നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴ പെയ്യാതിരുന്നുവെങ്കിൽ......(കഥ)

Image may contain: 1 person, beard and closeup
..........
മുമ്പെനിക്ക് മഴയോട് പ്രണയമായിരുന്നു.ഓട് പൊട്ടി ചോർന്നൊലിക്കുന്ന മേൽക്കൂരയിലൂടെ താഴേക്ക് വീഴുന്ന മഴവെള്ളത്തെ സ്വീകരിക്കാൻ വീട്ടിലെ പാത്രങ്ങൾ മതിയാവാതെ വരുമ്പോൾ എൻ്റെ അമ്മ മഴയെ വല്ലാതെ ശപിക്കുമ്പോഴും ഞാൻ മഴയെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുകയായിരുന്നു...ഒരു കർക്കിടക്കത്തിലെ മഴക്കാലത്ത് അപ്രതീക്ഷിതമായി പെയ്ത പെരുമഴയത്ത് പണിക്ക് പോയ അമ്മ പാടത്തേ വെള്ളക്കെട്ടിൽ വീണ് മരിച്ചപ്പോൾ..എന്നെ തനിച്ചാക്കി പോയപ്പോൾ...അന്നാദ്യമായി ഞാൻ മഴയെ വെറുത്തു... അന്നാദ്യമായി ഞാൻ മഴയെ ശപിച്ചു...അന്ന് അങ്ങനെയൊരു മഴ പെയ്യാതിരുന്നെങ്കിൽ!!!.
ജീവിതം എന്തെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിലുള്ള ഞാനെന്ന ആ എട്ടുവയസ്സുക്കാരനെ ഏതോ ഒരു മനുഷ്യന്റെ നല്ല മനസ്സ് കൊണ്ട് 'ദീനഭവൻ കോൺവെന്റി'ലെ അന്തേവാസിയാക്കി മാറ്റി....പഠിക്കാൻ മിടുക്കനായത് കൊണ്ട് പത്താം ക്ലാസ്സും പ്ലസ്ടുവും നല്ല മാർക്കോടെ പാസ്സായതോടെ കന്യാസ്ത്രീ മഠത്തിലെ നല്ല അമ്മമാർ എന്നെ അവരുടെ തന്നെ കോളേജിൽ ബിരുദ പഠനത്തിനായി ചേർത്തു...
അന്നൊരു മഴക്കാലമായിരുന്നു.. കോളേജിൽ പുതിയ ബാച്ചിന്റെ പ്രവേശനം നടക്കുന്ന ദിവസം,അന്നാണ് ഞാൻ അവളെ ആദ്യമായി കണ്ടത്.നനഞ്ഞൊട്ടിയ മാടപ്രാവിനെ പോലെ മഴയത്ത് കോളേജ് വരാന്തയിലേക്ക് അവൾ ഓടിക്കയറിയപ്പോൾ കോളേജിലേക്ക് മാത്രമല്ല എന്റെ ഹൃദയത്തിലേക്കും കൂടിയാണ് അവൾ ഓടിക്കയറിയത്...അന്നു മുതൽ ഞാൻ വീണ്ടും മഴയേ പ്രണയിച്ചു തുടങ്ങി..ചാറ്റൽമഴയത്ത് അവളുടെ കൈയും പിടിച്ച് കോളേജ് മുറ്റത്ത് കൂടി നടക്കുമ്പോൾ അവളുടെ കവിളിലേക്ക് ഇറ്റുവീഴുന്ന മഴതുള്ളികൾക്ക് ഒരു വല്ലാത്ത മധുരമായിരുന്നു...പ്രണയത്തിൻ്റെ മധുരം...അവയ്ക്ക് എന്നോട് എന്തോ രഹസ്യം പറയാനുണ്ടെന്ന് തോന്നി.
അന്നും ഒരു മഴക്കാലമായിരുന്നു...അന്നാണ് അവളെന്നോട് ആ രഹസ്യം പറഞ്ഞത്.. അവളുടെ മടിയിൽ തലച്ചായ്ച്ച് കിടക്കുമ്പോൾ അവളെന്റെ ചെവിയിൽ പതുക്കെ കടിച്ചു..'കള്ളൻ പണി പറ്റിച്ചു കേട്ടോ' ഒന്നും മനസ്സിലാവാതെ ഞാനവളുടെ മുഖത്ത് നോക്കി കിടന്നു.അവൾ എന്റെ കൈ അവളുടെ പട്ട് പോലെ മൃദുലമായ വയറിലേക്ക് വച്ചു..'ദാ... ഇവിടെ ഒരു കൊച്ചുകള്ളൻ'...അവളെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ.
തണുത്ത ഡിസംബർ മാസം... എന്തിനായിരുന്നു അന്നങ്ങനെയൊരു മഴപെയ്തത്!!!... കാലം തെറ്റി പെയ്ത മഴയുള്ള രാത്രിയിലായിരുന്നു അവൾക്ക് പേറ്റ് നോവ് വന്നത്.അവളെയും വാരിയെടുത്ത് ആശൂപത്രിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഒരു വാഹനവും കിട്ടിയില്ല... പിന്നെ ഒരു ഓട്ടമായിരുന്നു.. അതിനിടയിൽ എപ്പോഴോ കിട്ടിയ ഒരു ഓട്ടോയിൽ കയറി ആശൂപത്രിയിൽ എത്തിയപ്പോഴേക്കും വൈകി പോയിരുന്നു... എനിക്കെന്റെ പൊന്നുമോളെ തന്ന് ഞങ്ങളെ തനിച്ചാക്കി അവളും എന്റെ അമ്മയുടെ അടുത്തേക്ക് പോയി...എന്തിനായിരുന്നു അന്ന് അങ്ങനെയൊരു മഴ പെയ്തത്..അന്ന് അങ്ങനെയൊരു മഴ പെയ്താതിരുന്നെങ്കിൽ!!!....
ആ നാടും ഓർമ്മകളും അവിടെ ഉപേക്ഷിച്ച് ഞാൻ കടല് കടന്നു എന്റെ പൊന്നൂസിനേയും കൊണ്ട്.
ഇന്നലെ ഇവിടെ നല്ല മഴപെയ്തു..'ദാ..അച്ഛാ മഴപെയ്യുന്നു' എന്റെ പൊന്നൂസിൻ്റെ കണ്ണുകളിൽ കണ്ട കൗതുകം ആ പഴയ ആറു വയസ്സുക്കാരനെ ഓർമ്മിപ്പിച്ചു...അവളും മഴയെ പ്രണയിക്കുകയാണോ...പ്രണയിച്ചോട്ടെ മതിവരുവോളം.. അവൾക്ക് കൂട്ടായി അവളുടെ ഈ അച്ഛനും.
ബിജു പെരുംചെല്ലൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot