Slider

ഭയം

0

നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസ് ജീപ്പ് ഒരു വളവ് തിരിഞ്ഞ സമയത്താണ് ആ കാഴ്ച്ച കണ്ടത്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ പരുങ്ങുന്ന ഒരു യുവാവ്. കള്ളിമുണ്ടും ഷർട്ടുമാണ് വേഷം. മുഖത്തേക്കടിച്ച വാഹനത്തിന്റെ വെളിച്ചം കൈ കൊണ്ട് മറച്ചു അവൻ നിന്നു. അടുത്തെത്തി ചവിട്ടി നിർത്തിയപ്പോൾ മാത്രമാണ് അവന് ആ വാഹനം ഒരു പോലീസ് ജീപ്പ് ആണെന്നുള്ളത് മനസ്സിലായത്. അവനൊന്ന് പരുങ്ങി. ആ സമയത്ത് തന്നെയാണ് രണ്ടു പൊലീസുകാർ ചാടിയിറങ്ങി അവനെ വളഞ്ഞത്. ഓടി രക്ഷപ്പെടാൻ വരെ സമയം കിട്ടിയില്ല എന്നർത്ഥം.
" ആരാടാ നീ ? നിന്റെ വീടെവിടെയാടാ ? ഈ അസമയത്ത് നിനക്കെന്താ ഇവിടെ കാര്യം ? "
വണ്ടിയിലിരുന്നു കൊണ്ട് തന്നെ നൈറ്റ് ഡ്യൂട്ടിയുടെ ചാർജ്ജുള്ള എ.എസ്.ഐ. അവനോട് ചോദിച്ചു.
" ങ്ങേ... ങ്ങേ... ഞാൻ...ഞാൻ " അവന്റെ ആ പരുങ്ങൽ കണ്ടപ്പോൾ ഒരു പോലീസുകാരൻ അവന്റെ തോളിൽ പിടിച്ചു.
" സാറ് ചോദിച്ചത് കേട്ടില്ലേടാ ? നിന്ന് പരുങ്ങാതെ ഉത്തരം പറയെടാ " അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് അത് പറഞ്ഞ ആ പോലീസുകാരൻ അടുത്ത നിമിഷം അസഹ്യമായ ഗന്ധം കൊണ്ട് ' ഹോ ' എന്ന ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് മുഖം മറുവശത്തേക്ക് തിരിച്ചു.
" വെള്ളമാ സാറേ... ഹോ എന്ത് മണമാണ്. "
ആ വാക്കുകൾ കേട്ടതും അതുവരെ ഉറച്ചു നിന്നിരുന്ന അവൻ ആടുവാൻ തുടങ്ങി.
" എന്തെടുക്കുവായിരുന്നെടാ ഇവിടെ ? പറയെടാ അല്ലെങ്കിൽ പള്ളയ്ക്ക് മുട്ടുകാൽ കേറ്റും ഞാൻ "
" ഞ...നാൻ... വണ്ടി സാറേ... വണ്ടി നോക്കുവാ സാറേ "
" വണ്ടിയോ !? എന്തെടാ കക്കാനിറങ്ങിയതാണോ നീ ? " പോലീസുകാരന്റെ ചോദ്യം സംശയത്തോടെയായിരുന്നു.
" വണ്ടി... എന്റെ വണ്ടി സാറേ... ബൈക്കിൽ നിന്ന് ഞാനൊന്ന് മുള്ളാനിറങ്ങിയതാ സാറേ... മുള്ളിയേച്ചു നോക്കിയപ്പോ വണ്ടി കാണാനില്ല. ഇവിടെവിടെയെങ്ങാണ്ടാ സാറേ ഞാൻ വെച്ചത്. "
" എന്തോന്ന് !? എന്തോന്ന് !? നീയെന്നാ നടന്നോണ്ടാണോ മുള്ളിയത് !? "
" വണ്ടി... എന്റെ വണ്ടി.... ഇവിടെ ! അല്ല അവിടെ... ശ്ശോ എന്നാലും അതെവിടെപ്പോയി സാറേ... സാറ് കണ്ടാരുന്നോ ? എങ്ങനേലും ഒന്ന് കണ്ടുപിടിച്ചു താ സാറേ... വീട്ടിൽ പോണം സാറേ... അയ്യോ എന്റെ വണ്ടി പോയേ "
" പ്ഭ.... നിർത്തടാ.... ഈ പാതിരാത്രിയിൽ നീയെവിടെപ്പോയിട്ടു വരികയാണെടാ ? സത്യം പറഞ്ഞോ അതാ നിനക്ക് നല്ലത്. "
ആ ചോദ്യം കേട്ട് അവൻ പോലീസുകാരനെ സൂക്ഷിച്ചു നോക്കി. എന്നിട്ട് ചൂണ്ടുവിരൽ താടിയിൽ കുത്തി മുകളിലേക്ക് നോക്കി എന്തോ ആലോചിച്ചു. എന്നിട്ട് പൊലീസുകാരനോട് തിരിച്ചു ചോദിച്ചു
" ശരിയാണല്ലോ... ഞാൻ എവിടെപ്പോയിട്ട് വരുവാ ? അല്ല ഞാൻ ആരാ ? ... ഇതെവിടെയാ സ്ഥലം ? അല്ല , ഇതൊക്കെ ചോദിക്കാൻ താനാരാ..?"
" അവനെ എടുത്ത് ജീപ്പിലേക്ക് കേറ്റടാ. സ്റ്റേഷനിൽ എത്തിയിട്ട് അവന് മനസ്സിലാക്കിക്കൊടുക്കാം എല്ലാം " അതുവരെ എല്ലാം വീക്ഷിച്ചുകൊണ്ട് ജീപ്പിലിരുന്ന എസ്.ഐ. അലറി.
" അത് വേണോ സർ.... മുഴു വെള്ളമാ... സ്വൈര്യം തരത്തില്ല ഇവൻ " പോലീസുകാരന്റെ സ്വരത്തിൽ ഒരു സംശയമുണ്ടായിരുന്നു.
" ആ, താൻ പിടിച്ചു കയറ്റ്... എവിടേലും മറിഞ്ഞു വീണു ചത്താലും നാളെ നമുക്ക് തന്നെയല്ലേ മെനക്കേട്... രാവിലെ ഫിറ്റിറങ്ങുമ്പോ വിടാം " എ.എസ്.ഐ ഈർഷ്യയോടെ പറഞ്ഞു.
നിമിഷനേരത്തിനുള്ളിൽ അവൻ ജീപ്പിലേക്ക് കേറ്റപ്പെട്ടു. അവനെയും കയറ്റിയ ജീപ്പ് പതിയെ മുന്നോട്ട് നീങ്ങി. ആ ജീപ്പിനിടതുവശത്തായുള്ള പൊന്തക്കാട്ടിനുള്ളിലേക്ക് പെട്ടെന്നാരുടെയും ശ്രദ്ധയിൽ പെടാത്ത നിലയിൽ കയറ്റി വെച്ച നിലയിൽ അവന്റെ ബൈക്ക് ഇരിക്കുന്നുണ്ടായിരുന്നു.
ആ സംഭവം നടന്നുകൊണ്ടിരുന്ന സ്ഥലത്തെ ഒരു വീടിന്റെ ജനൽക്കർട്ടന്റെ പിന്നിൽ രണ്ട് കണ്ണുകൾ ഇതെല്ലാം നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഭയം കലർന്ന വീക്ഷണത്തിലൂടെ ഇതെല്ലാം നോക്കിക്കൊണ്ടിരുന്ന ആ മാൻപേട മിഴികൾ അതേ ഭയത്തോടെ തന്നെ അകത്തേക്ക് വലിഞ്ഞു.
ധൈര്യത്തിന് വേണ്ടി കഴിച്ച വെറും ഒന്നര പെഗ്ഗ് മദ്യം കൊണ്ട് മുഴുക്കുടിയനായി മാറിയ തന്റെ അഭിനയചാതുര്യം ഓർത്ത് ജീപ്പിന്റെ പുറകിൽ തലയും കുമ്പിട്ടിരുന്ന അവൻ തന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ ചീത്തപ്പേരിൽ നിന്നും രക്ഷപെട്ടതോർത്തു മനസ്സിൽ ചിരിച്ചു ഭയമകറ്റി. ജീപ്പ് പതുക്കെ തന്നെ മുന്നോട്ട് നീങ്ങി.
പക്ഷേ ഏത് നിമിഷവും ബെല്ലടിച്ചേക്കാവുന്ന അവസ്ഥയിൽ ഒരു മൊബൈൽ ഫോൺ അവന്റെ പോക്കറ്റിൽ കിടക്കുന്നുണ്ടായിരുന്നു. അതിൽ ജീപ്പിലിരിക്കുന്ന എ.എസ്.ഐ യുടെ ഭാര്യ
' everything safe. Come soon ' എന്നയച്ച സന്ദേശവും.
ആ പോലീസ് ജീപ്പ് എ.എസ്.ഐയുടെ വീടും കടന്ന് മെല്ലെ സ്റ്റേഷൻ ലക്ഷ്യമാക്കി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. വണ്ടിയിലിരുന്ന് എ. എസ്.ഐ. വീട്ടിലേക്ക് ഒന്ന് നോക്കി. ലൈറ്റുകൾ എല്ലാം അണച്ചു ' വീട് ' സുഖനിദ്രയിലായിരുന്നു. ഒരുപക്ഷേ നാളെ പകൽ തന്നിൽ എന്താണുണ്ടാവുക എന്ന ഭയത്തോടെ തന്നെ...
 :- ജയ്സൺ ജോർജ്ജ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo