നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സുശീല

Face, Female, Woman, Girl, Smiling, Happy, Lady, Young
പുക, ചുരുളുകളായി ഉയരുന്ന വിറകടുപ്പിൽ സുശീല പന്നിയിറച്ചി ഉലർത്തികൊണ്ടിരുന്നു... അതിന്റെ മസാലമണം ഇടുങ്ങിയ ജനാലയിൽ കൂടി തിങ്ങിനിറഞ്ഞു പുറത്തുപോയി...
പന്നിവേവുന്ന മണവും സുശീലയുടെ കറുത്തവിയർത്ത വയറും ആസ്വദിച്ചിരിക്കുമ്പോളാണ് മുറ്റത്തു ഒരു വിളികേട്ടതു... വിശ്വംഭരൻ കഴുത്തിലെ തോർത്ത്‌ ഒന്നുകുടഞ്ഞു വരാന്തയിലേക്കിറങ്ങിച്ചെന്നു...
നടക്കുമ്പോൾ അയാളുടെ കാലുകൾ വേയ്ക്കുന്നുണ്ടായിരുന്നു....
"സുശീലേച്ചിയുടെ അച്ഛൻ മരിച്ചു... നിങ്ങള് വേഗം വരണം "..... സുശീലയുടെ വീടിനടുത്തുള്ള ജയൻകുട്ടനാണ്....
"പണ്ടാരമടങ്ങാനായിട്ട് "... വിശ്വംഭരൻ പിറുപിറുത്തു....
ഒച്ചകേട്ടിട്ടാകണം സുശീല അടുക്കളയിൽ നിന്നും ഇറങ്ങിവന്നു... കയ്യിൽ പന്നിമണമുള്ള ചട്ടുകം...
"ചേച്ചി... വേഗം വായോ... അവിടെ വീട്ടില് അച്ഛൻ.... " ജയൻകുട്ടൻ മുഴുമിപ്പിച്ചില്ല.... ഒരു ആർത്തനാദമാണ് മറുപടിയായി സുശീലയിൽ നിന്നുയർന്നതു....
കയ്യിലെ ചട്ടുകം വരാന്തയിലുപേക്ഷിച്ചു സുശീല റബ്ബർതോട്ടത്തിലൂടെ ഓടിപോയി....
വിശ്വംഭരനെ തിരിഞ്ഞു നോക്കി ജയൻകുട്ടനും ആ പിറകെ ഓടി....
വരാന്തയിൽ കിടന്ന ചട്ടുകം വിശ്വംഭരൻ കയ്യിലെടുത്തു മണത്തു.... ഉള്ളിയുടെയും ഇഞ്ചിയുടെയും എണ്ണയുടെയും ഗന്ധം ചേർന്ന വെന്തപന്നിമണം..
"രാവിലെ ഏതു തന്തയില്ലാത്തവനേയാണോ കണികണ്ടത് " അയാൾ പിറുപിറുത്തു വീണ്ടും ചട്ടുകം മണത്തുകൊണ്ടു അടുക്കളയിലേക്കു പോയി...............
സുശീല റബ്ബർതോട്ടം കിതച്ചു കൊണ്ടാണ് ഓടിത്തീർത്തത്.. അവിടെത്തുമ്പോൾ മുറ്റം നിറയെ ആൾക്കാർ..... ആണുങ്ങളാണ് അധികവും.... സുശീല ഒച്ചയിൽ കരഞ്ഞുകൊണ്ട് അകത്തേക്ക് കയറി... അവിടെ കൈലിമുണ്ടുടുത്തു ഷർട്ടിടാതെ സുശീലയുടെ അച്ഛൻ നാരായണൻ കട്ടിലിൽ മരിച്ചു കിടക്കുന്നു....
എൺപതു വയസ്സുള്ള അങ്ങേർ തലേദിവസം വരെ ഊർജസ്വലനായിരുന്നു ......
നാരായണന്റെ മരുമോൾ... അതായതു സുശീലയുടെ നാത്തൂൻ കണ്ണീരില്ലാത്ത കണ്ണുകൾ ഒപ്പി നിൽപ്പുണ്ട്....
സുശീലയെ കണ്ടതും നാത്തൂൻ ഉറക്കെ നെഞ്ചത്തടിച്ചു നിലവിളിച്ചു...
ആ നിലവിളി റബ്ബർതോട്ടവും കഴിഞ്ഞു അതിന്റെ അരികു പറ്റി നിൽക്കുന്ന കോട്ടപ്പുള്ളി മലയിൽ തട്ടി തിരികെ വന്നു....
കരച്ചിലിനിടയിൽ സുശീലയെ കെട്ടിപ്പിടിച്ച നാത്തൂൻ സുശീലയുടെ ദേഹത്തിനു വരട്ടിയ പന്നി മണമുണ്ടെന്നു കണ്ടുപിടിച്ചു....
"എന്റെച്ചിയെ... ഇനി പതിനാറു ദൊസം പെലയാ "....നാത്തൂൻ ആരും കേൾക്കാതെ സുശീലയുടെ ചെവിയിൽ പറഞ്ഞു....
സുശീല അതു കേട്ടില്ല... അവളുടെ കണ്ണിൽ കട്ടിലിൽ കിടക്കുന്ന ആ ക്ഷീണിച്ച ശരീരമായിരുന്നു....
നാരായണൻ വയസ്സനായിരുന്നെങ്കിലും അങ്ങേരുടെ കട്ടിലിൽചോട്ടിലെ വെട്ടുകത്തിയെ വിശ്വംഭരൻ ഭയന്നിരുന്നു... ആ ഭയം കൊണ്ടു സുശീല വിശ്വംബരന്റെ കുറെയധികം തൊഴികളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു...
ഇനിയുള്ളകാലം കിട്ടാൻ പോകുന്ന ചവിട്ടിന്റെയും ഇടിയുടെയും കാര്യമോർത്തു സുശീല നെഞ്ചു കലങ്ങി നിലവിളിച്ചു....
അതു കോട്ടപുളി മല കടന്നുപോയി...........
അവിടെ വിശ്വംഭരൻ അടുക്കളയിൽ പന്നിവരട്ടിയതു രുചിച്ചു നോക്കി........ പട്ടച്ചാരായം ഗ്ലാസിലൊഴിച്ചു അയാൾ പന്നികഷ്ണം വായിലിട്ടു.... അതോടൊപ്പം അയാൾ വയറിന്റെ ഇടതുവശം തലോടി.... അവിടെ അനേകം തുന്നലോടു കൂടി തഴമ്പിച്ചു ഉണങ്ങിയ മുറിവ്.... നാരായണന്റെ വെട്ടുകത്തി കേറിയിറങ്ങിപോയതു....
മൂന്നാലു മാസം മുന്നേ പട്ടച്ചാരായത്തിന്റെ രസം പിടിച്ച് സുശീലയെ തൊഴിച്ചപ്പോൾ അവളുയർത്തിയ നിലവിളി അന്നു റബ്ബർതോട്ടം കഴിഞ്ഞു നാരായണന്റെ വീട്ടുമുറ്റത്തെത്തിയിരുന്നു...... ..... അതുകേട്ടു നാരായണൻ തിളങ്ങുന്ന വെട്ടുകത്തിയുമായി പാഞ്ഞുവന്നു... ചുവന്ന കണ്ണോടെ....
രണ്ടാഴ്ച ആശുപത്രിയിൽ കിടന്നു...
അതോർത്തപ്പോ പന്നിയിറച്ചിക്കൊപ്പം വിശ്വംബരന്റെ അ ണപ്പല്ലും ഞെരിഞ്ഞു................ വിശ്വംഭരൻ വീണ്ടും വീണ്ടും ഗ്ലാസ് നിറച്ചു..........
ഉച്ചയോടെ വിശ്വംഭരൻ വേച്ചു വേച്ചു നാരായണന്റെ വീട്ടിൽ ചെല്ലുമ്പോൾ സുശീല ഒരു മൂലക്കിരുന്നു കരയുന്നുണ്ട്....
നാത്തൂൻ അയാളെ കണ്ട് അർത്ഥം വച്ചു നോക്കി....
വിശ്വംഭരൻ പുരികക്കൊടി കൊണ്ടു നാത്തൂനേ അരികിൽ വിളിച്ചു....
"എന്താ കാര്യം " നാത്തൂൻ പുരികക്കൊടി കൊണ്ടു തിരികെ ചോദിച്ചു....
"ഒരു അത്യാവശ്യം " വിശ്വംഭരൻ കൈകൊണ്ടു പറഞ്ഞു.....
നാത്തൂൻ ഒന്നുകൂടി കട്ടിലിൽ കിടക്കുന്ന നാരായണനെ നോക്കി നെഞ്ചിൽ തല്ലിയിട്ട് ഒരു വശം ഒതുങ്ങി വിശ്വംഭരനടുത്തെത്തി....
"എന്നാ ചേട്ടാ " നാത്തൂൻ അടക്കത്തിൽ ചോദിച്ചു.....
"അവളോട്‌ വീട്ടില് ഒന്ന് വന്നേച്ചു പോവാൻ പറയാമോ തങ്കെ... " വിശ്വംഭരൻ അപേക്ഷസ്വരത്തിൽ നാത്തൂനേ നോക്കി ചോദിച്ചു....
"അതു എന്നാ വർത്താനമാ.... അച്ഛൻ മരിച്ചു കിടക്കുമ്പോ.... സുശീയെച്ചിയോടു വീട്ടില് ചെല്ലാൻ ഞാൻ എങ്ങനെ പറയും.... " നാത്തൂൻ അതുപറഞ്ഞു മുഖം തിരിച്ചു....
"അന്തിയാവും ശവമെടുക്കുമ്പോ ദേ പോയി ദേ വന്നു.... ഒന്ന് ചെന്നു വിളിച്ചേടി " വിശ്വംഭരൻ യാചിച്ചു....
ഒരുനിമിഷം സംശയിച്ചു നിന്നിട്ടു തങ്ക ഒരു വശം ഒതുങ്ങി സുശീലയുടെ അടുത്തെത്തി.... "ചേച്ചിയോട് വിശ്വംഭരേട്ടൻ വീട്ടില് ഒന്ന് ചെന്നേച്ചും വരാൻ ".... തങ്ക സുശീലയുടെ ചെവിയിൽ പറഞ്ഞു....
അതുകേട്ടു സുശീല വരാന്തയിൽ നിൽക്കുന്ന വിശ്വംഭരനെ നോക്കി.... അയാൾ കൈകൊണ്ടു ഭക്ഷണം തരാനുള്ള ആംഗ്യം കാണിച്ചു.....
സുശീലകട്ടിലിൽ കിടക്കുന്ന നാരായണനെ നോക്കി പിന്നെയെഴുന്നേറ്റു വിശ്വംഭരനരികിലേക്കു ചെന്നു....
"വീട്ടീ വന്നു എനിക്കിച്ചിരി ചോറു വിളമ്പി തന്നേച്ചും വാടീ " അയാൾ മുഖത്ത് സ്നേഹം നിറച്ചു പറഞ്ഞു.....
സുശീല ഒന്നും മിണ്ടിയില്ല.... തിരിഞ്ഞു അകത്തു കിടക്കുന്ന നാരായണനെ നോക്കി നെടുവീർപ്പിട്ടു വിശ്വംഭരന്റെ പിറകെ വീട്ടിലേക്കു നടന്നു...
. അവിടെ അയാൾക്ക്‌ ചോറു വിളമ്പുമ്പോൾ പലതവണ സുശീല മൂക്കുപിഴിഞ്ഞു... പന്നിയും ചോറും കഴിക്കുന്നതിനിടയിൽ ആ മൂക്കുപിഴിച്ചിൽ വിശ്വംഭരൻ ഉള്ളിൽ ആസ്വദിച്ചു.......
"നിനക്ക് വേണ്ടേടി ചോറു " ചോറുണ്ടു കഴിഞ്ഞു എണീക്കുന്നിതിനിടയിൽ അയാൾ ചോദിച്ചു.....
അതിനു മറുപടി പറയാതെ സുശീ മൂക്കും കണ്ണും തുടച്ചു....
"ഇനി ഞാൻ അങ്ങോട്ട് പൊക്കോട്ടെ ...? "
അവൾ അയയിൽ കിടന്ന തോർത്ത്‌ മേത്തിട്ടു ചോദിച്ചു...
അയാൾ ചിരിച്ചു.... വയറ്റിൽ കിടക്കുന്ന പന്നി അയാളിൽ കത്തിത്തുടങ്ങിയിരുന്നു....
അവൾ പകപ്പോടെ അയാളെ നോക്കി...
തിടുക്കത്തിൽ ഇറങ്ങാൻ നേരം അയാൾ അവളുടെ വയറ്റിൽ ചുറ്റിപിടിച്ചു...
"ന്റെ അച്ഛൻ അവിടെ...... "അവൾ മുഴുമിപ്പിച്ചില്ല അതിനു മുന്നേ അയാൾ അവളെ വലിച്ചു അകത്തു കയറ്റിവതിലടച്ചിരുന്നു............
അവിടെ നാരായണന്റെ വീട്ടിൽ സുശീലയുടെ നാത്തൂൻ തങ്കയുടെ കരച്ചിൽ തുടരെ തുടരെ കേട്ടു കോട്ടപ്പുളിമല അതൊക്കെ തിരിച്ചയച്ചു.... കരച്ചിൽ ഏറ്റെടുക്കാൻ സുശീലയുടെ വരവിനായി നാത്തൂൻ ഇടയ്ക്കിടെ റബ്ബർ തോട്ടത്തിലേക്ക് നോക്കികൊണ്ടിരുന്നു.....
നാരായണന്റെ അന്ത്യകർമങ്ങൾ തുടങ്ങാറായപ്പോഴാണ് സുശീലഎത്തിയത്...
ഒരു മൂലയ്ക്ക് മാറിയിരുന്ന സുശീലയെ നാത്തൂൻ അടിമുടി നോക്കി.... അടുത്തുചെന്നിരുന്നപ്പോൾ പന്നിമണത്തോടൊപ്പം സുശീലക്കു പട്ടച്ചാരായത്തിന്റെ മണവും ഉണ്ടെന്നു തങ്ക അറിഞ്ഞു....
നാരായണനെ കുഴിയിലേക്കെടുക്കുമ്പോഴും സുശീല ആയിരിപ്പിരുന്നു....
വിശ്വംഭരൻ നാരായണന്റെ കുഴി മൂടുന്നത് ആവേശത്തോടെ നോക്കിനിന്നു.....
രാത്രി കുളികഴിഞ്ഞു കഞ്ഞികുടിക്കുമ്പോഴാണ് സുശീല ആ ആവശ്യം ഉന്നയിച്ചത്.... "എനിയ്ക്ക് വീതം വേണം ന്റച്ഛന്റെ... "
സുശീലയുടെ പറച്ചിൽ കേട്ടു നടുങ്ങിയത് തങ്കയും വിശ്വംഭരനുമായിരുന്നു.... ആകെയുള്ള അഞ്ചുസെന്റും വീടും പങ്കുവയ്ക്കുന്നത് ഓർത്തപ്പോൾ തങ്ക അമ്മായച്ഛനെയോർത്തു കരഞ്ഞു കൂവി...
സുശീലയുടെ വാക്കുകൾ പക്ഷെ വിശ്വഭരനിൽ സന്തോഷം നിറച്ചു... അയാൾ ഭാര്യക്ക് എല്ലാപിന്തുണയും നൽകാനൊരുങ്ങി...
"എന്നാലും സുശീലേച്ചി..... ".. തങ്കയ്‌ക്കു ഓർത്തിട്ടു സഹിച്ചില്ല....
"ആകെയുള്ള ഈ അഞ്ചുസെന്റ് പാറപ്പുറം എന്നാ വീതിക്കാനാ പെങ്ങളെ "...സുശീലയുടെ ആങ്ങള രാജപ്പൻ നിസ്സഹായതയോടെ സുശീലയെ നോക്കി....
"അങ്ങനെപറഞ്ഞാലെങ്ങനാ അളിയാ.... സുശീലക്കു ആകെ കൊടുത്തത് അരപവന്റെ ഞാത്തും കഴുത്തേലൊരു നൂലും അല്ലാരുന്നോ "...വിശ്വംഭരൻ അതു പറഞ്ഞു ഒന്ന് എഴുന്നേറ്റിരുന്നു....
"എനിക്ക് അഞ്ചു സെന്റും വീടും ഒന്നും വേണ്ട "....സുശീല ശബ്ദം താഴ്ത്തി പറഞ്ഞു.....
"പിന്നെ...? " അതു ചോദിച്ചത് മൂന്നുപേരും ഒരുമിച്ചാണ്.... "പിന്നെ....? " തങ്ക ഒന്നുകൂടി ചോദ്യം ആവർത്തിച്ചു....
"എനിക്ക് ന്റച്ഛന്റെ വാക്കത്തി മതി "...അതുപറയുമ്പോൾ സുശീലയുടെ കണ്ണുകൾ നാരായണന്റെ കണ്ണുകൾ പോലെ ചുവന്നിരിക്കുന്നതു കണ്ട് വിശ്വംഭരൻ ഞെട്ടിയെണീറ്റു.....
തങ്ക അതുകേട്ടു ഓടിപോയി വാക്കത്തി കൊണ്ടുവന്നു സുശീലയെ ഏൽപ്പിച്ചു....
രാത്രി ചൂട്ടുകത്തിച്ചു റബ്ബർതോട്ടത്തിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ സുശീല മുന്നിലും വിശ്വംഭരൻ പിറകിലുമായിരുന്നു.

By Chithra

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot