നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 11


കരണം പൊളിച്ചുള്ള ഒരടിയിൽ വേണി നിലത്തേക്ക് വീണുപോയി!
നോക്കുമ്പോൾ മുൻപിൽ ഉറഞ്ഞുതുള്ളി നിൽക്കുന്നു ഗിരി!
"വേണ്ടാ വേണ്ടാ എന്ന് വെക്കുമ്പോൾ തലയിൽ കയറിയാലുണ്ടല്ലോ! തെറ്റ് എന്റെ ഭാഗത്താണെന്ന് അറിയാവുന്നത് കൊണ്ടാ ഇതുവരെ ഒരക്ഷരം മിണ്ടാതെ ഇരുന്നത്.പക്ഷെ അന്നം കളഞ്ഞാലുണ്ടല്ലോ അത് മാത്രം ഞാൻ പൊറുക്കില്ല!"ഗിരി അവളുടെ നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു.
വേണി കവിൾ  പൊത്തി നിലത്ത്  കിടന്ന് പേടിയോടെ അവനെ നോക്കി.
"നീ ഇത് കഴിച്ചിട്ട് പോയാൽ മതി.താഴെ വലിച്ചെറിഞ്ഞത് എടുത്ത് കഴിക്കെടി."ഗിരി അവളോട് അലറി.
"എനിക്ക് വേണ്ട.."വേണി കരച്ചിലിനിടയിൽ അറപ്പോടെ പറഞ്ഞു.
"ഇത് കഴിക്കാതെ ഇവിടുന്ന് അനങ്ങാമെന്ന്  നീ കരുതണ്ട.."ഗിരി വീണ്ടും അലറി.അവന്റെ മുഖ ഭാവം കണ്ട് അവൾ ശരിക്കും ഭയന്നു!
"ഗിരിയേട്ടാ വേണ്ട.."കുട്ടൻ മടിച്ച് മടിച്ച് പറഞ്ഞു.മിണ്ടരുതെന്ന് ഗിരി അവനെ ആംഗ്യം കാണിച്ചു.
"എടുത്ത് കഴിക്കുന്നോ  അതോ ഞാൻ എല്ലാം കൂടി വായിലേക്ക് കുത്തിക്കയറ്റി തരണോ ?" ഗിരിയുടെ ശബ്ദം വീണ്ടും ഉയർന്നപ്പോൾ വേണിയുടെ കൈകൾ അവൾപോലും അറിയാതെ ഭക്ഷണത്തിന് നേരെ നീണ്ടു..ഇനിയും അത് കഴിച്ചില്ലെങ്കിൽ അയാൾ തന്നെ എന്തെങ്കിലും ചെയ്‌തേക്കുമെന്ന്  അവൾ ഭയന്നു.അവൾ നിലത്തിരുന്ന് കൊണ്ട് തന്നെ അവിടവിടെയായി ചിതറിക്കിടന്ന ദോശ കൈയിലെടുത്തു.അതിലേക്ക് നോക്കി കുറച്ച് നേരം ഇരുന്ന് കരഞ്ഞു.ശ്രീബാല ഉണ്ടാക്കിയിരുന്ന ഇലയടയുടെ സ്വാദ് അവളുടെ നാവിൽ നിറഞ്ഞു.ദോശ കൈയിൽ പിടിച്ച് അവൾ ഏങ്ങലടിച്ച് കരഞ്ഞു.
"നോക്കിയിരിക്കാതെ കഴിക്കാൻ!"ഗിരി വീണ്ടും അലറിയപ്പോൾ വേണി പെട്ടെന്ന് ഒരു കഷ്ണം ദോശ എടുത്ത് കഴിച്ചു.രണ്ടു മൂന്ന് കഷ്ണം  ദോശ അവൾ ഏങ്ങലടിച്ചുകൊണ്ടിരുന്ന്  കഴിച്ചു.കുട്ടൻ അവളെ സഹതാപത്തോടെ നോക്കി നിന്നു.
വേണി പെട്ടെന്ന് ശർദിക്കാനായി  വീടിന്റെ പിറകിലേക്ക് ഓടി.ഇടയ്ക്ക് അവൾ ഏങ്ങലടിക്കുന്ന ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു.ഗിരി പെട്ടെന്ന് ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങിപ്പോയി..***
ഡോക്ടർ  ബിന്ദുവിന്റെ ക്ലിനിക്കിൽ അവരുടെ മുൻപിൽ ഇരിക്കുന്ന നന്ദനെ അവർ ഒന്ന്  നോക്കി. ശ്യാമയും തൊട്ടടുത്ത് തന്നെ ഇരിപ്പുണ്ട്.ബിന്ദു ഒരു സൈക്കാർട്ടിസ്റ്റും  ശ്യാമയുടെ കൂട്ടുകാരിയുമാണ്.നന്ദന്റെ ചികിത്സ ബോംബേയിൽ  ആണെങ്കിലും ഇടയ്ക്കിടെ ചെക് അപ്പിനായി ബിന്ദുവിന്റെ ക്ലിനിക്കിലേക്ക് കൊണ്ടുവരും.
"നന്ദന് ഇപ്പൊ വയ്യായ്ക എന്തെങ്കിലും തോന്നുന്നുണ്ടോ?"ബിന്ദു ചോദിച്ചു.
ഇല്ലെന്ന് നന്ദൻ  തലയാട്ടി.
"ശ്യാമ പറഞ്ഞു ഏതോ ഒരു സിനിമ കണ്ടപ്പോൾ അതിലെ പാർക്കിലെ ഒരു സീൻ കണ്ട്  നന്ദൻ ആകെ അസ്വസ്ഥനായി എന്ന്.ശെരിയാണോ?"ബിന്ദു ചോദിച്ചു.
നന്ദൻ ഒന്നും മിണ്ടിയില്ല.
"നമുക്ക് കുറച്ച് സംസാരിക്കാം?ശ്യാമ വെളിയിൽ ഇരിക്കട്ടെ അല്ലെ?"ബിന്ദു ചോദിച്ചു.
ശ്യാമ വെളിയിലേക്ക് പോവാനായി എഴുന്നേറ്റു.പെട്ടെന്ന് നന്ദൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.
"ഞാൻ ഇവിടെ തന്നെ ഉണ്ട് നന്ദാ.ഡോക്ടറോട് സംസാരിച്ച് കഴിയുമ്പോഴേക്ക് ഞാൻ തിരികെ വന്നുകൊള്ളാം.."ശ്യാമ നന്ദനെ സമാധാനിപ്പിച്ചിട്ട് വെളിയിൽ ഇറങ്ങി.
ബിന്ദു നന്ദനെ അവരുടെ കൺസൾട്ടിങ്ങ്   റൂമിനോട് ചേർന്നുള്ള മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി.നന്ദൻ അവിടെ ഒരു ചെയറിൽ ഇരുന്നു..
"കണ്ണുകളടയ്ക്കു.എന്നിട്ട് ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേട്ട് മനസ്സ് ആ വഴിയിലൂടെ കൊണ്ടുപോവാൻ ശ്രമിക്കണം..ഞാനും ശ്യാമയും എല്ലാവരും നന്ദന്റെ കൂടെ തന്നെ ഉണ്ട്.എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കിൽ കണ്ണുകൾ തുറന്നേക്കണം.ഓക്കേ?"ബിന്ദു ചോദിച്ചു.നന്ദൻ ശരി എന്ന തലയാട്ടി. എന്നിട്ട് തന്റെ കണ്ണുകളടച്ചു.
"നന്ദനും ശ്യാമയും ബോംബെയിലെ കോളേജിൽ പഠിക്കുന്ന സമയം.അന്ന് കോളേജ് ബസ് പിടിക്കാൻ  നിങ്ങൾ കാറിൽ അതിരാവിലെ പാർക്കിന് മുൻപിൽ ചെന്നിറങ്ങി..പക്ഷെ കോളേജ് ബസ് വന്നപ്പോൾ ശ്യാമ മാത്രമേ അതിൽ കയറിയുള്ളു.എന്താ നന്ദൻ കയറാതിരുന്നത് ?"ബിന്ദു ചോദിച്ചു .നന്ദൻ എല്ലാം ശ്രദ്ധിച്ച് കേൾക്കുകയായിരുന്നു. ഒബ്സർവേഷൻ റൂമിലെ ചില്ലു ഗ്ലാസ്സിനപ്പുറം നിന്നുകൊണ്ട് ശ്യാമ ഇതെല്ലം കാണുന്നുണ്ടായിരുന്നു.
"ഞാൻ എന്റെ റെക്കോർഡ് ബുക്ക് എടുക്കാൻ മറന്നുപോയി.അന്ന് റെക്കോർഡ് സബ്മിറ്റ് ചെയ്യേണ്ട അവസാന തീയതി ആയിരുന്നു.."നന്ദൻ പറഞ്ഞു.അവന്റെ മുഖം ശാന്തമായിരുന്നു.
"ശെരി.റെക്കോർഡ് ബുക്ക് എടുക്കാൻ മറന്നുപോയ നന്ദൻ താൻ വീട്ടിൽ പോയ് ബുക്ക് എടുത്തിട്ട് തിരികെ ഒരു ഓട്ടോ പിടിച്ച് കോളേജിൽ എത്തിക്കോളാമെന്ന് പറഞ്ഞ് ശ്യാമയെ കോളേജ് ബസിൽ കയറ്റി വിട്ടു.പിന്നെ എന്താണവിടെ സംഭവിച്ചത്?"ബിന്ദു ചോദിച്ചു.
"തിരികെ ഞങ്ങൾ കാറിൽ കയറാൻ തുടങ്ങുകയായിരുന്നു.അപ്പോൾ.."നന്ദന്റെ മുഖത്ത്  ഭാവമാറ്റങ്ങൾ കണ്ടുതുടങ്ങി.
"അപ്പോൾ?"ബിന്ദു ഡോക്ടർ ചോദിച്ചു.
"അപ്പോൾ അയാൾ ..! "നന്ദന്റെ ശബ്ദം വിറച്ചു.
"ആര്?ആരാണത്  നന്ദൻ?" ബിന്ദു ചോദിച്ചു.
"അയാൾ....!" നന്ദൻ കരച്ചിലിന്റെ വക്കിലെത്തി..
" ആര്?"ബിന്ദു വീണ്ടും ചോദിച്ചു.
"അയാൾ ഞങ്ങളെ..സാംപ്‌..ബച്ചാവോ..പ്ളീസ് ഹെല്പ്! സാംപ്‌!"നന്ദൻ കസേരയിൽ കിടന്നുകൊണ്ട് കണ്ണുകളടച്ച് അലറിവിളിക്കാൻ തുടങ്ങി.ബിന്ദു ഡോക്ടർ അവന്റെ കൈയിൽ കയറി പിടിച്ചെങ്കിലും നന്ദൻ അവരുടെ കൈകൾ തട്ടി എറിഞ്ഞു.ശ്യാമ പെട്ടെന്ന് മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി  വന്ന് നന്ദനെ ചേർത്ത് പിടിച്ചു.
ശ്യാമ കുറച്ച് നേരം നന്ദന്റെ അടുത്തിരുന്ന്  അവനെ ആശ്വസിപ്പിച്ചു.നന്ദൻ ഒന്നടങ്ങി  എന്ന് മനസ്സിലായപ്പോൾ അവനെ അവിടെ ഇരുത്തി ബിന്ദു ശ്യാമയെയും കൊണ്ട് തിരികെ കൺസൾട്ടിങ്ങ്   റൂമിലേക്ക് പോയി.
"ഞാൻ നന്ദനെ പഴയ കാല ഓർമ്മകളിലൂടെ ഒന്ന് കൊണ്ടുപോവാൻ നോക്കിയതാ.ഞാൻ നേരത്തെ പറഞ്ഞല്ലോ അന്നത്തെ ആ ഇൻസിഡന്റിൽ കൂടി നന്ദന്  റീ ലിവ് ചെയ്യാൻ പറ്റിയാൽ , അന്ന് നടന്നതൊക്കെ  എന്താണെന്ന് കൃത്യമായി ഓർത്തെടുക്കാൻ പറ്റും.എങ്കിലേ  നമുക്ക് ഈ ട്രീത്മെന്റ്റ് മുൻപോട്ട് കൊണ്ടുപോവാൻ പറ്റുകയുള്ളു. പക്ഷെ അതിന് ചിലപ്പോ മാസങ്ങളോ വർഷങ്ങളോ  എടുക്കും.കുറച്ച് നാളുകൾ ആയല്ലോ നമ്മൾ ഇതേ പ്രോസീജർ  ചെയ്യുന്നു പക്ഷെ നന്ദൻ എന്തോ എവിടെയോ വെച്ച് സ്റ്റക്ക് ആവുന്നു.'സാംപ്‌ ' എന്ന് ഇടയ്ക്ക് പറയുന്നുണ്ട്.അതോടെ  നന്ദൻ ആളാകെ വയലന്റ്  ആവും."ബിന്ദു പറയുന്നത് ശ്യാമ ശ്രദ്ധിച്ച് കേൾക്കുകയായിരുന്നു.
"നന്ദന്റെ മെഡിക്കൽ റിപ്പോർട്ട് ബോംബെയിൽ  നന്ദനെ ചികില്സിക്കുന്ന ഡോക്ടറുടെ  അടുത്ത് നിന്നും മേടിച്ച് തരാൻ പറഞ്ഞിട്ട് നീ അത് ചെയ്യുന്നുമില്ല.അതെന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.നന്ദന് എന്താ സംഭവിച്ചതെന്ന് നിനക്ക് അറിയാം അല്ലെ ശ്യാമേ?പക്ഷെ എവിടെയോ എന്തോ മിസ്സിംഗ് ഉണ്ട്..നിനക്ക് വേണ്ട എന്തോ ഒന്ന് നന്ദന്റെ ഓർമ്മയിൽ ഒളിഞ്ഞ് കിടപ്പുണ്ട്.അത് നന്ദന്റെ നാവിൽ നിന്ന് തന്നെ പുറത്ത് കൊണ്ടുവരാൻ ആണ് നീ ശ്രമിക്കുന്നത്.അതിന് നിനക്ക് എന്റെ ഹെൽപ്  വേണം...ഞാൻ നിന്റെ ഫ്രണ്ട് ആയത് കൊണ്ടാ ഇല്ലെങ്കിൽ ഇതുപോലൊരു കേസിൽ വേറെ ഏത് ഡോക്ടർ ആണെങ്കിലും പറ്റില്ല എന്ന് തന്നെ പറയും.."ബിന്ദു പാതി കളിയായും  കാര്യമായും പറഞ്ഞു.ശ്യാമ അത് കേട്ട് വല്ലാതായി.
"നന്ദൻ ഈ പറയുന്ന 'ഞങ്ങൾ' ആരൊക്കെയാണെന്ന് നിനക്ക് അറിയാം.അല്ലെ ശ്യാമേ?"ബിന്ദു ശ്യാമയെ സൂക്ഷിച്ച്  നോക്കി.ശ്യാമ അത് കേട്ട് മുഖം കുനിച്ചിരുന്നു.
"പക്ഷെ നീ അതേകുറിച്ച് എന്നോട് പറയാൻ ആഗ്രഹിക്കുന്നില്ല.സാരമില്ല നന്ദന്റെ വായിൽ നിന്ന് തന്നെ ഒരു ദിവസം ആ പേര് വീഴും.."ബിന്ദു പറഞ്ഞു.
"അത്..എനിക്ക് നിന്നോട് പറയാൻ പറ്റാത്ത കുറച്ച് പ്രശ്നങ്ങൾ ഉണ്ട് ബിന്ദു.തൽക്കാലം  നീ എന്നോട് ഒന്നും ചോദിക്കരുത്."ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു.കുറച്ച് നേരം കൂടി സംസാരിച്ചിട്ട് അവൾ നന്ദനെയും കൂട്ടി അവിടെ നിന്നും ഇറങ്ങി.***
ടാക്സിയിൽ ജിതേഷും ശ്രീബാലയും വസന്ത്  വിഹാറിൽ വന്നിറങ്ങിയപ്പോൾ സമയം പാതിരാത്രി കഴിഞ്ഞിരുന്നു.അവിടെ ഒരു വീടിന്റെ മുൻപിൽ ടാക്സി നിന്നു.
ജിതേഷ് പെട്ടികളെടുത്ത് താഴെ വെച്ചു.കാശ് കൊടുത്ത് ടാക്സിക്കാരനെ പറഞ്ഞ് വിട്ട് അവർ ആ വീടിന്റെ വാതിൽ തുറന്നു.ശ്രീബാല ആ വീട്ടിലേക്ക് നോക്കി.രണ്ട്  നിലകളുള്ള  ഒരു പടുകൂറ്റൻ വീടായിരുന്നു അത്.ചുറ്റുമുള്ള ഇരുട്ടിലും പലതരം  ഫാൻസി ലൈറ്റുകളിൽ മുങ്ങിക്കുളിച്ച് നിന്ന് കൊട്ടാരസദൃശ്യമായ ആ വീട്ടിലേക്ക് ശ്രീബാല കണ്ണ് മിഴിച്ച് നോക്കി നിന്നു!
ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയപ്പോൾ ടൈൽസ് ഇട്ട വിശാലമായ  മുറ്റവും പല തരം  വിലകൂടിയ പൂക്കളാൽ അലങ്കരിച്ച മനോഹരമായ ഗാർഡനും കണ്ടു.
"ഇത് എന്റെ ഫ്രണ്ടിന്റെ വീടാ ..അന്ന് ഞാൻ പറഞ്ഞില്ലേ? ആള് ഭയങ്കര പൈസ പാർട്ടിയ.പുള്ളീടെ അച്ഛന് ഫർണിച്ചർ  ബിസിനസ്സായിരുന്നു.അദ്ദേഹം ഇപ്പൊ ഇല്ല.മകനാ  ഇപ്പൊ അതിന്റെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തുന്നത്.പിന്നെ എന്നെപോലെ തന്നെ റിയൽ എസ്റ്റേറ്റ് ബിസിനസ്സും ഉണ്ട്..ഡെൽഹിയിൽ ഇതുപോലൊരു  വീടൊക്കെ മേടിക്കുക എന്ന് പറഞ്ഞാൽ നമ്മൾ ഫിനാൻഷ്യലി വെൽ സെറ്റിൽഡ് ആയിരിക്കണം .കുറച്ച് നാളുകൾ കഴിയട്ടെ ഞാൻ ഈ റിയൽ എസ്റ്റേറ്റ് ഫീൽഡിൽ ഒന്ന് പച്ച പിടിച്ചാൽ സ്കൂളിൽ നിന്ന് രാജി വെച്ച് ഫുൾ ടൈം ഇതിനായി ഇറങ്ങിത്തിരിക്കും.പിന്നെ നമ്മളും ഇതുപോലൊരു കൊട്ടാരം മേടിച്ച് ലാവിഷായി കഴിയും.."ജിതേഷ് പറഞ്ഞു.
"ആദ്യം ഇരിക്കാം..എന്നിട്ട് പോരെ കാലു നീട്ടുന്നത്?"ശ്രീബാല അവനെ കളിയാക്കി.
"നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.."ജിതേഷ് പറഞ്ഞു.
"നമ്മൾ ഇവിടെ ആണോ താമസിക്കുന്നത്?"ശ്രീബാല ചോദിച്ചു.
"അതെ.ഒരു ടു ത്രീ ഡേയ്സ്..നാളെ എഗ്രിമെന്റ് ഒപ്പിടണം.അതോടെ ഫ്ലാറ്റ് നമ്മക്ക് സ്വന്തം ആവും.പക്ഷെ അത് മാത്രം പോരല്ലോ.ഗ്യാസ് കണക്ഷൻ എടുക്കണം,കറന്റ് വെള്ളം ഇതെല്ലം ശരി ആക്കണം.അതിന് കുറച്ഛ് സമയം വേണം.അത് കഴിഞ്ഞ് നമക്ക് പുതിയ വീട്ടിലേക്ക്  മാറാം.."ജിതേഷ് കാളിങ് ബെൽ അടിച്ചുകൊണ്ട് പറഞ്ഞു.കുറച്ച് കഴിഞ്ഞ് മധ്യവയസ്കനായ കറുത്ത് തടിച്ച് കുറുകിയ ഒരു ഹിന്ദിക്കാരൻ വാതിൽ തുറന്നു.
"ക്യാ ഹം അന്ധർ ആ സക്ത്തെ ഹോ?"(ഞങ്ങൾക്ക് അകത്തേക്ക് വരാമോ?")ജിതേഷ് ചോദിച്ചു.അയാൾ ഒന്നും മിണ്ടാതെ ജിതേഷിനെ തന്നെ നോക്കി നിന്നു.
"സാബ് ഭോലാത്താനാ കി ഹം ആയെങ്കെ?"(സാർ പറഞ്ഞിരുന്നില്ലേ ഞങ്ങൾ  വരുമെന്ന്?") ജിതേഷ് വീണ്ടും ചോദിച്ചു.
അയാൾ ഒന്നും മിണ്ടാതെ അവരുടെ പെട്ടികൾ എടുത്ത് അകത്തേക്ക് നടന്നു.
"ഇതെന്താ ഇങ്ങനെ?"അയാളുടെ പോക്കുകണ്ട് ശ്രീബാല ചോദിച്ചു.
" ഇവിടുത്തെ സെർവന്റ് ആണ്.ഭോല..നമ്മള് വന്നത് പുള്ളിക്ക് ഇഷ്ട്ടപ്പെട്ടില്ലെന്ന്  തോന്നുന്നു.സാരമില്ല.മൈൻഡ് ചെയ്യണ്ട.."ജിതേഷ് സ്വകാര്യം പറഞ്ഞു.
വീടിനകത്തേക്ക് കയറിയതും ശ്രീബാല സഡൻ  ബ്രേക്ക് ഇട്ടത് പോലെ നിന്നു ! സിനിമയിൽ പോലും കണ്ടിട്ടില്ല ഇത്ര ഭംഗിയുള്ള  ഒരു വീട്.വിലകൂടിയ ഫർണിച്ചറും വെള്ള പെയിന്റിങ്ങ്സും ഷാന്റലിയറും എന്ന് വേണ്ടാ താഴെ വിരിച്ചിട്ടിരിക്കുന്ന കാർപെറ്റിന് പോലും ലക്ഷങ്ങൾ വിലയുണ്ടെന്ന് കണ്ടാലേ അറിയാം.
"സ്വപ്നം കണ്ടോണ്ട് നിൽക്കാതെ വാടോ.."ജിതേഷ് ശ്രീബാലയുടെ കൈപിടിച്ച് അവളെയും കൊണ്ട് ഭോല കാണിച്ചുകൊടുത്ത വഴിയേ സ്റ്റെയർകേസ് കെയറി ഒരു മുറിയിൽ എത്തി.
ആ മുറിയുടെ ഭംഗിയും വലിപ്പവും കണ്ടപ്പോൾ  ശ്രീബാലക്ക്  താൻ വായിച്ച രാജകുമാരിയുടെ കഥയിലെ കൊട്ടാരം ഓർമ്മ വന്നു.ഇത്ര വലിയൊരു മുറി അവൾ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു.നാട്ടിൽ തങ്ങൾ  താമസിച്ചിരുന്ന വീടിന്റെ മുഴുവൻ വലിപ്പം എടുത്താലും ഈ മുറിയുടെ പകുതിയേ വരുള്ളൂ എന്നവൾ അത്ഭുതത്തോടെ  ഓർത്തു.
"ഈ വീട്ടിലെ ആൾ എവിടെപ്പോയി?ഏട്ടന്റെ ഫ്രണ്ട്.."ശ്രീബാല ചോദിച്ചു.
"ഹോ ഏട്ടൻ എന്ന് വിളിച്ച് കേട്ടല്ലോ..ഇതുവരെ പ്രത്യേകിച്ചൊന്നും വിളിക്കാതിരുന്നപ്പോ ഞാൻ ഓർത്തു ഇനി പണ്ടത്തെ സിനിമകളിലെ പോലെ ഏയ് പൂയി എന്നൊക്കെയേ വിളി ഉണ്ടാവു എന്ന്.."ജിതേഷ് പറഞ്ഞത് കേട്ട് അവൾ ചിരിച്ചു.
"പുള്ളി ശെരിക്കും ബോംബെയിൽ  സെറ്റിൽഡ് ആണ്.ഇത് വെറുതെ മേടിച്ചിട്ടിരിക്കുന്നതാണ്.വല്ലപ്പോഴുമേ ഇവിടേക്ക് വരൂ.പണക്കാരുടെ ഓരോരോ ലീല വിലാസങ്ങളെ.."   ജിതേഷ് പറഞ്ഞു.
"താൻ കുളിച്ചൊന്ന് ഫ്രഷ് ആവൂ.."ശ്രീബാലയ്ക്ക് ബാത്റൂം  കാണിച്ചുകൊടുത്തത് കൊണ്ട് ജിതേഷ് പറഞ്ഞു.
"ഞാൻ ഭോലയോട് ഫുഡിന്റെ കാര്യം സംസാരിച്ചിട്ട് വരാം.."ജിതേഷ് പറഞ്ഞിട്ട് വാതിൽ തുറന്ന് താഴേക്കിറങ്ങി..
ശ്രീബാല മൊബൈൽ എടുത്ത് ശേഖരനെ വിളിച്ചു.ഒറ്റ റിങ്ങിൽ തന്നെ അദ്ദേഹം കാൾ എടുത്തു.
"മോളെ .."ശേഖരന്റെ സ്വരം കേട്ടപ്പോൾ ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞു.
"അങ്ങെത്തിയോ  മോളെ?മോള് വിളിക്കുന്നതും നോക്കി ഞാൻ കാത്തിരിയ്ക്കുകയായിരുന്നു."ശേഖരൻ  പറഞ്ഞു.
"എത്തി അച്ഛാ..ഇവിടെ ഏട്ടന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ആണ് താമസം.ഉടനെ തന്നെ പുതിയ ഫ്ലാറ്റിലേക്ക് മാറും..അച്ഛൻ കഴിച്ചോ?"ശ്രീബാല ചോദിച്ചു.
"ഉവ്വ് കഴിച്ചു.."മേശയിൽ തൊട്ടുനോക്കാതെ  വെച്ചിരിക്കുന്ന ചൂടാറിയ ഭലക്ഷണത്തിലേക്ക് നോക്കി ശേഖരൻ പറഞ്ഞു.
"നുണ..അച്ഛൻ ഒരു വറ്റ് കഴിച്ചിട്ടുണ്ടാവില്ല..അച്ഛൻ എടുത്ത് കഴിച്ചേ..ഗുളിക കഴിക്കേണ്ടതല്ലേ.."ശ്രീബാല അദ്ദേഹത്തെ നിർബന്ധിച്ചു.
"ഞാൻ കഴിച്ചോളാം മോളെ..വേണി മോൾ എന്ത് പറയുന്നു.. അടുത്തുണ്ടോ  കൊടുക്കാമോ?"ശേഖരൻ ചോദിച്ചു.
പെട്ടെന്ന് ശ്രീബാലയ്ക്ക് ഉത്തരം മുട്ടി.തൽക്കാലം കണ്ണേട്ടന് അസുഖം വന്നതും   കണ്ണേട്ടനും വേണിയും റെനിഗുണ്ടയിൽ ഇറങ്ങിയതുമൊന്നും പറയണ്ട എന്നവൾ ഓർത്തു പിന്നെ അതുമാലോചിച്ചുകൊണ്ട് ആധി  പിടിച്ച് അച്ഛൻ അസുഖം പിടിപ്പിച്ചുവെക്കുമെന്ന് അവൾക്ക് അറിയാം. "അവര് കണ്ണേട്ടന്റെ പഴയ ഫ്ലാറ്റിലാണ് അച്ഛാ.അത് ഇവിടെ നിന്ന് കുറച്ച് ദൂരെ ആണ്..അച്ഛനെ വിളിക്കാൻ ഞാൻ പറയാം.."ശ്രീബാല കള്ളം പറഞ്ഞു.
"ധൃതി വേണ്ട മോളെ..നിങ്ങൾ എത്തിയതല്ലേ ഉള്ളു.സമയം പോലെ വിളിച്ചാൽ മതി.."ശേഖരൻ പറഞ്ഞു.കുറച്ച് നേരം കൂടി സംസാരിച്ചിട്ട് ശ്രീബാല ഫോൺ വെച്ചു .
വേണി ഇതുവരെയും വിളിച്ചില്ലല്ലോ എന്ന് ശ്രീബാല ഓർത്തു.അവളുടെ ഫോണിൽ വിളിച്ചപ്പോ സ്വിച്ച് ഓഫ് ആണ്.കണ്ണേട്ടന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല.ജിതേഷിനോട് പറഞ്ഞാൽ തനിക്ക് എപ്പോഴും  ആവലാതിയാണ് എന്ന് പറഞ്ഞ് തന്നെ കളിയാക്കുമെന്ന് അറിയാവുന്നത്കൊണ്ട് അവൾ തൽക്കാലം  ഒന്നും പറഞ്ഞില്ല.
ശ്രീബാല  തോർത്തെടുത്ത് കുളിക്കാൻ കയറി.കുളി കഴിഞ്ഞ് ഇറങ്ങിയപ്പോളേക്കും അവൾക്ക് നന്നായി വിശന്നു. ശ്രീബാല ഒരു സെറ്റ് സാരി ആണ് ഉടുത്തത്.മുടി  കുളിപ്പിന്നൽ കെട്ടി അവൾ താഴേക്കിറങ്ങി ചെന്നു.
ജിതേഷ് അവിടെ  ഒരു മാഗസിൻ  വായിച്ചിരിയ്ക്കുകയായിരുന്നു.
"ആഹാ താൻ  ഫ്രഷ് ആയല്ലോ.."ജിതേഷ് പത്രം മടക്കി വെച്ചുകൊണ്ട് പറഞ്ഞു.അവൻ അവളെ ഒന്ന് നോക്കി.അത് കണ്ട് ശ്രീബാലയ്ക്ക് നാണം വന്നു..
"എനിക്ക് നന്നായി വിശക്കുന്നു.എന്താ ചെയ്യുക..?"ശ്രീബാല ചോദിച്ചു.
"അയ്യോ അത് പറയാൻ മറന്നു.ഞാൻ ഭോലയോട് ചോദിച്ചു.രാത്രി എട്ട് മണി കഴിഞ്ഞാൽ അടുക്കള പൂട്ടുമെന്ന്.പിന്നെ പുള്ളി പോയി കിടന്നുറങ്ങും.ഇന്നിപ്പോ നമ്മൾ വരുമെന്ന് സാർ അറിയിച്ചതുകൊണ്ടാ പുള്ളി ഉറക്കമളച്ചിരുന്നത്.."ജിതേഷ് പറഞ്ഞു.
"അപ്പൊ ഒന്നും കഴിക്കാൻ കിട്ടില്ലേ?"ശ്രീബാല വിഷമത്തോടെ ചോദിച്ചു.
"ഇന്ന് ഒന്നും കഴിക്കാൻ കിട്ടുമെന്ന് കരുതണ്ട...ഭോല ഇപ്പൊ രണ്ടുറക്കം  പിടിച്ച് കാണും.."ജിതേഷ് പറഞ്ഞു.ശ്രീബാലയ്ക്ക് കലശലായി വിശക്കുന്നുണ്ടായിരുന്നു.
"കുറച്ച് ബ്രഡ് എങ്കിലും കാണാതിരിക്കുമോ അടുക്കളയിൽ?" അവൾ അടുക്കളയിലേക്ക് നോക്കി പറഞ്ഞു.പക്ഷെ അടുക്കള വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു.ഭോല ഉറങ്ങിക്കാണുമെന്ന് അവൾ ഊഹിച്ചു.
"ഞാൻ കിച്ചണിൽ കയറി നോക്കാൻ ഒന്നും പോയില്ല.അന്യന്റെ അടുക്കളയിൽ കയറിയാൽ അവർക്കത് ഇഷ്ടപ്പെടുമോ എന്നറിയില്ലല്ലോ..തനിക്ക് അത്ര വിശക്കുന്നുണ്ടെകിൽ ഞാൻ വെളിയിൽ പോയി എന്തെങ്കിലും കിട്ടുമോ എന്ന്  നോക്കാം.പാതി രാത്രി  കഴിഞ്ഞത്കൊണ്ട് ഹോട്ടൽ ഒന്നും കാണാൻ വഴിയില്ല.ചിലപ്പോ ദാബ കാണും."ജിതേഷ് പറഞ്ഞു.
"വേണ്ട രാത്രി ഒരുപാടായില്ലേ..ഇനിയിപ്പോ എങ്ങോട്ടും  ഇറങ്ങണ്ട..സാരമില്ല.ഞാൻ വെള്ളം കുടിച്ചോളാം.."ശ്രീബാല പറഞ്ഞു.അവൾ അവിടെ ഡൈനിങ്ങ് ടേബിളിൽ ഇരുന്ന മഗ്ഗിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു.
ജിതേഷ് മുകളിലേക്ക് കയറിപ്പോയി.
പിന്നാലെ ശ്രീബാലയും.അവൾ പോയതും ഭോല അടുക്കള വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് ശ്രീബാല  സ്റ്റെയർകേസ് കയറി പോകുന്നത് എത്തി നോക്കി.പിന്നീട് വാതിൽ അടച്ച് തിരികെ വന്ന്  അവിടെ ജിതേഷ് ആഹാരം കഴിച്ച എച്ചിൽ പാത്രം കഴുകി!
മുറിയിലെത്തിയതും ശ്രീബാലയ്ക്ക് ചെറിയ പരവേശം തോന്നി.ഇന്ന് തങ്ങളുടെ  ആദ്യ രാത്രിയാണ്.കല്യാണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളും ട്രെയിനിൽ തന്നെ ആയിരുന്നു.ശേഖരനെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമവും വേണിയും കണ്ണനും  ഇടയ്ക്കുള്ള സ്റ്റോപ്പിൽ ഇറങ്ങിയതിന്റെ  ആവലാതിയും ഒക്കെ ആയി ട്രെയിനിൽ ഉറക്കം ശെരിക്ക് നടന്നില്ല.ഇന്ന് ആദ്യമായാണ് ജിതേഷുമൊത്ത് ഒരേ മുറിയിൽ ഒരുമിച്ച് കഴിയുന്നത്..ഓർത്തപ്പോൾ അവൾക്ക് ദേഹമാകെ ഒരു തരിപ്പ് തോന്നി.അവൾ മുറിയിൽ കയറി വാതിൽ അടച്ചു.
ജിതേഷ് ബാത്‌റൂമിൽ  ആയിരുന്നു.
ശ്രീബാല  കട്ടിലിൽ മെല്ലെ ഇരുന്നു.വിലകൂടിയ നല്ല പതു പതുത്ത പട്ടുമെത്തയിൽ അവൾ ആദ്യം ഇരിക്കുകയായിരുന്നു.അതിൽ ഇളം നീല വിരിയുള്ള ഒരു ബെഡ് ഷീറ്റ്   വിരിച്ചിരുന്നു.അവൾ ചുറ്റും  നോക്കി.മുറിയുടെ അറ്റത്ത് ഒരു ചുവന്ന വെൽവെറ്റ് സോഫ ഉണ്ട്.സൈഡിലായി കമ്പ്യൂട്ടർ വെച്ചിരിക്കുന്ന ഒരു ഓഫീസ്  ടേബിളും ഒരു റിവോൾവിങ്  ചെയറും.ബുക്ക് ഷെൽഫ് നിറയെ പല തരം  ഇംഗ്ലീഷ് നോവലുകൾ .വോൾമൌണ്ട്  ചെയ്തിരിക്കുന്ന വലിയ ടീവി.
കുളി കഴിഞ്ഞ് ജിതേഷ് ഒരു ടി ഷർട്ടും ഷോർട്സും ധരിച്ച് ഇറങ്ങി വന്നു.മുറിയിൽ വില കൂടിയ സ്പ്രേയുടെ  മണം പരന്നു.കണ്ണാടിയുടെ മുൻപിൽ നിന്ന് അവൻ നനഞ്ഞ മുടി കൈകൊണ്ട് ഒന്ന് തട്ടി ..മുണ്ടും ഷർട്ടും മാറി ടി ഷർട്ടും ഷോർട്സും ഇട്ടപ്പോൾ ജിതേഷ്  ഒന്നുകൂടി ചെറുപ്പം ആയതുപോലെ ശ്രീബാലയ്ക്ക് തോന്നി.അവൾ അവനെ കൗതുകത്തോടെ നോക്കി ഇരുന്നു.
"അപ്പൊ കിടക്കുകയല്ലേ?"ജിതേഷ് കട്ടിലിന്റെ അടുത്തേക്ക് വന്ന് ചോദിച്ചു.
ശ്രീബാല നാണത്തോടെ മുഖം കുനിച്ചിരുന്നു.
കട്ടിലിൽ കിടന്ന തലയിണ അവൾ ഒന്നുകൂടി അടുക്കി വെക്കാൻ തുടങ്ങി.
"ഇവിടെ അല്ല..അവിടെ!"മുറിയുടെ ഒരു കോണിലായി കിടന്ന ചുവന്ന സോഫയിലേക്കായിരുന്നു ജിതേഷ് കൈ ചൂണ്ടിയത്.
"സോഫയിലോ?ഒരാൾക്ക് തന്നെ കഷ്ടിച്ച് കിടക്കാനുള്ള സ്ഥലമേ അതിലുള്ളു.പിന്നെ നമ്മള് രണ്ടാളും എങ്ങനെയാ അവിടെ കിടക്കുന്നത്?"ശ്രീബാലയ്ക്ക് ചിരി വന്നു.
"രണ്ടുപേരോ?ഞാൻ ഈ ബെഡിൽ തന്നെ കിടക്കും.ഇന്ന് മുതൽ നിന്റെ സ്ഥാനം അവിടെ ആണ്!" ജിതേഷ് പറഞ്ഞു.
ഒന്നും മനസ്സിലാകാതെ ശ്രീബാല അവനെ തന്നെ നോക്കി ഇരുന്നു.
(കഥ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്..)
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot