കണ്ണുകൾ തുറന്നപ്പോൾ അയാൾ ഏതോ ഒരു മുറിയിലായിരുന്നു.അധികം വെളിച്ചമില്ലാത്തത്കൊണ്ട് താൻ എവിടെയാണെന്ന് പെട്ടെന്ന് അയാൾക്ക് മനസിലായില്ല.അത് സുമയുടെ വീട്ടിലെ ഒരു ബെഡ്‌റൂം ആണെന്ന് മനസ്സിലായതും അയാൾ പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു.അപ്പോഴാണ് തന്റെ കൈ കാലുകൾ കൂട്ടിക്കെട്ടി താൻ ഒരു കസേരയിൽ ബന്ധനസ്ഥനായിരിക്കുകയാണെന്ന് അയാൾക്ക് മനസ്സിലായത്.പെട്ടെന്ന് മുറിയിലെ ലൈറ്റ് തെളിഞ്ഞു.മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും അയാളുടെ കണ്ണുകൾ കുറുകി.
"വെൽക്കം മിസ്റ്റർ ജാവേദ് അലിയാസ് ഭോല !" ആ ശബ്ദം സുമയുടേതായിരുന്നു!
"ആപ് യഹാം! ആപ്കോ പോലീസ് നെ ഗിരഫ്താർ കിയാ താ നാ? "(നിങ്ങളോ! നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതല്ലേ?)ഭോല വിശ്വാസം വരാതെ ചോദിച്ചു.
"അതെങ്ങനെ ശരിയാവും ഭോലാ..പോലീസിനെ ഇങ്ങോട്ട് വിളിച്ച് വരുത്തിയ ആളെ തന്നെ അവർ അറസ്റ്റ് ചെയ്യുമോ?അത് ന്യായം ആണോ?"സുമ പരിഹസിച്ചു.
ഭോലയുടെ കണ്ണുകളിൽ പക നിറഞ്ഞു!
"തുംഹേ സബ് കുച്ച് പത്താത്താ..നിങ്ങൾക്ക് എള്ളാം അറിയാമായിറുന്നു!" ഭോല പകയോടെ സുമയെ നോക്കി.
"എനിക്കെല്ലാം അറിയാമായിരുന്നു.പക്ഷെ ദാ ഇവർക്കൊന്നും മനസ്സിലായിട്ടില്ല .നമുക്ക് എല്ലാം വിശദമായിട്ട് ഇവരെ പറഞ്ഞ് കേൾപ്പിക്കാം അല്ലെ?"സുമ ജിതേഷിനെയും ശ്രീബാലയെയും ചൂണ്ടി പറഞ്ഞു.അപ്പോഴാണ് ഭോല മുറിയുടെ വാതിൽക്കൽ നിൽക്കുന്ന ശ്രീബാലയെയും ജിതേഷിനെയും കണ്ടത് .അവരെ കണ്ടതും അവന്റെ മുഖം മാറി.
"സാബ്..മുജ്‌കോ ബച്ചാവോ സാബ്..യെ ഔരത് ക്യാ ബോൽ രഹി ഹേ ?മുജേ കുച്ച് പത്താ നഹി.."("സാർ! എന്നെ രക്ഷിക്കു സാർ! ഈ സ്ത്രീ എന്താണ് സാർ പറയുന്നത്?എനിക്കൊന്നും അറിയില്ല..")ഭോല ജിതേഷിന്റെ മുഖത്തേക്ക് നോക്കി കരഞ്ഞു.
"ബിട്ടിയാ ബച്ചാവോ ബിട്ടിയാ..മെയ്നെ കഹാ താ നാ കി യെ ഔരത് ടീക് നഹി ഹേ..ബച്ചാവോ മുജേ ബച്ചാവോ.."(മോളെ എന്നെ രക്ഷിക്കു! ഞാൻ പറഞ്ഞതല്ലേ ഈ സ്ത്രീ ശരി അല്ലെന്ന്?")ഭോലയുടെ കണ്ണുനീർ കണ്ടിട്ടും ശ്രീബാലയോ ജിതേഷോ അനങ്ങിയില്ല..എന്താണവിടെ സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ അവർ രണ്ടുപേരും സുമയെ നോക്കി.പെട്ടെന്ന് ഭോല തന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷത്തിലേക്ക് നോക്കി.അത് അവിടെ ഇല്ലായിരുന്നു.
"നോക്കണ്ട ഭോല...അതവിടെ ഇല്ല! സോറി ഭോല അല്ലല്ലോ..ജാവേദ്! എത്ര മാറ്റിയാലും വിളിച്ച് ശീലിച്ച പേരെ വായിൽ വരൂ.."സുമ പറഞ്ഞു.
"ഞാൻ പറഞ്ഞ് വന്നത് നീ ഇപ്പൊ കഴുത്തിൽ തപ്പിയ സാധനം ഇല്ലേ?പോലീസിന്റെ പിടിയിലാവുകയോ നിന്നെ ആരെങ്കിലും തിരിച്ചറിയുകയോ അങ്ങനെ എന്തെങ്കിലും ആപത്ത് വന്നാൽ എടുത്ത് വിഴുങ്ങാൻ നീ എപ്പോഴും കഴുത്തിൽ ഇട്ടുകൊണ്ട് നടന്നിരുന്ന സൈനെയ്‌ഡ് അടങ്ങിയ ലോക്കറ്റ്! അത് ഞങ്ങൾ ഇങ്ങ് എടുത്തു!"സുമ പരിഹാസത്തോടെ പറഞ്ഞു.
ഭോലയുടെ കരച്ചിൽ നിന്നു!അവന്റെ മുഖം വികൃതമായി!
"തും സബ് ലോഗോം നെ മിൽകർ മേരെ സാംനെ നൗട്ടങ്കി കിയ ഔർ മുജേ ബേവകുഫ് ബനായ!"("നിങ്ങൾ എല്ലാവരും എന്റെ മുൻപിൽ നാടകം കളിച്ചു എന്നെ വിഡ്ഢിയാക്കി!")ഭോല പല്ലുകടിച്ചു.
" ശെരിയാ ഞങ്ങൾ എല്ലാവരും നിന്റെ മുൻപിൽ നാടകം കളിക്കുകയായിരുന്നു.ഈ 'ഞങ്ങൾ' എന്ന് ഉദ്ദേശിച്ചത് ജിതേഷിനെയോ ബാലയെയോ അല്ല കേട്ടോ.അവർക്കിപ്പോഴും കാര്യം എന്താണെന്ന് അറിയില്ല.ഞങ്ങൾ വേറെ കുറച്ച് പേർക്ക് മാത്രം അറിയാവുന്ന സത്യം ഇന്ന് ഇവരോടും ഞങ്ങൾ പറയാൻ പോവുകയാണ്..അത് പറയുന്നതിന് മുൻപ് നമുക്ക് മറ്റ് ചിലരെ വിളിക്കാനുണ്ട്.."
സുമ പറഞ്ഞു.
പെട്ടെന്ന് ആ മുറിയിലേക്ക് രണ്ട് പേർ വന്നു.അവരെ കണ്ട് ജിതേഷ് ഞെട്ടിപ്പോയി!
അത് നന്ദനും ശ്യാമയും ആയിരുന്നു!
“നന്ദാ മോനെ.."ജിതേഷ് നന്ദനെ കെട്ടിപ്പിടിച്ചു. ശ്രീബാല അവരെ രണ്ടുപേരെയും ആദ്യം കാണുകയായിരുന്നു..അന്ന് ജിതേഷിന്റെ പഴ്സിലെ ഫോട്ടോയിൽ കണ്ടത് ഇവരെ രണ്ടുപേരെയും ആയിരുന്നു എന്നവൾ ഓർത്തെടുത്തു.നന്ദൻ ശ്യാമയുടെ കൈകളിൽ പിടിച്ച് ഭോലയെ നോക്കി നിൽക്കുകയായിരുന്നു.നന്ദന്റെ കണ്ണുകളിൽ ഭീതി പടരുന്നത് ജിതേഷ് കണ്ടു..
"സാംപ്! സാംപ്!"നന്ദൻ പേടിയോടെ മന്ത്രിച്ചു!
"അന്ന് പാർക്കിൽ വെച്ച് മിഥിലയും നന്ദനും അക്രമിക്കപ്പെട്ടപ്പോൾ അവർ രണ്ടുപേരും ഒരുപോലെ ശ്രദ്ധിച്ച ഒന്നുണ്ടായിരുന്നു.അവരെ ആക്രമിച്ച ആളുടെ കൈയിൽ പച്ച കുത്തിയിരിക്കുന്ന മൂന്ന് തലയുള്ള പാമ്പിന്റെ രൂപം! അതുകൊണ്ടാണ് നന്ദൻ പഴയ ഇൻസിഡന്റ് ഓർക്കുമ്പോഴൊക്കെയും സാംപ് എന്ന് ഹിന്ദിയിൽ അലറിവിളിച്ചുകൊണ്ടിരുന്നത്.."സുമ പറയുന്നത് കേട്ട് ജിതേഷ് നന്ദനെ നോക്കി.
നന്ദൻ ശ്യാമയുടെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചു.
"അതും ഭോലയുമായി എന്ത് ബന്ധം?" ജിതേഷ് കാര്യം മനസിലാകാതെ സുമയോട് ചോദിച്ചു.ശ്രീബാലയ്ക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല.
"അന്ന് പാർക്കിൽ വെച്ച് മിഥിലയെയും നന്ദനെയും ആക്രമിച്ചത് മറ്റാരുമായിരുന്നില്ല.ഇവനായിരുന്നു! ഈ ഭോല!" സുമ ഭോലയെ നോക്കി വെറുപ്പോടെ പറഞ്ഞു.
"ഭോലയോ?എന്തൊക്കെയാണ് നിങ്ങളീ പറയുന്നത്?ഞങ്ങൾക്കൊന്നും മനസ്സിലാവുന്നില്ല.."ജിതേഷ് ഒന്നും പിടികിട്ടാതെ തലകുടഞ്ഞുകൊണ്ട് ചോദിച്ചു.
"ഈ ഇരിക്കുന്നത് ആരാണെന്ന് അറിയാമോ?നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ കേരളത്തിലേക്ക് ജോലി തേടി വന്ന ഒരു പാവപ്പെട്ട ബംഗാളി അല്ല ഈ ഭോല! ശത്രു രാജ്യങ്ങൾ ഏൽപ്പിക്കുന്ന ധൗത്യം കൃത്യമായി നിർവഹിക്കുന്ന ഇന്റർനാഷണൽ ക്രിമിനൽ ജാവേദ് സമദ്! കാര്യം സാധിക്കാൻ വേണ്ടി നമ്മളിൽ ഒരാളായി നമ്മുടെ ഇടയിലേക്ക് ഇറങ്ങും.ലക്‌ഷ്യം നടന്ന് കഴിഞ്ഞാൽ പിന്നെ ഇവന്റെ പൊടി പോലും കിട്ടില്ല.പിന്നീട് പുതിയ വേഷത്തിൽ പുതിയ ഭാവത്തിൽ അടുത്ത ഇരയെ തേടി പോകും.ഇന്റർപോൾ ഇഷ്യൂ ചെയ്തിരിക്കുന്ന റെഡ് നോട്ടീസിൽ ഇവന്റെ പേരുമുണ്ട് !" സുമ പറഞ്ഞത് കേട്ട് ജിതേഷും ശ്രീബാലയും ഭോലയെ കണ്ണ് മിഴിച്ച് നോക്കി! ഭോലയുടെ മുഖം വലിഞ്ഞ് മുറുകി.ശ്യാമ നന്ദനെ ശ്രദ്ധിച്ചു.നന്ദന്റെ മുഖത്ത് അപ്പോൾ ഭീതി ആയിരുന്നില്ല എന്ന് ശ്യാമ പേടിയോടെ കണ്ടു.അവൻ ഭോലയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.ജിതേഷും ശ്രീബാലയും ഭോലയുടെ കൈയിലേക്ക് നോക്കി.അയാളുടെ കൈയിൽ പച്ച കുത്തിയിരിക്കുന്ന മൂന്ന് തലയുള്ള പാമ്പിന്റെ രൂപം അവർ നേരത്തെ ശ്രദ്ധിച്ചതുമാണ്.പക്ഷെ അതും നന്ദനുമായി ഇങ്ങനെ ഒരു കണക്‌ഷൻ ഉണ്ടെന്ന് ജിതേഷിന് അറിയില്ലായിരുന്നു.
"നന്ദൻ ശ്യാമയുടെ കൂടെ നാട്ടിലേക്ക് പോയി ഒരുപാട് നാളുകൾ കഴിഞ്ഞാണ് ജിതേഷ് ഡെൽഹിയിലേക് താമസം മാറിയത്.ജിതേഷ് ഡെൽഹിയിൽ എത്തി കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഭോല വേഷം മാറി ജിതേഷിന്റെ അടുക്കൽ ജോലി തേടി വന്നു ..നന്ദൻ പിന്നീട് നാട്ടിൽ തന്നെ ആയിരുന്നത്കൊണ്ട് ഭോലയെ നേരിൽ കാണാനുള്ള സാഹചര്യം ഉണ്ടായില്ല..കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ സത്യങ്ങൾ നേരത്തെ പുറത്തുവരുമായിരുന്നു.."സുമ പറഞ്ഞു.
"പക്ഷെ എന്തിന്?ഭോല എന്തിന് മിഥിലയെയും നന്ദനെയും ആക്രമിക്കണം?"ശ്രീബാല വിശ്വാസം വരാതെ ചോദിച്ചു.
"അന്ന് ശരത്തിനെ പറ്റിയും ഹോസ്പിറ്റലിൽ നടക്കുന്ന അനീതികളെ പറ്റിയും സംസാരിക്കാനായി മിഥില ചീഫ് മിനിസ്റ്റർ പ്രവീൺ റാവുവിന്റെ മുറിയിലേക്ക് ചെന്നു.അദ്ദേഹത്തിന്റെ റൂമിന് കാവലായി രണ്ട് പോലീസുകാർ ഉണ്ടായിരുന്നു.മിഥില ചെല്ലുമ്പോൾ അവരിൽ ഒരാൾ ക്യാന്റീനിലായിരുന്നു. മറ്റെയാൾ അവിടെ തന്നെ കുറച്ച് ദൂരെ മാറി നിന്ന് ആരെയോ ഫോൺ വിളിച്ച് സംസാരിക്കുകയായിരുന്നതിനാൽ മിഥിലയെ കണ്ടില്ല.താൻ മിനിസ്റ്ററോട് സംസാരിക്കാൻ ചെല്ലുന്നത് ആരും അറിയണ്ട എന്ന് കരുതി അവൾ പോലീസിന്റെ കണ്ണ് വെട്ടിച്ച് മുറിക്കകത്ത് കയറി.പക്ഷെ അവിടെ കണ്ട കാഴ്ച്ച! കൈയിൽ ഒരു സിറിഞ്ചുമായി നിൽക്കുന്ന ഒരു ഡോക്ടറെയും അയാളുടെ മുൻപിൽ കിടന്ന് നെഞ്ചിൽ കൈവെച്ച് പിടയുന്ന ചീഫ് മിനിസ്റ്ററേയുമാണ്!"സുമ പറഞ്ഞു.ജിതേഷും ശ്രീബാലയും ഒരുപോലെ ഞെട്ടിപ്പോയി!
"വാട്ട് ഡു യു മീൻ?മിനിസ്റ്റർ മരിച്ചത് അറ്റാക്ക് മൂലമായിരുന്നില്ലേ?"ജിതേഷ് ചോദിച്ചു.
"അല്ല! അങ്ങനെ ആണെന്ന് വരുത്തി തീർത്തതാണ്.ഡോക്ടറുടെ വേഷത്തിൽ വന്ന് ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത ഒരു ഡ്രഗ് ഇൻജെക്ട് ചെയ്ത് മിനിസ്റ്റർക്ക് സ്ട്രോക്ക് ഉണ്ടാക്കിയത് ഇവനാണ്! ഈ ജാവേദ്!" സുമ ഭോലയുടെ നേരെ വിരൽ ചൂണ്ടി . ഭോല എതിർത്തില്ല.അവന്റെ മുഖം നിറയെ പുച്ഛവും പരിഹാസവും ആയിരുന്നു.
"മിഥില ആദ്യം ശ്രദ്ധിച്ചത് അയാളുടെ കൈയിലെ പച്ച കുത്തിയ പാമ്പിന്റെ രൂപം ആയിരുന്നു..അയാൾ തിരിഞ്ഞ് നോക്കിയതും അവൾ പെട്ടെന്ന് തന്റെ കൈയിലിരുന്ന ഫോണിൽ കൈയിൽ സിറിഞ്ചും പിടിച്ച് നിൽക്കുന്ന ജാവേദിന്റെയും മുൻപിൽ നിശ്ചലനായി കിടക്കുന്ന ചീഫ് മിനിസ്റ്ററുടെയും ഫോട്ടോ ഫോണിലെ ക്യാമെറയിൽ പകർത്തി. മിഥില ഫോട്ടോ എടുത്തത് അയാൾ അറിഞ്ഞില്ല പക്ഷെ അവൾ തന്റെ മുഖം കണ്ടുവെന്ന് മനസ്സിലാക്കിയതും ജാവേദ് അവിടെ നിന്നും അവളെ തള്ളി മാറ്റി ഇറങ്ങി ഓടി.മിഥില അവിടെ മാറി നിന്ന പോലീസുകാരനോട് രക്ഷിക്കാൻ വിളിച്ച് പറഞ്ഞു.പക്ഷെ അയാൾ അനങ്ങിയില്ല.കൂടെ ഉണ്ടായിരുന്ന പോലീസുകാരനെ സൂത്രത്തിൽ ക്യാന്റീനിലേക്ക് പറഞ്ഞുവിട്ടിട്ട് ദൂരെ മാറി നിന്ന് ഫോൺ ചെയ്യുകയാണെന്ന വ്യാജേന അയാൾ ജാവേദിന് അകത്ത് കടക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തതാണെന്ന് മിഥില ഭീതിയോടെ മനസ്സിലാക്കി.ഈ കാര്യം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ മിനിസ്റ്ററെ തീർത്തത് പോലെ അവളെയും തീർക്കും എന്ന് പറഞ്ഞ് ആ പോലീസുകാരൻ അവളെ ഭീഷണിപ്പെടുത്തി.
മിഥില ആ ഷോക്കിൽ തിരികെ തന്റെ മുറിയിലേക്ക് വന്നു.അതുകൊണ്ടായിരുന്നു അവൾ മിനിസ്റ്ററുടെ മുറിയിൽ നിന്നും തിരികെ വന്നപ്പോൾ ഭയങ്കരമായി അപ്സെറ്റ് ആയിരുന്നു എന്ന് മോളി സിസ്റ്റർ പറഞ്ഞത്.അപ്പോഴേക്കും മിനിസ്റ്ററുടെ മരണ വാർത്ത ഹോസ്പിറ്റൽ മുഴുവൻ അറിഞ്ഞു.അദ്ദേഹത്തിന്റെ കുടുംബത്തോട് താൻ മിനിസ്റ്ററുടെ കൊലപാതകം നേരിൽ കണ്ടുവെന്ന കാര്യം പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ബോഡി പോസ്റ്റ് മൊർറ്റം ചെയ്യാതെ ദഹിപ്പിക്കരുതെന്ന് മിഥില അപേക്ഷിച്ചു.പക്ഷെ യാഥാസ്ഥിതികരായ അവർക്കതിന് സമ്മതമല്ലായിരുന്നു. .നെഞ്ചു വേദന മൂലം ഉള്ള സ്വാഭാവിക മരണം ആണെന്ന് വിചാരിച്ച് അവർ അവളുടെ അപേക്ഷ മുഖ വിലയ്‌ക്കെടുത്തില്ല..പക്ഷെ തന്റെ കൈയിൽ മിനിസ്റ്ററുടെ ഘാതകന്റെ ഫോട്ടോ ഉള്ളത്കൊണ്ട് തനിക്കെന്ത് സംഭവിച്ചാലും കുഴപ്പമില്ല അത് പുറം ലോകം അറിയണമെന്ന് മിഥില ഉറപ്പിച്ചു.അതിനായി അവളുടെ കാമുകനും ബോബെയിലെ 'മേരി ആവാസ്' പത്രത്തിലെ ജേർണലിസ്റ്റുമായ ഹരിയെ വിളിച്ചു. എന്തോ സംസാരിക്കാനുണ്ടെന്നും ഫോണിൽ കൂടി പറയാൻ പറ്റാത്ത കാര്യമാണെന്നും പിറ്റേന്ന് ചിൽഡ്രൻസ് പാർക്കിന്റെ മുൻപിൽ വന്നാൽ ഡീറ്റെയിൽസ് പറയാമെന്നും അവൾ വിളിച്ചറിയിച്ചു. ഹരിയോട് എന്തോ പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ പോവുകയാണെന്നും അതുകൂടാതെ ഹോസ്പിറ്റലിൽ ശരത് നടത്തിയിരുന്ന ക്രൂര കൃത്യങ്ങളെ പറ്റിയും ഹരിയെ അറിയിക്കുമെന്നും പിറ്റേന്ന് രാവിലെ തന്നെ അവനെ കാണാൻ പോവുകയാണെന്നും അതുകൊണ്ട് ഹോസ്പിറ്റലിൽ വരാൻ കുറച്ച് ലേറ്റ് ആവുമെന്നും മിഥില മോളി സിസ്റ്ററോട് പറഞ്ഞു. മിനിസ്റ്ററുടെ മരണം കൊലപാതകം ആണെന്നുള്ളതും അതിനുത്തരവാദി ജാവേദ് ആണെന്ന കാര്യവും മിഥില മോളി സിസ്റ്ററിൽ നിന്നും മറച്ച് വെച്ചു. പിറ്റേന്ന് അവൾ പതിവ് സമയത്ത് നന്ദനെയും ശ്യാമയെയും കോളേജിൽ വിടാൻ പാർക്കിൽ എത്തി.പക്ഷെ നന്ദന് തിരികെ വീട്ടിൽ പോവേണ്ട അത്യാവശ്യം ഉള്ളത്കൊണ്ട് മിഥില നന്ദനയെയും കൊണ്ട് തിരികെ കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് പാർക്കിൽ നിന്നും എന്തോ ശബ്ദം കേൾക്കുന്നതും അവിടേക്ക് ചെല്ലുന്നതും.അവിടെ അവരെ കാത്തിരുന്നത് ജാവേദ് ആയിരുന്നു! മിഥില ആ സമയം പാർക്കിന് മുൻപിൽ വരാറുണ്ടെന്ന് മനസിലാക്കി അയാൾ അവളെ ഇല്ലാതാക്കാനായി അവിടെ കാത്തിരുന്നതായിരുന്നു.പക്ഷെ നന്ദനെ അയാൾ അവളുടെ കൂടെ പ്രതീക്ഷിച്ചിരുന്നില്ല. മിനിസ്റ്ററുടെ ഘാതകനായ തന്റെ മുഖം നേരിൽ കണ്ട മിഥിലയെയും കൂടെ ഉള്ള നന്ദനെയും കൊന്നുകളയാൻ അയാൾ തീരുമാനിച്ചു.മിഥിലയെ അയാൾ അവളുടെ വയറ്റിലും പുറത്തുമായി പല തവണ കുത്തി! അവളെ രക്ഷിക്കാൻ ശ്രമിച്ച നന്ദനെ അടിച്ച് നിലത്തേക്കിട്ടു.നിലത്തേക്ക് വീണ് കല്ലിൽ തലയിടിച്ച് വീണതും നന്ദന്റെ ബോധം പോയി.മരിച്ചെന്ന് കരുതി അയാൾ അവിടെ നിന്നും രക്ഷപെടാൻ തുടങ്ങി .മിഥിലയോട് വരാമെന്നേറ്റ സമയത്ത് ഹരിക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല.പാർക്കിന് മുൻപിൽ മിഥിലയുടെ കാർ കിടക്കുന്നത് കണ്ടപ്പോൾ അവൾ തന്നെയും കാത്ത് അകത്ത് എവിടെയെങ്കിലും ഇരിപ്പുണ്ടാവുമെന്ന് കരുതി അങ്ങോട്ട് ചെന്നതായിരുന്നു ഹരി.അപ്പോഴാണ് ഹരി പാർക്കിനകത്ത് നിലത്ത് ബോധമില്ലാതെ കിടക്കുന്ന മിഥിലയെയും നന്ദനെയും പിന്നെ അവിടുന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുന്ന ജാവേദിനെയും കണ്ടത്! അയാളുടെ കൈയിലെ മൂന്ന് തലയുള്ള പാമ്പിന്റെ പടം ഹരി ശ്രദ്ധിച്ചു..ജാവേദിന്റെ മുഖം കണ്ടെങ്കിലും ഹരിക്ക് അയാളെ പിടിക്കാൻ പറ്റിയില്ല.ജാവേദ് പാർക്കിന്റെ ഉള്ളിലേക്ക് ഓടി മറഞ്ഞു..അങ്ങോട്ട് കൊടും കാടായിരുന്നതിനാൽ അയാളുടെ പിന്നാലെ പോയിട്ട് കാര്യമില്ലെന്ന് ഹരിക്ക് അറിയാമായിരുന്നു. ഹരി വെപ്രാളത്തോടെ മിഥിലയുടെ അടുത്തേക്ക് ചെന്നിരുന്നു.മിഥിലയെ തന്റെ മടിയിലേക്ക് കിടത്തി അവളുടെ വയറ്റിൽ നിന്നും കത്തി വലിച്ചൂരി.അങ്ങനെ ഹരിയുടെ ഫിംഗർ പ്രിന്റ് അതിൽ പതിഞ്ഞു.മിഥിലയ്ക്കും നന്ദനും പൾസ് ഉണ്ടായിരുന്നു. അവന്റെ ചിന്ത മുഴുവൻ അവരെ എങ്ങനെ രക്ഷിക്കും എന്നായിരുന്നു.ആംബുലൻസ് വിളിച്ചാൽ അത് വരാൻ വൈകുമോ എന്ന് കരുതി ഹരി തന്റെ കാർ എടുക്കാനായി പോയി. മിഥിലയുടെ ശരീരത്തിലെ ചോര മുഴുവൻ അവന്റെ ഷർട്ടിൽ ഉണ്ടായിരുന്നു...രക്തക്കറ പുരണ്ട ഉടുപ്പുമായി പാർക്കിന്റെ മെയിൻ എൻട്രൻസിലൂടെ പോയാൽ ശരി ആവില്ലായെന്ന് ഹരിക്ക് തോന്നി.അതുകൊണ്ട് പാർക്കിന്റെ പിറകിലുള്ള മതിൽ ചാടി ഹരി അധികം ആൾ സഞ്ചാരം ഇല്ലാത്ത റോഡിലെത്തി. അവിടെ ആയിരുന്നു ഹരി തന്റെ കാർ പാർക്ക് ചെയ്തിരുന്നത്. ഹരി മതിൽ ചാടുന്ന ആ വീഡിയോ അവിടെയുള്ള എടിഎം ക്യാമറയിൽ പതിഞ്ഞു.ആ വീഡിയോയും ഹരിയുടെ ഫിംഗർ പ്രിന്റ് പതിഞ്ഞ കത്തിയും ആയിരുന്നു പിന്നീട് പോലീസ് ഹരിക്കെതിരെ തെളിവായി ഉപയോഗിച്ചത്..ജാവേദ് ഗ്ലൗസ് ഇട്ടിരുന്നത്കൊണ്ട് അയാളുടെ ഫിംഗർ പ്രിന്റ് ആ കത്തിയിൽ വന്നിരുന്നില്ല... "സുമ പറഞ്ഞു.
"പക്ഷെ നിങ്ങൾ പറഞ്ഞത് നിങ്ങളുടെ ഭർത്താവ് ശരത് ഏർപ്പാടാക്കിയ ആരോ ആണ് മിത്തുവിനെയും നന്ദനെയും അറ്റാക്ക് ചെയ്തത് എന്ന് അല്ലെ?"ജിതേഷ് മനസ്സിലാവാതെ ഇടയിൽ കയറി ചോദിച്ചു.
"ഞാൻ പറയട്ടെ..ഹരി തന്റെ കാർ എടുക്കാൻ പോയ അതെ സമയം തന്നെ ആണ് എന്റെ ഭർത്താവ് ശരത് ഏർപ്പാടാക്കിയ വാടക കൊലയാളി യൂസഫ് മിഥിലയെ അന്വേഷിച്ച് പാർക്കിൽ എത്തിയത്.മിഥില ഹോസ്പിറ്റലിനെതിരെ കേസ് കൊടുക്കാൻ തുടങ്ങുകയാണെന്നും അതിനുള്ള ആദ്യ പടിയായി കാര്യങ്ങൾ ഹരിയെ അറിയിക്കുകയാണെന്നും മോളി സിസ്റ്റർ പറഞ്ഞ് ശരത് അറിഞ്ഞു.അല്ലെങ്കിലും മോളി സിസ്റ്റർ ശരത്തിനെ മിഥിലയുടെ എല്ലാ നീക്കങ്ങളും അറിയിക്കുന്നുണ്ടായിരുന്നല്ലോ...അതുകൊണ്ട് മിഥിലയെ വക വരുത്താനുള്ള ഒരവസരത്തിനായി ശരത് കാത്തിരിക്കുകയായിരുന്നു.. മിഥിലയുടെ കാർ പാർക്കിന് വെളിയിൽ കിടക്കുന്നത് കണ്ട് യൂസഫ് അകത്തേക്ക് ചെന്നു.പക്ഷെ അപ്പോഴാണ് അവിടെ അബോധാവസ്ഥയിൽ കിടക്കുന്ന മിഥിലയെയും നന്ദനെയും കണ്ടത്.മിഥില മരിച്ചെന്നാണ് അയാളും കരുതിയത്.താൻ അല്ല അവരെ കൊന്നതെന്ന് ശരത്തിനോട് പറഞ്ഞാൽ ശരത് വാഗ്‌ദാനം ചെയ്ത ലക്ഷങ്ങൾ കിട്ടാതെ വരുമോയെന്ന് യൂസഫ് ഭയന്നു.താൻ അവരെ വക വരുത്തിയിട്ടുണ്ടെന്ന് അയാൾ ശരത്തിനെ വിളിച്ച് കള്ളം പറഞ്ഞു.രക്തത്തിൽ കുളിച്ച് കിടക്കുന്ന മിഥിലയുടെ ഫോട്ടോയും അയച്ചു.അപ്പോൾ തന്നെ ശരത് അയാളുടെ അക്കൗണ്ടിലേക്ക് ചെയ്ത ജോലി ഭംഗിയായി തീർത്തെന്ന് കരുതി പ്രതിഫലമായി വലിയൊരു തുക ടെപോസിറ്റ് ചെയ്തു.പിന്നീട് യൂസഫ് അവിടുന്ന് എങ്ങോട്ടോ മുങ്ങി..അത് കഴിഞ്ഞ് ഹരി കാറുമായി പാർക്കിനകത്തേക്ക് ഡ്രൈവ് ചെയ്തു.പിന്നീട് മിഥിലയെയും നന്ദനെയും ഹരി തന്നെയാണ് ഞങ്ങളുടെ ഹോസ്പിറ്റലിൽ കൊണ്ടുവന്നത്.."സുമ പറഞ്ഞു.
"ഹരിയേട്ടൻ തന്നെ ആണ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചതെങ്കിൽ പിന്നെങ്ങനെ കുറ്റം ഹരിയേട്ടന്റെ തലയിൽ ആയി?"ശ്രീബാല ചോദിച്ചു.
“അത് ശരത്തിന്റെ തലയിൽ ഉദിച്ച ബുദ്ധിയാണ്.ഹരി അവരെ ഹോസ്പിറ്റലിൽ ആക്കി.ഹരി ശരത്തിനോട് സംസാരിച്ചു.മിഥില താൻ സ്നേഹിക്കുന്ന കുട്ടിയാണെന്നും അവൾക്കും നന്ദനും ഒരാപത്തും സംഭവിക്കരുതെന്നും അവരെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ഹരി അയാളോട് അപേക്ഷിച്ചു.പിന്നീട് ഹരി ജാവേദിനെ അന്വേഷിച്ച് പോയി. മിഥിലയും നന്ദനും മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയതും അന്വേഷണം തന്റെ നേരെ വരുമോ എന്ന് ശരത് ഭയന്നു.കാരണം യൂസഫ് ആണ് അവരെ അറ്റാക്ക് ചെയ്തതെന്നാണ് ശരത് ധരിച്ചുവെച്ചിരുന്നത്.അങ്ങനെ പറഞ്ഞാണല്ലോ യൂസഫ് ശരത്തിന്റെ കൈയിൽ നിന്നും ലക്ഷങ്ങൾ തട്ടി എടുത്തത്.അന്വേഷണം തനിക്ക് നേരെ തിരിയാതിരിക്കാൻ ശരത് കണ്ടുപിടിച്ച വഴി ആയിരുന്നു കുറ്റം ഹരിയുടെ മേൽ കെട്ടിവെയ്ക്കുക എന്നത്. ഹരിയാണ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് ഞങ്ങളുടെ ഹോസ്പിറ്റലിലെ സ്റ്റാഫ് കണ്ടതുമാണ്.പക്ഷെ ശരത് പറഞ്ഞതനുസരിച്ച് അവർ അത് പോലീസിൽ നിന്നും മറച്ചുവെച്ചു.അതിനോടനുബന്ധിച്ച ഹോസ്പിറ്റലിലെ സി.സി.ടി.വി യിലെ ഫൂട്ടേജും നശിപ്പിച്ചു.മിഥിലയുടെ ബ്ലീഡിങ് മെൻസസിന്റെ ആണെന്ന് കൺഫേം ചെയ്ത് ഡോക്ടർ ശ്രീനിവാസൻ എഴുതിയ റിപ്പോർട്ട് ശരത് എന്നെക്കൊണ്ട് തിരുത്തി എഴുതിച്ചു.അങ്ങനെ എഴുതിയില്ലെങ്കിൽ അയാൾ ഒറ്റ ഒരുത്തൻ കാരണം വർഷങ്ങളായി പാരലൈസ്ഡ് ആയി കിടക്കുന്ന എന്റെ മിന്നുവിനെ കൊന്നുകളയുമെന്ന് ശരത് എന്നെ ഭീഷണിപ്പെടുത്തി..എന്റെ മോൾടെ ജീവൻ രക്ഷിക്കാൻ ഞാൻ മിഥില പ്രെഗ്നന്റ് ആണെന്ന് കള്ള റിപ്പോർട്ട് എഴുതി.ഹരിയാണ് എല്ലാത്തിനും പിന്നിൽ എന്ന് ശരത് പോലീസിനെ വിളിച്ചറിയിച്ചു.മീഡിയ അത് കൊട്ടി ഘോഷിച്ചു.ഹരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.വീട്ടിലും ജോലി ചെയ്തിരുന്ന ഓഫീസിലും ഒന്നും ചെല്ലാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ആ പാവത്തിന്..തനിക്കെതിരെ എന്തൊക്കെയോ ചതികൾ അരങ്ങിൽ നടക്കുന്നുണ്ടെന്ന് മനസിലാക്കിയ ഹരി പോലീസിൽ പിടി കൊടുക്കാതെ ഒളിവിൽ പോയി.തനിക്കെതിരെ ഉള്ള കള്ള ആരോപണങ്ങൾ ഹരി ദിവസേന പത്രത്തിൽ വായിച്ചു.എന്താണ് സംഭവിക്കുന്നതെന്നും ആരെയൊക്കെയാണിതിന് പിന്നിലെന്നും ഹരിക്ക് മനസ്സിലായില്ല.പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇഷ്യൂ ചെയ്തിരുന്നത് കൊണ്ട് ഹരിക്ക് വെളിയിലിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി.അന്ന് മിഥില എന്ത് സംസാരിക്കാൻ ആണ് പാർക്കിൽ വരാൻ തന്നോട് പറഞ്ഞതെന്ന് ഹരിക്ക് അറിയില്ലായിരുന്നു.ജാവേദ് ആരായിരുന്നുവെന്നും എന്തിനാണ് അയാൾ മിഥിലയെയും നന്ദനെയും വക വരുത്തിയതെന്നും ആ കുറ്റം തന്റെ മേൽ എങ്ങനെ വന്നുവെന്നും ഹരിക്ക് മനസ്സിലായില്ല. വർഷങ്ങളായി ഹരി പല സ്ഥലങ്ങളിലായി ഒളിവിൽ തന്നെ ആയിരുന്നു.ഒളിവിൽ ആയിരിക്കുമ്പോഴും ഹരി വേഷം മാറി ഇടയ്ക്ക് പുറത്തിറങ്ങും.ശ്രീബാലയുമായി ഫോണിൽ കൂടി ബന്ധപ്പെട്ടു.കേസിന്റെ ഡീറ്റെയിൽസ് ഒന്നും ഹരി ശ്രീബാലയോട് പറഞ്ഞിരുന്നില്ല.സത്യങ്ങൾ എല്ലാം കണ്ടെത്തിയതിന് ശേഷമേ അവൻ തിരികെ വരുള്ളൂ എന്നവളോട് പറഞ്ഞു. ജാവേദിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ഹരിക്ക് അറിയില്ലായിരുന്നു.പക്ഷെ ഓരോ ആൾക്കൂട്ടത്തിനിടയിലും അവൻ ജാവേദിന്റെ മുഖവും കൈയിലെ പച്ച കുത്തിയ പാമ്പിന്റെ രൂപവും തിരഞ്ഞു.
നാളുകൾ കഴിഞ്ഞട്ടും നിരാശ ആയിരുന്നു ഫലം.പക്ഷെ ഒരിക്കൽ ഹരി ഒരു അനാഥ മന്ദിരത്തിൽ വെച്ച് ഒരാളെ കണ്ടുമുട്ടി. മോളി സിസ്റ്ററിനെ!"സുമ പറഞ്ഞു.
"ഹരി ആരാണെന്ന് മനസ്സിലാക്കിയതും അവർ ഹരിയുടെ മുൻപിലിരുന്ന് പൊട്ടിക്കരഞ്ഞു.ഹോസ്പിറ്റലിൽ നടക്കുന്ന അനീതികളെ പറ്റി മിഥില അന്വേഷണം നടത്തിയിരുന്നുവെന്നും എല്ലാത്തിന്റെയും പിന്നിൽ ശരത് ആണെന്നും ഹരിയുടെ പത്രത്തിൽ കൂടി അത് പുറം ലോകത്തെ അറിയിക്കാനാണ് അവൾ ഹരിയോട് പാർക്കിൽ വരൻ പറഞ്ഞതെന്നും , ശരത് ഏർപ്പാടാക്കിയ ആൾ ആണ് മിഥിലയെയും നന്ദനെയും ഉപദ്രവിച്ചതെന്നും ശരത് തന്നെയാണ് ഹരിയെ കുടുക്കിയതെന്നും മോളി സിസ്റ്റർ പറഞ്ഞു.തനിക്ക് ഹോസ്പിറ്റലിൽ നടക്കുന്ന അനീതികളെ പറ്റി അറിയാമായിരുന്നുവെന്നും താൻ തന്നെയാണ് മിഥിലയെ ശരത്തിന് ഒറ്റുകൊടുത്തതെന്നും പറഞ്ഞ് മോളി സിസ്റ്റർ പൊട്ടിക്കരഞ്ഞു.."സുമ പറഞ്ഞു.
"മോളി സിസ്റ്ററിന് അറിയില്ലായിരുന്നുവോ ഭോലയുടെ..അല്ല ജാവേദിന്റെ കാര്യം?മിഥില പറഞ്ഞിരുന്നില്ലേ മോളിയോട്?"ജിതേഷ് ഭോലയെ നോക്കിക്കൊണ്ട് സുമയോട് ചോദിച്ചു.
"ഇല്ല..ഞാൻ പറഞ്ഞല്ലോ..മിനിസ്റ്ററുടെ കൊലപാതകം താൻ കണ്ടുവെന്നോ ജാവേദ് ആണ് അതിന് ഉത്തരവാദി എന്നോ മിഥില ആരോടും പറഞ്ഞിരുന്നില്ല.എന്തോ പ്രധാനപ്പെട്ട വിഷയം ഹരിയോട് സംസാരിക്കാൻ പോവുകയാണെന്നാണ് മിഥില മോളിയോട് പറഞ്ഞത്.കൂട്ടത്തിൽ ശരത്തിന്റെ കാര്യവും പറയുമെന്ന് പറഞ്ഞു..ശരത്തിനെ പറ്റിയും മിനിസ്റ്ററുടെ കില്ലർ ജാവേദിനെ പറ്റിയും ഹരിയോട് പറയാൻ ഇരുന്ന അന്നാണല്ലോ അവൾ ആക്രമിക്കപ്പെട്ടത്.. " സുമ പറഞ്ഞു.
"മോളി സിസ്റ്റർ വിചാരിച്ചത് ശരത് ഏർപ്പാടാക്കിയ ആള് തന്നെയാവാം മിഥിലയെ കൊന്നതെന്നാണ്.മോളി ഹരിയോട് പറഞ്ഞതുവെച്ച് അവനും വിചാരിച്ചത് അന്ന് താൻ പാർക്കിൽ കണ്ട കൈയിൽ പാമ്പിന്റെ പച്ച കുത്തിയ ക്രിമിനൽ ശരത് ഏർപ്പാടാക്കിയ ആള് ആവുമെന്നാണ്. അന്ന് ഹോസ്പിറ്റൽ വിഷയം കൂടാതെ മിനിസ്റ്ററുടെ മർഡറിനെ പറ്റിയും അതിന് ഉത്തരവാദിയായ ജാവേദ് എന്ന ഇന്റർനാഷണൽ ക്രിമിനലിനെ പറ്റി സംസാരിക്കാനും കൂടി ആയിരുന്നു മിഥില തന്നെ വിളിച്ചു വരുത്തിയതെന്ന് ഹരിക്ക് അപ്പോഴും അറിയില്ലായിരുന്നു.” സുമ പറഞ്ഞ് നിർത്തി .സുമ പറഞ്ഞതെല്ലാം കേട്ട് ശ്വാസം വിടാൻ പോലും മറന്ന് നിൽക്കുകയായിരുന്നു ജിതേഷും ശ്രീബാലയും.നന്ദൻ ഭോലയെ ഐഡന്റിഫൈ ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ സുമ ശ്യാമയെയും നന്ദനെയും സത്യങ്ങൾ എല്ലാം പറഞ്ഞ് വിളിച്ച് വരുത്തിയതായിരുന്നു. നന്ദൻ പകയോടെ ഭോലയെ നോക്കുന്നത് ശ്യാമ ഭീതിയോടെ കണ്ടു..അവൾക്ക് നന്ദനെയും കൊണ്ട് അവിടെ നിന്ന് എങ്ങനെയെങ്കിലും ഒന്ന് രെക്ഷപെട്ടാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളു...ഭോല കൈയിലെ കെട്ടഴിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.പക്ഷെ അവന് അനങ്ങാൻ സാധിച്ചില്ല.
“മിഥിലയുടെ മരണത്തോടെ ചെയ്തത് തെറ്റാണെന്ന ബോധം ഉണ്ടായപ്പോൾ മോളി ഹോസ്പിറ്റലിൽ നിന്നും റിസൈന്‍ ചെയ്തു.പക്ഷെ പിന്നീടാണ് അവർക്ക് കാൻസർ ബാധിച്ചത്..ശരത് അവരെ തിരിഞ്ഞു നോക്കിയില്ല.ശരത്തിന് തന്റെ ശരീരം മാത്രമായിരുന്നു ആവശ്യം എന്നവർ വേദനയോടെ മാനസ്സിലാക്കി. ആരോരും നോക്കാനില്ലാതെ ചെയ്തുകൂട്ടിയ പാപങ്ങളുടെ ശിക്ഷ ഏറ്റുവാങ്ങി അവർ ദൂരെ ഒരു അനാഥ മന്ദിരത്തിൽ കുറച്ച് വർഷങ്ങൾ ജീവിച്ചു. ഒരു പക്ഷെ കഥകൾ എല്ലാം ഹരിയെ അറിയിക്കാനായി ദൈവം അവർക്ക് അത്രയും നാൾ ആയുസ്സ് കൊടുത്തതായിരിക്കാം. ശരത്തിനെതിരെ ഉള്ള തെളിവുകൾ എല്ലാം മിഥില തന്റെ കൈയിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും മിഥിലയുടെ മരണത്തിന് ശേഷം അത് നശിപ്പിക്കാൻ ശരത് ആവശ്യപ്പെട്ടിട്ടും താൻ അത് നശിപ്പിച്ചില്ലെന്നും എല്ലാം ശരത് അറിയാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും മോളി ഹരിയോട് പറഞ്ഞു. എല്ലാം ഹരിയെ ഏൽപ്പിച്ചതിന്റെ പിറ്റേന്ന് അവർ ഈ ലോകം വിട്ട് പോയി! "സുമ പറഞ്ഞു.ശ്രീബാല കൈയിലിരുന്ന ഫോണിലെ മോളി സിസ്റ്ററിന്റെ വിഡിയോയിലേക്ക് ഒന്ന് കൂടി നോക്കി.ഹോസ്പിറ്റലിനെതിരെ ഉള്ള തെളിവുകൾ കൂടാതെ മോളി സിസ്റ്റർ മിഥില അഡ്മിറ്റ് ആയതിന് ശേഷമുള്ള അവളുടെ ശരിക്കുള്ള റിപ്പോർട്ടും ഞാൻ തിരുത്തി എഴുതിയ മെഡിക്കൽ റിപ്പോർട്ടും ഹരിക്ക് നൽകി.അതിൽ നിന്നാണ് ഹരിക്ക് മനസ്സിലായത് മിഥില പ്രെഗ്നന്റ് ആണെന്ന് കള്ള റിപ്പോർട്ട് എഴുതിയത് ഈ ഞാൻ ആണെന്ന്..അങ്ങനെ ഹരി എന്നെ കാണാൻ വന്നു!"സുമ പറഞ്ഞു.
"ബാക്കി ഞാൻ പറയാം!" ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി.
(കഥ ഇഷ്ടമാകുന്നുണ്ടോ കൂട്ടുകാരെ?ഇപ്പൊ മനസ്സിലായല്ലോ അല്ലെ യഥാർത്ഥ വില്ലൻ ആരാണെന്ന്?)
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം )
അഞ്ജന ബിജോയ്
Click here to read all Published parts: - ബാലവേണി നോവൽ - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക