Showing posts with label ShemiGafoor. Show all posts
Showing posts with label ShemiGafoor. Show all posts

കാലചക്രം

കാലചക്രം
വീടൊന്നു പുതുക്കി പണിയാൻ തീരുമാനിച്ചപ്പോഴേക്കും ഭാര്യ വീട്ടു സാധനങ്ങൾ വാങ്ങി കൂട്ടാൻ തുടങ്ങി. വീട് പണി കഴിഞ്ഞ് വരുമ്പോൾ കൊണ്ടു വരാനായി എനിക്കും കിട്ടിയിരുന്നു വലിയൊരു ലിസ്റ്റ്. നോൺസ്റ്റിക്ക് പാത്രങ്ങൾ ഗൾഫിലേത് തന്നെ വേണം. നാട്ടിൽ നിന്നും വാങ്ങുന്നതിന് ഈട് പോരത്രെ.
പുതുക്കി പണിത വീട്ടിലേക്കെത്തിയ ഞാൻ ഞെട്ടി പോയ്. എന്തുമാത്രം പാത്രങ്ങളാ ഇവൾ വാങ്ങിക്കൂട്ടിയിരിക്കുന്നത്. പല നിറത്തിൽ, പല വലുപ്പത്തിൽ പ്ലാസ്റ്റിക് ജാറുകൾ. കാര്യം അതിങ്ങനെ നിരന്നിരിക്കുന്നത് കാണാൻ ഒരു ചന്തമുണ്ട്ട്ടൊ. അത് പറയാതെ വയ്യ. ഞാൻ കൊണ്ടു വന്ന നോൺസ്റ്റിക്ക് പാത്രങ്ങൾ എല്ലാം അതിന്റെ മോടിയിൽ തന്നെ അവൾ പ്രദർശിപ്പിച്ചു. മൊത്തത്തിൽ അടുക്കള നല്ല ചേലുണ്ടായിരുന്നു കാണാൻ.
എന്നാലും എനിക്ക് ചോദിക്കാതിരിക്കാനായില്ല. "സുലൂ.... നമ്മുടെ പഴയ പാത്രങ്ങൾ എല്ലാം അപ്പാടെ നാശായിരിക്ക്ണാ....." "ഇങ്ങളെന്താണിക്കാ...... പോയത്തം പറയാൻ നിക്കണ്... ഇത്രേം നല്ല അടുക്കളേം മറ്റും ഇണ്ടാക്കീറ്റ്..... ആ പഴയ പാത്രങ്ങൾ വെച്ച് അയിന്റെ ശേല് കളയാനേ....??"
"ഇമ്മിണി നാളായ് ഞാൻ വിചാരിക്ക്ണ്... എല്ലാംപാടെ മാറ്റി പുതിയത് വാങ്ങിക്കണംന്ന്. അയിന് ഇങ്ങടെ ഉമ്മസമ്മയ്ക്കണ്ടേ... കുറേ കുപ്പീം ഭരണീം.... സ്റ്റീൽ പാത്രോം.. ഇരുമ്പിന്റെ ചീഞ്ചട്ടീം.... യിപ്പൊ നിങ്ങളൊന്നു നോക്ക് മനുഷ്യാ.... എന്താ.....അടുക്കളേന്റെ ഒരു ശേല്. ....."
പറഞ്ഞതിൽ തെറ്റൊന്നും എനിക്കും തോന്നീല്ല.
ഉമ്മ വർഷങ്ങളായ് ഉപയോഗിച്ചിരുന്ന ഇരുമ്പിന്റെ ചീനച്ചട്ടി, ദോശക്കല്ല്, പത്തിരിക്കല്ല്, മൺപാത്രങ്ങൾ, ഭരണികൾ, സ്റ്റീൽ പാത്രങ്ങൾ എല്ലാം വിറകുപുരയുടെ മൂലയിൽ ആക്രിക്കരനെ കാത്ത് കിടക്കുന്ന കണ്ടപ്പോൾ എവിടെയോ ഒരു നീറ്റൽ തോന്നി.
വർഷങ്ങൾ കടന്നുപോകവെ അടുക്കള കൊട്ടാരമാക്കാൻ നോൾട്ട കടന്നു വന്നപ്പോൾ മോശമായ പലതും മാറ്റി അവൾ നോൾട്ടയെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ച് അടുക്കളയെ കൊട്ടാരമാക്കുന്നതിലും വിജയിച്ചു.
ഇത്തവണ ലീവിൽ വന്ന ഞാൻ അടുക്കളയിൽകയറിയതും പകച്ചുപോയ്. പ്ലാസ്റ്റിക്കിനും നോൺസ്റ്റിക്കിനുമൊക്കെ പകരം നല്ല സുന്ദരൻ ഭരണികളും, ചില്ലു ജാറുകളും, ഇരുമ്പിന്റെ ചീനച്ചട്ടി,ദോശക്കല്ല്, പത്തിരിക്കല്ല്, അതും പോരാഞ്ഞ് കറികളൊക്കെ വെക്കാൻ അസ്സല് മൺചട്ടികളും.
" ഇതെന്താ സുലൂ... അടുക്കള ആകെ മാറീരിയ്ക്കണല്ലാ.... ന്താപ്പൊത്...." "അല്ലാ..... ങ്ങ്ളപ്പയീ വാട്സപ്പ് ഒന്നും വായിക്ക്ണേം കാണ് ണേം ഒന്നുല്ല്യാ.... ആ ഇതനിക് ഹെൽത്ത് കോർട്ടിന്റെ വീഡിയോ ഒന്നു കണ്ട്ച്ചാ..... ഇങ്ങളിപ്പീ ചോദ്യം ചോയ്ക്കൂലാ... ഈ പ്ലാസ്റ്റിക്കും അലുമിനിയോം നോൺസ്റ്റിക്കും ഒക്കെ കാൻസറുണ്ടാക്കൂന്ന്..... പുളിയും ഉപ്പും ഒന്നും പ്ലാസ്റ്റിക് ജാറിൽ വെക്കരുതെന്ന്.... ഇങ്ങളീ ലോകത്തൊന്നുമല്ലേ... മനുഷ്യാ ജീവിക്ക്ണേ....."
വാട്സപ്പിനും ഹെൽത്ത് കോർട്ടിനൂം നന്ദി.
ഞാനിത് നേരിട്ട് പറഞ്ഞാൽ ഇവൾ അംഗീകരിക്കയും അനുസരിക്കയും ഇല്ല.
എന്തായാലും പുതുമയിൽ നിന്നും പഴമയിലേക്കുള്ള ആ മടക്കയാത്ര കണ്ട് മനസ്സു നിറഞ്ഞു. കാലചക്രം തിരിഞ്ഞു വരും. അതാണ് സത്യം.
പഴമയെ അംഗീകരിക്കുക, സ്നേഹിക്കുക, ഹൃദയത്തോടു ചേർത്ത് നിർത്തുക. അത് ചട്ടികൾ ആയാലും, ചിട്ടകളായാലും.......
ഷെമിഗഫൂർ

പിറന്നാൾ

പിറന്നാൾ
ഇന്നെന്റെ പിറന്നാൾ ആണ്. രാവിലെ തന്നെ ഭാര്യയും മക്കളും 'ബർത്ത്ഡേ' വിഷ് ചെയ്തു.എല്ലാവരുടേയും വക ഗിഫ്റ്റും കിട്ടി. വൈകീട്ട് പുറത്ത് നിന്നും ഭക്ഷണം. ഒരു സിനിമ. ലുലുവിൽ ചെറിയ ഷോപ്പിംഗ്. എല്ലാം അവർ തന്നെ പ്ളാൻ ചെയ്തു. എല്ലാം എന്റെ പോക്കറ്റ് കാലിയാക്കാനുള്ള വഴി തന്നെ.
അവർ വിഷ് ചെയ്തപ്പോഴാണ് അങ്ങനെ ഒരു കാര്യം ഓർത്തതു തന്നെ. അല്ലെങ്കിലും ഞാൻ പിറന്നാളിനൊന്നും പ്രാധാന്യം കൊടുക്കുന്ന ആളല്ല .
ഓഫീസിലേക്കുള്ള യാത്രാമദ്ധ്യേ ഇന്നത്തെ എന്റെ ചിന്താവിഷയം പിറന്നാൾ ആയിരുന്നു.
പിറന്നാളിന് ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യം ഉണ്ടെന്നറിഞ്ഞത് വിവാഹശേഷമാണ്. വിവാഹത്തിന് ശേഷമുള്ള ഭാര്യയുടെ ആദ്യത്തെ പിറന്നാൾ.... എന്റെ പിറന്നാൾ പോലും ഓർത്ത് വെക്കാത്ത ഞാൻ വിവാഹം കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ എപ്പോഴോ അവൾ പറഞ്ഞിരുന്ന ആ ദിനം കടന്നു വന്നത് ഓർത്തില്ല.അന്നത്തെ പുകില്.... ഓഹ്... മറക്കില്ല ഞാനിനി ആ ദിവസം ജീവനുള്ള കാലം.
കുട്ടികളിലും അവൾ ആ ശീലം പകർന്നു കൊടുത്തു. പിറന്നാളിന് പപ്പയുടെ ഒരു മുത്തം മാത്രം പോരാ... പാർട്ടി,സ്കൂളിലേക്ക് ചോക്ലേറ്റ്,കേക്ക്, പുതിയ വസ്ത്രം.... അത് ചിലപ്പോൾ ഒന്നിലൊതുങ്ങില്ല... സ്കൂളിലേക്ക് ഒന്ന്, പാർട്ടിക്ക് ഒന്ന്....
പാർട്ടി കേക്ക് മോശമാക്കില്ല. അടുത്ത് പങ്കെടുത്ത ബർത്ത്ഡേ പാർട്ടിയുടെ കേക്കിനേക്കാൾ ഗംഭീരമാക്കും.
തീം കേക്കാണിപ്പോൾ ..... കേക്കിന്റെ തീം അനുസരിച്ച് ആയിരിക്കും വീട്ടിലുള്ളവരുടേയും വിരുന്നുകാരുടേയും വസ്ത്രധാരണം.(തീം ബർത്ത് ഡേ പാർട്ടിയെ കുറിച്ച് ഇനിയും അറിയാത്തവരുടെ അറിവിലേക്ക്- പാർട്ടിക്ക് ഒരു തീം ഉണ്ടാകും അതനുസരിച്ച് ആയിരിക്കും കേക്കും അതിഥികളുടേയും ആതിഥേയരുടേയും വസ്ത്രങ്ങളും മറ്റു വേഷവിധാനങ്ങളും. ഉദാഹരണത്തിന് തീം സിൻഡ്രല്ല ആണെങ്കിൽ കേക്കും മറ്റെല്ലാം സിൻഡ്രല്ല മോഡൽ.)
അതുകൊണ്ടെന്താ സ്വന്തം ബർത്ത്ഡേക്കു മാത്രമല്ല ഒരു ബർത്ത്ഡേക്ക് പോകണമെങ്കിലും വേണം തീം അനുസരിച്ച് വീട്ടിൽ എല്ലാവർക്കും പുതിയ വസ്ത്രം. വർഷത്തിൽ എത്ര ഡ്രസ്സ് തന്നെ എടുക്കണമെന്നോ.... ഒരു ഫങ്ഷന് ധരിച്ചത് പിന്നെ വേറൊന്നിന് ഇടില്ലല്ലോ.
എന്റെ ഓർമ്മയിലെ പിറന്നാൾ എന്തായിരുന്നു ....... മെട്രോ മുന്നോട്ടു കുതിക്കുമ്പോൾ എന്റെ ഓർമ്മകൾ പുറകോട്ട് കുതിച്ചു.
രാവിലെ പതിവിലും നേരത്തെ ഉള്ള അമ്മയുടെ വിളി. "കണ്ണാ. ..... ഒന്നെണീക്കെന്റെ കുട്ട്യേ..... എത്ര നേരായ് വിളിക്കുണൂ..... ന്റെ കുട്ടീടെ പിറന്നാളല്ലേ ഇന്ന്. നല്ലകുട്ട്യായ് വേഗം കുളിച്ച് വര്വാ.
അമ്മയുടെ തലോടലിൽ കുറച്ചു നേരം കൂടി അങ്ങനെ കിടക്കാൻ തോന്നും. ഉണർന്നിട്ടും ഉറക്കം നടിച്ചു കിടക്കുന്ന തന്റെ തിരുനെറ്റിയിലെ മുടി മാടിയൊതുക്കി അമ്മ തരുന്ന ഒരു മുത്തമുണ്ട് അതാണ് എനിക്ക് ലഭിക്കുന്ന ആദ്യത്തെ പിറന്നാൾ സമ്മാനം. ജീവിതത്തിൽ ഇന്നേവരേ ലഭിച്ചിട്ടുള്ളതിൽ വിലമതിക്കാനാവാത്തതും.
കുളിച്ചൊരുങ്ങി വരുമ്പോഴേക്കും മുത്തശ്ശി കാത്തു നിൽക്കുന്നുണ്ടാവും. പിന്നെ മുത്തശ്ശിയോടൊത്ത് അമ്പലത്തിലേക്ക്. അമ്പലത്തിൽ പൂരാടം നക്ഷത്രത്തിൽ ഒരു പുഷ്പാഞ്ചലിയും,ഒരു പായസവഴിപാടും. മുത്തശ്ശി കണ്ണടച്ച് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നത് കാണാം. ആ പ്രാർത്ഥനകളുടെ ഫലമാവാം എനിക്ക് ഇത്രയേറെ സൗഭാഗ്യങ്ങൾ നേടി തന്നത്. തിരുമേനി തരുന്ന പ്രസാധത്തിൽ നിന്നും ചന്ദനമെടുത്ത് മുത്തശ്ശി എന്റെ നെറ്റിയിൽ ചാർത്തുമ്പോഴുള്ള കുളിർമ്മ...... എന്നിട്ട് എന്റെ നെറുകയിൽ കൈ വെച്ച് "ന്റെ കുട്ടീനെ കാത്തോളണേ.... തേവരേ....." എന്നുള്ള പ്രാർഥന അതാണ് മുത്തശ്ശീടെ സമ്മാനം.
തിരികെ വരുന്ന തന്നെ കാത്ത് ആമി പടിപ്പുരയിൽ തന്നെ നിൽപുണ്ടാകും. ഒരു കൈകുമ്പിൾ നിറയെ കുന്നിക്കുരു,പളുങ്ക്,ഏറ്റവും പുതിയ തീപ്പെട്ടിപടം, ഇവയിലേതെങ്കിലും ആവും അവൾ തരുന്ന പിറന്നാൾ സമ്മാനം.
പട്ടണത്തിലേക്ക് താൻ പഠിക്കാൻ പോയ ആദ്യ വർഷത്തെ പിറന്നാളിന് അച്ഛൻ തന്റെ അടുക്കൽ വന്നപ്പോൾ അവൾ തനിക്കായ് ഒരു പട്ടുറുമാൽ കൊടുത്തയച്ചു. അതിൽ അവൾ ചിത്രങ്ങൾ തുന്നിപിടിപ്പിച്ചിരുന്നു. അവളുടെ ബാപ്പ അത്തർ കച്ചവടത്തിന് പോയ് വന്നപ്പോൾ കൊണ്ടു വന്നതാകണം ആ പട്ടുതുണി.
പിറന്നാൾ ദിവസം മാത്രം ഉച്ചയ്ക്ക് ഉണ്ണാൻ സ്കൂളിൽ നിന്നും വീട്ടിലേക്ക് വരും.ആമിയെയും കൂട്ടും കൂടെ. അച്ഛന്റെ കൂടെയിരുന്ന് ഒരു ചെറിയ സദ്യ. എനിക്കിഷ്ടപ്പെട്ട പരിപ്പ് പ്രഥമനുണ്ടാകും. ഗൗരവക്കാരനായ അച്ഛന്റെ കയ്യിൽ നിന്നും ഒരു ഉരുളയുണ്ടെനിക്കന്ന്. അതച്ഛന്റെ പിറന്നാൾ സമ്മാനം.
ഇന്നും മറ്റുള്ളവരാൽ ഓർമ്മിപ്പിക്കപ്പെടുന്ന എന്റെ പിറന്നാൾ ദിനത്തിൽ ഞാൻ ആദ്യം ഓർക്കുക എന്റെ അച്ഛനെയും അമ്മയെയും ആണ്. ദൈവത്തിന്റെ വിധി പ്രകാരം നമ്മൾ ഈ ലോകത്ത് എത്തിച്ചേരാൻ ഹേതുവായ..... നമുക്ക് ജന്മം നൽകിയ മാതാപിതാക്കളെയാണ് നാം ആ ദിനത്തിൽ സ്മരിക്കേണ്ടത്. അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ.... അടുത്തുണ്ടെങ്കിൽ.. അവരോടൊത്ത് ആ ദിവസം ചിലവഴിക്കാൻ ശ്രമിക്കുക. അകലെയാണെങ്കിൽ ആ ദിവസം അവരെയൊന്ന് വിളിച്ച് സംസാരിക്കാനെങ്കിലും ശ്രമിക്കുക.
പിറന്നാൾ ഓർത്തുവെച്ച് അവർ നമ്മെയല്ല വിളിക്കേണ്ടത്..... നാം അവരെയാണ് വിളിക്കേണ്ടത്.....
നമുക്കീ ജീവിതം നൽകിയ ദൈവത്തിനു നന്ദി പറയുന്നതിനൊപ്പം സ്മരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ട പുണ്യാത്മാക്കളാണ് നമ്മുടെ മാതാപിതാക്കൾ......
ഷെമിഗഫൂർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo