നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബോബനുംമോളിയും പിന്നെ ഞമ്മളും


ഇതു നമ്മുടെ ടോംസിന്റെ ബോബന്റേയും, മോളിയുടേയും കഥയല്ല. പക്ഷെ കഥ കേട്ടു കഴിയുമ്പോൾ കമന്റിൽ പറയും ബോബനും, മോളിയും പോലെ തന്നേയുള്ള കുട്ടികൾ എന്ന്. അതൊഴിവാക്കാൻ ആദ്യം തന്നെ അവർക്ക് ബോബനും മോളിയും എന്ന് പേര് കൊടുത്തേക്കാം എന്നു കരുതി.
വേനലവധിക്കാലം . കുരുത്തക്കേടിന് കൈയ്യും കാലും വച്ച കുട്ടികൾക്ക് വാലും തലയും കൂടി മുളയ്ക്കുന്ന കാലം. ആദ്യം മോളിയെ പരിചയപ്പെടാം. ഇത് നമ്മുടെ മോളി, സ്കൂളില്ലാത്ത കാരണം നേരത്തെയെഴുന്നേറ്റു . അല്ലെങ്കിൽ വെളുപ്പിനെ പഠിക്കാൻ വിളിച്ചെഴുന്നേൽപ്പിച്ചിരിക്കുമ്പോൾ പുസ്തകത്തിലേയ്ക്ക് ഉറക്കം തൂങ്ങി വീഴുന്ന സാധനമാണ്, വെക്കേഷന് ഒരുറക്കവുമില്ല. രാവിലെ കുളിച്ചില്ലെങ്കിലും പല്ലെല്ലാം തേച്ച് സുന്ദരിയായി, പത്തു മിനിട്ടു കിട്ടിയാൽ പതിവായി ചെയ്യുന്നതു പോലെ അഞ്ചു പ്രാവശ്യം കണ്ണാടി നോക്കൽ കഴിഞ്ഞു. ബോബൻ
പറയുന്നതു പോലെ മുറി മൊത്തം പൊടി മൂടി കിടന്നാലും കണ്ണാടി ഇരിക്കുന്ന സ്ഥലത്തേയ്ക്കുള്ള വഴി മാത്രം മോളിയുടെ കാലടികൾ പതിഞ്ഞ് പൊടി വിമുക്തമായിരിക്കും. അതു കേൾക്കുമ്പോൾ മോളി വഴക്കു തുടങ്ങും അതവരുടെ ഇടിയിലും പിച്ചിലും അച്ഛന്റെ ചീത്തയിലും അമ്മയുടെ അടിയിലും അവസാനിക്കും. ചിലപ്പോൾ കുറച്ചു കഴിയുമ്പോൾ മോളി കൈത്തണ്ട ചൂണ്ടികാണിച്ച് ബോബനോട് പറയുന്നത് കേൾക്കാം തന്റെ പിച്ച് കൊണ്ട് കൈത്തണ്ട മൊത്തം ചന്ദ്രക്കല നിറഞ്ഞു, ഇനി അഞ്ചാറു നക്ഷത്രവും കൂടെ വരച്ചാൽ മതി അപ്പോൾ പിന്നെ മുസ്ലീംലീഗിന്റെ കൊടിയിൽ കാണുന്ന ചിഹ്നം കൈതണ്ടയിൽ പച്ചകുത്തിയത് പോലെ ഉണ്ടാകും. പറഞ്ഞ് പറഞ്ഞ് പിന്നെ അതിന്റെ പേരിൽ ആകും അടുത്ത വഴക്ക്. ഇത്തിരി കഴിയുമ്പോൾ വഴക്കെല്ലാം മറന്ന് അവർ നല്ല കൂട്ടാകും. അതാണ് അവരെ ബോബനും മോളിയും ആക്കുന്നത്.
മോളി തറവാട്ടിൽ നിന്ന് അച്ഛമ്മ കൊടുത്തു വിട്ട ഇഡ്ഡലിയും ചമ്മന്തിയും കഴിച്ചു. അതിനു ശേഷം തൊടിയിലേക്കിറങ്ങി.
അച്ഛനുമമ്മയും തൊടിയിലുള്ള പച്ചക്കറി ക്കൃഷിയ്ക്ക് വെള്ളം ഒഴിക്കുകയാണ്. അവർ രണ്ടു പേരും വെളുപ്പിന് തുടങ്ങി അടുത്തുള്ള തോട്ടിൽ നിന്ന് , അച്ഛൻ രണ്ടു വലിയ ചെമ്പുകുടത്തിലും അമ്മ ചെറിയ രണ്ടലുമിനിയം കുടത്തിലും വെള്ളം കോരിയാണ് വാഴ, വഴുതന, ചീര, തക്കാളി, പച്ചമുളക്, വെണ്ട എന്നു വേണ്ട തെങ്ങിനും , മാവിനും അടയ്ക്കാമരത്തിനു വരെ വെള്ളമൊഴിച്ചു കഴിയുമ്പോൾ ഏകദേശം പത്തു മണിയാകും. അന്നെല്ലാം തോട്ടിൽ നിറച്ച് വെളളവും, പറമ്പിൽ നിറയെ പച്ചപ്പും വീട്ടിനകം നിറയെ കുളിരും , എല്ലാവരുടേയും ഉള്ളു നിറയെ സ്നേഹവും നിറഞ്ഞിരുന്നു.
ഇന്ന് തോടും വരണ്ടു, പറമ്പും കരിഞ്ഞു , വീടിനകം മുഴുവനും പുകയുന്ന ചൂടും എല്ലാവരുടെ ഉള്ളു നിറയെ സ്നേഹമില്ലായ്മയും , സ്വാർത്ഥതയും നിറഞ്ഞു.
മോളിയെ കണ്ട ഉടനെ അമ്മ പറഞ്ഞു. മോളെ മോളി പാലിന്റെ പൈസ ഇടുന്ന കപ്പിൽ നിന്ന് പൈസയെടുത്തു കുത്തിയതോട്ടിൽ പോയി രണ്ടു കിലോ കപ്പ മേടിച്ചു കൊണ്ടു വാ മക്കളേ, അച്ഛൻ നനയും കഴിഞ്ഞ് വരുമ്പോഴേയ്ക്ക് ചായയ്ക്ക് കൊടുക്കാൻ വേറൊന്നുമില്ല.
അങ്ങിനെ അമ്മ പറഞ്ഞത് കേട്ട നമ്മുടെ മോളി കപ്പ മേടിക്കുവാൻ ചന്തയ്ക്ക് പോകുകയും ചെയ്തു. പക്ഷെ കഷ്ടകാലത്തിന് കടയിൽ കപ്പയില്ലാത്തതിനാൽ കടക്കാരൻ ചോദിച്ചു കപ്പയില്ല കടല തരട്ടേ. മോളിക്കാണെക്കാൻ കപ്പയേക്കാൾ ഇഷ്ടമാണ് കടല. കുറേ നാളായി ഒരു കൊതി കടലവറുത്തതും കട്ടൻ ചായയും കുടിച്ചാലോ എന്ന്. അങ്ങിനെ രണ്ടു കിലോ കപ്പ മേടിയ്ക്കാനുള്ള കാശിന് കാൽ കിലോ കടലയും വാങ്ങി മോളി വീട്ടിലേയ്ക്ക് തിരിച്ചു.
തിരിച്ചു വീട്ടിലെത്തിയപ്പോൾ
അമ്മ പറഞ്ഞു മോളേ ആ കപ്പയൊന്ന് പൊളിച്ചു വച്ചേക്ക്. അപ്പോഴാണ് നമ്മുടെ മോളി കപ്പ കിട്ടിയില്ല പകരം കടലയാണ് വാങ്ങിയതെന്ന കാര്യം അമ്മയെ അറിയിച്ചത്. അമ്മ ഉടനെ നന നിർത്തി തിരിച്ചു പോന്നു. അച്ഛൻ നനയ്ക്കലെല്ലാം കഴിഞ്ഞ് ആനയെ തിന്നാനുള്ള വിശപ്പുമായി വരുമ്പോൾ കപ്പയ്ക്ക് പകരം കടല വറുത്ത് കൊടുത്താൽ തന്റെ ശവമടക്ക് മിക്കവാറും ആ സെക്കന്റിൽ നടത്താൻ സാധ്യതയുള്ളതു കൊണ്ട് നേരത്തെ തന്നേ അല്പം കഞ്ഞിയെങ്കിലും വച്ചുണ്ടാക്കി അച്ചന്റെ കോപം ശമിപ്പിക്കാം എന്നോർത്ത് അമ്മ അടുക്കളയ്ക്കകം പൂകി.
അമ്മേ കഞ്ഞിയുണ്ടാക്കുന്ന കൂടെ എനിക്കീ കടലയും കൂടെ വറുത്തു തരുമോ ? അമ്മയ്ക്ക് സമയം ഉണ്ടെങ്കിൽ ഇത്തിരി കട്ടൻച്ചായയും കൂടെ ഉണ്ടാക്കി തരണേ. അതു പറഞ്ഞു തീർന്ന ഉടനേ കയ്യിൽ കിട്ടിയ കയിലുമായി മോളിയെ അടിയ്ക്കാൻ അമ്മയും അമ്മയ്ക്ക് മുന്നേ മോളിയും അടുക്കളയിൽ നിന്ന് ഇറങ്ങി ഓടി, മോളി ഒറ്റ ഓട്ടം കൊണ്ട് ഒമ്പതു വീടു താണ്ടി മറഞ്ഞു. ഇനി മോളി തിരിച്ചു വന്നിട്ട് ബാക്കി കഥ പറയാം. അപ്പോഴേയ്ക്കും ബോബനും എത്തും.
ടോം ആന്റ് ജെറിയിലെ ജെറിയെ പോലെ പമ്മി പമ്മി മോളിയെത്തി അടുക്കള വാതിലിലൂടെ അകത്തേയ്ക്ക് പാളിനോക്കി, അമ്മ ഭയങ്കര പണിയിലാണ് അമ്മയുടെ മൂഡ് നന്നായിട്ടുണ്ടോ എന്നറിയാൻ എന്തു വഴി എന്നാലോചിച്ചു, മുൻഭാഗത്തെ ചാരു കസേരയിൽ കൈയ്യിൽ കാലും നീട്ടി കിടന്ന് ബാലരമ വായിക്കുന്ന ബോബനെ പറഞ്ഞു വിട്ടാൽ അമ്മയുടെ മൂഡ് അറിയാം എന്നോർത്ത് ബോബനരുകിൽ എത്തി സ്നേഹത്തോടെ പറഞ്ഞു എടോ ബോബേട്ടാ തന്നെ അമ്മ വിളിക്കുന്നുണ്ട്. അതു കേട്ട് ബോബൻ അടുക്കളയിലേക്ക് പോയി. അമ്മ എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു നോക്കാനായി മോളി അടുക്കളയിലേക്ക് ചെവി കൊടുത്തു നിന്നപ്പോഴാണ് വീട്ടിലെ കുറിഞ്ഞിപ്പൂച്ച കാലിൽ മുഖമുരസ്സിക്കൊണ്ട് വെറുതെ ശല്യപ്പെടുത്തുന്നത്. അഥവാ അമ്മ അടിയ്ക്കാൻ വന്നാൽ ഓടാൻ തയ്യാറെടുത്തു നിൽക്കുമ്പോഴാണ് പൂച്ചയുടെ വകയായുള്ള തടസ്സപ്പെടുത്തൽ, തട്ടി ഓടിച്ചിട്ട് പൂച്ച പോകുന്നില്ല എങ്കിൽ പൂച്ചയ്ക്ക് രണ്ടടി കൊടുത്ത് ഓടിയ്ക്കാമെന്നോർത്ത് നോക്കിയിട്ട് കൈയ്യകലത്തിലെങ്ങുമൊരു വടി പോലും കാണാനില്ല. പെട്ടെന്നാണ് പിടിച്ചു നിന്ന ചാരുകസേരയുടെ നടുക്കത്തെ തൂണി തൂക്കിയിരിക്കുന്നതിൽ മുകൾ വശത്തെ ഉരുണ്ട വടി കൈയ്യിൽ തടഞ്ഞത്. ആ വടി ഊരിയെടുത്ത് പൂച്ചയ്ക്ക് രണ്ടു കൊടുത്തതേയുള്ളൂ, പൂച്ച കരഞ്ഞോണ്ടോടി പൂച്ചയുടെ മ്യാവൂ കരച്ചിലിനി നേക്കാൾ ഉച്ചത്തിൽ ബോബന്റെ കരച്ചിലും വീഴ്ചയും എല്ലാം ഒറ്റ സെക്കന്റിൽ സംഭവിച്ചു. എന്താണ് സംഭവിച്ചതെന്ന് മോളിക്ക് മനസ്സില്ലായിലെങ്കിലും കൈയ്യിൽ ബാലരമയും ആയി ചാരു കസേരയുടെ ഉൾഭാഗത്തുള്ള ഇട്ടാവട്ടത്തിൽ ഉള്ള സ്ഥലത്ത് പ്ടേം എന്ന് തലയുമടിച്ച് പ്ലിക്കോം എന്ന് ബോബൻ വീണു കിടക്കുന്നതു കണ്ട് ഉള്ളിൽ ചിരി വന്നെങ്കിലും വീഴാൻ കാരണമായത് താൻ ചാരുകസേരയുടെ മോളിലത്തെ കോലൂരിയെടുത്തതാണെന്ന തിരിച്ചറിവിൽ പെട്ടെന്ന് തന്നെ ചാരുകസേരയുടെ തുണിയിൽ കോലു തിരുകി പൂർവ്വസ്ഥിതിയിലാക്കി പീലാത്തോസിനെ പോലെ മോളി കൈകഴുകി. ഇതും കൂടെ കണ്ടപ്പോൾ ബോബൻ വലിയ വായിൽ കാറാൻ തുടങ്ങി. മോളിയാണ് ഉരുട്ടിയിട്ടതെന്ന് അമ്മയെ അറിയിച്ച് അഞ്ചാറടി കൂടുതൽ വാങ്ങി കൊടുക്കാൻ ഉള്ളതിനേക്കാൾ കൂടുതൽ വേദനയിൽ വലിയ വായിൽ വീണ്ടും ഉച്ചത്തിൽ കരഞ്ഞു.
രാവിലത്തെ അടിയുടെ മുതലും പലിശയും ചേർത്ത് ഇപ്പോൾ അമ്മയുടെ കയ്യിൽ നിന്ന് കിട്ടും എന്ന് ഏകദേശം മനസ്സിലായ മോളി അപ്പോഴേ കളം കാലിയാക്കി. രണ്ടു കൈ കൂട്ടിയടിച്ചാലല്ലേ ശബ്ദം വരൂ. നമ്മളായിട്ട് എന്തിനു നിന്നു കൊടുക്കണം. പെട്ടെന്ന് സ്കൂട്ടായാൽ അത്രയും നന്ന്.
ശുഭസ്യശീഘ്രം എന്നാൽ ശീഘ്രത്തിൽ ഓടി രക്ഷപ്പെട്ടാൽ എല്ലാം ശുഭമായി തീരും എന്നാണല്ലോ.
കുറച്ചു നേരം കിടന്നു കരഞ്ഞിട്ട് ആരും വരാതിരുന്നതിനാൽ എന്നാൽ ഇനി കരച്ചിൽ നിർത്തിയേക്കാം എന്നോർത്ത് ബോബൻ ബ്രേക്കിട്ടതുപോലെ കരച്ചിൽ നിർത്തി എഴുന്നേറ്റ് ചാരു കസേരയിൽ കിടന്ന് പിന്നെയും നിന്നു പോയ ബാലരമ വായന വീണ്ടും തുടർന്നു.
ബോബനെ പറ്റി ലേശം പറഞ്ഞില്ലെങ്കിൽ മോശമല്ലേ. കുരുത്തക്കേടുണ്ടെങ്കിലും മോളിയുടെ അത്രയും കുരുത്തക്കേടില്ല. ഇപ്പോഴും കൊച്ചാണെങ്കിലും ഇതിനേക്കാൾ കൊച്ചായിരുന്ന കൊച്ചു കാലത്ത് ഒരുച്ചനേരത്ത് പറമ്പായ പറമ്പെല്ലാം ആട്ടുമ്പക്കൊപ്പം പറന്നുനടക്കുന്നതിനിടയിൽ, തള്ളയാടിന്റെ കയറിൽ ചവിട്ടി നിന്നനേരം, ആട് ചാടിത്തുളളി മുന്നോട്ട് മാറിയപ്പോൾ ആടിന്റെ കയറിൽ ചവിട്ടി നിന്ന ബോബൻ പറന്നുയർന്ന് ഡൈവ് ചെയ്ത് കുളത്തിലേയ്ക്ക് മുങ്ങാംകുഴിയിടുകയും മൂന്നു പ്രാവശ്യം മുങ്ങിപ്പൊങ്ങുകയും പിന്നെ താഴോട്ട് പോയിട്ട് പെട്ടെന്നൊന്നും പൊങ്ങി വരാതാകുകയും ചെയ്തു. ഒച്ച കേൾക്കുകയും കൊച്ചിനെ കാണാതാകുകയും കൊച്ചിന്റെ കൈയിലിരുന്ന പാവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കാണുകയും ചെയ്ത ഉടനെ അമ്മ വെള്ളത്തിൽ ചാടി തപ്പിയതും പൊക്കിയെടുത്തതും എല്ലാം ഉടനടി നടന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവരിൽ മറ്റൊരമ്മ കൊച്ചിനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചതു കൊണ്ട് രക്ഷപ്പെട്ടതുമായ ചരിത്രമുള്ള ബോബന് ഈ ചാരുകസേരയിൽ നിന്നുള്ള വീഴ്ചയെല്ലാം തൃണസമാനം അല്ലെങ്കിൽ പൂ പോലെ പുഷ്പം പോലെ.
പക്ഷെ ആശുപത്രിവാസമെല്ലാം അറിഞ്ഞ് കാണാൻ വന്ന അമ്മയുടെ അച്ഛൻ ബോബനേ അമ്മയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. പിന്നെ അവിടെ തന്നേ ആയിരിന്നു അഞ്ചാറു ക്ലാസ്സ് വരേയുള്ള പഠനം. അവധിക്കാലത്തിനു ശേഷം
അമ്മവീട്ടിലെ സ്ക്കൂൾ പഠനം നിർത്തി അച്ഛവീട്ടിലെ സ്ക്കൂൾ പഠനത്തിനെത്തിയ ബോബൻ.
രാവിലത്തെ കൃഷിപ്പണിയും, പച്ചക്കറി നനയ്ക്കലും എല്ലാം കഴിഞ്ഞ് വന്ന് കഞ്ഞി കുടിച്ചു കൊണ്ടിരുന്ന അച്ചൻ പറഞ്ഞു. തുറവൂർ സ്ക്കൂളിൽ നോട്ട്ബുക്ക് വന്നിട്ടുണ്ട് എന്നറിഞ്ഞു ബോബനും മോളിയും കൂടെ ചെന്ന് വാങ്ങിക്കൊണ്ടുവരുക.
ഇനി ഇപ്പോൾ ബോബനും മോളിയും കൂടെയുള്ള നോട്ടു പുസ്തകം വാങ്ങാനുളള യാത്ര എങ്ങിനെയാകുമോ എന്തോ?

കായലിനു നടുവിലൂടെ വള്ളം തെന്നിത്തെന്നി നീങ്ങുന്നു. വള്ളത്തിന് നടുവിൽ ഉളളം കലങ്ങിയിരിക്കുന്ന ബോബനും, വള്ളം കുലുങ്ങിയാലും ഉള്ളം കുലുങ്ങില്ലയെന്ന് ഉള്ളിലുറപ്പിച്ചിരിക്കുന്ന മോളിയും. വള്ളംതെന്നിനീങ്ങുന്നു എന്നു പറഞ്ഞത് സത്യമാണ്, നടുക്കായലിൽ കഴുക്കോൽ മുട്ടാത്ത ആഴത്തിലുള്ള വെള്ളത്തിൽ പങ്കായം കൊണ്ട് തുഴഞ്ഞാണ്
വള്ളം മുന്നോട്ട് കൊണ്ടുപോകുന്നത്. വള്ളത്തിന്റെ ഇളക്കത്തോടൊപ്പം ബോബന്റെ ഉള്ളവും ഇളകിമറിയുന്നത് വള്ളത്തേയും വെള്ളത്തേയും ഓർത്ത് പേടിച്ചിട്ടല്ല, സമയം ഒത്തിരി വൈകിയതോർത്തിട്ടാണ് രാവിലെ വീട്ടിൽ നിന്നിറങ്ങിയിട്ട് ഏകദേശം പന്ത്രണ്ടു മണിക്കൂർ ആകും വീട്ടിൽ തിരിച്ചെത്തുമ്പോൾ അതിന്റെ ഒരങ്കലാപ്പ്.
ആകാശം ഇടിഞ്ഞു വീണാലും
വള്ളത്തിൽ വട്ടം വച്ചിരിക്കുന്ന കഴുക്കോൽ എടുത്ത് താങ്ങു കൊടുക്കാം എന്നോർത്തു കൊണ്ട് വള്ളത്തിന്റെ കൈവരിയിലൂടെ കൈത്തലം കായലിലെ വെള്ളത്തിലിട്ട് താളം പിടിച്ച് ആനന്ദിച്ചർമാദിച്ചിരിക്കുന്ന മോളി.
മോളീ ഇപ്പോൾ തന്നെ ഏഴുമണി കഴിഞ്ഞു , മിക്കവാറും വീട്ടിൽ എത്തുമ്പോൾ എട്ടു മണി കഴിയും ഇത്രയും നേരം വൈകിയതിന് അച്ഛനും അമ്മയും കൂടെ നമ്മുടെ മുതുകത്തായിരിക്കും ഇന്നിനി ഇലഞ്ഞിത്തറമേളം കൊഴുപ്പിക്കുന്നത്. പോരാതെ വന്നാൽ തറവാട്ടിൽ നിന്ന് കൊച്ചച്ചൻമാരും കൊമ്പും കുഴലുമായി വന്ന് ചേങ്കിലത്താളത്തിൽ നല്ല പെരുപ്പ് പെരുക്കും എന്നെന്റെ ഉള്ളം പറയുന്നു. നമ്മളെ രാവിലെ മുതൽ കാണാതായ വിഷമം മൊത്തം അവർ നമ്മളെ തല്ലി തീർക്കും.
അതിന് നമ്മളായിട്ട് താമസിച്ചതല്ലല്ലോ ബോബാ ,
നമ്മൾ നോട്ടു പുസ്തകങ്ങൾ വാങ്ങാൻ പോയി, പുസ്തകങ്ങൾ വാങ്ങി, നല്ല കുട്ടികൾ ആയി തിരിച്ചു വരുന്നു.
അതെല്ലാം നേരാണ് പക്ഷെ പോയ പത്തു പന്ത്രണ്ട് മണിക്കൂറുകൾ അതോർക്കുമ്പോൾ അവർ നമ്മളെ മിക്കവാറും നല്ല തല്ലു തന്ന് ഇന്നു തന്നെ നല്ല കുട്ടികൾ ആക്കും.
എന്റെ പൊന്നു ബോബാ, അതും നമ്മളെയൊക്കെ തല്ലി നന്നാക്കാൻ, ഇന്നാളും കൂടി അച്ചൻ പറയുന്നതു കേട്ടു ഇതിനെയെല്ലാം ഇനി ചന്ദനമുട്ടി കൊണ്ട് തല്ലിയാലും നന്നാകാത്തതാണെന്ന്.
ഏതായാലും ഞങ്ങൾ ബോബനും മോളിയുടേയും അവസ്ഥ നിങ്ങൾക്കെല്ലാം മനസ്സിലായല്ലോ, ഏതായാലും വീട്ടിൽ ചെന്നിട്ടുള്ള അടിയും പുരവാസ്തുബലിയുടേയും ഇടയിൽ നടന്ന സംഭവങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കാൻ അടികൊണ്ടോടുന്ന തിരക്കിൽ സമയം കിട്ടിയെന്നു വരില്ല അതു കൊണ്ട് സംഭവിച്ചതിന്റെ രത്നച്ചുരുക്കം ഇപ്പോൾ പറയാം. പിന്നീട് പറയാൻ പറ്റുന്ന ഒരവസ്ഥയിൽ ആയിരിക്കില്ല ഞങ്ങൾ എന്നു തോന്നുന്നു.
രാവിലെ സമയം ഏകദേശം ഒമ്പതു മണികഴിഞ്ഞ് പത്തു മിനിട്ടോ, ഇരുപതു മിനിട്ടോ കഴിഞ്ഞ ഏതോ ഒരു സമയം.
ഞങ്ങൾ യാത്ര തുടങ്ങി
കറുകറുത്ത പെരുമ്പാമ്പു പോലെ നീണ്ടുനിവർന്നു കിടക്കുന്ന നാഷണൽ ഹൈവേ. അതിന്റെ അരികിലൂടെ മന്ദംമന്ദം അടിവച്ചടി വച്ചും പിന്നെ ഇടയ്ക്ക് അടിയുംഇടിയുംവച്ചുള്ള ഒന്നൊന്നര കിലോമീറ്റർ നീണ്ട ജൈത്രയാത്ര തുറവൂർ സ്കൂളിലെത്തി. തുറന്നു കിടക്കുന്ന ക്ലാസ്സ് റൂമുകളും അടഞ്ഞുകിടക്കുന്ന ഓഫീസും നോക്കി കുറച്ചുനേരം നിന്നു.
സ്ക്കൂൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും തുറന്നിരിക്കുന്ന മൂപ്പന്റെ കടയിൽ നിന്ന് ആമമിഠായിയും വാങ്ങി നുണഞ്ഞിരുന്നു. അരമണിക്കൂറിനു ശേഷം വന്ന ഹെഡ് മാസ്റ്റർ ഓഫീസ് തുറക്കുന്നതിനിടയ്ക്ക് ഞങ്ങളുടെ ചോദ്യത്തിന് മറുപടി തന്നു . പുസ്തകം വന്നിട്ടില്ല, മിക്കവാറും അടുത്താഴ്ച വരും.
മോളീ പുസ്തകം വന്നിട്ടില്ല എന്നല്ലേ പറയുന്നത് നമുക്ക് അടുത്താഴ്ച വന്നു വാങ്ങാം.
ഇന്ന് തിരിച്ച് വീട്ടിൽ പോകാം.
ഇത്ര പെട്ടെന്ന് വീട്ടിൽ ചെന്നിട്ട് കാര്യമില്ലല്ലോ, നമുക്കിവിടെ അടുത്തൊരു സ്ക്കൂൾ ഉണ്ട് അവിടെ ചെന്ന് ബുക്ക് വാങ്ങി തിരിച്ചു പോകാം.
അതേത് സ്ക്കൂൾ ആണ് ,ഇവിടെ അടുത്താണോ? നാഷണൽ ഹൈവേയിലാണോ?
അതാണ് TD സ്ക്കൂൾ. നാഷണൽ ഹൈവേയിൽ അല്ല. ഹൈവേയിൽ നിന്ന് കുറച്ച് പടിഞ്ഞാട്ട് മാറിയാണ്.
TD സ്കൂളോ , അതെന്ത് പേര്.
അതു തിരുമല അമ്പലം വകയുള്ള സ്ക്കൂളാണ് , ഇവിടെ അടുത്താണ്. നമുക്ക് പെട്ടെന്ന് അവിടെ ചെന്ന് പുസ്തവും വാങ്ങി തിരിച്ചു വീട്ടിലേക്ക് പോകാം .
തുറവൂരുള്ള ശ്രീ നരസിംഹമൂർത്തിയുടെ പ്രസ്തമായ അമ്പലം കണ്ടു , അതിന്റെ മുന്നിലുള്ള വിശാലമായ ക്ഷേത്രക്കുളം കണ്ടു. പുറത്തു നിന്നു ഒന്നു തൊഴുതു. അമ്പലത്തിൽ കയറിയാൽ താമസിക്കും എന്നോർത്ത് നേരേ തിരുമല അമ്പലത്തിലേയ്ക്ക് വച്ചു പിടിച്ചു.
അല്ല മോളീ സ്കൂൾ അടുത്താണെന്ന് പറഞ്ഞിട്ട് എത്തണില്ലല്ലോ?
ഇപ്പോൾ എത്തും പത്തു മിനിട്ട് കൊണ്ട് തീർച്ചയായുംഎത്തും.
മോളീ ഈ പത്തു മിനിട്ട് പത്തു മിനിട്ട് എന്നു ഇടയ്ക്കിടക്ക് പറയാൻ തുടങ്ങിയിട്ട് തന്നെ പത്തു പ്രാവശ്യം ആയെന്ന് തോന്നുന്നല്ലോ.
അത് ബോബൻ എപ്പോഴും എപ്പോഴും ചോദിച്ചിട്ടല്ലേ. അതുമല്ല ബോബൻ ചോദിക്കുന്നതു കേട്ടാൽ തോന്നും കൃത്യ സമയം പറയാൻ ഞാനിതിന് മുമ്പ് അവിടെ പോയിട്ടുണ്ടെന്ന്, ഇതും കൂടെ കൂട്ടി ഞാനും ആദ്യമായിട്ടാണ്.
ങ്ങാ പഷ്ട്. അതേതായാലും നന്നായി.
ചോദിച്ചും പറഞ്ഞും ടി ഡി അമ്പലവും കണ്ടു, ടി ഡി സ്കൂളും കണ്ടു. ദൈവം സഹായിച്ച് സ്കൂളിലെ ഓഫീസും തുറന്നിട്ടുണ്ട്. ഏതായാലും നല്ല ഭാഗ്യം ഉണ്ട്.
അവിടെ ഇന്നലെ തന്നെ ബുക്ക് എത്തിയിരുന്നു , അതിനേക്കാൾ രസം അതിന്നലെ തന്നേ തീരുകയും ചെയ്തു. അപ്പോൾ നോട്ടുബുക്കിന്റെ കാര്യത്തിന് ഒരു തീരുമാനം ആയി.
അല്ല മോളീ ഇതിനാണോ പട്ടി ചന്തയ്ക്ക് പോയതു പോലെ എന്നു പറയുന്നത്. ഇനി ഇപ്പോൾ ഈ നടപ്പെല്ലാം നമ്മൾ തിരിച്ചു നടന്നാലല്ലേ നാഷണൽ ഹൈവേയിൽ എത്തുകയുള്ളു. അവിടെ നിന്ന് പിന്നേയും എത്ര വടക്കോട്ട് നടക്കണം നമ്മുടെ വീടെത്താൻ.
അതൊന്നും വേണ്ട, തിരിച്ച് പോക്ക് എളുപ്പമാണ് പെട്ടെന്ന് വീടെത്താൻ ഒരെളുപ്പവഴിയുണ്ട്. ഇവിടെ നിന്ന് കുറച്ച് വടക്കോട്ട് ചെല്ലുമ്പോൾ നാലുകുളങ്ങര എന്നൊരു സ്ഥലമുണ്ട് അവിടെ ചെന്നിട്ട് കിഴക്കോട്ട് കുറച്ച് നടന്നാൽ പാട്ടുകുളങ്ങരയെത്തും , അവിടെയാണല്ലോ നമ്മുടെ വീട്. ഇവിടെ നിന്ന് നാലുകുളങ്ങരയ്ക്ക് പത്തു മിനുട്ട്, അവിടെ നിന്ന് പാട്ടുകുളങ്ങരയ്ക്ക് പത്തു മിനിട്ട് .
മോളി ഇനിയീ പത്തു മിനിട്ടിന്റെ കള്ളക്കണക്ക് പറഞ്ഞാൽ സത്യമായും തിരുമല അമ്പലക്കുളത്തിൽ തള്ളിയിട്ടിട്ട് ഞാൻ പോകുമേ?
തിരിച്ച് പോകാൻ അതിന് ബോബന് വഴിയറിയാമോ?
ഞാൻ ചോയിച്ച് ചോയിച്ച് പോകും. നല്ല ഗമയിൽ നാലുകുളങ്ങര എന്നെല്ലാം പറയുന്ന കേട്ടാൽ മോളിക്ക് വഴിയെല്ലാം നന്നായി അറിയാമെന്നു തോന്നും.
അതൊക്കെയറിയാം. ഞങ്ങൾ അവിടെ ഇന്നാളൊരു കല്യാണത്തിന് വന്നിട്ടുള്ളതാണ്.
എങ്കിൽ നന്നായി, ഈ വഴിയെങ്കിലും തെറ്റാതിരുന്നാൽ മതിയായിരുന്നു. ഏതായാലും മുന്നോട്ട് വച്ച കാൽ മുന്നോട്ട്.
പ്രൈവറ്റ് ബസ്സുകളും , പെട്ടി ഓട്ടോകളും ഇടയ്ക്കിടയ്ക്ക് ചീറി പായുന്ന ആ വീതികുറഞ്ഞ റോഡിലൂടെ ഞങ്ങളുടെ നാലുകുളങ്ങര എന്ന ലക്ഷ്യസ്ഥാനം നേരമെത്ര കഴിഞ്ഞിട്ടും ലക്ഷ്യം കണ്ടില്ല. കത്തുന്ന വെയിൽ, ഉള്ളിൽ കത്തി കാളുന്ന വിശപ്പ്, ദാഹം. അടുത്തു കണ്ട മുറുക്കാൻ കടയുടെ മുന്നിലുള്ള ബഞ്ചിൽ തളർന്നിരുന്നു.
ചേട്ടാ രണ്ട് മോരുംവെള്ളം.
മക്കളേ തണുത്ത സോഡാ ഒഴിക്കട്ടെ. നിങ്ങളീ പൊരി വെയിലത്ത് എവിടെ പോയിട്ട് വരുന്നു. ഇവിടെ എങ്ങും കാണാത്തവരാണല്ലോ നിങ്ങൾക്ക് എവിടെയാണ് പോകണ്ടത്.
തണുത്ത സോഡ ചേർത്ത മോരുംവെള്ളം പകുതിയോളം ഒറ്റവലിക്ക് കുടിച്ചിട്ടാണ് ചേട്ടനോട് മറുപടി പറഞ്ഞത്. ചേട്ടാ നാലുകുളങ്ങരയ്ക്ക് ഇനിയും എത്ര ദൂരമുണ്ട്.
മക്കളേ നിങ്ങൾ വന്ന വഴിയിൽ ആയിരുന്നല്ലോ അത്. അതും കഴിഞ്ഞ് നിങ്ങൾ രണ്ടു മൂന്നു കിലോമീറ്റർ വടക്കോട്ട് പോന്നല്ലോ. ആ കാണുന്നത് ചങ്ങരം പോലീസ് ഔട്ട് പോസ്റ്റ് , അതിനോട് ചേർന്ന് വല്ലേത്തോട് പാലം.
അതാണോ വല്ലേത്തോട്, പാലത്തിന്റെ തൊട്ടപ്പുറത്ത് ഞങ്ങളുടെ ചേട്ടന്റെ തയ്യൽക്കടയുണ്ട്. മോളി കേറിപ്പറഞ്ഞു.
ആരുടെ മോഹനന്റേയാണോ ?
അതേ മോഹനൻ ചേട്ടന്റെ കട,അതിന്റെ തൊട്ടു പുറകിൽ തന്നേയാണ് അവർ താമസിക്കുന്നത്.
ചേട്ടനോട് യാത്ര പറഞ്ഞ് പാലം കേറിയിറങ്ങിയപ്പോൾ മോളി പറഞ്ഞ ചേട്ടന്റെ തയ്യൽക്കട കണ്ടു.
മോളി ഇതാരുടെ വീടാണ് എന്നു പറഞ്ഞത്.
നമ്മുടെ അച്ഛമ്മയുടെ ചേച്ചിയുടെ വീട് . നമ്മുടെ വലിയ അച്ഛമ്മ .
ഏതായാലും മോളി പറഞ്ഞത് സത്യമായിരുന്നു അത് വലിയ അച്ഛമ്മയുടെ വീട് തന്നെ ആയിരുന്നു. വല്യച്ഛാമ്മയ്ക്ക്
കുറെ കാലം കൂടി ഞങ്ങളെ കണ്ടതിന് അത്യധിക സന്തോഷം , ഞങ്ങൾ ഒറ്റയ്ക്ക് വന്നതിന് അതിനേക്കാൾ വലിയ അമ്പരപ്പ്.
മക്കളേ വല്ലതും കഴിച്ചോടാ നിങ്ങൾ, അയ്യോ പാവങ്ങൾ
വെയിലത്ത് നടന്ന് വാടിക്കരിഞ്ഞു പോയി. എന്നാലും അച്ഛാമ്മയെ കാണാൻ മക്കൾ വന്നല്ലോ ,
അച്ഛാമ്മയ്ക്ക് സന്തോഷമായി. മക്കൾ കൈ കഴുക് വല്ലതും കഴിച്ചിട്ട് സംസാരിക്കാം.
വല്യച്ഛാമ്മ സ്നേഹത്തോടെ വിളമ്പിത്തന്ന നല്ല വെളുത്ത അരിയുടെ ചോറും , പള്ളത്തിയും മാങ്ങായുമിട്ടു വച്ച കറിയും, ഇത്തിരി മോരും ചേർന്ന ഊണിന് പറഞ്ഞറിയിക്കാൻ വയ്യാത്ത സ്വാദായിരുന്നു. രാവിലെ തൊട്ടുള്ള നടപ്പിന്റെ ക്ഷീണവും , തളർച്ചയുമെല്ലാം
നിമിഷ നേരം കൊണ്ട് തീർന്നു പക്ഷെ വയർ നിറയെ ഭക്ഷണം കഴിച്ചതിന്റെ ക്ഷീണം ഇത്തിരി ബാക്കി ഉണ്ടെന്ന് മാത്രം.
വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനിറങ്ങിയതും , പുസ്തകം കിട്ടാതെ വഴി തെറ്റി
ഇവിടെ വരെ എത്തിയ കാര്യമെല്ലാം അറിഞ്ഞപ്പോൾ
വല്ല്യച്ഛാമ്മ പറഞ്ഞു നിങ്ങൾക്ക് ഇവിടെ അടുത്തുള്ള ചങ്ങരം സ്കൂളിൽ നിന്ന് പുസ്തകം വാങ്ങിത്തരാമല്ലോ, നാലുനാലരയാകുമ്പോൾ ഇവിടത്തെ സ്കൂൾ തുറക്കുന്നതു വരേ മക്കൾ ഇത്തിരി നേരം കിടന്നുറങ്ങിക്കോ.
നാലു മണി കഴിഞ്ഞപ്പോൾ അച്ഛാമ്മ ചായ തിളപ്പിച്ചിട്ട് ഞങ്ങളെ വിളിചെഴുന്നേൽപ്പിച്ചു. ചായയും കുടിച്ച് ഞങ്ങൾ അടുത്തുള്ള ചങ്ങരം സ്കൂളിലെത്തി ദൈവം സഹായിച്ച് അവിടെ നിന്ന് ഞങ്ങൾക്ക് ആവശ്യത്തിനുള്ള നോട്ടുബുക്കും കിട്ടി. ഇനി തിരിച്ചുള്ള യാത്ര. നടന്ന നടപ്പെല്ലാം തിരിച്ചു നടക്കണമല്ലോ എന്നോർത്ത് വിഷമിച്ചു നിന്ന ഞങ്ങൾക്ക് വേനനിൽ കിട്ടിയ പനിനീർ മഴ പോലെയായിരുന്നു വല്ല്യച്ഛാമ്മയുടെ പെട്ടെന്നുള്ള പറച്ചിൽ .
മക്കളേ വല്ലേത്തോട്ടിൽ നിന്ന് കുത്തിയത്തോടിന് കടത്തുവളളം ഉണ്ട്. അതിൽ കേറിയാൽ നിങ്ങൾക്ക് പെട്ടെന്ന് വീട്ടിൽ എത്താം. പക്ഷ പുറപ്പെടാൻ കൃത്യ സമയമില്ല, വള്ളത്തിൽ ആൾക്കാർ നിറയുന്നതാണ് കണക്ക്. അച്ചാമ്മ കടത്തുകടവിൽ വന്ന് ഞങ്ങളെ വള്ളത്തിൽ കയറ്റിയിരുത്തി. പക്ഷെ വള്ളത്തിൽ ആൾക്കാർ നിറയാൻ കുറച്ച് നേരമെടുത്തു. ഏകദേശം ഏഴു മണിയായപ്പോൾ അവിടെ നിന്ന് യാത്ര പുറപ്പെട്ടു. ആ യാത്രയാണ് ഇപ്പോൾ നടുക്കായലിൽ എത്തി നിൽക്കുന്നത്. ഇപ്പോൾ ഇരുകരകൾക്കും നടുവിലൂടെ കിഴക്കേ കായലും പടിഞ്ഞാറേക്കായലും തമ്മിൽ ബന്ധിപ്പിക്കാനായി കുത്തിയെടുത്തതോടായ, കുത്തിയതോട്ടിലേയ്ക്ക് വള്ളം പ്രവേശിച്ചു. തോടിന്റെ തെക്കേ കരയിൽ വള്ളമടുപ്പിച്ചു, രണ്ടു പേരുടെ കൈകളിലും ഓരോ നോട്ടു പുസ്തക കെട്ടുകളുമായി ഇരുട്ടു നിറഞ്ഞ ഇടവഴിയിലേയ്ക്ക് ബോബനും മോളിയും യാത്രയായി.
NB. ബോബനും മോളിയേയും വീട്ടിൽ നിന്ന് കൊണ്ടു പോന്നിട്ട് രാത്രി നേരത്ത് വഴിയിൽ ആക്കിയിട്ട് പോന്നതിന്റെ പിന്നിൽ മൂന്നാലു കാരണങ്ങൾ ഉണ്ട്. ഒന്നാമത്തേത് കുട്ടികൾക്ക് അഹങ്കാരം ഇത്തിരിയുണ്ടെങ്കിൽ അല്പം എങ്കിലും കുറയാൻ അന്തഭയം ഇരിയ്ക്കട്ടേ എന്നത് ഒരു കാരണം.
രണ്ടാമതേ കുട്ടികൾ വൈകി എത്തുമ്പോൾ രക്ഷകർത്താക്കൾ ആദ്യം അടി പിന്നെയാണ് കാര്യം തിരക്കൽ. ഇവിടെ ബോബനും മോളിയുടെ യാത്രയുടെ തുടക്കത്തിൽ മുതൽ ഇതുവരേ വീട്ടുകാർ ഒഴിച്ച് നമ്മളെല്ലാവരും കൂടെയുണ്ട് അതിനാൽ നമുക്കറിയാം അവർ മനപൂർവ്വം താമസിച്ചതല്ല എന്ന്. അതുകൊണ്ട് വീട്ടുകാർ അടിച്ചിട്ട് കാര്യം തിരക്കുമോ,
കാര്യം തിരക്കിയിട്ട് അടിയ്ക്കുമോ, ഉപദേശിച്ച് നന്നാക്കുമോ എന്നറിയാൻ വിടുന്നു.
മൂന്നാമതെ വീട്ടുകാരുടെ സ്ഥാനത്ത് നമ്മൾ ആണെങ്കിൽ എന്തു ചെയ്യും എന്ന് ചിന്തിയ്ക്കാനായി ഇവിടെ ഇങ്ങിനെ നിർത്തുന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot