ജിതേഷ് ഒരു കൈയിൽ ശ്രീബാലയെ മുറുകെ പിടിച്ച് ഫോണിൽ ആംബുലൻസ് നമ്പർ ഡയല് ചെയ്തു.എന്നിട്ട് അവളെ തന്റെ കൈകളിൽ കോരി എടുത്തു.അവളുടെ തല പിറകോട്ട് തൂങ്ങിയപ്പോൾ അവൻ അത് തന്റെ ഇടത്തെ കൈകൊണ്ട് നെഞ്ചോടടുക്കി വെച്ചു.പിന്നെ അവിടുന്ന് നേരെ ലോബിയിലേക്ക് ഓട്ടമായിരുന്നു! ആരൊക്കെയോ ചുറ്റും നിന്ന് എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അവൻ ചുറ്റുമുള്ളതൊന്നും കാണുകയോ കേൾക്കുകയോ ഉണ്ടായിരുന്നില്ല.. നിമിഷങ്ങൾക്കുള്ളിൽ ഒരു ആംബുലൻസ് ഹോട്ടലിന്റെ മുൻപിൽ വന്ന് നിന്നു! അതിൽ നിന്നും രണ്ടുപേർ ഇറങ്ങി അവളെ ജിതേഷിന്റെ കൈകളിൽ നിന്ന് വാങ്ങി സ്‌ട്രെച്ചറിൽ കിടത്തി ആംബുലൻസിലേക്ക് കയറ്റി.ജിതേഷും അവരുടെ കൂടെ അതിനകത്തേക്ക് കയറി.വണ്ടി ഹോസ്പിറ്റലിലേക്ക് പാഞ്ഞു.
വഴിനീളം ജിതേഷ് ശ്രീബാലയുടെ കൈയിൽ മുറുകെ പിടിച്ചു.
"ഞാൻ നിന്നോട് പൊറുക്കാനാവാത്ത തെറ്റുകൾ ചെയ്തിട്ടുണ്ട്..നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്..കരയിപ്പിച്ചിട്ടുണ്ട്..പക്ഷേ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു..ജീവനായിരുന്നു..എന്റെ തെറ്റുകൾ തിരുത്താൻ എനിക്ക് ഒരവസരം തന്നുകൂടെ?എന്നെ വിട്ട് പോവല്ലേ.. പ്ളീസ്.."ജിതേഷ് കൊച്ചുകുട്ടികളെ പോലെ അവളുടെ അടുത്തിരുന്ന് കരഞ്ഞു.**
ഗിരിയും കുട്ടനും വീട്ടിൽ വന്നപ്പോൾ വേണി അവർക്കുള്ള അത്താഴം എടുത്ത് വെച്ചു.രണ്ടാളുടെയും മുഖത്ത് തെളിച്ചം ഇല്ല എന്ന് വേണി പ്രത്യേകം ശ്രദ്ധിച്ചു.
രണ്ടുപേരും തമ്മിൽ എന്തെങ്കിലും പറഞ്ഞ് ചുമ്മാ പിണങ്ങിയതായിരിക്കാം എന്ന് വെച്ച് അവൾ അത് കാര്യമാക്കിയില്ല.
കഴിക്കാനിരുന്നപ്പോഴും ആരും പരസ്പരം സംസാരിച്ചില്ല.കുട്ടൻ ഒന്നും കഴിക്കാതെ പാത്രത്തിൽ ചിക്കി ചികഞ്ഞ് ഇരുന്നു.ഗിരി മൂടി കെട്ടിയ മുഖത്തോടെ ആഹാരം കഴിച്ചെന്ന് വരുത്തി പെട്ടെന്ന് എഴുന്നേറ്റു..
"എന്താ രണ്ടിന്റെയും മോന്തക്കുറ്റി 'ഭും' എന്നിരിക്കുന്നത്?" വേണി കളിയായി ചോദിച്ചു.
"ചിലരുടെ സ്ഥായീഭാവം ഇത് തന്നെയാണ്.പക്ഷെ നിനക്കിത് എന്ത് പറ്റിയെടാ ചെക്കാ?"അവൾ ഗിരിയെ കളിയാക്കി കുട്ടനെ നോക്കി ചോദിച്ചു.
കുട്ടൻ വേണിയെ ഒന്ന് നോക്കി.അവന് തന്നോടെന്തോ പറയാൻ ഉള്ളതായി അവൾക്ക് തോന്നി.
"എന്താടാ?എന്താ കാര്യം?"വേണി ചോദിച്ചു.
"ചേച്ചി..ഒരു കാര്യം പറഞ്ഞാൽ ബഹളം വെക്കരുത്.."അവൻ പറഞ്ഞു.
"എന്താടാ?നീ കാര്യം പറയ്.."വേണി കഴിപ്പ് നിർത്തി പ്ലേറ്റ് താഴെ വെച്ചു.
"ജിതേഷ് സാർ വിളിച്ചിരുന്നു.."കുട്ടൻ മടിച്ച് മടിച്ച് പറഞ്ഞു.
"അതിന് ?" വേണിക്കെന്തൊ ചെറിയ ഭയം തോന്നി.
"എന്റെ ചേച്ചിക്കെന്തെങ്കിലും പറ്റിയോ?അയാളെന്റെ ചേച്ചിയെ കൊന്നോ?"വേണി ചോദിച്ചു.കുട്ടൻ എന്തായിരിക്കും പറയാൻ പോവുന്നതെന്ന് അറിയാതെ വേണിയുടെ കണ്ണുകൾ നിറഞ്ഞുവന്നു.
"അത് പിന്നെ.."കുട്ടൻ പറയാൻ മടിച്ചു.
"എന്താടാ കാര്യം മനുഷ്യനെ ഇട്ട് തീ തീറ്റിക്കാതെ നീ ഒന്ന് പറയുന്നുണ്ടോ?"വേണിക്ക് ദേഷ്യം വന്നു.ഗിരി കൈ കഴുകുകയായിരുന്നു.
"ചേച്ചീടെ അച്ഛനും ശ്രീബാല ചേച്ചിയും ഹോസ്പിറ്റലിൽ ആണ്.."കുട്ടൻ പറഞ്ഞത് കേൾക്കാൻ ത്രാണി ഇല്ലാതെ അവൾ തല കറങ്ങി താഴേക്ക് വീഴാൻ തുടങ്ങി! പെട്ടെന്ന് ഗിരി അവളെ താങ്ങിപ്പിടിച്ചു. അയാൾ കുട്ടനോട് അവളുടെ മുഖത്തേക്ക് വെള്ളം തളിക്കാൻ ആവശ്യപ്പെട്ടു.കുട്ടൻ പെട്ടെന്ന് ഗ്ലാസിൽ നിന്നും കുറച്ച് വെള്ളമെടുത്ത് വേണിയുടെ മുഖത്തേക്ക് തളിച്ച്.ഒന്ന് രണ്ട് നിമിഷങ്ങൾ കഴിഞ്ഞ് അവൾ കണ്ണുകൾ തുറന്നു.ഗിരിയുടെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു..
"എന്താ എന്താ അവർക്ക് പറ്റിയത്?"വേണി കരഞ്ഞുകൊണ്ട് ചോദിച്ചു.ജിതേഷ് വിളിച്ചതും അവിടെ നടന്ന സംഭവങ്ങളും ഒക്കെ അവൻ വേണിയെ പറഞ്ഞ് കേൾപ്പിച്ചു.
"എനിക്കിപ്പോ പോണം.അവരുടെ അടുത്തേക്ക് എനിക്കിപ്പോ പോവണം.."വേണി അലച്ചു വിളിച്ചുകൊണ്ട് മുറിയിലേക്ക് പോയി ബാഗ് എടുത്ത് അവിടെ കിടന്ന തുണികൾ എല്ലാം പെറുക്കി അതിലേക്കിട്ടു. അവൾ കൈ കഴുകാൻ പോലും മറന്നുപോയിരുന്നു.
"ഈ രാത്രി എങ്ങനെയാ ഇപ്പൊ അങ്ങോട്ട് പോവുന്നത്?"കുട്ടൻ അവളുടെ അടുത്തേക്ക് വന്ന് ചോദിച്ചു.
"രാത്രിക്ക് രാത്രി തന്നെ അല്ലെ എന്നെ ഇങ്ങോട്ട് തട്ടിക്കൊണ്ടുവന്നത്?അതിന് കുഴപ്പമൊന്നുമില്ലായിരുന്നല്ലോ.."വേണി ദേഷ്യപ്പെട്ടു.
"തോന്നുമ്പോ ഇറങ്ങിപ്പോവാൻ അവളെ ഇവിടെ പിക്നിക്കിന് കൊണ്ടുവന്നേക്കുന്നതല്ലെന്ന് പറയ് കുട്ടാ.."ഗിരി വിളിച്ച് പറഞ്ഞു.
"എനിക്ക് എന്റെ അച്ഛനെ കാണണം .എന്റെ ചേച്ചിയെ കാണണം.എന്നെ ഒന്ന് കൊണ്ടുപോവുമോ അവരുടെ അടുത്തേക്ക്?"വേണി ഗിരിയുടെ മുൻപിൽ ചെന്ന് നിന്ന് കെഞ്ചി.ഗിരിക്ക് അവളുടെ കണ്ണുനീർ കണ്ടുനിൽക്കാനായില്ല.പക്ഷെ അവന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.വേണിയെ അറിയിക്കരുതെന്ന് ജിതേഷ് പ്രത്യേകം പറഞ്ഞതാണ്.പക്ഷെ ശ്രീബാലയ്‌ക്കോ ശേഖരനോ എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാണ് വേണിയെ അറിയിക്കുന്നതെങ്കിൽ അവൾ ഒരിക്കലും തങ്ങളോട് പൊറുക്കില്ല എന്ന് ഗിരിക്ക് അറിയാമായിരുന്നു. അത് കൊണ്ടാണ് അവളോട് ഈ കാര്യം പറയാൻ തന്നെ തീരുമാനിച്ചത്.കുട്ടൻ ആവുമ്പൊ ഇത് കൈകാര്യം ചെയ്യാൻ അറിയാമെന്നത് കൊണ്ടാണ് വേണിയോട് സംസാരിക്കാൻ അവനെ ഏൽപ്പിച്ചത്.
ഗിരി വേണിയുടെ കരച്ചിൽ കണ്ടില്ലെന്ന് നടിച്ചു.
"ഇപ്പൊ പോവാൻ പറ്റില്ല."ഗിരി ഗൗരവത്തോടെ പറഞ്ഞു.വേണിയുടെ മുഖം മാറി.
"നിങ്ങൾ മനുഷ്യൻ ആണോ?എന്റെ അച്ഛനും ചേച്ചിയും ആണ് അവിടെ മരിക്കുമോ ജീവിക്കുമോ എന്നറിയാതെ ആശുപത്രിയിൽ കിടക്കുന്നത്.അവരുടെ ഈ അവസ്ഥയിൽ ജിതേഷിനെപ്പോലെ തന്നെ നിങ്ങൾക്കും പങ്കുണ്ടെന്നുള്ളത് മറക്കണ്ട!" വേണി ഗിരിയുടെ നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു! ഗിരി അത് കേൾക്കാത്ത ഭാവത്തിൽ ഇരുന്നു.
"ശരി നിങ്ങൾ ആരും എന്നെ കൊണ്ടുവിടണ്ട.എനിക്ക് പോവാൻ അറിയാം..ആവശ്യം എന്റെ ആണല്ലോ.അവിടെ മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുന്നത് എന്റെ അച്ഛനും ചേച്ചിയും ആണല്ലോ.ഞാൻ പൊക്കോളാം.."വേണി ബാഗുമെടുത്ത് വാതിലിന്റെ കുറ്റി തുറക്കാൻ ഭാവിച്ചു...കുട്ടൻ വിളിച്ചിട്ടും അവൾ നിന്നില്ല.പെട്ടെന്ന് ഗിരി അവളുടെ കൈ തട്ടി മാറ്റി വാതിലിന്റെ കുറ്റി തിരികെ ഇട്ടു.
"ഇപ്പൊ പോവാൻ പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല!"ഗിരി കട്ടായം പറഞ്ഞു.
"അത് നിങ്ങൾ അല്ല തീരുമാനിക്കേണ്ടത്.."വേണി വീണ്ടും വാതിലിന്റെ കുറ്റി തുറക്കാൻ തുടങ്ങിയപ്പോൾ അയാൾ അവളുടെ കൈയിൽ പിടിച്ചു.
"എന്റെ കൈ വിട്.."കരച്ചിലിനിടയിലും വേണിയുടെ സ്വരം മുറുകി.
"മരിയാദയ്ക്ക് അകത്ത് പൊയ്ക്കോ!"ഗിരി ശബ്ദം ഉയർത്തി പറഞ്ഞു.
"ചേച്ചി ഈ രാത്രി ഒന്ന് കഴിയട്ടെ നമ്മക് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കാം.."കുട്ടൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"എന്റെ കൈ വിടാനാ പറഞ്ഞത്.."വേണി പല്ലുകടിച്ചുകൊണ്ട് ഗിരിയെ നോക്കി.കൈ വിട്ടാൽ വേണി വാതിൽ തുറന്ന് വെളിയിലേക്ക് പോവുമോ എന്ന് വിചാരിച്ച് ഗിരി അവളുടെ കൈയിൽ മുറുകെ പിടിച്ച് അവളുടെ കൈയിൽ നിന്നും ബാഗ് തട്ടിപ്പറിച്ച് മുറിയിലേക്ക് എറിഞ്ഞു.
വേണിയുടെ സർവ നിയന്ത്രണവും വിട്ടുപോയി.അവൾ എച്ചിൽ കൈ നിവർത്തി ഗിരിയുടെ കവിളിൽ ആഞ്ഞടിച്ചു! കുട്ടനും ഗിരിയും ഒരുപോലെ സ്തംഭിച്ച്നിന്നുപോയി!
"എന്നെ തട്ടിക്കൊണ്ടുവന്നതാണെങ്കിലും നിങ്ങളുടെ ഉള്ളിൽ ഒരു ഹൃദയം ഉണ്ടെന്ന് മനസ്സിലായപ്പോ എപ്പോഴോ ഞാൻ നിങ്ങളെ സ്നേഹിച്ച് തുടങ്ങിയിരുന്നു.പക്ഷെ ഇതുപോലൊരു വാർത്ത അറിഞ്ഞിട്ടും നിങ്ങൾ എന്റെയടുത്ത് നിന്നും മറച്ചു വെച്ചു.കുട്ടൻ അവന്റെ ശുദ്ധഗതിക്ക് എന്നെ ഈ വിവരം അറിയിച്ചു.ആ സമയവും ഞാൻ ഉണ്ടാക്കിയ ആഹാരം ഇരുന്ന് വെട്ടി വിഴുങ്ങിയതല്ലാതെ നിങ്ങൾ ഒരക്ഷരം മിണ്ടിയില്ല. 'പോവാൻ പറ്റില്ല ' എന്ന് ഭീഷണിപ്പെടുത്തിയതല്ലാതെ ഈ നേരം വരെയും നിങ്ങൾ എന്നെ ഒന്ന് ആശ്വസിപ്പിച്ചില്ല. ഞാൻ അന്ന് പറഞ്ഞില്ലേ നിങ്ങൾക്ക് ബന്ധങ്ങളുടെ വില അറിയില്ല. നിങ്ങൾ ചെകുത്താൻ ആണ്.രാക്ഷസൻ! " വേണി ഗിരിയുടെ നേരെ വിരൽ ചൂണ്ടി പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.പിന്നെ കരഞ്ഞുകൊണ്ട് അവൾ മുറിയിൽ കയറി വാതിൽ അടച്ചു.കുട്ടൻ ഗിരിയെ നോക്കി.അവൻ അടികൊണ്ട കവിൾ പൊത്തിപ്പിടിച്ച് നിൽക്കുകയായിരുന്നു.കണ്ണുകൾ ചുവന്ന് കലങ്ങിയിട്ടുണ്ട്.
"ഗിരിയേട്ടാ.." കുട്ടൻ വിഷമത്തോടെ വിളിച്ചു.
ഗിരി അവനെ നോക്കാതെ പെട്ടെന്ന് വാതിൽ തുറന്ന് വെളിയിലേക്കിറങ്ങിപ്പോയി***
ശ്രീബാല കണ്ണുകൾ വലിച്ച് തുറന്നു.താൻ എവിടെയാണ് കിടക്കുന്നതെന്ന് പെട്ടെന്ന് അവൾക്ക് മനസ്സിലായില്ല.അത് ഒരു ഹോസ്പിറ്റൽ റൂം ആണെന്ന് മനസ്സിലായതും അവൾ പെട്ടെന്ന് എഴുന്നേൽക്കാൻ ഒന്ന് ശ്രമിച്ചു.ശരീരം തളരുന്നത് പോലെ തോന്നിയപ്പോൾ അവൾ കട്ടിലിലേക്ക് തന്നെ വീണു..
"അയ്യോ ഇപ്പൊ എഴുന്നേൽക്കല്ലേ..ഡ്രിപ് ഇട്ടിരിക്കുകയാണ്.."
ആരോ പറയുന്നത് കേട്ടപ്പോൾ അവൾ പെട്ടെന്ന് അങ്ങോട്ടേക്ക് നോക്കി.നേഴ്സ് അവളുടെ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നത് ശ്രീബാല കണ്ടിരുന്നില്ല.
തന്റെ കൈത്തണ്ടയിലെ ബാൻഡേജ് കണ്ടപ്പോഴാണ് സംഭവിച്ചതൊക്കെയും ഒരു മിന്നൽ പോലെ അവളുടെ മനസ്സിലൂടെ കടന്നുപോയത്.
"ഞാൻ മരിച്ചില്ലേ??" അവൾ സ്വയം ചോദിച്ചു.
"അതിന് മരിക്കാൻ ഈ സാറ് സമ്മതിച്ചിട്ട് വേണ്ടേ?"നേഴ്സ് ആരെയോ ചൂണ്ടി പറഞ്ഞു.അപ്പോഴാണ് ജനലിന്റെ സൈഡിലുള്ള കസേരയിൽ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്ന ജിതേഷിനെ ശ്രീബാല കണ്ടത്..അവന്റെ കോലം കണ്ട് അവൾ അതിശയിച്ചു.കണ്ണുകൾ ചുവന്ന് മുടി പാറിപ്പറന്ന് ഇട്ടിരുന്ന വസ്ത്രത്തിൽ ചോരക്കറ പുരണ്ട് ആകെ പ്രാകൃതമായിരുന്നു അവന്റെ കോലം.
"എന്തൊരു കരച്ചിലായിരുന്നു.ആണുങ്ങള് ഇങ്ങനെ കിടന്ന് കരയുന്നത് ഞാൻ ആദ്യം കാണുകയാ.."നേഴ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു.ശ്രീബാല ജിതേഷിനെ അത്ഭുതത്തോടെ നോക്കി.അവൻ ഒന്നും മിണ്ടിയില്ല.
"ആള് കണ്ണുതുറന്നല്ലോ..ഇനിയെങ്കിലും ഒന്ന് പോയി എന്തെങ്കിലും കഴിച്ച് ഇച്ചിരി റെസ്ററ് എടുക്ക് സാറെ..എത്ര മണിക്കൂറായി ഈ ഇരിപ്പ് തുടങ്ങിയിട്ട്?"നേഴ്സ് അവനെ സ്നേഹത്തോടെ ശാസിച്ചു.
ജിതേഷ് അവരെ നോക്കിയില്ല.അവന്റെ നോട്ടം ശ്രീബാലയുടെ മുഖത്തേക്കായിരുന്നു.
"എന്റെ ഷിഫ്റ്റ് കഴിഞ്ഞു.ഞാൻ ഇനി രാത്രിയെ വരുള്ളൂ.എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവിടെ സിമി സിസ്റ്റർ ഉണ്ട്..വിളിച്ചേക്കണേ..വൈകിട്ട് കാണാം.."നേഴ്സ് ജിതേഷിനോടും ശ്രീബാലയോടും യാത്ര പറഞ്ഞ് മുറിയിൽ നിന്നിറങ്ങി ഡോർ അടച്ചു.
ശ്രീബാല ജിതേഷിനെ നോക്കി.അവന്റെ ഇരിപ്പ് കണ്ടപ്പോൾ അവൾക്ക് കഷ്ടം തോന്നി.
പെട്ടെന്ന് ശേഖരന്റേയും വേണിയുടെയും മുഖം ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്റെ അച്ഛൻ ജീവനോടെ ഉണ്ടോ?"ശ്രീബാല വെപ്രാളത്തോടെ ചോദിച്ചു.
ജിതേഷ് തന്റെ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്ത് അവളുടെ കൈയിൽ കൊടുത്തു.
ശ്രീബാല അത് തന്റെ ചവിയോട് ചേർത്തു.
"ഹലോ.."അപ്പുറത്ത് നിന്ന് ശേഖരന്റെ ശബ്ദം കേട്ടതും ശ്രീബാല 'അച്ഛാ' എന്ന് വിളിച്ച് വിങ്ങിക്കരഞ്ഞു!
"എന്റെ മക്കൾ കള്ളം പറയില്ല എന്നും കള്ളത്തരം കാണിക്കില്ല എന്നുമൊരു വിശ്വാസം എനിക്കുണ്ടായിരുന്നു.ഞാൻ അങ്ങനെയാണ് അവരെ വളർത്തിയതും.പക്ഷെ എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി!"ശേഖരന്റെ തളർന്ന സ്വരം അവൾ കേട്ടു.
"ഒരിക്കലെങ്കിലും നിനക്കോ വേണിക്കോ എന്നോട് സത്യങ്ങൾ പറയാമായിരുന്നു..ഈ പാവം അച്ഛനെ പൊട്ടൻ കളിപ്പിക്കണമായിരുന്നോ മക്കളെ?"ശേഖരൻ ചോദിച്ചത് കേട്ട് ശ്രീബാല കരച്ചിലടക്കാൻ പാട് പെട്ടു.
"അവർ നിങ്ങളെ ഉപദ്രവിച്ചോ മക്കളെ? നിങ്ങൾ ശെരിക്കും ഡൽഹിയിൽ തന്നെയാണോ?
വേണി മോൾ കണ്ണന്റെ കൂടെ ആന്ധ്രാ പ്രദേശിൽ ആണെന്ന് പറഞ്ഞത് സത്യമാണോ ?എന്തിനാ ജിതേഷും കണ്ണനും നമ്മളോടിത്രയും വലിയൊരു ചതി ചെയ്തത്?അത് തന്നെയാണോ അവന്മാരുടെ ശെരിക്കുള്ള പേര്?അതോ അതും കള്ളത്തരം ആണോ? അവരാരാ ശെരിക്കും?അച്ഛൻ ആരോടാ പറയേണ്ടത്?ആരുടെ കാലിലാ വീഴേണ്ടത്?നിങ്ങളെ ഞാൻ എങ്ങനെയാ മക്കളെ രക്ഷിക്കുന്നത്?"ശേഖരൻ ഒറ്റശ്വാസത്തിൽ ചോദിച്ചു. അദ്ദേഹം കരയുകയാണെന്ന് ശബ്ദം കേട്ടപ്പോൾ അവൾക്ക് മനസ്സിലായി.
പെട്ടെന്ന് ആരോ ശേഖരന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി ശ്രീബാലയോട് സംസാരിച്ചു.
"അതെ ഞാൻ ക്ലാര,ഇവിടുത്തെ നേഴ്സ് ആണേ..മോളെ അപ്പച്ചനെ കൊണ്ട് അധികം സംസാരിപ്പിക്കരുത്.അദ്ദേഹം ഇപ്പഴും ഐ.സി.യു വിൽ തന്നെ ആണ്.അപകട നില തരണം ചെയ്തു.പക്ഷെ ഒട്ടും സ്‌ട്രെയിൻ എടുക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഉടനെ റൂമിലേക്ക് മാറ്റും.രണ്ട് ദിവസം കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യൂ."അവർ പറഞ്ഞു.ശേഖരൻ അപകട നില തരണം ചെയ്തു എന്ന് കേട്ടതും ശ്രീബാല എല്ലാ ദൈവങ്ങളെയും വിളിച്ച് നന്ദി പറഞ്ഞു.
"അച്ഛന്റെ കൂടെ അവിടെ ആരെങ്കിലും ഉണ്ടോ?"ശ്രീബാല ചോദിച്ചു.
"ബെസ്റ്റാൻഡർ ഉണ്ട്.മനു.പുള്ളി പുറത്ത് നിൽപ്പുണ്ട്.ഫോൺ കൊടുക്കണോ?"ക്ലാര ചോദിച്ചു..ജിതേഷ് മനുവിനെ എല്ലാം പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ടാവുമെന്ന് ശ്രീബാലയ്ക്ക് അറിയാമായിരുന്നു.
"വേണ്ട..അച്ഛന്റെ കൈയിൽ ഒന്നുകൂടി ഫോൺ കൊടുക്കാമോ?ഞാൻ പെട്ടെന്ന് നിർത്തിക്കോളാം."ശ്രീബാല പറഞ്ഞു.
" അപ്പച്ചൻ ദാ നല്ല കരച്ചിൽ ആണ്. എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്ക്.."ക്ലാര അവളോട് പറഞ്ഞു.."ഇനിയും കരച്ചിൽ ആണെങ്കിൽ ഞാൻ ഇത് ഇപ്പൊ കട്ട് ചെയ്യും കേട്ടോ..എത്ര കഷ്ടപ്പെട്ടാ ഞങ്ങള് അപ്പച്ചനെ രെക്ഷിച്ചതെന്ന് അറിയാമോ?ഇങ്ങനെ ആണെങ്കിൽ ഇനി ഫോൺ വിളിക്കാൻ ഞാൻ സമ്മതിക്കത്തില്ല കേട്ടോ.."ക്ലാരയുടെ വാത്സല്യം കലർന്ന ശാസന അവൾ കേട്ടു.
"ഹലോ..നീ ഇപ്പൊ എവിടെയാ മോളെ?"ശേഖരന്റെ സ്വരം ഇടറി.താൻ ഹോസ്പിറ്റലിൽ ആണെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് ശ്രീബാലയ്ക്ക് മനസ്സിലായി.അത് അറിയാതിരിക്കുകയാണ് നല്ലതെന്ന് അവളോർത്തു..
"അച്ഛാ..അച്ഛൻ പേടിക്കുന്നത് പോലെ ഇവിടെ എനിക്കും വേണി മോൾക്കും ഒരു കുഴപ്പവുമില്ല.ഞങ്ങളെ ആരും ഉപദ്രവിച്ചിട്ടില്ല. കള്ളം പറയുകയല്ല സത്യമായും ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്.താമസിയാതെ ഞങ്ങൾ നാട്ടിൽ വരും.കാര്യങ്ങൾ എല്ലാം നേരിൽ കാണുമ്പോൾ വിശദമായി പറയാം.അച്ഛൻ ഒന്നുമോർത്ത് മനസ്സ് വിഷമിപ്പിക്കരുത്..ഫോൺ വെക്കുവാണേ.."ശ്രീബാല അദ്ദേഹത്തെ ആശ്വസിപ്പിച്ച് അധികം സംസാരിക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്തു.
ജിതേഷ് എല്ലാം കേട്ടുകൊണ്ട് അവളുടെ തൊട്ടടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
അവൾ ഫോൺ അവന് നേരെ നീട്ടി.ജിതേഷ് അത് വാങ്ങി പോക്കറ്റിൽ വെച്ചു..
ശ്രീബാല അവന്റെ മുഖത്തേക്ക് നോക്കി.കുറച്ച് മണിക്കൂറുകൾ കൊണ്ട് അവൻ അനുഭവിച്ച മാനസികസംഘർഷം എത്രയെന്ന് അവൾക്ക് അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു.
"ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് ഡോക്ടർ പറഞ്ഞത്.."ജിതേഷ് പതിയെ സംസാരിച്ചു തുടങ്ങി..
ശ്രീബാല ഒന്നും മിണ്ടിയില്ല.
"അവനെ കൈയിൽ കിട്ടിയിട്ടുണ്ട്.അവൻ ഇനി പുറം ലോകം കാണില്ല!" ജിതേഷ് പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.കണ്ണനെ ഉദ്ദേശിച്ചാണ് ജിതേഷ് പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായി.ഹോട്ടലിലെ സി.സി.ടി.വി.യിൽ കണ്ണൻ ശ്രീബാലയുടെ മുറിയിലേക്ക് കയറിപ്പോവുന്ന വീഡിയോ ജിതേഷ് കണ്ടിട്ടുണ്ടാവുമെന്ന് അവൾക്ക് തോന്നി..
"അയാളും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം?"ശ്രീബാല പെട്ടെന്ന് ചോദിച്ചു.ജിതേഷിന്റെ മുഖത്തെ ദയനീയ ഭാവം കണ്ടപ്പോൾ അത് വേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി..ജിതേഷ് തല താഴ്ത്തി ഇരുന്നു.അവൻ ഒന്നും കഴിച്ചില്ല എന്ന് നേഴ്സ് പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു.
"എന്തെങ്കിലും പോയി കഴിക്ക്..വീട്ടിൽ പോയി കുളിച്ച് റസ്റ്റ് എടുത്തിട്ട് ഉടുപ്പൊക്കെ മാറിയിട്ട് വന്നാൽ മതി "ശ്രീബാലയുടെ സ്വരം ആർദ്രമായി .ജിതേഷ് ഒന്നും മിണ്ടിയില്ല.
"അതെ..ഇങ്ങനെ കഴിക്കാതേം ഉറക്കമില്ലാതെയുമിരുന്നാൽ ശെരിയാവില്ല കേട്ടോ..ഞങ്ങളോടുള്ള പ്രതികാരം തീർക്കണ്ടേ?മറന്നുപോയോ? അതിന് കുറച്ച് ആരോഗ്യം ഒക്കെ വേണ്ടേ?"ശ്രീബാല കളിയായി പറഞ്ഞു.പെട്ടെന്ന് ജിതേഷ് അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് അവളുടെ വയറിൽ തല വെച്ച് വിതുമ്പി! അവനിൽ നിന്നും അങ്ങനെ ഒരു പ്രതികരണം ഉണ്ടാവുമെന്ന് ശ്രീബാല സ്വപ്നത്തിൽ പോലും വിചാരിച്ചില്ല !
"ഞാൻ..ഞാൻ ഒരുപാട് പേടിച്ചു.."അവൻ കൊച്ചുകുഞ്ഞിനെപോലെ തേങ്ങി.
ശ്രീബാലയ്ക്ക് അവന്റെ സങ്കടം കണ്ട് നിൽക്കാനായില്ല.അവൾ അവന്റെ മുടിയിൽ വിരലോടിച്ചു.
"ഞാൻ ഏതവസ്ഥയിൽ കൂടിയാണ് കടന്നു പോയതെന്ന് നിനക്ക് ഊഹിക്കാൻ പറ്റില്ല.. രക്തത്തിൽ കുളിച്ച് കിടന്ന നിന്നെ എന്റെ നെഞ്ചോടടക്കി പിടിച്ച് ഒരു ഭ്രാന്തനെപ്പോലെ ഓടിയപ്പോൾ എന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല..അഭിനയമല്ല..നീ എന്റെ പ്രാണനാണെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ ആയിരുന്നു അതൊക്കെ.. ഇനി ഇങ്ങനെ ഒന്നും ചെയ്തേക്കല്ലേ ..എനിക്കത് താങ്ങാൻ പറ്റില്ല..തകർന്നു പോവും ഞാൻ! പിന്നെ ഞാൻ ഉണ്ടാവില്ല! "ജിതേഷിൻറെ സ്വരം ഇടറി. ശ്രീബാല അവനെ അത്ഭുതത്തോടെ നോക്കി.അവന്റെ വാക്കുകൾ കേട്ടപ്പോൽ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.
ജിതേഷ് തന്നെ ഇത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അവൾ അറിഞ്ഞിരുന്നില്ല.പക്ഷെ ജിതേഷിന് തന്റെ ഹരിയേട്ടനോടുള്ള വെറുപ്പ് ഓർത്തപ്പോൾ അവൾക്ക് ഭയം തോന്നി.അവൾ ഒന്നും മിണ്ടാതെ അവനെ തലോടിക്കൊണ്ടിരുന്നു...**
വേണി മുറിയിലെ കട്ടിലിൽ ഇരിക്കുകയായിരുന്നു.കുട്ടൻ അവൾക്ക് ശേഖരനെയും ശ്രീബാലയെയും ഫോൺ വിളിച്ച് കൊടുത്തിരുന്നു.അവർക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് അറിയുന്നത് വരെ അവൾ ജലപാനം ഇല്ലാതെ ഇരുന്നു. അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് അടുക്കളയിൽ വന്നു.കുട്ടൻ അവിടെ ആഹാരം പാകം ചെയ്യുകയായിരുന്നു.
വേണി അടിച്ച അന്ന് രാത്രി ഇറങ്ങിയതായിരുന്നു ഗിരി.പോയിട്ട് രണ്ട് മൂന്ന് ദിവസമായി.അന്നത്തെ സംഭവത്തിന് ശേഷം കുട്ടൻ അവളോട് അധികം സംസാരിക്കാറില്ല.അവന്റെ മുഖത്തു വേണിയോടുള്ള നീരസം പ്രകടമായിരുന്നു.അത്യാവശ്യ കാര്യങ്ങൾ മാത്രമേ അവൻ അവളോട് സംസാരിക്കുന്നുണ്ടായിരുന്നുള്ളു.
"പോയിട്ട്..ഇതുവരെ വിവരം ഒന്നുമില്ലല്ലോ.."വേണി പതിയെ പറഞ്ഞു.
"എന്തിനാ?വന്നിട്ട് പിന്നേം അടിച്ചിറക്കി വിടാൻ ആണോ?"കുട്ടൻ നീരസത്തോടെ ചോദിച്ചു.വേണിയുടെ കണ്ണുകൾ നിറഞ്ഞു..
"നിന്നെ വിളിച്ചോ?"വേണി ചോദിച്ചു.
"അറിഞ്ഞിട്ടെന്തിനാ?അങ്ങേര് വന്നാലും പോയാലും ജീവിച്ചാലും മരിച്ചാലും ആർക്കാ നഷ്ടം?"കുട്ടൻ അവളെ നോക്കിയില്ല.വേണി കരയുന്ന ശബ്ദം കേട്ടു.
കുട്ടൻ തിരിഞ്ഞ് നോക്കി.
"ഇപ്പൊ എന്തിനാ നിന്ന് മോങ്ങുന്നത്?പണ്ടായിരുന്നെങ്കിൽ ഈ കണ്ണീര് കാണുമ്പോ ഞാൻ ഓടി വന്നേനേം നിങ്ങളെ ആശ്വസിപ്പിക്കാൻ.പക്ഷെ നിങ്ങടെ കൈ എന്ന് അങ്ങേരുടെ മുഖത്ത് വീണോ അന്ന് തീർന്നു നമ്മള് തമ്മിലുള്ള ബന്ധം.കഴിക്കാൻ റെഡി ആവുമ്പൊ പറയാം.അപ്പൊ വന്നാൽ മതി.അതുവരെ അകത്ത് പോയ് ഇരുന്നോ.."കുട്ടൻ ദേഷ്യത്തോടെ പറഞ്ഞു.വേണി കരഞ്ഞുകൊണ്ട് അടുക്കളയുടെ പിന്നിലേക്ക് ഓടി.അവൾ ഏങ്ങലടിക്കുന്ന ശബ്ദം കേട്ടു.കുട്ടൻ ആദ്യം അനങ്ങിയില്ല.അവളുടെ കരച്ചിലിന്റെ സ്വരം ദയനീയമായതും അവൻ ചെയ്തുകൊണ്ടിരുന്ന പണികൾ നിർത്തി പതിയെ അങ്ങോട്ട് ചെന്നു.അവിടെ അരഭിത്തിയുടെ സൈഡിൽ ഇരുന്ന് കരയുന്ന വേണിയെ കണ്ടു.കുട്ടൻ അവളുടെ അടുത്ത് ചെന്നിരുന്നു.
"ചേച്ചി പലപ്പോഴും ചോദിച്ചിട്ടില്ലേ ഗിരിയേട്ടൻ എന്തുകൊണ്ടാ ഇങ്ങനെ ആയതെന്ന്?വാക്കുകൾ അളന്ന് മുറിച്ച് മാത്രം സംസാരിക്കുന്നതെന്ന്?ഭക്ഷണം എത്ര കൊള്ളരുതാത്തതായാലും ഒരു കുറ്റവും പറയാതെ അത് മുഴുവനും കഴിച്ച് തീർക്കുന്നതെന്ന്?കൂടെ ഉള്ള എല്ലാവരും കള്ളും കഞ്ചാവും അടിച്ച് നടക്കുമ്പോൾ ഗിരിയേട്ടന് മാത്രം കള്ള് ഹറാം ആയത് എന്ത് കൊണ്ടെന്ന്? ഏതെങ്കിലും പെണ്ണ് ചതിച്ചതുകൊണ്ടാവാം ഇങ്ങനെ മുരടൻ ആയിമാറിയതെന്ന് ചേച്ചി പലപ്പോഴും കളിയാക്കിയിരുന്നില്ലേ?പക്ഷെ സത്യം അതല്ല..ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു ഭൂതകാലം ഉണ്ട് ആ മനുഷ്യന്..നമ്മുടെ ശത്രുക്കൾക്ക് പോലും ഈ ഒരവസ്ഥ വരുത്തരുതേ എന്ന് തോന്നിക്കുന്ന ഒരു ഭൂതകാലം!" കുട്ടൻ പറഞ്ഞു നിർത്തി.വേണി കരച്ചിൽ നിർത്തി അവനെ നോക്കി.
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം )
അഞ്ജന ബിജോയ്
Click here to read all Published parts: - ബാലവേണി നോവൽ - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക