നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ നിമിഷം

Image may contain: 1 person
മരണത്തിന് വല്ലാത്തൊരു തണുപ്പാണെന്നും അതിനൊരു ഗന്ധമുണ്ടെന്നും അറിയോ നിങ്ങൾക്ക് ? ശതകോടി നക്ഷത്രങ്ങൾ കണ്ണു ചിമ്മുന്നതായി കാണാം .ചുറ്റുപാടും
ഒരു പ്രകാശവലയം ഉള്ളതായി തോന്നും.എനിക്ക് ആ വെളിപാടുണ്ടായ ദിവസം
അറിയണമെങ്കിൽ എന്റെ കൂടെ പോരൂ .
ഞാൻ ശ്രീമയി .ശ്രീ എന്ന് വിളിക്കും .എനിക്ക് എന്നത്തേയും പോലെ തിരക്കേറിയ ഒരു ദിനം തന്നെയായിരുന്നു അന്നും .ആവർത്തനങ്ങളുടെ ഒരുദിവസം കൂടി.കാലത്ത് നാല് മണിക്ക് പ്രവർത്തിക്കാൻ തുടങ്ങുന്ന "ഒരു യന്ത്രം"..അതാണ് ഞാൻ .മക്കൾക്കും ഭർത്താവിനും പ്രാതലൊരുക്കി അവർക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കി ടിഫിൻ നിറയ്ക്കുമ്പോഴേക്കും മിക്കവാറും എനിക്ക് റെഡിയാവാനുള്ള സമയം അതിക്രമിച്ചിട്ടുണ്ടാവും .എന്റെ സമയക്രമം തെറ്റിയാൽ എല്ലാം പാളും .ഭർത്താവ് പത്രപാരായണം കഴിഞ്ഞ് തീൻമേശയിൽ എടുത്ത് വെച്ചിരിക്കുന്ന പ്രാതൽ കഴിച്ച് തയ്യാറായി ഓഫീസിലേക്ക് പോകും .പോകും വഴിയെ കുട്ടികളെ സ്കൂളിലും എന്നെ സ്റ്റേഷനിലും ഡ്രോപ് ചെയ്യും അത് തന്നെ സമാധാനം .
രാവിലെയുള്ള നെട്ടോട്ടം എനിക്ക് ബഹളമയമാണ് .എഴുനേൽക്കാൻ സമയം വിളിച്ചറിയിക്കുന്ന അലാറം മുതൽ തിളയ്ക്കുന്ന പാലിന്റെയും വേവുന്ന പരിപ്പിന്റെയും മണം വിളിച്ചോതുന്ന കുക്കറിന്റെ വിസിലടിയും തേങ്ങ ചിരകലിന്റെയും
മിക്സിയുടെയും എന്നു വേണ്ട എല്ലാത്തരം ശബ്ദകോലാഹലങ്ങളുടെയും
ഇടയിൽ ഓടിനടന്ന് വാതിൽ വലിച്ചടച്ച് ലിഫ്റ്റിൽ കയറി താഴെ കാർ പാർക്കിൽ
എത്തുംവരെ ബഹളങ്ങളാണ് .അത് കഴിഞ്ഞ് കാറിൽ കയറിയിരുന്നാൽ
എല്ലാം നിശ്ശബ്ദമാണെന്നൊരു തോന്നലാണനിക്ക്...പിന്നെയെല്ലാം യാന്ത്രികമാണ്...
തിരക്കേറിയ പാതകളിലെ വാഹനങ്ങളുടെ കുത്തിയൊഴുക്കിലെ നിശ്ശബ്ദത ആസ്വദി ച്ചിട്ടുണ്ടോ നിങ്ങൾ ? വാഹനങ്ങൾ സ്ലോ മോഷനിൽ പോകുന്നതായി ഭാവനയിൽ കണ്ടിട്ടുണ്ടോ ? ഞാൻ ഇതൊക്കെ ചെയ്യാറുണ്ട് . ഗതാഗതക്കുരുക്കിൽ പെട്ട് മിനുട്ടുകൾ പൊഴിഞ്ഞു വീഴുമ്പോൾ സിഗ്നൽ ചുവപ്പിൽ നിന്നു പച്ചയിലേക്ക് മാറുമ്പോഴും ആ നിശ്ശബ്ദതയ്ക്കൊരു താളമുണ്ടെന്നെനിക്ക് തോന്നും .
സ്റ്റേഷന്റെ പുറത്തിറങ്ങി പ്ലാറ്റ്ഫോമിലെ ബഹളങ്ങൾക്കിടയിലേക്ക് നൂണ്ട് കയറി വണ്ടി കാത്തിരിക്കുമ്പോൾ ,ആൾക്കാരുടെ പരക്കം പാച്ചിലിനിടയിലെ നിശബ്ദതയ്ക്ക് ഞാൻ കാതോർക്കാറുണ്ട് .ചുറ്റുപാടും നടക്കുന്ന കാഴ്ചകളിലേക്ക് കണ്ണും നട്ട് ശബ്ദങ്ങളെ തീർത്തും അവഗണിച്ച് സ്വസ്ഥമായി ഇരിക്കാൻ ശ്രമിക്കും .
എങ്കിലും പലപ്പോഴും പ്ലാറ്റ്ഫോമിലെ കാത്തിരിപ്പിനിടയിൽ പല യാത്ര പറച്ചിലുകൾക്കും വരവേൽപ്പിനും ദൃക്സാക്ഷി ആവേണ്ടി വരാറുണ്ട് .പല ദ്യശ്യങ്ങളും കൺമുന്നിലൂടെ ഓടി മറയും .പതിവുള്ള കാഴ്ചകൾ തന്നെ .അന്ന് ഒരു വൃദ്ധ ദമ്പതികളായിരുന്നു എന്റെ മുന്നിൽ .ദൂരെ എവിടെയോ ഉള്ള മക്കളുടെ അടുത്തേക്കു പോകാൻ പ്രതീക്ഷയോടെ വണ്ടി കാത്തു നിൽക്കുന്നവർ .
ഒരു പാട് സന്തോഷത്തിലാണവർ. അവിടെ അവരെക്കാത്ത് കൊച്ചുമക്കളുണ്ടാ വുമായിരിക്കും .അവരോടൊത്ത് ചെലവഴിക്കാൻ പോകുന്ന ദിനങ്ങളെക്കുറിച്ച്
സ്വപ്നങ്ങളുണ്ടാവാം .ഒരു പക്ഷേ മരുമകളോ മരുമകനോ ഇവരെ നല്ലതുപോലെ നോക്കിയില്ലെങ്കിലോ ?ഇവർ അവർക്കൊരു അധികപ്പറ്റായി തീരില്ലെന്ന് ആര് കണ്ടു ?.ആ അവസ്ഥ ഒരു പക്ഷേ നാളെ എനിക്കും വന്നു കൂടായ്കയില്ലല്ലോ ?
ആ ചിന്ത ഒരു പമ്പരം പോലെ മനസിൽ കിടന്നു കറങ്ങാൻ തുടങ്ങിയപ്പോൾ എനിക്കു തോന്നി , മുന്നോട്ടു പായുന്ന സമയചക്രം മെല്ലെ പുറകോട്ടു ചലിപ്പിക്കാൻ ശേഷിയുണ്ടാ യിരുന്നെങ്കിൽ ...യൗവനം കൗമാരത്തിലേക്കും കൗമാരം ബാല്യത്തിലേക്കും അവിടെ നിന്ന് ശൈശവത്തിലേക്കും കടന്നിട്ട് അവിടം നിശ്ചലമായിരിക്കണം .ഓർത്തപ്പോൾ ചിരി വന്നു .
ആ സമയം വൃദ്ധ ദമ്പതികൾക്ക് പോകാനുള്ള വണ്ടി വന്നു നിന്നു . യാത്രയയക്കാൻ വന്ന ആരുടെയൊക്കെയോ സഹായം കൊണ്ട് ലഗേജ് ഒക്കെ വണ്ടിയിലേക്ക് എടുത്ത് കയറ്റി .അവരും പ്രയാസപ്പെട്ട് കയറി .
അവർ സന്തോഷമായിരിക്കട്ടെയെന്ന് മനസുകൊണ്ട് പ്രാർത്ഥിച്ചു .അതോടൊപ്പം
എനിക്ക് പോകാനുള്ള വണ്ടി അര മണിക്കൂർ വൈകുമെന്നറിയിച്ചു കൊണ്ട് അനൗൺസ്മെന്റ് വന്നു .ഓഫീസിൽ എത്താൻ വൈകുമോ ആവോ !എത്ര നേ
രത്തേ സ്റ്റേഷനിൽ എത്തിയിട്ടും കാര്യമില്ല .വണ്ടി ലേറ്റായാൽ തീർന്നു .
"മോളേ എത്തിയാ ഉടനെ വിളിക്കണെ .അമ്മ കാത്തിരിക്കും .മറക്കരുത് ,എന്നും കുളി കഴിഞ്ഞാൽ തലയിൽ രാസ്നാദി തിരുമ്മണം .കാച്ചിയ എണ്ണ അമ്മ ദേ ഈ പെട്ടിയിൽ വെച്ചിട്ടുണ്ട് .അത് തേച്ച് കുളിച്ചാ മതീട്ടാ .വേറെ എണ്ണ തേച്ചാ കുട്ടിക്ക് നീരിളക്കം വരും .അറിയാലോ ?"
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ പോകുന്ന മകളെ യാത്രയയക്കാൻ വന്ന ഒരു അമ്മയുടെ വേവലാതി ഉണ്ടായിരുന്നു ആ വാക്കുകളിൽ .അവരുടെ സ്നേഹവും കരുതലുമാവും അവൾക്കുള്ള കാർഡ് ബോർഡ് പെട്ടിക്കകത്ത് .മകളുടെ മനം നിറയെ സ്വപ്നങ്ങൾ ആവും .പൂവണിയാൻ ഒരുപാട് മോഹങ്ങൾ കാണുമായിരി ക്കുo .പാവം .എല്ലാം സഫലമാവട്ടെ .
അവൾക്കും ഭർത്താവിനും പോകാനുള്ള വണ്ടി എത്തി .അമ്മ വിതുമ്പിക്കൊണ്ട് മകളെ കെട്ടിപ്പട്ടിച്ച് ഉമ്മ വെച്ചു .അച്ഛൻ കണ്ണീരടക്കാൻ പാടുപെട്ട് വിദൂരതയിലേക്ക് കണ്ണോടിച്ച് കൊണ്ട് ഓരോ പെട്ടിയായി എടുത്ത് വണ്ടിക്കകത്തേക്കു വെച്ചു .അമ്മ ഒന്നും പറയാതെ മകളെ നോക്കി കണ്ണീർ വാർത്തു കൊണ്ടിരു ന്നു .പാവം ഒറ്റ മോളാണെന്നു തോന്നുന്നു .വണ്ടി പോയ് കഴിഞ്ഞ് അമ്മ കണ്ണു തുടച്ചു കൊണ്ട് അച്ഛന്റെ പിന്നാലെ പോകുന്നത് വെറുതെ നോക്കിയിരുന്നപ്പോൾ മനസിനകത്തെന്തോ ഒരു ചലനം .
ഒരു കുട്ടിയുടെ കരച്ചിൽ കേട്ടാണ് ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞത് .വണ്ടിയുടെ
വാതിൽക്കൽ നിറകണ്ണുകളോടെ നിൽക്കുന്ന ഒരമ്മ .അച്ഛനും മകനും പുറത്തും.
ഇരു കരങ്ങളും നീട്ടി നിലവിളിച്ച് കൊണ്ട് ആ കുഞ്ഞ് അമ്മയിലേക്ക് മറിഞ്ഞു .അമ്മ കൈകൾ നീട്ടിയെങ്കിലും അച്ഛൻ അവനെ തന്നിലേക്ക് ചേർത്തു പിടിച്ചു .അവൻ അച്ഛന്റെ മേലെ രണ്ടു കൈകളും കൊണ്ട് ശക്തിയായി പിടിച്ചു തള്ളിക്കൊണ്ട് ഉറക്കെ "അമ്മാ".. എന്നു വിളിച്ചലറാൻ തുടങ്ങി .അവൾ വിതുമ്പിക്കരയാനും .അയാൾ അവനെയും കൊണ്ട് പുറത്തേക്കു നടന്നു .ആ സ്ത്രീ നിസ്സഹായയായി പതിയെ അകത്തേക്ക് നടന്നു .അവരു
ടെ നിസ്സഹായാവസ്ഥയിൽ ശോകമൂകമായി എന്റെ മനസ് .
അതേ ട്രെയിനിൽ വന്നിറങ്ങിയ ബാക്പാക്കും തൂക്കിയ കുറച്ചു വിദ്യാർത്ഥികൾ
കലപില സംസാരിച്ചു കൊണ്ട് പുറത്തേക്ക് പോവുന്നുണ്ടായിരുന്നു .
മഴച്ചാറ്റൽ തുടങ്ങിയിരിക്കുന്നു .ബാഗ് തുറന്ന് കുട ഉണ്ടെന്ന് ഒന്നു കൂടെ നോക്കി ഉറപ്പ് വരുത്തി. പിന്നെയും പരിസരം വീക്ഷിക്കാൻ തുടങ്ങി .
റെയിൽവേ പാളങ്ങളുടെ ഇടയിലൂടെ ഓടി നടക്കുന്ന രണ്ട് മൂന്ന് മുട്ടനെലികൾ പതിവ് കാഴ്ചയാണത്..അവയ്ക്കുള്ള ഭക്ഷണം ആവശ്യത്തിന് കിട്ടുന്നുണ്ടാവും .അതല്ലേ ഇവിടെ തന്നെ അലയുന്നത് ?.അതിനിടയിൽ ട്രാക്കിലൂടെ നടന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്ന ഒരു സ്ത്രീയും രണ്ട് കുട്ടികളും .മുഷിഞ്ഞ് നാറിയ വേഷം ,കുളിച്ചിട്ട് ദിവസങ്ങളായെന്ന് കണ്ടാൽ അറിയാം .പ്ലാസ്റ്റിക് ശേഖരിച്ച് മുന്നിലൂടെ പോയപ്പോൾ ഓക്കാനിക്കാൻ വന്നു .
എനിക്ക് പോവാനുള്ള വണ്ടി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ അൽപനിമിഷങ്ങൾക്കകം എത്തിച്ചേരുന്നതാണെന്ന് അറിയിപ്പ് വന്നു .ഞാൻ മെല്ലെ എഴുന്നേറ്റ് മുന്നോട്ട് നടന്നു .അപ്പോഴേക്കും ആളുകൾ വണ്ടിയിൽ ഇടിച്ച് കയറാൻ ഓട്ടം തുടങ്ങിയിരുന്നു .
ട്രെയിനിൽ കയറാനാഞ്ഞ ഞാൻ പെട്ടെന്ന് പിന്നിൽ നിന്ന് അപ്രതീക്ഷിതമായ
തള്ളിന്റെ ആഘാതത്തിൽ ട്രെയിനിന്റെ അടിയിലേക്ക് ഊർന്നു പോയി .പെട്ടെന്ന് എല്ലാം നിശ്ചലമായത് പോലെ.എന്റെ തൊണ്ടയിൽ കുരുങ്ങിയ നിലവിളി പുറത്തേക്ക് തെറിച്ച് വീണു .ഒരേ ഒരു നിമിഷം ,എന്റെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അകലം നന്നേ ചുരുങ്ങി ,ഒരു നേർത്ത രേഖയായി പരിണമിച്ചത് എനിക്കു നേരിൽ കാണാമായിരുന്നു . എന്റെ ശരീരത്തിന്റെ താപം ശൂന്യത്തിലെത്തി .എന്റെ മുന്നിൽ നക്ഷത്രക്കാഴ്ച തെളിഞ്ഞു .ചുറ്റും പ്രഭാവലയം .അതെ, ഞാൻ ആ നിമിഷത്തിലൂടെ കടന്നു പൊയ്ക്കൊ ണ്ടിരിക്കുകയാണ് .
എന്റെ ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടെന്നു തോന്നിയ നിമിഷം .അതൊരു അപ്പൂപ്പൻ താടികണക്കെ അന്തരീക്ഷത്തിലേക്ക് ഉയരാനാഞ്ഞ ആ ഒരേ ഒരു നിമിഷം!! ദൈവത്തിന്റേതെന്നു തോന്നിയ രണ്ടു കൈകൾ എന്നെ പിടിച്ചു പുറത്തേക്കു വലിച്ചു .നിശ്ചലമായ എന്റെ നിമിഷങ്ങൾക്ക് വീണ്ടും ചലനശേഷി കൈവന്നു .
ആ സമയം, ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആശ്വാസത്തിന്റെതായ ഒരു നിശ്വാസം ഉയർന്നു കേട്ടു .ആ ഒരു നിമിഷത്തെ ഞെട്ടലിൽ നിന്നു മുക്തയാവാനെനിക്കേറെ സമയം വേണ്ടി വന്നു .ആരോ വെച്ചു നീട്ടിയ വെള്ളക്കുപ്പി കൈയിലെടു ക്കുമ്പോഴും ഈ ചെറിയ സമയത്തിനകം എന്താണ് സംഭവിച്ചതെന്ന് സ്വീകരി ക്കാൻ മനസ് വിമുഖത കാട്ടി. ഞാൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് എന്നെ ആരാണ് രക്ഷിച്ചതെന്ന് ആരാഞ്ഞു .... ആരോ ഒരാൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കിയപ്പോൾ... പ്ലാസ്റ്റിക് ചാക്കും പേറി നേരത്തേ കണ്ട ആ സ്ത്രീ നടന്നകലുന്നത് കണ്ടു .... ഞാൻ നോക്കിയിരിക്കേ,"അവർ പ്ലാറ്റ്ഫോമിലെ തിരക്കി"ൽ അലിഞ്ഞു ചേർന്നു ....
നീതി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot