നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പറങ്ങോടനും പിറുങ്ങാച്ചുട്ടിയും പൊറിഞ്ചു ഹിസ്സും

Image may contain: one or more people, beard, eyeglasses and closeup
( ജോളി ചക്രമാക്കിൽ )
-----
വീതിയുള്ള വരമ്പിന്റെ
ഇരുവശത്തുമുള്ള പതിനാറു പൂട്ടു കണ്ടത്തിനപ്പുറം തോടിനക്കരയോട് ചേർന്ന
ഉയർന്ന പറമ്പിലെ രണ്ടു നിലയുള്ള ഓടിട്ട മാളികവീട്
ജന്മിയും ആ പ്രദേശത്തെ പണക്കാരനും
പ്രമുഖനും ആയ പടിഞ്ഞാറ്റിയിൽ
സുകുമാരൻ നായരുടെ തറവാട് .
തറവാട്ടിൽ ഇപ്പോൾ സുകുമാരൻ നായരും
ഭാര്യ മാധവിക്കുട്ടിയമ്മയും ആറ്റുനോറ്റുണ്ടായ ഏക മകൻ അബിജിത്തും മാത്രം.
അബിജിത്ത് ഇപ്പോൾ മൈസൂരിൽ ലോ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്നു.
മുന്നിൽ കാണുന്ന ഈ കണ്ടത്തിൽ
സ്വന്തം ആവശ്യത്തിനുള്ള നെൽകൃഷി
മാത്രം ഇപ്പോഴും മുടങ്ങാതെ ചെയ്യുന്നുണ്ട് .
പാടത്തെ പണികളും അത്യാവശ്യം പറമ്പിലെ പണികളും ചെയ്തു കൊടുക്കുന്നത്
ആശ്രിതനായ പറങ്ങോടനാണ്.
വയലിനക്കരെ ഒരു മൂന്നുസെന്റ് ചാർത്തി കൊടുത്തിട്ടുള്ളതിൽ ഒരു ചെറ്റ കുത്തിചാർത്തി
അതിലാണു പറങ്ങോടനും കിടാത്തി
പിറുങ്ങാച്ചുട്ടിയും കഴിഞ്ഞു വരുന്നത് .
നാലു വർഷം മുൻപാണ് വള്ളിയൂർക്കാവ്
ഉത്സവത്തിനിടയിൽ പറങ്ങോടൻ പിറുങ്ങാച്ചുട്ടിയെ കാണുന്നതും ,
കാർന്നോൻമാർക്ക് വെറ്റില നൽകി അവളെ പുടവ കൊടുത്ത് കൂട്ടിക്കൊണ്ടുവന്ന് കുടിയിലിരുത്തിയതും .
കൈനിറയെ പല നിറമുള്ള കുപ്പിവളകളും
കല്ലുമാലയും മൂക്കിലൊരു ചെറിയ
ചുവന്നകല്ലുള്ള സ്വർണ്ണമുക്കുത്തിയുമണിഞ്ഞ
പിറുങ്ങാച്ചുട്ടിയെ കാണാൻ കറുത്തിട്ടാണെങ്കിലും
ഒരു പ്രത്യേക അഴകാണ്.
എണ്ണമെഴുക്കുള്ള സമൃദ്ധമായ മുടി വാരിചുറ്റിവച്ച്
ചുറുചുറുക്കോടെ മുറ്റം അടിച്ചു വാരുന്നതും
അപ്പോൾ ആ ചലനത്തോടൊപ്പം താളത്തിൽ
ഇളകുന്ന നിതംബങ്ങളും നിവർന്നു നിന്ന് ചൂല് അടുത്തുള്ള തെങ്ങിൽ മുട്ടിയുറപ്പിക്കുമ്പോൾ
കഴുത്തിൽ നിന്നും വിയർപ്പ് ചാലിട്ടൊഴുകി ബ്ലൗസ്സിനുള്ളിൽ വീർപ്പുമുട്ടി നിൽക്കുന്ന മുലകൾക്കിടയിൽ ഒഴുകിയിറങ്ങി ഒളിക്കുന്നതും
പറങ്ങോടൻ ഒരു വല്ലാത്ത ആവേശത്തോടെ
നോക്കി നിൽക്കാറുണ്ട്.
കരിവീട്ടിയിൽ കടത്തെടുത്തതു പോലെയാണ്
പറങ്ങോടന്റെ ശരീരം .ബലിഷ്ടമായ മാംസപേശികൾ ,വിരിഞ്ഞ മാറിടത്തിൽ
ഒരു രോമം പേരിനുപോലുമില്ല ,
നിരയൊത്ത പല്ലുകൾക്ക് മുല്ലമൊട്ടിന്റെ നിറമാണ്
കറുത്തു ചുരുണ്ട് തഴച്ചു വളർന്ന മുടിയിടയ്ക്കിടെ മാടിയൊതുക്കണം .
ചിരട്ടക്കരി ചേർത്ത് ചാണകം മെഴുകിയ കുടിലിന്റെ കോലായ തറയിലിരുന്ന പറങ്ങോടന്റെ മുൻപിൽ ഒരു മഞ്ചട്ടി നിറയെ കഞ്ഞി കാന്താരി മുളകും ഞരടി ചേർത്തത്
വച്ചുകൊടുത്ത ശേഷം
എതിരെ ചാർത്തിന്റെ കുത്തു കൊടുത്ത മുളയിൽ ചാരി പിറുങ്ങാച്ചുട്ടി കാലു നീട്ടിയിരുന്നു
അരികിലേയ്ക്ക് നിറംമങ്ങിയ .,
ബിസ്ക്കറ്റിന്റെ തകരപ്പെട്ടി നീക്കിവച്ചു..
മൂടി തുറന്ന് വെറ്റിലയും അടയ്ക്കയും പുകയിലയും എടുത്തു പുറത്തു വച്ചു . പേനക്കത്തിയെടുത്ത് അടക്കയുടെ പുറം ചുരണ്ടി ചെറുതായി അരിഞ്ഞ് , സാമാന്യം വലിയൊരു പുകയില കഷണവും മുറിച്ചെടുത്ത് വെറ്റിലയിൽ ചുണ്ണാമ്പു തേച്ച് നാലുംകൂട്ടി മുറുക്കാൻ തുടങ്ങി .
പുകയിലയില്ലാതെ ഒരെണ്ണം കഞ്ഞിക്കുടി കഴിഞ്ഞ്
മോറും മോന്തയും കഴുകി വന്ന പറങ്ങോടനു നീട്ടി :
" പോല യില്ലാലോ...
"ല്ലാ ... രണ്ടു വിരൽ ചുണ്ടോടു ചേർത്ത് മുറ്റത്തേയ്ക്ക് നീട്ടി തുപ്പി പിറുങ്ങാച്ചുട്ടി പറഞ്ഞു
" ങ്ങളെ രു...പോലച്ചൊരുക്ക് "
" അടുത്തോടെ പാഞാ മതി മണ്ടചുറ്റി വീയാൻ "
ചുവന്നുതുടുത്ത ചുണ്ടുകൾ പിളർത്തി അവൾ
ചിരിച്ചോണ്ടിരുന്നു ..
പിറുങ്ങാച്ചുട്ടിയ്ക്ക് പുകലയില്ലാതെ മുറുക്കുന്നത്
ഓർക്കാനേ വയ്യ
വെറ്റലയില്ലേലും പൊകല ഒരു കഷണമെങ്കിലും പല്ലിനിടയിൽ വേണം കുഞ്ഞിലേയുള്ള ശീലമാണ്..
പറങ്ങോടന് പുകല മണത്താൽ തന്നെ തലച്ചുറ്റും
കല്യാണത്തിന്റെ അന്ന് ചടങ്ങിന് ആങ്ങളമാരൊപ്പം
മുറുക്കിയതേ ബോധം പോയി ,
പിറ്റേന്നാണ് ബോധമുണർന്നത്
പിറുങ്ങാച്ചുട്ടി ഇടയ്ക്കിടെ അതു പറഞ്ഞു കണവനെ എടങ്ങേറാക്കാറുമുണ്ട്..
പൂതികയറി വല്ലപ്പോഴും ഒരു ബീഡി
പറങ്ങോടൻ വലിയ്ക്കുകയാണെങ്കിൽ
തന്നെ ഒരു പുകയെടുത്ത് കെടുത്തി
ചെവിക്കു പുറകിൽ വയ്ക്കും.
അങ്ങിനെ പലവട്ടമായിട്ടാണ് ഒരു ബീഡി മുഴുവനും വലിച്ചു തീർക്കുക ...
" റാ...റാ... റസ്പുട്ടിൻ ...
ലവർ ഓഫ് ദ റഷ്യൻ ക്യൂൻ ... "
അക്കരെ നിന്നും വയലും കടന്നൊരു പാട്ട് അലച്ചെത്തി
" നായരൂട്ടി എത്തീട്ടുണ്ട് ... നി ,പോണവരെ
പാട്ടു നിർത്തൂല "...
" അവലിടിക്കുന്ന ഒച്ചയാന്നാ ഏനാദ്യം
കേട്ടേ.."
പിറുങ്ങാച്ചുട്ടി ചിരിച്ചോണ്ടു പറഞ്ഞു...
" എനക്ക് നാളെ ങ്ങട്ട് പോണം
ചെല്ലാൻ ചൊല്ലി വിട്ടിട്ടുണ്ട് നായരൂട്ടി "
പറങ്ങോടൻ പറഞ്ഞു..
*.........*
" പറങ്ങോ ടാ , കയറി വാ :"
ഇറയത്തു നിന്നും മാധവികുട്ടിയമ്മ പറഞ്ഞു
നീ മോളില് കുട്ടന്റെ മുറിയൊന്നു വൃത്തിയാക്കണം: "
" ഓ ..
വീതി കുറഞ്ഞ മരോവണി കയറി
ചെല്ലുമ്പോൾ
മൂട്ടിൽ പഞ്ഞി വച്ച സീറട്ടും
വലിച്ച് നായരുട്ടി വരാന്തയിൽ നിൽപ്പുണ്ട് .
" എന്തല്ലാ പറങ്ങോടാ ...!?
"ങു ഹും...
"സിഗരറ്റ് വേണോ ... ഇന്നാ വലിച്ചോ..!
" വേണ്ട നായരുട്ടിയേ ....
വലിക്കാൻ പൂതിയുണ്ടേലും പറങ്ങോടന്
വായിലതാണ് വന്നത്
" ഇന്നാ വച്ചോ.. !
ഒരു സിഗരറ്റ് എടുത്ത് നീട്ടിക്കൊണ്ട് നായരുട്ടി
പറഞ്ഞു .
വർദ്ധിച്ച ആഹ്ളാദത്തോടെ രണ്ടു കൈയ്യും നീട്ടി വാങ്ങി ചെവിടിനു പുറകിൽ വച്ചിട്ടു പറങ്ങോടൻ പറഞ്ഞു .
" എനക്ക് പോല ചൊരുക്കാ മണ്ടച്ചുറ്റും
കുടീ ..ല് പോയിറ്റ് വലിക്കാം !
" പറങ്ങോടാ , വാ റൂമിലെ ഈ മേശ അങ്ങട് മാറ്റിയിട് : ,
ഈ ടിവിയും വിസി ആർ ഉം ഒക്കെ പിടിപ്പിക്കാനുള്ളതാ
.....
പണിയെല്ലാം കഴിഞ്ഞ് ഒരു വീഡിയോ കാസറ്റ്
എടുത്ത് നായരുട്ടി പറങ്ങോടനോട് ചോദിച്ചു .
" ഇംഗ്ലീഷ് സിനിമ കണ്ടിട്ടുണ്ടോ..?
" ഇല്ലാ പ്പാ ...
" എന്നാലിതു കാണാം 'ബ്ലൂ ലഗൂൺ '
" ബുളു ളഗോണാ ...?!
" ആ ... ഒരു കപ്പല് തകർന്നിട്ട് രണ്ടു കുട്യോള്
ദീപിലൊറ്റക്ക് വലുതാവണതാ ...!
പറങ്ങോടൻ തറയില് കുന്തംകാലിലിരുന്നു
കണ്ണു മിഴിച്ചു
സ്ക്രീനിലെ രംഗങ്ങൾക്കൊപ്പം ഓന്തു തലമുറുക്കുന്നതു പോലെ ഇടയ്ക്കിടെ
ഇളകി കൊണ്ടിരുന്നു..
പെട്ടെന്ന് :
" നായരുട്ടിയെ .. ഓൾടെ ചിറിയല്ലേ ഓൻ കടിച്ചു മുറിക്കണെ പറിഞ്ചു പോവില്ലേ ..!
പൈയിച്ചിട്ടാണാ " ...?!
അതുകേട്ട് ..നായരൂട്ടി ചിരിച്ചോണ്ട്
പറഞ്ഞു
" അതാണ് ഫ്രഞ്ച് കിസ്സ് ...!
പറിഞ്ഞൊന്നും പോരൂല ...!
" പൊറിഞ്ചു ഹിസ്സോ "?!...
എന്നാലും ചിറി അപ്പാടെ .... , ഹൂ
ഹൂയി ഒന്നും പറ്റീലാലോ ഞാനപ്പാടെ വെന്തു പോയ്നി ... !
" അതാണ് ഒന്നും പറ്റൂല ...
പറങ്ങോടൻ കല്യാണം കഴിച്ചതല്ലേ ... ?!
'എന്നിട്ട് കെട്ടിയോൾക്ക്
ഫ്രഞ്ച് കിസ്സൊന്നും ഇതുവരെ കൊടുത്തില്ലേ..?
മോശം ,മോശം ..നല്ല സുഖമുള്ള ഏർപ്പാടല്ലേ ...!
പറങ്ങോടൻ നാണിച്ചു തല താഴ്ത്തി നിന്നു
നായരുട്ടി നീട്ടി കൊടുത്ത ഒരു ഗ്ലാസ്സ് റമ്മും
വലിച്ചു കുടിച്ച് പറങ്ങോടൻ പതിയെ മരോവണി
ഇറങ്ങി .
നേരം മോന്തിയാവാറായി . വയലിൽ ഇര തിരഞ്ഞു നടന്നുകൊണ്ടിരുന്ന കൊക്കുകളെല്ലാം പണി മതിയാക്കി അടുത്തുള്ള തെങ്ങോലകളിൽ
പറന്നു ചെന്നിരുന്ന് കൂട്ടത്തോടെ കലപിലക്കൂട്ടി.
പറങ്ങോടൻ പാടവരമ്പിൽ കാലെടുത്തു വച്ചതേ
പടിഞ്ഞാറ്റിയിൽ നിന്നും ഉച്ചത്തിൽ പാട്ടൊഴുകി ഇറങ്ങി വന്നു ..
" റാ... റാ.... റസ്പുട്ടിൻ ...
ലവർ ... ഓഫ് ... ദ... റഷ്യൻ ക്യൂൻ : "
ആ സമയം പറങ്ങോടന്റെ ഉള്ളിൽ നിന്നും റമ്മിന്റെ മണമുള്ളൊരു നാടൻ പാട്ട് .
തൊള്ളക്കീറി പുറത്തു വന്നു ...
താനോ ത നന്തിനം താനേ ....
താനോ ത നന്തിനം താനേ ....
താനോ ത നന്തിനം താനേ ....
തന്തിനാനേ ....
കണ്ണോണ്ടങ്ങനെ നോക്കല്ലേ പെണ്ണേ ...
നിന്നു ചിരിക്കല്ലേട്യേ .. .
നിന്നോടെനിക്കെന്തോന്നു
തോന്നുന്നേ ട്യേ ....
താനോ ത നന്തിനം താനേ
താനോ ത നന്തിനം താനേ ....
റാ... റാ.... റസ പു ന്തിനം താനേ ..
പുന്തിനം താനേ ...
............
വരമ്പായ വരമ്പും തോടായ തോടും ഈണം ഏറ്റു മൂളിയ കാറ്റും
കടന്ന് ഇടറുന്ന കാലോടെ കുടിയിലേയ്ക്കുള്ള
അതിരിലെ മുളയുടെ കഴയും കവച്ച്
പറങ്ങോടൻ കുടിയുടെ മുറ്റത്ത് കാലുകുത്തി.
നേരം മോന്തിയായി പിറുങ്ങാച്ചുട്ടി മരുന്നു കുപ്പീടെ മൂടിയിൽ തുളയിട്ട് തിരിയിട്ട മണ്ണെണ്ണ വിളക്കിൽ തീ പിടിപ്പിച്ചു
ഇറയത്ത് കൊണ്ടു വയ്ക്കുന്ന നേരമാണ്
കുടിയിലേയ്ക്കുള്ള കഴ കവച്ചുവച്ചു
പറങ്ങോടൻ മുറ്റത്തെത്തിയത്
" വോ ... ഇന്നെന്താ ... അനമ്പും
മോന്തിയാണ ല്ലോ ... വര വ്...!!
വിളക്ക് വച്ചു തിരിയുന്ന പിറുങ്ങാച്ചുട്ടിയുടെ
പിടയ്ക്കുന്ന ചന്തിയ്ക്ക് ഒരടി വച്ചു കൊടുത്ത്
പറങ്ങോടൻ പാടി ...
താനോ ത നന്തിനം താനേ ....
റാ.... റാ.... റാസ പു ന്തിനം താനേ ...!
പു ന്തിനം താനേ .....
കണ്ണോണ്ടങ്ങിനെ നോക്കല്ലേ പെണ്ണേ ...
നിന്നു ചിരിക്കല്ലേ ട്യേ ....
നിന്നോടെനിക്കെന്തോന്നു
തോന്നുന്നേ ട്യേ ....
താനോ തന തന്തിനം താനേ ....
കൈയ്യും കാലും മോറും കഴുകി വന്ന പറങ്ങോടൻ തോർത്തുമുണ്ടെടുത്ത് മേലുമുഴോനും വിസ്തരിച്ചു തുടച്ചു
അപ്പോൾ അവന്റെ മേലാസകലം ഉരുണ്ടുകളിച്ച
മാംസ പേശികളിൽ ഒന്നാകെ കണ്ണുഴിഞ്ഞ്
പിറുങ്ങാച്ചുട്ടി മഞ്ചട്ടിയിൽ കാന്താരി പൊട്ടിച്ചിട്ട കഞ്ഞിയും ഉണക്ക മീൻ ചുട്ടതും കോലായിൽ കൊണ്ടു വച്ചു
കോട്ടിയ പ്ലാവില കൈയാൽ കഞ്ഞി കുടിച്ചെണീറ്റ പറങ്ങോടൻ മോറും മോന്തയും കഴുകി ഇറയത്തിരുന്നു
പണിയെല്ലാം തീർത്ത് ഒന്നു മുറുക്കാൻ വട്ടം കൂട്ടി വന്ന പിറുങ്ങാച്ചുട്ടിയെ പിടിച്ച് മടിയിലിരുത്തി
ആ മിനുസമുള്ള മുഖത്ത് ഒരു മുത്തം കൊടുത്തു
ഒന്നായി ആടിയുലഞ്ഞിളകിയവൾ പിടുത്തം വിടുവിച്ച് ചിരിച്ചു കൊണ്ട് അകത്തു പോയി പായവിരിച്ചു
. " പറങ്ങോടേ ...ട്ടാ...
" പിറുങ്ങാ ച്ചുട്ട്യേ ....
കന്നിമഴയിൽ പുത്തൻ കണ്ടത്തിലെ
മൺക്കട്ട അലിയുന്നതു പോൽ
ചൂടും ചൂരും പൊന്തി വന്നു
" പ...റേ
" പി.. റൂ
പെട്ടെന്നാണ് പറങ്ങോടന് പൊറിഞ്ചു ഹിസ്സ്
ഓർമ്മ വന്നത്
പിറുങ്ങാച്ചുട്ടിയുടെ ചിറിയും തന്റെ
ചിറിയും ചേർത്ത് പറങ്ങോടൻ ശക്തിയായി
ശ്വാസം അകത്തോട്ട് വലിച്ചു കയറ്റി
മ് മ് ബ്ഭ......
ആദ്യാനുഭവത്തിന്റെ ലഹരിയിൽ നീന്തി തുടിക്കവേ . പെട്ടെന്ന് ഒരു നഷ്ടബോധം
പിറുങ്ങാച്ചുട്ടിയ്ക്ക് അനുഭവപ്പെട്ടു
പിന്നാലെ പറങ്ങോടൻ വെട്ടിയിട്ട പോലെ
പുറകിലേയ്ക്ക് മലച്ചു വീണു
പൊടുന്നനെ വായിലുണ്ടായ ശൂന്യത
നാവു കൊണ്ടു തപ്പി നോക്കിയപ്പോൾ
കിടാത്തിയ്ക്ക് കാര്യം പിടിക്കിട്ടി
വർഷങ്ങളായി അണയിലിരുന്ന വീര്യം മൂത്ത പുകലത്തുണ്ടാണ് കണവൻ വലിച്ചെടുത്ത് ബോധം പോയി കിടക്കണത് .
ഇനി നേരം വെളുക്കണം .
പിറുങ്ങാച്ചുട്ടി വെറ്റില ടിന്നിൽ നിന്നും
ഒരു വലിയ കഷണം പുകയില മുറിച്ച്
പല്ലിനിടയിലെ വിടവിലേയ്ക്ക് കുത്തിയിറക്കി
ദീർഘ നിശ്വാസം വിട്ടു...
താനോ ത നന്തിനം . താറാ....
പോലച്ചൊരുക്കിലും പറങ്ങോടൻ
പായിൽ തിരിഞ്ഞും മറിഞ്ഞും മൂളിക്കൊണ്ടിരുന്നു .....
2019 - 07 - 21
( ജോളി ചക്രമാക്കിൽ )
പുകയില ഉപയോഗം
അതു ഏതു വിധത്തിലായാലും
ഹാനികരമാണ് ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot