നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 13


"ചേച്ചി..നിങ്ങൾ ഈ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം  പറയാൻ എനിക്ക് തൽക്കാലം നിർവാഹമില്ല.പക്ഷെ വേണമെങ്കിൽ വേറെ ഒരു കാര്യം പറഞ്ഞ് തരാം.നിങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടി മാത്രം.."കുട്ടൻ പറഞ്ഞു.
"നിന്റെ പുതിയ അടവെന്തെങ്കിലും ആണെങ്കിൽ !" വേണി കുട്ടന്റെ നട്ടെലിലേക്ക് ആ കത്തി ഒന്ന് കൂടി അമർത്തി.
"ഞാൻ പറയുന്നതൊന്ന് കേൾക്ക് ..ചേച്ചിയും ഭർത്താവും ആ മുറിയിൽ കയറിയപ്പോൾ ആരെങ്കിലും അതിനകത്ത് ഉണ്ടായിരുന്നോ?"കുട്ടൻ ചോദിച്ചു.
വേണിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
"ഇല്ല"അവൾ ഉത്തരം നൽകി.
"ചേച്ചി ഉറങ്ങുന്നതിന് മുൻപ് വാതിൽ കുറ്റി ഇട്ടിരുന്നു അല്ലെ?"കുട്ടൻ ചോദിച്ചു.
"അതെ.."വേണി പറഞ്ഞു.വാതിൽ കുറ്റി ഇട്ടിട്ടാണ് കിടന്നതെന്ന്  അവൾക്ക് നല്ല ഓർമ്മയുണ്ടായിരുന്നു.
"ചേച്ചി  ഉണർന്നെഴുന്നേറ്റപ്പോൾ ഗിരിയേട്ടനും ഞാനും  റൂമിനകത്ത് ഉണ്ടായിരുന്നു പക്ഷെ വാതിൽ തല്ലിപ്പൊളിച്ചല്ല ഞങ്ങൾ അകത്ത് കയറിയത് അങ്ങനെ എങ്കിൽ  വാതിൽ തല്ലിപ്പൊളിക്കുന്ന ശബ്ദം കേൾക്കുമല്ലോ.അങ്ങനെ എന്തെങ്കിലും ശബ്ദം കേട്ടതായി ഓർക്കുന്നുണ്ടോ?"കുട്ടൻ ചോദിച്ചു.
"ഇല്ല..നീ  എന്താ പറഞ്ഞു വരുന്നത്?"വേണിയുടെ കണ്ണുകൾ കുറുകി.അവളുടെ മനസ്സിൽ എന്തൊക്കെയോ ചോദ്യങ്ങൾ ഉയർന്നു.
"നിങ്ങൾ കുറ്റി ഇട്ട വാതിൽ ചവുട്ടിപ്പൊളിക്കാതെ  ഞങ്ങൾ അകത്ത് കയറണമെങ്കിൽ അകത്ത് നിന്നും ആരെങ്കിലും ഞങ്ങൾക്ക് ആ കതക് തുറന്ന് തന്നിട്ടുണ്ടാവണം.അകത്ത് ചേച്ചിയും ഭർത്താവും മാത്രമേ ഉണ്ടായിരുന്നുള്ളു താനും.അല്ലെ?ഞാൻ പറഞ്ഞ് വരുന്നത് ചേച്ചിക്കെന്തെങ്കിലും മനസ്സിലാവുന്നുണ്ടോ?"കുട്ടൻ ചോദിച്ചു.തിരിഞ്ഞു നിന്നിരുന്നത് കൊണ്ട് കുട്ടന് വേണിയുടെ  മുഖം കാണാൻ കഴിഞ്ഞില്ല. പക്ഷെ അവളുടെ നെഞ്ചിടിപ്പിന്റെ താളവും അവളുടെ ശ്വാസഗതി ഉയരുന്നതും  അവൻ അറിഞ്ഞു .
"നീ പറഞ്ഞുവരുന്നത്..കണ്ണേട്ടൻ..എന്റെ കണ്ണേട്ടൻ ആണോ എന്നെ..?"വേണിയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.വാക്കുകൾ കിട്ടാതെ അവളുടെ ശബ്ദം ഇടറി. അവളുടെ കൈയിൽ നിന്നും കത്തി താഴെ വീഴുന്ന ശബ്ദം കുട്ടൻ കേട്ടു .അവൻ മെല്ലെ തിരിഞ്ഞ് നിന്നു.
"ആട്ടിൻ തോലിട്ട ചെന്നായയെ തിരിച്ചറിയണമായിരുന്നു..പക്ഷെ വൈകിപ്പോയി.."കുട്ടൻ പറഞ്ഞു.വേണി അടുക്കളയുടെ പാതകത്തിൽ പിടിച്ച് വിതുമ്പുകയായിരുന്നു.കുട്ടൻ ഒന്നും മിണ്ടാതെ വാതിൽ തുറന്ന് വെളിയിൽ ഇറങ്ങി പുറത്ത് നിന്നും കതക് പൂട്ടി.കുറച്ച് നേരം കരയട്ടെ ..കരഞ്ഞ് കരഞ്ഞ് സങ്കടം തീർക്കട്ടെ എന്നവൻ വിചാരിച്ചു...**
ശ്രീബാല കണ്ണുകൾ തുറന്നപ്പോൾ മുറിയിൽ ജിതേഷ് ഉണ്ടായിരുന്നില്ല.വാതിലിനരികിൽ നിലത്തിരുന്ന് അവൾ ഉറങ്ങിപ്പോയിരുന്നു.പെട്ടെന്ന് വാതിൽ തുറന്ന് ജിതേഷ് മുറിക്കകത്തോട്ട് വന്നു.ഹുഡിയും ട്രാക്ക് സ്യൂട്ടും ആയിരുന്നു അവന്റെ വേഷം.
"ഗുഡ് മോർണിംഗ് ! വെളുപ്പാൻ കാലത്തെഴുന്നേൽക്കുന്ന ശീലം ഒന്നുമില്ല അല്ലെ.."റാക്കിൽ കിടന്ന ടവൽ എടുത്ത് മുഖത്തെ വിയർപ്പൊപ്പിക്കൊണ്ട് ജിതേഷ്  പറഞ്ഞു.
ശ്രീബാല കരഞ്ഞ് വീർത്ത കണ്ണുകളാൽ അവനെ നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
"ഞാൻ ഡെയിലി നാല് മണിക്കെഴുന്നേൽക്കും.പിന്നെ ജോഗിങ്.പിന്നെ റെഡി ആയി  ബ്രേക്ഫാസ്റ്റ്  കഴിച്ച്  കമ്പനിയിൽ പോവും."ജിതേഷ് പറഞ്ഞു.
"എനിക്കെന്റെ വേണി മോളോട് സംസാരിക്കണം."ശ്രീബാല പറഞ്ഞു.
"തടവിൽ കിടക്കുന്ന പ്രതിക്ക് ഡിമാന്റുകളോ? കൊള്ളാമല്ലോ!"ജിതേഷ് പുച്ഛത്തോടെ പറഞ്ഞു..
"എനിക്കവളോട് സംസാരിച്ചെ  പറ്റു! ഈ നിമിഷം! ഇല്ലെങ്കിൽ!"ശ്രീബാല പതിയെ നിലത്ത് നിന്നും എഴുന്നേറ്റു.അവളുടെ കൈയിൽ ഒരു കത്രിക ഉണ്ടായിരുന്നു.ജിതേഷ് അത് കണ്ട് ഉറക്കെ ചിരിച്ചു.
"എന്റെ ടേബിളിൽ നിന്നും ഇത് എപ്പോ  അടിച്ച് മാറ്റി? എന്നെ കൊല്ലാൻ  ആണോ അതോ ആത്മഹത്യ ചെയ്യാൻ ആണോ?"ജിതേഷ് ചോദിച്ചു.അവന്റെ സ്വരത്തിലെ പരിഹാസം കേട്ടപ്പോൾ അവളുടെ കോപം ഇരട്ടിച്ചു.
"നിങ്ങളെ ഞാൻ കൊല്ലില്ല.പകരം ഇത് ഞാൻ എന്റെ നെഞ്ചിലേക്ക് കുത്തി ഇറക്കും.അതോടെ തീരുമല്ലോ നിങ്ങളുടെ പകയും പ്രതികാരവും എല്ലാം!"ശ്രീബാല കത്രിക അവളുടെ നെഞ്ചിന് നേരെ ഓങ്ങി  കരഞ്ഞുകൊണ്ട് പറഞ്ഞു.ജിതേഷ് അവളുടെ അടുത്തേക്ക് വന്നു.ശ്രീബാല എന്തിനും തയ്യാറായി കത്രികയും പിടിച്ച് അവനെ നോക്കി നിന്നു.ജിതേഷ്  അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു.
"നീ ഇല്ലാതായാൽ എന്റെ പ്രതികാരം തീരും എന്നാരാ പറഞ്ഞത്?അത് എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയേ ഉള്ളു.ആളിക്കത്തും! പിന്നീട് ആ അഗ്നിയിൽ വെന്തുരുകാൻ പോകുന്നത് നിന്റെ വേണിയും അച്ഛനും ആയിരിക്കും.വേണോ?അത് വേണോ?"ജിതേഷിന്റെ മുഖം വലിഞ്ഞ് മുറുകി.ശ്രീബാല കുറച്ച് നേരം അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.അവൻ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുമെന്ന് അവൾക്ക് അറിയാമായിരുന്നു.
"നിങ്ങൾ ആരാ?എന്നെ എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നത്?ഞങ്ങൾ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത്?"അവൾ കത്രിക താഴെ  ഇട്ട് വീണ്ടും നിലത്തിരുന്ന് കരഞ്ഞു.
"എല്ലാത്തിനുമുള്ള ഉത്തരം വഴിയേ തരാം.ഇപ്പൊ ഒരു ഫേവർ  ചെയ്ത്  തരാം."ജിതേഷ് പറഞ്ഞു.എന്നിട്ട് ഡ്രോയറിൽ  നിന്നും ഒരു ഫോൺ എടുത്തു.
അതിൽ നിന്നും ഒരു നമ്പർ ഡയൽ ചെയ്തു.
"ഹലോ..അവൾക്ക് ഫോൺ കൊടുക്ക്"ജിതേഷ് പറഞ്ഞു.എന്നിട് ഫോൺ ശ്രീബാലയ്ക്ക് കൈമാറി.
അപ്പുറത്ത് കുട്ടൻ ആയിരുന്നു.
കുട്ടൻ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ വേണി കരഞ്ഞുകൊണ്ട് നിലത്ത് അതെ ഇരിപ്പ് തന്നെ ആയിരുന്നു.
"ചേച്ചിക്ക് ഒരു ഫോൺ ഉണ്ട്.."കുട്ടൻ ഫോൺ അവൾക്ക് നേരെ നീട്ടി.
വേണി ചോദ്യഭാവത്തിൽ അവനെ നോക്കി.എന്നിട്ട് ഫോൺ വാങ്ങി ചെവിയോട് ചേർത്തു.
"ഹലോ.."അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.
"മോളെ..മോളെ.."ശ്രീബാലയുടെ സ്വരം കേട്ടതും വേണി 'ചേച്ചി' എന്ന് വിളിച്ചുകൊണ്ട് അവിടിരുന്ന്  വിങ്ങിപ്പൊട്ടി.
"മോളെ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?ആരെങ്കിലും നിന്നെ എന്തെങ്കിലും ചെയ്തോ?നീ എവിടെയാ?"ശ്രീബാല വെപ്രാളപ്പെട്ട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.
വേണിക്ക് കരച്ചിൽ  കാരണം വാക്കുകൾ പുറത്തേക്ക് വന്നില്ല.
"ചേച്ചി..കണ്ണേട്ടൻ നമ്മൾ ഉദ്ദേശിച്ച ആളല്ല..ചതിച്ചതാ ചേച്ചി..എന്നെ ഇവിടുന്ന് ഒന്ന് രക്ഷിക്ക് ചേച്ചി..ജിതേഷേട്ടനോട്‌  പറയ് എന്നെ ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷിക്കാൻ..ഇവരെന്നെ  വീട്ടിൽ  പൂട്ടി ഇട്ടിരിക്കുകയാ ചേച്ചി "വേണിയുടെ കരച്ചിൽ കേട്ടതും ശ്രീബാല അവിടിരുന്ന്  പൊട്ടിക്കരഞ്ഞു.
"എന്താ ചേച്ചി?എന്ത് പറ്റി?"ശ്രീബാല ഒന്നും മിണ്ടാതിരുന്നപ്പോൾ വേണിക്ക്  കാര്യം മനസ്സിലായില്ല.ജിതേഷ് ശ്രീബാലയുടെ തൊട്ടടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
ശ്രീബാല നടന്ന സംഭവങ്ങൾ മുഴുവനും വേണിയെ പറഞ്ഞ് കേൾപ്പിച്ചു.എല്ലാം കേട്ട് വേണി ഞെട്ടിത്തരിച്ച് നിന്നു !
"എല്ലാരും കൂടി നമ്മളെ ചതിച്ചതാ മോളെ.. "ശ്രീബാല പറഞ്ഞു.
പെട്ടെന്ന് ജിതേഷ് അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി വേണിയോട് സംസാരിച്ചു.
"ചേച്ചി പറഞ്ഞതൊക്കെ വേണിക്ക് മനസ്സിലായല്ലോ.ചേച്ചിയും അനിയത്തിയും പ്രൊട്ടെസ്റ്റ്   ചെയ്യാതെ നല്ല കുട്ടികളായി അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ എല്ലാവർക്കും നല്ലത്.പരസ്പരം രക്ഷിക്കാൻ ശ്രമിക്കുകയോ രക്ഷപെടാൻ ശ്രമിക്കുകയോ ആരോടെങ്കിലും ഈ കഥകൾ  പറയുകയോ ചെയ്‌താൽ  ഒറ്റ ഒരെണ്ണത്തിനെ ഞാൻ ബാക്കി വെച്ചേക്കില്ല."ജിതേഷിന്റെ സ്വരം കടുത്തു.
"എന്റെ ഹരിയേട്ടന്റെ സ്ഥാനത്താണ് ഞാൻ നിങ്ങളെ കണ്ടത് ജിതേഷേട്ടാ..എന്നിട്ടും ഞങ്ങളോടെന്തിനീ ചതി ചെയ്തു?നിങ്ങളെ ജീവനെപോലെ സ്നേഹിച്ച എന്റെ ബാലേച്ചിയെ,ആകെ ഉണ്ടായിരുന്ന കിടപ്പാടം നിങ്ങൾക്ക് വേണ്ടി പണയം വെച്ച ഞങ്ങടെ അച്ഛനെ ആരെയും  നിങ്ങൾ വെറുതെ വിട്ടില്ല.നിങ്ങൾ ഇതിനൊക്കെ അനുഭവിക്കും!"വേണി കണ്ണീരോടെ അവനെ പ്രാകി.
"ഒരാളുടെ പ്രാക്ക് ഇന്നലെ കഴിഞ്ഞതേ ഉള്ളു.സാരമില്ല എനിക്കിപ്പോ ഇതൊരു ശീലമായി."ജിതേഷ് ഫോൺ കട്ട് ചെയ്തു.
"ദാ ഈ ഫോൺ നിനക്ക് യൂസ് ചെയ്യാം.നാട്ടിൽ അച്ഛനെ വിളിക്കുകയോ ഇടയ്ക്കിടെ വേണിയെ വിളിക്കുകയോ ഒക്കെ ചെയ്യാം.പക്ഷെ അതിനപ്പുറം എന്തെങ്കിലും ഉടായിപ്പ് കാണിക്കാൻ നോക്കിയാൽ അത് ഞാൻ അറിയും.ഈ ഫോണിൽ വരുന്ന കോളുകൾ  എല്ലാം ഞാൻ ട്രാക്ക് ചെയ്യുന്നുണ്ട് എന്ന് ഓർത്താൽ നന്ന്."ജിതേഷ് ഫോൺ അവളുടെ കൈകളിൽ വെച്ച് കൊടുത്തു.
"നിങ്ങൾ ശെരിക്കും ആരാ?എന്തിന് വേണ്ടിയാ ഞങ്ങളോടിങ്ങനെ ക്രൂരത കാണിക്കുന്നത്?"ശ്രീബാല ഒന്നും പിടികിട്ടാതെ ജിതേഷിനെ നോക്കി.
ജിതേഷ് അതിന് മറുപടി പറഞ്ഞില്ല.
"പിന്നെ നിനക്ക് ഇടാനുള്ള ക്ലോത്സ് ഒക്കെ ദാ  ആ കബോർഡിൽ  ഇരിപ്പുണ്ട്.അത് കൂടാതെ എന്തെങ്കിലും  വേണമെങ്കിൽ നിനക്ക് പുറത്ത് പോയി ഷോപ്പിംഗ് ചെയ്യാം."ജിതേഷ് പറഞ്ഞു.പുറത്ത് പോവുക എന്ന് കേട്ടതും ശ്രീബാലയുടെ കണ്ണുകൾ തിളങ്ങി.
"ഒറ്റയ്ക്കല്ല.ആ മോഹം അങ്ങ് മനസ്സിൽ വെച്ചേക്ക്.ഭോലയുടെ  കൂടെ നിനക്ക് എവിടെവേണമെങ്കിലും പോകാം .."ജിതേഷ് അവളെ നോക്കി ചിരിച്ചു.ശ്രീബാലയുടെ മുഖത്ത് നിരാശ പടർന്നു.ജിതേഷ്  താഴേക്ക് പോയി....
ജിതേഷ് മുറിക്ക് വെളിയിൽ ഇറങ്ങിയതും ശ്രീബാല വാതിലടച്ച് കുട്ടി ഇട്ടു.ബാത്‌റൂമിൽ കയറി ഷവറിന്റെ അടിയിൽ നിന്ന് അവൾ പൊട്ടിക്കരഞ്ഞു.എത്ര നേരം അങ്ങനെ നിന്നുവെന്ന്  അറിഞ്ഞുകൂടാ.കുളിച്ചിറങ്ങി അവൾ ബാഗിൽ നിന്നും ഒരു സാരി എടുത്ത് ഉടുത്തു.
കല്യാണത്തിന് വേണ്ടി ജിതേഷ് വാങ്ങിക്കൊടുത്ത കുറച്ച് സാരികളെ  അവൾ എടുത്തിരുന്നുള്ളു.പഴയതൊക്കെ നാട്ടിൽ തന്നെ വെച്ചിരിക്കുകയാണ്.താഴേക്കിറങ്ങി ചെന്നപ്പോൾ ജിതേഷ് കൈയിൽ ഫോണും പിടിച്ച് ബ്രേക്ക്ഫാസ്റ്റ്  കഴിക്കുകയായിരുന്നു.
ശ്രീബാലയെ കണ്ടപ്പോൾ അവൻ  ഒന്ന് നോക്കി.മഞ്ഞയിൽ കറുപ്പ് ബോർഡർ ഉള്ള ഒരു കോട്ടൺ സാരി ആയിരുന്നു അവളുടെ വേഷം.സമൃദ്ധമായ മുടി കുളിപ്പിന്നൽ കെട്ടി അഴിച്ചിട്ടിരിക്കുന്നു.മുഖത്ത് കണ്മഷിയും പൊട്ടും ഒന്നുമില്ല.കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു.
"ഞാൻ ഇനി വൈകിട്ടെ വരൂ.എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറയണ്ട ഭോലയോട് സംസാരിച്ചാൽ മതി.."ജിതേഷ് കൈ കഴുകുന്നതിനിടയിൽ പറഞ്ഞു.
ശ്രീബാല ആ വീട് മുഴുവനായൊന്ന്  നോക്കി.മുകളിലും താഴെയുമായി ഈരണ്ട് മുറികൾ വീതം ഉണ്ട്.ജിതേഷ് പോയി കഴിഞ്ഞ് എല്ലാ മുറികളും ഒന്ന് തപ്പി നോക്കണം എന്ന് ശ്രീബാല വിചാരിച്ചു.
"അതെ ബാക്കി ഉള്ള റൂം ഒന്നും തപ്പി വെറുതെ മെനക്കെടാൻ നിക്കണ്ട.ഒരു തുമ്പും കിട്ടില്ല.നിന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നതെന്ന് സമയം ആകുമ്പോൾ നീ തനിയെ മനസ്സിലാക്കും.."അവളുടെ മനസ്സ് വായിച്ചിട്ടെന്നപോലെ ജിതേഷ് പറഞ്ഞു.ശ്രീബാല  ഒന്നും മിണ്ടിയില്ല.
"ഭോലാ.."ജിതേഷ് അകത്തേക്ക് നോക്കി വിളിച്ചു.
ഒരു അയഞ്ഞ ഷർട്ടും പാന്റും ഇട്ട് ഭോല അടുക്കളയിൽ നിന്നും ഇറങ്ങി വന്നു. അയാളുടെ മൊട്ടത്തലയും  ക്ലീൻ ഷേവ്  ചെയ്ത വട്ട മുഖവും ഉണ്ട കണ്ണുകളും കൂർത്ത മൂക്കും തടിച്ച ചുണ്ടുകളും എല്ലാം കൂടെ കണ്ടപ്പോൾ ശ്രീബാലയ്ക്ക്  എന്തോ പേടി തോന്നി.
"നസർ രഖ്‌നാ ടികെ ?(ഒരു കണ്ണ് വേണം കേട്ടല്ലോ?)"ജിതേഷ് ശ്രീബാലയെ ചൂണ്ടി പറഞ്ഞു.
"ജീ സാബ്.."ഭോല പറഞ്ഞു.
ശ്രീബാല ഒന്നും മിണ്ടാതെ ജിതേഷ്  പോവുന്നത് നോക്കി നിന്നു.
തലേ രാത്രിയിലും ഒന്നും കഴിക്കാതിരുന്നത്കൊണ്ട് ശ്രീബാലയ്ക്ക്  നല്ല വിശപ്പുണ്ടായിരുന്നു.
"ബൈട്ടോ നാസ്ത തയ്യാർ ഹേ.."ഭോല ശ്രീബാലയോട് പറഞ്ഞു.
അവൾക്ക് നാസ്തയുടെ  അർഥം പിടികിട്ടിയില്ല.
"ബൈട്ടോ ഫുഡ് തറാം.."ഭോല അവിടെ കിടന്ന കസേരയിലേക്ക് ചൂണ്ടി മുറി മലയാളത്തിൽ പറഞ്ഞു.
ശ്രീബാല കസേരയിൽ ഇരുന്നു.അവളുടെ മുൻപിലേക്ക് അയാൾ ചപ്പാത്തിയും ചൂട് വെജിറ്റബിൾ കറിയും വിളമ്പി.
ശ്രീബാല ആർത്തിയോടെ ഒരു കഷ്ണം എടുത്ത് വായിൽ വെക്കാൻ തുടങ്ങിയതും പെട്ടെന്ന് അവൾക്ക് വേണിയെയും ശേഖരനെയും  ഓർമ്മ വന്നു.അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.ഇവിടുന്ന് രക്ഷപെടണമെങ്കിൽ തനിക്ക് ആരോഗ്യം വേണം അതിന് ജീവൻ നിലനിർത്താനെങ്കിലും ആഹാരം കഴിച്ചേ മതിയാവു.ശ്രീബാല മനസ്സിൽ ഓർത്തു.
"മത് രോ ബിട്ടിയാ..ഖാന ഖാവോ (കരയാതെ മോളെ..ആഹാരം കഴിക്ക്  )"ഭോല പറഞ്ഞു.
ശ്രീബാല ഭോലയെ  ഒന്ന് നോക്കിയിട്ട് ആഹാരം ആർത്തിയോടെ കഴിച്ചു.
കഴിച്ച് കഴിഞ്ഞ് അടുക്കളയിൽ ചെന്നപ്പോൾ ഭോല അവിടെ ഉണ്ടായിരുന്നു.ബെഡ്‌റൂമിനോളം വലിപ്പമുള്ള എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വിശാലമായ അടുക്കളയായിരുന്നു അത്.
"എനിക്കൊന്ന് പുറത്ത് പോവണം.കുറച്ച് സാധനങ്ങൾ മേടിക്കാൻ ഉണ്ട്."ശ്രീബാല ഭോലയോട് പറഞ്ഞു.
"സറി ബിട്ടിയ..നാൻ ഇപ്പൊ റെഡി ആയി ബറാം.."ഭോല പറഞ്ഞു.
"നിങ്ങൾക്ക് മലയാളം അറിയുവോ?'ശ്രീബാല ചോദിച്ചു.
" മാലും  ഹേ..ഹം  ബംഗാൾ സെ ഹേ.ജബ് ഹം പന്ത്രഹ് സാൽ കെ ത്തെ ദോസ്‌തോം കെ സാത്ത്  യഹാം ആയ.മളയാളീസ് കെ സാത്ത് ഹം കാം കിയാ ഹേയ്..ഉൻ  ലോഗോ നെ ഹമേ  മലയാളം സിഖായ ഓർ  ഹം  ഉൻകോ ഹിന്ദി."ഭോല പറഞ്ഞു.
"എനിക്കൊന്നും മനസ്സിലായില്ല.."ശ്രീബാല പറഞ്ഞത് കേട്ട് ഭോല ചിരിച്ചു.
"മളയാളം അറിയാം.നാൻ ബംഗാളിയാണ്.ഫിഫ്റ്റീൻ സാൽ മേ  ഫ്രെണ്ട്സിന്റെ  കൂടെ ബന്നതാ ഇബിടെ.കൊറേ മളയാളീസിന്റെ കൂടെ ജോളി  സേയ്തിട്ടുണ്ട്.അബർ  എന്നെ മളയാളം പഠിപ്പിച്ചു നാൻ  അബറെ  ഹിന്ദിയും. അതാ നാൻ പറഞ്ഞത്."ഭോല വിശദീകരിച്ച് കൊടുത്തു.
"പക്സേ നാൻ  ഇബിടെ സാബിന്റെ കൂടെ  ബന്നിറ്റ് കുറച്ച്   ഡേയ്സെ  ആയുള്ളു  .."ഭോല പറഞ്ഞു.ജിതേഷ് എന്തിനാണ് തന്നെ ഇവിടെ കൊണ്ടുവന്നതെന്ന്  ഭോലയ്ക്ക്  അറിയാമായിരിക്കും എന്ന് ശ്രീബാലയ്ക്ക് തോന്നി.
"എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് അറിയാമോ?"ശ്രീബാല ചോദിച്ചു.
ഭോല ആദ്യം ഒന്നും മിണ്ടിയില്ല.
"മുജേ മാലും നഹി ബിട്ടിയ..സാബ് സെ ഹി പൂച്ച്ലോ  (എനിക്കറിയില്ല മോളെ..സാറിനോട് തന്നെ ചോദിക്കു )"ഭോല പറഞ്ഞു.ശ്രീബാല ഒന്നും മിണ്ടാതെ നിന്നു.
"നാൻ റെഡി ആയിട്ട് ബറാം .ഡ്രൈവർ ഉണ്ട്.കാറിൽ പോകാം."ഭോല അകത്തേക്ക് പോയി.ശ്രീബാല മുറിയിൽ ചെന്ന് തന്റെ പേഴ്സ് എടുത്തു.അതിൽ ശേഖരൻ  തന്ന കുറച്ച് നോട്ടുകൾ അവൾ സൂക്ഷിച്ച് വെച്ചിരുന്നു.പിന്നെ ജിതേഷ് കല്യാണത്തിന്റെ സമയത്ത് മേടിച്ച് തന്ന മൊബൈൽ അവിടെയെങ്ങും നോക്കിയിട്ട് കണ്ടില്ല.പകരം ഇന്ന് രാവിലെ വേണിയോട്  സംസാരിച്ച മൊബൈൽ അവിടെ മേശപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു.അവൾ അതുമെടുത്ത് താഴേക്ക് ചെന്നു .
ഭോല റെഡി ആയി വന്നതും അയാളുടെ കോലം കണ്ട് ശ്രീബാലയ്ക്ക് അത്രയും വിഷമത്തിനിടയിലും ചിരി വന്നു.
കൈ മുഴുവൻ മറഞ്ഞിരിക്കുന്ന കുർത്തയായിരുന്നു അയാളുടെ വേഷം.മുഖത്ത് ഒരു കൂളിംഗ് ഗ്ലാസ് വെച്ചിട്ടുണ്ട്.പിന്നെ മുഖം മുഴുവൻ ഒരു സ്കാർഫ് കൊണ്ട് മറച്ചിരിക്കുന്നു.എന്തോ മരുന്നിന്റെ മണവും അയാളുടെ ദേഹത്ത് നിന്നും വരുന്നുണ്ടായിരുന്നു.
"മുജേ സൂരജ് കീ കിരണോം സെ അല്ലർജി ഹേ ബിട്ടിയാ..ഇസ്സേ സൺ അലർജി കഹാ ജാത്താ ഹേയ്.."(എനിക്ക് സൂര്യന്റെ രശ്മികൾ  അലർജി  ആണ്..സൺ അലർജി എന്നാണ് ഇതിന് പറയുന്നത്).ഭോല പറഞ്ഞു.
സൺ അലർജി എന്ന്  കേട്ടതും ശ്രീബാലയ്ക്ക് സങ്കടം  തോന്നി.ഒരു നിമിഷത്തെങ്കിലും അയാളുടെ വേഷം കണ്ട് ചിരിച്ചതിൽ അവൾക്ക് അതിയായ കുറ്റബോധം തോന്നി.
"ധൂപ് സെ ഹമാരെ  ശരീർ മേ ചോട്ടെ ഫഫോലെ ആത്തെ ഹേ ഔർ ഖുജ്‌ലി ഭീ.." ഭോല പറഞ്ഞു.
"മനസ്സിലായില്ല.."ശ്രീബാല പറഞ്ഞു.
"സൺലൈറ്റ് കൊണ്ട് ബോഡി മേ ബബ്ബിൽസ് വരും.പിന്നെ ഇച്ചിങ് ആണ്.."ഭോല കൈയിൽ ചൊറിയുന്നതായി കാണിച്ചു.സൺ അലർജി കൊണ്ട് കൈയിലും മുഖത്തുമൊക്കെ  കുമിളകൾ വരുമെന്നും പിന്നെ ചൊറിച്ചിൽ ആണെന്നുമാണ് അയാൾ പറഞ്ഞതെന്ന് ശ്രീബാലയ്ക്ക്  മനസ്സിലായി.
അവൾ വിഷമത്തോടെ അയാളെ നോക്കി നിന്നു.. പിന്നീട് അവർ  പോർച്ചിൽ കിടന്ന കാറിൽ കയറി റോഡിലേക്കിറങ്ങി.
"വസന്ത് വിഹാർ  പൈസ പാർട്ടീസിന്റെ എറിയ  ആണ്..ഇബിടെ   താമസിക്കുന്ന എള്ളാബറും സൊസൈറ്റിയിൽ ബടാ പൊസിഷനിൽ ഇറിക്കുന്നബർ ആണ്.."ഭോല അവളോട് പറഞ്ഞു.ശ്രീബാല  അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.രക്ഷപെടാനുള്ള ഒരു പഴുതിന്  വേണ്ടി അവൾ നോക്കി ഇരിക്കുകയായിരുന്നു.
കാർ  ഒരു വലിയ ടെക്സ്റ്റൈൽ  ഷോപ്പിന്  മുൻപിൽ നിന്നു.
ശ്രീബാലയും ഭോലയും  അവിടെ ഇറങ്ങി.കടയിലേക്ക് കയറി  അവിടെ  സ്ത്രീകളുടെ  സെക്ഷനിലേക്ക് നടന്നു.ഭോലയും  കൂടെ ചെന്നു..ശ്രീബാല അവിടുന്ന് കണ്ണിൽ കണ്ട ഒന്ന് രണ്ട് സാരി എടുത്തു.പിന്നെ അതിന് ചേരുന്ന പാവാടയും ബ്ലൗസും.ഈ സമയമത്രയും എങ്ങനെ അവിടുന്ന് രക്ഷപെടും എന്നായിരുന്നു അവളുടെ ചിന്ത.പെട്ടെന്ന് അവൾക്കൊരു ബുദ്ധി തോന്നി.
"എനിക്ക് കുറച്ച് അണ്ടർഗാർമെന്റസ്  എടുക്കാനുണ്ട്.ഞാൻ പോയി എടുത്തിട്ട് പെട്ടെന്ന് വരാം."ശ്രീബാല പറഞ്ഞു.
ഭോല ഒന്നും മിണ്ടാതെ അവിടെ  ഒരു കസേരയിൽ ഇരുന്നു.
ഭോല എതിർക്കും എന്നാണ് വിചാരിച്ചത്.പക്ഷെ അയാൾ ഒന്നും പറയാഞ്ഞത് ശ്രീബാലയ്ക്ക് അത്ഭുതമായി.
ശ്രീബാല അണ്ടർഗാർമെന്റസിന്റെ  സെക്ഷനിലേക്ക് നടന്നു.
ദൂരെ കസേരയിൽ  ഭോല തന്നെയും നോക്കി ഇരിക്കുന്നത് അവൾക്ക് കാണാമായിരുന്നു.അവൾ എന്തോ എടുക്കുകയാണെന്ന വ്യാജേന അവിടെ ചുറ്റിപ്പറ്റി നിന്നു.
ഭോലയുടെ ശ്രദ്ധ ഒന്ന് മാറിയപ്പോൾ ശ്രീബാല  ഉള്ള ജീവനും കൊണ്ട് അവിടെ  നിന്നും കടയുടെ സ്‌റ്റെയർക്കേസിന്റെ  അടുത്തേക്ക് ഓടി.സ്റ്റെയർകേസ് ഇറങ്ങി ഗ്രൗണ്ട് ഫ്ലോറിൽ വന്ന് അതുവഴി കടയുടെ ബാക് ഡോർ തുറന്ന് വെളിയിൽ ഇറങ്ങി.അവിടെ കാർ  പാർക്ക് ചെയ്തിരിക്കുന്ന സ്ഥലമായിരുന്നു.താൻ വന്ന കാർ  കടയുടെ ഫ്രണ്ടിൽ  പാർക്ക് ചെയ്തിരുന്നത് കൊണ്ട് ഡ്രൈവർ കാണുമെന്നുള്ള ഭയം അവൾക്കില്ലായിരുന്നു.ശ്രീബാല  കൈയിലിരുന്ന ഫോൺ എടുത്ത് വേണിയെ രാവിലെ വിളിച്ച നമ്പറിൽ ഒന്നുകൂടി വിളിക്കാൻ ശ്രമിച്ചു.പക്ഷെ എടുക്കുന്നത് വേറെ ആരെങ്കിലും ആയിരിക്കുമോ എന്നോർത്ത് അവൾ ആ ശ്രമം വേണ്ടെന്ന് വെച്ചു.
ഡൽഹി പോലെ ഉള്ള ഒരു നഗരത്തിൽ എങ്ങോട്ട്  പോകണം ആരെ ആശ്രയിക്കണം എന്നവൾക്ക് അറിയില്ലായിരുന്നു.തൊട്ട് മുൻപിൽ കിടന്ന ടാക്സി കാറിൽ കയറി അവൾ റെയിൽവേ സ്റ്റേഷനിലേക്ക് പോവാൻ മുറി ഹിന്ദിയിൽ ആവശ്യപ്പെട്ടു.ശ്രീബാലയുടെ വെപ്രാളവും പരിഭ്രാന്തിയും കണ്ടപ്പോൾ ഡ്രൈവർ ഒന്ന് പേടിച്ചെങ്കിലും  അവൾ കരഞ്ഞുകൊണ്ട് കൈകൂപ്പി അവനോട് അപേക്ഷിച്ചു.ടാക്സി കാർ  അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടെത്തിച്ചു.
ശേഖരൻ  തന്ന നോട്ടുകെട്ടുകളിൽ നിന്നും കുറച്ചെടുത്ത് അവൾ ഡ്രൈവർക്ക് നൽകി അയാളോട് നന്ദിയും പറഞ്ഞ് പെട്ടെന്ന് ടിക്കറ്റ് കൗണ്ടറിലേക്ക് ചെന്നു.കേരളിത്തിലേക്കുള്ള അടുത്ത ട്രെയിൻ ഉടനെ തന്നെ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.അൺറിസേർവ്ഡ് കംപാർട്മെന്റിലാണ്  അവൾക്ക് ടിക്കറ്റ് കിട്ടിയത്.. ദൈവമായിട്ട് ഒരുക്കി തന്ന ചാൻസ് ആണ് എന്തിരുന്നാലും സാരമില്ല ശ്രീബാല  ആ ട്രെയിനിൽ തന്നെ കയറാൻ  തീരുമാനിച്ചു.ഇടയ്ക്ക് വെച്ച് ടി.ടി യോട് കാര്യങ്ങൾ പറയാം അദ്ദേഹം എന്തെങ്കിലും സഹായം ചെയ്യുമായിരിക്കുമെന്ന് അവൾ ഓർത്തു.ശ്രീബാല  പെട്ടെന്ന് തന്നെ പ്ലാറ്റ്ഫോമിലേക്ക് ഓടി.തന്നെ പിടിക്കാൻ പിറകെ ആരെങ്കിലും വരുന്നുണ്ടോ എന്നവൾ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.സാരി ഉടുത്തിരുന്നതിനാൽ അവൾക്ക് അധികം സ്പീഡിൽ ഓടാൻ പറ്റിയില്ല ഇടയ്ക്ക് പലയിടത്തും തട്ടി വീഴാൻ തുടങ്ങി.ആരുടെയൊക്കെയോ ദേഹത്ത് തട്ടിയപ്പോൾ ആളുകൾ അവളെ ചീത്ത വിളിച്ചു.ശ്രീബാല  പക്ഷെ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.പ്ലാറ്റ്ഫോമിൽ എത്തിയതും അവൾ അവിടെ നിന്ന് പട്ടിയെ പോലെ കിതച്ചു.ട്രെയിൻ ദൂരെ നിന്നും വരുന്നത് അവൾക്ക് കാണാമായിരുന്നു.ട്രെയിൻ അടുത്തെത്തി നിൽക്കുന്നതിന് മുൻപേ അവിടെ ആളുകൾ തള്ളിക്കയറാൻ തുടങ്ങിയിരുന്നു.ശ്രീബാലയും അവരുടെ ഇടയിൽ കൂടി ഉന്തിയും തള്ളിയും  ഒരു വിധം അകത്ത് കയറി.
അവൾ കയറിയ കംപാർട്മെന്റിന്റെ  സൈഡിലായി ഒരു  സീറ്റ് ഒഴിഞ്ഞ് കിടക്കുന്നത് കണ്ടു.അവൾ പെട്ടെന്ന് തന്നെ അതിൽ ഇരുന്നു.പത്ത് മിനിറ്റ് കഴിഞ്ഞ് ട്രെയിൻ പുറപ്പെടും  എന്നറിയിപ്പ് കിട്ടി.അവൾ സർവ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു.ജിതേഷിന്റെ ഭീഷണി  ഇനി  വിലപ്പോകില്ല.എങ്ങനെയെങ്കിലും നാട്ടിൽ എത്തണം.ആരുടെ കൈയും കാലും പിടിച്ചിട്ടാണെങ്കിലും വേണി മോളെ കണ്ടുപിടിക്കണം. എന്നിട്ട് അച്ഛനെയും വേണി മോളെയും കൊണ്ട് ആ നാട്ടിൽ നിന്ന്  എങ്ങോട്ടെങ്കിലും  മാറണം.
ഓരോന്ന് ആലോചിച്ച് അവളിരുന്നു.ട്രെയിൻ വിടാൻ തുടങ്ങുകയാണെന്ന  അറിയിപ്പ് കിട്ടി. പെട്ടെന്ന് ശ്രീബാലയുടെ  ഫോണിലേക്ക് ഒരു ഫോട്ടോ വന്നു കൂടെ ഒരു മെസ്സേജും.അത് കണ്ട് അവളുടെ സപ്തനാഡികളും തളർന്നുപോയി! അവൾ ആ ഫോട്ടോ നോക്കി എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു!
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot