ശുദ്ധികലശം (കഥ)


"എങ്ങോട്ടു പോകുന്നു ?'
"'അമ്മ ഉറങ്ങിയോ എന്ന് നോക്കട്ടെ "" നല്ല ശ്വാസം മുട്ടലുണ്ടായിരുന്നു "ഉണ്ണീ പറഞ്ഞു
"അതീ തണുപ്പിന്റെ ആണ് എന്താ മഴ ! "ശ്രുതി പുതപ്പു വലിച്ചു മൂടി.
"അമ്മയ്ക്ക് ആസ്ത്മ ഉളളത. നോക്കിട്ട് വരം "
അവൻ എഴുനേറ്റു പുറത്തേക്കു നടന്നു
"എപ്പോ നോക്കിയാലും ഒരു 'അമ്മ. വേറാർക്കും ഇല്ലത്ത പോലെ "അവൾ പിറുപിറുത്തു കൊണ്ട് പുതപ്പു വലിച്ചു മൂടി
'അമ്മ ഉറങ്ങുന്നത് കണ്ടു കൊണ്ട് അവൻ അരികിൽ ഇരുന്നു ..ഓർമയിൽ അച്ഛൻ ഇല്ല ...ജനിക്കും മുന്നേ പോയി ..അമ്മയായിരുന്നു അച്ഛനും അമ്മയും കൂട്ടുകാരിയും എല്ലാം. പ്രണയിച്ചിരുന്ന കാലത്തു അവളോട് എല്ലാം പറഞ്ഞിട്ടുണ്ട്
അമ്മയോടവൾ അക്കാലങ്ങളിൽ വലിയ കൂട്ടായിരുന്നു ..പിന്നീട് എപ്പോഴോ അവൾ മാറി ...അമ്മയോട് മത്സരമായി, താരതമ്യം ആയി, അസൂയ ആയി '.അമ്മ എപ്പോഴും തോറ്റു കൊടുക്കാറാണ് പതിവ്.
താൻ എന്തെങ്കിലുമൊക്കെ പറയുമ്പോൾ അമ്മ പറയും.
"പോട്ടെ മോനെ വിട്ടു കള. പോട്ടെ "
അമ്മക്ക് പരാതികളില്ല. ഒറ്റയ്ക്ക് പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഉണ്ടാക്കുമ്പോളും നിലം തൂത്തു തുടക്കുമ്പോളും ഒക്കെ സന്തോഷമായിട്ട് മാത്രമേ കണ്ടിട്ടുള്ളു.
"അമ്മയെ ഒന്ന് സഹായിച്ചു കൂടെ നിനക്ക്? "ചോദിക്കാറുണ്ട്
"ഓ അമ്മയ്ക്ക് ഒറ്റയ്ക്ക് ചെയ്യുന്നതാണ് ഇഷ്ടം "അവൾ
അത് വെറുതെ പറയുന്നത് ആണെന്ന് തനിക് അറിയാം. മുൻപൊക്കെ താനും അമ്മയും കൂടിയായിരുന്നു പാചകവും തുണി നനയ്ക്കലും എല്ലാം.
ഇപ്പൊ ആ സമയം ശ്രുതി വിളിക്കും
"നമുക്ക് ഒരു സിനിമക്ക്
പോകാം "
"ബീച്ചിൽ പോകാം "
"കൂട്ടുകാരിയുടെ വീട്ടിൽ പോകാം "
"ഒന്ന് കറങ്ങിയിട്ടു വരാം "
'അമ്മ കൂടെ വരുന്നത് അവൾക്കിഷ്ടമല്ല അതമ്മക്ക് മനസിലായിട്ടാവണം
"നിങ്ങൾ പോയി വാ 'എന്ന് പറയുകയേയുള്ളു '
സത്യതിൽ തനിക്കവളെ മടുത്തു തുടങ്ങി. വഴക്ക് ഉണ്ടാക്കിയാൽ അമ്മക്ക് നോവും. ഒച്ച ഉയർത്തി പറഞ്ഞാൽ പോലും അമ്മ പറയും അവളോട് ദേഷ്യപ്പെടാതെ ഉണ്ണീ എന്ന്.
പുലർച്ചെ 'അമ്മ എണീൽക്കാൻ വൈകി. ശ്വാസംമുട്ടൽ കലശലായിരുന്നു
"അമ്മേ ആശുപത്രിയിൽ പോകാം "
'വേണ്ട ഉണ്ണീ ഇത് മാറും "
"പോരാ ഒരുങ്ങിക്കെ ഞാൻ ഇപ്പൊ വരാം "
അവൻ മുറിയിൽ ചെല്ലുമ്പോഴും അവൾ ഉറക്കം തന്നെ.
"എടി നീ ഒന്ന് എണീൽക്കു അമ്മയ്ക്ക് ഒട്ടും വയ്യ ആശുപത്രിയിൽ പോവാ "
"പോയിട്ട് വാ അതിനു ഞാൻ എണീൽക്കണോ ?"
വലിച്ചെടുത്തു ചെകിട്ടത്ത് ഒന്ന് കൊടുക്കാൻ തോന്നിയതാണ്..ഓ ഭാര്യയെ തല്ലാൻ പാടില്ലല്ലോ. അവർക്കെന്തുമാകാം. കുത്തി നോവിക്കാം. ഇട്ടേച്ചു പോകാം.അങ്ങനെ എന്തും.
'നീ കൂടി വാ "അവൻ താഴ്മയോടെ വീണ്ടും പറഞ്ഞു നോക്കി
"ഞാൻ ഇല്ല ഉണ്ണി "അവൾ അസഹ്യത യോടെ പറഞ്ഞു.
"അതല്ല.. നിന്നെ നിന്റെ വീട്ടിൽ വിടാം അമ്മയെ ചിലപ്പോൾ അഡ്മിറ്റ് ചെയ്യേൺടി വന്നാൽ നീ ഒറ്റക്കാകും ...ഞാൻ വരുമ്പോൾ തിരിച്ചു വിളിക്കാം "അത് കേട്ടതും
അവൾ ഉത്സാഹത്തോടെ ചാടി എണീറ്റു
രാത്രിയായി
"അവർ വന്നില്ലാലോ മോളെ ഇനി അഡ്മിറ്റ് ചെയ്തു കാണുമോ ഒന്ന് വിളിച്ചു നോക്ക്"അമ്മ ശ്രുതി യോട് പറഞ്ഞു
"
"ഓ എന്തെങ്കിലും ഉണ്ടെങ്കിൽ ഇങ്ങോട്ടു വിളിക്കും "അവൾ അലസമായി പറഞ്ഞു
എന്ത് ചെയ്താലും തന്നെ ഒന്നും ചെയ്യാനില്ല അല്ലെങ്കിൽ ഇവരൊക്കെ ഇത്രയൊക്കെ ഉള്ളു എന്നവൾ മനസിലാക്കി വെച്ചിട്ടുണ്ട് ...
"പിറ്റേദിവസവും വിളി വരാഞ്ഞപ്പോൾ അവൾ അങ്ങോട്ട് വിളിച്ചു
"എപ്പോ വരും ഉണ്ണി എന്നെ വിളിക്കാൻ ?"
"കുറച്ചു ദിവസം കഴിയട്ടെ ..അമ്മയെ ഇടയ്ക്കു ഹോസ്പിറ്റലിൽ വീണ്ടും കൊണ്ട് പോകണം ..ഈ തിരക്കൊന്നും കഴിയട്ടെ
"ഓക്കേ "അവൾ ഫോൺ വെച്ചു
അമ്മക്ക് എങ്ങനെ എന്ന് പോലും ചോദിക്കാതെ അവൾ ഫോൺ വെച്ചപ്പോൾ അവന്റ ഉള്ളിൽ വെറുപ്പ് കിനിഞ്ഞു.
ദിവസങ്ങൾ കഴിഞ്ഞു അവൻ വന്നില്ല ഫോൺ വിളികളും കുറവായി.
എന്നാണ് തിരിച്ചു പോകുന്നതെന്ന് ആങ്ങളയും ഭാര്യയുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചു തുടങ്ങി.
"അല്ല ഇങ്ങനെ കിടന്നാൽ
പറ്റില്ല ചേച്ചി നല്ല ജോലിയുണ്ടിവിടെ കൂട്ടത്തിൽ കൂടിക്കെ "
എന്ന് തമാശക്ക് പറഞ്ഞ നാത്തൂൻ
'ഇതിവിടെ പറ്റില്ല തിന്നാൻ മാത്രമായി ഡൈനിങ്ങ് റൂമിലെത്തുന്ന പരിപാടി വേണ്ട" എന്ന് മുഖത്ത് നോക്കി പറഞ്ഞു
അമ്മ കേട്ട ഭാവം നടിച്ചുമില്ല ഇപ്പൊ അമ്മയും വലിയ മിണ്ടാട്ടമില്ല. നാത്തൂനേ അമ്മയ്ക്ക് നല്ല പേടിയാണ് ...
അമ്മയാണ് ആ വീട്ടിൽ കൂടുതൽ ജോലി ചെയ്യുന്നത് എന്ന് അവൾ കണ്ടു ..അവൾ അറിയാതെ ഉണ്ണിയുടെ വീട് ഓർത്തു .സ്വന്തം 'അമ്മ കഷ്ടപ്പെടുമ്പോൾ തന്റെ ഉള്ളിൽ വേദന ഇത്രയും ഉണ്ടാകുന്നു എങ്കിൽ ഉണ്ണി എത്ര വേദനിച്ചു കാണും എന്നും ..ഓർത്തു. .ഉണ്ണിയെ വിളിക്കുമ്പോൾ ഇപ്പൊ ഫോൺ എടുക്കാറില്ല. ഉണ്ണീ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന് അവൾക്ക് മനസ്സിൽ ആയി.
താൻസ്വന്തം വീട്ടിൽ ഒരു അധികപ്പറ്റായി എന്ന് അവൾക്ക് തന്നെ തോന്നി തുടങ്ങി
"അവളെ വിളിച്ചു കൊണ്ട് വാ ഉണ്ണി എത്ര നാളായി "
'അമ്മ പറഞ്ഞപ്പോ ഉണ്ണി മൗനം പാലിച്ചു .ഇതെന്നുമുള്ള പല്ലവി ആണ്. ആ നേരം ഗേറ്റിന്റെ കൊളുത്തു എടുക്കുന്ന ശബദം കേട്ട് നോക്കിയപ്പോൾ ശ്രുതി.
"ഇപ്പൊ പറഞ്ഞേയുള്ളു മോളെ വിളിച്ചു കൊണ്ട് വരാൻ '"അമ്മ സന്തോഷത്തോടെ പറഞ്ഞു
ശ്രുതി വിളറിച്ചിരിച്ചു പിന്നെ മുറിയിലേക്ക് പോയി
"ഒഴിവാക്കുകയായിരുന്നു അല്ലെ ?"അവൾ ചോദിച്ചു
"സംശയമുണ്ടോ ?"
ഉണ്ണി കൂസലില്ലാതെ തിരിച്ചു ചോദിച്ചു
"ഞാൻ കുറെ ശ്രമിച്ചേടോ തന്നെ നന്നാക്കാൻ. ..നന്നാവില്ല എന്ന വാശി ..ഒരു കുടുംബത്തിൽ ജീവിക്കുമ്പോൾ അവിടുത്തെ അംഗമായി ജീവിക്കണം. അതിഥി ആയിട്ടല്ല ..അവനവന് കഴിക്കാനുള്ള ഭക്ഷണം അറുപത്തിയഞ്ച് വയസായ അമ്മയെ കൊണ്ട് ഉണ്ടാക്കിച്ചു തിന്നരുത് ..വിവേകം വേണം ..സ്വന്തം മുറി സ്വയം വൃത്തിയാക്കണം ..ഭർത്താവു ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ ചായ കൊടുത്തില്ല എങ്കിലും ഉടനെ പരാതിക്കെട്ടഴിക്കരുത്. ഉടനെ പുറത്തു കറങ്ങാൻ പോകണം സിനിമക്ക് പോകണം.. എനിക്കും റെസ്റ് വേണ്ടെടി? ജോലിക്ക് പോയി കുടുംബം നോക്കുന്ന ഒരു പാട് സ്ത്രീകൾ ഉള്ള നാടാ നമ്മുടെ. ചുറ്റും ഒന്ന് നോക്ക്.
അവരൊക്കെ എത്ര നന്നായി ജീവിക്കുന്നു എന്ന്.
വീട്ടിൽ വയസായ ഒരാൾ ഉണ്ട്.
അവരെ കൂടി ഒന്ന് പരിഗണിക്കണം കരുതണം.. മകൾ ആവണ്ട മനുഷ്യൻ ആയാൽ മതി.. ഇല്ലെങ്കിൽ ശ്രുതി.. ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കും.. സത്യം "അവൻ തീർത്തു പറഞ്ഞു.
"ഇല്ല എനിക്ക് മനസ്സിൽ ആയി.. എല്ലാം മനസ്സിൽ ആയി "അവൾ കണ്ണീർ തൂത്തു
"അത് മതി.".അവൻ പറഞ്ഞു
"മോനെ ചായ ആയി കേട്ടോ ശ്രുതിയെ കൂട്ടി വാ "
മുറിക്കു പുറത്തു അമ്മയുടെ ശബ്ദം
"അതാണ് അമ്മ. ചായ മാത്രം ആവില്ല, നിനക്ക് വിശപ്പ് മാറ്റാനും എന്തെങ്കിലും പലഹാരങ്ങൾ ഉണ്ടാകും.. "അവൻ മെല്ലെ പറഞ്ഞു. "ഇവിടെ പറഞ്ഞത് ഒന്നും അവിടെ പറയണ്ട കേട്ടല്ലോ "
അവൾ തലയാട്ടി.
അമ്മ ഉണ്ടാക്കിയ ഇലയപ്പം കഴിക്കുബോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
പശ്ചാത്താപം ആണോ കുറ്റബോധം ആണോ അറീല.
പക്ഷെ ഹൃദയത്തിൽ നിന്നുള്ള വേദനയുടെ ഉറവ ആയിരുന്നു അത്
ഏതു പാപവും ശുദ്ധീകരിക്കുന്നതും ആ കണ്ണീരാണ്.
=====
By Ammu Santhosh

ചില്ലിട്ട മൂന്നു ചിത്രങ്ങൾ (കഥ)

Best of Nallezhuth - No15-
മുറ്റത്തെ മാവിൻ കൊമ്പിലെ കിളിക്കൂട് നോക്കിയിരിക്കുമ്പോഴാണ് ജാനകിയമ്മയുടെ ഫോൺ റിംഗ് ചെയ്തത്. ഒരു ചെറു പുഞ്ചിരിയോടെ അവർ ഫോണെടുക്കാനായി അകത്തേക്ക് ഓടി. കേടായ വാഷിംഗ് മെഷീൻ പരിശോധിക്കാൻ വരുന്ന ടെക്‌നിഷ്യൻ വിളിച്ചതായിരുന്നു.
അടുക്കളയും അഞ്ചു മുറികളുമുള്ള ആ വീട്ടിൽ അമ്പത് വയസ്സിലധികം പ്രായം തോന്നിക്കാത്ത ജാനകിയമ്മയെ കൂടാതെ ജീവനോടെയുള്ളത് ഇവരായിരുന്നു : വാലാട്ടാൻ മറന്നുപോയ ഒരു നാടൻ പട്ടി, കാഴ്ച മങ്ങിയ ഒരു വിദേശ പട്ടി, ചാര നിറമുള്ള, ഷണ്ഡനായ ഒരു പൂച്ച, ഒരു ചെറിയ അക്വാറിയം നിറയെ ആസ്തമ ബാധിച്ച മീനുകൾ.. ഇടക്ക് വന്നുപോകുന്ന വേലക്കാരിയെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഫോൺ വിളി കഴിഞ്ഞപ്പോൾ ഉരുകിയൊലിച്ചുപോയിരുന്ന തന്റെ തുടുത്ത മുഖം മൊബൈൽ ഫോൺ സ്ക്രീൻ സ്ക്രോൾ ചെയ്തു ചെയ്തു, മെല്ലെ ജാനകിയമ്മ പൂർവസ്ഥിതിയിലേക്ക് കൊണ്ടു വന്നു. അതായത്, അവർ ആരുടെയോ ഒരു വിളിക്കു വേണ്ടി ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളമായി കാത്തുനിൽക്കുകയാണെന്നു നമുക്ക് ഉറപ്പിക്കാം. തിരിച്ചു കിളിക്കൂട് നോക്കാൻ വരുമ്പോഴേക്കും തള്ളപ്പക്ഷി മടങ്ങിവന്നിരുന്നു. കൂട്ടിൽ നിന്നും രണ്ടു കുഞ്ഞിളം കൊക്കുകൾ പുറത്തെ വിളറിയ കാഴ്ച്ചകളെ നിഷ്കരുണം വലിച്ചെറിഞ്ഞു അകത്തുള്ള സുഖ സുരക്ഷയിൽ അലിഞ്ഞു ചേർന്നു..
മൊബൈൽ ഫോണിന്റെ പുഞ്ചിരി ജാനകിയമ്മയിലേക്ക് പടർന്നപ്പോൾ കിളിക്കുഞ്ഞുങ്ങൾ കൊക്കുകൾ പുറത്തേക്കിട്ട് അവരെ ഒന്ന് പാളി നോക്കി..
വയലറ്റ് നിറമുള്ള ദാവണിയിൽ മുളയൂഞ്ഞാലാടുന്ന ജാനകിയെന്ന ജാനിയെ കിളിക്കുഞ്ഞുങ്ങൾ എന്തിനാണാവോ ഇപ്പോൾ സ്വപ്നം കാണുന്നത് ?!. രണ്ടായി പകുത്തു കെട്ടിയ ജാനിയുടെ മുടി തോളിലൂടെ മാറിൽ കിടന്നു ആവലാതി പറഞ്ഞു ചിരിക്കുന്നതും കണ്ണുകളിൽ ഏതോ വാൽനക്ഷത്രം കുറുമ്പ് കാട്ടി പിടയുന്നതും എന്തിനവർ ഇപ്പോൾ സ്വപ്നം കണ്ടു ?
പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ ജാനകിയമ്മ അഞ്ചുമുറികളിൽ ഒന്നിലേക്ക് ഓടിക്കയറി. പൂജാമുറി പോലെ തോന്നിക്കുന്ന അവിടെ ചില്ലിട്ടു തൂക്കിയിരുന്ന നാല്പതോളം വയസ്സ് തോന്നിക്കുന്ന ഒരു പുരുഷന്റെയും പത്തു വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടിയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു.. ചിത്രങ്ങളിൽ നോക്കി നിന്നപ്പോൾ അവർ ഒരു പാട്ടും മൂളിയിയിരുന്നു:
ചുപ്‌കേ ചുപ്‌കേ രാത് ദിൻ ആൻസു ബഹാന യാദ് ഹേ....
ഹം കോ അബ് തക് ആഷിഖ് കാ വോ സമാന യാദ് ഹേ...
വേറൊരു ദിവസമാണെന്ന് തോന്നുന്നു...(ദിവസങ്ങൾക്ക് ആ മതിൽക്കെട്ടിനുള്ളിൽ എന്നും ഇളം തവിട്ടു നിറമായിരുന്നു - അതുകൊണ്ടു തന്നെ ദിവസത്തിന്റെ പേരിന് ഒരു പ്രസക്തിയും ഇല്ല ). ജാനകിയമ്മയുടെ ഫോൺ റിങ് ചെയ്തു...പ്രതീക്ഷയുടെ ഒരു പാലരുവി കവിളിൽ ഒളിപ്പിച്ചുകൊണ്ടവർ ഫോണിനടുത്തേക്ക് ഓടി..പറമ്പ് കിളക്കാൻ വരുന്ന കരുണൻ ആയിരുന്നു. മൊബൈൽ ഫോൺ സ്ക്രീൻ സ്ക്രോൾ ചെയ്തു ചെയ്തു പുഞ്ചിരിയെ തിരിച്ചെടുക്കാൻ അവർക്ക് ഏതാണ്ട് അഞ്ചു മിനുട്ട് സമയം വേണ്ടിവന്നു..
ഉടനെ അവർ അഞ്ചു മുറികളുള്ള ആ വീട്ടിലെ ഒരു മുറിയിലേക്ക് കയറിപ്പോവുകയും ഒരു പഴയ പെട്ടി വലിച്ചു തുറക്കുകയും ചെയ്തു.. അഞ്ചോ ആറോ വയസ്സുള്ള ഒരാൺകുട്ടിയുടെ ഉടുപ്പ് മടക്കി മാറിൽ ചേർത്തു വെച്ചു...പഴകിപ്പോയ ആ മഞ്ഞ നിറമുള്ള കുപ്പായത്തിൽ നാലു തവണ അവർ ഉമ്മ വെച്ചു. കുപ്പായം നഞ്ഞുപോയത് ഉമിനീർ കൊണ്ടാണോ കണ്ണുനീർ കൊണ്ടാണോ എന്നറിയാൻ കഴിഞ്ഞില്ല. കാരണം അവർ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
അവരെ നിരീക്ഷിച്ചാൽ ഒരു കാര്യം കൂടി മനസ്സിലാവും...വീട്ടിലെ ജീവനുള്ള ഒന്നിനോടും അവർക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അവരുടെ വർത്തമാന കാലം മൊബൈൽ ഫോൺ സ്‌ക്രീനിനുള്ളിൽ മാത്രമാണ്. അവരുടെ രോഗാതുരമായ നുണക്കുഴി പുഞ്ചിരിക്കുന്നതും അപ്പോൾ മാത്രമാണ്. ചില്ലിട്ട ചിത്രങ്ങളിലും പഴയ ഉടുപ്പുകളിലും അവർ ചിരിക്കാറുണ്ട്. അത് ഇളം ചോരയുടെ നിറത്തിലായിരുന്നു എന്ന് മാത്രം.
പതിവുപോലെ ജാനകിയമ്മ തന്റെ ഫോണിനോട് പുഞ്ചിരിക്കുകയും പരിഭവം പറയുകയും ചെയ്യുന്ന ഇളം ചാര നിറമുള്ള മറ്റൊരു ദിവസം..
പെട്ടെന്ന്, അതെ വളരെ പെട്ടെന്ന് അവരുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ ഗ്രാനൈറ്റ് പാവിയ തറയിൽ വീഴുകയും ചിന്നിച്ചിതറി ഉടഞ്ഞുപോകുകയും ചെയ്തു……..
ആ സംഭവത്തിനു ശേഷമുള്ള ഞായറാഴ്ച (ഇപ്പോൾ ദിവസങ്ങൾ മാത്രമല്ല, മിനുട്ടുകൾ പോലും പ്രസക്തമാണ്) ആ വീട്ടിൽ മൂന്ന് പേര് ഉണ്ടായിരുന്നു.. ഇരുപത്തഞ്ചോളം വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ - ജാനകിയമ്മയുടെ മുഖം തന്നെ - പക്ഷെ കവിളിലെ തുടിപ്പിന് കറുത്തുപോയ ചോരയുടെ ഗന്ധമായിരുന്നു. രണ്ടാമത്തെയാൾ (കഷണ്ടിയുള്ള മധ്യവയസ്‌കൻ) വീടും പറമ്പും ശരിക്കും പരിശോധിച്ചു..മൂന്നാമത്തേത് ജാനകിയമ്മയുടെ വേലക്കാരിയായിരുന്നു.
മുറ്റത്തെ മാവിൽ ഒരനക്കം കേൾക്കാം. തള്ളപ്പക്ഷിയാണ്.. കുഞ്ഞുങ്ങൾ ആരും അവിടെ ഇല്ലായിരുന്നു.
ചിരിയും ചില തർക്കങ്ങളും ഉണ്ടായെങ്കിലും എല്ലാം പെട്ടെന്ന് കഴിഞ്ഞു. പിരിയാൻ നേരത്ത് ചെറുപ്പക്കാരൻ ഉച്ചത്തിൽ വേലക്കാരിയോട് പറയുന്നത് തള്ളക്കിളിക്കുപോലും കേൾക്കാമായിരുന്നു..
"വീട്ടിലുള്ള സാധനങ്ങൾ കൊണ്ടുപോകാൻ എനിക്ക് സമയവുമില്ല, ഇടവുമില്ല .. അതുകൊണ്ട് എല്ലാം ഇവർക്ക് വിറ്റു.. നിങ്ങൾ നാളെ മുതൽ വരേണ്ട..നിങ്ങളുടെ കാശ് എത്രയാണ് ?"
അഞ്ചു മുറികളുള്ള ആ വീട്ടിലെ ഒരു മുറിയിലേക്ക് വേലക്കാരി ഉടനെ ഓടിക്കയറി. തിരിച്ചു വന്നത് മൂന്ന് ചില്ലിട്ട ചിത്രങ്ങളുമായായിരുന്നു.
"കാശിനു പകരം ഇത് ഞാൻ കൊണ്ട് പൊയ്ക്കോട്ടേ ?!.. ചിത്രങ്ങളാണ് ഇവ, വെറും ചിത്രങ്ങൾ.. ഇവർക്ക് ആവശ്യമുണ്ടാവില്ല."
മൂന്നാമത്തെ ആ പുതിയ ചില്ലിട്ട ചിത്രത്തിലേക്ക് അമ്മക്കിളി ഒന്ന് പാളി നോക്കി. തുടുത്ത കവിളിൽ അമ്മിഞ്ഞപ്പാലിന്റെ അവശിഷ്ടം കാണാം.
വേലക്കാരിയുടെ ചോദ്യത്തിന് ആരെങ്കിലും മറുപടി പറഞ്ഞുവോ എന്നറിയില്ല.. കാരണം, മാനത്തുനിന്നും മരച്ചില്ലകളിൽ നിന്നും അപ്പോഴേക്കും മഴ വന്നു മണ്ണിനെ മൂടാൻ തുടങ്ങിയിരുന്നു.
(ഹാരിസ്)- Haris Koyyode

ദൈവത്തിന്റെ സ്വർണനൂൽ(കഥ)


ഒരു കുഞ്ഞുള്ളവളെ കല്യാണം കഴിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല .എന്നെ വിൽക്കുകയാണല്ലേ എന്ന് ഞാൻ അമ്മയോട് നിശബ്ദം ചോദിച്ചു .'അമ്മ കണ്ണീരോടെ എന്നെ കടന്നു മുറിയിലേക്ക് പോയി . അനിയത്തിയും അനിയനും ചേച്ചി യുമൊക്കെ പലവുരു എതിർപ്പ് കാണിക്കുന്നുണ്ടായിരുന്നു .അവരൊക്കെ എന്നെ അത്രമേൽ സ്നേഹിച്ചിരുന്നു എന്നോർക്കുമ്പോൾ ഉള്ളിൽ സന്തോഷമുണ്ടായി.
എനിക്കൊരു പ്രണയമൊന്നും ഉണ്ടായിരുന്നില്ല. .പഠിക്കുന്ന സമയത്തു നന്നായി പഠിച്ചു .അച്ഛൻ മരിച്ചത് ഒരു പാടു സാമ്പത്തിക ബാധ്യത ഒക്കെ ബാക്കി വെച്ചാണ് .അങ്ങനെയാണ് നകുലൻ സാറിന്റെ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരുടെ ഒഴിവു വന്നപ്പോൾ ഞാൻ എന്റെ അപ്ലിക്കേഷൻ അയച്ചു നോക്കിയത് .അത് പക്ഷെ ബ്രോക്കർ അച്ചുവേട്ടൻ വഴി ഒരു കല്യാണ ആലോചന ആയപ്പോ ഞാൻ അമ്പരന്നു പോയി. .നകുലൻ സാറിന്റെ മകൾ കല്യാണി മൂന്നു മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് ആ കുട്ടിയുടെ ഭർത്താവു ഒരു അപകടത്തിൽ മരിച്ചു പോകുന്നത് .അത് കഴിഞ്ഞിട്ട് ഇപ്പൊ മൂന്നു വര്ഷം ആയി .ബ്രോക്കർ അച്ചുവേട്ടൻ എന്നോട് ഇത്രെയേ പറഞ്ഞുള്ളു
"മോനെ നിന്റ ഈ കുടുംബം രക്ഷപ്പെടും അവര് നല്ല ആൾക്കാര . ഒറ്റ ഡിമാൻഡേയുള്ളവർക്ക്‌ . നീ അവർക്കൊപ്പം താമസിക്കണം ..ആ കൊച്ചിന്റെ അമ്മ ഒരു രോഗിയാ. ഇന്നോ നാളെയോ എന്ന മട്ടിലാണ് അതാണ് "
"എനിക്കങ്ങനെ സ്വത്തു കണ്ടു കല്യാണം കഴിക്കണ്ട അച്ചുവേട്ട. ഞാൻ അങ്ങനെ അധഃപതിച്ചിട്ടില്ല "ഞാൻ പറഞ്ഞു.
"നീ അങ്ങനെ കരുതണ്ട. ഒരു പെണ്ണിന് ഒരു ജീവിതം കൊടുക്കുന്നു. അങ്ങനെ കരുതു ..നീ ഒരു ചില്ലിക്കാശ് വാങ്ങേണ്ട മോനെ. പക്ഷെ നീ അത്രയും നല്ല ഒരു കുടുംബത്തിൽ നിന്നും കല്യാണം കഴിച്ചാൽ ആ പേരിലെങ്കിലും നിന്റെ ചേച്ചിക്കും അനിയത്തി ക്കുമൊക്കെ ഒരു നല്ല ബന്ധം വരുമെങ്കിൽ ..ഒന്നാലോചിച്ചു കൂടെ മോനെ? "
ഞാൻ പിന്നെ അധികം ആലോചിക്കാൻ നിന്നില്ല അല്ലെങ്കിലും എന്താലോചിക്കാൻ?
കല്യാണത്തിന്റ അന്ന് രാത്രി 'അമ്മ എന്റെ അരികിൽ വന്നു
"എന്റെ മോൻ അമ്മയെ ശപിക്കരുത് "
ഞാൻ അമ്മയെ എന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ചു എന്റെ ആത്മാവിനോട് ..'അമ്മ പാവം. എന്ത് ചെയ്യാനാണ്? ഒരാൾ എങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി കാണും
കല്യാണം ലളിതമായിരുന്നു.
നകുലൻ സാറും ഭാര്യയും എനിക്കൊരു കുറവും വരാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
"കൂയ്" ഒരു കിളിക്കൊഞ്ചൽ. ഒരു പാവക്കുട്ടി മുന്നിൽ വന്നു നിൽക്കും പോലെ. ഇതാവും കല്യാണിയുടെ മകൾ
"ഞാൻ ആമി .നിന്റ പേരെന്താ ?"
എനിക്ക് ചിരി വന്നു ഞാൻ മുട്ട് കുത്തി ആ കുഞ്ഞിക്കൈകളിൽ പിടിച്ചു
"എന്റെ പേര് അപ്പു "
"അപ്പൂസ് ..."അവൾ ആവർത്തിച്ച് പറഞ്ഞു
ഞാൻ ചിരിച്ചു കൊണ്ട് അവളെ വാരിയെടുത്തു
നക്ഷത്രകണ്ണുള്ള ആമി എന്റെ സ്വന്തം ആമിക്കുട്ടിയായത് പെട്ടന്നായിരുന്നു.
"അപ്പുസേ ഈ ഉടുപ്പിട്ട് തരുവോ ?"
"അപ്പുസേ ഈ ഷൂസ് കെട്ടിയെ "
"അപ്പുസേ നിനക്ക് ഐസ് ക്രീം വേണോ ?"
കല്യാണിയെ ശ്രദ്ധിക്കാൻ എനിക്ക് നേരം കിട്ടിയില്ല എന്നതാണ് സത്യം. നകുലൻ സാറിന്റെ ഓഫീസിൽ പോയി വന്നു കഴിഞ്ഞാൽ ആമിയായിരുന്നു എന്റെ ലോകം. ചിലപ്പോൾ മോളും എന്റെ ഒപ്പം ഓഫീസിൽ വരും. അത് കൊണ്ട് തന്നെ കല്യാണിയോട് മാത്രം ആയി ഞാൻ ഒന്നും പറയാറില്ലായിരുന്നു. കല്യാണിയും എന്നിൽ നിന്ന് അകലം പാലിക്കുന്നുണ്ടായിരുന്നു.അല്ലെങ്കിലും അവൾക്കു അത്ര വേഗം എങ്ങനെയാണ് എന്നെ സ്നേഹിക്കാൻ കഴിയുക ..
ചേച്ചിക്കൊരു വിവാഹ ആലോചന എന്ന് വിളിച്ചു പറഞ്ഞപ്പോൾ ഞാൻ എന്റെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.പോയിട്ടു പിറ്റേദിവസം തിരിച്ചു വരാൻ സാധിക്കു എന്ന് അറിയാമായിരുന്നത് കൊണ്ട് ഞാൻ അവരെ കൂട്ടണ്ടന്നും തീരുമാനിച്ചു .കുഞ്ഞുറങ്ങി കിടക്കുമ്പോൾ ഞാൻ കല്യാണിയോട് യാത്ര പറഞ്ഞു.
"ഇന്ന് ..ഇന്ന് തന്നെ വരില്ലേ ?"
അപ്പോൾ ആണ് ആ മുഖവും രൂപവുമൊക്കെ ഞാൻ ശരിക്കും ശ്രദ്ധിക്കുന്നത് തന്നെ ...നല്ല ഭംഗിയുള്ള മുഖം ..പൊട്ടോ കണ്ണെഴുത്തോ ചമയങ്ങളോ ഒന്നുമില്ല വിശുദ്ധയായ ഒരു മാലാഖയുടെ മുഖം പോലെ .പെട്ടെന്ന് എന്റെ ഉള്ളിൽ സ്നേഹത്തിന്റ ഒരു ഉറവ കിനിഞ്ഞു ..ഒരു വല്ലാത്ത ഇഷ്ടം.
"ഇന്നില്ല നാളെ... നാളെ ആവും "ഞാൻ ആ കണ്ണുകളിൽ നോക്കി പറഞ്ഞു .ആ മുഖം താണു
"നാളെ കല്യാണിയുടെ പിറന്നാൾ ആണ് ഊണിനെത്താൻ കഴിയുമോന്നു നോക്കണേ "നകുലൻ സാർ അപേക്ഷയുടെ സ്വരത്തിൽ ആണ് എന്നോട് അത് പറഞ്ഞത് .
വീട്ടിൽ എല്ലാർക്കും ഒപ്പം ഇരിക്കുമ്പോളും ആമി ഉണരുമ്പോൾ എന്നെ കാണാതെ വരുമ്പോൾ എങ്ങനെ ആവും എന്നോർത്ത് ഉള്ളിൽ ഒരു ആധി നിറഞ്ഞു. അങ്ങനെ ഞാൻ രാത്രി വണ്ടിക്കു തന്നെ പോരാൻ തീരുമാനിച്ചു.
ബസ്റ്റോപ്പിൽ കല്ലുമാലയും മുത്തുകളുമൊക്കെ വിൽക്കുന്ന ഒരു തമിഴന്റെ മുന്നിൽ പാദസരം ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ വെറുതെ നോക്കി. മുത്ത് കൊണ്ടുള്ളതാണ് ..വാങ്ങി പോക്കറ്റിലിട്ടു.
വീട്ടിൽ ചെന്നപ്പോൾ ആമി തളർന്നു കിടപ്പാണ്
കല്യാണി അവളുടെ നെറ്റിയിൽ തുണി നനച്ചു ഇടുന്നു. ഞാൻ ആ നെറ്റിയിൽ തലോടി.
"അപ്പു എവിടെയാ പോയെ മോളോട് പറയാതെ ?" കുഞ്ഞു വിങ്ങി വിതുമ്പി എന്നോട് ചോദിച്ചു. ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചുമ്മ വെച്ചു. പാവം ..ഉടൽ തളർന്നു പോയിരുന്നു.
"അപ്പുവേട്ടനെ കാണാതെ വാശി പിടിച്ചു ഒന്നും കഴിച്ചിട്ടു കൂടിയില്ല ഈ നേരം വരെ " കല്യാണി ആദ്യമായി എന്റെ പേര് പറയുകയായിരുന്നു ..ഞാൻ അവളെ ഒന്ന് നോക്കി പിന്നെ മോളെ യും കൊണ്ട് ഡൈനിങ് റൂമിലേക്ക് നടന്നു
പിറ്റേന്ന് പനി മാറി മോൾ മിടുക്കി ആയി പക്ഷെ എന്നെ ഇടം വലം വിടാതായി.
ഞാൻ പോകുമോ എന്ന പേടി പോലെ.
കല്യാണി അമ്പലത്തിൽ പോയി വന്നപ്പോൾ ഞാൻ മുറിയിലേക്ക് ചെന്നു.
"പിറന്നാളിന് ..ഒരു പാദസരം ..മുത്തിന്റെയാണ് വേഗം പൊട്ടിപ്പോകും എന്നാലും .."
അവളുടെകണ്ണുകൾ നിറയുന്നതും, ചുണ്ടുകൾ വിതുമ്പുന്നതും അവൾ പെട്ടെന്ന് കിടക്കയിലേക്കിരുന്നു മുഖം പൊത്തുന്നതും ഞാൻ കണ്ടു.
ഞാൻ നിലത്തേക്കിരുന്നു ആ കാലുകൾ കയ്യിലെടുത്തു.
"ഞാൻ ഇടട്ടെ ഇത്? "
ചുവന്ന മുത്തുള്ള പാദസരം അവളുടെ വെളുത്തു തുടുത്ത കാൽപ്പാദത്തിൽ ചേർന്ന് കിടന്നു
ഞാൻ ആ പാദങ്ങളിൽ പതിയെ ചുണ്ടമർത്തി. പെട്ടെന്ന് തോന്നിയ ഒരു തോന്നലിൽ..
കല്യാണി കാലുകൾ മെല്ലെ വലിക്കാൻ ശ്രമിച്ചു ഞാൻ പിടി വിടാതെ ഇരിക്കാനും. ആ മുഖം നാണത്താൽ ചുവന്നു തുടുത്തു.
"അപ്പുസേ ഞാൻ കണ്ടു കേട്ടോ"
ആമി.
ഞാൻ വെപ്രാളത്തിൽ ചാടി എണീറ്റ് പോയി.
"എനിക്കും താ ഉമ്മ "
കുഞ്ഞിമുഖത്ത് കുസൃതി ചിരി.
ഞാൻ എന്റെ മകളെ എന്റെ
നേഞ്ചോട് ചേർത്ത് പിടിച്ചു.
അതെ ആമി എന്റെ മകളാണ് ...
എന്റെ കുഞ്ഞ് .
മകളാകാൻ സ്വന്തം രക്തത്തിൽ ഒന്നും പിറക്കണ്ടെന്നേ...
ദൈവം ആ അദൃശ്യമായ നൂലിട്ട് ഒന്ന് ബന്ധിപ്പിച്ചാൽ മതി.
ദൈവത്തിന്റെ സ്വർണനൂൽ!
======
Written by Ammu Santhosh

ഉറുമ്പിന്റെ മുഖമുള്ളവൾ(കഥ)


Best of Nallezhuth- No - 14 - 
''ഒള്ളതാ ടീച്ചറേ ശരിക്കും അവള്ക്ക് ഉറുമ്പിന്റെ മുഖാ...''
അഭിക്കുട്ടൻ വീണ്ടും അത് സമർത്ഥിക്കാനുള്ള ആവേശത്തിലാ. ആ രണ്ടാം ക്ലാസ്സുകാരന്റെ ചേഷ്ടകളിൽ വല്ലാത്ത കൗതുകം തോന്നി.
ആ കണ്ണുകളിൽ നിറഞ്ഞാടുന്ന, അത്ഭുതവും ആശ്ചര്യവും വാക്കുകളുടെ നീട്ടലും കുറുക്കലും എല്ലാം ആസ്വദിക്കാനാണ് അപ്പോ തോന്നിയത്. ഉറുമ്പിന്റേതുപോലെ മുഖമുള്ള, ഉറുമ്പി എന്ന ഇരട്ടപ്പേരുള്ള , കുഞ്ഞാണിയെപ്പറ്റിയാണ് ക്ലാസ് ഒന്നടങ്കം സംസാരം.
വെള്ളിയാഴ്ച അവസാനപ്പിരീഡ് കൊച്ചുവർത്തമാനങ്ങൾക്കുള്ളതാണ്. നിഷ്കളങ്കമനസ്സുകൾക്കൊപ്പം അവരിലൊരാളായി എല്ലാം മറന്ന് ആ കുഞ്ഞുലോകത്തിൽ കഴിയുക നല്ല സുഖമാണ്. അപ്പൂപ്പൻതാടിപോലെ മനസ്സ് അവരോടൊപ്പം പാറിനടക്കും. കുഞ്ഞുമനസ്സുകളിലെ സങ്കടങ്ങൾ, സന്തോഷങ്ങൾ, സംശയങ്ങൾ, കൗതുകങ്ങൾ എല്ലാം പങ്കുവയ്ക്കപ്പെടും.
മൂന്നു മാസമാകുന്നു ഈ ഗവൺമെന്റ്സ്കൂളിൽ വന്നിട്ട്. തിരക്കുപിടിച്ച ബാംഗ്ലൂർ നഗരത്തിന്റെ വീർപ്പുമുട്ടിക്കുന്ന ഏകാന്തതയിൽനിന്ന് പുരോഗമനം അധികം ഏശിയിട്ടില്ലാത്ത തട്ടാരംകുന്ന് എന്ന ഈ കുഞ്ഞുഗ്രാമത്തിന്റെ മടിത്തട്ടിലേക്ക് ചുരുണ്ടുകൂടുമ്പോൾ ഏകാന്തതയും സ്നേഹമുള്ളൊരു കൂട്ടുകാരനാവുന്നു.
ഇന്ന് ഇരട്ടപ്പേരുകളാണ് ചർച്ചാവിഷയം..ചെണ്ടക്കോലി,പ്രാണി, കാക്ക, പൂത അങ്ങനെ ക്ലാസിലെ എല്ലാവർക്കും ഓരോ പേരുകളാ...അവിടെനിന്നു തുടങ്ങി, വന്നുനിൽക്കുന്നതാ ഉറുമ്പിയിൽ...
അഭിക്കുട്ടനൊപ്പം ഉറുമ്പിയെപ്പറ്റി വിശദമാക്കാൻ മേശയ്ക്കുചുറ്റും എത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്...
'' അവളെ അവൾടെ അമ്മമ്മ ഇന്നാളൊരു ദൂസം വന്ന് സ്കൂളീന്ന് വിളിച്ചോണ്ടുപോയാർന്ന്..പിന്നെ വന്നില്ല.'' സജുമോന് അതിൽ സങ്കടമുണ്ടെന്ന് തോന്നി.
''ആ ടീച്ചറേ..എന്ത് സാനം കാണാതായാലും അവള് ഉറുമ്പിനെക്കൊണ്ട് കണ്ടുപിടിച്ചുതരൂന്നേ..''
''ഉറുമ്പിനെക്കൊണ്ടോ? അതെങ്ങനെ?''
എനിക്കതൊക്കെ പുതിയ കഥകൾപോലെ തോന്നി..
പിന്നെയും ഓരോരുത്തരായി 'കഥകൾ ' പറയാൻ തുടങ്ങി..
അവൾക്ക് അമ്മയില്ലെന്നും ആരോരുമില്ലാത്ത തങ്കിച്ചേച്ചിക്ക് പള്ളിപ്പെരുന്നാളിന് ഔസേപ്പുപിതാവിന്റെ രൂപക്കൂട്ടിന്റെ മുന്നിൽനിന്ന് കിട്ടിയ ചോരക്കുഞ്ഞാണെന്നുമൊക്കെ മുതിർന്നവരിൽനിന്ന് പറഞ്ഞുകേട്ടതൊക്കെയും ആ കുഞ്ഞുമനസ്സുകളിലൂടെ അറിയുകയായിരുന്നു.
മണ്ണുകൊണ്ട് കൂനയുണ്ടാക്കി അതിന്നുമുകളിൽ ഉറുമ്പിനെ പിടിച്ചിട്ട്, ആ ഉറുമ്പ് പോകുന്ന വഴിയിലൂടെ അതിനെ പിന്തുടർന്ന് നടക്കും. അങ്ങനെ കാണാതായ സാധനങ്ങളുടെ അടുത്ത് ആ ഉറുമ്പ് അവളെ എത്തിക്കുമത്രേ.. പലരുടെയും സ്വർണ്ണക്കമ്മൽ, മാല, കൊലുസ്, പെൻസിൽ , റബ്ബർ, പന്ത് അങ്ങനെ അവൾ കണ്ടെത്തിയ പലതിനും അനുഭവസാക്ഷ്യം പറയാൻ ഒത്തിരി പേരാണ്.
ഉറുമ്പുകൾ അവളെ കടിക്കാറില്ല..അവളുടെ വീടിന്നുചുറ്റും പല തരത്തിലുള്ള ഉറുമ്പിൻകൂടുകളുണ്ട്. ദിവസവും അതിരാവിലെ ഓരോ ഉറുമ്പിനെ മൺകൂനയുണ്ടാക്കി അതിന്നുമുകളിലിട്ട് അതിന്നുപിറകെ അവളുടെ അമ്മയെ അന്വേഷിച്ച്നടക്കുമത്രേ...
പക്ഷേ എല്ലാ ഉറുമ്പുകളും തിരിച്ച് ആ കൂട്ടിലേക്കുതന്നെ പോകും. അമ്മയെമാത്രം കാണിച്ചുകൊടുത്തിട്ടില്ല അവളുടെ ഉറുമ്പുകൾ.
അങ്ങനെ കുഞ്ഞാണി ഒരു വിചിത്രകഥാപാത്രമായി മനസ്സിൽ വേരുപിടിച്ചു.
അവസാന പിരിഡിന്റെ മണിയടിയെത്തുടർന്നുള്ള, ദേശീയഗാനത്തിന്റെ വേളയിൽപ്പോലും കുഞ്ഞാണിച്ചരിതം കൗതുകക്കാഴ്ചപോലെ മനസ്സിൽ തെളിയുന്നുണ്ടായിരുന്നു...
മണ്ണ് ഒരു ചെറുകൂനയായി തടുത്തുകൂട്ടി അതിന് മേലേ ഒരുറുമ്പിനെ എടുത്തുവച്ച് അതിന്റെ പുറകേ നടക്കുന്ന, ഉറുമ്പിനെപ്പോലെ ചെറുതും കൂർത്തതുമായ മുഖമുള്ള ഒരു ഏഴുവയസ്സുകാരി..കല്പിച്ചുകൂട്ടിയ മുഖത്തിന് വിഷാദഭാവമായിരുന്നു..
ഉറുമ്പി....ഉറുമ്പിന്റെ മുഖമുള്ളവൾ...
സ്കൂൾ വിട്ടതിന്റെ നീട്ടിമണിയും കോലാഹലവുമൊന്നും കാഴ്ചയിൽ നിൽക്കാൻ താത്പര്യമില്ലാത്തതുപോലെ പുകമറയിലേക്ക് പായുന്നു..
ഓർമ്മകൾ ഊഞ്ഞാലാട്ടി ആ പുകമറയ്ക്കിപ്പുറം ഒരു കൊച്ചുപെണ്ണിലെത്തിനിൽക്കുന്നു..ക്ലാസ് മുറിയും മേശയും കസേരയും ബഞ്ചും ഡസ്കുമെല്ലാം ആ പുകമറയ്ക്കപ്പുറം കാലം മറച്ചുവച്ചത് പോലെ..
നിറയെ പൂത്തുനിൽക്കുന്ന മുത്തശ്ശിമാവിന്റെ ചുവട്ടിൽ അനീഷേട്ടന്റെ തോളത്ത് ചാരിയിരിക്കുന്ന ഒരു പതിനെട്ടുകാരിയിലേക്ക്...
''സുചൂ....നോക്ക്...കണ്ടോ..ഞാൻ പറഞ്ഞത് സത്യല്ലേ...ശരിക്ക് നോക്ക്..''
പൊട്ടിച്ചിരി...
''അനീഷേട്ടാ..വേണ്ടാട്ടോ...എനിക്ക് ദേഷ്യം വരണണ്ട്..''
''എടീ...നീ നോക്കിയേ...കണ്ടോ ഈ ഉറുമ്പിന്റെ മുഖവും നിന്റെ മുഖവും ഒന്നുപോലല്ലേന്ന്...'' വലതുകൈയിലെ ചൂണ്ടുവിരലിൽ പിടിച്ചിരിക്കുന്ന ചോണനുറുമ്പിനെ തന്റെ നേർക്ക് കാണിച്ചുകൊണ്ടാണ് ചോദ്യം.
''ഓഹ് പിന്നേ..''
''അപ്പോളേക്കും ന്റെ റാണിയുറുമ്പിന്റെ മൂക്ക് ചെമന്നല്ലോ?''
''അനീഷേട്ടാ..വേണ്ടാന്ന് പറഞ്ഞു...ഉറുമ്പാത്രേ..ഉറുമ്പ്.ഹുംഞാൻ പോണു..''
''ടീ...പിണങ്ങാതേ...ഉറുമ്പ് അത്ര നിസ്സാരജീവിയൊന്നുമല്ല...നിനക്കെന്തെങ്കിലുമറിയോ ഉറുമ്പുകളെപ്പറ്റി?''
''ഓഹ്...എനിക്കൊന്നുമറിയണ്ടാ''..
''എങ്കി അറിയണം...എടീ, ഉറുമ്പുകളെപ്പോലെ സാമൂഹികജീവികൾ വേറെയില്ലെന്നാ..അവയൊരിക്കലും കൂട്ടമായല്ലാതെ ഒറ്റയ്ക്ക് ജീവിക്കാറില്ല അറിയോ..അവയുടെ ഹാർഡ് വർക്ക്, ഡെഡിക്കേഷൻ ഒക്കെ നമ്മൾ മനുഷ്യർ കണ്ടുപഠിക്കണം. പരസ്പരം കരുതലുകളുടെ ഐക്യത്തിന്റെ വലിയ പാഠമാ അവ നമ്മെ പഠിപ്പിക്കുന്നത്...ഈ ലോകത്ത് എത്ര ജാതി ഉറുമ്പുകളുണ്ടെന്ന് നിനക്കറിയോ?...''
''പൊന്നനീഷേട്ടാ....എനിക്കറിയണ്ടാ.....ഇന്നെങ്കിലും ഒന്നു വെറുതേ വിടോ.പ്ലീസ്...ഒരു മെർമ്മെറ്റോളജിസ്റ്റ് വന്നിരിക്കുന്നു...ഹോ...ജീവിതകാലം മുഴുവൻ ഞാനിതിനെ എങ്ങിനെ സഹിക്കുമെന്നാ എനിക്ക് ടെൻഷൻ''
''എടീ..നീ എന്റെ റാണിയുറുമ്പല്ലേ..''
''ഞാൻ പോകുവാ..''
''സുചൂ....നിക്ക്...സുചൂ...''
കെറുവിച്ച് ഓടിയകലുമ്പോളും ആ പിൻവിളിക്ക് തേനിന്റെ മധുരമുണ്ട്. പിൻവിളികൾക്കുവേണ്ടിയാണല്ലോ ഓരോരോപിണക്കങ്ങളും...
''സുചിത്രട്ടീച്ചറേ...സുചിത്രേ. എന്തുപറ്റി?...എന്തൊരിരുപ്പാ ഇത്..പോവണ്ടേ?'' ഓർമ്മകളുടെ ഊഞ്ഞാൽപ്പുകമറ ഭേദിച്ച് യാഥാർത്ഥ്യത്തിലേക്ക്...
സാലിട്ടീച്ചറാണ്...ക്ലാസ് കഴിഞ്ഞിട്ടും കാണാതായപ്പോ അന്വേഷിച്ചുവന്നതാ..
ഈ നാട്ടിൽ വന്നപ്പോൾമുതൽ വളരെയടുപ്പം തോന്നിയ ചുരുക്കംചിലരിൽ ഒരാളാണ് ടീച്ചർ. ഒരു കുഞ്ഞനിയത്തിയോടെയെന്നപോലെയാണ് പെരുമാറ്റം. അതുകൊണ്ട് തന്നെ അവരുടെ വീടിന് സമീപത്തുള്ള ഒരു കെട്ടിടത്തിൽ വാടകയ്ക്ക് മുറിയും തരപ്പെടുത്തിതന്നു.
ബസിറങ്ങി നാട്ടുവഴികളിലൂടെ വീടുവരെയുള്ള യാത്ര...ആ യാത്രയിൽ സാലിട്ടീച്ചറുടെ വീട്ടുവിശേഷങ്ങൾ കേൾക്കുക എന്നതും ഏറെ പ്രിയപ്പെട്ടതാണിപ്പോ..കേൾക്കാനാരെങ്കിലുമുണ്ടെങ്കിൽ ഏറെ പറയാനുണ്ടാവുമെല്ലാവർക്കും..
കുഞ്ഞാണിയെക്കുറിച്ച് ചോദിച്ചപ്പോൾ സാലിട്ടീച്ചർക്ക് പറയാനുള്ളതും അതേ കഥകൾതന്നെ. കൂടെ മറ്റൊരു സത്യവും..
അമ്മമ്മ അവളെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുപോയത് അവരുടെ പരിചരണത്തിന്നുമാത്രമല്ല അവളെവെച്ച് മുതലെടുക്കുവാനും കൂടെയാണെന്ന്. ഊഹിച്ചതുപോലെ തന്നെ മാന്ത്രികസിദ്ധിയുള്ള ഒരു കുഞ്ഞുദൈവമായി മാറിക്കഴിഞ്ഞിരിക്കുന്നു കുഞ്ഞാണി.
ഉറുമ്പിന്റെ മുഖമുള്ള കുഞ്ഞാണി... വീടണഞ്ഞിട്ടും
പ്രജ്ഞ നഷ്ടപ്പെട്ട ഒരു നിഷ്ക്കളങ്ക മുഖം വല്ലാതെ വേട്ടയാടുന്നു..

''സുചിത്രയ്ക്ക് പാവയ്ക്ക ഇഷ്ടാണെന്നല്ലേ പറഞ്ഞേ? പിള്ളേരുടച്ഛൻ ഇന്നലെ കുറച്ച് പാവയ്ക്ക കൊണ്ടുവന്നിട്ടുണ്ട്. തീയൽ വച്ച് കൊണ്ടുതരാട്ടോ..''
സ്നേഹിക്കാനും ആശ്രയിക്കാനും സാലിട്ടീച്ചറെപ്പോലൊരു വല്ല്യേച്ചി വേറെയില്ലെന്ന് തോന്നും...
''എത്ര നാളാ കൊച്ചേ ഇങ്ങനെ ഒറ്റയ്ക്ക് ? നീയാണേൽ ചെറുപ്പമാണ്. രണ്ടാമതൊരു ബന്ധത്തിന് തയ്യാറായാലെന്താ? നല്ലൊരുജീവിതം കിട്ടും സുചിത്രേ നിനക്ക്..''
പലപ്പോഴായി സാലിട്ടീച്ചർ ചോദിച്ചിട്ടുള്ളതാണ്. എങ്ങനെ പറഞ്ഞുമനസ്സിലാക്കും, ഈ ഏകാന്തത ഇന്നൊരു ലഹരിയാണെന്ന്..തേനുറുമ്പുകൾ ദേഹത്തേക്ക് അരിച്ചുകേറുമ്പോൾ രോമകൂപങ്ങൾ വിറകൊള്ളുന്നതുപോലെ മനോഹരമായൊരു ലഹരി...ഓർമ്മകളാകുന്ന ലഹരിക്കാണ് മധുരം കൂടുതൽ.
...........................................
''ഈ മരുന്ന് കുടിക്ക് അനീഷേട്ടാ...പ്ലീസ്...എനിക്കുവേണ്ടി...''
'' എന്തിനാ സുചു? ഒരാഴ്ചപോലും ആയുസ്സില്ലാത്ത ഈ പാഴ്ജന്മത്തിനുവേണ്ടി നീ കഷ്ടപ്പെടുന്നത്..പോ..പോയി രക്ഷപ്പെട്...ആരോരുമില്ലാത്ത എനിക്കുവേണ്ടി നീ നിന്റെ സ്വന്തബന്ധങ്ങളെയെല്ലാം വേണ്ടെന്ന് വച്ചില്ലേ..''
''ഇപ്പോ എന്തിനാ അതൊക്കെ പറയണേ..അതൊക്കെ വിട്..എന്നിട്ട് ഇതങ്ങ് കഴിച്ചേ....എനിക്ക് നല്ല വിശ്വാസമുണ്ട്..ദൈവം നമ്മെ കൈവിടില്ല.''
'' പക്ഷേ എനിക്കില്ല.. നിലയ്ക്കാറായ ഈ ഹൃദയത്തിന് ഇനി അധികകാലമൊന്നുമില്ല സുചൂ...നിന്നെയൊരു റാണിയുറുമ്പിനെപ്പോലെ പരിപാലിക്കണമെന്നായിരുന്നു എനിക്ക്. മുട്ടയിട്ട് വിരിയിക്കുക മാത്രമാ രാജ്ഞിയുറുമ്പുകളുടെ ജോലി. രാജ്ഞിയെ സേവിക്കാൻ പരിചാരകരും ഏറെ. എന്തിന് രാജാവുപോലും സേവകനാണ്. റാണി മുട്ടയിടുന്നതുവരെയേ രാജാവിന് ആയുസ്സുള്ളൂവെന്നാ...നമ്മുടെ കാര്യത്തിൽ അതിന്നുപോലും രാജാവിന് സാധിച്ചില്ല...അതിനുമുൻപേ..''
''എന്തിനാ അനീഷേട്ടാ....മതി നിർത്ത്...''
''നിന്റെ ചിറകുകൾ ഞാൻ തളർത്തിക്കളഞ്ഞുവല്ലേ...നീ അത് വീണ്ടും ഉഷാറാക്കണം...നല്ലൊരു ജോലി, ഒരു....ഒരു കൂട്ട്‌....കുട്ടികൾ...ഒക്കെയായി നീ പറക്കണം...എന്നെയോർത്ത് ജീവിതം പാഴാക്കരുത്...''
.......................................
കൂട്ട്....കൂട്ട് ഇന്നുമുണ്ടല്ലോ.. അനീഷേട്ടൻ തന്ന കുഞ്ഞുകുഞ്ഞോർമ്മകൾ...ജീവിതകാലം മുഴുവൻ..
പിന്നെ കുട്ടികൾ......
മണ്ണിൻകൂനയിൽനിന്നിറങ്ങി അടയാളങ്ങളൊത്ത് ദിശതേടിപ്പോകുന്ന കുഞ്ഞുറുമ്പിനെപ്പോലെ മനസ്സ് എങ്ങോട്ടോ പായുന്നു...
കുഞ്ഞാണി.....നാളെത്തന്നെ കാണണം കുഞ്ഞാണിയെ...
സാലിടീച്ചറോട് വീട് ചോദിച്ചറിഞ്ഞ് രാവിലെതന്നെ പുറപ്പെട്ടു..
''എന്തിനാ കൊച്ചേ...ഇന്നലെമുതൽ അന്വേഷിക്കുന്നതാണല്ലോ അവളെപ്പറ്റി...ഇതിലൊക്കെ വിശ്വാസമുണ്ടോ?''
പുഞ്ചിരിയിലൊതുക്കിയ മറുപടി സാലി ടീച്ചർക്ക് ബോധിച്ചില്ലെന്ന് മുഖഭാവത്തിൽ വ്യക്തമായി..
കൊയ്ത്തൊഴിഞ്ഞ പാടവും ഉറവ വറ്റിയ കൈത്തോടും കടന്നുള്ള ഇടവഴി അവസാനിക്കുന്നത് ഓടുമേഞ്ഞ ചെറിയ വീട്ടിലാണ് .അവിടെയാണ് കുഞ്ഞാണി..
വരാന്തയിലെ പടിവാതിലും ജനലുകളും അടഞ്ഞുകിടന്നിരുന്നു..
സന്ദർശനസമയമല്ലാത്തതുകോണ്ടോ എന്തോ ആരെയുംതന്നെ ഉമ്മറത്തുകണ്ടില്ല..
മുറ്റത്ത് അവിടവിടെയായി ചെറിയ ഉറുമ്പിൻകൂടുകൾ..വലതുവശത്തെ തേൻവരിക്കയുടെ ചുവട്ടിൽ വലിയൊരു ചിതൽപുറ്റുപോലൊരു കൂടും..
പെട്ടെന്ന് അകത്തുനിന്ന് പ്രായംചെന്ന സ്ത്രീയുടേതുപോലെ ശബ്ദം ഉയർന്നുവന്നു..
''എടീ കുഞ്ഞിപ്പെണ്ണേ...എവിടെയാടി നീ..രാവിലെ ഇച്ചിരി കട്ടൻകാപ്പി വേണമെന്നറിയില്ലേടി നാശംപിടിച്ചോളേ...ആളോള് ഇങ്ങട്ട് വരുന്നേന് മുൻപ് അടുക്കളേൽ എന്തേലും ആക്കാനുള്ളതിന്...ഇന്നാണേ ശനിയാഴ്ചയാ...നല്ല തിരക്കൊണ്ടാവും..എടി കുഞ്ഞിയേ''
നിറുത്താതെയുള്ള അവരുടെ ശകാരമല്ലാതെ മറ്റാരുടേയും ആളനക്കം അവിടെ കണ്ടില്ല.
അകത്തേക്കുനോക്കി വിളിക്കാനാഞ്ഞപ്പോള്‍ പൂമുഖത്തേക്കുള്ള ജനവാതിലൊരെണ്ണം തുറക്കപ്പെട്ടു..
കട്ടിലിൽ ചാരിയിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന കറുത്തുതടിച്ചൊരു സ്ത്രീരൂപം..ഇവരായിരിക്കും തങ്കിയമ്മമ്മ..
''ആരാ ഇത്ര രാവിലെ?..സമയമായിട്ടില്ല. ദൂരേന്ന് വല്ലോമാണേൽ അവിടെ കേറിയിരിക്ക്...കുറച്ച് സമയമെടുക്കും..''
അവിടെത്തന്നെ നിൽക്കാനാണ് തോന്നിയത്. എന്തിനാ വന്നതെന്ന് സ്വയം ഉത്തരം തേടാനുള്ള ശ്രമത്തിലായിരുന്നതുകൊണ്ട് പെട്ടെന്നൊരു മറുപടിയും കിട്ടിയില്ല.
''ഈ തന്തയില്ലാത്തോള് എങ്ങോട്ടാ പോയതാവോ?..അവളവടമ്മേനെ ണ്ടാക്കാൻ പോയാരിക്കും..രാവിലത്തെ പെയ്ത്തിന്..അതവിടെ ഇട്ടേച്ചും വരണുണ്ടോ...എനിക്കിവിടെന്ന് എഴുന്നേൽക്കാൻ വയ്യെന്ന് ഓർത്താ പെണ്ണിന്റെ നെഗളിപ്പ്...''
അവരുടെ ബഹളം കേട്ട് കാറ്റുപോലും ഭയന്നിട്ടോ എന്തോ ഒരിലയനങ്ങുന്ന ശബ്ദംപോലും അവിടെ കേൾക്കാനില്ലായിരുന്നു..
പെട്ടെന്ന് വലതുവശത്തെ ചിതൽപ്പുറ്റുകണക്കെയുള്ള കൂടിന്നരികിലേക്ക് ഒരു മെല്ലിച്ച പെൺകുട്ടി നടന്നടുക്കുന്നു..
പാകമൊക്കാത്ത നീളൻ പാവാടയും ബ്ലൗസുമാണ് വേഷം..എന്നിലേക്ക് ഒരു പാളിനോട്ടം മാത്രം...ഇരുണ്ടതും ചെറുതുമായ കോലൻമുഖം..ഇങ്ങനെയാണോ ഉറുമ്പിന്റെ മുഖം?... കണ്ണുകളിൽ അവ്യക്തമായ ഭാവം. എണ്ണ കണ്ടിട്ടില്ലാത്ത ജടപിടിച്ച മുടി..
ആ പുറ്റിന്നുതാഴെ നിന്നും ഒരു ഉറുമ്പിനെ കൈവിരലുകളിലേറ്റിവന്ന വഴിയിലൂടെ അവൾ തിരികെനടന്നു..
അവളെ പിന്തുടരണമെന്നുണ്ടായിരുന്നു എങ്കിലും ജനൽക്കമ്പികൾക്കിടയിലൂടെയുള്ള കൂർത്ത നോട്ടം അതിനെന്നെ അനുവദിച്ചില്ല...
''കുഞ്ഞാണിയെ ഒന്നു കാണാൻ വന്നതാ'' എന്റെ മറുപടി അവരിൽ ഒരു ഭാവമാറ്റവുമേല്പിച്ചില്ല
''അതാ പറഞ്ഞത് അവിടെ കേറിയിരിക്കാൻ. ഏതാണിയാണേലും ഇവിടെ അതിന് സമയമൊക്കെ ഉണ്ട്...തോന്നുംപോലെയൊന്നുമല്ല''
അവരുടെ സ്ഥായീഭാവം ഇതുതന്നെയാണെന്ന് തോന്നിപ്പോയി.
തിരികെപ്പോയേക്കാമെന്ന ചിന്ത വന്നപ്പോള്‍,..നേരത്തേ കണ്ട വഴിയിലൂടേ താഴേക്ക് നോക്കി കുനിഞ്ഞുനടന്നുവരുന്നു കുഞ്ഞാണി...
ഉറുമ്പിനെ പിന്തുടർന്നുള്ള വരവാണ്..
വളരെ പതുക്കെ ആണ് അതിന്റെ സഞ്ചാരം..അവളും അതിനെ ശ്രദ്ധയോടെ വീക്ഷിക്കുന്നു തെല്ലുപോലും കണ്ണെടുക്കാതെ...
അടുത്തെത്താറായപ്പോളാണ് മനസ്സിലായത് അത് സാമാന്യം വലുപ്പമുള്ള ചിറകുകളുള്ള ഉറുമ്പ് ആണെന്ന്..ചിലയിടങ്ങളിൽ എത്തുമ്പോൾ ശങ്കിച്ച് നിൽക്കുന്നു..വീണ്ടും യാത്ര തുടരുന്നു..
മന്ദംമന്ദമുള്ള ആ യാത്ര എന്റെ കാലിന്നടുത്തെത്തിയപ്പോള്‍ ഉറുമ്പും അവളും വീണ്ടും നിന്നു. ഒരു മാത്ര വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞതിന്നുശേഷം വീണ്ടുംനേരെ അതെന്റെ കാലുകളിലേക്ക് അരിച്ചുകയറി...
കുനിഞ്ഞുകൊണ്ട് തന്നെ അവൾ എന്റെ നേർക്ക് തലയുയർത്തി ഒരു നോട്ടം നോക്കി...വേഗം ഉറുമ്പിനെ കയ്യിലെടുത്ത് എഴുന്നേറ്റ് എന്നെത്തന്നെ നോക്കിനിന്നു..
ഇതുവരെ കാണാത്ത ഒരു പ്രത്യേകതിളക്കമുണ്ടായിരുന്നു അപ്പോൾ ആ കണ്ണുകളിൽ.കയ്യിൽ അമർന്ന ദേഷ്യത്താലോ ഭയത്താലോ ആ ഉറുമ്പ് അവളുടെ വിരലിൽ കടിച്ചു..അവൾ വേദനയോടെ കൈകുടഞ്ഞപ്പോള്‍ അത് താഴെ വീണു..
കടിച്ചുവീർത്ത വിരലുകൾ അവൾ ചൊറിഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് തങ്കിയമ്മ അവിടെയിരുന്ന് ശകാരശരങ്ങൾ എയ്തുകൊണ്ടേയിരുന്നു..
അവളുടെ മണ്ണുപുരണ്ട വിരലുകളെ ഇരുകൈകളാലും കവർന്ന് ഉറുമ്പ് കടിച്ച ഭാഗത്ത് തടവുമ്പോൾ എന്റെയും അവളുടെയും കണ്ണുകളിൽനിന്നുതിര്‍ന്ന നനവിന് ഒരേ ഭാവമായിരുന്നു...ഒരേ മുഖമായിരുന്നു.....ഉറുമ്പിന്റെ മുഖം.
(അവസാനിച്ചു )
ബിനിത രചന Binitha Sain
Nb: Myrmetology- a part of entemology consists study of ants (crtsy wikipedia)

ഉപേക്ഷിക്കപ്പെട്ടവൾ ( കവിത)


കൈകൾ നെഞ്ചോട് ചേർത്ത്
നെറ്റി കാൽമുട്ടുകളിൽ തൊട്ട്
വെറും മണ്ണിലൊരു തേരട്ട പോലെ
അവൾ ചുരുണ്ടു കിടന്നു

ചുട്ടു പൊള്ളുന്ന തലയിൽ നിന്നും പേനുകൾ ഇറങ്ങി പോയി
അടഞ്ഞ കണ്ണുകളിലെ നനുത്ത പീലികൾ
ഉറുമ്പുകൾ വലിച്ചൂരി
കോടിയ ചുണ്ടിൽ കുരുങ്ങിയ നിലവിളി
കിളികൾ കൊത്തിയെടുത്തു

പിണച്ചു വെച്ച കൈകളിൽ അവളുടെ ഹൃദയം മിടിക്കുന്നുണ്ടോ എന്ന്
മുടന്തൻ പൂച്ച ചെവിയോർത്തു
നെഞ്ചിലെ വറ്റിയ പാൽഞരമ്പുകൾ തെരുവ്‌ നായ മണത്തു
ഒട്ടിയ വയറും മെല്ലിച്ച കാലുകളും
കാറ്റ് ഇലകൾ കൊണ്ട് മൂടി
വീണ്ട കാലിലെ അഴുക്ക് പുരണ്ട നഖങ്ങൾ കാക്ക വൃത്തിയാക്കി

വരണ്ട മണ്ണിൽ
അമ്മയുടെ ഗർഭപാത്രത്തിലേക്ക് തിരിച്ചു പോകാനാകാതെ
അവൾ കിടന്നു
തമ്മിൽ പിരിയാനാകാതെ
ഇരുട്ട് അവളെ നോക്കി നിന്നു
ചുറ്റും കോട്ട തീർത്ത് ഉറുമ്പുകൾ കാവൽ നിന്നു

തിരിച്ചു കിട്ടിയ നക്ഷത്രത്തെ മേഘവിരിയിൽ പൊതിഞ്ഞെടുത്ത്
താരാട്ടുകയായിരുന്നു ആകാശമപ്പോൾ!

Written by
Sangita Kirosh

അതിരുകൾക്കപ്പുറം (കഥ)

നല്ലുണ്ണ്യൂര്....
വടക്കു നിന്നിങ്ങ് തെക്ക് അച്ചൻ കോവിലാറ്റിന്റെ കരയിൽ വന്നിരുന്നും ഭക്തനെ കാക്കുന്ന വടക്കും നാഥന്റെ നാട് ....
എന്റെയും.
ഒരേ സമയം ഹൃദയത്തെ പൊള്ളിയ്ക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന ഓർമ്മകൾ ഉറങ്ങുന്ന നാട് .
65 വർഷങ്ങൾക്കിടയിൽ എന്റേതെന്ന് ഞാൻ പറയാനിഷ്ടപ്പെടുന്ന ഒരേയൊരു നാട് .
ഓ...ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ...അല്ലേ?
നിങ്ങൾക്കറിയുന്നുണ്ടാവില്ല.
ഈ നാടുപേക്ഷിച്ച് പോയിട്ട് 42 വർഷമായി.
ഇന്നൊരു തിരിച്ചു വരവാണ്. ഓർമ്മകളിലൂടെ....
ക്ലിം... ക്ലിം... ബെല്ലടിച്ചു കൊണ്ട് എന്റെ സൈക്കിളിൽ ആ ഇടവഴിയിലൂടെ.... ഏലാ തോടിന്റെ കരയിലൂടെ.... കൈത പൂത്തു നിൽക്കുന്ന വയൽ വരമ്പിലൂടെ പോകുമ്പോഴാണ് കിലുകിലെ ചിരിച്ചും കൊണ്ടൊരു കിലുക്കാംപെട്ടി മുന്നിലേക്ക് എടുത്തു ചാടിയത്...
ഇരുനിറത്തിൽ രണ്ടുവശവും കെട്ടിയ ചുരുണ്ട മുടിയും വിടർന്ന കണ്ണുകളും പതിഞ്ഞമൂക്കുമായി ഒരു കുഞ്ഞിക്കുരുത്തക്കേട് പെണ്ണ്. പെട്ടെന്ന് അവൾ സൈക്കിളിനു മുന്നിലേക്ക് ചാടിയതു കൊണ്ട് എന്റെ ബാലൻസ് പോയി വീഴാൻ തുടങ്ങി. ഒരു വിധത്തിൽ വീഴാതെ ഒരു കാൽ താഴെ ചവിട്ടി നിർത്തി നിന്നു. അതിനിടയിൽ വളരെ ചെറുതായി സൈക്കിളിന്റെ ഹാൻഡിൽ അവളുടെ കയ്യിലൊന്ന് തട്ടി. "എവിടെ നോക്കിയാടി നടക്കുന്നെ ?" ചോദ്യം തീരും മുമ്പേ അവൾ ഉറക്കെ കരയാൻ തുടങ്ങി. അവൾക്ക് പിന്നാലെ ഓടി വന്ന കൂട്ടുകാരി ഞാനെന്തോ വലിയ തെറ്റു ചെയ്ത പോലെ  നോക്കാനും കൂടി തുടങ്ങിയതോടെ "വഴിയിലൂടെ ഓടിക്കളിക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ " എന്ന് പറഞ്ഞിട്ട് മുഖത്ത് നോക്കാതെ വേഗം സൈക്കിൾ ആഞ്ഞുചവിട്ടി ഞാൻ പോയി. അടുത്ത വളവ് തിരിയും മുമ്പേ ഞാൻ അവളുടെ ചിരി വീണ്ടും കേട്ടു. വീട്ടിൽ ചെന്നിട്ടും പിന്നെ ഓരോ പണികൾ ചെയ്യുമ്പോഴും കാതുകളിൽ നിറയെ അവളുടെ ചിരിയായിരുന്നു. എവിടെയൊക്കെ പോകുമ്പോഴും അവിടെയൊക്കെ അവളെ കാണാൻ തുടങ്ങുന്ന മാന്ത്രികത അനുഭവിക്കുകയായിരുന്നു പിന്നീട്. ഒരിയ്ക്കൽ പോലുമൊന്ന് മിണ്ടിയിട്ടില്ല. കണ്ണുകളറിയാതെ ഇടയുമ്പോഴൊക്കെയും അവൾ പെട്ടെന്ന് നോട്ടം മാറ്റും. മലയരിക്കുന്ന് അമ്പലത്തിന് വടക്ക് കുളത്തിനപ്പുറം നീണ്ടുനിവർന്നു കിടക്കുന്ന വയലിനക്കരെയാണ് അവളുടെ വീട്...
തോട്ടത്തിലെ രാധാകൃഷ്ണൻ നായരുടെ മകളാണ്....
സമ്പന്നനെങ്കിലും  ഹൃദയം നിറയെ നൻമയുള്ളയാളാണ് തോട്ടത്തിൽ രാധാകൃഷ്ണൻ നായർ എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
ഞാനോ....
ചാണകം മെഴുകിയ തറയിൽ ഓലക്കുടിലിൽ ഉണ്ണാനും ഉടുക്കാനുമില്ലാതെ കിടക്കുന്നവൻ...
എന്നോ ഉപേക്ഷിച്ചു പോയ അച്ഛനെയും ഓർത്ത് പ്രലോഭനങ്ങളിലൊന്നും വീഴാതെ അയൽവക്കങ്ങളിലെ അടുക്കളയിൽ.... വയലിൽ... പണിയെടുക്കുന്ന ലക്ഷ്മിയുടെ മകൻ....
അപ്പുറത്തേ വീട്ടിലെ ഉണ്ണിയ്ക്ക് പുതിയ സൈക്കിൾ കിട്ടിയപ്പോൾ പഴയത് ദാനമായി എനിയ്ക്ക് കിട്ടി. വിശക്കുമ്പോഴും സങ്കടം വരുമ്പോഴും ഞാനാ വഴിയിലൂടെ സൈക്കിളോടിക്കും...
അന്ന് അങ്ങനെ പോകുമ്പോഴാണ് വീണ്ടും അവളെ കണ്ടത്. കൂട്ടുകാരി കൂടെ ഇല്ലെന്ന് കണ്ടപ്പോൾ ഒരു വാക്ക് മിണ്ടാൻ തോന്നി. അടുത്ത് കൊണ്ടുചെന്ന് സൈക്കിൾ നിർത്തി. അവൾ ചുറ്റിലും നോക്കി പേടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ചിരി വന്നു. "നിന്റെ പേരെന്താ? എത്രാം ക്ലാസിലാ പഠിക്കുന്നെ ?" എന്റെ ചോദ്യം കേട്ട് മുഖമുയർത്തി നോക്കി. കണ്ണുകളിൽ ഒരാശ്വാസം നിറയുന്നുണ്ട്. "കാർത്തിക, എല്ലാരും പൊന്നൂന്ന് വിളിയ്ക്കും. ഞാൻ 8ആം ക്ലാസിലാ പഠിക്കുന്നെ. അണ്ണന്റെ പേരെന്താ? " പിന്നെ ഒരു പെരുമഴയായിരുന്നു. ചോദ്യങ്ങളുടെ പെരുമഴ...
പിന്നെപ്പിന്നെ കാണുമ്പോൾ ചിരിയ്ക്കാൻ തുടങ്ങി...മിണ്ടാനും....
അവളുടെ സ്കൂളിൽ തന്നെയായിരുന്നു ഞാനും പഠിച്ചിരുന്നത്, 10-ാം ക്ലാസു വരെ ... നല്ല മാർക്കോടെ പാസായി. പക്ഷേ....പിന്നെ പഠിക്കാൻ ഒന്നും പോയില്ല. അമ്മയുടെ ആരോഗ്യം മോശമാണ്. അതുകൊണ്ട് കെട്ടിടംപണിയ്ക്കു പോയി തുടങ്ങി. ഒരു അനിയൻ ഉണ്ട്. അവനെ വിശപ്പറിയാതെ പഠിപ്പിച്ചു. കാലം കടന്നുപോയി.... ഞാനും പൊന്നുവും അടുത്ത കൂട്ടുകാരാണ് ഇപ്പോൾ. എന്തും പരസ്പരം തുറന്നു പറയുന്ന സൗഹൃദം. ഒരു ദിവസം വളരെ സങ്കടത്തിലാണ് പൊന്നു വന്നത്. അവൾ കൃഷ്ണൻ നായർ മെമ്മോറിയൽ കോളേജിൽ പ്രീഡിഗ്രി രണ്ടാം വർഷമാണ്. എനിയ്ക്ക് അന്ന് അവരുടെ വയലിലായിരുന്നു പണി. ക്ലാസു കഴിഞ്ഞ് അന്നത്തെ വിശേഷങ്ങളുമായി അവൾ എന്നെ കാണാൻ വരാറുണ്ട്. ലൈബ്രറിയിൽ നിന്നെടുത്ത നല്ല ചില പുസ്തകങ്ങളും കൊണ്ടു തരും. ചിലപ്പോഴൊക്കെ അവളുടെ അച്ഛനും കൂടെ ഉണ്ടാവും.
അന്ന് അവളൊറ്റയ്ക്കാണ് വന്നത്.

ബസ് സ്റ്റോപ്പിൽ ഒരു ചായക്കടയുണ്ട്. ചേലങ്ങേലെ മുതലാളിയുടെയാണ് ആ കട. നല്ല ദോശയും സാമ്പാറും, പുട്ടും പഴവും, പാലപ്പവും മുട്ടക്കറിയും, വെട്ടുകേക്കുമൊക്കെ കിട്ടുന്നതു കൊണ്ട് എപ്പോഴും കടയിൽ തിരക്കാണ്. ഉമ്മയുടെ കൈപ്പുണ്യം നാട്ടിലൊക്കെ പ്രശസ്തമാണ്.
അന്ന് പൊന്നു ബസിറങ്ങി നടക്കാൻ തുടങ്ങുമ്പോൾ പരിമ്പ്രത്തെ വേണു അവളോട് ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞെന്ന്. വേണുവും ഞാനും ഒരുമിച്ചു പഠിച്ചതാ.... പെൺകുട്ടികൾ അവനൊരു ഭ്രമമാണ്. സ്കൂളിൽ വച്ച് എത്രയോ പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നു. പൊന്നു അവനോട് താത്പര്യം ഇല്ലെന്ന് പറഞ്ഞിട്ട് മുന്നോട്ട് നടന്നു. ഓരോന്ന് പറഞ്ഞ് അവനും പിന്നാലെ കൂടി. വയലിന് മുമ്പുള്ള തെങ്ങിൻ തോപ്പിൽ വച്ച് അവൻ അവളുടെ കയ്യിൽ കയറിപ്പിടിച്ചു. ബലപ്രയോഗത്തിനിടയിൽ അവളുടെ കയ്യിലെ കുപ്പിവളകളൊക്കെ പൊട്ടി കൈയ്യാകെ ചോരയൊലിച്ചിരിക്കുകയാണ്. തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് വേഗം അവളുടെ കൈ തുടച്ച് കുളത്തിലെ വെള്ളത്തിൽ കൊണ്ടു പോയി കൈ കഴുകി വൃത്തിയാക്കി ആശ്വസിപ്പിച്ചു വീട്ടിലേക്ക് വിട്ടു. തൽക്കാലം അച്ഛനോട് ഒന്നും പറയണ്ട. വേണുവിന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്ന് വാക്കു കൊടുത്തു. അന്നു വൈകിട്ട് മുഴുവൻ അതു തന്നെയായിരുന്നു ആലോചന. രാത്രി 8 - മണിയൊക്കെയായപ്പോൾ പരിമ്പ്രത്തേക്ക് പോയി. വേണുവിനെ കണ്ടു. ഒന്നുമറിയാത്തതു പോലെ അവൻ എന്നോട് സംസാരിച്ചു. പതിയെ അവനേ വിളിച്ച് പുറത്തേക്ക് നടന്നു... ഏലാത്തോടിന്റെ കരയിലേക്ക്. അവിടെ ചെന്നപാടെ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചു.
ആദ്യമൊന്ന് പകച്ചെങ്കിലും കാര്യം മനസിലായപ്പോൾ അവന്റെ ശൈലി മാറി.. "നിന്റെ പെണ്ണാണെന്ന് അറിഞ്ഞില്ലാ.. ഇനി പിന്നാലെ നടക്കില്ല " എന്ന് ക്ഷമ ചോദിച്ചു. പിന്നെ അവനെ സമാധാനത്തിൽ വിളിച്ച് അടുത്തിരുത്തി പറഞ്ഞു. " അവൾ എന്റെ പെണ്ണല്ല. അവളുടെ അമ്മാവന്റെ മകൻ കാർത്തികേയനുമായി അവൾ ഇഷ്ടത്തിലാണ്. പിന്നെ, എനിയ്ക്ക് ... അവളെന്റെ ഏറ്റവും നല്ല കൂട്ടുകാരിയാണ്. അവളുടെ കണ്ണുനിറയുന്നത് ഞാൻ കണ്ടുനിൽക്കില്ല " എന്ന്. തൃപ്തിയില്ലാത്ത ഒരു മൂളലായിരുന്നു അവന്റെ മറുപടി. അവന്റെ ഉള്ളിൽ നുരഞ്ഞുയർന്ന പക ഞാൻ തിരിച്ചറിഞ്ഞില്ല, പിറ്റേന്ന് അവളുടെ അച്ഛൻ എന്നെ പിടിച്ചു നിർത്തി അടിയ്ക്കും വരെ. ഞാനും പൊന്നുവും തമ്മിൽ ഇഷ്ടത്തിലാണെന്നും അത് ശരിയല്ലെന്ന് പറഞ്ഞതിന് ഞാൻ അവനെ ഉപദ്രവിച്ചെന്നുമൊക്കെ അവൻ അദ്ദേഹത്തോട് പറഞ്ഞു. മോശമായ ചില സാഹചര്യങ്ങളിൽ ഞങ്ങളെ വയൽ വരമ്പിൽ കണ്ടിട്ടുണ്ടെന്നും കൈമാറുന്ന പുസ്തകങ്ങൾക്കിടയിൽ കത്തുകൾ ഒളിപ്പിക്കുന്നുവെന്നുമൊക്കെ പൊടിപ്പും തൊങ്ങലും വച്ച് കഥ മെനഞ്ഞ് അവൻ ഞങ്ങളെ ശത്രുക്കളാക്കി. പൊന്നുവിന്റെ കല്യാണം ഉടനേ തന്നെ നടത്താൻ അവർ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് കുറച്ചു പൈസ ശരിയാക്കിയാൽ ഗൾഫിലേക്കൊരു വിസ ഒപ്പിച്ചുതരാമെന്ന് അമ്മയുടെ ഒരകന്ന ബന്ധു പറയുന്നത്. ഉണ്ടായിരുന്ന വീടും വസ്തുവും പണയത്തിലാക്കി പൈസ ഒപ്പിച്ചു കൊടുത്തു. പെട്രോൾ പമ്പിലായിരുന്നു ജോലി. കിട്ടുന്ന ശമ്പളം മിച്ചം പിടിച്ചൊരു ചെറിയ വീട് വച്ചു. അനിയനു ഗവൺമെന്റ് ജോലിയായി. അവൻ കൂടെ ജോലി ചെയ്ത പെൺകുട്ടിയെ കല്യാണം കഴിച്ചു. ഇതിനിടെയെങ്ങും ഞാൻ നാട്ടിലേക്ക് വന്നേയില്ല. അമ്മയെ കാണുമ്പോഴൊക്കെ പൊന്നു എന്നെ തിരക്കാറുണ്ട്. 42 വർഷം കഴിഞ്ഞു.... ഇന്നോളം ഒരു വിവാഹം കഴിയ്ക്കാൻ തോന്നിയിട്ടേയില്ല. അമ്മയ്ക്കിപ്പോ 82 വയസായി. ഈയിടെയായി ചിലആരോഗ്യപ്രശ്നങ്ങൾ ഉണ്ട്... എന്നെ കാണണമെന്നും പറഞ്ഞ് കരച്ചിൽ ആണ്...
അതു ഞാൻ ഇവിടെ വന്നതു മുതൽ അമ്മ അങ്ങനെയാണ്...
അല്ലെങ്കിലും കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞാണല്ലോ...
എനിയ്ക്കും അമ്മയേം അനിയനേമൊക്കെ കാണാൻ തോന്നാറുണ്ട് പക്ഷേ.... ടിക്കറ്റെടുക്കാൻ ചിന്തിക്കുമ്പോഴേക്കും പിന്നീടാവാമെന്ന് തോന്നും. അങ്ങനെ നീണ്ടു നീണ്ടു 42 വർഷങ്ങൾ കഴിഞ്ഞു. 23 ആം വയസ്സിൽ വിമാനം കയറിയതാണ്. ഞാൻ കണ്ണാടിയിലേക്കൊന്നു നോക്കി. കറുത്ത കനമുള്ള മുടി കൊഴിഞ്ഞ് കഷണ്ടിയായിട്ടുണ്ട്. ചെവിയ്ക്കിരുവശവുമുള്ള മുടിയും താടിയുമൊക്കെ നരച്ചിരിക്കുന്നു. ചെറുതായി കുടവയറുണ്ട്. നെഞ്ചിലെ രോമങ്ങൾക്കിടയിലും വെളുപ്പ് കലർന്നിട്ടുണ്ട്. പൊന്നുവും നരച്ചിട്ടുണ്ടാവുമോ? നാട്ടിൽ ആകെയുള്ള സൗഹൃദം അവളാണ്. ഇത്രയും വർഷങ്ങൾ കഴിഞ്ഞും സ്നേഹം നിറഞ്ഞ ആ കണ്ണുകളും ചിരിയും ഓർമ്മയിൽ പോലും ആശ്വാസം പകരുന്നുണ്ട്. ഇത്തവണ നാട്ടിലെത്തണം. ഇന്ന് ജൂലൈ 15 ആണ്.ആഗസ്റ്റ് 15- സെപ്റ്റംബർ 20 ആണ് ലീവ്. ടിക്കറ്റെടുത്തു. പിന്നീടൊരു തിരക്കായിരുന്നു. ഓരോരുത്തർക്കും വേണ്ടി സമ്മാനങ്ങൾ വാങ്ങിച്ചു. അനിയനൊരു മൊബൈൽ. അവന്റെ ഭാര്യയ്ക്ക് , അനിയത്തിയ്ക്ക്, ഒരു വാച്ച്. കുഞ്ഞിന് കുറച്ച് ഡ്രസും കളിപ്പാട്ടവും . അമ്മയ്ക്ക് .... അമ്മയ്ക്കെന്താ വാങ്ങേണ്ടത്? അറിയുന്നില്ല.... കുറച്ച് നട്ട്സും ബദാമും ഒന്നു രണ്ടു സാരിയും ഒരു സ്വർണ്ണമാലയും വാങ്ങി. പൊന്നുവിന്....
അവൾക്ക് ഞാൻ ഒന്നും വാങ്ങിയില്ല...
ആഗസ്റ്റ് 15 ന് നാട്ടിലെത്തി.
എന്തൊരു മാറ്റമാണിവിടെ.!!!
എന്റെ നാടല്ല ഇതെന്ന് തോന്നുന്നു.
അമ്മ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു...
സദ്യവട്ടമൊരുക്കി അനിയനും ഭാര്യയും കാത്തിരിക്കുകയായിരുന്നു. ഊണു കഴിഞ്ഞൊന്നുറങ്ങിയിട്ട് വൈകുന്നേരം പൊന്നുവിന്റെ വീട്ടിലേക്ക് പോയി.. അവളുടെ അച്ഛനും വയസ്സായി. കണ്ടിട്ട് എന്നെ മനസിലായില്ല. പേരു പറഞ്ഞപ്പോൾ കണ്ണിൽ കുറ്റബോധം നിറയുന്നതു കണ്ടു. പൊന്നു പിറ്റേ ദിവസം വരുന്നുണ്ടത്രേ... അന്നുമുഴുവൻ വല്ലാത്തൊരു വെപ്രാളമായിരുന്നു. അവളെ കാണാൻ ....
ആദ്യമായെന്റെ കണ്ണിലൂറിയ പ്രണയം തിരിച്ചറിഞ്ഞതും തിരുത്തിയതും സുഹൃത്തായ് കൂടെ വേണമെന്ന് ആവശ്യപ്പെട്ടതും അവളാണ്.
ആ വാക്കു പാലിക്കുവാനാണിന്നോളം ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കാഞ്ഞതും .
പൊന്നുവുമായുള്ള സൗഹൃദത്തിന് ഭാര്യ തടസമുണ്ടാക്കിയാലോ ...?
ഓരോന്നാലോചിച്ചിരുന്ന് രാത്രി വൈകിയാണ് ഉറങ്ങിയത്. പിറ്റേന്ന് ഉച്ചയൂണും കഴിഞ്ഞ് പൊന്നുവിന്റെ വീട്ടിലേക്കിറങ്ങി. ഏലാത്തോടിനടുത്തെത്തിയപ്പോൾ പൊന്നുവിനെ കണ്ടു. വരുന്ന വഴിയാണ്. മുടിയൊക്കെ നരകയറിത്തുടങ്ങി. കണ്ണുകൾ ലേശം കുഴിഞ്ഞ് വിഷാദാത്മകമായിരിക്കുന്നു. എങ്കിലും ആ തിളക്കം ... അതു നഷ്ടമായിട്ടില്ല. കൂടെ ആരുമില്ല.... അപ്പോഴാണ് ഞാൻ ഓർക്കുന്നത്. പൊന്നു എന്നെക്കുറിച്ച് ചോദിച്ചു എന്ന് മാത്രമേ അമ്മ പറഞ്ഞിട്ടുള്ളൂ. അവളെക്കുറിച്ച്
ഞാൻ ഒന്നും ചോദിച്ചിട്ടില്ല. അമ്മ ഒന്നും പറഞ്ഞിട്ടുമില്ല. വീട്ടിലേക്ക് നടക്കുന്നതിനിടെ അവളെല്ലാം പറഞ്ഞു. കല്യാണം കഴിഞ്ഞ് ആഗ്രഹിച്ചതു പോലെ സന്തോഷം നിറഞ്ഞ... സ്നേഹം നിറഞ്ഞ 3 വർഷക്കാലത്തെ ജീവിതം. ഗർഭിണിയായി 5ാം മാസത്തിലെ ആക്സിഡന്റ്... കാർത്തികേയന്റെ മരണം...
അലസിപ്പോയ ഗർഭം...
നില തെറ്റിയ മനസുമായുള്ള രണ്ടു വർഷക്കാലത്തെ ആശുപത്രിജീവിതം...
പിന്നെയിത്ര കാലവും ഒറ്റയ്ക്ക്....
അച്ഛനും അമ്മയ്ക്കും സഹോദരനും ഭാരമാവാതെ...
മിണ്ടാനായില്ല തിരിച്ചൊന്നും...
ഞങ്ങൾ നടന്ന് അവളുടെ വീടെത്തി...
അച്ഛൻ സന്തോഷത്തോടെ മകളെ ചേർത്തു നിർത്തി...
ഒരാഴ്ച നിൽക്കാനുണ്ടാവുമെന്നാണ് അവൾ പറഞ്ഞത്. ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞില്ല.

ഓർമ്മകളിൽ നിന്നുണർന്ന് കലണ്ടർ എടുത്തു നോക്കി.
ഇന്ന് ബുധൻ...
ഇന്നാണ് അവൾ തിരികെ പോകുന്നത്. യാത്രയാക്കാനോടി ചെന്നു ഞാനും...
യാത്രപറഞ്ഞിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
ഞാൻ അവളുടെ അച്ഛന്റെ ചാരു കസേരയ്ക്കരികിലേക്ക് ചെന്നു മുട്ടുകുത്തി അടുത്തിരുന്നു....
പതിയെ ചോദിച്ചു....
"ഇനി എനിയ്ക്കു തരുമോ ഈ പൊന്നുവിനെ?"
അവളതു കേട്ട് ഞെട്ടിത്തിരിഞ്ഞു.
അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ കൈകൾ നനയ്ക്കാൻ തുടങ്ങി.
ഞാൻ അവളെ തിരിഞ്ഞൊന്ന് നോക്കി. കണ്ണുകൾ തുളുമ്പുന്നുണ്ട്. പഴയ പാവാടക്കാരിയെ ഓർമ്മ വന്നു. പതിയെ അടുത്ത് ചെന്നു. കൈ നീട്ടി.... മറ്റേതോ ലോകത്തിലെന്നപോലെയാണവൾ നിൽക്കുന്നത്. പെട്ടെന്നാരോ അവളുടെ കൈ പിടിച്ചെന്റെ കയ്യിലേൽപിച്ചു...
നെറുകയിൽ തൊട്ട ആശീർവാദവുമായി അച്ഛൻ...
വാതിലിനടുത്തപ്പോൾ അവളുടെ അമ്മ നേര്യതിന്റെ തുമ്പുകൊണ്ട് കണ്ണു തുടക്കുന്നുണ്ടായിരുന്നു...
കൈകൾ കോർത്ത് ഞങ്ങളാ
ഏലാത്തോടിന്റെ കരയിലൂടെ....
ഇടവഴിയിലൂടെ .....
ഇനിയെത്ര കാതങ്ങൾ ....
ഇനിയെത്ര സ്വപ്നങ്ങൾ....
=============================
താത്രിക്കുട്ടി


ആത്മാവിനൊരു കാവൽ.(കഥ)

Best of Nallezhuth - No 13 -
ബാത്ത്റൂമിന് പുറത്തുള്ള അമ്പത്തിരണ്ടാം നമ്പർ സി സി ടി വി ക്യാമറയും എണ്ണിക്കഴിഞ്ഞു. ആ കെട്ടിടം ഒരു വലത് നടന്ന് പൂർത്തിയാക്കി അവൻ തന്റെ കാബിനടുത്തേക്ക് നടന്നു.
ജനറേറ്ററിന്റെ ശബ്ദത്തിന്റെ മുഴക്കത്തോടൊപ്പം നേരിയ കാറ്റ് ചൂളം വിളിച്ചു വരുന്ന ശബ്ദം. അതിനൊരു താളമായി തറയിൽ പതിയുന്ന ബൂട്ടിന്റെ ശബ്ദവും ആസ്വദിച്ചവൻ നടന്നു. ഇരുട്ടിലേക്ക് ടോർച്ച് തെളിച്ച് നടക്കവെ പെട്ടെന്ന് കാലിൽ എന്തോ തടഞ്ഞ് നിന്നു.
ടോർച്ച് താഴേക്ക് തെളിച്ചപ്പോൾ കണ്ടു.
കറുത്ത നിറത്തിലൊരു പേന.
പക്ഷേ അവൻ നിന്നതിന് ശേഷവും അവൻ നടന്ന താളത്തിൽ ആ ബൂട്ടിന്റെ ശബ്ദം പിന്നെയും നാല് അഞ്ച് സ്‌റ്റെപ്പുകൾ വയ്ക്കുന്നതായി ശബ്ദം അവൻ ശ്രദ്ധിച്ചു.
പുറകിലേക്ക് ടോർച്ച് തെളിച്ചു.
ആരുമില്ല...
"അല്ലേലും ഇവിടെ ആരു വരാനാണ്.. "
മനസ്സിൽ ചിന്തിച്ചു കൊണ്ട് കുനിഞ്ഞ് ആ പേനയെടുത്ത് തിരിച്ചും മറിച്ചും നോക്കി.
അതിലെ പൊടി ഊതിക്കളഞ്ഞ് പോക്കറ്റിൽ വച്ചു.
മെയിൻ ഗേറ്റിനരികിലെ സെക്യൂരിറ്റി റൂമിലെ വാതിൽ തുറന്നവൻ അകത്ത് കയറി.
എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഒരു മുറി ആയിരുന്നു അത്.
മുന്നിൽ മൂന്ന് വലിയ കമ്പ്യൂട്ടർ സ്ക്രീനുകൾ.
ചെറിയ ചെറിയ കോളങ്ങൾക്കുള്ളിൽ അമ്പത്തിരണ്ട് ക്യാമറകളുടെ ദൃശ്യങ്ങൾ.
ഒന്ന്, രണ്ട് എന്ന രീതിയിൽ രേഖപ്പെടുത്തി കാണിക്കുന്നുണ്ട്.
അതിന് മുകളിലെ മരത്തടി കബോർഡ് അറകളിൽ നിറഞ്ഞിരിക്കുന്ന ഫയലുകൾ.
മേശപ്പുറത്തുള്ള കമ്പ്യൂട്ടർ,കീ..പാഡ്.
പഴയ മാതൃകയിലുള്ള ഇറ്റാലിയൻ ലിപിയിലെ ഒരു ഘടികാരത്തിന്റെ ടിക് ടിക് ശബ്ദം മാത്രം ഉണ്ട്.
എല്ലാം വീക്ഷിച്ച് കൊണ്ടവൻ കസേരയിലേക്കിരുന്നു.
ക്യാമറ നമ്പർ 32 ൽ കണ്ടു കൊണ്ടിരുന്ന സ്ക്രീനിലെ കാഴ്ച മാഞ്ഞു.
ഒരു കറുത്ത നിറം മാത്രമായി.
മൗസ് അവൻ ആ ക്യാമറയിൽ ഫോക്കസ് ചെയ്ത് ഓൺ ഓക്കാൻ ശ്രമിച്ചു.
പുറകിലെ വാതിൽ ആരോ തളളി തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ടവൻ തിരിഞ്ഞ് നോക്കി. ലോക്ക് ഹാൻഡിൽ തിരിയുന്നുണ്ട്.
വാതിൽ തുറക്കാനായി.
മുൻവശത്തെ ഗ്ലാസിലൂടെ പുറത്തുള്ള കാഴ്ചയിൽ, ഈന്തപ്പനകളുടെ ഇലകൾ കാറ്റിൽ ശക്തിയായി ഉലയുന്നു.
"കാറ്റായിരിക്കാം."അവൻ മനസ്സിൽ ചിന്തിച്ചു.
അപ്പോഴേക്കും മുപ്പത്തിരണ്ടാം നമ്പർ ക്യാമറ ദൃശ്യം വീണ്ടും വന്നു.
അതിൽ വാട്ടർ ടാങ്കിലേക്കുള്ള ടവ്വറിലേക്ക് കയറുന്ന വാതിൽ തുറന്നിരിക്കുന്നു.
"ങേ...ഞാനിപ്പോൾ അടച്ചിട്ട് വന്നതാണല്ലോ?
പിന്നെ ആരാ തുറന്നത്?"
ഒറ്റയ്ക്കാണെന്നുള്ള ചിന്തയും, രാത്രിയുമൊന്നും എന്തുകൊണ്ടോ അവനിൽ അപ്പോഴും യാതൊരു ഭയവും ഉണ്ടാക്കുന്നുണ്ടായിരുന്നില്ല.
പെട്ടെന്നാണ് അമ്പത്തിരണ്ടാം നമ്പർ ക്യാമറ ദൃശ്യവും മറഞ്ഞത്.
നീളമുള്ള കറുത്ത നിറത്തിലെ ടോർച്ച് കൈയ്യിലെടുത്തവൻ,
അവിടെ എന്താണെന്ന് നോക്കാനായി എഴുന്നേറ്റു.
ആരോ തള്ളിയിട്ടത് പോലെ മുകളിലെ അറയിലിരുന്ന ഫയലുകളിലൊന്ന് താഴേക്ക് വീണു.
അതിനകത്തെ കടലാസ്സുകൾ അവിടെയാകെ ചിതറി.
പല ഭാഷകളിലായുള്ള കഥ പോലെ എഴുതി തീർത്ത കുറെ കടലാസ്സുകൾ.
എല്ലാത്തിന് മുകളിലും ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ, ഉഗാണ്ട, ഫിലിപ്പൈൻ, ഈജിപ്റ്റ്, ഘാന, ഇന്ത്യ എന്നെഴുതിയിരിക്കുന്ന കടലാസ്സുകളിൽ ആ കണ്ണുകൾ നിന്നു.
അത് ഓരോന്നായി എടുത്തവൻ കസേരയിലേക്കിരുന്നു.
പല ഭാഷകളിലായി എഴുതിയിരുന്നവയിൽ ഒന്ന് മലയാളമായിരുന്നു.
ആ കടലാസുകൾ അവൻ ക്രമപ്പെടുത്തി വച്ചു. പന്ത്രണ്ട് എണ്ണം.
അതിലെ ഒന്നാം പേജുമായി അവൻ വായിക്കാനിരുന്നു.
വായനയിലെ കാഴ്ച്ചകൾ ചിത്രങ്ങളായി അവന്റെ മനസ്സിലേക്ക് വന്നു.
ഇരുവശവും മരുഭൂമിയ്ക്ക് നടുവിലൂടെയുള്ള റോഡ്. അതിൽ നിന്ന്,
ഈന്തപ്പനകളുടെ പച്ചപ്പുകൾ നിറഞ്ഞ റോഡിലേക്ക് കാർ കയറിയിട്ട് ഒരു മണിക്കൂറിലേറെയായി.
അതിലെ ഡ്രൈവർ എന്നോട് ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല.
പുറത്തെ കാഴ്ച്ചകളിൽ, വനത്തിൽ വൃക്ഷങ്ങൾ കൂട്ടമായി നിൽക്കുന്നത് പോലെയല്ലാതെ ഈന്തപ്പനകൾ ഇരുവശവും ക്രമമായി വരികളായി വളർന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്.
ഓരോ ഈന്തപ്പനകളുടെ ചുവട്ടിലും കാണുന്നു. പാമ്പുകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നത് പോലെ കറുത്ത കുഞ്ഞു പൈപ്പുകൾ ചുറ്റിക്കിടക്കുന്നു.
അതിലെ കുഞ്ഞു ദ്വാരങ്ങളിൽ നിന്ന് ചീറ്റിത്തെറിക്കുന്ന വെള്ളം.
കാടിനുള്ളിലേക്ക് പ്രയാസപ്പെട്ടു കടന്നു വരുന്ന സൂര്യപ്രകാശത്തിൽ മഴവില്ല് തെളിഞ്ഞു കാണുന്നുണ്ട്.
"മനോഹരമായ കാഴ്ച.."
ഞാൻ മനസ്സിൽ നാടിനെ ഓർത്തു.
"എല്ലാ വൃക്ഷങ്ങളും വെട്ടി നശിപ്പിക്കുന്നവർ,
ഒരു തുള്ളി ജലത്തിനായി കോൺക്രീറ്റുകൾക്കിടയിൽ മണ്ണിനെ തേടുന്ന വേരുകൾ.
കാവൽക്കാരൻ വിസയിൽ ഈ നാട്ടിലെത്തി. ഇന്നലെ ഇന്റെർവ്യൂ ആയിരുന്നു.
എന്താ അവർ തന്ന ജോലി..?"
"മിസ്റ്റർ..ഇത്രെയേ ഉള്ളു നിങ്ങളുടെ ജോലി.
ഒരു കാരണവശാലും ഇലക്ട്രിസിറ്റി പവർ നിലയ്ക്കാൻ പാടില്ല.
അഞ്ച് ജനറേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ഭക്ഷണ സാധനങ്ങളും ജനറേറ്ററിനുള്ള ഇന്ധനവുമായി ഒരു വാഹനം അവിടെ വരും.
അതുവരെ നിങ്ങൾ ഒറ്റയ്ക്കായിരിക്കുമവിടെ.
ഈ ബിൽഡിംഗ് സൂക്ഷിക്കുക എന്നതാണ് നിങ്ങളുടെ ജോലി.
52 ക്യാമറയിലെ വിഷൽസ് നമ്മൾ ഇവിടെയും കാണുന്നുണ്ട്.
ചില ക്യാമറകൾ മോഷൻസ് ക്യാമറകളാണ്. അതിന്റെ മുന്നിലൂടെ എന്തെങ്കിലും ചലനമുണ്ടായാൽ മാത്രം റിക്കോഡ് ആകുന്നവ.
ഒരു കാരണവശാലും ബിൽഡിങ്ങിനകത്ത് കയറാനോ, അതിനകത്ത് എന്താണെന്ന് അറിയാനോ ശ്രമിക്കരുത്.
കണ്ടല്ലോ അവിടത്തെ ഓരോ നിമിഷങ്ങളും നമ്മൾ ഇവിടെ കാണുന്നുണ്ട്."
ചുവരിലെ വലിയ സ്ക്രീനിലെ ദൃശ്യങ്ങൾ.
നാല് പേർ ഉണ്ടായിരുന്നു.
ആ ഇൻറർവ്യൂ ബോർഡിൽ.
അതിലെ മലയാളി ഡോക്ടർ പറഞ്ഞു നിർത്തി.
സ്ക്രീനിലെ ദൃശ്യങ്ങളിൽ ഒരു വലിയ കെട്ടിടവും, മുൻവശത്തെ സെക്യൂരിറ്റി റൂമും, ഗേറ്റും,
ഒരു കോർണറിൽ ഉയർന്നു നിൽക്കുന്ന വാട്ടർ ടാങ്ക് ടവ്വറും,
പുറകുവശത്തെ അഞ്ച് ജനറേറ്റർ മുറികൾ, അടുത്ത കോർണറിലെ ബാത്ത് റൂം ബിൽഡിംഗ്, ഒക്കെ ഞാൻ കണ്ടു.
"ഗവൺമെന്റ് അപ്രൂവ് കമ്പനി അവൈലബിൾ ലൈസൻസ് ഉള്ള സെക്യൂരിറ്റി ആശുപത്രി പ്രാപ്പർട്ടിയിൽ വേണം.
എന്ന നിയമം ഈ നാട്ടിൽ നിർബന്ധം ഉള്ളത് കൊണ്ടാണ് നമുക്ക് നിങ്ങളുടെ കമ്പനിയിൽ നിന്ന് ഒരാളിനെ ആവശ്യമായി വന്നത്.
താങ്കൾക്ക് ഈ ജോലി നമ്മൾ തരുകയാണെങ്കിൽ ചെയ്യാൻ തയ്യാറാണല്ലോ അല്ലേ...?"
ചോദ്യം ഞാൻ കേട്ടെങ്കിലും
സ്ക്രീനിൽ കാണുന്ന ദൃശ്യങ്ങളിലെ വാട്ടർ ടാങ്ക് ടവറിലെ വാതിലിലേക്കായിരുന്നു.
എന്റെ കണ്ണുകൾ.
സ്വപ്നത്തിലെവിടെയോ കണ്ടു മറന്നൊരോർമ്മ.
"എന്താ ആലോചിക്കുന്നത് താങ്കൾ തയ്യാറാണോ ഈ ജോലിയ്ക്ക്."
"അതെ... അതെ... "
ഓർമ്മയിൽ അന്ന് സമ്മതിച്ച വാക്കുകൾ ആ വാഹനത്തിലുളളിലിരുന്ന് അറിയാതെ നാവിൽ നിന്നും പുറത്ത് വന്നു.
"എന്താ... എന്താ പറഞ്ഞത് "......?
അത് കേട്ട് ഡ്രൈവർ മൗനം വെടിഞ്ഞു.
''ങേ...നിങ്ങൾ മലയാളി ആയിരുന്നോ "
യാത്ര തുടങ്ങി രണ്ടു മണിക്കൂറിന് ശേഷമുണ്ടായ അവന്റെ ചോദ്യം.
അതിനുള്ള മറുപടിയിൽ എന്റെ ശബ്ദത്തിലാ അതിശയവും ഉണ്ടായിരുന്നു.
"അതെ മലയാളിയാണ് എന്റെ പേര് കരീം എന്താ നിങ്ങളുടെ പേര്.. "
ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിച്ചു കൊണ്ട് എന്റെ മുഖത്ത് പോലും നോക്കാതെ ആയിരുന്നു അവന്റെ സംസാരം.
"എന്റെ പേര് ആൽബി നാട്ടിൽ തഞ്ചാവൂർ ആണ്..."
കാർ ഒരു കുഴിയിറങ്ങി ഒന്നുലഞ്ഞു പിന്നെ അവന്റെ ചോദ്യം വന്നു
"ഓഹോ ക്രിസ്ത്യാനി ആണ് അല്ലേ..? "
"അതെ... "ഞാൻ മറുപടി പറഞ്ഞപ്പോൾ ആദ്യമായി അവൻ എന്റെ മുഖത്ത് നോക്കി ഒന്നു ചിരിച്ചു.
"അതു കൊള്ളാമല്ലോ... ക്രിസ്ത്യാനിയായ തഞ്ചാവൂരുള്ള മലയാളി."
ഞാനുമൊന്ന് ചിരിച്ചു.
മനസ്സിന് ചെറിയൊരു ആശ്വാസമായി തുടങ്ങിയിരുന്നു.
"വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാളി ഇവിടെ സെക്യൂരിറ്റി ആയി വരുന്നത്.
ഇതിന് മുൻപ് ഒരു ഉഗാണ്ടക്കാരൻ ആയിരുന്നു അതിന് മുൻപൊരു പാകിസ്ഥാനി
രണ്ടു പേരെയും കൊണ്ട് വിട്ടത് ഞാൻ തന്നെയാണ്.
കമ്പനി എല്ലാ പേരെയും
നാട്ടിൽ കയറ്റി വിട്ടു.
കറന്റ് പോയപ്പോൾ ജനറേറ്റർ ഓണാക്കിയില്ല എന്നാ കേട്ടത്..."
അവൻ പറഞ്ഞ് നിർത്തിയപ്പോൾ കാർ റോഡവസാനിച്ച് ഒരു വലിയ ഗേറ്റിന് മുൻപിൽ എത്തിയിരുന്നു.
തുറന്ന ഗേറ്റിനകത്ത് നിന്ന് ആ കാർ ഈന്തപ്പന കാടുകൾക്ക് നടുവിലൂടെയുള്ള റോഡിലൂടെ കൺമറയുന്നതും നോക്കി ഞാൻ നിന്നു.
പിന്നെ ഗേറ്റടച്ച് അകത്ത് കയറി.
ഇനിയീ പന്ത്രണ്ട് ഏക്കർ ചുറ്റളവിലെ മതിലിനുള്ളിൽ ഈ കെട്ടിടവും ഞാനും മാത്രം. രാത്രിയും പകലും
കാവൽക്കാരൻ.
സൂര്യൻ മറഞ്ഞു.
ചന്ദ്രന് അന്ന് നല്ല നിലാവായിരുന്നു.
ടോർച്ചിന്റെ ആവശ്യമില്ലെങ്കിലും അവിടെ ഉണ്ടായിരുന്ന വലിയ ടോർച്ചുമായി ഞാൻ ആ കെട്ടിടം ചുറ്റാൻ ഇറങ്ങി.
ഒന്ന്...രണ്ട്....ക്യാമറകൾ ഓരോന്നോയി എണ്ണി നീങ്ങി.
മുപ്പത്തിരണ്ടാം നമ്പർ ക്യാമറ,
വാട്ടർ ടാങ്കിലേക്കുള്ള വാതിൽ വഴി ഞാൻ ആ ടവറിൽ കയറി മുകളിലെത്തി.
പരിസരം മുഴുവൻ വിമാനത്തിലിരുന്ന് ഒരു കാട് കാണുന്നത് പോലെ.
ഈന്തപ്പനകളുടെ മുകൾവശം മാത്രം ഇരുട്ടുമുടി നിൽക്കുന്നത് കാണാം.
അതിന് നടുവിലൂടെ ഇഴയുന്ന പെരുപാമ്പിനെ പോലെ കിടക്കുന്ന റോഡ്.
ദൂരെ പൊട്ടു പോലെ ഒരു വാഹനത്തിന്റെ പ്രകാശമുണ്ട്.
താഴെയിറങ്ങി.
ആ ഇരുമ്പ് വാതിൽ വലിച്ചടച്ചു.
അകത്ത് നിന്ന് തള്ളിയാൽ തുറക്കാവുന്ന രീതിയിലുള്ള എമർജൻസി ലോക്ക് ആയിരുന്നത്. പുറത്ത് നിന്ന് പൂട്ടിയാലും അകത്ത് നിന്ന് ലോക്ക്ബാറിൽ തള്ളിയാൽ തുറക്കാവുന്ന രീതിയിലുള്ളത്.
ഞാൻ പുറത്തിറങ്ങി.
ആ വാതിൽ താക്കോൽ കൊണ്ട് പൂട്ടി.
ഒരു റൗണ്ട് നടന്ന് മുൻവശത്തെത്തി.
കെട്ടിടത്തിലെ വാതിലിലെ വിടവിലൂടെ അകത്തേക്ക് നോക്കി.
ഒന്നും കാണുന്നില്ല.
എ സി യുടെ മൂളൽ മാത്രം കേൾക്കാം.
"കാറ്റിലൂടെ ഒരു ഗന്ധം വരുന്നുണ്ടോ..?
ഇനി വല്ല മോർച്ചറിയോ മറ്റോ ആയിരിക്കുമോ..?
ഏയ്.. ഇല്ല അതൊന്നുമല്ലെന്ന് അന്ന് ഇന്റർവ്യൂയിൽ പറഞ്ഞതാണല്ലോ..?
എന്നാലും ആശുപത്രിക്കാർക്ക് എന്തിനാ ഇങ്ങനെ ഒരു ഗോഡൗൺ..?
കറന്റ് പോകാൻ പാടില്ല.
എന്തായിരിക്കുമിവിടെ സൂക്ഷിച്ചിരിക്കുന്നത്..?"
ചിന്തിച്ച് കൊണ്ട് ഞാൻ മുൻവശത്തെ സെക്യൂരിറ്റി റൂമിലെത്തി.
അതിനുള്ളിൽ തറയിൽ ചിതറിയ നിലയിൽ കുറെ കടലാസ്സുകൾ കിടക്കുന്നുണ്ടായിരുന്നു.
പല ഭാഷകളിലായി എന്തൊക്കെയോ എഴുതി കൂട്ടിയിരിക്കുന്ന കടലാസ്സുകൾ.
സംസ്കൃത കോളേജിൽ പഠിച്ചിറങ്ങിയതിനാൽ സംസ്കൃതം അറിയാവുന്ന ഞാൻ,
അതിലെ സംസ്കൃതത്തിലെഴുതിയ കടലാസ്സുകൾ അടുക്കിയെടുത്തു.
മുന്നിലെ സിസിടിവി ദൃശ്യത്തിൽ അപ്പോൾ 32-ാം നമ്പർ ക്യാമറയിൽ ആ വാതിൽ തുറന്നിരിക്കുന്നതായി കണ്ടു.
"ഞാൻ പൂട്ടിയതാണല്ലോ പിന്നെയെങ്ങനെ..?"
ചിന്തിച്ചു ഞാൻ ആ കടലാസ്സുകളുമായി കസേരയിലേക്കിരുന്നു.
ആ സംസ്കൃത അക്ഷരങ്ങളുമായി.
വായന നിർത്തി അവൻ ആ കടലാസ്സുകൾ മേശയിലേക്കിട്ടു.
ഇനി ഒരെണ്ണം മാത്രം ബാക്കിയുള്ളു. അതുവരെയില്ലാതിരുന്ന ഒരു ഭയം അവനെ ബാധിച്ചിരുന്നു.
എ സി യുടെ തണുപ്പിലും ആ ശരീരം വിയർത്തു.
"ഇതുവരെ തനിക്ക് സംഭവിച്ചത്.
തനിക്ക് മുൻപേ വന്ന വേറെ ആരോ ഇവിടെ എഴുതി വച്ചിരിക്കുന്നു.
അപ്പോൾ ഈ പല പല ഭാഷകളിലായി എഴുതിയിരിക്കുന്നതെല്ലാം
ഒന്നു തന്നെയാകില്ലേ...?"
ഭയപ്പെടുത്തുന്ന ചിന്തകൾ കാടുകയറി.
സംസ്കൃതത്തിൽ എഴുതിയിരുന്ന കടലാസ്സുകൾ.
അന്ന് ആൽബി വായിച്ച് തീർത്തത് എന്തായിരിക്കും.
ധൈര്യത്തോടെ ബാക്കി ഉള്ള ഒരു കടലാസ്സവൻ എടുത്തു.
"ഞാൻ രാമമൂർത്തി.
ഞാനല്ലാതെ ഇവിടെ ഒരാൾ കൂടെ ഉണ്ട്.
പക്ഷേ അവനെ അല്ലെങ്കിൽ അവളെ കാണാനാകില്ല.
ശബ്ദം മാത്രമെ ഉള്ളു.
ഇന്നിവിടെ എന്റെ അവസാനത്തെ ദിവസമാണ്. ഇന്ന് ഞാൻ ഇവിടെ വൈദ്യുതി നിർത്തിവയ്ക്കും. എനിക്കറിയണം.
എയർക്കണ്ടീഷൻ മെഷീനുകളുടെ മൂളൽ ഇവിടെ നിലയ്ക്കുമ്പോൾ,
വൈദ്യുതിയുടെ പ്രകാശം ഇരുട്ടിന് വഴിമാറിക്കൊടുക്കട്ടെ.
ഒരിക്കലും അടയാത്ത ആ വാതിലിന്റെ രഹസ്യം.
ഈ കെട്ടിടത്തിനകത്ത് എന്റെ നെഞ്ചിനുള്ളിലെക്കാൾ ഉച്ചത്തിൽ മിടിക്കുന്ന ശബ്ദത്തിന്റെ ഉറവിടം.
കുഞ്ഞ് തേങ്ങലുകൾക്ക് കാരണം. നിലവിളികൾക്ക് പരിഹാരം.
ആരാണ് എന്റെ കൂടെ വാട്ടർ ടാങ്കിനുള്ളിലെ പടികളിലൂടെ പുറകെ കയറി വരുമായിരുന്നത്..?
ഞാൻ നിന്നതിന് ശേഷവും എന്തിനാണത് വീണ്ടും പാദങ്ങൾ ചലിച്ച് ആ ശബ്ദം എന്നെ കേൾപ്പിക്കുന്നത്..?
നിന്റെ രൂപം എവിടെ...?
ഒരുദിവസം ഉറക്കെ ഞാനിത് ചോദിച്ചപ്പോൾ
ആകാശം മുട്ടെ എന്ന് തോന്നിപ്പിക്കുന്ന ആ ടവ്വറിന് മുകളിൽ നിന്നെന്നവണ്ണം കാറ്റിനെ മുറിക്കുന്ന ശബ്ദത്തോടെയെന്തോ താഴെ വീഴുന്ന ശബ്ദമാണ് നീ മറുപടി തന്നത്.
താഴേക്ക് നോക്കിയ എനിക്ക് നീ തന്ന കാഴ്ച ചോര ഉണങ്ങിപ്പിടിച്ച ഈ പേനയായിരുന്നു.
ജീവിതത്തിൽ ഇന്നുവരെ ഒരു കത്ത് പോലും എഴുതിയിട്ടില്ലാത്ത എന്നെ കൊണ്ട് ഈ പേനയിലൂടെ നിന്നെ അറിയിക്കുവാൻ ഇന്ന് ശ്രമിക്കുന്നു.
പറയൂ ആരാണ് നീ.....?
ഇപ്പോൾ ഇത് വായിക്കുന്നില്ലേ നീ..
നിന്റെ മനസ്സിൽ നിന്ന് നഷ്ടപ്പെട്ടൊരാളായിരിക്കാം ഞാൻ.
ഇന്ന് ഞാനീ ഭൂമിയിലില്ല.
പക്ഷേ അത് നിനക്കറിയില്ല.
എനിക്ക് വേണ്ടി നീ ഇനി കാത്തിരിക്കരുത്.
എന്റെ പേരിൽ നിനക്ക് വരുന്ന കാശും കടലാസ്സിലെ അക്ഷരങ്ങൾ ഒന്നും എന്റെതല്ല.
എന്നെയും അക്ഷരങ്ങളേയും ഭയപ്പെട്ടവർ അത് എന്നേ അവസാനിപ്പിച്ചു കഴിഞ്ഞു.
എനിക്ക് പറയണം. ഞാനാരാണെന്ന്.
ഇവിടെ ഇതിനുള്ളിൽ എന്താണെന്ന്
നിന്നിലൂടെ...
മോഹങ്ങൾ ഒരുപാട് ഉള്ളിലൊതുക്കി കടൽ കടന്നു വന്നവനെ കാത്തിരിക്കുന്നവരെ ഇനി നീ ആണ് എല്ലാം അറിയിക്കേണ്ടത്.
ഇതാ ഇത് വായിച്ചിരിക്കുന്ന നിന്റെ തൊട്ടു പിന്നിൽ ഞാനുണ്ട്.
പിൻകഴുത്തിൽ എന്റെ ശ്വാസത്തിന്റെ ചൂട് അനുഭവപ്പെടുന്നില്ലേ...?
കൂടെ..ചുട്ചോരയുടെ ഗന്ധവും."
വായന നിർത്തി.
അവൻ പെട്ടെന്ന് പുറകിലേക്ക് നോക്കി.
ഇല്ല.. ഒന്നുമില്ല.
പക്ഷേ.. എന്തോ ഒരു ഗന്ധം തങ്ങി നിൽക്കുന്നത് പോലെ.
അവൻ വീണ്ടും വായന തുടർന്നു.
"എന്താ നീ ഭയന്നു പോയോ..?
എന്തിനാ തിരിഞ്ഞ് നോക്കിയത്..?
ഇത് ഞാനാണ്. എനിക്ക് പറയണം. ആ കഥ നിന്നിലൂടെ..
വൈദ്യുതി ബന്ധം വേർപെടുത്തൂ.
ഞാൻ വരട്ടെ നിന്നിലേക്ക്.
നീ എഴുതൂ ഞാൻ പറയുന്ന കഥ.
ആ പേന ഒന്നെടുത്തേ.
ഞാൻ നിന്നോട് കൂടെത്തന്നെ ഉണ്ട്.
എന്നെ തിരത്തൊരാൾ വരുമ്പോൾ വായിക്കണമിത്."
ജനറേറ്ററിന്റെ ശബ്ദം നിലച്ചു.
ഇരുട്ട് മൂടിയ ആ പ്രദേശത്തിനു മുകളിൽ ഒരു കുഞ്ഞു നക്ഷത്രം മാത്രം പ്രകാശമായ് സാക്ഷിയായി.
വായിച്ചു നിർത്തിയ വരികൾക്കടിയിലായി ശൂന്യമായ കടലാസ്സ് ഭാഗങ്ങൾ കാണുമ്പോൾ പിൻകഴുത്തിൽ ഒരു ചൂട്കാറ്റിന്റെ സ്പർശനമേറ്റു.
''തിരിഞ്ഞു നോക്കരുത്." മനസ്സിലുറപ്പിച്ചു.
വായന നിർത്തി.
വഴിയിൽ നിന്ന് കിട്ടിയ കറുത്ത നിറത്തിലെ പേനയെടുത്ത്
അവനിലൂടെ ആരോ വീണ്ടും എഴുതാൻ ആരംഭിച്ചിരുന്നു.
Written by 
Jayachandran
ജെ....

തിരിച്ചറിവുകൾ(കഥ)


"നമുക്കൊന്നിച്ചു ഒരു കോഫീ കുടിച്ചാലോ വൈകുന്നേരം?
നിവിന്റെ ചോദ്യം കേട്ട് അവൾ ചിരി ഒന്നടക്കി. ഇതിപ്പോ കുറെയായി ക്ഷണം പോയാലോ ..പെട്ടെന്നാണ് അവൾ ഓർത്തത്. മോളുടെ സ്കൂളിൽ ഇന്ന് ഒരു മാജിക് ഷോ ഉണ്ടല്ലോ വൈകുന്നേരം
"നാളെ ആവട്ടെ നിവിൻ "അവൾ പറഞ്ഞു നിവിന്റെ പരിഭവത്തിൽ നിറഞ്ഞ മറുപടി കേട്ട് വീണ്ടും ഒന്ന് ചിരിച്ചു. അവൾ ഫോൺ കട്ട് ചെയ്തു.
നിവിനെ ബാങ്കിൽ വെച്ച് പരിചയമായതാണ്. ഇപ്പൊ നല്ല കൂട്ടായി. അവന്റ ചിരിയും കണ്ണുകളും ആ തമാശ നിറഞ്ഞ സംസാരവും അവൾക്കു വലിയ ഇഷ്ടമാണ് .അറിയാതെ ചിലപ്പോൾ ഒക്കെ അഖിലിനെ അവൾ നിവിന്റെ സ്ഥാനത്തു വെച്ച് നോക്കാറുണ്ട് നിവിൻ ആയിരുന്നെങ്കിൽ ഇപ്പൊ എന്ത് പറഞ്ഞേനെ, നിവിൻ ആയിരുന്നു എങ്കിൽ ഇപ്പൊ എന്ത് ചെയ്തേനെ, എന്നൊക്കെ .
അഖിൽ സുന്ദരനാണ്. നല്ല ഒരു ഭർത്താവാണ് .പക്ഷെ എന്തോ ഒരു പൂർണമല്ലാത്ത അവസ്ഥ ചിലപ്പോളൊക്കെ അവൾക്ക് തോന്നാറുണ്ട് .ചിന്തകൾ കാടു കയറവെ വീടെത്തി.
"ആഹാ അഖിൽ ഇന്ന് നേരെത്തെ ആണല്ലോ "
"മോളുടെ കാര്യം പിന്നെ തനിക്കെ ഓര്മയുള്ളു ?താൻ വേഗം റെഡി ആവൂ ഞാൻ ഒന്ന് കുളിച്ചേച്ചു ദേ എത്തി ..'
"ഓക്കേ "
അഖിലിന്റ ഐഫോൺ ബെൽ അടിച്ചപ്പോൾ അവൾ ഒന്ന് നോക്കി ."അനന്യ കാളിംഗ് "
അവൾ അത് അറ്റൻഡ് ചെയ്തു
"അഖിലില്ലേ ?"
"ബാത്റൂമിലാണ് "
"മീരയാണോ? "
അതേല്ലോ "
ഞാൻ അഖിലിന്റെ ഒരു ഫ്രണ്ട് ആണ് കേട്ടോ ഒന്ന് പറഞ്ഞേക്കണേ ഞാൻ വിളിച്ചിരുന്നു എന്ന് "
"പറയാം "ഫോൺ കട്ട് ആയി.
സ്വാഭാവികമായ ഒരു കൗതുകം കൊണ്ട് അവൾ അഖിലിന്റെ വാട്സാപ്പ് നോക്കി.
അനന്യ സുന്ദരിയാണല്ലോ നല്ല ഡി പി.
ഒരു സിനിമ നടിയെക്കാൾ.. സുന്ദരി ദിവസവും എന്തെങ്കിലും മെസ്സേജുകൾ.
"ഹായ് "
ചായ കുടിച്ചോ "
"എവിടെയാ "
ഫുഡിയോ?"
ചിലതിനൊന്നും അഖിൽ റിപ്ലൈ കൊടുത്തിട്ടില്ല.
"ഒരു മൂവിക്കു കമ്പനി തരുമോ മാഷെ ?"
ആ ചോദ്യതിനു അഖിൽ എന്താവും റിപ്ലൈ കൊടുത്തിരിക്കുക.
"ഇല്ലെടോ ടൈം ഇല്ല "
മീരയുടെ മനസ്സ് ഒന്ന് കലങ്ങി
"നീ ഡ്രസ്സ് മാറിയില്ലേ ?"
അഖിൽ മുന്നിൽ.
"ഒരു അനന്യ വിളിച്ചിരുന്നു "
"ആണോ ആ കൊച്ചിന് വട്ടാ സിനിമക്ക് കൂടെ പോരുന്നോ എന്ന് ചോദിക്കാനാ "
"ഫ്രണ്ട് അല്ലെ ?"
"എന്റെ കമ്പനിയുടെ ക്ലയന്റ് ആയിരുന്നു . ഇപ്പൊ ഫ്രണ്ട് "
"പിന്നെ എന്താ പോയാല് ?"
"ഒന്നൂല്ല ..ഫ്രണ്ട് മാത്രമാണെങ്കിൽ കുഴപ്പമൊന്നുമില്ല. പക്ഷെ എതിരെ ഉള്ള ആളിന് ഇങ്ങോട്ടോ നമുക്കു അങ്ങോട്ടോ ഒരു ആകർഷണം ഉണ്ടെങ്കിൽ പോകരുത്. പെട്ട് പോകും പിന്നെ "
"അഖിലിന് അങ്ങനെ ,,?മീര ചോദിച്ചു
അഖിൽ ചിരിച്ചു
"എനിക്കില്ല ..പക്ഷെ അവൾക്കുണ്ട് ..ഈ പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഒരു വിചാരമുണ്ട്. എല്ലാവർക്കുമല്ല കേട്ടോ ചിലർക്ക് ..മാരീഡ് ആയിട്ടുള്ളവരുമായിട്ടുള്ള റിലേഷൻ സേഫ് ആണെന്ന് ..കല്യാണം കഴിക്കണ്ട ബാധ്യത ഇല്ല, പെണ്ണുങ്ങളാണെങ്കിൽ അരി തീർന്നു, ജീരകം തീർന്നു, കടുക് തീർന്നു തുടങ്ങിയ പരാതികൾ ഇല്ല, ഇനി ആണുങ്ങൾ ആണെങ്കിൽ സന്തോഷം ഉള്ള കാര്യങ്ങളെ പറയുവുള്ളു, സ്വന്തം ഭർത്താവ് ചിലപ്പോ മുരടൻ ആയിരിക്കും റൊമാന്റിക് ആവില്ല ..അപ്പൊ ഇങ്ങനെ ഒക്കെ അങ്ങ് ആയിപ്പോകും ..ഈ ഫ്രണ്ട്ഷിപ്പിന്റെ മിക്കവാറും കേസുകളുടെ ഒടുക്കം റിലേഷനിൽ പെടുക എന്നുളളത് ആണ്..അപ്പൊ തോന്നും ഒരേ വേവ് ലെങ്ത് ആണ്, നമ്മളെന്താ നേരെത്തെ കാണാഞ്ഞത് ..ഞാൻ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ നിന്നെ മാത്രേ കല്യാണം കഴിക്കുവുള്ളായിരുന്നു അങ്ങനെ അങ്ങനെ.. "
"അതിപ്പോ എല്ലാരും അങ്ങനെ ആണോ ?'
"നെവർ. ഒരു നാൽപതു ശതമാനം. ബാക്കി അറുപതും മറ്റേത് തന്നെ ആവും. ഈ നാൽപതു ശതമാനത്തിൽ നിൽക്കുന്നതാണ് നമ്മുടെ വിജയം .ദാമ്പത്യത്തിലുള്ളത് പോലെ മറ്റൊന്നിലും അത്രക്ക് ശക്തമായ ഒരു എത്തിക്സ് ഇല്ല ..നീ റെഡി ആകു. പോകാം .."
പിന്നീട കാറിൽ ഇരിക്കുമ്പോൾ അവൾ അഖിലിനെ നോക്കി.
"ഈ ഒന്നിച്ചു കാപ്പി കുടിക്കാൻ പോയാൽ കുഴപ്പമുണ്ടോ ?"
"എന്ത് കുഴപ്പം? ഒന്നുമില്ലലോ. നിനക്ക് പോകണോ? പൊയ്ക്കോ എന്നോട് ചോദിക്കുക പോലും വേണ്ട. പക്ഷെ ഫ്രണ്ട്ഷിപ് ആയിരിക്കണം .."അവൾ വിളറി ചിരിച്ചു
"അഖിൽ നേരെത്തെ പറഞ്ഞില്ലേ ഫ്രണ്ട് ഷിപ് റിലേഷനിൽ എത്തുമെന്ന് അത് ഇപ്പൊ എങ്ങനെ അറിയുക ?"
അഖിൽ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.
"അതിപ്പോ ഉദാഹരണത്തിനു അനന്യ തന്നെ എടുക്കാം. അവൾ നിന്നെക്കാൾ മികച്ചത് എന്ന് എനിക്ക് തോന്നുന്നു എന്ന് വെക്കുക, അവളായിരുന്നു നിന്റെ സ്ഥാനത്തെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുക ...അവളെ കുറിച്ച് ഇടയ്ക്കിടെ ഓർക്കുക. അങ്ങനെ ഞാൻ ചിന്തിക്കുന്നിടത്തു സൗഹൃദ മൊക്കെ മാറി റിലേഷൻ തുടങ്ങി കഴിഞ്ഞു. അവളുടെ മുടി, കണ്ണുകൾ, ചിരി ഒക്കെ എപ്പോളും ഉള്ളിൽ വന്നാൽ ഉറപ്പ് തീർന്നു.. നമ്മൾ പെട്ട് "
മീരയെ വിയർപ്പിൽ മുങ്ങി.
"അഖിലിന് അങ്ങനെ തോന്നിയിട്ടുണ്ടോ ?അവൾ വിക്കി
"പിന്നേ.. അവള് കാണാൻ ഭയങ്കര ഭംഗി അല്ലെ ?ശബ്ദവും കൊള്ളാം.ഞാൻ മനുഷ്യൻ അല്ലെ ?പക്ഷെ മീര.
കണ്ട്രോൾ കീ എന്നൊന്നുണ്ട് ...അത് നമ്മുടെ കയ്യിൽ ഉണ്ട് ...എന്റെ മനസ്സിൽ നീ , മോൾ എന്റെ അച്ഛൻ 'അമ്മ ...അവരുടെ ഒക്കെ മുന്നിലേക്ക് ഒരു നിമിഷം ഞാൻ എന്നെ കൊണ്ട് നിർത്തും .എന്റെ അമ്മക്കും അച്ഛനും ഒരിക്കലും തോന്നരുത് എന്നെ വളർത്തിയത് തെറ്റായി പോയി എന്ന്. നിനക്ക് ഒരിക്കലും തോന്നരുത് നീ എനിക്ക് തന്ന സ്നേഹം പാഴായി പോയി എന്ന്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ലോകത്തിന്റെ മുന്നിൽ നാണം കേട്ട് നിൽക്കേണ്ടി വരരുത് ..ഇഷ്ടം തോന്നും ..പക്ഷെ അതങ്ങ് ഉള്ളിൽ തന്നെ കുഴിച്ചു മൂടിയേക്കണം ...അതിനാണ് നമുക്കു വിവേകം എന്ന സാധനം ഉളളത് എന്റെ കൊച്ചിന് മനസ്സിലായോ ?"
മീരയുടെ കണ്ണ് നിറഞ്ഞു
"നിനക്കും തോന്നാം ആരോടെങ്കിലും ഒരിഷ്ടം ..കുറ്റമല്ല അത് ..പക്ഷെ ..."അവൻ ഒന്ന് ചിരിച്ചു
ബാങ്കിൽ ജോലിയിൽ മുഴുകി ഇരിക്കുമ്പോൾ നിവിൻ മുന്നിൽ വന്നു നിന്നത് ആദ്യം മീര കണ്ടില്ല.
"ഹലോ എന്താ ഫോൺ എടുക്കാഞ്ഞത് ?"
"തിരക്കായിരുന്നു നിവിൻ കണ്ടില്ലേ? നല്ല തിരക്കാ. ഇവിടെ. നിവിന്റെ ഫിക്സഡ് ഡിപ്പോസിറ്റ് പേപ്പർ ആ സെക്ഷനിലുണ്ട് കേട്ടോ "
മീര വീണ്ടും കുനിഞ്ഞു ജോലി തുടർന്നു.
നിവിന് തന്നോടുള്ളത് വെറും ഒരു ഫ്രണ്ട്ഷിപ്പല്ല എന്ന് തോന്നിയിട്ടും നിവിനോട് താൻ സംസാരിച്ചിട്ടുണ്ട്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും.. ഇനി അത് വേണ്ട .
നിവിന് മീരയുടെ മാറ്റം മനസ്സിലായി .അവൻ തന്റെ ഡോക്യൂമെന്റസുമായി ബാങ്ക് വിട്ടു പോയി. മീര ശാന്തമായ മനസ്സോടെ ജോലി തുടരുകയും ചെയ്തു
തിരിച്ചറിവുകൾ..
അത് ചിലപ്പോൾ വീണു കിട്ടുന്നതാണ്.
ദൈവം കൊണ്ട് തരുന്നതാണ്.
ഉപയോഗിക്കുക ,,കാരണം ജീവിതം നമ്മുടേതാണ്.
========
Written by Ammu Santhosh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo