നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവളും അവനും ഞാനും.


" നീ നിന്റെ മറ്റവളെ ഇങ്ങിനെ അഴിച്ചു വിടാതെ വേണേൽ നിയന്ത്രിച്ചു നിർത്തിക്കൊ ട്ടോ "
ഉച്ചയൂണ് കഴിഞ്ഞ് ഉമ്മറത്തെ ചാരുകസേരയിലിരുന്നു ഒരു മയക്കത്തിനുള്ള കോപ്പു കൂട്ടുകയായിരുന്ന ഞാൻ ആ പരുഷമായ ശബ്ദം കേട്ട് ഒന്ന് ഞെട്ടി. പക്ഷേ തൊട്ടരികിലെന്ന പോലെ ഉറച്ച ശബ്ദത്തിൽ കേട്ട ആ പുരുഷശബ്ദം ആരുടേതാണെന്ന് മിഴികൾ തിരിച്ചു നോക്കാതെ തന്നെ എനിക്ക് മനസ്സിലായി. ആരെക്കുറിച്ചാണ് പറഞ്ഞതെന്നും മനസ്സിലായ ഞാൻ പ്രതികരിക്കുവാൻ തുനിഞ്ഞില്ല. ഉറങ്ങുകയാണെന്ന ഭാവത്തിൽ കണ്ണുകളടച്ചു തന്നെ ചാരിക്കിടന്നു.
" നീ കള്ളയുറക്കം നടിക്കുകയൊന്നും വേണ്ട. എനിക്കറിയാം നീയുറങ്ങുകയല്ലെന്ന്. ഞാൻ കാര്യമായി പറഞ്ഞതാണ്.
കുറെയായി ഞാൻ എല്ലാം കണ്ടും കേട്ടും പ്രതികരിക്കാതെയിരിക്കുന്നു. അല്ല, നീയിത് എന്ത് ഭാവിച്ചാണ് ? സ്ഥിരബോധമില്ലെങ്കിൽ അടച്ചിട്ട് വളർത്തണം. അല്ലെങ്കിൽ അങ്ങ് കൊന്ന് കളഞ്ഞേക്കണം. ഇങ്ങിനെ കണ്ടിടത്ത് അലഞ്ഞു നടക്കുന്നതിലും ഭേദം അതാണ്.
ഡാ... ഞാൻ പറയുന്നത് നിന്നോടാണ്. "
ഇത്തവണ കള്ളി വെളിച്ചത്താക്കപ്പെട്ട അമർഷത്തിൽ എനിക്ക് കണ്ണുകൾ തുറക്കേണ്ടി വന്നു. എന്നാലും ഞാൻ അവന് മുഖം കൊടുത്തില്ല. കാരണം ആ മുഖത്തെ നേരിടുവാൻ എനിക്ക് കഴിയുമായിരുന്നില്ല എന്നത്കൊണ്ട് തന്നെ.
" അതിനുമാത്രം ഇപ്പൊ എന്തുണ്ടായി ? വേറാർക്കും ഒന്നുമറിയില്ലല്ലോ ? എനിക്കും നിനക്കും മാത്രമറിയുന്ന ഈ രഹസ്യം ഇനി നമ്മൾ തമ്മിൽ കലഹിച്ചു വേറെയാളുകളെക്കൂടി അറിയിക്കണോ ? " ഒരു അനുനയനത്തിന് തയ്യാറായി ഞാൻ മെല്ലെ മറുപടി പറഞ്ഞു.
" എന്തുണ്ടായി എന്നോ ? എന്തൊക്കെയാണ് അവൾ കാണിച്ചു കൂട്ടുന്നതെന്ന് നിനക്ക് വല്ല അറിവുമുണ്ടോ ? കഴിഞ്ഞ ദിവസം അവൾ അപ്പുറത്തെ കറിയാച്ചേട്ടന്റെ മകൾ തൂങ്ങിമരിച്ച മരക്കൊമ്പിൽ കയറിയിരിക്കുന്നു. പിന്നെയൊരു ദിവസം പവിത്രേട്ടന്റെ വയ്യാതെ കിടക്കുന്ന അമ്മയുടെ മുറിയുടെ ജനാലയിലൂടെ ആയമ്മയെ നോക്കി നിൽക്കുന്നു. വേറൊരു ദിവസം ആ സെയ്‌തിക്കാന്റെ മോനും ഒരു പെങ്കൊച്ചും കൂടി വർത്തമാനം പറയുന്നിടത്ത് ഒളിഞ്ഞു നോക്കി നിൽക്കുന്നു. എന്തിനധികം പറയുന്നു. എവിടെ തിരിഞ്ഞാലും അവളെ കാണാം എന്ന സ്ഥിതിയായി. അമ്പലക്കുളത്തിന്റെ പരിസരത്തും ചന്തയിലും കശുമാവിൻ തോപ്പിലും സെമിത്തേരിയിലും എന്നുവേണ്ട എല്ലായിടത്തും അവളെ കാണാം. എനിക്ക് പേടി മറ്റുള്ളവർ ഇവളുടെ ഈ അലഞ്ഞു തിരിഞ്ഞുള്ള നടപ്പ് കണ്ട് എന്തെങ്കിലും തെറ്റിദ്ധരിക്കുമല്ലോ എന്നാണ്. നീയിങ്ങനെ നിന്റെ സ്വന്തമാ അവൾ എന്ന് ഏതുനേരവും ജപിച്ചോണ്ട് നടന്നോ. അവസാനം... വേണ്ട ഞാനൊന്നും പറയുന്നില്ല. " അവന്റെ സ്വരത്തിൽ അതിയായ അമർഷം നിറഞ്ഞു നിന്നിരുന്നു.
" അല്ലെടാ, നിന്റെ വിവരണം കേട്ടാൽ നീ വേറേയൊന്നും ചെയ്യാതെ എപ്പോഴും അവളെ നിരീക്ഷിച്ചു അവളുടെ പിന്നാലെ നടക്കുകയാണെന്ന് തോന്നുമല്ലോ ? നീ ആ പണി എന്നുമുതൽ ഏറ്റെടുത്തു ? " സൗമ്യത വിടാതെയായിരുന്നു എന്റെ ചോദ്യമെങ്കിലും അവന് ഉത്തരം മുട്ടിപ്പോയി.
"അത്... അത്‌പിന്നെ... അതല്ല..."
അവന്റെ മറുപടിയ്ക്ക് കാതോർത്തിരിക്കുമ്പോൾ യാന്ത്രികമായി തൊടിയിലേക്ക് പറന്ന മിഴികളാണ് ആ കാഴ്ച്ച ഒപ്പിയെടുത്തത്. തൊടിയിലെ തൈത്തെങ്ങിന്റെ തെങ്ങോലയുടെ മുകളിലേക്ക് പറന്നുവന്നിരിക്കുന്ന ഒരു കിളി. തലയെടുപ്പ് കണ്ടാലറിയാം ആൺകിളിയാണ്. ആൺകിളി... !?
" ഏതല്ല എന്ന് ? എന്താണ് അവളുടെ കാര്യത്തിൽ നിനക്കിത്ര കരുതൽ ? ഞാനറിയാതെ ഇനി നിനക്ക് അവളോട് വല്ല...? " സ്വയമറിയാതെ മുറുകിപ്പോയ സ്വരത്തിലുള്ള എന്റെ ചോദ്യം മുഴുവനാക്കുവാൻ അവൻ സമ്മതിച്ചില്ല.
" ഛേയ്‍... നീയെന്തൊക്കെയാണ് പറയുന്നത് ? അതൊന്നുമല്ല, അവളെ നിനക്ക് പരിചയപ്പെടുത്തി തന്നത് ഞാനല്ലേ ? നിങ്ങൾ ഒന്നാവാൻ ഞാനാണല്ലോ കാരണം ? അവസാനം അവൾ എന്തെങ്കിലും ഒപ്പിച്ചു വെച്ചാൽ നിനക്ക് വളരെ എളുപ്പത്തിൽ എന്നെ കുറ്റപ്പെടുത്താമല്ലോ ? അതിന്റെ ഒരു ഉത്തരവാദിത്വം പിന്നെ എനിക്ക് വേണ്ടേ ? " അവന്റെ ആ പരുഷവും എന്നാൽ പാതി പരുങ്ങിയുള്ള മറുപടി എന്നിൽ ചിരിയുളവാക്കി. അത് കടിച്ചമർത്തിക്കൊണ്ടു ഞാൻ പറഞ്ഞു.
" അത് ശരിയാ. തീർച്ചയായും ആ ഉത്തരവാദിത്വം നിനക്ക് വേണം. " എന്റെ ആ മറുപടി കേട്ടതും അവനൊന്ന് ദീർഘനിശ്വാസം വിട്ടു. പക്ഷേ എന്റെ പിന്നീടുള്ള ചോദ്യത്തിൽ അവൻ വല്ലാതെ പതറിപ്പോയി.
" അല്ലെടാ, ഒരുകാര്യം ചോദിച്ചോട്ടെ ? എവിടെ പോയാലും ഞാൻ അവളെ നിന്റെ കൂടെയല്ലേ അയക്കാറുള്ളത് ? സൂക്ഷിച്ചോണേ എന്ന് പറഞ്ഞു തന്നെയല്ലേ ഒപ്പം അയക്കാറുള്ളത് ? പിന്നെ എന്നുമുതലാണ് നീ സംരക്ഷണം വിട്ട് കാഴ്ചക്കാരൻ മാത്രമായത് ?എന്നുമുതലാണ് നീ അവളെ അവഗണിക്കാൻ തുടങ്ങിയത് ? അഥവാ അവളിൽ ഇങ്ങിനൊരു മാറ്റം വന്നു തുടങ്ങിയെങ്കിൽ അതെന്നെ ആദ്യമേ അറിയിക്കേണ്ടത് നിന്റെ ഉത്തരവാദിത്വമല്ലായിരുന്നോ ? ഇന്നലെ വന്ന അവളെക്കാൾ കൂടുതൽ പരിചയം എനിക്ക് നിന്നെയല്ലേ ? അപ്പോൾ അവളുടെ പിന്നാലെ നടന്ന് അവൾ ചെയ്യുന്നതൊക്കെയും കണ്ടാസ്വദിക്കുകയായിരുന്നോ നീയിത്രനാളും ചെയ്തുകൊണ്ടിരുന്നത് ? ഉറ്റചങ്ങാതി എന്നതിനേക്കാൾ സഹോദരതുല്യമായ സ്നേഹമായിരുന്നില്ലേ എനിക്ക് നിന്നോട്. എന്നിട്ടും...? "
എന്റെ ചോദ്യത്തിന് മറുപടിയൊന്നും ലഭിക്കാതെയായപ്പോൾ ഞാൻ ഒന്ന് മുരടനക്കി. എന്നിട്ടും പ്രതികരണമില്ലാതായപ്പോൾ ആധിപത്യം നേടിയ ആത്മവിശ്വാസത്തോടെ അവന്റെ മുഖത്തേക്ക് നോക്കുവാൻ തുനിഞ്ഞത്. പക്ഷേ അപ്പോഴേക്കും അകത്ത് നിന്ന് ഒരു കൊലുസ്സിന്റെ കിലുക്കം കേട്ടു.
" അവനെ കുറ്റപ്പെടുത്തണ്ട. തെറ്റ് എന്റേതാണ്. അവനെ അനുസരിക്കാതെ എനിക്ക് തോന്നിയത് പോലെ നടന്നത് ഞാനാണ്. "
അവളുടെ ആ നനുത്ത ശബ്ദത്തിലുള്ള ഏറ്റുപറച്ചിലിന്റെ കുറ്റസമ്മതം അവന്റെ കുനിഞ്ഞ ശിരസ്സ് കാണാനുള്ള എന്റെ വ്യഗ്രതയെ ശമിപ്പിച്ചു. അവനെയും അവളെയും അഭിമുഖീകരിക്കാതെ തൈത്തെങ്ങിന്റെ തെങ്ങോലകളിലേക്ക് ദൃഷ്ടിയുറപ്പിക്കുമ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത്. അതുവരെ ഒറ്റയായി ഇരുന്നിരുന്ന ആൺകിളിയുടെ അടുത്തേക്ക് അതാ ഒരു പെൺകിളി മെല്ലെ പറന്നു വന്നിരിക്കുന്നു. നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടത് കൊണ്ടോ എന്തോ എന്റെ സ്വരം ചിലമ്പിച്ചതും യാന്ത്രികവുമായിരുന്നു.
" എന്തിന് വേണ്ടി ? ഇപ്പൊ എന്താണ് അവന് വേണ്ടി ഒരു വക്കാലത്ത് പറച്ചിൽ ? അപ്പൊ ഞാൻ ആരുമല്ലാതായോ ഇപ്പോൾ ? "
" അയ്യോ... എന്താ ഇങ്ങിനെയൊക്കെ പറയുന്നത്. കാര്യമറിയാതെ അവനെ കുറ്റപ്പെടുത്തരുത് എന്നല്ലേ ഞാനുദ്ദേശിച്ചുള്ളൂ. ഞാൻ ജീവിക്കുന്നത് തന്നെ അങ്ങേയ്ക്ക് വേണ്ടിയാണ്. അങ്ങില്ലെങ്കിൽ ഞാനുമില്ല. "
എന്റെയുള്ളിൽ പുകയാൻ തുടങ്ങിയ ഞെരിപ്പോടിന്റെ മുകളിലേക്ക് ഒരുകുടം തണുത്ത വെള്ളം ഒഴിക്കാൻ പോന്നത് തന്നെയായിരുന്നു ആ മറുപടി. ഉള്ളം കുളിർത്തത് കൊണ്ടാവാം പുറമേയ്ക്ക് ചോദ്യം വന്നത് സൗമ്യമായായിരുന്നു.
" എന്തിനാണ് ഇങ്ങനെ അവിടെയും ഇവിടെയും അലഞ്ഞു നടക്കുന്നത്. അതല്ലേ അവനിപ്പോൾ ഇത്രയും പറയുവാൻ കാരണം ? "
അല്ലെങ്കിലും അവളോട് ഒരിക്കൽപ്പോലും ദേഷ്യപ്പെടുവാൻ സാധിച്ചിട്ടില്ല എന്നത് എന്നും എന്നെ അമ്പരപ്പിക്കുന്ന കാര്യം തന്നെയായിരുന്നു.
" അങ്ങ് തന്നെ ഈ ചോദ്യം എന്നോട് ചോദിക്കണം. ഒരർത്ഥത്തിൽ ഞാനീ ചെയ്യുന്ന യാത്രകൾ എല്ലാം അങ്ങേയ്ക്ക് വേണ്ടിയുള്ളതാണ് ! ഞാൻ പോകുന്നിടത്തെ കാര്യങ്ങൾ അങ്ങയോട് ഞാൻ വന്നു വള്ളി പുള്ളി തെറ്റാതെ വിവരിക്കാറുള്ളതല്ലേ !? അപ്പോൾ അങ്ങയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ... അത് കാണുന്നതാണ് എനിക്കേറ്റവും വലിയ ആനന്ദം. അതിന് വേണ്ടിയാണ് ഞാൻ അവിടെയും ഇവിടെയും അലഞ്ഞു നടക്കുന്നത് തന്നെ "
എന്റെ സന്തോഷത്തിന് വേണ്ടി എന്ന വാചകങ്ങൾ അവന്റെ മുമ്പിൽ വെച്ചു തന്നെ കേട്ടത് എന്നിൽ ഏറെ സന്തോഷമുളവാക്കിയ ഒന്നായിരുന്നെങ്കിലും അവനും എനിക്ക് പ്രിയപ്പെട്ടവൻ തന്നെയാണല്ലോ എന്ന ചിന്തയാണ് അടുത്ത ചോദ്യം ചോദിക്കാൻ എന്നെ പ്രേരിപ്പിച്ചത് തന്നെ.
" ഒക്കെ ശരി തന്നെ. എന്നാലും നിനക്ക് അവനെ അനുസരിച്ചു കൂടേ ? അവൻ പറയുന്നത് കേട്ടു കൂടേ ? "
" അങ്ങേയ്ക്കറിയാമല്ലോ, എനിക്ക് നിയന്ത്രണങ്ങളോ വിലക്കുകളോ തീരെ ഇഷ്ടമല്ലെന്ന കാര്യം. അവന് അത് മാത്രമേയുള്ളൂ. അങ്ങോട്ട് പോകരുത്, ഇങ്ങോട്ട് പോകരുത്, അത് തെറ്റാണ്, ഇത് തെറ്റാണ്... ആദ്യമൊക്കെ ഞാൻ അനുസരിച്ചിരുന്നു. പക്ഷേ പിന്നീടെപ്പോഴോ അത് അസഹ്യമായി തോന്നിയപ്പോഴാണ് ഞാൻ എനിക്ക് തോന്നിയ വഴികളിലൂടെ തനിയെ സഞ്ചരിക്കാൻ തുടങ്ങിയത്. "
അവന്റെ കുറവുകൾ അവൻ കേട്ടതിലൂടെ വലിയൊരു ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെട്ട പ്രതീതിയായിരുന്നു എനിക്ക്.
" ശരി തന്നെ. പക്ഷേ കാണുന്നവർ എന്ത് കരുതും എന്ന അവന്റെ ചോദ്യത്തിന് എന്ത് മറുപടിയാണ് കൊടുക്കാനുള്ളത് ? "
എന്റെയാ ചോദ്യത്തിൽ എനിക്കവളോടുള്ള സ്നേഹവും വാത്സല്യവും അവൻ മനസ്സിലാക്കിക്കൊള്ളട്ടെ എന്ന ഉദ്ദേശ്യത്തോട് കൂടി തന്നെയാണ് ഞാനത് ചോദിച്ചത്.
" അങ്ങും അവനും ഒരുകാര്യം മറക്കുന്നു. നിങ്ങൾക്ക് രണ്ടാൾക്കുമെ എന്നെ കാണാനാകൂ എന്ന സത്യം. ശരീരമില്ലാത്ത വെറും ആത്മാവ് മാത്രമായ എനിക്ക് എവിടെയും പോകാം എന്തും കാണാം എന്ന സത്യം നിങ്ങൾ ഓർക്കുന്നു എങ്കിൽ ഇവിടെ ഇങ്ങിനൊരു ചർച്ചയുടെയും ചോദ്യം ചെയ്യലിന്റെയും ആവശ്യം വരില്ലായിരുന്നു. "
ഇത്തവണ തല കുനിഞ്ഞത് എന്റെ തന്നെയായിരുന്നു. എനിക്കുറപ്പായിരുന്നു അവന്റെ തലയും കുനിഞ്ഞിട്ടുണ്ടാകും എന്നത്. ശരിയാണ്. അവൾ അരൂപിയാണല്ലോ. കണ്ണുകളടച്ച് ആ ചാരുകസേരയിലേക്ക് ഞാൻ മെല്ലെ ചാഞ്ഞു. കാരണം ഇനിയെനിക്ക് അവനോടോ അവളോടൊ ഒന്നും ചോദിക്കാനില്ലായിരുന്നു. അവനും അങ്ങിനെ തന്നെയാവും എന്നത് എനിക്ക് മനസ്സിലായി. കാരണം അവൻ നിശ്ശബ്ദനായിരുന്നു.
അകത്തളത്തിലേക്ക് അടിവെച്ചു നടന്നു പോകുന്ന അവളുടെ പിന്നാലെ അവനും നടന്നു പോകുന്ന ശബ്ദം കേട്ടിട്ടും ഞാൻ തിരിഞ്ഞു നോക്കിയില്ല. അല്ലെങ്കിൽ തന്നെ ഞാൻ എവിടേയ്ക്ക് തിരിഞ്ഞു നോക്കണം. കാരണം അവർ വസിക്കുന്നത് എന്റെയുള്ളിലാണല്ലോ. മനസ്സെന്ന അവനും ഭാവനയെന്ന അവളും എന്റെയുള്ളിലേക്ക് നടന്നു കയറുന്നതും അവൾ മെല്ലെ അവനിൽ ലയിക്കുന്നതും കണ്ണുകളടച്ചു കിടക്കുകയാണെങ്കിലും ഞാൻ അറിയുന്നുണ്ടായിരുന്നു.
മെല്ലെ കണ്ണുകൾ തുറന്ന ഞാൻ കണ്ടത് ആ തെങ്ങോലത്തുമ്പിൽ നിന്ന് ഒരുമിച്ചു പറക്കുന്ന ആ ഇണക്കിളികളെയാണ്. അതെ അവർ ഒരുമിച്ചു പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി അവർ തിരികെ വരുന്നത് വരെ എനിക്കുറങ്ങാം. എങ്കിലും ഞാൻ കാത്തിരിക്കുകയായിരുന്നു അവർ പോയി വരുമ്പോൾ അവൾ നൽകുന്ന വിവരണം കേൾക്കാനുള്ള തയ്യാറെടുപ്പോടെ തന്നെ.
ജയ്സൺ ജോർജ്ജ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot