൽ കനം വെച്ചിരിക്കുന്നു. ഫോൺ സൈലന്റ് മോഡിൽ ഇട്ടുകൊണ്ടു വലതു ഭാഗത്തേക്ക് നോക്കിയപ്പോൾ ഒരു പയ്യൻ തൊട്ടടുത്ത സീറ്റ് കയ്യേറിയിരിക്കുന്നത് കണ്ടത്.
അടുത്ത സീറ്റുകളിൽ ഒന്നും ആരെയും കാണാത്തത് കൊണ്ട് സ്വസ്ഥമായി ഇരിക്കാം എന്നും വിചാരിച്ചാണ് സീറ്റിൽ വന്നിരുന്നത്. ഈ ചെക്കൻ ഇവിടെ തന്നെ വന്നിരുന്നത് എന്തിനാണാവോ.
തന്റെ നോട്ടം അവനിൽ തന്നെ ആയതു മനസിലായത് കൊണ്ടാവാം അവൻ തന്നെ നോക്കി ചിരിച്ചത്. മനസില്ലാമനസോടെ തിരിച്ചൊരു ചിരി നൽകി അവനടുത്തുള്ള സീറ്റിൽ വന്നിരുന്നു. അടുത്ത് ഇരിക്കുന്നതിനിടയിൽ അവനെ ഒന്ന് വീക്ഷിക്കാൻ എന്റെ കണ്ണുകൾ മറന്നില്ല.
പതിനാലോ പതിനഞ്ചോ വയസ്സുള്ള പയ്യൻ. അവന്റെ മുഖത്ത് ആകെ ഭയം പിടിമുറുക്കിയ പോലെ. സീറ്റിലേക്ക് ചാരി ഇരുന്നു പുറം കാഴ്ചകളിലേക്ക് നോക്കി ബസ്സുകളുടെ വരവ് പോക്കുകൾ നോക്കി അങ്ങനെ ഇരുന്ന് വെയിൽ താഴ്ന്നതും അസ്തമയം അടുത്തതും അറിഞ്ഞില്ല. ലക്ഷ്യമുള്ളവന് മാത്രമല്ലേ സമയത്തിന് വില. തനിക്ക് ലക്ഷ്യങ്ങൾ ഇല്ലാതായിട്ടു വർഷങ്ങൾ കഴിഞ്ഞല്ലോ.
കൈയിൽ ഒരു സ്പർശനം അറിഞ്ഞപ്പോൾ ആണ് മുഖം തിരിച്ചു നോക്കിയത്,
"ഏട്ടാ കുറച്ചു വെള്ളം തരുമോ. ദാഹിച്ചിട്ടു വയ്യ. " കുറച്ചു നേരം മുൻപ് തന്റെ തൊണ്ടക്കുഴിയിൽ നിറഞ്ഞു നിന്ന അതെ ദാഹവും, ക്ഷീണവും എനിക്കവനിൽ കാണാൻ കഴിഞ്ഞു. വിശപ്പറിഞ്ഞവനല്ലേ അതിന്റെ നോവറിയൂ.
അവനെയും കൂട്ടി സ്റ്റാന്റിനുള്ളിലെ കടയിലേക്ക് കയറി കാപ്പിയും ഉഴുന്നുവടയും വാങ്ങി തിരികെ സീറ്റിൽ വന്നിരുന്നു. കൈയിലെ കുപ്പിവെള്ളം അവനു നേരെ നീട്ടിയപ്പോൾ ആ ദാഹത്തിന്റെ ആഴം അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു. ഒറ്റവലിക്ക് കുറെ ഇറക്ക് വെള്ളം കുടിച്ചു അവൻ വടയും കാപ്പിയും ആർത്തിയോടെ കഴിച്ചു തീർക്കുന്നത് നോക്കിയിരിക്കെ കുറച്ചു വർഷങ്ങൾക്ക് മുന്നേ പൂനെയിലെ തെരുവിൽ വിശന്നലഞ്ഞ എന്റെ മുഖം ഓർമ്മ വന്നു കൊണ്ടിരുന്നു.
ബസ്റ്റാന്റിലെ ഇരുട്ടിലേക്ക് നോക്കിയിരിക്കെ കടകളുടെ വർണ്ണലൈറ്റുകൾ തെളിഞ്ഞു തുടങ്ങി. മുഖത്തേക്ക് വന്നു വീണ വെളിച്ചത്തിൽ അവന്റെ കണ്ണുകൾ നിറയുന്നത് കാണുന്നുണ്ടായിരുന്നു. കണ്ണീർ ചാലു പോലെ കവിൾ നനച്ചു ഒഴുകുമ്പോൾ എന്തുകൊണ്ടോ ആ കണ്ണീർ തുടച്ചുമാറ്റാൻ തോന്നിയില്ല. അല്ലെങ്കിലും കണ്ണീർ എന്നത് തടുത്തുവെക്കലുകൾക്കപ്പുറം മടപൊട്ടിച്ചു വരുന്ന സങ്കടങ്ങളുടെ കുത്തൊഴുക്കല്ലേ.
അവന്റെ നോവലിയാൻ കാത്തു നിൽക്കെ അവൻ എന്റെ വലതു ചുമലിലേക്ക് പെട്ടെന്നായിരുന്നു തല ചേർത്തത്.
"ഏട്ടാ.. എനിക്ക് എനിക്ക് വീട്ടിലേക്ക് പോവേണ്ട..."
നാല് വർഷം മുൻപൊരുന്നാൾ എല്ലാം ഉപേക്ഷിച്ചു പടിപ്പുരകടന്ന് മറഞ്ഞ ഒരു രൂപം പെട്ടെന്ന് കണ്ണിൻമുന്നിൽ വന്നു മറഞ്ഞത് പോലെ തോന്നി
എന്താ നിന്റെ പേര്?
അഭി..
ഒട്ടൊരു നിശ്ശബ്ദതയ്ക്കപ്പുറം അവന്റെ ചിലമ്പിച്ച ശബ്ദം എന്റെ തോളിൽ വന്നു വീണു.
ഇടം കൈകൊണ്ടു കണ്ണും കവിളും തുടച്ചു അവൻ കസേരയിലേക്ക് നിവർന്നിരുന്നു
"എന്നെ ആർക്കും ഇഷ്ടമല്ല ഏട്ടാ. എല്ലാവര്ക്കും തിരക്കാണ്."
"ആരാ ഈ എല്ലാവരും.. " തലചെരിച്ചു ഒരു പരിഭവം കേൾക്കുന്ന ലാഘവത്തോടെ ഞാൻ അവനെ നോക്കി
അവൻ തലതാഴ്ത്തി വിരലുകൾ തമ്മിൽ പിണച്ചും അഴിച്ചും മൗനമായി ഇരുന്നു
"എന്തിനാ നീ വീട് വിട്ടത്....?"
"എനിക്ക് ബൈക്ക് വാങ്ങിച്ചു തന്നില്ല. കുറെ നാളുകളായി പറയുന്നു. ഒരു ഫോൺ പോലും വാങ്ങിച്ചു തന്നില്ല. എന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ഇപ്പൊ എല്ലാം വാങ്ങിച്ചു തന്നേനെ."
ആ പരിഭവം പറഞ്ഞു നിറയുമ്പോൾ അവന്റെ ഏകദേശ ചിത്രം തെളിയുന്നുണ്ടായിരുന്നു കണ്മുന്നിൽ
"നിന്റെ അമ്മയ്ക്ക് എന്താ ജോലി..?"
"അമ്മ ഒരു ടെക്സ്റ്റൈൽസിലാണ്"
"എത്ര മണിവരെ ജോലിയുണ്ട്...?"
"രാവിലെ ഒൻപത് മുതൽ രാത്രി എട്ട് മണി വരെ.."
"ഇപ്പൊ അമ്മ വീടെത്തിയിട്ടുണ്ടാകും അല്ലെ..? എന്റെ വാച്ചിലേക്കും അവന്റെ മുഖത്തേക്കും എന്റെ നോട്ടം ചെല്ലുമ്പോൾ സമയം ഒൻപതിനോട് അടുക്കാറായിരുന്നു.
"ഉണ്ടാകും.." അവന്റെ കണ്ണ് നിറഞ്ഞും തലകുനിഞ്ഞും കണ്ടു. അപ്പോൾ ദയനീയമായിരുന്നു അവന്റെ ആ മറുപടി
"അഭിക്കറിയോ ഈ ഭൂമിയിൽ നമ്മൾ ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ ഏറ്റവും വലിയ നോവ് ആർക്കാണ് എന്ന്. നമ്മൾക്ക് വേണ്ടി കണക്ക് പറച്ചിലുകൾ ഇല്ലാതെ കാത്തിരിക്കുകയും, വെച്ച് വിളമ്പുകയും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മളെ സ്നേഹിക്കുകയും ഒക്കെ ചെയ്യുന്നത് ആരാണെന്ന്. അത്, നീ ഇപ്പൊ ഒരു ദേഷ്യത്തിനു ആ വീട്ടിൽ വലിച്ചെറിഞ്ഞു വന്നില്ലേ, ആ അമ്മയെപോലുള്ള അമ്മമാരാണ്."
തെളിയാത്ത മുഖവുമായി അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കെ ഏതോ ഓർമ്മകൾ എന്റെ ഉള്ളിലും നിറയുന്നുണ്ടായിരുന്നു.
"നിന്നെപ്പോലെ ഞാനും വലിച്ചെറിഞ്ഞതായിരുന്നു എന്റെ അമ്മയെ. അത് ബൈക്ക് വാങ്ങിതരാഞ്ഞിട്ടോ ഫോൺ വാങ്ങി തരാഞ്ഞിട്ടോ അല്ല. എപ്പോഴോ ഉണ്ടായ ഒരു വഴക്കിന് വീട് വിട്ടിറങ്ങുകയായിരുന്നു. പ്രായത്തിന്റെ ചോരത്തിളപ്പിൽ ഞാനാ തണൽ ഉപേക്ഷിക്കുകയായിരുന്നു. വാശി അവസാനിക്കാത്തത് കൊണ്ടാകും ഞാൻ തിരിച്ചാ പടിപ്പുര കയറിയില്ല."
കീശയിൽ ഫോണിന്റെ വൈബ്രേഷൻ ഇടതടവില്ലാതെ വന്നു കൊണ്ടിരുന്നതും സംസാരം നിർത്തി ഫോൺ എടുത്തു
സ്‌ക്രീനിലെ വലിയ ഡിസ്‌പ്ലെയിൽ ഹോം എന്ന് കാണിക്കുന്നു
എടുത്തു ചെവിയിൽ വെച്ചു നിന്നപ്പോൾ ഞങ്ങൾക്ക് ചുറ്റും രാത്രിയുടെ നിശബ്ദത നിറഞ്ഞു വരികയായിരുന്നു. മൗനമായി കേട്ട് നിൽക്കെ തൊട്ടരുകിൽ അവൻ വന്നു നിന്നു
"എന്താ ഏട്ടാ.. ?"
"ഒന്നൂല്ല.. നീ തിരിച്ചു പോകുന്നില്ലേ വീട്ടിലേക്ക്...?"
അവൻ തലതാഴ്ത്തി ഇരിക്കെ, ഞാനവനെ തോളിലൂടെ കൈയിട്ടു ചേർത്ത് പിടിച്ചു
"നീ, നിന്നിൽ നിന്നും മുഖം ഉയർത്തി നിന്റെ അമ്മയെ കുറിച്ച് ആലോചിച്ചു നോക്കിയേ. ജോലി കഴിഞ്ഞു വന്നതിനു ശേഷം ഈ സമയം ആയിട്ടും നിന്നെ കാണാഞ്ഞു ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ നിന്നെ തിരഞ്ഞു നടക്കുകയായിരിക്കും ആ പാവം. ആൺതുണയില്ലാത്ത ഒരു സ്ത്രീ സമൂഹത്തിൽ പലതും സഹിക്കേണ്ടി വരും. നീ ആലോചിച്ചോ അതൊക്കെ...?"
എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി അവനിൽ നിന്നും കണ്ണീരായി ഒഴുകാൻ തുടങ്ങിയിരുന്നു.
"തിരിച്ചു പോവണം. അമ്മയ്ക്ക് തുണയാകേണ്ടവൻ അമ്മയുടെ കണ്ണീരാവരുത്. പഠിച്ചു മിടുക്കനായി അമ്മയ്ക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകാൻ ആവണം നിനക്ക്. ജീവിതത്തിൽ ചില ബന്ധങ്ങൾ അങ്ങനെയാണ് അഭീ. നഷ്ടപ്പെട്ടാൽ മാത്രം വിലയറിയാൻ ആവുന്നത്. ഒരിക്കലും തിരിച്ചെടുക്കാൻ ആവാത്തതായി മാറുന്ന ചില നഷ്ടങ്ങളുണ്ട്."
എത്രനേരം സംസാരിച്ചെന്നോ, എത്ര തവണ അവന്റെ കണ്ണീർ എന്റെ ഷർട്ടിനെ നനയിച്ചുക്കൊണ്ടു എന്റെ നെഞ്ചിനെ പൊള്ളിച്ചെന്നോ അറിയില്ല. പിറ്റേന്നത്തെ പുലരി പക്ഷെ അഭിയുടെ കണ്ണിലെ ഇരുട്ടിനെ നീക്കിയിരുന്നു.
അവനെ അവന്റെ നാട്ടിലേക്കുള്ള ബസിൽ കയറ്റിയിരുത്തി തിരിച്ചിറങ്ങുമ്പോൾ അവൻ എന്റെ കൈപിടിച്ച് വലിച്ചു നിർത്തി
"ഏട്ടാ അമ്മയെയും കൂട്ടി ഞാൻ വരും ഏട്ടനെ തേടി". അവന്റെ ശബ്ദം ഇടറിയും കണ്ണുകൾ നിറഞ്ഞും ഇരുന്നു.
പതുക്കെ അവന്റെ കവിളിൽ മെല്ലെ തട്ടി നിറയുന്ന കണ്ണുകളെ അവൻ കാണാതിരിക്കാൻ ശ്രമിച്ചു ബസിൽ നിന്നും ഇറങ്ങി എതിർദിശയിലേക്ക് നടന്നു. ഒരേയൊരു ബസ് മാത്രം അവിടെ തന്നെ മാത്രം പ്രതീക്ഷിച്ചെന്നപോലെ കിടപ്പുണ്ട്.
ഫോണിൽ വീണ്ടും വൈബ്രെഷനോട് കൂടി കാൾ വന്നു
"മോനെ ശ്യാം മൂന്ന് മണിക്കാണ് സംസ്‌ക്കാരച്ചടങ്ങു, അമ്മയുടെ കർമ്മം ചെയ്യാനെങ്കിലും നീ എത്തണം. "
അപ്പുറത്ത് മണിമാമയുടെ ശബ്ദം... പ്രായധിക്യത്തെക്കാൾ സങ്കടം കൊണ്ട് ആ ശബ്ദം വിറച്ചു കൊണ്ടിരുന്നു.
"മാമേ...... ഞാൻ... ഞാൻ എത്തിക്കൊണ്ടിരിക്കുകയാ മാമേ.."
ആരെയോ കാത്തെന്ന പോലെ കിടന്ന ബസ് ഇളകിതുടങ്ങി
മറ്റൊരു ബസ് അപ്പോഴേക്കും ദൂരെയൊരു പൊട്ടു പോലെ മറഞ്ഞിരുന്നു
✍️ സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo