
അയാൾ രാവിലെ തന്നെ എഴുന്നേറ്റു.. ഉറക്കത്തിന്റെ ആലസ്യത്തിനു ഒരു പ്രത്യേക സുഖമുണ്ട്.. അതിനു ഒരു മുടക്കു വരാതിരിക്കാൻ അയാൾ വിസിറ്റേഴ്സ് ഹാളിലെ ആട്ടുകട്ടിലിൽ കയറി കിടന്നു ആടി.. കൂട്ടിനു ടിപൊയിൽ കിടന്ന പത്രമെടുത്തു കയ്യിൽ പിടിച്ചു...
അറിയാതെ അയാൾ തലേന്ന് കണ്ട പരസ്യത്തിന്റെ വാചകം പതിയെ ഉരുവിട്ടു..
"മുറ്റത്ത് കണ്ട പത്രമെടുത്തു ചൂരൽ കസേരയിൽ അമരുമ്പോൾ വരും സഹദേവൻ സാറിന്റെ വിളി...
അയാൾ അതെ ശൈലിയിൽ അകത്തേക്ക് നോക്കി വിളിച്ചു...
"സുമതീ..........
കേട്ട വഴി സുമതി എന്ന അയാളുടെ ഭാര്യ അകത്തു നിന്ന് ഉടൻ മറുപടിയും നൽകി
"എന്റെ ഏട്ടാ ഒന്ന് അടങ്ങിയിരിക്ക് അവിടെ.. മൂന്നെണ്ണത്തിനെ സ്കൂളിൽ പറഞ്ഞയക്കണം... നിന്നു തിരിയാൻ സമയമില്ല.. അത്രയ്ക്ക് മുട്ടി നിൽക്കയാണെങ്കിൽ വന്നു ഉണ്ടാക്കി കുടിക്ക്.. അല്ല പിന്നെ "
അയാൾ ഒന്നും മിണ്ടിയില്ല.. പരസ്യത്തിലെ സുമതിയും എന്റെ ഭാര്യ സുമതിയും തമ്മിൽ ചായയുടെ കാര്യത്തിൽ ഒരു സാമ്യവുമില്ല... അയാൾ ഓർത്തു...
"ന്റെ മക്കളെ വേഗം കഴിക്കങ്ങട്.. ബസ്സിപ്പോ വരും "
അവൾ കുട്ടികളെ ചുറ്റും ഓടി നടന്നു തീറ്റിക്കയാണ്... നിമിഷങ്ങൾക്കകം മൂന്നിനെയും പിടിച്ചു പുറത്തേക്കിറങ്ങി.. ബസ്സിൽ
കയറ്റി വിട്ടു അവൾ വീണ്ടും അടുക്കളയിലേക്കു കയറി
കയറ്റി വിട്ടു അവൾ വീണ്ടും അടുക്കളയിലേക്കു കയറി
അയാൾ റിമോട്ട് എടുത്തു tv on ചെയ്തു... ദേ അവിടെ തലേന്ന് കണ്ട ആ ചായ പരസ്യം നടക്കുന്നു.. പരസ്യത്തിൽ ഭർത്താവ് അകത്തേക്ക് നോക്കി വിളിക്കുന്നു
"സുമതി........"
പെട്ടെന്നായിരുന്നു അകത്ത് നിന്ന് മറുപടി
"എന്റെ ഏട്ടാ കിടന്നു അലറാതെ. ദാ കൊണ്ടുവരുന്നു "
നിമിഷങ്ങൾക്കകം അയാളുടെ സുമതി ചായയുമായി വന്നു...
"എന്തിനാ ഇങ്ങനെ അലറി വിളിക്കണേ. ഞാൻ കൊണ്ടുവരില്ലേ.. "
ചായ അയാളുടെ കയ്യിൽ കൊടുത്തുകൊണ്ട് സുമതി പറഞ്ഞു
"അയ്യോ സുമതി ഞാനല്ല വിളിച്ചത് tv യിലെ പരസ്യമാ "
"ഒന്ന് പോ ചേട്ടാ വെറുതെ പൊട്ടിയാക്കാതെ എന്നെ... tv യിൽ നിന്ന് എന്റെ പേര് വിളിക്കാൻ ഞാനെന്താ വല്യ സെലിബ്രിറ്റിയോ മറ്റോ ആണോ.. ചുമ്മാ രാവിലെ തന്നെ ഓരോ നമ്പർ ആയി ഇറങ്ങിക്കോളും "
അയാൾ ഒന്നും പറഞ്ഞില്ല.
"ചായക്ക് കടുപ്പം മതിയോ.. "
"ഉം"
അയാൾ മൂളി...
അയാൾ മൂളി...
"വേഗം കുളിച്ചു വാ.. നല്ല ചൂട് പൂട്ടും കടലയും തരാം ട്ടോ "
സുമതി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി...ചായ നുണയുന്നതിനിടെ അയാൾ ഓർത്തു tv യിലെ സുമതിയെക്കാളും സുന്ദരിയാണ് എന്റെ സുമതി.. ചായ കിട്ടാൻ മാത്രം കുറച്ചു താമസമുണ്ടെന്നേയുള്ളു.
ഒരു രസത്തിനു അയാൾ ഒന്നുകൂടി വെറുതെ അടുക്കളയിലേക്കു നോക്കി നീട്ടി വിളിച്ചു..
"സുമതി...... " "
ക്ഷമ കെട്ട പോലെ വീട്ടിലെ സുമതി അടുക്കളയിൽ നിന്ന് കയ്യിൽ ചൂടുള്ള ചട്ടുകവുമായി അയാളുടെ അടുത്തേക്ക് വന്നു..
ഒരു നിമിഷം അയാൾ ചില പരസ്യങ്ങളിൽ കാണാറുള്ള വാചകം ഓർമ്മിച്ചു... ദയവു ചെയ്ത് ഈ പരസ്യം അനുകരിക്കാൻ ശ്രമിക്കരുത്..അത് അപകടമാണ്....
പരസ്യത്തിലെ സുമതിയും വീട്ടിലെ സുമതിയും തമ്മിലുള്ള ചില വ്യത്യാ സങ്ങൾ അയാൾ മനസിലാക്കി വരികയായിരുന്നു അപ്പോൾ.
Suresh Menon
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക