നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ഇടിയപ്പം

പെണ്ണ് കണ്ടു കണ്ടു കണ്ടു മടുത്ത് ഈ പരിപാടിക്കേ ഇനി പോകുന്നില്ലന്നു തീരുമാനിച്ച്, അല്ലെങ്കിലും മാനം മര്യാദക്ക് നടക്കുന്ന ആൺപിള്ളേർക്കിവിടെ പെണ്ണ് കിട്ടുകേലല്ലോ എന്ന് കരഞ്ഞ്, കൂട്ടത്തിലുള്ളവരെല്ലാം പെണ്ണ് കെട്ടി ഗർഭിണി ആയ ഭാര്യയെയും കൊണ്ട് മുൻപിൽ കൂടെ പോകുമ്പോൾ "കണ്ടോടാ "എന്ന ലവന്മാരുടെ നോട്ടമൊക്കെ സഹിച്ച്, ഞാൻ ഇങ്ങനെ ആർക്കും വേണ്ടാതിവിടെ നിന്നു പോകുകയേയുള്ളു എന്ന് സ്വയം പിറുപിറുത്ത്‌, "അമ്മച്ചിക്ക് തേങ്ങ തിരുമ്മാനും മീൻ മേടിക്കാനും ആണോ എന്നെയിങ്ങനെ നിർത്തിയേക്കണേ? എന്ന് വഴക്കും കൂടി "അപ്പനുമില്ലേ അപ്പാ ഒരു ഉത്തരവാദിത്തം? നിങ്ങളൊക്കെ ഒരു അപ്പനാണോ അപ്പാ? "എന്ന് സ്വന്തം അപ്പനോട് ഒരു ഉളുപ്പുമില്ലാതെ ചോദിച്ച്, വിഷണ്ണകുഷണ്ണനായി ഇളിഭ്യകുളിഭ്യനായി ഇളിഞ്ഞ മുഖവുമായി ലോകത്തെ നോക്കിയിരിക്കുമ്പോളാണ് ബ്രോക്കർ തോമാച്ചൻ വന്നത്.
" നാല്പത്തിനാലാമത്തെ പെണ്ണാണ്. ഓർമയുണ്ടല്ലോ? "
ഞാൻ അക്ഷന്ത്യവ്യ കുണ്ഠിതനായി, ഗദ്ഗദഗാത്രനായി, മഞ്ജുളകുഞ്ചനായി ചോദിച്ചു
"ഓർമയുണ്ട് എന്റെ പൊന്നെ. എന്റെ കുറ്റമല്ലല്ലോ? ഞാൻ ശ്രമിക്കാഞ്ഞിട്ടാണോ.? എന്നെ എന്റെ ഭാര്യ വരെ ചീത്ത പറഞ്ഞു തുടങ്ങി. കൊളസ്‌ട്രോൾ 300 കഴിഞ്ഞു.
"എന്റെ കല്യാണവും ഇങ്ങേരുടെ കൊളസ്ട്രോളും തമ്മിൽ എന്ത് ബന്ധം ഹേ ?"
"കുറച്ചു വല്ലോം ആണോ മിക്സറും ലഡുവും ജിലേബിയും തിന്നുന്നെ..? അവക്കിപ്പ എന്നെ സംശയോം തുടങ്ങി "
"അതെന്നാത്തിന് ? "
"ഞാൻ ഇനിം കല്യാണം കഴിച്ചാലോന്ന്...അതിന് വേണ്ടിയാ ഞാൻ നിങ്ങളുടെ കൂടെ പെണ്ണ് കണ്ടു നടക്കുന്നെ എന്ന്. എനിക്കിപ്പോൾ ഹോളിഡേ ഇല്ലല്ലോ. എല്ലാ ദിവസോം പെണ്ണുകാണൽ ഡേ ല്ലെ? ഞാൻ ഇപ്പൊ നിങ്ങളുടെ മാത്രം ബ്രോക്കർ ആയി മാറി. നിങ്ങൾ പെണ്ണ് കിട്ടിയാലേ ഇനി എന്റെ ചീത്തപ്പേര് മാറുവുള്ളു "
"അയ്യടാ പുണ്യാളാ.. താൻ സത്യം പറ എന്റെ പെണ്ണുകാണലിന്റെ കൂട്ടത്തിൽ തനിക്കും കൂടെ പറ്റിയത് നോക്കുന്നുണ്ടോ? അതായത് രണ്ടാമത് കെട്ടാൻ സത്യത്തിൽ പ്ലാൻ വല്ലോം ഉണ്ടോന്ന് ? "
എന്റെ നോട്ടം കണ്ടയാൾ വിളറി
"അയ്യോ കർത്താവ് ആണേ, എന്റെ ഭാര്യ സിസിലിയാണെ, എന്റെ രണ്ടു മക്കൾ... "
"മതി സ്റ്റോപ്പ്‌... ഞാൻ വിശ്വസിച്ചു "ഞാൻ ട്രാഫിക് പോലീസിനെ പോലെ കയ്യുയർത്തി.
"എനിക്ക് അറിയേണ്ടത് അതായത് ഉത്തമാ ഇത്തവണയും ലഡു ജിലേബി തിന്നേച്ചു വരേണ്ട വരുമോ... വല്ലോം നടക്കുമോടാ കൂവേ? "
"നടക്കും, നടക്കുവാണല്ലോ, നടന്നോണ്ടിരിക്കുവാണല്ലോ, നടപ്പ് മാത്രല്ലേ നടക്കുന്നുള്ളൂ? "
"ആക്കരുത്..ഒരു തോൽവി ഒക്കെ എല്ലാർക്കും പറഞ്ഞിട്ടുള്ളതാ എന്ന് കരുതി ആക്കരുത്. . കല്യാണം നടക്കാത്തത് എന്റെ കുറ്റം ആണോ? "
"അതിപ്പോ കുറ്റം.... ഇച്ചിരി കൂടെ ഒരു നിറമൊക്കെ ഉണ്ടാരുന്നേൽ ചിലപ്പോ "
"കുത്തെടാ കുത്ത് ചങ്കിൽ തന്നെ കുത്ത്... ക്രിസ്ത്യാനി ആണെങ്കിലും ഹിന്ദുക്കളോട് ഒക്കെ ഒരു ബഹുമാനം തോന്നുന്നതിപ്പോഴാ.. അവരുടെ കൃഷ്ണൻ... കറുപ്പല്ലേ? "എത്ര ഫാൻസ് ആണ് കക്ഷിക്ക്‌? അതും നല്ല കിടിലൻ പെൺപിള്ളേർ... "
"നിങ്ങൾ വർഗീയത പറയല്ലേ,ദൈവങ്ങളുടെ പ്രയാസമൊക്കെ അവർക്കറിയാം.. നമുക്ക് നമ്മുടെ കൊച്ചിനെ കണ്ടേച്ചും വരാം, നല്ല കൊച്ചാ "
"നല്ലതാണെങ്കിൽ ആ വഴിക്ക് പോകേണ്ടടാ ഉവ്വേ? അവർക്കൊന്നും എന്നെ പിടിക്കുകേല. താൻ കറുത്ത പെൺപിള്ളേരെ വല്ലോം നോക്ക് "
"അതും നമ്മൾ ട്രൈ ചെയ്താരു ന്നല്ലോ?" അയാൾ തല ചൊറിഞ്ഞു
ഞാൻ പിന്നെ മിണ്ടാൻ പോയില്ല. കറുത്തവർക്കും വേണ്ട വെളുത്തവർക്കും വേണ്ട. ഞാൻ ഇങ്ങനെ കെട്ടാച്ചരക്കായി നിന്ന് പോകുവേയുള്ളു.
പെണ്ണ് കാണാൻ പോയി,
നല്ല ഇടിയപ്പം പോലത്തെ പെണ്ണ്. വെളുത്തു തുടുത്ത സുന്ദരക്കില്ലാടി ജിഞ്ചിന്നക്കടി പെങ്കൊച്ച്.
നിന്റെ പരീക്ഷണം നിർത്തിയില്ലയോ കർത്താവെ?
തേങ്ങാപ്പൂള് കടിച്ചോണ്ട് പോകുന്ന കാക്കയെ പോലെത്തെ ഞാനും നെയ്പ്പായസം പോലെത്തെ അവളും. ഇനിയിപ്പോ ഇവളും വേണ്ട എന്ന് പറയുമ്പോൾ നോക്കിക്കോ പള്ളിയിലോട്ട് ഞാൻ ഒരു വരവ് വരും... അതെങ്ങനാ പെണ്ണ് കെട്ടാത്ത കർത്താവിനറിയുമോ ഈ ഉള്ളവന്റെ ചങ്കിലെ ഉഷ്ണോൽസ്കി?
രണ്ടു ദിവസം കഴിഞ്ഞു തോമാച്ചൻ ദേ ഓടിക്കിതച്ചു വരുന്നു
അയാളുടെ മുഖത്ത് ആയിരം വോൾട് ബൾബിന്റെ പ്രകാശം. അയാൾ എന്നെ കെട്ടിപിടിച്ചു അറഞ്ചം പിറഞ്ചം അഞ്ചാറ് ഉമ്മ... യ്യേ വൃത്തികെട്ടവൻ.
"എടോ പെണ്ണ് കെട്ടിയില്ലന്നു വെച്ചു ഞാൻ ഇത്രേം അധഃപതിച്ചിട്ടില്ല കേട്ടോ.. എന്തോന്നാടോ ഇത്? "
"അടിച്ചു മോനെ... "ഇന്നസെന്റ് മോഡൽ ഡീം ഡീം ഡീം.
"അടിച്ചില്ലെങ്കിലേ അതിശയം ഉള്ളൂ. ഇടിയപ്പം പോലത്തെ കിടുക്കാച്ചി പെണ്ണിനെ കാണാൻ നീർക്കോലി പോലെ കൊരഞ്ഞിരിക്കുന്ന എന്നെ കൊണ്ട് പോയാൽ തന്നെ ആരായാലും അടിക്കും "
"ശ്ശോ അതല്ലാന്നു. നിങ്ങൾക്ക് ലോട്ടറി അടിച്ചു മനുഷ്യാ. നിങ്ങളെ പെണ്ണിനിഷ്ടപ്പെട്ടു... അവളുടെ വീട്ടുകാർക്കും ബോധിച്ചു. ഒറ്റ ഡിമാൻഡയുള്ളു. കൊച്ചിനെ ജോലിക്ക് വിടണം. ഇന്നലെ പിഎസിയിൽ നിന്നും അഡ്വൈസ്‌ മെമ്മോ വന്നു "
പകലും ആകാശത്തു നക്ഷത്രങ്ങളെ ഒക്കെ കാണാമെന്നു എനിക്ക് അപ്പൊ മനസിലായി.
ഗവണ്മെന്റ് ജോലിയുള്ള ഇടിയപ്പം. എന്റെ കർത്താവെ...
"ഹോ... എന്റെ തോമാച്ചായാ ജോലിക്കല്ല.. വേണങ്കിൽ ചൊവ്വയിലോട്ടു വിടും ഞാൻ അവളെ. ചൊവ്വയിലോട്ട്. അല്ല പിന്നെ. എന്നാലും സത്യാണോ ഇത്? "
"ആണെന്ന് "
സെമിഫൈനലിൽ പുറത്തായ ഇന്ത്യയെ പോലിരുന്ന ഞാൻ ഒറ്റ നിമിഷം കൊണ്ട് വേൾഡ് ഗപ് അടിച്ച ഇംഗ്ലണ്ടിനെ പോലെ ആയി.
അങ്ങനെ എന്റെ കല്യാണം കഴിഞ്ഞു.
പലതവണ ചോദിക്കണം എന്ന് കരുതിയ ചോദ്യം ഒടുവിൽ രണ്ടും കല്പ്പിച്ചു ചോദിച്ചു
"അതെ നിനക്കെ എന്നെ എങ്ങനെ ഇഷ്ടം ആയി? ""ഞാൻ നല്ല കറുപ്പല്ലേ.. നീ പഞ്ചാര പോലെ വെളുവെളാന്നു ... "
അവളൊരു നല്ല ചിരി ചിരിച്ചു
"അതെ ഇച്ചായ., ഇച്ചായൻ വന്നപ്പോള് ഞാൻ കാലിലേം കയ്യേലെമൊക്കെ നഖം ശ്രദ്ധിച്ചാരുന്നേ. നല്ല പോലെ വെട്ടി അഴുക്കൊന്നുമില്ലാതെ വൃത്തി ആയി വെച്ചേക്കുന്നു. അമ്മച്ചി പറയും കറുപ്പിലും വെളുപ്പിലും ഒന്നുമല്ല കാര്യം വൃത്തിയും വെടിപ്പും വേണമെന്ന്.. പിന്നെ ഇച്ചായനെന്താ ഒരു കുറവ്? ജോലിയുണ്ട്, ആരോഗ്യമുണ്ട്, നല്ല സ്വഭാവം... വെളുത്തിരുന്നിട്ട് ഇതൊന്നുമില്ലങ്കിലോ "?
സത്യത്തിൽ എന്റെ മനസ്സങ് നിറഞ്ഞു പോയി കേട്ടോ..
എന്റെ ഇടിയപ്പത്തിന്റെ മനസ്സ് അവളെ കാണുമ്പോലെ തന്നെ ആണെന്നെ.
വെളുത്തതാ.. സൗന്ദര്യമുള്ളതാ
എന്റെ കർത്താവെ ഇതിനു വേണ്ടിയാരുന്നെങ്കില് കഴിഞ്ഞകാലത്തെ പരീക്ഷണങ്ങൾ ഒക്കെ ഞാൻ അങ്ങ് ക്ഷമിച്ചേക്കുവാ
അഞ്ഞൂറ് മെഴുകുതിരി ഞാൻ ഇന്ന് തന്നെ കത്തിക്കുന്നുണ്ട് കേട്ടോ. അല്ലെങ്കിലും കർത്താവിനു ഉള്ളലിവു ഒക്കെ ഉണ്ടന്നെ.
ഈശോ മിശിഹക്ക് സ്തുതിയായിരിക്കട്ടെ

. By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot