നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശേഷം.


പടിഞ്ഞാറേ ചക്രവാളസീമയിലേയ്ക്ക് ചരിഞ്ഞിറങ്ങുന്ന അസ്തമായസൂര്യന്റെ ചെങ്കനൽ നിറമാർന്ന തളർന്ന രശ്മികൾ മുന്നിലേയ്ക്ക് വന്ന് മുനയൊടിഞ്ഞു വീണ മൂവന്തിനേരം, മുന്നിൽ വന്നു നിന്ന ഒമാനിയുടെ സലാം ചൊല്ലൽ ആണ് ഓർമ്മകളുടെ ഒഴുക്കിലേയ്ക്ക് ഒഴുകി യിറങ്ങിപ്പോയ എന്നെ തട്ടിമുട്ടിയണർത്തിയത്. സലാം തിരിച്ചു കൊടുത്തു , കൂടെ ഒരു സുഖാന്വേഷണവും നടത്തി.
കെഫാലക് സദീഖ്
(സുഖമല്ലേ കൂട്ടുകാരാ)
വാഗിദ് തബാൻ(ആകെ ക്ഷീണിതനാണ് ) എന്നായിരുന്നു അവന്റെ മറുപടി.
ശൂഫീ മുശ്കിൽ(എന്താണ് കുഴപ്പം) ക്ഷീണിതനായി കാണാപ്പെട്ട അവനോട് വീണ്ടും എടുത്ത് ചോദിയ്ക്കാതിരിക്കാനായില്ല
അഹൂ മൽ ഏന മൗത്ത് ,
(അവന്റെ മറുപടി സഹോദരൻ മരിച്ചുപോയി എന്നതായിരുന്നു). അതാണ് അവന്റെ സങ്കടത്തിന് കാരണം.
എന്തു പറ്റിയതാണ് നിന്റെ
സഹോദരന്, എങ്ങിനെയാണ് മരണം സംഭവിച്ചത്
പ്രത്യേകിച്ച് അസുഖമൊന്നുമില്ലായിരുന്നു, ഒന്ന് കുഴഞ്ഞു വീണു, ആശുപത്രിയിൽ കൊണ്ടുപോയി ഒരു ദിവസം കിടന്നു അടുത്ത ദിവസം മരണമടഞ്ഞു.
പടച്ചോൻ അവന് സുബർക്കത്തിൽ ഇടം കൊടുക്കട്ടെ.
അത് പറയാനാണ് ഞാൻ വന്നത്, അവൻ നിങ്ങളുടെ
കടയിൽ നിന്ന് സാധനങ്ങൾ കടം വാങ്ങിയതിന്റെ പൈസ തിരിച്ച് തന്ന് കടം വീട്ടാനാണ് ഞാൻ വന്നത്.
അതൊന്നും സാരമില്ല,
എനിക്ക് പൈസയൊന്നും നിന്റെ സഹോദരൻ തരാനില്ല.
ഒരു മരണം കേട്ടാൽ പെട്ടെന്ന് നമുക്കാ വ്യക്തിയെ പറ്റി അതുവരെ ഉണ്ടായിരുന്ന ഭാവങ്ങൾക്ക് മാറ്റം വരുമല്ലോ. ദേഷ്യങ്ങളെല്ലാം അലിഞ്ഞു തീരുന്നു.
എല്ലാ അഹങ്കാരങ്ങളും തീരുന്ന നിമിഷം, എല്ലാ ആദരങ്ങളും ലഭ്യമായ് തുടങ്ങുന്ന നിമിഷം. എല്ലാവരും സമന്മാരാകുന്നു, കരുണാമയഭാവം.
ഇല്ല എനിക്കറിയാം എന്റെ സഹോദരൻ നിനക്ക് പൈസ തരാനുണ്ട്.
സത്യത്തിൽ അവന്റെ ചേട്ടാനിയന്മാർ അഞ്ചാറു പേരുണ്ട്. മിക്കവരും സാധനങ്ങൾ കടം വാങ്ങാറുണ്ട്. ശമ്പളം കിട്ടുമ്പോൾ പൈസ തിരിച്ചു തരും. കണ്ടാൽ ഏകദേശം എല്ലാവരും തമ്മിൽ നല്ല രൂപസാദൃശ്യവും ഉണ്ട് പോരാത്തതിന് അതിൽ രണ്ടെണ്ണം ഇരട്ടകളും. അവരെല്ലാം തമ്മിൽ വലിയ പ്രായവ്യത്യാസവുമില്ല.
ഇവരിൽ ആരാണ് മരിച്ചത് എന്നറിയാതെയുള്ള കൺഫ്യുഷനിൽ ആയി ഞാൻ. എന്റെ ചിന്ത മനസ്സിലായപോലെ അവൻ ഫോൺ എടുത്ത് ഗാലറിയിൽ നിന്ന് അഹുവിന്റെ ഫോട്ടോ എടുത്തുകാണിച്ചു.
ഫോട്ടോ കണ്ടപ്പോൾ പെട്ടെന്നു തന്നെ ആളെ മനസ്സിലായി. അത് നെയിഫ് എന്ന സുഹൃത്ത് ആയിരുന്നു.
ഇത് നെയിഫ് അല്ലേ.
നെയിഫ് ,കൊറോള 2007,
ഇവർക്കെല്ലാം മിക്കവാറും ഒരേ പോലുള്ള പേരുകളാണ് അതുകൊണ്ട്
അവരുടെ വണ്ടിയുടെ പേരും ചേർത്താണ് ബുക്കിൽ എഴുതുന്നത്. അബ്ദുള്ള പിക്ക് അപ് , ഹാനി മാക്സിമാ അങ്ങിനെയങ്ങിനെ ഓരോ പേരുകൾ.
അതേ നെയിഫ് അണ്, ഇവൻ എത്ര പൈസയാണ്
തരാൻ ബാക്കിയുള്ളത്.
ചെറിയ തുക എന്തെങ്കിലും
ഉണ്ടാകും. അതുപോട്ടെ
സാരമില്ല.
അത് ശരിയാവില്ല. നീ അവന്റെ കണക്ക് എഴുതി വച്ചിട്ടുള്ള പുസ്തകം കാണിയ്ക്കുക. ഒരു പൈസ പോലും ബാക്കി ഇല്ലാതെ കടം തീർക്കണമെന്നാണ് ഞങ്ങളുടെ ആചാരം.
ഞാൻ അവനെ പറ്റി ഓർക്കുകയായിരുന്നു. നെയിഫ് നേരത്തെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ശമ്പളം കിട്ടിയാൽ കടയിൽ വന്ന് തരാന്നുള്ള പൈസ തന്നിട്ടേ സ്വന്തം വീട്ടിൽ പോകാറുള്ളു. കുറഞ്ഞശമ്പളം ആയതിനാൽ പിന്നീട് കമ്പനിയിൽ നിന്ന് മാറി പാക്കിസ്ഥാനികളുടെ
കൂടെ ഡ്രൈവർ ആയി ജോലിയ്ക്കു പോയിത്തുടങ്ങി. ശമ്പളവും
കൂടുതൽ കിട്ടിത്തുടങ്ങി. പക്ഷെ അവരുടെ കൂടെ വെളപ്പിനെ കോൺക്രീറ്റ് മെഷീനും കൊണ്ടു പോകുന്ന വേളകളിൽ ഉറങ്ങാതിരിയ്ക്കാൻ അവർ ഉപയോഗിക്കുന്ന പോലെ തമ്പാക്ക് (ഹാൻസ്) ഉപയോഗിച്ചു തുടങ്ങി. പല പ്രാവശ്യം താൻ അത് കണ്ടിട്ട് അവനെ ആ ശീലത്തിൽ നിന്ന് പിന്തിരിപ്പിയ്ക്കാൻശ്രമിച്ചിരുന്നു. പിന്നീട് അതിന്റെ ലഹരി മതിയാകാതെ വന്നപ്പോൾ അവൻ ലഹരിയ്ക്കായി അതിനേക്കാൾ ശക്തമായ സാധനങ്ങൾ ഉപയോഗിച്ചു തുടങ്ങി. പിന്നീട് പഴയ കടം വീട്ടാനോ, സാധനങ്ങൾ വാങ്ങാനോ പഴയ പോലെ വരാറില്ല. ഒന്നു രണ്ടു പ്രാവശ്യം അവന്റെ വണ്ടിഅപകടത്തിൽ പെട്ടു എന്നെല്ലാം കേട്ടിരുന്നു.
നിന്നോട് കണക്കു നോക്കാൻ പറഞ്ഞിട്ട് എത്ര നേരമായി എനിക്ക് എല്ലാ കടയിലും പോയിബാക്കിയുള്ളവരുടേയും കണക്കുതീർക്കാനുള്ളത് ആണ്, നെയിഫിന്റെ സഹോദരന്റെ ശബ്ദമാണ് എന്നെ ഓർമ്മയിൽ നിന്ന് തിരിച്ചെത്തിച്ചത്.
ജീവിച്ചിരിയ്ക്കുമ്പോൾ ഇവർക്ക് സ്വന്തം കടവും, സഹോദരന്റെ കടവും എല്ലാം വീട്ടാൻ മടിയാണ്. പക്ഷെ മരിച്ചു കഴിഞ്ഞാൽ
മരിച്ചാളുടെ കടം വീട്ടാൻ ഇവർ മുൻപന്തിയിലാണ്. അതിനു വേണ്ടി എവിടെ നിന്നെങ്കിലും കടം വാങ്ങിയാണെങ്കിലും മരിച്ചവന്റെ കടം വീട്ടും.
ഒന്നോർത്താൽ കടങ്ങളിൽ
ഉള്ള ചില വാശികൾ ആണ്
കൂടുതൽ പ്രശ്നത്തിന്കാരണം. കടത്തേക്കാൾ
അധികം തുക ദാനമായി
കൊടുക്കുന്നവനും കടം കൊടുത്ത തുക തിരിച്ചു പിടിയ്ക്കാൻ ഏതറ്റം വരേയും പോകും. ചെറിയ തുക വരേ തിരിച്ചു പിടിയ്ക്കാൻ അതിനേക്കാൾ വലിയ തുക മുടക്കുന്നവരുടെ മനോഭാവം എങ്ങിനെയും കടം കൊടുത്തത് തിരിച്ചു വാങ്ങിയില്ലെങ്കിൽ അവന്റെ മുന്നിൽ തോറ്റു പോകും എന്ന ഭയം. കിട്ടാത്ത കടങ്ങൾ ദാനമായി തീർത്താൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളു. മനസ്സിനും ശാന്തിയും സമാധാനവും ലഭിയ്ക്കും. പക്ഷെ അതിനുള്ള മാനസ്സിക വികാസം നമുക്ക് എന്നു കിട്ടും.
നെയിഫിന്റെ സഹോദരൻ
മുനിസിപ്പാലിറ്റി ജീവനക്കാരൻ ആണ്. അവൻ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നു, പോരാത്തതിന് അഞ്ചാറു കുട്ടികളും. ശമ്പളം കിട്ടുന്നത് തന്നേ
വീടിന്റെയും വണ്ടിയുടേയും ലോൺ കട്ടു ചെയ്തിട്ട് ബാക്കി തുകയാണ്. ബാക്കി കിട്ടുന്ന പൈസയും ആയി
ലുലുവിൽ പോയി വീട്ടു സാധനങ്ങളും വാങ്ങിയാൽ
പിന്നീട് അവന്റെ കൈയ്യിൽ
പെട്രോൾ അടിയ്ക്കാനുള്ള
നാമമാത്രമായ തുകയേ എല്ലാ മാസവും കാണാറുള്ളു എന്ന് നന്നായി വർഷങ്ങൾ ആയിട്ട് എനിക്കറിയാം.
അതെല്ലാം കൊണ്ട് ഞാൻ
പറഞ്ഞു, ഇല്ല അവൻ എനിക്ക് വലുതായിട്ടൊന്നും
തരാനില്ല.
അത് പറഞ്ഞാൽ ശരിയാകില്ല. നീ ബുക്കെടുത്ത് അവന്റെ
പേജ് കാണിയ്ക്കു.
മനസ്സില്ലാ മനസ്സോടെ ഞാൻ നെയിഫിന്റെ പേജ് തുറന്നു. അവന്റെ പേരും ഫോൺ നമ്പറും തരാനുള്ള
പൈസയും സഹോദരൻ നോക്കി ബോദ്ധ്യപ്പെട്ടു.
മുപ്പത്തിയെട്ട് റിയാൽ തൊള്ളായിരം പൈസ. നമ്മുടെ നാട്ടിലെ ഏകദേശം ഏഴായിരം രൂപ.
ഒരു മടിയും കൂടാതെ അവൻ നാൽപ്പത് റിയാൽ
സന്തോഷത്തോടെ എടുത്തു തന്നിട്ട് അനിയന്റെ കണക്കെല്ലാംതീർക്കുക എന്നു പറഞ്ഞു.
എനിക്ക് പൈസ വാങ്ങാൻ
വല്ലാത്ത ബുദ്ധിമുട്ട്. നെയിഫ് നല്ല സുഹൃത്തായിരുന്നു , അതിനാൽ അവൻ തരാനുള്ള പൈസ എനിക്കു വേണ്ടെന്ന് ആവാവുന്ന വിധത്തിൽ പറത്തിട്ടും സഹോദരൻ സമ്മതിക്കുന്നില്ല.
പിന്നീട് പൈസ വാങ്ങി കണക്കെല്ലാം തീർന്നു തമ്മിൽ പൊരുത്തപ്പെട്ടു
എന്ന് പറഞ്ഞതിനു ശേഷം ഞാൻ ഇരുപത് റിയാൽ തിരിച്ചു കൊടുത്തു. നെയിഫ് എന്റെയും സുഹൃത്താണ് അതിനാൻ
നീയും ഇതു വാങ്ങി അവന്റെ ആത്മാവിന് ശാന്തി കിട്ടാൻ പൊരുത്തപ്പെടണം. കുറെ നിർബ്ബന്ധിച്ച് അവനെ കൊണ്ട് അതു വാങ്ങിപ്പിച്ചപ്പോൾ എനിക്കും ഒരു സമാധാനം.
അടുത്ത കടകളിൽ അനിയന്റെ കടം ഉണ്ടോ എന്ന് ചോദിച്ച് ചോദിച്ച് പോകുന്ന സഹോദരനെ കണ്ട്, സഹോദര സ്നേഹം
കണ്ടിട്ട് ഉള്ളു നിറഞ്ഞു. നമ്മുടെ നാട്ടിലെ ചിലർ സഹോദരങ്ങൾ മരിച്ചാൽ അവരുടെ സ്വത്ത് എങ്ങിനെ കൈക്കലാക്കാം, അവന്റെ ഭാര്യയേയും കുട്ടികളേയും എങ്ങിനെ പെരുവഴിയിൽ ആക്കാം എന്ന് ചിന്തിക്കുന്നവരെ ഓർത്തപ്പോൾ വെറുപ്പ് തോന്നിപ്പോയി.
ബന്ധങ്ങളിൽ എന്നും സ്നേഹ നന്മയും നിറയട്ടെ, ശേഷം ചിന്ത്യം.

By: PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot